Thursday, July 23, 2015

അശ്വിനികള്‍ അനുഗ്രഹിച്ച വൈദ്യപാരമ്പര്യം


ബ്രിട്ടീഷ്‌ മലബാറില്‍ പൊന്നാനി താലൂക്കില്‍ തൃക്കണ്ടിയൂരംശത്തില്‍ ആലത്തൂര്‍ ദേശത്താണ്‌ ആലത്തിയൂര്‍
നമ്പിയുടെ ഇല്ലം- ഇങ്ങിനെയാണല്ലോ ഓരോ ഐതിഹ്യകഥകളുടേയും തുടക്കം?. ഇവിടേയും അങ്ങിനെ തന്നെ..!.
ആയിരത്താണ്ടുകളുടെ പാരമ്പര്യപുണ്യം നിറഞ്ഞ ചികിത്സാവൈദഗ്‌ധ്യം കണ്‍മുന്നില്‍- തൂവെളള വസ്‌ത്രം ധരിച്ച്‌ അത്രതന്നെ വെളുത്ത തലമുടിയും ചീകിവച്ച്‌ കട്ടിക്കണ്ണടയ്‌ക്കുള്ളില്‍ തിളങ്ങുന്ന കണ്ണുകളുമായി, അഷ്ടവൈദ്യന്‍ ആലത്തൂര്‍ നാരായണന്‍ നമ്പി..
അഷ്‌ടവൈദ്യന്മാര്‍ക്കു ചികിത്‌സയില്‍ ദിവ്യമായ ഒരു അനുഗ്രഹ ശക്‌തിയുണ്ടെന്നാണ്‌ വിശ്വാസം. ഇതിന്‌ തെളിവുകളായി പലപല ഐതിഹ്യങ്ങളും ഉണ്ട്‌. ഇവരെല്ലാം വൈദ്യശാസ്‌ത്രത്തിന്റെ അധിദേവതയായ ധന്വന്തരിയെ വിവിധ രൂപത്തില്‍ ആരാധിച്ചുവരുന്നവരാണെങ്കിലും ആലത്തിയൂര്‍ നമ്പിയ്‌ക്ക്‌ സാക്ഷാല്‍ ദേവവൈദ്യന്‍മാരായ അശ്വിനി ദേവകളാണ്‌ ഉപാസന. ആ രീതി ഇവര്‍ക്കുമാത്രമേയുള്ളൂ..
അഷ്ടവൈദ്യരില്‍ ഈ കുടുംബക്കാരെ മാത്രമാണ്‌ നമ്പിമാരെന്നു വിളിക്കുക, മറ്റു കുടുംബക്കാരെ മൂസ്സുമാരെന്നും. കേരളസൃഷ്ടിയ്‌ക്കു ശേഷം, പതിനെട്ടില്ലങ്ങളിലെ നമ്പൂതിരിമാര്‍ക്കു പരശുരാമന്‍ വൈദ്യം ഉപദേശിച്ചുകൊടുത്തു എന്നും അവരുടെ പിന്‍ഗാമികളാണ്‌ ഈ കുടുംബക്കാര്‍ എന്നുമാണ്‌ ഐതിഹ്യം. ഉത്‌പത്തിക്കഥകള്‍ വേറേയുമുണ്ട്‌.
എന്തുതന്നെയായാലും അയുര്‍വേദത്തിന്റെ വളര്‍ച്ചയ്‌ക്കും വ്യാപനത്തിനും ഈ വൈദ്യകുടുംബങ്ങളുടെ സംഭാവന അപാരമാണ്‌. അഷ്‌ടവൈദ്യന്മാരാല്‍ എഴുതപ്പെട്ട ഒട്ടേറെ വൈദ്യഗ്രന്‌ഥങ്ങളുണ്ട്‌. സഹസ്രയോഗം, വൈദ്യമനോരമ, യോഗരത്‌നസമുച്ചയം, സിന്ദൂരമരമഞ്‌ജരി, ആലത്തൂര്‍ മണിപ്രവാളം എന്നിവ ഇവയില്‍ പ്രധാനം. പതിനെട്ടുകുടുംബക്കാരില്‍, അറു കുടുംബക്കാരേ ഇപ്പോള്‍ ഈ ചികിത്സാവഴിയിലുള്ളൂ..
ഒരു മുത്തച്ഛനരികിലിരുന്നു കഥകള്‍ കേള്‍ക്കുന്ന സുഖമാണ്‌, നാരായണന്‍ നമ്പിയുടെ വിവരണങ്ങള്‍ക്ക്‌..
`കഥകളൊക്കെ ശ്ശി ണ്ട്‌.. അതൊക്കെ ഇപ്പോ ആരാ വിശ്വസിക്കാ?!.'
`ലോകത്ത്‌ എവിടേയുമില്ല അശ്വിനിദേവകളെ കുടുംബദേവതകളായി ആരാധിക്കുന്നവര്‍. ഞങ്ങളുടെ കുടുംബത്തിലേ ഉള്ളൂ.. അതിനു കാരണമുണ്ട്‌ ട്വോ..'
ആയൂര്‍വേദചികിത്സയിലെ ഇതിഹാസകഥകള്‍..!. നാരായണന്‍ നമ്പി പതുക്കെ കഥ തുടങ്ങി..

ചെമ്മണ്‍പ്പാത, ആലത്തൂരിലെ വൈദ്യന്‍ തൃക്കോവില്‍ എന്ന പേരുകേട്ട ശിവക്ഷേത്രത്തിലേയ്‌ക്കാണ്‌. വഴിയില്‍ പടര്‍ന്നു പന്തലിച്ച ആല്‍..
ദിവസവും രണ്ടുനേരം മഹാദേവനെ ഭജിച്ചിരുന്ന നമ്പി, പതിവു ദര്‍ശനത്തിനു പോകുമ്പോള്‍ ആല്‍മരച്ചില്ലയില്‍ രണ്ടു വിചിത്രപക്ഷികള്‍ ഇരുന്നു ചിലച്ചു- കോരുക്ക്‌..കോരുക്ക്‌..
ഇത്‌ പലദിവസം ആവര്‍ത്തിച്ചു.
ഒരു ദിവസം നമ്പി തിരിഞ്ഞു നിന്ന്‌ പക്ഷികളെ നോക്കി ഇങ്ങിനെ പറഞ്ഞുവത്രെ:
``കാലേ മിതഹിതഭോജീ കൃതചംക്രമണ ക്രമേണവാമശയ:
അവിധൃതമൂത്രപുരീഷ: സ്‌ത്രീഷു യതാത്മാ ച യോ നര: സോരുക്ക്‌..'`

ഇതും പറഞ്ഞ്‌ അദ്ദേഹം ഇല്ലത്തേയ്‌ക്കു പോയി. പിറ്റേന്നു മുതല്‍ ആ പക്ഷികള്‍ വന്നിട്ടില്ലത്രേ..!!.
കോരുക്‌ (കഃ അരുക്ക്‌) എന്ന വാക്കിന്‌ അരോഗിയാര്‌? എന്നാണര്‍ത്ഥം. അതിനുള്ള മറുപടിയാണ്‌ ഭിഷഗ്വരനായ നമ്പി നല്‍കിയത്‌...
``വേണ്ടുന്ന കാലത്ത്‌ ഹിതമായും മിതമായും ഭക്ഷിക്കുന്നവനും ഊണുകഴിഞ്ഞാല്‍ അല്‍പ്പം നടക്കുകയും ഇടതുവശം ചരിഞ്ഞു കിടക്കുകയും ചെയ്യുന്നവനും മലമൂത്രങ്ങളെ തടുക്കാതെ വേണ്ടുന്ന സമയത്ത്‌ വിസര്‍ജ്ജിക്കുന്നവനും സ്‌ത്രീകളില്‍ അത്യാസക്തിയില്ലാതെയിരിക്കുന്നവനുമാരോ അവന്‍ അരോഗിയായിരിക്കും..''.
ഈ പക്ഷികള്‍ അശ്വിനിദേവകളായിരുന്നു എന്നാണ്‌ കഥ..!. നമ്പിയില്ലത്തിന്റെ അശ്വിനീദേവ ബന്ധം ഇവിടെ തുടങ്ങുന്നു...




ആലത്തിയൂര്‍ നമ്പിമാര്‍ അഷ്‌ടാംഗചികിത്‌സയിലെ ശല്യചികിത്സയും ചെയ്‌തിരുന്നുവത്രെ. ശസ്‌ത്രക്രിയ!. അയൂര്‍വേദത്തില്‍ ഇന്ന്‌ ഈ വിഭാഗം അന്യം നിന്നുകഴിഞ്ഞു. ആയൂര്‍വേദം കുലത്തൊഴിലാക്കിയ നമ്പൂതിരിമാര്‍ ഇതു ചെയ്‌തിരുന്നില്ല. ആസുരചികിത്സയായതിനാല്‍. അതിനാല്‍ അവരെ അഷ്‌ടവൈദ്യന്മാരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മേഴത്തൂരിലുള്ള 'വൈദ്യമഠം' എന്ന നമ്പൂതിരി കുടുംബം ഇതിനുദാഹരണം. അതിരാത്രം പോലുള്ള യാഗവേദികളില്‍ വൈദ്യമഠത്തിന്റെ സാന്നിധ്യമുണ്ടാകും- കര്‍മ്മങ്ങള്‍ക്കൊന്നും അധികാരമില്ലെങ്കിലും. അഷ്ടവൈദ്യ കുടുംബക്കാര്‍ അന്യോന്യം ബന്ധപ്പെട്ടവരും ശിഷ്യപ്രശിഷ്യപരമ്പരയാ വൈദ്യശാസ്‌ത്രം പഠിപ്പിച്ചും വൈദ്യവൃത്തി പരിപാലിച്ചും വരുന്നവരുമാണ്‌.

ആലത്തിയൂര്‍ നമ്പിമാര്‍ക്ക്‌ കൈവന്ന അസുലഭമായ ചികിത്സാ വൈദഗ്‌ധ്യം, അശ്വിനി ദേവകളുടെ പ്രത്യേക അനുഗ്രഹം കൊണ്ടുമാത്രമെന്ന്‌ നാരായണന്‍ നമ്പി. അദ്ദേഹം ആ കഥ പറഞ്ഞു തുടങ്ങി...
ഒരിക്കല്‍ രണ്ടു ബ്രാഹ്മണകുമാരന്‍മാര്‍ നമ്പിയുടെ ഇല്ലത്തെത്തി- വൈദ്യം പഠിക്കണമെന്നായിരുന്നു ആവശ്യം. അതീവ തേജസ്വികള്‍..
നമ്പി സമ്മതിച്ചു. പക്ഷെ, ബുദ്ധിശാലികളായിരുന്നെങ്കിലും വികൃതി അസഹനീയമായിരുന്നു. എന്തോ, അദ്ദേഹം അവരെ ഒരിക്കല്‍ പോലും ശാസിക്കുകയുണ്ടായില്ല.
ഗ്രന്ഥത്തിലെ ശ്ലോകങ്ങള്‍ ചൊല്ലുമ്പോള്‍, കുട്ടികള്‍ തര്‍ക്കിക്കും- അങ്ങിനെയല്ല..ഇങ്ങിനെയല്ലേ അര്‍ത്ഥം എന്നിങ്ങനെ..!!
നമ്പിപോലും ശ്രദ്ധിക്കാത്ത അര്‍ത്ഥതലങ്ങള്‍...!!. അദ്ദേഹം അത്ഭുതബാലന്‍മാരില്‍ നിന്നും ചികിത്സാവിധികളുടെ പുതിയമേഖലകള്‍ ഗ്രഹിച്ചു തുടങ്ങുകയായിരുന്നു...അത്ഭുത പരതന്ത്രനായി തീര്‍ന്നു അദ്ദേഹം..
ഒരിക്കല്‍, അദ്ദേഹത്തിന്‌ ഒരിടം വരെ പോകേണ്ടിവന്നു. തിരിച്ചെത്തുമ്പോള്‍ പടിപ്പുര കത്തിച്ചാമ്പലായിരിക്കുന്നു..!.
തിരക്കിയപ്പോള്‍ ബ്രാഹ്മണകുമാരന്‍മാര്‍ കാട്ടിക്കൂട്ടിയതാണ്‌. എന്നിട്ടും നമ്പി ഒരക്ഷരം മിണ്ടിയില്ല. അദ്ദേഹത്തിന്‌ അവരുടെ ദിവ്യത്വം മനക്കണ്ണില്‍ തെളിഞ്ഞു തുടങ്ങിയിരുന്നു. അത്രയ്‌ക്കായിരുന്നു അവരുടെ പ്രതിഭ..
ഒരു ചികിത്സാവശ്യത്തിനായി ദൂരയാത്രയ്‌ക്കു പോകവേ ഒരിക്കല്‍ അദ്ദേഹം ബാലന്‍മാരേയും കൂടെക്കൂട്ടി..
വലിയ പുഴകടന്നുവേണം പോകാന്‍. നമ്പി മുമ്പിലും കുട്ടികള്‍ പിന്നിലുമായി പുഴയ്‌ക്കുകുറുടെയുള്ള പാലം കടക്കവെ, അപ്രതീക്ഷതമായി അവര്‍ നമ്പിയെ പുഴയിലേയ്‌ക്കു തള്ളിയിട്ട്‌ പൊട്ടിച്ചിരിച്ചു..'
നീന്തിക്കയറിയ നമ്പി, ആകെ നനഞ്ഞൊട്ടിയെങ്കിലും ഒരക്ഷരം മിണ്ടിയില്ല..!.
എന്നാല്‍ ദിനംപ്രതി ബാലരുടെ വികൃതി അസഹനീയമായി. നമ്പിയുടെ അച്ഛന്റെ ശ്രാദ്ധത്തിനു ഒരുക്കിവച്ച ബലിചോറ്‌, പടിക്കല്‍ വന്ന നായാടികള്‍ക്ക്‌ കൊടുക്കുകകൂടി ചെയ്‌തു. നമ്പി ക്ഷമ വെടിഞ്ഞില്ല..ആ മനക്കണ്ണില്‍ ഈ ബാലന്‍മാരേക്കുറിച്ച്‌ കൂടുതല്‍
മറ്റൊരു സംഭവം കൂടിയുണ്ടായീ... അതൊരു ശസ്‌ത്രക്രിയയുടേതാണ്‌...
കടുത്ത തലവേദനയുള്ളയാള്‍ കൂടെകൂടെ നമ്പിയെ കാണാനെത്തുമായിരുന്നു. ഒരു മരുന്നുകൊണ്ടും ഭേദമാകാത്ത തലവേദന..!.
കുറച്ചു ആശ്വാസം ലഭിക്കും; വീണ്ടും കൂടുതലാകും.
ഒരു നാള്‍ നമ്പിയില്ലാത്ത ദിവസമാണ്‌ അയാള്‍ എത്തിയത്‌. ബാലന്‍മാര്‍ അയാളോടു ഇരിക്കാന്‍ പറഞ്ഞ്‌ പറമ്പില്‍ നിന്നും എന്തോ ഇലകള്‍ ശേഖരിച്ചുവന്നു. പിന്നെ അയാളെയുംകൂട്ടി അറയ്‌ക്കകത്തു കയറി വാതിലടച്ചു..!.
`അതൊരു അപൂര്‍വ്വ ചികിത്സയായിരുന്നു.. ശസ്‌ത്രക്രിയ..!!.' നാരായണന്‍ നമ്പിയുടെ വാക്കുകളില്‍ ഇപ്പോഴും ആ ഐതിഹ്യകഥയുടെ മാസ്‌മരികത...
തലയോടുതുറന്നുള്ളത്‌. ദിവ്യബാലന്‍മാരുടെ ചെയ്‌തികള്‍ വാതില്‍പഴുതിലൂടെ ഇല്ലത്തെ ഉണ്ണികള്‍ നോക്കിക്കണ്ടുവത്രെ..!!.
ചികിത്സകഴിഞ്ഞ്‌ അയാള്‍ പൂര്‍ണസുഖമായി ഇറങ്ങിപ്പോയി. പുറത്തുവന്ന ബാലന്‍മാര്‍, ഇല്ലത്തെ ഉണ്ണികളെ നോക്കി ഇങ്ങിനെ പറഞ്ഞുവത്രെ: ഇങ്ങിനെ ഒളിച്ചു നോക്കിയാല്‍ കോങ്കണ്ണുണ്ടാവും..!!.
ആ വാക്കുകള്‍ ഫലിച്ചു. ഇന്നും കോങ്കണ്ണോ സര്‍പ്പദൃഷ്ടിയോ ഉണ്ടാവും കുടുംബത്തിലെ ആര്‍ക്കെങ്കിലും..!!
സര്‍പ്പദൃഷ്ടിക്കു പിന്നിലെ കഥ മറ്റൊന്നാണ്‌ ട്ടോ..
അല്‍പ്പനേരത്തേ ആലോചനയ്‌ക്കു ശേഷം, വൈദ്യമുത്തശ്ശന്‍ ആ കഥ പറഞ്ഞു ആയിരത്താണ്ടുകളുടെ പഴക്കമുള്ള കഥ.
ഒരിക്കല്‍, ഉച്ചതിരിഞ്ഞ നേരം. കടുത്ത വയറ്റുവേദനയുമായി ഒരു ബ്രാഹ്മണശ്രേഷ്‌ഠന്‍ നമ്പിയെ കാണാനെത്തി. അദ്ദേഹം കൊടുത്ത മരുന്നുകൊണ്ടു സുഖപ്പെടുകയും ചെയ്‌തു..
പിന്നെയും അവിടെ നിന്നുതിരിഞ്ഞ ബ്രാഹ്മണന്‍ ഒടുവില്‍ ആ സത്യം വെളിപ്പെടുത്തി- താനൊരു മനുഷ്യനല്ല. നാഗരാജാവായ തക്ഷകനാണ്‌..!!.
`്‌എന്നെ സുഖപ്പെടുത്തിയ താങ്കളോട്‌ സത്യം പറയാതിരിക്കുന്നത്‌ ഹിതമല്ലല്ലോ...?.'
സത്യം കേട്ട നമ്പി അമ്പരന്നു. ദക്ഷിണയായി തരുവാന്‍ ഒന്നും കൈയിലില്ലെന്നു പറഞ്ഞ നാഗശ്രേഷ്‌ഠന്‍, ഈ ഇല്ലത്തുള്ളവരെ സര്‍പ്പം ദംശിയ്‌ക്കില്ലെന്ന അനുഗ്രഹമാണ്‌ നല്‍കിയത്‌. അഥവാ ദംശിച്ചാലും വിഷം പരക്കുകയില്ല. അതുപോലെ ഈ ഇല്ലപ്പറമ്പില്‍ വച്ച്‌ കടിയേല്‍ക്കുന്ന ആര്‍ക്കും ആപത്തുണ്ടാവില്ലെന്നും ഇല്ലത്ത്‌ ജനയ്‌ക്കുന്നഒരാള്‍ക്ക്‌ സര്‍പ്പദൃഷ്ടികാണുമെന്നും അനുഗ്രഹിച്ച്‌ മറഞ്ഞു. ഇന്നും അത്‌ അങ്ങിനെ തന്നെ..!.

`ആ..പറഞ്ഞു നിര്‍ത്തിയത്‌ അശ്വിനി ദേവകളുടെ കഥയല്ലേ..?.' അദ്ദേഹം വീണ്ടും ഓര്‍മ്മിച്ചെടുത്തു...
`ഒരു ദിവസം നമ്പി ഊണുകഴിച്ചുകൊണ്ടിരിക്കേ ബാലന്‍മാര്‍ രണ്ടുപേരും അവിടെയെത്തി...തങ്ങള്‍ക്കു പോകാന്‍ സമയമായല്ലോ എന്നു പറഞ്ഞു..'
കുട്ടികളുടെ ദിവ്യത്വം നല്ലതുപോലെ ബോധ്യമായിരുന്ന നമ്പി, അനുവാദം നല്‍കി. ഗുരുദക്ഷിണയായി ഒരു കൊച്ചു താളിയോല ഗ്രന്ഥമാണ്‌ അവര്‍ നല്‍കിയത്‌. ഊണുകഴിച്ചുകൊണ്ടിരിക്കയാല്‍, ഇടതുകൈ നീട്ടിയാണ്‌ അദ്ദേഹം അതു സ്വീകരിച്ചത്‌..
ബാലന്‍മാര്‍ ഇറങ്ങിയപ്പോള്‍ നമ്പിയും അവരെ അനുഗമിച്ചു. തന്റെ സംശയങ്ങള്‍ക്ക്‌ മറുപടി തരണമെന്നായീ അദ്ദേഹം..
അപ്പോഴാണ്‌ അവര്‍ തങ്ങളാരെന്നും തങ്ങളുടെ ചെയ്‌തികളെന്തായിരുന്നു എന്നും പറഞ്ഞത്‌.
തങ്ങള്‍ അശ്വിനിദേവകളാണെന്നും ഭൂമിയില്‍ തങ്ങള്‍ക്ക്‌ തങ്ങാനുള്ള സമയം കഴിഞ്ഞിരിക്കയാണെന്നും അവര്‍ പറഞ്ഞു. നമ്പിയുടെ ഇല്ലത്ത്‌ അവര്‍ കാട്ടിക്കൂട്ടിയ കുസൃതികള്‍ക്കെല്ലാം പിന്നില്‍ ഓരോ കാരണങ്ങളുമുണ്ടായിരുന്നു..
നമ്പിയുടെ വീടിനുണ്ടായിരുന്ന അഗ്നിബാധായോഗം തീര്‍ക്കാനാണ്‌ പടിപ്പുരയ്‌ക്ക്‌ തീവച്ചതെന്നായിരുന്നു അവര്‍ പറഞ്ഞത്‌..
പുഴയില്‍ തള്ളിയിട്ടതോ? എന്നായി നമ്പി. ആ സമയത്ത്‌ പുഴയില്‍ ഗംഗയുടേയും സരസ്വതിയുടേയും യമുനയുടേയും സാന്നിധ്യമുണ്ടായിരുന്നതിനാല്‍ ഗംഗാസ്‌നാനഫലം കിട്ടാനാണ്‌ അങ്ങിനെ ചെയ്‌തതെന്ന്‌ മറുപടി..!!.
ഒടുവില്‍ അച്ഛന്റെ ശ്രാദ്ധത്തിനുള്ള ബലച്ചോറ്‌ നായാടികള്‍ക്ക്‌ നല്‍കിയതെന്തിന്‌ എന്നായി നമ്പി..
അവര്‍ നായാടികളല്ലെന്നും പിതൃക്കളായിരുന്നെന്നുമായിരുന്നു മറുപടി. അങ്ങ്‌ കുളിക്കാന്‍ പോയി സമയം തെറ്റിയതിനാല്‍, അവരുടെ ശാപമേല്‍ക്കാതിരിക്കാനാണ്‌ അങ്ങിനെ ചെയ്‌തതെന്നും ബാലന്‍മാരുടെ വിശദീകരണം..
അപ്പോഴേയ്‌ക്കും അവര്‍ നടന്ന്‌ പണ്ട്‌ ആ പക്ഷികളെ കണ്ട ആല്‍ച്ചുവട്ടില്‍ എത്തിയിരുന്നു...
അമ്പരന്നുനിന്ന തമ്പിയെ അവര്‍ അനുഗ്രഹിച്ചു. ഗ്രന്ഥം ഇടതുകൈകൊണ്ടു വാങ്ങിയതിനാല്‍, ഇല്ലത്തുളള വൈദ്യന്‍മാര്‍ ഇടതുകൈകൊണ്ടു നല്‍കുന്ന മരുന്നിനും ചികിത്സയ്‌ക്കും ഇരട്ടി ഫലമുണ്ടാകുമെന്നു പറഞ്ഞശേഷം, ആല്‍ത്തറയില്‍ കയറി അവര്‍ അപ്രത്യക്ഷരായി..!!.
` തലമുറകള്‍ പലതു കഴിഞ്ഞിട്ടും ഇന്നും ആ രീതിയുണ്ട്‌ ഞങ്ങള്‍ക്ക്‌...കടുപ്പമുള്ള രോഗചികിത്സയ്‌ക്കായി ഇപ്പോള്‍ വരുന്നവര്‍ക്കും മരുന്നു നല്‍കുക ഇടതുകൈകൊണ്ടാണ്‌..മരുന്നിനുള്ള കുറിപ്പും നല്‍കുക ഇടതുകൈകൊണ്ടുതന്നെ..!!.'
ചികിത്സാ പാരമ്പര്യത്തിന്റെ അത്ഭുതകഥകള്‍...!. തലമുറകള്‍ കൈമാറിയ കഥകള്‍..
അശ്വിനിദേവകള്‍ അപ്രത്യക്ഷമായിടത്ത്‌ ഒരമ്പലമുണ്ട്‌. വിഗ്രഹമോ മറ്റോ ഇല്ല. അവിടെ സങ്കല്‍പ്പം മാത്രം- പത്മമിട്ട്‌ പൂജ..!!.

നാഗമാണിക്യം നല്‍കിയ ഐശ്വര്യം

കഥകള്‍..അവസാനിക്കാത്ത കഥകള്‍..ചാരുകസേരയില്‍ കിടന്ന്‌ അദ്ദേഹം ഓര്‍ത്തെടുക്കുന്നു..നാഗമണിക്യത്തിന്റെ കഥ..
`വര്‍ഷങ്ങള്‍ ഏറെ മുമ്പാണ്‌.. അന്ന്‌ പാമ്പുമേക്കാട്ട്‌ നമ്പൂതിരിക്ക്‌ എന്തോ സുഖക്കേട്‌. നമ്പി അവിടെ ഇല്ലത്തു ചെന്നാണ്‌ ചികിത്സിച്ചത്‌.' ഒരു ദിവസം ഉച്ചയൂണു കഴിഞ്ഞ്‌ മേക്കാട്ട്‌ തിരുമേനിയും നമ്പിയും വെടിവട്ടവുമായി തെക്കിനിയില്‍ ഇരിക്കേ, ഒരു കൂറ്റന്‍ സര്‍പ്പം പതുക്കെ ഇഴഞ്ഞ്‌ അവരുടെ അടുത്തേയ്‌ക്ക്‌ വന്നു. വിരണ്ടുപോയ നമ്പി, ചാടി എഴുന്നറ്റു.
അപ്പോള്‍ മേക്കാടന്‍ ആശ്വസിപ്പിച്ചു.. അവര്‍ ഒന്നും ചെയ്യില്ല..!. പാമ്പ്‌ ഇഴഞ്ഞുവന്ന്‌ മേക്കാട്ട്‌ നമ്പൂതിരിയുടെ മടിയില്‍ ചുരുണ്ടുകിടന്നു..!. യഥാസ്ഥാനത്ത്‌ പരുങ്ങിയിരുപ്പായ നമ്പിയുടെ നേരേ അതു തലനീട്ടിയതോടെ അദ്ദേഹം പരിഭ്രമിച്ചു വീണ്ടും എഴുന്നേറ്റു.
അതിന്‌ എന്തോ അസുഖമുണ്ട്‌..അതാണ്‌- എന്ന്‌ മേക്കാട്ട്‌ നമ്പൂതിരി.
ധൈര്യം വീണ്ടെടുത്ത്‌ നമ്പി സര്‍പ്പത്തിന്റെ ശിരസ്സ്‌ പരിശോധിച്ചു. ശരിയായിരുന്നു..!.
അവിടെ ഒരു മുള്ള്‌ തറഞ്ഞിരുന്ന്‌ നീരുകെട്ടിയിരുന്നു..!!.
അദ്ദേഹം അതു സൂക്ഷ്‌മതയോടെ കീറി മുള്ളെത്ത്‌ മരുന്നുവച്ചു. സര്‍പ്പം പതിയേ ഇഴഞ്ഞുപോവുകയും ചെയ്‌തു.
മേക്കാട്ടെ ചികിത്സയും കഴിഞ്ഞ്‌ നാട്ടിലേയ്‌ക്കു മടങ്ങവേ, ആ ഉഗ്രസര്‍പ്പം വീണ്ടും ഇഴഞ്ഞെത്തി. അതു നമ്പിയ്‌ക്കു മുന്നില്‍ ഒരു മാണിക്യം വച്ച്‌ മാറിക്കിടപ്പായി..
അതു കണ്ട മേക്കാട്ട്‌ തിരുമേനി പറഞ്ഞു, മടിക്കാതെ എടുത്തോളൂ..അത്‌ അങ്ങു ചികിത്സിച്ചതിന്റെ കൃതജ്ഞതയാണ്‌...!.
`ആ മാണിക്യം ഇപ്പോഴും ഇല്ലത്തുണ്ടെന്നാണ്‌ പറയുന്നത്‌..ഞങ്ങളൊന്നും കണ്ടിട്ടില്ല ട്വൊ...!.'

പുറത്തൊരു രോഗി വന്നിട്ടുണ്ടെന്ന്‌ അറിയിപ്പ്‌. ഇരിക്കാന്‍ പറയൂ എന്നു മറുപടി. കഥയുടെ രസച്ചരട്‌ മുറിയാതെ അദ്ദേഹം..ചികിത്സയുടെ വിധി എത്ര കണിശം എന്നു തെളിയിക്കുന്നൊരു ഐതിഹ്യകഥയിലേയക്ക്‌ കടന്നു..
കുഷ്‌ഠരോഗ ബാധിതനായ യുവാവിന്റെ കഥയാണ്‌. വര്‍ഷങ്ങളേറേ മുമ്പ്‌..
യുവത്വം തുളുമ്പി നില്‍ക്കുന്ന നമ്പൂതിരിയുവാവാണ്‌ ചികിത്സയ്‌ക്ക്‌ വന്നത്‌. ഒരു മരുന്നേയുള്ളൂ ഇതിന്‌ എന്നു കാരണവര്‍
നമ്പി- `പെരുമ്പാമ്പിന്റെ നെയ്യ്‌ ഇടങ്ങഴി കഴിയ്‌ക്കണം...'
വൈദ്യന്റെ വിധികേട്ട്‌ ഞെട്ടിവിറച്ച നമ്പൂതിരി വിഷമത്തോടെ സ്ഥലം വിട്ടു.
പിന്നീട്‌ ആരുടെയോ ഉപദേശമനുസരിച്ച്‌ അദ്ദേഹം ചമ്രവട്ടത്ത്‌ അയ്യപ്പനെ ഭജനമിരിക്കാന്‍ തുടങ്ങി. ദിവസവും പുഴയില്‍ കുളിച്ച്‌ ക്ഷേത്രദര്‍ശനം..ചിട്ടവിടാത്ത ജീവിതം. ഒരുനാള്‍ അയാള്‍ക്ക്‌ ഒരു സ്വപ്‌നദര്‍ശനമുണ്ടായി. ആറിലെ വെള്ളം മൂന്ന്‌ കുടന്നവച്ചു കുടിച്ചാല്‍ രോഗം ഭേദമാകുമെന്നായിരുന്നു സ്വപ്‌നത്തിലെത്തിയ ദിവ്യന്‍ പറഞ്ഞത്‌..
അയാള്‍ പിറ്റേന്ന്‌ മുതല്‍ അത്‌ ചെയ്‌തു തുടങ്ങി. ഭജനാവസാനത്തില്‍ രോഗം പൂര്‍ണമായും സുഖപ്പെട്ടതു കണ്ട്‌ അയാള്‍ ആഹ്ലാദചിത്തനായി നമ്പിയുടെ ഇല്ലത്തെത്തി..
രോഗം ഭേദമായതു കണ്ട്‌ നമ്പി ചോദിച്ചു: എന്ത്‌ മരുന്നാണ്‌ സേവിച്ചത്‌..?
ഒരു മരുന്നും സേവിച്ചില്ല. ചമ്രവട്ടത്ത്‌ അയ്യപ്പനെ സേവിച്ചു!.- എന്നു മറുപടി.
എന്നാല്‍ എനിക്ക്‌ ആ സ്ഥലമൊന്നു കാണണമെന്നായി നമ്പി. ഇരുവരും കൂടി ചമ്രവട്ടത്ത്‌ പുഴയ്‌ക്കരികിലെത്തി..
പുഴയ്‌ക്കു മുകളില്‍ പോയി നോക്കാമെന്ന്‌ പറഞ്ഞ്‌ നമ്പി നടന്നു തുടങ്ങി. പിറകില്‍ നമ്പൂതിരിയും..
കുറച്ചുദൂരം നടന്നപ്പോള്‍ ഒരു മുളങ്കാട്‌ ദൃശ്യമായി. അവിടെ ഒരു പെരുമ്പാമ്പ്‌ ചത്തു ചീഞ്ഞുകിടന്നിരുന്നു...!. അതിന്റെ നെയ്യ്‌ മഴവെള്ളത്തില്‍ ഒലിച്ച്‌ പുഴയില്‍ ചേര്‍ന്നുകൊണ്ടിരിക്കുന്നു..!!.
നമ്പി നമ്പൂതിരിയെ നോക്കി ചിരിച്ചു- ഞാന്‍ അങ്ങയോട്‌ ഇടങ്ങഴി നെയ്യേ കഴിക്കാന്‍ ആവശ്യപ്പെട്ടുള്ളൂ...ഇപ്പോളങ്ങ്‌ മൂന്നിടങ്ങഴിയെങ്കിലും കഴിച്ചുകാണും..!. സംഗതി വ്യക്തമായ നമ്പൂതിരി നമ്പിയുടെ ചികിത്സാമാഹാത്മ്യം അംഗീകരിച്ചു എന്ന്‌ ചരിത്രം..
പുറത്ത്‌ ചികിത്സതേടിയെത്തുവരുടെ തിരക്ക്‌ കൂടിവരുന്നു..തീരാത്ത കഥകള്‍ക്ക്‌ ഒരു അര്‍ദ്ധവിരാമമിട്ട്‌ വൈദ്യമുത്തച്ഛന്‍..
`കേരളത്തിന്റെ വടക്ക്‌ ഞങ്ങളാണ്‌ വൈദ്യന്‍മാര്‍..തെക്ക്‌ കോട്ടയത്ത്‌ വയസ്‌കര മൂസ്സും. ഇതിനിടയിലുള്ളിതാണ്‌ ബാക്കി അഷ്ടവൈദ്യന്‍മാര്‍...' അഷ്ടാംഗഹൃദയം തന്നെയാണ്‌ നമ്പിമാര്‍ക്കും ആധികാരിക ഗ്രന്ഥം. `അഷ്ടാംഗഹൃദയവുമുണ്ട്‌ അഷ്ടാംഗഹൃദയ സംഗ്രഹവുമുണ്ട്‌. ആദ്യത്തേത്‌ മുഴുവന്‍ ശ്ലോകങ്ങളാണ്‌. മറ്റേതില്‍ കുറേ ഗദ്യവും വരും..'
ഞങ്ങളൊക്കെ അതു മുഴുക്കെ കാണാപ്പാഠം പഠിച്ചവരാണ്‌. ഋഗ്വേദത്തോളം ശ്ലോകങ്ങള്‍..!!.
എല്ലാം സംസ്‌കൃതമാണ്‌. അതിന്‌ പരിഹാരമായി നമ്പിമാര്‍ മലയാളത്തില്‍ ഒരു ഗ്രന്ഥം നിര്‍മ്മിച്ചു മണിപ്രവാളമായി- ആലത്തൂര്‍ മണിപ്രവാളം. മലയാളത്തിലെ ഒരേ ഒരു ആധികാരിക ചികിത്സാഗ്രന്ഥം. അഞ്ഞൂറു മുതല്‍ അറുനൂറു കൊല്ലം വരെ ഇതിനു പഴക്കമുണ്ട്‌. പതിനെട്ട്‌ വൈദ്യകുടുംബങ്ങളില്‍ അവശേഷിക്കുന്ന ചികിത്സകര്‍. മഹാപാരമ്പര്യത്തിന്റെ ഈടുവയ്‌പുകള്‍. രോഗം വന്നു ചികിത്സിക്കുന്നതിനേക്കാള്‍ അരോഗിയായി ജീവിക്കേണ്ടതെങ്ങിനെ എന്നു പഠിപ്പിച്ചവര്‍..
കഥകള്‍ അവസാനിക്കുന്നതേയില്ല...
തൃശൂര്‍ മൂസ്സുകുടുംബത്തിലേയ്‌ക്ക്‌ മകന്‍ ദത്തുപോയപ്പോള്‍ അവിടേ ചികിത്സയ്‌ക്ക്‌ മുഖ്യമേല്‍നോട്ടക്കാരനായി, നാരായണന്‍ നമ്പി.. അവസാനിയ്‌ക്കാത്ത പാരമ്പര്യം..
കഥകള്‍ പറഞ്ഞുപറഞ്ഞ്‌, ചരിത്രവും ഐതിഹ്യവും കൂടിക്കലര്‍ന്നിരിക്കുന്നു, ഇഴപിരിക്കാനാവാത്ത വിധം..അതു കേട്ടിരിയ്‌ക്കാം...മറക്കാതെ അടുത്ത തലമുറയേയും കേള്‍പ്പിക്കാം..!.

ബാലുമേനോന്‍ എം.
ഫോട്ടോ: സുദീപ്‌ ഈയെസ്‌

Tuesday, July 21, 2015

വാത്മീകം



വാത്മീകം തുറന്ന്‌ പുറത്തുവന്നു പറഞ്ഞത്‌ കുറെ സത്യങ്ങള്‍...സാഹിത്യമല്ല.
അഷ്ടമൂര്‍ത്തി എന്ന കഥാകൃത്തിന്റെ മനസ്സ്‌..
കുറച്ചെഴുതി. അവനവനോടു നീതി പുലര്‍ത്താന്‍ വേണ്ടി അതു നിര്‍ത്തി. പിന്നെ മൗനത്തിന്റെ വാത്മീകത്തില്‍ അമര്‍ന്നു..
എസ്‌എന്‍എ ഔഷധശാലയുടെ പടിപ്പുരയിലെ തണുപ്പില്‍, ഔഷധവീര്യമുള്ള കാറ്റേറ്റ്‌ അദ്ദേഹം പറഞ്ഞതത്രയും ഈ ലോകത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചും മാത്രം. അതില്‍ ആകുലതകള്‍ കണ്ടു..നിരാശകള്‍ കണ്ടു..പ്രത്യാശയും. സംഭാഷണം ഇടക്കൊന്നു സാഹിത്യത്തിലും തൊട്ടുപോയിക്കൊണ്ടിരുന്നു..

`ഒരൊറ്റ പുസ്‌തകമേ എടുക്കാവൂ എന്നു പറഞ്ഞാല്‍, ഞാന്‍ എടുക്കുക മാധവിക്കുട്ടിയുടേതാണ്‌...'
ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍, നാം അമ്പരക്കും. പേരെടുത്ത എഴുത്തുകാരന്‍ എന്തേ ഇങ്ങിനേ...?
`മാധവിക്കുട്ടിയെ മറികടക്കാന്‍ ആരും ഉണ്ടായിട്ടില്ല... ആണായാലും പെണ്ണായാലും..' എന്ന തുടര്‍വാചകം ചേര്‍ത്തുവായിച്ചാല്‍ എല്ലാം മനസ്സിലാവും.
`ചെറുകഥയില്‍ അമ്പതു വര്‍ഷം കവച്ചുവച്ചാണ്‌ അവര്‍ പോയത്‌...എനിക്കു തോന്നുന്നില്ല അടുത്തൊന്നും ആരും അവരെ കവച്ചുവയ്‌ക്കുമെന്ന്‌....!!.'
`അവര്‍ എഴുതിപ്പോവുകയായിരുന്നില്ലേ..?. ക്രാഫ്‌റ്റും ഭാഷയും ഒന്നും നോക്കീര്‍ന്നില്ല..!. ഏറ്റവും കുറച്ചുവാക്കുകള്‍ അറിയുന്ന ആളാണെന്ന്‌ അവര്‍ തന്നെ പറഞ്ഞിട്ടുണ്ട്‌.. അതല്ലേ ശരിയായ എഴുത്ത്‌..?'.
നാമൊക്കെ ഒരോവാക്കും സൂക്ഷിച്ചേ ഉപയോഗിക്കൂ..ആളുകള്‍ക്ക്‌ മനസ്സിലാവുമോ എന്നൊക്കെ തിരിച്ചു മറിച്ചും ആലോചിച്ച്‌...
ബഷീറൊക്കെ...?
അതെ..അവരൊക്കെ ഭാഷതന്നെ ഉണ്ടാക്കിയെടുത്തവരല്ലേ..?!. ബഡുക്കൂസ്‌..എന്നൊക്കെ...!!.
അതൊക്കെയാണ്‌ എഴുത്ത്‌ എന്നു തുറന്നുപറയാന്‍ മടിയ്‌ക്കാതെ ഒരെഴുത്തുകാരന്‍..
`എഴുത്തു വറ്റിപ്പോയ എന്നെ രക്ഷിച്ചത്‌, മാധവിക്കുട്ടിയാണ്‌-അവരുടെ എഴുത്ത്‌..അവരെ ഞാന്‍ കണ്ടുസംസരിച്ചിട്ടേയില്ല ഒരിക്കല്‍പോലും..' പ്രതിഭയുടെ തിരത്തള്ളല്‍ ഉള്ള എഴുത്തുകാരെ കാലത്തിന്റെ കനിവായി നമുക്കുകിട്ടുന്നു...അതൊക്കെ ഗോപുരങ്ങളാണ്‌...വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഒന്ന്‌...

കുറച്ചേ എഴുതിയിട്ടുള്ളൂ, കഥകള്‍. നൂറ്റിരുപത്തഞ്ചോളം. എഴുതിയതത്രയും പുസ്‌തകങ്ങളാക്കിയതുമില്ല. വിശേഷാല്‍ പ്രതികള്‍ക്കും ആകാശവാണിക്കും വേണ്ടി എഴുതിയ കഥകള്‍ പ്രസിദ്ധീകരിക്കാതെ ഇപ്പോഴും കൂട്ടിവച്ചിരിക്കുന്നു. ഇത്രയും കാലത്തിനുള്ളില്‍ ഒരു നോവലാണ്‌ എഴുതിയത്‌...`റിഹേഴ്‌സല്‍ ക്യാമ്പ്‌'!.
എഴുത്തില്‍ പിശുക്കനാണോ?.
ചിരിച്ചുകൊണ്ടാണ്‌ മറുപടി: അല്ലല്ല...എന്റെ റിസോഴ്‌സ്‌ വളരെ കുറവാണ്‌. പുതിയവിഷയമോ ഭാഷയോ അവതരിപ്പിക്കാനുണ്ടാവണം. ഒരിക്കല്‍, കഥവായിച്ച്‌ എന്റെ ഒരു കസിന്‍ പറഞ്ഞു: എഴുതിയയാളുടെ പേരു അവസാനേ ശ്രദ്ധിച്ചുള്ളൂ, പക്ഷെ, വായിച്ചപ്പോളേ എഴുത്തുകാരനെ മനസ്സിലായീ..!
അദ്ദേഹം അഭിനന്ദനമായാണ്‌ ആ വാക്കുകള്‍ പറഞ്ഞതെങ്കിലും, അഷ്ടമൂര്‍ത്തി എന്ന എഴുത്തുകാരന്റെ മനസ്സില്‍ അത്‌ ആശങ്കകളുടെ വേലിയേറ്റമാണ്‌ തീര്‍ത്തത്‌...
`അതൊരു അഭിനന്ദനമായല്ല എനിക്കു തോന്നിയത്‌.'
ഒരു ശൈലിയുടെ ആളായി മാറുന്നുവെന്ന്‌ തോന്നി- ഞാന്‍ ആവര്‍ത്തിക്കുന്നു എന്നു തോന്നി..!. അതോടെ ആലോചനയായി. പുതിയതൊന്നും പറയാനില്ലാതെ എഴുതേണ്ടെന്ന്‌ നിശ്ചയിച്ചു.
`കുഞ്ഞബ്ദുള്ളയും മുകുന്ദനുമൊക്കെ പുതുതായി പറഞ്ഞുകൊണ്ടിരിക്കുന്ന എഴുത്തുകാരാണ്‌. അത്‌ അത്ഭുതം തന്നെയാണ്‌..'
അക്കാലത്താണ്‌ ചെറുകഥയ്‌ക്ക്‌ അക്കാദമി അവാര്‍ഡ്‌ അഷ്ടമൂര്‍ത്തിയെ തേടിയെത്തുന്നത്‌. 1992ല്‍- `വീടുവിട്ടുപോകുന്നു' എന്ന കൃതിയ്‌ക്ക്‌. അതോടെ ഒന്നുകൂടി ഉറപ്പാക്കി- എഴുത്തു നിര്‍ത്താനുള്ള തീരുമാനം.
ചെറുകഥയ്‌ക്ക്‌ അക്കാദമി അവാര്‍ഡ്‌, നോവലിന്‌ കുങ്കുമം അവാര്‍ഡ്‌..
`അത്രേന്നേള്ളൂ അവാര്‍ഡുകളായിട്ട്‌..'
എഴുത്തു നല്‍കിയത്‌, സ്‌നേഹമാണ്‌. ലോകത്ത്‌ ഇത്രയധികം പേര്‍ തന്നെ സ്‌നേഹിക്കുന്നു..എല്ലാം എഴുത്തിലൂടെ കൈവന്നത്‌ എന്ന്‌ അഷ്ടമൂര്‍ത്തി. `അതാണ്‌ എന്റെ സമ്പാദ്യം. സാമ്പത്തികം പോലും എനിക്കുണ്ടായിട്ടില്ല, കാര്യമായിട്ട്‌..ഞാനൊരു വില്‍പ്പനമൂല്യമുള്ള എഴുത്തുകാരനേയല്ല..'

തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍ പുഴയുടെ തീരത്ത്‌, ആറാട്ടുപുഴ ഗ്രാമത്തിലാണ്‌ ജനനം. `കരുവന്നൂര്‍പ്പുഴയിലെ പാലം' എന്ന ഒരു കഥതന്നെ അദ്ദേഹത്തിന്റേതായുണ്ട്‌. ഈ പേരില്‍ ഒരു സമാഹാരവും.
`അതെ, ഓരോരുത്തര്‍ക്കും അവരവരുടെ ജന്മനാട്‌ പ്രിയപ്പെട്ടതാണ്‌. ആ നാട്‌ എത്ര ചീത്തയായാലും..'
ജീവിതത്തിലെ പന്ത്രണ്ടുകൊല്ലമൊഴിച്ച്‌ ബാക്കികാലമെല്ലാം, ഇവിടെ തന്നെയായിരുന്നു ഈ എഴുത്തുകാരന്‍- ബോംബെയിലെ പ്രവാസകാലമൊഴിച്ച്‌..!.
നിത്യജീവിതത്തില്‍ നിന്ന്‌ അടര്‍ത്തിയെടുത്ത മുഹൂര്‍ത്തങ്ങളെ ആവിഷ്‌കരിക്കുന്നതാണ്‌ അഷ്‌ടമൂര്‍ത്തി കഥകള്‍. തീക്ഷ്‌ണാനുഭവങ്ങളുടെ ആവിഷ്‌കാരം.
കഥകളില്‍ കഥാപാത്രങ്ങള്‍ക്കല്ല ഊന്നല്‍. സന്ദര്‍ഭങ്ങള്‍ക്കാണ്‌.`നമ്മളൊന്നും ഒട്ടും ശക്തരല്ലല്ലോ? ഓരോ സാഹചര്യങ്ങള്‍ക്കു കീഴ്‌പെട്ട്‌ ജീവിക്കുന്നവരല്ലേ..?.' എന്നാണ്‌ വ്യാഖ്യാനം..
ചില കഥകളില്‍ ശക്തമായ കഥാപാത്രങ്ങളെ കണ്ടേക്കാം. പക്ഷെ, അധികവും സന്ദര്‍ഭങ്ങള്‍ക്കാണ്‌ പ്രാധാന്യം. ചിരപരിചിതത്വത്തില്‍ നിന്ന്‌ അപരിചിതത്വം സൃഷ്‌ടിക്കാനുള്ള എഴുത്തുകാരന്റെ അദമ്യമായ വാസന..
അനുഭവങ്ങള്‍ ആവിഷ്‌കരിക്കപ്പെടുമ്പോഴാണ്‌ ജീവിത പരിസരത്ത്‌ അതിന്‌ സവിശേഷസ്‌ഥാനം കൈവരുന്നതെന്ന്‌ നമ്മെ ബോധ്യപ്പെടുത്തുന്ന കഥകള്‍...സ്വാസ്ഥ്യം നഷ്ടപ്പെട്ടുപോകുന്നവരുടെ വിഹ്വലതകള്‍..

`എണ്‍പതുകളും തൊണ്ണൂറുകളുമായിരുന്നു എന്റെ ഏറ്റവും ഉയര്‍ന്ന സര്‍ഗ്ഗശേഷി.'
ഒരായുസ്സില്‍ ഒരു മനുഷ്യന്റെ സര്‍ഗ്ഗശേഷി പരമാവധി പത്തുവര്‍ഷമാണെന്ന്‌ ഒരിക്കല്‍ സി.ആര്‍. പരമേശ്വരന്‍ പറയുകയുണ്ടായി. `അത്‌ എന്നെ സംബന്ധിച്ച്‌ ശരിയായിരുന്നു..കഷ്ടി പതിനഞ്ചുവര്‍ഷം..'
അഷ്ടമൂര്‍ത്തി നിര്‍മ്മമനായി ചിരിച്ചു..
എഴുത്തു നിര്‍ത്തിയപ്പോള്‍ അടുപ്പമുള്ളവര്‍ നിര്‍ബന്ധിച്ചു..ശാസിച്ചു..
എഴുതിക്കൊണ്ടിരിക്കണം..അതൊരു വ്യായാമം പോലെയാണ്‌. ഇല്ലെങ്കില്‍ തീര്‍ത്തും നിലയ്‌ക്കുമെന്നും പലരും പറഞ്ഞു.
`നമ്മള്‍ ഡയറി എഴുതണമെന്നൊക്കെ നിര്‍ബന്ധം പറയില്ലേ..അതുപോലെ..'
അതു ശരിയായിരുന്നു. എഴുത്തിന്‌ `ബ്ലോക്ക്‌' വന്നു!.
വിശേഷാല്‍പതിപ്പിലേയ്‌ക്ക്‌ കഥചോദിക്കുമ്പോള്‍ ദേഷ്യം വന്നു: `എന്തിനാ ഇവര്‍ എന്നോടു ചോദിക്കുന്നത്‌..?'
ആ കാലയളവിലാണ്‌ മനോരമ, ബോംബെ അനുഭവങ്ങള്‍ എഴുതിക്കൂടെ എന്നു ചോദിക്കുന്നത്‌. അത്‌ കോളമെഴുത്തിലേയ്‌ക്കുള്ള കാല്‍വയ്‌പ്പായി. അന്ന്‌ കുറേ എഴുതി ഓര്‍മ്മക്കുറിപ്പുകള്‍ പോലെ..
പിന്നീടാണ്‌, ശരിക്കും കോളമെഴുത്തുകാരനായിമാറുന്നത്‌. `ജനയുഗ'മാണ്‌ ക്ഷണിച്ചത്‌..
എനിക്ക്‌ ഒട്ടും വിശ്വാസമുണ്ടായിരുന്നില്ല, വിജയിക്കുമെന്ന്‌. ആറ്റൂര്‍ പറഞ്ഞു, തനിക്കും ഗുണണ്ടാവില്ല..എഴുത്തിനും ഗുണണ്ടാവില്ല..!!. കെ.സി. നാരായണന്റെ അഭിപ്രായവും മറിച്ചായിരുന്നില്ല. കായ വറുക്കുമ്പോള്‍, അതിന്റെ ബാക്കിവരുന്ന തൊലി നുറുക്കി ഒരു മെഴുക്കുപുരട്ടി ഉണ്ടാക്കില്ലേ? അതാണ്‌ കോളമെന്ന്‌..!!. ശരിക്കുള്ളത്‌ ഉപ്പേരിതന്നെ- കഥ!.
പക്ഷെ, എഴുതിത്തുടങ്ങിയപ്പോള്‍ അത്‌ ശരിക്കും ആസ്വദിക്കുകതന്നെ ചെയ്‌തു. സമകാലിക വിഷയങ്ങളില്‍ ഇടപെട്ടുകൊണ്ടുള്ള എഴുത്ത്‌.. കഥയില്‍ പറയാന്‍ കഴിയാത്ത പലതും പറയാന്‍ കഴിയുന്നു എന്നുള്ളത്‌..
`ഒരിക്കലും കോളമെഴുത്ത്‌ ഞാന്‍ ലഘുവായി എടുത്തിട്ടില്ല..പലരേയും കാണിച്ച്‌ തൃപ്‌തിയായ ശേഷമേ അച്ചടിക്കാന്‍ കൊടുത്തിരുന്നുള്ളൂ..'
സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ഇതു പോസ്‌റ്റ്‌ ചെയ്യുമ്പോള്‍ കിട്ടുന്ന `ഉടന്‍ പ്രതികരണങ്ങള്‍' ഏറെ ആവേശം പകര്‍ന്നുവെന്ന്‌ അഷ്ടമൂര്‍ത്തി.
`ഉപന്യാസം എന്ന ഒരു വിഭാഗം തന്നെ മലയാള സാഹിത്യത്തില്‍ നിന്ന്‌ അപ്രത്യക്ഷമായിക്കഴിഞ്ഞു...അതാണ്‌ യാഥാര്‍ത്ഥ്യം. എ.പി. ഉദയഭാനുവിനെയും ഡോ.ഭാസ്‌കരന്‍ നായരേയും പോലെയുളളവരൊക്കെ എഴുതിയിരുന്ന...
ആ കുറവ്‌ കുറേ ഒക്കെ എന്റെ എഴുത്തുകൊണ്ടു തിരിച്ചെടുക്കാന്‍ കഴിഞ്ഞു എന്നാണ്‌ വിശ്വാസം..
ഒരു നിമിഷം നിര്‍ത്തി; ഒന്നാലോചിച്ചശേഷം- കോളം എഴുതിത്തുടങ്ങിയതോടെ എന്റെ എഴുത്തിന്റെ `ബ്ലോക്ക്‌' പോയി...സ്വാഭാവികമായി അതു ഒഴുകിത്തുടങ്ങി..!.
ആദ്യമാദ്യമൊക്കെ വിഷയങ്ങള്‍ വേണ്ടുവോളമുണ്ടായിരുന്നു. പിന്നെ ദൗര്‍ലഭ്യം വന്നുതുടങ്ങി. തുടക്കത്തിലുണ്ടായിരുന്ന സ്വാതന്ത്ര്യവും നഷ്ടപ്പെട്ടു. `ഹര്‍ത്താലിന്‌ എതിരേ എഴുതിയ കുറിപ്പ്‌ അവര്‍ പ്രസിദ്ധീകരിച്ചില്ല...അതോടെ വഴിപിരിയാമെന്നു പറഞ്ഞു..' എഡിറ്റര്‍ ഉണ്ണികൃഷ്‌ണന്‍ ഇടപെട്ടതിനെ തുടര്‍ന്ന്‌ കുറച്ചുകാലം കൂടി എഴുതിയെങ്കിലും നിര്‍ത്തി. പിന്നാലെ വന്നത്‌, ദേശാഭിമാനിയില്‍ നിന്നുള്ള ക്ഷണം. മാസത്തിലൊന്നു മതി എന്നായിരുന്നു പറഞ്ഞത്‌. സി.രാധാകൃഷ്‌ണന്‍ ഒക്കെ ഉണ്ടായിരുന്നു ആദ്യമൊക്കെ. പിന്നീട്‌ അവരൊക്കെ നിര്‍ത്തി. ആ ഒഴിവിലേയ്‌ക്കും അഷ്ടമൂര്‍ത്തി എഴുതി..
`സത്യത്തില്‍ കഥകളെക്കാള്‍ കൂടുതല്‍ ഞാനെഴുതിയത്‌ കോളമാണ്‌...!.'
കോളമെഴുതിത്തുടങ്ങിയപ്പോള്‍, അടുപ്പമുളളവരുടെ ചീത്തവിളി. കഥയ്‌ക്കുകൊള്ളാവുന്ന കാര്യങ്ങള്‍ വെറുതെ എഴുതിത്തുലയ്‌ക്കുന്നു...!!.
`ശരിയായിരുന്നു..കഥയും ലേഖനവും കൂടിക്കലര്‍ന്നു എന്ന്‌ എനിക്കും തോന്നാറുണ്ട്‌...രണ്ടിന്റേയും അതിര്‍വരമ്പുകള്‍ നേര്‍ത്തതായിരുന്നു എന്റെ കുറിപ്പുകളില്‍..'
പക്ഷെ, അതില്‍ ദുഃഖം തോന്നിയില്ല. പലസംഭവങ്ങളേയും ഭൂതകാലവുമായി ബന്ധപ്പെടുത്തിയല്ലേ എഴുതാനാവൂ...?
പെട്ടെന്ന്‌ പഴയകാലമോര്‍ത്തു. ബോംബെ ജീവിതം...
`ഞാന്‍ എന്റെ ജീവിതം തീര്‍ന്നുപോയീ എന്നു കരുതിയ കാലമാണത്‌...'
എഴുപതുകളിലാണ്‌ അഷ്ടമൂര്‍ത്തി തൊഴിലിനായി ബോംബെയിലെത്തുന്നത്‌. അതൊരു കാലമായിരുന്നു. മഹാനഗരത്തില്‍ മുങ്ങിപ്പൊങ്ങി..ആരോരുമറിയാതെ..
അഷ്ടമൂര്‍ത്തിയുടെ തന്നെ വാക്കുകള്‍:
`എന്നും തൃശൂര്‍പൂരം പോലെ...ആളുകള്‍ തിളച്ചുമറിയുന്ന നഗരം..!.'
ആര്‍ക്കും ആരേയും അറിഞ്ഞുകൂടാ..അതിനു താത്‌പര്യവുമില്ല. എഴുത്തുകാരന്‍ എന്നൊക്കെ പറഞ്ഞാല്‍, ആ മഹാനഗരത്തില്‍..?!.
`ഒരു മനുഷ്യന്‍, പ്രത്യേകിച്ച്‌ എഴുത്തുകാരന്‍ രണ്ടുവര്‍ഷമെങ്കിലും ബോംബെയില്‍ ചിലവഴിക്കണമെന്നാണ്‌ ഞാന്‍ പറയുക...ജീവിതം പഠിക്കണമെങ്കില്‍ അതു വേണം..നാം ഒന്നുമല്ലെന്ന തിരിച്ചറിവിന്‌..'
`എന്റെ ബോംബെക്കഥകള്‍' എന്നൊരു സമാഹാരം ഉണ്ട്‌. അതില്‍ ഈ കഥാകാരന്‍ വരച്ചിടുന്ന വേദനയുടെ നേര്‍രേഖകള്‍ വായനക്കാരനെ ഞെട്ടിക്കുന്നു. അഷ്ടമൂര്‍ത്തി എന്നകഥാകാരന്റെ ക്രാഫ്‌റ്റിന്റെ ഉയരങ്ങള്‍..
നഗരത്തിലെ ഫ്‌ളാറ്റില്‍ ഒപ്പം താമസിക്കുന്ന അമ്മ മരിക്കുമ്പോള്‍, മകന്‍ ആരേയും വിളിച്ചറിയിക്കുന്നില്ല...!. അമ്മ കൊതുകടിയേല്‍ക്കാതെ ഒരു ദിവസമെങ്കിലും ഉറങ്ങുന്നതു കാണാനുള്ള ഉള്‍പ്രേരണകൊണ്ട്‌...!!.

``അമ്മ മരിച്ചുവെന്നറിഞ്ഞിട്ടും ആരേയും വിളിച്ചുകൊണ്ടുവരാതിരുന്നത്‌ അയല്‍ക്കാരോടുള്ള എന്റെ സഹാനുഭൂതികൊണ്ടല്ലായിരുന്നു. എന്റെ അമ്മ കൊതുകുകടിയേല്‍ക്കാതെ ഉറങ്ങുന്നത്‌ ഒരിക്കലെങ്കിലും കാണണം എന്ന മോഹം എന്നെ കീഴടക്കി. ശാന്തയായ അമ്മയെ; സുസ്‌മിതയായ അമ്മയെ..''
( അമ്മ ഉറങ്ങുന്ന രാത്രി).
വിതുമ്പാതെ വായിക്കാനാവാത്ത കഥകള്‍....
കൊച്ചുകൊച്ചുവാക്കുകളില്‍, വളച്ചൊടിക്കാത്ത വരികളില്‍ അദ്ദേഹം മനുഷ്യാവസ്ഥകള്‍ വരച്ചിട്ടു....
അതിനുകിട്ടിയ പ്രതിഫലമത്രയും വിട്ടുപിരിയാത്ത സ്‌നേഹസൗഹൃദങ്ങളായിരുന്നു.
എപ്പോഴാണ്‌ മകന്‍ മടങ്ങിയെത്തുക,കരുവന്നൂര്‍പ്പുഴയിലെ പാലം,റിഹേഴസല്‍ ക്യാമ്പ്‌, മരണശിക്ഷ, കഥാവര്‍ഷം, വീടുവിട്ടുപോകുന്നു, തിരിച്ചുവരവ്‌, പകല്‍വീട്‌,കഥാസാരം, ലാ പത്താ, അനുധാവനം (പ്രവീണ്‍കുമാറുമൊത്തെഴുതിയത്‌), തിരിച്ചുവരവ്‌ (നോവലെറ്റ്‌)
അകലത്തെ ബോംബേ, അയലത്തെ മുംബൈ എന്നീ കൃതികളേ തന്നിട്ടുള്ളൂ. ലളിതമായി പറഞ്ഞാല്‍, ഉള്ളംകൈയിലെ നെല്ലിക്കപോല്‍!.
കഴിച്ചശേഷം മധുരിക്കുന്ന കഥകള്‍..

ബോംബെ ജീവിതക്കാലത്താണ്‌ അഷ്ടമൂര്‍ത്തി എന്ന കഥാകാരനെ മലയാളത്തിനു ലഭിക്കുന്നത്‌.
ആദ്യകഥ വെളിച്ചം കണ്ടത്‌ മാതൃഭൂമിയില്‍ തന്നെ - കഥാന്തരം.
അന്ന്‌ ആഴ്‌ചപ്പതിപ്പിന്റെ പത്രാധിപര്‍ വി.ആര്‍.ഗോവിന്ദനുണ്ണി. അദ്ദേഹത്തിന്റെ ഒരു കത്തുവന്നു. വലിയ കൈയക്ഷരത്തില്‍ എഴുതിയത്‌..
നിങ്ങളുടെ കഥ പ്രസിദ്ധീകരിയ്‌ക്കാന്‍ തെരഞ്ഞെടുത്തിട്ടുണ്ട്‌. മറ്റു കഥകള്‍കൂടിയുള്ളതിനാല്‍ മൂന്നുമാസത്തിനുള്ളില്‍ അച്ചടിക്കും..എന്നൊരറിയിപ്പ്‌. അതൊരു ഭാഗ്യമായിരുന്നു. വഴിത്തിരിവും.
`ആ കഥ തിരസ്‌കരിക്കപ്പെട്ടിരുന്നെങ്കില്‍, ഒരിക്കലും ഞാന്‍ പിന്നെ എഴുതുകയില്ലായിരുന്നു..' -അഷ്ടമൂര്‍ത്തിയുടെ സാക്ഷ്യം!.
അങ്ങിനെ അതു സംഭവിയ്‌ക്കുകയായിരുന്നു..
`ഞാന്‍ ഒരു കഥപറച്ചിലുകാരനായതില്‍ ഒരാളോടെയുള്ളൂ കടപ്പാട്‌..അത്‌ ഗോവിന്ദനുണ്ണിയോടാണ്‌..'
പ്രസിദ്ധീകരിക്കാനെത്തുന്ന കഥകളും മറ്റും മുഴുവന്‍ വായിക്കുന്ന പത്രാധിപന്‍മാര്‍ ഇന്നുണ്ടോ എന്നു സംശയമാണെന്ന്‌ അഷ്ടമൂര്‍ത്തിയുടെ തുറന്നു പറച്ചില്‍. ഗോവിന്ദനുണ്ണി എല്ലാം അക്ഷരംപ്രതി വായിച്ചിരുന്നു.
ഒരു ഘട്ടം കഴിയുമ്പോള്‍ നമ്മുടെ എഴുത്തുകാരെല്ലാം ആവര്‍ത്തിക്കുകയാണെന്നും നിരീക്ഷച്ചിരുന്നല്ലോ..?
അതെ, വ്യത്യസ്ഥത പുലര്‍ത്തിയവര്‍ കുറവാണ്‌.
പക്ഷെ, പുതിയ തലമുറയില്‍ പ്രതീക്ഷയുണ്ട്‌..
ടി.ഡി.രാമകൃഷ്‌ണന്‍, വി.ജെ.ജെയിംസ്‌, ബെന്യാമിന്‍ എന്നിവരെയൊക്കെ വളരെ താത്‌പര്യത്തോടെയാണ്‌ വായിച്ചത്‌്‌. അവര്‍ പരീക്ഷണങ്ങള്‍ നടത്തി വിജയിക്കുന്നു..
`മാറണം..മാറ്റങ്ങളുണ്ടാവണം..'

മണ്ണും കല്ലും ചേര്‍ത്തുണ്ടാക്കിയ പടിപ്പുരയുടെ തണുപ്പില്‍, സംസാരം `എഴുത്തില്‍' തുടര്‍ന്നു..
പല എഴുത്തുകാരും വിശപ്പ്‌, പട്ടിണി എന്നിവയെക്കുറിച്ചെഴുതി `സഫല'മായവരാണ്‌. അഷ്ടമൂര്‍ത്തി, എന്തോ ആ ഭാഗം വിട്ടുകളഞ്ഞു. വിശപ്പിനെക്കുറിച്ചൊന്നും ഇന്ന്‌ ആര്‍ക്കും കേള്‍ക്കാന്‍ തന്നെ താത്‌പര്യമില്ല...
`ദാരിദ്ര്യത്തെക്കുറിച്ച്‌, പറയുന്നവന്റെയത്ര സുഖം കേള്‍ക്കുന്നവനില്ല. എന്റെ തന്നെ അടുത്ത ബന്ധു- ചെറുപ്പമാണ്‌- അവന്റെ അച്ഛന്‍ പറയുന്ന ബുദ്ധിമുട്ടിന്റെ ഭൂതകാലം കേട്ട്‌ പൊട്ടിച്ചിരിച്ചു..
`അച്ഛന്‍ എന്തിനാ ഇതൊക്കെ എന്നോടു പറയുന്നത്‌. അത്‌ ആ കാലം. എനിക്കതില്‍ യാതൊരു താത്‌പര്യവുമില്ല...' എന്നു പറയുന്നത്‌ കേട്ടു..
ദാരിദ്ര്യവും പട്ടിണിയുമൊന്നും ഈ തലമുറയ്‌ക്കു താത്‌പര്യമുളള വിഷയേമയല്ല. അവര്‍ക്കതറിയുകയുമില്ല..നാമൊക്കെ അതില്‍ അഭിരമിയ്‌ക്കുന്നെങ്കിലും.
കാലംമാറി ഇരുപത്തഞ്ചുവയസ്സില്‍ ആത്മകഥയെഴുതുന്നു ചിലര്‍- അതാണ്‌ കാലം. ആത്മകഥകള്‍ക്ക്‌ കൂടുതല്‍ വില്‍പ്പനകാണുന്നതുകൊണ്ട്‌ പത്രാധിപന്‍മാരും വിളിച്ചു പറഞ്ഞെഴുതിയ്‌ക്കും.. ഇന്നു ബഹളമാണ്‌. പറഞ്ഞിട്ടുകാര്യമില്ല. എഴുത്തുകാര്‍ കൂടി. പ്രസിദ്ധീകരണങ്ങളും.. ശ്രദ്ധകിട്ടാന്‍ പ്രയാസമാണ്‌. എഴുത്തുകാരനാണെന്നു പ്രഖ്യാപിയ്‌ക്കാനുള്ള വെമ്പല്‍...
ഇന്ത്യക്കാരില്‍ പൊതുവെയുള്ള അലസതാ മനോഭാവമാണ്‌ ഉജ്ജ്വലകൃതികളുടെ പിറപ്പിനു തടസ്സമെന്ന്‌ അഷ്ടമൂര്‍ത്തി.
`നമുക്ക്‌ ഡെഡിക്കേഷന്‍ ഇല്ല. വിദേശരാജ്യങ്ങളില്‍ അങ്ങിനെയല്ല. അവര്‍ ഒരു വിഷയമെടുത്ത്‌ അതിനായി ഒരുപാടു സമയവും ഊര്‍ജവും ചിലവഴിയ്‌ക്കും. നമുക്കൊന്നും അങ്ങിനെ പറ്റില്ല.. സാമ്പത്തികവും ജീവിതപ്രശ്‌നങ്ങളും ഒക്കെ അതിന്റെ കാരണങ്ങളാവാം..അടിസ്ഥാനപരമായി അലസത തന്നെ..'
മഹാഭാരതം പോലുള്ള മഹാകൃതികള്‍ ഇവിടെയുണ്ടായിട്ടും അതൊന്നും വേണ്ടതു പോലെ ആരും ഉപയോഗിച്ചില്ല, ഇനിയും..
`യയാതിയാണ്‌ ഉണ്ടായതില്‍ മികച്ചത്‌. രണ്ടാമൂഴമൊക്കെ പിന്നേയേ വരൂ..'
കച-ദേവയാനിമാര്‍ മഹാഭാരതത്തില്‍ നിഴലായികടന്നുപോകുന്ന പാത്രങ്ങളാണ്‌. അവര്‍ വലിയ വ്യക്തിത്വങ്ങളാക്കപ്പെട്ടു...ആ രീതിയില്‍ മഹാഭാരതം പിന്നീട്‌ വായിക്കപ്പെട്ടിട്ടില്ല. `യഥാര്‍ത്ഥത്തില്‍ വലിയൊരു ഭാവനയാണ്‌ യയാതി..'
`ന്റെ മോളുടെ പേര്‌ യയാതിയിലെ ഒരു കഥാപാത്രത്തിന്റേതാണ്‌-അളക. അതിലെ മറ്റൊരുകഥാപാത്രത്തിന്റെ പേരായ ശര്‍മ്മിഷ്‌ഠ എന്ന പേരിടാനായിരുന്നു എനിക്കു മോഹം. അമ്മ വേണ്ടെന്നു പറഞ്ഞു. ഒരുപാട്‌ ദുരന്തങ്ങള്‍ അനുഭവിയ്‌ക്കുന്ന കഥാപാത്രമാണത്‌ എന്നതുകൊണ്ട്‌..'
`നാടുവിടുമ്പോള്‍ ഏറ്റവും വിഷമം ആകാശവാണി കേള്‍ക്കാനാവില്ലല്ലോ എന്നായിരുന്നു..പാട്ടുകള്‍..!. ബന്ധുക്കളെ പിരിയുന്നതിനേക്കാള്‍ ദുഃഖം. പാട്ടുകളായിരുന്നു ജീവന്‍. ലളിതസംഗീതം..
നാട്ടിലെ ആഘോഷനാളുകള്‍ എത്തുമ്പോള്‍ മനസ്സ്‌ ഇവിടെയാകും..പറിച്ചുമാറ്റാനാവാത്തവിധം.
`പന്ത്രണ്ടുവര്‍ഷവും ഒരേ കമ്പനിയില്‍. പലരും പറഞ്ഞു ജോലിമാറാന്‍. അതിനുള്ള മിടുക്കോ ധൈര്യമോ ഉണ്ടായിരുന്നില്ല..'
അക്കാലത്താണ്‌ മൂസ്സ്‌ കുടുംബത്തിലേയ്‌ക്ക്‌ മരുമകനെ ദത്തെടുക്കുന്നത്‌. വികസിച്ചുവരുന്ന ആയൂര്‍വേദ സ്ഥാപനം. മരുമകന്‍ കത്തെഴുതി, എക്കൗണ്ടുകളുടെ കാര്യം നോക്കാനാവുമോ എന്നു ചോദിച്ച്‌. അതേറ്റെടുത്ത്‌ ബോംബെ ജീവിതം അവസാനിപ്പിച്ചു. അടുത്തിടെ പലരും പറഞ്ഞു...അന്നു കണ്ട ബോംബെയെക്കുറിച്ച്‌ നോവലെഴുതാന്‍. അതിനു യാത്രചെയ്യണം..പലരില്‍ നിന്നും കുറിപ്പുകളെടുക്കണം. `അതിനൊന്നും മിനക്കെടാന്‍ വയ്യ..'
ഒരു പുസ്‌തകം പ്രസിദ്ധീകരിക്കുക വലിയൊരുത്തരവാദിത്വമാണ്‌. അതു പണം കൊടുത്തു വാങ്ങുന്നവരോട്‌...അതു വായിക്കാന്‍ വിലയേറിയ സമയം ചിലവിടുന്നവരോട്‌..എഴുത്തുകാരന്‌ കനത്ത ബാധ്യത തന്നെയാണ്‌ അത്‌.
മുബൈജീവിതത്തില്‍ നഷ്ടപ്പെട്ട സംഗീതജീവിതം, നാട്ടിലെത്തിയപ്പോള്‍ തിരിച്ചു പിടിച്ചു എന്നതാണ്‌ ആശ്വാസം. ഒരിക്കലും കേള്‍ക്കാനാവില്ലെന്ന്‌ കരുതിയ ഗാനങ്ങളുടെ വന്‍ശേഖരമാണ്‌ അഷ്ടമൂര്‍ത്തിയുടെ കൈവശമുള്ളത്‌.
`ഓഫീസില്‍ പോലും ഞാന്‍ പാട്ടുകേട്ടുകൊണ്ടിരിക്കും...!.'
പാട്ടിനോടുള്ള കമ്പം കേള്‍വിക്കാരന്റേതുമാത്രം. ഒരു പാട്ടുകാരനാവുകയാണ്‌ സ്വപ്‌നം കാണുന്ന ജന്മം. പാട്ടുപാടി ജനങ്ങളെ കൈയിലെടുക്കുന്ന അസുലഭ സിദ്ധിയുള്ള പാട്ടുകാരന്‍..!.
പാട്ടുപഠിച്ചതുകൊണ്ടൊന്നും ഒരു സിദ്ധഗായകനാവില്ല. അതൊക്കെ ഓരോ അവതാരങ്ങള്‍ പോലെ സംഭവിക്കുന്നതാണ്‌..
പിന്നെ ഒരു കഥപറഞ്ഞു-
'യേശുദാസിന്റെ സംഗീതയാത്രയുടെ പത്താംവാര്‍ഷികാഘോഷം. അന്ന്‌ കലാഭവനാണ്‌ അതു സംഘടിപ്പിച്ചത്‌. അന്ന്‌ യേശുദാസ്‌ കലാഭവനുമായി വലിയ അടുപ്പത്തിലായിരുന്നു. ഒരു സോവനീറും പുറത്തിറക്കി. സര്‍വ്വത്ര യേശുദാസായിരുന്നു അതില്‍. ചിത്രങ്ങളും തിരിച്ചും മറിച്ചും ലേഖനങ്ങളും. അതിലേയ്‌ക്ക്‌ ജി. അരവിന്ദന്‍ ഒരു കാര്‍ട്ടൂണ്‍ വരച്ചു നല്‍കി. വലിയൊരു വൃക്ഷം-പടര്‍ന്നു പന്തലിച്ച്‌ അങ്ങനെ..സംഗീതം എന്നാണ്‌ അതിനുപേര്‍. അതിന്നു ചുവട്ടില്‍ കൊച്ചുകൊച്ചു ചെടികള്‍-തകരപോലെ. അതിനൊക്കെ ഓരോ പേരും-യേശുദാസ്‌, ജയചന്ദ്രന്‍, മന്നാടെ, ലതാമങ്കേഷ്‌കര്‍ എന്നൊക്കെ..!. അദ്ദേഹത്തിന്റെ തന്നെ കാപ്‌ഷനോടുകൂടിയാണ്‌ പ്രസിദ്ധീകരിച്ചത്‌. ദാസിനെ ഇത്‌ വേദനിപ്പിയ്‌ക്കുമെന്നറിയാം. എങ്കിലും ശുദ്ധവും മഹത്തുമായ സംഗീതമെന്തെന്നറിയുന്ന അദ്ദേഹം ഇതു മനസ്സിലാക്കുമെന്നാണ്‌ എന്റെ വിശ്വാസം- അതായിരുന്നു അരവിന്ദന്റെ കാപ്‌ഷന്‍!.'
താന്‍ വലിയ ആളാണെന്നാണ്‌ എഴുത്തുകാരന്റെയൊക്കെ ധാരണ. വലിയൊരു വടവൃക്ഷത്തിനു ചുവട്ടിലെ തകരയാണെന്ന തിരിച്ചറിയലാണ്‌ കാര്യം. താന്‍ ഒന്നുമല്ലെന്ന തിരിച്ചറിവ്‌..! ഇത്രയും പറഞ്ഞ്‌ അദ്ദേഹം മൗനത്തിലാണ്ടു. പിന്നെ പതിയെ പറഞ്ഞു- `കാലമാണ്‌ തെളിയിക്കേണ്ടത്‌; ഓരോ കൃതിയേയും വിലയിരുത്തേണ്ടത്‌..'

വാക്കില്‍ പിശുക്കനായ എംടി, അഷ്ടമൂര്‍ത്തിയെന്ന കഥാകാരനെ തന്റെ പിശുക്കിയ വാക്കുകളില്‍ വിശേഷിപ്പിച്ചതിങ്ങിനെയാണ്‌: അഷ്‌ടമൂര്‍ത്തിയുടെ കഥകള്‍... അദ്ദേഹം സ്വയം പറയുന്നതുപോലെ, കഥാകാരന്‍ ഒരു നിഘണ്ഡുവുമായി വായനക്കാരന്റെ പിന്നാലെ നടക്കേണ്ട ഗതികേട്‌ വരുത്തുന്നേയില്ല...!.
മുപ്പത്തിയേഴുകഥകളുടെ സമാഹാരം, സാഹിത്യ അക്കാദമി അങ്കണത്തില്‍ പ്രകാശനം ചെയ്യപ്പെട്ടത്‌ മറക്കവയ്യാത്ത അനുഭവമായിരുന്നു. നിറഞ്ഞു കവിഞ്ഞ അക്കാദമി മുറ്റം...നിറഞ്ഞതത്രയും സ്‌നേഹമായിരുന്നു എന്ന്‌ കഥാകാരന്‍..!.
`അന്ന്‌ എന്റെ കണ്ണുകള്‍ ശരിക്കും നിറഞ്ഞുപോയി. എന്നെ സ്‌നേഹിക്കുന്നവര്‍..ഞാന്‍ എഴുതിയ അക്ഷരങ്ങള്‍ എനിക്കു തന്ന പാഥേയം...'
`ഒരുപിറുപിറുപ്പു പോലെയാണ്‌ എനിക്ക്‌ കഥയെഴുത്ത്‌. മറ്റുള്ളവരോട്‌ പറയാനും പങ്കുവയ്‌ക്കാനും സാധിക്കാത്ത കാര്യങ്ങള്‍ കഥകളായിത്തീരുന്നു..നന്മയിലേക്കുള്ള ഒരന്വേഷണമാണ്‌ ഓരോ കഥയും.'
സരളമായ ഈ കഥകള്‍ വായിച്ചു ചെല്ലുമ്പോള്‍ കഥാകാരന്‍ നമുക്കായി ഒരു `ഞെട്ടല്‍' ഒളിപ്പിച്ചു വെച്ചിട്ടുണ്ടാവും, എല്ലാതിലും. അഷ്ടമൂര്‍ത്തി എന്ന കഥാകാരന്റെ ക്രാഫ്‌റ്റ്‌ അവിടെയാണ്‌. ഇരട്ടജീവിതം നയിക്കുന്ന മനുഷ്യരെ നാം ഇവിടെ കാണുന്നു.
മനുഷ്യനെക്കുറിച്ചു പറഞ്ഞപ്പോള്‍, മനുഷ്യമോഹങ്ങളെക്കുറിച്ചും പറഞ്ഞു. ഒരിക്കലും അവസാനിക്കാത്ത മനുഷ്യന്റെ ആഗ്രഹങ്ങള്‍. എഴുത്തുകാരന്‍ പുരസ്‌കാരത്തിനും അതിനു പിന്നിലെ `ദ്രവ്യ'ത്തിനും വേണ്ടി പരക്കം പായുന്നു. അക്കാദമി അവാര്‍ഡ്‌ കിട്ടിയാല്‍, ജ്ഞാനപീഠം..അതുകിട്ടിയാല്‍ നൊബേല്‍..അങ്ങിനെ പോകുന്നു അവസാനിക്കാത്ത ആഗ്രഹങ്ങള്‍..!!.
`അക്കാര്യത്തില്‍ സി. രാധാകൃഷ്‌ണന്‍ വേറിട്ടു നില്‍ക്കുന്നു. അദ്ദേഹത്തിന്റെ അമ്മ ഒരിക്കല്‍ പറഞ്ഞുവത്രേ- നീ എഴുതിക്കിട്ടുന്ന പണം മാത്രമേ സ്വീകരിക്കാവൂ..അതിനു പിന്നാലേ വരുന്നത്‌ സ്വീകരിക്കരുത്‌..!.'
അദ്ദേഹം ഇന്നും പാലിയ്‌ക്കുന്നു, അമ്മയുടെ നിര്‍ദ്ദേശം. അവര്‍ഡ്‌ സ്വീകരിച്ചാലും, അതിന്റെ തുക ഡൊണേറ്റ്‌ ചെയ്യും..പണം സ്വീകരിക്കില്ല..!.
എഴുത്തുവറ്റി. പിന്നെ ശ്രദ്ധകിട്ടാനായി കോലാഹലം..
`അതൊക്കെ കുറച്ചുകാലത്തേക്കേ നിലനില്‍ക്കൂ. ജനങ്ങള്‍ അതൊക്കെപെട്ടെന്നു മറക്കും..'
`വിവാദം എനിക്കുഭയമാണ്‌.' ഭയപ്പാടോടെയാണ്‌ അതു പറഞ്ഞത്‌..
അടുത്തൊരു സംഭവമുണ്ടായി-
സുധീരനെക്കുറിച്ച്‌ എനിക്കു നല്ല അഭിപ്രായമായിരുന്നു. ഭയങ്കര ഇഷ്ടമായിരുന്നു..അദ്ദേഹം മുഖ്യമന്ത്രിയായാല്‍ കേരളം രക്ഷപ്പെടും എന്നുവരെ തോന്നിയിരുന്നു. പക്ഷെ, കെ.പി.സി.സി. പ്രസിഡന്റായപ്പോള്‍ അതുമാറി. അതേപറ്റി ഫേസ്‌ബുക്കില്‍ എഴുതിയിട്ടപ്പോള്‍, കുറെ ചീത്തകേട്ടു. ഗോകുലം ഗോപാലനെപോലുള്ളവരൊക്കെ അതു ഷെയര്‍ചെയ്‌തു കണ്ടപ്പോള്‍ ഭയമായി..നമ്മുടെ വാക്കുകള്‍ മറ്റുള്ളവര്‍ ആയുധമാക്കുന്നു എന്ന ഭയം. സത്യം വിളിച്ചുപറയാനാവാത്ത അവസ്ഥയാണ്‌..നമ്മള്‍ മുദ്രകുത്തപ്പെടും. മനുഷ്യാവസ്ഥകളുടെ കഥകള്‍ പറഞ്ഞുപറഞ്ഞ്‌ അഷ്ടമൂര്‍ത്തിയുടെ ജീവിതദര്‍ശനം വൈദികപാരമ്പര്യത്തിന്റെ അവശേഷിപ്പായ നിര്‍മ്മമതയോളം ചെന്നെത്തിയിരിക്കുന്നു..!
`ഇല്ലില്ല..ഞാന്‍ ഒരു നമ്പൂതിരിയായേ ജീവിച്ചിട്ടില്ല. അച്ഛന്‍ വാസുദേവന്‍ നമ്പൂതിരി കറകളഞ്ഞ കമ്മ്യൂണിസ്‌റ്റായിരുന്നു..ഞാനൊക്കെ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന പ്രത്യയശാസ്‌ത്രം..'
`ഹാ...! ഇന്നതു പറയാതിരിയ്‌ക്കാ ഭേദം. വളരെയേറെ മാറി. നിരാശയും ദേഷ്യവുമൊക്കെയുണ്ട്‌.. ഇടതുപക്ഷവും വലതുപക്ഷവും വ്യത്യാസമില്ലാതായി. എങ്ങിനെ പാര്‍ട്ടിയെ ഈ നിലയ്‌ക്ക്‌ എത്തിച്ചു എന്നതിന്‌ നേതാക്കള്‍ ഉത്തരം പറയേണ്ടിവരും. ശരിക്കും ഞെട്ടിപ്പോയത്‌, കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ വന്നസമയത്ത്‌ പിണറായി വിജയന്‍ ആ ബിഷപ്പിനെ പോയി കണ്ടപ്പോഴാണ്‌..`ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല ഞാന്‍..ഇത്രയും അധഃപതിയ്‌ക്കുമെന്ന്‌ പ്രതീക്ഷിച്ചിരുന്നില്ല...!.'
മനുഷ്യന്‌, മണ്ണുമായുള്ള ബന്ധമറ്റതില്‍ ഏറെ വേദനിക്കുന്ന ഒരു മനുഷ്യനാണ്‌ ഇപ്പോള്‍ മുന്നില്‍- എഴുത്തുകാരനും കഥാകൃത്തുമൊക്കെയായ അഷ്ടമൂര്‍ത്തി മാഞ്ഞുപോയിരിക്കുന്നു...
`വെറും മണ്ണില്‍ നില്‍ക്കണം. ചെടികളെ തൊട്ടുതലോടണം..അതാണ്‌ ഒരു മനുഷ്യനെ മനുഷ്യനാക്കാനുള്ളമാര്‍ഗ്ഗം...പഠിപ്പും വിദ്യാഭ്യാസവുമല്ല. നമ്മള്‍ വെറും കൃഷിക്കാരന്‍ എന്നൊക്കെ പറഞ്ഞു പുച്ഛിക്കുന്ന മനുഷ്യരില്ലേ? അവരാണ്‌ ശരിക്കും ജീവിതത്തെക്കുറിച്ച്‌ അറിവുളളവര്‍..ജീവിതത്തെ അറിയുന്നവര്‍. നമ്മെക്കാള്‍ വലിയവലിയകാര്യങ്ങള്‍ ചെയ്യുന്നവര്‍.'
കൃഷിയെ തിരിച്ചുകൊണ്ടുവരേണ്ടത്‌ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ പോലെയുള്ളവരായിരുന്നു. അവര്‍ സോപ്പുനിര്‍മ്മാണവുമൊക്കെയായിട്ടും പോയീ.. ഇന്ന്‌ സിപിഎം തുടങ്ങിവച്ചിട്ടുള്ള പച്ചക്കറികൃഷി പ്രോത്സാഹന പരിപാടി പ്രതീക്ഷ നല്‍കുന്നുണ്ട്‌. സന്തോഷമുണ്ടാക്കുന്നുണ്ട്‌. `മണ്ണ്‌ തൊട്ടാല്‍ മനുഷ്യന്‍ അവന്റെ സ്വത്വം തിരിച്ചറിയും. മണ്ണിലിറങ്ങണം. അത്‌ അവനിലെ സര്‍വ്വ ദോഷചിന്തകളേയും ആട്ടിയകറ്റും..മനസ്സ്‌ വിമലീകരിയ്‌ക്കും..' ഒരു പൂവുവിടരുന്നു.. കായുണ്ടാകുന്നു ഇതൊക്കെ നോക്കി നില്‍ക്കുന്നതിനേക്കാള്‍ വലിയ സന്തോഷം പുസ്‌തകം വായിച്ചാല്‍ പോലും കിട്ടില്ല..!. ജാതിമത-രാഷ്‌ട്രീയ-ചിന്തകള്‍ക്കതീതമായി `പച്ചപ്പി'ന്റെ ഒരുമതം ഇവിടെ വരണം-അതെ, പുതിയൊരു മതം..!.
അതിന്റെ ലക്ഷണങ്ങള്‍ കാണുന്നുണ്ട്‌ .. ടെറസില്‍പോലും കൃഷിവേണമെന്ന്‌ കരുതുന്നവര്‍ കൂടിക്കൂടിവരുന്നു..
നല്ലൊരു നാളെ...അതു വരാതിരിക്കില്ല..
ഇത്രയും പറഞ്ഞ്‌ കഥാകാരന്‍ മൗനത്തിലായി...പിന്നെ വാത്മീകത്തിലലിഞ്ഞു.

-ബാലുമേനോന്‍ എം





















Thursday, July 16, 2015

ഇദം ന മമ പാഞ്ഞാള്‍ അതിരാത്രഭൂമിയിലൂടെ...

2010 അതിരാത്രത്തിലെ ചിതിയാണിത്‌. 


ഓം അഗ്‌നിമീളെ പുരോഹിതം
യജ്ഞസ്യദേവമൃത്വിജം
ഹോതാരം രത്‌നധാതമം..

(പുരോഹിതനും, യജ്ഞത്തിന്റെ ദേവനും ഋതുക്കള്‍ക്ക്‌ കാരണഭൂതനും മഹാദാനിയും രത്‌നനിര്‍മാതാവും അഗ്രണിയായ നായകനും ഞാന്‍ സ്‌തുതി പാഠം ചെയ്യുന്നു). ഋഗ്വേദത്തിലെ ആദ്യ മന്ത്രം..


ഉത്തരായനത്തിലെ വസന്ത ഋതുവില്‍ വെളുത്ത പക്ഷവും ദേവനക്ഷത്രവും കൂടിയ ദിനത്തില്‍ വേദഗ്രാമമായ പാഞ്ഞാളില്‍, തലമുറകള്‍ കെടാതെ സൂക്ഷിച്ച ത്രേതാഗ്‌നിയെ ആവാഹിച്ച്‌ പത്‌നീസമേതനായി യജമാനന്‍....!!.
മഹാഋഷി പാരമ്പര്യമൊന്നാകെ ആവാഹിച്ച പാഞ്ഞാള്‍ എന്ന കൊച്ചുഗ്രാമം....!. ഇവിടെ ഓരോമണല്‍ത്തരിയും മന്ത്രമുരുക്കഴിക്കുന്നു..ലതകളും പൂക്കളും മന്ത്രധ്വനികള്‍ കേട്ടുണരുകയും ഉറങ്ങുകയും ചെയ്യുന്നു. അലൗകീകമായ ചൈതന്യവിശേഷം നിറഞ്ഞ ഭൂമി..!!.
വടക്ക്‌, കോഴിക്കോട്ട്‌ കോരപ്പുഴയ്‌ക്കും തെക്ക്‌ ആലുവപുഴയ്‌ക്കുമിടയില്‍ കൃഷ്‌ണമൃഗം സ്വാഭാവികമായി സഞ്ചരിക്കുന്നതു കൊണ്ടാണ്‌ പാഞ്ഞാള്‍, യജ്ഞത്തിനു യോഗ്യമായ സ്‌ഥലമായി മാറിയതെന്ന്‌ ആചാര്യമതം.
കുന്നുകളും താഴ്‌വരകളും പച്ചപുതച്ച വിശാലമായ തീരസമതലവുമടങ്ങിയ പാഞ്ഞാള്‍!. പരശുരാമന്‍ സ്‌ഥാപിച്ചതെന്നു ഐതിഹ്യമുള്ള അറുപത്തിനാലു നമ്പൂതിരിഗ്രാമങ്ങളില്‍ മുഖ്യഗ്രാമമായ പെരുവനത്തുനിന്നും യുദ്ധം ഭയന്ന്‌ `പാഞ്ഞുവന്നവര്‍' താമസമാക്കിയ പ്രദേശം പാഞ്ഞാളായി എന്നു കഥ..!.
കേരളത്തിലെ അവസാനത്തെ സാമവേദഗ്രാമം. 


തോട്ടം കൃഷ്‌ണന്‍ നമ്പൂതിരിയോടൊപ്പം പാഞ്ഞാള്‍ അതിരാത്രഭൂമിയില്‍ 


പച്ചപ്പാടങ്ങളും മരക്കൂട്ടങ്ങളും കടന്ന്‌, തണുപ്പുവീണ ഇടുങ്ങിയ നിരത്ത്‌ അവസാനിക്കുന്നത്‌ തോട്ടം മനയ്‌ക്കല്‍.
സാമവേദത്തിന്റെ ഈറ്റില്ലമായ മനമുറ്റത്ത്‌, കൃഷ്‌ണന്‍ നമ്പൂതിരി കഥപറയാനായി കാത്തിരുന്നു-സഹസ്രാബ്ദങ്ങള്‍ പഴക്കമുളള, വേദമന്ത്രങ്ങള്‍ അലയടിക്കുന്ന പാഞ്ഞാള്‍ ഗ്രാമത്തെക്കുറിച്ച്‌...ആര്‍ഷസംസ്‌കൃതിയുടെ യാഗപാരമ്പര്യത്തെക്കുറിച്ച്‌.. സര്‍വ്വചരാചരങ്ങള്‍ക്കും സ്വസ്‌തിനേരുന്ന മഹാപാരമ്പര്യത്തെക്കുറിച്ച്‌. ഇതൊന്നും എന്റേതല്ലെന്ന്‌ ആവര്‍ത്തിക്കുന്ന മഹാപാരമ്പര്യം- ഇദം നഃ മമഃ എന്നാവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു, ഈ നിളാതീരം..

കാലം 1975. അതിരാത്രപാടക്കരയില്‍ അന്ന്‌ ആയിരങ്ങള്‍ തടിച്ചുകൂടി. പതിറ്റാണ്ടുകള്‍ക്കുശേഷം കേരളം ആദ്യമായി ഒരു യാഗത്തിനു സാക്ഷ്യം വഹിക്കുകയാണ്‌. എല്ലാതിനും മേല്‍നോട്ടം വഹിച്ച്‌ തികഞ്ഞ ജാഗ്രതയോടെ ഒരു സായിപ്പ്‌..ഫ്രിറ്റ്‌സ്‌ സ്‌റ്റാള്‍..!.
ചുട്ടെടുത്തപോലെ വരണ്ടുപഴുത്തു കിടക്കുന്ന പാഞ്ഞാള്‍പാടത്തെ യാഗശാലയില്‍ ആചരണങ്ങള്‍ അവസാനഘട്ടത്തിലേയ്‌ക്ക്‌.വേദമന്ത്രങ്ങളാല്‍ മുഖരിതമായ യാഗശാലയ്‌ക്കു മുകളില്‍ മേടസൂര്യന്‍ കത്തിനിന്നു. സമയം ഉച്ചതിരിഞ്ഞ്‌ മൂന്നരയോടടുക്കുന്നു..
യജമാനനും പത്‌നിയും അവഭൃതസ്‌നാനത്തിനൊരുങ്ങുകയാണ്‌. യാഗത്തിനുപയോഗിച്ച മരപ്പാത്രങ്ങളും ഉപകരണങ്ങളും ജലത്തില്‍ സമര്‍പ്പിച്ച്‌ മുങ്ങിക്കുളിക്കുന്ന ചടങ്ങ്‌. അതു കഴിഞ്ഞാല്‍ കഷ്ടി ഒരു മണിക്കൂര്‍ കൂടി കര്‍മ്മങ്ങള്‍ തുടരും. ഇതു പൂര്‍ത്തിയാക്കി യാഗാഗ്നിയെ ത്രേതാഗ്നിയാക്കി ആവാഹിച്ച്‌ യജമാനന്‍ മടങ്ങുന്നതോടെ യാഗശാല അഗ്നിക്കു സമര്‍പ്പിക്കും. അവഭൃത സ്‌നാന സമയത്ത്‌ മഴ പെയ്യും എന്നാണ്‌ വിധി. വേദജ്ഞര്‍ക്കൊപ്പം മന്ത്രങ്ങള്‍ ഏറ്റുചൊല്ലി, ഒരോ ചടങ്ങുകളും ഡോക്യൂമെന്റ്‌ ചെയ്‌തുകൊണ്ടിരുന്ന സ്‌റ്റാള്‍, ആ കാഴ്‌ച കണ്ട്‌ പൊട്ടിക്കരഞ്ഞുപോയി..!. ആകാശത്ത്‌ ഒരു ഗരുഢന്‍ ഉയര്‍ന്നു പറന്നു
ആകാശം നിറഞ്ഞ്‌ കറുത്ത കാര്‍മേഘങ്ങള്‍!. എവിടേനിന്നോ തണുത്തകാറ്റ്‌ ആഞ്ഞുവീശി..
കൊടുംവേനലില്‍ ഊഷരമായിക്കിടന്ന അതിരാത്രഭൂമിയില്‍, മേടച്ചൂടും അവഗണിച്ച്‌ തിങ്ങിനിറഞ്ഞ ആയിരങ്ങളിലേയ്‌ക്ക്‌ മഴ തിമിര്‍ത്തുപെയ്‌തു!.
അവിശ്വസനീയമായിരുന്നു അത്‌..!. മഴ..മഴയെന്നു ആര്‍ത്തുവിളിച്ച്‌ കോരിച്ചൊരിയുന്ന മഴയില്‍ അവര്‍ നൃത്തം ചവിട്ടി..!!. വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും അത്‌ ഒരിക്കിലും മറക്കാനാവാത്ത അനുഭവസാക്ഷ്യമായി...
ആയിരത്താണ്ടുകളുടെ കര്‍മ്മസിദ്ധി..!. പാഞ്ഞാള്‍ അതിരാത്രഭൂമി, അസ്‌തമിച്ചുപോകുമായിരുന്ന വൈദികപാരമ്പര്യത്തിന്റെ പുനര്‍ജനിയായി മാറി..!!.
അന്ന്‌ യാഗനടത്തിപ്പിന്‌ വന്ന ചിലവ്‌ 99,000 രൂപ!


ചിതിപടുക്കല്‍ 


പാടക്കരയില്‍ നിന്ന്‌, കൃഷ്‌ണന്‍ നമ്പൂതിരി പടിഞ്ഞാട്ടു വിരല്‍ ചൂണ്ടി..
`ദാ, ഇവിടുന്ന്‌ നാലു കണ്ടം കഴിഞ്ഞ്‌ മുകള്‍ഭാഗത്തു കാണുന്ന കണ്ടത്തിലാണ്‌ അന്ന്‌ അതിരാത്രം നടന്നത്‌..അന്നെനിക്ക്‌ പതിനഞ്ച്‌ പതിനാറു വയസ്സ്‌....!!.
`എന്റെ വേദപഠനം മുഴുവനായിരുന്നില്ല. ഞാന്‍ കാഴ്‌ചക്കാരന്‍. പഠിച്ച വേദഭാഗങ്ങളൊക്കെ രസിച്ചുകേട്ടു നടന്നു..' കൃഷ്‌ണന്‍ നമ്പൂതിരി ഓര്‍മ്മകളില്‍ തിരഞ്ഞു...
ശ്രൗതപാരമ്പര്യത്തിന്റെ അറ്റുപോകാനിരുന്ന കണ്ണികള്‍ വിളക്കിച്ചേര്‍ത്തുകൊണ്ട്‌ സായിപ്പിന്റെ രൂപത്തിലാണ്‌ യാഗരക്ഷകന്‍ വന്നത്‌..
ഫ്രിറ്റ്‌സ്‌ സ്‌റ്റാള്‍..!. യാഗസംസ്‌കാരത്തിന്റെ പുനഃസ്ഥാപനമായിരുന്നു ആ ജീവിതം. അത്‌ മറ്റൊരു കഥ. ശാസ്‌ത്രീയോപകരണങ്ങള്‍ അത്രയേറെ വികസിച്ചിട്ടില്ലെങ്കിലും അന്ന്‌ സ്‌റ്റാള്‍ രേഖപ്പെടുത്തിയ യാഗച്ചടങ്ങുകള്‍ പിന്നീട്‌ ആധികാരികമായ 'ടെക്‌സ്‌റ്റബുക്ക്‌്‌' ആയിമാറി- `അഗ്നി'. അഗ്നിചയനം എന്നറിയപ്പെടുന്ന അതിരാത്രചടങ്ങുകള്‍ സമ്പൂര്‍ണ്ണമായി വിവരിക്കുന്ന വിശ്വാവിഖ്യാത കൃതി.


ഫ്രിറ്റ്‌സ്‌ സ്‌റ്റാളും കവപ്രമാത്ത്‌ ശങ്കരനാതായണന്‍ സോമയാജിപ്പാടും- ഫയല്‍. 


`യാഗഭൂമിയല്ലാത്ത ഒരു ഭൂമിയുമില്ല. എല്ലാ ഗ്രാമങ്ങളിലും യാഗം നടന്നിട്ടുണ്ട്‌. പാഞ്ഞാളിന്‌ എന്താ പ്രത്യേകതാ ച്ചാല്‍, ഇവിടെയാണ്‌ സാമവേദജ്ഞര്‍ മുഴുവനും കേന്ദ്രീകരിച്ചിട്ടുളളത്‌. കേരളത്തില്‍ മറ്റെവിടെയുമില്ല...!.'- കൃഷ്‌ണന്‍ നമ്പൂതിരി.
യാഗങ്ങള്‍ക്ക്‌ മൂന്ന്‌ വേദങ്ങളും ഉപയോഗിക്കുന്നു. അതില്‍ സാമവേദജ്ഞര്‍ പാഞ്ഞളിലേയുള്ളൂ. യാഗങ്ങള്‍ക്കും യജ്ഞങ്ങള്‍ക്കുമുള്ള ജൈമിനീയ ശാഖയില്‍പെട്ടവര്‍...
അഞ്ചുകുടുംബങ്ങളാണ്‌- മുട്ടത്തുകാട്ടില്‍ മാമണ്ണ്‌, നെല്ലിക്കാട്ടില്‍ മാമണ്ണ്‌, കൊരട്ടിക്കര ഇല്ലം, പെരാങ്ങാട്ട്‌, തോട്ടം. മാമണ്ണ്‌ എന്നത്‌ ഓതിക്ക സ്ഥാനമാണ്‌. സാമവേദികളില്‍ സംശയമോ തര്‍ക്കമോ ഉണ്ടായാല്‍ തീര്‍പ്പുകല്‍പ്പിക്കേണ്ടവര്‍.പിന്നെ ഋഗ്വേദത്തില്‍ അഞ്ചുകുടുംബങ്ങളും ഇവിടെയുണ്ട്‌- മാത്തൂര്‍ മന, വയക്കാക്കര മന, പാതിരപ്പിള്ളി, കയ്‌പഞ്ചേരി, പിന്നെ പാഞ്ഞാള്‍ പട്ടേരി. യജുര്‍വേദക്കാര്‍ ഇരിങ്ങാലക്കുട ഗ്രാമക്കാരാണ്‌. മൂന്നുവേദങ്ങളും യാഗങ്ങളില്‍ ഉപയോഗിക്കപ്പെടുന്നു. അതുകൊണ്ട്‌ പാഞ്ഞാളിന്‌ പ്രാധാന്യവും ഏറും.


യാഗശാല അഗ്നിക്കു സമര്‍പ്പിക്കുന്നു-2010 


സദ്‌ഫലങ്ങളുണ്ടാക്കുക എന്നതാണ്‌ യാഗത്തിന്റെ ലക്ഷ്യം. നെയ്യ്‌, സോമരസം, വപ(മൃഗക്കൊഴുപ്പ്‌) എന്നിവ അഗ്‌നിയില്‍ ആഹുതി ചെയ്യുകയും അഗ്നി അവയെ ദേവന്മാര്‍ക്കെത്തിച്ചുകൊടുക്കുകയും ചെയ്യുന്നു എന്ന്‌ സങ്കല്‍പ്പം. ഈ വസ്‌തുക്കള്‍ അന്തരീക്ഷത്തേയും ഭൂമിയേയും ശുദ്ധീകരിക്കുന്നു. മന്ത്രവീചികള്‍ അസാധാരണമായ കാന്തികശക്തിവഹിക്കുന്നതായും തെളിയിക്കപ്പെട്ടിട്ടുണ്ട്‌. ശ്രൗതം, സ്‌മാര്‍ത്തം ഇങ്ങിനെ രണ്ടുതരം യാഗങ്ങള്‍. ശ്രുതിയെ സംബന്‌ധിക്കുന്നത്‌ ശ്രൗതം. സ്‌മൃതിയെ സംബന്‌ധിച്ചുള്ളത്‌ സ്‌മാര്‍ത്തം. ഹവിര്‍യജ്ഞവിഭാഗത്തില്‍പ്പെടുന്ന യാഗങ്ങള്‍ക്ക്‌ ഏഴു ഉപവിഭാഗങ്ങള്‍. അഗ്ന്യാധാനം, അഗ്നിഹോത്രം, ദര്‍ശപൂര്‍ണമാസം, ആഗ്രയണം, ചാതുര്‍മാസ്യം, നിഗൂഢപശുബന്ധം, സൗത്രാമണി. സോമയജ്ഞങ്ങള്‍- അഗ്‌നിഷ്‌ടോമം, അത്യഗ്‌നിടോമംഷ ഉകത്ഥ്യം, ഷോഡശി, വാജപേയം, അതിരാത്രം, അപ്‌തോര്‍യാമം എന്നിങ്ങനെ. 


1975ലെ യാഗവേദിയില്‍ അശ്വത്ഥം വളര്‍ന്നു പന്തലിച്ചിരിക്കുന്നു (ഫയല്‍) 


യാഗങ്ങള്‍ ആര്‍ക്കും ആവാം...ബ്രാഹ്മണനു മാത്രമല്ല. ക്ഷത്രിയര്‍ ചെയ്യുന്ന രാജസൂയമൊക്കെ... കൃഷ്‌ണന്‍ നമ്പൂതിരി കഥ തുടര്‍ന്നു..
യാഗാധികാരം വിഭജിച്ചിട്ടുണ്ട്‌. ക്ഷത്രിയര്‍ക്ക്‌ ചെയ്യാവുന്നതും ബ്രാഹ്‌മണര്‍ക്ക്‌ ചെയ്യാവുന്നതുമായ യാഗങ്ങളെന്ന്‌. അശ്വമേധം, രാജസൂയം സര്‍പ്പസത്രം തുടങ്ങിയവ ക്ഷത്രിയര്‍ക്കും അതിരാത്രം, സോമയാഗം, പുത്രകാമേഷ്‌ടി, സര്‍വ കാമേഷ്‌ടി തുടങ്ങിയവ ബ്രാഹ്‌മണര്‍ക്കും. ഇതില്‍ അഗ്ന്യാധാനം അഥവാ ആധാനം, അഗ്നിഷ്‌ടോമം അഥവാ സോമയാഗം, അതിരാത്രം അഥവാ അഗ്നി എന്നിവ മാത്രമേ ഇന്നുവരെ കേരളത്തില്‍ നടത്തിയിട്ടുള്ളൂ. അഗ്ന്യാധാനം ചെയ്‌തയാള്‍ അടിതിരിയും അഗ്നിഷ്‌ടോമം ചെയ്‌തയാള്‍ സോമയാജിയും അതിരാത്രം ചെയ്‌തയാള്‍ അക്കിത്തിരിയുമായിത്തീരുന്നു...
ശ്രൗതയജ്ഞങ്ങളിലും സോമയാഗങ്ങളിലും ഏറ്റവും ശ്രേഷ്‌ഠമായതാണ്‌ അഗ്നി എന്ന അതിരാത്രം. രാത്രിയെ അതികരിക്കുന്നത്‌ എന്നര്‍ത്ഥത്തില്‍ അതിരാത്രം എന്നപേര്‍. സാധാരണ യാഗത്തിന്റെ ചടങ്ങുകള്‍ ആറ്‌ ദിവസം കൊണ്ട്‌ തീരും. അതിരാത്രത്തിന്‌ പന്ത്രണ്ട്‌ ദിവസം വേണം.

കാലം നിശ്ചലമാകുന്നു യാഗഭൂമിയില്‍; അല്ലെങ്കില്‍ അനന്തമായ കാലം...
കൃഷ്‌ണന്‍ നമ്പൂതിരി തുടരുകയാണ്‌..
`എന്റെ അച്ഛന്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരി നൂറിലേറെ യാഗങ്ങള്‍ ചെയ്‌തിട്ടുണ്ട്‌...'
ഒരു കുടുംബത്തില്‍ മൂത്തയാള്‍ യാഗം ചെയ്‌താലേ പിന്‍മുറക്കാര്‍ക്ക്‌ അതു തുടര്‍ന്നു പോകാനാവൂ...
ഇവിടെ, നെല്ലിക്കാട്ടു മനയ്‌ക്കലെ മൂന്നു തലമുറവരെ അതിരാത്രയാഗം നടത്തിയിരുന്നതായി ഓര്‍ക്കപ്പെടുന്നുണ്ട്‌..1901,1918, 1954 വര്‍ഷങ്ങളില്‍..!!.
യാഗങ്ങള്‍ക്കിടയില്‍ വരുന്ന കാലതാമസം വിദഗ്‌ധരും പണ്ഡിതരുമായ വേദജ്ഞരുടെ കുറവുകൊണ്ടുതന്നെ. ഒരു യാഗത്തിനു മുന്നോടിയായി മാസങ്ങളുടെ തയ്യാറെടുപ്പും പരിശീലനവും ആവശ്യമാണ്‌. ചിട്ടകള്‍ അതികഠിനവും.

സങ്കീര്‍ണമാണ്‌ യാഗചടങ്ങുകള്‍. ശാസ്‌ത്രലോകത്തിനു ഇന്നുവരെ വേര്‍തിരിച്ചെടുക്കാനാവാത്ത ജ്യാമിതീയ വിസ്‌മയമാണ്‌ ഓരോ യാഗശാലയും..
യജമാനനാകുന്ന വ്യക്തിയുടെ, നെറുകയില്‍തൊഴുകൈയോടെ നില്‍ക്കുന്ന ആകാരം അളന്ന്‌ അതിനെ ഗണിതാടിസ്‌ഥാനത്തില്‍ മൂന്നിലൊന്നും നാലിലൊന്നുമൊക്കെയാക്കി അതിന്റെ അടിസ്ഥാനത്തിലാണ്‌ യാഗശാലയും പ്രധാന യാഗവേദിയായ ചിതിക്കുള്ള ഇഷ്ടികകളും തീര്‍ക്കുക. വലുതാക്കിയാലും ചെറുതാക്കിയാലും ഈ അളവുകുള്‍ മാറില്ല..!. അത്രയും കൃത്യം, കണിശം..!.

ശാലയിലെ പ്രധാനഭാഗമായ ഉത്തരവേദിയില്‍ നിര്‍മ്മിക്കുന്ന, പറക്കുന്ന ഗരുഡന്റെ ആകൃതിയിലുള്ള യാഗവേദിയാണ്‌ ചിതി. ഇതിനു ശ്വേന ചിതി എന്നു പേര്‍. ഇതിനു മുകളില്‍ ഇരുന്നാണ്‌ യജ്‌ഞത്തിന്റെ ഒന്‍പതാം ദിനം മുതലുളള ക്രിയകള്‍ നടത്തുക. യജ്‌ഞത്തിലെ സുപ്രധാന ക്രിയകളാണിത്‌. ചടങ്ങുകള്‍ ആരംഭിച്ച്‌ നാലാം ദിവസം മുതല്‍ എട്ടു വരെയുളള ദിനങ്ങളിലാണ്‌ ഇത്‌ പടുത്തുയര്‍ത്തുക. ഋത്വിക്കായ അധ്വര്യുവും(പ്രധാനപുരോഹിതന്‍) യജമാനനും ആചാര്യന്മാരുടെ നിര്‍ദ്ദേശമനുസരിച്ച്‌ ഇത്‌ പടുക്കും. തണലില്‍ ഉണക്കിയെടുത്ത ഇഷ്ടികകളാണ്‌ ഇതിനുവേണ്ടത്‌. പലഅളവുകളിലുളള ഇഷ്ടികകളുടെ പടുക്കല്‍ പൂര്‍ത്തിയായാല്‍ ഒറ്റവിടവുപോലും കാണില്ല. ഹവനത്തിനായി മുകള്‍വശത്ത്‌ കാണുന്ന ഒരു ദ്വാരം ഒഴിച്ച്‌..!!.
ഒന്‍പതാം ദിവസം ഉച്ചയോടെ അഗ്നി, ശ്വേനചിതിയില്‍ എത്തിക്കും. പഞ്ചപത്രിക എന്ന പടവിന്റെ മുകളില്‍ അഗ്‌നിയെ സ്ഥാപിച്ച്‌(നിധാനം) അതിന്മേലാണ്‌ സോമ-പശ്വാജ്യ- പുരോഡാശാദി ഹവിസുകള്‍ ഹോമിക്കുക. ഇതിനെല്ലാം നിലയ്‌ക്കാത്ത വേദമന്ത്രോച്ചാരണം അകമ്പടിയാണ്‌..സാമവേദഗീതികള്‍..!!.

1975 നുശേഷം നടന്ന ഒട്ടുമിക്കയാഗങ്ങളിലും നേരിട്ടും മേല്‍നോട്ടമായും പങ്കെടുത്തയാളാണ്‌ തോട്ടം കൃഷ്‌ണന്‍ നമ്പൂതിരി. യാഗത്തില്‍ പങ്കെടുക്കുന്ന സാമവേദികളുടെ പുരോഹിതനായ 'ഹോതാവ്‌' ആയും അദ്ദേഹം നേതൃത്വം വഹിച്ചു. യാജ്ഞികരുടെ ജീവിതം കര്‍ക്കശ്ശമായ ഒന്നാണ്‌. യാഗത്തിന്റെ യജമാനന്‍, ദീക്ഷിതനാവും വരെ(നാലുദിവസം) കൈമുഷ്ടികള്‍ ചുരുട്ടിപ്പിടിച്ചിരിക്കും. അത്‌ നിവര്‍ത്തുകയില്ല!. സംസാരിക്കാന്‍ പാടില്ല..!. ചിരിക്കരുത്‌..!. ശരീരം ചൊറിഞ്ഞാല്‍ പോലും കൈകൊണ്ടു മാന്തിക്കൂടാ..!. അതിനു കൃഷ്‌ണമൃഗത്തിന്റെ കൊമ്പുതന്നെ വേണം..!!. ആഹാരം പാലും പഴങ്ങളുംമാത്രം, യാഗം കഴിയും വരെ..!. പ്രപഞ്ചസൗഖ്യത്തിനായി, ലോകത്തിന്റെ മുഴുവനും സുഖത്തിനായി അനുഷ്‌ഠിക്കുന്ന ത്യാഗസമുജ്ജ്വലമായ ജീവിതം!. യജമാനനാവുന്നയാള്‍ വീടോ ദേശമോ വിട്ടുപോകരുത്‌ എന്നുമുണ്ട്‌. നിത്യാനുഷ്‌ഠാനങ്ങള്‍..
ഇവയില്‍ വീഴ്‌ചവരുത്തിയാല്‍ പ്രായശ്ചിത്തങ്ങളുണ്ട്‌.

ശ്രൗതപാരമ്പര്യത്തില്‍പ്പെട്ട യാഗരീതികള്‍ വേദനിഷ്‌ഠമായി അതേപടി നിലനില്‍ക്കുന്നത്‌ കേരളത്തില്‍ മാത്രമാണ്‌. ഇന്ത്യയില്‍ എല്ലായിടങ്ങളിലും യാഗങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും അവയിലൊക്കെ കാലനുസൃതമായി മാറ്റങ്ങള്‍ വന്നുചേര്‍ന്നു. യുദ്ധങ്ങളും കടന്നുകയറ്റങ്ങളുമടക്കമുള്ള പലപല കാരണങ്ങള്‍ കൊണ്ട്‌...
കേരളത്തിലെ യാഗപാരമ്പര്യത്തിന്റെ തനിമ തിരിച്ചറിഞ്ഞാണ്‌ ഹാര്‍വാര്‍ഡ്‌ സര്‍വകലാശായുടെ സാമ്പത്തിക സഹായവുമായി ഫ്രിറ്റ്‌സ്‌ സ്‌റ്റാള്‍ എത്തുന്നത്‌. അറുപതുകളിലും എഴുപതിലുമായി അദ്ദേഹം കേരളത്തിലെ വേദാചാര്യന്‍മാരായ ചെറുമുക്ക്‌ വല്ലഭന്‍ നമ്പൂതിരിയുടെയും മാമ്മണ്ണ്‌ ഇട്ടിരവി നമ്പൂതിരിയുടേയും കീഴില്‍, `സോമയാഗ' ചടങ്ങുകളും വേദമന്ത്രങ്ങളും ഹൃദിസ്ഥമാക്കുകയായിരുന്നു. അതീവ ജ്ഞാനികളും മനുഷ്യപരിണാമത്തിന്റെ പരമോന്നതാവസ്ഥയില്‍ എത്തിനില്‍ക്കുന്നവരുമായ ഈ വേദജ്ഞരെ കണ്ട്‌ സ്‌റ്റാള്‍ എഴുതിപ്പോയി:
"Over the decades, while I penetrated the riches of their Vedic heritage, I made many Namboodiri friends and came to know them better. I have found them sincere, straightforward and disciplined. After initial reluctance, they are eager to explain the intricacies of their recitations, chants and ceremonies. They never claim knowledge that they do not possess. They will not preach or become pompous. They will express no interest in going to the U.S. Though no longer averse to modernisation, they remain attached to their simple habits," !!.
ലാളിത്യമായിരുന്നു ജീവിതം..ത്യാഗമായിരുന്നു സന്ദേശം..അറിവായിരുന്നു ആഹുതി. ഇതൊന്നും എന്റേതല്ല എന്ന സമര്‍പ്പണം..ത്യാഗത്തിലൂടെ സംസ്‌കരിച്ചെടുക്കപ്പെട്ട ആത്മനിഷഠമായ സഫലജീവിതം..
ഈ മഹാപാരമ്പര്യം കണ്ട സ്‌റ്റാള്‍ അമ്പരന്നു. ആ വിജ്ഞാനത്തിനു മുന്നില്‍ നമിച്ചു നിന്നു..
ആംസ്‌റ്റര്‍ഡാം യൂണിവേഴ്‌സിറ്റി സ്‌കോളര്‍ഷിപ്പിനായി ആറു പേരെ നിര്‍ദ്ദേശിച്ചുപ്പോള്‍ അതില്‍ ഏറ്റവും തൃപ്‌തിതോന്നിയത്‌ ഏതൊക്കെ പേരുകള്‍ എന്ന്‌ ചോദിച്ചതിന്‌ സ്‌റ്റാളിന്റെ മറുപടി- നോം ചോംസ്‌കി.. ചെറുമുക്കു വല്ലഭന്‍ നമ്പൂതിരി, മാമ്മണ്ണ്‌ ഇട്ടിരവി നമ്പൂതിരി..!!.

1975ലെ അതിരാത്രം മറ്റൊരുകാര്യത്തിലും പ്രസക്തമായിരുന്നു. യാഗത്തില്‍ മൃഗബലിയുണ്ട്‌. അന്ന്‌ ജനകീയ എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്ന്‌ വീണ്ടും ചര്‍ച്ചകള്‍ നടന്നു. വേദജ്ഞര്‍ക്കും അതില്‍ എതിര്‍പ്പുണ്ടായി..
പിന്നീട്‌ അരിമാവുകൊണ്ടോ നെയ്യുകൊണ്ടോ മൃഗരൂപം ഉണ്ടാക്കി ഹവനമാകാമെന്ന തീര്‍പ്പിലെത്തി-വേദാനുസാരിയായി `പിഷ്ടപശു' സമ്പ്രദായം..!.
`അഗ്നി എന്ന വാക്കുകൊണ്ട്‌ തീ എന്നു മാത്രമല്ല വിവക്ഷ. സനാതനമായ ഊര്‍ജമാണത്‌. സംരക്ഷിക്കണമെന്ന്‌ അതു സ്വയം ഒരിക്കലും ആവശ്യപ്പെടുകയില്ല. നിങ്ങള്‍ അതിനെ സംരക്ഷിച്ചാല്‍ അതിന്റെ ഗുണവും നിങ്ങള്‍ക്കു തന്നെ..'
കഴിഞ്ഞ 112 വര്‍ഷത്തിനിടയില്‍ കേരളത്തിലെ വിവിധ ഭാഗങ്ങളിലായി 160ല്‍പ്പരം യാഗങ്ങള്‍ നടത്തിയിട്ടുണ്ട്‌ എന്നാണ്‌ രേഖകള്‍. എന്നാല്‍ അഗ്നിയെന്ന അതിരാത്രം പത്തെണ്ണം മാത്രമേയുള്ളൂ. അതില്‍ അഞ്ചും പാഞ്ഞാളില്‍ വച്ചായിരുന്നു...!.
`യുനെസ്‌കോ, അതിരാത്രത്തെ മനുഷ്യകുലത്തിന്റെ വിശദീകരിക്കാനാവാത്ത സാംസ്‌ക്കാരിക പാരമ്പര്യം എന്നാണ്‌ വിശേഷിപ്പിച്ചിരിക്കുന്നത്‌'.

പാടക്കരയിലെ ലക്ഷ്‌മിനാരായണക്ഷേത്രത്തില്‍ ആളൊഴിഞ്ഞിരിക്കുന്നു. നടയടച്ചു. സൂര്യന്‍ ഉച്ചിയില്‍ കയറിയപ്പോഴും ചൂടുതോന്നിയില്ല. യാഗഭൂമിയാകെ പച്ചത്തലപ്പുകള്‍ ഉന്മേഷത്തോടെ കാറ്റേറ്റു നില്‍ക്കുന്നു...
യാഗങ്ങളുടെ തുടക്കമായിരുന്നു സംസാരിച്ചുകൊണ്ടിരുന്നത്‌. അതിനു കാലഗണനവയ്യെന്ന്‌ കൃഷ്‌ണന്‍ നമ്പൂതിരിയുടെ മറുപടി.
`പ്രപഞ്ചോല്‍പ്പത്തിയോളം കാണണം...!.'
വേദങ്ങള്‍ സൃഷ്ടിച്ച ബ്രഹ്മാവു തന്നെയാണ്‌ മനുഷ്യകുലത്തിന്റെ നന്മയ്‌ക്കുവേണ്ടി യാഗമനുഷ്‌ഠിക്കാനുള്ള ചുമതല ബ്രാഹ്മണര്‍ക്കു നല്‍കിയത്‌ എന്നു കരുതണം. അവര്‍ അതു നാളിതുവരെ കാത്തു പോന്നു.
`കാലന്തരത്തില്‍ അത്‌ സ്വാര്‍ത്ഥതകൊണ്ടും മറ്റും കൈയടക്കിവയ്‌ക്കലായി..'

`അഗ്നയേ ഇദം ന മമ
(ഹേ, അഗ്‌നേ! ഇതെനിക്കുള്ളതല്ല, അതുകൊണ്ടു തന്നെ നിനക്ക്‌ സമര്‍പ്പിതമായതാണ്‌.).
യജ്ഞസംസ്‌കാര പ്രകാരം അഗ്‌നി അറിവാണ്‌ പരിബോധാഗ്‌നി. യജ്‌ ധാതുവില്‍ നിന്നാണ്‌ യജ്ഞം എന്ന വാക്ക്‌.
പഞ്ചഭൂതങ്ങളില്‍ ഒന്നായ അഗ്‌നിക്ക്‌ അപാരവും അവാച്യവുമായ മഹത്വമുള്ളതായി പുരാണങ്ങള്‍. തെക്കുകിഴക്കേ ദിക്കിന്റെ അധിപനായ അഗ്‌നിയെ അഷ്‌ടദിക്ക്‌പാലകരിലെ പ്രധാനിയായും കല്‍പ്പിച്ചു. ഇന്ദ്രന്‍ കഴിഞ്ഞാല്‍ വേദത്തില്‍ പ്രാധാന്യം അഗ്‌നിക്കാണ്‌.

സംസാരം യാഗസംസ്‌കൃതിയിലേയ്‌ക്ക്‌ വീണ്ടും തിരിയുകയായിരുന്നു ഇവിടെ..
മനക്കണ്ണില്‍ ഉണക്കപ്പുല്ലുപുല്ലുമേഞ്ഞ യാഗശാല തെളിയുന്നു. ഋത്വിക്കുകളുടെ മന്ത്രഘോഷം കേള്‍ക്കായി.. അതാ..യജമാനന്‍ യാഗത്തിലെ സുപ്രധാന കര്‍മ്മമായ `സോമം' ആഹുതി ചെയ്യുന്നു..അതേറ്റുവാങ്ങിയ അഗ്നിനാളങ്ങള്‍ ചിറിനക്കിത്തുടച്ച്‌ പുളഞ്ഞു...!!.

നൂറ്റിയിരുപതടി നീളവും എണ്‍പതടി വീതിയുമുള്ള യാഗശാല, പല ഉപഗൃഹങ്ങളായി തിരിച്ചിട്ടുണ്ട്‌- ഓരോരോ കര്‍മ്മങ്ങള്‍ക്കായി. അഗ്നിചയനമെന്ന ചടങ്ങോടെ `ചിതി'യും തീര്‍ക്കുന്നത്‌ ഇവിടെയാണ്‌ . വിവിധ ആകൃതിയിലുള്ള ആയിരം ഇഷ്ടികകള്‍.. ഇരുന്നൂറെണ്ണം വീതം അഞ്ചുതട്ടുകളായി വിന്യസിച്ച്‌...(യജമാനന്റെ ഉയരമനുസരിച്ചാണ്‌ ഇതിന്റെ ഉയരം. യജമാനന്റെ അരയ്‌ക്കൊപ്പം എന്നു കണക്ക്‌..)
ഓരോ ഇഷ്ടികയും യജൂര്‍വേദമന്ത്രത്താല്‍ പൂരിതമാക്കി, നാലാം ദിവസം മുതല്‍ പടുക്കുന്ന ചിതി എട്ടാം ദിവസം പൂര്‍ത്തിയായി. പറക്കുന്ന ഗരുഡരൂപത്തില്‍ അതങ്ങിനെ..
അതിന്‍മേല്‍ ഇപ്പോള്‍ അഭിഷേകമാണ്‌. ആട്ടിന്‍പാലുകൊണ്ട്‌- ശ്രീരുദ്രമാണ്‌ ജപം. അതിനെ തുടര്‍ന്ന്‌ `വസോര്‍ധാര'..ചമകമന്ത്രമാണിവിടെ..!.
അവസാനദിവസങ്ങളിലെ സുപ്രധാന ക്രിയ- സോമാഹൂതിയാണ്‌. അതിവിശിഷ്ടമെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന സോമലത പിഴിഞ്ഞെടുത്ത്‌ സാമവേദഗീതികളോടെ അഗ്നിക്ക്‌ സമര്‍പ്പിക്കുന്നു...
29 പ്രധാന ആഹൂതികള്‍. ഓരോന്നിനും അകമ്പടിയായി സാമവേദമന്ത്രങ്ങള്‍-ഇവയ്‌ക്കു ശ്രുതി എന്നു പേര്‍ ഒപ്പം ഋഗ്വേദമന്ത്രങ്ങളും- ഇതിനു ശസ്‌ത്രം എന്നുപേര്‍. അശ്വിനശസ്‌ത്രം എന്നറിയപ്പെടുന്ന ഒരു വിഭാഗം ഋഗ്വേദ മന്ത്രങ്ങളില്‍ ആയിരം ഋക്കുകളാണുള്ളത്‌. ഇവ നിര്‍ത്താതെ, ഒറ്റത്തവണയായിത്തന്നെ ചൊല്ലിത്തീര്‍ക്കണം..പിഴയ്‌ക്കാതെ!.
തപശ്ചര്യപോലെ അതികഠിനമായ യാഗച്ചടങ്ങുകള്‍..പത്‌നിസമേതനായ യജമാനന്‍, സഹായികളായ പന്ത്രണ്ട്‌ ഋതിക്കുകളുടെ സഹായത്തോടെ പൂര്‍ത്തീകരിക്കുന്നു.
` ഹോമത്തിനുള്ള മണ്‍പാത്രങ്ങള്‍ തയ്യാറാക്കല്‍, ദേവതകള്‍ക്കുള്ള അര്‍ച്ചനകള്‍, അതിരാത്രത്തിനുള്ള മാനസിക തയ്യാറെടുപ്പ്‌, ക്രിയാകര്‍മങ്ങള്‍ക്ക്‌ പുരോഹിതരെ അധികാരപ്പെടുത്തല്‍, ശാലാപ്രവേശം, ത്രേതാഗ്നിസ്‌ഥാപനം, കൂശ്‌മാണ്‌ഡഹോമം, യജമാനന്റെ വ്രതാനുഷ്‌ഠാനാരംഭം തുടങ്ങിയ പ്രധാന ചടങ്ങുകള്‍ കഴിഞ്ഞാല്‍, വിവിധ വേദവിധികള്‍ പ്രകാരമുള്ള ഹോമങ്ങളാണ്‌. പത്താംദിനം മുതലാണ്‌ പവിത്രമായ സോമാഹുതി.'-
കൃഷ്‌ണന്‍ നമ്പൂതിരി ഓര്‍മ്മകളിലൂടെ സഞ്ചരിക്കുകയാണ്‌..യാഗഭൂമിയിലൂടെ!.
അതിരാത്രം നടക്കുമ്പോള്‍ സാമവേദപ്രയോഗം പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നതാണ്‌. അത്യന്തം ക്ലേശകരവും സങ്കീര്‍ണവുമായ സ്വരപ്രയോഗങ്ങളാണ്‌ സാമവേദത്തെ ശ്രദ്ധേയമാക്കുന്നത്‌.
സോമം ഉണ്ടാക്കാനുള്ള സോമലത നല്‍കാനുള്ള അവകാശം കൊല്ലങ്കോട്ടു രാജാവിനാണ്‌. യാഗം സംബന്ധിച്ച്‌ പുരോഹിത ശ്രേഷ്‌ഠര്‍ രാജാവിന്‌ ഓല അയയ്‌ക്കും. യാഗത്തിനു വേണ്ടി മാത്രമേ ലത ഉപയോഗിക്കൂ എന്നൊരു സാക്ഷ്യം അതിലുണ്ടാകും. കല്ലടിക്കോടന്‍ മലയിലുണ്ടാകുന്ന സോമലതയ്‌ക്കാണ്‌ ഔഷധവീര്യത്തില്‍ ഉത്‌കൃഷ്ടത. രാജാവ്‌ അത്‌ ശേഖരിച്ച്‌ കൊടുത്തയയ്‌ക്കുന്നു..
`നമ്മുടെ കുരുമുളകു വള്ളിപോലെയുണ്ടാകും. ഒരുപാട്‌ ഔഷധഗുണം അതിനുണ്ടെന്ന്‌ ഇന്ന്‌ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്‌..'
സോമം ദേവകള്‍ക്ക്‌ പ്രിയങ്കരമത്രെ. പതിത്വം ഭവിച്ച അശ്വിനിദേവകള്‍ക്ക്‌ സോമരസം പാടില്ലെന്ന്‌ വിധി. അവര്‍ യാഗശാലയുടെ പുറത്തു വന്നു നില്‍ക്കുകയേയുള്ളൂ. അവരുടെ പതിത്വം തീര്‍ക്കുന്ന ചടങ്ങുകള്‍ക്കുശേഷം അവരും യാഗശാലയില്‍ പ്രവേശിക്കുന്നു..!!.
അത്യന്തം അത്ഭുതകരമായ സങ്കല്‍പ്പവിശേഷങ്ങളും ആചാരാനുഷ്‌ഠാനങ്ങളുമാണ്‌ അതിരാത്രവേദിയില്‍ ആദ്യവസാനം..
ലോഹം കൊണ്ടുള്ള ഒരു വസ്‌തുവും യാഗത്തിനുപയോഗിക്കില്ല. കത്തിപോലും!. ചീന്തിയ മുളയുടെ മൂര്‍ച്ചയുള്ള ഭാഗം അതിനുപയോഗിക്കുന്നു.
യാഗാനന്തരം മണ്‍പാത്രങ്ങള്‍ മണ്ണിലേയ്‌ക്കും മരപ്പാത്രങ്ങള്‍ ജലത്തിലേയ്‌ക്കും മറ്റുള്ളവയെല്ലാം-യാഗശാലയടക്കം- അഗ്നിക്കും നല്‍കി സര്‍പ്പണത്തിന്റെ അവസാനവാക്കായി മാറുന്നു യാജ്ഞികര്‍- എല്ലാം പ്രകൃതിക്ക്‌..!!.
`യജ്ഞശാലയിലെ മൂന്നു ഹോമകുണ്ഡങ്ങളില്‍ നിന്നും ആവാഹിച്ചെടുത്ത അഗ്നി യജമാനന്റെ ഇല്ലത്തെത്തിക്കും അവിടെ കുണ്‌ഡങ്ങളിലാക്കി സൂക്ഷിക്കും. ത്രേതാഗ്‌നി എന്ന പേരിലറിയപ്പെടുന്ന ഈ അഗ്നികുണ്ഡം കെടാതെ പരിരക്ഷിക്കേണ്ടത്‌ യജമാനന്റെ ചുമതലയാകുന്നു.'
എല്ലാ ദിവസവും ക്രിയകളുണ്ട്‌ രാവിലേയും വൈകീട്ടും. പിന്നീട്‌, യജമാനനനോ പത്‌നിയോ ആരാണോ ആദ്യം മരിക്കുന്നത്‌ അവരുടെ ചിതയ്‌ക്ക്‌ തീ പകരുന്നത്‌ ഈ അഗ്നികൊണ്ടാകുന്നു..
ഇപ്പോള്‍ ജൈമിനീയ സാമവേദം പരമ്പരാഗത രീതിയില്‍ തുടരുന്ന ഒരേ ഒരു ഇല്ലമാണ്‌ `തോട്ടം.' മൂന്നുപേര്‍ മാത്രമാണീ ഗ്രാമത്തില്‍ അതു പിന്തുടരുന്നത്‌..
ക്രിസ്‌തുവിനും മൂവായിരം വര്‍ഷങ്ങള്‍ക്കുമുമ്പ്‌ നിലനിന്ന യാഗസംസ്‌കൃതി അതിന്റെ സര്‍വ്വ ജൈവാവസ്ഥയോടും ഈ മണ്ണില്‍ വിലയിച്ചിരിക്കുന്നു. ഒന്നും തനിക്കു സ്വന്തമല്ലെന്ന തിരിച്ചറിവില്‍ അഭേദാവസ്ഥയിലെത്തിയ ഒരു മഹാസംസ്‌കാരത്തിലേയ്‌ക്കുള്ള തിരിച്ചുപോക്കിന്‌ ആഹ്വാനമുയരുന്നതു പോലെ ഓരോ മണല്‍ത്തരിയും ആ മഹാമന്ത്രം ആവര്‍ത്തിച്ചുകൊണ്ടിരിന്നു-
ഇദം ന മമ, ഇദം ന മമ..

-ബാലുമേനോന്‍ എം
ചിത്രം: സുദീപ്‌ ഈയെസ്‌