Friday, June 19, 2015

കാന്താ..ഞാനും പോരാം തൃശ്ശിവപേരൂര്‍ പൂരം കാണാന്‍..!!



കൊടിയേറി ഏഴാം ദിവസം പൂരം. അതിനുള്ള കാത്തിരിപ്പ്‌ ഒരു വര്‍ഷം...!
തൃശ്ശൂരിന്റെ മനസ്സും ശരീരവുമെല്ലാം പൂരത്തിലേക്കാണ്‌. കത്തുന്ന വെയിലിനെ കൂസാതെ ജനസാഗരം ഒഴുകും... അതിഥികളെ സ്വീകരിച്ചും..അവരെ പൂരം കാണിച്ചും.. നല്ല ആതിഥേയരായി.. ഇടതടവില്ലാതെ പെയ്‌തിറങ്ങുന്ന പൂരത്തിന്റെ 36 മണിക്കൂറുകള്‍.. എവിടെ തിരിഞ്ഞാലും പൂരം..പൂരക്കാഴ്‌ചകള്‍... ലോകത്ത്‌ എവിടെ തിരഞ്ഞാലും ഇങ്ങിനെയൊന്നുണ്ടാവില്ല..
വാദ്യരംഗത്തെ കുലപതികള്‍..ഗജപ്രമാണിമാര്‍.. വര്‍ണ്ണക്കുടകള്‍, കരിമരുന്നിന്റെ മായാജാലങ്ങള്‍..
തൃശൂര്‍പൂരം...പൂരങ്ങളുടെ പൂരം..!!.

പൂരപ്പെരുമ അറിവുളളവര്‍ക്കുപോലും പലപ്പോഴും പൂരം കാണേണ്ടതെങ്ങിനെ എന്നനിശ്ചയമുണ്ടാവില്ല. തട്ടകക്കാര്‍ പോലും ഇതില്‍ വേണ്ടത്ര അറിവുള്ളവരാവണമെന്നില്ല. മേടത്തിലെ പൂരം നാളില്‍ നടക്കുന്ന തൃശൂര്‍ പൂരത്തിന്‌ കണിശമായ സമയക്രമങ്ങളും ചിട്ടവട്ടങ്ങളുമുണ്ട്‌. പൂരത്തിന്റെ സ്രഷ്ടാവായ ശക്തന്‍ തമ്പുരാന്‍ നിശ്ചയിച്ച ചിട്ടവട്ടങ്ങള്‍ ഇപ്പോഴും പാലിച്ചുവരുന്നു എന്നത്‌ ഏറെ അത്ഭുതകരമാണ്‌. മുഖ്യപങ്കാളികളായ തിരുവമ്പാടിയും പാറമേക്കാവും കൂടാതെ കണിമംഗലം, പനമുക്കുംപിള്ളി, ചെമ്പൂക്കാവ്‌, കാരമുക്ക്‌, ലാലൂര്‍, ചൂരക്കോട്ടുകാവ്‌, അയ്യന്തോള്‍, നൈതലക്കാവ്‌ ദേശക്കാരും പൂരത്തില്‍ പങ്കാളികളാണ്‌. പൂരനാളില്‍ രാവിലെ മുതല്‍ വടക്കുന്നാഥന്‌ മുന്നില്‍ പൂരങ്ങള്‍ പെയ്‌തിറങ്ങുന്നു. വീണ്ടും രാത്രി ഈ പൂരച്ചടങ്ങുകള്‍ ആവര്‍ത്തിയ്‌ക്കും...!. പുലര്‍ച്ചെ മൂന്നിനു നടക്കുന്ന വെടിക്കെട്ടിനു ശേഷം, രാവിലെ വീണ്ടും പകല്‍പ്പൂരം...
നിരന്തരമായി മുപ്പത്തിയാറു മണിക്കൂര്‍...!!.
പൂരനാളില്‍ ഓരോ മണിക്കൂറിലും വ്യത്യസ്‌തമായ കാഴ്‌ചകള്‍ക്കാണ്‌ നഗരവും പ്രദക്ഷിണവഴികളും സാക്ഷ്യംവഹിക്കുന്നത്‌. പൂരനാളില്‍ പുലര്‍കാലം മുതലേ ചടങ്ങുകള്‍ക്ക്‌ തുടങ്ങുകയായി. പൂരവഴിയിലൂടെ നമുക്കൊന്നിച്ചു നടക്കാം..പൂരം കണ്ടു രസിയ്‌ക്കാം..!!.
...................................................................................................................

പൂരത്തലേന്ന്‌ നെയ്‌തലക്കാവ്‌ ഭഗവതി, ഒറ്റയാനപ്പുറത്ത്‌ എത്തി തെക്കേഗോപുര നട തുറന്നു വയ്‌ക്കുന്നതോടെയാണ്‌ യഥാര്‍ത്ഥത്തില്‍ തൃശൂര്‍ പൂരത്തിനു തുടക്കമാകുന്നത്‌.

പൂരം നാളില്‍ ആദ്യം ശ്രീ വടക്കുന്നാഥനെ വണങ്ങാനെത്തുന്നത്‌ കണിമംഗലം ശാസ്‌താവാണ്‌. ശാസ്‌താവ്‌ രാവിലെ മണികണ്‌ഠനാലില്‍ നിന്ന്‌ തെക്കേ ഗോപുരത്തിലൂടെ കയറി വടക്കുന്നാഥനെ വണങ്ങും. പിന്നെ പടിഞ്ഞാറെ ഗോപുരത്തിലൂടെ കടന്ന്‌ ശ്രീമൂലസ്ഥാനത്ത്‌ ഒമ്പതാനകളോടെ നിരന്ന്‌ മേളം. വെയില്‍ മൂക്കും മുമ്പെ കൊട്ടിക്കലാശിച്ച്‌ ശാസ്‌താവ്‌ മടങ്ങിപ്പോകും. രാത്രി വീണ്ടും എഴുന്നള്ളിപ്പ്‌. മണികണ്‌ഠനാലില്‍ നിന്ന്‌ പടിഞ്ഞാറെ റൗണ്ടിലൂടെ നീങ്ങി പടിഞ്ഞാറെ നടയിലൂടെ പടിഞ്ഞാറെ ഗോപുരത്തിലെത്തി മേളം നടത്തി കലാശിക്കുന്നതാണ്‌ കണിമംഗലം ശാസ്‌താവിന്റെ പൂരം.
രാവിലെ കണിമംഗലം ശാസ്‌താവിനു തൊട്ടുപിറകെ വടക്കുന്നാഥനെ വണങ്ങാനെത്തുക പനമുക്കംപിള്ളി ശാസ്‌താവാണ്‌. 7.45 ന്‌ പനമുക്കുംപിള്ളി ശാസ്‌താവ്‌ മൂന്ന്‌ ആനകളോടെ എഴുന്നള്ളിയെത്തും.
പിന്നീട്‌ തിരുവമ്പാടി ഭഗവതിയുടെ പുറപ്പാടാണ്‌. 7.30 ന്‌ ക്ഷേത്രത്തിന്‌ പുറത്തേക്ക്‌ പൂരം പുറപ്പാട്‌. മൂന്ന്‌ ആനകളും നടപ്പാണ്ടിയുമായി ഷൊര്‍ണൂര്‍ റോഡില്‍ കൂടി സ്വരാജ്‌ റൗണ്ടില്‍ പ്രവേശിക്കുന്ന എഴുന്നള്ളിപ്പ്‌, ഒമ്പതിന്‌ നായ്‌ക്കനാലില്‍ എത്തും. തുടര്‍ന്ന്‌ പടിഞ്ഞാറെ റൗണ്ടിലൂടെ പഴയനടക്കാവിലേക്കിറങ്ങി നടുവില്‍ മഠത്തിലേക്ക്‌. ഈ യാത്രയിലുടനീളം റോഡിന്‌ ഇരുവശവും നിലവിളക്കുകളും പറകളും വെച്ച്‌ ഭക്‌തജനങ്ങള്‍ വണങ്ങും. തിരുവമ്പാടി ഭഗവതി 10.15 ന്‌ നടുവില്‍ മഠത്തില്‍ എത്തും. അവിടെ ഇറക്കിപ്പൂജ...
ഇതേസമയം പലസമയഘട്ടങ്ങളിലായി ഘടകക്ഷേത്രങ്ങളില്‍ നിന്നുളള എഴുന്നള്ളിപ്പുകള്‍, വടക്കുന്നാഥ സന്നിധിയില്‍ എത്തിയിരിക്കും. ഘടകപൂരങ്ങള്‍ക്കൊന്നിനും പതിനാലു ആനകളില്‍ കൂടുതല്‍ പാടില്ല എന്നു വ്യവസ്ഥയുണ്ട്‌.
രാവിലെ എട്ടുമണിയോടെ ചെമ്പൂക്കാവ്‌ കാര്‍ത്യായനി ദേവി വടക്കുന്നാഥന്റെ കിഴക്കേ ഗോപുരത്തില്‍ എത്തും. മൂന്ന്‌ ആനകളാണുണ്ടാവുക. 8.30 ന്‌ കാരമുക്ക്‌ ഭഗവതി പടിഞ്ഞാറെ ഗോപുരത്തിലെത്തും. ഒമ്പതിന്‌ ലാലൂര്‍ കാര്‍ത്യായനി ദേവി പടിഞ്ഞാറു നിന്ന്‌ കയറി പടിഞ്ഞാറെ ഗോപുരത്തിലൂടെ കടന്ന്‌ വടക്കുന്നാഥസന്നിധിയിലെത്തും. ഒമ്പത്‌ ആനകള്‍ വീതമാണ്‌ രണ്ട്‌ വിഭാഗത്തിന്റെ എഴുന്നള്ളിപ്പിലുമുണ്ടാകുക. 9.30 ന്‌ ചൂരക്കോട്ടുകാവ്‌ ഭഗവതി പടിഞ്ഞാറെ ഗോപുരത്തിലൂടെ വടക്കുന്നാഥന്റെ മതില്‍ക്കകത്തേയ്‌ക്ക്‌ പ്രവേശിക്കും. 14 ആനകളുടെ അകമ്പടിയോടെയാണ്‌ എഴുന്നള്ളിപ്പ്‌. 11.30 ന്‌ പാറമേക്കാവില്‍ ചൂരക്കോട്ടുകാവ്‌ ഭഗവതിയെ ഇറക്കി എഴുന്നള്ളിക്കും പത്തിന്‌ അയ്യന്തോള്‍ കാര്‍ത്യായനി ദേവി പടിഞ്ഞാറെ ഗോപുരത്തിലെത്തും. 13 ആനകളാണ്‌ അകമ്പടി. 11 ന്‌ നൈതലക്കാവ്‌ ഭഗവതിയും ഒമ്പത്‌ ആനകളുടെ അകമ്പടിയില്‍ പടിഞ്ഞാറെ ഗോപുരനടയിലൂടെ പ്രവേശിച്ച്‌ വടക്കുന്നാഥനെ വണങ്ങും. നൈതലക്കാവ്‌ ഭഗവതി ഒരു മണിയോടെ വടക്കുന്നാഥനെ വണങ്ങി മടങ്ങുന്നതോടെ ഘടകപൂരങ്ങളുടെ പകല്‍പ്പൂരം അവസാനിക്കും.
പകല്‍പ്പൂരത്തിന്റേത്‌ പോലെ ഘടകപൂരങ്ങള്‍ രാത്രിയിലും വടക്കുന്നാഥനെ തൊഴാനെത്തും എന്നതാണ്‌ പ്രത്യേകത. തെക്കോട്ടിറക്കം ഒഴിച്ചു മറ്റെല്ലാം രാത്രിയും ആവര്‍ത്തിക്കുന്നു.

മഠത്തിലെ വരവ്‌

നടുവില്‍ മഠത്തില്‍ ഇറക്കിപ്പൂജിച്ച തിരുവമ്പാടി ഭഗവതിയുടെ തിരിച്ചെഴുന്നള്ളിപ്പ്‌ ഉച്ചയ്‌ക്ക്‌ ആരംഭിക്കും. നടുവില്‍ മഠത്തിലെ ഉപചാരങ്ങള്‍ക്ക്‌ ശേഷം 11.00നാണ്‌ മഠത്തില്‍ വരവ്‌. മൂന്ന്‌ ആനകളും പഞ്ചവാദ്യവും അകമ്പടിയേകും. വിശ്വപ്രസിദ്ധമാണ്‌ മഠത്തിലെ വരവിന്റെ പഞ്ചവാദ്യം. ഈ എഴുന്നള്ളിപ്പ്‌ 1.15 ന്‌ സ്വരാജ്‌ റൗണ്ടിലെത്തും. ആനകളുടെ എണ്ണം ഏഴാകും. ഘോഷയാത്ര പടിഞ്ഞാറെ റൗണ്ടിലൂടെ നീങ്ങും.. നായ്‌ക്കനാല്‍ പന്തലില്‍ രണ്ടരയോടെ പഞ്ചവാദ്യം കലാശിച്ച്‌ പാണ്ടി മേളം തുടങ്ങും. പാണ്ടിയുടെ അകമ്പടിയിലാണ്‌ പതിനഞ്ചാനകളോടെ ഭഗവതി വടക്കുന്നാഥന്റെ ശ്രീമൂലസ്ഥാനത്തേയ്‌ക്ക്‌ എഴുന്നള്ളുക.

പാറമേക്കാവിലെ പുറപ്പാട്‌

പാറമേക്കാവില്‍ ആറിന്‌ ക്ഷേത്രക്കുളത്തില്‍ ആറാട്ട്‌. തുടര്‍ന്ന്‌ നടയ്‌ക്കല്‍ പറ. 12 ന്‌ ചെറിയപാണി കൊട്ടി പാറമേക്കാവ്‌ ഭഗവതി പുറത്തേയ്‌ക്ക്‌ എഴുന്നള്ളും. ചെറിയപാണിക്ക്‌ ശേഷം 12.20 ന്‌ ഭഗവതി ക്ഷേത്രമതിലിനു പുറത്തേക്ക്‌. 15 ആനകളോടെയാണ്‌ എഴുന്നള്ളത്ത്‌. തുടര്‍ന്ന്‌ ചെമ്പടമേളം ആരംഭിയ്‌ക്കും ചെറിയരീതിയില്‍ കുടമാറ്റവും അപ്പോള്‍ നടത്തും. തുടര്‍ന്ന്‌ വടക്കുന്നാഥന്റെ കിഴക്കേ ഗോപുരത്തിലൂടെ ഭഗവതി ഇലഞ്ഞിത്തറയിലെത്തും. ഇവിടെ
പാണ്ടിമേളം ആരംഭിക്കും. വിശ്വപ്രസിദ്ധമായ ഇലഞ്ഞിത്തറ മേളം...
പാറമേക്കാവ്‌ വിഭാഗത്തിന്റെ പൂരത്തിലെ പ്രധാന ചടങ്ങായ ഇലഞ്ഞിത്തറമേളം ഉച്ചയ്‌ക്ക്‌ രണ്ടിനാണ്‌ വടക്കുന്നാഥ ക്ഷേത്രസന്നിധിയില്‍ തുടങ്ങുക. മുന്നൂറോളം കലാകാരന്മാര്‍ പങ്കെടുക്കുന്നമേളം വിശ്വവിസ്‌മയമാണ്‌..!.
ഇലഞ്ഞിത്തറമേളം 4.30 ന്‌ കൊട്ടിക്കലാശിക്കും. തുടര്‍ന്ന്‌ വടക്കുനാഥനെ പ്രദക്ഷിണം ചെയ്യുമ്പോള്‍ തൃപുട. ഇത്‌ തെക്കേഗോപുരത്തില്‍ അവസാനിക്കും.

ലോകവിസ്‌മയമായ തെക്കോട്ടിറക്കം
ഇലഞ്ഞിത്തറമേളം കലാശിച്ച്‌ പാറമേക്കാവ്‌ ഭഗവതി പിന്നീട്‌ പാണ്ടിമേളത്തിന്റെ അകമ്പടിയില്‍ തെക്കോട്ടിറങ്ങും. 15 ആനകളും ഒരേ സമയമാണ്‌ തെക്കോട്ടിറക്കത്തില്‍ പങ്കെടുക്കുന്നത്‌. വലിയ പ്രദക്ഷിണവഴിയില്‍ സമാപനം. തൃപുട മേളത്തോടെ കൊച്ചിരാജാവിന്റെ പ്രതിമവരെ പോയി തൃപുട കലാശിച്ച്‌ കുഴല്‍പ്പറ്റ്‌, കൊമ്പ്‌പറ്റ്‌ എന്നിവയ്‌ക്കു ശേഷം പാണ്ടിമേളത്തിന്റെ അകമ്പടിയില്‍ പ്രദക്ഷിണ വഴിയില്‍ എത്തും. പിന്നെ തെക്കേഗോപുരത്തിനഭിമുഖമായി അണനിരക്കു. 5.30 ന്‌ പാണ്ടി മൂന്നാം കാലത്തില്‍ കുടമാറ്റം. ഇതിനിടയില്‍, തിരുവമ്പാടിയുടെ എഴുന്നള്ളിപ്പ്‌ 4.45ഓടെ ശ്രീമൂലസ്‌ഥാനത്തെത്തും. പാണ്ടിമേളം ഇവിടെ സമാപിക്കും. 15 ആനകളും പടിഞ്ഞാറെ ഗോപുരത്തിലൂടെ വടക്കുന്നാഥമതില്‍ക്കകത്തേയ്‌ക്ക്‌. തിടമ്പേറ്റിയ ആന വടക്കുന്നാഥനെ പ്രദക്ഷിണം ചെയ്യുമ്പോള്‍ മറ്റുള്ള ആനകള്‍ തെക്കേ ഗോപുരത്തിലേക്ക്‌ നീങ്ങും. 5.15 ന്‌ 15 ആനകളും തെക്കേ ഗോപുരത്തിലൂടെ പുറത്തേക്കിറങ്ങി സ്വരാജ്‌ റൗണ്ടില്‍ നില്‍ക്കുന്ന പാറമേക്കാവിന്റെ ഗജനിരയ്‌ക്ക്‌ അഭിമുഖമായി നില്‍ക്കും. തുടര്‍ന്നാണ്‌ ലോകവിസ്‌മയമായ കുടമാറ്റം. ദേവകള്‍പോലും കൊതിക്കുന്ന വര്‍ണ്ണക്കുടകള്‍ മാറിമാറി ഉയര്‍ത്തി മത്സരാടിസ്ഥാനത്തില്‍ നടക്കുന്ന കുടമാറ്റം 5.30 ന്‌ ആരംഭിക്കും. മണ്ണും വിണ്ണും വര്‍ണ്ണത്തിലാറാടുന്ന കുടമാറ്റത്തിന്‌ പൂഴിയിട്ടാല്‍ നിലത്തുവീഴാത്ത ജനസാഗരം ആര്‍ത്തിരമ്പും..!.
കുടമാറ്റം 6.30 ന്‌ സമാപിക്കും. തുടര്‍ന്ന്‌ പാറമേക്കാവ്‌ ഭഗവതി തെക്കേ പ്രദക്ഷിണവഴിയിലൂടെ നാദസ്വരത്തോടെ ക്ഷേത്രത്തിലേക്ക്‌ എഴുന്നള്ളും. ഏഴിന്‌ ദീപാരാധന. ഇതിനുശേഷം തിരുവമ്പാടിയുടെ ഗജനിര തെക്കോട്ടിറങ്ങും. സ്വരാജ്‌റൗണ്ടിലെത്തിയാല്‍ ഏഴ്‌ ആനകള്‍ എം.ഒ. റോഡിലേ രാജാവിന്റെ പ്രതിമ വരെ പോയി തിരിച്ചു വന്ന്‌ 15 ആനകളുടെ നിര വടക്കോട്ട്‌ അഭിമുഖമായി നില്‍ക്കും. 14 ആനകള്‍ ഇവിടെ നിന്ന്‌ തിരിച്ചുപോകും. തിടമ്പേറ്റിയ ആന ശ്രീവടക്കുന്നാഥ മൈതാനത്തിലൂടെ നാഗസ്വരത്തിന്റെ അകമ്പടിയില്‍ പഴയനടക്കാവിലെ നടുവില്‍ മഠത്തിലേയ്‌ക്കു മടങ്ങും. പഴയനടക്കാവിന്റെ കിഴക്കേ അറ്റത്ത്‌ കാണിപൂജ. തുടര്‍ന്ന്‌ വേദവിദ്യാര്‍ഥികളുടെ വേദോച്ചാരണത്തോടെ മഠത്തിലേക്ക്‌ നീങ്ങും. 7.30 ന്‌ തിടമ്പ്‌ മഠത്തില്‍ ഇറക്കും. ഇതോടെ ഒന്നാം ദിവസത്തെ പകല്‍പ്പൂരത്തിനു സമാപനമാകും.

രാത്രിപൂരം

പകല്‍പ്പൂരത്തിനു ശേഷം, രാത്രിയില്‍ വീണ്ടും തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തില്‍വരവ്‌. ഇത്‌ 11.30 മുതല്‍ 2.30 വരെ. നായ്‌ക്കനാലില്‍ പഞ്ചവാദ്യം കലാശിക്കുന്നതോടെ. തിടമ്പേറ്റിയ ആനയില്‍ നിന്ന്‌ തിടമ്പ്‌ മറ്റൊരാനയിലേക്ക്‌ മാറ്റും. മറ്റുള്ള ആനകള്‍ തിരിച്ചുപോകും.
പാറമേക്കാവിന്റെ എഴുന്നള്ളിപ്പ്‌ രാത്രി 10.30 ന്‌ ഏഴ്‌ ആനകളുടെ അകമ്പടിയോടെ ആരംഭിക്കും. പഞ്ചവാദ്യമാണ്‌ അകമ്പടി. കിഴക്കേ പ്രദക്ഷിണവഴിയിലൂടെ നീങ്ങി മണികണ്‌ഠനാല്‍ പന്തലില്‍ പുലര്‍ച്ചെ 2.30 ന്‌ കലാശിക്കും. തുടര്‍ന്ന്‌ പുലര്‍ച്ചെ മൂന്നിന്‌ ഭഗവതി മണികണ്‌ഠനാല്‍ പന്തലില്‍ എഴുന്നള്ളിനില്‍ക്കുമ്പോള്‍ വെടിക്കെട്ടിന്‌ തിരികൊളുത്തും. വെടിക്കെട്ടു തീരും വരേ എഴുന്നള്ളിപ്പാനകള്‍, പന്തലില്‍ ഭഗവതിമാരുടെ തിടമ്പേറ്റി നിലയുറപ്പിക്കും എന്നതാണ്‌ പ്രത്യേകത..!. പുലര്‍ച്ചെ 5.30 വരെ വെടിക്കെട്ടുണ്ടാകും. ഇതോടെ ഒന്നാം ദിവസത്തെ പൂരച്ചടങ്ങുകള്‍ക്ക്‌ തിരശീലവീഴുകയായി.

പകല്‍പ്പൂരം
രണ്ടാം ദിവസം രാവിലെ 7.30 ന്‌ മണികണ്‌ഠനാല്‍ പന്തലില്‍ നിന്ന്‌ 15 ആനകളോടെ പാറമേക്കാവ്‌ ഭഗവതിയുടെ എഴുന്നള്ളത്ത്‌ തുടങ്ങും. പാണ്ടിമേളമാണിവിടെ. 11.30 ന്‌ മേളം വടക്കുന്നാഥന്റെ ശ്രീമൂലസ്ഥാനത്ത്‌ കൊട്ടിക്കലാശിക്കും. തുടര്‍ന്ന്‌ നിലപാട്‌ തറയില്‍ ദേവി നിലകൊള്ളും. ഈ സമയം തിരുവമ്പാടി വിഭാഗത്തിന്റെ എഴുന്നള്ളിപ്പ്‌ 8.30 ന്‌ നായ്‌ക്കനാലില്‍ നിന്ന്‌ 15 ആനകളോടെ ആരംഭിച്ചിരിക്കും. പാണ്ടിമേളം അകമ്പടി. ഉച്ചക്ക്‌ 12 ന്‌ ശ്രീമൂലസ്‌ഥാനത്ത്‌ മേളം സമാപിക്കും. തുടര്‍ന്ന്‌ സമാപന വെടിക്കെട്ട്‌ അരങ്ങേറും. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരത്തിലൂടെ പ്രവേശിക്കുന്ന തിരുവമ്പാടി ഭഗവതി വടക്കുന്നാഥനെ വണങ്ങും. ആര്‍പ്പുവിളിയോടെ ദേശക്കാര്‍ ഭഗവതിയെ തട്ടകക്ഷേത്രത്തിലേക്ക്‌ തിരിച്ചെഴുന്നള്ളിക്കും. വടക്കുന്നാഥനെ സാക്ഷി നിര്‍ത്തി, ഭഗവതിമാര്‍ ഉപചാരം ചൊല്ലുന്നതോടെ തൃശൂര്‍പൂരം സമാപിക്കും. തുടര്‍ന്നുള്ള ചടങ്ങുകളില്‍ ക്ഷേത്രപാലകരും തട്ടകക്കാരും മാത്രമാണ്‌ പങ്കെടുക്കുക.
വെകീട്ട്‌ 5.30 ന്‌ നടുവില്‍ മഠത്തില്‍ ആറാട്ട്‌. തിരിച്ചെത്തുന്ന ഭഗവതിയെ മൂന്ന്‌ ആനകളുടെ അകമ്പടിയോടെ സ്വീകരിക്കും. തുടര്‍ന്ന്‌ ആനയെക്കൊണ്ട്‌ കൊടിമരം ഇളക്കിയശേഷം കൊടിയിറക്കല്‍ നടത്തുന്നതോടെ തിരുവമ്പാടിയിലെ പൂരച്ചടങ്ങുകള്‍ കഴിയുന്നു. പാറമേക്കാവിലും സമാന ചടങ്ങുകളോടെ പൂരത്തിന്‌ കൊടിയിറക്കം. പാറമേക്കാവ്‌ ഭഗവതി ഒരു മണിയോടെ തിരിച്ച്‌ ക്ഷേത്രത്തിലെത്തും. വൈകീട്ട്‌ എട്ട്‌ മുതല്‍ ഒമ്പത്‌ വരെ ക്ഷേത്രത്തില്‍ ഉത്രം വിളക്ക്‌ തുടര്‍ന്ന്‌ കൊടി ഇറക്കും.

എവിടേ നോക്കിയാലും പൂരം...പൂരം മാത്രം..!!

ആദ്യമെത്തുന്ന കണിമംഗലം ശാസ്‌താവ്‌

ദേവന്‍മാരേയും ദേവിമാരേയും മനുഷ്യാവസ്‌ഥാളോട്‌ താദാത്‌മ്യം ചെയ്‌തുകൊണ്ടുള്ള സങ്കല്‍പ്പങ്ങള്‍ ധാരാളമാണ്‌ നമ്മുടെ നാട്ടില്‍. തൃശൂര്‍ പൂരത്തിലെ പങ്കാളിക്ഷേത്രങ്ങളിലൊന്നായ കണിമംഗലം ശാസ്‌താവ്‌ ഈ മനോഹരമായ ഭാവനയുടെ ഒരു ദൈവരൂപമാണ്‌.
ത്യശൂര്‍ജില്ലയിലെ കൂര്‍ക്കഞ്ചേരിപഞ്ചായത്തിലാണ്‌ ഈക്ഷേത്രം സ്‌ഥിതിചെയ്യുന്നത്‌.ശാസ്‌താവാണ്‌ ഇവിടുത്തെ പ്രധാനമൂര്‍ത്തി. പത്‌മാസനത്തിലിരിക്കുന്ന ശാസ്‌താവാണ്‌ പ്രതിഷ്‌ഠ.പടിഞ്ഞാട്ട്‌ ദര്‍ശനമായിട്ടുളള ഈക്ഷേത്രത്തില്‍ രണ്ട്‌ നേരം പൂജയാണ്‌ ഉളളത്‌. ഈ ദേവന്‍ വൃദ്ധനാണെന്നാണ്‌ സങ്കല്‍പ്പം. വെയിലും മഞ്ഞും മഴയുമൊന്നും പഥ്യമല്ലാത്ത, പ്രായാധിക്യമുള്ള `മനുഷ്യദേവന്‍'...!.
തൃശൂര്‍ പൂരത്തിന്‌ ആദ്യം എഴുന്നള്ളി എത്തുന്ന ദേവനാണ്‌ കണിമംഗലം ശാസ്‌താവ്‌. വെയിലും മഞ്ഞും കൊള്ളരുത്‌ എന്നതിനാല്‍, അതിരാവിലെ തന്നെ വടക്കുന്നാഥ ക്ഷേത്ര സന്നിധിയിലേയ്‌ക്കു പുറപ്പെടും. യാത്രാമധ്യേ ക്ഷീണിതനാവുന്ന ശാസ്‌താവിനെ, വെളിയന്നൂരിലുള്ള കുളശേരി ക്ഷേത്രത്തില്‍ `വിശ്രമം' ഉണ്ട്‌. അതിനു ശേഷം വീണ്ടും തൃശൂര്‍ക്കു പുറപ്പെടുന്നു.
പൂരത്തലേന്ന്‌ `നെയ്‌തലക്കാവ്‌ ഭഗവതി' തുറന്നിടുന്ന തെക്കേഗോപുരം വഴിയാണ്‌ ശാസ്‌താവ്‌ വടക്കുന്നാഥ സന്നിധിയില്‍ പ്രവേശിക്കുക. ഇതോടെയാണ്‌ വിശ്വപ്രസിദ്ധമായ തൃശൂര്‍പൂരത്തിനു തുടക്കമാകുന്നതും. തെക്കേഗോപുരം കടന്നെത്തുന്ന ശാസ്‌താവ്‌ മഹാദേവനെ വണങ്ങിയ ശേഷം, പടിഞ്ഞാറെ ഗോപുരം കടന്ന്‌ എഴുന്നള്ളിപ്പില്‍ പങ്കെടുക്കും. സൂര്യന്‍ ഉച്ചിയിലെത്തുമ്പോഴേയ്‌ക്കും സ്വന്തം ക്ഷേത്രത്തിലേയ്‌ക്ക്‌, പൂരം അവസാനിപ്പിച്ച്‌ മടങ്ങുകയും ചെയ്യുന്നു. രാത്രിപ്പൂരത്തിനെത്തുന്ന ശാസ്‌താവ്‌ പടിഞ്ഞാറെ നടയില്‍ കൊട്ടിക്കലാശിച്ചു മടങ്ങും.
ആനകള്‍ ഒമ്പത്‌. പാണ്ടിമേളം പ്രധാനം.

പനമുക്കംപിള്ളി

നഗരത്തിന്റെ കിഴക്കേഭാഗത്ത്‌ കിഴക്കുംപാട്ടുകരയിലാണ്‌ ഈ ശാസ്‌താ-ശിവക്ഷേത്രം. അമൃതകലശം യൈിലേന്തിയിരിക്കുന്ന ശാസ്‌താവാണിവിടെ. പൂരം നാളില്‍ മൂന്നാനപ്പുറത്ത്‌ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ എഴുന്നള്ളും. വടക്കുന്നാഥന്റെ കിഴക്കേ ഗോപുരത്തിലൂടെ കടന്ന്‌ ദേവനെ വണങ്ങി, തെക്കേഗോപുരത്തിലൂടെ പുറത്തുകടക്കും. രാത്രി എഴുന്നള്ളി വടക്കുന്നാഥ മതില്‍ക്കെട്ടിനുള്ളില്‍ പ്രവേശിക്കുന്ന രണ്ടു എഴുന്നള്ളിപ്പുകളില്‍ ഒന്നാണിത്‌.

ചെമ്പൂക്കാവ്‌ കാര്‍ത്ത്യായനി ഭഗവതി

നഗരപരിധിയില്‍ കിഴക്കുഭാഗത്താണ്‌ ഈ ക്ഷേത്രം. രാവിലെ ഏഴിനു തന്നെ , വെയില്‍മൂക്കും മുമ്പെ ഭഗവതി വടക്കുന്നാഥനെ വണങ്ങാന്‍ പുറപ്പെടും. മൂന്നാനകളാണ്‌ എഴുന്നള്ളിപ്പിന്‌. പഞ്ചവാദ്യവും നാഗസ്വരവും അകമ്പടിയാവും. കിഴക്കേ ഗോപുരത്തില്‍ പഞ്ചവാദ്യം കലാശിച്ച്‌, മതില്‍ക്കകത്തു കയറി ഭഗവാനെ വണങ്ങി തെക്കേഗോപുരം വഴി പുറത്തുകടക്കുന്നു. അവിടെ പാണ്ടിയാരംഭിക്കും.

കാരമുക്ക്‌ ഭഗവതി

ശിവനും ഭഗവതിയും കൃഷ്‌ണനും കുടികൊള്ളുന്ന ഈ ക്ഷേത്രം കണിമംഗലം വലിയാലുക്കല്‍ നിന്ന്‌ അല്‍പ്പം ഉള്ളിലേയ്‌ക്കുമാറിയാണ്‌. മൂന്നു പ്രതിഷ്‌ഠകള്‍ക്കും തുല്ല്യപ്രാധാന്യമാണ്‌. എട്ടുഘടക ക്ഷേത്രങ്ങളില്‍ ഒന്ന്‌. പൂരനാളില്‍ രാവിലെ അഞ്ചിനു തന്നെ പുറപ്പെടും. ഒരാനപ്പുറത്ത്‌ നാഗസ്വരം നടപ്പാണ്ടി എന്നിവയുടെ അകമ്പടിയില്‍ എഴുന്നള്ളും. കുളശേരി ക്ഷേത്രത്തിനു സമീപം വച്ച്‌ മൂന്നാനകളാകും. തുടര്‍ന്ന്‌ പാണ്ടിമേളത്തോടെ വടക്കുന്നാഥന്റെ പടിഞ്ഞാറെ ഗോപുരത്തിലെത്തി വണങ്ങി, തെക്കേ ഗോപുരത്തിലൂടെ മടങ്ങും.
ആനകള്‍ മൂന്ന്‌. പഞ്ചവാദ്യം. പാണ്ടി.

ലാലൂര്‍ കാര്‍ത്ത്യായനി ഭഗവതി

പരശുരാമന്‍ സ്‌ഥാപിച്ച 108 ദുര്‍ഗ്ഗാക്ഷേത്രങ്ങളില്‍ ഒന്നാണ്‌ ലാലൂര്‍ കാര്‍ത്ത്യായനി ക്ഷേത്രം എന്നാണ്‌ ഐതിഹ്യം. യാഗങ്ങളുടെ ഭൂമി എന്നറിയപ്പെട്ടിരുന്ന സ്‌ഥലമാണ്‌ പിന്നീട്‌ ലാലൂരായതത്രെ. നഗരത്തിന്റെ പടിഞ്ഞാറുമാറിയാണ്‌ ക്ഷേത്രം ഉപദേവതമാരുടെ പ്രതിഷ്‌ഠകളൊന്നും ഇവിടെ ഇല്ല. ലാലൂര്‍ ഭഗവതിയും കാരമുക്ക്‌ ഭഗവതിയും സഹോദരിമാരാണെന്നാണ്‌ വിശ്വാസം. തൃശൂര്‍പൂരത്തിന്‌ ഏറ്റവും ആദ്യം കൊടിയേറുന്നത്‌ ലാലൂര്‍ ?ഗവതിയ്‌ക്കാണ്‌. പ്രമുഖ ക്ഷേത്രങ്ങളില്‍ പോലും അതിനുശേഷമാണ്‌ കൊടിയേറ്റ്‌ എന്നത്‌ ആചാരപ്പെരുമയ്‌ക്ക്‌ മാറ്റുകൂട്ടുന്നു..

തൃശ്ശൂര്‍ പൂരത്തിലെ ഒരു ഘടക പൂരമാണിവിടത്തേത്‌. കാലത്തു്‌ 6ന്‌ മൂന്നാനകളോടും മേളത്തോടും കൂടി വടക്കുംനാഥനിലേക്ക്‌ പുറപ്പെടും. കോട്ടപ്പുറത്തെത്തുമ്പോള്‍ ആനകള്‍ അഞ്ചും നടുവിലാലില്‍ ആനകള്‍ ഒമ്പതും ആകും. പത്ത്‌ മണിയോടെ വടക്കുംനാഥനെ വന്ദിച്ച്‌ ദേവി ലാലൂരേക്ക്‌ തിരിക്കും. വീണ്ടും വൈകീട്ട്‌ ആറിനു്‌ വടക്കുംനാഥനിലേക്ക്‌ പുറപ്പെടുന്ന ദേവി പത്തുമമണിക്ക്‌ തിരിച്ചു പതിനൊന്നരയോടെ ക്ഷേത്രത്തിലെത്തും.
നടുവിലാല്‍ വരെ പഞ്ചവാദ്യം. തുടര്‍ന്ന്‌ പാണ്ടി.

ചൂരക്കോട്ടു കാവ്‌

ഭഗവതിയാണ്‌ ഇവിടെ പ്രതിഷ്‌ഠ. പതിനാലാനകളെ അണിനിരത്തുന്ന ഏക ഘടകക്ഷേത്രം. രാവിലെ ഒരാനപ്പുറത്ത്‌ നടപ്പാണ്ടിയുടേയും നാഗസ്വരത്തിന്റേയും അകമ്പടിയോടെ എഴുന്നള്ളും. നടുവിലാലില്‍ ഇറക്കിപ്പൂജ. ഇവിടെ പതിനാലാനകള്‍ നിരന്ന്‌ പാണ്ടിയുടെ അകമ്പടിയില്‍ വടക്കുന്നാഥന്റെ പടിഞ്ഞാറെ ഗോപുരം കടന്ന്‌ ഭഗവാനെ വണങ്ങും. തുടര്‍ന്ന്‌ തെക്കേഗോപുരം വഴി പാറമേക്കാവില്‍ പന്ത്രണ്ടുമണിയോടെ എത്തും. ചൂരക്കോട്ടു ഭഗവതി എത്തിയ ശേഷമേ പാറമേക്കാവിലമ്മ പൂരത്തിനു പുറപ്പെടൂ എന്നാണ്‌ വ്യവസ്ഥ.

അയ്യന്തോള്‍ കാര്‍ത്ത്യായനി ഭഗവതി

നഗരപരിധിക്കകത്ത്‌ അയ്യന്തോള്‍ ദേശത്ത്‌ സ്‌ഥിതിചെയ്യുന്ന ക്ഷേത്രമാണ്‌ അയ്യന്തോള്‍ ശ്രീ കാ?ത്ത്യായനീദേവിക്ഷേത്രം.
കുമാരനല്ലൂരിലേതുപോലെ അഞ്‌ജനകല്ലുകൊണ്ടാണ്‌ ഇവിടുത്തെ പ്രതിഷ്‌ഠ. നില്‍ക്കുന്ന രൂപത്തിലുള്ള വിഗ്രഹത്തിന്‌ നാലുകൈകളുണ്ട്‌. ശംഖ്‌, ചക്രം, പദ്‌മങ്ങള്‍ എന്നിവയാണ്‌ ദേവിയുടെ കൈയിലുള്ളത്‌.
പൂരത്തിലെ പ്രധാന ഘടകക്ഷേത്രമാണിത്‌. പൂരദിവസം പുലര്‍ച്ചെ മൂന്നു മണിക്ക്‌ ദേവിക്ക്‌ ആറാട്ടാണ്‌. പിന്നീടുള്ള പൂജകളും കഴിഞ്ഞ്‌ ഏഴുമണിയോടെ വടക്കുംനാഥനിലേക്ക്‌ പുറപ്പെടും. വഴിനിറയെ നിറ പറകളും ഏറ്റു വാങ്ങി, മൂന്ന്‌ ആനകളും നാഗസരവുമായാണ്‌ പുറപ്പാട്‌. കോട്ടപ്പുറത്തെത്തുമ്പോള്‍ ആനകള്‍ ഏഴാകും. 11ഓടെ നടുവിലാലില്‍ നിന്നും പടിഞ്ഞാറേ ഗോപുരം വഴി കടന്ന്‌ വടക്കുംനാഥനെ വണങ്ങി തെക്കേ ഗോപുരം വഴി പുറത്തിറങ്ങും. തുടര്‍ന്ന്‌ 1.30ഓടെ അയ്യന്തോളിലെ ക്ഷേത്രത്തില്‍ തിരിച്ചെത്തും. രാത്രി പുറപ്പെടുന്ന ദേവി പന്ത്രണ്ടുമണിയോടെ വടക്കുംനാഥനെ വണങ്ങിയിറങ്ങി നടുവില്‍ മഠത്തിലെ ആറാട്ടും കഴിഞ്ഞ്‌ ക്ഷേത്രത്തില്‍ തിരിച്ചെത്തെമ്പോള്‍ പിറ്റേന്ന്‌ രാവിലെ ഏഴുമണി കഴിയും.
ആനകള്‍: പതിമൂന്ന്‌. പാണ്ടിമേളം.

നെയ്‌തലക്കാവിലമ്മ

പതിനൊന്നാനപ്പുറത്താണ്‌ പൂരത്തിന്‌ നെയ്‌തിലക്കാവിലമ്മയുടെ എഴുന്നള്ളിപ്പ്‌. ക്ഷേത്രത്തില്‍ നിന്നും ഒരാനപ്പുറത്ത്‌ നാഗസ്വരത്തിന്റെ അകമ്പടിയോടെ എഴുന്നള്ളിയെത്തി നടുവിലാലില്‍ വച്ചാണ്‌ പതിനൊന്നാനകളോടെ അണിനിരക്കുക. തുടര്‍ന്ന്‌ പാണ്ടി മേളത്തിന്റെ അകമ്പടിയോടെ പടിഞ്ഞാറേ ഗോപുരം കടന്ന്‌ വടക്കുന്നാഥനെ വണങ്ങും. പിന്നെ തെക്കേ ഗോപുരത്തിലൂടെ പുറത്തുകടന്ന്‌ നടുവില്‍ മഠത്തില്‍ എത്തും.

തിരുവമ്പാടി

തിരുവമ്പാടി ശ്രീകൃഷ്‌ണക്ഷേത്രം പൂരത്തിലെ പ്രധാന പങ്കാളിയാണ്‌. ഇവിടത്തെ പ്രതിഷ്‌ഠാമൂര്‍ത്തി ഉണ്ണിക്കൃഷ്‌ണനായും പാര്‍ഥസാരഥിയായും സങ്കല്‌പിക്കപ്പെടുന്നു. ശ്രീകൃഷ്‌ണക്ഷേത്രമാണെങ്കിലും ഇവിടത്തെ ഭഗവതിക്കാണ്‌ പൂരം. ഭഗവതിക്കു പുറമേ ഗണപതി, ഘണ്ടാകര്‍ണന്‍, യക്ഷി, അയ്യപ്പന്‍, രക്‌തേശ്വരി എന്നീ ഉപദേവതകളുമുണ്ട്‌. തൃശൂര്‍ പൂരത്തിനോടനുബന്‌ധിച്ചുള്ള ചടങ്ങുകളില്‍ തിരുവമ്പാടി ക്ഷേത്രം പ്രധാന പങ്കു വഹിക്കുന്നു. പൂരത്തിന്‌ ശ്രീകൃഷ്‌ണന്റെ സ്വര്‍ണക്കോലത്തില്‍ ഭഗവതിയുടെ തിടമ്പ്‌ എഴുന്നള്ളിക്കുന്നു.
പൂരത്തിന്‌ പതിനഞ്ചാനകള്‍. പാണ്ടി, പഞ്ചവാദ്യം പ്രധാനം.

പാറമേക്കാവ്‌

തൃശ്ശൂര്‍ പൂരത്തിന്റെ മറ്റൊരു മുഖ്യപങ്കാളിയായ പാറമേക്കാവ്‌ ക്ഷേത്രം സ്വരാജ്‌ റൗണ്ടിന്റെ കിഴക്കുഭാഗത്തായി സ്‌ഥിതിചെയ്യുന്നു. ഭദ്രകാളി സങ്കല്‍പ്പമാണ്‌ പ്രതിഷ്‌ഠ. പടിഞ്ഞാട്ട്‌ ദര്‍ശനം. വലതുകാല്‍ മടക്കിവച്ച്‌ ഇടതുകാല്‍ തൂക്കിയിട്ട്‌ പീഠത്തില്‍ ഇരിക്കുന്ന രൂപത്തിലാണ്‌ പ്രതിഷ്‌ഠ.പ്രധാനബിംബം ദാരുബിംബമായതിനാല്‍ ആണ്ടിലൊരിക്കല്‍ ക?ക്കിടകത്തില്‍ നിറപുത്തരി ദിവസം നടത്തുന്ന ചാന്താട്ടമല്ലാതെ മറ്റ്‌അഭിഷേകങ്ങളില്ല. കൂര്‍ക്കഞ്ചേരിയിലെ അപ്പാട്ട്‌ കളരിയിലെ കാരണവരായിരുന്ന കുറുപ്പാള്‍ തിരുമാന്‌ധാംകുന്നിലമ്മയുടെ പരമഭക്‌തനായിരുന്നു. എല്ലാമാസവും മുടങ്ങാതെ തിരുമാന്‌ധാംകുന്നില്‍ ദര്‍ശനത്തിനുപോയിരുന്ന അദ്ദേഹത്തിന്‌ പ്രായാധിക്യം കാരണം അതിന്‌ കഴിയാതെ വരുമെന്ന ഘട്ടം വന്നപ്പോള്‍ അദ്ദേഹം ഇഷ്‌ടദേവതയോട്‌ നാട്ടില്‍ കുടികൊള്ളണമെന്ന്‌ അഭ്യര്‍ത്ഥിച്ചു. കരുണാമയിയായ ദേവി അത്‌ സമ്മതിച്ച്‌ കുറുപ്പാളറിയാതെ അദ്ദേഹത്തിന്റെ ഓലക്കുടയില്‍ കയറിയിരുന്നു തൃശിവപേരൂര്‍ എത്തി എന്നാണ്‌ ഐതിഹ്യം.
പൂരത്തിന്‌ പതിനഞ്ചാനകള്‍. പാണ്ടിമേളം, പഞ്ചവാദ്യം പ്രധാനം.
<<<<<<>>>>>>>>>>>>>>>

ഹാ..!. ഒന്നരദിവസം രാപ്പകല്‍ നീളുന്ന എഴുന്നള്ളിപ്പുകള്‍..എട്ടു ഘടകക്ഷേത്രങ്ങളും പ്രധാനപങ്കാളികളായ തിരുവമ്പാടി-പാറമേക്കാവ്‌ ക്ഷേത്രങ്ങളും, നഗരനാഥനായ വടക്കുന്നാഥനു മുന്നില്‍ തീര്‍ക്കുന്ന താള-വര്‍ണ്ണ-മേള വിസ്‌മയം..!.
തമ്പുരാന്‍ കല്‍പ്പിച്ചു നിശ്ചയിച്ച പൂരച്ചടങ്ങുകള്‍ അറിഞ്ഞു..
ഇനി പോകാം, നമുക്കൊന്നിച്ചാസ്വദിക്കാന്‍- പൂരങ്ങളുടെ പൂരം..!!.


പുണ്യാളന്‍ അഗര്‍ബത്തീസ്‌ സിനിമേല്‌ മ്മടെ തൃശൂപ്പൂരത്തിന്റെ ഒരു പാട്ടുണ്ട്‌ ട്ടാ..ഗഡ്യേ..!!. കിടിലന്‍..!! ദേ..ഒന്നു കേട്ടുനോക്യേ..!!.

പൂരങ്ങളുടെ പൂരമുള്ളൊരു നാട്‌ നമ്മുടെ നാട്‌
ഓണത്തിന്‌ പുലിയിറങ്ങണൊരു ഊര്‌ നമ്മുടെ ഊര്‌
ഈപ്പറഞ്ഞ നാടിന്‌ കരഏഴുമൊട്ടുക്ക്‌ പേര്‌
കാണണമെങ്കില്‍ കാണണം ഗഡീ തൃശിവപേരൂര്‌..

നാടിനൊത്ത നടുവില്‌ പച്ചകൊടപിടിക്കണ കാട്‌
വട്ടത്തില്‌ കൂടുവാനവിടെടവുമുണ്ടൊരുപാട്‌
തേക്കിന്‍കാട്‌ തേക്കിന്‍കാടെന്ന്‌ പറഞ്ഞുപോരുന്ന പേര്‌
കൂടണമെങ്കില്‍ കൂടണം ഗഡീ തൃശ്ശിവപേരൂര്‌..

കാന്താ ഞാനും പോരാം തൃശ്ശിവപേരൂര്‍ പൂരം കാണാന്‍.
കാന്തേ നീയും പോര്‌ തൃശ്ശിവപേരൂര്‍ പൂരം കാണാന്‍

പുത്തന്‍പള്ളി ഓത്തുപള്ളി പിന്നമ്പലങ്ങള്‌ കാവ്‌
പത്തുപതിനായിരം വന്നുപോകും പട്ടണം ജോറ്‌
പാട്ടുകളി നാടകം നല്ലസ്സല്‍ വായനശാല
ആനമയിലൊട്ടകം കളിയാടണ മൃഗശാല

ആനക്കമ്പം കമ്പക്കെട്ടിലും കമ്പമുള്ളവരേറേ
ചങ്കിടിപ്പിന്റെയൊച്ചയുത്സവ ചെണ്ടകൊട്ടണ പോലെ
എത്രപറഞ്ഞാലും പറയാത്തതൊത്തിരിവേറേ
പോകണമെങ്കില്‍ പോകണം ഗഡീ തൃശിവപേരൂര്‌...

കാന്താ ഞാനും പോരാം തൃശ്ശിവപേരൂര്‍ പൂരം കാണാന്‍.
കാന്തേ നീയും പോര്‌ തൃശ്ശിവപേരൂര്‍ പൂരം കാണാന്‍..!!.

-ബാലു മേനോന്‍ എം.

No comments:

Post a Comment