Tuesday, April 17, 2018

കൃഷ്ണമാനസം




അഞ്ജനവിഗ്രഹത്തില്‍ നിന്നു കണ്ണെടുക്കാതെ തൊഴുതുനിന്നു. നിറഞ്ഞുകത്തുന്ന നെയ് വിളക്കിന്‍ പ്രഭയില്‍, ഒരു നിമിഷം കള്ളക്കണ്ണന്‍ ഒളികണ്ണെറിഞ്ഞുവോ..?
സോപാനത്തു നിന്നിരുന്ന കീഴ്ശാന്തിയോട് കുശലം പറഞ്ഞ നേരം, പത്തുവയസ്സുള്ളോരു ബാലന്‍ ആള്‍ക്കൂട്ടത്തിലൂടെ അടുത്തെത്തി. വെളുത്ത് സുന്ദരനായ ഒരു കുട്ടി. അവന്‍ കുഞ്ഞിക്കയ്യില്‍ കരുതിയിരുന്ന രണ്ടു കദളിപ്പഴങ്ങള്‍ തന്റെ നേരേനീട്ടിയിട്ട് പറഞ്ഞു- ഇത് കൈയില്‍വച്ചോളൂ..!!.
ഒരു മുന്‍പരിചയവുമില്ലാതെ, ഈ കൊച്ചുകുട്ടി..??
പഴംവാങ്ങി. വീണ്ടും സംസാരം തുടര്‍ന്നനേരമാണ് ഉള്ളിലെവിടേയോ ഒരന്ധാളിപ്പും പരിസരബോധവും ഉണ്ടായത്...
എവിടേ ആ ബാലന്‍..???
നിമിഷങ്ങള്‍ക്കകം, അവിടെ മുഴുവന്‍ തിരഞ്ഞിട്ടും അങ്ങിനെ ഒരു ബാലകനെയും കണ്ടില്ല!!. നടന്നുമറയാനുള്ള സമയം പോലും ലഭിച്ചിരുന്നില്ല..എന്നിട്ടും!!.

കലയുടെ അതിരുകള്‍ താണ്ടിയ ഗോപിയാശാന്‍ എന്ന കലാമണ്ഡലം ഗോപി, പറഞ്ഞു നിര്‍ത്തി. നവരസങ്ങള്‍ നൊടിയില്‍ മിന്നിമായുന്ന മുഖത്ത്, വായിച്ചെടുക്കാനാവാത്ത മറ്റൊരുഭാവം..
തന്റെ ഇഷ്ടവേനായ ഗുരുവായൂരപ്പനല്ലാതെ മറ്റാരുമായിരുന്നില്ല ആ ബാലനെന്ന് അകമേയിരുന്ന് ആരോ പറഞ്ഞുകൊണ്ടിരുന്നു. ഇന്നും അതോര്‍ക്കുമ്പോള്‍ വിശ്വാസം പതിന്മടങ്ങാകുന്നു.
ഗുരുവായൂരിലെത്തുമ്പോഴെല്ലാം ഭഗവാന് കദളിപ്പഴം സമര്‍പ്പിക്കുന്ന തനിക്ക് ഭഗവാന്‍ തന്നെ തൃക്കൈകൊണ്ട് പ്രസാദം തന്നിരിക്കുന്നു!!.
അനുഭവമാണ്. നെഞ്ചില്‍ചേര്‍ത്തുപിടിച്ച ഭഗവദ്‌സ്വരൂപം മിഥ്യയല്ല!. തന്റെ ഓരോ ചുവടിലും കൈപിടിച്ചു നടത്തിയത് ഈ ചൈതന്യം തന്നെ..മറ്റൊന്നുമില്ല.

ഈ അനുഭവം താന്‍ പറഞ്ഞുനടക്കാറില്ലെന്ന് ഗോപിയാശാന്‍. ചോദിക്കുന്നവരോടുമാത്രം പറയും. ഉറച്ച വിശ്വാസത്തിന്റെ ദൃഢസ്വരം.
ഇഷ്ടംമാത്രമായിരുന്നു ഭഗവാനോട്. അതിനു പ്രേരണയോ മറ്റുള്ളവരുടെ നിര്‍ബന്ധമോ ഒന്നുമില്ല. പതിനാറാം വയസ്സില്‍ തുടങ്ങിയതാണ് ഗുരുവായൂരപ്പനോടുള്ള ഇഴപിരിയാത്ത സ്‌നേഹബന്ധം. താന്‍ ഇന്നെന്തൊക്കെയായോ അതൊക്കെ അവിടുത്തെ കരുണയല്ലാതെ മറ്റൊന്നുമല്ല.
പതിനഞ്ചുവയസ്സുമുതല്‍ വേഷക്കാരനായിരുന്നു. അന്നു ഇഷ്ടമുള്ളപ്പോഴെല്ലാം ഭഗവാനെ പോയികണ്ടുകൊണ്ടിരുന്നു..
മേല്‍ശാന്തിമാരും തന്ത്രി പരമേശ്വരന്‍നമ്പൂതിരിപ്പാടും ക്ഷേത്രത്തിനു സമീപമുള്ള ജയശ്രീലോഡ്ജിലെ സ്‌നേഹബന്ധവും എല്ലാം ഗുരുവായൂരപ്പനെ കാണാനുള്ള യാത്രകള്‍ക്ക് ഇഷ്ടംകൂട്ടി.
പിന്നീട് മൂസിന്റെ ഉപദേശപ്രകാരം മുപ്പട്ട് വ്യാഴാഴ്ചകളാക്കി. അപ്പോഴെല്ലാം ഒരു പടല കദളിപ്പഴം തിരുനടയില്‍ സമര്‍പ്പിച്ചു.. ഇഷ്ടദേവന്റെ ഇഷ്ടനിവേദ്യം!.
അതുമുടങ്ങിയില്ല. ഇന്നോളം.
ഗോപി, ആശാനായതോടെ കദളിപ്പഴം ഒരു കുലയായി സമര്‍പ്പിച്ചുതുടങ്ങി. ദേവന്റെ ഇഷ്ടം കണ്ടറിഞ്ഞുതന്നെ.
യാത്രകാലങ്ങളില്‍ പലപ്പോഴും വ്യാഴാഴ്ചകളില്‍ ദര്‍ശനം അസാധ്യമായി. എങ്കിലും മാസത്തിലൊരിക്കല്‍ ഒരു സതീര്‍ഥ്യനെന്നപോലെ ഭഗവാനെ വന്നു കണ്ടു...പരിഭവങ്ങള്‍ പങ്കുവച്ചു..കുശലം പറഞ്ഞു..
ഒരു ചീര്‍പ്പ് കദളിയും പട്ടും നടക്കല്‍ വയ്ക്കും-ഇപ്പോഴും അതു മുടക്കിയിട്ടില്ല.
അരങ്ങില്‍ നിറയുമ്പോഴും അംഗീകാരങ്ങള്‍ ഒഴുകിയെത്തുമ്പോഴും മനസ്സ്് നീറുന്ന അനുഭവങ്ങള്‍ വന്നുചേരുമ്പോഴും ഭഗവാനായിരുന്നു മനസ്സില്‍.. അവിടുത്തേ ഇച്ഛക്കുവഴങ്ങിയുള്ള ജീവിതം..
മറ്റൊന്നുമില്ല.
1992ലാണ്  ജീവിതം തന്നെ അവസാനിപ്പിക്കുമായിരുന്ന ദുരന്തം കടന്നുവന്നത്. ഇടുപ്പെല്ല് പൊട്ടി. മേജര്‍  ഓപ്പറേഷന്‍ കൂടാതെ രക്ഷയില്ല എന്ന് ഡോക്ടര്‍മാര്‍. ഓപ്പറേഷന്‍ കഴിഞ്ഞാല്‍ തന്നെ, ഇനി അരങ്ങത്തേക്കൊരു മടക്കം ഉണ്ടാവില്ലെന്ന് സുഹൃത്തുക്കളായ ഡോ.ടിഐ രാധാകൃഷ്ണനും ഡോ.നാഗേശ്വര്‍റാവുവും. വിഷമമുണ്ടായി.
ഓപ്പറേഷനു മുമ്പ്, പരസഹായത്തോടെ ഗുരുവായൂര്‍ നടയിലെത്തി ഉള്ളുരുകി പ്രാര്‍ത്ഥിച്ചു മടങ്ങി.
ശസ്ത്രക്രിയ കഴിഞ്ഞു. മാസങ്ങളോളം വിശ്രമം. പതുക്കെ എല്ലാം ശരിയായി വന്നു. ഒടുവില്‍ രണ്ടും കല്‍പ്പിച്ച്, ഗുരുവായൂര്‍ നടയില്‍ ഒരു കളിനേര്‍ന്നു..തുലാഭാരവും.
പലരും നിരുത്സാഹപ്പെടുത്തിയെങ്കിലും വഴങ്ങിയില്ല. കിര്‍മീരവധത്തിലെ അധ്വാനമേറെയുള്ള വേഷമായിരുന്നു ചെയ്തത്-ഭഗവാന്റെ തിരുമുമ്പില്‍.
അത് ഗോപിയാശാന്‍ എന്ന അതുല്ല്യപ്രതിഭയുടെ രണ്ടാംവരവായി...
സംശയിക്കണ്ട, ഭഗവാന്റെ കാരുണ്യം ഒന്നുമാത്രമാണിതെന്ന് ഡോക്ടര്‍മാരുടെ സാക്ഷ്യം.
മേല്‍പ്പത്തൂരിന്റെ വാതരോഗം ശമിപ്പിച്ച ഭഗവാന്റെ കൃപാകടാക്ഷം സര്‍വ്വാതിശായായ ആശ്രിതവാത്സല്യം അനുഭവിച്ചറിഞ്ഞ നിമിഷം!.
ഗുരുകടാക്ഷവും ഗുരുവായൂരപ്പന്റെ സര്‍വ്വാതിശായിയായ കാരുണ്യവും- തന്റെ ജീവിതം അതുമാത്രമെന്ന് അന്വേഷിച്ചെത്തുന്നവരോടെല്ലാം പറഞ്ഞ് ഗോപിയാശാന്‍ അശീതി നിറവിലാണ്... ഇനിയും ഭഗവത് സേവയില്‍ കഴിയാന്‍..കലാരംഗത്ത് മുടിചൂടാമന്നനായി നൂറാണ്ടുകള്‍ തികയട്ടെ  എന്ന പ്രാര്‍ത്ഥനയോടെ ആചാര്യന്റെ ആരാധകരും.


2 comments:

  1. (1)

    കൃഷ്ണജാഗരം 

    നേരം ദിവ്യവിഭാതവേള, ഹരി തൻ നിദ്രാലയം നിർത്തിയാ
    നീലക്കൺകൾ തുറന്നു, വീണ്ടുമലസം പൂട്ടീ, മയങ്ങീടുവാൻ;
    ദേഹം തെല്ലു തിരിഞ്ഞു, കൈകളരികിൽ തപ്പുന്നു, സ്വപ്നാലസം,
    വേണൂസ്പർശം, ഉടൻ സ്മിതോദയം! ഇതാ ശ്രീകൃഷ്ണസൂര്യോദയം!


    (2)

    കൃഷ്ണാശനം

    മേൽപ്പുത്തൂരരുളുന്ന ദിവ്യകവിതാക്ഷീരാന്നമല്ലോ ഭുജി-
    ച്ചീടുന്നൂ മൃദുഹാസമോടെ ഭഗവാൻ ശ്രീലപ്രഭാതങ്ങളിൽ;
    പൂന്താനം മധുരം കലർത്തിയരുളും പാനപ്പയസ്സാഹരി—
    ച്ചാണാക്കണ്ണൻ ഉറങ്ങിടുന്നതു നിശാകാലത്തു നാൾതോറുമേ!


    (3)

    കൃഷ്ണകേളി

    കേളിക്കൂത്തിലുലഞ്ഞഴിഞ്ഞു ചിതറും നീലച്ചുരുൾ കൂന്തലിൻ
    സ്വാച്ഛന്ദ്യത്തെയടക്കി നീലമയിലിൻ പീലിക്കിരീടത്തിനാൽ
    ചേലിൽപ്പിന്നെയുമമ്മ നീലയഴകിൻ സർവസ്സ്വമായ് മാറ്റവേ,
    ആശ്ലേഷത്തെയഴിച്ചു  ചാടിയകലും ലീലാവിലോലാ! ജയ!


    (4)

    കൃഷ്ണതീർത്ഥാടനം

    പൂജയ് ക്കായ് മഴ തോരവേ ഹരിയിതാ കേറുന്നു, ഗോപീഗണ --
    ത്തോടൊപ്പം തുളസീവനം വിടരുമാ ഗോവർദ്ധനത്തിൽ സ്വയം;
    നേരം സന്ധ്യ;  ചെരാതുകൾ തെളിയവേ,   പാടുന്നു തീർത്ഥാടകർ :—
    "മേഘത്തിന്നകിടുമ്മവെച്ച കുളിരാം ശൈലക്കിടാവേ, ജയ!”


    (5)

    കൃഷ്ണപ്രിയം 

    താനേ തന്നെ കൊഴിഞ്ഞ പീലിയിളകും പീഡം;  ദയാഭൂമിയിൽ—
    ത്താനേ വീണു നിറന്ന ഗുഞ്ജമണികൾ കോർത്തുള്ള മാലാവ്രജം;   
    താനേ തന്നെ ചുരന്ന പാലുനിറയെപ്പാനം; വസന്തത്തിലോ 
    താനേ വന്നു  ചുഴന്ന ഗോപവനിതാസഖ്യം മുരാരീപ്രിയം!

    [പീഡം =  ശിരോലങ്കാരം;  ഗുഞ്ജാ =  കുന്നിക്കുരു] 


    (6)

    കൃഷ്ണോത്സവം 

    നീലം,  കൃഷ്ണ !  ചുരുണ്ട കൂന്തലി; ലരക്കെട്ടിൽ തുകിൽത്തുണ്ടിലോ,
    പീതം; ചുണ്ടിലതീവ ശോണിമ;  ചിരിത്തെല്ലിൽ നിലാവിൻ നിറം; 
    മാറിൽ ചേർന്നൊരു  കുന്നിമാലയിലതിശ്യാമാരുണങ്ങൾ; ഭവ—
    ദ്ദേഹത്തിൽ നിറമൊക്കെയൊത്തു കൊടിയേറുന്നുണ്ടു വർണ്ണോത്സവം!  

    (7)

    കൃഷ്ണദർശനം

    കാതിൽ സ്നേഹ രഹസ്യമന്ത്രമരുളും രാധാമുഖം; ചുണ്ടിലോ 
    നാദത്തിൻ പ്രണവം നുകർന്നു മൃദുവായ് പാടുന്ന പുല്ലാംകുഴൽ;
    പീലിക്കൺകൾ നിറഞ്ഞൊരാ മുടിയിലോ നീലോജ്ജ്വലൽസൌഭഗം;
    മാറിൽപ്പൂവനമാല; കൃഷ്ണഭഗവൻ! തന്നാലുമീ ദർശനം!

    (8)


    കൃഷ്ണാശരീരി 

    കണ്ണൻ പോയി മറഞ്ഞതെങ്ങു ? നിറയും കണ്ണോടെ കാളിന്ദി തൻ 
    മണ്ണിൽ തേടിയലഞ്ഞു കാലുകൾ തളിർ പോലാകെ വാടീടവേ;
    നെഞ്ചിൽ തേങ്ങലുയർന്ന രാധിക മുദാ  കേൾക്കുന്നു ഹൃത്തിൻ ഗുഹയ്-
    ക്കുള്ളിൽ നി "ന്നമലേ, നതാർത്തഹൃദയംതാനെന്നൊളിത്താവളം !”



    (9)

    കൃഷ്ണജലദം

    മേഘത്തിൻ നീലവർണ്ണം ചുരുൾമുടി നിറയെച്ചൂടിനിൽക്കും മുരാരേ,
    മേഘം  പെയ് യുന്ന പോൽ നിൻ മുരളികയരുളീടുന്നിതാ രാഗവർഷം;
    *മേഘജ്യോതിസ്സുപോൽ നിൻ ചിരിയുടെ പരമോദാരമാം ഉർവ് വരത്വം 
    പേർത്തും പോക്കുന്നു വേഗം നമിതജനമനോഭൂമിതന്നൂഷരത്വം!

    [*മേഘസന്ദേശം, 10 ]



    (10)


    കൃഷ്ണബാഷ്പം

    "രാവെത്തീ ഹരികൃഷ്ണ ! നിർത്തുക കളിക്കൂത്തൊക്കെയും സത്വരം 
    മേലോക്കെക്കഴുകാം, വിളക്കു തെളിയിച്ചീടാം, തുടങ്ങാം ജപം;"
    ഈ വാക്കിൻ മുനയേറ്റു നീറി, യരുമക്കൂട്ടാളികൾ പോയ്   മറ—
    ഞ്ഞീടും കാഴ്ച നിനച്ചു കണ്ണനണിയും കണ്ണീർ തുടയ് ക്കാവു നാം !

    ReplyDelete
  2. (11)

    കൃഷ്ണാഹ്വാനം

    കണ്ണാ ! നീ വരികെന്റെ ഹൃത്തി,  ലവിടം ഭാവസ്ഥിരം;  രാധികാ—
    നാമത്തിൻ  തുളസീശതം വളരുമാ ഭൂവിന്നു വൃന്ദാവനം ! 
    ഓടപ്പൊൻകുഴലിന്റെ ഗീതമവിടെക്കേൾക്കാവു നിത്യം ഹരേ ! 
    ഗോപസ്ത്രീജനനൂപുരദ്ധ്വനി ചുഴന്നീടാവു  നിൻ ഗീതിയെ !


    (12)


    കൃഷ്ണദയ 

    ഗൌരോരസ്സിലെയംശുകം മുറുകിയാത്ത്വക്കിൽ  തുടുപ്പേറവേ,
    രാധയ് ക്കൊട്ടുളവായ നീറ്റലുടനേ പാടേ കുളിർപ്പിയ് ക്കുവാൻ
    ചാണക്കല്ലിലരച്ചു താമരയിലക്കിണ്ണത്തിൽ  മാലേയമോ—
    ടാലേപത്തിനു  തൂവലും കനിവുമായെത്തും ഹരേ,  പാഹി മാം !

    (13)

    കൃഷ്ണനാമധേയം 

    മേഘം മൂടിയിരുണ്ടു നേരം;  ഇളകും മാർഗ്ഗപ്രദീപങ്ങളിൽ 
    സ്നേഹം വറ്റി;  യണഞ്ഞു കാറ്റിലകലെ  സ്തംഭത്തിലെദ്ദീപവും; 
    പേടിപ്പാന്പുകൾ കാലിലേറിയിഴയുന്പോഴെൻ ഹരേ ! നിന്റെയാ—
    പ്പേരെൻ നാവിൽ നിറച്ചു പോംവഴിയകക്കണ്ണിൽ തെളിച്ചീടണേ!


    (14)

    കൃഷ്ണമഞ്ജീരം

    കൈലാസേശ്വരവാദിതം  ഡമരുവിൻ ഗംഭീര നാദങ്ങളും 
    വാഗ് ദേവീധൃതവല്ലകീ വിരചിതം രാഗങ്ങളും, ശ്രീഹരേ !
    യാഗത്തിൽ വരസാമവേദിയരുളും മന്ത്രങ്ങളും കേൾക്കുവേൻ
    കേളീലോലത നിന്റെ കാൽത്തളകളിൽ ചേർക്കുന്ന ഗീതങ്ങളിൽ! 


    (15)


    കൃഷ്ണതത്വമസി

    പിന്നിൽക്കൂടിയണഞ്ഞു കൃഷ്ണമിഴികൾ പൊത്തുന്നു രാസേശ്വരീ—
    ഹസ്തങ്ങൾ ; സ്വരമൊട്ടു  മാറ്റി ഹരിയോടാരാഞ്ഞു തന്വങ്ഗിയാൾ :—
    "കൺകൾപൊത്തുവതാര്, നീ പറയുമോ? കാണട്ടെ നിൻ ചാതുരി!"
    ചന്ദ്രൻ ചന്ദ്രിക തന്നെയെന്നറിയുവോൻ ചൊല്ലുന്നു:— " നീയെന്ന ഞാൻ !”


    (16)


    കൃഷ്ണവംശി

    കാളിന്ദിക്കടവിൽ ഘടം നിറയുവാൻ വെള്ളത്തിലാഴ് ത്തീടവേ,
    കേൾപ്പൂ നാഥ ! തവാർദ്ര രാഗമധുരം വേണൂരവം ദൂരെ ഞാൻ;
    വായ്  പൊത്തീട്ടു കുടത്തെ മൂകമുഖയായ് മാറ്റുന്നു ഞാ;  നെങ്കിലും
    രാഗം, കൃഷ്ണ ! മുഴക്കിടുന്നു മമഹൃദ് കുംഭത്തെയുച്ചൈസ്തരം   !


    (17)

    കൃഷ്ണനിദ്ര 


    നീലക്കൺകളടഞ്ഞു, ചന്ദ്രവദനം കൂന്പുന്നു പൂപോൽ;   ഇടം—
    കൈയ് യിൽ വംശിക മെല്ലെയങ്ഗുലിയയഞ്ഞൂരുന്നു നിശ്ശബ്ദയായ്  !
    ശ്വാസം ദീർഘതരം; കിനാവിലിളകീടുന്നൂ മിഴിക്കോണുകൾ —
    ലോകം കാക്കുമഖണ്ഡമന്ദഹസിതം മാത്രം നിരന്തം, ചിരം  !!! 



    (18)

    കൃഷ്ണകൈതവം

    "അമ്മേ, എൻപ്രിയവേണുവിൽ വരളലേറീടുന്നു ശീതത്തിനാൽ—
    ത്തന്നാലും പുതുവെണ്ണ നീണ്ട കുഴലിന്നുള്ളിൽപ്പുരട്ടീടുവാൻ!"
    എന്നീയർത്ഥനയോതി വെണ്ണയുരുളക്കിണ്ണം യശോദാംബയിൽ
    നിന്നാർജിച്ചു മരങ്ങൾ തീർത്ത മറവിൽ മായും മുരാരേ! ജയ!

    —9—

    (19)


    കൃഷ്ണവിവർത്തം

    ഒറ്റത്തന്ത്രിയണിഞ്ഞ തംബുരു വലംകൈയാലെ മീട്ടി, പ്പുറ—
    ക്കണ്ണില്ലാത്തൊരു സൂരദാസനരുളാൽ ചെയ് യുന്നു കൃഷ്ണാർച്ചനം;
    മുന്നിൽപ്പുല്ലിലിരുന്നു നീലമിഴിയാൽ നോക്കിസ്മിതം തൂകിടും
    കണ്ണൻ വാങ് മയനായി മാറിയുണരുന്നാ ശുദ്ധസങ് ഗീതിയിൽ !


    (20)

    കൃഷ്ണസമാഗമം

    അങ്ങേകുന്ന പുനസ്സമാഗമസുഖം നെഞ്ചിൽത്തുടിയ് ക്കുന്പൊഴാ--
    ണെന്നിൽബ്ബോധമുദിപ്പ; തത്ഭുതമയം ഭാവൽക്കലീലാശതം!
    കയ് പെന്തെന്നറിയാതെയെങ്ങിനെയിവന്നാകും സ്വദിയ് ക്കാൻ മധൂ—
    നിഷ്യന്ദം ? വിരഹങ്ങളും തവദയാദാനപ്രകർഷം ഹരേ !

    ReplyDelete