Wednesday, June 3, 2015

അവസാനത്തെ രാജപ്രമുഖന്‍



ഇരുചാലുകള്‍- പുഴകള്‍-കൂടിച്ചേര്‍ന്ന പ്രദേശമത്രെ ഇരിങ്ങാലക്കുട. ഈ കൊച്ചുപട്ടണത്തിന്റെ പേരില്‍ കഥ തന്നെയുണ്ട്‌- ഒ.വി. വിജയന്റെതായി.
കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ പെരുമയിലൂടെ അറിയപ്പെട്ട നാട്‌.. ചരിത്രത്തിന്റെയും ഐതിഹ്യങ്ങളുടേയും അറിയാക്കഥകള്‍ നിധിനിക്ഷേപമായി ഇന്നും ഇവിടെ..

ചരിത്രപ്രസിദ്ധമായ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തോടു ചേര്‍ന്നുള്ള `കൊട്ടിലായ്‌ക്കല്‍' മാളിക, ഇന്ന്‌ ദേവസ്വം ഓഫീസാണ്‌. ഇവിടെ നില്‍ക്കൂ, എന്നിട്ട്‌ പഴമയുടെ കേളികൊട്ടിന്‌ കാതോര്‍ക്കൂ..!.
കൂടല്‍മാണിക്യം ക്ഷേത്രം ആസ്ഥാനമാക്കി ഇരിങ്ങാലക്കുടയില്‍ രാജഭരണം നടത്തിവന്ന തച്ചുടയ കൈമള്‍മാരുടെ ആസ്ഥാന മന്ദിരമാണിത്‌. നാലുകെട്ട്‌..ഉള്ളിനുള്ളില്‍ മറ്റ്‌ എടുപ്പുകള്‍...അമ്പരപ്പിക്കുന്ന മരപ്പണികള്‍..!.
കനത്ത വാതിലുകള്‍ കടന്നു ചെല്ലുമ്പോള്‍, ഒരു മഹാമൗനമാണ്‌ വലയം ചെയ്യുക. ബഹളങ്ങളൊഴിഞ്ഞ്‌, ധ്യാനത്തിലിരിക്കുന്ന ഒരു ഋഷിയുടെ ശാന്തഗാംഭീര്യം..
നൂറ്റാണ്ടുകള്‍...
അവസാനത്തെ രാജപ്രമുഖനും ഒഴിഞ്ഞിരിക്കുന്നു. ഈ ചുവരുകള്‍ക്ക്‌, തടിയില്‍ തീര്‍ത്ത സൗധത്തിന്‌ പറയാന്‍ കഥകളേറെ..
കൊച്ചി രാജ്യത്തെ മഹാക്ഷേത്രത്തില്‍, തിരുവിതാംകൂറിന്റെ അധികാരപര്‍വ്വം തുടങ്ങുന്നതിന്റേയും നൂറ്റാണ്ടുകള്‍ നീണ്ട ഛിദ്രങ്ങളുടേയും പകവീട്ടലിന്റേയും ഒക്കെ കഥകള്‍. പലതും മറവിയുടെ നേര്‍ത്ത ചാരം മൂടി മറഞ്ഞു തുടങ്ങിയിരിക്കുന്നു. പക്ഷെ, കാതോര്‍ത്താല്‍ ഇപ്പോഴും കഥകള്‍ കേള്‍ക്കാം.

വേനലിലും, സമൃദ്ധമായ ജലരാശിയില്‍ കരുവന്നൂര്‍ പുഴ. പുഴ കടന്നാല്‍ ഇരിങ്ങാലക്കുട...!. അറുപത്തിനാലു നമ്പൂതിരിഗ്രാമങ്ങളില്‍പ്പെട്ട മുപ്പത്തിരണ്ടു മലയാള ഗ്രാമങ്ങളില്‍ സുപ്രധാന സ്ഥാനമുള്ള ഗ്രാമം..
ഇവിടെ കലയും സംസ്‌കൃതിയും തഴച്ചുവളര്‍ന്നു. ആ ചരിത്രത്തിലേയ്‌ക്ക്‌ കടക്കും മുമ്പെ, കുറേകൂടി സഞ്ചിരിയ്‌ക്കണം. ഇരിങ്ങാലക്കുട യോഗക്കാരായ നമ്പൂതിരിമാരും കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ഊരായ്‌മക്കാരും തമ്മിലുളള പോരാട്ടങ്ങളിലേയ്‌ക്ക്‌...അയിത്തക്കാര്‍ക്ക്‌ വഴി നടക്കാന്‍ അവകാശത്തിനായി നടന്ന കുട്ടംകുളം സമരത്തിലേയ്‌ക്ക്‌. അധികാരിയായ തച്ചുടയകൈമള്‍ കൊച്ചിരാജാവിന്റെ നിര്‍ബന്ധത്തിനു വിധേയനായി ജനകീയ സമരത്തിലെ ബലിയാടാവുന്നത്‌..

ആറാം തച്ചുടയകൈമള്‍- അവസാനത്തേയും- ഭാസ്‌കരക്കുറിപ്പിന്റെ മകള്‍ വിശാലാക്ഷി അമ്മ. അവരുടെ ഓര്‍മ്മകളില്‍ ഇപ്പോഴും പച്ചപിടിച്ചു നില്‍ക്കുകയാണ്‌ ആ കാലം.
`അച്ഛനായിരുന്നു അവസാനത്തെ തച്ചുടയകൈമള്‍. ചട്ടമ്പി സ്വാമിയുമായി വളരെ അടുപ്പമായിരുന്നു അച്ഛന്‌. സ്വാമി ഇവിടെ വന്നിട്ടുണ്ട്‌. സ്വാമി അച്ഛനോട്‌ പറയേണ്ടായീ...ഇനി ഒരു കൈമള്‍ ഉണ്ടാവില്ല എന്ന്‌..!. അച്ഛന്‍ ചോദിക്കേം ചെയ്‌തു എന്തേ അങ്ങിനെ എന്ന്‌..സ്വാമി ചിരിച്ചതേയുള്ളൂ..പക്ഷെ, അദ്ദേഹം പറഞ്ഞത്‌ സത്യമായി...'
തച്ചുടയകൈമള്‍ എന്നത്‌ ഒരു സ്ഥാനപ്പേരാണ്‌. കൂടല്‍മാണിക്യ ക്ഷേത്രത്തിന്റെ അവകാശാധികാരങ്ങള്‍ കൈയാളിയിരുന്ന രാജപ്രതിനിധിയ്‌ക്കുള്ള സ്ഥാനപ്പേര്‌.
ക്ഷേത്രത്തിന്റെ `തച്ചുകള്‍' (പണികള്‍) കൈമളുടെ നേതൃത്വത്തിലാവണമെന്നാണ്‌ വ്യവസ്ഥ. രാജപ്രതിനിധിയായി ചുമതലയേല്‍ക്കുന്ന കൈമള്‍, പിന്നെ ദേവന്റെ ദാസനായി ജീവിതം ജീവിച്ചു തീര്‍ക്കുകയാണ്‌ ചെയ്യുക. ശരിക്കും ഒരു സന്യാസ ജീവിതം..!.
ചുമതലയേല്‍ക്കും മുമ്പ്‌ തനിക്കു ഭൂമിയിലുള്ള സര്‍വ്വതും അദ്ദേഹം ത്യജിയ്‌ക്കും. സ്വന്ത-ബന്ധങ്ങളടക്കം സര്‍വ്വതും..!.
പിന്നെ കുടുംബത്തില്‍ നടക്കുന്ന ജനന-മരണങ്ങളോ വാലായ്‌മകളോ അദ്ദേഹത്തിന്‌ ബാധകമായിരിക്കുകയില്ല. സര്‍വ്വോപരി അഖണ്ഡ ബ്രഹ്മചര്യം പാലിക്കണമെന്നും വ്യവസ്ഥ. കൈമള്‍മാര്‍ വിവാഹം കഴിയ്‌ക്കാന്‍ പാടില്ല..!.
ഈ ചട്ടം മറികടന്ന്‌ വിവാഹം കഴിച്ചു, അവസാനത്തെ തച്ചുടയ കൈമളായ ഭാസ്‌കരക്കുറുപ്പ്‌...
അതിനുശേഷം കൈമള്‍ ഭരണം- മറ്റുപല കാരണങ്ങളാലാണെങ്കിലും- ഇരിങ്ങാലക്കുടയില്‍ അവസാനിക്കുകയും ചെയ്‌തുവെന്ന്‌ ചരിത്രസാക്ഷ്യം..




മഹാമഹിമശ്രീ....തച്ചുടയ കൈമളുടെ യാത്ര കായംകുളത്തു നിന്ന്‌ ആരംഭിക്കുകയാണ്‌. തന്റെ വീടും നാടും ഉപേക്ഷിച്ച്‌ സ്വന്തബന്ധങ്ങളുടെ പാശങ്ങളത്രയും പൊട്ടിച്ചെറിഞ്ഞ്‌..
ബോട്ടില്‍, കരൂപ്പടയില്‍ വന്നിറങ്ങിയ അദ്ദേഹത്തിന്റെ ദേശക്കാര്‍ ഭക്ത്യാദരപൂര്‍വ്വം ആനയിച്ചു.
പിന്നെ അദ്ദേഹത്തെ എഴുന്നളളിച്ച്‌ ഇരിങ്ങാലക്കുടയിലെ അവിട്ടത്തൂര്‍ ക്ഷേത്രത്തില്‍ ആനയിച്ചു. അവിടെ നിന്ന്‌ ആനപ്പുറത്ത്‌ സര്‍വ്വവിധ ആചാരോപചാരങ്ങളോടെ കൂടല്‍മാണിക്യത്തിലേയ്‌ക്ക്‌..
അവിടെ കൊട്ടിലായ്‌ക്കല്‍ മാളികയില്‍ അദ്ദേഹത്തെ കൊണ്ടു ചെന്നാക്കുന്നതോടെ പുതിയ തച്ചുടയകൈമള്‍ അംഗീകരിക്കപ്പെടുന്നു..
ഈ ചടങ്ങുകള്‍ സങ്കല്‍പ്പിച്ചെടുക്കാം..
`ആനപ്പുറത്തേ ഇങ്ങട്ട്‌ എഴുന്നള്ളിച്ചു കൊണ്ടുവരിക...' എന്ന വിശാലാക്ഷി അമ്മയുടെ വാക്കുകളില്‍ നിന്ന്‌.
വഴിനീളെ പറയും തോരണങ്ങളും അലങ്കാരങ്ങളും. ആയുധധാരികളായ അംഗരക്ഷകര്‍..
`നിത്യവും ക്ഷേത്രദര്‍ശനത്തിനു കൊണ്ടുപോകാന്‍ ഒരു പട്ടരും നമ്പൂതിരിയും ഉണ്ടാവും. അതാണ്‌ അവരുടെ ജോലി..'
ഓര്‍മ്മകള്‍ പുറകോട്ടു പായുന്നു...
ഇരിങ്ങാലക്കുടയിലെ ഭൂപ്രദേശം മുഴുവന്‍ കൂടല്‍മാണിക്യ സ്വാമിയുടേതാണ്‌. അത്‌ യഥേഷ്ടം കൈകാര്യം ചെയ്യാനുള്ള അവകാശവും അധികാരവും തച്ചുടയ കൈമള്‍ക്കു രാജാവ്‌ നല്‍കിയിരുന്നു.
`പക്ഷെ, അച്ഛന്‍ അതൊന്നും കൂട്ടാക്കിയില്ല. കഴിഞ്ഞുകൂടാനുള്ള ഒരു തുക നിശ്ചയിച്ച്‌ അതു മാത്രമേ കൈപ്പറ്റിയിരുന്നുള്ളൂ...'.
വേണാട്ടരചന്റെ കോയ്‌മയാണ്‌ കൈമള്‍. തച്ചുടയ(രക്ഷക) എന്നതിലൂടെ രക്ഷകസ്ഥാനവും കൈമള്‍ -വേണാട്ടുരാജാവിന്റെ ആള്‍(കോയ്‌മ) എന്നുമാകുന്നു.

മാണിക്യം കൂടിച്ചേര്‍ന്ന കഥ

ഇരിങ്ങാലക്കുടയുടെ മുഖപ്രസാദത്തിനു കാരണം, ഇവിടെ ധാരാളം യാഗ-തപസ്സുകള്‍ നടന്നിരുന്ന സ്ഥലമായതിനാലത്രെ.
സംഗമേശന്‍, ഭരത സങ്കല്‍പ്പത്തിലായതിനാലും ശ്രീരാമനെ ഓര്‍ത്ത്‌ രാജ്യഭരണം നടത്തുന്നതിനാലും ഈ നാടിന്‌ വല്ലാത്തൊരു പ്രശാന്തത കൈവന്നിട്ടുണ്ടെന്നത്‌ സത്യം.
ദ്വാപരയുഗത്തില്‍ ശ്രീകൃഷ്‌ണന്‍ ആരാധിച്ചിരുന്ന ദാശരഥീ വിഗ്രഹങ്ങളിലൊന്നാണ്‌ ഇതെന്നാണ്‌ ഐതിഹ്യം. പൊന്നാനി താലൂക്കിലെ ദേശപ്രമാണിയായ വാക്കയില്‍ കൈമള്‍ക്ക്‌ ഒരു സ്വപ്‌ന ദര്‍ശനമുണ്ടായി. നാലു ചതുര്‍ബാഹു വിഗ്രഹങ്ങള്‍ കടലില്‍ ഒഴുകി നടക്കുന്നുവെന്ന്‌. പിറ്റേന്ന്‌ മുക്കുവരുടെ വലകളില്‍ ഇവ കുടുങ്ങി. സ്വപ്‌നത്തില്‍ കണ്ട വിഗ്രഹങ്ങള്‍ കൈവശം വന്നപ്പോള്‍ അദ്ദേഹം തന്നെ മുന്‍കൈയെടുത്ത്‌ ഇവ ആചാരപ്രകാരം നാലിടങ്ങളില്‍ പ്രതിഷ്‌ഠിച്ചുവത്രെ..!.
തൃപ്രയാറില്‍ ശ്രീരാമനും, കൂടല്‍മാണിക്യത്തില്‍ ഭരതനും മൂഴിക്കുളത്ത്‌ ലക്ഷ്‌മണനും പായമ്മല്‍ ഭരതനും..
വിശാലമായ മതില്‍ക്കെട്ടില്‍ ഒറ്റക്കൊരു പ്രതിഷ്‌ഠ!. ഭരതന്‍മാത്രം. ഉപദേവന്‍മാരൊന്നും ഇല്ലാത്ത മഹാക്ഷേത്രം..!.
`മഹാരാജാക്കന്‍മാരെ ഹിസ്‌ ഹൈനസ്‌ എന്നു വിളിക്കുന്നതുപോലെ അച്ഛനെ (കൈമള്‍മാരെ) ഹിസ്‌ ഹോളിനസ്‌ എന്നാണ്‌ വിളിക്കുക'- വിശാലാക്ഷി അമ്മ.
ദേവന്റെ ദാസനായി, ക്ഷേത്രോത്സവത്തിന്‌ കൂറയും പവിത്രവും നല്‍കുന്ന ചടങ്ങിനു വരെ തച്ചുടയകൈമള്‍ വേണമെന്നാണ്‌ ചിട്ട.
`മരിക്കുന്നതിനു അഞ്ചുമാസം മുമ്പുവരെയുണ്ടായ കൊടിയേറ്റിനു അച്ഛന്‍ തന്നെയാണ്‌ കൂറയും പവിത്രവും നല്‍കിയത്‌.



അസാധാരണമായ ശില്‍പ്പചാതുര്യത്തിന്റെ വിസ്‌മയം, ഈ ക്ഷേത്രം. കുലീപിനി മഹര്‍ഷി യാഗം നടത്തിയ സ്ഥലം ഇന്ന്‌ വലിയൊരു തീര്‍ത്ഥക്കുളമാണ്‌. ക്ഷേത്രത്തോടൊപ്പം ഈ തീര്‍ത്ഥക്കുളവും പ്രദക്ഷിണം ചെയ്യണമെന്ന്‌ ആചാരം. തവളയോ പാമ്പുകളോ ഈ തീര്‍ത്ഥത്തില്‍ ഉണ്ടാവാറില്ലെന്നത്‌ മറ്റൊരു അത്ഭുതം. കണ്ണാടിപോലെ തെളിഞ്ഞ തീര്‍ത്ഥജലം. കുളത്തിന്റെ അടിത്തട്ടുവരെ തെളിഞ്ഞുകാണാം- തലയാട്ടി നില്‍ക്കുന്ന പായല്‍ച്ചെടികള്‍..മത്സ്യ രൂപത്തില്‍ നീന്തിക്കളിച്ചുകൊണ്ടിരിക്കുന്ന പിതൃക്കള്‍...!!.
അതെ!. അങ്ങിനെയാണ്‌ പറയുക. അതുകൊണ്ടു മീനൂട്ട്‌ ഇവിടെ പ്രധാന വഴിപാടാകുന്നു..

മൂന്നാനപ്പൊക്കത്തില്‍, വിശാലമായി നീണ്ടുകിടക്കുന്ന നടപ്പന്തലില്‍ പതിനേഴാനകള്‍ നിരക്കുന്നത്‌ ഒന്നു സങ്കല്‍പ്പിക്കുക-ചമയങ്ങളോടെ. അതിനു മുന്നില്‍ തീവെട്ടികള്‍..അതിനു മുന്നില്‍ പഞ്ചാരിയുടെ മാസ്‌മരിക പ്രഭാവം...മേളഗോപുരം മതില്‍ക്കകത്ത്‌ താളത്തില്‍ കൊട്ടിയുയരുന്നു....
കൂടല്‍മാണിക്യം ഉത്സവം. കേരളത്തിലെ ക്ഷേത്രോത്സവങ്ങള്‍ക്കെല്ലാം സമാപനം കുറിക്കുന്ന ഉത്സവം എന്ന പ്രത്യേകതകൂടിയുണ്ട്‌. ഇവിടത്തെ ഉത്സവത്തോടെ കേരളത്തിലെ ഉത്സവസീസണ്‍ സമാപിക്കുന്നു.
ഭരതചക്രവര്‍ത്തിയാണ്‌.. ആപ്രത്യേകതകളെല്ലാം ഈ ക്ഷേത്രത്തിനുമുണ്ട്‌. മുപ്പത്തിമുക്കോടി ദേവകളും പങ്കെടുക്കുന്ന ആറാട്ടുപുഴ പൂരത്തിന്‌ കൂടല്‍മാണിക്യസ്വാമി പോകില്ല. ഉത്സവം തന്റെ മുറ്റത്തുതന്നെ വേണമെന്ന്‌ നിര്‍ബന്ധം. പതിനേഴാനകള്‍ക്കുളള്‌ തലേക്കെട്ടുകളും ചമയങ്ങളുമെല്ലാം ഇവിടേയ്‌ക്കു സ്വന്തം. മറ്റു ക്ഷേത്രങ്ങള്‍ക്കു വാടകയ്‌ക്കുപോലും നല്‍കില്ലെന്ന കടുംപിടുത്തം കൂടിയുണ്ട്‌..!.
എഴുന്നള്ളിപ്പില്‍ കോലം വയ്‌ക്കുന്ന ആനയ്‌ക്ക്‌ ഇരുപുറവും കുട്ടിക്കൊമ്പന്‍മാരെ നിര്‍ത്തും. ഉള്ളാനകള്‍ എന്നിവയ്‌ക്കു പേര്‍. ചക്രവര്‍ത്തിയെ മറ്റാനകള്‍ തൊട്ടശുദ്ധമാക്കാതിരിക്കാന്‍..!.
സവിശേഷതകള്‍ പറഞ്ഞാല്‍ തീരില്ല, ഈ മഹാക്ഷേത്രത്തിന്റെ..



ഒരിക്കല്‍ ഇവിടത്തെ വിഗ്രഹത്തില്‍ പൂജാ സമയത്ത്‌ അസാധാരണമായ ദിവ്യപ്രഭ പ്രത്യക്ഷപ്പെടുകയുണ്ടായത്രെ. അതു വിഗ്രഹത്തില്‍ പ്രത്യക്ഷപ്പെട്ട മാണിക്യത്തിന്റേതാണെന്ന്‌ യോഗക്കാരും ഊരാഴ്‌മക്കാരും തര്‍ക്കം നടന്നു. മാണിക്യമാണോ എന്ന പരിശോധിക്കാന്‍, തത്തുല്ല്യ പ്രകാശമുളള മാണിക്യം കായംകുളം രാജാവിന്റെ പക്കല്‍ നിന്നു, കൊണ്ടുവന്നു വിഗ്രഹത്തോടു ചേര്‍ത്തുനോക്കിയത്രെ. ആ മാണിക്യവും വിഗ്രഹത്തില്‍ ലയിച്ചു ചേര്‍ന്നുപോയി എന്നാണ്‌ കഥ. മാണിക്യം തിരിച്ചുകൊടുക്കാനാവാത്തതിനാല്‍ ക്ഷേത്രത്തിന്റെ ഊരാഴ്‌മ സ്ഥാനം കായംകുളം രാജാവിനു കൈമാറിയെന്നും കഥ. പില്‍ക്കാലത്ത്‌ കായംകുളം തിരുവിതാംകൂറില്‍ ലയിച്ചപ്പോള്‍, ക്ഷേത്രാധികാരം തിരുവിതാംകൂര്‍ രാജാക്കന്‍മാര്‍ക്കായി..
കലിവര്‍ഷം 5003-ല്‍ ആണ്‌ ഇവിടെ ഭരതപ്രതിഷ്‌ഠ നടത്തിയതെന്നാണ്‌ വിശ്വസിക്കപ്പെടുന്നത്‌. അതിനുശേഷം ക്ഷേത്രം ഊരാഴ്‌മക്കാരും കൊച്ചിമഹാരാജാവുമടങ്ങുന്ന യോഗക്കാരും തമ്മില്‍ ഉരസലുണ്ടാവുന്നതാണ്‌ കഥയിലെ വഴിത്തിരിവ്‌. നമ്പൂതിരിയോഗത്തില്‍ രാജാവിനു പ്രധാന സ്ഥാനം നല്‍കിയതോടെ ക്ഷേത്രകാര്യങ്ങളില്‍ കൈകടത്തലുകള്‍ തുടങ്ങി. ഇതോടെ ഊരാഴ്‌മക്കാര്‍ കായംകുളം രാജാവിന്‌ അവകാശം കൈമാറി എന്നും മറ്റൊരുകഥയുണ്ട്‌..

രാജപ്രതിനിധിയായി കൂടല്‍മാണിക്യം ക്ഷേത്രം ഭരിച്ചിരുന്ന കോയ്‌മ, തച്ചുടയകൈമള്‍മാരുടെ ഭരണം 1971 ല്‍ ദേവസ്വം ആക്ട്‌ നിലവില്‍ വരുന്നതുവരേയും തുടര്‍ന്നു എന്ന്‌ ചരിത്രം.
`അച്ഛന്‍ ലളിതമായി ജീവിച്ചയാളാണ്‌. ഒരാര്‍ഭാടവും ഇല്ലാതെ. ഊണുപോലും അപൂര്‍വ്വമാണ്‌. രാവിലെ പശുവിന്‍പാല്‍, ഉച്ചയ്‌ക്ക്‌ ക്ഷേത്രത്തില്‍ നിന്നു കൊണ്ടുവരുന്ന പാല്‍പ്പായസം അല്‍പ്പം. പിന്നെ മോര്‌ കുടിക്കും. പുളിപാടില്ല. രാത്രി ക്ഷേത്രത്തിലെ നൈവേദ്യമായി കിട്ടുന്ന അപ്പം ഒന്നോ രണ്ടോ. പിന്നെ പഴവും കരിക്കും... ഇതായിരുന്നു ചിട്ട...'.
പ്രഭാതത്തില്‍ ദേവഭവനം നിര്‍ബ്ബാദ്ധം, കയ്‌മളെപോലെ കുടപിടി, വടി, വാള്‍, പരിച, പാറാവ്‌, പോലീസ്‌ എന്നിവരുടെ അകമ്പടിയില്‍ ശംഖുവിളിയോടെ കയ്‌മള്‍ എഴുന്നളളി സ്വാമിദര്‍ശനം നടത്തുമായിരുന്നു. പത്‌മനാഭ സ്വാമി ക്ഷേത്രത്തില്‍ മഹാരാജാവിന്റെ സ്വാമിദര്‍ശനാചാരം എന്നപോലെയായിരുന്നു ഇത്‌. കൈമളുടെ നിയന്ത്രണത്തില്‍ നടത്തിവന്ന ക്ഷേത്രോത്സവം പത്തുപൈസ നാട്ടില്‍ പിരിവെടുക്കാതെ ഗംഭീരമായി നടന്നുവന്നിരുന്നു- വിശാലാ:ക്ഷി അമ്മ ഓര്‍ക്കുന്നു. `ഉത്‌സവം കാണാന്‍ നാട്ടുകാര്‍ ഒരുങ്ങിയെത്തുകയെന്നതു മാത്രം ചുമതലയുളളൂ'.
ഭാസ്‌കരകുറുപ്പ്‌ ചുമതലയിലിരിക്കുമ്പോഴാണ്‌, സര്‍ക്കാര്‍ സ്‌കൂളിനും, ഇരിങ്ങാലക്കുട ക്രൈസ്‌റ്റ്‌ കോളജിനും മറ്റും ഭൂമി വിട്ടു നല്‍കിയത്‌ എന്നത്‌ ചരിത്രവസ്‌തുതയാണ്‌.
`ദേവസ്വം കെട്ടിടവും ഭൂമിയും കോടതി സ്ഥാപിയ്‌ക്കാന്‍ വിട്ടുകൊടുത്തതും അച്ഛനാണ്‌..'.

തെറ്റിദ്ധരിക്കപ്പെട്ട ചരിത്രം

രാജഭരണത്തിന്റെ പുഴുക്കുത്തുകളും നമ്പൂതിരിയോഗത്തിന്റെ പടലപ്പിണക്കങ്ങളും മൂലം ഒട്ടേറെ തെറ്റുകുറ്റങ്ങള്‍ കെട്ടിവയ്‌ക്കപ്പെട്ടത്‌ കോയ്‌മയുടെ മേലായിരുന്നു. തിരുവിതാംകൂറില്‍ ക്ഷേത്രപ്രവേശന വിളംബരം നടന്നതിന്റെ അലയൊലി നാടൊട്ടുക്കും ഉയര്‍ന്ന കാലം. പക്ഷെ, കൊച്ചി രാജാവിന്‌ അതില്‍ അശേഷം താത്‌പര്യമുണ്ടായിരുന്നില്ല. അദ്ദേഹം വഴങ്ങിയതുമില്ല. കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ വഴിയില്‍ക്കൂടി
അന്ന്‌ പിന്നോക്കവിഭാഗക്കാര്‍ക്ക്‌ നടക്കാന്‍ അവകാശമുണ്ടായിരുന്നില്ല.ഈ നീതിനിക്ഷേധത്തിനെതിരെ പ്രജാമണ്‌ഡലം ,എസ്‌.എന്‍.ഡി.പി തുടങ്ങിയ സംഘടനകളുടെ സമരം നടന്നു. 1946 ജൂലായിലായിരുന്നു ഇത്‌. നൂറുകണക്കിനാളുകള്‍ ജാഥയില്‍ പങ്കെടുത്തു. ക്ഷേത്രത്തിനു മുന്നിലുളള കുട്ടംകുളത്തിനു കിഴക്കു ഭാഗത്തു വച്ച്‌ ജാഥ പോലീസ്‌ തടഞ്ഞു. പോലീസ്‌ വലയം ഭേദിച്ച്‌ മുമ്പോട്ട്‌ നീങ്ങാന്‍ ജാഥ നടത്തിയവര്‍ ശ്രമിച്ചതോടെ കൊടിയ മര്‍ദ്ദനമാണ്‌ അഴിച്ചുവിട്ടതെന്നത്‌ ചരിത്രസാക്ഷ്യം!.
`അച്ഛന്‍ ചട്ടമ്പിസ്വാമിയുമായൊക്കെ വളരെ അടുപ്പമുള്ള ആളായിരുന്നു. സ്വമിയുടെ ശിഷ്യനായ തീര്‍ത്ഥപാദരുടെ ശിഷ്യനാണ്‌ അച്ഛന്‍. അച്ഛന്‌ താഴ്‌ന്ന ജാതി എന്ന നോട്ടമൊന്നുമുണ്ടായിരുന്നില്ല. ഞങ്ങളുടെ വീട്ടില്‍ പോലും അന്ന്‌ അതുണ്ടായിരുന്നില്ല...'.
കൊച്ചിരാജാവ്‌ വഴങ്ങാതിരുന്നതാണ്‌ കാര്യങ്ങള്‍ സംഘര്‍ഷത്തിലെത്തിച്ചത്‌. `അച്ഛന്‌ വിഷമമുണ്ടായിരുന്നു. ക്ഷേത്രത്തിലേയ്‌ക്ക്‌ അച്ഛന്‍ നടന്ന്‌ പോകുന്നത്‌ നിര്‍ത്തിവച്ചു. യാത്ര കാറിലാക്കി. അക്രമം ഉണ്ടാകുമെന്ന്‌ ഭയന്ന്‌...'.
ആ കാലത്തിന്റെ ഓര്‍മ്മകളില്‍ വിശാലാക്ഷി അമ്മ ആണ്ടുപോയി..നിമിഷങ്ങളോളം..
അച്ഛന്റെ വിവാഹം പോലും മുടക്കാന്‍ കൊച്ചിരാജാവിന്റെ ഇടപെടലുണ്ടായി. കൈമള്‍മാര്‍ക്കു വിവാഹം പാടില്ലെന്ന വ്യവസ്ഥ ഉയര്‍ത്തിക്കാണിച്ച്‌..!. പക്ഷെ, അച്ഛന്‍ കോടതിയില്‍ പോയി കേസു ജയിച്ചു. ആഴ്‌വാഞ്ചേരി തമ്പ്രാക്കളും വിവാഹം പാടില്ലെന്ന വ്യവസ്ഥ തള്ളി...
ഓര്‍ത്തെടുക്കാന്‍ എന്തൊക്കെ?.
ഉണ്ണായിവാരിയരുടേയും കേളികേട്ട അമ്മന്നൂര്‍ ചാക്യാന്‍മാരുടേയും സാന്നിധ്യംകൊണ്ട്‌ ധന്യമായ ഇരിങ്ങാലക്കുട, അറിയാത്ത കഥകള്‍ ഇനിയും ഗര്‍ഭത്തില്‍ പേറുന്നുണ്ട്‌.
അന്വേഷകര്‍ക്കു കൗതുകം പകര്‍ന്ന്‌ അവ ഇപ്പോഴും ഈ മണ്ണില്‍ അലിഞ്ഞു ചേര്‍ന്ന്‌ കിടക്കുന്നു...
ഓര്‍മ്മകള്‍ക്കു വാട്ടമില്ലാതെ എണ്‍പത്തിയൊമ്പതാം വയസ്സിലും വിശാലാക്ഷിയമ്മ..അവര്‍ക്കിനിയും പറയാനുണ്ട്‌, കഥകള്‍..നാം കാണതെപോയ, ചിലപ്പോള്‍ മനഃപൂര്‍വ്വം വിട്ടുകളയുന്ന കുറേ ചരിത്രസത്യങ്ങള്‍..

-ബാലുമേനോന്‍
ചിത്രം: സുധീപ്‌ ഈയെസ്‌ 

1 comment:

  1. Can i get your phone number ? Or Can you contact me @ 7907481026

    ReplyDelete