Saturday, May 30, 2015

തീയില്‍ തഴച്ച ഒരു ജന്മം




തീരെ വയ്യാതായി. ആശുപത്രിക്കിടക്കയില്‍, ഡോക്ടര്‍ ഇന്നോ നാളെയോ എന്ന ചിന്തയോടെ നോക്കിക്കൊണ്ടിരിക്കുന്നു.. 
സംസാരിക്കാന്‍ വയ്യ. ശക്തമായി ശ്വാസംമുട്ടിവലിച്ചുകൊണ്ടിരുന്നു.
എന്നെ അടുത്തുപിടിച്ചിരുത്തി, മടിയില്‍ ചാഞ്ഞു കിടന്നു...
പിന്നെ, കൈകാണിച്ച് മോളെ വിളിച്ചു. എന്നിട്ട് പ്രിയപ്പെട്ട ടേപ്പ് റിക്കാര്‍ഡര്‍ കൊണ്ടുവരാന്‍ ആംഗ്യം കാണിച്ചു..
ഞാന്‍ ചോദിച്ചു..എന്തിനേ ഈ വയ്യാതിരിക്കുമ്പോള്‍?
വേണമെന്ന് വീണ്ടും ആംഗ്യം.
ടേപ്പ് റിക്കാര്‍ഡര്‍ കൈയില്‍ കിട്ടിയപ്പോള്‍ പ്രിയപ്പെട്ട ആ ഗാനം വച്ചു-റാഫി സാഹബിന്റെ മധുരസ്വരം ആശുപത്രി മുറിയില്‍ ഒഴുകിപ്പരന്നു..
''സൗ സാല്‍ പഹലേ മുഝെ തുംസെ പ്യാര്‍ ഥാ..
മുഝെ തുംസെ പ്യാര്‍ ഥാ, ആജ് ഭീ ഹൈ
ഓര്‍ കല്‍ ഭീ രഹേഗാ...''
ടേപ്പ് റിക്കാര്‍ഡര്‍ എന്റെ ചെവിയിലേയ്ക്കു വച്ചുതന്നു. മുഖത്ത് ചോദ്യഭാവവുമായി ഞാന്‍ വീണ്ടും നോക്കിയപ്പോള്‍, കൈകൊണ്ടു ആംഗ്യം കാണിച്ചു-
'എനിക്കു വേണ്ടി നീയിതു കേള്‍ക്കുക...!!'.
പതുക്കെ ആ കണ്ണുകളടഞ്ഞു.
 
നിഷേധിയായ എഴുത്തുകാരന്‍. കാലത്തിനും മുമ്പെ പറന്ന ജീനിയസ്സ്.. മലയാള സാഹിത്യലോകം തിരിച്ചറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു നടിച്ചു മറവിയിലേയ്ക്കു തള്ളിയ വി.ടി. നന്ദകുമാര്‍ എന്ന ബഹുമുഖ പ്രതിഭയെ ഓര്‍ത്തെടുക്കുകയാണ് ഭാര്യ ലളിത. അഗ്നിപരീക്ഷണമായിരുന്നു ജീവിതത്തില്‍, പതറാതെ നിന്നു.. എഴുത്തുമാത്രമായി നടന്ന ഒരു മനുഷ്യനെ 'നന്നായി നോക്കിമരിപ്പിച്ചു'എന്ന ചാരിതാര്‍ത്ഥ്യത്തോടെ..
ജീവിതകാലമത്രയും അനുഭവിച്ച തീയുടെ ചൂട് വാക്കുകളില്‍ നിറഞ്ഞുകൊണ്ടിരുന്നു. കുടിലതകളും വഞ്ചനകളും നിറഞ്ഞ സാഹിത്യ-സിനിമാ ലോകത്തെ തിക്താനുഭവങ്ങള്‍...
ഒരു പക്ഷെ, അവര്‍ ഒരു ആത്മകഥ തുറന്നെഴുതിയെങ്കില്‍ മലയാളസാഹിത്യത്തിലെ പലരുടെയും പൊയ്മുഖങ്ങള്‍ വലിച്ചു കീറപ്പെടുമായിരുന്നു..
അതുണ്ടായില്ല. പകരം അവര്‍ അതെല്ലാം ഇന്നലെ നടന്നവയെന്ന പോലെ ഓര്‍ത്തുവച്ചു. അന്വേഷിച്ചെത്തുന്നവരോടുപോലും ഒന്നും പറയാതെ..
 
പരുക്കനും ഒപ്പം കരുത്തുറ്റതുമായ പ്രമേയങ്ങള്‍ മലയാളസാഹിത്യത്തില്‍ അവതരിപ്പിച്ച വി.ടി.നന്ദകുമാറിന്റെതായി നാടകങ്ങളും നോവലുകളും ഇരുന്നൂറോളം ചെറുകഥകളും നമുക്കു കിട്ടിയിട്ടുണ്ട്. ഇതു കൂടാതെ തിരക്കഥകളും. വിടി എഴുതുകയായിരുന്നില്ല. കഥ പറയുകയായിരുന്നു. കേട്ടെഴുതുന്നത് ലളിത എന്ന വിടിയുടെ ജീവിത സഖി!.
'ഞാനാണ് എഴുതുക. നന്ദേട്ടന്‍ ഡിക്‌ടേറ്റ് ചെയ്യും...'
സാമ്പ്രദായിക രീതികളില്‍ നിന്നു വേറിട്ടു നടന്ന വി.ടിയ്ക്ക് സാഹിത്യത്തറവാട്ടില്‍ ഇരിപ്പിടമില്ലായിരുന്നു. ഒരു ചട്ടക്കൂടിലും ഒതുങ്ങാന്‍ കൂട്ടാക്കാത്ത പ്രകൃതംമൂലം അദ്ദേഹം സാഹിത്യ സംഘടനകളില്‍ നിന്നെല്ലാം മാറിനടന്നു..
 
കുടിക്കുമായിരുന്നു.
'നന്നായി കുടിക്കും. നോവല്‍ എഴുതിത്തുടങ്ങുന്നതിന്റെ തലേന്ന്...!.പിറ്റേന്ന് എഴുതാന്‍ തുടങ്ങും...!!'.
ലളിത നന്ദകുമാര്‍ ഓര്‍ത്തു. ഒരു കാലത്ത് സാഹിത്യകാരന്‍മാര്‍ വരികയും താമസിക്കുകയും ഒക്കെ ചെയ്തിരുന്ന തറവാട്ടിന്റെ അകത്തളത്തില്‍, ഓര്‍മ്മകള്‍ക്ക് ഇപ്പോഴും ഒരു താളക്രമമുണ്ട്..
ഒരു എഴുത്തുകാരന്റെ ഭാര്യയാവുക..ഒപ്പം ജീവിതപ്രാരാബ്ധങ്ങള്‍ കെട്ടിവലിക്കേണ്ടിവന്ന ഒരു കുടുംബിനിയും അമ്മയുമാകുക!.
അതാണ് ലളിത നന്ദകുമാറിന്റെ ജീവിത കഥ. ആ കഥ വായിച്ചുപോകുമ്പോള്‍ നാം എത്തിച്ചേരുന്നത്, മലയാള സാഹിത്യത്തില്‍ വിസ്മയം തീര്‍ത്ത ഒരു എഴുത്തുകാരന്റെ ഉള്‍ച്ചൂടിലേയ്ക്കും. കുടത്തില്‍ വെച്ച ദീപം പോലെയുള്ള ഒരെഴുത്തുകാരന്‍..
പ്രകാശം പുറത്തേയ്ക്കു പ്രവഹിച്ചില്ല. അതിനൊട്ടു മോഹിച്ചുമില്ല..
'നീ എല്ലാം നോക്കിക്കോ....' എന്നാണ് എന്നോടു പറഞ്ഞത്. നന്ദേട്ടനെ അടക്കം എല്ലാം എന്നെ ഏല്‍പ്പിക്കുകയായിരുന്നു..
അതൊരു വെല്ലുവിളിയും കൂടിയായിരുന്നു. എഴുത്തും യാത്രകളുമായി നടന്ന വിടി. വീട്ടില്‍ അരിവച്ചോ എന്നുപോലും അറിഞ്ഞിരുന്നില്ല.
'ചിലപ്പോള്‍ ഉച്ചയ്ക്ക് ചോറുവയ്ക്കാന്‍ അരിയുണ്ടാവില്ല...' ഓര്‍മ്മളില്‍ ഒഴുകിയ അവര്‍ ഒന്നു നിര്‍ത്തി..
'ജീവിയ്ക്കാന്‍  ഒരു എല്‍ഐസി ഏജന്റായീ ഞാന്‍..'
 
സാഹിത്യലോകത്ത് ഒറ്റയാനായി നടന്ന വി.ടി.നന്ദകുമാറിനെ അറിയുന്ന തലമുറയല്ല ഇന്നത്തേത്. 1974-  'രണ്ടു പെണ്‍കുട്ടികള്‍' എന്ന  നോവല്‍ പുറത്തിറങ്ങിയത് മലയാള സാഹിത്യരംഗത്ത് കൊടുങ്കാറ്റുയര്‍ത്തി എന്നറിയുന്നവര്‍ എത്രപേര്‍ കാണും?. സ്ത്രീയും സ്ത്രീയും തമ്മിലുള്ള പ്രണയം (ലെസ്ബിയനിസം) സാര്‍വത്രികമായ ഇന്നത്തെ കാലത്തിനും മുമ്പ്, മലയാളത്തില്‍ അതിനെ പ്രമേയമാക്കി വി.ടി.നന്ദകുമാറിന്റെ രണ്ടു പെണ്‍കുട്ടികള്‍...
സ്വവര്‍ഗ്ഗരതി എന്നു കേള്‍ക്കുമ്പോള്‍ 'നമ്മുടെ നാട്ടിലോ?' എന്ന് മൂക്കത്ത് വിരല്‍ വെയ്ക്കുന്ന കാലത്തായിരുന്നു ഇതെന്ന് ഓര്‍ക്കുക..!. ഈ നോവല്‍ പിന്നീട് സിനിമയാകുന്നു. അതും വിമര്‍ശനങ്ങളുടെ കൊടുങ്കാറ്റഴിച്ചുവിട്ടു.
മലയാളത്തിലെ തലപൊക്കം തികഞ്ഞ സംവിധായകന്‍, മോഹന്റെ സിനിമയിലേയ്ക്കുള്ള കടന്നുവരവുകൂടിയായിരുന്നു അത്. വിടിയുടെ കഥയ്ക്ക് തിരക്കഥ ചമച്ചത് സുരാസുവും. 
മാധവിക്കുട്ടിയുടെ 'ചന്ദനമരങ്ങള്‍' വരുന്നതിനും മുമ്പെ, പത്മരാജന്റെ 'ദേശാടനക്കിളി കരയാറില്ല' എന്ന സിനിമ പുറത്തുവരുന്നതിനും വര്‍ഷങ്ങള്‍ക്കു മുമ്പെ വി.ടി. നന്ദകുമാര്‍ ഈ വഴിയിലൂടെ നടന്നുപോയി. ഒറ്റയ്ക്ക്. ഒറ്റയാനായി..!.
 
രണ്ടു പെണ്‍കുട്ടികള്‍ എന്ന 'വഴിവിട്ട' കഥയിലേയ്ക്ക്..
 
'ചേച്ചിയെ ഞാന്‍ ഒരിക്കലും മറക്കില്ല. ചേച്ചി എന്നോടു പിണങ്ങുന്ന ദിവസം ഞാന്‍ ഹൃദയം പൊട്ടി മരിക്കും. എന്റെ മനസ്സിലുള്ളതു മുഴുവന്‍ ഈ കത്തില്‍ എഴുതാന്‍ കഴിയില്ല. അതെല്ലാം പറയാനായി ഞാന്‍ ശനിയാഴ്ച വരും. പിന്നെ ചേച്ചിയോടൊന്നിച്ചു താമസിക്കും. രാത്രി നമുക്കൊരുമിച്ചിരുന്നു സംസാരിക്കാം. ഒന്നിച്ചു കിടന്നുറങ്ങുകയും ചെയ്യാം. അപ്പോള്‍ ചേച്ചി പറയുന്നതുപോലെ എല്ലാമാകാം. ഇനിയെല്ലാം നേരിട്ടുകാണുമ്പോള്‍ . എന്നു ചേച്ചിയുടെ കോകില'
(രണ്ടുപെണ്‍കുട്ടികള്‍ ).
 
സ്വവര്‍ഗ്ഗാനുരാഗത്തിന്റെ സുരഭിലഭാവങ്ങള്‍ ആവാഹിച്ച ശക്തമായ കഥാവിഷ്‌കാരം, നന്ദകുമാര്‍ വിവരിക്കുമ്പോള്‍ എഴുതിയെടുത്തുകൊണ്ടിരുന്ന ലളിത, പലകുറി പേന നിലത്തിട്ടു!. എന്നേക്കൊണ്ടു പറ്റില്ലെന്ന് പറഞ്ഞു..!. 
'ഞാന്‍ പറയുന്നത് എഴുതുക...' എന്ന് ഒറ്റവാക്കില്‍ പറഞ്ഞ്, നന്ദേട്ടന്‍ കഥ തുടര്‍ന്നു... 
കോകിലയുടേയും ഗിരിജയുടേയും അസാധാരണ പ്രണയകഥ..!. 
 
ഈ കഥയുടെ ആരംഭത്തിനു പിന്നില്‍ മറ്റൊരുകഥയുണ്ട്. അതിങ്ങിനെ:
വി.ടിയുടെ പത്രാധിപത്യത്തില്‍, എറണാകുളത്തുനിന്നു ഒരു വാരിക പ്രസിദ്ധീകരിച്ചിരുന്നു- യാത്ര. ഇതിലെ മനഃശാസ്ത്ര പംക്തിയിലേയ്ക്കു വന്ന ഒരു കത്താണ് അസാധരണമായ ഈ പ്രണയകഥയുടെ ആദ്യ നാമ്പ്. ഡോ. പി.എം. മാത്യൂസിനു വന്നു കൊണ്ടിരുന്ന അസാധാരണമായ കത്തുകള്‍ പുരുഷന്റെ പേരിലായിരുന്നു. പിന്നീടാണ് സ്ത്രീയാണ് എഴുതുന്നതെന്ന് അറിയുന്നത്. 
'വൈക്കം ചന്ദ്രശേഖരന്‍ നായരാണ് ഇതില്‍ ഒരു കഥയുണ്ടെന്ന് നന്ദേട്ടനോട് പറഞ്ഞത്..'.
74ല്‍ ഒന്നാം പതിപ്പിറങ്ങിയ ശേഷം ഈ നോവല്‍ പിന്നീട് പ്രസിദ്ധീകരിക്കാന്‍ ആരും മുന്നോട്ടു വന്നില്ല. പിന്നീട് 2010ല്‍ ഡിസി അതു വീണ്ടും അച്ചടിച്ചു. 2012ല്‍ വീണ്ടും മറ്റൊരു പതിപ്പുകൂടി വേണ്ടിവന്നു..!. 
സാഹിത്യലോകത്തിന്റെ പുറമ്പോക്കിലേയ്ക്കു മാറ്റി നിര്‍ത്തപ്പെടുന്നതിന്റെ വേദനകളുണ്ടായിരുന്നു. പക്ഷെ, ആരുടേയും കാലുപിടിക്കാന്‍ തയ്യാറായില്ല. എഴുത്തായിരുന്നു ജീവനും ജീവിതവും..
 
കോകില, ഗിരിജ എന്നീ പെണ്‍കുട്ടികളുടെ വികാരവിചാരങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്യുന്ന ഈ നോവല്‍ സൃഷ്ടിച്ച വിസ്‌ഫോടനത്തിന്റെ അലകള്‍ ഇപ്പോഴും അടങ്ങിയിട്ടില്ല. 1978ല്‍ സിനിമയായപ്പോള്‍ ശോഭയും അനുപമയുമാണ് രണ്ടു പെണ്‍കുട്ടികളെ അവതരിപ്പിച്ചത്. 
നോവല്‍ സിനിമയാക്കിയപ്പോള്‍, അതിലെ ലൈംഗികതയ്ക്ക് അത്രയും ഊന്നല്‍ നല്‍കിയില്ല, മോഹന്‍. രണ്ട് പെണ്‍കുട്ടികള്‍ തമ്മിലുള്ള സൂക്ഷ്മവും ഗാഢവുമായ സൗഹൃദത്തിന്റെ കഥയാണ് മോഹന്‍ തന്റെ സിനിമയില്‍ പറയുന്നത്. ഇതേപറ്റി മോഹന്‍ തന്നെ ഒരിക്കല്‍ പറയുകയുണ്ടായിട്ടുണ്ട്. കൗമാരക്കാരായ രണ്ടു പെണ്‍കുട്ടികള്‍ തമ്മില്‍ രൂപപ്പെടുന്ന അസാധാരണ ആത്മബന്ധത്തിന്റെ കഥയാണത്. സൗഹൃദത്തിന്റെ തലംവിട്ട് പല മാനങ്ങളിലേക്കും വികസിക്കുന്ന ബന്ധം. ഇതിലെ കേന്ദ്രകഥാപാത്രം എപ്പോഴോ ഒരു ബലാത്‌സംഗശ്രമത്തിന് ഇരയാകുന്നുണ്ട്. അതിനെതുടര്‍ന്ന് അവള്‍ക്ക് ആണ്‍വര്‍ഗത്തിനോട് തോന്നുന്ന അമര്‍ഷവും പെണ്‍സുഹൃത്തിനോട് തോന്നുന്ന ആകര്‍ഷണീയതയുമാണ് വിഷയം. മലയാളസിനിമ അതുവരെ കൈകാര്യംചെയ്യാത്ത വിഷയമാണ്. 1978ലെ ന്യൂ ജനറേഷന്‍ സിനിമയായിരുന്നു അത്. ഇന്ത്യന്‍സിനിമ ലെസ്ബിയനിസം എന്ന വിഷയം ആദ്യമായി കൈകാര്യംചെയ്യുകയായിരുന്നു 'രണ്ടു പെണ്‍കുട്ടികളി'ലൂടെ. ശൈലിയിലും ഘടനയിലും ഒരു പുതിയ പരീക്ഷണം.
കഥയുടെ ക്രെഡിറ്റ് വി.ടി.നന്ദകുമാറിനു തന്നെ സിനിമയില്‍ നല്‍കി. എണ്ണായിരം രൂപയായിരുന്നു കഥയുടെ അവകാശത്തിനായി നല്‍കിയത്. 
 
'അന്നൊക്കെ പണം നന്ദേട്ടനു കൊടുക്കുന്ന സിനിമാക്കാര്‍ ഇല്ലായിരുന്നു. തിരക്കഥ എഴുതി വാങ്ങും. ഒരു കുപ്പിയും കൊടുക്കും...'
ഇതു പതിവു പരിപാടിയായപ്പോള്‍, കുടുംബകാര്യങ്ങള്‍ വല്ലാതെ ബുദ്ധിമുട്ടിലായപ്പോള്‍ ഞാന്‍ ഇടപെട്ടു തുടങ്ങി..
സിനിമ തിയ്യറ്ററിലെത്തുമ്പോള്‍, തിരിക്കഥാകൃത്ത് മറ്റൊരാള്‍..!!.
അതൊന്നും നന്ദേട്ടനെ ഏശിയതേയില്ല. പക്ഷെ, എനിക്കത് താങ്ങാനായില്ല..
'രാസലീല' സിനിമ ഇറങ്ങിയപ്പോള്‍, തിരക്കഥാകൃത്ത് മറ്റൊരാള്‍. ഞാന്‍ കേസുകൊടുത്തു....
പ്രതിഫലം പോലും കൊടുക്കാതെ വാങ്ങിക്കൊണ്ടുപോയ തിരക്കഥയായിരുന്നു അത്. എഴുത്തുകാരന്റെ പേര്‍ പോലും വയ്ക്കാന്‍ അവര്‍ മാന്യത കാട്ടിയില്ല. 
അഡ്വ. ഐസക് തോമസിനെ കണ്ട് ഞാന്‍ സിനിമയ്ക്ക് സ്‌റ്റേ വാങ്ങിച്ചു..
ആ പോരാട്ടകാലം ഓര്‍മ്മിക്കുമ്പോള്‍, ലളിതയുടെ മുഖത്ത് ഭാവമാറ്റം കണ്ടു. കാലം ഓര്‍മ്മകളുടെ കനലുകള്‍ അണച്ചിട്ടില്ലെന്ന് വ്യക്തം.
അന്നു രാത്രി സിനിമാ നിര്‍മ്മാതാവടക്കമുള്ളവര്‍ കാറില്‍ വീട്ടിലെത്തി. പതിനായിരം രൂപ തരാമെന്നു പറഞ്ഞു..
നന്ദേട്ടനെ സംസാരിക്കാന്‍ വിടാതെ ഞാനാണ് സംസാരിച്ചത്. 
അത്രയും പണം പോരെന്നു പറഞ്ഞു..
ചെക്കു തരാന്‍ പോയപ്പോള്‍ എതിര്‍ത്തു..ചെക്ക് വേണ്ടെന്ന് പറഞ്ഞു. പണമായിട്ടു തന്നെ ഞാന്‍ വാങ്ങി. 
വണ്ടിച്ചെക്ക് എനിക്കെന്തിന്..?
സിനിമയില്‍ തിരക്കഥാകൃത്ത് നന്ദേട്ടന്റെ പേരു വരണമെന്ന ആവശ്യവും അംഗീകരിച്ച് അവര്‍ പോയി...
തീര്‍ന്നില്ല...
സിനിമയില്‍ തിരക്കഥാകൃത്തായി അവര്‍ നന്ദേട്ടന്റെ പേര്‍ വച്ചു...പക്ഷെ, നന്ദേട്ടന്റെ നാടായ കൊടുങ്ങല്ലൂരിലെ തിയറ്ററുകളില്‍ മാത്രം...!!. മറ്റെവിടേയും ഇല്ല..!!.
വഞ്ചനയുടേയും നന്ദികേടിന്റെയും സിനിമാലോക വിശേഷങ്ങള്‍ പങ്കുവയ്ക്കവേ, ലളിതാമ്മ വീണ്ടും 'രണ്ടു പെണ്‍കുട്ടികളി'ലേയ്ക്കു വന്നു....
'ചിത്രകാര്‍ത്തിക' വാരികയിലായിരുന്നു അതു അച്ചടിച്ചു വന്നത്. അന്ന് ഈ വീട്ടില്‍ കത്തുകളുടെ പ്രളയമായിരുന്നു- തെറിക്കത്തുകളുടെ...!.
അത്രയേറെ ചീത്തവിളി മറ്റൊരു എഴുത്തുകാരനും കേട്ടുകാണില്ല, ആയുസ്സുകാലത്ത്..
വിവാദങ്ങളോര്‍ത്താവാം, നീണ്ട പതിനാലു വര്‍ഷത്തോളം സ്ത്രീയുടെ സ്വവര്‍ഗ്ഗപ്രണയം പാശ്ചാത്തലമാക്കി ആരും ചിന്തിച്ചില്ല; എഴുതിയതുമില്ല. 1988ല്‍ മാധവിക്കുട്ടിയാണ് പിന്നീട് ആ വഴി വീണ്ടും സഞ്ചരിയ്ക്കാന്‍ ധൈര്യം കാട്ടിയത്- ചന്ദനമരങ്ങള്‍..
ഒന്നു കൂടിയുണ്ട് ട്ട്വോ..ഈ കഥയുടെ അവസാന ഭാഗത്ത്. രണ്ടു പെണ്‍കുട്ടികള്‍ സിനിമയില്‍ പുതുമുഖ നായികയായെത്തിയ അനുപമ എന്ന പെണ്‍കുട്ടിയാണ് സംവിധായകന്‍ മോഹന്റെ ജീവിത സഖിയായത്- അവര്‍ പുഞ്ചിരിച്ചു.
പിന്നെ സംസാരം ചെന്നു നിന്നത് കമല്‍ഹാസനില്‍.
അന്ന് 'വയനാടന്‍ തമ്പാന്‍' സിനിമ ഷൂട്ട് ചെയ്യുന്ന സമയം. നന്ദേട്ടനാണ് സ്‌ക്രിപ്റ്റ്. ഒരു അസാധാരണ മാന്ത്രിക കഥ. നായകനായ കമല്‍ഹാസന് നന്ദേട്ടന്റെ വീട്ടില്‍ വരണമെന്ന് ആഗ്രഹം..
എങ്ങിനെയോ വിവരം ചോര്‍ന്നു..
'ഈ വീട്ടുമുറ്റം നിറയേ ആളുകളായിരുന്നു..രാവിലെ മുതല്‍..!. കമല്‍ഹാസന്‍ ഇടക്കു വിളിച്ചു ചോദിക്കും- ആള്‍ക്കൂട്ടം ഒഴിഞ്ഞോ എന്ന്..!.
എന്നിട്ട് രാത്രി 12 മണിക്കാണ് ആള്‍ എത്തിയത്. എന്നിട്ട് ഇവിടെ നിന്ന് ഭക്ഷണമൊക്കെ കഴിച്ചേ പോയുള്ളൂ.
കമല്‍ഹാസനൊപ്പം നന്ദകുമാറും കുടുംബവും ചേര്‍ന്നെടുത്ത കറുപ്പുംവെളുപ്പും ഫോട്ടോ ഇപ്പോഴും ഷോക്കേസില്‍ സൂക്ഷിച്ചിരിക്കുന്നു..ചിതലരിക്കാത്ത ഓര്‍മ്മകള്‍...
 
'നാളത്തെ മഴവില്ല്' ആയിരുന്നു ആദ്യനോവല്‍ അത് എഴുതിയതിനു തന്നെ ചവിട്ടും കുത്തും ധാരാളമായി അനുഭവിച്ചയാളാണ് വിടിഎന്‍. അന്ന് ഇഎസ്‌ഐയില്‍ ജോലിയുളള കാലമാണ്. കടുത്ത കമ്മ്യൂണിസ്റ്റായിരുന്ന നന്ദേട്ടന്റെ എഴുത്തില്‍ അസ്വസ്ഥരായ മേലധികാരികള്‍, വിശദീകരണം ചോദിച്ചു... 
ആത്മപീഡനങ്ങളുടെ ആ കാലം ഓര്‍ക്കുമ്പോള്‍, ലളിതമ്മയുടെ വാക്കുകള്‍ മുറിയുന്നു..
അന്ന് മുന്നും പിന്നും നോക്കിയില്ല...നല്ലൊരു ജോലി നിസ്സാരമായി വലിച്ചെറിഞ്ഞു..
എഴുത്തിനോടായിരുന്നു മനസ്സ് മുഴവന്‍ ചേര്‍ത്തുവച്ചത്.
പ്രശ്‌നമറിഞ്ഞ് അന്ന് ഇടപെട്ടത്, പ്രൊഫ. ജോസഫ് മുണ്ടശേരി. അദ്ദേഹം ഇടപെട്ട് രാജി പിന്‍വലിപ്പിച്ചു. 
'മുണ്ടശേരി മാഷാണ് ഞങ്ങളെ അന്ന് സഹായിച്ചത്. എന്നെ ഒരു മകളെപോലെ കരുതി അദ്ദേഹം സഹായങ്ങള്‍ നല്‍കി'.
പക്ഷെ, രക്ഷയുണ്ടായിരുന്നില്ല. 
എഴുത്തിനെ തടസ്സപ്പെടുത്തുന്ന ഇടപെടലുകള്‍ വീണ്ടും ഉണ്ടായപ്പോള്‍ രാജിവച്ചു പോന്നു...
അതൊരു കാലമായിരുന്നു. ജീവിക്കാന്‍ മാര്‍ഗ്ഗമില്ല. സ്വന്തമായി നയാപൈസയില്ല. റോയല്‍റ്റി പോലും കൃത്യമായി കിട്ടുമായിരുന്നില്ല.
ഒടുവില്‍ ഒരു പത്രം തുടങ്ങാന്‍ തീരുമാനിച്ചു. അതിനും പണം വേണം..
'എന്റെ ആഭരണങ്ങളെല്ലാം പണയപ്പെടുത്തി..എറണാകുളത്തു നിന്ന് 'യാത്ര' എന്ന പേരില്‍ ഒരു വാരിക തുടങ്ങി..'.
വാരിക വിജയമായിരുന്നു. പക്ഷെ, വരുമാനമില്ല...
'നന്ദേട്ടന്‍ ഇരുപത്തിനാലു മണിക്കൂറും വാരികയുടെ കാര്യങ്ങളിലായിരുന്നു. ചില ദിവസങ്ങളില്‍ വെക്കാന്‍ അരിയുണ്ടായിരുന്നില്ല...'. 
 
എറണാകുളത്ത് വലിയൊരു തറവാട് വീടാണ് വാടകയ്ക്ക് കിട്ടിയത്. അവിടെ ഇല്ലായ്മയിലും കുടുംബത്തില്‍ എല്ലാം സൃഷ്ടിച്ചെടുക്കുന്ന മാജിക്കുമായി ലളിത എന്ന വീട്ടമ്മ...അക്ഷരലോകത്ത് മുങ്ങിപ്പൊങ്ങി വിടിയും. അന്ന് ഈ വീട്ടില്‍ ഉറുമ്പുകളെ പോലെ സാഹിത്യകാരന്‍മാര്‍ അരിച്ചാര്‍ത്തിരുന്നു..
തകഴി, വൈക്കം ചന്ദ്രശേഖരന്‍ നായര്‍, ഉറൂബ്, കാക്കനാടന്‍, വി.കെ.എന്‍, പി.ജെ. ആന്റണി...
ആരൊക്കെ..ആരൊക്കെ...!!. 
ആരും മോശമായിരുന്നില്ല...(കുടിക്കുന്ന ആംഗ്യം കാണിച്ച് ലളിതാമ്മ ചിരിച്ചു). 
'പി.ജെ. ആന്റണിയുമായി വലിയ അടുപ്പമായിരുന്നു..ബഷീറുമായും..
തകഴിയ്ക്ക് നേന്ത്രക്കായ ഉപ്പേരി വലിയ പഥ്യമായിരുന്നു...'
ഓര്‍മ്മകളുടെ ഓളങ്ങളില്‍ മുഴുകാനാവുന്നില്ല..ജീവിതമെന്ന യാഥാര്‍ത്ഥ്യം സര്‍വ്വഭീകരതയോടും കൂടി അവരുടെ മുമ്പില്‍ പല്ലിളിച്ചു നിന്നു.
പുസ്തകങ്ങളുടെ റോയല്‍റ്റി കൃത്യമായിരുന്നില്ല. വാരികയാണെങ്കില്‍ സാമ്പത്തിക നഷ്ടത്തില്‍...
എന്‍.ബി.എസില്‍ നിന്നു മാത്രമാണ് കൃത്യമായ റോയല്‍റ്റി കിട്ടിക്കൊണ്ടിരുന്നത്. 
സാമ്പത്തിക ഞെരുക്കം മൂലം 'യാത്ര' അവസാനിപ്പിച്ചു. പത്മരാജന്റെ ആദ്യ കഥ പ്രസിദ്ധീകരിച്ച വാരിക എന്ന ക്രെഡിറ്റോടെ..!. 
അപ്പോഴും മുണ്ടശേരി മാഷുടെ തണല്‍ തുണയായി. പന്ത്രണ്ടു സിനിമകള്‍ക്ക് സ്‌ക്രിപ്റ്റ് എഴുതി. ആര്‍.എസ് പ്രഭുമാത്രമാണ് ശരിക്കു പ്രതിഫലം നല്‍കിയത്..ബാക്കി സകലവരും പറ്റിച്ചു.. കുപ്പിമാത്രം കൊടുത്തു..!.
കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്കാരനായ വിടിയെ പാര്‍ട്ടിക്കാര്‍ പോലും സഹായിക്കാനുണ്ടായില്ല..
'പിന്നെ വീട്ടില്‍ വന്ന സഖാക്കളെ ഞാന്‍ ഓടിച്ചുവിട്ടു. പാര്‍ട്ടിയില്‍ നിന്നും വിടുവിക്കുകയായിരുന്നു ഞാന്‍...'. 
കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന വിടി പിന്നീട് ഹിന്ദുസമ്മേളനം സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കുന്ന വൈചിത്ര്യത്തിലേയ്ക്ക് കാര്യങ്ങള്‍ എത്തിപ്പെട്ടു എന്നത് പിന്‍കാല ചരിത്രം...!. 
 
പതിനേഴോളം നോവലുകളും ചെറുകഥാ സമാഹാരങ്ങളും നാടകങ്ങളുമടക്കം മുപ്പതോളം കൃതികള്‍ പ്രസിദ്ധീകരിച്ച എഴുത്തുകാരനെ അപ്പോളും മലയാള സര്‍ഗ്ഗ സാഹിത്യലോകം കണ്ടില്ലെന്നു നടിച്ചു. യഥാര്‍ത്ഥ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായി അദ്ദേഹം സൃഷ്ടിച്ച പരുപരുത്ത ലോകം അപ്പോഴും ഇടിമുഴക്കമായി നിന്നു..
ദൈവത്തിന്റെ മരണം, രക്തമില്ലാത്ത മനുഷ്യന്‍, ചാട്ടയും മാലയും, വണ്ടിപ്പറമ്പന്‍മാര്‍, ദേവഗീതം, തവവിരഹേ വനമാലീ, വീരഭദ്രന്‍, സമാധി, ഇരട്ടമുഖങ്ങള്‍, ഞാഞ്ഞൂള്‍, ആ ദേവത, രൂപങ്ജള്‍, സൈക്കിള്‍, ഭ്രാന്താശുപത്രി തുടങ്ങിയ നോവലുകള്‍ എന്നിവയെല്ലാം വായനക്കാരെ പിടിച്ചിരുത്തി. 
'ഇതൊക്കെ ഞാന്‍ എന്റെ കൈകൊണ്ട് എഴുതിത്തീര്‍ത്തതാണ്..നന്ദേട്ടന്‍ പറഞ്ഞു തരും...' എന്ന് ലളിതമ്മ.
ഒടുക്കം എന്റെ എല്‍ഐസി ഏജന്‍സിയാണ് ജീവിതം കരുപ്പിടിപ്പിച്ചത്. നന്ദേട്ടന്‍ അസുഖമായി മൂന്നുമാസം ആശുപത്രിയില്‍ കിടന്നപ്പോള്‍ സഹായമായത് ഈ വരുമാനമാര്‍ഗ്ഗമായിരുന്നു..
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തപ്പോള്‍, ആകെ ഒരു സഹായം ചെയ്തയാള്‍ ഇമ്പിച്ചി ബാവയായിരുന്നു. അദ്ദേഹം ഒരു പെന്‍ഷന്‍ പെട്ടെന്നു തന്നെ സാങ്്ഷന്‍ ചെയ്തു..
 
എഴുത്തുകാരിയായ കഥ
 
വി.ടി. നന്ദകുമാര്‍ എന്ന എഴുത്തുകാരന്റെ പകര്‍ത്തെഴുത്തുകാരി മാത്രമായിരുന്ന ലളിത ഒരു നോവല്‍ എഴുതിയ കഥയുണ്ട്. അതും വാശിപ്പുറത്ത്..!. 'ഇല്ലം' എന്ന പേരില്‍ കരുത്തയായ അന്തര്‍ജനത്തെ മുഖ്യകഥാപാത്രമാക്കി എഴുതിയ നോവല്‍ പലകുറി വിടിയോട് ഒന്നു വായിച്ചു നോക്കാന്‍ പറഞ്ഞു..
ഹോ..!. നീയെന്തെഴുതാന്‍ എന്ന മട്ടിലായിരുന്നു പ്രതികരണം. പിന്നെ നിര്‍ബന്ധിച്ചില്ല. അന്ന് തൃശൂരില്‍ നിന്നു പ്രസിദ്ധീകരിച്ചിരുന്ന 'എക്‌സ്പ്രസ്സ്' ദിനപത്രത്തിന്റെ വാരാന്ത്യപതിപ്പില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചു വന്നു. വാശി കാരണം കെ. ലളിത എന്നു മാത്രമേ പേര്‍ വച്ചുള്ളൂ...നന്ദകുമാര്‍ എന്ന വാല്‍ മുറിച്ചു..!. 
'അന്ന് നന്ദേട്ടന്‍ ആശുപത്രിയിലായിരുന്നു. കാണാനായി എംആര്‍ബി വന്നു. അദ്ദേഹം പറഞ്ഞു: നന്ദാ, എക്‌സ്പ്രസ്സില്‍ ഒരു നോവല്‍ വരുന്നുണ്ട് ട്വോ..അസ്സല് ഒരു നോവല്‍..വായിക്കണം..ആരാത് എഴുതണത് ആവോ..? ഒരു ലളിതയാണ്...'. നിഷ്‌കളങ്കമായ അദ്ദേഹത്തിന്റെ പ്രതികരണം കണ്ട് ഞങ്ങള്‍ രണ്ടു പേരും മിണ്ടാതിരുന്നു. എനിക്ക് സന്തോഷം സഹിക്കാന്‍ വയ്യായിരുന്നു. ഒടുവില്‍ നന്ദേട്ടന്‍ തന്നെ മൗനം ഭഞ്ജിച്ചു: 'ഇവളാണ് അതെഴുതിയത്'. 
അമ്പരന്ന എംആര്‍ബി ചോദിച്ചു- താന്‍ അതു വായിച്ചില്ലേ..?
മറുപടി പറഞ്ഞത് ഞാനാണ്: കൈകൊണ്ടു തൊട്ടിട്ടില്ല..അത്രയ്ക്ക് ദുഷ്ടനാ..(ചിരിച്ചുകൊണ്ട്, അങ്ങനെതന്നെയേ ഞാന്‍ പറഞ്ഞേ!).
എംആര്‍ബി പോയപ്പോള്‍ നന്ദേട്ടന്‍ പതുക്കെ പറഞ്ഞു: അതു പുസ്തകമാക്കുമ്പോള്‍ എനിക്കൊന്നു തരണം..!.
പറ്റില്ലെന്ന് അപ്പോള്‍ തന്നെ മറുപടിയും കൊടുത്തു..!.
പിന്നീട് സാഹിത്യപ്രവര്‍ത്തക സംഘം അതു പുസ്തകമാക്കി. അതേ പേരില്‍ ഓണക്കൂറിന്റെ ഒരു പുസ്തകവും വരുന്നതുകൊണ്ട് 'അകത്തില്ലം' എന്നു പേര്‍ മാറ്റി. 
'പുസ്തകത്തിലും നന്ദേട്ടന്റെ പേര്‍ വയ്ക്കാന്‍ ഞാന്‍ കൂട്ടാക്കിയില്ല'
പിന്നീട് ഒരിക്കല്‍ ബുക്ക് സ്്റ്റാളില്‍ ചെന്നപ്പോള്‍ നല്ല വില്‍പ്പന. അടുത്ത പതിപ്പില്‍ തന്റെ പേര്‍കൂടി ചേര്‍ത്തോളാന്‍ നന്ദേട്ടന്‍ പറഞ്ഞു...ലളിത വി.ടി. നന്ദകുമാര്‍!.
 
പൂര്‍ത്തിയാകാതെ പോയ പുസ്തകം
 
വി.ടി.നന്ദകുമാര്‍ എന്ന എഴുത്തുകാരന്റെ ജീവിതം പോലെ തന്നെ എഴുത്തിനും അര്‍ദ്ധവിരാമമായിരുന്നു. മഹാഭാരതത്തിലെ കര്‍ണ്ണനെ പ്രമേയമാക്കി ഒരു ബൃഹദ് നോവല്‍ അദ്ദേഹം എഴുതിത്തുടങ്ങിയിരുന്നു. ആറു ഭാഗങ്ങളിലായി ആറായിരത്തേളം പേജുകളുള്ള ഒരു കര്‍ണകഥ- എന്റെ കര്‍ണന്‍. അതിശക്തമായ ഭാഷയില്‍ നവീനമായൊരു എഴുത്തിന്റെ മുഖം വെട്ടിത്തുറന്നുകൊണ്ടായിരുന്നു 'കുങ്കുമ'ത്തില്‍ നോവല്‍ തുടങ്ങിയത്. അതിന്റെ ഒരു ഭാഗം പ്രസിദ്ധീകരിച്ചു കഴിഞ്ഞതോടെ തന്നെ വാരികയുടെ സര്‍ക്കുലേഷന്‍ കുതിച്ചുയര്‍ന്നു എന്ന് ചരിത്രം. പിന്നെ നടന്നത്, ചില ഇടപെടലുകളായിരുന്നു. സാഹിത്യജീവികളുടെ ഭാഗത്തുനിന്നും എന്നുമാത്രം പറയാനേ ലളിത നന്ദകുമാര്‍ ഇഷ്ടപ്പെട്ടുള്ളൂ. നോവലിന്റെ പ്രസിദ്ധീകരണം നിലച്ചു. പ്രസിദ്ധീകരിച്ചതത്രയും ഒരു പുസ്തകമാക്കി. ബാക്കിയുള്ള ആറു വാള്യങ്ങളും കൈയെഴുത്തു പ്രതികളായി ലളിതാമ്മയുടെ കൈയിലുണ്ട്....ഇപ്പോളും.
സാഹിത്യലോകത്തെ ക്ലിക്കുകളില്‍ നിന്നും എന്നും ഒഴിഞ്ഞു നിന്ന വി.ടി. പിന്നീട് മാനസികമായി ഉള്‍വലിഞ്ഞു. പിന്നീട് ഒരു വരി എഴുതിയതുമില്ല.
കൊടുങ്ങല്ലൂര്‍ കോവിലകത്ത് കുഞ്ഞുണ്ണിത്തമ്പുരാന്റേയും മാധവി അമ്മയുടേയും മകനായി പിറന്ന വി.ടി. ബിരുദപഠനം മുഴുമിയ്ക്കാതെ ഇന്ത്യമുഴുവന്‍ ചുറ്റിയടിച്ച് സംഭരിച്ച ജീവിതാനുഭവങ്ങള്‍ പരുക്കനായി എഴുതിവച്ചു. മലയാള സാഹിത്യത്തില്‍ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിച്ചു..ഒറ്റയാനായിരുന്നില്ല- ലളിതയേയും കൂടെ കൂട്ടി. 
'നന്ദേട്ടന്‍ സുഖമായി ജീവിച്ചു മരിച്ചു. എന്നെ ഏല്‍പ്പിച്ച കാര്യം എനിക്കും ചെയ്യാന്‍ പറ്റി. ഇനി ഞാന്‍ മാത്രം..' എന്നു പറഞ്ഞ് ലളിത നിര്‍ത്തുമ്പോള്‍, മുറ്റത്തു തണല്‍ വിരിച്ച മാവില്‍ നിന്നും തണുത്ത കാറ്റ് അകത്തളത്തിലേയ്ക്കു കടന്നുവന്നു. അതിന് വിടിയുടെ കൂസലില്ലായ്മയേക്കാള്‍ സ്‌നേഹത്തിന്റെ കുളിരുണ്ടായിരുന്നു.. പ്രിയപ്പെട്ട ആ ഗാനം പോലെ...
''സൗ സാല്‍ പഹലേ മുഝെ തുംസെ പ്യാര്‍ ഥാ..
മുഝെ തുംസെ പ്യാര്‍ ഥാ, ആജ് ഭീ ഹൈ
ഓര്‍ കല്‍ ഭീ രഹേഗാ...''
 
- ബാലുമേനോന്‍ എം.

2 comments:

  1. Hi, by any chance, do you have the details of this lady? I have been vainly looking for the film Randu Penkuttikal (1978) and no one seems to have a copy of the same, including the director Mohan.

    ReplyDelete
  2. This writer who flew ahead of his time will be recognised when time ripens.Let us wait.

    ReplyDelete