ഒരു വ്യാഴവട്ടത്തിനു ശേഷം ഭഎമറാള്‍ഡ് ഐലന്റ്' എന്നു വിശേഷിപ്പിക്കപ്പെട്ട ശ്രീലങ്കയുടെ മണ്ണില്‍ നില്‍ക്കുമ്പോള്‍, മോഹന്‍ദാസിന്റെ മുഖത്ത് പ്രസന്നതമാത്രം...
ജാഫ്‌ന നഗരം ഇന്ന് ഒഴുകുകയാണ്. രാജ്യാന്തര ഭക്ഷണശാലകള്‍ മുതല്‍ മാളുകള്‍ വരെ...സുന്ദരമായ റോഡുകള്‍. ഭയാശങ്കകള്‍ അകന്ന നാട്ടുകാര്‍..സന്ദര്‍ശകര്‍...
ജനങ്ങളുടെ മുഖങ്ങളിലാകെ ശാന്തിയും ആഹ്ലാദവും അലയടിച്ചു.
അതെ ശാന്തിയിലാണ്, ഈ ഭൂമിയിലെ സ്വര്‍ഗ്ഗം..ശരിക്കും സ്വര്‍ഗ്ഗം.
പന്ത്രണ്ടുവര്‍ഷങ്ങള്‍ക്കും മുമ്പ്...
കൃത്യമായി പറഞ്ഞാല്‍, 1998 നവംബര്‍ പുലര്‍ച്ചെ 5.00 ന് കൊളംബോയില്‍ വിമാനമിറങ്ങുമ്പോള്‍ നരച്ച ആകാശത്തുനിന്നും ഇടിവാളുകള്‍ പച്ചത്തുരുത്തുകളിലേയ്‌ക്ക് പുളഞ്ഞിറങ്ങുന്നത് വിമാനത്തിന്റെ ജാലകത്തിലൂടെ നോക്കിക്കണ്ടു.
മോര്‍ട്ടാറുകള്‍ അലറുകയും യന്ത്രത്തോക്കുകള്‍ ചീറുകയും ചെയ്യുകയായിരിക്കുമെന്ന് ഓര്‍ത്ത് മനസ്സില്‍ ഞെട്ടി..!
അശാന്തിയുടെ തീരത്തേയ്‌ക്ക് സ്‌ഥലംമാറ്റം കിട്ടിയ പത്രപ്രവര്‍ത്തകന്‍, മോഹന്‍ദാസ് പാറപ്പുറത്ത്...
തൃശൂരിലെ ശാന്തിവിളയുന്ന വീട്ടകത്ത് ഇരുന്നു അനുഭവങ്ങള്‍ പങ്കുവയ്‌ക്കുമ്പോള്‍ പോലും മുഖം വലിഞ്ഞു മുറുകിയതു കണ്ടു..
സാക്ഷാല്‍ വേലുപ്പിള്ളൈ പ്രഭാകരന്‍ അടക്കിവാണ ശ്രീലങ്കന്‍ ഭൂമി. അതു വിട്ടുകൊടുക്കാതിരിക്കാന്‍ ജീവന്‍ കൊടുത്തു പോരാടുന്ന ലങ്കന്‍ സര്‍ക്കാരും സൈന്യവും.. മാറിമറിയുന്ന രാജ്യാന്തര ബന്‌ധങ്ങള്‍...
എന്തൊക്കെയാണ് കണ്ടത്..!
ഇതിനിടയില്‍ മനഃശാന്തിയോടെ കിടന്നുറങ്ങാന്‍ കൊതിച്ച ഒരു ജനത..
ശ്രീലങ്കന്‍ അനുഭവങ്ങള്‍ പുസ്‌തകമാക്കാനുള്ള ശ്രമത്തിനിടെയാണ് മോഹന്‍ദാസുമായി സംസാരിക്കുന്നത്. ഞങ്ങള്‍ യുദ്ധഭൂമിയിലെത്തി.....!!
മുന്‍ യുന്‍എന്‍ഐ പ്രത്യേക ലേഖനായിരുന്ന മോഹന്‍ദാസിന്റെ നിയോഗം വിചിത്രമായിരുന്നു. ഡല്‍ഹിയിലെ ബ്യൂറോ ചീഫായിരിക്കെയാണ് സ്‌ഥലംമാറ്റം. കലാപം കൊടുമ്പിരികൊള്ളുന്ന ശ്രീലങ്കയിലേയ്‌ക്ക്...
നിത്യവും കുഴിബോംബ് സ്‌ഫോടനവും ചവേര്‍ ആക്രമണവും വിറപ്പിച്ചുകൊണ്ടിരുന്ന ലങ്കന്‍ മണ്ണിലേയ്‌ക്ക്...
മരിച്ചാലും മറക്കാത്ത ഭീതിയുടെ മണിക്കൂറുകള്‍ അദ്ദേഹം വിവരിച്ചപ്പോള്‍, പത്രപ്രവര്‍ത്തനമെന്ന തൊഴിലിനെ നമിച്ചു. പിന്നെ ഒന്നു മനസ്സിലാക്കി ചരിത്രത്തില്‍ നിന്നും മനുഷ്യന്‍ ഒന്നും പഠിയ്‌ക്കുന്നില്ലെന്ന്...
എല്‍ടിടിഇ എന്ന വലയം
രാജീവ് ഗാന്‌ധി അയച്ച പീസ് കീപ്പിംഗ് ഫോഴ്‌സിന്റെ പ്രവര്‍ത്തനത്തിനു ശേഷം, ലങ്കന്‍ പ്രശ്‌നം രൂക്ഷമാവുകയായിരുന്നു. ഇത്രയധികം കാര്യക്ഷമതയും ആസൂത്രണവൈദഗ്‌ധ്യവുമുള്ള ഒരു സംഘടന എല്‍ടിടിഇയെ പോലെ മറ്റെങ്ങും കണ്ടിട്ടില്ലെന്ന് മോഹന്‍ദാസ്. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെയെല്ലാം വിലാസവും ഫോണ്‍ നമ്പറുകളും അവര്‍ക്കറിയാം. ലണ്ടന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന എല്‍ടിടിഇ ബുദ്ധികേന്ദ്രം ആന്റണ്‍ ബാലസിങ്കത്തിന്റെ പ്രസ്‌താവനകള്‍ ഓഫീസിലെ ഫാക്‌സില്‍ തെളിയും..!!.
അതും രാത്രി പന്ത്രണ്ടുമണിക്കു ശേഷം...
വിറയ്‌ക്കുന്ന കൈകളോടെയാണ് ഫാക്‌സ് പേപ്പര്‍ ചീന്തിയെടുക്കുക..
എല്ലാ നീക്കങ്ങളും ശ്രദ്ധിക്കപ്പെടുന്നു..!.
തങ്ങള്‍ക്കെതിരേ നീങ്ങുന്ന ആരേയും ബാക്കിവയ്‌ക്കാത്ത പ്രഭാകരന്‍. അതു തമിഴനായാലും തീര്‍ത്തിരിയ്‌ക്കും.
അതിനായി മൂന്നൂറിലേറെ ചാവേറുകളുണ്ടായിരുന്നു അവര്‍ക്ക്. അധികവും സ്‌ത്രീകള്‍. പ്രഭാകരനുവേണ്ടി പ്രാണന്‍ എഴുതിക്കൊടുത്തവര്‍. മരിക്കാന്‍ സന്നദ്ധരായി മുന്നോട്ടു വരുന്നവര്‍..
അവര്‍ ഒരിക്കല്‍ മാത്രമേ പ്രഭാകരനെ കാണൂ. ദൗത്യം ഏറ്റതിന്റെ തലേന്ന് അവര്‍ക്ക് അത്താഴം പ്രഭാകരനൊപ്പമാണ്. അവസാനത്തെ അത്താഴം..
പിന്നെ അവര്‍ ഒരിക്കലും കൂടിക്കാണില്ല. ആ ചാവേര്‍ തിരിച്ചുവരില്ല. ദൗത്യം നിര്‍വ്വഹിച്ചാലും ഇല്ലെങ്കിലും..
അസാധാരണമായിരുന്നു പ്രഭാകരന്റെ ചാവേര്‍ സംഘം. ഒരു പക്ഷെ, ലോകചരിത്രത്തിലാദ്യമായിരിക്കണം ഇത്രയും ശക്‌തമായ സംവിധാനം ഉപയോഗിക്കപ്പെട്ടത്...
ദൗത്യം ഏറ്റെടുക്കാന്‍ ഒരേ സമയം നിരവധിപേര്‍ തയ്യാറായി വരുന്നതുകൊണ്ട് മിക്കപ്പോഴും നറുക്കിട്ടെടുക്കാറാണ് പതിവ്..
കൊല്ലാനും കൊല്ലപ്പെടാനുമുള്ള നറുക്ക്...
തലനാരിഴയുടെ വ്യത്യാസം
99 ല്‍ തെരഞ്ഞെടുപ്പ് റാലി നടക്കുന്നു. പ്രസിഡന്റ് സ്‌ഥാനാര്‍ത്ഥി കൂടിയായ ചന്ദ്രിക കുമാരതുംഗെ പ്രസംഗിക്കാനെത്തുകയാണ്. ടൗണ്‍ഹാള്‍ വളപ്പില്‍. കനത്ത സുരക്ഷയില്‍ ശ്വാസം പിടിച്ചുളള കാത്തിരിപ്പ്. സമയം ഇഴഞ്ഞു നീങ്ങി. അവര്‍ ഇനിയും വൈകുമെന്ന് അറിയിപ്പ്. രാത്രി എട്ടുകഴിഞ്ഞപ്പോള്‍ പുറത്തിറങ്ങി വീട്ടിലേയ്‌ക്കു നടന്നു. വീട്ടിലെത്തിയതും ഫോണ്‍കോള്‍ ടൈംസിന്റെ നിരുപമ സുബ്രഹ്‌മണ്യമാണ്.
ഭമോഹന്‍ദാസ് വേര്‍ ആര്‍ യൂ...ആര്‍ യു സേഫ്...??'
ഞെട്ടിപ്പോയി...! ചന്ദ്രിക കുമാരതുംഗെയുടെ റാലിയില്‍ ചാവേര്‍ സ്‌ഫോടനം.
ഇറങ്ങിപ്പോന്ന പതിനഞ്ചുമിനുട്ടിനുള്ളില്‍..!
പ്രസിഡന്റിന് ഗുരുതരപരിക്ക്..മരിച്ചു എന്നും ശ്രുതി.
പുറത്തിറങ്ങേണ്ടെന്ന് നിരുപമ.
ടി.വി. തുറന്നതും വാര്‍ത്ത..
പ്രസിഡന്റ് ഗുരുതരാവസ്‌ഥയില്‍.. അതിനിടയില്‍ മരിച്ചു എന്നും ഫ്‌ളാഷ്.
ശ്വാസം പിടിച്ചിരുന്നു. എന്തും സഭവിക്കാം. പ്രസിഡന്റ് മരിച്ചാല്‍ സിംഹളര്‍ ഇളകും. കൈയില്‍ കിട്ടിയ ഇന്ത്യക്കാരന്റെ കഥ തീര്‍ക്കും. അവര്‍ക്ക് എല്ലാ ഇന്ത്യക്കാരും തമിഴ് അനുകൂലികളാണ്...
കൂറ്റന്‍ ഓഫീസ് ബംഗ്ലാവില്‍ ലൈറ്റുകളണച്ചിരിക്കാനാണ് നിരുപമയുടെ നിര്‍ദ്ദേശം.
പുറത്തുകേട്ട ഓരോ അനക്കവും മരണത്തിന്റെ ചുവടുവയ്‌പായി തോന്നി..
മരണത്തെ മുഖാമുഖം കണ്ടതു പറയുമ്പോള്‍, ഒരു നിമഷം മോഹന്‍ദാസ് മൗനിയായി.
ഫോണെടുത്ത്, അയല്‍ പക്കത്തെ ശ്രീലങ്കക്കാരനെ വിളിച്ചു. എന്തുവേണം..?.
അയാള്‍ സിംഹളനായിരുന്നെങ്കിലും, മറുപടി മോഹന്‍ദാസിന് അമൃതവര്‍ഷമായി.
ഒന്നും പേടിക്കേണ്ടെന്നും. പ്രശ്‌നം വരികയാണെങ്കില്‍ പിന്‍മതില്‍ ചാടി, തങ്ങളുടെ വീട്ടിലേയ്‌ക്ക് പോന്നുകൊളളാനുമാണ് അയാള്‍ പറഞ്ഞത്...
ഇതിനിടെ ഡല്‍ഹിയില്‍ നിന്നും വിളി.
ഭമോഹന്‍ദാസ് വൈ ഡോണ്ട് യു ഫയല്‍ എ ന്യൂസ്...പ്രസിഡന്റ് ഈസ് നോ മോര്‍...'
പത്രപ്രവര്‍ത്തകന്റെ രക്‌തസമ്മര്‍ദ്ദം കുത്തനെ കൂട്ടുന്ന കോളുകള്‍..
ഒടുവില്‍ തീര്‍ത്തു പറഞ്ഞു:
ഭഐ വോണ്ട് ഡു ഇറ്റ്.. അണ്‍ടില്‍ ഇറ്റ് ഈസ് കണ്‍ഫേംഡ്, സര്‍...'.
ഭാഗ്യം..പ്രസിഡന്റ് മരിച്ചില്ല. ഒരു കണ്ണ് നഷ്‌ടപ്പെട്ടു. പക്ഷെ, ഇന്നും കൂറ്റന്‍ ബംഗ്ലാവില്‍ ഒറ്റയ്‌ക്കു മരണം പ്രതീക്ഷിച്ചിരുന്ന ആ കാളരാത്രി, മോഹന്‍ദാസിന്റെ ഉറക്കം കെടുത്തുന്നു. ഒപ്പം സ്‌ഫോടനത്തില്‍ നിന്നും തലനാരിഴയ്‌ക്കു രക്ഷപ്പെട്ടു പോന്ന തലയിലെഴുത്തും..
തമിഴത്തിയുണ്ടാക്കിയ വിന
ചന്ദ്രിക കുമാരതുംഗെയ്‌ക്കു ഒപ്പമുള്ള ഒരു ചിത്രം നീക്കിയിട്ടുകൊണ്ട് അദ്ദേഹം പറഞ്ഞു: ഈ ചിത്രത്തിനു പിന്നില്‍ ഒരു കഥയുണ്ട്......
പത്രപ്രതിധികള്‍ക്കു നല്‍കിയ വിരുന്നില്‍, പ്രസിഡന്റ് ചന്ദ്രികക്കൊപ്പം നില്‍ക്കുന്ന ഒരു ഫോട്ടോ പബ്ലിക് റിലേഷന്‍കാര്‍ നല്‍കിയതാണ്. അതു കൗതുകത്തിന് സിറ്റിംഗ് റൂമില്‍ വച്ചു. പത്രപ്രവര്‍ത്തകര്‍ക്ക് ഇത് ഒരു സംഭവവുമല്ല. പക്ഷെ, വീടുവൃത്തിയാക്കാന്‍ വന്നിരുന്ന തമിഴത്തിയ്‌ക്ക് മറിച്ചായിരുന്നു. തന്റെ ഭഅയ്യ' പ്രസിഡന്റിനൊപ്പം..!!. അവള്‍ അനുവാദത്തോടെ, സ്വന്തം വീട്ടുകാരെ കാണിക്കാനായി ആ ഫോട്ടോയെടുത്തു. അതു കോപ്പിയെടുക്കാന്‍ ഒരു സ്‌റ്റുഡിയോയില്‍ ഏല്‍പ്പിക്കുകയും ചെയ്‌തു.
അയാള്‍ ശ്രീലങ്കക്കാരനായിരുന്നു.
ഒരു തമിഴത്തി പ്രസിഡന്റിന്റെ ഫോട്ടോയുമായി വന്നിട്ടുണ്ടെന്ന് അയാള്‍ പൊലീസിനെ വിളിച്ചറിയിച്ചു. കാര്യങ്ങള്‍ കൈവിട്ടുപോയത് പെട്ടെന്നായിരുന്നു.
പൊലീസ് അവളെയും കുടുംബത്തേയും കൈയോടെ പൊക്കി. രണ്ടുദിവസം ലോക്കപ്പ് പീഡനം കഴിഞ്ഞാണ്, മോഹന്‍ദാസിനെ പൊലീസ് വിളിച്ചത്.
മാന്യമായാണ് പൊലീസ് പെരുമാറിയത്. താന്‍ നല്‍കിയ മൊഴിയും തമിഴ് ജോലിക്കാരി പറഞ്ഞതും ഒരുപോലെയായിരുന്നു എന്നത് ആശ്വാസമായി. ഒരു സ്‌റ്റേറ്റ്‌മെന്റ് എഴുതി വാങ്ങി പൊയ്‌ക്കോളാന്‍ പറഞ്ഞിട്ടും ഭയം വേട്ടയാടിക്കോണ്ടിരുന്നു.
അന്യരാജ്യം, മറ്റൊരു നിയമം, ചോദിക്കാനും പറയാനും ആരുമില്ല..!!.
എന്തുവകുപ്പ് ചേര്‍ത്തും കേസെടുക്കാം..പിന്നെ....
പിന്നീടുള്ള കാലം സംശയത്തിന്റെ കരിനിഴലില്‍ കഴിഞ്ഞുകൂടുക എന്ന ഭീകരാവസ്‌ഥയിലായിരുന്നു താനെന്ന് മോഹന്‍ദാസ്. തിരിച്ചു നാട്ടില്‍ എത്തും വരേയും...
അതിനുശേഷം അവളെ വേലയ്‌ക്കു വച്ചില്ലെന്നതാണ് ഈ കഥയുടെ ക്ലൈമാക്‌സ്.
തിരുചെല്‍വം വധം
ഒരു സാധരണ പ്രഭാതം. മുമ്പ് പ്രാതല്‍ കഴിക്കുകയായിരുന്നു. ഭക്ഷണം വായില്‍ വയ്‌ക്കുന്നതിനിടെ ഉഗ്രസ്‌ഫോടന ശബ്ദം. വീടിന്റെ പിറകിലാണ്.
കാര്യമായി എന്തൊ പറ്റിയിട്ടുണ്ടെന്നു ഭാര്യയോടു പറഞ്ഞ്, ഇറങ്ങിയോടി. വീടിനു പിറകിലെ കവലയിലാണ് സ്‌ഫോടനമെന്ന് വ്യക്‌തം.
അവിടെയെത്തുമ്പോള്‍ കണ്ട കാഴ്‌ച...
ബെല്‍റ്റ് ബോംബ് ഘടിപ്പിച്ച ചാവേര്‍ ആക്രമണമാണ്.
അരയ്‌ക്കുമുകള്‍ഭാഗം വേറിട്ട ജഡം ഒരു മരക്കൊമ്പില്‍ തലകീഴായി തൂങ്ങിക്കിടക്കുന്നു..കാലും വേര്‍പെട്ട കൈയും മറ്റൊരു മരത്തില്‍...
ചിതറിപ്പോയ ചാവേര്‍...
മുഖത്തിനോ മറ്റു ശരീരഭാഗങ്ങള്‍ക്കോ ഒരു കേടുമില്ല. അതാണ് ബെല്‍റ്റ് ബോംബിന്റെ പ്രത്യേകത. ശരീരഭാഗങ്ങള്‍ വേറിട്ടുപോയാലും ചേര്‍ത്തുവച്ചാല്‍ പൂര്‍ണരൂപം...!
ആ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്, തമിഴ് ബുദ്ധിജീവിയും മിതവാദിയുമായ തിരുചെല്‍വമായിരുന്നു. കനത്ത സുരക്ഷാവലയത്തിലായിരുന്നിട്ടും അദ്ദേഹത്തിന്റെ കാര്‍ ചാവേര്‍ തകര്‍ത്തെറിഞ്ഞു. ഒപ്പം ആ മഹത്തായ ജീവിതത്തേയും..
ആ കഥ ഇങ്ങിനെ:
കോളജ് അധ്യാപകനായ തിരുചെല്‍വം പ്രഭാകരന്റെ നോട്ടപ്പുളളിയാകുന്നത് മിതവാദിയായതിലൂടെയാണ്. പ്രഭാകരന്റെ നോട്ടം വീണാല്‍, ഭൂമിയില്‍ അനുവദിച്ച സമയം പെട്ടെന്നു തീരുമെന്നാണ് അനുഭവം. ശക്‌തമായ സുരക്ഷ സര്‍ക്കാര്‍ അനുവദിയ്‌ക്കുകയും ചെയ്‌തു.
ആറുമാസമാണ് ഈ കൊലപാതകം ആസൂത്രണം ചെയ്യാന്‍ പുലികളെടുത്തത്...!.
രാവിലെ ഒമ്പതിനു വീട്ടില്‍ നിന്നിറങ്ങുന്ന തിരുചെല്‍വത്തിന്റെ കാര്‍, കവലയിലെ ട്രാഫിക് ലൈറ്റില്‍ കുടുങ്ങും. എത്ര നിമിഷം അങ്ങിനെ നില്‍ക്കും എന്ന് നിരീക്ഷിച്ചു മനസ്സിലാക്കാന്‍ മാസങ്ങളോളം ഒരു പുലി അവിടെ നിരീക്ഷനായി നിന്നു. തുടര്‍ന്നായിരുന്നു ഓപ്പറേഷന്‍. സൈനികവാഹനം കാറിനു പിന്നിലുണ്ടായിരുന്നിട്ടും, റോഡ് മുറിച്ചു കടക്കുന്ന ഒരു സാധാരണക്കാരനായി അവനെത്തി..
സാധാരണക്കാരെ പോലെ നിര്‍ത്തിയിട്ട കാറിന്റെ ബോണറ്റില്‍ ഒന്നു തട്ടി..
തുടര്‍ന്നായിരുന്നു ബെല്‍റ്റില്‍ വിരല്‍ അമര്‍ത്തിയത്...!!.
ഒരു സെക്കന്റ് പോലും പിഴയ്‌ക്കാത്ത കണക്കുകൂട്ടല്‍...പുലിയാക്രമണത്തിന്റെ ശൈലി അതായിരുന്നു.
വെടിയേറ്റ ജാഫ്‌ന
ജാഫ്‌്‌ന പുലികളില്‍ നിന്നു പിടിച്ചെടുത്തപ്പോള്‍, നഗരം കാണിക്കാന്‍ സൈന്യം പത്രപ്രവര്‍ത്തകരെ കൊണ്ടുപോയി. അവിടെയെത്താന്‍ പുലി സങ്കേതങ്ങളിലൂടെയാണ് റോഡുകള്‍. കടലിലൂടെയും സാധ്യമല്ല. കടല്‍പ്പുലികളുണ്ട്.
വിമാനമാണ് ഏക മാര്‍ഗ്ഗം.
റഷ്യന്‍ പൈലറ്റ് പറത്തുന്ന വിമാനത്തിലാണ് യാത്ര. രണ്ടുമാസം മുമ്പെ, രണ്ടു വിമാനങ്ങള്‍ പുലികള്‍ വെടിവച്ചിട്ട സംഭവം ഉള്ളിലുണ്ട്. ജീവന്‍, ഈശ്വരനെ ഏല്‍പ്പിച്ചായിരുന്നു വിമാനം കയറിയത്. ജാഫ്‌നയ്‌ക്കു മുകളില്‍ വിമാനം വട്ടമിട്ടു. കടലില്‍ സായുധ നാവികര്‍ കാവല്‍ നിന്നു. അവര്‍ക്കുമുകളിലൂടെയാണ് വിമാനമിറക്കിയത്.
വെടിയേറ്റു തുളവീഴാത്ത ഒറ്റകെട്ടിടവും അന്ന് ജാഫ്‌നയില്‍ ഉണ്ടായിരുന്നില്ലെന്ന് മോഹന്‍ദാസ്.
ജാഫ്‌നയ്‌ക്കു വേണ്ടി രൂക്ഷപോരാട്ടമാണ് സൈന്യവും പുലികളും തമ്മില്‍ നടന്നത് എന്നത് ചരിത്രം.
പുലികളില്‍ നിന്നു തിരിച്ചുപിടിച്ചെങ്കിലും പിരിമുറുക്കം ഒട്ടും അയഞ്ഞിട്ടില്ലാത്ത അന്തരീക്ഷം. പുലികള്‍ പലയിടങ്ങളിലായി സ്‌ഥാപിച്ച മൈനുകള്‍ ഇപ്പോഴും കണ്ടേക്കാം. സൈനിക ട്രക്കിനൊപ്പം ഒരു പിടി ചാരമാകാന്‍ നിമിഷങ്ങള്‍ മതി...
തിരികെ മടങ്ങുമ്പോഴും ആയുസ്സിന്റെ ബലത്തിനെ കുറിച്ച് ഉറപ്പുണ്ടായിരുന്നില്ല.
റണ്‍വേയിലൂടെ ഓടിപ്പറന്നുയരുന്നതിനു പകരം ഒറ്റയടിക്കു പൊന്തുകയാണ് രീതി. റണ്‍വേയിലൂടെ ഓടി ഉയരുമ്പോള്‍, റോക്കറ്റ് ആക്രമണത്തിനു സമയം കിട്ടാനിടയുളളതുകൊണ്ടായിരുന്നു ഇത്..
മരണത്തോടൊപ്പം ഉണ്ടും ഉറങ്ങിയും കഴിഞ്ഞ നാളുകളിലേയ്‌ക്ക് വീണ്ടും മടങ്ങിച്ചെല്ലുമ്പോള്‍, പത്രപ്രവര്‍ത്തനമെന്നത് തൊഴിലായിരുന്നില്ല; ജീവതം തന്നെയാണെന്ന് തിരിച്ചറിയുന്നു.
മാവുകള്‍ തണല്‍വിരിച്ച ഭഋഷികേശി'ന്റെ മുറ്റത്തോളം യാത്രയയ്‌ക്കാന്‍ മോഹന്‍ദാസ് വന്നു.
ആ മനസ്സില്‍, തീത്തുപ്പുന്ന ശ്രീലങ്കന്‍ രാത്രികള്‍ ഇപ്പോഴും ഉറക്കംകെടുത്തുന്നുണ്ടാവുമോ...?
ഉണ്ടാകാം. ഉണ്ടാവണം. കാരണം നമ്മളൊക്കെ വെറും മനുഷ്യരാണല്ലോ..
ബാലുമേനോന്‍ എം.
Photo: Sudip Eeyes