Thursday, July 16, 2015

ഇദം ന മമ പാഞ്ഞാള്‍ അതിരാത്രഭൂമിയിലൂടെ...

2010 അതിരാത്രത്തിലെ ചിതിയാണിത്‌. 


ഓം അഗ്‌നിമീളെ പുരോഹിതം
യജ്ഞസ്യദേവമൃത്വിജം
ഹോതാരം രത്‌നധാതമം..

(പുരോഹിതനും, യജ്ഞത്തിന്റെ ദേവനും ഋതുക്കള്‍ക്ക്‌ കാരണഭൂതനും മഹാദാനിയും രത്‌നനിര്‍മാതാവും അഗ്രണിയായ നായകനും ഞാന്‍ സ്‌തുതി പാഠം ചെയ്യുന്നു). ഋഗ്വേദത്തിലെ ആദ്യ മന്ത്രം..


ഉത്തരായനത്തിലെ വസന്ത ഋതുവില്‍ വെളുത്ത പക്ഷവും ദേവനക്ഷത്രവും കൂടിയ ദിനത്തില്‍ വേദഗ്രാമമായ പാഞ്ഞാളില്‍, തലമുറകള്‍ കെടാതെ സൂക്ഷിച്ച ത്രേതാഗ്‌നിയെ ആവാഹിച്ച്‌ പത്‌നീസമേതനായി യജമാനന്‍....!!.
മഹാഋഷി പാരമ്പര്യമൊന്നാകെ ആവാഹിച്ച പാഞ്ഞാള്‍ എന്ന കൊച്ചുഗ്രാമം....!. ഇവിടെ ഓരോമണല്‍ത്തരിയും മന്ത്രമുരുക്കഴിക്കുന്നു..ലതകളും പൂക്കളും മന്ത്രധ്വനികള്‍ കേട്ടുണരുകയും ഉറങ്ങുകയും ചെയ്യുന്നു. അലൗകീകമായ ചൈതന്യവിശേഷം നിറഞ്ഞ ഭൂമി..!!.
വടക്ക്‌, കോഴിക്കോട്ട്‌ കോരപ്പുഴയ്‌ക്കും തെക്ക്‌ ആലുവപുഴയ്‌ക്കുമിടയില്‍ കൃഷ്‌ണമൃഗം സ്വാഭാവികമായി സഞ്ചരിക്കുന്നതു കൊണ്ടാണ്‌ പാഞ്ഞാള്‍, യജ്ഞത്തിനു യോഗ്യമായ സ്‌ഥലമായി മാറിയതെന്ന്‌ ആചാര്യമതം.
കുന്നുകളും താഴ്‌വരകളും പച്ചപുതച്ച വിശാലമായ തീരസമതലവുമടങ്ങിയ പാഞ്ഞാള്‍!. പരശുരാമന്‍ സ്‌ഥാപിച്ചതെന്നു ഐതിഹ്യമുള്ള അറുപത്തിനാലു നമ്പൂതിരിഗ്രാമങ്ങളില്‍ മുഖ്യഗ്രാമമായ പെരുവനത്തുനിന്നും യുദ്ധം ഭയന്ന്‌ `പാഞ്ഞുവന്നവര്‍' താമസമാക്കിയ പ്രദേശം പാഞ്ഞാളായി എന്നു കഥ..!.
കേരളത്തിലെ അവസാനത്തെ സാമവേദഗ്രാമം. 


തോട്ടം കൃഷ്‌ണന്‍ നമ്പൂതിരിയോടൊപ്പം പാഞ്ഞാള്‍ അതിരാത്രഭൂമിയില്‍ 


പച്ചപ്പാടങ്ങളും മരക്കൂട്ടങ്ങളും കടന്ന്‌, തണുപ്പുവീണ ഇടുങ്ങിയ നിരത്ത്‌ അവസാനിക്കുന്നത്‌ തോട്ടം മനയ്‌ക്കല്‍.
സാമവേദത്തിന്റെ ഈറ്റില്ലമായ മനമുറ്റത്ത്‌, കൃഷ്‌ണന്‍ നമ്പൂതിരി കഥപറയാനായി കാത്തിരുന്നു-സഹസ്രാബ്ദങ്ങള്‍ പഴക്കമുളള, വേദമന്ത്രങ്ങള്‍ അലയടിക്കുന്ന പാഞ്ഞാള്‍ ഗ്രാമത്തെക്കുറിച്ച്‌...ആര്‍ഷസംസ്‌കൃതിയുടെ യാഗപാരമ്പര്യത്തെക്കുറിച്ച്‌.. സര്‍വ്വചരാചരങ്ങള്‍ക്കും സ്വസ്‌തിനേരുന്ന മഹാപാരമ്പര്യത്തെക്കുറിച്ച്‌. ഇതൊന്നും എന്റേതല്ലെന്ന്‌ ആവര്‍ത്തിക്കുന്ന മഹാപാരമ്പര്യം- ഇദം നഃ മമഃ എന്നാവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു, ഈ നിളാതീരം..

കാലം 1975. അതിരാത്രപാടക്കരയില്‍ അന്ന്‌ ആയിരങ്ങള്‍ തടിച്ചുകൂടി. പതിറ്റാണ്ടുകള്‍ക്കുശേഷം കേരളം ആദ്യമായി ഒരു യാഗത്തിനു സാക്ഷ്യം വഹിക്കുകയാണ്‌. എല്ലാതിനും മേല്‍നോട്ടം വഹിച്ച്‌ തികഞ്ഞ ജാഗ്രതയോടെ ഒരു സായിപ്പ്‌..ഫ്രിറ്റ്‌സ്‌ സ്‌റ്റാള്‍..!.
ചുട്ടെടുത്തപോലെ വരണ്ടുപഴുത്തു കിടക്കുന്ന പാഞ്ഞാള്‍പാടത്തെ യാഗശാലയില്‍ ആചരണങ്ങള്‍ അവസാനഘട്ടത്തിലേയ്‌ക്ക്‌.വേദമന്ത്രങ്ങളാല്‍ മുഖരിതമായ യാഗശാലയ്‌ക്കു മുകളില്‍ മേടസൂര്യന്‍ കത്തിനിന്നു. സമയം ഉച്ചതിരിഞ്ഞ്‌ മൂന്നരയോടടുക്കുന്നു..
യജമാനനും പത്‌നിയും അവഭൃതസ്‌നാനത്തിനൊരുങ്ങുകയാണ്‌. യാഗത്തിനുപയോഗിച്ച മരപ്പാത്രങ്ങളും ഉപകരണങ്ങളും ജലത്തില്‍ സമര്‍പ്പിച്ച്‌ മുങ്ങിക്കുളിക്കുന്ന ചടങ്ങ്‌. അതു കഴിഞ്ഞാല്‍ കഷ്ടി ഒരു മണിക്കൂര്‍ കൂടി കര്‍മ്മങ്ങള്‍ തുടരും. ഇതു പൂര്‍ത്തിയാക്കി യാഗാഗ്നിയെ ത്രേതാഗ്നിയാക്കി ആവാഹിച്ച്‌ യജമാനന്‍ മടങ്ങുന്നതോടെ യാഗശാല അഗ്നിക്കു സമര്‍പ്പിക്കും. അവഭൃത സ്‌നാന സമയത്ത്‌ മഴ പെയ്യും എന്നാണ്‌ വിധി. വേദജ്ഞര്‍ക്കൊപ്പം മന്ത്രങ്ങള്‍ ഏറ്റുചൊല്ലി, ഒരോ ചടങ്ങുകളും ഡോക്യൂമെന്റ്‌ ചെയ്‌തുകൊണ്ടിരുന്ന സ്‌റ്റാള്‍, ആ കാഴ്‌ച കണ്ട്‌ പൊട്ടിക്കരഞ്ഞുപോയി..!. ആകാശത്ത്‌ ഒരു ഗരുഢന്‍ ഉയര്‍ന്നു പറന്നു
ആകാശം നിറഞ്ഞ്‌ കറുത്ത കാര്‍മേഘങ്ങള്‍!. എവിടേനിന്നോ തണുത്തകാറ്റ്‌ ആഞ്ഞുവീശി..
കൊടുംവേനലില്‍ ഊഷരമായിക്കിടന്ന അതിരാത്രഭൂമിയില്‍, മേടച്ചൂടും അവഗണിച്ച്‌ തിങ്ങിനിറഞ്ഞ ആയിരങ്ങളിലേയ്‌ക്ക്‌ മഴ തിമിര്‍ത്തുപെയ്‌തു!.
അവിശ്വസനീയമായിരുന്നു അത്‌..!. മഴ..മഴയെന്നു ആര്‍ത്തുവിളിച്ച്‌ കോരിച്ചൊരിയുന്ന മഴയില്‍ അവര്‍ നൃത്തം ചവിട്ടി..!!. വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും അത്‌ ഒരിക്കിലും മറക്കാനാവാത്ത അനുഭവസാക്ഷ്യമായി...
ആയിരത്താണ്ടുകളുടെ കര്‍മ്മസിദ്ധി..!. പാഞ്ഞാള്‍ അതിരാത്രഭൂമി, അസ്‌തമിച്ചുപോകുമായിരുന്ന വൈദികപാരമ്പര്യത്തിന്റെ പുനര്‍ജനിയായി മാറി..!!.
അന്ന്‌ യാഗനടത്തിപ്പിന്‌ വന്ന ചിലവ്‌ 99,000 രൂപ!


ചിതിപടുക്കല്‍ 


പാടക്കരയില്‍ നിന്ന്‌, കൃഷ്‌ണന്‍ നമ്പൂതിരി പടിഞ്ഞാട്ടു വിരല്‍ ചൂണ്ടി..
`ദാ, ഇവിടുന്ന്‌ നാലു കണ്ടം കഴിഞ്ഞ്‌ മുകള്‍ഭാഗത്തു കാണുന്ന കണ്ടത്തിലാണ്‌ അന്ന്‌ അതിരാത്രം നടന്നത്‌..അന്നെനിക്ക്‌ പതിനഞ്ച്‌ പതിനാറു വയസ്സ്‌....!!.
`എന്റെ വേദപഠനം മുഴുവനായിരുന്നില്ല. ഞാന്‍ കാഴ്‌ചക്കാരന്‍. പഠിച്ച വേദഭാഗങ്ങളൊക്കെ രസിച്ചുകേട്ടു നടന്നു..' കൃഷ്‌ണന്‍ നമ്പൂതിരി ഓര്‍മ്മകളില്‍ തിരഞ്ഞു...
ശ്രൗതപാരമ്പര്യത്തിന്റെ അറ്റുപോകാനിരുന്ന കണ്ണികള്‍ വിളക്കിച്ചേര്‍ത്തുകൊണ്ട്‌ സായിപ്പിന്റെ രൂപത്തിലാണ്‌ യാഗരക്ഷകന്‍ വന്നത്‌..
ഫ്രിറ്റ്‌സ്‌ സ്‌റ്റാള്‍..!. യാഗസംസ്‌കാരത്തിന്റെ പുനഃസ്ഥാപനമായിരുന്നു ആ ജീവിതം. അത്‌ മറ്റൊരു കഥ. ശാസ്‌ത്രീയോപകരണങ്ങള്‍ അത്രയേറെ വികസിച്ചിട്ടില്ലെങ്കിലും അന്ന്‌ സ്‌റ്റാള്‍ രേഖപ്പെടുത്തിയ യാഗച്ചടങ്ങുകള്‍ പിന്നീട്‌ ആധികാരികമായ 'ടെക്‌സ്‌റ്റബുക്ക്‌്‌' ആയിമാറി- `അഗ്നി'. അഗ്നിചയനം എന്നറിയപ്പെടുന്ന അതിരാത്രചടങ്ങുകള്‍ സമ്പൂര്‍ണ്ണമായി വിവരിക്കുന്ന വിശ്വാവിഖ്യാത കൃതി.


ഫ്രിറ്റ്‌സ്‌ സ്‌റ്റാളും കവപ്രമാത്ത്‌ ശങ്കരനാതായണന്‍ സോമയാജിപ്പാടും- ഫയല്‍. 


`യാഗഭൂമിയല്ലാത്ത ഒരു ഭൂമിയുമില്ല. എല്ലാ ഗ്രാമങ്ങളിലും യാഗം നടന്നിട്ടുണ്ട്‌. പാഞ്ഞാളിന്‌ എന്താ പ്രത്യേകതാ ച്ചാല്‍, ഇവിടെയാണ്‌ സാമവേദജ്ഞര്‍ മുഴുവനും കേന്ദ്രീകരിച്ചിട്ടുളളത്‌. കേരളത്തില്‍ മറ്റെവിടെയുമില്ല...!.'- കൃഷ്‌ണന്‍ നമ്പൂതിരി.
യാഗങ്ങള്‍ക്ക്‌ മൂന്ന്‌ വേദങ്ങളും ഉപയോഗിക്കുന്നു. അതില്‍ സാമവേദജ്ഞര്‍ പാഞ്ഞളിലേയുള്ളൂ. യാഗങ്ങള്‍ക്കും യജ്ഞങ്ങള്‍ക്കുമുള്ള ജൈമിനീയ ശാഖയില്‍പെട്ടവര്‍...
അഞ്ചുകുടുംബങ്ങളാണ്‌- മുട്ടത്തുകാട്ടില്‍ മാമണ്ണ്‌, നെല്ലിക്കാട്ടില്‍ മാമണ്ണ്‌, കൊരട്ടിക്കര ഇല്ലം, പെരാങ്ങാട്ട്‌, തോട്ടം. മാമണ്ണ്‌ എന്നത്‌ ഓതിക്ക സ്ഥാനമാണ്‌. സാമവേദികളില്‍ സംശയമോ തര്‍ക്കമോ ഉണ്ടായാല്‍ തീര്‍പ്പുകല്‍പ്പിക്കേണ്ടവര്‍.പിന്നെ ഋഗ്വേദത്തില്‍ അഞ്ചുകുടുംബങ്ങളും ഇവിടെയുണ്ട്‌- മാത്തൂര്‍ മന, വയക്കാക്കര മന, പാതിരപ്പിള്ളി, കയ്‌പഞ്ചേരി, പിന്നെ പാഞ്ഞാള്‍ പട്ടേരി. യജുര്‍വേദക്കാര്‍ ഇരിങ്ങാലക്കുട ഗ്രാമക്കാരാണ്‌. മൂന്നുവേദങ്ങളും യാഗങ്ങളില്‍ ഉപയോഗിക്കപ്പെടുന്നു. അതുകൊണ്ട്‌ പാഞ്ഞാളിന്‌ പ്രാധാന്യവും ഏറും.


യാഗശാല അഗ്നിക്കു സമര്‍പ്പിക്കുന്നു-2010 


സദ്‌ഫലങ്ങളുണ്ടാക്കുക എന്നതാണ്‌ യാഗത്തിന്റെ ലക്ഷ്യം. നെയ്യ്‌, സോമരസം, വപ(മൃഗക്കൊഴുപ്പ്‌) എന്നിവ അഗ്‌നിയില്‍ ആഹുതി ചെയ്യുകയും അഗ്നി അവയെ ദേവന്മാര്‍ക്കെത്തിച്ചുകൊടുക്കുകയും ചെയ്യുന്നു എന്ന്‌ സങ്കല്‍പ്പം. ഈ വസ്‌തുക്കള്‍ അന്തരീക്ഷത്തേയും ഭൂമിയേയും ശുദ്ധീകരിക്കുന്നു. മന്ത്രവീചികള്‍ അസാധാരണമായ കാന്തികശക്തിവഹിക്കുന്നതായും തെളിയിക്കപ്പെട്ടിട്ടുണ്ട്‌. ശ്രൗതം, സ്‌മാര്‍ത്തം ഇങ്ങിനെ രണ്ടുതരം യാഗങ്ങള്‍. ശ്രുതിയെ സംബന്‌ധിക്കുന്നത്‌ ശ്രൗതം. സ്‌മൃതിയെ സംബന്‌ധിച്ചുള്ളത്‌ സ്‌മാര്‍ത്തം. ഹവിര്‍യജ്ഞവിഭാഗത്തില്‍പ്പെടുന്ന യാഗങ്ങള്‍ക്ക്‌ ഏഴു ഉപവിഭാഗങ്ങള്‍. അഗ്ന്യാധാനം, അഗ്നിഹോത്രം, ദര്‍ശപൂര്‍ണമാസം, ആഗ്രയണം, ചാതുര്‍മാസ്യം, നിഗൂഢപശുബന്ധം, സൗത്രാമണി. സോമയജ്ഞങ്ങള്‍- അഗ്‌നിഷ്‌ടോമം, അത്യഗ്‌നിടോമംഷ ഉകത്ഥ്യം, ഷോഡശി, വാജപേയം, അതിരാത്രം, അപ്‌തോര്‍യാമം എന്നിങ്ങനെ. 


1975ലെ യാഗവേദിയില്‍ അശ്വത്ഥം വളര്‍ന്നു പന്തലിച്ചിരിക്കുന്നു (ഫയല്‍) 


യാഗങ്ങള്‍ ആര്‍ക്കും ആവാം...ബ്രാഹ്മണനു മാത്രമല്ല. ക്ഷത്രിയര്‍ ചെയ്യുന്ന രാജസൂയമൊക്കെ... കൃഷ്‌ണന്‍ നമ്പൂതിരി കഥ തുടര്‍ന്നു..
യാഗാധികാരം വിഭജിച്ചിട്ടുണ്ട്‌. ക്ഷത്രിയര്‍ക്ക്‌ ചെയ്യാവുന്നതും ബ്രാഹ്‌മണര്‍ക്ക്‌ ചെയ്യാവുന്നതുമായ യാഗങ്ങളെന്ന്‌. അശ്വമേധം, രാജസൂയം സര്‍പ്പസത്രം തുടങ്ങിയവ ക്ഷത്രിയര്‍ക്കും അതിരാത്രം, സോമയാഗം, പുത്രകാമേഷ്‌ടി, സര്‍വ കാമേഷ്‌ടി തുടങ്ങിയവ ബ്രാഹ്‌മണര്‍ക്കും. ഇതില്‍ അഗ്ന്യാധാനം അഥവാ ആധാനം, അഗ്നിഷ്‌ടോമം അഥവാ സോമയാഗം, അതിരാത്രം അഥവാ അഗ്നി എന്നിവ മാത്രമേ ഇന്നുവരെ കേരളത്തില്‍ നടത്തിയിട്ടുള്ളൂ. അഗ്ന്യാധാനം ചെയ്‌തയാള്‍ അടിതിരിയും അഗ്നിഷ്‌ടോമം ചെയ്‌തയാള്‍ സോമയാജിയും അതിരാത്രം ചെയ്‌തയാള്‍ അക്കിത്തിരിയുമായിത്തീരുന്നു...
ശ്രൗതയജ്ഞങ്ങളിലും സോമയാഗങ്ങളിലും ഏറ്റവും ശ്രേഷ്‌ഠമായതാണ്‌ അഗ്നി എന്ന അതിരാത്രം. രാത്രിയെ അതികരിക്കുന്നത്‌ എന്നര്‍ത്ഥത്തില്‍ അതിരാത്രം എന്നപേര്‍. സാധാരണ യാഗത്തിന്റെ ചടങ്ങുകള്‍ ആറ്‌ ദിവസം കൊണ്ട്‌ തീരും. അതിരാത്രത്തിന്‌ പന്ത്രണ്ട്‌ ദിവസം വേണം.

കാലം നിശ്ചലമാകുന്നു യാഗഭൂമിയില്‍; അല്ലെങ്കില്‍ അനന്തമായ കാലം...
കൃഷ്‌ണന്‍ നമ്പൂതിരി തുടരുകയാണ്‌..
`എന്റെ അച്ഛന്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരി നൂറിലേറെ യാഗങ്ങള്‍ ചെയ്‌തിട്ടുണ്ട്‌...'
ഒരു കുടുംബത്തില്‍ മൂത്തയാള്‍ യാഗം ചെയ്‌താലേ പിന്‍മുറക്കാര്‍ക്ക്‌ അതു തുടര്‍ന്നു പോകാനാവൂ...
ഇവിടെ, നെല്ലിക്കാട്ടു മനയ്‌ക്കലെ മൂന്നു തലമുറവരെ അതിരാത്രയാഗം നടത്തിയിരുന്നതായി ഓര്‍ക്കപ്പെടുന്നുണ്ട്‌..1901,1918, 1954 വര്‍ഷങ്ങളില്‍..!!.
യാഗങ്ങള്‍ക്കിടയില്‍ വരുന്ന കാലതാമസം വിദഗ്‌ധരും പണ്ഡിതരുമായ വേദജ്ഞരുടെ കുറവുകൊണ്ടുതന്നെ. ഒരു യാഗത്തിനു മുന്നോടിയായി മാസങ്ങളുടെ തയ്യാറെടുപ്പും പരിശീലനവും ആവശ്യമാണ്‌. ചിട്ടകള്‍ അതികഠിനവും.

സങ്കീര്‍ണമാണ്‌ യാഗചടങ്ങുകള്‍. ശാസ്‌ത്രലോകത്തിനു ഇന്നുവരെ വേര്‍തിരിച്ചെടുക്കാനാവാത്ത ജ്യാമിതീയ വിസ്‌മയമാണ്‌ ഓരോ യാഗശാലയും..
യജമാനനാകുന്ന വ്യക്തിയുടെ, നെറുകയില്‍തൊഴുകൈയോടെ നില്‍ക്കുന്ന ആകാരം അളന്ന്‌ അതിനെ ഗണിതാടിസ്‌ഥാനത്തില്‍ മൂന്നിലൊന്നും നാലിലൊന്നുമൊക്കെയാക്കി അതിന്റെ അടിസ്ഥാനത്തിലാണ്‌ യാഗശാലയും പ്രധാന യാഗവേദിയായ ചിതിക്കുള്ള ഇഷ്ടികകളും തീര്‍ക്കുക. വലുതാക്കിയാലും ചെറുതാക്കിയാലും ഈ അളവുകുള്‍ മാറില്ല..!. അത്രയും കൃത്യം, കണിശം..!.

ശാലയിലെ പ്രധാനഭാഗമായ ഉത്തരവേദിയില്‍ നിര്‍മ്മിക്കുന്ന, പറക്കുന്ന ഗരുഡന്റെ ആകൃതിയിലുള്ള യാഗവേദിയാണ്‌ ചിതി. ഇതിനു ശ്വേന ചിതി എന്നു പേര്‍. ഇതിനു മുകളില്‍ ഇരുന്നാണ്‌ യജ്‌ഞത്തിന്റെ ഒന്‍പതാം ദിനം മുതലുളള ക്രിയകള്‍ നടത്തുക. യജ്‌ഞത്തിലെ സുപ്രധാന ക്രിയകളാണിത്‌. ചടങ്ങുകള്‍ ആരംഭിച്ച്‌ നാലാം ദിവസം മുതല്‍ എട്ടു വരെയുളള ദിനങ്ങളിലാണ്‌ ഇത്‌ പടുത്തുയര്‍ത്തുക. ഋത്വിക്കായ അധ്വര്യുവും(പ്രധാനപുരോഹിതന്‍) യജമാനനും ആചാര്യന്മാരുടെ നിര്‍ദ്ദേശമനുസരിച്ച്‌ ഇത്‌ പടുക്കും. തണലില്‍ ഉണക്കിയെടുത്ത ഇഷ്ടികകളാണ്‌ ഇതിനുവേണ്ടത്‌. പലഅളവുകളിലുളള ഇഷ്ടികകളുടെ പടുക്കല്‍ പൂര്‍ത്തിയായാല്‍ ഒറ്റവിടവുപോലും കാണില്ല. ഹവനത്തിനായി മുകള്‍വശത്ത്‌ കാണുന്ന ഒരു ദ്വാരം ഒഴിച്ച്‌..!!.
ഒന്‍പതാം ദിവസം ഉച്ചയോടെ അഗ്നി, ശ്വേനചിതിയില്‍ എത്തിക്കും. പഞ്ചപത്രിക എന്ന പടവിന്റെ മുകളില്‍ അഗ്‌നിയെ സ്ഥാപിച്ച്‌(നിധാനം) അതിന്മേലാണ്‌ സോമ-പശ്വാജ്യ- പുരോഡാശാദി ഹവിസുകള്‍ ഹോമിക്കുക. ഇതിനെല്ലാം നിലയ്‌ക്കാത്ത വേദമന്ത്രോച്ചാരണം അകമ്പടിയാണ്‌..സാമവേദഗീതികള്‍..!!.

1975 നുശേഷം നടന്ന ഒട്ടുമിക്കയാഗങ്ങളിലും നേരിട്ടും മേല്‍നോട്ടമായും പങ്കെടുത്തയാളാണ്‌ തോട്ടം കൃഷ്‌ണന്‍ നമ്പൂതിരി. യാഗത്തില്‍ പങ്കെടുക്കുന്ന സാമവേദികളുടെ പുരോഹിതനായ 'ഹോതാവ്‌' ആയും അദ്ദേഹം നേതൃത്വം വഹിച്ചു. യാജ്ഞികരുടെ ജീവിതം കര്‍ക്കശ്ശമായ ഒന്നാണ്‌. യാഗത്തിന്റെ യജമാനന്‍, ദീക്ഷിതനാവും വരെ(നാലുദിവസം) കൈമുഷ്ടികള്‍ ചുരുട്ടിപ്പിടിച്ചിരിക്കും. അത്‌ നിവര്‍ത്തുകയില്ല!. സംസാരിക്കാന്‍ പാടില്ല..!. ചിരിക്കരുത്‌..!. ശരീരം ചൊറിഞ്ഞാല്‍ പോലും കൈകൊണ്ടു മാന്തിക്കൂടാ..!. അതിനു കൃഷ്‌ണമൃഗത്തിന്റെ കൊമ്പുതന്നെ വേണം..!!. ആഹാരം പാലും പഴങ്ങളുംമാത്രം, യാഗം കഴിയും വരെ..!. പ്രപഞ്ചസൗഖ്യത്തിനായി, ലോകത്തിന്റെ മുഴുവനും സുഖത്തിനായി അനുഷ്‌ഠിക്കുന്ന ത്യാഗസമുജ്ജ്വലമായ ജീവിതം!. യജമാനനാവുന്നയാള്‍ വീടോ ദേശമോ വിട്ടുപോകരുത്‌ എന്നുമുണ്ട്‌. നിത്യാനുഷ്‌ഠാനങ്ങള്‍..
ഇവയില്‍ വീഴ്‌ചവരുത്തിയാല്‍ പ്രായശ്ചിത്തങ്ങളുണ്ട്‌.

ശ്രൗതപാരമ്പര്യത്തില്‍പ്പെട്ട യാഗരീതികള്‍ വേദനിഷ്‌ഠമായി അതേപടി നിലനില്‍ക്കുന്നത്‌ കേരളത്തില്‍ മാത്രമാണ്‌. ഇന്ത്യയില്‍ എല്ലായിടങ്ങളിലും യാഗങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും അവയിലൊക്കെ കാലനുസൃതമായി മാറ്റങ്ങള്‍ വന്നുചേര്‍ന്നു. യുദ്ധങ്ങളും കടന്നുകയറ്റങ്ങളുമടക്കമുള്ള പലപല കാരണങ്ങള്‍ കൊണ്ട്‌...
കേരളത്തിലെ യാഗപാരമ്പര്യത്തിന്റെ തനിമ തിരിച്ചറിഞ്ഞാണ്‌ ഹാര്‍വാര്‍ഡ്‌ സര്‍വകലാശായുടെ സാമ്പത്തിക സഹായവുമായി ഫ്രിറ്റ്‌സ്‌ സ്‌റ്റാള്‍ എത്തുന്നത്‌. അറുപതുകളിലും എഴുപതിലുമായി അദ്ദേഹം കേരളത്തിലെ വേദാചാര്യന്‍മാരായ ചെറുമുക്ക്‌ വല്ലഭന്‍ നമ്പൂതിരിയുടെയും മാമ്മണ്ണ്‌ ഇട്ടിരവി നമ്പൂതിരിയുടേയും കീഴില്‍, `സോമയാഗ' ചടങ്ങുകളും വേദമന്ത്രങ്ങളും ഹൃദിസ്ഥമാക്കുകയായിരുന്നു. അതീവ ജ്ഞാനികളും മനുഷ്യപരിണാമത്തിന്റെ പരമോന്നതാവസ്ഥയില്‍ എത്തിനില്‍ക്കുന്നവരുമായ ഈ വേദജ്ഞരെ കണ്ട്‌ സ്‌റ്റാള്‍ എഴുതിപ്പോയി:
"Over the decades, while I penetrated the riches of their Vedic heritage, I made many Namboodiri friends and came to know them better. I have found them sincere, straightforward and disciplined. After initial reluctance, they are eager to explain the intricacies of their recitations, chants and ceremonies. They never claim knowledge that they do not possess. They will not preach or become pompous. They will express no interest in going to the U.S. Though no longer averse to modernisation, they remain attached to their simple habits," !!.
ലാളിത്യമായിരുന്നു ജീവിതം..ത്യാഗമായിരുന്നു സന്ദേശം..അറിവായിരുന്നു ആഹുതി. ഇതൊന്നും എന്റേതല്ല എന്ന സമര്‍പ്പണം..ത്യാഗത്തിലൂടെ സംസ്‌കരിച്ചെടുക്കപ്പെട്ട ആത്മനിഷഠമായ സഫലജീവിതം..
ഈ മഹാപാരമ്പര്യം കണ്ട സ്‌റ്റാള്‍ അമ്പരന്നു. ആ വിജ്ഞാനത്തിനു മുന്നില്‍ നമിച്ചു നിന്നു..
ആംസ്‌റ്റര്‍ഡാം യൂണിവേഴ്‌സിറ്റി സ്‌കോളര്‍ഷിപ്പിനായി ആറു പേരെ നിര്‍ദ്ദേശിച്ചുപ്പോള്‍ അതില്‍ ഏറ്റവും തൃപ്‌തിതോന്നിയത്‌ ഏതൊക്കെ പേരുകള്‍ എന്ന്‌ ചോദിച്ചതിന്‌ സ്‌റ്റാളിന്റെ മറുപടി- നോം ചോംസ്‌കി.. ചെറുമുക്കു വല്ലഭന്‍ നമ്പൂതിരി, മാമ്മണ്ണ്‌ ഇട്ടിരവി നമ്പൂതിരി..!!.

1975ലെ അതിരാത്രം മറ്റൊരുകാര്യത്തിലും പ്രസക്തമായിരുന്നു. യാഗത്തില്‍ മൃഗബലിയുണ്ട്‌. അന്ന്‌ ജനകീയ എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്ന്‌ വീണ്ടും ചര്‍ച്ചകള്‍ നടന്നു. വേദജ്ഞര്‍ക്കും അതില്‍ എതിര്‍പ്പുണ്ടായി..
പിന്നീട്‌ അരിമാവുകൊണ്ടോ നെയ്യുകൊണ്ടോ മൃഗരൂപം ഉണ്ടാക്കി ഹവനമാകാമെന്ന തീര്‍പ്പിലെത്തി-വേദാനുസാരിയായി `പിഷ്ടപശു' സമ്പ്രദായം..!.
`അഗ്നി എന്ന വാക്കുകൊണ്ട്‌ തീ എന്നു മാത്രമല്ല വിവക്ഷ. സനാതനമായ ഊര്‍ജമാണത്‌. സംരക്ഷിക്കണമെന്ന്‌ അതു സ്വയം ഒരിക്കലും ആവശ്യപ്പെടുകയില്ല. നിങ്ങള്‍ അതിനെ സംരക്ഷിച്ചാല്‍ അതിന്റെ ഗുണവും നിങ്ങള്‍ക്കു തന്നെ..'
കഴിഞ്ഞ 112 വര്‍ഷത്തിനിടയില്‍ കേരളത്തിലെ വിവിധ ഭാഗങ്ങളിലായി 160ല്‍പ്പരം യാഗങ്ങള്‍ നടത്തിയിട്ടുണ്ട്‌ എന്നാണ്‌ രേഖകള്‍. എന്നാല്‍ അഗ്നിയെന്ന അതിരാത്രം പത്തെണ്ണം മാത്രമേയുള്ളൂ. അതില്‍ അഞ്ചും പാഞ്ഞാളില്‍ വച്ചായിരുന്നു...!.
`യുനെസ്‌കോ, അതിരാത്രത്തെ മനുഷ്യകുലത്തിന്റെ വിശദീകരിക്കാനാവാത്ത സാംസ്‌ക്കാരിക പാരമ്പര്യം എന്നാണ്‌ വിശേഷിപ്പിച്ചിരിക്കുന്നത്‌'.

പാടക്കരയിലെ ലക്ഷ്‌മിനാരായണക്ഷേത്രത്തില്‍ ആളൊഴിഞ്ഞിരിക്കുന്നു. നടയടച്ചു. സൂര്യന്‍ ഉച്ചിയില്‍ കയറിയപ്പോഴും ചൂടുതോന്നിയില്ല. യാഗഭൂമിയാകെ പച്ചത്തലപ്പുകള്‍ ഉന്മേഷത്തോടെ കാറ്റേറ്റു നില്‍ക്കുന്നു...
യാഗങ്ങളുടെ തുടക്കമായിരുന്നു സംസാരിച്ചുകൊണ്ടിരുന്നത്‌. അതിനു കാലഗണനവയ്യെന്ന്‌ കൃഷ്‌ണന്‍ നമ്പൂതിരിയുടെ മറുപടി.
`പ്രപഞ്ചോല്‍പ്പത്തിയോളം കാണണം...!.'
വേദങ്ങള്‍ സൃഷ്ടിച്ച ബ്രഹ്മാവു തന്നെയാണ്‌ മനുഷ്യകുലത്തിന്റെ നന്മയ്‌ക്കുവേണ്ടി യാഗമനുഷ്‌ഠിക്കാനുള്ള ചുമതല ബ്രാഹ്മണര്‍ക്കു നല്‍കിയത്‌ എന്നു കരുതണം. അവര്‍ അതു നാളിതുവരെ കാത്തു പോന്നു.
`കാലന്തരത്തില്‍ അത്‌ സ്വാര്‍ത്ഥതകൊണ്ടും മറ്റും കൈയടക്കിവയ്‌ക്കലായി..'

`അഗ്നയേ ഇദം ന മമ
(ഹേ, അഗ്‌നേ! ഇതെനിക്കുള്ളതല്ല, അതുകൊണ്ടു തന്നെ നിനക്ക്‌ സമര്‍പ്പിതമായതാണ്‌.).
യജ്ഞസംസ്‌കാര പ്രകാരം അഗ്‌നി അറിവാണ്‌ പരിബോധാഗ്‌നി. യജ്‌ ധാതുവില്‍ നിന്നാണ്‌ യജ്ഞം എന്ന വാക്ക്‌.
പഞ്ചഭൂതങ്ങളില്‍ ഒന്നായ അഗ്‌നിക്ക്‌ അപാരവും അവാച്യവുമായ മഹത്വമുള്ളതായി പുരാണങ്ങള്‍. തെക്കുകിഴക്കേ ദിക്കിന്റെ അധിപനായ അഗ്‌നിയെ അഷ്‌ടദിക്ക്‌പാലകരിലെ പ്രധാനിയായും കല്‍പ്പിച്ചു. ഇന്ദ്രന്‍ കഴിഞ്ഞാല്‍ വേദത്തില്‍ പ്രാധാന്യം അഗ്‌നിക്കാണ്‌.

സംസാരം യാഗസംസ്‌കൃതിയിലേയ്‌ക്ക്‌ വീണ്ടും തിരിയുകയായിരുന്നു ഇവിടെ..
മനക്കണ്ണില്‍ ഉണക്കപ്പുല്ലുപുല്ലുമേഞ്ഞ യാഗശാല തെളിയുന്നു. ഋത്വിക്കുകളുടെ മന്ത്രഘോഷം കേള്‍ക്കായി.. അതാ..യജമാനന്‍ യാഗത്തിലെ സുപ്രധാന കര്‍മ്മമായ `സോമം' ആഹുതി ചെയ്യുന്നു..അതേറ്റുവാങ്ങിയ അഗ്നിനാളങ്ങള്‍ ചിറിനക്കിത്തുടച്ച്‌ പുളഞ്ഞു...!!.

നൂറ്റിയിരുപതടി നീളവും എണ്‍പതടി വീതിയുമുള്ള യാഗശാല, പല ഉപഗൃഹങ്ങളായി തിരിച്ചിട്ടുണ്ട്‌- ഓരോരോ കര്‍മ്മങ്ങള്‍ക്കായി. അഗ്നിചയനമെന്ന ചടങ്ങോടെ `ചിതി'യും തീര്‍ക്കുന്നത്‌ ഇവിടെയാണ്‌ . വിവിധ ആകൃതിയിലുള്ള ആയിരം ഇഷ്ടികകള്‍.. ഇരുന്നൂറെണ്ണം വീതം അഞ്ചുതട്ടുകളായി വിന്യസിച്ച്‌...(യജമാനന്റെ ഉയരമനുസരിച്ചാണ്‌ ഇതിന്റെ ഉയരം. യജമാനന്റെ അരയ്‌ക്കൊപ്പം എന്നു കണക്ക്‌..)
ഓരോ ഇഷ്ടികയും യജൂര്‍വേദമന്ത്രത്താല്‍ പൂരിതമാക്കി, നാലാം ദിവസം മുതല്‍ പടുക്കുന്ന ചിതി എട്ടാം ദിവസം പൂര്‍ത്തിയായി. പറക്കുന്ന ഗരുഡരൂപത്തില്‍ അതങ്ങിനെ..
അതിന്‍മേല്‍ ഇപ്പോള്‍ അഭിഷേകമാണ്‌. ആട്ടിന്‍പാലുകൊണ്ട്‌- ശ്രീരുദ്രമാണ്‌ ജപം. അതിനെ തുടര്‍ന്ന്‌ `വസോര്‍ധാര'..ചമകമന്ത്രമാണിവിടെ..!.
അവസാനദിവസങ്ങളിലെ സുപ്രധാന ക്രിയ- സോമാഹൂതിയാണ്‌. അതിവിശിഷ്ടമെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന സോമലത പിഴിഞ്ഞെടുത്ത്‌ സാമവേദഗീതികളോടെ അഗ്നിക്ക്‌ സമര്‍പ്പിക്കുന്നു...
29 പ്രധാന ആഹൂതികള്‍. ഓരോന്നിനും അകമ്പടിയായി സാമവേദമന്ത്രങ്ങള്‍-ഇവയ്‌ക്കു ശ്രുതി എന്നു പേര്‍ ഒപ്പം ഋഗ്വേദമന്ത്രങ്ങളും- ഇതിനു ശസ്‌ത്രം എന്നുപേര്‍. അശ്വിനശസ്‌ത്രം എന്നറിയപ്പെടുന്ന ഒരു വിഭാഗം ഋഗ്വേദ മന്ത്രങ്ങളില്‍ ആയിരം ഋക്കുകളാണുള്ളത്‌. ഇവ നിര്‍ത്താതെ, ഒറ്റത്തവണയായിത്തന്നെ ചൊല്ലിത്തീര്‍ക്കണം..പിഴയ്‌ക്കാതെ!.
തപശ്ചര്യപോലെ അതികഠിനമായ യാഗച്ചടങ്ങുകള്‍..പത്‌നിസമേതനായ യജമാനന്‍, സഹായികളായ പന്ത്രണ്ട്‌ ഋതിക്കുകളുടെ സഹായത്തോടെ പൂര്‍ത്തീകരിക്കുന്നു.
` ഹോമത്തിനുള്ള മണ്‍പാത്രങ്ങള്‍ തയ്യാറാക്കല്‍, ദേവതകള്‍ക്കുള്ള അര്‍ച്ചനകള്‍, അതിരാത്രത്തിനുള്ള മാനസിക തയ്യാറെടുപ്പ്‌, ക്രിയാകര്‍മങ്ങള്‍ക്ക്‌ പുരോഹിതരെ അധികാരപ്പെടുത്തല്‍, ശാലാപ്രവേശം, ത്രേതാഗ്നിസ്‌ഥാപനം, കൂശ്‌മാണ്‌ഡഹോമം, യജമാനന്റെ വ്രതാനുഷ്‌ഠാനാരംഭം തുടങ്ങിയ പ്രധാന ചടങ്ങുകള്‍ കഴിഞ്ഞാല്‍, വിവിധ വേദവിധികള്‍ പ്രകാരമുള്ള ഹോമങ്ങളാണ്‌. പത്താംദിനം മുതലാണ്‌ പവിത്രമായ സോമാഹുതി.'-
കൃഷ്‌ണന്‍ നമ്പൂതിരി ഓര്‍മ്മകളിലൂടെ സഞ്ചരിക്കുകയാണ്‌..യാഗഭൂമിയിലൂടെ!.
അതിരാത്രം നടക്കുമ്പോള്‍ സാമവേദപ്രയോഗം പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നതാണ്‌. അത്യന്തം ക്ലേശകരവും സങ്കീര്‍ണവുമായ സ്വരപ്രയോഗങ്ങളാണ്‌ സാമവേദത്തെ ശ്രദ്ധേയമാക്കുന്നത്‌.
സോമം ഉണ്ടാക്കാനുള്ള സോമലത നല്‍കാനുള്ള അവകാശം കൊല്ലങ്കോട്ടു രാജാവിനാണ്‌. യാഗം സംബന്ധിച്ച്‌ പുരോഹിത ശ്രേഷ്‌ഠര്‍ രാജാവിന്‌ ഓല അയയ്‌ക്കും. യാഗത്തിനു വേണ്ടി മാത്രമേ ലത ഉപയോഗിക്കൂ എന്നൊരു സാക്ഷ്യം അതിലുണ്ടാകും. കല്ലടിക്കോടന്‍ മലയിലുണ്ടാകുന്ന സോമലതയ്‌ക്കാണ്‌ ഔഷധവീര്യത്തില്‍ ഉത്‌കൃഷ്ടത. രാജാവ്‌ അത്‌ ശേഖരിച്ച്‌ കൊടുത്തയയ്‌ക്കുന്നു..
`നമ്മുടെ കുരുമുളകു വള്ളിപോലെയുണ്ടാകും. ഒരുപാട്‌ ഔഷധഗുണം അതിനുണ്ടെന്ന്‌ ഇന്ന്‌ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്‌..'
സോമം ദേവകള്‍ക്ക്‌ പ്രിയങ്കരമത്രെ. പതിത്വം ഭവിച്ച അശ്വിനിദേവകള്‍ക്ക്‌ സോമരസം പാടില്ലെന്ന്‌ വിധി. അവര്‍ യാഗശാലയുടെ പുറത്തു വന്നു നില്‍ക്കുകയേയുള്ളൂ. അവരുടെ പതിത്വം തീര്‍ക്കുന്ന ചടങ്ങുകള്‍ക്കുശേഷം അവരും യാഗശാലയില്‍ പ്രവേശിക്കുന്നു..!!.
അത്യന്തം അത്ഭുതകരമായ സങ്കല്‍പ്പവിശേഷങ്ങളും ആചാരാനുഷ്‌ഠാനങ്ങളുമാണ്‌ അതിരാത്രവേദിയില്‍ ആദ്യവസാനം..
ലോഹം കൊണ്ടുള്ള ഒരു വസ്‌തുവും യാഗത്തിനുപയോഗിക്കില്ല. കത്തിപോലും!. ചീന്തിയ മുളയുടെ മൂര്‍ച്ചയുള്ള ഭാഗം അതിനുപയോഗിക്കുന്നു.
യാഗാനന്തരം മണ്‍പാത്രങ്ങള്‍ മണ്ണിലേയ്‌ക്കും മരപ്പാത്രങ്ങള്‍ ജലത്തിലേയ്‌ക്കും മറ്റുള്ളവയെല്ലാം-യാഗശാലയടക്കം- അഗ്നിക്കും നല്‍കി സര്‍പ്പണത്തിന്റെ അവസാനവാക്കായി മാറുന്നു യാജ്ഞികര്‍- എല്ലാം പ്രകൃതിക്ക്‌..!!.
`യജ്ഞശാലയിലെ മൂന്നു ഹോമകുണ്ഡങ്ങളില്‍ നിന്നും ആവാഹിച്ചെടുത്ത അഗ്നി യജമാനന്റെ ഇല്ലത്തെത്തിക്കും അവിടെ കുണ്‌ഡങ്ങളിലാക്കി സൂക്ഷിക്കും. ത്രേതാഗ്‌നി എന്ന പേരിലറിയപ്പെടുന്ന ഈ അഗ്നികുണ്ഡം കെടാതെ പരിരക്ഷിക്കേണ്ടത്‌ യജമാനന്റെ ചുമതലയാകുന്നു.'
എല്ലാ ദിവസവും ക്രിയകളുണ്ട്‌ രാവിലേയും വൈകീട്ടും. പിന്നീട്‌, യജമാനനനോ പത്‌നിയോ ആരാണോ ആദ്യം മരിക്കുന്നത്‌ അവരുടെ ചിതയ്‌ക്ക്‌ തീ പകരുന്നത്‌ ഈ അഗ്നികൊണ്ടാകുന്നു..
ഇപ്പോള്‍ ജൈമിനീയ സാമവേദം പരമ്പരാഗത രീതിയില്‍ തുടരുന്ന ഒരേ ഒരു ഇല്ലമാണ്‌ `തോട്ടം.' മൂന്നുപേര്‍ മാത്രമാണീ ഗ്രാമത്തില്‍ അതു പിന്തുടരുന്നത്‌..
ക്രിസ്‌തുവിനും മൂവായിരം വര്‍ഷങ്ങള്‍ക്കുമുമ്പ്‌ നിലനിന്ന യാഗസംസ്‌കൃതി അതിന്റെ സര്‍വ്വ ജൈവാവസ്ഥയോടും ഈ മണ്ണില്‍ വിലയിച്ചിരിക്കുന്നു. ഒന്നും തനിക്കു സ്വന്തമല്ലെന്ന തിരിച്ചറിവില്‍ അഭേദാവസ്ഥയിലെത്തിയ ഒരു മഹാസംസ്‌കാരത്തിലേയ്‌ക്കുള്ള തിരിച്ചുപോക്കിന്‌ ആഹ്വാനമുയരുന്നതു പോലെ ഓരോ മണല്‍ത്തരിയും ആ മഹാമന്ത്രം ആവര്‍ത്തിച്ചുകൊണ്ടിരിന്നു-
ഇദം ന മമ, ഇദം ന മമ..

-ബാലുമേനോന്‍ എം
ചിത്രം: സുദീപ്‌ ഈയെസ്‌

2 comments:

  1. തരണനല്ലൂര്‍ പത്മനാഭന്‍ നമ്പൂതിരിപ്പാടിന്റെ ഫോണ്‍ നമ്പര്‍ തരുമോ?

    ReplyDelete