ഇവ ഒക്കയും കലിയുഗത്തിങ്കല്‍ അല്‌പബുദ്ധികളായിരിക്കുന്ന മാനുഷര്‍ക്ക് വഴിപോലെ ഗ്രഹിപ്പാന്തക്ക വണ്ണം തുഞ്ചത്തു രാമാനുജന്‍ ചൊന്ന കേരളനാടകം ഉപദേശമായി സംഗ്രഹിച്ചു, സാരന്മാര്‍ അറിഞ്ഞുകൊള്‍കയും ചെയ്‌ക...
-കേരളോല്‍പ്പത്തി
കുത്തിക്കുലുങ്ങി, ചെമ്മണ്‍പാതയിലൂടെയുള്ള യാത്ര പടുകൂറ്റന്‍ അരയാലിനുമുന്നില്‍ ചെന്നു നില്‍ക്കുന്നു. അരയാലിനെ വലം വച്ച് വിശാലമായ പടികടന്നെത്തുന്നത്, കേരള ചരിത്രത്തിന്റെ മുറ്റത്തേയ്‌ക്ക്...
സാക്ഷാല്‍ തരണനെല്ലൂര്‍ മനമുറ്റത്തേയ്‌ക്ക്.....
തൃശൂര്‍ ജില്ലയിലെ പെരിങ്ങോട്ടുകരയിലുളള മനയ്‌ക്ക് പറയാനുളള കഥ പരശുരാമനോളം പഴക്കമുളളത്...!
മനയെന്നു കേള്‍ക്കുമ്പോള്‍ മനസ്സിലുയരുന്ന കൂറ്റന്‍ സമുച്ചയമില്ല. പുരാതനമായ നാലുകെട്ട്. അധികം നവീകരിക്കാതെ..
ആറേക്കര്‍ പരന്നുകിടക്കുന്ന മനവളപ്പില്‍ ജ്ഞാനിയുടെ മഹാമൗനമാണ് അനുഭവപ്പെടുക. പച്ചപ്പടര്‍പ്പുകള്‍ക്കിടയില്‍ നാലുകെട്ടിന്റെ സൗമ്യതയില്‍ അല്‍പ്പം ഇരിക്കുക. ഇവിടെ എത്ര കഥകള്‍ വീണുറങ്ങുന്നു എന്ന് അത്ഭുതപ്പെടുക!. വിശാലമായ കുളം കണ്ണീരുപോലെ തുളുമ്പിനിന്നു. ഒന്നു മുങ്ങിക്കുളിക്കാന്‍ ആരും മോഹിച്ചുപോകും..!. പിന്നെ, ഇരുപത്തൊന്നു സെന്റില്‍ പരന്നുകിടക്കുന്ന കാടാണ്-സര്‍പ്പക്കാവ്. മനസ്സുകൊണ്ടു നമിച്ചു വീണ്ടും നടക്കുമ്പോള്‍ നാം കുടുംബക്ഷേത്രത്തിനു മുന്നിലെത്തുന്നു. അവിടെ കാവലാളായി വിഷ്‌ണുവും വേട്ടേക്കരനും. കോരിക്കുടിക്കാന്‍ തണുത്ത തെളിനീര്‍ നിറഞ്ഞ കിണര്‍...ഒന്നും കാലം മാറ്റിമറിച്ചിട്ടില്ല.
ചവിട്ടിനില്‍ക്കുന്ന മണ്ണില്‍ നിന്നും ഉയരുന്നത് ചരിത്രത്തിന്റെ ഗന്ധം. കാത്തിരുന്നത് തരണനല്ലൂര്‍ മനയ്‌ക്കലെ കാരണവര്‍ ബ്രഹ്മശ്രീ പത്മനാഭന്‍ നമ്പൂതിരിപ്പാട്..!. താന്ത്രികതയെ സാര്‍വ്വലൗകികമായ സാധനാമാര്‍ഗ്ഗമായി പരിണമിപ്പിച്ച ആചാര്യന്‍. സ്‌ത്രീകള്‍ക്ക് അപ്രാപ്യമായ താന്ത്രിക വൃത്തിയിലേയ്‌ക്ക്, കുടുംബാംഗമായ ജ്യോത്സന എന്ന പെണ്‍കുട്ടിയെ കൈപിടിച്ചു കൊണ്ടുവന്ന ആചാര്യന്‍....!.
2010 ലാണ് ബ്രാഹ്‌മണസമൂഹത്തെയും ഒപ്പം കേരളത്തെ ഒന്നാകെയും ഞെട്ടിച്ച് അദ്ദേഹം, ഒരു കൊച്ചു പെണ്‍കുട്ടിയെക്കൊണ്ട് ക്ഷേത്രപ്രതിഷ്‌ഠ നടത്തിച്ചത്. ഇരിങ്ങാലക്കുടയ്‌ക്കടുത്ത് കാട്ടൂര്‍ തരണനെല്ലൂര്‍ മനയ്‌ക്കലെ ജ്യോത്‌സന എന്ന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൊണ്ട് ഭദ്രകാളീ പ്രതിഷ്‌ഠ നടത്തിക്കുകയായിരുന്നു അദ്ദേഹം. കാട്ടൂര്‍ പൊഞ്ഞനം പൈങ്കണ്ണിക്കാവ് ക്ഷേത്രത്തിലായിരുന്നു ചടങ്ങ്. കേരളത്തിലെ എല്ലാ മാധ്യമങ്ങളും അതീവ പ്രാധാന്യത്തോടെയാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. യാഥാസ്‌ഥിതിക നമ്പൂതിരി സമുദായക്കാര്‍ എതിര്‍പ്പുകളായി രംഗത്തെത്തിയെങ്കിലും പത്‌മനാഭന്‍ നമ്പൂതിരിപ്പാടിന്റെ ജ്ഞാനശക്‌തിക്കുമുമ്പില്‍ അവയ്‌ക്കു നിലനില്‍പ്പുണ്ടായില്ല. തന്ത്ര ശാസ്‌ത്രത്തിലൊരിടത്തും സ്‌ത്രീകള്‍ക്ക് ഇത്തരം കാര്യങ്ങള്‍ നിഷിദ്ധമാണെന്ന് പറഞ്ഞിട്ടില്ലെന്ന് പത്‌മനാഭന്‍ നമ്പൂതിരിപ്പാട് പറയുന്നു. സ്‌ത്രീയെ കൊണ്ട് താന്ത്രിക കര്‍മ്മത്തിലൂടെ പ്രതിഷ്‌ഠ നടത്തിക്കുക എന്ന ചരിത്രമുഹൂര്‍ത്തമായിരുന്നു അദ്ദേഹം വെട്ടിത്തുറന്നത്. അതിനു മുമ്പോ പിമ്പോ ഇത്തരം ഒരു സംഭവം കേട്ടുകേഴ്‌വിപോലും ഇല്ലായിരുന്നു.
ഇങ്ങിനെയൊരു ചരിത്രം ഉണ്ടെന്ന ഭാവംപോലുമില്ലാതെ, ആരവങ്ങളില്‍ നിന്നൊഴിഞ്ഞ്, മനയുടെ പ്രശാന്തമായ അന്തരീക്ഷത്തിലിരുന്ന് നമ്പൂതിരിപ്പാട്, ലളിതമായ വാക്കുകളില്‍ ഒരു കഥപറഞ്ഞു- ചരിത്രകാരന്‍മാര്‍ അടയാളപ്പെടുത്താതെ പോയ കഥ...
..............................................................................................
ക്ഷത്രിയവധം കഴിഞ്ഞ്‌്, പാപവിമുക്തിക്കായി പരശുരാമന്‍ കഠിനതപം ചെയ്‌തു; തുടര്‍ന്ന്, ശ്രീപരമേശ്വരന്‍ നല്‍കിയ ഉപദേശമനുസരിച്ച് ഭാരതഖണ്ഡത്തിന്റെ തെക്കോട്ടു പുറപ്പെട്ടു. ഗോകര്‍ണത്ത് എത്തിയ അദ്ദേഹം അവടെ അലച്ചാര്‍ക്കുന്ന സമുദ്രത്തിലേയ്‌ക്കു നോക്കി നിന്നു...
ചിറിനക്കിത്തുടച്ചുകൊണ്ട് തിരമാലകള്‍ അശാന്തമായി ആര്‍ത്തലച്ചു. സ്വന്തം മനസ്സുപോലെ തോന്നിക്കാണണം അദ്ദേഹത്തിന് ആ കാഴ്‌ച..!
പിന്നെ തന്റെ പ്രിയപ്പെട്ട മഴു ആഞ്ഞുചുഴറ്റി എറിയുകയായിരുന്നു അദ്ദേഹം ആഴിയിലേയ്‌ക്ക്...
മഴുവീണ ദൂരത്തുനിന്നും, ഒരു സുന്ദരഭൂമി ഉയര്‍ന്നു വന്നു..
കേരളമെന്ന ഭാര്‍ഗവക്ഷേത്രം..!
പ്രായശ്ചിത്തമായി ബ്രാഹ്മണര്‍ക്കു ഭൂമി ദാനം ചെയ്യണം. പാപമുക്തിക്ക് അതാണ് മാര്‍ഗ്ഗം. ആ കഥകള്‍ നമ്മള്‍ പലയിടത്തും വായിച്ചറിഞ്ഞവയാകുന്നു.
കേരളത്തില്‍ ക്ഷേത്രങ്ങള്‍ സ്ഥാപിയ്‌ക്കുകയും മലയാള ഭൂവിനെ അറുപത്തിനാല് ഗ്രാമങ്ങളാക്കി, അറുപത്തിനാലു നമ്പൂതിരി കുടുംബങ്ങള്‍ക്കു കൈമാറുകയും ചെയ്‌തുവെന്നാണ് ആ കഥ.
ചന്ദ്രഗിരിപ്പുഴയുടെ അപ്പുറം മുപ്പത്തിരണ്ടും ഇപ്പുറം മുപ്പത്തിരണ്ടും എന്നു കണക്ക്.
കലയും സംസ്‌കാരവും വൈദികവൃത്തിയും ഇഴചേര്‍ന്ന് കിടക്കുന്ന നമ്പൂതിരിഗ്രാമങ്ങളില്‍, പെരുവനം ഗ്രാമത്തില്‍ പെടുന്നതാണ് തരണനെല്ലൂര്‍ എന്ന പ്രശസ്‌തമായ താന്ത്രിക കുടുംബം. കേരളത്തിലെ ഏതുക്ഷേത്രത്തിലും താന്ത്രികാധികാരമുള്ള ഒരേ ഒരു കുടുംബം എന്ന സവിശേഷതയും ഇതിനുണ്ട്.
ക്ഷേത്ര പ്രതിഷ്‌ഠയ്‌ക്കു യോഗ്യരായവരെ തേടി ഭാര്‍ഗവരാമന്‍ എത്തിപ്പെട്ടത്, ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ഗ്രാമത്തിലത്രെ..
അവടെനിന്നു രണ്ടു സിദ്ധരായ ആളുകളെ അദ്ദേഹം കേരളത്തിലേയ്‌ക്കു
കൂട്ടി.
വഴിയില്‍ നിറഞ്ഞൊഴുകുന്ന പുഴ..
തന്റെ ദിവ്യശക്തികൊണ്ട് പരശുരാമന്‍ പുഴകടന്നു. അക്കരെ നിന്നുകൊണ്ട് മറുകരയിലുളള നമ്പൂതിരിമാരെ അദ്ദേഹം വിളിച്ചുവത്രെ. അവരുടെ സിദ്ധി അറിയുക എന്ന ലക്ഷ്യം കൂടി അതിനു പിന്നിലുണ്ടായിരുന്നു.
അതിലൊരാള്‍ സിദ്ധികൊണ്ട് പുഴയ്‌ക്കു മുകളിലൂടെയും മറ്റേയാള്‍ പുഴയ്‌ക്ക് അടിയിലൂടേയും ഇക്കരയെത്തി.
പുഴയെ മുകളിലൂടെ തരണം ചെയ്‌ത് എത്തിയയാള്‍ തരണനെല്ലൂരും, അടിയിലൂടെ എത്തിയയാള്‍ താഴമണ്ണും ആയി എന്നാണ് ഐതിഹ്യം.
കേരളത്തിലെ രണ്ടേ രണ്ടു താന്ത്രിക കുടുംബങ്ങളുടെ തുടക്കമായിരുന്നു അത്. പിന്നീട്, ഈ കുടുംബക്കാരാണ് താന്ത്രികാധികാരം മറ്റുളളവര്‍ക്ക് കൈമാറിയത്. ഇന്നും കേരളത്തിലെവിടേയും താന്ത്രികാധികാരം തരണനെല്ലൂര്‍ മനക്കാര്‍ക്കുണ്ടെന്നത് ഇതിനു തെളിവ്.
കേരളത്തിലെ ക്ഷേത്രോത്‌പത്തിയെ കുറിച്ചുളള ചരിത്രം ഇവിടെയാരംഭിയ്‌ക്കുന്നു...ആരും കാണാതെ പോയ ഏടുകള്‍...
................................................................................................................................
തന്ത്രിയ്‌ക്കു ദേവന്റെ പിതൃസ്ഥാനമാണ്. ഉപനയനം കഴിച്ചയാള്‍ എന്ന നിലയില്‍. പ്രതിഷ്‌ഠ നടത്തുന്ന സമയത്ത് ആചാര്യന്റെ മനോഭാവമെന്തോ ആഭാവമാണ് ആ മൂര്‍ത്തിയ്‌ക്കു കൈവരിക. അതിനനുസരിച്ചാണ് അവിടത്തെ പൂജകളും നിത്യാരാധനാക്രമങ്ങളും നിശ്ചയിക്കപ്പെടുന്നത്. അത് തന്ത്രിക്കുമാത്രമറിയുന്ന രഹസ്യമാണ്. അതുകൊണ്ടത്രെ ഏതുക്ഷേത്രത്തിന്റെയും പരമാചാര്യ സ്ഥാനം തന്ത്രിക്കു കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. അതു ആ കുടുംബത്തിലുളളവര്‍ മാത്രം അറിയുന്ന രഹസ്യമായി അവശേഷിക്കുന്നു...
വെളുത്തേടത്ത് തരണനെല്ലൂര്‍ മനയുടെ നടുമുറ്റത്തിന്റെ വെള്ളിവെളിച്ചത്തില്‍, മുല്ലത്തറയുടെ സുഖശീതളിമയില്‍ ഇരുന്ന് ഇല്ലത്തെ ഇപ്പോഴത്തെ കാരണവരായ തരണനെല്ലൂര്‍ പത്മനാഭന്‍ നമ്പൂതിരിപ്പാട് പറയുകയാണ്...കേള്‍ക്കാത്ത കഥകള്‍...വിസ്‌മയിപ്പിക്കുന്ന കഥകള്‍...
കേരളത്തിലെ താന്ത്രിക കുടുംബങ്ങളെല്ലാം പിന്തുടരുന്നത് `തന്ത്രസമുച്ചയം' എന്ന ആധികാരിക ഗ്രന്ഥത്തേയാണ്. എന്നാല്‍, തരണനെല്ലൂര്‍ താന്ത്രികര്‍ക്ക് പ്രമാണം, പരശുരാമന്‍ കനിഞ്ഞു നല്‍കിയ `പരശുരാമ പദ്ധതി'യാണ്. ഇത് ഈ കുടുംബത്തിന്റെ മാത്രം സൗഭാഗ്യം.
വഴിപിരിയല്‍
കന്യാകുമാരിയിലും മധുരയിലും പോലും താന്ത്രികാവകാശമുളള തരണനെല്ലൂര്‍ മന പില്‍ക്കാലത്ത് നാലു ശാഖകളായി വഴിപിരിഞ്ഞു. താന്ത്രികാവകാശവും. ശുചീന്ദ്രം മുതല്‍ കോട്ടയംവരെ നെടുമ്പിള്ളി എന്ന ശാഖക്കാര്‍ക്കും കോട്ടയം മുതല്‍ പെരുമ്പാവൂര്‍ വരെ കിടങ്ങാശേരി എന്ന ശാഖക്കാര്‍ക്കും പെരുമ്പാവൂര്‍ മുതല്‍ മലപ്പുറം വരെ വെളുത്തേടത്ത് ശാഖക്കാര്‍ക്കും അവിടുന്ന് കാസര്‍ഗോട്ടുവരെ തെക്കിനിയേടത്ത് ശാഖക്കാര്‍ക്കും എന്നാണ് വ്യവസ്ഥ.
ഇതൊക്കെയാണെങ്കിലും തൃശൂരിലെ കിഴുത്താനി എന്ന സ്ഥലത്തുള്ള പത്തനാപുരം ക്ഷേത്രത്തില്‍ ഈ കുടുംബത്തായ്‌വഴികള്‍ ഒന്നിച്ചു വിളക്കിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. ഇവിടുത്തെ പത്മനാഭദാസരാണ് ഈ കുടുംബക്കാര്‍. കുടുംബത്തില്‍ ജനിക്കുന്ന മൂത്ത ആണ്‍കുട്ടിയ്‌ക്കു പത്മനാഭന്‍ എന്ന പേര്‍ വേണമെന്ന ചിട്ടയും ഇന്നോളം തെറ്റിച്ചിട്ടില്ല.
ഉപാസനാ കാണ്ഡത്തിന്റെ രണ്ടു കഥകള്‍
പഴക്കമുളള കഥയാണ്. തരണനെല്ലൂര്‍ മനയുമായി ബന്ധമുള്ള ചിറ്റൂര്‍ മനയിലെ ഒരു കാരണവര്‍ക്ക് ത്വരിതാ ഭഗവതിയെ ഉപാസനയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രായമായ കാലത്ത് ഭാര്യമരിച്ചതിനെ തുടര്‍ന്ന് വീണ്ടും വേളികഴിച്ചു- നായര്‍ കുടുംബത്തില്‍ നിന്നായിരുന്നു. യുവതിയായ ഭാര്യ. ദേവ്യുപാസകനായ നമ്പൂതിരി തന്റെ ദിനചര്യകളെല്ലാം കഴിച്ച് രാത്രി വൈകിയാണ് കിടക്കുക. പുലര്‍ച്ചെ മൂന്നിന് എഴുന്നേറ്റ് പോകുകയും ചെയ്യും. ഇതു തുടര്‍ച്ചയായപ്പോള്‍ യുവതിയായ ഭാര്യയ്‌ക്ക് ഇയാളില്‍ സംശയമുദിച്ചു. അവിഹിതമായ എന്തോ ഉണ്ട് എന്ന സംശയത്തില്‍ ഒരു ദിവസം നിശബ്ദയായി നമ്പൂതിരിയെ പിന്തുടര്‍ന്നു. നമ്പൂതിരി പൂജനടത്തിയിരുന്ന കുളപ്പുരയില്‍ എത്തിയ യുവതി അവിടെ കുത്തുവിളക്കുമായി നില്‍ക്കുന്ന ഒരു കറുത്ത സ്‌ത്രീയെ കണ്ടു..!. അതോടെ സംഗതി രാജാവിനു മുന്നിലെത്തി. പരസ്‌ത്രീഗമനമാണ് കുറ്റം. നമ്പൂതിരി വിവശനായി. ശിക്ഷാവിധിയും വന്നു. തീയില്‍ ചാടി മരണം വരിക്കുക!. തീയില്‍ ചാടാനൊരുങ്ങിയ ഘട്ടത്തില്‍, തരണനെല്ലൂരിലെ കാരണവര്‍ അവിടെ എത്തുകയും രാജാവിനെ കാര്യം ബോധിപ്പിക്കുകയും ശിക്ഷ തടയുകയും ചെയ്‌തു. ത്വരിതാ ഭഗവതിയെയാണ് അവിടെ കണ്ടതെന്ന് രാജാവിനു ബോധ്യമായി. ത്വരിതോപാസകനായ തരണനെല്ലൂര്‍ നമ്പൂതിരിപ്പാടിന് സാക്ഷാല്‍ ഭഗവതിതന്നെയാണ് ഈ ശിക്ഷാവിധിയുടെ സന്ദേശം നല്‍കിയതെന്നാണ് കഥ. ഇന്നു ഈ മനയില്‍ ത്വരിതോപാസന ഇല്ലാതെ പോയതിനെ കുറവുകളുണ്ടെന്ന് പത്മനാഭന്‍ നമ്പൂതിരിപ്പാടിന്റെ സാക്ഷ്യം.
............................................................
വളരെ മുമ്പ് മലപ്പുറത്തെ രാമപുരം ശ്രീരാമ ക്ഷേത്രത്തിലെ പ്രതിഷ്‌ഠയ്‌ക്കിടെ ഉണ്ടായ ഒരു സംഭവവും അദ്ദേഹം ഓര്‍ക്കുന്നു. ക്ഷേത്രത്തിലെ പുനഃപ്രതിഷ്‌ഠാ ദിവസമാണ്. പൂജാക്രിയകളില്‍ വന്ന പിഴവറിയാതെ പ്രതിഷ്‌ഠ നടത്തി. പഴയ വിഗ്രഹം ജലവിസര്‍ജ്ജ്യം (വെള്ളത്തില്‍ ഒഴുക്കല്‍) നടത്തണമെന്നാണ് വിധി. കുളത്തിലിട്ട കല്‍വിഗ്രഹം മുങ്ങാതെ പൊങ്ങിക്കിടന്നുവത്രെ..!. ചൈതന്യം ഇപ്പോഴുമുണ്ടെന്ന സൂചന മനസ്സിലാക്കിയ തന്ത്രി അതിനെ കാല്‍കൊണ്ടു ചവിട്ടി അശുദ്ധപ്പെടുത്തുകയും തുടര്‍ന്ന് വിഗ്രഹം താഴ്‌ന്നു പോയെന്നും ചരിത്രം!. ദേവന്റെ പിതാവ് എന്ന സങ്കല്‍പ്പത്തിന് അടിവരയിടുന്ന കഥ..
........................................................................................
അച്ഛന്റെ വീട്ടില്‍ തേവരുടെ പള്ളിയുറക്കം
ഭൂമിയിലെ ദേവസംഗമമായ ആറാട്ടുപുഴ പൂരത്തെക്കുറിച്ചു പറയാതെ ഇക്കഥ മുഴുവനാവില്ല. മുപ്പത്തിമുക്കോടി ദേവകളും യക്ഷ-കിന്നര-ഗന്ധര്‍വ-ദൈത്യന്‍മാരും ഭൂത-പ്രേതാദി-പിശാചുക്കളും കൂടി കാണാനെത്തുന്ന ദേവമേളയിലെ നെടുനായകത്വം തൃപ്രയാര്‍ തേവര്‍ക്കാണ്. തൃപ്രയാറിലെ ആചാര്യസ്ഥാനീയരായ തരണനെല്ലൂര്‍ മനയില്‍, ഭഗവാന്‍ ഒരു ദിവസം അന്തിയുറങ്ങുന്ന ചടങ്ങുണ്ട്. ആറാട്ടുപുഴപൂരത്തിന്റെ തലേന്നാണ് തന്ത്രി ഇല്ലത്തേയ്‌ക്ക് തേവര്‍ എഴുന്നള്ളിയെത്തുക..
ഗ്രാമപ്രദക്ഷിണം കഴിഞ്ഞ്, രാത്രി പന്ത്രണ്ടുമണിയോടെ പഞ്ചവാദ്യത്തിന്റെ അകമ്പടിയില്‍, രാജകീയമായാണ് ശ്രീരാമ ചക്രവര്‍ത്തിയുടെ എഴുന്നളളത്ത്. തീവെട്ടികളുടെ പ്രഭാപൂരത്തില്‍...
ഇവിടെ ഇറക്കിപ്പൂജയാണ്. തുടര്‍ന്ന് പിതാവിന്റെ വീട്ടില്‍ ഭഗവാന്റെ പള്ളിയുറക്കം. പിറ്റേന്ന് ചെമ്പില്‍ ആറാടി, വീണ്ടും ഗ്രാമപ്രദക്ഷണത്തിനു പുറപ്പെടും.
മറ്റുദിവസങ്ങളിലെല്ലാം ഗ്രാമപ്രദക്ഷിണശേഷം, ക്ഷേത്രത്തില്‍ തിരിച്ചെത്തുന്നതാണ് രീതി. ക്ഷേത്രത്തിനു പുറത്ത് തേവര്‍ കഴിച്ചുകൂട്ടുക ഈ ഇല്ലത്തുമാത്രമാണ്..!
1400ലേറെ വര്‍ഷത്തെ പഴക്കമുളളതാണ് ആറാട്ടുപുഴ പൂരം. ഈ ചടങ്ങുകളെല്ലാം ഇന്നും കടുകിട വ്യത്യാസമില്ലാതെ തുടര്‍ന്നു വരുന്നു എന്നത് അമ്പരപ്പിക്കുന്ന സത്യമാണ്..
കേരളത്തിന്റെ ചരിത്രത്തിലോ ഐതിഹ്യപ്പെരുമകളിലോ എവിടേയും അടയാളപ്പെടുത്തായെപോയ കഥയാണ് ഈ മനയുടേത്. ഇതിഹാസകാരന്‍മാര്‍ പറയാതെ വിട്ടുപോയ മൗനങ്ങളുടെ പൂരിപ്പിക്കലായിരുന്നു ഈ യാത്ര.
മടങ്ങുകയാണ്. ഒരിക്കല്‍ കൂടി തിരിഞ്ഞു നോക്കി...
ശാന്തമായ മനസ്സോടെ തിരിച്ചു നടക്കുമ്പോള്‍, മന എന്തോ ഉരുവിടുന്നുവോ..?
`ധിയോ യോ നഃ പ്രചോദയാത്....'
ചിത്രങ്ങള്‍: സുധീപ് ഈയെസ്.
nice...!!!
ReplyDeleteതന്തി എന്റെ വീട്ടിൽ കുറച്ച് ദിവസം താമസിച്ചിട്ടുണ്ട്
ReplyDeletekerala thanthrika paramparyathinte vismayam
ReplyDelete