Sunday, March 1, 2015

അനുഭൂതിയുടെ ഗിരിശൃംഗത്തില്‍





എം.കെ.രാമചന്ദ്രന്റെ കൈലാസ യാത്രാനുഭവങ്ങള്‍..

സര്‍യൂം നിരപ്പില്‍ നിന്നാണ്‌ ആ ധവളശൃംഗത്തിന്റെ ആദ്യനോട്ടം കിട്ടിയത്‌. അതൊരു വിദൂരവീക്ഷണമായിരുന്നു.
പിന്നെ 23,000 അടി ഉയരത്തില്‍, ഡെറാഫൂക്ക്‌ ക്യാമ്പിലെത്തിയപ്പോള്‍,
മനസ്സിനെ വിഭ്രമത്തിലാഴ്‌ത്തി കൈലാസപര്‍വ്വതം തൊട്ടുമുന്നില്‍ നിറഞ്ഞു.
നാളിത്രയും പറഞ്ഞു മാത്രം കേട്ട മഹാകൈലാസം..!
അതൊരു സംഭ്രമിയ്‌ക്കുന്ന കാഴ്‌ചയായിരുന്നു..
ഭൂമിയ്‌ക്കുള്ളില്‍ നിന്നും പെട്ടെന്നുയര്‍ന്നുവന്നതുപോലെ..
ശരിയ്‌ക്കും കണ്‍മുന്നില്‍ നിറഞ്ഞു എന്നതു തന്നെയാണ്‌ ശരി..
ആകാശത്തോളം..ഒരു പക്ഷെ, അതിനേക്കാള്‍ കവിഞ്ഞ്‌...!
മഞ്ഞുമൂടിയ ഗിരിശൃംഗം തൊട്ടരുകില്‍..! ചുറ്റും താമരപോലെ വിടര്‍ന്നു നില്‍ക്കുന്ന ശിഖരങ്ങള്‍ക്കു നടുവില്‍നിന്നും അത്‌ ആകാശവും കടന്ന്‌ തലയുയര്‍ത്തി നിന്നു.
നോക്കിനോക്കി നില്‍ക്കെ, പെട്ടെന്ന്‌ അതിനെ മൂടല്‍മഞ്ഞ്‌ തിരശീലയിട്ടു മറച്ചു കളഞ്ഞു.
ഭ്രമാത്മകത വിട്ടുമാറും മുമ്പെ, മൂടല്‍മഞ്ഞും മാഞ്ഞുവല്ലോ..!
അപ്പോള്‍ തെളിഞ്ഞത്‌ കറുകറുത്ത കല്ലില്‍ തീര്‍ത്ത വിശിഷ്ടശില്‍പ്പസൗന്ദര്യം പോലെ കൈലാസത്തിന്റെ മറ്റൊരു ഭാവം...ശിവലിംഗം തന്നെ...!
ശ്വാസംമുട്ടിക്കുന്ന ഒരു കാഴ്‌ച..
അപ്പോള്‍ കണ്ടു, അതില്‍ നിറയേ നീരൊഴുക്കുകളാല്‍ അഭിഷേകം..!!
രാമചന്ദ്രന്റെ തന്നെ വാക്കുകളില്‍- `ആരോ കോരിയൊഴിക്കുന്നതു പോലെ..!'
പതഞ്ഞൊഴുകുന്ന നീര്‍ച്ചാലുകളുടെ ശീതലുകള്‍, സൂചിക്കുത്തുപോലെ മുഖത്തടിച്ചു.
അഭൗമസൗന്ദര്യ ദര്‍ശനത്തില്‍ കണ്ണുകള്‍ താനേ അടഞ്ഞുപോയി...അറിയാതെ കൈകള്‍ കൂപ്പി...!!
ആഹാ.....!!
വാക്കുകള്‍ക്കതീതമായ അനുഭൂതി...
പ്രകൃതിമാതാവിന്റെ കേളീരംഗമായ ശിഖരം, നോക്കിനില്‍ക്കേ തന്നെ രൂപംമാറുന്നു; ഭാവം മാറുന്നു..

കേ ലാസ, വിദ്യതേ യസ്യ സ കേലാസ...!!
(സുഖസ്വരൂപമായ ഉല്ലാസം എവിടെ ലഭിയ്‌ക്കുന്നുവോ അവിടമാണ്‌ കൈലാസം).
കാളിദാസ കൃതികളില്‍ മാത്രം വായിച്ചറിഞ്ഞ, ഭാരതീയ സംസ്‌കൃതിയുടെ ഉത്ഭവസ്ഥാനമെന്ന്‌ കേട്ടറിഞ്ഞ കൈലാസം.. സാക്ഷാല്‍ മഹേശ്വരന്റെ വാസസ്ഥാനം...!
ഒരു നിമിഷം, രാമചന്ദ്രന്‍ എന്ന യാത്രികന്‍ മൗനത്തിലാണ്ടു. ഞങ്ങള്‍ക്കിടയില്‍ പൂര്‍ണചൈതന്യത്തോടെ മഹാകൈലാസം നിറഞ്ഞുനിന്നു..!
പിന്നെ പതുക്കെപ്പറഞ്ഞു: അന്നു രാത്രി ഈ ക്യാമ്പിലിരുന്നു കണ്ട കാഴ്‌ചയ്‌ക്ക്‌ അപ്പുറവും ഇപ്പുറവും ഒന്നുമില്ല, ഭൂമിയില്‍..
പൗര്‍ണമാസിയായിരുന്നു.
ഉദിച്ചുയര്‍ന്ന ചന്ദ്രബിംബത്തിന്റെ തിളക്കത്തില്‍, കൈലാസപര്‍വ്വതം..
അതൊരു കാഴ്‌ചയായിരുന്നു.
രാത്രി പന്ത്രണ്ടര മുതല്‍ ഒന്നരമണിവരെ കണ്ണിമയ്‌ക്കാതെ നോക്കിനിന്ന അത്ഭുതക്കാഴ്‌ച..
അതു ദീപക്കാഴ്‌ചയായിരുന്നു. പൂനിലാവില്‍ വെട്ടിത്തിളങ്ങുന്ന കൈലാസം. അതില്‍ ദീപാവലി തെളിയിച്ചതുപോലെ, പൂത്തിരികത്തിച്ചതുപ്പോലെ മിന്നലൊളികള്‍...
നിശാകാശത്ത്‌ പൂര്‍ണശോഭയില്‍ തിളങ്ങുന്ന ചന്ദ്രബിംബവും അസാധാരണമായി പ്രശോഭിക്കുന്ന താരകക്കൂട്ടങ്ങളും..
`സുഖസ്വരൂപമായ ഉല്ലാസം എവിടെ ലഭിയ്‌ക്കുന്നുവോ അവിടമാണ്‌ കൈലാസം'
അതെ, അത്‌ ഇതു തന്നെ..!!

ഒരു പരിചയപ്പെടുത്തല്‍


എം.കെ. രാമചന്ദ്രനോപ്പം 


മികച്ച യാത്രാവിവരണ ഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ ലഭിച്ച എം.കെ. രാമചന്ദ്രനെ എല്ലാവര്‍ക്കും അറിയാം. തന്റെ ഹിമാലയ സഞ്ചാരത്തിന്റെ അഞ്ചാം പുസ്‌തകരചനയിലാണ്‌ ഇന്നദ്ദേഹം.
പതിനാറു വര്‍ഷം. അതിനുള്ളില്‍ ഹിമാലയത്തിലെ വ്യത്യസ്ഥങ്ങളായ 86 പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക..!. അഞ്ചുകൈലാസങ്ങള്‍ കാല്‍നടയായി പ്രദക്ഷിണം ചെയ്യുക..!.
രാമചന്ദ്രനെ അടുത്തറിയുന്നവര്‍ക്കുപോലും അറിയാത്ത കാര്യങ്ങളാണിത്‌.
അഞ്ചു കൈലാസമോ?.
അതെ. അഞ്ചുകൈലാസങ്ങളുണ്ട്‌..
മാനസസരസ്സുള്‍പ്പെടുന്ന ഈ കൈലാസം ഇന്ന്‌ ചൈനയുടെ ഭാഗമാണ്‌. മറ്റുനാലു കൈലാസങ്ങള്‍ ഇന്ത്യയിലുളളവയാണ്‌.
ആദികൈലാസം, കിന്നര്‍ കൈലാസം, മണിമഹേഷ്‌ കൈലാസം, ശ്രീകണ്‌ഠ്‌ മഹാദേവ്‌ കൈലാസം എന്നിവ ഹിമാചലിലേത്‌.
ഇവയ്‌ക്ക്‌ ഐതിഹ്യപരമായി ഒരു ക്രമമുണ്ട്‌.
ആദികൈലാസത്തിലാണ്‌ ദേവി, സതിയായി കഴിഞ്ഞത്‌. സതി ദേഹത്യാഗം ചെയ്‌ത്‌ പാര്‍വ്വതിയായി പുനര്‍ജനിച്ച സ്ഥലമാണ്‌ നാം ഇന്നറിയുന്ന കൈലാസം. പിന്നെ ഭഗവാന്‍ ശിവന്‍, കിന്നരന്‍മാര്‍ക്ക്‌ ദര്‍ശനം നല്‍കിയതാണ്‌ കിന്നര്‍ കൈലാസ്‌. മഹാഭാരത യുദ്ധശേഷം മരിച്ചുപോയവര്‍ക്കായി കര്‍മ്മങ്ങള്‍ ചെയ്യാന്‍ ശിവനും പാണ്ഡവരും പോയിരുന്ന സ്ഥലമാണ്‌ മണിമഹേഷ്‌ കൈലാസം. പാലാഴി മഥനകാലത്ത്‌ വാസുകി തുപ്പിയ വിഷം, ഭൂമിയില്‍ പതിക്കാതെ കൈക്കുമ്പിളിലാക്കി സ്വയം കഴിച്ച ശേഷം ഭഗവാന്‍ ശിവന്‍ ചെന്നിരുന്ന സ്ഥലമത്രെ, ശ്രീകണ്‌ഠ്‌ മഹദേവ കൈലാസം..!.
ഇവയെയെല്ലാം കാല്‍നടയായി പ്രദക്ഷിണം ചെയ്യുക എന്ന മനുഷ്യസാധ്യമല്ലാത്ത കാര്യം നിര്‍വ്വഹിച്ചതിന്റെ ഭാവമാറ്റം പോലുമില്ലാതെ അദ്ദേഹം ഓഫീസ്‌ റൂമിലിരുന്നു അനുഭവങ്ങള്‍ പകര്‍ന്നു..
ഓരോ വര്‍ഷവും ആറും ഏഴും തവണയാണ്‌ ഹിമാലയസാനുക്കളിലേയ്‌ക്കുള്ള അദ്ദേഹത്തിന്റെ യാത്രകള്‍.
മറ്റൊരുയാത്ര കൂടി കഴിഞ്ഞെത്തിയതിന്റെ അഞ്ചാംനാളാണ്‌ ഞങ്ങള്‍ കാണുന്നത്‌.

തുടക്കം

പതിനാറു വര്‍ഷം ഗള്‍ഫിലെ ജോലി. അവിടെ ബ്രിട്ടീഷ്‌ ലൈബ്രറിയില്‍ വച്ച്‌ പരിചയപ്പെട്ട ഒരു ഇംഗ്ലീഷ്‌ ഉദ്യോഗസ്ഥന്‍, ഇന്ത്യയെക്കുറിച്ചു ചോദിച്ച ചോദ്യങ്ങള്‍ക്കു മുന്നില്‍ കുന്തം വിഴുങ്ങിയത്‌ പോലെ നിന്നു. അയാള്‍ കണക്കിനു പരിഹസിക്കുകയും ചെയ്‌തു. ഇത്രയും മഹത്തായ സംസ്‌കൃതിയില്‍ നിന്നു വരുന്ന നിങ്ങള്‍ക്ക്‌ ഒന്നും അറിയില്ല..? ഷെയിം ഓണ്‍ യു...!
ആ വര്‍ഷം നാട്ടിലെത്തിയപ്പോള്‍ `ഭഗവദ്‌ ഗീത' വാങ്ങി. പതുക്കെ ഭാരതീയ സംസ്‌കൃതിയെ അറിഞ്ഞു.
പിന്നീട്‌, അച്ഛന്റെ സഞ്ചയനകര്‍മ്മങ്ങള്‍ക്ക്‌ കാശിയിലെത്തിയപ്പോള്‍ ഒരു ടൂറിസ്‌റ്റ്‌ ഓഫീസിലെ ബോര്‍ഡില്‍, കൈലാസയാത്ര എന്നെഴുതിക്കണ്ടു..
അതായിരുന്നു വഴിത്തിരിവ്‌...
എല്ലാ ടിക്കറ്റും തീര്‍ന്നിട്ടും, അവസാന നിമിഷം വന്ന ഒരു ക്യാന്‍സലേഷന്‍. ആ ടിക്കറ്റില്‍ ആദ്യയാത്ര- ഒരു നിയോഗം പോലെ. 1997ല്‍ ആയിരുന്നു ഇത്‌.
അവസാനിക്കാത്ത ഹിമാലയയാത്രകളുടെ തുടക്കം..

സാധാരണ ഒരു യാത്രാവിവരണമല്ല ഉദ്ദേശിക്കുന്നത്‌ എന്ന്‌ തുറന്നു പറഞ്ഞപ്പോള്‍, അദ്ദേഹം മൃദുവായി ചിരിച്ചു. പിന്നെ പറഞ്ഞു:

`8,848 മീറ്റര്‍ ഉയരത്തില്‍, 1,089,133 കിലോമീറ്റര്‍ സ്‌ക്വയര്‍ പരന്നു കിടക്കുന്ന ഹിമഭൂഖണ്ഡമാണ്‌ ഹിമാലയം..ഇനിയും മനുഷ്യന്‍ കടന്നു ചെന്നിട്ടില്ലാത്ത നിരവധി പ്രദേശങ്ങള്‍ ഇവിടെയുണ്ട്‌...ഭൗതികമനസ്സിനു പിടികിട്ടാത്ത ഒട്ടനവധി വിസ്‌മയങ്ങള്‍ ഈ ഭൂമി ഗര്‍ഭത്തില്‍ പേറുന്നു... റിയലി മിസ്‌റ്റീരിയസ്‌..!!''.

അതെ, അതാണ്‌ ആ വാക്ക്‌- വിശദീകരിക്കാനാവാത്തത്‌...!

ജീവന്‍ അപകടത്തിലാവാം

ഇതു പറയുന്നത്‌, ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനാണ്‌- ഒരു മുന്നറിയിപ്പായി. തിരിച്ചുവരും എന്ന്‌ ഒരുറപ്പുമില്ലാത്ത യാത്ര. അതിനു തയ്യാറെന്ന്‌ രേഖകളില്‍ ഒപ്പുവച്ചാല്‍ മാത്രം യാത്രാനുമതി. യാത്രയിലുടനീളം ഇതു ശരിവയ്‌ക്കുന്നതായിരുന്നു അനുഭവങ്ങള്‍.
മലമടക്കുകളില്‍ ആഞ്ഞുവീശുന്ന ഹിമക്കാറ്റ്‌...ഭൂമിയെ വിറപ്പിക്കുന്ന ഇടിവെട്ടോടെയുള്ള പേമാരി...അതോടൊന്നിച്ചുള്ള മലയിടിച്ചില്‍.
മരണം പതിയിരിക്കുന്ന മലമ്പാതകളില്‍, കാലൊന്നിടറിയാല്‍ എന്നേയ്‌ക്കുമായി...
ഇവിടെയെല്ലാം തുണയായത്‌ അപരിമേയമായ ആ ശക്തിവിശേഷത്തിലുള്ള അടിയുറച്ചവിശ്വാസം ഒന്നു മാത്രം- അദ്ദേഹം തുറന്നു പറഞ്ഞു.

മരണമുഖത്ത്‌ നിന്നും കാത്ത ആ ശക്തി

കൈലാസ പ്രദക്ഷിണത്തിന്റെ അവസാനഘട്ടം എന്നുപറയാം. ഡോള്‍മ ചുരം കടക്കുകയാണ്‌. ഏറ്റവും അപകടം പിടിച്ച ഭാഗമാണ്‌. രാത്രിയില്‍ ദിശാ നിര്‍ണയം പോലും അസാധ്യം.
`ദര്‍ച്ചന്‍ കടന്നശേഷം മഴയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. ഏഴുമണിയോടടുത്ത്‌ മഞ്ഞുകടന്ന്‌ തുറന്ന മൈതാനത്തിലെത്തി. മൈതാനത്തില്‍ ഇരുന്ന്‌ വിശ്രമിക്കുമ്പോള്‍ എന്റെ ദേഹത്ത്‌ മഴത്തുള്ളികള്‍ വീണു....'
കൈലാസയാത്രയിലെ മറക്കാനാവാത്ത അനുഭവങ്ങളിലൊന്നായീ ആ മഴ.
ഉരുണ്ടുകൂടിയ കാര്‍മേഘങ്ങള്‍ക്കു പിന്നാലേ, കാറ്റും ചൂളംവിളിച്ചെത്തി. ഹിമക്കഷ്‌ണങ്ങള്‍ എമ്പാടും പാറി നടന്നു. തുടര്‍ന്നെത്തിയത്‌ കണ്ണഞ്ചിയ്‌ക്കുന്ന ഇടിമിന്നലാണ്‌..തൊട്ടുപിന്നില്‍ ദിഗന്തങ്ങള്‍ ഭേദിക്കുന്ന ഇടിമുഴക്കം..!
അതു മലമടക്കുകളില്‍ പതിനായിരമായി പ്രതിധ്വനിച്ചു...ഹൃദയം നിലച്ചുപോകുന്ന മുഴക്കം...! കനത്ത മഴ...!!.
മൂന്നടുക്ക്‌ സോക്‌സിനു മുകളില്‍ ഷൂസ്‌ മുറുക്കിക്കെട്ടി. അതിനുമുകളില്‍ പ്ലാസ്‌റ്റിക്‌ കവറും വരിഞ്ഞുകെട്ടി...
മിന്നലിനൊപ്പം നടുക്കുന്ന സീല്‍ക്കാരങ്ങള്‍...ഹിമശൈലങ്ങളില്‍ അഗ്നിഗോളങ്ങള്‍ പറന്നു..!
`ഇടതടവില്ലാത്ത മഴയില്‍ മൃത്യുഞ്‌ജയ മന്ത്രം ഉരുവിട്ടു നടന്നു..'
താഴ്‌ന്ന ഹിമഗര്‍ത്തിലേയ്‌ക്ക്‌ എപ്പോള്‍ വേണമെങ്കിലും വീണു തീരാം...
ഷൂസിനുള്ളില്‍ മുഴുവനായി വെളളം നിറഞ്ഞു. കൊടുംതണുപ്പില്‍ നടപ്പ്‌ വീണ്ടും പതുക്കെയായി.
സഹയാത്രികരെല്ലാം എവിടെയോ യാത്ര ഉപേക്ഷിച്ചിരുന്നു.
ധൈര്യം സംഭരിച്ച്‌ ചൂളംകുത്തുന്ന ഹിമക്കാറ്റിനെ അതിജീവിച്ച്‌ നടന്നു. ഒടുവില്‍, ചുരം തിരിഞ്ഞപ്പോള്‍ അകലെ, ഒരു വെളിച്ചം ദൃശ്യമായി..
സോംങ്‌ സെര്‍ബു ക്യാമ്പ്‌....!
മരവിച്ച കാലുകള്‍ വലിച്ചിഴച്ച്‌ കുന്നിറങ്ങി വെളിച്ചം ലക്ഷ്യംവച്ച്‌ നടന്നു.
അര്‍ദ്ധബോധാവസ്ഥയില്‍, ഒരു കിലോമീറ്റര്‍ നടന്ന്‌ കുന്നിന്‍ മുകളിലെ ക്യാമ്പിലെത്തി. അതിനുമുമ്പില്‍, എണ്ണവിളക്കിന്റെ വെളിച്ചത്തില്‍ ഒരു ഗ്രാമീണ വൃദ്ധന്‍ മൂടിപ്പുതച്ചിരുന്നിരുന്നു..
`ക്യാമ്പിന്റെ ചെറിയ വരാന്തയിലേയ്‌ക്ക്‌ കുഴഞ്ഞു വീഴുകയായിരുന്നു ഞാന്‍'- എന്ന്‌ രാമചന്ദ്രന്‍.
മറഞ്ഞുപോകുന്ന ബോധത്തില്‍, അസാമാന്യ കരുത്തുള്ള കരങ്ങളില്‍ വൃദ്ധന്‍ തന്നെ ഉയര്‍ത്തിയെടുക്കുന്നതറിഞ്ഞു. അയാള്‍ ക്യാമ്പിനുളളില്‍ കൊണ്ടുകിടത്തി. കമ്പിളിപുതപ്പിച്ചതറിഞ്ഞു..കുറേ നേരം കാലുകള്‍ തിരുമ്മിച്ചൂടാക്കി.
പാതി മയങ്ങിയ കണ്ണുകളിലൂടെ അയാളെ കാണാം. അയാളുടെ കണ്ണുകള്‍ അസാധാരണമായി ജ്വലിച്ചിരുന്നു..
ആശ്വാസം ലഭിച്ചു തുടങ്ങിയപ്പോള്‍, അയാള്‍ പതുക്കെ വിളക്കുമെടുത്ത്‌ പുറത്തേയ്‌ക്കു പോയി. ഒഴുകി നീങ്ങുകയാണെന്നാണ്‌ തോന്നിയത്‌..
തളര്‍ച്ചകൊണ്ട്‌ പെട്ടെന്നുറങ്ങി.
പിറ്റേന്നു രാവിലെ ഉണരുമ്പോള്‍, ക്യാമ്പിന്റെ ചുമതലക്കാരായ ടിബറ്റന്‍ ദമ്പതികള്‍ ചൂടുള്ള കട്ടന്‍ ചായ തന്നു.
തലേന്നു കണ്ട വൃദ്ധനെവിടെ എന്ന ചോദ്യത്തിന്‌ അവര്‍ കൈമലര്‍ത്തിയപ്പോള്‍ ഞെട്ടിപ്പോയി..!
ഈ ക്യാമ്പില്‍ തങ്ങള്‍ മാത്രമേയുള്ളൂവെന്നും ഒഴിഞ്ഞ മറ്റുമുറികള്‍ ചൂണ്ടിക്കാട്ടി മറ്റാരുമില്ലെന്നും വിശദീകരിച്ചു.
കുടിക്കുന്ന കട്ടന്‍ചായയേക്കാള്‍ ശരീരം ചൂടുപിടിച്ചു എന്ന്‌ രാമചന്ദ്രന്‍.
ആരായിരുന്നു അയാള്‍..?. ആരുമറിയാതെ വരികയും തന്നെ രക്ഷപ്പെടുത്തുകയും ചെയ്‌തയാള്‍..?
ഉത്തരമില്ല.

തലകുനിയ്‌ക്കാതെ കൈലാസം

ലോകത്തിലെ സര്‍വ്വകൊടുമുടികള്‍ക്കു മുകളിലും മനുഷ്യന്‍ വിജയക്കൊടിനാട്ടിയപ്പോഴും കൈലാസം ഇന്നുവരെയും തലകുനിക്കാതെ നില്‍ക്കുന്നു..
എന്തായിരിക്കാം..? വിശ്വാസം..?
`വിശ്വാസം അല്ല. മുമ്പൊക്കെ- ബ്രിട്ടീഷ്‌ കാലത്ത്‌- ശ്രമം നടന്നിട്ടുണ്ട്‌. വിജയിച്ചില്ല. അടുത്ത കാലത്ത്‌ നടന്ന പഠനങ്ങള്‍, ഈ ശൃംഗത്തില്‍ വായുഇല്ല എന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. കെറി മൊറാന്‍ എന്ന ഇംഗ്ലീഷുകാരന്റെ ഗ്രന്ഥത്തില്‍ ഇതു വ്യക്തമായി പറയുന്നുണ്ട്‌- പ്രാണവായു സ്‌തംഭിച്ചു നില്‍ക്കുന്ന അവസ്ഥ. റൊമോളാ ഗുഡാലിയയുടെ പുസ്‌തകത്തിലും ഈ വായുസ്‌തംഭനം എടുത്തു പറയുന്നുണ്ട്‌..പക്ഷെ, ഇതിന്റെ കാരണം ആര്‍ക്കുമറിഞ്ഞുകൂടാ...'
ഇത്‌ ഞാനനുഭവിച്ചതാണ്‌- രാമചന്ദ്രന്‍ തുടര്‍ന്നു:
ഡെറാഫൂക്ക്‌ ക്യാമ്പില്‍ ജാംബിയാങ്‌ കൊടുമുടിയില്‍ കയറി, കൈലാസശൃംഗത്തെ 75 അടി സമീപത്തുനിന്നാണ്‌ ഞാന്‍ ദര്‍ശിച്ചത്‌. ഒരല്‍പ്പം കൂടി അടുത്തുകാണാനുളള മോഹത്തില്‍ ചുവടുവച്ച എനിക്ക്‌ ശ്വാസംമുട്ടി. ഒരടിപോലും മുന്നോട്ടു നീങ്ങാനായില്ല...
ബുദ്ധമതക്കാര്‍ക്കും പരമപവിത്രമാണ്‌ കൈലാസ ശിഖരം. അവിടെ കാല്‍കുത്തുന്നത്‌ പാപമെന്ന്‌ അവരും വിശ്വസിക്കുന്നു.
കൈലാത്തില്‍ കാലുകുത്തി എന്നു പറയുന്നത്‌ ഒരേ ഒരാളെ കുറിച്ചാണ്‌. ബുദ്ധിസ്‌റ്റ്‌ യോഗിയായിരുന്ന മിലരേപ. അസാമാന്യ സിദ്ധിയുള്ള ഒരു യോഗിയായിരുന്ന അദ്ദേഹം ജാംബിയാങ്‌ കൊടുമുടിയില്‍ കയറി ഒരു ദിവസം കൈലാസത്തിന്റെ നെറുകയിലേയ്‌ക്കു പറന്നു..!. അതോടെ അദ്ദേഹം അപ്രത്യക്ഷനുമായി..!. ഇതു തിബറ്റുകാര്‍ ഇപ്പോഴും പറയുന്ന കഥയാണ്‌.

മിത്തുകള്‍ യാഥാര്‍ത്ഥ്യം?

കൈലാസപര്‍വ്വതം തെളിഞ്ഞ കാഴ്‌ചയാകുമ്പോള്‍, അതില്‍ കാണുന്ന അസാധാരണമായ ചില ചിഹ്നങ്ങള്‍ അമ്പരപ്പിക്കുന്നു. നാം കേട്ടും വായിച്ചും വളര്‍ന്ന പുരേണേതിഹാസങ്ങളില്‍ കണ്ടവ.
ശിഖരത്തില്‍ ആരോ വെട്ടിയെടുത്ത പോലുള്ള ചവിട്ടുപടികള്‍. മഞ്ഞുമൂടാത്ത മധ്യഭാഗത്ത്‌ വാതിലുകള്‍ പോലെ കമാനാകൃതിയിലുള്ള അടയാളങ്ങള്‍. അതിനടുത്ത്‌ മനുഷ്യസൃഷ്ടമല്ലാത്ത ചില കൊത്തുവേലകളും...!!
മധ്യഭാഗത്തായി കണ്ട വരമ്പുപോലുള്ള ഒരു അടയാളം അമ്പരപ്പുണ്ടാക്കി.
`വലിയൊരു വരമ്പ്‌ അത്‌ പര്‍വ്വതത്തെ ചുറ്റിക്കെട്ടിയതുപോലെ തോന്നിയ്‌ക്കും. പുരാണകഥയില്‍, രാവണന്‍ പണ്ടൊരിക്കല്‍ കൈലാസത്തെ കയര്‍കൊണ്ട്‌ കെട്ടിവലിച്ച്‌ ലങ്കയിലേയ്‌ക്ക്‌ കൊണ്ടുപോകാന്‍ ശ്രമിച്ചതായി പറയുന്ന കഥ ഓര്‍മ്മിച്ചു പോയി. വരമ്പില്‍ കയര്‍ പതിഞ്ഞതുപോലുള്ള പാടുകളും വ്യക്തമാണ്‌...'
അദ്ദേഹം ചിരിച്ചു. പര്‍വ്വത മധ്യത്തില്‍ തെളിഞ്ഞുകണ്ട ഒമ്പതുചന്ദ്രക്കലകള്‍ ക്ഷേത്രങ്ങളില്‍ ചാര്‍ത്തുന്ന ചന്ദ്രക്കലകള്‍ പോലെ ശോഭിച്ചുവെന്നും അദ്ദേഹം ഓര്‍ത്തു.
താഴോട്ടുപോകും തോറും ഘനഗംഭീരമായ രൂപമാണ്‌ പര്‍വ്വതത്തിന്‌. അത്‌ ഭൂമിയിലേയ്‌ക്ക്‌ ആണ്ടുപോയതുപോലെ തോന്നും..

മനസ്സിന്റെ സരസ്സ്‌

120 കിലോമീറ്റര്‍ ചുറ്റളവില്‍ നീലത്തടാകം. പുരാണേതിഹാസങ്ങളില്‍ വായിച്ചറിഞ്ഞ, കവികള്‍ വാഴ്‌ത്തിപ്പാടിയ മാനസസരസ്സ്‌...രാജഹംസങ്ങള്‍ തുഴഞ്ഞു നീങ്ങുന്ന താമരകള്‍ തലയാട്ടി നില്‍ക്കുന്ന തടാകം.
അപ്‌സരസ്സുകള്‍ നഗ്നരായി നീന്തിത്തുടിക്കുന്നത്‌ വ്യാസനും മകന്‍ ശുകനും കണ്ടതായി പുരാണവര്‍ണനയുണ്ട്‌. ലജ്ജാവിവശകളായ അവര്‍ അവര്‍ വസ്‌ത്രങ്ങള്‍ വാരിയുടുത്തുവെന്നും.
മൂന്നുദിവസമെടുത്താണ്‌ ഞങ്ങള്‍ ഈ സരസ്സ്‌ നടന്നു പ്രദക്ഷിണം ചെയ്‌തത്‌.
ബ്രഹ്മാവിന്റെ മനസ്സില്‍ നിന്നു പിറന്നുവെന്ന്‌ പറയപ്പെടുന്ന സരസ്സിനെ സംബന്ധിച്ചും വിശദീകരിക്കാനാവാത്ത സംഭവങ്ങള്‍ അനവധിയുണ്ട്‌.
തടാകക്കരയിലെ കുന്നിന്‍മുകളിലുള്ള ബുദ്ധമഠത്തിലെ ജനലുകള്‍ പൗര്‍ണമിനാളുകളില്‍ അടച്ചു ഭദ്രമാക്കുന്നു..
അപ്‌സരസ്സുകള്‍ എത്തും എന്നതു തന്നെ. തീര്‍ന്നില്ല. യാദൃച്ഛികമായി തടാകതീരത്ത്‌ തമ്പടിക്കുന്ന കാലപ്പിള്ളേര്‍ രാത്രി തടാകത്തില്‍ നിന്നും മണിനാദം പോലുള്ള പൊട്ടിച്ചിരികളും ആര്‍പ്പുവിളികളും സംഭാഷണ ശകലങ്ങളും ഒഴുകിവരുന്നത്‌ കേട്ട്‌ മോഹാലസ്യപ്പെട്ടു കിടക്കാറുണ്ടത്രേ..ഈ സമയം കാവല്‍ നായ്‌ക്കളും യാക്കുകളും വളരെ അസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ചെയ്യും...
പാര്‍വ്വതിയും സുബ്രഹ്മണ്യനും നീരാടിയ കടവും ഇവിടെ കാണാം.

അനുഭവങ്ങള്‍.. അനുഭവങ്ങള്‍മാത്രം

ഹിമാലയയാത്രകള്‍ വിശദീകരിക്കാനാവാത്ത അനുഭവങ്ങളുടേതും അനുഭൂതികളുടേതുമാണ്‌.
അസാധാരണരായ യോഗിവര്യന്‍മാരുമായുള്ള സമാഗമം. കാലം തൊടാത്ത അവരുടെ ലോകം..ജീവിതം. ഒന്നിനും വിശദീകരണമില്ല.
അദ്ദേഹം എഴുതിക്കൊണ്ടേയിരിക്കുകയാണ്‌...പറഞ്ഞിട്ടും തീരാതെ.
മുറിയില്‍ നിന്നിറങ്ങുമ്പോള്‍, ആ പാദങ്ങളില്‍ പ്രണമിച്ചു. കൈലാസപ്രദക്ഷിണം ചെയ്‌തയാളുടെ പാദം വന്ദിക്കണമെന്നുണ്ട്‌..
വീണ്ടും തൃശൂരിന്റെനഗരത്തിരക്കിലേയേ്‌ക്ക്‌ കടന്നു. വടക്കുന്നാഥ ക്ഷേത്രത്തിനു മുകളില്‍ സ്‌ഫടികസ്വച്ഛമായ നീലാകാശത്ത്‌ പഞ്ഞിത്തുണ്ടുകള്‍ പോലെ വെളുത്ത മേഘക്കീറുകള്‍..
സ്‌കൂള്‍ കാലത്ത്‌ പഠിച്ച ഒരു കാളിദാസ ശ്ലോകം മനസ്സിലോടിയെത്തി:

അത്യുത്തരസ്യാം ദിശി ദേവതാത്മാ
ഹിമാലയോ നാമ നഗാധിരാജഃ
പൂര്‍വ്വപരൗ തോയനിധിം വഗാഹ്യ
സ്ഥിതഃ പൃഥിവ്യാ ഇവ മാനദണ്ഡഃ


-ബാലുമേനോന്‍ എം.

No comments:

Post a Comment