പടുകൂറ്റനൊരു പത്തേമാരി മുചിരിപട്ടണ തുറമുഖത്തു നങ്കൂരമിട്ടു കിടന്നു. മരപ്പണിയുടെ വിസ്‌മയമായിരുന്നു അത്. അതിനുചുറ്റുമായി കായലില്‍ കൊതുമ്പുവള്ളങ്ങള്‍ ഒഴുകി നടന്നു..
രാജാവ് പോകുകയാണ്. രാജാവല്ല..ചക്രവര്‍ത്തി, കേരളത്തിന്റെ...!
ചേരമാന്‍ പെരുമാള്‍...
കടലുകടക്കുന്നത് മഹാപാപമായ കാലഘട്ടത്തില്‍, അദ്ദേഹം തിരിക്കുന്നത് മക്കയിലേയ്‌ക്ക്..
പ്രജകള്‍ ഒന്നടങ്കം തുറമുഖത്തെത്തി..
സാമന്തന്‍മാരും...
`രാജന്‍..എനിക്കായി എന്തെങ്കിലും....'
കോഴിക്കോട്ടെ സാമന്തന്‍..
അപ്പോഴേയ്‌ക്കും തന്റേതായ സര്‍വ്വതും വീതിച്ചു നല്‍കിക്കഴിഞ്ഞ ചേരചക്രവര്‍ത്തി ഒരു നിമിഷം വിഷാദമഗ്നനായി...
പിന്നെ, ഉടവാളെടുത്ത് സാമന്തനു നേരേ നീട്ടി, പറഞ്ഞു:
`നിങ്ങള്‍ കൊന്നും ചത്തും അടക്കിക്കൊള്‍ക...!!'
അദ്ദേഹം അതു ചെയ്‌തു...കോഴിക്കോട്ട് സാമൂതിരിപ്പാട്...!!
ചരിത്രത്തിലെ ഈ അനര്‍ഘനിമിഷം സങ്കല്‍പ്പിച്ചെടുക്കാനേ കഴിയൂ..ഇന്ന്.
ഇന്നും സാമൂതിരിയായി ചുമതലയേല്‍ക്കുമ്പോള്‍ ഈ വാളാണ് സാക്ഷ്യം..
ചേരമാന്‍ ജൂമാ മസ്‌ജിദിന്റെ തിരുമുറ്റത്തു നില്‍ക്കുമ്പോള്‍, മനസ്സ് പാഞ്ഞുപോയത് 1400 വര്‍ഷങ്ങള്‍ പിറകിലേയ്‌ക്കാണ്...
കാലം പറന്നുപോകുകയാണോ...?
കേരളക്കരയുടെ ചക്രവര്‍ത്തി വേണ്ടപ്പെട്ടവര്‍ക്ക് രാജ്യം വീതിച്ചു നല്‍കി, ആത്മീയാനുഭൂതിയുടെ പുതിയ തുറയിലേയ്‌ക്കു നീന്തിയ കഥ..
ചേരമാന്‍ എന്ന മിത്ത്
ചേരമാന്‍ രാജപരമ്പരയെക്കുറിച്ച് പണ്ഡിതര്‍ക്കിടയില്‍ ഭിന്നാഭിപ്രായം ഉണ്ട്. നമ്പൂതിരിമാര്‍ ക്ഷണിച്ചുകൊണ്ടുവന്ന ചക്രവര്‍ത്തിയാണിത് എന്നാണ് കഥ. കേരളത്തിലെ നാടുവാഴി ദുഷ്‌പ്രഭുത്വത്തിനെതിരേ..
ഇരുപതുവര്‍ഷത്തോളമാണ് അവസാനത്തെ ചേരമാന്‍ പെരുമാളുടെ കാലഘട്ടമെന്നാണ് പറയുന്നത്. പെരുമാള്‍ എന്ന വാക്കിന് `ദൈവം' എന്നര്‍ത്ഥം. ദൈവീക പരിവേഷം ചാര്‍ത്തപ്പെട്ട 25 ചേരമാന്‍മാര്‍ കേരളം ഭരിച്ചുവെന്നാണ് കേരളോത്‌പത്തിയിലെ സൂചന. ഇതിനും അപവാദങ്ങളുണ്ട്..
എന്തായാലും കൊല്ലിന്റേയും കൊലയുടേയും ചതിവിന്റേയും ഒരു ചരിത്രം ഈ കഥകളില്‍ ഒളിഞ്ഞു കിടക്കുന്നു എന്നത് വ്യക്തം.
തമിഴ്‌നാട്ടിലെ ചേരസാമ്രാജ്യത്തിലെ പ്രജയായിരുന്ന ഒരു ബ്രാഹ്മണനാണ് ഇവരെ കേരളത്തിലേയ്‌ക്കു ക്ഷണിച്ചതെന്നു ആഖ്യാനം. കഥകള്‍ക്കു അവസാനമേയില്ല..അന്വേഷിച്ചുപോകുമ്പോള്‍.
കേരളോല്‍പ്പത്തിയില്‍
ചേരമാന്‍ പെരുമാളുടെ സ്ഥാനത്യാഗത്തെക്കുറിച്ചും മക്കയിലേയ്‌ക്കുള്ള യാത്രയെക്കുറിച്ചും, കേരളോല്‍പ്പത്തിയില്‍ ഇങ്ങിനെ:
പെരുമാള്‍ രാജ്യം അംശിച്ചു കൊടുത്തു കഴിഞ്ഞു എന്നും മക്കത്ത് അശുവിനു പുറപ്പാടായെന്നും കേട്ടു പൂന്തുറക്കോനും (ഇരിവര്‍ ഏറാടിമാരും) മാനിച്ചന്‍ കൃഷ്‌ണരായരോട് പട ഏറ്റു മരിച്ചു എന്നു കേട്ടിരിക്കുന്നു. മങ്ങാട്ടുണ്ണിക്കുമാരമേനോനും ചെന്നു പെരുമാളെ കാണുംമ്പോഴെക്ക്, രാജ്യം വേണ്ടപ്പെട്ട ജനങ്ങള്‍ക്ക് പകുത്തു കൊടുത്തു പോയല്ലൊ ഇനി എന്തു വേണ്ടതു എന്നു വിചാരിച്ചു, ഇനി കോഴി കൂക്കുന്ന ദേശവും ചുള്ളിക്കാടും ഉണ്ടു, അതു നിങ്ങള്‍ക്ക് തരാം എന്നു പറഞ്ഞു. നിങ്ങള്‍ കുറഞ്ഞൊന്നു മുമ്പെ വന്നില്ലല്ലോ എന്നു പെരുമാള്‍ അരുളിച്ചെയകാറെ, അതു മതി എന്നു നിശ്‌ചയിച്ചതിന്റെ ശേഷം ചേരമാന്‍ പെരുമാള്‍ വള്ളുവകോനാതിരിയെ കൂട നിവത്തി പൊന്‍ ശംഖില്‍ വെള്ളം പകര്‍ന്നു ശേഷിപ്പുണ്ടായിരുന്ന കോഴിക്കോടും ചുള്ളിക്കാടും ആനക്കോലാല്‍ മുക്കോല്‍ വഴിയും കാതിയാര്‍ മുതലായ ജോനകരേയും മക്കത്തെ കപ്പല്‍ ഓടിപ്പാനും മാമാങ്ങവേല പാലിപ്പാനും വാളും വാളിന്‍മുനമേല്‍ നീരും പകര്‍ന്നു കൊടുത്തു. `നിങ്ങള്‍ ചത്തും കൊന്നും അടക്കി കൊള്‍ക` എന്നാജ്ഞയും `ഈ മനനാട്ടില്‍ മുഴുവനും ഞാനിയായിട്ടു മേല്‍കോയ്‌മ സ്‌ഥാനം നടത്തി കോള്‍ക` എന്നനുജ്ഞയും കൊടുത്തു....
ഇമാം സെയ്‌ഫുദ്ദീന്‍ അല്‍ കാസിമിയോടൊപ്പം |
ചരിത്രത്തിന്റെ അകത്തളത്തിലേയ്‌ക്ക്
ഇന്ത്യയിലെ ആദ്യ മുസ്ലീം പള്ളി. കൊടുങ്ങല്ലൂരിലെ ചേരമാന്‍ ജൂമാമസ്‌ജിദിന്റെ അകത്തളത്തില്‍, ഇമാം സെയ്‌ഫുദ്ദീന്‍ അല്‍ കാസിമിയോടൊപ്പം, നിലത്തുവിരിച്ച ചിത്രപ്പണിയുള്ള മനോഹരമായ കമ്പളത്തിലിരുന്നു. ചരിത്രം ഉറങ്ങുന്ന പ്രാര്‍ത്ഥനാഹാള്‍. 900 വര്‍ഷം പഴക്കമുള്ള, മരത്തില്‍ അതിചാരുതയോടെ കടഞ്ഞെടുത്ത മിമ്പര്‍ അഥവാ പ്രസംഗപീഠമാണ് മുന്നില്‍..
അതിന്റെ സൗന്ദര്യം വര്‍ണ്ണിക്കാന്‍ വാക്കുകള്‍ പോരാതെ വരും. കാലപ്പഴക്കത്തിലും വെട്ടിത്തിളങ്ങുന്ന ഈ പ്രസംഗപീഠത്തിലിരുന്നാണ് വെള്ളിയാഴ്‌ചകളില്‍ ഇമാമിന്റെ സന്ദേശം നല്‍കല്‍.
കനത്തമരങ്ങള്‍ കൊണ്ടു തീര്‍ത്ത പിച്ചളകെട്ടിയ പള്ളിവാതിലുകള്‍ രാജസമാനം. മേല്‍ക്കട്ടിയും പൂര്‍ണമായും മരം കൊണ്ടുതന്നെ..
പുറത്തെ ഫലകത്തില്‍ പള്ളിയുടെ പ്രായം വായിക്കാം: AD: 629!.ഹിജിറ 5. ഈ മസ്‌ജിദ് സ്ഥാപിയ്‌ക്കപ്പെടുമ്പോള്‍, നബി തിരുമേനിയ്‌ക്കു അമ്പത്തിയെട്ടുവയസ്സ് !.
അകത്തളത്തിലേയ്‌ക്കു കടക്കുമ്പോള്‍ തന്നെ കാണുന്ന കൂറ്റന്‍ തൂക്കുവിളക്കാണ് അമ്പരപ്പിയ്‌ക്കുക...
ഒരു കാലത്ത് പ്രകാശം പരത്തി, നിറഞ്ഞുകത്തിയിരുന്ന വിളക്ക്..!
നാനാജാതി മതസ്ഥര്‍ ഇതില്‍ നേര്‍ച്ചയായി എണ്ണനിറച്ചു.
മതസൗഹാര്‍ദ്ദത്തിന്റെ അവസാനവാക്കായി മാറുന്ന ഒരു ദേവാലയം..
`ഇന്നും അന്യമതസ്ഥരാണിവിടെ കൂടുതലായി നേര്‍ച്ചയുമായി എത്തുന്നത്'- ഇമാം പറഞ്ഞു.
പിളര്‍ന്നുമാറിയ ചന്ദ്രന്‍
`അന്ത്യനിമിഷം ഇതാ അടുത്തെത്തി. ചന്ദ്രന്‍ പിളര്‍ന്നു. ഒരു ദൃഷ്ടാന്തം കാണുമ്പോള്‍, `പണ്ടുമുതലേ കണ്ടുവരുന്ന ജാലവിദ്യ' എന്നു പറഞ്ഞ് അവര്‍ തിരിഞ്ഞു പോകുകയാണ്. നിഷേധിക്കുകയും തന്നിഷ്ടം പിന്‍പറ്റുകയുമാണവര്‍. പക്ഷെ, കാര്യങ്ങളെല്ലാം സുസ്ഥിരമാണ്.... (ഖുര്‍ ആന്‍).
തിരുനബിയുടെ അമാനുഷിക കഴിവിനാല്‍ ചന്ദ്രന്‍ പിളര്‍ന്ന സംഭവം കേരളത്തില്‍ നിന്നും പെരുമാള്‍ ദര്‍ശിക്കുകയുണ്ടായത്രെ. ഈ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പെരുമാളിനെ തിരു നബി സന്നിധിയില്‍ എത്തിച്ചുവെന്ന് ചരിത്രം. അദ്ദേഹത്തില്‍ നിന്നും സത്യമതം പുല്‍കിയ പെരുമാള്‍, താജുദ്ദീന്‍ എന്ന പേര് സ്വീകരിച്ചു എന്നാണ് ഒറ്റവാക്കില്‍ പറഞ്ഞാല്‍, ഈ കഥ. ചന്ദ്രന്‍ പിളര്‍ത്തിയ അമാനുഷിക സംഭവം ദര്‍ശിച്ച പെരുമാള്‍ മക്കത്ത് പോയി ഇസ്‌ലാമാശ്ലേഷിച്ച സംഭവം തുഹ്‌ഫത്തുല്‍ മുജാഹിദീനില്‍ ശൈഖ് സൈനുദ്ദീന്‍ മഖ്‌ദൂം വിവരിച്ചിട്ടുണ്ട്- ഇമാം കഥ തുടര്‍ന്നു...
പെരുമാള്‍ സ്വപ്‌നദര്‍ശനമായാണ് ചന്ദ്രന്‍ പിളര്‍ന്നു നീങ്ങുന്നതു കണ്ടത്. അതിനു വിശദീകരണം നല്‍കാന്‍ കൊട്ടാരത്തിലേയോ രാജ്യത്തേയോ ജ്യോതിഷപണ്ഡതര്‍ക്കൊന്നുമായില്ല.
അപ്പോള്‍, സിലോണിലേയ്‌ക്കുപോകുകയായിരുന്നു ഒരു സംഘം അറബിക്കച്ചവടക്കാര്‍ പെരുമാളിനെ മുഖം കാണിക്കാനെത്തി.
പൊന്നുതിരുമേനിയുടെ സ്വപ്‌നദര്‍ശനത്തിന് അവരാണ് വ്യാഖ്യാനം നല്‍കിയത്. ഇതില്‍ ആകൃഷ്ടനായ പെരുമാള്‍, നബിയെ കാണണമെന്നും ആ സന്നിധിയില്‍ നിമഗ്നനാകണമെന്നും ഇച്ഛിച്ചു.
യാത്രയായ അദ്ദേഹം `സെഹര്‍മുക്കല്‌ഹ എന്ന വന്തരില്‍ ചെന്നിറങ്ങുകയും ചെയ്‌തു. അപ്പോള്‍ മഹമ്മതനെബി വിജിദ്ധ എന്ന നാട്ടില്‍ പാര്‍ത്തുവരുന്നു; അവിടെ ചെന്നു തങ്ങളില്‍ കണ്ടൂ മാര്‍ഗ്ഗം വിശ്വസിച്ചു, താജുദ്ദീന്‍ എന്ന പേരുമായി, മാലിക്ക ഹബിബദീനാറെന്ന അറവി രാജാവിന്റെ പെങ്ങളായ റജിയത്ത എന്നവളെ കെട്ടി...' എന്നാണ് `കേരളോല്‍പ്പത്തിയില്‍' വായിക്കുക.
പെരുമാളിന്റെ മരണം
ആത്മീയതയുടെ തീരത്തു മഹാസൗഭാഗ്യം അനുഭവിച്ചിരിക്കേയാണ് പെരുമാളിന്, തന്റെ നാട്ടിലുള്ളവരേയും ഈ ആത്മതത്ത്വം പഠിപ്പിയ്‌ക്കണമെന്നു തോന്നിയത്. അതിനായി നാട്ടിലേയ്‌ക്കു തിരിച്ച അദ്ദേഹത്തിനു യാത്ര പൂര്‍ത്തിയാക്കാനായില്ല. വഴിമധ്യേ രോഗഗ്രസ്ഥനായ അദ്ദേഹം ദുഫാറില്‍ വച്ച് മരണത്തിനു കീഴടങ്ങി...
മലയാളത്തില്‍ വന്നു ദീന്‍ നടത്തേണ്ടതിനു യാത്ര ഭാവിച്ചു ഒരുങ്ങി ഇരിക്കുമ്പോള്‍, ശീതപ്പനി പിടിച്ചു വലഞ്ഞതിന്റെ അനന്തരം, മലയാളത്തിലെ രാജാക്കന്മാര്‍ക്ക് കത്തുകളോടും കൂടി പറഞ്ഞ രാജാവെ പുത്രരോടും കൂട പുറപ്പെടീച്ചതിന്റെ ശേഷം, താജുദ്ദീന്‍ കഴിഞ്ഞു. താനുണ്ടാക്കിയ പള്ളിയില്‍ തന്നെ മറ ചെയ്‌കയും ചെയ്‌തു- എന്ന് കേരളോല്‍പ്പത്തിയില്‍..
പല തവണ പുതുക്കിപ്പണിത പളളിസമുച്ചയത്തില്‍ ചേരമാന്റേതായി പേരുമാത്രമേയുള്ളൂ. മക്കത്തുനിന്നും അദ്ദേഹത്തിന്റെ സന്ദേശവാഹകനായെത്തിയ, മാലിക് ബിന്‍ ദിനാറാണ് രാജകുടുംബാംഗങ്ങളുടെ സഹായത്തോടെ ചേരമാന്‍ പള്ളി തീര്‍പ്പിക്കുന്നത്. ആദ്യത്തെ ഖാസിയും അദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ പുത്രന്‍ ഹബീബ് ബിന്‍ മാലിക്കിനെ ഖാസിയാക്കിയശേഷം കേരളമാകെ സഞ്ചരിച്ചു. പിന്നീട് അറേബ്യന്‍ നാട്ടില്‍ വച്ചു മരണപ്പെട്ടു എന്ന് ചരിത്രം.
ഹബീബ് ബിന്‍ മാലിക്കിന്റേയും പത്‌നി ഖുമരിയായുടേയും ഖബറുകളാണ് (മഖ്‌ബറ) ഇന്നു പള്ളിയില്‍ കാണുന്നതെന്ന് പറയുന്നു- ഇമാം സെയ്‌ഫുദ്ദീന്‍ അല്‍ കാസിമി പറഞ്ഞു നിര്‍ത്തി.
സൂര്യന്‍ ഉച്ചിയിലെത്തിയിരിക്കുന്നു. ളുഹറ് നമസ്‌കാര സമയമായി.
ഇറങ്ങുമ്പോള്‍, അദ്ദേഹം ഒന്നുകൂടി പറഞ്ഞു:
`സലാലയില്‍ ചേരമാന്റെ ഖബറിടം ഇപ്പോഴുമുണ്ട്.`
ശാന്ത സുന്ദരമായ ഒരിടത്താണ് താജുദ്ദീന്‍ എന്ന ചേരമാന്‍ പെരുമാള്‍ അന്ത്യവിശ്രമം കൊള്ളുത്. പ്രശസ്‌തമായ അല്‍ ബലീദ് ആര്‍ക്കിയോളജിക്കല്‍ പാര്‍ക്കില്‍ നിന്നും അധികം ദൂരേയല്ലാതെയാണീ സ്ഥലം. പക്ഷെ, ഇവിടം തീര്‍ത്ഥാടന കേന്ദ്രമൊന്നുമായില്ല, മലയാളികള്‍ക്കുപോലും.
സമകാലികം
കേരള വ്യാസന്‍ കൊടുങ്ങല്ലൂര്‍ കുഞ്ഞുകുട്ടന്‍ തമ്പുരാന്റെ അഭിപ്രായത്തില്‍, പഴയ ഒരു ബുദ്ധവിഹാരം പള്ളിപണിയാന്‍ വിട്ടുകൊടുത്തു എന്നത്രെ. കുഞ്ഞുകുട്ടന്‍ തമ്പുരാന്റെ കോവിലക വളപ്പില്‍ തന്നെയാണ് ഈ പള്ളി എന്നത് ഈ കഥയ്‌ക്കു വിശ്വാസ്യത പകരുന്നു. പള്ളി പതിനൊന്നാം നൂറ്റാണ്ടില്‍ പുനഃരുദ്ധരിച്ചു എന്നാണ് വിശ്വസിക്കപ്പെടുന്നത്. 1384ലെ വെള്ളപ്പൊക്കത്തിനു ശേഷവും പുനഃര്‍നിര്‍മ്മിച്ചു. അതിനുശേഷം മൂന്നുറു വര്‍ഷങ്ങള്‍ കഴിഞ്ഞു വീണ്ടും ഒരിക്കല്‍ക്കൂടി പള്ളി പുനര്‍നിമ്മിക്കുകയുണ്ടായി. വിശ്വാസികളുടെ ബാഹുല്യം നിമിത്തം 1974ല്‍ പള്ളിയുടെ മുന്‍വശം ഉടച്ചുവാര്‍ത്തു. പഴയപള്ളിയുടെ പവിത്രത നിലനിര്‍ത്തിക്കൊണ്ടായിരുന്നു പുനര്‍നിര്‍മ്മാണം. പിന്നീട് 1994 ലും 2001ലും മാതൃകയില്‍ വ്യത്യാസങ്ങള്‍ വരുത്തി, പുനര്‍നിമ്മാണം നടത്തുകയുണ്ടായി.
പഴയപള്ളിയുടെ മുഖപ്പോടുചേര്‍ന്ന് പുനര്‍നിര്‍മ്മിച്ച വാര്‍പ്പുകള്‍, പൊളിച്ചു നീക്കാനും പള്ളിയെ പഴയ ചാരുതയില്‍ നിലനിര്‍ത്താനും മഹല്ല് കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണിപ്പോള്‍. വിശ്വാസികള്‍ ഉള്‍ക്കൊളളാനാവുന്നതിലും അധികമായതിനാല്‍, ഒരു അടിപ്പള്ളികൂടി നിര്‍മ്മിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് മഹല്ല് പ്രസിഡന്റ് ഫൈസല്‍.
ഇനിയൊരു സന്ദര്‍ശനവേളയില്‍ കണ്‍മുന്നില്‍ തെളിയുക നവീകരണമൊന്നും ബാധിയ്‌ക്കാത്ത, പഴയ ചേരമാന്‍ പള്ളി പൂര്‍ണപ്രൗഢിയോടെ....!!
........................................................................................
ഇവിടെ മണ്‍തരികള്‍ പോലും കഥകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു..
മനസ്സില്‍ സങ്കല്‍പ്പിയ്‌ക്കാം. കണ്ണെത്താ മണല്‍പ്പരപ്പിനു മീതേ, കരിനീലച്ച ആകാശം ചാഞ്ഞു കിടക്കുന്നത്. ഈന്തപ്പനകള്‍ക്കു മുകളില്‍ അമ്പിളക്കല ഉദിച്ചു നില്‍ക്കുന്നത്...
ചേരസാമ്രാജ്യം ഭരിച്ചൊരു ചക്രവര്‍ത്തി, സര്‍വ്വതും ഉപേക്ഷിച്ച്, ഈ മണലാരണ്യത്തില്‍ ആത്മാന്വേഷണവുമായി എത്തുന്നു..
പിന്നെ തന്റെ ജീവിതസന്ദേശം പ്രിയപ്പെട്ട പ്രജകള്‍ക്കായി അദ്ദേഹം പകരുന്നു.
ചരിത്രത്തിന്റെ ഇടനാഴികളില്‍ മറഞ്ഞുകിടക്കുന്ന കഥകള്‍..!. പലതും കാലത്തിന്റെ കൈപ്പടയില്‍ മാറ്റിയെഴുതപ്പെട്ടുപോയി...
കഥകളും ചരിത്രവും എവിടെയൊക്കേയോ കൂടിക്കലരുന്നു. ഒന്ന് മറ്റൊന്നില്‍ നിന്നും വേര്‍പിരിക്കാനാവാത്ത വിധം..
കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് കഥകള്‍ പറഞ്ഞുതരാന്‍ ആളുകളുമുണ്ടായിരുന്നു, എന്നും..
ഇവിടെയും അങ്ങിനെ തന്നെ..
-ബാലുമേനോന്‍ എം. Photos: Sudip Eeyes
a more balanced historic version.great
ReplyDelete