Friday, September 2, 2016

കഥകള്‍ക്കുള്ളിലെ കഥകള്‍ ; വേണാട്ടുമനയിലൂടെ...



രാജാവിനെ എതിര്‍ക്കുക..!
അവിടെ നിന്നു തുടങ്ങുന്ന ഒരു കഥയില്‍, ഒന്നുമൊന്നും 'ബാക്കികാണാതെ അവസാനിപ്പിച്ചു' എന്നായിരിക്കും ക്ലൈമാക്‌സ്..
പക്ഷെ, വേണാട്ടുമനയുടെ കഥയില്‍ രാജകോപം ബാധിക്കാതെ രാജഡര്‍ബാറില്‍ ഒരിടം കിട്ടി എന്നതാണ് പരിസമാപ്തി. പക്ഷെ, രാജകോപത്തിനിരയായതിന്റെ പതിത്വം ഇന്നും ബാക്കിനില്‍ക്കുന്ന മനമുറ്റത്ത് പടര്‍ന്നു നിഴല്‍ വീഴ്ത്തിയ വൃക്ഷമുത്തച്ഛന്‍മാര്‍ക്കു ചുവട്ടിലൂടെ, ചരിത്രം നടന്നുപോയ പാതകള്‍ കാണാം ഇപ്പോഴും..
പടിപ്പുര കടന്ന്, ഉണങ്ങിയ തേക്കിലകള്‍ ചിതറിവീണ വഴി, മനയിലേയ്ക്ക്.. നാട്ടിടവഴി പോലെ നീണ്ട്..
ഇരുന്നൂറ് വര്‍ഷത്തെ ചരിത്രം ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടുകിട്ടിയിട്ടുണ്ട്..അതിനു മുമ്പുള്ള കഥകള്‍, കേട്ടുകേള്‍വി മാത്രം..
കാരണവര്‍ വാസുദേവന്‍ നമ്പൂതിരി, ചൂടു ഒട്ടും കടക്കാത്ത നാലുകെട്ടിലിരുന്നു കഥ പറഞ്ഞു-
വേണാട്ടു സ്വരൂപവുമായി ഒരു ബന്ധവുമില്ലാത്ത വേണാട്ടുമനയുടെ കഥ..
'വൈദികമോ താന്ത്രികമോ മാന്ത്രികമോ ആയ പാരമ്പര്യങ്ങളൊന്നുമില്ല, ഞങ്ങള്‍ക്ക്...'
ക്ഷേത്രത്തിലെ പൂജാദികള്‍ കഴിച്ചു വന്നിരുന്ന ഒരു പാരമ്പര്യ നമ്പൂതിരികുടുംബം. പക്ഷെ, ഒന്നുള്ളത്, മറ്റുപല ഇല്ലങ്ങളിലും കാണാത്തവിധം, സാമൂഹ്യജീവിതത്തില്‍ മറ്റുള്ളവരുമായി കൂടിക്കലരാന്‍ മടികാണിക്കാതിരുന്നവര്‍ എന്നുള്ളതാണ്. അത് ഈ തലമുറവരേയും തുടര്‍ന്നുപോന്നിട്ടുണ്ട്.
പൂജാരികളായിരുന്നു. തലമുറകളായി പാറമേക്കാവിലമ്മയുടെ ഉപാസകരും മേല്‍ശാന്തിമാരും...
'കൃത്യമായി പറഞ്ഞാല്‍ 1965 വരെ...'
ഭൂനിയമം വന്നതോടെ വിദ്യാഭ്യാസത്തിന്റേയും തൊഴിലിന്റേയും ആവശ്യകത ബോധ്യപ്പെട്ടു..അതോടെ ശാന്തിസ്ഥാനം നിലച്ചു.
'ഇന്നും ക്ഷേത്രത്തില്‍ നടക്കുന്ന ദേവപ്രശ്‌നങ്ങളില്‍ ഞങ്ങളുടെ ഈ ബന്ധം തെളിഞ്ഞുവരും...ബ്രാഹ്മണശാപമുണ്ടെന്നു കാണും..ഞങ്ങളെ കൊണ്ടുപോയി ഊട്ടും ദക്ഷിണയും പരിഹാരമായി ചെയ്യാറുണ്ട്...'
ക്ഷേത്രത്തിലെ ബ്രഹ്മരക്ഷസ്സ് പ്രതിഷ്ഠ, ഞങ്ങളുടെ ഏതോ തലമുറയിലെ കാരണവരുമായി ബന്ധപ്പെട്ടതാണ്..
തൃശൂരിന്റെ ഭരദേവതയാണ് പാറമേക്കാവിലമ്മ. സാംസ്‌കാരിക നഗരത്തിന്റെ അഭിമാനമായ തൃശൂര്‍പൂരത്തിലെ മുഖ്യപങ്കാളി..

തട്ടകത്തമ്മയുടെ വരവ്

തൃശൂര്‍പൂരത്തിന്റെ മുഖ്യപങ്കാളിയായ പാറമേക്കാവ് ക്ഷേത്രനടയില്‍ നില്‍ക്കുമ്പോള്‍, തട്ടകം കാക്കുന്ന ഭഗവതിയുടെ വരവിനെക്കുറിച്ചുള്ള ആ കഥ പറയാതെ വയ്യ..
ആ കഥ മറ്റൊരു പ്രമുഖ തറവാടുമായി ബന്ധപ്പെട്ടുണ്ടായത്. ആ കഥയിങ്ങിനെ:
പ്രശസ്തമായ  കുടുംബമായ അപ്പാട്ട് കളരി. നഗരത്തിന് തെക്കുഭാഗത്തുള്ള കൂര്‍ക്കഞ്ചേരിയിലുള്ള ഈ തറവാട്ടിലെ ഒരു കാരണവര്‍ തിരുമാന്ധാംകുന്ന് ഭഗവതിയുടെ കറകളഞ്ഞ ഭക്തന്‍. ദേവീഭജനത്തിന് മുടങ്ങാതെ തിരുമാന്ധാം കുന്നിലെത്തിയിരുന്ന അദ്ദേഹത്തിന്, പ്രായാധിക്യമായി. അവിടെ പോയി ഭജിക്കുക അസാധ്യമായ ഘട്ടത്തില്‍ അദ്ദേഹം ഭഗവതിയോട് അഭ്യര്‍ത്ഥിച്ചുവത്രേ..
തന്നോടൊപ്പം പോരണമെന്ന്..!


ദര്‍ശനം കഴിഞ്ഞ് തൃശൂരില്‍ മടങ്ങിയെത്തിയ കാരണവര്‍ പരവേശം കാരണം, അന്ന് വടക്കുന്നാഥ ക്ഷേത്രത്തിലെ ഇലഞ്ഞിമരച്ചുവട്ടില്‍ കിടന്നുറങ്ങിപ്പോയി. പിറ്റേന്നുണര്‍ന്ന അദ്ദേഹം, ഓലക്കുടയെടുക്കാന്‍ ശ്രമിക്കേ അത് ഇലഞ്ഞിത്തറയില്‍ ഉറച്ചുപോയതായി കണ്ട് അമ്പരന്നു...
പിന്നെ പ്രശ്‌നം വച്ചപ്പോഴാണ്, കുടയില്‍ ഭഗവതിയുടെ സാന്നിധ്യമുണ്ടെന്ന് അറിയുന്നത്..!!.
അവിടെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഇലഞ്ഞിച്ചുവട്ടില്‍ പാറമേക്കാവിലമ്മയെ കുടിയിരുത്തിയതായാണ് കഥ. പില്‍ക്കാലത്ത്, അത് ശക്തിപ്പെട്ട 'ചൊവ്വ' യാണെന്നു ബോധ്യമാകുകയാല്‍, വടക്കുന്നാഥ ക്ഷേത്രത്തിനു പുറത്ത് കിഴക്കുമാറി ഒരു പാറപ്പുറത്ത് പുനഃപ്രതിഷ്ഠ നടത്തി.  ക്ഷേത്രത്തിന് പാറമേക്കാവ് എന്ന പേരുവന്നത് അങ്ങിനെ..!.
പൂരത്തിന് വിശ്വപ്രസിദ്ധമായ ഇലഞ്ഞിത്തറമേളം കൊട്ടിക്കയറുന്നത് ഇന്നും ഈ ഇലഞ്ഞിച്ചുവട്ടിലാണ്. ദേവിയുടെ പൂര്‍വ്വസ്ഥാനം എന്ന സങ്കല്‍പ്പത്തില്‍..
പഴയ കൂറ്റന്‍ ഇലഞ്ഞി ഒരു വര്‍ഷത്തെ കാറ്റിലും മഴയിലും മറിഞ്ഞുവീണു. ഇപ്പോഴത്തെ ഇലഞ്ഞി പിന്നീടു വച്ചുപിടിപ്പിച്ചതാണ്...
പാറമേക്കാവു ഭഗവതിയുടെ ദാസരായി തുടര്‍ന്ന വേണാട്ടുമനക്കാരെ ഇപ്പോഴും പൂരം നാളുകളില്‍ ഭഗവതി എഴുന്നള്ളിയെത്തി അനുഗ്രഹിക്കുന്നു. പറയെടുപ്പിനായി എത്തുന്ന എഴുന്നള്ളിപ്പ്..ഇപ്പോഴും മനയില്‍ ഭഗവതിയ്ക്കു ഇറക്കിപ്പൂജ പതിവുണ്ട്..
മേല്‍ശാന്തിയായിരുന്ന ഞങ്ങളുടെ മുത്തപ്ഫന്‍ പരമേശ്വരന്‍ നമ്പൂതിരിയാണ് ക്ഷേത്രത്തില്‍ ആദ്യമായി ഒരു ആനയെ നടക്കിരുത്തുന്നതിന് നേതൃത്വം നല്‍കിയത്. അന്ന് തട്ടകക്കാരുടെ സഹകരണത്തോടെ അദ്ദേഹം നടയ്ക്കിരുത്തിയ ആന -പാറമേക്കാവ് രാജേന്ദ്രന്‍- ആനക്കമ്പക്കാരുടെ കണ്ണിലുണ്ണി.
'അന്ന് ക്ഷേത്രം ഇത്രയൊന്നുമില്ലായിരുന്നല്ലോ..ഇപ്പോള്‍ ഇവിടുത്തെ ആനത്തറവാട് സമ്പന്നം'- വാസുദേവന്‍ നമ്പൂതിരി ചിരിച്ചു.
ഓര്‍മ്മകളില്‍ മുങ്ങിക്കുളിച്ചു കയറുമ്പോള്‍, നാനൂറ് പറയ്ക്കു കൃഷിനിലമുണ്ടായിരുന്ന മനയുടെ കഥ രാജഡര്‍ബാറിലെത്തുന്നു..
'ഞങ്ങള്‍ക്ക് വേദം പഠിയ്ക്കാന്‍ പാടില്ല...'
അതൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തലായിരുന്നു. വാസുദേവന്‍ നമ്പൂതിരി പതുക്കെ ആ കഥയിലേയ്ക്കു കടക്കുന്നു..

ശക്തന്റെ കോപം

തണുപ്പുവീണ നടുമുറ്റത്തിരുന്ന് അവടെയുള്ള മുല്ലത്തറ ചൂണ്ടി- അതു ഭദ്രകാളി സങ്കല്‍പ്പമാണ്. രാവിലെ ചെയ്ത പൂജയുടെ ബാക്കി പത്രമായി ചുവന്ന പൂജാപുഷ്പങ്ങള്‍ ചിതറിക്കിടക്കുന്നു..
'എല്ലാ മനകളിലും മുല്ലത്തറകാണും. രക്ഷകദൈവമായ ഭദ്രകാളീ'
എന്നാലും കാലഘട്ടങ്ങള്‍, അതിന്റെ മാറ്റം അതില്‍നിന്നൊന്നും ആരും രക്ഷകരായിരുന്നില്ലെന്ന് ചരിത്രം..
'ടിപ്പുവിന്റെ ആക്രമണകാലത്ത് ഇവിടെ നിന്നു പലായനം ചെയ്തുവെന്നൊരു ചരിത്രമുണ്ട്..ആ ഭാഗം ഇപ്പോഴും ഇരുള്‍മൂടിക്കിടക്കുന്നു..'


പിന്നീട് തിരിച്ചുവന്ന് തീര്‍പ്പിച്ചതാണ് ഈ നാലുകെട്ട്- 1916ല്‍. പഴയ എടുപ്പ് ഇതിനു പിറകിലായിരുന്നു..അവിടെ ഒരു കുളം ഇപ്പോഴും കാണാം..
വേദം പഠിക്കരുതാത്ത നമ്പൂതിരിമാര്‍ എന്ന പതിത്വമുള്ള കുടുംബം..
നൂറ്റാണ്ടുകള്‍ക്കു മുമ്പാണ്. ശക്തന്റെ കരുത്ത് സര്‍വ്വമേഖലകളിലും പ്രതിഫലിച്ചിരുന്ന കാലം..
അന്ന് രാജാവിനേക്കാള്‍ ശക്തരായിരുന്നു നമ്പൂതിരിമാര്‍. തൃശൂര്‍ ഗ്രാമത്തില്‍ വടക്കുന്നാഥ ക്ഷേത്രം കേന്ദ്രീകരിച്ച് നടന്നുവന്നത് സമാന്തരഭരണം..
യോഗാതിരിയായിരുന്നു അധികാരി. എന്തിനും ഏതിനും. രാജാവിനു പോലും ചോദ്യം ചെയ്യാന്‍ അധികാരമില്ല. രാജശാസനകള്‍ അവരെ തീണ്ടിയില്ല.
'ഭരണമേറ്റ ശക്തന് ഈ രീതികളോട് ഒട്ടും യോജിപ്പുതോന്നിയില്ല എന്നു പറയേണ്ടതില്ലല്ലോ..?'
ഒന്നു നിര്‍ത്തി, അദ്ദേഹം തുടര്‍ന്നു: യോഗാതിരിപ്പാടിന്റെ തിരഞ്ഞെടുപ്പും വാഴിക്കലും രാജാവിനെ എഴുതി അറിയിക്കാന്‍ അവകാശമുള്ള മനകളിലൊന്നായിരുന്നു വേണാട്ടുമന.
വേണാട്ട്, വേട്ടനാട്ട്, മുണ്ടശ്ശേരി, കാവുങ്ങല്‍ മനക്കാരാണ് അവരോധം നിശ്ചയിച്ചുകൊണ്ടുള്ള കുറിപ്പ് തയ്യാറാക്കിയിരുന്നത്.
കുറിപ്പടി അനുസരിച്ച് യോഗാതിരിയെ അവരോധിക്കാനുള്ള ഒരുക്കങ്ങളെല്ലാം രാജാവു നടപ്പിലാക്കണം!.
ബ്രാഹ്മണ്യത്തിന്റെ ധാര്‍ഷ്ട്യം വകവച്ചുനല്‍കാന്‍ തരിമ്പുംകൂട്ടാക്കാത്ത തമ്പുരാന്റെ നടപടികള്‍, കുറച്ചൊന്നുമല്ല നമ്പൂതിരിമേധാവികളെ ചൊടിപ്പിച്ചത്.
പുഷ്പാഞ്ജലിക്കാര്‍ എന്ന അവസ്ഥവിട്ട് ക്ഷേത്രാധിപന്‍മാരായിത്തന്നെമാറിയിരുന്ന യോഗാതിരിപ്പാടുമാരുടെ ഭരണാവസാനത്തെക്കുറിച്ച് പുത്തേഴത്ത് രാമമേനോന്‍ എഴുതിയ ശക്തന്‍തമ്പുരാന്റെ ജീവചരിത്ര ഗ്രന്ഥത്തില്‍ സവിസ്തരം വിവരിക്കുന്നുണ്ട്- സംഘര്‍ഷഭരിതമായ ആ കാലം..
മരണക്കിടക്കയില്‍ കിടക്കുമ്പോഴും, തമ്പുരാന്‍ കല്‍പ്പിച്ചത് ഇനിയൊരു യോഗാതിരി അവരോധം പാടില്ലെന്ന്..!.
'കൊല്ലവര്‍ഷം 945 വരെ യോഗാതിരിയുടെ അവരോധം നടന്നതായി ചരിത്രരേഖയുണ്ട്..വടക്കുന്നാഥനിലെ ഗ്രന്ഥവരിയില്‍ ഇതു കാണാം...'
ടിപ്പുവിന്റെ ആക്രമണശേഷം, കൊച്ചിരാജാവ് ക്ഷേത്രഭരണത്തില്‍ പിടിമുറുക്കുകയായിരുന്നു.
തനിക്കെതിരേ നിലകൊണ്ട യോഗാതിരിയേയും ബ്രാഹ്മണകുടുംബങ്ങളേയും തമ്പുരാന്‍ ശിക്ഷിച്ചകഥ ഇങ്ങിനെ വായിക്കാം.. സാമൂതിരി അവരോധിച്ച യോഗാതിരി പാതാക്കര നമ്പൂതിരിയെ നാടുകടത്തുന്ന രംഗം:
'കീഴ്മര്യാദയില്ലാതെ നെടിയിരിപ്പു സ്വരൂപത്തിരുന്നു അവരോധം കഴിപ്പിച്ചിരിക്കുന്നതുകൊണ്ടു, പാതാക്കര നമ്പൂരിപ്പാട്ടിലെ രാജ്യത്തിങ്കന്നു കളയത്തക്കവണ്ണം നിശ്ചയിച്ച പ്രകാരം, രണ്ടു മഠത്തില്‍ തിരുമുമ്പന്‍മാരോടും യോഗത്തോടും വലിയ തമ്പുരാന്‍ തിരുമനസ്സുകൊണ്ടു കല്‍പ്പിച്ചാറെ, അന്നുതന്നെ അതിനെപ്പറ്റി പറഞ്ഞിരിക്കകൊണ്ടു, കളയുന്നതിനു വൈഷമ്യമില്ലെന്ന് അവര്‍ പറകകൊണ്ടു പാതാക്കരന്ന അവരോധിച്ചിരിക്കുന്ന യോഗാതിരിപ്പാടിനെ 938-ാമത് മകരമാസം 9-ാം നു അസ്തമിച്ചു. മഠത്തിലെ വടക്കേപടി കടത്തി രാജ്യത്തുനിന്നു കളയുകയും ചെയ്തു...'
ഇതാണ് ചരിത്രം!.
നമ്പൂതിരിമാര്‍, രാജ്യത്തിന്റെ കുറേഭാഗം ആക്രമിച്ചു കീഴടക്കുകയും തൃശൂര്‍ കേന്ദ്രീകരിച്ച് കൊച്ചിക്കെതിരേ നീക്കം നടത്തുകയും ചെയ്ത കോഴിക്കോട് സാമൂതിരിയുമായി സഖ്യത്തിലാവുകയായിരുന്നു  ചെയ്തത്..!.
സാമൂതിരിയുടെ ആക്രമണമുണ്ടായ കാലത്ത് കൂറുമാറിയ നമ്പൂതിരിമാര്‍ക്ക് കടുത്ത ശിക്ഷാവിധിയായിരുന്നു ശക്തന്‍ തമ്പുരാന്റേത്.
ബ്രഹ്മഹത്യാ പാപം വിസ്മരിച്ച് നിരവധി പേരുടെ തലവെട്ടുകതന്നെ ചെയ്തു..! സ്വത്തുക്കള്‍ സര്‍ക്കാരിലേയ്ക്ക് കണ്ടുകെട്ടി. അതോടെ ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ച് നടത്തിവന്ന ബ്രാഹ്മണരുടെ സമാന്തരഭരണം അവസാനിച്ചു.
'അന്നു സാമൂതിരിപ്പാടിനെ അനുകൂലിച്ച 22 മനക്കാരോട് ഇനി വേദപഠനം പാടില്ലെന്ന് തമ്പുരാന്‍ കല്‍പ്പിക്കുകയുണ്ടായി...പ്രതികാരനടപടി!.'
അതോടെ വേദംപഠിക്കല്‍ അന്യമായ നമ്പൂതിരി ഇല്ലങ്ങള്‍ എന്ന നിലയില്‍ പതിത്വം വന്നുഭവിച്ചു എന്നു ചരിത്രം..
മറ്റു പല ഇല്ലങ്ങളും കുളംകോരുകയും അസ്തമിക്കുകയും ചെയ്തപ്പോഴും രാജകോപത്തിന്റെ അഗ്നിയില്‍ നിന്നും രക്ഷപ്പെട്ടുപോന്നത് വേണാട്ടുമനയാണ്.
അതിനു കാരണമായത്, ഇല്ലത്തെ കാരണവന്മാരായ രണ്ടുപേര്‍. ജ്യോതിഷത്തിലും വാസ്തുവിദ്യയിലും അഗ്രഗണ്യന്‍മാരായ രണ്ടു പേര്‍ ഇല്ലത്തുണ്ടായിരുന്നതാണ് രക്ഷയായതെന്ന് വാസുദേവന്‍ നമ്പൂതിരി..
'കൊടുങ്ങല്ലൂര്‍ കുഞ്ഞുകുട്ടന്‍ തമ്പുരാനുമായി ഇവര്‍ക്കുണ്ടായിരുന്ന ഉറ്റബന്ധം സര്‍വ്വനാശത്തില്‍ നിന്നു രക്ഷിച്ചു..'
വാസുദേവന്‍ നമ്പൂതിരി പറയുന്ന കഥകള്‍, തൃശൂരിന്റെ രാജ്യചരിത്രം തന്നെയായി മാറുന്ന കാഴ്ച..!.

ടിപ്പുവിന്റെ പട

സര്‍വ്വനാശത്തിന്റെ പടയോട്ടമായിരുന്നല്ലോ അത്.  പാലക്കാടന്‍ ചുരം കടന്നെത്തിയ മൈസൂര്‍പ്പടയുടെ മുന്നേറ്റം, തൃശൂരിലെത്തുമ്പോള്‍ കൊച്ചിരാജ്യം വിറകൊണ്ടിരുന്നു. അന്ന് തൃശൂരില്‍ ടിപ്പു തമ്പടിച്ചത് വടക്കുന്നാഥ ക്ഷേത്രത്തിനകത്താണ്. എമ്പാടും ക്ഷേത്രങ്ങളും അതിന്റെ സമ്പത്തും കൊള്ളയിട്ട മൈസൂര്‍പട, വടക്കുന്നാഥ ക്ഷേത്രത്തിന് യാതൊരു നാശവും വരുത്തിയില്ലെന്നത് ചരിത്രത്തിലെ അത്ഭുതങ്ങളിലൊന്ന്!.
'അത് ഒരു രസമുള്ള കഥയാണ്..' വാസുദേവന്‍ നമ്പൂതിരി ചിരിച്ചു..
മൈസൂര്‍പടയുടെ വരവു സമയത്ത്, ശക്തന്‍ ഇളമുറത്തമ്പുരാനായിരുന്നു. വടക്കുന്നാഥ ക്ഷേത്രത്തില്‍ പാളയമടിച്ച ടിപ്പു ക്ഷേത്രാധികാരികളെ വിളിച്ചുവരുത്തി..
ക്ഷേത്രം നശിപ്പിക്കരുതെന്ന അഭ്യര്‍ത്ഥന കേട്ട മൈസൂര്‍ കടുവ.. ഇവിടുത്തെ മൂര്‍ത്തിയ്ക്കു ശക്തിയുണ്ടെന്ന് തെളിയിച്ചാല്‍ നശിപ്പിക്കില്ലെന്ന് ഉറപ്പുകൊടുത്തു. അതിനു പരീക്ഷണം വേണമെന്നായി..
ക്ഷേത്രത്തിലെ വൃഷഭ (കാള) പ്രതിഷ്ഠയാണ് പരീക്ഷണത്തിനു തിരഞ്ഞെടുത്തത്. പ്രതിഷ്ഠയ്ക്കുമുന്നില്‍ പുല്ലും കാടിയും വച്ചശേഷം ടിപ്പു ഇങ്ങിനെ പറഞ്ഞുവത്രെ-
'ഇന്നു വൈകീട്ടേയ്ക്ക് ഇതു തിന്നുകയും കുടിക്കുകയും വേണം. എന്നാല്‍ ക്ഷേത്രം നശിപ്പിക്കില്ല..'
അത്ഭുതമെന്നേ പറയേണ്ടൂ. വൈകീട്ട് സൂല്‍ത്താന്‍ പരിശോധനയ്ക്ക് എത്തുമ്പോള്‍, കാടിയും പുല്ലും തിന്ന് ചാണകവും ഇട്ടുകിടക്കുന്നതാണ് കണ്ടത്...!. ചിറിനക്കിത്തുടച്ചുകിടക്കുന്ന രൂപത്തില്‍!!.
'ആ രൂപത്തില്‍ തന്നെയാണ് ഇപ്പോഴും വൃഷഭപ്രതിഷ്ഠകാണുക'
സംഭ്രമിച്ചുപോയ മൈസൂര്‍കടുവ ക്ഷേത്രധ്വംസനം വേണ്ടെന്നുവച്ച്, തെക്കോട്ട് പടനയിച്ചു പോയെന്നാണ് കഥ!.


കഥയാവാം. പക്ഷെ, വടക്കുന്നാഥ ക്ഷേത്രത്തിന് ടിപ്പു കേടുപാടുകളൊന്നും വരുത്തിയില്ലെന്നത് ഇപ്പോഴും അത്ഭുതംജനപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ്..
വാസുദേവന്‍ നമ്പൂതിരി കഥപറഞ്ഞു നിര്‍ത്തി.
നഗരത്തില്‍ ആറേക്കറോളം പരന്നുകിടക്കുന്ന മനവളപ്പില്‍ വേനലിലും കുളിര്‍ പരത്തി വൃക്ഷങ്ങള്‍ കുടപിടിച്ചു നില്‍ക്കുന്നു. ഓരോ കഥകളും നഗരത്തെ വലംചുറ്റി ഒഴുകുന്ന ചരിത്രസ്മൃതികളായി പരന്നു..
'മനയുടെ പേരുകേട്ടാല്‍ വേണാട്ടു സ്വരൂപവുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് തോന്നും. അതില്ല. അന്വേഷിച്ചിടത്തോളം ഈ പേരുള്ള മറ്റുമനകളുമുണ്ടെന്ന് മനസ്സിലാക്കാനായിട്ടുണ്ട്.. മറ്റുസമുദായങ്ങളിലും ഈ പേര് കണ്ടിട്ടുണ്ട്..
വെണ്‍നാട്- മുളയുടെ നാട് എന്നര്‍ത്ഥത്തിലായിരിക്കണം ഈ പേരുവന്നതെന്നാണ് അനുമാനം..'
കഥകളുടെ ഉള്ളില്‍ കഥകള്‍ നിറയുന്ന മനമുറ്റം, മൗനത്തിലാണ്. അന്വേഷിച്ചെത്തുവരോടു മാത്രം മനസ്സുതുറന്നുകൊണ്ട്...

-ബാലുമേനോന്‍ എം

-ചിത്രങ്ങള്‍: സുധീപ് ഈയെസ്