ആകാശവാണീ തൃശൂര്‍ നിലയത്തിലെ ഒരു ദിവസത്തെ തിരക്കേറിയ ജോലിയ്‌ക്കു ശേഷം ഇറങ്ങിയതാണ്. പൂമരങ്ങള്‍ തണല്‍ വിരിക്കുന്ന കാമ്പസിലെ വഴിയ്‌ക്കരികില്‍ അയാള്‍ കാത്തുനിന്നിരുന്നു..
മണിക്കൂറുകള്‍..അല്ല, ആ ദിവസം മുഴുവനും?!.
അയാള്‍ അടുത്തു വന്നു..
തങ്കമണിയല്ലേ..?
അതേ..
എനിക്കു നിങ്ങളെ വിവാഹം ചെയ്‌താല്‍ കൊള്ളാമെന്നുണ്ട്- ഒരു മറയുമില്ലാതെ, വല്ലാത്ത ഒരു വികാരവായ്‌പ്പോടെ അയാള്‍ പറയുകയാണ്..
ആ ശബ്ദം കേള്‍ക്കാതെ ഉറങ്ങാന്‍ വയ്യ..
എനിയ്‌ക്കു തലചുറ്റുന്നതുപോലെ തോന്നി..പോക്കുവെയില്‍ വീണുകിടക്കുന്ന നിരത്തൊന്നും കണ്‍മുന്നിലില്ല..
എങ്ങിനെയോ നടന്നകന്നു..തിരിഞ്ഞു നോക്കാതെ...!
ആ കഥ അവിടം കൊണ്ടു തീര്‍ന്നില്ല.
വീണ്ടും അയാള്‍ കാത്തുനിന്നു..അഭ്യര്‍ത്ഥനകളുമായി..ഭ്രാന്തമായ ഒരഭിനിവേശം പോലെ..
വിവരമറഞ്ഞ് എന്റെ സഹപ്രവര്‍ത്തകര്‍ തന്നെ അയാളെ താക്കീതു ചെയ്‌തു.
`അവര്‍ക്ക് തെങ്ങുപോലെ നിവര്‍ന്നൊരാള്‍ ഭര്‍ത്താവായുണ്ട്..!'.
അയാള്‍ക്ക് അതൊന്നും തലയില്‍ കയറിയില്ല..
ഒരു ദിവസമതാ..അയാളുടെ അമ്മയും..!.
ആ മാതാവ് ചോദിച്ചു: നിങ്ങള്‍ക്ക് ഒന്നു സഹകരിച്ചു കൂടേ..?!.
അമ്പരന്നുപോയ ഞാന്‍ അന്ന് അല്‍പ്പം ശബ്ദം ഉയര്‍ത്തുക തന്നെ ചെയ്‌തു.
മകനെ ഒരു ഡോക്ടറുടെ അടുത്തുകൊണ്ടുപോകാന്‍ പറഞ്ഞു...
`അദ്ദേഹത്തിന് മാനസികമായ പ്രശ്‌നമാണ്..'
സത്യത്തില്‍ അതു തന്നെയായിരുന്നു പ്രശ്‌്‌്‌നം. റേഡിയോ നാടകത്തിലെ കാമുകിയുടെ മുത്തുകിലുങ്ങും പോലുള്ള ശബ്ദം, മനസ്സും കടന്ന് ആത്മാവില്‍ കയറിയ അവസ്ഥ!.
ആ കാമുകി പറഞ്ഞ കാര്യങ്ങളത്രയും തന്നോടാണെന്ന് അയാള്‍ സങ്കല്‍പ്പിച്ചുകൂട്ടി..!!.
അതോടെ അയാള്‍ വിഭ്രമത്തിന്റെ ലോകത്തില്‍ എത്തിപ്പെടുകയായിരുന്നു.
അയാളുടെ കഥ പിന്നെ എന്തായെന്നറിയില്ല.
പക്ഷെ, അമ്പതാണ്ടോളമായി ശബ്ദംകൊണ്ട് ശ്രോതാവിനെ വിഭ്രമത്തിലാഴ്‌ത്തുക..
പാട്ടുപാടിയല്ല...വെറുതെ സംസാരിച്ച് ഹൃദയത്തിലേയ്‌ക്ക് കടന്നുവരുന്ന `മാജിക്'.
ആകാശവാണിയുടെ സ്വരമാധുരിയായ തങ്കമണിച്ചേച്ചി. സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പ്രിയങ്കരിയായ `മണിച്ചേച്ചി'.
1968 മുതല്‍ ജനങ്ങള്‍ കേട്ടുതുടങ്ങിയ സ്വരം അറുപത്തിയെട്ടാം വയസ്സിലും നിറം മങ്ങാതെ ഹൃദയങ്ങളില്‍ അലയടിക്കുന്നു. ഇതിനിടയില്‍ സിനിമയിലും അഭിനയിച്ചു. അവിസ്‌മരണീയ കഥാപാത്രങ്ങള്‍ക്കു ശബ്ദസാന്നിധ്യമായി..
എന്തെല്ലാം..?!.
മുല്ലമംഗലത്ത് രാമന്‍ ഭട്ടതിരിപ്പാടിന്റെ ഇളയമകള്‍- അതെ എംആര്‍ബി എന്ന സാമൂഹ്യ വിപ്ലവകാരി തന്നെ- ആ വലിയ വടവൃക്ഷത്തിന്റെ ശീതളച്ഛായയില്‍ ഇരുന്നു സുഖമായി വളരുക എളുപ്പമായിരുന്നില്ല. നമ്പൂതിരി സമുദായത്തിന്റെ ഇരുണ്ട അകത്തളങ്ങളിലേയ്‌ക്ക് ജ്വലിയ്‌ക്കുന്ന പന്തവുമായി കടന്നു ചെന്ന അച്ഛന്‍..!!. അച്ഛനെ സമുദായം പടിയടച്ചു പിണ്ഡം വച്ചു. ഒരാളും സഹായിക്കാനില്ല. പട്ടാമ്പിയിലെ ഒരു നമ്പൂതിരികുടുംബക്കാരായ കാഞ്ഞൂര്‍ മനക്കാര്‍ ആണ് അന്ന് സഹായിക്കാന്‍ ധൈര്യം കാട്ടിയത്.
എം.ആര്‍.ബിയ്‌ക്ക് കുടുംബം പുലര്‍ത്തുക ആ കാലയളവില്‍ പാടുതന്നെയായിരുന്നു. തൃശൂരിലെ മംഗളോദയം പ്രസ്സില്‍ പ്രൂഫ് റീഡറായി ജോലിയുണ്ട്. അച്ഛനെ സാമ്പത്തികമായി സഹായിക്കണം എന്ന ഒറ്റ ആഗ്രഹമായിരുന്നു മണിയ്‌ക്ക്. അതിനുവേണ്ടി അധ്യാപകവൃത്തിയാണ് തെരഞ്ഞെടുത്തത്. അധ്യാപികയാവാന്‍ ഹിന്ദിവിദ്വാന്‍ പരീക്ഷപാസായി...
അതിനു മുമ്പേ, ഈശ്വരാനുഗ്രഹമെന്നോ, അല്ലെങ്കില്‍ ജീനിന്റെ പ്രത്യേകതയെന്നോ പറയാവുന്ന ശബ്ദവിന്യാസത്തിന്റെ സാധ്യതകള്‍ തെളിഞ്ഞുതുടങ്ങിയിരുന്നു.
`അച്ഛനോടൊപ്പം കോഴിക്കോട് ഒരു പ്രഭാഷണത്തില്‍ പങ്കെടുക്കാന്‍ പോയതാണ്. ആകാശവാണിയില്‍. അന്ന് തിക്കോടിയാനാണെന്ന് തോന്നുന്നു. ഒരു റേഡിയോ നാടകത്തില്‍ കൊച്ചുകുട്ടിയായ കഥാപാത്രത്തിന് ശബ്ദം നല്‍കാന്‍ പറഞ്ഞു...'
എനിച്ചും കുപ്പിവള വേണം.. ഇതായിരുന്നു ആ ആദ്യ ഡയലോഗ്!.
ലോകം അന്ന് ആദ്യമായി തങ്കമണിയെ `കേട്ടു'!.
ഈ സംഭവം 1964ല്‍ ആണ്. പിന്നെ ചെറിയ ചെറിയ അവസരങ്ങള്‍. 67ല്‍ ആണ് ഓഡിഷന്‍ കഴിഞ്ഞ് കാഷ്വല്‍ അനൗണ്‍സറായി ആകാശവാണിയില്‍ ചേരുന്നത്. അന്നൊക്കെ വീട്ടില്‍ നിറയേ കലാകാരന്‍മാര്‍..നാടകകാരന്‍മാര്‍..
അച്ഛന്റെ നാടകപ്രവര്‍ത്തനത്തിന്റെ ബാക്കിപത്രം...
നമ്പുതിരി സമുദായത്തില്‍ ആദ്യമായി വിധവാ വിവാഹം ചെയ്‌ത് ചരിത്രം സൃഷ്‌ടിച്ച എം. ആര്‍. ഭട്ടതിരിപ്പാടിന്റെയും ഉമാ അന്തര്‍ജനത്തിന്റെയും മകളായ് ജനിച്ചതില്‍ ഈ നിമിഷം വരേയും ആത്മഹര്‍ഷം കൊള്ളുന്നു മണി..
`അച്ഛന്റെ ഒപ്പം ജീവിച്ച കാലം ജീവിതത്തിലെ ഏറ്റവും ആഹ്ലാദം നിറഞ്ഞ കാലമായിരുന്നു..'
കലാസമ്പന്നമായ ഗൃഹാന്തരീക്ഷം.. കെ.പി.എസി. സുലോചന, വിജയകുമാരി, തോപ്പില്‍ ഭാസി, കെ.എസ്. ജോര്‍ജ്, പ്രേംജി, പരിയാനംപറ്റ, എം.എസ്. നമ്പൂതിരി..
`സ്‌കൂളില്‍ ചെന്ന് ഇന്നലെ കെ.പി.എസി സുലോചന വീട്ടില്‍ വന്നു എന്നു പറയുമ്പോള്‍, കൂട്ടുകാര്‍ക്ക് അസൂയ..! അവര്‍ എന്നെ പിച്ചും..!!. ആ കാലം ഓര്‍ത്തോര്‍ത്ത് ചേച്ചി ചിരിക്കുന്നു..
ജീവിതത്തില്‍ എത്രയഭിനയിച്ചു എന്നു ചോദിച്ചാല്‍ അഭിനയിച്ചിട്ടേയില്ലെന്നു പറയും ഈ കലാകാരി. ജീവിക്കാനായി അഭിനയിച്ചു. അവിടെ കണ്ടുമുട്ടിയ പ്രതിഭകളുടെ നിര...
കോഴിക്കോട്ട്, കെ.എ.കൊടുങ്ങല്ലൂര്‍, തിക്കോടിയന്‍, അക്കിത്തം, യു.എ.ഖാദര്‍, കെ.ടി.മുഹമ്മദ്, പി.സി. കുട്ടികൃഷ്‌ണന്‍, നെല്ലിക്കോട് ഭാസ്‌കരന്‍, കക്കാട്, വിനയന്‍...
കൊടുങ്ങല്ലൂരിന്റെ സ്‌ക്രിപ്‌റ്റുകളില്‍ എനിക്കു കുട്ടികളുടെ റോളാണ്.. എന്തേ അങ്ങിനെ എന്ന് ചോദിച്ച എന്നോട് പറഞ്ഞത്: നിന്റെ ശബ്ദം കുട്ടിയുടേതാണ് എന്നാണ്..!
`ഒരിക്കലും ചൂടാവാത്ത ഒരു മനുഷ്യന്‍...!.'
`ഈ വീടൊരു വടവൃക്ഷമായിരുന്നു..ഇപ്പോള്‍ ഞാന്‍ ഒറ്റയ്‌ക്ക്...അതു മുന്നോട്ട്..'
മുഴുമിപ്പിയ്‌ക്കും മുമ്പെ, കണ്ണുകള്‍ നിറഞ്ഞുകവിഞ്ഞു..വാക്കുകള്‍ മുറിഞ്ഞു...
കഴിഞ്ഞ ജൂലായിലാണ് ഭര്‍ത്താവ് ശിവന്‍ വിടപറഞ്ഞത്. എന്തിനും ഏതിനും കൈത്താങ്ങായിരുന്നയാള്‍..
ആ വേര്‍പാടുണ്ടാക്കിയ ശൂന്യത നിറയുന്നതറിയാം...
നീണ്ട നിശബ്ദതയ്‌ക്കു ശേഷം വീണ്ടും ജീവലോകത്തേയ്‌ക്ക് ചേച്ചി മടങ്ങുന്നു..
ഞാന്‍ വിവാഹം കഴിച്ചത് ഒരു സുവര്‍ണ്ണകാര്‍ സമുദായത്തിലുള്ളയാളെയാണ്. ഇഷ്ടപ്പെട്ട് വിവാഹം. എന്റെ രണ്ടു ചേച്ചിമാരും നമ്പൂതിരിമാരെ വിവാഹം കഴിച്ചുപോയിരുന്നു. അച്ഛന് ജാതി ഒരു പ്രശ്‌നമേ ആയിരുന്നില്ല.
ഒന്നേ പറഞ്ഞുള്ളൂ- `പോറ്റാന്‍ കഴിവുണ്ടാവണം. എന്നെ നോക്കുന്നില്ലെന്ന് പറഞ്ഞ് പിന്നെ തിരിച്ചു വന്നേക്കരുത്..!!.'
അച്ഛന്റെ വാക്കും പ്രവൃത്തിയും ഒരിക്കലും വിരുദ്ധമായില്ല. അച്ഛനാണ് എനിക്കെന്നും മാതൃക.
അമ്മ പറഞ്ഞതു ഒരു കാര്യം മാത്രം- `ആവാത്തകാലത്ത് ഞങ്ങളെ നോക്കുന്ന ആളാവണം.'
അതും ശിവേട്ടന്‍ അവസാന നിമിഷംവരെ പാലിച്ചുവെന്നു തങ്കമണി..
വാക്കുകള്‍ വീണ്ടും മുറിഞ്ഞു..
ആ മൗനവേളയില്‍, പുറത്ത് സന്ധ്യ തുടുത്തു.
`ദൈവമുണ്ടോ എന്നു ഞാന്‍ സംശയിച്ചു. അല്ലെങ്കില്‍ ഈ സമയത്ത് ശിവേട്ടനെ കൊണ്ടുപോകണോ..?.'
പിന്നെ ഒന്നോര്‍ത്തു, എന്റെ ഒരു പ്രിയസുഹൃത്തിന്റെ കാര്യം. അവരുടെ ഭര്‍ത്താവ് ഒരു വശം തളര്‍ന്നു കിടക്കുന്നു...അതുണ്ടായില്ലല്ലോ ശിവേട്ടന്..!. അത് അനുഗ്രഹമല്ലേ..? അതാലോചിക്കുമ്പോള്‍ കൃതജ്ഞതയാണെനിയ്‌ക്ക്...സന്തോഷാണ്..!.
തൃശൂരിന്റെ തങ്കമണി
ആകാശവാണിയുടേയും..
അമ്പത്തിയേഴിലാണ് ആകാശവാണി തൃശൂര്‍ നിലയം പ്രക്ഷേപണം തുടങ്ങുന്നത്. അന്നൊക്കെ തിരുവനന്തപുരത്തുമാത്രമാണ് പരിപാടികള്‍ ചെയ്യുക. റിലേ മാത്രമേ തൃശൂര്‍ നിലയത്തിനുള്ളൂ. പിന്നെ ടേപ്പുകള്‍ വന്നു..
1967 മുതല്‍ 74 വരെ കാഷ്വല്‍ അനൗണ്‍സറായിത്തുടര്‍ന്നു..
അന്നൊക്കെ ഇടക്കിടെ നാടകങ്ങളും കിട്ടും. ശബ്ദം തെളിഞ്ഞു. ശബ്ദവിന്യാസം പഠിച്ചു..
1973 ഡിസംബര്‍ 23നായിരുന്നു തൃശൂര്‍ നിലയം സ്വന്തമായി പരിപാടികള്‍ അവതരിപ്പിച്ചു തുടങ്ങുന്നത്. ചെമ്പൈസ്വാമിയുടെ കച്ചേരിയായിരുന്നു ആദ്യം. തുടര്‍ന്ന് നാടകം..
സി.എല്‍.ജോസിന്റെ `വിഷചുംബന'മാണ് ആദ്യമായി പ്രക്ഷേപണം ചെയ്‌തത്.
ആ നാടകത്തില്‍ ഞാനുമുണ്ടായിരുന്നു. പി.എന്‍.ബാലകൃഷ്‌ണപിള്ള, വി.ടി.അരവിന്ദാക്ഷ മേനോന്‍, കെ.വി.മണികണ്‌ഠന്‍ നായര്‍ തുടങ്ങിയവര്‍ ഒക്കെ അതില്‍ അഭിനയിച്ചു..
ഞാനും വേണുവുമാണ് നാടകം പ്രൊഡ്യൂസ് ചെയ്‌തത്.
`68ല്‍ ഞാന്‍ തൃശൂര്‍ എത്തിയിരുന്നു. കാഷ്വല്‍ അനൗണ്‍സറായിതന്നെ. നിലയത്തിനു എട്ടുകിലോമീറ്റര്‍ ചുറ്റളവിലുള്ള ശബ്ദസൗകുമാര്യമുള്ളവരെ ക്ഷണിച്ചപ്പോള്‍, തൃശൂര്‍ നിലയക്കാര്‍ കോഴിക്കോട്ടേക്ക് അന്വേഷിച്ചു. അവരുടെ ആനുകൂല്യത്തിലാണ് ഇവിടെ എത്തിയത്...'
അക്കാലത്ത് തൃശൂര്‍ നിലയത്തില്‍ താരനിരയായിരുന്നു. പത്മരാജന്‍, വെണ്മണി, എസ്.വേണു...
ഇവരാരെങ്കിലും ലീവിലാകുമ്പോഴാണ് അവസരം. പതിനാലു ദിവസംവരെ കിട്ടും.
`അന്ന് ഒരു ദിവസം അഞ്ചുരൂപയാണ് പ്രതിഫലം..!.'
പതിനാലു ദിവസം കഴിഞ്ഞാല്‍ ഒരു ബ്രേക്ക്. വീണ്ടും പതിനാലു ദിവസം..
അന്ന് അതൊരു വലിയ തുകയായിരുന്നു. എഴുപതു രൂപ കിട്ടും..പിന്നൊരു പതിനാലു ദിവസം.. അപ്പോള്‍ നൂറ്റിനാല്‍പ്പത് രൂപ...!!.
അക്കാലത്ത് പി.ജെ.ആന്റണി ഒരു നാടകം ആകാശവാണിയില്‍ എഴുതി സംവിധാനം ചെയ്‌തവതരിപ്പിച്ചിരുന്നു. അതില്‍ സഹകരിക്കാന്‍കഴിഞ്ഞതിലുള്ള സൗഭാഗ്യം ഏറ്റവും വലുതായി ഇന്നും കാണുന്നു. `സോക്രട്ടീസ്'. ആന്റണി വളരെ പ്രശസ്‌തനായതിനുശേഷമായിരുന്നു ഇതെന്നോര്‍ക്കണം...
പെട്ടെന്ന് സംസാരം ബാലന്‍ കെ.നായരിലേയ്‌ക്ക്..
അദ്ദേഹം അഭിനയിച്ച നാടകം സംവിധാനം ചെയ്യാന്‍ ലഭിച്ച സൗഭാഗ്യം!. അതും തൃശൂര്‍ നിലയത്തില്‍ നിന്നും..അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുകയും ചെയ്‌തു. `ഇത്രയും നല്ല ഒരു മനുഷ്യന്‍...!'
സിനിമയിലൊക്കെ വില്ലനായാണ് എപ്പോഴും അഭിനയിക്കുക. പക്ഷെ, ജീവിതത്തില്‍ ഇത്രയും നല്ലൊരു മനുഷ്യന്‍..!.
`എനിക്ക് അങ്ങിനെ തോന്നീട്ടുണ്ട്. വില്ലന്‍മാരായി അഭിനയിക്കുന്നവരൊക്കെ ജീവിതത്തില്‍ അത്രയും നല്ല മനുഷ്യരാണെന്ന്..!. മറ്റൊരാള്‍ ടി.ജി.രവി..
അടുത്ത സുഹൃത്താണ്. എപ്പോഴും വില്ലനായല്ലേ അഭിനയിക്കുക..?. പക്ഷെ, സ്‌ത്രീകളോടൊക്കെ അവര്‍ ജീവിതത്തില്‍ എത്ര മാന്യതയോടെയാണ് പെരുമാറുന്നത്...'
റേഡിയോ നാടകങ്ങളില്‍ ഒഴിവാക്കാനാവാത്ത ചേരുവയായി മണിച്ചേച്ചിയുടെ മണിക്കിലുക്കം പോലുള്ള ശബ്ദം..! . ഒരു സിനിമാ താരത്തേക്കാള്‍ ആരാധകരുണ്ടായി ഈ ശബ്ദത്തിന്റെ ഉടമയ്‌ക്ക് എന്നത് ചരിത്രം..
ഇ. പി. ശ്രീകുമാറിന്റെ സൂര്യകാന്തിയെ സ്‌നേഹിച്ച പെണ്‍കുട്ടി, മൂധേവി തെയ്യം, ഇന്ദുലേഖ എന്നീ നാടകങ്ങള്‍ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയ നാടകങ്ങളായിരുന്നു. പ്രഹേളിക എന്ന നാടകത്തില്‍ മന്ദബുദ്ധിയായ കുഞ്ഞിന്റെ ഭാഗം തങ്കമണി അവതരിപ്പിച്ചത്, മറക്കവയ്യാത്ത അനുഭവമായി. വീ. ടി. അരവിന്ദാക്ഷന്‍ തിളങ്ങി നിന്ന സൂര്യാഘാതം, സിംഹാസനം, ഒരു മുത്തശ്ശി കഥ, പ്രഹേളിക തുടങ്ങി നിരവധി നാടകങ്ങള്‍ നിര്‍മ്മിക്കുകയും അവതരിപ്പിക്കുകയും ചെയ്‌തു. ആകാശവാണി എന്നാല്‍ തങ്കമണിയുടെ ശബ്ദമായി പതുക്കെ മാറുകയായിരുന്നു..
പുരസ്‌കാരങ്ങളാണ് മുറിയിലെ ഷോകേയ്‌സ് നിറയെ. അവ നിശബ്ദം ഈ ശബ്ദസൗകുമാര്യത്തെ കുറിച്ചു സംസാരിച്ചു കൊണ്ടിരിക്കുന്നു. 'റേഡിയോ സ്‌റ്റാര്‍' എന്ന നിലയില്‍ നിന്ന് സിനിമാ രംഗത്തേയ്‌ക്കും ചുവടുവച്ച കഥകള്‍ വന്നു പിറകേ..
തീര്‍ത്ഥ യാത്ര, തുലാ വര്‍ഷം, പിറവി, സ്വം, വാന പ്രസ്‌ഥം, ദേശാടനം, നിയോഗം, ഗാന്‌ധി (മലയാളം മൊഴി), ഒരു ചെറു പുഞ്ചിരി, നോട്ടം, രാപ്പകല്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍..
ഇപ്പോള്‍ അഭിനയത്തിലും കൈവച്ചിരിക്കുന്നു.
സ്വപാനത്തിലും മുല്ലനേഴിയുടെ മകന്‍ സംവിധാനം ചെയ്‌ത `നമുക്കൊരേ ആകാശ'ത്തിലും..!. സ്വപാനത്തില്‍ വിനീതിന്റെ അമ്മയായി.
`ആര്‍.എസ്.പ്രഭുവാണ് ആദ്യമായി സിനിമയില്‍ ശബ്ദം നല്‍കാന്‍ വിളിച്ചത്. `തീര്‍ത്ഥയാത്ര'യില്‍. ശാരദയ്‌ക്കാണ് ശബ്ദം നല്‍കിയത്.'
ശാരദയുമായുള്ള ഹൃദയബന്ധം ഇന്നും തുടരുന്നു. തൃശൂരില്‍ വരുമ്പോള്‍ നിര്‍ബന്ധിച്ചു വിളിക്കും..കാണണം. അടുത്തിരിക്കണം..സംസാരിക്കണം..!!.
പക്ഷെ, ജീവിതത്തിലെ ചില മറക്കാത്ത നഷ്ടങ്ങള്‍.. അതില്‍ ദുഃഖമില്ല..എന്നാല്‍ ഇല്ലാതുമില്ല. ദേശീയ അവാര്‍ഡ് നേടിയ നിര്‍മ്മാല്യത്തില്‍ ശബ്ദം നല്‍കാന്‍ എംടിയുടെ വിളിവന്ന സമയം..
അന്ന് ആകാശവാണി നിലയത്തിന്റെ ഡയറക്ടര്‍ ഒരു തമിഴനായിരുന്നു..
അദ്ദേഹം പറഞ്ഞു, ഡല്‍ഹിയില്‍ നിന്ന് അനുമതി വാങ്ങണമെന്ന്. ആ അസുലാഭവസരം അങ്ങിനെ കൈവിട്ടുപോയി. എലിപ്പത്തായത്തിലും അതു തന്നെ സംഭവിച്ചു. സര്‍ക്കാര്‍ ജീവനക്കാരിയായതിന്റെ പാര്‍ശ്വഫലങ്ങള്‍..!. `പക്ഷെ, ഒന്നുണ്ട്. എനിക്ക് ഏറ്റവും ആത്മസംതൃപ്‌തി നല്‍കിയത് നാടകങ്ങള്‍ തന്നെയാണ്..'
1989ല്‍ മൗനം മീട്ടുന്ന തംബുരു എന്ന ഡോക്കുമെന്ററിയുടെ ശബ്ദാവിഷ്‌ക്കാരത്തിനുള്ള ആകാശവാണി അവാര്‍ഡ്, 92ല്‍ `സൂര്യായനം' എന്ന സംഗീത ശില്‌പത്തിനുള്ള ആകാശവാണി അവാര്‍ഡ്, 94ല്‍ `കര്‍മ്മണ്യേ വാധികാരസ്‌ത്തേ' എന്ന ഡോക്ക്യു മെന്ററിയുടെ ശബ്ദാ വിഷ്‌ക്കാരത്തിനു വീണ്ടും ആകാശ വാണിപുരസ്‌ക്കാരം, പ്രമുഖഗാന്‌ധിയന്‍ ചങ്ങല കുമാരന്‍നായരെ കുറിച്ചുള്ള ടെലിഫിലിം ചെയ്‌തതിനു 2001 ലെ മികച്ച ടെലി ഫിലിം അവതാരകയ്‌ക്കുള്ള ദൂരദര്‍ശന്‍ അവാര്‍ഡ്. 2001ല്‍ തന്നെ തീര്‍ത്ഥാടനം എന്ന ചിത്രത്തിനു ശബ്ദം പകര്‍ന്നതിനു മികച്ച ഡബ്ബിങ്ങിനുള്ള സംസ്‌ഥാന അവാര്‍ഡ്, ഇതുകൂടാതെ 2004 കേരള സംഗീത നാടക അക്കാദമി പുരസ്‌ക്കാരവും...!.
ശബ്ദക്രമീകരണവും അക്ഷരസ്‌ഫുടതയും കൈവന്നത് വീട്ടിലെ 'ട്രെയിനിംഗ്' കാരണമാണ്. അന്നൊക്കെ വരുന്ന വാരികകളും മറ്റും ഉച്ചത്തില്‍ അമ്മയെ വായിച്ചു കേള്‍പ്പിക്കുന്ന ചുമതല എനിക്കായിതുന്നു. അത് താളനിബദ്ധമായ വായനയായിരുന്നു. അടുക്കളയില്‍ നിന്ന് അമ്മ അത് കേട്ടുശ്രദ്ധിക്കും.
`കുറച്ചു വലുതായപ്പോള്‍, നോവലുകളില്‍ കെട്ടിപ്പിടിക്കുന്ന വിവരണമൊക്കെ വിട്ടുകളഞ്ഞാണ് വായിക്കുക..സ്വാഭാവികമായ ലജ്ജ..!. അപ്പോള്‍ അമ്മ വിളിച്ചു ചോദിക്കും..
`എന്തോ വിട്ടുകളഞ്ഞല്ലോ..? ഒരു ശരിക്കേട് അമ്മയ്‌ക്ക് തോന്നും.
ഞാന്‍ സത്യം പറയും.
അപ്പോള്‍ അമ്മ സമാധാനിപ്പിയ്‌ക്കും. 'അത് കഥയല്ലേ..? ജീവിതമല്ലല്ലോ..?!'.
അച്ഛന്റെ പ്രസംഗങ്ങള്‍ ശബ്ദനിയന്ത്രണ കലയില്‍ വലിയൊരു വഴികാട്ടിയായി. അച്ഛനാണ് പഠിപ്പിച്ചത്- പാത്രം നോക്കി വിളമ്പണമെന്ന്..!.
നമ്മുടെ മുമ്പിലില്ലാത്ത ശ്രോതാവിനെ മനസ്സില്‍ക്കണ്ട്..അവന്റെ മനസ്സ് തൊട്ടറിഞ്ഞ് ശബ്ദം നല്‍കുന്ന `മാജിക്ക്' അങ്ങിനെയാണ് വികാസം പ്രാപിച്ചത്..
ബോളിവുഡ് ഫെയിം ശ്രീദേവി ആദ്യമായി നായികയാവുന്ന മലയാളം സിനിമ തുലാവര്‍ഷമാണ്. അതില്‍ ശ്രീദേവിയുടെ ശബ്ദം തങ്കമണിയുടേതായിരുന്നു..!.
സിനിമയിലെ ഡബ്ബിംഗ് ആര്‍ട്ടിസ്‌റ്റുകളില്‍ എനിക്കേറ്റവും പ്രിയം ആനന്ദവല്ലിയെയാണ്. പിന്നെ ഭാഗ്യലക്ഷ്‌മി. ആനന്ദവല്ലിയോട് എനിക്കു ബഹുമാനം തന്നെയാണ്..
വേണ്ടതിലകം സ്വരമാധുരിയുണ്ടായിട്ടും ഇന്നുവരെ പാട്ടുപാടാഞ്ഞതെന്തേ എന്ന ചോദ്യത്തിനു ചിരിയായിരുന്നു ഉത്തരം. `നാടകത്തില്‍ അവശ്യം വേണ്ടിടത്തൊക്കെ ഒന്നു മൂളിയിട്ടുണ്ട് എന്നല്ലാതെ..'
ഗായികമാരില്‍ പ്രിയം ജാനകിയമ്മ തന്നെ. പിന്നെ പി.ലീലയും. ഗായകരില്‍ ജയചന്ദ്രന്‍. ഒരു പക്ഷെ, ജയചന്ദ്രനുമായുള്ള വ്യക്തിപരമായ അടുപ്പവും കാരണമാകാം എന്നൊരു `നസ്യ'വും.
ലീലച്ചേച്ചിയുമായി മരിയ്‌ക്കുവരെ അടുത്തബന്ധമായിരുന്നു..
അശരീരിയാണല്ലോ തങ്കമണിച്ചേച്ചി എന്ന ഫലിതത്തിന് പൊട്ടിച്ചിരിച്ചുകൊണ്ടാണ് മറുപടി.
`ശരിക്കും. എന്റെ ശബ്ദമേ അറിയൂ. കണ്ടാല്‍ അറിയില്ല. റേഡിയോ സ്‌റ്റേഷനില്‍ എന്നെ അന്വേഷിച്ചു കുട്ടികള്‍ വരും. തങ്കമണിച്ചേച്ചിയെ കാണണം-അതാണ് ആവശ്യം. ഞാനവിടെ ഇരിക്കുന്നുണ്ടാവും. പലരോടും ചോദിച്ചറിഞ്ഞ് ഞാനണെന്നറിഞ്ഞ് മുന്നില്‍ വന്ന് ഒന്നു നോക്കും- അശ്യേ..ഇതാണോ..?! എന്ന മട്ടില്‍!!.
ശബ്ദസൗകുമാര്യം നിലനിര്‍ത്താന്‍ ഗായകന്‍മാര്‍ ചിട്ടയായ ജീവിതമൊക്കെ നയിക്കുന്ന രീതിയുണ്ട്..
അതൊന്നും ഇവിടെ പതിവില്ല. ഒരു പരിശ്രമവും ഇല്ല, ദൈവം കൊടുത്ത ശബ്ദത്തിന്റെ ഉടമയ്‌ക്ക്.
`ജീരകവും കുരുമുളകും കല്‍ക്കണ്ടവും ചേര്‍ത്ത് പൊടിച്ചത് ഇടയ്‌ക്ക് കഴിച്ചുകൊണ്ടിരിക്കും. അതെവിടേപ്പോകുമ്പോഴും കൂടെ കരുതും. പിന്നെ, പുളിച്ചമോര് കഴിച്ചാല്‍ ചെറിയൊരു ബുദ്ധിമുട്ട് തോന്നാറുണ്ട്. അതുകൊണ്ട് അതൊഴിവാക്കും..'
ആ..ഒന്നുണ്ട് ട്ടോ..ഐസ്‌ക്രീം പ്രാണനാണ്..അത് ഓഫ് ദിവസമൊക്കെ നോക്കി അടിച്ചുവീശും..!.
അടുത്തിടെ ചില ഓര്‍മ്മപ്പിശകുകള്‍. അഭിമുഖങ്ങള്‍ അച്ചടിച്ചുവരുമ്പോഴാണ് പലരും അതൊക്കെ വിളിച്ചോര്‍മ്മിപ്പിക്കുക. മനപ്പൂര്‍വ്വമല്ലാതെ മറന്നുപോയതാണെന്ന് പറയും.
സി.രാധാകൃഷ്‌ണനൊത്തു ചേര്‍ന്നിറക്കിയ ആദ്യത്തെ കസറ്റ് കഥ അതിലൊന്നാണ്. അദ്ദേഹത്തിന്റെ `നിഴല്‍പ്പാടുകള്‍' വായിച്ച് കസറ്റിലാക്കിയത് ഞാനാണ്. അതിനു ശേഷമാണ് കവിതകളൊക്കെ കസറ്റില്‍ വന്നു തുടങ്ങിയത്. മലയാള സാഹിത്യത്തിന്റെ ഇലക്‌ട്രോണിക് വത്‌ക്കരണം ഇവിടെ തുടങ്ങി.
ജോലിയില്‍ ഉയര്‍ച്ചതേടാതെയുള്ള ഈ ജീവിതത്തിന്, സ്‌നേഹം എന്നാണ് അര്‍ത്ഥം. അച്ഛനെയും അമ്മയേയും നോക്കണം എന്നതുമാത്രമായിരുന്നു പ്രെമോഷനുകള്‍ മാറ്റിവച്ച ഈ ജീവിതയാത്രയുടെ ഉദ്ദേശ്യം. പ്രൊഡക്ഷന്‍ അസിസ്‌റ്റാന്റാകാമായിരുന്നു. ട്രാന്‍സ്‌ഫര്‍ ഉണ്ടാവും. അതുവേണ്ടെന്നു വച്ചു.
`അന്നു സ്‌റ്റേഷന്‍ ഡയറക്ടര്‍ ആയിരുന്ന ശിവശങ്കരന്‍ തീര്‍ത്തുപറഞ്ഞു, വേണ്ടെന്ന്. കാരണം പിന്നെ ശബ്ദം കൊടുക്കലെല്ലാം കൈവിട്ടുകളയേണ്ടിവരും..'
അനൗണ്‍സറായി തുടങ്ങി അനൗണ്‍സറായി പിരിഞ്ഞു. അതാണ് ചുരുക്കിയ ജീവിതരേഖ. അതിനിടയില്‍ നീണ്ടുകിടക്കുന്ന അനുഭകഥകളുടെ പരമ്പര...
ഒരു ഈശ്വരാനുഗ്രഹ കഥകൂടിയുണ്ട് അനുബന്ധമായി. കഴിഞ്ഞ ഇരുപതോളംവര്‍ഷം ഗുരുവായൂരിലെ ചെമ്പൈ സംഗീതോത്‌സവത്തിലെ ആകാശവാണിയുടെ സ്‌ഥിരം അവതാരക കൂടിയായിരുന്നു
ആകാശവാണിയെ കേള്‍വിക്കാരന്റെ ഇഷ്ടമാധ്യമമാക്കിയ തങ്കമണി ഒരുക്കിയ പരിപാടികളത്രയും ജനപ്രിയമായിരുന്നു. `ഹൃദയപൂര്‍വ്വം' എന്ന ചലച്ചിത്രഗാന പരമ്പരയില്‍ പ്രമുഖരത്രയും അണിനിരന്നു.
`ബേബി ശാലിനിയെ ഇന്റര്‍വ്യൂ ചെയ്‌തത് മറക്കാനാവില്ല. അവള്‍ കുരുന്നായിരുന്നു. സ്‌റ്റുഡിയോയിലെത്തിയ ഉടന്‍ അവള്‍ എന്നോട് `എടുക്കാന്‍' പറഞ്ഞു. അവളെ മേശപ്പുറത്തിരുത്തിയാണ് ഇന്റര്‍വ്യൂ നടത്തിയത്..എന്തൊരു കുസൃതിയായിരുന്നു..!.' ഓര്‍മ്മകളുടെ ഓളപ്പാത്തികളില്‍ മനസ്സ് ഒഴുകി..
ഇനി..?
ഞെട്ടിയുണര്‍ന്ന് ഒന്നാലോചിച്ചു. പിന്നെ പറഞ്ഞു: `ജീവിതമാകുന്ന ട്രെയിനില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. എന്റെ കൂടെ സഞ്ചരിച്ചവരൊക്കെ അവരവരുടെ സ്‌റ്റേഷനെത്തിയപ്പോള്‍ ഇറങ്ങിപ്പോയിക്കഴിഞ്ഞു..ഇപ്പോള്‍ ഞാന്‍ മാത്രം. എന്റെ സ്‌റ്റേഷനെത്തുമ്പോള്‍ ഞാനും ഇറങ്ങും. അതുവരെ ഈ യാത്ര..'
-ബാലുമേനോന്‍ എം.
ചിത്രം-സുധീപ് ഈയെസ്.