Friday, February 28, 2014

My Finest Hour....



തൃശൂരിലെ പത്രങ്ങളുടെ ചരിത്രം പരിശോധിച്ചു, ഗൂഗിളില്‍. എല്ലാമുണ്ട്‌. പക്ഷെ, തൃശൂരിന്റെ എക്‌സ്‌പ്രസ്സിനെ പറ്റി പൊടിപോലുമില്ല. എന്തിന്‌?, പേരിനു പോലും ഒരു പരാമര്‍ശം കണ്ടില്ല. വളരെ മുമ്പ്‌ എന്റെ സുഹൃത്തും ലണ്ടനിലെ പത്രപ്രവര്‍ത്തകനുമായ ഷാഫി റഹ്മാന്‍, ഒരു കാര്യം സൂചിപ്പിക്കുകയുണ്ടായി. എക്‌സ്‌പ്രസ്സ്‌ പത്രത്തിന്റെ ഒരു ആത്മകഥയെഴുതാന്‍. സമയപ്രശ്‌നവും അതിനേക്കാളേറെ മടിയും കാരണം നീണ്ടു....ഇനി പറ്റുമോ എന്നും അറിയില്ല.
1996ല്‍ എക്‌സ്‌പ്രസ്സില്‍ ചേരുമ്പോള്‍, അത്‌ അസ്‌തമയകാലമായിരുന്നു. കേരളം കണ്ട പ്രഗത്ഭ പത്രാധിപര്‍ ടി.വി. അച്യുതവാര്യര്‍ ആയിരുന്നു പത്രാധിപര്‍...ആ ഭാഗ്യം ഉണ്ടായി. അതിനുമുമ്പ്‌ കരുണാകരന്‍ നമ്പ്യാര്‍...പ്രഗത്ഭമതികളുടെ നിരതന്നെയാണ്‌ ഈ പത്രത്തിനെ നയിച്ചിരുന്നത്‌. സോഷ്യലിസ്‌റ്റ്‌ കാഴ്‌ചപ്പാടുള്ള പത്രത്തിന്റെ മുഖപ്രസംഗം ഭരണാധികാരികള്‍ ഭയന്നിരുന്നു. അടുത്തിടെ സാറാജോസഫുമായി അഭിമുഖം നടത്തിയപ്പോള്‍, ഈ പത്രത്തിനെ കുറിച്ചുള്ള പരാമര്‍ശമുണ്ടായി. അവരുടെ മുഖം വിടര്‍ന്നു വികസിച്ചത്‌ ഇപ്പോഴും മനസ്സിലുണ്ട്‌...
അതു ഒരു കാലമായിരുന്നു. തെരഞ്ഞെടുപ്പുകാലത്ത്‌ കോളാമ്പി മൈക്ക്‌, നഗരത്തിലാകമാനം കെട്ടി, എക്‌സ്‌പ്രസ്സാണ്‌ അപ്പപ്പോള്‍ ഫലം ജനങ്ങളെ അറിയിച്ചുകൊണ്ടിരുന്നത്‌....ഓഫീസിനു മുന്നില്‍ തടിച്ചുകൂടിയ ജനാവലി ഇന്നും മനസ്സിലുണ്ട്‌...എന്തൊരു ആവേശമായിരുന്നു ആ കാലത്തിന്‌..!!.
എഴുതി വന്നത്‌ ഇത്രയേയുള്ളൂ...
ദീര്‍ഘകാലം എക്‌സ്‌പ്രസ്സില്‍ ഉണ്ടായിരുന്നവര്‍ ഇപ്പോഴുമുണ്ട്‌. പഴയ ഫയലുകള്‍ കിട്ടാന്‍ ഒരു സാധ്യതയുമില്ല. അതെല്ലാം പൊടിതിന്നു പോയിരിക്കും. മുന്‍തലമുറക്കാര്‍ക്ക്‌ ഓര്‍ത്തെടുക്കാമെങ്കില്‍, ഒരു ഓര്‍മ്മ കുറിപ്പെങ്കിലും എഴുതാം...മലയാള പത്രപ്രവര്‍ത്തനത്തിലെ നാഴികക്കല്ലായിരുന്ന ഈ സ്ഥാപനത്തെ പറ്റി. ലോകം വിരല്‍ തുമ്പിലായിരുന്നിട്ടും ഇതൊന്നും കാണായ്‌കയാല്‍ എഴുതിപ്പോയി എന്നു മാത്രം....

Monday, February 17, 2014

കാടിന്‍റെ മനമറിഞ്ഞു....



കാടിനു ശ്വാസമുണ്ട്‌..കാടിന്‌ മൗനമുണ്ട്‌...കാടിനു സംഗീതമുണ്ട്‌..കാടു നൃത്തം ചെയ്യും...അതിന്‌ ഒരാത്മാവുണ്ട്‌..!!.
അപരിചിതരെത്തുമ്പോള്‍, അതു ആദ്യം ശ്വാസമടക്കി നിരീക്ഷിക്കും...ശല്ല്യക്കാരല്ലെന്നറിയുമ്പോള്‍ അതു എല്ലാം നല്‍കി പൊതിഞ്ഞു രക്ഷിക്കും..!!.
പണമോ...??.
നിങ്ങളുടെ ഉത്‌കണ്‌ഠകണ്ടാല്‍, അവര്‍ നിഷ്‌കളങ്കമായി ചിരിക്കുകയേയുള്ളൂ- പരമന്‍ എന്ന പരമേശ്വരേട്ടനും ചാക്കോയും സണ്ണിയുമൊക്കെ..
അവര്‍ക്കു വേണ്ടതെല്ലാം കാടു കൊടുക്കുന്നുണ്ട്‌...പണം കൊടുക്കാതെ..!
നല്ല വെളളം, നല്ല വായു, നല്ല ഭക്ഷണം, നല്ല താമസം, നല്ല ആരോഗ്യം, നല്ല മനഃസ്സന്തോഷം...എല്ലാം എല്ലാം....
ആധുനിക സമൂഹത്തിലെ ഇടപ്പാര്‍പ്പുകാരായ ഞങ്ങള്‍ക്ക്‌, ഇതിനു ഓരോന്നിനും വെവ്വേറെ പണം കണ്ടെത്തേണ്ട സ്ഥിതിയാണ്‌.
പൗര്‍ണമിനാളില്‍ കാടിനു മുഖശ്രീകൂടും...അവള്‍ വ്രീളാഭരിതയാകും..
ഡാമിന്റെ കടവില്‍ കണ്ട ആനകളുടെ കാല്‍പ്പാദം, ഉണക്കം തട്ടാത്ത ആനപ്പിണ്ടങ്ങള്‍...രാത്രിയിലും ഉറക്കംമാറ്റിനിര്‍ത്തി..
കാല്‍പ്പാദത്തിന്റെ ചുറ്റളവില്‍ നിന്നും ആനയുടെ പൊക്കം അനുമാനിച്ചെടുക്കാം...ഒരു കൂറ്റനായിരിക്കണം ഇവന്‍, കണക്കുപ്രകാരം..
ആന പതുങ്ങി വന്നാക്രമിക്കില്ല എന്നതാണ്‌ സമാധാനം..മുഖാമുഖമേ അവന്‍ ഏറ്റുമുട്ടൂ..
നിലാവുദിച്ചുയര്‍ന്നപ്പോള്‍ കാടുമുണര്‍ന്നു..പകലുള്ള കാട്‌ രാത്രി ഉറങ്ങും..രാത്രിയില്‍ ഉണരുന്ന കാട്‌ മറ്റൊന്നാണ്‌.

പേക്കുയിലിനെ ബ്രെയിന്‍ഫീവര്‍ ബേര്‍ഡ്‌ എന്നു സായിപ്പ്‌ വിളിച്ചത്‌ വെറുതേയല്ല..രാത്രി മുഴുവനും കാടിനുള്ളില്‍ നിന്നു ഈ പക്ഷി അക്ഷീണം ശബ്ദിച്ചുകൊണ്ടിരുന്നു. നല്ല വേനലില്‍ ചുട്ടുപുഴുകിയിരിയ്‌ക്കുന്ന സായിപ്പിനെ ഉറക്കമില്ലായ്‌മക്കൊപ്പം ഈ ശബ്ദം ഭ്രാന്തനാക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ..
ഡാമില്‍ വലയിട്ടുവച്ചാണ്‌ പരമേശ്വരേട്ടനും കൂട്ടരും ഭക്ഷണമൊരുക്കിയത്‌...ഒരു റൗണ്ട്‌ ഭക്ഷണം കഴിഞ്ഞപ്പോള്‍ അവര്‍ ഇരുളില്‍ അപ്രത്യക്ഷമായി..വലയെടുക്കാന്‍ പോയതാണ്‌...
നല്ല മീന്‍..പുഴമീന്‍..
കാടിനു വേണ്ടത്‌ നിശബ്ദതയും നിശ്ചലതയുമാണ്‌. മൃഗങ്ങള്‍ നേരേവന്നാലും നിശ്‌്‌ചലനാവുകയേവേണ്ടൂ...അവര്‍ നിങ്ങളോളം ക്രൂരന്‍മാരല്ല..!!.
വെള്ളംകുടിക്കാന്‍, ഭക്ഷണം കഴിക്കാന്‍, വിശ്രമിക്കാന്‍ അവര്‍ക്കു അവരുടെ സമയക്രമമുണ്ട്‌...അതു മനസ്സിലാക്കി പെരുമാറുക.
കിടന്നുറങ്ങാന്‍ പട്ടുമെത്തവേണമെന്നുള്ളവര്‍, യാത്രകള്‍ക്ക്‌ കാടൊഴിവാക്കുക..
കാടിന്റെ സ്‌നേഹം തൊട്ടറിയാന്‍, പ്രകൃതി പുസ്‌തകങ്ങളേക്കാള്‍ എന്തുകൊണ്ടും നല്ലത്‌ വേട്ടക്കഥകളാണ്‌. ജിം കോര്‍ബെറ്റിന്റേയും കെന്നത്ത്‌ ആന്റേഴ്‌സന്റേയും ഒക്കെ...അവരേ കാടിനെ അറിഞ്ഞിരുന്നുളളൂ, ശരിക്കും..!!
(സമര്‍പ്പണം: എന്നെ ഞാനാക്കുകയും ഞാനായി നിലനിര്‍ത്തുകയും ചെയ്യുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും..)

Tuesday, February 11, 2014

തെറി തെറ്റാണോ...??


കൊടുങ്ങല്ലൂര്‍ ഭരണി...
ഒരുപാടുപേര്‍, തെറ്റായും ശരിയായും വ്യാഖ്യാനിച്ച കേസ്‌...
പത്രപ്രവര്‍ത്തകനായ ഞാന്‍ ഒരു സഞ്ചാരം നടത്തി...കൂടെ മറ്റൊരു ബാലുവും..
രണ്ടുവഴിക്കായിരുന്നു യാത്ര...
അവന്‍ എന്‍എച്ച്‌ 17വഴി തൃശൂരില്‍ നിന്നു..
എന്റെ യാത്ര ഇരിങ്ങാലക്കുട ബ്യൂറോയില്‍ നിന്നും..വൈകീട്ട്‌..
തെറികേള്‍ക്കണമെങ്കില്‍, രേവതി സന്ധ്യയ്‌ക്ക്‌ എത്തണം എന്നാണ്‌ ശ്രുതി.
പിന്നെ കുറഞ്ഞുകുറഞ്ഞു വരും....ഭരണിനാളില്‍, ശരിക്കു തെറിയേ ഇല്ല!.
രേവതിനാളില്‍, നാലുമണിയാകുമ്പോഴേക്കു പുറപ്പെട്ടു.
ബസ്സില്‍ പകുതിയോളം കോമരങ്ങള്‍..ചെല്ലപ്പണിക്കത്തികള്‍...
താനാരോയുടെ ഈണം...മഞ്ഞളിന്റെ ഗന്ധം...വിയര്‍പ്പിന്റേയും മദ്യത്തിന്റേയും...!
കരൂപ്പടന്ന മുതല്‍ മറ്റുയാത്രക്കാര്‍ ആരുമില്ലാത്ത ബസ്സില്‍, പിന്‍സീറ്റില്‍ ഇരുന്ന ഞാന്‍ പതുക്കെ പാട്ടുപാടുന്ന കോമരസംഘങ്ങളുടെ സമീപത്തേയ്‌ക്ക്‌...
ഗതാഗതകുരുക്കില്‍ ബസ്സ്‌ ദീര്‍ഘനേരം നിര്‍ത്തിയിടും...
അപ്പോഴെല്ലാം `ഭരണിപ്പാട്ട്‌' ബസ്സില്‍ നിറഞ്ഞു...
അടുത്തെത്തുമ്പോള്‍, പണിക്കത്തിയാണ്‌ ഉറഞ്ഞുപാടുന്നത്‌..
കൂടെയുള്ള പുരുഷന്‍മാര്‍ ഏറ്റുപാടി, ലഹരിമൂപ്പിക്കുന്നു...!!.
ഞാന്‍ അവരുടെ അടുത്തിരുന്നു പറഞ്ഞു: `പോരാ...'
ഓരോ `പോരാ'യ്‌ക്കും ഗതിവേഗം കൂടി വന്നു പാട്ടിന്‌...
ബസ്സില്‍, ഞങ്ങള്‍ മാത്രം....
കേട്ടുകേള്‍പ്പിച്ച ഭരണിപ്പാട്ട്‌ ഒറ്റ ഇരുപ്പില്‍ പഠിച്ചു...
അശ്ലീലമായി ഒട്ടും തോന്നിയതുമില്ല..!!.
കാരണം, മനസ്സില്‍ ദിവസവും അതിലും പുളിച്ചതു പറയാറുണ്ട്‌...അതുകൊണ്ടുതന്നെ..!!

Friday, February 7, 2014

തേക്കിന്‍കാട്ടിലെ കാരണവക്കൂട്ടങ്ങള്‍..


മൊത്തം അറുപത്തഞ്ചേക്കര്‍..
നഗരമധ്യത്തില്‍ പരന്നുപരന്നങ്ങനെ പച്ചപുതച്ച ഒരു മൈതാനം...!!. അതിനു നെറുകയില്‍ ചരിത്രപ്പഴമ വിളിച്ചോതി, ശ്രീ വടക്കുന്നാഥ ക്ഷേത്രം. അതു തന്നെ പത്തേക്കര്‍ വരും..!!
ഇവയെ ചുറ്റി സദാ ഒഴുകുന്ന നഗരം....
ലോകത്തില്‍ എവിടേയും കാണാത്ത നഗര സംവിധാനം. കുന്നിന്‍ മുകളില്‍ നിന്നു ക്രമത്തില്‍ താഴേയ്‌ക്കിറങ്ങിപ്പോകുന്ന നഗരം..
പച്ചമരത്തണല്‍ എക്കാലത്തും കുളിര്‍മ പകരുന്ന തേക്കിന്‍കാട്‌ മൈതാനം, നഗരത്തിന്റെ ശ്വാസകോശമാണ്‌.
മറ്റൊരര്‍ത്ഥത്തില്‍ തേക്കിന്‍കാടിനു ഒരു ജീവസ്‌പന്ദമുണ്ട്‌..അത്‌  സ്വയം ഒരു ജീവിതമാകുന്നു..!!
ശക്തന്‍ തമ്പുരാന്‍ വെട്ടിവെളുപ്പിച്ച കാടാണ്‌ ഇന്നത്തെ ക്ഷേത്രമൈതാനം. വടക്കുന്നാഥന്റെ ജടയെന്നായിരുന്നു സങ്കല്‍പ്പം...
കാടുവെട്ടിത്തെളിക്കുന്ന സമയത്ത്‌, പാറമേല്‍ക്കാവില്‍ നിന്നു കോമരം തുളളിയുറഞ്ഞു വന്നു...
അച്ഛന്റെ ജടമുറിക്കരുത്‌..ഉണ്ണീ...എന്ന്‌ കല്‍പ്പിച്ചുപോല്‍..!!
വാളുകൊണ്ടു ശിരസ്സുവെട്ടിമുറിക്കാന്‍ തുനിഞ്ഞ കോമരത്തോടു തമ്പുരാന്‍, നിന്റെ വാളിന്‌ മൂര്‍ച്ചപോരെന്നു പറയുകയും, പള്ളിവാളൂരി കോമരത്തിന്റെ തലവെട്ടിമാറ്റുകയും ചെയ്‌തുവെന്ന്‌ ചരിത്രം...
വിശ്വപ്രസിദ്ധമായ തൃശൂര്‍പ്പൂരത്തിന്റെ രംഗവേദിയാണ്‌ ഈ മൈതാനം...
മുപ്പത്തിയാറു മണിക്കൂര്‍ തുടര്‍ച്ചയായി പൂരം  പെയ്‌തിറങ്ങുന്ന മൈതാനം..ജനസാഗരം നിറഞ്ഞു കവിയുന്ന കാലം...
തേക്കിന്‍കാടു മൈതാനം സാധാരണ ദിവസങ്ങളില്‍, കാരണവക്കൂട്ടങ്ങളുടെ വിശ്രമസങ്കേതമാണ്‌. സായന്തനങ്ങളില്‍ അവര്‍ എത്തും...നഗരത്തിന്റെ പലഭാഗത്തുനിന്നുമായി..!!.
പിന്നെ അവരുടെ ലോകമായി.
കൊച്ചുകൊച്ചു ആള്‍വൃത്തങ്ങള്‍ കാണാം തേക്കിന്‍കാട്ടില്‍..
കൊച്ചുകൊച്ചു ചീട്ടുകളി സംഘങ്ങള്‍...
ഈഗോകളില്ലാതെ ജീവിത സായാഹ്നം ആഘോഷിക്കുന്നവര്‍...
മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്‍ പോലും ഈ സംഘത്തില്‍ അംഗമായിരുന്നു...!!.
സ്വരാജ്‌ റൗണ്ടിന്റെ വടക്കുഭാഗത്ത്‌ ഒരു ലൈറ്റ്‌ ആന്റ സൗണ്ട്‌ കമ്പനിയുണ്ടായിരുന്നു..(വി ആര്‍ എസ് സൌണ്ട്സ് ഇന്നില്ല).
അഞ്ചരമണികഴിഞ്ഞാല്‍, കോളാമ്പിയിലൂടെ പാട്ടുകള്‍ വയ്‌ക്കുകയായി. പഴയകാലത്ത്‌ ടിവിയും ഇന്റര്‍നെറ്റ്‌ സൗകര്യങ്ങളും ഒന്നും ഇല്ലാതിരുന്ന കാലത്ത്‌ മൈതാനത്തെ പുല്‍ത്തകടിയില്‍, ഇരുട്ടുവോളം പാട്ടുകേട്ടിരിന്നു...
കൂട്ടിന്‌ കപ്പലണ്ടിപ്പൊതിയും....!!.
നഗരത്തില്‍ തിരക്കേറി. നിരത്തുമുറിച്ചു കടന്ന്‌ തേക്കിന്‍കാട്ടിലെത്താന്‍ കാരണവന്‍മാര്‍ക്കും ബുദ്ധിമുട്ടായി..
പിന്നെ തേക്കിന്‍കാടിന്റെ സൗന്ദര്യവത്‌ക്കരണവും ആരംഭിച്ചതോടെ തൃശൂരിന്റെ ഐശ്വര്യമായ ഈ കാരണവക്കൂട്ടങ്ങള്‍ പൂര്‍ണമായും കുടിയൊഴിഞ്ഞു..
തിരിച്ചുവരാത്ത ഐശ്വര്യത്തിന്റെ കാലത്തിനായി തേക്കിന്‍കാട്‌ ഇന്നും കണ്ണീരൊലിപ്പിച്ചു കിടക്കുന്നു...

Wednesday, February 5, 2014

ചരിത്രം കുഴിച്ചെടുക്കുമ്പോള്‍...



കുഴിച്ചെടുത്ത ചെമ്പുകുടങ്ങളും വിഗ്രഹങ്ങളും പുരാവസ്‌തു മ്യൂസിയത്തിലെ മനോഹരമായ ചില്ലലമാരകളില്‍, വെള്ളിവെളിച്ചത്തില്‍ നോക്കിക്കാണാന്‍ രസം തന്നെ..
മനസ്സ്‌ പൂര്‍വ്വചരിത്രത്തിലേയ്‌ക്കും പൂര്‍വ്വികസ്‌മരണകളിലേയ്‌ക്കും ഒഴുകും..
തന്നെതന്നെ കണ്ടെടുക്കലാവുന്നു അത്‌..
ഒരു കാലത്ത്‌ ആരോ വിശ്വസിച്ചാരാധിച്ചിരുന്ന മൂര്‍ത്തിയാവാം മുമ്പില്‍..
പ്രതാപിയായ പിതാമഹന്റെ അസ്ഥികുഴിച്ചിട്ട ചെമ്പുകുടങ്ങളിലൊന്നാകാം ഇത്‌..
പൂര്‍വ്വപിതാക്കളുടെ ആത്മാക്കളെ ആവാഹിച്ചതാവാം...
അങ്ങിനെ പലതുമാവാം...
പിതാമഹന്‍ പുരാവസ്‌തു ഗവേഷകനായിരുന്നതുകൊണ്ടാവാം, ചരിത്രക്കാഴ്‌ചകളില്‍ മനസ്സ്‌ പെട്ടെന്ന്‌ അഭിരമിച്ചുപോകുന്നത്‌.
ക്യൂറേറ്റര്‍ ബാലമോഹന്‍ അടുത്തു നില്‍ക്കുന്നു.
അച്ഛച്ചനെ കുറിച്ച്‌ വാതോരാതെ സംസാരിക്കുന്നു.
പിന്നെ പതുക്കെ എന്റെ കുത്തിച്ചോദ്യങ്ങള്‍ക്കു മറുപടി, മടിച്ചുമടിച്ചാണെങ്കിലും..
ഈ വിഗ്രഹങ്ങള്‍, ചെമ്പുകുടങ്ങള്‍ ഇവയൊക്കെ ചൈതന്യം ആവാഹിച്ചു മാറ്റിയാണ്‌ പ്രദര്‍ശനത്തിനു വയ്‌ക്കുന്നത്‌...
അപ്പോള്‍ പൂജ...??
സര്‍ക്കാര്‍ പണം ഇക്കാര്യത്തിനു ചിലവഴിയ്‌ക്കാന്‍ വകുപ്പില്ല..!!.
അപ്പോള്‍, മുക്കോടു പൊട്ടിയെന്നും പട്ടികമാറ്റണമെന്നും ചുമരില്‍ ഈര്‍പ്പംവന്നുവെന്നു എഴുതും...
മെയിന്റനന്‍സ്‌..!!
ചിലവിലേയ്‌ക്കു പണമായി...
പ്രാചീനകല്ലറകള്‍ തുറക്കുമ്പോള്‍, അപകടങ്ങള്‍ പതിവാണെന്ന്‌ മറ്റൊരു ഉദ്യോഗസ്ഥ...
ചിലപ്പോള്‍, കുഴിക്കുള്ളിലേക്കിറങ്ങുമ്പോള്‍ കരിമൂര്‍ഖന്‍ അളയില്‍ നിന്നു ചാടിയെന്നുവരാം...അതുണ്ടായിട്ടുണ്ടെന്ന്‌ അനുഭവസാക്ഷ്യം...!!.
കേരളത്തിലെ മുനിയറകളും കുടക്കല്ലുകളും ആദ്യമായി തുറന്നു പരിശോധിച്ചത്‌ അച്ഛച്ചനാണ്‌(പാലിയത്ത്‌ അനുജന്‍ അച്ചന്‍). അദ്ദേഹത്തിന്റെ ഡയറികളിലും റിപ്പോര്‍ട്ടുകളിലും ഇത്തരം പരാമര്‍ശങ്ങളൊന്നും കണ്ടിട്ടുമില്ല.
എന്തായാലും, ഇന്ത്യാന ജോണ്‍സ്‌ സിനിമ കാണുന്ന ഒരു സുഖം...
ഓരോ തവണ മ്യൂസിയം സന്ദര്‍ശിക്കുമ്പോഴും....!!.

Tuesday, February 4, 2014

പറയാതെ എങ്ങിനെ...???



മൊബൈല്‍ ചിലച്ചു.
ബ്യൂറോ ചീഫാണ്‌. പ്രസ്‌ക്ലബിലിരിക്കുമ്പോള്‍ ഫയര്‍എഞ്ചിന്‍ പാഞ്ഞുപോകുന്നതു കണ്ടത്രെ....!!
വല്ല പശുവും കിണറ്റില്‍ വീണതാവും എന്നുപറഞ്ഞു ഞാന്‍ തടിയൂരി. 
ശരിയായിരുന്നു. കിണറ്റില്‍ വീണ പശുക്കിടാവിനെ രക്ഷിക്കാനായിരുന്നു അവര്‍ പാഞ്ഞത്‌...!!

ഇതെഴുതാന്‍ കാരണമുണ്ട്‌.
ഫീച്ചര്‍ തയ്യാറാക്കാനാണ്‌ ഒരു ദിവസം ഫയര്‍സ്‌റ്റേഷനില്‍ എത്തിയത്‌. പത്രപ്രവര്‍ത്തകന്റെ ദുഃസ്വാതന്ത്ര്യം ഉപയോഗിച്ചപ്പോള്‍, ആദരവോടെ ഒരു കസേരകിട്ടി.
സ്‌റ്റേഷന്‍ അധികാരി തിരക്കിലാണ്‌.
പരിചയമുളള ഫയര്‍മാന്‍മാര്‍ അടുത്തുകൂടി.
`ഞങ്ങളെ കുറിച്ച്‌ നന്നായി എഴുതണം'- ഇതായിരുന്നു ആവശ്യം.
അകത്തെ മുറിയില്‍ നിന്നു മുണ്ടും ഷര്‍ട്ടുമിട്ട ഒരു ഫയര്‍മാന്‍ വന്നു. രണ്ടു കൈകളും നീട്ടിക്കാണിച്ചു. നിറയെ പൊട്ടലും ചൊറിഞ്ഞുതടിക്കലുമുണ്ട്‌..നീരുമുണ്ട്‌..
ദൈന്യം നിറഞ്ഞ മുഖത്തേക്കു നോക്കി.
ഊറാമ്പിലി കടിച്ചതാണ്‌...!!.
മാരക വിഷമേറ്റിരിക്കുന്നു. മേലാസകലമുണ്ട്‌, നീറ്റലും പുകച്ചിലും.
മഴക്കാലത്ത്‌ , മണലിപ്പുഴയില്‍ കാട്ടുമരങ്ങള്‍ അടിഞ്ഞ്‌, വെള്ളം പൊങ്ങിയിരുന്നു. കരകള്‍ വെള്ളപ്പൊക്കഭീഷണിയിലായപ്പോള്‍, മരങ്ങള്‍ വെട്ടിനീക്കിയത്‌ ഫയര്‍ഫോഴ്‌സായിരുന്നു. ഒഴുക്കുവെള്ളത്തില്‍, മരങ്ങള്‍ക്കൊപ്പം ഒഴുകിയെത്തിയ പാമ്പുകളേയും മറ്റുവിഷജീവികളേയും അതിജീവിച്ചായിരുന്നു ജോലി..!!. മരത്തടിയിലുണ്ടായിരുന്ന മാരകവിഷമുള്ള ഊറാമ്പിലികളിലൊന്നാണ്‌ ഇയാളെ കടിച്ചത്‌...
ഇപ്പോള്‍ ലീവിലാണ്‌. ആയൂര്‍വേദചികിത്സയ്‌ക്കു പോകുന്നു. വകുപ്പില്‍ നിന്നു അനുവദിച്ചു കിട്ടേണ്ട തുക ഇതുവരെ കിട്ടിയില്ല...!!.
പുല്ലിനു തീപിടിച്ചാല്‍ ഫയര്‍ഫോഴ്‌സ്‌..റോഡില്‍ മരം വീണാല്‍ മുറിച്ചുമാറ്റാന്‍ ഫയര്‍ഫോഴ്‌സ്‌...മനുഷ്യന്‍ പുഴയില്‍ ഒഴുകിപ്പോയാല്‍ തപ്പിയെടുക്കാന്‍ ഫയര്‍ഫോഴ്‌സ്‌..പശു കിണറ്റില്‍ വീണാല്‍ ഫയര്‍ഫോഴ്‌സ്‌...കിണറ്റില്‍ പാമ്പിനെ കണ്ടാല്‍ ഫയര്‍ഫോഴ്‌സ്‌.....!!!.
നല്ലൊരു കാലുറയോ കൈയുറയോ ഇല്ലാതെ ഇവര്‍......
ഒരു സല്യൂട്ടുകൊണ്ടു തീരില്ല ഇവരുടെ പ്രശ്‌നങ്ങള്‍.

വാല്‍ക്കഷ്‌ണം:
കുത്തൊഴുക്കുളള പുഴയില്‍ ഇറങ്ങി കാട്ടുതടികള്‍ വെട്ടിനീക്കുമ്പോള്‍, ആ വഴി കടന്നുപോയ കേന്ദ്രസേനാ സംഘാംഗങ്ങള്‍ ഒന്നിറങ്ങി നോക്കി. പിറ്റേന്ന്‌ പത്രങ്ങളില്‍ വാര്‍ത്തവന്നു-കേന്ദ്രസേന രക്ഷകരായി......
ഫയര്‍ഫോഴ്‌സിന്‌ കിട്ടിയത്‌ ഊറാമ്പിലിയുടെ കടിമാത്രം.....!!.

Sunday, February 2, 2014

ഹാലിയുടെ വാല്‍ പിന്നിലായിരുന്നു...



എഴുപത്താറു കൊല്ലത്തിലൊരിക്കല്‍ കാണാന്‍ സാധിക്കുന്ന അപൂര്‍വ്വ കാഴ്‌ചകാണാന്‍, അന്ന്‌ ഞങ്ങള്‍ കൗമാരക്കാര്‍ പുലര്‍ച്ചെ ഉണര്‍ന്നെണീറ്റ്‌ പാലസ്‌ സ്‌റ്റേഡിയത്തിലേക്കോടി. അവിടെ ശാസ്‌ത്രസാഹിത്യ പരിഷത്തുകാര്‍ രണ്ടു ടെലസ്‌കോപ്പുകളൊരുക്കിയിരിക്കുന്നു..ഹാലിയുടെ വാല്‍നക്ഷത്രം..!. ശാസ്‌ത്രകുതുകികളേയും സാധാരണക്കാരേയും ഒരുപോലെ ആകര്‍ഷിച്ച ആകാശവിസ്‌മയം...!. സ്‌റ്റേഡിയത്തില്‍ പുലര്‍ച്ചെ തന്നെ രൂപംകൊണ്ട `ക്യൂ' കണ്ടു ഞെട്ടി.
ഒടുവില്‍ ടെലസ്‌കോപ്പിന്റെ ഐപീസിലൂടെ ആകാശത്തേക്കു നോക്കി. തൊട്ടടുത്തു നിന്ന വൈജ്ഞാനികന്‍ ഓരോന്നായി വിവരിക്കുന്നു..
അതു ധനുരാശി.... യോദ്ധാവിന്റെ രൂപത്തില്‍ ഒരു നക്ഷത്രക്കൂട്ടം. അതു ചൊവ്വാഗ്രഹം...അതിനു ചുവപ്പുരാശി...
ഒടുവില്‍ വാല്‍നക്ഷത്രം എന്നു പറഞ്ഞ്‌, അല്‍പ്പം തിളക്കം കൂടിയ ഒരു നക്ഷത്രം കാട്ടിതന്നു..
അതിനു വാലില്ലായിരുന്നു..!
സംശയം ദൂരീകരിക്കാന്‍ വിശദീകരണം പിന്നാലെ വന്നു.: സൗരവാതത്തിന്റെ പ്രവര്‍ത്തനത്താല്‍ വാല്‍, നക്ഷത്രത്തിന്റെ പിന്നിലേക്കു മാറിപ്പോയിരിക്കുന്നു...ഈ തലമാത്രമേ ഈ വര്‍ഷം ഭൂമിയില്‍ കാണൂ...
എന്തായാലും കണ്ടു എന്ന്‌ സ്വയം ബോധ്യപ്പെടുത്തി മടങ്ങി.. 

ഇനി 2062ല്‍.......

Saturday, February 1, 2014

ഒന്നെങ്കില്‍ എല്ലാം പറയുക..അല്ലെങ്കില്‍ മിണ്ടരുത്‌..!!


കരിമ്പുഴയിലെ ബന്ധുവീട്ടില്‍ തങ്ങിയാണ്‌ തറവാട്ടില്‍ പോകുക. വല്ലപ്പോഴും മാത്രമുള്ള യാത്രയില്‍ അതാണ്‌ പതിവ്‌. നഗരജീവിതത്തിന്റെ മുഷിപ്പില്‍ നരച്ചുപോയ തലച്ചോറിന് ഔഷധ ചികിത്സയാണ്‌, ഗ്രാമാന്തരങ്ങളിലേക്കുള്ള ഓരോയാത്രയും. 
സന്ധ്യമയങ്ങിയപ്പോള്‍ ഒരു ചായകുടിക്കാനിറങ്ങി...(വീട്ടുകാരെ ബുദ്ധിമുട്ടിക്കരുതല്ലോ).
റബ്ബര്‍ തോട്ടങ്ങള്‍ക്കും തേക്കിന്‍കാടുകള്‍ക്കും നടുവിലൂടെയുള്ള നാട്ടുപാതയിലൂടെ സുമാര്‍ ഇരുപതുമിനിട്ടു നടന്നാല്‍ കവലയിലെത്താം. ചായപ്പീടിക അവിടെയാണ്‌.
തനിനാടന്‍ ചായക്കട. അരണ്ടുകത്തുന്ന ബള്‍ബില്‍ പുകപിടിച്ചതിനാല്‍ പിന്നെയും പ്രകാശം കുറവ്‌.
സ്ഥലത്ത്‌ പുതുതായ ഞാന്‍ ചായക്കടയില്‍ കയറുന്നു.
അവിടെ കൂടിയിരുന്നവര്‍ മിണ്ടാട്ടം നിര്‍ത്തി നോക്കുന്നു...
സംസാരം പുറത്തേക്കു കേട്ടിരുന്നതാണ്‌, അതുവരെ...
ബഞ്ചിന്റെ അറ്റത്തിരുന്നു ഒരു ചായയ്‌ക്കു പറഞ്ഞു. തൊട്ടടുത്തിരുന്നു ദോശകഴിച്ചിരുന്നയാള്‍ കൂടുതല്‍ ചുരുണ്ടുകൂടിയതായി തോന്നി...
അന്തരീക്ഷത്തില്‍ വല്ലാത്ത പിരിമുറുക്കം ഫീല്‍ ചെയ്‌തു തുടങ്ങിയപ്പോള്‍, പെട്ടെന്ന്‌ പൈസകൊടുത്തിറങ്ങി.

(ഇനി വാല്‍ക്കഷ്‌ണം: കുപ്രസിദ്ധമായ മുന്നകൊലക്കേസ്‌ സിബിഐ ഏറ്റെടുത്ത സമയത്തായിരുന്നു നിഷ്‌കളങ്കരായ ഗ്രാമവാസികള്‍ക്കിടയില്‍ ഞാന്‍ പൊട്ടിവീണത്‌. ഈ കവലയില്‍ നിന്നു കഷ്ടി രണ്ടു കിലോമീറ്റര്‍ മാറി, തൂവശേരി കുന്നിലായിരുന്നു മുന്നയെ കാറിലിട്ടു കത്തിച്ച സംഭവം നടന്നത്‌).