Tuesday, April 17, 2018

കൃഷ്ണമാനസം




അഞ്ജനവിഗ്രഹത്തില്‍ നിന്നു കണ്ണെടുക്കാതെ തൊഴുതുനിന്നു. നിറഞ്ഞുകത്തുന്ന നെയ് വിളക്കിന്‍ പ്രഭയില്‍, ഒരു നിമിഷം കള്ളക്കണ്ണന്‍ ഒളികണ്ണെറിഞ്ഞുവോ..?
സോപാനത്തു നിന്നിരുന്ന കീഴ്ശാന്തിയോട് കുശലം പറഞ്ഞ നേരം, പത്തുവയസ്സുള്ളോരു ബാലന്‍ ആള്‍ക്കൂട്ടത്തിലൂടെ അടുത്തെത്തി. വെളുത്ത് സുന്ദരനായ ഒരു കുട്ടി. അവന്‍ കുഞ്ഞിക്കയ്യില്‍ കരുതിയിരുന്ന രണ്ടു കദളിപ്പഴങ്ങള്‍ തന്റെ നേരേനീട്ടിയിട്ട് പറഞ്ഞു- ഇത് കൈയില്‍വച്ചോളൂ..!!.
ഒരു മുന്‍പരിചയവുമില്ലാതെ, ഈ കൊച്ചുകുട്ടി..??
പഴംവാങ്ങി. വീണ്ടും സംസാരം തുടര്‍ന്നനേരമാണ് ഉള്ളിലെവിടേയോ ഒരന്ധാളിപ്പും പരിസരബോധവും ഉണ്ടായത്...
എവിടേ ആ ബാലന്‍..???
നിമിഷങ്ങള്‍ക്കകം, അവിടെ മുഴുവന്‍ തിരഞ്ഞിട്ടും അങ്ങിനെ ഒരു ബാലകനെയും കണ്ടില്ല!!. നടന്നുമറയാനുള്ള സമയം പോലും ലഭിച്ചിരുന്നില്ല..എന്നിട്ടും!!.

കലയുടെ അതിരുകള്‍ താണ്ടിയ ഗോപിയാശാന്‍ എന്ന കലാമണ്ഡലം ഗോപി, പറഞ്ഞു നിര്‍ത്തി. നവരസങ്ങള്‍ നൊടിയില്‍ മിന്നിമായുന്ന മുഖത്ത്, വായിച്ചെടുക്കാനാവാത്ത മറ്റൊരുഭാവം..
തന്റെ ഇഷ്ടവേനായ ഗുരുവായൂരപ്പനല്ലാതെ മറ്റാരുമായിരുന്നില്ല ആ ബാലനെന്ന് അകമേയിരുന്ന് ആരോ പറഞ്ഞുകൊണ്ടിരുന്നു. ഇന്നും അതോര്‍ക്കുമ്പോള്‍ വിശ്വാസം പതിന്മടങ്ങാകുന്നു.
ഗുരുവായൂരിലെത്തുമ്പോഴെല്ലാം ഭഗവാന് കദളിപ്പഴം സമര്‍പ്പിക്കുന്ന തനിക്ക് ഭഗവാന്‍ തന്നെ തൃക്കൈകൊണ്ട് പ്രസാദം തന്നിരിക്കുന്നു!!.
അനുഭവമാണ്. നെഞ്ചില്‍ചേര്‍ത്തുപിടിച്ച ഭഗവദ്‌സ്വരൂപം മിഥ്യയല്ല!. തന്റെ ഓരോ ചുവടിലും കൈപിടിച്ചു നടത്തിയത് ഈ ചൈതന്യം തന്നെ..മറ്റൊന്നുമില്ല.

ഈ അനുഭവം താന്‍ പറഞ്ഞുനടക്കാറില്ലെന്ന് ഗോപിയാശാന്‍. ചോദിക്കുന്നവരോടുമാത്രം പറയും. ഉറച്ച വിശ്വാസത്തിന്റെ ദൃഢസ്വരം.
ഇഷ്ടംമാത്രമായിരുന്നു ഭഗവാനോട്. അതിനു പ്രേരണയോ മറ്റുള്ളവരുടെ നിര്‍ബന്ധമോ ഒന്നുമില്ല. പതിനാറാം വയസ്സില്‍ തുടങ്ങിയതാണ് ഗുരുവായൂരപ്പനോടുള്ള ഇഴപിരിയാത്ത സ്‌നേഹബന്ധം. താന്‍ ഇന്നെന്തൊക്കെയായോ അതൊക്കെ അവിടുത്തെ കരുണയല്ലാതെ മറ്റൊന്നുമല്ല.
പതിനഞ്ചുവയസ്സുമുതല്‍ വേഷക്കാരനായിരുന്നു. അന്നു ഇഷ്ടമുള്ളപ്പോഴെല്ലാം ഭഗവാനെ പോയികണ്ടുകൊണ്ടിരുന്നു..
മേല്‍ശാന്തിമാരും തന്ത്രി പരമേശ്വരന്‍നമ്പൂതിരിപ്പാടും ക്ഷേത്രത്തിനു സമീപമുള്ള ജയശ്രീലോഡ്ജിലെ സ്‌നേഹബന്ധവും എല്ലാം ഗുരുവായൂരപ്പനെ കാണാനുള്ള യാത്രകള്‍ക്ക് ഇഷ്ടംകൂട്ടി.
പിന്നീട് മൂസിന്റെ ഉപദേശപ്രകാരം മുപ്പട്ട് വ്യാഴാഴ്ചകളാക്കി. അപ്പോഴെല്ലാം ഒരു പടല കദളിപ്പഴം തിരുനടയില്‍ സമര്‍പ്പിച്ചു.. ഇഷ്ടദേവന്റെ ഇഷ്ടനിവേദ്യം!.
അതുമുടങ്ങിയില്ല. ഇന്നോളം.
ഗോപി, ആശാനായതോടെ കദളിപ്പഴം ഒരു കുലയായി സമര്‍പ്പിച്ചുതുടങ്ങി. ദേവന്റെ ഇഷ്ടം കണ്ടറിഞ്ഞുതന്നെ.
യാത്രകാലങ്ങളില്‍ പലപ്പോഴും വ്യാഴാഴ്ചകളില്‍ ദര്‍ശനം അസാധ്യമായി. എങ്കിലും മാസത്തിലൊരിക്കല്‍ ഒരു സതീര്‍ഥ്യനെന്നപോലെ ഭഗവാനെ വന്നു കണ്ടു...പരിഭവങ്ങള്‍ പങ്കുവച്ചു..കുശലം പറഞ്ഞു..
ഒരു ചീര്‍പ്പ് കദളിയും പട്ടും നടക്കല്‍ വയ്ക്കും-ഇപ്പോഴും അതു മുടക്കിയിട്ടില്ല.
അരങ്ങില്‍ നിറയുമ്പോഴും അംഗീകാരങ്ങള്‍ ഒഴുകിയെത്തുമ്പോഴും മനസ്സ്് നീറുന്ന അനുഭവങ്ങള്‍ വന്നുചേരുമ്പോഴും ഭഗവാനായിരുന്നു മനസ്സില്‍.. അവിടുത്തേ ഇച്ഛക്കുവഴങ്ങിയുള്ള ജീവിതം..
മറ്റൊന്നുമില്ല.
1992ലാണ്  ജീവിതം തന്നെ അവസാനിപ്പിക്കുമായിരുന്ന ദുരന്തം കടന്നുവന്നത്. ഇടുപ്പെല്ല് പൊട്ടി. മേജര്‍  ഓപ്പറേഷന്‍ കൂടാതെ രക്ഷയില്ല എന്ന് ഡോക്ടര്‍മാര്‍. ഓപ്പറേഷന്‍ കഴിഞ്ഞാല്‍ തന്നെ, ഇനി അരങ്ങത്തേക്കൊരു മടക്കം ഉണ്ടാവില്ലെന്ന് സുഹൃത്തുക്കളായ ഡോ.ടിഐ രാധാകൃഷ്ണനും ഡോ.നാഗേശ്വര്‍റാവുവും. വിഷമമുണ്ടായി.
ഓപ്പറേഷനു മുമ്പ്, പരസഹായത്തോടെ ഗുരുവായൂര്‍ നടയിലെത്തി ഉള്ളുരുകി പ്രാര്‍ത്ഥിച്ചു മടങ്ങി.
ശസ്ത്രക്രിയ കഴിഞ്ഞു. മാസങ്ങളോളം വിശ്രമം. പതുക്കെ എല്ലാം ശരിയായി വന്നു. ഒടുവില്‍ രണ്ടും കല്‍പ്പിച്ച്, ഗുരുവായൂര്‍ നടയില്‍ ഒരു കളിനേര്‍ന്നു..തുലാഭാരവും.
പലരും നിരുത്സാഹപ്പെടുത്തിയെങ്കിലും വഴങ്ങിയില്ല. കിര്‍മീരവധത്തിലെ അധ്വാനമേറെയുള്ള വേഷമായിരുന്നു ചെയ്തത്-ഭഗവാന്റെ തിരുമുമ്പില്‍.
അത് ഗോപിയാശാന്‍ എന്ന അതുല്ല്യപ്രതിഭയുടെ രണ്ടാംവരവായി...
സംശയിക്കണ്ട, ഭഗവാന്റെ കാരുണ്യം ഒന്നുമാത്രമാണിതെന്ന് ഡോക്ടര്‍മാരുടെ സാക്ഷ്യം.
മേല്‍പ്പത്തൂരിന്റെ വാതരോഗം ശമിപ്പിച്ച ഭഗവാന്റെ കൃപാകടാക്ഷം സര്‍വ്വാതിശായായ ആശ്രിതവാത്സല്യം അനുഭവിച്ചറിഞ്ഞ നിമിഷം!.
ഗുരുകടാക്ഷവും ഗുരുവായൂരപ്പന്റെ സര്‍വ്വാതിശായിയായ കാരുണ്യവും- തന്റെ ജീവിതം അതുമാത്രമെന്ന് അന്വേഷിച്ചെത്തുന്നവരോടെല്ലാം പറഞ്ഞ് ഗോപിയാശാന്‍ അശീതി നിറവിലാണ്... ഇനിയും ഭഗവത് സേവയില്‍ കഴിയാന്‍..കലാരംഗത്ത് മുടിചൂടാമന്നനായി നൂറാണ്ടുകള്‍ തികയട്ടെ  എന്ന പ്രാര്‍ത്ഥനയോടെ ആചാര്യന്റെ ആരാധകരും.