Wednesday, October 30, 2013

ഐതിഹ്യതിളക്കത്തില്‍ കൂടല്‍മാണിക്യം ക്ഷേത്രം


                                              കൂടല്‍മാണിക്യം ഉത്സവം

ഇരിങ്ങാലക്കുടയുടെ തിലകക്കുറിയായ ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിന് ഈ പേരു ലഭിച്ചതിനു പിന്നില്‍ കഥയുണ്ട്. ഒരിക്കല്‍ വിഗ്രഹത്തിന്റെ നെറ്റിയില്‍ നിന്നു കണ്ണഞ്ചിക്കുന്ന പ്രകാശം പുറപ്പെട്ടുവത്രെ. അസാമാന്യമായ ഈ പ്രഭയുമായി മാറ്റു നോക്കാന്‍ കായംകുളം രാജാവിന്റെ കൈവശം ഉണ്ടായിരുന്ന ഒരു മാണിക്യം കൊണ്ടുവന്നു. രണ്ടിന്റേയും പ്രഭ ഒത്തു നോക്കുന്നതിനിടെ മാണിക്യം വിഗ്രഹത്തില്‍ ലയിച്ചുവെന്നാണ് കഥ. ഇത്തരം പ്രഭാപൂരം 1907 ല്‍ വീണ്ടും ഉണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്. 
കേരളവാസ്തുകലയുടെ നിദര്‍ശനമാണ് കൂടല്‍മാണിക്യം. ശില്‍പചാതുര്യം തുടിക്കുന്ന കിഴക്കേഗോപുരവും പടിഞ്ഞാറെ ഗോപുരം അത്ഭുതക്കാഴ്ചയാണ്. ഇരുപത്തൊന്നാനകള്‍ക്ക് സുഖമായി നിരക്കാവുന്ന നടപ്പുരകളുടെ വലുപ്പം അമ്പരപ്പുണ്ടാക്കും. പത്തേക്കറാണ് ക്ഷേത്രസമുച്ചയത്തിന്റെ വലപ്പം. വട്ടശ്രീകോവില്‍ കേരളവാസ്തുവിദ്യയുടെ മകുടമായി തിളങ്ങുന്നു. ആറടി ഉയരമുള്ള താഴികക്കുടം ശ്രീകോവിലിന്റെ ഗാംഭീര്യത്തിനു മാറ്റുകൂട്ടുന്നു. തെക്കുഭാഗത്താണ് ലക്ഷണത്തിവുളള കൂത്തമ്പലം. കൂത്തും കൂടിയാട്ടവും ഇരിങ്ങാലക്കുടയുടെ അഹങ്കാരമാകുന്നതിനു കാരണങ്ങള്‍ നിരവധി. ചേരരാജാവായ സ്ഥാണു രവിവര്‍മ്മന്റെ കാലത്തെ ശിലാലിഖിതത്തില്‍ കൂടല്‍മാണിക്യം ക്ഷേത്രത്തെ സംബന്ധിച്ച പരാമര്‍ശമുണ്ട്. ക്രിസ്ത്വബ്ധം 854ലെ ശിലാഫലകത്തില്‍ ഈ ക്ഷേത്രത്തിലേക്കു ധാരാളം ഭൂമി ദാനം ചെയ്തതായാണ് പറയുന്നത്. മറ്റൊരു ചേരരാജാവായ ഭാസ്കരരവിവര്‍മ്മന്‍ ചാലക്കുടിയിലെ പോട്ടയില്‍, കൂടല്‍മാണിക്യം ക്ഷേത്രത്തിനായി കൂടുതല്‍ ഭൂമി വിട്ടു നല്‍കി. കൊച്ചിരാജാവിന്റെ കീഴിലായിരുന്നു ക്ഷേത്രമെങ്കിലും, ഭരണച്ചുമതല തച്ചുടയ കൈമള്‍ക്കായിരുന്നു. കൈമളെ അവരോധിക്കുന്നത് തിരുവിതാംകൂര്‍ രാജാവുമായിരുന്നു. 1971-ല്‍ പ്രത്യേക ഉത്തരവിലൂടെ സര്‍ക്കാര്‍ ക്ഷേത്രം ഏറ്റെടുത്തു. ജില്ല കലക്ടര്‍ അധ്യക്ഷനായ കമ്മിറ്റിക്കാണ് ഇന്ന് ഭരണച്ചുമതല. 
കേരളത്തിലെ മറ്റു ക്ഷേത്രാചാരങ്ങളില്‍ നിന്നു ഏറെ വ്യത്യസ്തമാണ് കൂടല്‍മാണിക്യത്തിലേത്. സാധാരണ ക്ഷേത്രങ്ങളില്‍ അഞ്ചുപൂജകളും മൂന്നു ശീവേലിയുമാണ് പതിവ്. ഇവിടെ മൂന്നു പൂജയെ പതിവുള്ളൂ. ശീവേലി ഇല്ല. ദീപാരാധനയും ക്ഷേത്രത്തില്‍ പതിവില്ല. കര്‍പ്പൂരവും ചന്ദനത്തിരിയും ഉപയോഗിക്കില്ല. താമരമാലയാണ് പ്രധാന വഴിപാട്. ചെത്തിയും തുളസിയും താമരയും മാത്രമാണ് പൂജാ പുഷ്പങ്ങള്‍. 
ക്ഷേത്രത്തിനുള്ളിലും പുറത്തുമായി നാലു കൂറ്റന്‍ ചിറകളുണ്ട്. ക്ഷേത്ര മതില്‍ക്കകത്തെ കുലീപിനീ തീര്‍ത്ഥം പരമപവിത്രമായി കരുതപ്പെടുന്നു. കുലീപിനി മഹര്‍ഷി ഇവിടെ ഒരു മഹായജ്ഞം നടത്തിയെന്നാണ് പുരാണം. കുളക്കര പ്രദക്ഷിണം ചെയ്യുന്നത് പുണ്യകരമാണെന്ന് വിശ്വാസമുണ്ട്. കുളത്തില്‍ തവളകള്‍ ഉണ്ടാവില്ലെന്നത് ഇന്നും അത്ഭുതപ്പെടുത്തുന്ന സംഗതിയാണ്. ഉപദേവതാ പ്രതിഷ്ഠകള്‍ ഇല്ലെന്നതാണ് ക്ഷേത്രസമുച്ചയത്തിന്റെ പ്രത്യേകത. നാലു കൈകളോടു കൂടിയ വൈഷ്ണവ പ്രതിഷ്ഠയാണ് സംഗമേശ്വരന്റേത്. ശംഖ്, ചക്രം, ഗദ, അക്ഷമാല എന്നിവയോടു കൂടിയ ഭരതപ്രതിഷ്ഠയാണിത്. 

കലകളുടെ കേളീരംഗമായി ഇരിങ്ങാലക്കുട മാറിയതും ഈ മഹാക്ഷേത്രത്തിന്റെ സാന്നധ്യം കൊണ്ടു തന്നെ. അമ്മന്നൂര്‍ ചാക്യാര്‍ കുടുംബത്തിന്റെ ആസ്ഥാനം ഇവിടെയാണ്. നളചരിതം എഴുതിയ ഉണ്ണായി വാരിയര്‍ ഇരിങ്ങാലക്കുട സ്വദേശിയും സംഗമേശന്റെ തികഞ്ഞ ഭക്തനുമായിരുന്നു. ശ്രീരാമ പഞ്ചശതി എന്ന സംസ്കൃത കാവ്യവും അദ്ദേഹം രചിച്ചിട്ടുണ്ട്. രാമായണത്തിന്റെ രത്നച്ചുരുക്കമാണ് ഈ കൃതി. അമ്പത്തിയഞ്ച് ദശകങ്ങളുളള ഇതിന്റെ സമര്‍പ്പണം സംഗമേശനാണ്. 

Tuesday, October 29, 2013

ആനകള്‍ ഇടയുമ്പോള്‍......



ആനയിടഞ്ഞേ....
പരിഭ്രാന്തി പരത്തുന്ന ഈ മുറവിളികള്‍ നമ്മള്‍ കേട്ടിട്ടുണ്ട്‌. ഉത്സവപ്പറമ്പുകളില്‍, അല്ലെങ്കില്‍ പൊതുനിരത്തുകളിലൂടെ നടത്തിക്കൊണ്ടുപോകുമ്പോള്‍, അതുമല്ലെങ്കില്‍ തടിമില്ലുകളില്‍...
പിന്നീട്‌ ദുരന്തവാര്‍ത്തകളായി. പാപ്പാനെ ചവിട്ടിയും കുത്തിയും കൊലപ്പെടുത്തി. നാട്‌ മണിക്കൂറുകളോളം വിറച്ചു...അങ്ങിനെ അങ്ങിനെ...
ഉത്സവ സീസണ്‍ കഴിഞ്ഞ്‌ ആനകളുടെ സുഖ ചികിത്സാ കാലമാണിപ്പോള്‍. ചുട്ടുപൊള്ളുന്ന മീനം-മേടം മാസങ്ങളിലാണ്‌ കേരളത്തിലെ ഉത്സവങ്ങളത്രയും. ഈ സീസണുകളില്‍ ആനയിടച്ചില്‍ ഏതാണ്ടു നിത്യസംഭവം തന്നെയായിരിക്കുന്നു.
ആനകളുടെ കൊലവിളിയുയരുമ്പോഴും നാം ഉത്സവങ്ങള്‍ക്ക്‌ ഈ വന്യമൃഗത്തെ ഒഴിവാക്കാറില്ല. ആനകളെ സമര്‍ത്ഥമായും സ്‌നേഹപൂര്‍വ്വവും കൈകാര്യം ചെയ്യുന്നവരുടെ കുറവാണ്‌ ഈ മൃഗങ്ങള്‍ കൈവിട്ടുപോകാനുള്ള കാരണങ്ങളില്‍ പ്രധാനമെന്ന്‌ വിദഗ്‌ധര്‍ പോലും സമ്മതിക്കുന്നു.
ആഫ്രിക്കന്‍ ആനകളിലും ഏഷ്യന്‍ ആനകളിലെ കൊമ്പനിലും കണ്ടുവരുന്ന പ്രത്യേക ശാരീരികപ്രക്രിയയാണ്‌ മദം എന്നത്‌. ചെവിക്കും കണ്ണിനും മദ്ധ്യേ ചെന്നിയിലെ തൊലിക്കടിയിലാണ്‌ മദഗ്രന്ഥി. മദഗ്രന്‌ഥി വീര്‍ത്തു വലുതാകുകയും എണ്ണപോലെ കൊഴുത്ത ഒരു ദ്രാവകം (മദജലം) ഒലിച്ചിറങ്ങുന്നതുമാണ്‌ ഇതിന്റെ ലക്ഷണങ്ങള്‍.
ആനകളില്‍ നടത്തിയ പഠനങ്ങളില്‍ മദത്തിന്റെ മൂര്‍ദ്ധന്യാവസ്‌ഥയില്‍ പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റീറോണിന്റെ അളവ്‌ ഏതാണ്ട്‌ 60 മടങ്ങ്‌ കൂടുതലാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. ലൈംഗിക അസംതൃപ്‌തി, വര്‍ദ്ധിച്ച ലൈംഗികാസക്‌തി, ക്രൂരമായ പെരുമാറ്റങ്ങള്‍, കാലാവസ്‌ഥാവ്യതിയാനങ്ങള്‍, പെട്ടെന്നുള്ള ഭയം, ശിക്ഷ, ആവശ്യത്തിനു ഭക്ഷണം ലഭിക്കതെ വരിക, വിശ്രമമില്ലായ്‌മ, അമിതജോലിഭാരം എന്നിവയാണ്‌ ആനകളില്‍ മദം ഇളകാനുള്ള കാരണങ്ങളായി വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നത്‌. പ്രായപൂര്‍ത്തിയായ കൊമ്പന്‌ കൊല്ലത്തില്‍ ഒരിക്കലുള്ള ശാരീരിക പ്രതിഭാസമാണ്‌ മദം. ചില ആനകളില്‍ ഇതു രണ്ടുതവണ ഇത്‌ കണ്ടുവരാറുണ്ട്‌. മഞ്ഞു കാലത്താണ്‌ ആന ഇത്തരത്തിലൊരു ഉന്മാദ അവസ്‌ഥയിലേക്ക്‌ എത്തുന്നത്‌. ഈ കാലത്ത്‌ ആനക്കുവേണ്ടത്‌ ശരിയായ ലൈംഗികബന്‌ധമാണ്‌. കാട്ടിലാണെങ്കില്‍ ചിലപ്പോള്‍ ഇത്‌ സാധിച്ചെന്നു വരാം. പക്ഷെ, നാട്ടില്‍ ഇത്‌ തികച്ചും അസാധ്യമാണ്‌.
ആനപാപ്പാന്‍മാരുടെ കഴിവു കുറവും ക്രൂരമായ പെരുമാറ്റവും ആനകളെ അസ്വസ്ഥരും അക്രമാസക്തരുമാക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നു എന്നത്‌ ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്‌. ആനകളുടെ ആധികാരിക ചികിത്സാ ഗ്രന്ഥമായ മാതംഗലീലയില്‍ മൂന്നുതരം പാപ്പാന്മാരെപറ്റി പറയുന്നുണ്ട്‌. സ്‌നേഹം ആയുധമാക്കുന്ന രേഖവാന്‍, ബുദ്ധി ഉപയോഗിക്കുന്നവന്‍ യുക്‌തിവാന്‍, ശാരീരിക പീഡനംകൊണ്ടു നയിക്കുന്നവന്‍ ബലവാന്‍. ഇപ്പോഴുള്ള പാപ്പാന്മാര്‍ കൂടുതലും മുന്നാമത്തെ ഗണത്തില്‍ പെടുന്നവരാണ്‌.
ആനകളാകട്ടെ മുന്‍പെങ്ങുമില്ലാത്തവിധം അക്രമാസക്‌തരാവുകയുമാണ്‌. ഇതുവരെയായി നാനൂറില്‍പ്പരം ആളുകളെ ആനകള്‍ കൊന്നിട്ടുണ്ടെന്നാണ കണക്കുകള്‍. കുറയുകയോ കൂടുകയോ ആവാം. കൊല്ലപ്പെട്ടതില്‍ 90 ശതമാനത്തിലധികവും പാപ്പാന്മാരാണെന്നത്‌ ആനകളോടുള്ള സമീപന രീതിമാറണമെന്നതിന്റെ വ്യക്തമായ സൂചനയാണ്‌. കഴിഞ്ഞ സീസണില്‍ മാത്രം അനകള്‍ കൊന്നത്‌ നാല്‌പതിലധികം ആളുകളെയാണെന്ന്‌ പറയുന്നു.
15 ദിവസം മുതല്‍ മൂന്നുമാസം വരെ മദക്കാലം നീണ്ടുനില്‍ക്കാറുണ്ട്‌. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇത്‌ 57 മാസം വരെയും നീണ്ടേക്കാം. സ്വഭാവഘടന ആസ്‌പദമാക്കി മദകാലത്തെ മദത്തിനു മുന്‍പുള്ള കാലം, ത്രീവ്രമദക്കാലം, മദശേഷകാലം എന്നിങ്ങനെ തരം തിരിക്കാറുണ്ട്‌.
മദത്തിനു മുമ്പ്‌്‌ മദഗ്രന്‌ഥികള്‍ വീര്‍ത്തിരിക്കും. ഇവയിലൂടെ നീര്‌ പുറത്തേക്കൊലിച്ചിറങ്ങും. മദകാലം അറിഞ്ഞ്‌, മദശേഷം സ്വസ്ഥനായ ആനയെ മാത്രമേ അഴിക്കാവൂ. ഇതുപോലും ഇന്നു പാലിക്കപ്പെടുന്നില്ല. മദകാലത്ത്‌ ആനയുടെ ഉപബോധമനസ്സ്‌ പൂര്‍ണമായും അവയുടെ ബുദ്ധിയെ മറയ്‌ക്കുമെന്നാണ്‌ ഡോക്ടര്‍മാര്‍ പറയുന്നത്‌. അന്തര്‍ലീനമായി കിടക്കുന്ന ഒരുപാട്‌ മാനസിക വികാരങ്ങള്‍ ഉണര്‍ന്നു വരുന്ന സമയത്ത്‌ അവ അക്രമാസക്തമാകുമെന്ന്‌ ഉറപ്പ്‌. ഇതെല്ലാം മനസ്സിലാക്കുന്ന പാപ്പാന്‍മാരുടെ അഭാവം ധാരാളമാണെന്ന്‌ ആന ഉടമകള്‍ തന്നെ പറയുന്നു.
ദേവലോകത്തിലെ ആനകള്‍ക്ക്‌ മദമുണ്ടായിരുന്നില്ലത്രെ. ദേവാസുരയുദ്ധകാലത്ത്‌ ആനകള്‍ പേടിച്ച്‌ പിന്തിരിഞ്ഞ്‌ ഓടാന്‍ തുടങ്ങിയപ്പോള്‍ ഭയരഹിതരായി യുദ്ധക്കളത്തില്‍ മുന്നേറാന്‍ ആനകള്‍ മദത്തിനു വിധേയമായിത്തീരട്ടേയെന്ന്‌ ബ്രഹ്‌മാവ്‌ അനുഗ്രഹിച്ചുവെന്നാണ്‌ ഐതിഹ്യം. അതിനുശേഷമാണ്‌ ആനകള്‍ക്ക്‌ മദമുണ്ടായതെന്നാണ്‌ കഥ. എന്തായാലും ആന ഒരു കാട്ടുമൃഗമാണെന്ന്‌ മറക്കരുതെന്നാണ്‌ പ്രശസ്‌ത ആനചികിത്സകനായ ഡോ. കെ.സി. പണിക്കര്‍ ഓര്‍മ്മപ്പെടുത്തുന്നത്‌. നാം തീരെ ഓര്‍ക്കാതെ പോകുന്നതും ഈ കാര്യം മാത്രമാണ്‌.

Sunday, October 27, 2013

വിസ്‌മയമാകുന്ന കൊടുങ്ങല്ലൂരിലെ ക്ഷേത്രപാലകന്‍


എല്ലാ ക്ഷേത്രങ്ങളിലും ക്ഷേത്രപാലകന്‍മാരുണ്ടാവും. പ്രതിഷ്‌ഠാരൂപത്തിലോ സങ്കല്‍പ്പമായോ എങ്കിലും. ക്ഷേത്രവാസ്‌തുവിദ്യയുടെ ഒരു ഭാഗമാണത്‌. ഇതിനു ഒരു ദേവതാസങ്കല്‍പ്പം തന്നെ നല്‍കി, പൂജകളും പതിവുണ്ട്‌. പക്ഷെ കൊടുങ്ങല്ലൂര്‍ ദേവീ ക്ഷേത്രത്തിലെ ക്ഷേത്രപാലക വിഗ്രഹം വേറിട്ടൊരു അനുഭവം തന്നെ.
ക്ഷേത്രത്തിന്‌ പുറത്ത്‌ വടക്കേനടയില്‍, ദേവിയ്‌ക്ക്‌ കാവലായി ക്ഷേത്രപാലകന്റെ ശ്രീകോവില്‍. കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഏറ്റവും വലിയ വിഗ്രഹമാണ്‌ ഈ ക്ഷേത്രപാലകന്റേത്‌. 12 അടിയിലേറെ ഉയരവും അതനുസരിച്ച്‌ വണ്ണവുമുള്ള ഭീമാകാരമായ കല്‍വിഗ്രഹമാണ്‌ ക്ഷേത്രപാലകന്റേത്‌. ശ്രീകോവിലിന്റെ മോന്തായത്തോളം പൊക്കം. ദര്‍ശനത്തിനെത്തുന്നവര്‍ക്ക്‌ നടയില്‍ നിന്നു താഴ്‌ന്നു തൊഴുതാലേ ഈ വിഗ്രഹത്തിന്റെ മുഖദര്‍ശനം തന്നെ സാധ്യമാകൂ. നടയേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്നതാണിതിനു കാരണം. ക്ഷേത്രപാലകന്റെ വിഗ്രഹം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും വിഗ്രഹം മോന്തായത്തില്‍ സ്‌പര്‍ശിക്കുന്ന നിമിഷം ലോകാവസാനമുണ്ടാകുമെന്നു വിശ്വസിക്കപ്പെടുന്നു. രണ്ടുനേരവും നട തുറന്ന്‌ നിത്യപൂജ നടത്തുന്ന സമയത്ത്‌ ക്ഷേത്രപാലകന്റെ തലയിലേക്ക്‌ നാളികേരം എറിയാനായി ഓങ്ങുന്നത്‌ വിഗ്രഹം വളരാതിരിക്കാന്‍ വേണ്ടിയെന്നാണ്‌ സങ്കല്‍പം. വിഗ്രഹത്തിന്റെ കൈകളില്‍ തോര്‍ത്തുകള്‍ തൂക്കിയിടുന്നതും ഈ ഉദ്ദേശ്യത്തോടെയത്രെ.
മലബാറിലെ ക്ഷേത്രപാലകക്ഷേത്രങ്ങളിലെ ക്ഷേത്രപാലന്‍ കൊടുങ്ങല്ലൂരില്‍ നിന്നു വന്നു എന്നാണ്‌ ഐതിഹ്യം. ഇത്‌ തമിഴ്‌നാട്ടിലെ ചതുക്കപൂതമാണെന്നും അഭിപ്രായമുണ്ട്‌. അതേ സമയം, ബൗദ്ധക്ഷേത്രമായിരുന്നു മുമ്പ്‌ കൊടുങ്ങല്ലൂരെന്നും, അതിന്റെ അവശിഷ്ടമാണ്‌ ഈ മഹാശില്‍പ്പമെന്നും അനുമാനിക്കുന്നവരുണ്ട്‌. മൈസൂരിലെ ഗോമതേശ്വര പ്രതിമയുമായി സാമ്യം തോന്നുന്ന ഒന്നാണ്‌ ഈ വിഗ്രഹം എന്നത്‌ ഈ അനുമാനത്തിനു പിന്‍ബലം നല്‍കുന്നു. ഇതിനൊന്നും ചരിത്രപരമായ പിന്തുണയില്ലെന്നത്‌ മറ്റൊരു സംഗതിയാണ്‌.
ദേവി ക്ഷേത്രത്തിലേക്കുള്ള തുലാഭാരം ക്ഷേത്രപാലകന്റെ നടക്കലാണ്‌ നടത്തിവരുന്നത്‌. ഇവിടത്തെ പ്രത്യേക വഴിപാട്‌ ചമയമാണ്‌. വൈകീട്ട്‌ ക്ഷേത്രപാലകന്റെ ശ്രീകോവില്‍ കുലവാഴ, കുരുത്തോല, കരിക്കിന്‍ കുല എന്നിവകൊണ്ട്‌ അലങ്കരിക്കും. ദേവി ക്ഷേത്രത്തിലെ ദീപാരാധനയ്‌ക്ക്‌ ശേഷം ക്ഷേത്രപാലകന്റെ തൃപ്പടികളില്‍ 101 നാളികേരം എറിഞ്ഞ്‌ ഉടയ്‌ക്കുകയും ചെയ്യുന്നു. തുടര്‍ന്ന്‌ ക്ഷേത്രപാലകനെ 101 വസ്‌ത്രം ഉടുപ്പിക്കും. മുഖത്ത്‌ ചന്ദനം ചാര്‍ത്തുകയും തണ്ണീരാമൃതം നിവേദ്യം ചെയ്യും. ഇതിനെ ചമയം എന്നു പറയും. ക്ഷേത്രപാലന്റെ നടയ്‌ക്കല്‍ ഉടയ്‌ക്കുന്ന നാളികേരത്തിന്റെ അവകാശം എടമുക്കിലുള്ള കുഡുംബി സമുദായക്കാര്‍ക്കാണ്‌. അതിനു പകരമായി  അവര്‍ കൊല്ലം തോറും കര്‍ക്കിടകമാസം സംക്രാന്തിക്ക്‌ ക്ഷേത്രപരിസരം മുഴുവനും ചെത്തി വൃത്തിയാക്കണമെന്നും വ്യവസ്ഥയുണ്ട്‌. ശര്‍ക്കരപ്പായസത്തില്‍ തൈരുചേര്‍ത്ത പുളിഞ്ചാമൃതമാണ്‌ ക്ഷേത്രപാലകന്റെ പ്രധാന നിവേദ്യം. ക്ഷേത്രത്തില്‍ വലിയ ഗുരുതി സമയങ്ങളില്‍ ക്ഷേത്രപാലകന്‌ മുമ്പില്‍ ഭക്‌തര്‍ 108 നാളികേരമുടയ്‌ക്കും. വിഗ്രഹത്തില്‍ കളഭം പൂശും. 108 തോര്‍ത്ത്‌ ഉടുപ്പിക്കും. തോര്‍ത്തുടുത്ത്‌ കളഭം ചാര്‍ത്തിയ ക്ഷേത്രപാലകന്റെ പോലുള്ള വിഗ്രഹം മറ്റെവിടെയുമില്ല.

എട്ടരയോഗത്തിന്റേയും എട്ടുവീട്ടില്‍ പിള്ളമാരുടേയും കഥ



ചരിത്രത്തിലൂടെ സഞ്ചരിക്കുന്നവര്‍ക്ക്‌ ഞെട്ടിക്കുന്ന ചോരക്കഥകള്‍ ധാരാളം കാണാനാകും. അധികാരത്തിനും സമ്പത്തിനും പെണ്ണിനുമൊക്കെവേണ്ടി കൊന്നും ചത്തും തീര്‍ന്ന കഥകള്‍!. ചരിത്രം തന്നെ വഴിമാറുന്ന സംഭവവികാസങ്ങള്‍. അത്തരത്തിലൊന്നാണ്‌ ശ്രീ പത്മനാഭന്റെ സ്വത്തിന്റെ അവകാശത്തിനായി നടന്ന വടംവലി. അടുത്തിടെ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി സമ്പത്തിന്റെ കണക്കെടുപ്പ്‌, ലോകശ്രദ്ധ നേടിയിരുന്നു. ഓരോ ദിവസവും പത്രമാധ്യമങ്ങളില്‍ നിറഞ്ഞ അപൂര്‍വ്വ നിധി ശേഖരത്തിന്റെ കഥകള്‍. അതിനു പിന്നിലും ചോരക്കഥകള്‍ ഉണ്ടെന്നാണ്‌ ചരിത്രം.
വേണാട്ടില്‍ മാര്‍ത്താണ്‌ഡവര്‍മ്മ അധികാരം ഏല്‍ക്കുന്നതിന്‌ ആറ്‌ പതിറ്റാണ്ടുകള്‍ക്കു മുമ്പ്‌ നിലനിന്ന ആഭ്യന്തരകലഹം ഏറെ രൂക്ഷമായിരുന്നു. കച്ചവടത്തിനെത്തിയ യൂറോപ്പ്യന്‍ ശക്‌തികള്‍ക്കു പോലും ഇതു പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചിരുന്നുവെന്നാണ്‌ ചരിത്രം.
'പിള്ള'മാരും 'യോഗ'ക്കാരും ഒരു ഭാഗത്തും രാജാവ്‌ എതിര്‍ഭാഗത്തുമായിട്ടായിരുന്നു കലഹം. ശ്രീപത്‌മനാഭസ്വാമി ക്ഷേത്രഭരണവും അതിന്റെ വസ്‌തുക്കളില്‍ നിന്നും ആദായം എടുക്കലും സംബന്‌ധിച്ച തര്‍ക്കമാണ്‌ കലഹത്തിന്‌ കാരണമായി ഭവിച്ചത്‌. ക്ഷേത്രഭരണം എട്ടു പോറ്റിമാരും, വല്ലപ്പോഴും യോഗത്തില്‍ പങ്കെടുക്കാനെത്താറുള്ള രാജാവും അടങ്ങിയ `എട്ടരയോഗം' എന്ന ഭരണസമിതിയ്‌ക്കായിരുന്നുവത്രെ. ചരിത്രകാരന്‍മാര്‍ ഈ കാര്യത്തില്‍ ഭിന്നാഭിപ്രായമുള്ളവരാണ്‌.
യോഗത്തിന്റെ തീരുമാനങ്ങള്‍ മറികടക്കാനോ, ക്ഷേത്രകാര്യത്തില്‍ ഇടപെടാനോ രാജാവിന്‌ അധികാരം ഇല്ലാത്ത കാലം. ക്ഷേത്രവസ്‌തുവകകള്‍ എട്ടായി ഭാഗിച്ച്‌ അതിന്റെ മേല്‍നോട്ടം വഹിക്കാനും കരംപിരിയ്‌ക്കാനും അധികാര നല്‌കിയിരുന്നത്‌ എട്ട്‌ മാടമ്പിമാര്‍ക്കായിരുന്നു. ഇവരാണ്‌ `എട്ടുവീട്ടില്‍ പിള്ളമാര്‍' എന്നറിയപ്പെട്ടത്‌. കുളത്തൂര്‍, കഴക്കൂട്ടം, ചെമ്പഴന്തി, കുടമണ്‍ , പള്ളിച്ചല്‍ , വെങ്ങാനൂര്‍ , രാമനാമഠം, മാര്‍ത്താണ്‌ഡമഠം എന്നീ കുടുംബക്കാരായിരുന്നു ഇത്‌. യോഗക്കാരുടേയും പിള്ളമാരുടേയും കൂട്ടുകെട്ട്‌ രാജാധിപത്യത്തിന്‌ ഭീഷണിയായി വന്നതോടെ രാജാവ്‌ ക്ഷേത്രകാര്യങ്ങളില്‍ ഇടപെട്ടു തുടങ്ങി. ഇതു പിന്നീട്‌ ആഭ്യന്തരകലഹമായി മാറി. അതേസമയം യോഗക്കാരുടേയും പിള്ളമാരുടേയും `ജനാധിപത്യ' ഭരണത്തെ പിടിച്ചെടുക്കാനും അധികാരം തന്നില്‍ കേന്ദ്രീകരിക്കാനും രാജാവ്‌ ശ്രമിച്ചതിന്റെ ഫലമായിട്ടാണ്‌ ആഭ്യന്തരകലഹം ഉണ്ടായതെന്ന ചരിത്രവ്യാഖ്യാനവും കാണാം. പ്രശ്‌നം രൂക്ഷമായതോടെ പല പ്രാവശ്യവും ശ്രീപത്‌മനാഭസ്വാമി ക്ഷേത്രം അടച്ചിട്ടതായി രേഖ ഉണ്ട്‌. 1729ല്‍ അധികാരത്തിലെത്തിയ മാര്‍ത്താണ്‌ഡവര്‍മ്മയുടെ ആദ്യ പ്രധാന നടപടികളിലൊന്ന്‌ യോഗക്കാരേയും പിള്ളമാരേയും അടിച്ചമര്‍ത്തല്‍ ആയിരുന്നു. നിഷ്‌ഠൂരമായ നടപടികള്‍ ഇതിനദ്ദേഹം സ്വീകരിക്കുകയും ചെയ്‌തു.
എട്ടുവീട്ടില്‍ പിള്ളമാരുടെ കുടുംബം കുളം കോരുകയാണ്‌ മാര്‍ത്താണ്ഡവര്‍മ്മ ചെയ്‌തത്‌. അവരെ പറടിഞ്ഞാറെ കടപ്പുറത്തു കൊണ്ടുപോയി കഴുത്തറുത്ത്‌ കടലില്‍ തള്ളുകയായിരുന്നുവത്രെ. അവരുടെ സ്‌ത്രീകളെ കടപ്പുറത്തുള്ളവര്‍ക്ക്‌ കൊടുക്കുകയും ചെയ്‌താണ്‌ ഈ കുടുംബങ്ങളെ അവസാനിപ്പിച്ചതെന്നാണ്‌ കഥ. പിള്ളമാരുടെ ശാന്തികിട്ടാത്ത ആത്മാക്കളും, അവരുടെ ഉഗ്ര ഉപസനാ മൂര്‍ത്തികളും ഏറെ കാലം ഈ പ്രദേശത്ത്‌ അശാന്തി വിതച്ചു അലഞ്ഞു നടന്നു വെന്നും, തൃശൂരിലെ മാന്ത്രിക കുടുംബമായ കല്ലൂര്‍ മനയിലെ നമ്പൂതിരിപ്പാടാണ്‌ രാജാവിനെയും രാജ്യത്തേയും ഈ ഉപദ്രവങ്ങളില്‍ നിന്നു രക്ഷിച്ചതെന്നും ഉള്ള ഒരുപകഥയും ഇതോടൊപ്പമുണ്ട്‌.
എന്തായാലും എട്ടുവീട്ടില്‍ പിള്ളമാരെ, അവരുടെ മരണശേഷവും രാജാവു ഭയന്നിരുന്നു എന്നതു സത്യമാണ്‌. തിരുവിതാംകൂര്‍ രാജാക്കന്‍മാര്‍ പില്‍ക്കാലത്ത്‌, പിള്ളമാരുടെ ആസ്ഥാമായിരുന്ന ചങ്ങനാശേരിയില്‍ കൂടി യാത്ര ചെയ്യാറില്ലായിരുന്നു. പിള്ളമാരുടെ സമാധി മണ്ഡപം ഇന്നും ഇവിടെ കാണാം. 

കൊച്ചുണ്ണി എന്ന ധാര്‍മ്മികനായ കള്ളന്‍.....!!



കൊച്ചുണ്ണി മരിച്ച മാസമാണിത്‌... കന്നിമാസം..!.ആരെങ്കിലും ഓര്‍ത്തോ..?. കായംകുളം കൊച്ചുണ്ണി മരിച്ചിട്ട്‌ നൂറ്റിഅമ്പത്തിനാല്‌ വര്‍ഷം!. പൊലീസ്‌ പിടിയിലായ കൊച്ചുണ്ണി, 91 ദിവസത്തെ ജയില്‍ വാസത്തിനൊടുവില്‍ 1859ലെ കന്നിമാസമായിരുന്നു മരിച്ചതത്രെ. മരിക്കുമ്പോള്‍ കൊച്ചുണ്ണിയ്‌ക്ക്‌ 41 വയസ്സ്‌....! തിരുവനന്തപുരം പേട്ട ജുമാ മസ്‌ജിദിലാണ്‌ കൊച്ചുണ്ണിയെ കബറടക്കിയതെന്ന്‌ പറയപ്പെടുന്നുണ്ട്‌.
കായംകുളം കൊച്ചുണ്ണി, ജീവിച്ചിരിക്കേ ഇതിഹാസമായ കഥാപാത്രമാണ്‌. ഇന്ത്യന്‍ റോബിന്‍ ഹുഡ്‌..!.
പത്തൊമ്പതാം നൂറ്റാണ്ടില്‍ മദ്ധ്യതിരുവിതാംകൂറില്‍ ജീവിച്ചിരുന്ന ഒരു മോഷ്‌ടാവായിരുന്നു കായംകുളം കൊച്ചുണ്ണി. മോഷ്‌ടാവായിരുന്നെങ്കിലും പണക്കാര്‍ക്കെതിരെ പാവങ്ങളുടെ പക്ഷം നിന്ന സ്‌ഥിതിസമത്വവാദിയും സാമൂഹ്യപരിഷ്‌കര്‍ത്താവുമൊക്കെയായി കൊച്ചുണ്ണി മാറി. ഉള്ളവനില്‍ നിന്നും പിടിച്ചുപറിച്ച്‌ ഇല്ലാത്തവനു നല്‍കുക...ആദ്യത്തെ വിപ്ലവകാരി..! കായംകുളത്ത്‌ ഇപ്പോഴുള്ള പണ്ടകശാലക്കുടുംബം കൊച്ചുണ്ണിയുടെ അഞ്ചാം തലമുറയിലെ പിന്തുടര്‍ച്ച അവകാശപ്പെടുന്നുണ്ട്‌. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല പോലുള്ള രചനകളും തലമുറകളിലൂടെ വാമൊഴിയായി പകര്‍ന്ന കഥകളും ഒക്കെയായി മലയാളിലുടെ ഓര്‍മ്മയില്‍ കൊച്ചുണ്ണി ഇന്നും മായാതെ നില്‍ക്കുന്നു...
മോഷണകലയില്‍ കൊച്ചുണ്ണിക്കുണ്ടായിരുന്ന അനിതരസാധാരണ വൈഭവം ആരേയും അമ്പരപ്പിക്കുകയും ആകര്‍ഷിക്കുകയും ചെയ്യും. കൊച്ചുണ്ണിയുടെ സാമര്‍ത്ഥ്യത്തിന്റെ കഥകള്‍ നിരവധിയുണ്ട്‌. അതിലൊന്ന്‌ ഇതാ:
കായംകുളത്ത്‌ പുതുപ്പള്ളി പഞ്ചായത്തിലെ വാരണപ്പള്ളി തറവാട്ടില്‍ കൊച്ചുണ്ണി നടത്തിയതായി പറയപ്പെടുന്ന മോഷണത്തിന്റെ കഥ ഈ രീതിയില്‍ പ്രസിദ്ധമാണ്‌. കുടുംബസുഹൃത്തായിരുന്ന കൊച്ചുണ്ണിയെ, തന്റെ വീട്ടില്‍ നിന്ന്‌ മോഷണം നടത്താന്‍ തറവാട്ടു കാരണവര്‍ വെല്ലുവിളിച്ചതാണ്‌ ഈ മോഷണകഥയുടെ തുടക്കം. തറവാടിന്റെ ഇറയത്ത്‌ കാരണവരോടൊപ്പം മുറുക്കും സംഭാഷണവുമായി ഇരുന്ന കൊച്ചുണ്ണി, പൂമുഖവാതിലിനകത്തെ സാക്ഷയുടെ സ്‌ഥാനം മനസ്സിലാക്കി പുറത്ത്‌ ചുണ്ണാമ്പു കൊണ്ട്‌ അടയാളപ്പെടുത്തിയെന്നും അന്നു രാത്രി അവിടം തുരന്നു മോഷണം നടത്തിയശേഷം പിറ്റേന്ന്‌ മുതല്‍ തിരികെ നല്‍കിയെന്നുമാണ്‌ കഥ!. കൊച്ചുണ്ണിയുടെ കൗശലത്തിന്റെ സാക്ഷ്യമായി ആ വാതില്‍ ഇപ്പോഴും തറവാട്ടില്‍ സൂക്ഷിച്ചുപോരുന്നുണ്ടത്രെ...!
കൊച്ചുണ്ണിയുടെ പ്രവര്‍ത്തനങ്ങള്‍ അതിരുവിട്ടപ്പോള്‍ ഏതുവിധത്തിലും അയാളെ പിടിക്കാന്‍ ദിവാന്‍ ഉത്തരവിറക്കി. ഉത്തരവ്‌ നടപ്പാക്കാതിരുന്നാല്‍ ജോലിപോകുമെന്ന താക്കീതു ലഭിച്ച കാര്‍ത്തികപ്പള്ളി തഹസീല്‍ദാര്‍ കൊച്ചുണ്ണിയുമായി ബന്‌ധമുണ്ടായിരുന്ന അടുത്ത സുഹൃത്തിന്റെ സഹായത്തോടെ ചതിയില്‍ കുടുക്കി അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു. പക്ഷെ, ഇതു വെറും കള്ളനല്ലല്ലോ?. സാക്ഷാല്‍ കായംകുളം കൊച്ചുണ്ണിയാണ്‌...!. കൊച്ചുണ്ണി തടവുചാടി... അറസ്റ്റു ചെയ്‌ത പോലീസുകാരനേയും അറസ്റ്റിനു സഹായിച്ച സുഹൃത്തിനെയും കൊന്നു!.
കൊച്ചുണ്ണിയെ പിടികൂടാനുള്ള ചുമതല പിന്നീട്‌ കിട്ടിയത്‌ മറ്റൊരു തഹസീല്‍ദാരായ കുഞ്ഞുപ്പണിക്കര്‍ക്കായിരുന്നു. കൊച്ചുണ്ണിയുടെ സുഹൃത്തുക്കളായിരുന്ന മമ്മത്‌, വാവ, വാവക്കുഞ്ഞ്‌, നൂറമ്മദ്‌, കുഞ്ഞുമരയ്‌ക്കാര്‍, കൊച്ചുകുഞ്ഞുപിള്ള, കൊച്ചുപിള്ള എന്നിവരുടെ സഹായത്തോടെ കൊച്ചുപിള്ളയുടെ വാഴപ്പള്ളിയിലെ ഭാര്യവീട്ടിലേയ്‌ക്ക്‌ വിളിച്ചുവരുത്തി, കൊച്ചുണ്ണിയെ. സല്‍ക്കാരത്തിനിടെ മരുന്നു കലര്‍ത്തിയ ഭക്ഷണം നല്‍കി മയക്കിയാണ്‌ ഇക്കുറി കൊച്ചുണ്ണിയെ അറസ്റ്റു ചെയ്‌തത്‌.
പിടിയിലായ കൊച്ചുണ്ണിയെ കനത്ത ബന്ദവസില്‍ ജലമാര്‍ഗ്ഗം തിരുവനന്തപുരത്തേയ്‌ക്കു കൊണ്ടുപോയി. അവിടെ തടവനുഭവിക്കേയായിരുന്നു മരണമത്രെ.
കൊച്ചുണ്ണിയുടെ ജീവിതം സിനിമയും സീരിയലുമൊക്കെയായി.
1966ല്‍ നിര്‍മ്മിച്ച, കായംകുളം കൊച്ചുണ്ണി എന്ന ചലചിത്രത്തില്‍ നായകവേഷമിട്ടത്‌ അനശ്വര നടന്‍ സത്യന്‍ ആയിരുന്നു. ഗായകന്‍ യേശുദാസ്‌ ഇതില്‍ കൊച്ചുണ്ണിയുടെ സഹോദരീ ഭര്‍ത്താവ്‌ സുറുമവില്‌പനക്കാരനായി അഭിനയിച്ചു.
മോഷ്ടാവും പിടിച്ചുപറിക്കാരനുമൊക്കെയായി വിശേഷിപ്പിക്കപ്പെട്ടെങ്കിലും കൊച്ചുണ്ണിയിലെ നന്മകള്‍, നിലനിന്നു.പത്തനം തിട്ട ജില്ലയിലെ കോഴഞ്ചേരിക്കു അടുത്തുള്ള ഏടപ്പാറ മലദേവര്‍ നട ക്ഷേത്രത്തിലെ പ്രതിഷ്‌ഠകളിലൊന്ന്‌ മുസ്ലിം മതവിശ്വാസിയായിരുന്ന കൊച്ചുണ്ണിയാണ്‌..!. മെഴുക്‌, ചന്ദനത്തിരി, കഞ്ചാവ്‌, നാടന്‍ മദ്യം, വെറ്റില, അടയ്‌ക്ക, പുകയില തുടങ്ങിയവയൊക്കെയാണ്‌ ഇവിടെ കാണിയ്‌ക്ക. കൊച്ചുണ്ണിയുടെ അലഞ്ഞുതിരിഞ്ഞു നടന്ന ആത്‌മാവ്‌, കുറവ സമുദായത്തില്‍ പെട്ട ഒരു ഊരാളിയോട്‌ അപേക്ഷിച്ചതിനെ തുടര്‍ന്നാണ്‌ ഈ പ്രതിഷ്‌ഠ സ്‌ഥാപിക്കപ്പെട്ടതത്രെ. മേടമാസത്തിലാണ്‌ ഈ ക്ഷേത്രത്തിലെ ഉത്‌സവം.

ഇനി പറയൂ....കൊച്ചുണ്ണി വെറും കള്ളനാണോ?.

ചരിത്രവും ഐതിഹ്യങ്ങളും ഇഴചേരുന്ന കൊങ്ങന്‍പ്പട



പാടിപ്പതിഞ്ഞ ചരിത്രവും ഐതിഹ്യകഥകളും ചികഞ്ഞു നോക്കിയാല്‍, നാം അമ്പരക്കും. ഒരോ ആചാരനുഷ്‌ഠാനങ്ങള്‍ക്കും പിറകില്‍ ഒരോ കഥകളുടെ സാന്നിധ്യമുണ്ട്‌. വിശ്വാസത്തിന്റെ ഭാഗങ്ങളെല്ലാം ചേറിക്കളഞ്ഞാല്‍, കണ്‍മുന്നില്‍ യാഥാര്‍ത്ഥ്യങ്ങള്‍ തെളിയുകയായി...
ചരിത്രപുരുഷന്‍മാര്‍...അവരുടെ വീരചരിതങ്ങള്‍...
നമ്മുടെ ചരിത്രപുസ്‌തകങ്ങളില്‍ ഇനിയും ഇടം പിടിക്കാത്തവ!.
ചിറ്റൂരിലെ 'ദേശീയോത്സവ' മായ കൊങ്ങപ്പട ഇന്നും നമ്മള്‍ അവഗണിക്കുന്ന ഒരു ചരിത്രാഖ്യായികയാണ്‌. പ്രാദേശിക ഉത്സവം എന്നതിനപ്പുറം, ഇതിനു ചരിത്രപ്രാധാന്യമുണ്ട്‌. ഇത്രയേറെ മാധ്യമങ്ങള്‍ക്ക്‌ കേരളത്തിലുണ്ടായിട്ടും ഈ ചരിത്രാഘോഷത്തിന്‌ ഒരു ദേശീയ പ്രാധാന്യം ഉണ്ടാക്കാനായിട്ടില്ലെന്നത്‌ അതിനുള്ള തെളിവ്‌.
പാലക്കാട്ട്‌ രാജ്യം ആക്രമിച്ച, കൊങ്ങന്‍പടയെ ചെറുത്തു തോല്‍പ്പിച്ച ചിറ്റൂര്‍ നായര്‍ പടയുടെ വിജയാഘോഷമാണ്‌ കൊങ്ങപ്പടയെന്ന ഈ ഉത്സവം. കൊങ്ങനാട്ടില്‍( കോയമ്പത്തൂര്‍) നിന്നുള്ള ആക്രമണത്തിനെതിരേ വിജയം നേടിയ യുദ്ധം 918 ഏഡി യിലാണെന്ന്‌ ചരിത്രകാരന്‍മാര്‍. പശ്ചിമഘട്ട നിരയുടെ പടിഞ്ഞാറുള്ള പാലക്കാട്ട്‌ രാജ്യവും കിഴക്കുള്ള കൊങ്ങനാടും തമ്മില്‍ നടന്നുവന്ന തുടര്‍യുദ്ധങ്ങളുടേയും രക്തച്ചൊരിച്ചിലിന്റേയും കഥകൂടിയാണിത്‌.
ചിറ്റൂര്‍ ഭഗവതിക്ഷേത്രത്തില്‍, കുംഭമാസത്തിലെ കറുത്തവാവു ദിനത്തില്‍ നടത്തിവരുന്ന ആഘോഷമാണ്‌ ഇന്ന്‌ കൊങ്ങപ്പട അഥവാ കൊങ്ങന്‍പട.
ഐതിഹ്യകഥ ഇങ്ങിനെ:
ഒരിക്കല്‍ കൊങ്ങനാട്ടില്‍ നിന്ന്‌ കുറെ വ്യാപാരികള്‍ ചിറ്റൂരില്‍ കച്ചവടത്തിനായി എത്തിയിരുന്നു. അക്കാലത്തുണ്ടായ കനത്ത പേമാരിയിലെ വെള്ളപ്പൊക്കത്തില്‍ അവര്‍ക്ക്‌ കനത്ത നാശമുണ്ടായത്രെ. സൂത്രശാലികളായ അവര്‍, നാട്ടില്‍ തിരിച്ചെത്തി ചോളരാജാവിനെ മുഖം കാണിച്ചു. ചിറ്റൂരിലെ ജനങ്ങള്‍ തങ്ങളെ കൊള്ളയടിച്ചെന്നും വലിയ ദുഃഖത്തിന്‌ കാരണമായെന്നും ഉണര്‍ത്തിച്ചുവത്രെ!.
പകരം ചോദിക്കാനായി തന്റെ പടയത്രയും കൂട്ടി ചോളരാജാവ്‌ ചിറ്റൂരിലേക്കു പുറപ്പെട്ടു. പാവങ്ങളായ ഗ്രാമവാസികള്‍ക്ക്‌ ചോളസൈന്യത്തെ നേരിടാനുള്ള ശേഷിയുണ്ടായിരുന്നില്ല. അവര്‍ ഭഗവതിയോട്‌ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. ഭഗവതി തന്നെ നേരിട്ടു പ്രത്യക്ഷയായി ചോളസൈന്യത്തെ നശിപ്പിച്ചു എന്നാണ്‌ ഒരൈതിഹ്യം. ചിറ്റൂര്‍ പുഴയുടെ തീരത്തുള്ള ക്ഷേത്രത്തിലെ ഒരു ദേവന്‍, മനുഷ്യ രൂപത്തില്‍ വന്ന്‌ കൊങ്ങപ്പടയെ തരിപ്പണമാക്കി എന്നൊരു ഐതിഹ്യവും നിലവിലുണ്ട്‌.
കൊങ്ങപ്പട ആഘോഷത്തിന്റെ മൂന്നാം ദിനം നൂറ്റൊന്നു കതിനാവെടികള്‍ മുഴക്കുന്ന ചടങ്ങുണ്ട്‌. ഇത്‌ കൊങ്ങപ്പടയുടെ മേല്‍ നേടിയ വിജയത്തിന്റെ വിളംബരമത്രെ. തുടര്‍ന്ന്‌ കുട്ടികളുടെ കോലമെഴുന്നള്ളിപ്പ്‌ നടത്തുന്നു. പെണ്‍കുട്ടികളുടെ വേഷമിടുന്ന ആണ്‍കുട്ടികളെ ആളുകള്‍ ചുമലിലേറ്റിയാണ്‌ പ്രദക്ഷിണം നടത്തുക. രാത്രിയില്‍ പുരുഷന്‍മാര്‍ പോത്തുകളുടെ മുഖം മൂടി ധരിച്ച്‌ ദ്വന്ദയുദ്ധം നടത്തുന്ന ഒരു ചടങ്ങും ഇവിടെയുണ്ട്‌. കൊങ്ങന്‍പടയുടെ, ചത്തുവീണ മൃഗങ്ങളെ അനുസ്‌മരിക്കുന്ന ഒന്നത്രെ ഇത്‌.
കൗതുകകരമാണ്‌ കൊങ്ങന്‍പടയുടെ ചടങ്ങുകളത്രയും. `ചിലമ്പ്‌' എന്ന ചടങ്ങോടെയാണ്‌ ഇതിനു തുടക്കം. ശിവരാത്രി ദിനത്തിലാണ്‌ ഈ ചടങ്ങ്‌. കൊങ്ങന്റെ യുദ്ധപ്രഖ്യാപനത്തിന്റെ അനുസ്‌മരണമാണിത്‌. രണ്ടാം ദിവസം കൊടിയേറ്റ്‌. വൈകീട്ട്‌, `അരിപ്പത്തറ്റ്‌' എന്ന ചടങ്ങോടെ ചിറ്റൂര്‍ക്കാര്‍ യുദ്ധത്തിനു പുറപ്പെടുകയായി...
എല്ലാവരും ക്ഷേത്രത്തില്‍ ഒത്തു കൂടുന്നു. മൂന്നു കതിനാവെടിയോടെ പടപ്പുറപ്പാടായി. പട്ടുവസ്‌ത്രങ്ങളും ആടയാഭരണങ്ങളും അണിഞ്ഞ്‌ വാളെടുത്തു നീങ്ങുന്ന യുദ്ധ സജ്ജരായ പടയാളികള്‍...ഇവര്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌ വെളിച്ചപ്പാടും!.
രാത്രിയോടെ ആനയും അമ്പാരിയും രഥങ്ങളുമായി പടയാളികള്‍ ക്ഷേത്രത്തില്‍ തിരിച്ചെത്തുന്നു. പിറ്റേന്നാണ്‌ കൊങ്ങന്‍പട.
മനോഹരമായ ആചാരങ്ങള്‍ കണ്ടിരിക്കുമ്പോള്‍, മനസ്സ്‌ ചരിത്രത്തിലേക്കു കുതികൊള്ളും..നാം കാണാത്ത യുദ്ധങ്ങള്‍...മനുഷ്യരുടെ ധര്‍മ്മസങ്കടങ്ങള്‍....
ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഈ ചടങ്ങിനെ ഇനിയെങ്കിലും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു...

Friday, October 25, 2013

അരിപ്രാവും ഒരു ദുഃഖ കഥയും



കുട്ടിക്കൂര്‍...കുര്‍ര്‍ര്‍...കുര്‍ര്‍ര്‍.....
നാട്ടിന്‍ പുറത്തിന്റെ ശബ്ദമാണിത്‌. തിളയ്‌ക്കുന്ന വെയിലില്‍, മറ്റെല്ലാ ജീവജാതികളും തളര്‍ന്നു മയങ്ങുമ്പോഴും ദുഃഖഛവി കലര്‍ന്ന ഈ സ്വരം അലോസരപ്പെടുത്തിക്കൊണ്ടിരിക്കും. തനിനാട്ടിന്‍ പുറത്തുകാരനായ അരിപ്രാവാണിത്‌. മരങ്ങളുടെ ഇലച്ചാര്‍ത്തില്‍ മറഞ്ഞിരുന്ന്‌, കാണാതായ ആരേയോ വിളിച്ചന്വേഷിക്കുന്നതു പോലുള്ള ഒരു ശബ്ദം....
തന്റെ പ്രിയ സുഹൃത്തിനെ തെറ്റിദ്ധാരണയുടെ പേരില്‍ കൊലപ്പെടുത്തിയതിന്റെ വേദന സഹിക്കാനാവാതെ കരഞ്ഞ്‌ അലയുകയാണ്‌ അരിപ്രാവെന്ന ഒരു കഥ ഇന്നും നാട്ടിന്‍പുറത്തെ മുത്തശിമാര്‍ പറയും. കുട്ടികളെ കേള്‍പ്പിക്കും..
കഥ ഇങ്ങിനെ: അരിപ്രാവും കുട്ടിക്കുറുതത്തയും ഇണമുറിയാത്ത കൂട്ടുകാരായിരുന്നത്രെ. വര്‍ഷകാലത്തിനു മുമ്പ്‌, ഇരുവരും പയറുമണികള്‍ ശേഖരിച്ചുവച്ചു. ഒരു ദിവസം അരിപ്രാവ്‌ ഈ പയറുമണികള്‍ എണ്ണിനോക്കി. ഒരു മണിയുടെ കുറവ്‌. ക്ഷുഭിതനായ അരിപ്രാവ്‌ കുട്ടിക്കുറുതത്ത അതു തിന്നുവെന്ന്‌ തെറ്റിദ്ധരിച്ചു. താണുകേണു പറഞ്ഞിട്ടും അരിപ്രാവ്‌ അതിനെ വിശ്വസിച്ചില്ല. രോഷം സഹിക്കവയ്യാതെ, കുട്ടിക്കുറുതത്തയെ കൊത്തിപ്പറിച്ചു കൊന്നുവത്രെ. ദിവസങ്ങള്‍ കഴിഞ്ഞ്‌ അരിപ്രാവ്‌ വീണ്ടും പയറുമണികള്‍ എണ്ണിനോക്കി. എണ്ണം കൃത്യമായിരുന്നു!. പശ്ചാത്താപവിവശനായ അരിപ്രാവ്‌, കുട്ടിക്കുറുതതത്തേ...കുരു ഒത്തു കുരു ഒത്തു..എന്നു പറഞ്ഞ്‌ ഭ്രാന്തനെ പോലെ അലഞ്ഞു നടന്നു എന്നാണ്‌ കഥ. അത്‌ ഇപ്പോഴും തുടരുന്നു...
കുട്ടിക്കുര്‍....കുര്‍ര്‍....കുര്‍ര്‍ര്‍......
കഥകേട്ട്‌, കുട്ടികരയുന്നു. മുത്തശ്ശി സാരതത്വം പറഞ്ഞ്‌ ആശ്വസിപ്പിക്കുന്നു...
ഗ്രാമങ്ങളില്‍ കഥകള്‍ അവസാനിക്കുന്നില്ല. എന്തിനും ഏതിനും അവര്‍ക്ക്‌ ഒരു കഥയുണ്ട്‌. നന്മയുടെ നറുനെയ്യുപോലെ വിശുദ്ധമായ ഒരു കഥ.
അമ്പലപ്രാവിനെക്കാള്‍ വലുപ്പം കുറഞ്ഞ പ്രാവു വര്‍ഗ്ഗമാണ്‌ അരിപ്രാവ്‌. കേരളത്തില്‍ സര്‍വസാധാരണമാണിത്‌. കുട്ടത്തിപ്രാവ്‌, ചക്കരക്കുട്ടപ്രാവ്‌, ചങ്ങാലം, മണിപ്രാവ്‌ എന്നീ പേരുകളിലും ഇത്‌ അറിയപ്പെടുന്നു. പക്ഷിയുടെ പുറത്തും മറ്റുമുള്ള വെള്ളപ്പുള്ളികള്‍ അരി വിതറിയതുപോലെ തോന്നുന്നതു കൊണ്ടാണ്‌ ഇവയ്‌ക്ക്‌ അരിപ്രാവ്‌ എന്നു പേരു വന്നതത്രെ.
കുറ്റിക്കാടുകളിലും മരങ്ങള്‍ ധാരാളമുള്ള നാട്ടിന്‍പുറത്തുമാണ്‌ അരിപ്രാവുകളെ കാണുക. അരിപ്രാവുകളുടെ പുറവും ചിറകുകളുടെ മുന്‍പകുതിയും തവിട്ടുനിറമാണ്‌. ഇതില്‍ ഇളം ചുവപ്പുനിറത്തില്‍ നിരവധി വട്ടപ്പുള്ളികളുണ്ടായിരിക്കും. ഇവയുടെ തലയ്‌ക്കും കഴുത്തിനും ചാരനിറമാണ്‌; ഉദരഭാഗം തവിട്ടു ഛായയുള്ള ഇളം ചുവപ്പും, വാലിനടുത്ത്‌ വെള്ളയും നിറമാണ്‌. പിന്‍കഴുത്തിലും പുറകിലുമായി കാണപ്പെടുന്ന വീതിയുള്ള കറുത്തപട്ടയില്‍ നിറയെ വെള്ളപ്പുള്ളികളുണ്ടായിരിക്കും. നീണ്ട വാലിന്റെ മധ്യഭാഗത്തുള്ള നാലു തൂവലുകള്‍ക്ക്‌ തവിട്ടുനിറമാണ്‌. വാലിന്റെ ഇരുവശവും ക്രമേണ നീളം ചുരുങ്ങി വരുമ്പോഴേക്കും തൂവലുകള്‍ക്ക്‌ കറുപ്പു നിറമായിരിക്കും. ഈ കറുത്ത തൂവലുകളുടെ അറ്റത്തിന്‌ വെള്ള നിറമാണ്‌. പക്ഷിയുടെ ചുണ്ട്‌ കറുപ്പും. കണ്ണുകള്‍ കടും ചുവപ്പ്‌. കാലുകള്‍ റോസ്‌ നിറം. കാഴ്‌ചയ്‌ക്ക്‌ അതി സുന്ദരിയാണ്‌ ഈ പക്ഷി. ജോടികളായോ ചെറുകൂട്ടങ്ങളായോ ആണ്‌ സഞ്ചാരം. നിലത്തു വീണ്‌ കിടക്കുന്ന വിത്തുകളാണ്‌ ഇവയുടെ പ്രധാന ഭക്ഷണം.
അരിപ്രാവുകളുടെ മാംസത്തിന്‌ ഔഷധവീര്യമുണ്ടെന്ന വിശ്വാസം ഇവയ്‌ക്കു ഭീഷണിയായിട്ടുണ്ട്‌. പശപുരട്ടിയ കമ്പുകള്‍ നിരത്തി, അതിനരികില്‍ കണ്ണുകുത്തിപ്പൊട്ടിച്ച ഒരു അരിപ്രാവിനെ വച്ച്‌ വേട്ടക്കാര്‍ മറഞ്ഞിരിക്കും. ഈ പ്രാവിന്റെ കുറുകല്‍ കേട്ട്‌, കൂട്ടമായെത്തുന്ന മറ്റുപ്രാവുകള്‍ പറന്നിറങ്ങും. പശവച്ച കമ്പുകളില്‍ കുടുങ്ങുന്ന ഇവയെ അനായാസം വേട്ടക്കാര്‍ പിടികൂടുന്നതാണ്‌ രീതി.
പ്രകൃതിയെ സ്‌നേഹിക്കാനും സംരക്ഷിക്കാനും പഠിപ്പിച്ച നാട്ടിന്‍പുറം ഇന്ന്‌ അന്യമാകുകയാണ്‌. ഒപ്പം അരിപ്രാവുകളും. പക്ഷെ, ഇന്നും നാട്ടുവഴികളിലൂടെ നടക്കുമ്പോള്‍, ഗൃഹാതുരത്വമുണര്‍ത്തി ആ ശബ്ദം ഉയരുന്നു.
കുട്ടിക്കൂര്‍...കുര്‍ര്‍ര്‍ര്‍...കുര്‍......

Thursday, October 24, 2013

തുലാവര്‍ഷത്തിന്റെ സൗന്ദര്യം ...



ദൂരെ ഒരിടിമുഴക്കം. മുഖം കറുപ്പിച്ച ആകാശത്ത്‌ ഒരു വെള്ളിരേഖ പായുന്നു...പിന്നെ മഴ...
സന്‌ധ്യയോടടുത്ത്‌ തുലാവര്‍ഷക്കാലത്ത്‌ ആകാശത്ത്‌ നോക്കിയിരിക്കുക രസമാണ്‌. സുന്ദരിയായ യുവതിയുടെ മുഖത്തുവരുന്ന ഭാവമാറ്റങ്ങള്‍ പോലെ...
കുട്ടിക്കാലത്ത്‌ ഏറെ മോഹിപ്പിച്ചിരുന്ന കാഴ്‌ചകള്‍ രണ്ടെണ്ണമായിരുന്നു. വേനലില്‍, നീലാകാശത്തു രൂപം കൊള്ളുന്ന കൂറ്റന്‍ കൂണു പോലുള്ള വെണ്‍മേഖങ്ങള്‍..
അവ എവിടെ നിന്നില്ലാതെ രൂപം കൊള്ളുകയും അലിഞ്ഞു പോവുകയും ചെയ്‌തു. പക്ഷെ, അതിന്റെ ഘനഗാംഭീര്യം മനസ്സിനെ പിടിച്ചുവലിച്ചുകൊണ്ടേയിരുന്നു, വര്‍ഷങ്ങളോളം. വീടിന്റെ ഏകാന്തതയില്‍, അനന്തമായ സമയത്തോളം അതും നോക്കിയിരുന്നു..
ആകാശത്തിലെ മഞ്ഞുമൂടിയ ഗിരിശിഖരങ്ങള്‍..!. അതു ചിലപ്പോള്‍ ദുര്‍ഗ്രഹമായ കോട്ടകൊത്തളങ്ങളായി തോന്നിച്ചു. അതിലൂടെ നടന്നു കയറാമെന്നും അതിന്റെ മലമടക്കുകളില്‍ വിശ്രമിക്കാമെന്നും തോന്നിപ്പോയി ചിലപ്പോള്‍..! മനസ്സ്‌ പിടിവിട്ടങ്ങനെ പോകും, ആ അത്ഭുത മേഘക്കൂട്ടങ്ങളിലേക്ക്‌...
സുന്ദരമായ ദിവസങ്ങള്‍...!!
ജനലിനോടു ചേര്‍ത്തിട്ട കട്ടിലില്‍ ഈ ആകാശത്തിലെ പഞ്ഞിക്കെട്ടുകള്‍ നോക്കിനോക്കിക്കടന്ന നിമിഷങ്ങള്‍...


തുലാവര്‍ഷമെത്തുമ്പോള്‍ അതു വീണ്ടും ഓര്‍ത്തുപോകുന്നു.
ഇടിമുഴക്കം ദൂരേ കേള്‍ക്കുമ്പോഴേ, ഓര്‍മ്മവരിക മഴയുടെ ഭംഗിയാണ്‌. ഇരുണ്ട മാനത്ത്‌, ഇടക്കു ദൂരേ വീശുന്ന വെള്ളിവേരുകള്‍..!
ചിലപ്പോള്‍ അത്‌ ഒരു വെള്ളിനൂലാകും...മറ്റു ചിലപ്പോള്‍ ചെടികളുടെ വേരുകള്‍ പോലെ താഴേക്കു പൊടിച്ചിറങ്ങും..!
ആകാശം മുഴുവന്‍ കറുപ്പായിരിക്കുകയില്ല. അവിടവിടെ വെള്ളക്കീറുകള്‍. പിന്നെ ചാരനിറത്തിലൊരു ചായത്തേപ്പ്‌....
അവയ്‌ക്കിടയിലൂടെ വെള്ളിക്കൊലുസുകളുടെ ഒളിമിന്നല്‍...
ചാരം പുരണ്ട ആകാശത്തിനു കീഴെ, ഇരുണ്ട പച്ചക്കുടപിടിച്ച മരങ്ങള്‍ക്കു മുകളിലൂടെ ഈ കാഴ്‌ചകള്‍...
കാലവര്‍ഷം പോലെ തന്നെ മലയാളിമനസ്സില്‍ ഇടം പടിച്ച മനോഹരമായ ഒരു ഋതുമാറ്റമാണ്‌ തുലാവര്‍ഷം..മനസ്സുകളില്‍ ഗൃഹാതരത്വമുണര്‍ത്തുന്ന ഒരു കാലം!.
കൊല്ലവര്‍ഷത്തിലെ തുലാമാസം മുതല്‍ ലഭിക്കുന്ന മഴ. കാലവര്‍ഷത്തോളം തന്നെ ഈ തുുലാമഴക്കും കേരളത്തിന്റെ ജീവിതവുമായി അഭേദ്യബന്‌ധമുണ്ട്‌. വടക്ക്‌ കിഴക്കന്‍ മണ്‍സൂണ്‍ കാറ്റിലൂടെയാണു തുലാവര്‍ഷത്തിന്റെ വരവ്‌. ഉച്ചക്കു ശേഷം ഇടിവെട്ടും മിന്നലും കൂടിയുള്ള വരവാണ്‌ തുലാമഴയുടെ സവിശേഷത.
പാലക്കാടന്‍ ചുരവും മറികടന്നെത്തുന്ന വടക്ക്‌ കിഴക്കന്‍ മണ്‍സൂണിന്റെ വരവ്‌ മണ്ണും മനസ്സും കുളുര്‍പ്പിക്കുന്നു...
സംസ്‌ഥാനത്തിന്റെ വടക്കന്‍ ഭാഗങ്ങളെ അപേക്ഷിച്ച്‌ തെക്കന്‍ ഭാഗങ്ങളിലാണ്‌ തുലാവര്‍ഷത്തില്‍ കൂടുതല്‍ മഴ എന്ന പ്രത്യേകതയുണ്ട്‌.
കാലവര്‍ഷത്തില്‍ മഴയ്‌ക്കു കാക്കേണ്ട. തുലാവര്‍ഷത്തില്‍ മഴയ്‌ക്കു കാക്കണം എന്ന്‌ ഒരു ചൊല്ലുണ്ട്‌. കാലവര്‍ഷ മഴ പെയ്‌തുതുടങ്ങിയാല്‍ ഒഴിയില്ല. തുലാമഴ ഇടക്കു നിന്നും ഇടക്കു പെയ്‌തും ഇടവേളകളുണ്ടാകുമത്രെ!. ഒരു ഭൂപ്രദേശത്തിന്റെ ജനജീവിതവുമായി ഇത്രയും ഇടപഴകുന്ന മഴക്കാലങ്ങളെ ഇനിയും നമ്മള്‍ വേണ്ടത്ര തിരിച്ചറിഞ്ഞിട്ടില്ല. ഒരു സാഹിത്യകൃതിയിലും ഇതൊന്നും ഇന്നുവരെ സജീവസാന്നിധ്യമായിട്ടില്ലെന്നതു തന്നെ ഇതിനുള്ള തെളിവ്‌.....

Tuesday, October 22, 2013

ഈ സൗന്ദര്യം നിനക്കുമാത്രം



തൃശൂരിലെത്തുന്നവര്‍ ഗുരുവായൂരും ഒഴിവാക്കാറില്ല. എന്നാല്‍ തൃശൂര്‍-ഗുരുവായൂര്‍ റൂട്ടിലുള്ള വിലങ്ങന്‍ കുന്ന്‌ ആര്‍ക്കും അറിഞ്ഞുകൂടാ. ബസ്സ്‌ സ്‌റ്റോപ്പിനു പോലും ഇന്ന്‌ ഈ പേരില്ല. മനോഹരമായ ഈ കുന്ന്‌ ഇന്ന്‌ ടൂറിസ്‌റ്റ്‌ ആകര്‍ഷണ കേന്ദ്രമാണ്‌. പ്രകൃത്യാല്‍ തൃശൂര്‍ ജില്ലയിലെ ഏറ്റവും വലിയ കൊടുമുടി ആണ്‌ വിലങ്ങന്‍. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കുന്നിന്‍ ചരിവ്‌. പച്ചത്തുരുത്ത്‌ നഗരത്തില്‍ നിന്നും ഏഴുകിലോമീറ്റര്‍ അകലെമാത്രം. അടാട്ടില്‍ നിന്ന്‌ ഇടത്തോട്ടു തിരിഞ്ഞാല്‍ കുന്നു കയറാം. അമ്പതു ഏക്കര്‍ പരന്നു കിടക്കുന്ന കുന്ന്‌ മനോജ്ഞമായ ദൃശ്യവിരുന്നാണ്‌ സന്ദര്‍ശകനൊരുക്കുന്നത്‌. വടക്കുഭാഗത്ത്‌ നോക്കെത്താ ദൂരത്തോളം കോള്‍പടവുകള്‍....പടിഞ്ഞാറ്‌ ചാവക്കാട്‌ കടല്‍വരെ നോട്ടമെത്തും. കടലിലെ അസ്‌തമയം കാണാം കുന്നിന്‍ പുറത്തുനിന്ന്‌.
അടാട്ട്‌ ബസ്‌ ഇറങ്ങിയാല്‍ വിലങ്ങന്‍ കുന്നിലേക്കു കയറാം. ഇന്ന്‌ ഹെയര്‍പിന്നുണ്ട്‌. ഓട്ടോ കിട്ടും. വാഹനങ്ങളും കയറും. എന്നാല്‍ നടന്നു കയറുന്നതാണ്‌ മനോഹാരിത അനുഭവിക്കാന്‍ നല്ലത്‌. കശുമാവും ഞാവലും പേരറിയാത്ത ഒട്ടുവളരെ മരങ്ങളും മുളങ്കാടുകളും തണല്‍ വിരിക്കുന്ന വഴിയിലൂടെ നടന്നു കയറുക, കുടവയറന്‍മാര്‍ക്ക്‌ ക്ഷീണകരമാണ്‌. പക്ഷെ നടന്നെത്തുക...അതു അനുഭവമാണ്‌. ചാലക്കുടി പുഴയുടെ വടക്കേക്കര മുതല്‍ പൊന്നാനി വരെ പരന്നുകിടക്കുന്ന കോള്‍ പാടങ്ങളുടെ സൗന്ദര്യം കാണണോ?. ഇവിടെ വരൂ.....ദൂരദര്‍ശിനിയോ കാമറകളോ കരുതിക്കോളൂ.....അഭൗമമായ ഈ സൗന്ദര്യം ആസ്വദിക്കാന്‍...!.
ഇന്ന്‌ തൃശൂര്‍ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നിയന്ത്രണത്തിലാണ്‌ വിലങ്ങന്‍. ഇവിടെ അമ്യൂസ്‌മെന്റ്‌ പാര്‍ക്കും ചാരുബെഞ്ചുകളും എല്ലാം ഏര്‍പ്പെടുത്തിയിരിക്കുന്നു. ഓണാഘോഷങ്ങള്‍ക്ക്‌ ആതിഥ്യമൊരുക്കാന്‍ ഓപ്പണ്‍ എയര്‍ തിയറ്ററും ഇവിടെ ഉണ്ട്‌. പത്മരാജന്‍ അനശ്വരമാക്കിയ `തൂവാനത്തുമ്പികളിലെ' രംഗങ്ങള്‍ ഈ കുന്നിന്‍മുകളിലാണ്‌ ചിത്രീകരിച്ചത്‌. ഓര്‍മ്മയില്ലേ?. ക്ലാര ആമത്തില്‍ പൂട്ടിയ ഭ്രാന്തന്റെ നിലവിളി കേള്‍ക്കുന്ന രംഗം?.
കടലില്‍ നിന്നും മുന്നൂറു മീറ്റര്‍ ഉയരമുണ്ട്‌ വിലങ്ങന്‍ കുന്നിന്‌. ഒരു മുനിയുടെ പേരുമായി ചേര്‍ത്തും കുന്നിന്റെ ചരിത്രമുണ്ട്‌. മുനി വിലങ്ങനെ കല്ലെറിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ്‌ ഈ കുന്നുണ്ടായതെന്നാണ്‌ സ്ഥലപുരാണം. ചെമ്മണ്ണും കരിമ്പാറകളും കടന്നു തലപ്പത്തെത്തുമ്പോള്‍, ആളെ എടുത്തുകൊണ്ടുപോകുന്ന കാറ്റുണ്ട്‌....മനുഷ്യനിലെ ദുഃഖങ്ങളെല്ലാം പറത്തിക്കളയുന്ന ഈ കാറ്റ്‌ അനുഭവിക്കുകതന്നെ വേണം...!
തൃശൂര്‍ നഗരത്തിന്റെ നേര്‍ത്ത ദൃശ്യം വിലങ്ങന്‍ സമ്മാനിക്കുന്നു. പ്രശസ്‌തമായ തൃശൂര്‍ പൂരം വെടിക്കെട്ട്‌ വിലങ്ങനില്‍ നിന്നു കാണുന്നവരുണ്ട്‌. മിന്നല്‍ ആദ്യം....പിറകേ അഞ്ചുമിനുട്ടു വൈകി ശബ്ദം...!! നഗരത്തിലെ ഉയര്‍ന്ന കെട്ടിടങ്ങളും പള്ളിമേടയും എല്ലാം പച്ച മേലാപ്പിനു മുകളിലൂടെ ഉയര്‍ന്നു കാണം. അതു മറക്കാനാവാത്ത അനുഭവം തന്നെ. പടിഞ്ഞാറു ചാവക്കാട്‌ കടലിന്റെ അംശം കാണാം കുന്നിന്‍ മുകളില്‍ നിന്നു. പണ്ടു ബ്രിട്ടീഷുകാര്‍ക്ക്‌ ഇതിന്റെ തന്ത്രപ്രാധാന്യം അറിയാമായിരുന്നു. അവര്‍ ഇവിടെ ഒരു നിരീക്ഷണശാല ഉണ്ടാക്കിയിരുന്നു എന്നാണ്‌ ചരിത്രം. ചാവക്കാട്‌ കടലില്‍ ശത്രു കപ്പലുകളുടെ സാന്നിധ്യം നിരീക്ഷിക്കാന്‍. ഈ നിരീക്ഷണശാലയുടെ ബാക്കി പത്രങ്ങള്‍ ഇപ്പോഴും കുന്നിന്‍ മുകളില്‍ കാണാം..തൃശൂരിലെത്തുമ്പോള്‍ ഇനി മറക്കാതിരിക്കുക, ഈ സൗന്ദര്യാതിരേകത്തെ....

Monday, October 21, 2013

മരിക്കാത്ത മരം



വീടിനു മുന്നില്‍, വടക്കുന്നാഥന്റെ പൂങ്കാവനമായിരുന്നു. പള്ളിത്താമക്കെട്ട്‌. ഇന്ന്‌ അവിടെ കെട്ടിടം നിറഞ്ഞു. മരങ്ങള്‍ തിങ്ങിനിറഞ്ഞ ഒരു കാലമുണ്ടായിരുന്നു, നഗരമധ്യത്തിലെ ഈ വിശാലമായ ഈ ദേവഭൂമിക്ക്‌!. 
ഇവിടെ, കുന്നിന്‍ പുറത്ത്‌ തലയുയര്‍ത്തി നിന്ന ഒരു പൂളമരം ഉണ്ടായിരുന്നു . അത്‌ തളിര്‍ക്കുകയും പൂക്കുകയും കായ്‌ക്കുകയും ചെയ്‌തു. ചിലപ്പോഴെല്ലാം ഇലകൊഴിച്ചു നിന്നു.
ഇപ്പോള്‍ അതു മരിച്ചിരിക്കുന്നു.
വലിയ വൃക്ഷങ്ങളുടെ മരണം, വളരെ സാവകാശത്തിലുളള രൂപപരിണാമമാണ്‌. അതിന്റെ ജീവസ്സ്‌ പതുക്കെ, വളരെ പതുക്കെ വാര്‍ന്നു പോകുന്നു. ജീവന്‍ മുഴുവന്‍ പോയ്‌പോയാലും, ഒരു രാജകീയ പരിവേഷത്തോടെ തന്നെ അതു തലയുയര്‍ത്തി നില്‍ക്കും. ആ തുണ്ടു ഭൂമിയില്‍, സര്‍വ്വതിനും മുകളിലായി അത്‌ അങ്ങിനെ തലയുയര്‍ത്തി നിലകൊള്ളും...
മരണ ശേഷവും, മറ്റു ജീവജാതികള്‍ക്കിടയില്‍, അതു സ്വന്തം വ്യക്തിത്വവും ബഹുമാന്യതയും കാത്തു സൂക്ഷിക്കുന്നതായി തോന്നിപ്പോകുന്നു..
ചെടികള്‍ ഉണങ്ങിക്കരിഞ്ഞു പോകുന്നു; ജന്തുക്കള്‍ ചീഞ്ഞളിഞ്ഞും.
മരിച്ചു കഴിഞ്ഞ മരം പക്ഷെ, എപ്പോഴും നമ്മുടെ ശ്രദ്ധ പിടിച്ചെടുത്തുകൊണ്ടിരിക്കുന്നു; ജീവിച്ചിരിക്കുമ്പോഴെന്ന പോലെ, നിറഞ്ഞു തുളുമ്പുന്ന വ്യക്തിത്വവിശേഷം കൊണ്ട്‌!.
അവസാന നിമിഷങ്ങളില്‍, അതു ഒരു ഉയര്‍ന്ന കുന്നിന്‍ ശിഖരമായി തന്നെ മാറി, പായലുകളും പന്നല്‍ച്ചെടികളും നിറഞ്ഞ്‌..
തികച്ചും രാജകീയമായ ഒരു അന്ത്യം....
അപ്പോഴും, അതു ഭൂമിയെ ഉര്‍വ്വരവും ഉന്മിഷത്തുമുള്ളതാക്കിത്തീര്‍തുകൊണ്ടിരുന്നു..
പിന്നീട്‌, വളര്‍ന്നു കയറുന്ന മറ്റുപച്ചപ്പുകള്‍ക്കൊപ്പം ഒരിക്കല്‍ കൂടി ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു...

Friday, October 18, 2013

ഓര്‍മയുടെ നാലുവരി കുറിപ്പ്


ജെപി മരിക്കാന്‍ കിടക്കുന്നു. ഏതു നിമിഷവും ആ വാര്‍ത്ത ടെലിപ്രിന്ററില്‍ തെളിയാം. പത്രത്തിന്റെ അവസാന എഡിഷന്‍ അടിക്കാതെ പിടിച്ചിട്ടിരിക്കുന്നു. നേരം പുലര്‍ച്ചയോടടുക്കുന്നു..ന്യൂസ്‌ റീലില്‍ അരയടിച്ച്‌ ഇരുന്ന ഒരു പത്രപ്രവര്‍ത്തകന്‍ അപ്പോള്‍ പത്രാധിപരോട്‌: മൂപ്പരു മരിക്കണോ. അതോ ഞാന്‍ മരിക്കണോ?.
ജെപി മരിക്കും മുമ്പെ, മരിച്ചൂവെന്ന്‌ ഇന്ത്യന്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചതും രാജ്യമെമ്പാടും ദുഃഖാചരണം തുടങ്ങിയതും മറ്റൊരുകഥ. ഒരാഴ്‌ച കഴിഞ്ഞ്‌ ജെപി രോഗക്കിടയില്‍ `ചിരിച്ചു' എന്നതാണ്‌ കഥയുടെ ക്ലൈമാക്‌സ്‌...

നാം അറിയാതെ കടന്നുപോകുന്നവര്‍


തേക്കിന്‍കാട്ടിലെ സായാഹ്നങ്ങളില്‍ കൗതുകമുള്ള കാരണവസദസ്സുകളുണ്ട്‌. വടക്കുന്നാഥക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്തോടു ചേര്‍ന്നുള്ള ആല്‍ത്തറകളിലും തിണ്ടുകളിലുമായുള്ള കാരണവസദസ്സുകള്‍. മെല്ലേ, അവരുടെ അടുത്തു ചെന്നിരുന്നാല്‍, ഓര്‍മ്മകളുടെ മൊത്തവ്യാപാരം കാണാം. എല്ലാകാര്യങ്ങളിലും അവര്‍ തത്‌പരരാണ്‌!. രാഷ്‌ട്രീയവും വിലക്കയറ്റവും അയല്‍പക്കത്തെ കാര്യവും ഒക്കെ. അവരുടെ യൌവനത്തിന്റെ ഓര്‍മകളാണ് അധികവും. ജോലിസ്ഥലത്തെ കഥകള്‍..പെന്‍ഷന്‍ അരിയെര്സ് ഒക്കെ വരും ഇതില്‍. അമ്പല മുറ്റത്തായാലും ഭക്തി   വിഷയം നന്നേ കുറവ്‌!.  ദിവസങ്ങള്‍ക്കു ശേഷമാവും പിന്നെ ആ വഴി ചെല്ലുക. അപ്പോള്‍, കണ്ടു പരിചയിച്ച ഒന്നോ രണ്ടോ മുഖങ്ങള്‍ കൂട്ടത്തിലുണ്ടാവില്ല. പക്ഷെ, ആ ചെറിയകൂട്ടം അപ്പോഴും സംസാരിച്ചുകൊണ്ടേയിരുന്നു. അന്നു കാണാതായവരെ പിന്നൊരിക്കലും കണ്ടിട്ടുമില്ല...

ഇന്നല്ല അന്ന്; അന്നല്ല ഇന്ന്



വളരെ മുമ്പാണ്‌. രാത്രി, പാര്‍ട്ടി പത്രത്തിലെ ജോലികഴിഞ്ഞ്‌ ഇറങ്ങിയ പ്രൂഫ്‌ റീഡര്‍, രാഗം തിയറ്ററിന്റെ മുന്‍പിലെ പെട്ടിക്കടയില്‍ നിന്നു സിഗരറ്റു പുകയ്‌ക്കുന്നു. `പാര്‍ട്ടിക്കുതന്നെ ലൈന്‍ തെറ്റുന്നു, പിന്നെയല്ലേ എനിക്കു പറ്റുന്ന അക്ഷരത്തെറ്റ്‌' എന്ന്‌ ആത്മഗതം നടത്തുന്നു.
അപ്പോള്‍, അതു വഴി പത്രം ഓഫീസിലേക്കു പോകുകയായിരുന്നു, കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ മുഖ്യമന്ത്രിയായിരുന്നയാള്‍..
ആത്മഗതം കേട്ട്‌ അദ്ദേഹം ഒന്നു നിന്നു, ആളെ ഒന്നു നോക്കി നടന്നു പോയി.
പിറ്റേന്ന്‌ പത്രമോഫീസില്‍ ജോലിയില്‍ മുഴുകിയിരിക്കെ, അദ്ദേഹം ഓഫീസിലെത്തി.
പ്രൂഫ്‌ റീഡറുടെ അടുത്തൊന്നു നിന്നു, സൂക്ഷം ഒന്നു നോക്കി. മൃദുവായി ചിരിച്ച്‌ കടന്നു പോയി....
ഒന്നും സംഭവിച്ചില്ലെന്നത്‌ കഥയിലെ പരിണാമം.


Thursday, October 17, 2013

സീപിയുടെ കണ്ണട



അള്‍ഷിമേഴ്‌സ്‌ ദിനത്തിനു വേണ്ടി ഒരിക്കല്‍, പാര്‍വ്വതി പവനനെ പോയി കണ്ടു ഐറ്റം തയ്യാറാക്കവേ, സംസാരം CPയിലേയ്‌ക്കു വന്നു. ചിറ്റേനിപാട്ട്‌ പട്ടഞ്ചേരി രാമചന്ദ്രന്‍ എന്ന സാക്ഷാല്‍ സിപി രാമചന്ദ്രന്‍. പാര്‍വ്വതി പവനന്റെ മൂത്ത ജ്യേഷ്‌ഠന്‍.
ഏട്ടന്റെ ഓര്‍മ്മയായി സൂക്ഷിക്കാന്‍ കഴിഞ്ഞ ഒരേ ഒരു വസ്‌തു- കണ്ണട എന്റെ കൈയില്‍ വച്ചു തന്നു, പാര്‍വ്വതിചേച്ചി. മറ്റൊരു ഓര്‍മ്മ വസ്‌തു- സിപിയുടെ ഒരു ജൂബ- കൊച്ചിയില്‍ താമസിക്കുന്ന മറ്റൊരു സഹോദരി സരോജത്തിന്റെ കൈയിലാണ്‌.
ഒടുങ്ങാത്ത ഓര്‍മ്മകളാണ്‌ മനസ്സിലൂടെ പാഞ്ഞുപോയത്‌, കറുപ്പും വെളുപ്പുമായി. ഡല്‍ഹിയില്‍ നിറഞ്ഞു നിന്ന പത്രപ്രവര്‍ത്തകന്‍. ഇന്ത്യയുടെ ചരിത്രം സൃഷ്ടിക്കപ്പെടുന്നതും തകര്‍ക്കപ്പെടുന്നതും അടുത്തു നിന്നു നോക്കിക്കണ്ട സിപി...ഡല്‍ഹി പ്രസ്‌ക്ലബിന്റെ സ്ഥാപക പ്രസിഡന്റ്‌.. ഹിന്ദുസ്ഥാന്‍ ടൈംസില്‍ ജോലിയിലിരിക്കെ പത്രമുതലാളിയായ ബിര്‍ളക്കെതിരേ കേസുകൊടുത്തു വിജയിച്ച സിപി...പത്രാധിപരുടേയും പത്രമുതലാളിയുടേയും അധികാരപരിധി നിര്‍ണയിച്ച വിധി!. കടുത്ത ഇടതുപക്ഷക്കാരനായിട്ടും, പാര്‍ട്ടിയുടെ പോക്കില്‍ അസ്വസ്ഥനായി ലേഖനമെഴുതിയതിന്‌ പാര്‍ട്ടിപുറത്താക്കിയ സിപി...
ഒരു ഫീച്ചര്‍ തയ്യാറാക്കി പത്രത്തിന്റെ വാരാന്ത്യപതിപ്പിനു കൊടുത്തു. സിപി മരിച്ചതിന്റെ പത്താം വര്‍ഷം. ലേഖനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടാത്തതുകൊണ്ടോ, സണ്‍ഡേയുടെ ചുമതലക്കാരന്റെ വിവരക്കേടുകൊണ്ടോ അതു ഉള്‍പ്പേജിലാണ്‌ അടിച്ചുവന്നത്‌- കറുപ്പും വെളുപ്പുമായി. അതോടെ സണ്‍ഡേയിലേക്കുള്ള ഫീച്ചര്‍ എഴുത്തു നിര്‍ത്തി.

വടക്കന്‍പാട്ടിലെ ആ കുരിക്കള്‍...


കഥകളുടെ ഒഴിയാഖനികളാണ്‌ വടക്കന്‍ പാട്ടുകള്‍. സത്യവും മിഥ്യയും ഐതിഹ്യങ്ങളും വീരഗാഥകളും കെട്ടുപിണഞ്ഞു കിടക്കുന്ന പാട്ടുകള്‍. പാണര്‍ ഇട്ടുവച്ചു പോയ മൗനങ്ങളുടെ വ്യാഖ്യാനങ്ങളും നാം കണ്ടു. പറയാതെ പറഞ്ഞുവച്ചവ വേറേയും....
ചതിയന്‍ ചന്തു..
മനുഷ്യാവസ്ഥകളുടെ ആവിഷ്‌കാരം കണ്ടപ്പോള്‍ തോന്നി, ഇതാണല്ലോ ശരി?.
ഒലവണ്ണൂര്‍ കാവില്‍, ഒതേനന്‍ ആനയെ നടയിരുത്തുന്നു.
നാടെങ്ങും ആഘോഷം...
തച്ചോളി ചേകവന്‍, ഭഗവതിക്കു ആനയെ സമര്‍പ്പിക്കുന്നതിന്റെ ആഹ്ലാദം..!
ക്ഷേത്രമുറ്റത്തെ ഒരുക്കളാണ്‌. കൂറ്റന്‍ പന്തലൊരുങ്ങുന്നു. മേല്‍നോട്ടം വഹിച്ച്‌ സാക്ഷാല്‍ ഒതേനന്‍ തന്നെ..
നാടായ നാടെല്ലാം കഥ കേട്ടുകേള്‍പ്പിച്ചു...
ഒരുക്കപ്പാടുകാണാന്‍, കളരികള്‍ക്ക്‌ അധിപനായ പ്രശസ്‌ത കുരിക്കള്‍ മതിലൂര്‍ കുരിക്കള്‍ എത്തുന്നു.
ക്ഷേത്രമുറ്റത്തെ ഒറ്റപ്പിലാവില്‍ തന്റെ തന്റെ തോക്കു ചാരിവച്ചാണ്‌ കുരിക്കളുടെ വരവ്‌. അഹങ്കാരത്തോടെ പീഡത്തിലിരുന്ന ഒതേനന്‍, ഉപചാരം ചൊല്ലിയില്ല. കൂടാതെ പരമപുച്ഛത്തോടെ ഒരു മൊഴിയും:
`പൊന്‍കുന്തം ചാരുന്ന പിലാവിന്‌ മണ്‍കുന്തം ചാരരുത്‌...'
അവിടെയും നിന്നില്ല നിന്ദ.
അറിയാതെയാണ്‌ അതു ചാരിയതെന്നും അതെടുത്തുകൊള്ളാമെന്നും കുരിക്കള്‍ പറഞ്ഞിട്ടും...
`മയിലിനെ വെടിവയ്‌ക്കാന്‍ കൊള്ളാം'എന്നായിരുന്നു ഒതോനന്റെ പരിഹാസം!.
മുറിവേറ്റ കുരിക്കള്‍, പിന്നെ പൊന്നിയംപട കുറിച്ചാണ്‌ മടങ്ങിയത്‌.
കതിരൂര്‍ ചുണ്ടു പെരുമലയന്‍, കോട്ടക്കിലാലി മരക്കിയാര്‍, ചുണ്ടങ്ങാപ്പൊയില്‍ മായന്‍കുട്ടി എന്നിവരൊക്കെ കുരിക്കളുടെ കൂടെ ഉണ്ടായിരുന്നു.
പൊന്നിയം പടയില്‍, ഒതേനന്‍ കുരിക്കളെ വീഴ്‌ത്തി. പ്രശസ്‌തമായ `പൂഴിക്കടക'നിലൂടെ.....
വടക്കന്‍ പാട്ട്‌ ഇവിടെ തീരുന്നു. മതിലൂര്‍ കുരിക്കളെ കുറിച്ച്‌ ഈ കഥാഭാഗം വരേയെ കാണാനുള്ളൂ.
ഒതേനനെ മായന്‍കുട്ടി വെടിവച്ചു വീഴ്‌ത്തിയതും മറ്റുമായ കഥകള്‍, പിന്നീടു കൂട്ടിച്ചേര്‍ത്തതാവാം..
കഥയുടെ ഒരു പിരിമുറുക്കത്തിന്‌.
അങ്കത്തട്ടില്‍ മറന്നുവച്ച ചുരികയെടുക്കാന്‍, വിലക്കുകള്‍ മറികടന്നു ഒതേനന്‍ ചെല്ലുന്നതും കാത്ത്‌ മായന്‍കുട്ടി അവിടെ പതുങ്ങിയിരുന്നിരിക്കുമോ?. വെടിയേറ്റിട്ടും, മായന്‍കുട്ടിയെ ചുരികയെറിഞ്ഞ്‌ ഒതേനന്‍ വീഴ്‌ത്തിയിരിക്കുമോ?.


പിന്നെയെല്ലാം മൌനമാണ്...പൂരിപ്പിക്കാത്ത ഭാഗങ്ങള്‍....
കഥാകാരന്‍മാരുടെ ഭാവനയെ തൊഴുതു മടങ്ങുകയേ നിര്‍വ്വാഹമുള്ളൂ......

Sunday, October 13, 2013

കാടിന്റെ വിളികേട്ട്‌ ഒരു പെണ്‍കുട്ടി

വെടിയേറ്റുവീണ ഒരു മഞ്ഞത്താലിക്കുരുവിയെ കൈയിലെടുത്ത കുട്ടിയുടെ ജീവിതം മാറിമറിഞ്ഞത്‌ ഒരു ചരിത്രമാണ്‌. ആ കുട്ടിയാണ്‌ പിന്നീട്‌ വിശ്വപ്രസിദ്ധ പക്ഷിശാസ്‌ത്രജ്ഞനായ സലീം അലിയായത്‌. Fall of a Sparrow അദ്ദേഹത്തിന്റെ ആത്മകഥയുടെ പേരാണ്‌!. ഇവിടെ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്‌ കഴിഞ്ഞ ഒരു പെണ്‍കുട്ടിയാണ്‌ കഥാപാത്രം. ലക്ഷക്കണക്കിനു രൂപ ശമ്പളം വാങ്ങാവുന്ന ജോലി വലിച്ചെറിഞ്ഞാണ്‌ ഇവര്‍ തന്റെ മനസ്സിനെ തൃപ്‌തിപ്പെടുത്തുന്ന മറ്റൊരു വഴി തെരഞ്ഞെടുത്തത്‌. രാധികാ രാമസ്വാമിയെന്ന ഇന്ത്യയിലെ ഒന്നാം നമ്പര്‍ വന്യജീവി ഫൊട്ടോഗ്രാഫറായി മാറുമ്പോള്‍, അവര്‍ പറയുന്നു എന്റെ വഴി തെറ്റിയിട്ടില്ല. തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ പച്ചപ്പു കണ്ടു വളര്‍ന്ന രാധികയ്‌ക്ക്‌ പ്രിയം പ്രകൃതിയുടെ സംഗീതമായിരുന്നു. അവര്‍ അതു കാമറകളില്‍ പകര്‍ത്തി. കാഴ്‌ചയുടെ സംഗീതമൊരുക്കി.
``വിവാഹശേഷം ഡല്‍ഹിയിലെത്തിയപ്പോള്‍ ഫൊട്ടോഗ്രാഫി എന്റെ ഹോബിയായിരുന്നു. പിന്നീട്‌ അതു ലഹരിയായിമാറി.'-രാധിക പറയുന്നു. ആദ്യമാദ്യം യാത്രാഫൊട്ടോഗ്രഫിയായിരുന്നു. 2004 മുതല്‍ വന്യജീവികളുടെ ജീവിതം പകര്‍ത്താന്‍ തുടങ്ങി. ഏറെ ശ്രമകരമായിരുന്നു അതു. പക്ഷെ, തന്റെ ലഹരിയെ പിന്തുടരാന്‍ തീരുമാനിക്കുകയായിരുന്നു അവര്‍. ജോലി വേണ്ടെന്നു വച്ചപ്പോള്‍ കൂട്ടുകാരും വീട്ടുകാരും ഒരുപോലെ ഞെട്ടി. പലരും ഉപദേശിച്ചു. പക്ഷെ, ആ കടുത്ത തീരുമാനത്തില്‍ നിന്ന്‌ അവര്‍ അനങ്ങിയില്ല. ഇന്ന്‌ ലോകത്തിലെ അറിയപ്പെടുന്ന വൈല്‍ഡ്‌ ലൈഫ്‌ ഫോട്ടോഗ്രഫറാണ്‌ രാധിക രാമസ്വാമി. ഇന്ത്യയിലെ ആദ്യ വനിതാ വൈല്‍ഡ്‌ ലൈഫ്‌ ഫോട്ടോഗ്രഫര്‍.
വന്യമൃഗസംരക്ഷണ കേന്ദ്രങ്ങളില്‍ പോയി വെറുതേ കടുവയുടേയും പുലിയുടേയും പടമെടുത്തു പോരുന്നതല്ല രാധികയുടെ രീതി. മൃഗങ്ങളേക്കാള്‍, കാമറയില്‍ പതിയാന്‍ മടികാണിക്കുക പക്ഷികളാണ്‌. മണിക്കൂറുകളോളം വ്യൂഫൈന്‍ഡറിലൂടെ നോക്കിയിരുന്ന്‌ അവസാനം പടമെടുക്കാന്‍ തുടങ്ങുമ്പോള്‍ പക്ഷി പറന്നകലും!. മാസങ്ങള്‍ നീളുന്ന കാത്തിരിപ്പാണ്‌ അതുല്ല്യമായ തന്റെ ഓരോ ഫ്രെയിമിനു പിന്നിലുമെന്നു രാധിക പറയുമ്പോള്‍ അതു വെറുംവാക്കല്ല. അതോടെ മുഴുവന്‍ സമയവും പക്ഷികള്‍ക്കു പിന്നാലെയുള്ള യാത്രയായി ഈ പെണ്‍കുട്ടിയുടെ ജീവിതം മാറി.
`ഒരു സ്‌ത്രീ എന്ന നിലയില്‍ ഈ പ്രൊഫഷന്‍ കൊണ്ടു നടക്കാന്‍ എനിക്കു ബുദ്ധിമുട്ടൊന്നും ഉണ്ടായിട്ടില്ല. അതേ സമയം, വന്യജീവി ഫൊട്ടോഗ്രഫി കഠിനമായ ഒന്നാണെന്നു സമ്മതിക്കുകയും ചെയ്യുന്നു. ഒരുപാടു പ്രായോഗിക ബുദ്ധിമുട്ടുകള്‍ അതിനുണ്ട്‌. ഇച്ഛാശക്തിയുണ്ടെങ്കില്‍ അതൊക്കെ മറികടക്കാവുന്നതേയുള്ളൂ. കാമറയും മൃഗങ്ങളും ലിംഗ വിവേചനമുള്ളവയല്ല'- രാധിക ചിരിക്കുന്നു.
വനയാത്രക്കിടയില്‍ മറക്കവയ്യാത്ത ഒട്ടേറെ ദൃശ്യങ്ങള്‍ക്കു സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന്‌ ഇവര്‍ ഓര്‍ക്കുന്നു. ടഡോബ കടുവ സംരക്ഷണ കേന്ദ്രത്തില്‍ മൂന്നു പെണ്‍കടുവളും കുഞ്ഞുങ്ങളും കളിച്ചുല്ലസിച്ചുകൊണ്ടിരുന്ന കാഴ്‌ച മറക്കാനാവാത്ത അനുഭമായിരുന്നു എന്ന്‌ രാധിക. മണിക്കൂറുകളാണ്‌ ഇവയെ കാമറയില്‍ പകര്‍ത്താനായി ചിലവഴിച്ചത്‌. ഭരത്‌പൂരില്‍ വച്ച്‌ സരസന്‍ കൊക്ക്‌ ഇണകളുടെ `നൃത്തം' കാണാനിടയായത്‌ അപൂര്‍വ്വ അനുഭവമായിരുന്നു. നിശാചരികളായ പുള്ളിനത്തുകളുടെ പ്രണയചേഷ്ടകള്‍ കാണാന്‍ കഴിഞ്ഞത്‌, ഹരിയാനയിലെ സുല്‍ത്താന്‍പുര്‍ ദേശീയ പാര്‍ക്കില്‍ വച്ചാണ്‌. പരസ്‌പരം ചേര്‍ന്നിരുന്ന്‌ കൊക്കുരുമ്മിയും തൂവലുകള്‍ പരസ്‌പരം ചീകിയൊതുക്കിയും ഇരുന്ന നത്തുകള്‍ ഒരു ദൃശ്യവിരുന്നായിരുന്നു എന്ന്‌ രാധിക ഓര്‍ക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും വിശാലമായ വന്യമൃഗസംരക്ഷണകേന്ദ്രം, ആഫ്രിക്കയിലെ സരങ്കെറ്റി നാഷണല്‍പാര്‍ക്കിലും രാധികയുടെ കാമറ കണ്‍ചിമ്മിത്തുറന്നു. അപൂര്‍വ്വസുന്ദരമായ ചിത്രങ്ങള്‍ ലോകത്തിനു കിട്ടി. ഇന്ത്യയില്‍ വന്യജീവിഫൊട്ടോഗ്രഫി ഇപ്പോഴും ശൈശവാവസ്ഥയിലാണെന്നു പറയുന്ന രാധിക, അതിനു ഇറങ്ങുന്നവര്‍ക്കുള്ള ഉപദേശവും നല്‍കുന്നു. ` ശരിക്കും ഇഷ്ടത്തോടെ മാത്രമേ ഇതിനു ഇറങ്ങേണ്ടതുള്ളൂ. സാങ്കേതികവശങ്ങള്‍ മാത്രം അറിയുന്നതല്ല വന്യജീവി ഫൊട്ടോഗ്രഫി. നിങ്ങള്‍ ഒരുപാടു സമയം ഫീല്‍ഡില്‍ ചിലവഴിക്കേണ്ടതുണ്ട്‌. അതിനേക്കാളുപരി പക്ഷികളേയും മൃഗങ്ങളേയും സംബന്ധിച്ച്‌ ആഴത്തിലുള്ള അറിവും അതിനു ആവശ്യമാണ്‌'. വടക്കും തെക്കും മധ്യ ഇന്ത്യയും കടന്ന്‌ കിഴക്കന്‍ മേഖലയില്‍ പര്യടനത്തിനു പുറപ്പെടുന്ന രാധിക ഏറ്റവും ആരാധിക്കുന്ന ഫൊട്ടോഗ്രാഫര്‍മാര്‍ ആര്‍തര്‍ മോറിസും ജോണ്‍ ഷായുമാണ്‌. രാധികയുടെ പ്രകൃതിചിത്രങ്ങള്‍ക്കായി കാത്തിരിക്കുക..

നായാടികളില്ലാത്ത ഗ്രാമങ്ങള്‍, നഗരങ്ങളും....



ദേ...വരുന്നു ശങ്കരനായാടി...വേഗം കഴിച്ചോ...
ഊണുകഴിക്കാന്‍ മടികാട്ടുമ്പോള്‍, ഉച്ചയുറക്കത്തിനു വിസമ്മതിക്കുമ്പോള്‍, കുറുമ്പുകാട്ടുമ്പോള്‍, മുത്തശി വിളിക്കുമായിരുന്നു, ശങ്കരനായാടീ....!.
കുട്ടികാലത്ത്‌ ഭയത്തിന്റെ ആള്‍ രൂപമായിരുന്നു നായാടി. കുട്ടികളെ മെരുക്കാന്‍ മുതിര്‍ന്നവര്‍ ഉപയോഗിച്ച ഒരു വാക്ക്‌. പടിക്കല്‍ നിന്നു ഉച്ചത്തില്‍ വിളിച്ചു പ്രാകുന്ന നായാടിക്ക്‌ അരിയും പണവും കൊടുക്കും. മുഷിഞ്ഞ മുണ്ടും ചടപിടിച്ച മുടിയും തോളില്‍ സഞ്ചിയും കൈയില്‍ ഒരു വടിയുമായി എത്തുന്ന നായാടി....
അരിക്കും പണത്തിനും പകരമായി നായാടി മനസ്സറിഞ്ഞ്‌ `പ്രാകും'.
`പ്രാകിപ്പോ....പണ്ടാരി പ്പോ'.
നായാടി പ്രാകിയാല്‍ വീട്ടിന്‌ ഉത്തരോത്തരം അഭിവൃദ്ധി എന്നാണ്‌ വിശ്വാസം. കുറേകൂടി പ്രാകിയാല്‍ കുറച്ചു കൂടി കാശുകൊടുക്കും.
``ഒരു ചെറുമപ്പാട്‌ ദൂരം`` ``ഒരു നായാടിപ്പാട്‌ ദൂരം`` കേരളത്തിന്റെ ജാതിവ്യവസ്‌ഥയില്‍ നിലനിന്നിരുന്ന തീണ്ടല്‍പ്പാടുകള്‍ ഓര്‍ക്കുന്നവര്‍ ഇന്നുമുണ്ട്‌. `ഒരു നായാടിപ്പാട്‌` എന്ന്‌ പറഞ്ഞാല്‍ സവര്‍ണന്റെ വാസസ്‌ഥലത്തുനിന്ന്‌ എത്ര അകലെ ഒരു നായാടിക്ക്‌ വന്നുനില്‍ക്കാമെന്ന കണക്കാണ്‌. വലിയ മാറാപ്പ്‌ തോളിലൂടെ പുറത്തിട്ട്‌ ദൂരെ മാറിനില്‍ക്കുന്ന നായാടിയെ ഞങ്ങള്‍ കുട്ടികള്‍ ഭയത്തോടെ നോക്കിക്കണ്ടു. നായാടിയുടെ മാറാപ്പില്‍ നിറയെ കുട്ടികളാണെന്നാണ്‌ മുത്തശിക്കഥ..!.
പ്രത്യേക ഈണത്തിലുള്ള ഒരു `ഓളി`യിടലായിരുന്നു നായാടികളുടെ നിലവിളികള്‍. കേരളമൊട്ടാകെ ചിതറിക്കിടക്കുന്ന ഒരു ആദിവാസിവര്‍ഗമാണ്‌ നായാടികള്‍. കോഴിക്കോട്‌, പാലക്കാട്‌ ജില്ലകളിലാണ്‌ ഇവര്‍ കൂടുതലായുള്ളത്‌. അലഞ്ഞു നടക്കുന്ന സ്വഭാവക്കാരായ ഇവര്‍ സമ്പന്നഗൃഹങ്ങളിലെ വിശേഷദിവസങ്ങള്‍ ഓര്‍ത്ത്‌ ഭക്ഷണത്തിനായി എത്തുന്നു. പലതരം കൈത്തൊഴിലുകളിലും നായാടികള്‍ ഏര്‍പ്പെട്ടിരുന്നു. കാട്ടുപുല്ലുകള്‍ കൊണ്ടും വള്ളികള്‍ കൊണ്ടും ഉറിയും മറ്റും ഉണ്ടാക്കി വില്‍ക്കും. കുതര്‍ത്തിയ നാളികേരത്തൊണ്ട്‌ തല്ലിച്ചതച്ചെടുത്ത ചകിരിനാരുകള്‍ മാറാപ്പില്‍ സൂക്ഷിച്ചിട്ടുണ്ടാകും. ഭിക്ഷയ്‌ക്ക്‌ കാത്തിരിക്കുന്ന സമയം ഇതെടുത്ത്‌ ചൂടി പിരിക്കും. കന്നുകാലികളുടെ കഴുത്തില്‍ കേട്ടാനുള്ള `വെട`യുണ്ടാക്കും. മഹാത്‌മാഗാന്‌ധി നായാടികളേക്കുറിച്ച്‌ യങ്‌ ഇന്ത്യയില്‍ ഒരു ലേഖനം എഴുതിയിട്ടുണ്ട്‌.
പണ്ട്‌ നഗരപ്രദേശങ്ങളില്‍ പോലും നായാടികള്‍ അലഞ്ഞെത്തിയിരുന്നു. ഇന്ന്‌ ഇവരെ നാട്ടിന്‍ പുറങ്ങളില്‍ പോലും കാണാനില്ലാത്ത സ്ഥിതിയാണ്‌. നായാടികളുടെ `നിലവിളികള്‍' ഇന്നലെയുടെ ഓര്‍മ്മകളായി മാറിക്കഴിഞ്ഞിരിക്കുന്നു....

ചാരംമൂടിയ കഥകള്‍.....



മലയാളിക്ക്‌ ഡല്‍ഹിയില്‍ മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്ത ഇന്ത്യയുടെ നയതന്ത്രരംഗത്തെ മഹാസ്‌തഭം വിടവാങ്ങിയ ദിവസമാണിന്ന്‌ (ഒക്ടോബര്‍ 6). വി.കെ.കൃഷ്‌ണമേനോന്‍- സ്വതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രം നിര്‍മ്മിക്കുന്നതില്‍ അസാധാരണവൈഭവം കാട്ടിയ ക്രാന്തദര്‍ശി. ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടതിനേക്കാള്‍, ചാരംമൂടിയ കഥകളാണ്‌ കൃഷ്‌ണമേനോനെ സംബന്ധിച്ച്‌ ഉള്ളത്‌. പലതും ഇന്നും മൂടിവയ്‌ക്കപ്പെട്ടിരിക്കുന്നു.
നെഹ്രുവിന്റെ വലംകയ്യായിരുന്നു അദ്ദേഹം. കശ്‌മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയുടെ നിലപാടിനെക്കുറിച്ച്‌ നീണ്ട 8 മണിക്കൂറാണ്‌ അദ്ദേഹം ഐക്യരാഷ്‌ട്രസഭയില്‍ പ്രസംഗിച്ചത്‌!. ഈ റെക്കോഡ്‌ ഇതുവരെ തിരുത്തപ്പെട്ടിട്ടില്ല!.
അറുപത്തിനാലിലെ മെയ്‌ മാസം. ചൈനയുമായുള്ള യുദ്ധത്തില്‍ ഇന്ത്യയ്‌ക്കു പരാജയം. പാര്‍ലമെന്റില്‍ നെഹ്രു തളര്‍ന്നിരുന്നു. യുദ്ധത്തിന്റെ ആക്ഷേപങ്ങളൊക്കെയും ഏറ്റവുവാങ്ങി, മേനോന്‍ രാജിവച്ചു. യുദ്ധപരാജതത്തേക്കാള്‍ നെഹ്രുവിനെ തളര്‍ത്തിയത്‌, ഈ രാജിയായിരുന്നു എന്ന്‌ അന്നത്തെ പത്രപ്രവര്‍ത്തകര്‍ അടയാളപ്പെടുത്തി. മേനോന്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ടു.
1930കളില്‍ നെഹ്രുവുമൊത്ത്‌ ജനറല്‍ ഫ്രാങ്കോയുടെ യുദ്ധം കാണുവാനായി സ്‌പെയിനിലേക്കു പോയതോടെയാണ്‌ നെഹ്രുവുമായുളള സ്‌നേഹബന്ധം വളരുന്നത്‌. നെഹ്രുവിന്റെ മരണംവരെ ഇരുവരും അന്യോന്യം തികഞ്ഞ വിശ്വസ്‌തതയും സൗഹൃദവും പുലര്‍ത്തി.
ഇഗ്ലണ്ടില്‍ ഉണ്ടായ ഒരു പ്രണയം മേനോന്റെ ജീവിതത്തിലെ ചാരം മൂടിക്കിടക്കുന്ന ഒരു കഥയാണ്‌. ഇന്ത്യാലീഗിന്റെ പ്രവര്‍ത്തനത്തിനിടെയായിരുന്നു ഇത്‌. ബ്രിട്ടീഷ്‌ ഇന്റലിജന്‍സി നിയോഗിച്ച ഏജന്റ്‌ ബ്രിജിത്ത്‌ ബര്‍ണാഡുമായി അദ്ദേഹം പ്രണയത്തിലാവുകയായിരുന്നു-ബ്രിട്ടീഷ്‌ ഏജന്റാണെന്ന്‌ അറിയാതെ. പിന്നീട്‌ ഇന്ത്യന്‍ സ്ഥാനപതിയായി ഇംഗ്ലണ്ടിലെത്തിയ കൃഷ്‌ണമേനോനോട്‌, ഇവര്‍ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, തന്റെ രാഷ്‌ട്രീയ മോഹങ്ങള്‍ ബലകഴിക്കാന്‍ തയ്യാറാവാതിരുന്ന അദ്ദേഹം, അതു നിരാകരിച്ചു. ഒടുവില്‍ ആ സ്‌്‌ത്രീ ഭ്രാന്തു പിടിച്ചു മരിച്ചു!.
കോഴിക്കോട്‌ ജില്ലയിലെ പന്നിയങ്കരയിലെ വെങ്ങലില്‍ കുടുബത്തിലാണ്‌ മേനോന്‍ ജനിച്ചത്‌. അച്ഛന്‍ കോമത്ത്‌ കൃഷ്‌ണക്കുറുപ്പ്‌ കോഴിക്കോട്‌ കോടതിയിലെ വക്കീലായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം തലശ്ശേരിയില്‍. പിന്നീട്‌ മദ്രാസ്‌ പ്രസിഡ?സി കോളേജില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോളേജില്‍ വച്ച്‌ അദ്ദേഹം ദേശിയപ്രസ്‌ഥനത്തില്‍ ആകൃഷ്‌ട്‌നാകുകയും ആനിബസന്റ്‌ ആരംഭച്ച ഹോംറൂള്‍ പ്രസ്‌ഥാനത്തില്‍ ചേരുകയും ചെയ്‌തു. ആനിബസന്റ്‌ അദ്ദേഹത്തെ ഇംഗ്ലണ്ടിലേക്ക്‌ വിദ്യാഭ്യാസം ചെയ്യാന്‍ പറഞ്ഞയക്കുകയായിരുന്നു.ലണ്ടനില്‍ അദ്ദേഹത്തിന്‌ 'Freedom of the Borough' എന്ന ബഹുമതി ലഭിച്ചു. ബര്‍ണാഡ്‌ ഷായ്‌ക്കു ശേഷം ഈ ബഹുമതി ലഭിക്കുന്നത്‌ കൃഷ്‌ണമേനോനാണ്‌.
1953ല്‍ കൃഷ്‌ണമേനോന്‍ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1956ല്‍ കേന്ദ്രമന്ത്രിസഭയില്‍ വകുപ്പില്ലാമന്ത്രിയായി നിയമിതനായി. 1957ല്‍ ബോംബെയില്‍ നിന്നു അദ്ദേഹം ലോക്‌സഭയിലേക്കുതിരഞ്ഞെടുക്കപ്പെടുകയും 1957 ഏപ്രിലില്‍ ഇന്ത്യയുടെ പ്രതിരോധമന്ത്രിയായി അവരോധിക്കപ്പെടുകയും ചെയ്‌തു.


ചൈനയോടേറ്റ പരാജയം, മേനോന്റെ തലയില്‍ കെട്ടിവയ്‌ക്കപ്പെടുകയായിരുന്നു. അമേരിക്കന്‍ നയങ്ങളെ പരസ്യമായി എതിര്‍ത്ത മേനോനെ, അമേരിക്ക എന്നും ലക്ഷ്യമിട്ടിരുന്നു എന്നത്‌ പരസ്യമായ രഹസ്യമായിരുന്നു. അദ്ദേഹത്തെ കമ്മ്യൂണിസ്‌റ്റായി പോലും മുദ്രകുത്തുകയുണ്ടായി....പക്ഷെ, ഇതൊന്നും പുറത്തു വരാത്ത കഥകളായി തുടരുന്നു... 
വിജയങ്ങളുടെ പടവുകള്‍ കയറുമ്പോഴും, വ്യക്തിജീവിതത്തില്‍ അദ്ദേഹം പരാജിതനും ദുഃഖിതനുമായിരുന്നു വെന്ന്‌ പ്രശസ്‌ത പത്രപ്രവര്‍ത്തകനായ സിപി. രാമചന്ദ്രന്‍ എഴുതിയിട്ടുണ്ട്‌. മേനോന്റെ പേരിലുള്ള തെറ്റിദ്ധാരണകള്‍ നീക്കാന്‍, ഒരു പുസ്‌തകം എഴുതണമെന്ന്‌ സിപി ആഗ്രഹിച്ചിരുന്നു. പക്ഷെ, ആ ആഗ്രഹം ബാക്കി നിര്‍ത്തി സിപിയും യാത്രയായി. ചാരം മൂടിയ കഥകള്‍ ഇപ്പോഴും ബാക്കി.....

Friday, October 11, 2013

പൂരത്തിന്റെ കെട്ടുവിടാതെ...



തൃശൂര്‍ക്കാര്‍ക്ക് പൂരമെന്നാല്‍ എല്ലാമാണ്. മറ്റുനാടുകളിലും പൂരവും വേലയുമൊന്നും ഇല്ലേ? എന്നു ചോദിക്കരുത്. ഉണ്ടായിരിക്കും. പക്ഷെ, തൃശൂരിനു ഇത് എല്ലാമെല്ലാമാണ് എന്നു തന്നെ പറഞ്ഞേ പറ്റൂ. പ്രവാസികളായി കഴിയുന്നവരും കേരളത്തിന്റെ പുറത്തു സംസ്ഥാനങ്ങളില്‍ ജോലിയുള്ളവരും മേടമാസമായാല്‍, വിഷുവരുന്നതിനേക്കാള്‍ പൂരം എന്നാണ് വരുന്നതെന്നറിയാനായിരിക്കും കലണ്ടര്‍ നോക്കുക. ഈ മാസ്മരിക പ്രഭാവം തൃശൂര്‍ പൂരത്തിനു മാത്രം. ലോകത്തെവിടെയായാലും പൂരനാളുകളില്‍ തട്ടകക്കാര്‍ പറന്നെത്തിയിരിക്കും. ഓര്‍മ്മകള്‍, സൌഹൃദങ്ങള്‍, പൂരപ്പറമ്പിലെ രസങ്ങള്‍. വര്‍ഷങ്ങള്‍ക്കു ശേഷം, കണ്ടുമുട്ടുന്നവരുണ്ടാകാം. കൈയില്‍ കുട്ടികളുമായായിരിക്കും പൂരദിവസം ശക്തന്റെ രാജവീഥിയിലേക്കെത്തുന്നത്. പുതിയ തലമുറയെ പൂരം പരിചയപ്പെടുത്താന്‍. തൃശൂരിന് പൂരാവേശം കണ്ണികള്‍ മുറിയാത്ത ചങ്ങലയാണ്. 
പൂരനാളുകള്‍ കഴിഞ്ഞാല്‍, തളര്‍ന്നുറക്കമാണ് തൃശൂര്‍ക്കാര്‍ക്ക്. 36 മണിക്കൂര്‍ നീളുന്ന, അഭംഗുരം തുടരുന്ന പൂരച്ചടങ്ങുകള്‍, എഴുന്നള്ളിപ്പുകള്‍, മേളക്കലാശങ്ങള്‍...ആവേശം പൂത്തുലയുന്ന നിമിഷങ്ങള്‍ കടന്ന്, അവര്‍ ഉറങ്ങും. മയക്കത്തിലും ഉറക്കത്തില്‍ ഞെട്ടിയുണരുമ്പോഴും അവന്റെ കാതുകളില്‍ മേളത്തിന്റെ ഇരമ്പമായിരിക്കും. ശ്വാസങ്ങളില്‍ ആനച്ചൂര്...ഉറക്കത്തിലും അവനു ചുറ്റും പൂരത്തിന്റെ പെയ്തിറക്കം തന്നെ. രണ്ടു ദിവസം കൂടി അങ്ങിനെയാണ് ഓരോ തൃശൂര്‍ക്കാരനും. തലച്ചോറില്‍ നിന്നു പൂരം പതിയെ മാത്രമേ ഒഴിഞ്ഞു പോകൂ..
 നഗരത്തില്‍ മാസങ്ങള്‍ക്കു മൂമ്പെ ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കും. ആനച്ചമയങ്ങള്‍ മിനുക്കലും ആനകളെ നിശ്ചയിക്കലും വെടിക്കെട്ടിന്റെ ഒരുക്കപ്പാടുകളും എല്ലാം. മാസങ്ങളുടെ അദ്ധ്വാനമാണ് ഓരോ പൂരവും. പ്രമുഖ പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങള്‍ക്കു കിടമത്സരത്തിന്റെ കഥകള്‍ കൂടിയുണ്ട് പശ്ചാത്തലത്തില്‍. ആയിരത്തിലേറെ വര്‍ഷങ്ങള്‍ക്കു മുമ്പ്, ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായിരുന്നു ഇതെല്ലാം. ഒരു വര്‍ഷം മഴമൂലം തൃശൂര്‍ ദേശക്കാര്‍ക്ക് വൈകിയേ ആറാട്ടുപുഴയിലെത്താനായുളളൂ. അന്ന് അവര്‍ അപമാനിക്കപ്പെട്ടു എന്നാണ് ചരിത്രം. തട്ടകക്കാരുടെ സങ്കടം കേട്ട ശക്തന്‍ തമ്പുരാന്‍ പറഞ്ഞത്, ഇനി മുതല്‍ ആറാട്ടുപുഴയ്ക്കു പോകേണ്ട എന്നത്രെ. നമുക്ക് ഇവിടെ തന്നെ പൂരം ആവാം. അങ്ങിനെ ദേശക്കാരെ വിളിച്ചു കൂട്ടി തമ്പുരാന്‍ കല്‍പ്പിച്ചു നിശ്ചയിച്ചതാണ് തൃശൂര്‍ പൂരം. നാനൂറ് വര്‍ഷത്തെ പഴക്കമേ തൃശൂര്‍ പൂരത്തിനു ചരിത്രരേഖകള്‍ കല്‍പ്പിക്കുന്നുള്ളൂവെങ്കിലും, വിശ്വപ്രസിദ്ധമായ പൂരമായി അതു മാറിയത് തമ്പുരാന്റെ ക്രന്തദര്‍ശിത്വം ഒന്നു കൊണ്ടു മാത്രം. തിരുവമ്പാടി, പാറമേക്കാവ് ദേശക്കാര്‍ക്കാണ് പൂരം നടത്തിപ്പിന്റെ ചുമതല തമ്പുരാന്‍ നല്‍കിയത്. പൂരം പില്‍ക്കാലത്ത് നിലച്ചു പോകാതിരിക്കാനായി തട്ടകക്കാര്‍ക്കിടയില്‍ ആരോഗ്യകരമായ ഒരു കിടമത്സവും അദ്ദേഹം സൃഷ്ടിച്ചു. പണ്ട് ഇതു അതിരൂക്ഷമായിരുന്നു. പൂരനാളുകളില്‍ തട്ടകക്കാര്‍, അപ്പുറത്തെ തട്ടകത്തിലെ ഭാര്യവീടുകളില്‍ പോലും പോയിരുന്നില്ല എന്നാണ് ചരിത്രം. ഇന്നും കുറഞ്ഞൊരുതോതില്‍ ആ കിടമത്സരം തുടരുന്നു. 

രണ്ടാം ദിവസത്തെ പൂരമാണ് തൃശൂര്‍ക്കാരുടെ പൂരം. പുലര്‍ച്ചെ പ്രശസ്തമായ വെടിക്കെട്ടു കഴിയുന്നതോടെ, അന്യനാട്ടുകാര്‍ തൃശൂര്‍ വിടും. പിന്നെ രാവിലെ ആരംഭിക്കുന്ന പകല്‍പൂരത്തിനാണ് തൃശൂര്‍ക്കാരായ കുടുംബിനികളും എല്ലാം എത്തുന്നത്. അതു അവരുടെ സ്വന്തം പൂരമാണ്. പൂരം കാണാനെത്തിയ ബന്ധുക്കളേയും കുടുംബസുഹൃത്തുക്കളേയും ഊട്ടിയുറക്കിയ ഒരു തിരക്കിട്ട ദിനത്തിനു ശേഷം, അവര്‍ പൂരമാസ്വദിക്കാന്‍ എത്തുന്നു. ശ്രീ വടക്കുംനാഥന്റെ ശ്രീമൂലസ്ഥാനത്ത് ഉച്ചക്ക് ഒരു മണിയോടെ തിരുവമ്പാടി, പറമേക്കാവ് വിഭാഗങ്ങള്‍ കൊട്ടിക്കലാശിക്കുന്നതോടെ, ഭഗവതിമാര്‍ ഉപചാരം ചൊല്ലുന്നു. അടുത്ത വര്‍ഷത്തെ പൂരം എന്നെന്നു പ്രഖ്യാപിക്കുന്നതോടെ പൂരച്ചടങ്ങുകള്‍ക്ക് സമാപനമായി. തുടര്‍ന്നവെടിക്കെട്ടും കഴിഞ്ഞ്, ഭഗവതിമാര്‍ സ്വന്തം തട്ടകത്തിലേക്ക്. പ്രസാദത്തിന്റെ മധുരവുമായി ഭക്തര്‍ക്ക് പൂരക്കഞ്ഞി വിതരണവും. സന്ധ്യക്ക് പൂരമ്പറപ്പിലെത്തുമ്പോള്‍ പൂരത്തിന്റെ ബാക്കി പത്രങ്ങളായി വെടിക്കെട്ടിന്റെ കുറ്റികളും പടക്കത്തിന്റെ നുറുങ്ങുകളും. ആനമൂത്രത്തിന്റെ രൂക്ഷഗന്ധം വഹിച്ച് തേക്കിന്‍ കാട്ടിലെ ഇളംകാറ്റ്... അഴിച്ചുമാറ്റാത്ത നിലപ്പന്തലുകളില്‍ അപ്പോഴും ബള്‍ബുകള്‍ കണ്‍ചിമ്മുന്നുണ്ടാവും. ഇനി കാത്തിരിപ്പാണ്. അടുത്ത മേടത്തിലെ പൂരനാള്‍ വരെ......

Thursday, October 10, 2013

വംശനാശഭീഷണിയില്‍ പുലികള്‍



 ഓണനാളുകളില്‍  തൃശൂര്‍ക്കാരന്റെ ഹൃദയതാളമാണ്‌ `പുലിക്കൊട്ട്‌'. പാണ്ടിയുടെയും പഞ്ചാരിയുടേയും പഞ്ചവാദ്യത്തിന്റേയും നാട്ടില്‍ ഇങ്ങിനെയൊരു `കൊട്ട്‌' നെഞ്ചിലേറ്റുന്ന തൃശൂര്‍ക്കാരനോടു ചോദിക്കൂ: അവന്‍ ആ താളത്തിനനുസരിച്ച്‌ ചുവടുവച്ചുകാണിക്കും!. ശരീരഭാഷതന്നെ മാറും....
നാലോണനാളില്‍ തൃശൂര്‍ നഗരം കൈയടക്കുന്ന ജനാവലി. പൂരം കഴിഞ്ഞാല്‍ ഏറ്റവും ജനത്തിരക്കേറുന്ന ഒരേ ഒരു ദിവസമാണ്‌ പുലിക്കളി ദിവസം. മേളവും ആനയും കഴിഞ്ഞാല്‍, തൃശൂര്‍ക്കാരന്റെ മനസ്സില്‍ പിന്നെ ഈ `പുലി'കളേയുള്ളൂ.
കേരളത്തിലെ തനതായ ഒരു കലാരൂപമാണ്‌ പുലികളി എന്നു പറയാമെങ്കിലും തൃശൂരിന്റെ പുലിക്കളി ഒന്നു വേറെയാണ്‌. കൊല്ലവും തിരുവനന്തപുരവുമാണ്‌ പുലിക്കളിയുടെ മറ്റ്‌ രണ്ട്‌ സ്‌ഥലങ്ങള്‍.. തലമുറകളായി തുടര്‍ന്നുപോരുന്ന ഇതിന്‌ പൂരത്തിനും ഏറെത്താഴെയല്ലാത്ത സ്‌ഥാനമാണെന്നത്‌ ഇതിന്റെ സാംസ്‌കാരിക നഗരത്തിന്റെ ഹൃദയത്തിലുളള സ്ഥാനം വ്യക്തമാക്കുന്നു. മാസങ്ങളുടെ അധ്വാനമാണ്‌ ഓരോ പുലിക്കളിസംഘത്തിനും പറയാനുള്ളത്‌. നാലാമോണം വൈകിട്ടാണ്‌ പുലിക്കളി. വേഷം കെട്ടല്‍ തലേന്നേ തുടങ്ങും. ശരീരത്തിലെ രോമങ്ങളാകെ വടിച്ചാണ്‌ ചായം തേപ്പ്‌. മഞ്ഞയും കറപ്പും ചായം പൂശി വാഹനങ്ങളില്‍ നിന്ന്‌ ചാടിയിറങ്ങുന്ന നൂറുകണക്കിന്‌ പുലികളാണ്‌ നഗരം വിറപ്പിക്കുക. പുലിക്കൊട്ടിന്റെ ചടുലതാളത്തിനൊത്ത്‌ ചുവടുവച്ച്‌ അരമണികിലുക്കി കുടവയര്‍ കുലുക്കി പുലിക്കൂട്ടങ്ങള്‍ ശക്തന്റെ രാജവീഥി നിറയും. നടുവിലാല്‍ ഗണപതിക്ക്‌ മുമ്പില്‍ നാളീകേരമുടച്ചാണ്‌ ഓരോ പുലി സംഘവും കളി തുടങ്ങുക. ഈ കീഴ്‌വഴക്കം ഇന്നും ചോരാതെ സൂക്ഷിക്കുന്നു.
തൃശൂരിലെ പുലിക്കളിയ്‌ക്ക്‌ ചരിത്രപ്രാധാന്യം ഉണ്ട്‌. ടിപ്പുവിന്റെ ആക്രമണകാലത്ത്‌ തൃശൂരിലെത്തിയ പഠാണികളില്‍ നിന്നാണ്‌ ഈ കലാരൂപത്തിന്റെ ഉദയം. ശക്തന്റെ അനുഗ്രഹാശിസ്സോടെ തൃശൂരിന്റെ ഭാഗമായ പഠാണികളുടെ പള്ളി പോസ്‌റ്റ്‌്‌ ഓഫീസ്‌ റോഡില്‍ ഇപ്പോഴുമുണ്ട്‌. മറ്റു മുസ്ലിം പള്ളികളില്‍ നിന്നു വ്യത്യസ്ഥമായി ഇവിടെ വെള്ളിയാഴ്‌ചകളിലെ പ്രഭാഷണങ്ങള്‍ ഇന്നും തമിഴിലാണ്‌.
പതിനഞ്ചും ഇരുപതും പുലിക്കളിസംഘങ്ങള്‍ അരങ്ങുവാണ കാലം കഴിഞ്ഞു പോയിരിക്കുന്നു. ഇന്ന്‌ പത്തോളം സംഘങ്ങള്‍ മാത്രമാണ്‌ ഈ കലാരൂപം അവതരിപ്പിക്കുന്നത്‌. ഒരു കാലത്ത്‌ കടുത്ത മത്സവും സംഘങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്നു.
വര്‍ദ്ധിച്ചുവരുന്ന ചിലവു താങ്ങാനാവാത്തതാണ്‌ പുലിക്കളി സംഘങ്ങളെ പിന്നോട്ടടിക്കുന്നത്‌. സര്‍ക്കാര്‍ സഹായം നാമമാത്രമാണെന്ന്‌ സംഘങ്ങള്‍ പരിഭവപ്പെടുന്നു. ഇന്ന്‌ എട്ടും ആറും സംഘങ്ങള്‍ മാത്രമാണ്‌ നഗരത്തില്‍ എത്തുന്നത്‌. കോര്‍പറേഷന്‍ ധനസഹായം 35,000 രൂപയില്‍നിന്നു 50,000 രൂപയായി വര്‍ധിപ്പിച്ചതാണ്‌ പുലിക്കളി ആസ്വാദകര്‍ക്കുള്ള ഏക ആശ്വാസവാര്‍ത്ത.ഓരോ ദേശത്തും സാമ്പത്തികലാഭനഷ്ടങ്ങള്‍ നോക്കാതെ പ്രവര്‍ത്തിക്കുന്ന ഉല്‍സാഹക്കമ്മിറ്റിക്കാരാണു പുലിക്കളിയെ നിലനിര്‍ത്തുന്നത്‌. അല്ലെങ്കില്‍ ഈ പുലികള്‍ക്കും വംശനാശം വന്നു പോയേനേ....

വടക്കേച്ചിറയില്‍ ഒന്നു മുങ്ങിക്കുളിക്കാനാകുമോ ഇനി...



തൃശൂരിന്റെ ജലസമൃദ്ധിയാണ്‌ ഇവിടത്തെ ചിറകള്‍. കൊടുംവേനലില്‍ പോലും നിറഞ്ഞുകിടക്കുന്ന ചിറകള്‍. നഗരമധ്യത്തില്‍ തന്നെയുള്ള വിശാലമായ ചിറകളില്‍ ഒന്ന്‌ പ്രസിദ്ധമാണ്‌. ശക്തന്‍ തമ്പുരാന്‍ കോവിലകത്തോടു ചേര്‍ന്നു നിര്‍മ്മിച്ച വടക്കേച്ചിറ. ചിറയുടെ വടക്കേക്കരയിലാണ്‌ അശോകേശ്വരം ശിവക്ഷേത്രം. ക്ഷേത്രത്തിനു തൊട്ടടുത്ത്‌ തമ്പുരാന്‍ തീര്‍പ്പിച്ച, ഡച്ചു മാതൃകയിലുള്ള കോവിലകം. കോവിലകത്തിനടുത്തുണ്ടായിരുന്ന നമ്പൂതിരി ഇല്ലം, തമ്പുരാന്‍ ഒറ്റരാത്രികൊണ്ട്‌ കുളം കോരിയതാണ്‌ വടക്കേച്ചിറ എന്ന്‌ വാമൊഴിയുണ്ട്‌. തമ്പുരാന്റെ നെഞ്ഞൂക്കും ശത്രുസംഹാരബുദ്ധിയും ചരിത്രം അടയാളപ്പെടുത്തിയിട്ടുളളതുകൊണ്ട്‌ ഈ കഥയ്‌ക്കു സാധുതയുണ്ടെന്ന്‌ അനുമാനിക്കാം. വടക്കുംനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട്‌ യോഗിയാതിരിപ്പാടുമാര്‍ നടത്തിവന്ന സമാന്തരഭരണം അവസാനപ്പിച്ചതു തമ്പുരാനായിരുന്നെന്നും ചേര്‍ത്തുവായിക്കാം.
എന്തായാലും രണ്ടറ്റത്തും നീന്തിപ്പിടിക്കാന്‍ പറ്റാത്തത്ര വിശാലമായ വടക്കേച്ചിറ, ക്ഷേത്രത്തിലെ പൂജാരിമാര്‍ക്കും കോവിലകത്തുള്ളവര്‍ക്കും ഒപ്പം പൊതുജനങ്ങള്‍ക്കും കുളിക്കാനുള്ള സംവിധാനമായിരുന്നു. വടക്കേഭാഗത്താണ്‌ ക്ഷേത്രം ശാന്തിമാര്‍ക്കുള്ള കുളപ്പടവ്‌. വടക്കുഭാഗത്ത്‌ കോവിലകത്തിന്റെ ഉള്‍ഭാഗത്തുനിന്നു ചിറയിലേക്ക്‌ മറ്റൊരു കുളപ്പുരയുണ്ട്‌. തമ്പുരാന്‍മാര്‍ക്കും തമ്പുരാട്ടിമാര്‍ക്കുമായി. പൊതുജനങ്ങള്‍ക്കുള്ള കുളിപ്പടവ്‌, തെക്കുവശത്താണ്‌. ആനകളെ കുളിപ്പിക്കാനുള്ള കടവും വേറെ ഉണ്ട്‌. തൃശൂര്‍ക്കാരുടെ ജീവിതചര്യയുമായി അടുത്ത ബന്ധമാണ്‌ വടക്കേച്ചിറക്കുണ്ടായിരുന്നത്‌. രാവിലെ ചിറയില്‍ കുളിച്ച്‌ വടക്കുന്നാഥക്ഷേത്ര ദര്‍ശനം ശീലമാക്കിയവരായിരുന്നു അന്നുണ്ടായിരുന്നത്‌. കാലം ചെന്നതോടെ ഈ ജീവിതശൈലി അവസാനിച്ചു. ചിറയില്‍ പായല്‍ നിറഞ്ഞു. ഒരു കാലഘട്ടത്തില്‍ തീര്‍ത്തും ഉപയോഗശൂന്യമായി മാറി. എണ്‍പതുകളിലാണ്‌ ചിറ വൃത്തിയാക്കാനുള്ള തീവ്രശ്രമം നടന്നത്‌. അന്നു വാര്‍ഡ്‌ കൗണ്‍സിലറും പിന്നീട്‌ നഗരപിതാവുമായ കെ.രാധാകൃഷ്‌ണന്റെ നേതൃത്വത്തില്‍ ചിറ വറ്റിച്ച്‌ വൃത്തിയാക്കി. തെളിനീര്‍ നിറഞ്ഞ ചിറ വിസ്‌മയക്കാഴ്‌ചയായി.
ശക്തന്‍കോവിലകം പുരാവസ്‌തുവകുപ്പ്‌ ഏറ്റെടുത്തതോടെ, ചിറയുടെ സൗന്ദര്യവത്‌ക്കരണം ടൂറിസംവകുപ്പിനു കൈമാറി. ചിറയുടെ ഓരങ്ങളിലൂടെ നടപ്പാതയും കൊച്ചുപാര്‍ക്കും തീര്‍ത്ത്‌ ആകര്‍ഷകമാക്കി. ലൈറ്റുകളും സ്ഥാപിച്ചു. സായാഹ്നസവാരിക്കു നഗരമധ്യത്തില്‍ ഏറ്റവും ആകര്‍ഷകമായ ഒന്നായി വടക്കേച്ചിറമാറി. പക്ഷികളുടെ വിഹാരകേന്ദ്രമാണ്‌ ഇന്ന്‌ ചിറ. കുളക്കോഴി, താമരക്കോഴി, കുളക്കൊക്ക്‌, വലിയവാല്‍കുലുക്കി, ചെറിയമീന്‍കൊത്തി, മുങ്ങങ്കോഴി, വലിയമീന്‍ കൊത്തി, പുള്ളിമീന്‍കൊത്തി, ചെറിയ നീര്‍ക്കാക്ക എന്നീ പക്ഷികളും സാധാരണ പക്ഷികളും ചിറയിലും കരയിലെ മരക്കൂട്ടങ്ങളിലുമായി കഴിയുന്നു. ഇവയെ സംരക്ഷിക്കണമെന്ന ആഹ്വാനവുമായി ബോര്‍ഡുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്‌.
തൃശ്ശിവപേരൂരിന്റെ ഐതിഹ്യപ്പെരുമയും ചിറയുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്നു. പ്രസിദ്ധനായ വിഷവൈദ്യന്‍ കാരാട്ട്‌ നമ്പൂതിരിപ്പാടിന്റെ കഥയാണ്‌ അതിലൊന്ന്‌. ഒരിക്കല്‍ വടക്കുന്നാഥ ക്ഷേത്ര ദര്‍ശനത്തിന്‌ എത്തിയ ആളുകള്‍ ശ്രീകോവില്‍ നടക്കുമുന്നിലുള്ള വലിയ മണിയില്‍ കൂറ്റന്‍ പാമ്പിനെ കണ്ട്‌ ഭയന്നു നിലവിളിച്ചു. ആ സമയത്ത്‌ കാരാട്ടു നമ്പൂതിരി ക്ഷേത്രത്തില്‍ ഭജനം നടത്തിക്കൊണ്ടിരിക്കുകയായിരുന്നത്രെ. ജനങ്ങളുടെ നിലവിളി കേട്ട്‌ എത്തിയ നമ്പൂതിരി ശങ്കകൂടാതെ പാമ്പിന്റെ വാല്‍ പിടിച്ചു വലിച്ചു. വലിക്കും തോറും അതു നീണ്ടുവരുന്നതു കണ്ട്‌ നമ്പൂതിരി ഒന്നാന്ധാളിക്കുക തന്നെ ചെയ്‌തു. ക്ഷേത്രത്തിനു ചുറ്റും വലം വച്ചിട്ടും പാമ്പിന്‌ നീളം ഏറി വന്നു. സംഗതി അപകടമാണെന്ന്‌ മനസ്സിലാക്കിയ അദ്ദേഹം, തന്റെ ഇഷ്ടമൂര്‍ത്തിയായ ഗരുഡനെ പ്രാര്‍ത്ഥിക്കാനായി വടക്കേച്ചിറയിലേക്കോടി. അവിടെ വെള്ളത്തില്‍ ആണ്ടു കിടന്ന്‌ ഗരുഡമന്ത്രം ജപിച്ചു. ഇതിനിടെ ക്ഷേത്രത്തിനകത്തുനിന്നു ഒരശരീരി കേട്ടുവത്രെ: കാരാട്ടിനോടു കളിക്കണ്ട വാസുകീ, ഇങ്ങോട്ടു പോന്നോളൂ എന്ന്‌.....പാമ്പ്‌ ക്ഷണത്തില്‍ അപ്രത്യക്ഷമായെന്ന്‌ ഐതിഹ്യം. കുളത്തില്‍ നിന്നുയര്‍ന്ന കാരാട്ടിനു മുന്നില്‍ പക്ഷിശ്രേഷ്‌ഠന്‍ പ്രത്യക്ഷനായി. ആവശ്യമില്ലാത്തതിനാല്‍ കാരാട്ട്‌ ഗരുഡഭഗവാനെ പ്രാര്‍ത്ഥിച്ച്‌ പ്രീതിപ്പെടുത്തി തിരിച്ചയച്ചു എന്നാണ്‌ കഥ. പുരാണങ്ങളും ചരിത്രങ്ങളും കെട്ടുപിണയുന്ന വടക്കേച്ചിറ വീണ്ടും പായലുകള്‍ കീഴടക്കിയിരിക്കുന്നു. അധികൃതരുടെ മൂക്കിനു താഴെ. ഇനിയെന്നെങ്കിലും ഈ ചിറയെ രക്ഷിക്കാന്‍ ആത്മാര്‍ത്ഥ ശ്രമം ഉണ്ടാകുമോ..?. പഴമക്കാരുടെ മനസ്സില്‍ ഇപ്പോഴും ഈ ചോദ്യം ബാക്കിയാണ്‌.

Wednesday, October 2, 2013

പുനര്‍ജനിയുടെ പുണ്യവുമായി വില്വമല



ഇഹപര പാപങ്ങളത്രയും കഴുകിക്കളഞ്ഞ്‌ ജന്മം ശുദ്ധീകരിച്ചെടുക്കുക. ഇന്നുവരെ ജീവിച്ചതില്‍ നിന്നും മാറി ഒരു പുതുജന്മം നേടിയെടുക്കുക...തൃശൂര്‍ ജില്ലയിലെ വില്വാദ്രി നാഥ ക്ഷേത്രത്തില്‍ നടക്കുന്ന പുനര്‍ജനി നൂഴലിനു അനേകം അര്‍ത്ഥതലങ്ങളുണ്ട്‌. ജീവിതത്തിന്റെ ഇരുണ്ട പാതകള്‍ പിന്നിട്ട്‌ പശ്ചാത്താപത്തിലൂടെ ഒരു നവജീവിതം നേടിയെടുക്കുകയാണിവിടെ. വിശ്വാസവും പുരാണവും ചരിത്രവും ഇഴചേര്‍ന്നു കിടക്കുന്ന വില്വാദ്രിമലയിലേയ്‌്‌ക്ക്‌ യാത്രയാകുമ്പോള്‍ മനസ്സില്‍ ഒട്ടേറെ ചിന്തകള്‍ പടര്‍ന്നു പന്തലിച്ചു.
വില്വാദ്രി ക്ഷേത്രത്തില്‍ നിന്നും രണ്ടര കിലോമീറ്റര്‍ അകലെ കിഴക്കുഭാഗത്താണ്‌ പുനര്‍ജനി ഗുഹ. വില്വാദ്രിമലയിലേക്ക്‌ രണ്ടുവഴികളാണ്‌ ഉള്ളത്‌. ലക്കിടിയില്‍നിന്നും നേരിട്ട്‌ മല്ലേശമംഗലം ആലിന്‍ചുവട്ടില്‍ നിന്നും ഒന്നര കിലോമീറ്റര്‍ മലകയറിയും ഇവിടെയെത്താം.
ദര്‍ശനത്തിനുശേഷം കിഴക്കേനടവഴിയാണ്‌ പുനര്‍ജനിയിലേക്ക്‌ ഭക്‌തര്‍ പ്രവേശിക്കുന്നത്‌.
ഭൂതമല, വില്വമല, മൂരിക്കുന്ന്‌ എന്നീ മനോഹരങ്ങളായ പാറക്കൂട്ടങ്ങളാണ്‌ വില്വമലയായി അറിയപ്പെടുന്നത്‌. എല്ലാസമയത്തും കാടുപിടിച്ചു കിടക്കുന്ന ഈ മലകളിലൂടെ വേണം പുനര്‍ജനി ഗുഹയിലെത്താന്‍.
ഭക്‌തരുടെ അഭൂതപൂര്‍വ്വമായ തിരക്കാണ്‌ പുനര്‍ജനി നൂഴലിന്‌. കാനനപാതകള്‍ വെട്ടിനിരപ്പാക്കി ഡിസംബറില്‍ മാത്രമാണ്‌ റോഡ്‌ സഞ്ചാരയോഗ്യമാക്കുന്നത്‌.
വില്വാദ്രിക്ഷേത്ര ദര്‍ശനംവഴി പുണ്യംനേടിയ അശരീരികളായ പ്രേതങ്ങള്‍ക്ക്‌ മുക്‌തിലഭിക്കുന്നതിനുവേണ്ടി പരശുരാമന്‍ ദേവരാജാവായ ദേവേന്ദ്രനോടപേക്ഷിക്കുകയും വിശ്വകര്‍മ്മാവിനെക്കൊണ്ട്‌ നിര്‍മ്മിക്കുകയും ചെയ്‌തതാണ്‌ പുനര്‍ജനി ഗുഹ എന്ന്‌്‌ ഐതിഹ്യം. പുനര്‍ജനി താണ്ടുന്ന ജീവജാലങ്ങള്‍ക്ക്‌ മുക്‌തി ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. വൃശ്‌ചികമാസത്തിലാണ്‌ പുുനര്‍ജനി നൂഴല്‍. ഗുരുവായൂര്‍ ഏകാദശി ദിവസം വില്വാദ്രിക്ഷേത്രപൂജകള്‍ക്കുശേഷമാണ്‌ പുനര്‍ജനിയാത്ര തുടങ്ങുക. മേല്‍ശാന്തിമാര്‍ തീര്‍ത്ഥംതളിച്ച്‌ ശുദ്ധിയോടെ പുലര്‍ച്ചെ മൂന്നുമണിയോടെ കിഴക്കേനടയിലെ ആലിന്‍ചുവടുവഴി ഗുഹയിലേക്കുള്ള യാത്ര തുടങ്ങും.
പുനര്‍ജനി നൂഴല്‍ ദുഷ്‌കരവും ഇരുട്ടുനിറഞ്ഞ ഗുഹയിലൂടെ ആയതിനാലും സ്‌ത്രീകളെ  നൂഴാന്‍ അനുവദിക്കാറില്ല.
ക്ഷേത്രത്തില്‍നിന്നും പുറപ്പെട്ട്‌ ഏകദേശം 20 മിനിറ്റുകൊണ്ട്‌ കിഴക്കേമലയുടെ വടക്കേചെരിവിലെത്തി ആദ്യം ഗണപതി തീര്‍ത്ഥത്തില്‍ സ്‌പര്‍ശിക്കും. ഈ തീര്‍ത്ഥസ്‌പര്‍ശനത്തിനുശേഷമാണ്‌ പുനര്‍ജനി മലയിലേക്ക്‌ കയറുക. തെക്കുകിഴക്കുഭാഗത്തെ പാപനാശിനീ തീര്‍ത്ഥമുണ്ട്‌. കടുത്ത വേനലിലും വറ്റാത്ത ഈ ഉറവയില്‍ ഗംഗയുടെ സാന്നിധ്യമുണ്ടെന്ന്‌ വിശ്വസിക്കപ്പെടുന്നു. ഈ തീര്‍ത്ഥവും സ്‌പര്‍ശിച്ചശേഷമാണ്‌ നൂഴലിനായി ഗുഹാമുഖത്തേക്കിറങ്ങുക. കഴിഞ്ഞ 15 വര്‍ഷമായി പുനര്‍ജനി നൂഴുന്ന പാറപ്പുറത്ത്‌ പി.രാമചന്ദ്രന്‍, 25 വര്‍ഷത്തെ നൂഴല്‍നേതൃത്വമുള്ള ചന്തു എന്ന രാമചന്ദ്രന്‍ എന്നിവരാണ്‌ ആദ്യം ഗുഹയിലേക്ക്‌ പ്രവേശിക്കുക. പ്രധാനപൂജാരിമാരുടെ നേതൃത്വത്തില്‍ ഗുഹാമുഖത്ത്‌ നടക്കുന്ന പൂജകള്‍ക്കുശേഷം രാവിലെ അഞ്ചുമണിയോടെ പുനര്‍ജനി നൂഴല്‍ ആരംഭിക്കും.
പരസ്‌പരം സഹായിച്ചുകൊണ്ടുമാത്രമേ പുനര്‍ജനി പ്രവേശനം സാധ്യമാകുകയുള്ളൂ. മുന്‍പില്‍ പോകുന്ന ഭക്‌തന്റെ കാലില്‍പിടിച്ച്‌ അയാള്‍ തിരിയുന്നതിനും ചെരിയുന്നതിനും അനുസരിച്ച്‌ മറ്റുള്ളവരും അങ്ങനെ ചെയ്‌ത്‌ മെല്ലെ മുന്നോട്ടു നീങ്ങണം. പലസ്‌ഥലത്തും മലര്‍ന്നും കമിഴ്‌ന്നും ഇഴഞ്ഞും വേണം മുകളിലേക്കുള്ള ദുഷ്‌കരമായ പാറ കയറാന്‍. സഹയാത്രികനെപ്പോലും കാണാന്‍ കഴിയാത്തത്ര കൂരിരുട്ടിലൂടെ പരസ്‌പരം പിടിച്ചുകൊണ്ടുള്ള യാത്രയാണിത്‌. അടിയുറച്ച വിശ്വാസവും ഭക്തിയും മാത്രമാണ്‌ ഇവിടെ ആശ്രയം. ഇങ്ങനെ 2025 മിനിറ്റുകള്‍ളെടുത്താണ്‌ ഗുഹയുടെ ബഹിര്‍ഗമന ഭാഗത്തെത്തുന്നത്‌. പിന്നെ പരശുരാമന്‍ തീര്‍ത്ത പാതാള തീര്‍ത്ഥം കുടിച്ച്‌ പടിഞ്ഞാറു ഭാഗത്തുള്ള ഐരാവതത്തിന്റെ കൊമ്പുതട്ടിയുണ്ടായ തീര്‍ത്ഥമായ കൊമ്പുതീര്‍ത്ഥം കൊണ്ടു ക്ഷീണമകറ്റും. തുടര്‍ന്ന്‌ ദേവേന്ദ്രന്റെ അമ്പേറ്റുണ്ടായ അമ്പുതീര്‍ത്ഥവും കഴിക്കുന്നു. ഗുഹയിലൂടെ നൂണ്ടു കയറി ഈ തീര്‍ത്ഥങ്ങള്‍ കഴിക്കുന്നതോടെ ഒരു ജന്മം പൂര്‍ത്തിയായതായാണ്‌ കണക്കാക്കുക. പുനര്‍ജനി നൂഴലിന്റെ ഐതിഹ്യം ഇതത്രെ. ഒരു പുതിയ ജീവിതം ഭൂമിയില്‍ വച്ചു തന്നെ നേടിയെടുക്കുക!.

Tuesday, October 1, 2013

മൂപ്പന്‍ പറഞ്ഞ വിജ്ഞാനം

കേരളം ഭൂമാഫിയയുടെ പിടിയിലാണെന്ന്‌ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല വെളിപ്പെടുത്തിയിരിക്കുന്നു. പ്രകൃതിയെ കൊന്നൊടുക്കുന്ന നമ്മുടെ രീതി ഇന്നോ ഇന്നലേയോ തുടങ്ങിയതല്ല. അതിന്റെ ദുരന്തഫലം വന്നു തുടങ്ങിയിരിക്കുന്നു. പണവും ആയുധബലവും ഉപയോഗിച്ച്‌ പ്രകൃതിയെ കീറിമുറിക്കുന്ന വികസനത്തെ കുറിച്ച്‌, ആധുനിക ശാസ്‌ത്രത്തേക്കാള്‍ അറിഞ്ഞത്‌ അപരിഷ്‌കൃതര്‍ എന്നു നാം വിളിക്കുന്ന ആദിവാസി ഗോത്രജനതയാണ്‌. മണ്ണിനെയും ആകാശത്തേയും പ്രപഞ്ചത്തെ ഒന്നാകേയും സ്‌നേഹിച്ച ഒരു ജനത...
പ്രകൃതിയെ ഇത്രയേറെ അടുത്തറിയുകയും സ്‌നേഹിക്കുകയും ചെയ്‌ത അവരുടെ വിജ്ഞാനം നമുക്ക്‌ വഴികാണിക്കേണ്ടതായിരുന്നു. നിര്‍ഭാഗ്യവശാല്‍ ലോകപരിസ്ഥിതി ദിനത്തില്‍ പോലും അതു സംഭവിക്കുന്നില്ല. അമേരിക്കയിലെ ആദിമവംശജരായ സുകാമിഷ്‌ ഇന്ത്യന്‍സിന്റെ മൂപ്പന്‍, സീറ്റ്‌ലര്‍ അമേരിക്കന്‍ സര്‍ക്കാരിന്‌ ഒരു കത്തെഴുതി. 1800കളില്‍ എഴുതിയ കത്തില്‍, ഓരോ വസ്‌തുക്കളിലേയും ഈശ്വരാംശത്തെ വിലമതിക്കുന്നു. ഓരോ രാജ്യത്തേയും കുഞ്ഞുങ്ങളും മാതാപിതാക്കളും ഇതറിഞ്ഞിരിക്കണം. പ്രകൃതിയോടുള്ള സ്‌നേഹവും ആരാധനയും വിഴിഞ്ഞൊഴുകുന്ന കത്തിന്റെ പൂര്‍ണരൂപം ഇതാ. ഈ വിജ്ഞാനത്തില്‍ ജ്ഞാനസ്‌നാനം ചെയ്യുക....

`` അമേരിക്കയുടെ പ്രസിഡന്റ്‌ ഒരു വാക്ക്‌ പറഞ്ഞിരിക്കുന്നു, അദ്ദേഹം നമ്മുടെ ഭൂമി വാങ്ങാന്‍ ആഗ്രഹിക്കുന്നു എന്ന്‌. പക്ഷെ, നിങ്ങള്‍ക്ക്‌ എങ്ങിനെ ആകാശത്തെ വാങ്ങാനും വില്‍ക്കാനും കഴിയും?. ഈ ഭൂമിയെ?. ഈ ആശയം ഞങ്ങളെ സംബന്ധിച്ച്‌ തികച്ചും അപരിചിതമായ ഒന്നാണ്‌. കാരണം വായുവിന്റെ പരിശുദ്ധിയും നീരുറവകളുടെ വെട്ടിത്തിളക്കവും ഞങ്ങള്‍ക്കു സ്വന്തമല്ലെന്നിരിക്കേ, നിങ്ങള്‍ക്ക്‌ എങ്ങിനെ അവയെ വാങ്ങാനാവും?.
ഭൂമിയുടെ എല്ലാ ഭാഗങ്ങളും എന്റെ ജനങ്ങള്‍ക്ക്‌ പരമപവിത്രമാണ്‌. ഓരോ പൈന്‍മരത്തിന്റെ തിളങ്ങുന്ന നാമ്പുകളും, ഓരോ മണല്‍തിട്ടകളും, ഇരുണ്ട മരക്കൂട്ടങ്ങള്‍ക്കിടയിലെ ഓരോ മഞ്ഞുപടലങ്ങളും, ഓരോ പുല്‍ത്തകടികളും, മൂളുന്ന ഓരോ വണ്ടുകളും. എല്ലാം എന്റെ ജനങ്ങളുടെ ഓര്‍മ്മകളിലും അനുഭവത്തിലും പവിത്രമായവയാണ്‌.
മരങ്ങളുടെ ഉള്ളിലൂടെ ഒഴുകുന്ന നീര്‍, നമ്മുടെ ഞരമ്പുകളിലൂടെ ഒഴുകുന്ന രക്തം തന്നെയെന്ന്‌ ഞങ്ങള്‍ തിരിച്ചറിയുന്നു. ഞങ്ങള്‍ ഭൂമിയുടെ ഭാഗമാണ്‌, ഭൂമി ഞങ്ങളുടേയും. കരടികള്‍, മാനുകള്‍, കരുത്തനായ വന്‍പരുന്ത്‌ എന്നിവ ഞങ്ങളുടെ സഹോദരങ്ങളാണ്‌. കരിമ്പാറക്കുന്നുകള്‍, പുല്‍ത്തകിടിയിലെ മഞ്ഞുതുള്ളി, കുതിരക്കുട്ടിയുടെ ശരീരത്തിന്റെ ചൂട്‌, മനുഷ്യന്‍ എല്ലാം ഒരു കുടുംബത്തില്‍പ്പെടുന്നവയാണ്‌.
നദികളിലൂടെയും അരുവികളിലൂടെയും കളകളം പൊഴിച്ച്‌ തിളങ്ങിയൊഴുകുന്ന വെള്ളം, വെറും വെള്ളമല്ല. അതു ഞങ്ങളുടെ പൂര്‍വ്വീകരുടെ രക്തമാണ്‌. ഞങ്ങളുടെ ഭൂമി നിങ്ങള്‍ക്കു വില്‍ക്കുകയാണെങ്കില്‍, ഇവയെല്ലാം പവിത്രമാണെന്ന്‌ നിങ്ങള്‍ മറക്കാതിരിക്കുക. തടാകങ്ങളിലെ തെളിഞ്ഞ ജലത്തില്‍ പ്രതിഫലിക്കുന്ന ഓരോ രൂപവും എന്റെ ജനങ്ങളുടെ ജീവിതാനുഭവങ്ങളേയും ഓര്‍മ്മകളേയും കുറിച്ച്‌ സംസാരിക്കുന്നു. വെള്ളത്തിന്റെ മര്‍മ്മരം എന്റെ മുത്തച്ഛന്റെ ശബ്ദമാണ്‌.
പുഴകള്‍ ഞങ്ങളുടെ സഹോദരങ്ങളാണ്‌. അവ ഞങ്ങളുടെ ദാഹം ശമിപ്പിക്കുന്നു. അവര്‍ ഞങ്ങളുടെ കൊച്ചോടങ്ങളെ വഹിക്കുന്നു, ഞങ്ങളുടെ കുഞ്ഞുങ്ങളെ തീറ്റിപ്പോറ്റുന്നു. അതുകൊണ്ടു തന്നെ പുഴകള്‍ക്ക്‌ നിങ്ങളുടെ സ്വന്തം മറ്റേതൊരു സഹോദരനും നല്‍കുന്ന ദയാവായ്‌പ്‌ നല്‍കുക.
ഞങ്ങള്‍ ഈ ഭൂമി വില്‍ക്കുകയാണെങ്കില്‍, ഓര്‍ക്കുക ഈ വായു ഞങ്ങള്‍ക്ക്‌ അമൂല്യമായിരുന്നു. വായും അതിന്റെ അത്മാവ്‌ എല്ലാ ജീവനുകളുമായും പങ്കുവയ്‌ക്കുന്നു. ഈ കാറ്റ്‌ ഞങ്ങളുടെ പ്രപിതാമഹന്‌ ആദ്യ ശ്വാസം നല്‍കുകയും അദ്ദേഹത്തിന്റെ അന്ത്യശ്വാസം ഏറ്റെടുക്കുകയും ചെയ്‌തു. ഈ കാറ്റ്‌ ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക്‌ ജീവിതത്തിന്റെ ആത്മാവ്‌ പകര്‍ന്നു കൊടുക്കുന്നു. ഞങ്ങളുടെ ഈ ഭൂമി ഞങ്ങള്‍ വില്‍ക്കുകയാണെങ്കില്‍, ഇതിനെ പവിത്രമെന്നു കരുതി മാറ്റിവയക്കണം, പുല്‍തകിടികളിലെ പൂക്കളെ മാധുര്യമുളളവയാക്കിയ കാറ്റിനെ മനുഷ്യര്‍ക്ക്‌ ആസ്വദിക്കാന്‍ വേണ്ടി.
ഞങ്ങള്‍, ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിപ്പിച്ച കാര്യങ്ങള്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കുമോ?. ഭൂമി നമ്മുടെ അമ്മയാണെന്ന്‌?. ഭൂമിക്ക്‌ എന്തു സംഭവിച്ചാലും അത്‌ അതിന്റെ എല്ലാ മക്കളേയും ബാധിക്കുന്നു.
ഇത്‌ ഞങ്ങള്‍ക്കറിയാം: ഭൂമി മനുഷ്യന്റെ സ്വന്തമല്ല, മനുഷ്യന്‍ ഭൂമിയുടെ സ്വന്തമാണ്‌. രക്തം നമ്മളെ എല്ലാം ബന്ധിപ്പിക്കുന്നതു പോലെ ഭൂമിയിലെ എല്ലാ വസ്‌തുക്കളും പര്‌സപരം ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യന്‍ ജീവന്റെ ശൃംഖല തീര്‍ക്കുന്നവനല്ല, അവന്‍ അതിനുളളില്‍ നിലകൊള്ളുക മാത്രമാണ്‌. ഈ ശൃംഖലയോടു അവന്‍ എന്തെല്ലാം ചെയ്യുന്നോ, അത്‌ അവനവനോടു തന്നെ ചെയ്യുന്നതായി മാറുന്നു.
ഒരു കാര്യം ഞങ്ങള്‍ക്കറിയാം: ഞങ്ങളുടെ ദൈവം നിങ്ങളുടേതു കൂടിയാണ്‌. ഭൂമി അവന്‌ ഏറെ വിലപ്പെട്ടതാണ്‌. ഭൂമിയോടു ചെയ്യുന്ന ക്രൂരത, അതിന്റെ സ്രഷ്ടാവിനോടുള്ള നന്ദികേടാണ്‌.
നിങ്ങളുടെ വിധി ഞങ്ങള്‍ക്ക്‌ വിശദീകരിക്കാനാവാത്ത ഒന്നാണ്‌. കാട്ടുപോത്തുകളെ എല്ലാം അറുത്താല്‍ എന്താണ്‌ സംഭവിക്കുക?. കാട്ടുകുതിരകളെ മുഴവനും മെരുക്കിയെടുത്താല്‍?. കാടിന്റെ രഹസ്യ കോണുകളില്‍ നിരവധി മനുഷ്യരുടെ ഗന്ധം നിറഞ്ഞാല്‍ എന്തായിരിക്കും സംഭവിക്കുക?. സമൃദ്ധമായ കുന്നിന്‍ പുറങ്ങള്‍ സംസാരിക്കാനുള്ള കമ്പികള്‍ കൊണ്ടു നിറച്ചാല്‍?. കാട്ടുപൊന്തകള്‍ എവിടെയായിരിക്കും?. പോയ്‌പോയിരിക്കും!. കഴുകന്‍ എവിടെ ആയിരിക്കും?. പോയ്‌പോയിരിക്കും!. വേഗത്തിലോടുന്ന കുതിരയോടും വിടപറഞ്ഞ്‌ പിന്നെ വേട്ടയാടുകയോ?. ജീവനം അവസാനിച്ച്‌ നിലനില്‍പ്പിന്റെ കാലം ആരംഭിക്കുകയായി.
അവസാനത്തെ ചുവന്ന ഇന്ത്യനും അപ്രത്യക്ഷമാകുമ്പോള്‍, അവന്റെ ഓര്‍മ്മകള്‍ പുല്‍മേടുകള്‍ മുകളില്‍ അലയുന്ന മേഘക്കൂട്ടങ്ങളുടെ നിഴല്‍ മാത്രമായി മാറുമ്പോള്‍, ഈ തീരങ്ങളും ഈ വനഭൂമിയും ഇവിടെ തന്നെ ഉണ്ടാകുമോ?. എന്റെ ജനങ്ങളുടെ പ്രാണനായിരുന്ന എന്തെങ്കിലും ഒന്ന്‌ അവശേഷിക്കുമോ?.
ഒരു നവജാത ശിശു, അതിന്റെ അമ്മയുടെ ഹൃദയമിടിപ്പ്‌ ഇഷ്ടപ്പെടുന്ന അത്രയും ഞങ്ങള്‍ ഈ ഭൂമിയെ സ്‌നേഹിക്കുന്നു. അതുകൊണ്ട്‌, ഞങ്ങള്‍ ഈ ഭൂമി വില്‍ക്കുകയാണെങ്കില്‍, അതിനെ ഞങ്ങള്‍ സ്‌നേഹിച്ചിരുന്നതുപോലെ തന്നെ സ്‌നേഹിക്കുക. ഞങ്ങള്‍ ചെയ്‌തിരുന്നതു പോലെ അതിനെ കരുതുക. ഈ ഭൂമി നിങ്ങള്‍ക്കു കിട്ടുമ്പോള്‍ മുതല്‍ അതിന്റെ ഓര്‍മ്മകള്‍ അതുപോലെ തന്നെ മനസ്സിലുണ്ടായിരിക്കണം. ഈ ഭൂമി എല്ലാ കുഞ്ഞുങ്ങള്‍ക്കുമായി സംരക്ഷിക്കുക, ഒപ്പം അതിനെ സ്‌നേഹിക്കുക, ഈശ്വരന്‍ നമ്മളെ സ്‌നേഹിച്ചരുന്നതു പോലെ.
ഞങ്ങള്‍ ഈ ഭൂമിയുടെ ഭാഗമായിരുന്നതുപോലെ, നിങ്ങളും അതിന്റെ ഭാഗമാണ്‌. ഈ ഭൂമി ഞങ്ങള്‍ക്ക്‌ അമൂല്യമാണ്‌. അതു നിങ്ങള്‍ക്കും അമൂല്യമാണ്‌.
ഒരു കാര്യം ഞങ്ങള്‍ക്കറിയാം- ദൈവം ഒന്നേയുള്ളൂ. ഒരു മനുഷ്യനും, അവന്‍ ചുവന്നിട്ടായാലും വെളുത്തിട്ടായാലും, വേര്‍പെടാനാവില്ല. എന്തുതന്നെയായാലും നമ്മളെല്ലാം സഹോദരന്‍മാരല്ലേ''.