Saturday, June 25, 2016

നല്ല വായു നല്ല വെള്ളം


ലാലൂര്‍ സമരനായകന്‍ ടി.കെ. വാസുവുമായി ഒരു സംഭാഷണം..


മൂന്നാറില്‍ സ്ത്രീകള്‍ നടത്തിയ ചരിത്രസമരം വിജയം കണ്ടത്, ഒരു വഴിത്തിരിവായി വാഴ്ത്തപ്പെടുമ്പോഴും അതിനും മുമ്പെ, ജനകീയ സമരം ലോകശ്രദ്ധയില്‍ കൊണ്ടുവന്ന ലാലൂര്‍ ഇപ്പോള്‍ ശുദ്ധവായുശ്വസിക്കുന്നു...
അടഞ്ഞുകെട്ടിയ അന്തരീക്ഷത്തില്‍ ദുഷിച്ച വായുശ്വസിച്ച് കെട്ടവെള്ളം കുടിച്ച് മൃതപ്രായരായ ഒരു ജനതയുടെ മോചനത്തിന്റെ കഥ..
ടി.കെ.വാസു എന്ന വാസുവേട്ടന്‍..
സമരമുഖങ്ങളിലായിരുന്നു എന്നും ഈ മനുഷ്യന്‍. വെറും സമരമല്ല മനുഷ്യന്റെ ഭൂമിയിലെ നിലനില്‍പ്പിനായുള്ള പോരാട്ടങ്ങളായിരുന്നു അവയേറേയും..
രാഷ്ട്രീയ നിറം കലരാത്ത നിലനില്‍പ്പിനായുള്ള ജനകീയ സമരങ്ങള്‍..

ലാലൂരിലേയ്ക്ക് ഇന്ന് ഒറ്റലോഡ് മാലിന്യം പോലും എത്തുന്നില്ല. മുക്കാല്‍ നൂറ്റാണ്ട് തൃശൂരിന്റെ 'വേസ്റ്റ്ബിന്‍' ആയിരുന്ന ഒരു പ്രദേശം, പതുക്കെ അതില്‍ നിന്നു മുക്തമാകുകയാണ്. ശ്വാസകോശരോഗങ്ങള്‍...ത്വഗ്‌രോഗങ്ങള്‍..വിട്ടുമാറാത്ത മറ്റു നിരവധിനിരവധി വ്യാധികള്‍..
അവര്‍ നല്ല വായു ശ്വസിച്ചു തുടങ്ങിയിരിക്കുന്നു..
ഈ പ്രദേശവാസികളുടെ ധര്‍മ്മസങ്കടങ്ങള്‍ ലോകശ്രദ്ധയില്‍ കൊണ്ടുവന്ന ലാലൂര്‍ സമരം അവസാനിച്ചു. അത് പക്ഷെ, ഒരു തുടക്കമായിരുന്നു... രാഷ്ട്രീയ പിന്‍ബലമില്ലാതെ, ഭരണകൂടത്തിന്റെ  ശക്തിക്കെതിരേ ഉറച്ചു നിന്ന മനുഷ്യപ്പോരാട്ടങ്ങളുടെ..

പരേതരായ കുഞ്ഞുണ്ണി മാഷ്, പവനന്‍, മുല്ലനേഴി, ഡോ. വയലാ വാസുദേവന്‍ പിള്ള, ഡോ. കെ.കെ. രാഹുലന്‍, നടന്‍ തിലകന്‍ എന്നിവര്‍ വിവിധ ഘട്ടങ്ങളില്‍ സമരപരിപാടികളില്‍ പങ്കാളികളായിട്ടുണ്ട്. 2009ല്‍ 115 ദിവസം നീണ്ട നിരാഹാരസമരത്തിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തത് ഗായകന്‍ യേശുദാസായിരുന്നു...!.
പ്രശ്‌നം ലോകശ്രദ്ധയിലേയ്ക്കു കൊണ്ടുവന്ന പോരാട്ടമായി മാറിയത് ടി.കെ.വാസു എന്ന ഒറ്റയാളിലേയ്ക്ക് ചുരുങ്ങുന്നു..
പഴയ നക്‌സലൈറ്റ് എന്ന പട്ടം ചാര്‍ത്തിക്കിട്ടിയതിന്റെ പശ്ചാത്തലത്തില്‍ നിരന്തരമായ രാഷ്ട്രീയ ഭീഷണികള്‍, പ്രത്യേകിച്ച് സിപിഎമ്മിന്റെ ഭാഗത്തുനിന്ന്..
ഒടുവില്‍ സമരരംഗത്ത് സജീവമായിരുന്ന ലാലൂരിലെ വനിതകള്‍ ഉള്‍വലിയുന്നത് നോക്കിനിന്നു..!. കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദമായിരുന്നു സിപിഎം അഴിച്ചുവിട്ടത്. ബി.പി.എല്‍ ലിസ്റ്റില്‍നിന്ന് വെട്ടിമാറ്റുക (20 ലധികം പേരെയാണ് സമരസമിതിയുമായി സഹകരിച്ചെന്ന പേരില്‍ വെട്ടിമാറ്റിയത്). സഹ.സംഘങ്ങളില്‍നിന്ന് വായ്പയെടുത്തവരെയും ഭീഷണിപ്പെടുത്തി സമരസമിതിയുമായി വിട്ടുനില്‍ക്കാന്‍ സമ്മര്‍ദം ചെലുത്തുകയുണ്ടായെന്ന് വാസു.




അതോടെ ലാലൂര്‍ സമരം രാഷ്ട്രീയത്തിനതീതമായ തലത്തിലെത്തി. മനുഷ്യന്റെ മൗലികാവകാശങ്ങള്‍ക്കുവേണ്ടിയുള്ള ജനകീയപോരാട്ടമായി അതുമാറി. ലാലൂരിലേത് ജനകീയ വിജയമായി.
ഇന്നും ഇവിടെ വിജയം നേടി എന്ന് മുഴുവനായ അര്‍ത്ഥത്തില്‍ ഇദ്ദേഹം വിശ്വസിക്കുന്നില്ല. ഒരു നൂറ്റാണ്ടോളമായി നഗരത്തില്‍ നിന്നു തള്ളിയ മാലിന്യം
ഭൂമിക്കടിയില്‍ ഏഴുമീറ്റര്‍ ആഴത്തിലും മുകളില്‍ നാല്‍പ്പത് മീറ്റര്‍ ഉയരത്തിലും പടുകൂറ്റന്‍ മാലിന്യമലയായി ഇപ്പോഴും ഇവിടെയുണ്ട്. അതു ഘട്ടംഘട്ടമായി നീക്കി സംസ്‌കരിക്കാമെന്നുള്ള വാഗ്ദാനം ഇപ്പോഴും നടപ്പാക്കാനായിട്ടില്ല..
'സമരം പരാജയപ്പെടുത്തുവാന്‍ നീക്കം നടത്തിയവര്‍ തന്നെ ഇതിനു പിന്നിലും. എ.വി. ആര്യനും കെ.വേണുവും ടി.കെ.വാസുവും നയിച്ച സമരം വിജയിക്കരുതെന്ന ഒറ്റവാശി, ജനവിരുദ്ധ നിലപാടുകളായി മാറുന്ന കാഴ്ചയാണത്..'
എ.വി ആര്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പുറത്താക്കിയയാളാണ്. ഞാന്‍ പാര്‍ട്ടിവിട്ട് പോന്നയാളുമാണ്... വാസു ചിരിക്കുന്നു. ആ ചിരിയില്‍ മനുഷ്യന്റെ ദുരിതാവസ്ഥകളോര്‍ത്തുള്ള വേദനനിറയുന്നത്  നാമറിയുന്നു.
'സി.പി.എം നേതൃത്വത്തില്‍ ലാലൂര്‍ ആക്ഷന്‍ കൗണ്‍സിലുണ്ടാക്കിയെങ്കിലും ക്ലച്ച് പിടിച്ചില്ല. അതും സി.പി.എമ്മിന് ക്ഷീണമുണ്ടാക്കി. ഈ സാഹചര്യങ്ങളില്‍ സമരം പെട്ടെന്ന് ഒത്തുതീരാന്‍ സി.പി.എമ്മിന് വലിയ താത്പര്യമില്ല. എന്നാല്‍ സ്വന്തം നിലപാടുകള്‍ക്ക് അംഗീകാരമില്ലാതെ പോകുന്നത് പാര്‍ട്ടിയെ അസ്വസ്ഥമാക്കുകയായിരുന്നു...'

ഇവിടെ സി.ആര്‍. പരമേശ്വരന്‍ നടത്തിയ ഒരു പരാമര്‍ശം ശ്രദ്ധിക്കണം:
'കെ.വേണു ഒരു എക്‌സിസ്റ്റന്‍ഷ്യല്‍ തെരഞ്ഞെടുപ്പു നടത്തി എന്ന നിലയില്‍ ലാലൂര്‍ സമരം അദ്ദേഹത്തിന്റെ ഒരു വിജയമാണ്. ഈ സമരത്തിലൂടെ കുറച്ച് ആളുകള്‍ കൂടി മലിനീകരണം എന്ന പ്രശ്‌നം ജനശ്രദ്ധയില്‍ കൊണ്ടു വന്നു എന്നതൊരു കാര്യമാണ്. സൂക്ഷ്മദൃക്കുക്കളായ ആളുകള്‍ക്ക് കക്ഷി രാഷ്ട്രീയക്കാരുടെ നിക്ഷിപ്ത താല്പര്യങ്ങള്‍ ഒഴിവാക്കാനാകില്ല. പിന്നൊന്നുള്ളത് ജനങ്ങള്‍ പ്രശ്‌നം എങ്ങനെ വിലയിരുത്തുന്നു എന്നതാണ്. ലാലൂര്‍ക്കാര്‍ സമരമുഖത്ത് ഉണ്ടായിരുന്നില്ല. ഇല്ലാതിരുന്നതിനു കാരണം അവര്‍ കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമായി നിന്ന് ജീവന്മരണ പ്രശ്‌നമായിട്ടു പോലും ഒരു കക്ഷി രാഷ്ട്രീയത്തിനു അതീതമായ ഒരു നിലപാടെടുത്തില്ല. അത് കേരളത്തിന്റെ ഒരു വലിയ ദുരന്തം കാട്ടുന്ന ചിത്രമാണ്. ആ ഒരു പാഠം ഒന്നുകൂടി മനസ്സിലാക്കി തരുന്നതിനും ജനങ്ങള്‍ക്ക് സ്വയം സംഘടിയ്ക്കാന്‍ കക്ഷിരാഷ്ട്രീയക്കാരുടെ അനുവാദം വേണം എന്നു മനസ്സിലാക്കുന്നതിനും ലാലൂര്‍ സമരം നിമിത്തമായി. ഈ സമരത്തിനു ജനമനസ്സ് പിടിച്ചെടുക്കാന്‍ സാധിച്ചില്ല എന്ന പരാജയവുമുണ്ട്. എന്തു കൊണ്ട് ഇത് സംഭവിച്ചു എന്നും അന്വേഷിയ്‌ക്കേണ്ടതുണ്ട്...'

പരേതനായ എ.വി. ആര്യന്‍ ചെയര്‍മാനും ടി.കെ. വാസു വൈസ് ചെയര്‍മാനുമായി 1988 ഒക്ടോബര്‍ രണ്ടിനാണ് ലാലൂര്‍ മലിനീകരണ വിരുദ്ധസമിതി രൂപവത്കരിച്ചത്. രൂപവത്കരണദിനത്തില്‍ അയ്യന്തോള്‍ പഞ്ചായത്തോഫിസിന് മുന്നില്‍ റിലേ നിരാഹാരത്തോടെ സമരം തുടങ്ങി. ഡോ. സുകുമാര്‍ അഴീക്കോടായിരുന്നു ഉദ്ഘാടകന്‍. അലക്ഷ്യമായ മാലിന്യനിക്ഷേപം വഴി റോഡില്‍ പോലും ദുര്‍ഗന്ധം നിറഞ്ഞ അവസ്ഥയായിരുന്നു അന്ന് ലാലൂരില്‍. ട്രഞ്ചിങ് ഗ്രൗണ്ടിന് ചുറ്റും മതിലില്ലാത്തതുമൂലം സമീപത്തെ വീടുകളിലേക്കും മാലിന്യമെത്തിയിരുന്നു. സമരം ശക്തമായതോടെ അധികൃതരുടെ ഭാഗത്തുനിന്ന് അടിച്ചമര്‍ത്തല്‍ നീക്കങ്ങള്‍ തുടങ്ങി. 35ല്‍ പരം ക്രിമിനല്‍ കേസുകളാണ് സമരപ്രവര്‍ത്തകരുടെ പേരില്‍ പൊലീസ് ചുമത്തിയത്.
'എന്റെ പേരില്‍ 23 കേസുകളായിരുന്നു. മൂന്നു ഘട്ടങ്ങളിലായി ജയില്‍ വാസവും- 107 വകുപ്പടക്കം..'
അതിനിടെ 97ല്‍ കോടതിയുടെ ഊരുവിലക്കുമുണ്ടായി. ലാലൂര്‍ സമരസമിതി നേതാക്കളായ  ടി.കെ.വാസു, രഘുനാഥ് കഴുങ്കില്‍, സി.പി. ജോസ് എന്നിവര്‍ക്ക്. ലാലൂരില്‍ ഇവര്‍ കടന്നുപോകരുത്!.
പോരാട്ടകാല സ്മരണകളില്‍ വാസുവേട്ടന്‍ നിശബ്ദനായി..

ദാരിദ്ര്യമായിരുന്നു കൂടെപിറപ്പ്
ദാരിദ്ര്യമാണ് എന്നും കൂടെപൊറുപ്പ്

അന്നൊക്കെ ദാരിദ്ര്യം തന്നെയായിരുന്നു. ഇന്നുമതേ- വാസുവേട്ടന്‍ ചിരിച്ചു.  അച്ഛനും അമ്മയും സീതാറാം മില്‍ തൊഴിലാളികള്‍. അച്ഛന്‍ കടുത്ത കമ്മ്യൂണിസ്റ്റ്. കമ്പനിയില്‍ സമരത്തിനൊരുങ്ങിയതിനെ തുടര്‍ന്ന് ജോലി നഷ്ടമായി. അമ്മയ്ക്കും ജോലിയില്‍ അധികനാള്‍ തുടരാനായില്ല. പിന്നെ അച്ഛന്‍ മരിച്ചപ്പോള്‍ അമ്മയ്ക്കായി ഞങ്ങള്‍ മൂന്നുമക്കളേയും വളര്‍ത്തേണ്ട ബാധ്യത. അയലത്തെ വീടുകളില്‍ പണിക്കുപോയായിരുന്നു അമ്മ ഞങ്ങളെ വളര്‍ത്തിയത്.
'നാലരക്ലാസാണ് എന്റെ വിദ്യാഭ്യാസം...'(അന്ന് നാലാം ക്ലാസ് കഴിഞ്ഞാല്‍ ഒരു അരക്ലാസ് ഉണ്ട്).
കുടുംബം നടത്തിപ്പില്‍ അമ്മയെ സഹായിക്കുക എന്നതായിരുന്നു എന്നെ അലട്ടിയിരുന്ന ഏറ്റവും വലിയ വിഷയം. കുലത്തൊഴിലായ ആശാരിപ്പണിയായിരുന്നു മുന്നിലുള്ള ഏകവഴി..
'അന്ന് പുത്തന്‍പള്ളിയ്ക്കരികിലെ ഒരു വീട്ടില്‍ നിന്ന് ചിരട്ടശേഖരിക്കും. അതു വെള്ളത്തിലിട്ട് കൈലുകുത്തും(മരത്തവി). അത് ജയ്ഹിന്ദ് മാര്‍ക്കറ്റില്‍ നടന്നു വില്‍ക്കും. രണ്ടുമൂന്നു ചാല്‍ നടന്നുകഴിയുമ്പോഴേയ്ക്കും വിറ്റുപോകും...'
ആ പണം അമ്മയ്ക്ക്....
ശബ്ദം മുറിഞ്ഞു. ഇടറിപ്പോയ ഒരു നിമിഷം; ദീര്‍ഘനിശ്വാസത്തോടെ നിവര്‍ന്നിരുന്നു.. പിന്നെ പറഞ്ഞു: ആ കാലം!.
പട്ടിണിയും ദാരിദ്ര്യവും.. നിവൃത്തിയില്ലാതെ കോയമ്പത്തൂര്‍ക്ക് വണ്ടികയറി!.
അറുപതുകളിലാണ്...
അവിടെ സുഹൃത്തായിരുന്ന സഖാവ് സുഗുണന്‍ ഉണ്ടായിരുന്നു. മില്‍ തൊഴിലാളി. അവനാണ് താമസമൊരുക്കിയത്.
'ഒറ്റപ്പെസയില്ലായിരുന്നു കൈയില്‍...'
പീളമേട്ടിലെ മരപ്പണിയൂണിറ്റില്‍ ജോലിയായി. അവിടെ ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറിയായി പാര്‍ട്ടിപ്രവര്‍ത്തനവും..
അക്കാലത്ത് വിവാഹവും. അതും ഒരു കഥയാണ് ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ കൂടെക്കൂട്ടി..!. നിറയെ സഹോദരന്‍മാര്‍ ഉള്ള ഒരു വീട്ടില്‍ നിന്ന്!.
'താലികെട്ട് തുടങ്ങിയ ഒരു ചടങ്ങുമുണ്ടായിരുന്നില്ല...വിവാഹ രജിസ്‌ട്രേഷന്‍ പോലും ഇന്നുമില്ല...'
വാസുവേട്ടന്‍ ചിരിച്ചു. ഐഷ ഇന്നും വാസുവേട്ടന്റെ സമരജീവിതത്തിന് പിന്തുണയുമായി..
'ചിലപ്പോള്‍ സാധാരണ എല്ലാ വീട്ടമ്മമാരുടേതുപോലെ ചോദിക്കും: ഈ പോരാട്ടം കൊണ്ടൊക്കെ എന്തു ഗുണം എന്തു ലാഭം...?!.'
പക്ഷെ, സംഘടനയുടെ അഖിലേന്ത്യാ നേതാക്കളടക്കമുള്ളവര്‍ വീട്ടില്‍ വന്നിരുന്ന കാലം...അവര്‍ക്കെല്ലാം ഭക്ഷണം നല്‍കിയിരുന്ന ഐഷ...ഒറ്റമുറിയുള്ള ഓലവീട്ടില്‍!.
എഴുപതാംവയസ്സിലും തുടരുന്ന പോരാട്ടങ്ങള്‍ കാണുമ്പോള്‍ ചോദിച്ചുപോകുന്നു എന്നു മാത്രം: ഇവിടെ ഇനിയെങ്കിലും ഒന്നിരുന്നുകൂടേ..?!.
'അവര്‍ക്ക് എന്റെ സാന്നിധ്യം ആവശ്യം വരുന്നുണ്ട്...' വാസുവേട്ടന്റെ ചിരിയില്‍ സ്‌നേഹം നിറയുന്നു..
പക്ഷെ, ആ നിമിഷത്തില്‍ മറ്റൊരു പ്രശ്‌നം ഉയര്‍ന്നുവന്നു കാണും. മനുഷ്യന്റെ പ്രശ്‌നങ്ങള്‍.. പ്രായം തളര്‍ത്താത്ത സമരാവേശവുമായി ടി.കെ. വാസു ഇറങ്ങുകയായി..!.
'ഇന്ന് എനിക്കൊരു വീടുണ്ട്..കയറിക്കിടക്കാം- മഴപെയ്താല്‍ ചോരുമെങ്കിലും!.'
ചോദിച്ചതുകൊണ്ടുമാത്രം, സ്വജീവിതത്തില്‍ ഒന്നു തൊട്ടുപോയി അദ്ദേഹം. പിന്നെ,  സംസാരം വീണ്ടും പോരാട്ടങ്ങളിലേയ്ക്കു  മടങ്ങി..




അടിയന്തിരാവസ്ഥയ്ക്കു ശേഷമാണ് കോയമ്പത്തൂരില്‍ നിന്നു കേരളത്തില്‍ തിരിച്ചെത്തിയത്. 'എഴുപത്തെട്ടില്‍..'
അവിഭക്ത കമ്മ്യൂണിസ്റ്റുപാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിനൊപ്പം നിന്നു. പിന്നെപിന്നെ പാര്‍ട്ടിലൈനിനോടും വിയോജിപ്പു തുടങ്ങി.
'പ്രശ്‌നങ്ങളില്‍ ഇടപെട്ട് പാര്‍ട്ടിയെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം എനിക്കു ദഹിക്കുന്ന ഒന്നായിരുന്നില്ല. പാര്‍ട്ടിയെ വളര്‍ത്തുക എന്നതിനേക്കാള്‍ പ്രശ്‌നങ്ങള്‍ പൂര്‍ണമായ അര്‍ത്ഥത്തില്‍ പരിഹാരം കാണുക എന്നതായിരുന്നു എനിക്ക് തോന്നിയ ശരിയായവഴി...'
രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കപ്പുറം മാനുഷിക നിലപാടുകളാണ് വേണ്ടതെന്ന നിലപാട്.
1979ല്‍ കെ.വേണുവിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സിആര്‍സി- സിപിഎംഎല്ലിന്റെ ജില്ലാ സെക്രട്ടറിയായി വാസു. നക്‌സല്‍ ചിന്തകള്‍ ആഴത്തില്‍ വേരുപിടിച്ച മനസ്സ്. മനുഷ്യന്‍ അവന്റെ ദുരവസ്ഥ എന്ന തിരിച്ചറിവ് എല്ലാ അഗ്നിജ്വാലകളും ഊതിക്കത്തിച്ച കാലമായിരുന്നു അത്. ആ തീച്ചൂളയിലാണ് ലാലൂരിലെ സമര നേതൃത്വത്തിലേയ്ക്ക് ടി.കെ. വാസു കടന്നുവരുന്നത്.
'ചെറിയകാര്യമാണെങ്കിലും, ഇടപെട്ടാല്‍ അതു പൂര്‍ണമായി ചെയ്തുതീര്‍ക്കണമെന്നതായിരുന്നു എന്നും എന്റെ മനസ്സില്‍...'
വിട്ടുവീഴ്ചകള്‍ക്ക് ഒരുക്കമല്ലാത്ത മനസ്സ്. അതുകൊണ്ടു തന്നെ ലാലൂര്‍ സമരസമിതിയിലും ചേരിതിരിവുണ്ടായ കാലമുണ്ടായി.
92ല്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സമരം നിര്‍ത്തിവയ്ക്കാമെന്ന് ചെയര്‍മാന്‍ ആര്യന്‍ നിര്‍ദ്ദേശിച്ചു. മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനായിരുന്നു നിര്‍ദ്ദേശം.
'പക്ഷെ, ഞാനെതിര്‍ത്തു, സമരം നിര്‍ത്തിവയ്ക്കുന്നതിനെ. സമരം തുടരുക എന്നതായിരുന്നു എന്റെ നിര്‍ദ്ദേശം. ഒപ്പം നിയമപരമായ കാര്യങ്ങളും കൊണ്ടുപോകുക..'
തര്‍ക്കം രൂക്ഷമായിരുന്നു. തുടര്‍ന്ന് എ.വി.ആര്യന്‍ സമരസമിതി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു!. ജീവനു ഭീഷണിയുണ്ടായി, അന്ന്..

കറുത്ത 1995 

92ല്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് സജീവമല്ലാതായ സമരം ആളിക്കത്തിയത് മൂന്നു യുവാക്കളുടെ മരണത്തോടെ. ആ കഥ വാസുവേട്ടന്‍ ഇന്നും ഞെട്ടലോടെ ഓര്‍ക്കുന്നു. കിണറു ശുചീകരിക്കാന്‍ ഇറങ്ങിയ മൂന്നു യുവാക്കളും ദുഷിച്ച വായു ശ്വസിച്ചു കിണറ്റില്‍ കുടുങ്ങി മരിക്കുകയായിരുന്നു...ബേബി, ശ്രീകുമാര്‍, ഫ്രാന്‍സീസ്...
ഇതോടെ തണുത്തുകിടന്ന സമരം ആളിക്കത്തി. സമരസമിതി ചെയര്‍മാനായി ടി.കെ.വാസു..
മരിച്ച ഒരാളുടെ ഭാര്യ ആനിയെക്കൊണ്ട് പരാതി നല്‍കിച്ചു. അതോടെ ആര്‍ഡിഒ ഉത്തരവായി- ലാലൂരില്‍ ഇനി ഒരു തരി മാലിന്യം നിക്ഷേപിക്കരുത്. ആര്‍ഡിഒ ഗോപാലമേനോന്റെ ഉത്തരവ് ഏറെ ശ്ലാഘിക്കപ്പെട്ടെങ്കിലും 97ല്‍ കോടതിയെ സമീപിച്ച നഗരസഭ സ്‌റ്റേ വാങ്ങി!.
തീരാത്ത പോരാട്ടങ്ങളുടെ കാലമായിരുന്നു അത്. മനുഷ്യന്റെ അടിസ്ഥാനാവശ്യമായ വായുവും ജലവും നിഷേധിക്കപ്പെടുന്ന അവസ്ഥ..
'96 ല്‍ മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ പഠനമനുസരിച്ച് ലാലൂരിലെ പത്തുകിണറുകള്‍ ഉപയോഗ ശൂന്യമായതായി കണ്ട് സീല്‍ ചെയ്തിതുന്നു. 2008ല്‍ ഇത് നാല്‍പ്പതായി ഉയര്‍ന്നു..'
ഇപ്പോള്‍ അത് എണ്‍പത്തഞ്ചിലേയ്ക്കുയര്‍ന്നിരിക്കുന്നു എന്നു കണക്കുകള്‍..!.

നഗരമാലിന്യം പേറി ജീവിക്കേണ്ടിവന്ന ലാലൂര്‍ നിവാസികള്‍ ദശകങ്ങള്‍ സഹിച്ച ദുരന്തങ്ങള്‍ക്ക് കയ്യും കണക്കുമില്ല. പാവപ്പെട്ട നൂറുകണക്കിനുപേര്‍ താമസിക്കുന്ന കോളനികളാണ് ലാലൂര്‍ ട്രഞ്ചിംഗ് ഗ്രൗണ്ടിനുചുറ്റുമുള്ളത്. മനുഷ്യമലം മുതല്‍ ആശുപത്രികളില്‍ നിന്നും ചാപ്പിള്ളകളുടെ ശരീരം വരെ ഇവിടെ കൊണ്ടുതട്ടിയിരുന്ന കാലം... ഇതെല്ലാം പട്ടിയും കാക്കയും ഇവിടത്തുകാരുടെ വീടുകളിലും എത്തിച്ചിരുന്ന ഒരു കാലം.. പിറന്നമണ്ണില്‍ മനുഷ്യനായി ജീവിക്കാനും ശുദ്ധവായുവിനും കുടിവെള്ളത്തിനും വേണ്ടിയുള്ള ഒരവകാശപോരാട്ടമായി അതുമാറുകയായിരുന്നു. രാഷ്ര്ടീയപ്രസ്ഥാനങ്ങളും കോര്‍പ്പറേഷന്‍ ഭരിച്ചവരും സമരത്തോട് അനുഭാവം പുലര്‍ത്തുന്നതായി അഭിനയിക്കുകയും മിക്കപ്പോഴും എതിരു നില്‍ക്കുകയും ചെയ്തു. സമരഘട്ടങ്ങളില്‍ ഇവിടെയെത്താത്ത നേതാക്കളോ എഴുത്തുകാരോ സാംസ്‌കാരിക പ്രവര്‍ത്തകരോ ഉണ്ടായിരുന്നില്ല. എ .കെ. ആന്റണിയും വി. എസ.് അച്യുതാനന്ദനും ഉമ്മന്‍ ചാണ്ടിയും യേശുദാസും വി .ആര്‍. കൃഷ്ണയ്യരും അഴിക്കോടുമെല്ലാം പലപ്പോഴായി ഇടപെട്ട് പലതവണ ഒത്തുതീര്‍പ്പുകള്‍ ഉണ്ടാക്കിയെങ്കിലും അവയെല്ലാം നഗരസഭ ലംഘിക്കുന്നത് നോക്കിനില്‍ക്കേണ്ടിവന്നവര്‍.. ഒടുവില്‍ കെ. വേണുവിന്റെ നേതൃത്വത്തില്‍ നടന്ന അനിശ്ചിതകാല നിരാഹാര സമരം മാലിന്യ സംസ്‌കരണത്തിനു സമാപ്തി കുറിക്കുകയായിരുന്നു..

കോര്‍പറേഷന്റെ പരിസ്ഥിതി വിരുദ്ധ മാലിന്യസംസ്‌കരണപദ്ധതികള്‍ നിര്‍ത്തലാക്കാന്‍ കഴിഞ്ഞത് ലാലൂര്‍ സമരത്തിന്റെ നേട്ടങ്ങളിലൊന്നാണെന്ന് വാസുവേട്ടന്‍. ലാലൂരിലെ മാലിന്യമല നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചെങ്കിലും പ്രയോജനമുണ്ടായിട്ടില്ല.
'ഉറവിട മാലിന്യസംസ്‌കരണപദ്ധതി കുറ്റമറ്റരീതിയില്‍ നടപ്പാക്കുക, ലാലൂരിലെ മാലിന്യമല നീക്കുക എന്നീ ആവശ്യങ്ങള്‍ യാഥാര്‍ത്ഥ്യമാവാതെ ലാലൂര്‍ സമരത്തിന് അവസാനമാവില്ല..'
സമരവീര്യം ജീനില്‍ കലര്‍ന്ന വാസുവേട്ടന്‍ പറയുകയാണ്. അനീതികാണുമ്പോള്‍ അറിയാതെ മനസ്സും ശരീരവും അവശതമറന്ന് ചലിച്ചു തുടങ്ങുകയാണ്..
'കോര്‍പ്പറേറ്റുകള്‍ നിയന്ത്രിക്കുന്ന ലോകത്ത് മാനുഷിക പരിഗണന ഉണ്ടാവുകയില്ല. നമ്മുടെ പുതിയ തലമുറയെക്കുറിച്ച് എനിക്കുള്ള ഉത്ക്കണ്ഠ അതാണ്. അവര്‍ കോര്‍പ്പറേറ്റുകളുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നവരായി മാറുന്നു. സ്വന്തം രാജ്യത്തെ മനുഷ്യാദ്ധ്വാനവും വിഭവങ്ങളും പണവും പുറത്തേക്കൊഴുകുന്നു..അവര്‍ കൊഴുക്കുന്നു!.'
വിഴിഞ്ഞം മറ്റൊരുദാഹരണമായി മാറുകയാണ്. ആര്‍ക്കാണ് വികസനം കൊണ്ടുള്ള ഗുണം എന്ന ചോദ്യം ആരും ചോദിക്കുന്നില്ല. കടല്‍ നികത്തുക..!. അതിനുമാത്രം കരിങ്കല്ലും മണ്ണും കേരളത്തിലെവിടേ?.
മനുഷ്യന്റെ/ കേരളത്തിന്റെ തന്നെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടുമ്പോള്‍ പ്രതികരിക്കാതെ വയ്യ.
ലാലൂര്‍ സമരകാലത്ത് അനുഭവിച്ച ക്ലേശങ്ങള്‍ ആവേശം കെടുത്തയിട്ടില്ല.
'സമരത്തിനു പിറകെ പോയതിനാല്‍ മരപ്പണിക്കു പഴയതുപോലെ പോകാന്‍ ബുദ്ധിമുട്ടായീ. വരുമാനം വല്ലതെ കുറഞ്ഞു. പക്ഷെ, ഭരണകൂടം നിഷ്‌ക്രിയമായി നോക്കിനില്‍ക്കുന്ന സമയത്ത് സാമൂഹികമായ വിപത്തിനെ പ്രതിരോധിക്കേണ്ട ചുമതല ജനതയ്ക്കാണെന്ന വിശ്വാസം എനിക്കുണ്ടായിരുന്നു..'
ആത്മവിശ്വാസം ആളിക്കത്തിക്കുന്ന വാക്കുകള്‍...
സംസാരം അവസാനിച്ചതേയില്ല. മറ്റു അവകാശപ്പോരാട്ടങ്ങളെക്കുറിച്ചും രാജ്യം നേരിടുന്ന ഭീഷണികളെക്കുറിച്ചും..
ഇടക്കിടെ വന്ന ഫോണ്‍കോളുകള്‍...എല്ലാം പലപല സമരമുഖത്തുനിന്നും..
അവക്കെല്ലാം മറുപടി നല്‍കി മുറിഞ്ഞ സംസാരം കൂട്ടിച്ചേര്‍ത്തുകൊണ്ടിരുന്നു...
' രണ്ടുവര്‍ഷത്തിനുള്ളില്‍ മാലിന്യമല നീക്കം ചെയ്യുമെന്നാണ് കോര്‍പ്പറേഷന്റെ വാഗ്ദാനം. ആ പ്രതീക്ഷയിലാണ് ലാലൂര്‍ നിവാസികള്‍. വോട്ടുതേടിവരുന്നവരോട് ഞങ്ങളീകാര്യം ഓര്‍മ്മിപ്പിക്കും. ഇനിയുമൊരു വഞ്ചന സഹിക്കാന്‍ കഴിയാത്തവരാണ് ലാലൂര്‍നിവാസികള്‍. അവരുടെ ക്ഷമയെ ഇനിയും പരീക്ഷിക്കാതെ വാക്കുപാലിക്കാന്‍ അധികൃതര്‍ തയ്യാറാകുമെന്നുതന്നെ ഞങ്ങള്‍ വിശ്വസിക്കുന്നു.'
വാസു എന്ന പോരാളി  നടക്കുകയാണ്, തളരാതെ സമരഭൂമിയില്‍ നിന്നും സമരഭൂമിയിലേയ്ക്ക്...മനുഷ്യസ്‌നേഹമെന്ന മുദ്രാവാക്യം മാത്രം കൈമുതലാക്കി..

ബാലുമേനോന്‍ എം.
ചിത്രങ്ങള്‍: സുധീപ് ഈയെസ്