Sunday, December 28, 2014

മന പറഞ്ഞ കഥ...



പറയിപെറ്റ പന്തിരുകുലം. കേരളത്തിന്റെ മണ്ണിലാകേ അലിഞ്ഞു ചേര്‍ന്ന കഥാ സൗഭഗം..
അതാണിവിടെയും മണക്കുന്നത്‌...
പന്തിരുകുലത്തിലെ മൂത്തയാളായ മേഴത്തോള്‍ അഗ്നിഹോത്രിയുടെ കുടുംബവുമായുള്ള ബന്ധം...


`മേഴത്തോള്‍ അഗ്‌നിഹോത്രി രജകനുളിയന്നൂര്‍
തച്ചനും പിന്നെ വള്ളോന്‍
വായില്ലാക്കുന്നിലപ്പന്‍ വടുതല മരുവും
നായര്‍ കാരയ്‌ക്കല്‍ മാതാ
ചെമ്മേ കേളുപ്പുകൂറ്റന്‍ പെരിയ തിരുവര
ങ്ങത്തെഴും പാണനാരും
നെരേ നാറാണത്തുഭ്രാന്തനുമുടനകവൂര്‍
ചാത്തനും പാക്കനാരും`

കോടനാട്ട്‌ മനയിലെ ഇപ്പോഴത്തെ താമസക്കാരന്‍ നാരായണന്‍ നമ്പൂതിരിയുടെ കൈകള്‍ പിടിച്ചാണ്‌ ഒതുക്കുകള്‍ കയറിയത്‌.
എത്തിച്ചേര്‍ന്നത്‌, കേരള വാസ്‌തുവിദ്യയുടെ വിസ്‌മയിപ്പിക്കുന്ന മനോഹാരിതയിലേയ്‌ക്ക്‌..ഒപ്പം ചരിത്രത്തിന്റെ വായിക്കപ്പെടാതെപോയ ഏടുകളിലേയ്‌ക്കും...!.


തൃശൂര്‍ ജില്ലയിലെ കുന്നംകുളത്തിനടുത്ത്‌, കാലത്തെ വെല്ലുവിളിച്ചു നിലകൊള്ളുന്ന കോടനാട്ടുമന....
നിറയെ മരങ്ങളുള്ള, പാടശേഖരങ്ങളാല്‍ ചുറ്റപ്പെട്ട തണുത്ത മനാന്തരീക്ഷം..
പന്ത്രണ്ടുകെട്ട്‌ എന്ന വാസ്‌തുവിസ്‌മയം ഇന്ന്‌ എട്ടുകെട്ടിലൊതുങ്ങിയിരിക്കുന്നു.
കാലം വരുത്തിയ മാറ്റം..!.
രണ്ടു നാലുകെട്ട്‌ ചേര്‍ന്നാല്‍ ഒരു എട്ടുകെട്ട്‌...!.
പറയാന്‍ ലളിതം. പക്ഷെ...
അറുപത്തിനാലു മുറികള്‍...
ഒരു ഇന്റര്‍നാഷണല്‍ ഹോട്ടല്‍ സമുച്ചയത്തേക്കാള്‍ അധികം..!.
അമ്പരന്നു.
പിന്നെ കണ്ട കാഴ്‌ചകളോരോന്നും അമ്പരപ്പിച്ചു...
യാത്രയ്‌ക്കായുള്ള മഞ്ചല്‍, നിറംമങ്ങി പൊടിയേറ്റുകിടക്കുന്നു.

മനസ്സ്‌ പുറകോട്ടുപായുകയാണ്‌...കാലഘട്ടങ്ങള്‍..കാലഘട്ടങ്ങള്‍...!.
1600 വര്‍ഷം പിറകിലേയ്‌ക്ക്‌...
പരല്‍പേരുപ്രകാരം ഏഡി 340ലാണ്‌ അഗ്നിഹോത്രിയുടെ കാലം. ചരിത്രകാരന്‍മാരില്‍ അഭിപ്രായ ഭേദങ്ങളുണ്ട്‌. അത്‌ ഏതാനും വര്‍ഷത്തിന്റെതു മാത്രം..!.

മനയുടെ വയസ്സ്‌ മുന്നൂറ്‌. ഈ സമുച്ചയം പണിതീര്‍പ്പിച്ചുകൊടുത്തത്‌ കൊച്ചിരാജാവത്രെ. മുഴുവനും മരം കൊണ്ടുള്ള നിര്‍മ്മിതി. മൂന്നരയേക്കറോളം പരന്നുകിടക്കുന്ന മനവളപ്പില്‍ വിശാലമായ രണ്ടു കുളങ്ങള്‍.
പൂമുഖത്തിന്റെ മോന്തായത്തിലേയ്‌ക്കു ചൂണ്ടി, നാരായണന്‍ നമ്പൂതിരി:
`ഒന്നു രണ്ടു കഴുക്കോലുകള്‍ മാറ്റിവയ്‌ക്കണമെന്ന്‌ നിശ്ചയിച്ചതാണ്‌. ആശാരിമാരെ വരുത്തിയപ്പോള്‍ അവര്‍ പറ്റില്ലെന്ന്‌ പറഞ്ഞു. ഒന്നൂരിയാല്‍ എല്ലാം ഊരണം..'
ശരിയാണ്‌. ഏച്ചുവെപ്പുകളില്ലാതെ എല്ലാം ഒന്നിനോടൊന്നു യോജിപ്പിച്ചുകൊണ്ടുള്ള നിര്‍മ്മാണ രീതി. ഒരു ഭാഗംമാത്രമായി അഴിച്ചുമാറ്റാനാവില്ല. എല്ലാ കഴുക്കോലുകളും പരസ്‌പരം ബന്ധപ്പെട്ടുകിടക്കുന്നു. ഒറ്റമരത്തില്‍ തീര്‍ത്ത കൂറ്റന്‍ ബീം...
വാസ്‌തുവിദ്യയുടെ അമ്പരപ്പിക്കുന്ന കാഴ്‌ചകള്‍ കാത്തിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ..
മുമ്പ്‌ പന്ത്രണ്ടുകെട്ടും രണ്ടു കൂറ്റന്‍ പത്തായപ്പുരകളും ഒരു ഊട്ടുപുരയുമടങ്ങിയതായിരുന്നു ഈ സമുച്ചയം..!.
പ്രതിവര്‍ഷം മുപ്പതിനായിരം പറയുടെ പാട്ടംവരവ്‌.
പൂര്‍വ്വസ്‌മൃതികളില്‍, മനയുടെ ചരിത്രം സമ്പന്നമായി. ആളും അര്‍ത്ഥവും വേണ്ടത്ര.

വരരുചിയുടെ കഥ മാറുന്നു

ശിവലോകത്ത്‌ ശാപമേറ്റ പാര്‍ഷദര്‍. സ്‌ത്രീയും പുരുഷനും ഭൂമിയില്‍ ജന്മമെടുക്കേണ്ടിവന്നു. അതായിരുന്നു വരരുചിയത്രെ. തികഞ്ഞ ജ്ഞാനിയായ, ബ്രാഹ്മണനായ വരരുചി അലഞ്ഞു തിരിയുന്ന അവധൂതനായിരുന്നു. പ്രശസ്‌തനായ അദ്ദേഹം പോകുന്നതു കണ്ട്‌, ഊണുകഴിയ്‌ക്കാന്‍ വിളിച്ചു നരിപ്പറ്റ മനക്കാര്‍. അവിടെയെത്തിയ അദ്ദേഹം ആവശ്യപ്പെട്ടത്‌ : ഊണിനു നൂറ്റൊന്നു കൂട്ടം വേണം. ഊണുകഴിഞ്ഞാല്‍ മൂന്നു പേരെ തിന്നണം. പിന്നെ നാലുപേര്‍ തന്നെ ചുമക്കുകയും വേണം... എന്നാണ്‌.
ഇതു കേട്ടു മനയിലുള്ളവര്‍ ഞെട്ടി. പക്ഷെ, സമര്‍ത്ഥയായ ഒരു ദാസി അവിടെയുണ്ടായിരുന്നു-ഗൗരി. അവള്‍ പരിഹാരം കണ്ടെത്തി.
ഇഞ്ചിതൈര്‌ നൂറ്റൊന്നു കറിയ്‌ക്കു തുല്ല്യമാണ്‌. അതൊരുക്കി. മൂന്നുപേരെ തിന്നണമെന്നത്‌ വെറ്റില, അടയ്‌ക്ക, നൂറ്‌...ഇതാണെന്നും അവള്‍ തിരിച്ചറിഞ്ഞു. നാലുപേര്‍ ചുമക്കണമെന്നത്‌ കട്ടിലിന്റെ കാലുകളാണെന്നും...!!.
എല്ലാം മനസ്സിലാക്കിയ വരരുചിയ്‌ക്ക്‌ എന്തുവിലകൊടുത്തും ഈ ദാസിപ്പെണ്ണിനെ ഭാര്യയാക്കണമെന്നു തോന്നി..അദ്ദേഹം അതു ചെയ്യുകയും ചെയ്‌തു-പതിത്വം കല്‍പ്പിയ്‌ക്കപ്പെട്ടാലും. ശിവലോകത്തെ ശാപം മൂലം എത്തിയ ഇരുവരും അങ്ങിനെ ഒന്നു ചേര്‍ന്നു...
ഈ ജീവിതയാത്രയില്‍ പിറന്നുവീണ മൂത്തമകനായിരുന്നു, മേഴത്തോളഗ്നിഹോത്രി.
ഐതിഹ്യകഥകളില്‍ വാഴ്‌ത്തുന്ന വിക്രമാദിത്യസദസ്സിലെ നവരത്‌നങ്ങളില്‍പ്പെടുന്ന വരരുചിയല്ല ഇതെന്നും ചരിത്ര സാക്ഷ്യം.

പിറന്ന മക്കളെ വഴിയില്‍ ഉപേക്ഷിച്ചു പോകുന്ന പ്രകൃതമായിരുന്നു വരരുചിയുടെത്‌. അങ്ങിനെ വഴിയിലുപേക്ഷിച്ച മൂത്ത ഈ മകനെ- അഗ്നിഹോത്രിയെ- വളര്‍ത്തിയത്‌ വേമഞ്ചേരിമനയിലെ ആളുകളായിരുന്നുവത്രെ..
ഭൂമിയില്‍ യാഗസംസ്‌കാരം പുനഃസ്ഥാപിക്കാനെത്തിയ ആത്മാവായിരുന്നു അത്‌.
അദ്ദേഹം നടത്തിയത്‌ 99 യാഗങ്ങള്‍. നൂറാമത്തേത്‌ തടയപ്പെട്ടു- ഇന്ദ്രനാല്‍..!
നൂറുയാഗമെന്നാല്‍ ഇന്ദ്രപദമാണ്‌. അതു ഇന്ദ്രന്‍ ഇഷ്ടപ്പെട്ടില്ല..!
ഈ അഗ്നിഹോത്രീ പരമ്പരയില്‍ തുടങ്ങുന്നു, കോടനാട്ട്‌ മനയുടെ ചരിത്രം.

അമ്പരപ്പിയ്‌ക്കുന്ന തമിഴ്‌ ബന്ധം

ചേരന്‍മാരുടെ കാലം. ചേരരാജ്യത്ത്‌ ഒരു തടയണ ചോര്‍ച്ചയിലായി. ഇത്‌ മാന്ത്രിക ശക്തികൊണ്ടു സുരക്ഷിതമാക്കി, അഗ്നിഹോത്രി. അദ്ദേഹത്തിന്റെ തപഃശക്തിയില്‍ ആകൃഷ്ടയായ ചേരയുവതി അദ്ദേഹത്തോടൊപ്പം കേരളത്തിലേയ്‌ക്കു പോന്നു. അവളില്‍ ഉണ്ടായ പരമ്പരയത്രെ കോടനാട്ടുമനക്കാര്‍..
ഇന്നും പ്രശ്‌നവിചാരം നടക്കുമ്പോള്‍, ഈ തമിഴ്‌ബന്ധം തെളിഞ്ഞുകാണുമെന്ന്‌ നാരായണന്‍ നമ്പൂതിരി.
തമിഴ്‌ യുവതിയുടെ സാന്നിധ്യം ഇന്നും മനയില്‍ അനുഭവപ്പെടുന്നു...തലമുറകള്‍ക്കു ശേഷവും...!.




മനുഷ്യസൃഷ്ടിയുടെ അത്ഭുതക്കാഴ്‌ച

നടുമുറ്റത്താണ്‌. വലതുവശത്ത്‌ തെക്കിനി. മരംകൊണ്ടു തറതീര്‍ത്തിരിക്കുന്നു. ചുവരില്‍, പാരമ്പര്യ ചുവര്‍ ചിത്രങ്ങള്‍. ഇവിടെ കഥകളിയരങ്ങായിരുന്നു. കളിവിളക്കിന്റെ വെളിച്ചത്തില്‍ വേഷങ്ങള്‍ പകര്‍ന്നാടിയിരുന്നിടം..
അകത്തുള്ള സ്‌ത്രീകള്‍ക്ക്‌ ആസ്വദിക്കാന്‍, മരയഴിയിട്ടിരിക്കുന്നു വടക്കിനിയില്‍...
ഇങ്ങോട്ടുകാണാം..അങ്ങോട്ടുകാണില്ല..!.
കിഴക്കിനിയിലാണ്‌ ഹോമാദികള്‍.. ഇപ്പോഴും ഇവിടെ ഹോമകുണ്ഡം കാണാം.
പിന്നെ ചുറ്റിനടക്കുമ്പോള്‍ കാണാം, പ്രസവമുറി. തൊണ്ണൂറുവരെ കുഞ്ഞിനെ സൂക്ഷിക്കാന്‍ മറ്റൊരറ. തൊണ്ണൂറുകഴിഞ്ഞാല്‍ മറ്റൊരു മുറി. ഇവിടെ കട്ടിലിന്റെ കാല്‍ക്കീഴില്‍, എണ്ണ നിറച്ച കിണ്ണങ്ങള്‍ ഉണ്ടാകും. ഉണ്ണിയെ ഉറുമ്പരിക്കാതിരിയ്‌ക്കാന്‍.
ഇതിനുള്ള എണ്ണ കരുതാന്‍ മറ്റൊരറ...!!.
ഓരോ നിലകള്‍ നടന്നു കയറുമ്പോഴും അത്ഭുതം വര്‍ദ്ധിച്ചു..
നരിച്ചീറുകള്‍ മുഖത്തടിച്ചു പറന്നു.
കാരണവര്‍ ഉപയോഗിച്ചിരുന്ന മുറിയിലെത്തി. അവിടത്തെ ജനല്‍ തുറന്നാല്‍, പൂമുഖത്തു വരുന്നവരെ കാണാം..!!. നിര്‍മ്മാണ കലയുടെ അത്ഭുതങ്ങള്‍..
വീണ്ടും മറ്റൊരറ, അവിടെ ഉളളറ. പണവും പണ്ടവും സൂക്ഷിക്കുന്നത്‌ അവിടെയത്രെ.
വിചിത്രമായ പൂട്ടാണ്‌ അവിടെ കണ്ടത്‌.
പൂട്ടിയെടുത്ത താക്കോല്‍ സൂക്ഷിയ്‌ക്കാന്‍, തട്ടിന്റെ പലകയിളക്കിയാല്‍ ഒരു സൂത്രപ്പെട്ടി...
ആര്‍ക്കും അറിയാത്ത രഹസ്യങ്ങള്‍..!!.
അറകളില്‍ നിന്നു അറകളിലേയ്‌ക്കു കടക്കാവുന്ന വാതായന സൂത്രങ്ങളടക്കം.
രഹസ്യങ്ങള്‍ നിറഞ്ഞ മനയിലൂടെ നടക്കുമ്പോള്‍ നാം മറ്റൊരു ലോകത്തെത്തുന്നു..




നിഴല്‍വീണ ചരിത്രങ്ങള്‍

എത്രയെത്ര രഹസ്യങ്ങളാണ്‌ ഈ മനയ്‌ക്ക്‌ പറയാനുളളത്‌..!. തലമുറകള്‍ ആറു കഴിഞ്ഞിരിക്കുന്നു. കൊച്ചിരാജകുടുംബവുമായി എല്ലാകാലത്തും മനയിലുള്ളവര്‍ക്ക്‌ `ബന്ധ'മുണ്ടായിരുന്നു. അതിലൂടെയാര്‍ജിച്ച സമ്പത്തും പ്രതാപവും ഇന്നും കാണാം.
തീണ്ടാരികളായ സ്‌ത്രീകള്‍ക്ക്‌ കെട്ടില്‍, സ്ഥാനമുണ്ടായിരുന്നില്ല. അവര്‍ക്കു പാര്‍ക്കാന്‍ പാടത്തിനക്കരെ മറ്റൊരു എടുപ്പ്‌(അത്‌ ഇന്നില്ല). ഭക്ഷണം അവര്‍ക്ക്‌ അവിടെ എത്തിച്ചു നല്‍കിയിരുന്നു. അഞ്ചുകഴിഞ്ഞാല്‍ മാത്രം എട്ടുകെട്ടില്‍ പ്രവേശം.
സേവകരും ആശ്രിതരുമടക്കം ദിവസവും അറുപതോളം പേര്‍ക്ക്‌ വെച്ചുവിളമ്പിയിരുന്ന പ്രതാപകാലം. മനയിലെ കുട്ടികളുടേയോ മുതിര്‍ന്നവരുടേയോ പിറന്നാളിന്‌ പിന്നേയും ആള്‍തിരക്കേറും...
തൃത്താലയിലെ മേഴത്തോള്‍ ബന്ധം വ്യക്തമാക്കുന്ന ദേവതോപാസനകളാണ്‌ ഇന്നും മനയില്‍.
മൂന്നു ശാസ്‌താക്കളും മൂന്നു ഭഗവതിമാരും.
പുതുക്കുളങ്ങര തേവര്‍, ചമ്രവട്ടത്ത്‌ ശാസ്‌താവ്‌, മുണ്ടായ തേവര്‍ എന്നീ ശാസ്‌താ സങ്കല്‍പ്പങ്ങളും കൈക്കുളങ്ങര ഭഗവതി, മങ്കുളങ്ങര ഭഗവതി, കൊടിക്കുന്നില്‍ ഭഗവതി എന്നീ സങ്കല്‍പ്പങ്ങളുമാണ്‌ മനയുടെ ഭരദേവതകള്‍.
ഇതില്‍ കൊടിക്കുന്നത്തു ഭഗവതിയാണ്‌, സാക്ഷാല്‍ എം.ടി. വാസുദേവന്‍ നായരുടെ കുടുംബപരദേവത എന്നത്‌ കൗതുകമാണ്‌..!.




കേരളത്തിലെ അവശേഷിക്കുന്ന എട്ടുകെട്ടുകളിലൊന്നാണ്‌ ഇത്‌. കാലം തീര്‍ത്ത മാറ്റങ്ങളത്രയും ഇവിടെ കാണാം. സമ്പന്നതയിലല്ല, ആള്‍തിരക്കില്‍. ആളുകളുടെ നിറവില്‍ തെളിഞ്ഞിരുന്ന അകത്തളങ്ങള്‍ നരിച്ചീറുകള്‍ കൈയടക്കിയിരിക്കുന്നു. വെളിച്ചമില്ലാത്ത അറകളില്‍ പഴമയുടെ ഗന്ധം നിറഞ്ഞു...
കളിവിളക്കു തെളിഞ്ഞിരുന്ന തെക്കിനി, നിശബ്ദം...
മടങ്ങുമ്പോള്‍, പ്രൗഢിമങ്ങിയ മഞ്ചലിലേയ്‌ക്കു നോക്കി..
അതിനുപോലും പറയാന്‍ കഥകളെത്ര..
പൂനിലാവു വീണ നാട്ടുവഴികളിലൂടെ ചുമട്ടുകാര്‍ മൂളിക്കൊണ്ടിരുന്നു..
ഓ..ഹൊയ്‌.. ഓ ഹൊയ്‌....!!





photos: Sudip Eeyes










Friday, November 21, 2014

അടയാളപ്പെടുത്താത്ത കഥകള്‍



ഇവ ഒക്കയും കലിയുഗത്തിങ്കല്‍ അല്‌പബുദ്ധികളായിരിക്കുന്ന മാനുഷര്‍ക്ക്‌ വഴിപോലെ ഗ്രഹിപ്പാന്തക്ക വണ്ണം തുഞ്ചത്തു രാമാനുജന്‍ ചൊന്ന കേരളനാടകം ഉപദേശമായി സംഗ്രഹിച്ചു, സാരന്മാര്‍ അറിഞ്ഞുകൊള്‍കയും ചെയ്‌ക...
-കേരളോല്‍പ്പത്തി

കുത്തിക്കുലുങ്ങി, ചെമ്മണ്‍പാതയിലൂടെയുള്ള യാത്ര പടുകൂറ്റന്‍ അരയാലിനുമുന്നില്‍ ചെന്നു നില്‍ക്കുന്നു. അരയാലിനെ വലം വച്ച്‌ വിശാലമായ പടികടന്നെത്തുന്നത്‌, കേരള ചരിത്രത്തിന്റെ മുറ്റത്തേയ്‌ക്ക്‌...
സാക്ഷാല്‍ തരണനെല്ലൂര്‍ മനമുറ്റത്തേയ്‌ക്ക്‌.....
തൃശൂര്‍ ജില്ലയിലെ പെരിങ്ങോട്ടുകരയിലുളള മനയ്‌ക്ക്‌ പറയാനുളള കഥ പരശുരാമനോളം പഴക്കമുളളത്‌...!
മനയെന്നു കേള്‍ക്കുമ്പോള്‍ മനസ്സിലുയരുന്ന കൂറ്റന്‍ സമുച്ചയമില്ല. പുരാതനമായ നാലുകെട്ട്‌. അധികം നവീകരിക്കാതെ..
ആറേക്കര്‍ പരന്നുകിടക്കുന്ന മനവളപ്പില്‍ ജ്ഞാനിയുടെ മഹാമൗനമാണ്‌ അനുഭവപ്പെടുക. പച്ചപ്പടര്‍പ്പുകള്‍ക്കിടയില്‍ നാലുകെട്ടിന്റെ സൗമ്യതയില്‍ അല്‍പ്പം ഇരിക്കുക. ഇവിടെ എത്ര കഥകള്‍ വീണുറങ്ങുന്നു എന്ന്‌ അത്ഭുതപ്പെടുക!. വിശാലമായ കുളം കണ്ണീരുപോലെ തുളുമ്പിനിന്നു. ഒന്നു മുങ്ങിക്കുളിക്കാന്‍ ആരും മോഹിച്ചുപോകും..!. പിന്നെ, ഇരുപത്തൊന്നു സെന്റില്‍ പരന്നുകിടക്കുന്ന കാടാണ്‌-സര്‍പ്പക്കാവ്‌. മനസ്സുകൊണ്ടു നമിച്ചു വീണ്ടും നടക്കുമ്പോള്‍ നാം കുടുംബക്ഷേത്രത്തിനു മുന്നിലെത്തുന്നു. അവിടെ കാവലാളായി വിഷ്‌ണുവും വേട്ടേക്കരനും. കോരിക്കുടിക്കാന്‍ തണുത്ത തെളിനീര്‍ നിറഞ്ഞ കിണര്‍...ഒന്നും കാലം മാറ്റിമറിച്ചിട്ടില്ല.

ചവിട്ടിനില്‍ക്കുന്ന മണ്ണില്‍ നിന്നും ഉയരുന്നത്‌ ചരിത്രത്തിന്റെ ഗന്ധം. കാത്തിരുന്നത്‌ തരണനല്ലൂര്‍ മനയ്‌ക്കലെ കാരണവര്‍ ബ്രഹ്മശ്രീ പത്മനാഭന്‍ നമ്പൂതിരിപ്പാട്‌..!. താന്ത്രികതയെ സാര്‍വ്വലൗകികമായ സാധനാമാര്‍ഗ്ഗമായി പരിണമിപ്പിച്ച ആചാര്യന്‍. സ്‌ത്രീകള്‍ക്ക്‌ അപ്രാപ്യമായ താന്ത്രിക വൃത്തിയിലേയ്‌ക്ക്‌, കുടുംബാംഗമായ ജ്യോത്സന എന്ന പെണ്‍കുട്ടിയെ കൈപിടിച്ചു കൊണ്ടുവന്ന ആചാര്യന്‍....!. 





2010 ലാണ്‌ ബ്രാഹ്‌മണസമൂഹത്തെയും ഒപ്പം കേരളത്തെ ഒന്നാകെയും ഞെട്ടിച്ച്‌ അദ്ദേഹം, ഒരു കൊച്ചു പെണ്‍കുട്ടിയെക്കൊണ്ട്‌ ക്ഷേത്രപ്രതിഷ്‌ഠ നടത്തിച്ചത്‌. ഇരിങ്ങാലക്കുടയ്‌ക്കടുത്ത്‌ കാട്ടൂര്‍ തരണനെല്ലൂര്‍ മനയ്‌ക്കലെ ജ്യോത്‌സന എന്ന ഏഴാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയെ കൊണ്ട്‌ ഭദ്രകാളീ പ്രതിഷ്‌ഠ നടത്തിക്കുകയായിരുന്നു അദ്ദേഹം. കാട്ടൂര്‍ പൊഞ്ഞനം പൈങ്കണ്ണിക്കാവ്‌ ക്ഷേത്രത്തിലായിരുന്നു ചടങ്ങ്‌. കേരളത്തിലെ എല്ലാ മാധ്യമങ്ങളും അതീവ പ്രാധാന്യത്തോടെയാണ്‌ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്‌. യാഥാസ്‌ഥിതിക നമ്പൂതിരി സമുദായക്കാര്‍ എതിര്‍പ്പുകളായി രംഗത്തെത്തിയെങ്കിലും പത്‌മനാഭന്‍ നമ്പൂതിരിപ്പാടിന്റെ ജ്ഞാനശക്‌തിക്കുമുമ്പില്‍ അവയ്‌ക്കു നിലനില്‍പ്പുണ്ടായില്ല. തന്ത്ര ശാസ്‌ത്രത്തിലൊരിടത്തും സ്‌ത്രീകള്‍ക്ക്‌ ഇത്തരം കാര്യങ്ങള്‍ നിഷിദ്ധമാണെന്ന്‌ പറഞ്ഞിട്ടില്ലെന്ന്‌ പത്‌മനാഭന്‍ നമ്പൂതിരിപ്പാട്‌ പറയുന്നു. സ്‌ത്രീയെ കൊണ്ട്‌ താന്ത്രിക കര്‍മ്മത്തിലൂടെ പ്രതിഷ്‌ഠ നടത്തിക്കുക എന്ന ചരിത്രമുഹൂര്‍ത്തമായിരുന്നു അദ്ദേഹം വെട്ടിത്തുറന്നത്‌. അതിനു മുമ്പോ പിമ്പോ ഇത്തരം ഒരു സംഭവം കേട്ടുകേഴ്‌വിപോലും ഇല്ലായിരുന്നു.

ഇങ്ങിനെയൊരു ചരിത്രം ഉണ്ടെന്ന ഭാവംപോലുമില്ലാതെ, ആരവങ്ങളില്‍ നിന്നൊഴിഞ്ഞ്‌, മനയുടെ പ്രശാന്തമായ അന്തരീക്ഷത്തിലിരുന്ന്‌ നമ്പൂതിരിപ്പാട്‌, ലളിതമായ വാക്കുകളില്‍ ഒരു കഥപറഞ്ഞു- ചരിത്രകാരന്‍മാര്‍ അടയാളപ്പെടുത്താതെ പോയ കഥ...
..............................................................................................



ക്ഷത്രിയവധം കഴിഞ്ഞ്‌്‌, പാപവിമുക്തിക്കായി പരശുരാമന്‍ കഠിനതപം ചെയ്‌തു; തുടര്‍ന്ന്‌, ശ്രീപരമേശ്വരന്‍ നല്‍കിയ ഉപദേശമനുസരിച്ച്‌ ഭാരതഖണ്ഡത്തിന്റെ തെക്കോട്ടു പുറപ്പെട്ടു. ഗോകര്‍ണത്ത്‌ എത്തിയ അദ്ദേഹം അവടെ അലച്ചാര്‍ക്കുന്ന സമുദ്രത്തിലേയ്‌ക്കു നോക്കി നിന്നു...
ചിറിനക്കിത്തുടച്ചുകൊണ്ട്‌ തിരമാലകള്‍ അശാന്തമായി ആര്‍ത്തലച്ചു. സ്വന്തം മനസ്സുപോലെ തോന്നിക്കാണണം അദ്ദേഹത്തിന്‌ ആ കാഴ്‌ച..!
പിന്നെ തന്റെ പ്രിയപ്പെട്ട മഴു ആഞ്ഞുചുഴറ്റി എറിയുകയായിരുന്നു അദ്ദേഹം ആഴിയിലേയ്‌ക്ക്‌...
മഴുവീണ ദൂരത്തുനിന്നും, ഒരു സുന്ദരഭൂമി ഉയര്‍ന്നു വന്നു..
കേരളമെന്ന ഭാര്‍ഗവക്ഷേത്രം..!
പ്രായശ്ചിത്തമായി ബ്രാഹ്മണര്‍ക്കു ഭൂമി ദാനം ചെയ്യണം. പാപമുക്തിക്ക്‌ അതാണ്‌ മാര്‍ഗ്ഗം. ആ കഥകള്‍ നമ്മള്‍ പലയിടത്തും വായിച്ചറിഞ്ഞവയാകുന്നു.
കേരളത്തില്‍ ക്ഷേത്രങ്ങള്‍ സ്ഥാപിയ്‌ക്കുകയും മലയാള ഭൂവിനെ അറുപത്തിനാല്‌ ഗ്രാമങ്ങളാക്കി, അറുപത്തിനാലു നമ്പൂതിരി കുടുംബങ്ങള്‍ക്കു കൈമാറുകയും ചെയ്‌തുവെന്നാണ്‌ ആ കഥ.
ചന്ദ്രഗിരിപ്പുഴയുടെ അപ്പുറം മുപ്പത്തിരണ്ടും ഇപ്പുറം മുപ്പത്തിരണ്ടും എന്നു കണക്ക്‌.
കലയും സംസ്‌കാരവും വൈദികവൃത്തിയും ഇഴചേര്‍ന്ന്‌ കിടക്കുന്ന നമ്പൂതിരിഗ്രാമങ്ങളില്‍, പെരുവനം ഗ്രാമത്തില്‍ പെടുന്നതാണ്‌ തരണനെല്ലൂര്‍ എന്ന പ്രശസ്‌തമായ താന്ത്രിക കുടുംബം. കേരളത്തിലെ ഏതുക്ഷേത്രത്തിലും താന്ത്രികാധികാരമുള്ള ഒരേ ഒരു കുടുംബം എന്ന സവിശേഷതയും ഇതിനുണ്ട്‌.




ക്ഷേത്ര പ്രതിഷ്‌ഠയ്‌ക്കു യോഗ്യരായവരെ തേടി ഭാര്‍ഗവരാമന്‍ എത്തിപ്പെട്ടത്‌, ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ഗ്രാമത്തിലത്രെ..
അവടെനിന്നു രണ്ടു സിദ്ധരായ ആളുകളെ അദ്ദേഹം കേരളത്തിലേയ്‌ക്കു
കൂട്ടി.
വഴിയില്‍ നിറഞ്ഞൊഴുകുന്ന പുഴ..
തന്റെ ദിവ്യശക്തികൊണ്ട്‌ പരശുരാമന്‍ പുഴകടന്നു. അക്കരെ നിന്നുകൊണ്ട്‌ മറുകരയിലുളള നമ്പൂതിരിമാരെ അദ്ദേഹം വിളിച്ചുവത്രെ. അവരുടെ സിദ്ധി അറിയുക എന്ന ലക്ഷ്യം കൂടി അതിനു പിന്നിലുണ്ടായിരുന്നു.
അതിലൊരാള്‍ സിദ്ധികൊണ്ട്‌ പുഴയ്‌ക്കു മുകളിലൂടെയും മറ്റേയാള്‍ പുഴയ്‌ക്ക്‌ അടിയിലൂടേയും ഇക്കരയെത്തി.
പുഴയെ മുകളിലൂടെ തരണം ചെയ്‌ത്‌ എത്തിയയാള്‍ തരണനെല്ലൂരും, അടിയിലൂടെ എത്തിയയാള്‍ താഴമണ്ണും ആയി എന്നാണ്‌ ഐതിഹ്യം.
കേരളത്തിലെ രണ്ടേ രണ്ടു താന്ത്രിക കുടുംബങ്ങളുടെ തുടക്കമായിരുന്നു അത്‌. പിന്നീട്‌, ഈ കുടുംബക്കാരാണ്‌ താന്ത്രികാധികാരം മറ്റുളളവര്‍ക്ക്‌ കൈമാറിയത്‌. ഇന്നും കേരളത്തിലെവിടേയും താന്ത്രികാധികാരം തരണനെല്ലൂര്‍ മനക്കാര്‍ക്കുണ്ടെന്നത്‌ ഇതിനു തെളിവ്‌.
കേരളത്തിലെ ക്ഷേത്രോത്‌പത്തിയെ കുറിച്ചുളള ചരിത്രം ഇവിടെയാരംഭിയ്‌ക്കുന്നു...ആരും കാണാതെ പോയ ഏടുകള്‍...
................................................................................................................................
തന്ത്രിയ്‌ക്കു ദേവന്റെ പിതൃസ്ഥാനമാണ്‌. ഉപനയനം കഴിച്ചയാള്‍ എന്ന നിലയില്‍. പ്രതിഷ്‌ഠ നടത്തുന്ന സമയത്ത്‌ ആചാര്യന്റെ മനോഭാവമെന്തോ ആഭാവമാണ്‌ ആ മൂര്‍ത്തിയ്‌ക്കു കൈവരിക. അതിനനുസരിച്ചാണ്‌ അവിടത്തെ പൂജകളും നിത്യാരാധനാക്രമങ്ങളും നിശ്ചയിക്കപ്പെടുന്നത്‌. അത്‌ തന്ത്രിക്കുമാത്രമറിയുന്ന രഹസ്യമാണ്‌. അതുകൊണ്ടത്രെ ഏതുക്ഷേത്രത്തിന്റെയും പരമാചാര്യ സ്ഥാനം തന്ത്രിക്കു കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്‌. അതു ആ കുടുംബത്തിലുളളവര്‍ മാത്രം അറിയുന്ന രഹസ്യമായി അവശേഷിക്കുന്നു...
വെളുത്തേടത്ത്‌ തരണനെല്ലൂര്‍ മനയുടെ നടുമുറ്റത്തിന്റെ വെള്ളിവെളിച്ചത്തില്‍, മുല്ലത്തറയുടെ സുഖശീതളിമയില്‍ ഇരുന്ന്‌ ഇല്ലത്തെ ഇപ്പോഴത്തെ കാരണവരായ തരണനെല്ലൂര്‍ പത്മനാഭന്‍ നമ്പൂതിരിപ്പാട്‌ പറയുകയാണ്‌...കേള്‍ക്കാത്ത കഥകള്‍...വിസ്‌മയിപ്പിക്കുന്ന കഥകള്‍...
കേരളത്തിലെ താന്ത്രിക കുടുംബങ്ങളെല്ലാം പിന്തുടരുന്നത്‌ `തന്ത്രസമുച്ചയം' എന്ന ആധികാരിക ഗ്രന്ഥത്തേയാണ്‌. എന്നാല്‍, തരണനെല്ലൂര്‍ താന്ത്രികര്‍ക്ക്‌ പ്രമാണം, പരശുരാമന്‍ കനിഞ്ഞു നല്‍കിയ `പരശുരാമ പദ്ധതി'യാണ്‌. ഇത്‌ ഈ കുടുംബത്തിന്റെ മാത്രം സൗഭാഗ്യം.

വഴിപിരിയല്‍

കന്യാകുമാരിയിലും മധുരയിലും പോലും താന്ത്രികാവകാശമുളള തരണനെല്ലൂര്‍ മന പില്‍ക്കാലത്ത്‌ നാലു ശാഖകളായി വഴിപിരിഞ്ഞു. താന്ത്രികാവകാശവും. ശുചീന്ദ്രം മുതല്‍ കോട്ടയംവരെ നെടുമ്പിള്ളി എന്ന ശാഖക്കാര്‍ക്കും കോട്ടയം മുതല്‍ പെരുമ്പാവൂര്‍ വരെ കിടങ്ങാശേരി എന്ന ശാഖക്കാര്‍ക്കും പെരുമ്പാവൂര്‍ മുതല്‍ മലപ്പുറം വരെ വെളുത്തേടത്ത്‌ ശാഖക്കാര്‍ക്കും അവിടുന്ന്‌ കാസര്‍ഗോട്ടുവരെ തെക്കിനിയേടത്ത്‌ ശാഖക്കാര്‍ക്കും എന്നാണ്‌ വ്യവസ്ഥ.
ഇതൊക്കെയാണെങ്കിലും തൃശൂരിലെ കിഴുത്താനി എന്ന സ്ഥലത്തുള്ള പത്തനാപുരം ക്ഷേത്രത്തില്‍ ഈ കുടുംബത്തായ്‌വഴികള്‍ ഒന്നിച്ചു വിളക്കിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. ഇവിടുത്തെ പത്മനാഭദാസരാണ്‌ ഈ കുടുംബക്കാര്‍. കുടുംബത്തില്‍ ജനിക്കുന്ന മൂത്ത ആണ്‍കുട്ടിയ്‌ക്കു പത്മനാഭന്‍ എന്ന പേര്‍ വേണമെന്ന ചിട്ടയും ഇന്നോളം തെറ്റിച്ചിട്ടില്ല.

ഉപാസനാ കാണ്ഡത്തിന്റെ രണ്ടു കഥകള്‍

പഴക്കമുളള കഥയാണ്‌. തരണനെല്ലൂര്‍ മനയുമായി ബന്ധമുള്ള ചിറ്റൂര്‍ മനയിലെ ഒരു കാരണവര്‍ക്ക്‌ ത്വരിതാ ഭഗവതിയെ ഉപാസനയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രായമായ കാലത്ത്‌ ഭാര്യമരിച്ചതിനെ തുടര്‍ന്ന്‌ വീണ്ടും വേളികഴിച്ചു- നായര്‍ കുടുംബത്തില്‍ നിന്നായിരുന്നു. യുവതിയായ ഭാര്യ. ദേവ്യുപാസകനായ നമ്പൂതിരി തന്റെ ദിനചര്യകളെല്ലാം കഴിച്ച്‌ രാത്രി വൈകിയാണ്‌ കിടക്കുക. പുലര്‍ച്ചെ മൂന്നിന്‌ എഴുന്നേറ്റ്‌ പോകുകയും ചെയ്യും. ഇതു തുടര്‍ച്ചയായപ്പോള്‍ യുവതിയായ ഭാര്യയ്‌ക്ക്‌ ഇയാളില്‍ സംശയമുദിച്ചു. അവിഹിതമായ എന്തോ ഉണ്ട്‌ എന്ന സംശയത്തില്‍ ഒരു ദിവസം നിശബ്ദയായി നമ്പൂതിരിയെ പിന്തുടര്‍ന്നു. നമ്പൂതിരി പൂജനടത്തിയിരുന്ന കുളപ്പുരയില്‍ എത്തിയ യുവതി അവിടെ കുത്തുവിളക്കുമായി നില്‍ക്കുന്ന ഒരു കറുത്ത സ്‌ത്രീയെ കണ്ടു..!. അതോടെ സംഗതി രാജാവിനു മുന്നിലെത്തി. പരസ്‌ത്രീഗമനമാണ്‌ കുറ്റം. നമ്പൂതിരി വിവശനായി. ശിക്ഷാവിധിയും വന്നു. തീയില്‍ ചാടി മരണം വരിക്കുക!. തീയില്‍ ചാടാനൊരുങ്ങിയ ഘട്ടത്തില്‍, തരണനെല്ലൂരിലെ കാരണവര്‍ അവിടെ എത്തുകയും രാജാവിനെ കാര്യം ബോധിപ്പിക്കുകയും ശിക്ഷ തടയുകയും ചെയ്‌തു. ത്വരിതാ ഭഗവതിയെയാണ്‌ അവിടെ കണ്ടതെന്ന്‌ രാജാവിനു ബോധ്യമായി. ത്വരിതോപാസകനായ തരണനെല്ലൂര്‍ നമ്പൂതിരിപ്പാടിന്‌ സാക്ഷാല്‍ ഭഗവതിതന്നെയാണ്‌ ഈ ശിക്ഷാവിധിയുടെ സന്ദേശം നല്‍കിയതെന്നാണ്‌ കഥ. ഇന്നു ഈ മനയില്‍ ത്വരിതോപാസന ഇല്ലാതെ പോയതിനെ കുറവുകളുണ്ടെന്ന്‌ പത്മനാഭന്‍ നമ്പൂതിരിപ്പാടിന്റെ സാക്ഷ്യം.
............................................................

വളരെ മുമ്പ്‌ മലപ്പുറത്തെ രാമപുരം ശ്രീരാമ ക്ഷേത്രത്തിലെ പ്രതിഷ്‌ഠയ്‌ക്കിടെ ഉണ്ടായ ഒരു സംഭവവും അദ്ദേഹം ഓര്‍ക്കുന്നു. ക്ഷേത്രത്തിലെ പുനഃപ്രതിഷ്‌ഠാ ദിവസമാണ്‌. പൂജാക്രിയകളില്‍ വന്ന പിഴവറിയാതെ പ്രതിഷ്‌ഠ നടത്തി. പഴയ വിഗ്രഹം ജലവിസര്‍ജ്ജ്യം (വെള്ളത്തില്‍ ഒഴുക്കല്‍) നടത്തണമെന്നാണ്‌ വിധി. കുളത്തിലിട്ട കല്‍വിഗ്രഹം മുങ്ങാതെ പൊങ്ങിക്കിടന്നുവത്രെ..!. ചൈതന്യം ഇപ്പോഴുമുണ്ടെന്ന സൂചന മനസ്സിലാക്കിയ തന്ത്രി അതിനെ കാല്‍കൊണ്ടു ചവിട്ടി അശുദ്ധപ്പെടുത്തുകയും തുടര്‍ന്ന്‌ വിഗ്രഹം താഴ്‌ന്നു പോയെന്നും ചരിത്രം!. ദേവന്റെ പിതാവ്‌ എന്ന സങ്കല്‍പ്പത്തിന്‌ അടിവരയിടുന്ന കഥ..
........................................................................................

അച്ഛന്റെ വീട്ടില്‍ തേവരുടെ പള്ളിയുറക്കം

ഭൂമിയിലെ ദേവസംഗമമായ ആറാട്ടുപുഴ പൂരത്തെക്കുറിച്ചു പറയാതെ ഇക്കഥ മുഴുവനാവില്ല. മുപ്പത്തിമുക്കോടി ദേവകളും യക്ഷ-കിന്നര-ഗന്ധര്‍വ-ദൈത്യന്‍മാരും ഭൂത-പ്രേതാദി-പിശാചുക്കളും കൂടി കാണാനെത്തുന്ന ദേവമേളയിലെ നെടുനായകത്വം തൃപ്രയാര്‍ തേവര്‍ക്കാണ്‌. തൃപ്രയാറിലെ ആചാര്യസ്ഥാനീയരായ തരണനെല്ലൂര്‍ മനയില്‍, ഭഗവാന്‍ ഒരു ദിവസം അന്തിയുറങ്ങുന്ന ചടങ്ങുണ്ട്‌. ആറാട്ടുപുഴപൂരത്തിന്റെ തലേന്നാണ്‌ തന്ത്രി ഇല്ലത്തേയ്‌ക്ക്‌ തേവര്‍ എഴുന്നള്ളിയെത്തുക..
ഗ്രാമപ്രദക്ഷിണം കഴിഞ്ഞ്‌, രാത്രി പന്ത്രണ്ടുമണിയോടെ പഞ്ചവാദ്യത്തിന്റെ അകമ്പടിയില്‍, രാജകീയമായാണ്‌ ശ്രീരാമ ചക്രവര്‍ത്തിയുടെ എഴുന്നളളത്ത്‌. തീവെട്ടികളുടെ പ്രഭാപൂരത്തില്‍...
ഇവിടെ ഇറക്കിപ്പൂജയാണ്‌. തുടര്‍ന്ന്‌ പിതാവിന്റെ വീട്ടില്‍ ഭഗവാന്റെ പള്ളിയുറക്കം. പിറ്റേന്ന്‌ ചെമ്പില്‍ ആറാടി, വീണ്ടും ഗ്രാമപ്രദക്ഷണത്തിനു പുറപ്പെടും.
മറ്റുദിവസങ്ങളിലെല്ലാം ഗ്രാമപ്രദക്ഷിണശേഷം, ക്ഷേത്രത്തില്‍ തിരിച്ചെത്തുന്നതാണ്‌ രീതി. ക്ഷേത്രത്തിനു പുറത്ത്‌ തേവര്‍ കഴിച്ചുകൂട്ടുക ഈ ഇല്ലത്തുമാത്രമാണ്‌..!
1400ലേറെ വര്‍ഷത്തെ പഴക്കമുളളതാണ്‌ ആറാട്ടുപുഴ പൂരം. ഈ ചടങ്ങുകളെല്ലാം ഇന്നും കടുകിട വ്യത്യാസമില്ലാതെ തുടര്‍ന്നു വരുന്നു എന്നത്‌ അമ്പരപ്പിക്കുന്ന സത്യമാണ്‌..

കേരളത്തിന്റെ ചരിത്രത്തിലോ ഐതിഹ്യപ്പെരുമകളിലോ എവിടേയും അടയാളപ്പെടുത്തായെപോയ കഥയാണ്‌ ഈ മനയുടേത്‌. ഇതിഹാസകാരന്‍മാര്‍ പറയാതെ വിട്ടുപോയ മൗനങ്ങളുടെ പൂരിപ്പിക്കലായിരുന്നു ഈ യാത്ര.

മടങ്ങുകയാണ്‌. ഒരിക്കല്‍ കൂടി തിരിഞ്ഞു നോക്കി...
ശാന്തമായ മനസ്സോടെ തിരിച്ചു നടക്കുമ്പോള്‍, മന എന്തോ ഉരുവിടുന്നുവോ..?

`ധിയോ യോ നഃ പ്രചോദയാത്‌....'


ചിത്രങ്ങള്‍: സുധീപ്‌ ഈയെസ്‌. 

Tuesday, November 11, 2014

കാട്ടുമാടത്തിനു കാവലാളായി കുട്ടിച്ചാത്തന്‍മാര്‍



കേരളത്തിലെ മാഹാമാന്ത്രിക പാരമ്പര്യമുളള കാട്ടുമാടം മനയിലേയ്‌ക്ക്‌....

തണല്‍വൃക്ഷങ്ങള്‍ നിഴല്‍വീഴ്‌ത്തി നില്‍ക്കുന്ന കാട്ടുമാടം മനപ്പറമ്പിലേയ്‌ക്കു കടക്കുമ്പോള്‍ തന്നെ ഒരു നിഗൂഢത അനുഭവപ്പെടും. കേരളത്തിലെ മാന്ത്രികപാരമ്പര്യമുള്ള അപൂര്‍വ്വം മനകളിലൊന്നാണിത്‌.
കുട്ടിച്ചാത്തന്‍മാരാണ്‌ കാവല്‍. പിന്നെ ഭഗവതിയും.
അശാന്തരായി അശരണരായി എത്തുന്നവര്‍ക്ക്‌ ആശ്രയമായ മനമുറ്റത്ത്‌ തികഞ്ഞ നിശബ്ദത.
തന്ത്രി പ്രവീണ്‍ നമ്പൂതിരിപ്പാട്‌ ചിരിക്കുന്ന മുഖത്തോടെ സ്വീകരിച്ചിരുത്തി മനയുടെ കഥ പറഞ്ഞു...
മുന്നൂറിലേറെ വര്‍ഷങ്ങള്‍ക്കു മുമ്പാണ്‌, കാട്ടുമാടം കുടുംബം കണ്ണൂരില്‍ നിന്നും വളാഞ്ചേരിയിലെ ഇരുംപ്ലിയം എന്ന പ്രദേശത്ത്‌ വന്നു ചേരുന്നത്‌. കണ്ണൂരില്‍ പള്ളിക്കുന്ന്‌ മൂകാംബിക റൂട്ടില്‍ ആണ്‌ കാട്ടുമാടം കുടുംബത്തിന്റെ മൂലസ്ഥാനം സ്‌ഥിതി ചെയ്‌തിരുന്നത്‌.കിഴക്ക്‌ പുഴയും, പടിഞ്ഞാറു കുന്നും അവിടെ കുട്ടിച്ചാത്തന്‍മാരെ കുടിവച്ചു കൊള്ളാമെന്നു കണ്ട്‌ ഇവിടെ വന്നുചേര്‍ന്നു എന്നാണ്‌ ഐതിഹ്യം. നൂറ്റാണ്ടുകള്‍ക്കു മുന്‍പ്‌ പരശുരാമന്‍ മന്ത്രവാദ വിഷയങ്ങള്‍ കനിഞ്ഞു നല്‌കിയത്‌ കാട്ടുമാടതിനാണ്‌. മുന്‍പ്‌ പൂര്‍വികന്മാര്‍ തുടങ്ങിവച്ച എല്ലാ പൂജാനുഷ്‌ഠാനങ്ങളും വിധി പോലെ ഇന്നും തുടര്‍ന്നു വരുന്നു എന്നതാണ്‌ ഈ മഹാപാരമ്പര്യത്തിന്റെ പ്രത്യേകത. ഇന്ന്‌ കേരളത്തിലെ ഇരുന്നുറ്റി അമ്പതോളം ക്ഷേത്രങ്ങളുടെ താന്ത്രിക സ്‌ഥാനം ഈ കുടുംബം വഹിക്കുന്നു.
ഇവിടുത്തെ പ്രത്യേകത ഇവിടെ ചാത്തന്‍സ്വാമി കുടികൊള്ളുന്നത്‌ ഒരു പ്ലാവിലാണ്‌ എന്നതാണ്‌.
നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌, കാട്ടുമാടം കുടുംബം കുടിയേറിയപ്പോള്‍ ചാത്തന്‍മാര്‍ കുടികൊണ്ട പ്ലാവ്‌ ഇപ്പോഴും ഇവിടെ തറകെട്ടി സംരക്ഷിച്ചിട്ടുണ്ട്‌. കുടുംബത്തിന്റെ രക്ഷകര്‍ കൂടിയാണവര്‍.
ഒട്ടനവധി അനുഭവങ്ങള്‍ സാക്ഷ്യം വഹിച്ചതാണ്‌ ഈ മന. ഇവിടെ അപസ്‌മാരത്തിനും, ഉന്മാദത്തിനും പ്രത്യേക ചികിത്‌സയുണ്ട്‌. മാന്ത്രിക കര്‍മ്മങ്ങളിലൂടെ മനോവിഭ്രമം, ബാധാവേശം തുടങ്ങിയവ ശമിപ്പിച്ച്‌ മനശ്ശാന്തി തിരികെ നേടിക്കൊടുക്കുന്നതാണ്‌ രീതി.
കുട്ടിച്ചാത്തന്‍മാര്‍ക്കാണ്‌ പ്രാധാന്യം എങ്കിലും അന്നപൂര്‍ണേശ്വരി പൂര്‍ണ വരപ്രസാദത്തോടെ ഇവിടെ കുടികൊളളുന്നു.
ശത്രുദോഷത്തിനു ഗുരുതി,ഐശ്വര്യത്തിന്‌ ഭഗവതിക്ക്‌ ദിവസപൂജ. വിവാഹം കഴിയാത്ത പെണ്‍കുട്ടികള്‍ മനയില്‍ വന്നു പ്രാര്‍ത്ഥിച്ചു ഭഗവതിക്ക്‌ ചുവന്ന പട്ടും, സ്വര്‍ണതാലിയും കൊടുക്കാമെന്നു നേര്‍ന്നാല്‍ കല്യാണം കഴിയുന്നു. കര്‍ക്കിടകം ഒന്ന്‌ മുതല്‍ പന്ത്രണ്ടു വരെ വിശേഷാല്‍ പൂജകളുണ്ടാകും മനയ്‌ക്കല്‍. മറ്റുള്ള ദിവസങ്ങളില്‍ ദിവസവും ഭഗവതിക്ക്‌ ദിവസപൂജയും ചാത്തന്മാര്‍ക്ക്‌ ചൊവ്വാ, വെള്ളി, ഞായര്‍ വൈകുന്നേരങ്ങളില്‍ ഗുരുതിയും നടത്തും.
മറ്റൊരു പ്രത്യേകത, കാട്ടുമാടം മനയില്‍ ഗര്‍ഭിണിയായ സ്‌ത്രീകള്‍ക്ക്‌ അഞ്ചാം മാസത്തില്‍ നെയ്യും, എഴാം മാസത്തില്‍ ഗര്‍ഭ ബലിയും ചെയ്‌തു നല്‍കുന്നതാണ്‌. ജ്യോതിഷം മുഖേന ചാര്‍ത്ത്‌ കൊണ്ടുവന്നാല്‍ പരിഹാരങ്ങള്‍ ചെയ്യുകയും. കര്‍മ്മ രക്ഷ, സ്‌ഥല രക്ഷ എന്നിവ ചെയ്‌തു നല്‍കുകയുമാണ്‌ മനയിലെ മാന്ത്രികര്‍.
മാന്ത്രിക കര്‍മ്മങ്ങള്‍ക്കു മുന്നോടിയായി കുട്ടിച്ചാത്തന്‍മാരേയും ഗുരുകാരണവന്‍മാരേയും സ്‌മരിക്കുന്നു. തുടര്‍ന്നാണ്‌ ക്രിയകള്‍ ആരംഭിക്കുക.
ഒട്ടേറെ ബാധകള്‍, ശത്രുദോഷങ്ങള്‍ എന്നവിയ്‌ക്ക്‌ ഇവിടെ സമാധാനം ലഭിച്ചിട്ടുണ്ട്‌.
ഒരിക്കല്‍, ഒരു സ്‌ത്രീയേയും കൊണ്ട്‌ കുടുംബാംഗങ്ങള്‍ മനയില്‍ വന്നു. അവര്‍ക്ക്‌ ബാധോപദ്രവം ഉണ്ടായിരുന്നു. അക്രമസ്വഭാവം കാണിച്ചുകൊണ്ടിരുന്നു. മാന്ത്രികകര്‍മ്മങ്ങള്‍ കൊണ്ട്‌ ഒഴിയില്ലെന്ന്‌ ആ സ്‌ത്രീ അലമുറയിട്ടു. അവരുടെ കുടുംബത്തില്‍ നടത്തിവന്ന ആചാരങ്ങള്‍ തെറ്റിച്ചതിനെ തുടര്‍ന്നാണ്‌ സ്‌ത്രീയ്‌ക്ക്‌ ബാധോപദ്രവം തുടങ്ങിയത്‌. ആചാരങ്ങള്‍ തെറ്റാതെ ചെയ്‌തു കൊള്ളാം എന്നുറപ്പു നല്‍കിയതിനെ തുടര്‍ന്ന്‌ ബാധ വിട്ടുപോയി. അവര്‍ സ്വസ്ഥരായി തിരിച്ചുപോകുകയും ചെയ്‌തു...
ഇതു കഥയല്ല. അടുത്തിടെ നടന്ന ഒരു സംഭവമാണ്‌.
ചാത്തന്റെ നടയ്‌ക്കല്‍ സത്യം ചെയ്യിച്ച ശേഷമാണ്‌ ബാധ ഒഴിച്ചുപോകുക. പല പിണിയാളുകളും(ബാധയേറ്റയാള്‍) സത്യം ചെയ്യാന്‍ വിസമ്മതിക്കാറുണ്ട്‌. പിന്നീട്‌ നിവൃത്തിയില്ലാതെ സത്യം ചെയ്‌തു ശരീരം വിട്ടുപോകുന്നു. അതോടെ ആ മനുഷ്യന്‍ സ്വസ്ഥനായിത്തീരുന്നത്‌ പ്രത്യക്ഷാനുഭവമാണ്‌...!
മുന്‍തന്ത്രിയായിരുന്നു കുമാരസ്വാമി നമ്പൂതിരിയുടെ കാലത്തുനടന്ന ഒരു സംഭവം ഇതാ:
ഒരു ദിവസം ഒരു കുടുംബം അവശരായി മനയ്‌ക്കലെത്തി. ഭക്ഷണം കഴിച്ചിട്ട്‌ നാലു ദിവസമായി എന്നാണ്‌ അച്ഛന്‍ തിരുമേനിയോടു സങ്കടം പറഞ്ഞത്‌. വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണത്തില്‍ മനുഷ്യമലം കാണുന്നു..!!.
രാശിവച്ചപ്പോള്‍ ചാത്തന്റെ ഉപദ്രവമാണെന്ന്‌ കണ്ടു. അച്ഛന്‍ തിരുമേനി ഒരു അടക്കം(കുറിപ്പെഴുതി) അവര്‍വശം കൊടുത്തു. വൈകീട്ട്‌ ആറരയ്‌ക്ക്‌ അതു വീട്ടില്‍ വായിക്കുക. അതേസമയം അദ്ദേഹം ആ കുറിപ്പ്‌ മനയ്‌ക്കലിരുന്നു വായിക്കും. അതോടെ ഉപദ്രവത്തിനു ശമനമുണ്ടാകുമെന്നും പറഞ്ഞു. അതിനു ശേഷം ക്രിയകളാവാം എന്നാണ്‌ അച്ഛന്‍ നിശ്ചയിച്ചത്‌.
പറഞ്ഞതുപോലെ സന്ധ്യയ്‌ക്ക്‌ കുറിപ്പ്‌ വായിക്കേ, അച്ഛന്‍ തിരുമേനിയുടെസമീപത്ത്‌ ഒരു കല്ല്‌ എവിടെയോ നിന്നു വന്നുവീണു...!
`അവിടെ സന്ദേശം കിട്ടിയിട്ടുണ്ട്‌' എന്ന്‌ അച്ഛന്‍ പറയുകയും ചെയ്‌തു.
തുടര്‍ന്ന്‌ ഉപദ്രവത്തിനു ശമനമുണ്ടായി. നാലുദിവസം കഴിഞ്ഞ്‌ ക്രിയകളിലൂടെ അദ്ദേഹം ഉപദ്രവത്തിന്‌ പൂര്‍ണശാന്തി നല്‍കി. ആ കുടുംബം എല്ലാവര്‍ഷവും ഇപ്പോഴും മനയിലെത്തി തൊഴുതു മടങ്ങുന്നു..!
................................................................................................
അനുഭങ്ങളുടെ അത്ഭുതകഥകള്‍ ഇനിയും എത്രയോ ഉണ്ട്‌. മാനസിക നിലയ്‌ക്കു തകരാര്‍ സംഭവിച്ചവര്‍ക്കാണ്‌ ഇവിടത്തെ മാന്ത്രികകര്‍മ്മങ്ങള്‍ ഏറെയും. മറ്റുമതസ്ഥരാണ്‌ ഇവിടെയെത്തുന്നവരില്‍ കൂടുതലെന്ന്‌ പ്രവീണ്‍ നമ്പൂതിരിപ്പാട്‌ പറയുന്നു.
കുടുംബത്തിന്റെ കാവല്‍ ദേവതകള്‍ കൂടിയാണ്‌ കുട്ടിച്ചാത്തന്‍മാര്‍. അത്‌ ഈ മനയിലുളളവര്‍ക്ക്‌ പ്രത്യക്ഷദൈവം തന്നെ. മനുഷ്യരൂപത്തില്‍ ചാത്തന്‍മാരെ വീട്ടുമുറ്റത്ത്‌ കണ്ട അനുഭവം പറയാനുണ്ട്‌ നമ്പൂതിരിപ്പാടിന്‌. നിരവധിപ്രാവശ്യം ഈ അനുഭവമുണ്ടായി. കൈയില്‍ ഒരു ദണ്ഡുമായി...
കൈയില്‍ കിലുക്കമുള്ള ഒരു ദണ്ഡും ഒരു കൈയില്‍ പാത്രവുമായാണ്‌ ഇവിടത്തെ കുട്ടിച്ചാത്തന്റെ രൂപ സങ്കപ്പം..!
വീട്ടില്‍ സ്‌ത്രീകള്‍ തനിച്ചുളളപ്പോള്‍ മനയ്‌ക്കുചുറ്റും നടക്കുന്ന ശബ്ദവും ജനല്‍പാളികളില്‍ വടികൊണ്ടു തട്ടുന്ന ശബ്ദവും കേള്‍ക്കും.
`ഞങ്ങള്‍ ഇവിടെയുണ്ട്‌. ഭയപ്പെടേണ്ട' എന്നു കുടുംബത്തിലുളളവര്‍ക്ക്‌ ചാത്തന്‍ നല്‍കുന്ന സൂചനയാണത്‌!.
അടുക്കളക്കിണറില്‍, രാത്രി ആരോ വെള്ളംകോരുന്ന ശബ്ദവും ഇടക്കുള്ള ദിവസങ്ങളില്‍ കേള്‍ക്കാമെന്ന്‌ പ്രവീണ്‍ നമ്പൂതിരിപ്പാട്‌ പറയുന്നു.
................................................................................................................

നിഗൂഢമായ ഒരു ചരിത്രമാണ്‌ മനയുടേത്‌. തലമുറകളായി അത്‌ അങ്ങനെയാണ്‌. പ്രശസ്‌തിക്കും പ്രചാരത്തിനുമായി ഒന്നും ചെയ്യാറില്ല ഇവിടെയുളളവര്‍. അറിഞ്ഞും കേട്ടും താന്ത്രിക, മാന്ത്രിക ആവശ്യങ്ങള്‍ക്കായി ആളുകള്‍ ഇവരെ തേടിവരികയാണ്‌. അവരുടെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണുന്നു. അതാണ്‌ തങ്ങളുടെ കര്‍മ്മവും കുലധര്‍മ്മവും എന്നു മനയിലുളളവര്‍ വിശ്വസിക്കുന്നു.
ഇന്നും ദിനംപ്രതി നിരവധിപേര്‍ അന്യനാടുകളില്‍ നിന്നുപോലും മനയ്‌ക്കലെത്തി പ്രശ്‌നപരിഹാരം തേടുന്നു. ജീവിത ദുഃഖങ്ങളില്‍ നിന്നു വിടുതല്‍ നേടി ശാന്തിയോടെയും പ്രാര്‍ത്ഥനകളോടേയും മടങ്ങുന്നു..


Tuesday, October 28, 2014

ശക്തിസ്ഥലത്ത്‌..

കോവിലകം




ളം തണുപ്പുള്ള, വടക്കുന്നാഥക്ഷേത്രത്തിലെ പുല്‍ക്കൊടിയില്‍ കാലുരസുമ്പോള്‍ ഓര്‍ത്തുപോയത്‌ വടക്കുന്നാഥനെന്ന കാശിവിശ്വനാഥനെയല്ല. ശക്തന്‍ തമ്പുരാനെയാണ്‌.
തൃശൂര്‍ എന്ന കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്തിന്റെ നിര്‍മ്മാതാവ്‌..!.
പുകള്‍പെറ്റ തൃശൂര്‍പൂരത്തിന്റെ ഉപജ്ഞാതാവ്‌...!
രാജഭരണത്തിന്റെ ശക്തിയും പ്രഭാവവും പൂര്‍ണമായും ബോധ്യപ്പെടുത്തിയ ഭരണാധികാരി...!
നീതിയുടെ ഉടലെടുത്ത രൂപം...!
കുറ്റകൃത്യങ്ങള്‍ക്ക്‌ കഠിന ശിക്ഷകള്‍ കല്‍പ്പിച്ച പൊന്നുതമ്പുരാന്‍...!
കുറ്റവാളികള്‍ ഭയക്കുകമാത്രമല്ല, ഓര്‍ക്കാന്‍ പോലും മടിച്ചു...!
രാജ്യതന്ത്രജ്ഞതയുടെയും നീതിനിര്‍വ്വഹണത്തിന്റെയും അവസാനവാക്കായ രാമവര്‍മ്മ കുഞ്ഞിപ്പിള്ള തമ്പുരാന്‌ ശക്തന്‍ എന്ന പേര്‍ കിട്ടിയത്‌ വെറുതെയായിരുന്നില്ല...
കഥകളേറേയുണ്ട്‌ തമ്പുരാനെ കുറിച്ച്‌...ഇന്നത്തെ കാലവുമായി ബന്ധപ്പെടുത്തുമ്പോള്‍ നീതിനിര്‍വ്വഹണം എത്ര നിജമായിരുന്നു എന്ന്‌ അത്ഭുതപ്പെടുത്തുന്ന കഥകള്‍....അമ്പരപ്പിക്കുന്ന കഥകള്‍..!!
പൊന്നു തമ്പുരാന്റെ ജന്മകഥപോലും അത്ഭുതമാണ്‌...
കൊച്ചിരാജാവാണെങ്കിലും ശക്തന്‌ തൃശൂരായിരുന്നു എല്ലാം. ജീവനും ജീവിതവും. ഭരണതലസ്ഥാനവും തൃശൂരാക്കി തമ്പുരാന്‍..
തൃശൂര്‍ക്കാര്‍ക്കും അതേ. തമ്പുരാനെ സ്‌മരിയ്‌ക്കാതെ ഒരു ദിവസവും കടന്നു പോകുന്നില്ല..!
മഹാനഗരത്തിന്റെ ഓരോ ഭാഗത്തുമുണ്ട്‌ തമ്പുരാന്റെ അടയാളപ്പെടുത്തലുകള്‍..

കോവിലകമുറ്റത്ത്‌

ഇപ്പോള്‍ നാം നില്‍ക്കുന്നത്‌ ശക്തന്റെ വടക്കേകോവിലകത്തിന്റെ വിശാലമായ മുറ്റത്താണ്‌. ഡച്ചുമാതൃകയില്‍ തീര്‍ത്തിരിയ്‌ക്കുന്ന കോവിലകം ഇന്ന്‌ ചരിത്രമ്യൂസിയമാണ്‌. കെട്ടിലും മട്ടിലും ഒട്ടും മാറ്റമില്ലാതെ കോവിലകം..
എത്രയെത്ര ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ചതാണ്‌ ഈ സമുച്ചയം...പ്രണയങ്ങള്‍ക്കും പ്രണയഭംഗങ്ങള്‍ക്കുമൊപ്പം എത്രയെത്ര രാജകീയ മുഹൂര്‍ത്തങ്ങള്‍..സംഘര്‍ഷഭരിതമായ വ്യക്തിബന്ധങ്ങള്‍...! അവരും വ്യക്തികളായിരുന്നു, നമ്മെപോലെ എന്നോര്‍മിപ്പിക്കുന്നവ...
ഓര്‍മ്മകളുടെ കുതിച്ചുപാച്ചിലില്‍, കാലപ്രവാഹത്തില്‍ നീന്തുന്ന അനുഭവം..
ഇവിടെ എല്ലാം കേള്‍ക്കാം..അനുഭവിയ്‌ക്കാം...ചിലപ്പോള്‍ സ്‌പര്‍ശിച്ചറിയാം..

ഗോവണി
ശക്തന്‍ മരണപ്പെട്ട വടക്കേ അറ


..............................

വടക്കുന്നാഥക്ഷേത്രത്തിനു ചുറ്റും വനമായിരുന്നു. തേക്കിന്‍കാട്‌. കളളന്‍മാരും ഹിംസ്രജീവികളും നിറഞ്ഞ ഘോരവനം ഭക്തകളായ സ്‌ത്രീകള്‍ക്ക്‌ ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. വനം വെട്ടിവെളുപ്പിക്കുകയെന്ന തീരുമാനമായിരുന്നു തമ്പുരാന്റേത്‌. നടപടിയും തുടങ്ങി. അപ്പോഴതാ, പാറമേക്കാവിലമ്മയുടെ കോമരം കലികൊണ്ടുവരുന്നു..!
അച്ഛന്റെ ജടവെട്ടരുത്‌ ഉണ്ണീ...എന്നായിരുന്നു ശക്തന്‍തമ്പുരാനോടു കല്‍പ്പന..
പള്ളിവാളുകൊണ്ട്‌ ശിരസ്സുവെട്ടി ചോരയൊഴുക്കിയ കോമരത്തോടു തമ്പുരാന്‍ പറഞ്ഞു-
`നിന്റെ വാളിന്‌ മൂര്‍ച്ചപോര...'
തുടര്‍ന്ന്‌ ഉടവാളൂരിയ തമ്പുരാന്‍ കോമരത്തിന്റെ തലവെട്ടിവീഴ്‌ത്തി എന്നാണ്‌ കഥ. ഈ സംഭവമറിഞ്ഞ തമ്പുരാന്റെ ചിറ്റമ്മയും തമ്പുരാനും തമ്മിലുണ്ടായ സംസാരം പുത്തേഴത്ത്‌ രാമമേനോന്‍ എഴുതിയ ശക്തന്റെ ജീവചരിത്രത്തില്‍:

ചിറ്റമ്മ: പാറമേക്കാവിലെ വെളിച്ചപ്പാടിനെ കുഞ്ഞിപ്പിള്ള വെട്ടിക്കൊന്നോ? നന്നായില്ല. എന്തൊക്കെ ആപത്താണോ വന്നുകൂടുക?.

ശക്തന്‍: അമ്മ പരിഭ്രമിയ്‌ക്കണ്ട. ഞാനാ കോമരത്തെ-ഒരു നായരെ ആണ്‌ കഥകഴിച്ചത്‌. അവനുണ്ട്‌ എന്റെ മെക്കിട്ടുകയറാന്‍ വരുന്നു. അവനിലുണ്ടോ ഭഗവതി. ഭഗവതി ഒട്ടും കോപിക്കില്ല.

ചിറ്റമ്മ: ആവോ?. എനിക്കൊന്നും അറിഞ്ഞുകൂടാ. സാഹസങ്ങള്‍ കുറയ്‌ക്കണം കുഞ്ഞിപ്പിള്ളേ!. എപ്പോഴൂണ്ട്‌ ഓരോന്ന്‌.

ശക്തന്‍: അമ്മയ്‌ക്ക്‌ ഒട്ടും സമാധാനക്കേടുവേണ്ട. ഇങ്ങനത്തെ വെളിച്ചപ്പാടുമാര്‍ ഭഗവതിയ്‌ക്ക്‌ പോരായ്‌മയാണ്‌. ജനങ്ങളുടെ ദൈവവിശ്വാസം തന്നെ കുറഞ്ഞുപോകും ഈ വകക്കാരുണ്ടായാല്‍.

ചിറ്റമ്മ: കുഞ്ഞിപ്പിള്ള പറേമ്പോ അതൊക്കെ ശരിയാന്ന്‌ തോന്നും. എന്തെങ്കിലും ആയിക്കോളൂ. സൂക്ഷിച്ചുവേണേ ഒക്കെയും.


മൂന്നാം വയസ്സില്‍ മാതാവിനെ നഷ്ടപ്പെട്ട ശക്തന്‍ തമ്പുരാനെ നോക്കിവളര്‍ത്തിയത്‌, അമ്മയുടെ അനുജത്തിയായ ചിറ്റമ്മ തമ്പുരാനാണ്‌. കുഞ്ഞിപ്പിള്ള എന്നാണ്‌ അവര്‍ തമ്പുരാനെ വിളിച്ചിരുന്നത്‌. അമ്മയായിത്തന്നെയാണ്‌ തമ്പുരാന്‍ അവരെ കരുതി ആദരിച്ചത്‌. അവിടുത്തെ ഒരു കല്‍പ്പനയും തമ്പുരാന്‍ ധിക്കരിച്ചിട്ടില്ലെന്നാണ്‌ ചരിത്രം. ടിപ്പുവിനെ കാണാന്‍ പുറപ്പെടുമ്പോഴും, തിരുവനന്തപുരത്തേയ്‌ക്ക്‌ എഴുന്നള്ളുമ്പോഴും, ഇംഗ്ലീഷുകാരുമായുള്ള കരാറിനൊരുങ്ങുമ്പോഴും എന്നുവേണ്ട എല്ലാ പ്രധാനസന്ദര്‍ഭങ്ങളിലും ശക്തന്‍ ചിറ്റമ്മയുടെ അനുഗ്രഹം വാങ്ങിയിരുന്നു.

തൃശൂര്‍ കുറുപ്പത്തെ വിവാഹലോചനനടക്കുന്നതറിഞ്ഞ്‌ തമ്പുരാനോട്‌ അവര്‍ പറഞ്ഞു:

`എനിക്കൊട്ട്‌ ആക്ഷേപല്ല്യാ. ഞാനൊട്ട്‌ അറിയേം ഇല്ല്യ. കുഞ്ഞിപ്പിള്ളേടെ സ്വഭാവത്തിന്‌ പാകം നോക്കാന്‍ ക്ഷ കുഴങ്ങും ആരായാലും.'

തമ്പുരാന്റെ സാഹസികപ്രകൃതിയും കാര്‍ക്കശ്യവും നല്ലവണ്ണം അറിയുന്ന ചിറ്റമ്മത്തമ്പുരാന്റെ വാക്കുകള്‍ പ്രവചന സമാനമായി. ബന്ധം വേര്‍ പിരിഞ്ഞു.

ചിറ്റമ്മ: കുഞ്ഞിപ്പിള്ളേടെ സ്വഭാവത്തിനു പാകം നോക്കാന്‍ ആരേക്കൊണ്ടാ ആവാ എന്നു ഞാന്‍ അന്നേ പറഞ്ഞത്‌ കുഞ്ഞിപ്പിള്ളയ്‌ക്ക്‌ ഇപ്പോ ഓര്‍മ്മ വരുണ്ടോ?. അങ്ങനൊന്നും വയ്യാ കുഞ്ഞിപ്പിള്ളേ, അതൊക്കെ പോരായ്യാ..
 
ശക്തന്റെ ശ്മശാന തറ

തമ്പുരാന്‍: അമ്മ എന്തറിഞ്ഞിട്ടാ ഇങ്ങിനെയൊക്കെ കല്‍പ്പിക്കുന്നത്‌?. ഞാനൊന്നും ചെയ്‌തിട്ടില്ല്യ. ഒന്നിനൊന്നായിട്ട്‌ ഓരോരുത്തരും അമ്മേടെ അടുക്കല്‍ എന്തൊക്കെയോ ധരിപ്പിച്ചിട്ടുണ്ട്‌.

(ചില അഭിപ്രായവ്യത്യാസങ്ങളും അസുഖകരമായ സംഭവങ്ങളും കാരണം ഈ ബന്ധം ഒഴിഞ്ഞു. എന്നാല്‍ ആ സ്‌ത്രീ മരിയ്‌ക്കുംവരെ തമ്പുരാന്‍ വിഭാര്യനായിത്തന്നെ തുടര്‍ന്നു എന്നതാണ്‌ അത്ഭുതപ്പെടുത്തുന്ന കാര്യം!.).

വ്യക്തിബന്ധങ്ങള്‍..ശൈഥില്യങ്ങള്‍...ഈ കൊട്ടാരക്കെട്ടിനു പറയാന്‍ കഥകളെത്ര!.
.....................

ജനങ്ങള്‍ക്ക്‌ ഭീതിയൊഴിഞ്ഞ കാലമായിരുന്നു ശക്തന്റെ ഭരണകാലം . അത്യാചാരക്കാര്‍ക്ക്‌ നില്‍കിവന്ന കഠിനശിക്ഷ, കുറച്ചൊന്നുമല്ല ജനജീവിതം സ്വച്ഛമാക്കിയത്‌.
ഒരിക്കല്‍, തമ്പുരാന്‍ കൊച്ചിയില്‍ എഴുന്നളളിയിരിക്കുന്ന കാലമാണ്‌. അസമയത്ത്‌ വഞ്ചിയില്‍ കൊടുങ്ങല്ലൂരിനടുത്തുളള കരൂപ്പടന്നയില്‍ വന്നിറങ്ങിയ നമ്പൂതിരിമാരെ കുറേ ജോനകമാപ്പിളമാര്‍ വളഞ്ഞ്‌ കൈയിലുള്ളതെല്ലാം പിടിച്ചുപറിച്ചു.
അസമയത്താണോ സഞ്ചാരം? എന്ന പിടിച്ചുപറിക്കാരുടെ നേതാവിന്റെ ചോദ്യത്തിന്‌, ശക്തന്‍തമ്പുരാനല്ലേ ഭരിക്കുന്നത്‌..എന്നായിരുന്നു നമ്പൂതിരിമാരുടെ മറുപടി.
`ശക്തന്‍ രാജാവിന്റെ ശക്തി കരൂപ്പടന്നയ്‌ക്കു വടക്കോട്ടു ഫലിയ്‌ക്കയില്ല. ഇവിടെ ഞങ്ങളുടെ ശക്തിയേ നടക്കൂ'- എന്നു പറഞ്ഞാണ്‌ സംഘത്തലവന്‍ ഇവരുടെ പണവും ആഭരണങ്ങളുമെല്ലാം പിടിച്ചു പറിച്ചത്‌.
പിറ്റേന്ന്‌ കൊച്ചിയിലെത്തിയ നമ്പൂതിരിമാര്‍ തമ്പുരാനെ കണ്ടു സങ്കടമുണര്‍ത്തിച്ചു.
പ്രതികളെ പിടികൂടി പിറ്റേദിവസം തന്നെ ഹാജരാക്കാന്‍ ഉടനെ വലിയകപ്പിത്താനെ ചട്ടംകെട്ടുകയാണ്‌ തമ്പുരാന്‍ ചെയ്‌തത്‌. അന്നുരാത്രി തന്നെ കരൂപ്പടന്നയില്‍ വേഷപ്രഛന്നരായെത്തിയ കപ്പിത്താനും സംഘവും കവര്‍ച്ചാസംഘത്തിനു വിലങ്ങുവച്ചു..!
പിറ്റേന്ന്‌ രാജസന്നിധിയില്‍ നമ്പൂതിരിമാരെ വിളിച്ചുവരുത്തി പ്രതികളെ തിരിച്ചറിയുകയും തൊണ്ടിമുതല്‍ തിരിച്ചു നല്‍കി അവരെ സന്തോഷിപ്പിച്ചയയ്‌ക്കുകയും ചെയ്‌തശേഷം തമ്പുരാന്റെ ശിഷാവിധി വന്നു-
`ഇവരെ കപ്പല്‍ചാലില്‍ കെട്ടിത്താഴ്‌ത്തുക...!'.
ശിക്ഷ ഉടന്‍ നടപ്പിലാക്കുകയും ചെയ്‌തു.
സ്‌ത്രീരക്ഷ രാജധര്‍മ്മമാണ്‌. സ്‌ത്രീകള്‍ക്ക്‌ പ്രത്യേക സുരക്ഷയായിരുന്നു ശക്തന്റെ രാജ്യത്ത്‌. അവരോടു അപമര്യാദകാണിക്കുന്നവര്‍ക്ക്‌ വധശിക്ഷയില്‍ കുറഞ്ഞൊന്നും നല്‍കിയിരുന്നതുമില്ല എന്നു ചരിത്രസാക്ഷ്യം. പാറപ്പെട്ടി നായര്‍, കപ്പിത്താന്‍ ഇക്കണ്ണന്‍, കാവപ്പുരത്തണ്ടാന്‍ എന്നുവേണ്ട, സ്‌ത്രീകളോടു ദ്രോഹം ചെയ്‌തതിന്റെ പേരില്‍ ശക്തന്റെ കൈകൊണ്ട്‌ യമപുരിപൂകിയവര്‍ നിരവധിയാണ്‌.
തന്റെ വിശ്വസ്‌തസേവകനായ കാവപ്പുരത്തണ്ടാന്‍ ഒരിക്കല്‍ തന്റെ അധികാരം ഉപയോഗിച്ച്‌ ഒരു സാധുസ്‌ത്രീയെ പ്രാപിയ്‌ക്കാന്‍ നിര്‍ബന്ധിച്ചതിന്റെ ഫലം വിവരിക്കുന്ന കഥ പ്രസിദ്ധമാണ്‌.


 
രാജകീയ ഇരിപ്പിടങ്ങള്‍


തൃശൂരിലെ നായര്‍ സ്‌ത്രീകള്‍, നിത്യവും വടക്കുന്നാഥ ക്ഷേത്രദര്‍ശനം പതിവാണ്‌. ഇങ്ങിനെ ദര്‍ശനത്തിനെത്തിയിരുന്ന ഒരു സുന്ദരിയായ യുവതിയോട്‌, കോട്ടയ്‌ക്കു കാവല്‍ ചുമതലയുണ്ടായിരുന്ന തണ്ടാന്‌ മോഹമുദിച്ചു. ഒട്ടും മടിയാതെ തന്റെ ആഗ്രഹം അയാള്‍ അവരെ അറിയിക്കുകയും ചെയ്‌തു. തമ്പുരാന്റെ ഇഷ്ടക്കാരനായ അയാളെ ധിക്കരിക്കുക അസാധ്യമായിരുന്നു. തന്റെ ഇച്ഛയ്‌ക്കു വഴങ്ങിയില്ലെങ്കില്‍ കുടുംബം മുച്ചൂടും മുടിയ്‌ക്കുമെന്നൊരു ഭീഷണിയും അയാള്‍ ഉയര്‍ത്തി.
ധര്‍മ്മ സങ്കടത്തിലായ യുവതി, കോവിലകത്തെത്തി തമ്പുരാനോട്‌ തന്റെ വ്യസനം അറിയിച്ചു.
` ഓഹോ..അവന്‌ അങ്ങിനെയൊരാഗ്രഹം ഉണ്ടെങ്കില്‍ അതു സാധിപ്പിച്ചു കൊടുക്കേണ്ടതാണ്‌. അതിനെന്താ വിരോധം?' -എന്നായിരുന്നു തമ്പുരാന്റെ ചോദ്യം.
അത്‌ അന്നു തന്നെ സാധിപ്പിച്ചുകൊടുക്കണമെന്നും തമ്പുരാന്‍ യുവതിയോടുകല്‍പ്പിച്ചു..!. പത്തരനാഴിക രാവു ചെല്ലുമ്പോള്‍ അവനോട്‌ വന്നോളാന്‍ പറയണമെന്നും ഇനി ഇവിടെ നില്‍ണ്ടേണ്ട എന്നുമായിരുന്നു തമ്പുരാന്‍ അവരോട്‌ ആജ്ഞഞാപിച്ചത്‌!.
തമ്പുരാനും കൈവെടിഞ്ഞ അവസ്ഥയില്‍ മനസ്സുതകര്‍ന്ന അവര്‍, തണ്ടാനോട്‌ തമ്പുരാന്‍ ആവശ്യപ്പെട്ടതുപ്രകാരം അന്നു രാത്രി വന്നുകൊള്ളാന്‍ പറഞ്ഞു.
അമൃതേത്തു കഴിഞ്ഞ്‌ തമ്പുരാന്‍, വലിയകപ്പിത്താനെ വിളിച്ചു:
`ഇന്ന്‌ ചിലനേരമ്പോക്കുകളും ഒരു ദീപക്കാഴ്‌ചയും ഒക്കെ വേണമെന്ന്‌ നിശ്ചയിച്ചിട്ടുണ്ട്‌. അതിനുവേണ്ട എണ്ണയും പന്തവും തിരിത്തുണികളുമായി പത്തുമണിയോടെ........എത്തണം. ഞാന്‍ ഇപ്പോഴേ പോകുന്നു..!.
ആ സ്‌ത്രീയുടെ വീട്ടിനരികില്‍, രഹസ്യമായി തമ്പുരാനും മൂന്നു സേവകരും പതുങ്ങിയിരുന്നു. കഥയറിയാതെ, ആഹ്ലാദവാനായ തണ്ടാന്‍ സര്‍വ്വാലങ്കാര ഭൂഷിതനായി യുവതിയുടെ വീട്ടിലേയ്‌ക്കു കടക്കാന്‍ ഭാവിക്കേ, തിരുമനസ്സ്‌ അവന്റെ കുടുമയ്‌ക്കു ചുറ്റിപ്പിടിച്ച്‌ : `അങ്ങോട്ടല്ല, ഇങ്ങോട്ട്‌...' എന്നു പറയുകയും ചെയ്‌തു. അസ്‌തപ്രജ്ഞനായ തണ്ടാനെ തമ്പുരാന്‍ തറയിലിട്ട്‌ ചവിട്ടിപ്പിടിക്കുകയും പന്തവും തിരിത്തുണികളും കൊണ്ടുവരാന്‍ ആജ്ഞാപിക്കുകയും ചെയ്‌തത്‌ ഒന്നിച്ചായിരുന്നു.
അവന്റെ ശരീരമാസകലും തിരിത്തുണി ചുറ്റി, എണ്ണയൊഴിച്ച്‌ ജീവനോടെ ചുട്ട ശേഷമായിരുന്നു തമ്പുരാന്റെ മടക്കം..!.

..........................

വാശി നാശത്തിനു കാരണമെന്നാണ്‌ പറയുകയെങ്കിലും തമ്പുരാന്റെ വാശികൊണ്ട്‌ ലോകവിസ്‌മയമായ തൃശൂര്‍പൂരം രൂപം കൊണ്ടു എന്ന കഥ പഴമൊഴിക്ക്‌ അപവാദമാണ്‌.

ആറാട്ടുപുഴ പൂരത്തിനു അപമാനിയ്‌ക്കപ്പെട്ട വേദനയില്‍ തിരുസന്നിധിയിലെത്തിയ തട്ടകക്കാരുടെ പരിദേവനം ശ്രദ്ധയോടെ കേട്ട ശക്തന്‍ തമ്പുരാന്‍ ഒന്നേ പറഞ്ഞുള്ളൂ:

`ഇനി ആറാട്ടുപുഴയ്‌ക്കു പോകേണ്ട. പൂരം നമുക്ക്‌ ഇവിടെ തന്നെയാകാം..!'.

അതായിരുന്നു തൃശൂര്‍പൂരമെന്ന വിശ്വപ്രസിദ്ധ പൂരത്തിന്റെ തുടക്കം.
നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌ ചരിത്രകാരന്‍മാരുടെ കണക്കുപ്രകാരം കഷ്‌ടി നാനൂറ്‌ വര്‍ഷം മുമ്പായിരുന്നു ഈ സംഭവം. മഴമൂലം തൃശൂര്‍ ദേശക്കാര്‍ക്കും കുട്ടനെല്ലൂര്‍ ദേശക്കാര്‍ക്കും ആറാട്ടുപുഴയില്‍ കൃത്യസമയത്ത്‌ എഴുന്നള്ളി എത്താനായില്ലത്രെ. അക്കൊല്ലം അവരെ ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ല. അപമാനഭാരത്തോടെ മടങ്ങിയ തട്ടകക്കാരുടെ സങ്കടം കേട്ട, തമ്പുരാന്‍ അടുത്തവര്‍ഷം തൃശൂര്‍കാര്‍ക്കു മാത്രമായി ഒരു പൂരം തുടങ്ങിവച്ചു. വിശ്വത്തോളം വളര്‍ന്ന ദൃശ്യവിസ്‌മയമായ തൃശൂര്‍ പൂരം!.
തൃശൂരിനെ വ്യക്‌തമായി രണ്ടു തട്ടകങ്ങളായി തിരിച്ചാണ്‌ തമ്പുരാന്‍ പൂരം വിഭാവന ചെയ്‌തത്‌. പടിഞ്ഞാറുഭാഗം തിരുവമ്പാടി ക്ഷേത്രത്തിനു കീഴിലും കിഴക്ക്‌ പാറമേക്കാവ്‌ ക്ഷേത്രത്തിനു കീഴിലും. പത്തു ക്ഷേത്രങ്ങളെ കൂട്ടിയോജിപ്പിച്ചാണ്‌ പൂരച്ചടങ്ങുകള്‍ നെയ്‌തെടുത്തത്‌. നൂറ്റാണ്ടുകള്‍ക്കു മുമ്പു നിശ്‌ചയിച്ചുറപ്പിച്ച ചടങ്ങുകള്‍ ഇന്നും അതേപടി തുടര്‍ന്നു പോരുന്നു എന്നത്‌ ഇന്നും മഹാവിസ്‌മയമാണ്‌. തെക്കോട്ടിറക്കം കാണാന്‍ ശക്‌തന്‍ തമ്പുരാന്‍ തെക്കേഗോപുര നടയില്‍ എഴുന്നള്ളിയിരുന്നു എന്നാണ്‌ ചരിത്രരേഖകള്‍.
കോവിലകത്ത്‌ തമ്പുരാട്ടിക്കു കാണാനായി തൃശൂര്‍ പൂരത്തോടനുബന്‌ധിച്ച്‌ മറ്റൊരു പൂരം സംഘടിപ്പിച്ചിരുന്നു അദ്ദേഹം. കോവിലകത്തും പൂരം രാജകൊട്ടാരത്തിലുള്ളവര്‍ക്കായി മാത്രമായിരുന്നു എന്നു പറയുന്നു. കാല പ്രവാഹത്തില്‍ ഇതു നിന്നു പോയി. കോവിലകത്തും പൂരം കണ്ടതായി പറയുന്ന തലമുറ ഇന്നില്ല. എന്നാല്‍ ഇതിന്റെ സ്‌മരണനിലനിര്‍ത്തിക്കൊണ്ടു തൃശൂര്‍ പൂരത്തിനു രണ്ടു ദിവസം മുമ്പെ സാമ്പിള്‍ വെടിക്കെട്ട്‌ നടത്തിവരുന്നു. ഈ പൂരം പുനഃസംഘടിപ്പിക്കുന്നതിനെ കുറിച്ച്‌ ദേവസ്വംഭാരവാഹികള്‍ ആലോചന നടത്തിയിരുന്നെങ്കിലും നടപടികള്‍ ഒന്നുമായില്ല.


ഇപ്പോള്‍ നാം നില്‍ക്കുന്നത്‌ കോവിലകത്തിന്റെ മുകള്‍ നിലയിലെ വടക്കേ അറയ്‌ക്കു മുന്നിലാണ്‌. ശാന്തഗംഭീരമായ അറയില്‍ ഒരു സപ്രമഞ്ചക്കട്ടിലാണ്‌. എണ്ണയൊഴിഞ്ഞ ഒരു കൂറ്റന്‍ നിലവിളക്കും...
ഇവിടെയാണ്‌ തമ്പുരാന്‍ അന്ത്യശ്വാസംവലിച്ചത്‌. അമ്പത്തിയേഴാം വയസ്സില്‍. ഇവിടെയുണ്ടായിരുന്ന തൂക്കുകട്ടിലില്‍, ഏറെനാളത്തെ രോഗബാധയെതുടര്‍ന്ന്‌ കിടപ്പിലായിരുന്ന തമ്പുരാന്റെ മരണനിമിഷത്തെക്കുറിച്ച്‌, പുത്തേഴന്റെ ജീവചരിത്ര പുസ്‌തകത്തില്‍ വിവരണമുണ്ട്‌..

അസ്‌തപ്രജ്ഞനായിരുന്ന തമ്പുരാന്‍ അവസാനശ്വാസമെടുക്കും മുമ്പെ കണ്ണുതുറന്ന്‌ ഇങ്ങിനെ പറഞ്ഞുവത്രെ:

`ഞാന്‍ മരിയ്‌ക്കുന്നു-അയ്യോ! എന്റെ കൊച്ചി. ഉണ്ണീ! അധര്‍മ്മധ്വംസനമാണ്‌ രാജ്യക്ഷേമം. അമ്മേ! ഭഗവതീ! അടുത്തുനിക്കൂ. നിങ്ങള്‍ ഓര്‍മ്മവയ്‌ക്കണം നാല്‌- നാലുകൂട്ടം- യോഗിയാതിരിയെ അവരോധിക്കരുത്‌. വടക്കുന്നാഥാ! കയ്‌മളെ വാഴിക്കരുത്‌. അയ്യോ! ജഗദീശ്വരാ-അച്ചനെ-കിട്ടോ-അടുപ്പിക്കരുത്‌-ഇങ്കിരീസു കമ്പഞ്ഞി- ആവൂ-അവരെ പിണക്കരുത്‌. അയ്യോ! നിങ്ങള്‍ക്കു കണക്കിലാവും-പൂര്‍ണ്ണത്രയീശാ! കരുണാനിധേ! രാജധര്‍മ്മം രക്ഷിക്കണേ! ആ-വൂ...'

കൊട്ടാരക്കെട്ടിന്റെ തെക്കേവളപ്പില്‍ ശ്‌മശനാനത്തറയിലേയ്‌ക്ക്‌ ഇലകള്‍ പൊഴിച്ചുകൊണ്ട്‌ ഒരു ചെറുകാറ്റുവീശി. കാറ്റുപോലും ആഞ്ഞുവീശാന്‍ ഭയപ്പെടുന്നതു പോലെ...

-ബാലുമേനോന്‍ എം. 

- ചിത്രങ്ങള്‍: സുധീപ് ഈയെസ്.

Sunday, October 19, 2014

പുലര്‍ക്കാല സന്ധ്യാരാഗം....


പുലര്‍ക്കാലേ ഉണര്‍ന്ന്‌ അങ്ങനെ മലര്‍ന്നു കിടക്കുക സുഖമുളള ഏര്‍പ്പാടാണ്‌. 
`എനങ്ങരുത്‌..!
അപ്പോള്‍ മൂന്നുമണിയായിക്കാണും...
മൂന്നു കതിനാവെടി കേള്‍ക്കാം- വടക്കുന്നാഥന്റെ നേമവെടി..!. അതോടെ തൃശൂര്‍ നഗരം ഉണര്‍ന്നുവെന്നര്‍ത്ഥം.
പിന്നെ കാക്ക കരയും. പരിചയമുളള കിളിശബ്ദങ്ങളും.
അഞ്ചുമണിക്ക്‌ പൂങ്കുന്നം ശിവക്ഷേത്രത്തില്‍ നിന്ന്‌ പാട്ട്‌ ഒഴുകിവരും...
അഞ്ചര: പൂങ്കുന്നം പള്ളിയില്‍ നിന്ന്‌ ഹൃദയഹാരിയായ മണിനാദം. ഒപ്പം കൊക്കാലെ പള്ളിയിലെ ബാങ്കുവിളിയും ഉയരും..
അപ്പോള്‍ നേരം പരപരാ വെളുത്തുതുടങ്ങും...മനുഷ്യരുണര്‍ന്നു കഴിയും. കിണറുകളിലെ ജലയന്ത്രങ്ങള്‍ അമറാന്‍ തുടങ്ങും..
പണ്ട്‌, കുട്ടിക്കാലത്ത്‌ വടക്കേബസ്‌റ്റാന്റിനു സമീപത്തെ തറവാട്ടുവീട്ടിലാവുമ്പോള്‍, അനുഭവം മറ്റൊന്നാണ്‌.
ചെമ്പൂക്കാവിലെ മൃഗശാലയില്‍ നിന്നുളള സിംഹഗര്‍ജനമാണ്‌ ആറുമണിയ്‌ക്ക്‌..!
ആദ്യം ഒന്നു തുടങ്ങും. പിന്നെ ഒന്നിനു പിറകെ മറ്റൊന്നായി...
അതു ഒരു മുഴക്കത്തോടെ അവസാനിയ്‌ക്കും..!
ഇപ്പോള്‍ സിംഹങ്ങള്‍ കൂടൊഴിഞ്ഞിരിക്കുന്നു...
പില്‍ക്കാലത്ത്‌, അഞ്ചുമണിക്കു തുടങ്ങുന്ന ബസ്സുകളുടെ വാം-അപ്പായി അലച്ചെത്തുക..ആക്‌സിലറേറ്റര്‍ ആഞ്ഞുചവിട്ടിപ്പിടിച്ച്‌ അവന്‍ ഇരമ്പിച്ചുകൊണ്ടേയിരിക്കും...!
ഏറ്റവും ആസ്വാദ്യമായത്‌, നവംബര്‍-ഡിസംബറില്‍ ആരംഭിക്കുന്ന വണ്ണാത്തിപ്പുളളിന്റെ സംഗീതക്കച്ചേരിയാണ്‌..
ഉയര്‍ന്ന മരക്കൊമ്പിലിരുന്ന്‌, അനുസ്യൂതമായ, നിഷ്‌കളങ്കമായ രാഗാലാപനം..കൂടെ മറ്റുപക്ഷികളുടെ ശബ്ദങ്ങള്‍ കൂട്ടിക്കലര്‍ത്തി ഒരു മിമിക്രിയും...
അതുകേട്ടു കിടക്കുന്നതിലുപരിയൊരു സുഖം സ്വര്‍ലോകത്തും ലഭിക്കില്ല..പോകവേദാന്തമേ നീ..!! എന്നു ചങ്ങമ്പുഴയെ മാറ്റിപ്പാടാന്‍ തോന്നുന്നു..

മന്ത്രവാദം & അദര്‍ അപ്ലൈഡ്‌ സയന്‍സസ്‌


ഞങ്ങളുടെ ദേശത്ത്‌ ഒരു വേലന്‍കുട്ടനുണ്ടായിരുന്നു. വയസ്സുവയസ്സായി, മുടിയില്‍ ചെറിയൊരു കുടുമ...അതില്‍ ചെത്തിപ്പൂവും തുളസിയിലയും തിരുകിയിരിക്കും. ചന്ദനവും ഭസ്‌മവും അതിരുവരയ്‌ക്കുന്ന നെറ്റിത്തടം. ഒറ്റപ്പല്ലുമില്ലാത്ത വായ്‌...
കുട്ടികള്‍ക്ക്‌ കണ്ണേറ്‌, കൊതിയേല്‍ക്കല്‍ തുടങ്ങിയവ സംഭവിക്കുമ്പോള്‍, അമ്മമ്മ വേലന്‍കുട്ടന്‌ ആളെ അയയ്‌ക്കും.
കുട്ടിയെ അടുത്തിരുത്തി കുട്ടന്റെ ജപം തുടങ്ങും.
ഒരു ഗ്ലാസ്‌ വെള്ളം, അല്‍പ്പം ഭസ്‌മം, ഒരു വെറ്റില...തീര്‍ന്നു ഉപകരണങ്ങള്‍..!.
നന്നെ ചെറുപ്പത്തില്‍ കേട്ട മന്ത്രത്തിന്റെ അവസാനഭാഗം ഇപ്പോഴും ഓര്‍മ്മയുണ്ട്‌.
`.....പൊന്നുകാപ്പരി..എന്റെ അച്ഛാ..
കണ്ണോടായാലും കാതോടായാലും
കരിങ്കണ്ണായാലും കരിഞ്ഞുപോട്ടെ...'
(അവസാനത്തെവരി അമര്‍ത്തി, ശാസനപോലെയാണ്‌ ഉരുവിടുക).
മന്ത്രം ചൊല്ലിയശേഷം ഒരു നുള്ള്‌ ഭസ്‌മമെടുത്ത്‌ കുട്ടിയെ തലവഴി ഉഴിഞ്ഞ്‌
ഗ്ലാസിലെ വെള്ളത്തില്‍ നിക്ഷേപിയ്‌ക്കും. ഇങ്ങിനെ പലകുറി.
ഇത്ര ലളിതസുന്ദരമായ മലയാളത്തിലുള്ള മന്ത്രം വേറെഎവിടേയും കണ്ടിട്ടില്ല.
തന്റെ ഫീസുവാങ്ങി അരയില്‍ തിരുകി, കുട്ടന്‍ പടിപ്പുര കടക്കുമ്പോഴേയ്‌ക്കും, കുട്ടി ഉഷാര്‍..!
വേറെ ഒന്നുമല്ല പറഞ്ഞുവന്നത്‌; ഇന്നു കുട്ടന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഞാനൊരു ഇന്‍സ്‌റ്റിറ്റിയൂട്ട്‌ തുടങ്ങുമായിരുന്നു:
`കോഴ്‌സസ്‌ ഓണ്‍ മന്ത്രവാദം ആന്റ്‌ അദര്‍ അപ്ലൈഡ്‌ സയന്‍സസ്‌..'
ഓരോ വീട്ടിലും ഓരോ മന്ത്രവാദി...!
എന്നാലെങ്കിലും സിദ്ധന്‍മാരുടെ അടുക്കല്‍പോയി തല്ലുകൊണ്ടു ചാവില്ലല്ലോ..?!.

Friday, October 3, 2014

സംരക്ഷണമോ..കുടിയോഴിപ്പിക്കാലോ..??


വടക്കുന്നാഥ ക്ഷേത്രത്തില്‍ ചെല്ലുന്നത്‌ ഭക്തിപാരവശ്യത്തിലല്ല.
കേന്ദ്രപുരാവസ്‌തു വകുപ്പിന്റെ കീഴിലാണ്‌ ക്ഷേത്രം.
ചരിത്രപ്പഴമ അത്രയധികം അതിനുണ്ട്‌...
നാലു മഹാഗോപുരങ്ങളുണ്ട്‌ ക്ഷേത്രത്തിന്‌. കിഴക്കും പടിഞ്ഞാറും ഗോപുരങ്ങളിലൂടെയാണ്‌ പ്രവേശനം.
ഇവിടെ കൂടുകൂട്ടിയിരുന്ന ഒരു പക്ഷിജാതി ഉണ്ടായിരുന്നു..
അമ്പലംചുറ്റി എന്നാണ്‌ കേരളത്തിലെ പക്ഷിനിരീക്ഷകരുടെ പിതാമഹനായ ഇന്ദുചൂഡന്‍ ഇതിനെ വിളിച്ചത്‌.. House swift എന്നു പേര്‍.
ഇവയുടെ കൂടുകള്‍ നിറഞ്ഞിരുന്നു ഈ ഗോപുരങ്ങളുടെ മോന്തായത്തില്‍.
മണ്ണുകൊണ്ടുള്ള കൂടുകള്‍..
ഇതൊക്കെ ഇല്ലാതായിരിക്കുന്നു. മണ്ണ്‌, ഉമിനീരില്‍ കലര്‍ത്തി കപ്പുപോലെ മോന്തായത്തില്‍ ഒട്ടിച്ചാണ്‌ ഇവ കൂടുണ്ടാക്കുക...
അന്തിമയങ്ങുമ്പോള്‍, ക്ഷേത്രത്തിനെ സദാ വലംവച്ചൊഴുകുന്ന ഇവയെ അമ്പലംചുറ്റി എന്നുവിളിച്ചതില്‍ തെറ്റുകാണാനാവില്ല.
സാധരണപക്ഷികളില്‍ നിന്നു വ്യത്യസ്ഥമായ കാലുകളാണ്‌ ഇവയുടേത്‌. ഒരു കൊളുത്തുപോലെ..
മരക്കൊമ്പിലൊന്നും ഇരിക്കാനാവില്ല. കെട്ടിടങ്ങളുടെ മൂലകളില്‍ തൂങ്ങിക്കിടക്കാം...
കളിമണ്ണുരുട്ടിക്കൊണ്ടുവന്ന്‌ ഉമിനീര്‍ചേര്‍ത്ത്‌ ഗോപുരമോന്തായത്തില്‍ കൂടുകൂട്ടുന്ന ഇവയ്‌ക്ക്‌, പുരാവസ്‌തുക്കാര്‍ ആണ്‌ ഭീഷണി.
വകുപ്പുകള്‍ വേറേയാണ്‌ എന്നു നമുക്കു പറയാം-മനുഷ്യര്‍ക്ക്‌.
ദൈവം പോലും അതറിഞ്ഞിട്ടുണ്ടാവില്ല..!
പുരാവസ്‌തുക്കാര്‍ സമുച്ചയം സംരക്ഷിക്കുമ്പോള്‍, ഭംഗികൂട്ടുമ്പോള്‍ ഇവയെ ആട്ടിയോടിക്കണോ...

Tuesday, September 30, 2014

ഓര്‍മ്മകള്‍ പിന്നോട്ടോടുന്നതെന്ത്‌ ?


കാരണമല്ല..കാരണങ്ങള്‍ തന്നെ ഉണ്ടാകാം.
അത്മാഭിമാനത്തെ സ്‌പര്‍ശിക്കുന്ന ഒരു സംഭവമുണ്ടായാല്‍ ഒരുവെളളക്കടലാസില്‍ ഒറ്റവരി...
അതുമതി.
അച്യുതവാര്യര്‍ സാറാണത്‌ കാണിച്ചു തന്നത്‌.
ഒരിക്കലല്ല. രണ്ടുതവണ.
തികഞ്ഞ ആഹ്ലാദത്തോടെ, ഹൃദയത്തില്‍നിന്നുള്ള പുഞ്ചിരിയോടെ അവര്‍ പടിയിറങ്ങി..
രക്തസാക്ഷി പരിവേഷം അണിയാതെ..പിറുപിറുക്കാതെ..ആരേയും കുറ്റപ്പെടുത്താതെ..
വീണ്ടും മനസ്സ്‌ പിന്നോട്ടോടുന്നു..സി.പി.രാമചന്ദ്രനില്‍ എത്തുന്നു.
ഹിന്ദുസ്ഥാന്‍ ടൈംസ്‌ എഡിറ്റര്‍ ബി.ജി.വര്‍ഗീസിനെ പത്രമുതലാളി ബിര്‍ള പിരിച്ചുവിടുന്നു. കാരണം പോലും കാണിക്കാതെ..!
അതിനെതിരേ ടൈംസിലിരുന്നുകൊണ്ടു തന്നെ സിപി കേസുകൊടുത്തു. കേസില്‍ ബിര്‍ളതോറ്റു. നിര്‍ണായകമായ കോടതിവിധി..
ഇതിനെ കുറിച്ച്‌ പിന്നെ സിപി പറഞ്ഞു:
He was not a good journalist. പക്ഷെ, എഡിറ്ററുടെ അഭിമാനം രക്ഷിക്കേണ്ടതുണ്ടെന്ന്‌ തോന്നി..!!
ഡെപ്യൂട്ടി എഡിറ്ററായി വിരമിച്ചു സിപി. സാധാരണ ഗതിയില്‍ രണ്ടുവര്‍ഷം കൂടി നീട്ടിക്കൊടുക്കാം. ബിര്‍ള അതു ചെയ്‌തില്ല.
സിപി ചിരിച്ചു. ഹൃദയത്തില്‍ നിന്നുളള ചിരി. മുമ്പിലിരിക്കുന്ന റമ്മില്‍ നിന്ന്‌ ഒരു സിപ്പ്‌ എടുത്തിട്ട്‌ പറഞ്ഞു:
`ഞാനൊന്ന്‌ പോയിക്കിട്ടിയാല്‍ മതിയായിരുന്നു അവര്‍ക്ക്‌. അവര്‍ക്ക്‌ എന്നെ പേടിയായിരുന്നു...!!'.
വീണ്ടും മനസ്സ്‌ പിറകിലേക്കോടി...
പോത്തനിലെത്തി. സക്ഷാല്‍ പോത്തന്‍ ജോസഫ്‌.
പത്രപ്രവര്‍ത്തകര്‍ക്ക്‌ മാന്യമായി ജീവിക്കാനുള്ള പ്രതിഫലം ലഭിക്കണമെന്ന്‌ വാശിപിടിച്ച എഡിറ്റര്‍. ഇതിനായി അദ്ദേഹം നിരന്തരം കലശല്‍കൂട്ടി.
വളര്‍ത്തി വലുതാക്കിയ പത്രസ്ഥാപനങ്ങളില്‍ നിന്നെല്ലാം വേദനയോടെ പടിയിറങ്ങി. ഹിന്ദുസ്ഥാന്‍ ടൈംസ്‌, ഇന്ത്യന്‍ എക്‌സ്‌പ്രസ്സ്‌, ഡെക്കാന്‍ ഹെറാള്‍ഡ്‌...
ഒരിക്കല്‍ പോലും അദ്ദേഹം സ്വയം രക്തസാക്ഷി പരിവേഷമണിഞ്ഞില്ല. പിറുപിറുത്തില്ല. അതിന്റെ ആവശ്യവുമില്ലായിരുന്നു.
അടുത്തിടെ ഉണ്ടായ ചില കാര്യങ്ങള്‍ നിരീക്ഷിച്ചപ്പോള്‍, അതിന്‍മേല്‍ നടന്ന ചര്‍ച്ചാ ബഹളം കണ്ടപ്പോള്‍ ഇതൊന്നു കുറിക്കണമെന്ന്‌ തോന്നി. എഴുതീട്ട്‌ വിശേഷമൊന്നുമില്ലെന്നറിയാം. എന്നാലും മനസ്സിന്‌ ഒരു സംതൃപ്‌തിയ്‌ക്കുവേണ്ടി..അതാണല്ലോ പ്രധാനം.

Friday, September 26, 2014

ആഹാ..! പൊടിക്കുരുവി എത്തീ..!!



ര്യാടന്‍ കനിഞ്ഞതുകൊണ്ട്‌, കിടപ്പുമുറിയുടെ തെക്കേ ജനാല തുറന്നിടാനിടയായത്‌ നന്നായി. അപ്പുറത്തെ വളപ്പിലെ മാവിന്റെ തണുപ്പാണാഗ്രഹിച്ചത്‌. കേട്ടത്‌ പരിചിതമായ പക്ഷിശബ്ദം...
`ചിരുരുവി...ചിരുവിറ്റ്‌...ചിരുരുവി...!
ആദ്യം സംശയിച്ചു. സൂക്ഷിച്ചു നോക്കിയപ്പോള്‍ ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍ ചാഞ്ചാടിക്കൊണ്ടും തെന്നിപ്പറന്നുകൊണ്ടും അവള്‍-ഒരു ചില്ലയില്‍ നിന്ന്‌ മറ്റൊരു ചില്ലയിലേയ്‌ക്ക്‌..ചിറകുകള്‍ പൂട്ടിയും തുറന്നും..!
സന്തോഷം.
അവര്‍ എത്തിയിരിക്കുന്നു: ഇളംപച്ചപൊടിക്കുരുവി എന്ന Greenish Leaf Warbler..!
നാലായിരം കിലോമീറ്റര്‍ സഞ്ചരിച്ചുളള വരവാണ്‌. പതിവുതെറ്റിക്കാതെ..!
നമ്മുടെ തള്ളവിരലോളം പോന്ന ഈ കൊച്ചുപക്ഷി, വരുന്നത്‌ ഹിമാലയത്തിനപ്പുറത്തുനിന്നും...
സെപ്‌തംബര്‍ മധ്യംമുതല്‍ ദേശാടകര്‍ എത്തിത്തുടങ്ങും. ഓരോ ജാതിക്കാര്‍ക്കും ഓരോ സമയം.
ഇക്കുറി ആദ്യം ദൃഷ്ടിയില്‍പ്പെട്ട ദേശാടകന്‍ ഈ നാലിഞ്ചുകാരന്‍/രി പച്ചപ്പക്ഷിയാണ്‌.
ശരീരത്തിനുപരിതലം ഇളംപച്ച. അടിവശം നരച്ചവെള്ള. കറുത്ത ഒരു കണ്ണെഴുത്തുണ്ട്‌. അതിനുമുകളില്‍ നരച്ച ഒരു പുരികവും. ചിറകിലും കാണാം ഒരു വെളളപട്ട.
സദാ ഇലക്കൂട്ടത്തില്‍ ഇരതേടി നടക്കുന്ന ഇവയെ ചലനംകൊണ്ടേ കാണ്ടെത്താവൂ. സദാ അസ്വസ്ഥരായി ചാടിയും മറിഞ്ഞു നടക്കും. ഒപ്പം ചിറകുകള്‍ തുറന്നുപൂട്ടും. കൂടെകൂടെ `ചിരുരുവി' എന്ന വിളിയും..
ഇവയുടെ ചിലപ്പ്‌ കേള്‍ക്കാന്‍ സുഖമുള്ളതാണ്‌. ശബ്ദമാണ്‌ ഇവയെ കണ്ടെത്താനുളള എളുപ്പവഴി. പ്രാണികളാണ്‌ മുഖ്യഭക്ഷണം.
സൈബീരിയയുടെ പടിഞ്ഞാറാണ്‌ ഇവയുടെ പ്രജനനകേന്ദ്രം. മഞ്ഞുമലകളും മരുഭൂമികളും താണ്ടി, ഇവ നമ്മുടെ വീട്ടുമുറ്റത്തെത്തുന്നു-കാലം പിഴയ്‌ക്കാതെ.
ആരാണ്‌ ഇവയ്‌ക്ക്‌ കലണ്ടര്‍ നിര്‍മ്മിച്ചുകൊടുക്കുന്നത്‌?. വഴിപിഴയ്‌ക്കാതെ നമ്മുടെ മണ്ണിലേയ്‌ക്കുളള ഭൂപടം കാണിച്ചുകൊടുക്കുന്നത്‌...?. ശാസ്‌ത്രത്തിന്‌ പലതരത്തിലുളള ഉത്തരങ്ങളാണ്‌. പക്ഷെ, എനിക്കിഷ്ടം എന്റെ മുന്‍തലമുറയും അതിനുമുമ്പുള്ള തലമുറയും അതിനും മുമ്പുള്ള കാരണവന്‍മാരും ഇവരെ കണ്ടിരുന്നു; ഇപ്പോള്‍ ഞാനും കാണുന്നു എന്നുമാത്രം വിശ്വസിക്കാനാണ്‌- അങ്ങിനെ കാലത്തിന്റെ ഒരു കണ്ണിയായിത്തീരാനാണ്‌..!. അതിലൊരു സുഖമുണ്ട്‌.

Tuesday, September 16, 2014

ഹൃദയത്തില്‍ തറഞ്ഞ ശബ്ദങ്ങള്‍..




നല്ലേപ്പിള്ളി എന്ന പാലക്കാടന്‍ ഗ്രാമത്തില്‍ വന്നുപെട്ട അഞ്ചുവയസ്സുകാരന്‍..
വീട്ടിനു മുന്നിലുണ്ടായിരുന്ന കരിമ്പനപട്ടകളില്‍, സായന്തനങ്ങളില്‍ കാറ്റുപിടിക്കുന്നു..
ഏട്ടന്‍ തൃശൂരില്‍ ഒന്നാംക്ലാസുകാരന്‍..
ഒറ്റപ്പെട്ട ബാല്യത്തില്‍ കരിമ്പനക്കാറ്റായിരുന്നു കൂട്ട്‌...
പില്‍ക്കാലത്ത്‌ ഈ ശബ്ദങ്ങളെ വീണ്ടെടുത്തുതന്ന ഒ.വി.വിജയന്‌ എത്രപ്രാവശ്യം നന്ദി പറഞ്ഞു എന്നറിയില്ല...!
യാത്രകളായിരുന്നു.
അച്ഛന്‌ സ്ഥലം മാറ്റം അനുസരിച്ച്‌..
ആരും ശ്രദ്ധിച്ചില്ല..
പക്ഷെ, ഞാന്‍ ശ്രദ്ധിച്ചു...
അവിടെ മരണം പോലും ആഘോഷമായിരുന്നു.
തപ്പട്ടകൊട്ടി, മരിച്ചയാളെ ഇരുത്തി, ശ്‌മശാനത്തിയേ്‌ക്ക്‌ ചുമന്നു കൊണ്ടുപോകുന്ന...
മുന്നില്‍ പടക്കം പൊട്ടിയ്‌ക്കും...
പൂരത്തിനു വെടിക്കെട്ടുനടത്തുന്ന സാമ്പ്രദായിക തൃശൂര്‍ക്കാരന്‌ അതു മനസ്സിലാവില്ല.. പക്ഷെ, കുട്ടിയായ ഞാന്‍ ഭയന്നു.
അതു മനസ്സില്‍ തറഞ്ഞു..
പുലര്‍ച്ചെ സൂര്യന്റെ ആദ്യകിരണങ്ങള്‍ ഉയരുംമുമ്പെ കേള്‍ക്കുന്ന നല്ലേപ്പിള്ളി ബ്രദേഴ്‌സിന്റെ നാഗസ്വര വാദനം..
ഇന്നും പത്രമെഴുത്തുകാര്‍ സംശയിക്കുന്നു- നാഗസ്വരമോ നാദസ്വരമോ..?
കരിമ്പനപ്പട്ടകള്‍ കാറ്റുപിടിക്കുമ്പോള്‍, സത്യത്തില്‍ ഓര്‍ക്കാന്‍ ഒരുപിടി ഓര്‍മ്മകള്‍...

Saturday, September 13, 2014

അവര്‍ ഭക്ഷണം കഴിച്ചിരിക്കുമോ..??



കുട്ടിക്കാലത്താണ്‌ മണ്ണാര്‍ക്കാട്‌ പൂരം കണ്ടത്‌. പൂരത്തോടനുബന്ധിച്ചു വന്ന സര്‍ക്കസായിരുന്നു കമ്പം. കുറച്ചുമനുഷ്യര്‍, അവരുടെ കുട്ടികള്‍, പിന്നെ ഒരു മുട്ടനാട്‌..
ഉണങ്ങിക്കിടക്കുന്ന പാടത്തെ കൊച്ചു കൂടാരത്തിലായിരുന്നു സര്‍ക്കസ്‌.
കസേരകളില്ല. കെട്ടിപ്പൊക്കിയ ഗാലറികളും.
നിരപ്പാക്കിയ പാടത്ത്‌ എല്ലാവരും വട്ടമിട്ടിരുന്നു. അറുപതുപൈസയാണ്‌ ഫീ എന്നാണോര്‍മ്മ..
മുട്ടനാട്‌ ഉയരത്തിലെ ഒറ്റക്കമ്പിയില്‍ക്കൂടി നടന്നു..!
അതിനു ഒത്തനടുവിലെ നാഴിപോലുളള ഒരു വസ്‌തുവില്‍ നിന്ന്‌ സൂക്ഷ്‌മതയോടെ വട്ടം തിരിഞ്ഞു...!
അതുകണ്ട്‌ കോരിത്തരിച്ചു; ആവേശത്തോടെ കൈയടിച്ചു..
ഇന്നലെ, നഗരത്തിലെത്തിയ ഒരു സര്‍ക്കസ്സിനുപോയി. കൊച്ചുമരുമക്കളുടെ നിര്‍ബന്ധം.
മൃഗങ്ങളൊന്നുമില്ല. നിയമം മാറിയിരിക്കുന്നു.
മൂന്നു പട്ടിക്കുട്ടികള്‍, രണ്ടു കുതിരകള്‍...
ഷോ തുടങ്ങുമ്പോള്‍ മുന്നൂറുപേര്‍ തികച്ചില്ല, കാഴ്‌ചക്കാരായി..! ഒഴിഞ്ഞ കസേരകലാണ് അധികവും..
പതിവുപോലെ, ആണുങ്ങളും പെണ്ണുങ്ങളും തിളങ്ങുന്ന വസ്‌ത്രങ്ങളൊക്കെയായി വന്നു. മെയ്‌വഴക്കവും അഭ്യാസചാതുരിയും പ്രകടിപ്പിച്ചു..
ആഹ്‌ളാദത്തിന്റെ ഒരു ലാഞ്‌ജനയും പ്രതിഫലിച്ചില്ല, മനസ്സില്‍..
കീറിപ്പറിഞ്ഞ കൂടാരത്തിന്റെ മോന്തായത്തിലേയ്‌ക്ക്‌ കണ്ണുപായിച്ചിരുന്നു.
കോവിലനെ കാണുമ്പോള്‍, അയല്‍പക്കത്തെ സ്‌ത്രീകള്‍ നാണത്തോടെ പറയുമായിരുന്നത്രെ: `ഈ അയ്യപ്പേട്ടന്‍ എപ്പോഴും വയറിലേയ്‌ക്കേ നോക്കൂ..'
അതേ, ആ നോട്ടത്തിന്‌ മറ്റൊരര്‍ത്ഥവും ഉണ്ടായിരുന്നില്ല. ഇവര്‍ ഭക്ഷണം കഴിച്ചിരിക്കുമോ എന്നു മാത്രമായിരുന്നു.
വിശപ്പ്‌..!
സത്യം, റിംഗിലെ വെള്ളിവെളിച്ചത്തില്‍ തിളങ്ങുന്ന ഇവരെ കണ്ടപ്പോള്‍ മനസ്സിനോട്‌ ഞാന്‍ ചോദിച്ചത്‌ അതാണ്‌-
ഇവര്‍ വയര്‍നിറയേ ഭക്ഷണം കഴിച്ചിട്ടുണ്ടാകുമോ..?

Monday, September 8, 2014

കാലത്തിലെ ഒരു കണിക



സന്ധ്യാകാശത്തിന്‌ ചുവപ്പല്ല, ചാരം പടരുമ്പോള്‍ പുറത്തിറങ്ങാത്തവര്‍ക്കും കേള്‍ക്കാം-ക്വാക്ക്‌..ക്വാക്ക്‌..!!.
സെപ്‌തംബറായി.
സന്ദര്‍ശകര്‍ എത്തുകയാണ്‌.
കാട്ടുവാത്തകള്‍ വരിവച്ചു പറക്കാന്‍ തുടങ്ങുന്നു. ട്രാഫിക്‌ ബ്ലോക്കൊന്നുമില്ല. അഞ്ചോ ആറോ...ചിലപ്പോള്‍ കൂടുതല്‍..
മുമ്പില്‍ ഒന്ന്‌..പിറകെ ശരാകൃതിയില്‍ മറ്റുള്ളവ..
റിപ്പബ്ലിക്‌ ഡേയ്‌ക്ക്‌ സൈനികരുടെ കാല്‍വെയ്‌പ്പുപോലെ, ചിട്ടയില്‍..
ചന്ദ്രികപടരുന്ന ആകാശത്തേയ്‌ക്കു നോക്കി വെറുതെ ഇരിക്കുമ്പോഴാണ്‌, ആയിരമടിയെങ്കിലും മുകളില്‍ ഇവയുടെ പ്രയാണം..
അവരേയും എന്നെയും ബന്ധിപ്പിക്കുന്നത്‌ ചെറിയ ശബ്ദവീചികളാണ്‌..!
എന്തോ ഓര്‍മ്മിപ്പിയ്‌ക്കുന്നു ഈ ശബ്ദം..
ബഹളം നിറഞ്ഞ നഗരത്തിനു മുകളിലൂടെ ഇവര്‍ നീങ്ങുന്നു..
പതിറ്റാണ്ടുകള്‍...ശതാബ്ദങ്ങള്‍...അതിലും കൂടുതല്‍...
അവര്‍ ഈ മാര്‍ഗ്ഗത്തിലൂടെ തന്നെ തീര്‍ത്ഥാടനം നടത്തി..
ഇപ്പോഴും തുടരുന്നു...!!
ഒന്നും മനസ്സിലാകാതേ, കാലത്തിലെ ഒരു കണികയായി ഈസിചെയറില്‍ ഞാനും...!!

Thursday, August 21, 2014

എന്താടോ വാര്യരേ നന്നാവാത്തേ..??



ന്ത്രവാദം വശണ്ടോ എന്നായിരുന്നു ചോദ്യം.
ആവാമെന്നു ഞാന്‍...
തറവാട്ടിലെ മൂത്ത ഒരു കാരണവര്‍ മന്ത്രവാദിയായിരുന്നു എന്നു മുത്തശ്ശിമാര്‍ പറയാറുണ്ട്‌. 
നാരായണമ്മാമന്‍..
ഒടിയന്‍മാരെ പിടിച്ചപിടിയാലെ നിര്‍ത്തിയയാള്‍..!. പാരമ്പര്യത്തിന്‌ ഈ കഥകള്‍ ധാരാളം...!
ഒരിടക്കാലത്ത്‌ ജ്യോതിഷം പഠിച്ചുനോക്കിയിരുന്നു. ആ അറിവിലാണ്‌ ആശാന്റെ വരവ്‌..
എനിക്ക്‌ കാലദോഷണ്ട്‌..
ആ..എന്താ നാള്‌..?
.........ആണ്‌.
ഓ..അഷ്ടമവ്യാഴം. ഒക്‌ടോബര്‍ കഴിഞ്ഞാല്‍ ഏഴരശ്ശനി തുടങ്ങും..
പരിഹാരം ല്യേ..?
പലഹാരോ...?
അല്ല പരിഹാരം..?!
ഒന്നൂല്യാ..സ്വന്തം കര്‍മ്മങ്ങള്‍ അനുഷ്‌ഠിക്കാ..മറ്റുളളവരെ കുറിച്ച്‌ ദുഷിപ്പൊന്നും പറയാതെയും വിചാരിക്കാതേയും..അതുമതി.
ആയുസ്സിന്‌..?
ഹേയ്‌...അങ്ങനൊന്നുമില്ല. `അലംഘനീയാ കമലാസനാജ്ഞാ' എന്നല്ലേ..?. കമലാസനന്‍ ച്ചാല്‍ ബ്രഹ്മാവേയ്‌..മൂപ്പരുടെ ആജ്ഞ ലംഘിക്കാന്‍ പറ്റില്ല. സമയായാ പോവന്നെ..!
ഹും...!.വഴിപാട്‌ എന്തെങ്കിലും..?
ഒന്നും വേണ്ടേയ്‌..അവനവന്റെ മനസ്സും പ്രവര്‍ത്തിയും നന്നാക്കാ..അത്രേന്നെ.
പോകുംവഴി, പടിക്കലെത്തിയ മൂപ്പിലാന്‍ പെട്ടെന്നു തിരിച്ചുവന്നു..
`അല്ലാ..നമ്മുടെ ****ന്റെ കാര്യം അറിഞ്ഞില്ലേ? ഭയങ്കര വെള്ളാത്രെ..!.
ഓ...
`അവന്റെ ഭാര്യയ്‌ക്ക്‌ ജോലിസ്ഥലത്തൊരു....'
തലയും താടിയും ഒന്നിച്ചു ചൊറിഞ്ഞ്‌ ഞാന്‍ മനസ്സില്‍ പറഞ്ഞു:
എന്താടോ വാര്യരേ താന്‍ നന്നാവാത്തേ..??!!


അപ്പൂന്‌ പരോശാ



ടുത്തുവന്ന്‌ ആകെയൊന്നു നോക്കും. പിന്നെ, ചുളിഞ്ഞ വിരലുകള്‍കൊണ്ടു തലയില്‍ കുറെ നേരം തടവും.. അതു മുഖംവഴി താഴേയ്‌ക്കിഴഞ്ഞ്‌ നെഞ്ചിലെത്തും..നെഞ്ചില്‍ കുറേനേരം അമര്‍ത്തി തടവിയിട്ടു പറയും: 
അപ്പൂന്‌ പരോശാ...!!
ഞാനൊരുകാലത്തും ഒരു `ഗഡാഗഡിയ'നായിരുന്നില്ല.
എന്നാലും പറയും-
അപ്പൂന്‌ പരോശാ..!
പിന്നെ ഉപദേശമാണ്‌. ശരീരം നോക്കണം...നേരാനേരത്ത്‌ ആഹാരം..
ചോദിച്ചാല്‍ മാത്രം അവരുടെ പരവശതകള്‍ പറയും.
മൂന്നു മുത്തശ്ശിമാര്‍..
തറവാട്ടില്‍, വഴിപോക്കനെപ്പോലെ വല്ലപ്പോഴും കയറിച്ചെല്ലുമ്പോഴും ഇന്നലെ യെന്നതുപോലെ-
അവര്‍ എല്ലാം ഓര്‍ത്തുവയ്‌ക്കുന്നു.
നാലുകെട്ടില്‍ ഒതുങ്ങാതെ അവരുടെ സ്‌നേഹം എല്ലാവരുടേയും സൗഖ്യം അന്വേഷിച്ചുകൊണ്ടിരുന്നു, എപ്പോഴും.
കാലത്തിന്റെ അനിവാര്യത; അവരാരും ഇന്നില്ല.
തറവാട്ടുമുറ്റത്തെത്തുമ്പോള്‍, ഇപ്പോഴും മനസ്സിലിരുന്ന്‌ ആരോ പറയും-
അപ്പൂന്‌ പരോശാ..!!

Monday, August 18, 2014

ഇന്നത്തെ പരിപാടി..



തിരക്കുണ്ടായിരുന്നതിനാല്‍ രാവിലെ പത്രം മറിച്ചുനോക്കിയില്ല. തെറ്റായിപ്പോയി..!. നോക്കിയിരുന്നെങ്കില്‍ അന്നു തീര്‍ച്ചയായും ലീവെടുത്തേനേ..
ബ്യൂറോയിലെത്തിയ ശേഷമാണ്‌ പത്രം മറിച്ചുനോക്കിയത്‌..
അപ്പോഴും പ്രശ്‌നം ഒന്നും തോന്നിയില്ല.
കൊടുങ്ങല്ലൂര്‍ ലേഖകന്റെ ഫോണ്‍കിട്ടിയപ്പോഴാണ്‌ ഞെട്ടിയത്‌.
ഒരു വിവാഹവാര്‍ത്ത അയച്ചിരുന്നു.
അതു പത്രത്തില്‍ അടിച്ചുവന്നിരിക്കുന്നത്‌, ഇന്നത്തെ പരിപാടി എന്ന സ്ലഗിന്റെ ചുവട്ടില്‍..!!
അതേയ്‌..ബാലുസാറേ..ഇന്നു നല്ല പരിപാടിയായിരിക്കും അല്ലേ?- എന്തിനും ദ്വയാര്‍ത്ഥം കല്‍പ്പിച്ചു സംസാരിക്കുന്ന ലേഖകന്റെ കൊട്ട്‌ കേട്ടില്ലെന്ന്‌ നടിച്ചു.
ഡെസ്‌കില്‍ വിളിച്ചു പരാതി പറഞ്ഞപ്പോള്‍ ചിരിച്ചുകൊണ്ടു മറുപടി: അണ്ണാ, ഒരബദ്ധം പറ്റി...!!
എനിക്കു ചിരിവന്നില്ല..

Wednesday, August 6, 2014

മലയാളവത്‌ക്കരണം





ജ്യേഷ്‌ഠാനുജന്‍മാരായ വേലുവും ശങ്കരനും ചൂടിലാണ്‌.
വേലു: ശിഷ്ടകാലം പൃഷ്‌ഠോം ചൊറിഞ്ഞു കഴിഞ്ഞോ...
ശങ്കരന്‍: അല്ല, താന്‍ ഇപ്പന്തേ ചെയ്‌തോണ്ടിരിക്കണേ ആവോ പിന്നെ..?
വേലു: അതു നിന്റെ തന്തോട്‌ ചോയിക്ക്‌..!
ശങ്കരന്‍: അതിനു ഇനി പരലോകം വരെ പോണ്ടെ പുന്നാരമോനേ..?
വാക്കു തര്‍ക്കം കൈയാങ്കളിയിലേയ്‌ക്കു നീങ്ങും മുമ്പെ എടപെട്ടളഞ്ഞു..
ഒരാള്‍ ജോലി കളഞ്ഞതും മറ്റേയാള്‍ ജോലിയില്‍ കടിച്ചു തൂങ്ങിയതുമാണ്‌ കഥാ സന്ദര്‍ഭം..അയാള്‍ക്കു താത്‌പര്യമില്ലാത്ത സാഹചര്യത്തില്‍ ജോലി ഉപേക്ഷിച്ചതിനെ കുറിച്ചാണ്‌ വിമര്‍ശം.
ഞാന്‍: അല്ലേയ്‌..നമുക്ക്‌ വേറെ ജോലി നോക്കാലോ..?
വേലു: അദ്‌പ്പൊ എടുത്തു വച്ചേയ്‌ക്കാ..? ങക്കെന്താ മേനോങ്കുട്ട്യേ..?
ഇത്രയും കഴിഞ്ഞപ്പോള്‍ മേശവലിപ്പില്‍ ചില്ലറ എണ്ണിക്കൊണ്ടിരുന്ന ഉടമ രാവുണ്ണ്യാര്‌ തലയുയര്‍ത്തി നോക്കി.
അല്ല..വേലുണ്ണ്യേ പൃഷ്‌ഠം ചൊറിഞ്ഞുകൊടുത്താ ജോലി സ്ഥിരാവും ച്ചാ..അനക്ക്‌ അതവനെ അങ്ങട്‌ പഠിപ്പിച്ചൂടെ..ഓന്‌ അറിയാഞ്ഞിട്ടല്ലെ..!
അപ്പോള്‍ പഴംപൊരി കടിച്ചുപറിച്ചുകൊണ്ടിരുന്ന കുഞ്ഞാലി:
ഹെയ്‌..ന്റെ നായരെ എന്താ ങള്‌ പറഞ്ഞ ആ വാക്ക്‌...പൃഷ്‌ഠോ?..കസ്റ്റം..! അയിന്‌ മലയാളം ബാക്കില്ലേന്ന്‌..?
പെട്ടെന്ന്‌ പക്ഷി പറന്നുപോയതുപോലെ ഒരനുഭവം ഉണ്ടായി. തിരിഞ്ഞുനോക്കുമ്പോള്‍ പകുതി ഒഴിഞ്ഞ രണ്ടു ചായഗ്ലാസ്‌ മാത്രം കണ്ടു..വേലുവും ശങ്കരനും അപ്രത്യക്ഷരായിരിക്കുന്നു..!!

Tuesday, July 29, 2014

ആത്മാര്‍ത്ഥത എന്നൊന്ന്‌ ഉണ്ട്‌!

അരങ്ങുകാണാത്ത നടന്‍




ഹലോ ബാലൂ...ഞാനാ ഗിരീഷ്‌..Gireesh Janardhanan
ഉച്ചതിരിഞ്ഞ്‌ അപ്രതീക്ഷിതമാെയത്തിയ വിളിയില്‍ സ്‌നേഹം. രോഗവിവരങ്ങള്‍ തിരക്കി. ചില നിര്‍ദ്ദേശങ്ങളും. കൂടെ, പുസ്‌തകങ്ങള്‍ വായിക്കൂ എന്നൊരുപദേശവും. 
പിന്നെ ഒരു ചോദ്യം: തിക്കോടിയന്റെ ആത്മകഥയുണ്ടോ കയ്യില്‍..?
ഉണ്ടെന്നു ഞാന്‍. മാതൃഭൂമിയില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചതു മുതല്‍ വായിച്ചതാണ്‌. പിന്നീട്‌ ആദ്യമായി എന്‍ബിഎസ്‌ പുസ്‌തകരൂപത്തിലാക്കിയപ്പോള്‍ വാങ്ങി.- അരങ്ങുകാണാത്ത നടന്‍.
പുസ്‌തകം കൈയിലുണ്ട്‌.
അതു വായിക്കൂ എന്ന്‌ ഗിരീഷ്‌..
അദ്ദേഹത്തിന്റെ കുടുംബവിശേഷവും തിരക്കി ഫോണ്‍വച്ചു.
അരങ്ങുകാണാത്ത നടന്‍ വീണ്ടും കൈയിലെടുക്കുമ്പോള്‍ മനസ്സ്‌ സന്ദേഹിച്ചു. എന്തേ ഗിരീഷ്‌ ഈ പുസ്‌തകം പേരെടുത്തു നിര്‍ദ്ദേശിക്കാന്‍..?
വര്‍ഷങ്ങളായി പുനര്‍വായനക്കെടുക്കാത്ത ഈ പുസ്‌തകം...?
വായനതുടങ്ങിയപ്പോള്‍ നഷ്ടം ബോധ്യമായി. ഒന്നല്ല, പലകുറിവായിക്കേണ്ട ഒന്നായിരുന്നു ഇത്‌. ശുഭാപ്‌തിവിശ്വാസവും പ്രസന്നതയും മനുഷ്യസ്‌നേഹവും ഓളംവെട്ടുന്ന സ്‌മരണകള്‍..!
ഫേസ്‌ബുക്കിലെ അര്‍ത്ഥമില്ലായ്‌മകളില്‍ മടുപ്പുതോന്നിയപ്പോള്‍, പലപ്പോഴും വിട്ടുപോകണമെന്ന്‌ ഉദ്ദേശിച്ചതാണ്‌. പക്ഷെ, ഇത്തരം ചില സൗഹൃദങ്ങള്‍ ഈ സാമൂഹ്യവലയെ അവിസ്‌മരണീയമാക്കുന്നു. ഗിരീഷ്‌ജി എന്നെ സംബന്ധിച്ച്‌ ഇപ്പോഴും അരങ്ങുകാണാത്ത നടനാകുന്നു. എന്റെ ജീവിതനാടകത്തില്‍ ഇപ്പോഴും അദ്ദേഹം സ്ഥൂലമായി പ്രത്യക്ഷപ്പെട്ടിട്ടില്ല. നസീറിന്റെ പുസ്‌തകപ്രകാശനത്തിനു കാണാമെന്ന്‌ വാക്കു പറഞ്ഞതായിരുന്നു. അപ്പോഴേക്കും രോഗം കീഴ്‌പ്പെടുത്തി. അന്നു രാത്രിയും അദ്ദേഹം തൃശൂരെത്തിയപ്പോള്‍ വിളിച്ചു..
fb സുഹൃത്തായ ലക്ഷ്‌മിയേടത്തി Lakshmi S Indrambilly എന്നോടു ഒരു ചോദ്യം ചോദിച്ചു: ബാലൂ ആത്മാക്കളുണ്ടോ..?
നിശ്ചയമായും എനിക്കു അറിയാത്ത ഒരു സംഗതിയാണ്‌. പക്ഷെ, ഒന്നുറപ്പിക്കാം- ആത്മാര്‍ത്ഥത എന്നൊന്ന്‌ ഉണ്ട്‌!.

Thursday, July 17, 2014

ചില മോഹങ്ങള്‍..




1985 മുതലാണ്‌ തുടങ്ങിയത്‌. പത്താം ക്ലാസ്‌ കഴിഞ്ഞ്‌. യാദൃച്ഛികമായി തൃശൂര്‍ പ്രസ്സ്‌ ക്ലബിനു ചുവട്ടിലുള്ള വിദ്യാര്‍ത്ഥിമിത്രം പുസ്‌തകശാലയില്‍ നിന്ന്‌ ഒരു പുസ്‌തകം വാങ്ങി. ഇന്ദുചൂഡന്റെ, 'പക്ഷികളും മനുഷ്യരും'. അതൊരു വഴിത്തിരിവായിരുന്നു. പക്ഷിനിരീക്ഷണം എന്ന ശാസ്‌ത്രീയ വിനോദത്തിലേയ്‌്‌ക്ക്‌. ഈ കാലം വരെ അതു സ്വന്തം ഇഷ്ടത്തില്‍ നടത്തിവരുന്നു. പിന്നീട്‌, സലീം അലിയും റിപ്ലിയും ഒക്കെ പരിചിതരായെങ്കിലും കെ.കെ.നീലകണ്‌ഠന്‍ എന്ന ഇന്ദുചൂഡനെയായിരുന്നു എനിക്കിഷ്ടം. `കേരളത്തിലെ പക്ഷികള്‍' എന്ന അദ്ദേഹത്തിന്റെ പുസ്‌തകം പ്രസിദ്ധീകരിച്ചത്‌ സാഹിത്യഅക്കാദമി. അന്നു അറുപത്തഞ്ച്‌ രൂപ വില. പ്രീപെയ്‌ഡ്‌ അടച്ചു. നാല്‍പ്പത്തഞ്ചേ ആയുള്ളൂ.
മലയാളത്തില്‍ തികച്ച്‌ പത്തുപക്ഷികള്‍ക്കു പേരില്ല, എന്ന അദ്ദേഹത്തിന്റെ പരാമര്‍ശം അന്നേ ഞെട്ടിച്ചു. നാട്ടുപേരുകള്‍...ഓരോ സ്ഥലത്തും ഓരോന്ന്‌. മിക്കപക്ഷികള്‍ക്കും അദ്ദേഹം തന്നെ പേരുകള്‍ പുസ്‌തകത്തില്‍ കല്‍പ്പിച്ചു. ഉദാഹരണത്തിന്‌ തനി നാട്ടിന്‍ പുറത്തുകാരനായ, പനകളില്‍ ജീവിക്കുന്ന ഒരു പക്ഷിക്ക്‌- ഇണക്കാത്തേവന്‍. കാരണം ഈ പക്ഷിയെപ്പോഴും ഇണയോടൊപ്പമേ കാണൂ..!.
ഈ മനുഷ്യനെ നാം ഒരു ശാസ്‌തജ്ഞനായേ കണ്ടില്ല. സമഗ്രമായ പക്ഷി പഠനം ഇതു പോലെ നിസ്വാര്‍ത്ഥമായി നടത്തിയ മനുഷ്യനില്ല. പാലക്കാട്ടെ കാവശ്ശേരിയിലായിരുന്നു അദ്ദേഹത്തിന്റെ അവസാനകാലം. ഞാന്‍ ഇദ്ദേഹവുമായി എഴുത്തുകുത്തു നടത്തി. എന്നെ ബോംബെ നാച്ചുറല്‍ ഹിസ്‌റ്ററി സൊസൈറ്റി അംഗമാക്കിയതും അദ്ദേഹത്തിന്റെ ഉപദേശം. മുഴുവന്‍ സമയ പക്ഷിനിരീക്ഷനോ ശാസ്‌ത്രജ്ഞനോ ആകാന്‍ എനിക്കു യോഗ്യതയില്ലായിരുന്നു. ബികോം പഠിച്ച എനിക്ക്‌..പക്ഷിശാസ്‌ത്രജ്ഞനാകാന്‍ ബിഎസ്സ്‌സി വേണം..നടക്കാതേ പോയ മോഹങ്ങളിലേയ്‌ക്ക്‌ ഒന്നു കൂടി...
ഇന്ദുചൂഡന്റെ കത്ത്‌..