Friday, January 31, 2014

വല്ലാത്തൊരു....


പാടത്തിന്റെ കരയിലെ തെങ്ങിന്‍ പറമ്പിലായിരുന്നു അവനെ കെട്ടിയിരുന്നത്‌. അര്‍ജുനന്‍. തൃശൂരിലെ പ്രശസ്‌ത ബിസിനസ്സ്‌ ഗ്രൂപ്പിന്റെതാണ്‌ അവന്‍. ഞങ്ങള്‍ അന്ന്‌ സ്‌കൂള്‍കുട്ടികള്‍. എന്നും അവനെ ചെന്നു നോക്കി നില്‍ക്കും. അവന്‌ എന്തോ ചികിത്സയാണെന്നു പറഞ്ഞു. 
ഒരു ദിവസം, നന്നെ രാവിലെ തെങ്ങിന്‍ പറമ്പില്‍ ആള്‍ക്കൂട്ടം. ഓടിച്ചെന്നു നോക്കിയപ്പോള്‍, അവന്‍ ചെരിഞ്ഞുവീണു കിടക്കുന്നു. പിന്‍കാലില്‍ ചങ്ങല വലിഞ്ഞു നിന്നു. രാത്രിയായിരിക്കണം സംഭവിച്ചത്‌..
കൊമ്പുകുത്തി വീണപാട്‌ മണ്ണിലുണ്ട്‌.
അവന്‍ ചരിഞ്ഞിരിക്കുന്നു....
സ്‌കൂളില്‍ പോയി മടങ്ങുമ്പോള്‍, തെങ്ങിന്‍ പറമ്പില്‍ ടര്‍പോളിന്‍ കൊണ്ടു വളച്ചുകെട്ടിയിട്ടുണ്ട്‌. അതിനുചുറ്റുമുള്ള വിടവുകളിലൂടെ ആളുകള്‍ തിങ്ങിക്കൂടി നോക്കി നില്‍ക്കുന്നു.
അവനെ ദഹിപ്പിക്കാന്‍ കൊണ്ടുപോകുകയാണ്‌. ലോറിയില്‍കയറ്റണം.
വെട്ടിനുറുക്കി കഷ്‌ണംക്കഷ്‌ണമാക്കി വേണം അത്‌...!!.
ഉള്ളിലൂടെ ഒരു വിറപാഞ്ഞു....
നാലുജോലിക്കാര്‍ റെഡിയായി നില്‍ക്കുന്നു. അവരുടെ ശരീരമാസകലം എണ്ണയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത്‌ പുരട്ടിപ്പിടിപ്പിച്ചിട്ടുണ്ട്‌. ആനയുടെ രക്തം ശരീരത്തില്‍ പുരണ്ടാല്‍, കുഷ്‌ഠരോഗമുണ്ടാകുമെന്ന്‌ വിശ്വാസം..
കോടാലി, വെട്ടുകത്തി തുടങ്ങിയ ആയുധങ്ങളുമായി അവര്‍ തുടങ്ങി.
മേല്‍നോട്ടത്തിനു വെറ്ററിനറി ഡോക്ടറുണ്ട്‌.
ആദ്യം അവന്റെ അഭിമാനമായിരുന്ന തുമ്പിക്കൈ അരിഞ്ഞു മാറ്റിവച്ചു...!!.
പിന്നെ കാലുകള്‍....
കാലുകള്‍ മുറിച്ചുമാറ്റി വച്ചപ്പോള്‍ സ്‌റ്റൂളുകള്‍ പോലെ!.
സര്‍വ്വത്ര ചോര..!!. രൂക്ഷമായ ഒരു ഗന്ധവും..!!.
പിന്നെ കൊമ്പ്‌ വെട്ടിയെടുത്തു. പിളര്‍ന്ന മസ്‌തകവുമായി അവനങ്ങനെ...
വാരിയെല്ല്‌ വെട്ടിപ്പൊളിച്ചു തുറന്നു വച്ചപ്പോള്‍ ഞെട്ടി...
കാറിന്റെ ഡിക്ക്‌ തുറന്നുവച്ച പോലെയായിരുന്നു അത്‌. അകത്ത്‌ ഫുട്‌ബോള്‍ ബ്ലാഡറുകള്‍ പോലെ തോന്നിച്ച കുടല്‍..
ഡോക്ടര്‍ മുന്നോട്ടാഞ്ഞ്‌ അതില്‍ ഒന്നു കീറി. ഉറക്കാതെ കിടക്കുന്ന പിണ്ടം. മറ്റൊന്നില്‍ ശരിക്കുളള ആനപ്പിണ്ടം...
എരണ്ടകെട്ടാണെന്ന്‌ ഡോക്ടര്‍, ശിഷ്യന്‍മാരോട്‌.
ഈ അവസ്ഥയില്‍ അവിടെ തുടരുക പ്രയാസമായി. തലച്ചോറു മരവിപ്പിക്കുന്ന ദുര്‍ഗന്ധം...
രാത്രി എപ്പോഴോ അവനെ പല കഷ്‌ണങ്ങളായി കൊണ്ടുപോയി. കാഞ്ഞിരപ്പള്ളിയിലെ ഏതോ എസ്‌റ്റേറ്റിലേയ്‌ക്ക്‌. കത്തിത്തീരാന്‍ വിറകുമാത്രം പോര. വാഹനങ്ങളുടെ ടയറും ഉപയോഗിക്കുമത്രെ...!.
ആദ്യവും അവസാനവും കണ്ട ഒരു വെട്ടിപ്പൊളിക്കല്‍ ചടങ്ങ്‌..
ഇന്നു ക്രെയിനായി. ജഡം തൂക്കിയെടുത്ത്‌ ലോറിയില്‍ വയ്‌ക്കും...
സുന്ദരന്‍മാരായ ഗജവീരന്‍മാരെ നോക്കിനില്‍ക്കുമ്പോള്‍ ഇപ്പോഴും ഇൗ കാഴ്‌ച മനസ്സില്‍ ഉയര്‍ന്നുവരും.
തുമ്പികൈയില്ലാതെ, പിളര്‍ന്ന മസ്‌തകവുമായി കിടക്കുന്ന...

Monday, January 27, 2014

യക്ഷിക്കഥകളില്‍ മയങ്ങുന്ന കടമറ്റത്തുപള്ളി



മന്ത്രവാദകഥകളില്‍ ഏറ്റവും പ്രസിദ്ധം കടമറ്റത്തച്ചന്റേതാണ്‌. നാടകങ്ങളും സിനിമയും അച്ചനെ കുറിച്ച്‌ ഉണ്ടായിട്ടുണ്ട്‌. ഇന്ന്‌ സീരിയലുകളിലൂടെ അത്‌ കൂടുതല്‍ ജനകീയമാവുകയും ചെയ്‌തിരിക്കുന്നു. കടമറ്റത്തച്ചനിലൂടെ ഏറെ പ്രസിദ്ധിയാര്‍ജിച്ച കടമറ്റം പളളി കാണുമ്പോള്‍ ഓര്‍മ്മകളുടേയും കേട്ടുകേഴ്‌വിയുടേയും പഴങ്കഥകളുടേയും ഒരു പ്രവാഹം തന്നെ മനസ്സിലൂടെ കടന്നു പോകും. ദേശീയ പാത 49ല്‍ മൂവാറ്റുപുഴയ്‌ക്കും കോലഞ്ചേരിക്കും മധ്യേയാണ്‌ പ്രസിദ്ധമായ കടമറ്റം പള്ളി. സെന്റ്‌ ജോര്‍ജ്‌ ജാക്കബൈറ്റ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ എന്നാണ്‌ ശരിയായ പേര്‌. ഒമ്പതാം നൂറ്റാണ്ടിലാണ്‌ ഈ പള്ളി സ്ഥാപിച്ചതെന്നാണ്‌ വിശ്വസിക്കുന്നത്‌. ചിലരേഖകള്‍ ഏഡി 865ല്‍ ആണെന്നും സൂചിപ്പിക്കുന്നു. എന്തായാലും പഴമകൊണ്ടും വാസ്‌തുശാസ്‌ത്ര പ്രത്യേകതകള്‍ കൊണ്ടും മനസ്സില്‍ അത്ഭുതാദരങ്ങള്‍ ഉണ്ടാക്കുന്നതാണ്‌ ഈ ദേവാലയം.
മാന്ത്രിക വിദ്യകളില്‍ നൈപുണ്യം നേടിയ കത്തനാര്‍ ഒട്ടേറെ അത്ഭുതങ്ങള്‍ ചെയ്‌തതായി ഐതിഹ്യങ്ങളുണ്ട്‌. എന്നാല്‍ കത്തനാര്‍ക്കും മുമ്പ്‌ വാസ്‌തുവിദ്യാപരമായും ചരിത്രപരമായും ഒട്ടേറെ സവിശേഷതകളുണ്ടായിരുന്നു കടമറ്റത്തുപള്ളി.
കൂത്തമ്പലത്തിന്‍റേയും കൊട്ടാരനടനമാളികയുടേയും വാസ്‌തുവിദ്യയ്‌ക്കനുസരിച്ചാണ്‌ പള്ളിയുടെ പ്രവേശനകവാടം. കവാടത്തിലെ മുഖപ്പാകട്ടെ ക്ഷേത്രങ്ങളിലേതുപോലെയും. എന്നാല്‍ പള്ളിയുടെ മുഖവാരം പോര്‍ച്ചുഗീസ്‌ വാസ്‌തുവിദ്യയുടെ തനിപകര്‍പ്പാണ്‌. പള്ളിയുടെ പിന്നിലും വശങ്ങളിലും ഉള്ള ഉയര്‍ന്ന തൂണുകള്‍ പ്രാചീന ക്രൈസ്‌തവ വാസ്‌തുവിദ്യ ശൈലിയില്‍ തീര്‍ത്തിട്ടുള്ളവയാണ്‌. അതായത്‌ കേരളത്തില്‍ സ്വാധീനം ചൊലുത്തിയിട്ടുള്ള വാസ്‌തുവിദ്യകളുടേയും തനി കേരളീയ വാസ്‌തുവിദ്യയുടേയും സംതുലിത രൂപമാണ്‌ കടമറ്റം പള്ളി.
പള്ളിയിലുള്ള പാതാള കിണറാണ്‌ മറ്റൊരു ശ്രദ്ധേയമായ ഒന്ന്‌ കടമറ്റത്തു കത്തനാരെ പാതാളരാക്ഷസന്മാര്‍ ഈ കിണറ്റിലൂടെയാണ്‌ പാതാളത്തിലേക്ക്‌ പിടിച്ചുകൊണ്ടു പോയതെന്നും അവിടെനിന്ന്‌ മാന്ത്രികവിദ്യകള്‍ പഠിച്ചശേഷം കത്തനാര്‍ കിണറ്റിലൂടെ തന്നെ രക്ഷപെട്ടു വരികയായിരുന്നു എന്നുമാണ്‌ വിശ്വാസം. രക്ഷപ്പെട്ട കത്തനാരെ തിരക്കി പാതാളരാക്ഷസന്മാര്‍ പള്ളിയിലെത്തിയെന്നും കാണാതായപ്പോള്‍ പള്ളിയുടെ ഭിത്തികളില്‍ ചങ്ങലകൊണ്ടടിച്ചെന്നും പറയുന്നു. ഇതിന്റെ പാടുകള്‍ അടുത്തകാലം വരെ ഭിത്തികളില്‍ ഉണ്ടായിരുന്നു എന്നാണ്‌ സമീപവാസികളുടെ സാക്ഷ്യം.
കടമറ്റത്തച്ചന്റെ വിശ്വാസികള്‍ പാതാളകിണറ്റിലേക്കു കോഴികളേയും പണവും മദ്യക്കുപ്പികളും വഴിപാടായി എറിയുന്ന പതിവുണ്ട്‌. ഈ വിശ്വാസികളില്‍ അധികവും അന്യമതസ്ഥരാണെന്നതാണ്‌ രസകരം.
പള്ളിയുടെ പുരാതനാന്തരീക്ഷം കടമറ്റത്തച്ചന്റെ നിശബ്ദ സാന്നിധ്യം നമ്മെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കും. ജനജീവിതം ദുഃസ്സഹമാക്കിയ യക്ഷിയെമന്ത്ര സിദ്ധികൊണ്ടു  ബന്ധിച്ച കഥ പ്രസിദ്ധമാണ്‌. കാട്ടിലൂടെ പോകുകയായിരുന്ന കത്തനാരുടെ അടുക്കല്‍ സുന്ദരിയായ സ്‌ത്രീയുടെ രൂപത്തിലെത്തിയ യക്ഷി,  കുറച്ചു ചുണ്ണാമ്പു ചോദിച്ചുവത്രെ. ഉദ്ദേശ്യം മനസ്സിലാക്കിയ കത്തനാര്‍, ഒരു ഇരുമ്പാണിയില്‍ ചുണ്ണാമ്പു നല്‍കുകയും, യക്ഷി അതു വാങ്ങിയ ഉടന്‍ ബന്ധനത്തിലാവുകയും ചെയ്‌തുവത്രെ. വാഴയിലയില്‍ പുഴകടന്ന കത്തനാരുടെ കഥയും ഐതിഹ്യങ്ങളിലുണ്ട്‌. ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ്‌ പള്ളിയില്‍ പ്രശസ്‌തമായ ഊട്ടുതിരുനാള്‍ ആഘോഷം. ഇതിഹാസമായ കത്തനാരുടെ മരണവാര്‍ഷികവും കൂടിയാണിത്‌. സഭാ തര്‍ക്കം മൂലം ഏറെനാള്‍ കടമറ്റം പള്ളി അടച്ചുപൂട്ടിയിട്ടിരുന്നു. വേണ്ടവിധത്തില്‍ സംരക്ഷിക്കാത്തതിനാല്‍ ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്‌. പള്ളി സംരക്ഷിത സ്‌മാരമാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ്‌ ചരിത്രാന്വേഷികള്‍ക്ക്‌ ഏറെ ആഹ്ലാദം പകരുന്ന ഒന്നാണ്‌.

Sunday, January 26, 2014

നമ്മള്‍ മറന്നു പോകുന്നത്‌..........



നഗരസന്ധ്യയിലൂടെ നടക്കുമ്പോള്‍ അയാളെ കണ്ടു. അച്ഛന്റെ പ്രായമുണ്ട്‌. നന്നായി മദ്യപിച്ചിരിക്കുന്നു. ചിരിച്ചുകൊണ്ടു വന്നു. നിന്റെ കൂടെ കഴിക്കണം. നിര്‍ബന്ധം.
തൊട്ടടുത്ത ബാറിലെയ്‌ക്കു നടക്കുമ്പോള്‍ ആ ദുര്‍ബലമനുഷ്യന്‍ ഇടറി വീഴാന്‍ പോയി. കൈതാങ്ങില്‍ നിറുത്തി പറഞ്ഞു.
ഇനിവേണ്ട!!.
നിന്നെ ഇഷ്ടമാണെനിക്ക്‌...നിന്റെ ഭാര്യ എന്റെ മോളുടെ ക്ലാസ്‌മേറ്റാണ്‌....you know..??
സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ എഞ്ചിനീയറായിരുന്നു.
ഒരേ ഒരു മകള്‍. കല്ല്യാണം കഴിച്ചയച്ചു. വൃദ്ധരായ ദമ്പതികള്‍ ഒറ്റക്കു വീട്ടില്‍.....
ഒരിക്കല്‍ പത്രക്കാര്യത്തില്‍ എന്നോടു സഹകരിച്ച പരിചയം മാത്രം....
ഞാന്‍ ബാറിലേക്കു നയിച്ചില്ല.
അദ്ദേഹം റൂമിലേയ്‌ക്കു നടന്നു.
ആവശ്യത്തിലധികം കഴിച്ചിരിക്കുന്നു. ഇനി കൊടുക്കരുതെന്ന്‌ ഞാന്‍ ബോയിയോടു പറഞ്ഞു.
ഒരു സ്‌മോള്‍.....
ഞാന്‍ വഴങ്ങി.
ഇതു പതിവെന്ന്‌ ബോയ്‌. ഞാന്‍ പറഞ്ഞു ഈ മനുഷ്യന്‍ വീടെത്തില്ല.
ഞങ്ങള്‍ കൊണ്ടാക്കുകയാണ്‌ പതിവെന്ന്‌ റൂംസര്‍വീസുകാര്‍....
അധൈര്യം കൂടെ പിറപ്പായതുകൊണ്ട്‌ പറഞ്ഞു...ഇനി കൊടുക്കരുത്‌..
അദ്ദേഹം നിഷ്‌കളങ്കമായി ചിരിച്ചു.....ഇനി കൊടുക്കരുത്‌..!!
ഞാന്‍ പണം കൊടുക്കാമെന്ന്‌ പറഞ്ഞു.
അദ്ദേഹം ചിരിച്ചു...ഞാന്‍*****എഞ്ചിനീയറായിരുന്നു you know....ഇപ്പോള്‍ എനിക്കു വെറുതേ കുറേ കാശുകിട്ടി....എനിക്കെന്തിനാണിത്രയും കാശ്‌....??
ഞാന്‍ മിണ്ടിയില്ല.
ഏകാന്തത......
ഇനി ഒരു പെഗ്ഗുപോലും കൊടുക്കില്ലെന്ന്‌ ഉറപ്പുവാങ്ങി, ഞാന്‍ ഇറങ്ങി നടന്നു...
പക്ഷെ, നമ്മള്‍ ശ്രദ്ധിക്കാതെ പോകുന്ന കുറേ കാര്യങ്ങള്‍ ഇപ്പോഴും ഉണ്ട്‌...
ഈ വയസ്സന്‍മാരെ......

Saturday, January 18, 2014

ക്ലച്ചെവിടേ...ബ്രേക്കെവിടേ..???



അന്നമനട കടത്തു കടന്നാല്‍, പതിനെട്ടാംപടിയുണ്ട്‌. പേരുകേട്ട്‌ തെറ്റിദ്ധരിക്കണ്ട. കള്ളുഷാപ്പാണ്‌. രുചിയേറിയ ഭക്ഷണത്തിനു കേള്‍വികേട്ട ഷാപ്പ്‌. അന്ന്‌ പാലം ഇല്ല. കടത്തു കടക്കുക തന്നെ. വഞ്ചിയില്‍ നാട്ടുകാര്‍ക്കൊപ്പം കയറുമ്പോള്‍, ബാലന്‍സ്‌ നോക്കിയിരുന്നു. നീന്തല്‍ നല്ല പിടിപോര. നീണ്ട മുളങ്കമ്പു നാട്ടി വഞ്ചി നീങ്ങിത്തുടങ്ങി. പുഴയുടെ മുകളിലേക്കാണ്‌ തുഴച്ചില്‍. വഞ്ചിയില്‍ തികച്ചും മൗനം. കയറുകള്‍ വലിഞ്ഞു മുറുകുന്ന കര്‍കര്‍...ശബ്ദം..പിന്നെ മുളങ്കമ്പ്‌ വെള്ളത്തില്‍ ഊളിയിടുന്നതിന്റേയും. പുഴയുടെ നടുക്കെത്തിയപ്പോള്‍ മുകളിലേക്ക്‌ തുഴഞ്ഞു കയറ്റം നിലച്ചു. പിന്നെ പുഴക്കോപ്പം താഴോട്ട്‌. കടത്തുകാരന്റെ കണക്ക്‌ കറക്ട്‌. താഴോട്ടു അല്‍പ്പം ഒഴുകി, പതിനെട്ടാം പടിക്കു മുമ്പില്‍ അടുത്തു.....!. ഓര്‍ത്തത്‌ അതല്ല, എത്ര ചവിട്ടിയിട്ടും കിട്ടുന്നില്ല എന്നു പറയുന്ന ബസ്സുകാരുടെ കാര്യമാണ്‌..!!. പോളിടെക്‌നിക്കിലൊന്നും പഠിക്കാത്തതുകൊണ്ടാവും.. :p

പഴയവരുടെ വാക്കും കൂടൊഴിഞ്ഞ കുട്ടുറുവന്‍മാരും





പക്ഷിയുടെ കൂട്‌ കൈകൊണ്ടു തൊടരുതെന്ന്‌ പലകുറി പറഞ്ഞു, അമ്മ. പക്ഷിനിരീക്ഷണം തലയ്‌ക്കുപിടിച്ച കാലം. വീട്ടുവളപ്പിലെ മാവിന്റെ താഴത്തെ കൊമ്പുതുരന്ന്‌ രണ്ടു ചിന്നകുട്ടുറവന്‍മാര്‍(small green barbett) കൂടുണ്ടാക്കിയിരിക്കുന്നു. അതു ഇടക്കിടെ കയറി നോക്കുന്നതു കണ്ടാണ്‌ അമ്മ പറഞ്ഞത്‌.
ഈ പക്ഷിയെ നിങ്ങളും കണ്ടുകാണും; ഇല്ലെങ്കില്‍ കേട്ടെങ്കിലും കാണും.
ടൂര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍.......എന്നു തുടങ്ങി കൊട്ടുര്‍..കൊട്ടുര്‍...കൊട്ടുര്‍...എന്നു അക്ഷീണം ശബ്ദിച്ചു കൊണ്ടിരിക്കുന്ന പക്ഷി.
മൈനയോളമേ വലുപ്പമുള്ളൂ. പച്ചനിറത്തില്‍. ഇലപ്പടര്‍പ്പുകളില്‍ മറഞ്ഞിരിക്കുന്ന ഇതിനെ കാണുക പ്രയാസമാണ്‌. ആകെ പച്ചപ്പല്ല. പുറംഭാഗത്ത്‌ കടുംപച്ച. അടിവശത്ത്‌ ഇളംപച്ച. തൊണ്ടയില്‍ നിന്നു മാറിടംവരെ നിറയെ തവിട്ടും വെള്ളയും വരകള്‍. തല തവിട്ടുനിറമാണ്‌. സുന്ദരിമാര്‍ വാലിട്ടു കണ്ണെഴുതും പോലെ കണ്ണിലൂടെ ഒരു കറുത്ത പട്ട. അതിനുമുകളിലും താഴേയുമായി വെളുത്ത പട്ടകള്‍....ആളൊരു കൊച്ചുസുന്ദരി/സുന്ദരന്‍ തന്നെ!.
ഇന്ദുചൂഡന്റെ `കേരളത്തിലെ പക്ഷികളും' സലിം അലിയും ഡില്ലന്‍ റിപ്ലിയും ചേര്‍ന്നെഴുതിയ `ബുക്ക്‌ ഓഫ്‌ ഇന്ത്യന്‍ ബേര്‍ഡ്‌സും' തുറന്നു വച്ചു.
മരംകൊത്തി വര്‍ഗ്ഗക്കാരനാണ്‌. ഡിസംബര്‍ മുതലാണ്‌ പ്രജനനകാലം. ശരി തന്നെ.
ഓരോ ദിവസവും ക്ലാസുകഴിഞ്ഞെത്തുമ്പോള്‍ ഓടി മരംകയറും. പക്ഷികള്‍, ഇല്ലാത്ത നേരം നോക്കിയാണ്‌. ഒരു ദിവസം കൂട്ടില്‍ മൂന്നു വെളുത്തമുട്ടകള്‍..!.
ചാടിത്തുള്ളണമെന്നു തോന്നി..!. പിന്നെ ഓരോ ദിവസവും ആവേശം കൂടി....
അടുത്ത രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ഒരു മുട്ടകൂടി കണ്ടു.
കാണുന്നതൊക്കെ ഡയറിയില്‍ കുറിച്ചിട്ടു. പിന്നെ ചെല്ലുമ്പോഴൊക്കെ പക്ഷി, കൊക്ക്‌ പൊത്തിനു പുറത്തേക്കു നീട്ടിയിരിക്കുന്നതാണ്‌ കണ്ടത്‌. അടയിരിക്കുകയാണ്‌. എന്നെ കാണുമ്പോള്‍ പെട്ടെന്ന്‌ പറക്കും; വീണ്ടും മരംകയറി ഞാന്‍ കൂടുനോക്കും.
ഒരു ദിവസം മുട്ടകളില്‍ രണ്ടെണ്ണം കാണാതായി. അമ്മ അപ്പോഴെല്ലാം പറഞ്ഞു, നീ അവറ്റകളെ ഓടിക്കും....
രണ്ടാഴ്‌ച കഴിഞ്ഞ്‌ രണ്ടുമുട്ടകളും വിരിഞ്ഞിരിക്കുന്നതു കണ്ടു....രണ്ടു മാസക്കഷ്‌ണങ്ങള്‍...വിറച്ചു വിറച്ചു കിടക്കുന്നു..!
പക്ഷികള്‍ പിഭ്രമത്തോടെ ചുറ്റുവട്ടത്ത്‌ പറന്നുനടന്നു...
കുറച്ചു ദിവസം മാറിനിന്നു നോക്കാന്‍ തീരുമാനിച്ചു. പക്ഷികളെ കാണാതായ ഒരു ദിവസം വീണ്ടും മരത്തില്‍ കയറി.
നോക്കിയപ്പോള്‍, രണ്ടു കുഞ്ഞുങ്ങളും ചത്തുമരവിച്ചു കിടക്കുന്നു. ഇണക്കിളികള്‍ കൂടു ഉപേക്ഷിച്ചിരുന്നു. ശരിക്കും പട്ടിണി മരണം..!!
മനസ്സു തകര്‍ന്നു പോയി. മനസ്സാക്ഷി കുറ്റപ്പെടുത്തിക്കൊണ്ടേയിരുന്നു...
ധാരാളം പക്ഷിപ്രേമികളേയും ഫൊട്ടോഗ്രാഫര്‍മാരേയും ഫേസ്‌ ബുക്കില്‍ കണ്ടുമുട്ടിയതുകൊണ്ടു ഓര്‍ത്തുപോയതാണ്‌ ഈ കാര്യമത്രയും...
പഴയവര്‍ പറയുന്നതാണ്‌ എപ്പോഴും ശരി...........

Thursday, January 16, 2014

എന്റെ ബിജു........

ബിജു മേനോന്‍ , ഞാന്‍, അനൂപ്‌ 


പട്ടിച്ചങ്ങലകൊണ്ടു മുന്നിലെ ബാറില്‍ കെട്ടിയുറപ്പിച്ച  സീറ്റുള്ള സൈക്കിള്‍ വലിഞ്ഞു ചവിട്ടി ബിജു വരുന്നു. വീടിന്റെ മുകള്‍ നിലയിലെ മുറിയില്‍ മുറിബീഡി കൈമാറി മൊത്തി വലിച്ച്‌ ഞങ്ങള്‍....
എടാ, ബിജു നീ ഒന്നു പോടാ....
മണി ഒന്നു കഴിഞ്ഞു. ഊണു കഴിക്കണ്ടേ?.
ഞാന്‍ പോവില്ല...എന്നു ചിരിച്ചു കൊണ്ടു അവന്‍.
അവനെ ഞങ്ങള്‍ സ്‌നേഹപൂര്‍വ്വം 'അട്ട' എന്നു വിളിച്ചു. ഡിഗ്രി ക്ലാസിലെ ഹിന്ദി പുസ്‌തകത്തില്‍ `ജോംക്‌' എന്ന പാഠഭാഗത്തെ അനുസ്‌മരിച്ച്‌....
മറ്റൊരു പേര്‍ 'ഒടിയന്‍' എന്നായിരുന്നു. ഒടിയാത്ത ഒരു ശരീരഭാഗവുമില്ല. സ്‌കൂട്ടര്‍ ഇടിച്ച്‌ കാല്‍ ഒടിഞ്ഞു. സിക്‌സര്‍ അടിക്കാനുള്ള അദമ്യ പ്രേരണയില്‍ വീണ്ടും കാല്‍ ഒടിഞ്ഞു...പിന്നൊരിക്കല്‍ കൈയ്യ്‌...
ഒടിഞ്ഞ കാല്‍ പ്ലാസ്‌റ്റര്‍ ഇട്ട അവന്‍ ഭ്രാന്തനായപോലെ. വീട്ടില്‍ ചെന്നപ്പോള്‍ അടുക്കളിയിലെ ഒരു കയില്‍, പ്ലാസ്‌റ്ററിനകത്തേക്കിട്ടു കുത്തുന്നു..അസഹ്യമായ ചൊറിച്ചിലാണത്രേ...

ഹഹഹ... പാവം..!
അച്ഛന്‍ ബാലകൃഷ്‌ണപിള്ള ഞങ്ങളെ മക്കളെ എന്നു വിളിച്ചു. അമ്മ വീട്ടിലുളളതെല്ലാമെടുത്ത്‌ ഞങ്ങളെ ഊട്ടാന്‍ വെമ്പി....
സന്തുഷ്ടിയുടെ കാലഘട്ടം....
അവനുവേണ്ടി തല്ലാനും പോയി....പേരെടുത്ത ഗുണ്ടകളേ പോലെ...ഒരു വീഡിയോ കസറ്റ്‌ കൊടുക്കാതെ മുക്കിയവനെ...!!
ചെമ്പുക്കാവിലെ അവന്റെ മെഡിക്കല്‍ ഷാപ്പില്‍ കയറിയായിരുന്നു സാഹസം...കസെറ്റ്‌ കിട്ടി, പിറ്റേന്ന്‌...
കടംവാങ്ങിയ ബൈക്കുമായി പീച്ചിഡാമിലേക്കു വച്ചുപിടിച്ചു...അപകടങ്ങളുടെ പരമ്പര....എല്ലാം വീട്ടുകാരുടെ പ്രാര്‍ത്ഥനകൊണ്ടെന്ന പോലെ കടന്നു പോയി...
ഒരേ ഷര്‍ട്ട്‌ ആഴ്‌ചകളോളമിട്ടു നടന്ന ബിജു...ഇല്ലാഞ്ഞിട്ടല്ല. അതാണു ശീലം!.
നാറ്റം സഹിക്കാന്‍ വയ്യെന്നു പറഞ്ഞു....കളിയാക്കി.....നാണമില്ലായിരുന്നു...!!
പിന്നെ, ഒട്ടും മോഹിക്കാത്ത മേഖലയിലേയ്‌ക്ക്‌ അവന്‍ പോയി...സിനിമ.
`മിഖായേലിന്റെ സന്തതികള്‍' എന്ന ടെലിവിഷന്‍ സീരിയലിന്റെ പിന്‍ബലത്തില്‍....
ഇപ്പോഴാണ്‌ അവന്‍ തെളിഞ്ഞത്‌...
എന്നോടു പറഞ്ഞു, നിന്റെ മേഖല എഴുത്താണെന്ന്‌..അതു ഞാന്‍ തുടരുന്നു.
അവന്‍ ഫിലിംസ്‌റ്റാറായും...!!
ഇപ്പോഴും അവന്‍ വിളിക്കും. തൃശൂരില്‍ വരുമ്പോള്‍ എന്റെ അച്ഛനമ്മമാരെ കാണാന്‍ വരും....കൂട്ടുകെട്ടുകള്‍ വിപുലമായപ്പോഴും അവന്‍ മറന്നില്ല, വന്നവഴി..
നന്നാക്കി എഴുതുകയല്ല..പച്ച പരമാര്‍ത്ഥം....
ഓര്‍ത്തെടുക്കാന്‍ എത്രയെത്രയാണെടാ......
ഒരു പക്ഷെ, നാളെ ഒരു ആത്മകഥ അവന്‍ എഴുതുകയാണെങ്കില്‍ ഈ കുറിപ്പ്‌ ഉപയോഗപ്പെട്ടേക്കാം...
തീര്‍ച്ചയായും ഞാന്‍ അവനെ ഉയരങ്ങളില്‍ പ്രതീക്ഷിക്കുന്നു...കാണുന്നു. സ്വഭാവത്തില്‍ അലിഞ്ഞു ചേര്‍ന്ന 'മടി' മാറ്റിവയ്‌ക്കുമെങ്കില്‍.....

Friday, January 10, 2014



പെറാത്ത പത്തായങ്ങള്‍

നിറ നിറ...പൊലി പൊലി..
പത്തായം നിറ..
പെട്ടകം നിറ...

കൊയ്‌തെടുത്ത കതിരുമായി, വീട്ടിലെ കാരണവര്‍...മുമ്പില്‍ വിളക്കുപിടിച്ച്‌ കുരവയുമായി വീട്ടുകാര്‍...
ഇത്‌ ഒരു കാഴ്‌ചയായിരുന്നു. ഐശ്വര്യം വീട്ടിലേയ്‌ക്ക്‌ ഒഴുകി വരുന്ന അനുഭവം....
പിന്നെ കതിരുകള്‍ പൂജമുറിയില്‍ വച്ച്‌ പൂജിച്ചെടുക്കുന്നു. അതിപ്പൊടി കൊണ്ട്‌ വാതിലുകളിലും മറ്റും അടയാളപ്പെടുത്തുന്നു. കൈപ്പത്തി അരിമാവില്‍ മുക്കി പതിക്കുന്നതാണ്‌ രീതി. പത്തായം നിറയെ അരിപ്പൊടി ചാര്‍ത്തി കൊയ്‌തെടുത്ത കതിരുകള്‍ ചാര്‍ത്തും...
ഒരു വര്‍ഷത്തേക്കുള്ള ധനധാന്യ സമൃദ്ധി...
ഒഴിയാത്ത പത്തായങ്ങളാണ്‌ എന്നും ഐശ്വര്യത്തിന്റെ ചിഹ്നമായിരുന്നത്‌. തറവാടിന്റെ പാരമ്പര്യവും പ്രഢിയും നിറഞ്ഞ പത്തായങ്ങള്‍ തന്നെ.
ധാന്യങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനുപയോഗിക്കുന്ന തടി കൊണ്ടുണ്ടാക്കിയ ചതുരാകൃതിയിലുള്ള സംഭരണിയാണ്‌ പത്തായം. പത്താഴം എന്നും പറയും. വലിയ തറവാടുകളില്‍ `പത്തായപ്പുര' തന്നെ ഉണ്ടാകും. രണ്ടുനില മാളികയാണ്‌ പത്തായം. ഒന്നാം നിലയില്‍ താഴെ പത്തായം. മുകളില്‍ തറവാട്ടുകാരണവര്‍ താമസം. പത്തായത്തിന്റെ നിയന്ത്രണം കാരണവര്‍ക്കാണ്‌. ഓരോ ദിവസത്തേക്കുമുള്ള അരിയളന്നു കൊടുക്കുന്നത്‌ അദ്ദേഹമാണ്‌. ജോലിക്കാര്‍ക്ക്‌ കൂലിയായും നെല്ലളവു തന്നെ.
മുറിയുടെ നിലത്തു നിന്ന്‌ അല്‍പ്പം ഉയരത്തി മൂന്നുചുമരുകളോടും ചേര്‍ത്താണ്‌ പത്തായം നിര്‍മ്മിക്കുക. തുറന്നിരിക്കുന്ന വശം, നിരകള്‍ എന്നറിയപ്പെടുന്ന മരപ്പലകകള്‍ കൊണ്ടു അടക്കുന്നതാണ്‌ സംവിധാനം. ഒന്നര അടി വീതിയില്‍ ഉള്ള മരപലകകളാണിവ. വലിയ ഇനം പത്തായങ്ങളാണ്‌ ഇതു പോലെ നിര്‍മ്മിക്കുന്നത്‌. നാലുകാലില്‍ പണിത്‌ നീക്കിമാറ്റാവുന്ന കട്ടുപത്തായങ്ങളും കാണാറുണ്ട്‌. കട്ടില്‍ പോലെ ഉപയോഗിക്കാവുന്നതായതുകൊണ്ടാണ്‌ ഇതിനു ഈ പേര്‍. വീടുകളുടെ തറകള്‍ മണ്ണും ചാണകവും കരിയും കൂട്ടി മെഴുകിയവയും, ഈര്‍പ്പമുള്ള കാലാവസ്‌ഥയും ആയതു കൊണ്ട്‌ ധാന്യങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ ഇവ അത്യാവശ്യമായിരുന്നു . വലിയ വീടുകളില്‍ പ്രധാന വീടിന്റെ അടുത്തായി വേറെ ഒരു പുര പണിത്‌ അതിലെ പ്രധാന മുറിയില്‍ പത്തായവും അതിനോട്‌ ചേര്‍ന്ന്‌ മുറികളും മാളികയും ഉള്ളവയാണ്‌ പത്തായപ്പുരകള്‍.
കൃഷിയിടങ്ങള്‍ നാടുനീങ്ങി. നാലുകെട്ടുകളും കുടുംബവ്യവസ്ഥകളും ഇല്ലാതായി. അതോടെ പത്തായങ്ങളും ഇല്ലാതായി. വലിയ കുടുംബത്തറവാടുകളില്‍ പന്തീരായിരം പറ നെല്ല്‌ കൊണ്ടിരുന്നതായി പഴമക്കാര്‍ പറയുന്നു. ഐശ്വര്യത്തിന്റെ പ്രതീകമായിരുന്നു കേരളത്തില്‍ പത്തായങ്ങള്‍. ചില പഴംചൊല്ലുകള്‍ പോലും പത്തായം സംബന്ധിച്ച്‌ ഉണ്ടല്ലോ?.
പത്തായമുള്ളേടം പയറുമുണ്ടാവും, പത്തായക്കാരനോട്‌ കടം കൊള്ളണം പത്തായത്തെ പട്ടിണിക്കിടരുത്‌, പത്തായം പെറും ചക്കി കുത്തും അമ്മ വെക്കും ഉണ്ണി ഉണ്ണും എന്നിവയെല്ലാം ഇതില്‍ ചിലതാണ്‌.
ഇനി പെറാന്‍ പത്തായങ്ങളില്ല....

Thursday, January 9, 2014

മരിച്ചവരെ കുറിച്ച് എഴുതുമ്പോള്‍..


ജീവിച്ചിരിക്കുന്നവരെ കുറിച്ചു എഴുതുന്നതിനേക്കാള്‍ സൂക്ഷിക്കണം മരിച്ചവരെ കുറിച്ച്‌ എഴുതുമ്പോള്‍. കാരണം എതിര്‍ക്കാനോ, തിരുത്തിത്തരുവാനോ അവര്‍ ഇനി വരില്ല.

പൊലീസ്‌ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്‌തിരുന്ന ഗോപി സാറിന്റെ മരണം എന്നെ പഠിപ്പിച്ചത്‌അതാണ്‌.
രമണ്‍ ശ്രീവാസ്‌തവ പോലും `സാര്‍' എന്നു വിളിച്ചിരുന്ന ഗോപിസാര്‍ മരിച്ചത്‌ ഓട്ടോ അപകടത്തില്‍.
കറപുരളാത്ത ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച സാര്‍, പിന്നീട്‌ ഒരു വലിയ ബിസിനസ്സ്‌ ഗ്രൂപ്പിന്റെ ഹോട്ടല്‍ മാനേജരായി. 
എല്ലാ കാര്യത്തിലും കണിശക്കാരനായ ഗോപി സാറിന്റെ ഭാര്യ മരിച്ചു. മക്കളെല്ലാം അകലെ.
ഭാര്യയുടെ അവിവാഹിതയായ സഹോദരി, എഴുപതുകാരനായ ഗോപി സാറിന്റെ കാര്യങ്ങള്‍ നോക്കാന്‍ തയ്യാറാവുന്നു. ചെറിയൊരു വിവാഹ ചടങ്ങ്‌. അതു കഴിഞ്ഞു മടങ്ങും വഴി ദേശീയപാതയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോ, ട്രെയിലറുമായി കൂട്ടിയിടിക്കുന്നു. മൂന്നു മരണം. ഓട്ടോറിക്ഷ ഓടിച്ചിരുന്ന മരുമകനടക്കം. മെഡിക്കല്‍ കോളജില്‍ എത്തുമ്പോള്‍, മോര്‍ച്ചറിയില്‍ നിന്നു ചോരയില്‍ കുതിര്‍ന്ന കീറിപ്പറിഞ്ഞ വസ്‌ത്രങ്ങള്‍ പുറത്തേക്കിടുന്നു...
ശവങ്ങള്‍ മൂടാന്‍ കോടിമുണ്ടുകള്‍ വാങ്ങിക്കൊടുത്തു.
പിറ്റേന്ന്‌ പത്രങ്ങളില്‍ ദുരന്തവാര്‍ത്ത ഒന്നാം പേജില്‍ തന്നെ. `എഴുപതുകാരന്റെ വിവാഹം' പ്രത്യേകശ്രദ്ധ നേടും വിധമായിരുന്നു അവതരണം. കറകളഞ്ഞ വ്യക്തിത്വത്തിനുടമയായ ഗോപിസാറിന്റെ ജീവിതം അടുത്തറിഞ്ഞ എനിക്ക്‌, ഈ വിവാഹം ഒരു അനിവാര്യമായ കാര്യമാണെന്ന്‌ ബോധ്യമുണ്ടായിരുന്നു..
പക്ഷെ, ലക്ഷക്കണക്കിനു പത്രവായനക്കാരുടെ മനസ്സില്‍, ഈ വലിയ മനുഷ്യന്‍ എന്തായിത്തീര്‍ന്നിരിക്കും..?. 
ആ നല്ല മനുഷ്യന്‌ മരണശേഷം സംഭവിച്ച അപകീര്‍ത്തികരമായ ചിത്രണത്തില്‍ വേദനിച്ചു. ഒരുപാട്‌ ദുഃഖിച്ചു.
പിറ്റേന്ന്‌ തെറ്റുതിരുത്താനെന്നപോലെ, ഗോപി സാറിന്റെ മാഹാത്മ്യം വിവരിച്ചുകൊണ്ടു ഒരു ബോക്‌സ്‌ വാര്‍ത്ത പത്രത്തിന്റെ ഉള്‍പേജില്‍ കണ്ടു..എന്തു കാര്യം..??

മറവിയിലേയക്ക്‌ ഇടവഴികള്‍..


നാട്ടുവഴിയിലൂടെ നടത്തം, ഒരു കുട്ടിക്കാല ഓര്‍മ്മയാണ്‌. നാടുകള്‍ നഗരങ്ങളായപ്പോള്‍ ഇടവഴികള്‍ ഓര്‍മ്മകളായി മാറി.
വേലിപ്പടര്‍പ്പുകളും അവയില്‍ പറ്റി നില്‍ക്കുന്ന പച്ചത്തഴപ്പുകളും തലയാട്ടി നില്‍ക്കുന്ന ചെമ്പരുത്തിച്ചെടികളും....ഇടവഴി എന്നത്‌ ഒരുകാലത്ത്‌ കേരളത്തിന്റെ ഗ്രാമങ്ങളിലെ യാത്രാവഴികളായിരുന്നു. ചരിത്രപരമായും സാംസ്‌കാരിക പരമായും ഇവയ്‌ക്ക്‌ ചില പ്രാധാന്യങ്ങള്‍ ഉണ്ട്‌. ഇപ്പോഴും കേരളത്തിലെ ഗ്രാമങ്ങളില്‍ സഞ്ചാരയോഗ്യമായ ഇടവഴികള്‍ ഉണ്ട്‌.വയലുകളിലേക്കും പുഴയോരങ്ങളിലേക്കുമുള്ള വഴികള്‍ കൂടുതലും ഇപ്പോഴും ഇത്തരത്തിലുള്ളതാണ്‌.
പക്ഷെ, ഇന്നു വേലികള്‍ പോയ്‌പോയിരിക്കുന്നു. പകരം കല്‍മതിലുകള്‍ ഉയര്‍ന്നു. ചുവന്ന ചെമ്പരത്തി പൂത്തുനിന്ന വേലിക്ക്‌ പകരം പച്ചപായലിന്റെ മതില്‍.
ഇടവഴികള്‍ താണ്ടിയുള്ള സ്‌കൂള്‍ യാത്ര...കൂട്ടംകൂടി, മഷിത്തണ്ടു പറിച്ച്‌..സ്ലേറ്റും പുസ്‌തകവും പിടിച്ചുള്ള യാത്രകള്‍...
മഴപെയ്‌ത്‌ തണുപ്പുവീണ, ചവറുകള്‍ നിറഞ്ഞ നാട്ടുവഴികളുടെ ഗന്ധം.
കെട്ടിക്കിടക്കുന്ന വെള്ളം ചവിട്ടിത്തെറിപ്പിച്ചുള്ള യാത്രകള്‍...
നാട്ടുവഴികള്‍ നാട്ടുവര്‍ത്തമാനങ്ങളുടെ കേന്ദ്രങ്ങള്‍ കൂടിയാണ്‌. അയലത്തെ കാര്യങ്ങള്‍ മുതല്‍ ലോകകാര്യങ്ങള്‍ വരെ...
നാടന്‍ പ്രണയങ്ങള്‍ തളിരിടുകയും പുഷ്‌പിക്കുകയും ചെയ്യുന്നത്‌ ഈ
ഈറന്‍വഴികളിലാണ്‌.
ആള്‍ സഞ്ചാരമില്ലാത്തപ്പോള്‍ ഇടവഴികള്‍, ഇഴജീവികളുടേയും സഞ്ചാരമാര്‍ഗ്ഗമാണ്‌. രാത്രികാലങ്ങളില്‍, കൈയില്‍ വെളിച്ചം കരുതാതെ ഇടവഴിയിലെ യാത്ര അപകടമാണെന്ന്‌ മൂത്തവര്‍ പറയും.
ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച എന്ന്‌ എംടി വാസുദേവന്‍ നായര്‍ എഴുതിയ കഥയുണ്ട്‌.
ഓരോ ഇടവഴിക്കും ഓരോ കഥകളുണ്ട്‌..
ആ കഥകള്‍ നാടിന്റെ കഥകൂടി ആവുന്നു...
കഥകള്‍ കേട്ടു നടക്കാന്‍ ഈ നാട്ടുവഴികള്‍ എവിടെ..??

Wednesday, January 8, 2014

വാവരുടെ പൊരുള്‍ തേടി...




എരുമേലിയില്‍ എത്തുമ്പോള്‍, സന്ധ്യമയങ്ങിയിരുന്നു. പമ്പാതീരത്ത്‌, സന്ധ്യാകാശത്തിലേക്കു തലയുയര്‍ത്തി വാവരു പള്ളിയുടെ മിനാരങ്ങള്‍...
അതൊരു കാഴ്‌ചതന്നെയാണ്‌. മഹാപാരമ്പര്യത്തിന്റെ ശാന്തിയുടെ മഹാമന്ത്രങ്ങള്‍ ഉരുക്കഴിച്ചുകൊണ്ടു ഉയര്‍ന്നു നില്‍ക്കുന്ന മിനാരങ്ങള്‍ നോക്കി നിന്നു പോയി. പേട്ട തുള്ളിക്കൊണ്ടു കൊച്ചു അയ്യപ്പ സംഘങ്ങള്‍...
ശബരിമല യാത്രയില്‍, ശരണം വിളികള്‍ മുഴങ്ങുമ്പോള്‍ വാവരു സ്വാമിയേയും ശരണം പ്രാപിക്കുന്നു. മതസൗഹാര്‍ദ്ദത്തിന്റെ മാറ്റുകുറയാത്ത ഈടുവയ്‌പായി ഈ സ്‌നേഹബന്ധം മുറുകുന്നു...
ദീപാവലിയ്‌ക്കായി രണ്ടു ദിവസം മാത്രം നടതുറക്കുന്ന ദിവസമായതിനാലായിരിക്കും തിരക്കൊഴിഞ്ഞു നിരത്തുകള്‍. പള്ളിക്കു നേരേ മുമ്പില്‍ പേട്ടശാസ്‌താവിന്റെ ക്ഷേത്രം. പള്ളിയിലും ക്ഷേത്രത്തിലും ഒരേ മനസ്സോടെ കയറിയിറങ്ങുന്ന അയ്യപ്പഭക്തര്‍...അവാച്യമായ അനുഭൂതി സമ്മാനിക്കുന്ന കാഴ്‌ചയാണിത്‌.ഹൈന്ദവവിശ്വാസമനുസരിച്ച്‌ ശബരിമല അയ്യപ്പന്റെ അംഗരക്ഷകനും ഉറ്റമിത്രവുമായിരുന്ന ഒരു മുസ്ലിം യോദ്ധാവായിരുന്നു വാവര്‍, അല്ലെങ്കില്‍ വാവര്‍ സ്വാമി.അയ്യപ്പന്റെ ഉറ്റമിത്രമായി ഐതിഹ്യത്തില്‍ നിറഞ്ഞു നില്‍ക്കുന്ന വാവരുടെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം മാത്രമേ അയ്യപ്പഭക്‌തന്മാര്‍ പതിനെട്ടാം പടി ചവിട്ടാവൂ എന്നൊരു വിശ്വാസമുണ്ട്‌.പുലിപ്പാലിന്‌ പോയ അയ്യപ്പനുമായി ഏറ്റുമുട്ടി പരാജയപ്പെടുകയും പിന്നീട്‌ അയ്യപ്പന്റെ ഉറ്റ സുഹൃത്തായിത്തീരുകയും ചെയ്‌തയാളാണ്‌ വാവര്‍ എന്ന കഥയ്‌ക്കാണ്‌ പ്രചാരം കൂടുതല്‍.മക്കംപുരയില്‍ ഇസ്‌മയില്‍ ഗോത്രത്തില്‍ പാത്തുമ്മയുടെ പുത്രനായി ജനിച്ചയാളാണ്‌ വാവരെന്ന്‌ ബാവര്‍ മാഹാത്‌മ്യം എന്ന ഗ്രന്‌ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. വാവരായിരുന്നത്‌ ബാബര്‍ തന്നെയായിരുന്നു എന്നും ചിലര്‍ വാദിക്കുന്നുണ്ട്‌.ശാസ്‌താവിന്റെ അംഗരക്ഷകനായ വാപര്‍ക്ക്‌ പന്തളം രാജാവ്‌ ക്ഷേത്രം പണിതു നല്‍കിയതായി ചില സംസ്‌കൃതഗ്രന്‌ഥങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്‌. കാട്ടിലൂടെ കടന്നുപോകുന്നവര്‍ക്ക്‌ ദുഷ്‌ടമൃഗങ്ങളുടെ ശല്യമുണ്ടാകാതെ നോക്കുവാന്‍ അയ്യപ്പന്‍ വാപരെ ചുമതലപ്പെടുത്തിയിരുന്നതായും പറയപ്പെടുന്നു.വാവരെക്കുറിച്ചും അയ്യപ്പനെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നത്‌ വാമൊഴിയായി പ്രചരിച്ച ശാസ്‌താംപാട്ടുകളില്‍ നിന്നും ശ്രീഭൂതനാഥോപാഖ്യാനം എന്ന സംസ്‌കൃതഗ്രന്‌ഥത്തില്‍ നിന്നുമാണ്‌. ശാസ്‌താംപാട്ടുകളില്‍ അയ്യപ്പന്റെ ഉറ്റ മിത്രമായാണ്‌ വാവര്‍ പ്രത്യക്ഷപ്പെടുന്നത്‌. എന്നാല്‍ ശ്രീഭൂതനഥോപാഖ്യാനത്തില്‍ വാപരന്‍ എന്ന പേരില്‍ അയ്യപ്പന്റെ അംഗരക്ഷകനായി വാവര്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.വാവര്‍ ഒരു കടല്‍ക്കൊള്ളക്കാരനായിരുന്നതായി ചില പാട്ടുകളില്‍ പരാമര്‍ശമുണ്ട്‌. പന്തളം രാജാവിന്‌ അവകാശമുണ്ടായിരുന്ന ആലപ്പുഴ ജില്ലയിലെ ചില തീര പ്രദേശങ്ങളില്‍ കടല്‍ വഴി കച്ചവടം നടത്തുന്നതിന്‌ രാജാവിന്‌ കപ്പം കൊടുക്കണമായിരുന്നു. എന്നാല്‍ അറബി നാടുകളില്‍ നിന്നും വന്ന ചിലര്‍ കപ്പം നല്‍കാന്‍ വിസമ്മതിച്ചു. വാവര്‍ ആയിരുന്നു അതില്‍ പ്രമുഖനത്രെ. പന്തളം രാജാവിന്റെ അനുമതിയോടെ വാവരെ എതിരിടാന്‍ ചെന്ന അയ്യപ്പന്‍ വാവരെ പരാജയപ്പെടുത്തി. അയ്യപ്പന്റെ ദൈവികത്വം തിരിച്ചറിഞ്ഞ വാവര്‍ സന്തതസഹചാരിയായി അയ്യപ്പനൊപ്പം കൂടുകയായിരുന്നു എന്ന്‌ ചില അയ്യപ്പന്‍ പാട്ടുകളില്‍ കാണുന്നുണ്ട്‌. അയ്യപ്പന്‍ വിളക്കിന്‌ വാവരങ്കം എന്ന ശാസ്‌താം പാട്ട്‌ പാടി അവതരിപ്പിക്കുക പതിവുണ്ട്‌. ഇത്‌ അയ്യപ്പനും വാവരും തമ്മിലുള്ള യുദ്ധത്തിന്റെ പുനരാവിഷ്‌ക്കാരമാണ്‌. ഇതില്‍ വാവരുടെ വേഷം ലുങ്കി, പച്ചത്തൊപ്പി, ബെല്‍റ്റ്‌ എന്നിവയാണ്‌ എന്നത്‌ ശ്രദ്ധേയമാണ്‌. കുരുമുളകാണ്‌ വാവര്‍ പള്ളിയിലെ പ്രധാന വഴിപാട്‌. കാണിക്കയും നെല്ല്‌, ചന്ദനം, സാമ്പ്രാണി, പനിനീര്‍, നെയ്യ്‌, നാളികേരം, എന്നിവയും ഇവിടെയുള്ള വഴിപാടുകളാണ്‌.ഇന്ത്യയില്‍ മറ്റെവിടേയും കാണാത്ത സമന്വയത്തിന്റെ ഒരു സന്ദേശം ഇവിടെ, ഈ വനഭൂമിയില്‍ വീശിയടിക്കുന്നു എന്നത്‌ നിസ്‌തര്‍ക്കമാണ്‌. അത്‌ ഇവിടെ കാലുകുത്തുമ്പോള്‍, അനുഭവിച്ചറിയുകയും ചെയ്യാം..തിരികേ വണ്ടിയില്‍ കയറുമ്പോള്‍, ബാങ്കു വിളിക്കുള്ള ഒരുക്കങ്ങളാണ്‌. പള്ളിമുറ്റത്തുകൂടി, ശരണം വിളിച്ചുകൊണ്ടു കൊച്ചുകൊച്ചു അയ്യപ്പ സംഘങ്ങള്‍. മഹാപൈതൃകത്തെ മനസാ വണങ്ങി, യാത്ര തുടര്‍ന്നു...അയ്യനെ കാണാന്‍.

Friday, January 3, 2014

തലയില്‍ എഴുതിയിട്ടുണ്ടോ?



തലയിലെഴുത്ത്‌ മായ്‌ച്ചാല്‍ മായുമോ?. വീടുകളില്‍ കുട്ടികള്‍ കുരുത്തക്കേട്‌ കാണിക്കുമ്പോള്‍ കാരണവന്‍മാര്‍ ശകാരിക്കുന്നത്‌ ഇങ്ങിനെയാണ്‌. തലയിലെഴുത്ത്‌ എന്ന ഒന്നുണ്ടോ?. പലപ്പോഴും തോന്നിയ സംശയത്തിന്‌ ഉത്തരം തേടി അലഞ്ഞു. പഴയ വീടുകളില്‍ ജാതകക്കുറിപ്പുകള്‍ ഉണ്ടാക്കാറുണ്ട്‌(ഇപ്പോഴാണ്‌ ഇതിന്‌ കൂടുതല്‍ മാര്‍ക്കറ്റ്‌). അതില്‍ പന്ത്രണ്ടു കളങ്ങളിലായി എഴുതിയിരിക്കുന്നത്‌ ചെറുപ്പത്തില്‍ കൗതുകത്തോടെ നോക്കിയിരുന്നു..മ, ഗു, മാ, ശി......!. അതു നോക്കി വ്യാഖ്യാനിക്കുന്ന കണിയാനെ അത്ഭുതത്തോടെ നോക്കിയിരുന്നു. ഗ്രഹപ്പിഴ തീര്‍ക്കാന്‍ മുത്തശിയും അമ്മയുമൊക്കെ ക്ഷേത്രങ്ങളില്‍ വഴിപാടു നടത്തി. അന്നു വഴിപാടിന്റെ ഭാഗമായി ലഭിക്കുന്ന പായസത്തില്‍ മാത്രമായിരുന്നു മനസ്സ്‌.
കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇതെല്ലാം തീര്‍ത്തും മാഞ്ഞുപോയി മനസ്സില്‍ നിന്ന്‌. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ്‌, ഒരു സുഹൃത്തിന്റെ പ്രണയം കൊടികെട്ടിയ കാലം. കാര്യങ്ങള്‍ക്ക്‌ ഒരു തീരുമാനവുമാകുന്നില്ല. ദിനംപ്രതി നീറിത്തീരുന്ന അവനോട്‌ മറ്റൊരു സുഹൃത്താണ്‌ പറഞ്ഞത്‌, അഗസ്‌ത്യ നാഡീ ജ്യോതിഷത്തെക്കുറിച്ച്‌. അഗസ്‌ത്യമുനി കുറിച്ചുവച്ചിട്ടുള്ള ഓലക്കെട്ടുകളില്‍ മനുഷ്യന്റെ തലയിലെഴുത്താണത്രെ. അതൊന്ന്‌ പരീക്ഷിച്ചാലോ എന്നായി ആലോചന. മനസ്സ്‌ ദുര്‍ബലപ്പെടുമ്പോള്‍ എല്ലാം കച്ചിത്തുരുമ്പുതന്നെ എന്നു കരുതി എതിര്‍ത്തില്ല. സുഹൃത്ത്‌ പോയി ബുക്ക്‌ ചെയ്‌തു വന്നു. തള്ളവിരല്‍ ഇങ്ക്‌ പാഡില്‍ മുക്കി ഒരു പുസ്‌തകത്തില്‍ പതിപ്പിച്ചെടുത്തു എന്നവന്‍ പറഞ്ഞു. പേരും കുറിച്ചെടുത്തു. ഒരാഴ്‌ച കഴിഞ്ഞ്‌ വരാനാണ്‌ നിര്‍ദ്ദേശം.
ഒരാഴ്‌ചക്കുശേഷം ഞങ്ങള്‍ വീണ്ടും എത്തി. അകത്തെ മുറിയില്‍ മേശക്കിരുവശവുമായി നാഡീജ്യോത്സ്യനും ഞങ്ങളും. കൈയില്‍ പഴയ ഒരു പനയോലക്കെട്ട്‌. കെട്ടഴിച്ച്‌ അയാള്‍ വായിച്ചു. തമിഴാണ്‌. മലയാളവും തമിഴും കലര്‍ത്തി വ്യാഖ്യാനം. ആദ്യം പൃച്ഛകന്റെ( പ്രശ്‌നംചോദിച്ച്‌ വന്നയാള്‍) അച്ഛന്റെ പേര്‌ കൃത്യമായി വായിച്ചു. പിന്നെ അമ്മയുടെ പേര്‌. തുടര്‍ന്ന്‌ സഹോദരന്‍മാരുടെ എണ്ണം, അവരുടെ പേരുകള്‍. പ്രശ്‌നക്കാരന്റെ തൊഴില്‍, അതിന്റെ ഇപ്പോഴത്തെ സ്ഥിതി...അയാള്‍ വായിക്കുകയാണ്‌. ഓലയിലെഴുതിയ തമിഴ്‌ അക്ഷരങ്ങളെ പകുതിമലയാളത്തിലാക്കി..! ഒട്ടും സംശയമില്ലാതെ!. ഉള്ളിലുണ്ടായ ഞെട്ടല്‍ പുറത്തുകാണിക്കാതെ ഞങ്ങള്‍. കുടുംബകാര്യങ്ങളെല്ലാം പറഞ്ഞു തീര്‍ത്തപ്പോള്‍, സൃഹൃത്ത്‌ വിളറിയിരിക്കുന്നത്‌ ശ്രദ്ധിച്ചു. ഇനി എന്താണ്‌ പ്രത്യേകിച്ച്‌ അറിയേണ്ടതെന്ന്‌ ജ്യോതിഷന്‍. വിവാഹകാര്യമെന്ന്‌ ഞങ്ങള്‍. വീണ്ടും അയാള്‍ തമിഴില്‍ എന്തൊ ചൊല്ലിക്കൊണ്ട്‌ ഓലകള്‍ മറച്ചു. ഒരോല തപ്പിയെടുത്ത്‌ വായന തുടങ്ങി. ഇപ്പോള്‍ പ്രണയത്തിലാണെന്നും അതിന്‌ തടസ്സങ്ങളുണ്ടെന്നും പറഞ്ഞു. ഭാര്യയാകാന്‍ പോകുന്ന കുട്ടി അതുതന്നെയെന്നും കൂട്ടിച്ചേര്‍ത്തു. പിന്നെയാണ്‌ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ വരുന്നത്‌. പെണ്‍കുട്ടിയുടെ പേര്‍ മൂന്നക്ഷരമുളളതാണ്‌. ആദ്യത്തെ അക്ഷരം `സ'യില്‍ തുടങ്ങുന്നു. ലളിതകലയുമായി ബന്ധപ്പെട്ട വാക്കാണ്‌ പേര്‌(ഒടുവില്‍ പേര്‍ പറഞ്ഞു). ശ്വാസം വിടാനാകാതെ ഇരിക്കുകയാണ്‌ ഞങ്ങള്‍. അപ്പറഞ്ഞത്‌ അക്ഷരംപ്രതി ശരിയായിരുന്നു. ഒരു ചുവടുകൂടി കടന്നു പറഞ്ഞു അടുത്തതായി-പെണ്‍കുട്ടിയുടെ ജാതകത്തില്‍ സൂര്യനും ബുധനും ഒരേ കളത്തില്‍ നില്‍ക്കുന്നുണ്ടാകുമെന്നു കൂടി!. പൂര്‍വ്വജന്മത്തില്‍ നിന്നുള്ള ബന്ധമാണെന്നും ഈ കുട്ടിതന്നെയായിരിക്കും ഭാര്യയെന്നും തടസ്സങ്ങള്‍ നീങ്ങാന്‍ ചിലവഴിപാടുകളും നിര്‍ദ്ദേശിച്ചു. ദക്ഷിണ നല്‍കി ഇറങ്ങുമ്പോള്‍ സുഹൃത്ത്‌ പോക്കറ്റില്‍ കൈയിട്ട്‌, അവളുടെ തലക്കുറി പുറത്തെടുത്തു. തുറന്നു നോക്കിയപ്പോള്‍ ഉണ്ടായ ഞെട്ടല്‍ ഇപ്പോഴും ഓര്‍ക്കുന്നു. തലക്കുറിയിലെ ഒരു കളത്തില്‍ ബു എന്നും ര(രവി) എന്നും എഴുതിയിരിക്കുന്നു!. പിന്നീട്‌ കഷ്ടി നാലുമാസത്തിനു ശേഷം ഇരുവരുടേയും വിവാഹത്തിനു സാക്ഷിയുമായി.
പതിനെട്ടു സിദ്ധന്‍മാരില്‍ അഗസ്‌ത്യര്‍ രചിച്ചതാണ്‌ അഗസ്‌ത്യനാഡീ ജ്യോതിഷമെന്നാണ്‌ പറയുന്നത്‌. ഇതിനു രണ്ടായിരം വര്‍ഷത്തെ പഴക്കം കണക്കാക്കുന്നു. തമിഴ്‌നാട്ടിലെ തഞ്ചാവൂരാണ്‌ ഈ വിഭാഗക്കാരുടെ കേന്ദ്രം. വ്യക്തിയുടെ തള്ളവിരല്‍ അടയാളത്തിന്റെ അടിസ്ഥാനത്തിലാണ്‌ നാഡീജ്യോതിഷന്‍ അയാളുടെ തലയിലെഴുത്തിന്റെ താളിയോല കണ്ടെടുക്കുന്നത്‌. അഗസ്‌ത്യനഡീ ജ്യോതിഷത്തിന്റെ ഗ്രന്ഥക്കെട്ടുകള്‍ ശേഖരിച്ച്‌ ഈ രീതി തുടര്‍ന്നത്‌ തിരുവനന്തപുരത്തെ അഗസ്‌ത്യനാഡീ ജ്യോതിഷാലയത്തിന്റെ സ്ഥാപകനായ വി. ജാനകീറാമന്റെ പ്രപിതാമഹന്‍മാരാണ്‌. ഇവര്‍ തഞ്ചാവൂരിലെ വൈത്തീശ്വരന്‍ കോവിലിനോട്‌ ചേര്‍ന്ന്‌ മുന്നൂറു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ജീവിച്ചിരുന്നു എന്നു പറയുന്നു. നിരവധി സിദ്ധര്‍മാരുടെ നാഡീജ്യോതിഷ ശാഖകള്‍ ഉള്ളതായി പറയുന്നു. ഭഗവാന്‍ ശിവന്റെ നിര്‍ദ്ദേശമനുസരിച്ചു തയ്യാറാക്കിയ ഓലകള്‍ സംസ്‌കൃതത്തിലുള്ളതായിരുന്നു വത്രെ. തമിഴ്‌രാജാക്കന്‍മാര്‍ ഇത്‌ പണ്ഡിതന്‍മാരെ ഉപയോഗിച്ച്‌ തമിഴിലേക്ക്‌ മൊഴിമാറ്റിയപ്പോള്‍ ഇതില്‍ പലകലര്‍പ്പുകളും ഉണ്ടായെന്നാണ്‌ വിദഗ്‌ധര്‍ പറയുന്നത്‌. തമിഴ്‌നാട്ടിലെ വൈത്തീശ്വരന്‍ കോവിലിലാണ്‌ ഇന്ന്‌ ഈ താളിയോലഗ്രന്ഥങ്ങള്‍ സംരക്ഷിച്ചിരിക്കുന്നത്‌.

Thursday, January 2, 2014

വാര്ത്താധിഷ്ടിതം


കുരങ്ങന്‍ മരിച്ചു...!!

ഓഫീസില്‍ എത്തി പത്രം മറിച്ചു നോക്കുമ്പോള്‍, ജില്ലാ പേജില്‍ ബോക്‌സ്‌ വാര്‍ത്ത- തൃശൂര്‍ മൃഗശാലയിലെ കുരങ്ങന്‍ മരിച്ചു..!!
ചീഫിനെ കാണിച്ചപ്പോള്‍, പരിഭ്രമിച്ച്‌ ചാടി എഴുന്നേറ്റു.
ഇതെങ്ങിനെ? ഇതെങ്ങിനെ?.
ട്രെയിനി ആയ പയ്യന്‍ എഴുതിയ വാര്‍ത്ത. സീനിയര്‍മാര്‍ കണ്ട വാര്‍ത്ത. പ്രൂഫ്‌ റീഡറും വായിച്ചു കാണും.
പക്ഷെ, ജില്ലാ പേജില്‍ അതങ്ങനെ...
പുണ്യം ചെയ്‌ത വാനരജന്മം!.
`ചത്തു' എന്നതിനു പകരം, നല്ലൊരു ചരമ വാര്‍ത്തയോടെ സംസ്‌കരിക്കപ്പെട്ടിരിക്കുന്നു...!
.........................................................................

ഇന്റെണ്‍ഷിപ്പ്‌ ചെയ്യുന്ന കാലമാണ്‌. പ്രമുഖപത്രത്തിലെ സീനിയര്‍ ലൈനര്‍ കുത്തിയിരുന്നു എഴുതുകയാണ്‌. മുഖം കണ്ടാലറിയാം വളരെ ഗൗരവമുള്ളതാണെന്ന്‌.
മൃഗശാലയിലെ നീര്‍ക്കുതിര, മണികണ്‌ഠന്‍ ചത്തതാണ്‌ കാര്യം!.
കാര്യമായി അധ്വാനിച്ചെഴുതിയിരിക്കുന്നു. ജീവചരിത്രം, കണ്ണീരണിയിക്കുന്ന ജീവിത കഥ...
സീനിയര്‍ റിപ്പോര്‍ട്ടര്‍ പൊടിപ്പാറയെ കാണിക്കുന്നു.
അദ്ദേഹം സ്വതസിദ്ധമായ പുഞ്ചിരിയോടെ:
`മോനെ, ചത്തത്‌ ഒരു മൃഗമാണെന്ന ബോധത്തോടെ എഴുത്‌...'
ലൈനര്‍ വീണ്ടും തന്റെ കസേരയിലേക്ക്‌ പാഞ്ഞു..
.........................................................................................

കഴിഞ്ഞവര്‍ഷത്തെ കൊടുംവേനല്‍. അസഹ്യമായ ചൂടുകണ്ടപ്പോള്‍, റിപ്പോര്‍ട്ടറായ പെണ്‍കുട്ടിയെ വിളിച്ചിട്ടു പറഞ്ഞു: ഈ വര്‍ഷത്തെ ചൂടിന്റെ കണക്കെടുക്ക്‌. കാര്‍ഷിക സര്‍വ്വകലാശാലയിലെ കാലാവസ്ഥാ വിഭാഗത്തിന്റെ നമ്പറും കൊടുത്തു.
ഒരുമാതിരി നേരം അധ്വാനിച്ച്‌ റിപ്പോര്‍ട്ടുമായി വന്നു.
ആദ്യത്തെ വരി:
`കൊടുംചൂടില്‍ പക്ഷിമൃഗാദികള്‍ പോലും തളര്‍ന്നു പോയിരിക്കുന്നു..'
അതു വായിച്ചപ്പോളേ വിവരം മനസ്സിലായി..!
അലറാന്‍ പറ്റുമോ?. പെണ്‍മണിയല്ലേ..?. അപ്പോള്‍ പൊഴിയില്ലേ പൂങ്കണ്ണീര്‌..?
മൃദുവായി പറഞ്ഞു:
`എന്റെ കുട്ടീ, നിന്റെ പത്രം വായിക്കുന്നത്‌ പക്ഷിമൃഗാദികളാണോ?'.
കുട്ടിയും റിപ്പോര്‍ട്ടും കാണാനില്ല..!!

Wednesday, January 1, 2014

ഈ കാറ്റിന്റെ മധുരം അറിയുക...



ആടി ഉലയുന്ന മരങ്ങള്‍ക്കു പോലും ആഹ്ലാദമുണ്ട്‌. വീശിയടിക്കുന്ന കാറ്റില്‍ തെങ്ങുകളും കവുങ്ങുകളും ഓലകള്‍ കലമ്പുന്ന ഗൃഹാതുരസ്വരം.... കാറ്റില്‍ നിലതെറ്റി, ദിശ മാറി പറക്കുന്ന പക്ഷികള്‍... വൃശ്ചികമാസത്തോടൊപ്പം എത്തുന്ന വൃശ്ചികക്കാറ്റ്‌ ഒരു അനുഭവം തന്നെ...
നമ്മുടെ സിനിമാ ഗാനങ്ങളില്‍ പോലും ഈ പാട്ട് ഇടം പിടിച്ചിട്ടുണ്ട്!.
വൃശ്ചികക്കാറ്റേ...വികൃതിക്കാറ്റേ...എന്നു യേശുദാസ്‌ പാടുമ്പോള്‍ ഒരു കാറ്റുകാലത്തിന്റെ മുഴുവന്‍ സൗന്ദര്യവും മനസ്സില്‍ ഓടിയെത്തുന്നു..  
കാലം തെറ്റാതെ ഇന്നും നവംബര്‍ മധ്യത്തോടെ എത്തുന്ന കാറ്റ്‌, ഫെബ്രുവരിയില്‍ ശിവരാത്രിവരെ ഉള്ളുകുളുര്‍പ്പിച്ചു വീശുന്നു. പിന്നെ, എവിടേക്കെന്നറിയില്ല, അപ്രത്യക്ഷമാകുന്നു.....!!
സൈബീരിയന്‍ ഹൈ എന്ന കാറ്റിന്റെ ഭാഗമാണ്‌ വൃശ്‌ചിക കാറ്റ്‌ എന്ന്‌ ഭൗമശാസ്‌ത്രജ്ഞര്‍ പറയുന്നു. അതുകൊണ്ടു തന്നെ പുലര്‍കാലങ്ങളില്‍ കാറ്റിന്‌ തണുപ്പും തീവ്രതയുമേറുന്നു.
ഈ കാറ്റിന്‌ വേറേയും പ്രത്യേകതകള്‍ ഉണ്ട്‌. തമിഴ്‌നാട്ടില്‍നിന്ന്‌ പാലക്കാട്‌ ചുരം വഴി കേരളത്തില്‍ പ്രവേശിക്കുന്ന കാറ്റ്‌ തമിഴ്‌നാട്ടില്‍നിന്നുള്ള ഈര്‍പ്പവും കൊണ്ടുവരുന്നു. കേരളത്തില്‍ അനുഭവപ്പെടുന്ന കാറ്റിന്‌ തണുപ്പനുഭവപ്പെടുന്നത്‌ അതുകൊണ്ടു കൂടിയാണ്‌. തൃശൂര്‍, പാലക്കാട്‌ ജില്ലകളിലാണ്‌ വൃശ്‌ചിക കാറ്റ്‌ അനുഭവപ്പെടുന്നത്‌ എന്നതാണ്‌ മറ്റൊരു പ്രത്യേകത. തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍ പുഴയുടെ അപ്പുറത്തേക്ക്‌ ഈ കാറ്റില്ലെന്നത്‌ അമ്പരപ്പിച്ചിട്ടുണ്ട്‌. തൃശൂരിലെ കായല്‍പ്രദേശങ്ങളിലൂടെ സഞ്ചരിച്ച്‌ തീവ്രത കുറയുന്നതിനാല്‍ മറ്റു ജില്ലകളിലേക്ക്‌ ഇതു പ്രവേശിക്കുന്നുമില്ല. കേരളത്തിലെ മറ്റു ജില്ലക്കാര്‍ക്ക്‌ ഈ കാറ്റ്‌ അനുഭവപ്പെടാറില്ല എന്നതാണ്‌ സത്യം. കാറ്റ്‌ ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ശക്‌തി പ്രാപിക്കും.
മണിക്കൂറില്‍ ശരാശരി ഒന്‍പതു മുതല്‍ 10 കിലോമീറ്റര്‍ വരെയാണ്‌ കാറ്റിന്റെ വേഗമത്രെ.
കിഴക്കുനിന്ന്‌ പടിഞ്ഞാറു ഭാഗത്തേക്കാണു കാറ്റിന്റെ ദിശ. ഇതിനെ കിഴക്കന്‍ കാറ്റെന്നും വിളിക്കുന്നു. ഈ കാലം വരണ്ട കാലവസ്ഥയാണ്‌ കേരളത്തില്‍ അനുഭവപ്പെടുക. മനുഷ്യന്റെ ചര്‍മത്തിനും ഇതു ദോഷം ചെയ്യാറുണ്ട്‌. വരണ്ടുണങ്ങുന്നതും വിണ്ടുകീറുന്നതും ഈ മാസങ്ങളില്‍ അധികമാകും. ഇക്കാലത്ത്‌ സാധാരണയായി മഴ ഉണ്ടാവാറില്ല എന്നതാണ്‌ മറ്റൊരു പ്രത്യേകത.മണ്ഡലക്കാലം ഉണരുന്നതും ശബരിമലയ്‌ക്കു മാലയിടുന്നതുമെല്ലാം ഇക്കാലത്താണെന്നത്‌, കാറ്റിന്‌ ഒരു ദിവ്യാനുഭൂതി സമ്മാനിച്ചിട്ടുണ്ട്‌. മലയാളികളില്‍ പ്രത്യേകിച്ച്‌ തൃശൂര്‍, പാലക്കാട്‌ ജില്ലകളില്‍ നവോന്മേഷവുമായി എത്തുന്ന ഈ കാറ്റ്‌ ഒരു വേറിട്ട അനുഭവം തന്നെയാണ്‌....