ബ്രിട്ടീഷ് മലബാറില്‍ പൊന്നാനി താലൂക്കില്‍ തൃക്കണ്ടിയൂരംശത്തില്‍ ആലത്തൂര്‍ ദേശത്താണ് ആലത്തിയൂര്‍
നമ്പിയുടെ ഇല്ലം- ഇങ്ങിനെയാണല്ലോ ഓരോ ഐതിഹ്യകഥകളുടേയും തുടക്കം?. ഇവിടേയും അങ്ങിനെ തന്നെ..!.
ആയിരത്താണ്ടുകളുടെ പാരമ്പര്യപുണ്യം നിറഞ്ഞ ചികിത്സാവൈദഗ്‌ധ്യം കണ്‍മുന്നില്‍- തൂവെളള വസ്‌ത്രം ധരിച്ച് അത്രതന്നെ വെളുത്ത തലമുടിയും ചീകിവച്ച് കട്ടിക്കണ്ണടയ്‌ക്കുള്ളില്‍ തിളങ്ങുന്ന കണ്ണുകളുമായി, അഷ്ടവൈദ്യന്‍ ആലത്തൂര്‍ നാരായണന്‍ നമ്പി..
അഷ്‌ടവൈദ്യന്മാര്‍ക്കു ചികിത്‌സയില്‍ ദിവ്യമായ ഒരു അനുഗ്രഹ ശക്‌തിയുണ്ടെന്നാണ് വിശ്വാസം. ഇതിന് തെളിവുകളായി പലപല ഐതിഹ്യങ്ങളും ഉണ്ട്. ഇവരെല്ലാം വൈദ്യശാസ്‌ത്രത്തിന്റെ അധിദേവതയായ ധന്വന്തരിയെ വിവിധ രൂപത്തില്‍ ആരാധിച്ചുവരുന്നവരാണെങ്കിലും ആലത്തിയൂര്‍ നമ്പിയ്‌ക്ക് സാക്ഷാല്‍ ദേവവൈദ്യന്‍മാരായ അശ്വിനി ദേവകളാണ് ഉപാസന. ആ രീതി ഇവര്‍ക്കുമാത്രമേയുള്ളൂ..
അഷ്ടവൈദ്യരില്‍ ഈ കുടുംബക്കാരെ മാത്രമാണ് നമ്പിമാരെന്നു വിളിക്കുക, മറ്റു കുടുംബക്കാരെ മൂസ്സുമാരെന്നും. കേരളസൃഷ്ടിയ്‌ക്കു ശേഷം, പതിനെട്ടില്ലങ്ങളിലെ നമ്പൂതിരിമാര്‍ക്കു പരശുരാമന്‍ വൈദ്യം ഉപദേശിച്ചുകൊടുത്തു എന്നും അവരുടെ പിന്‍ഗാമികളാണ് ഈ കുടുംബക്കാര്‍ എന്നുമാണ് ഐതിഹ്യം. ഉത്‌പത്തിക്കഥകള്‍ വേറേയുമുണ്ട്.
എന്തുതന്നെയായാലും അയുര്‍വേദത്തിന്റെ വളര്‍ച്ചയ്‌ക്കും വ്യാപനത്തിനും ഈ വൈദ്യകുടുംബങ്ങളുടെ സംഭാവന അപാരമാണ്. അഷ്‌ടവൈദ്യന്മാരാല്‍ എഴുതപ്പെട്ട ഒട്ടേറെ വൈദ്യഗ്രന്‌ഥങ്ങളുണ്ട്. സഹസ്രയോഗം, വൈദ്യമനോരമ, യോഗരത്‌നസമുച്ചയം, സിന്ദൂരമരമഞ്‌ജരി, ആലത്തൂര്‍ മണിപ്രവാളം എന്നിവ ഇവയില്‍ പ്രധാനം. പതിനെട്ടുകുടുംബക്കാരില്‍, അറു കുടുംബക്കാരേ ഇപ്പോള്‍ ഈ ചികിത്സാവഴിയിലുള്ളൂ..
ഒരു മുത്തച്ഛനരികിലിരുന്നു കഥകള്‍ കേള്‍ക്കുന്ന സുഖമാണ്, നാരായണന്‍ നമ്പിയുടെ വിവരണങ്ങള്‍ക്ക്..
`കഥകളൊക്കെ ശ്ശി ണ്ട്.. അതൊക്കെ ഇപ്പോ ആരാ വിശ്വസിക്കാ?!.'
`ലോകത്ത് എവിടേയുമില്ല അശ്വിനിദേവകളെ കുടുംബദേവതകളായി ആരാധിക്കുന്നവര്‍. ഞങ്ങളുടെ കുടുംബത്തിലേ ഉള്ളൂ.. അതിനു കാരണമുണ്ട് ട്വോ..'
ആയൂര്‍വേദചികിത്സയിലെ ഇതിഹാസകഥകള്‍..!. നാരായണന്‍ നമ്പി പതുക്കെ കഥ തുടങ്ങി..
ചെമ്മണ്‍പ്പാത, ആലത്തൂരിലെ വൈദ്യന്‍ തൃക്കോവില്‍ എന്ന പേരുകേട്ട ശിവക്ഷേത്രത്തിലേയ്‌ക്കാണ്. വഴിയില്‍ പടര്‍ന്നു പന്തലിച്ച ആല്‍..
ദിവസവും രണ്ടുനേരം മഹാദേവനെ ഭജിച്ചിരുന്ന നമ്പി, പതിവു ദര്‍ശനത്തിനു പോകുമ്പോള്‍ ആല്‍മരച്ചില്ലയില്‍ രണ്ടു വിചിത്രപക്ഷികള്‍ ഇരുന്നു ചിലച്ചു- കോരുക്ക്..കോരുക്ക്..
ഇത് പലദിവസം ആവര്‍ത്തിച്ചു.
ഒരു ദിവസം നമ്പി തിരിഞ്ഞു നിന്ന് പക്ഷികളെ നോക്കി ഇങ്ങിനെ പറഞ്ഞുവത്രെ:
``കാലേ മിതഹിതഭോജീ കൃതചംക്രമണ ക്രമേണവാമശയ:
അവിധൃതമൂത്രപുരീഷ: സ്‌ത്രീഷു യതാത്മാ ച യോ നര: സോരുക്ക്..'`
ഇതും പറഞ്ഞ് അദ്ദേഹം ഇല്ലത്തേയ്‌ക്കു പോയി. പിറ്റേന്നു മുതല്‍ ആ പക്ഷികള്‍ വന്നിട്ടില്ലത്രേ..!!.
കോരുക് (കഃ അരുക്ക്) എന്ന വാക്കിന് അരോഗിയാര്? എന്നാണര്‍ത്ഥം. അതിനുള്ള മറുപടിയാണ് ഭിഷഗ്വരനായ നമ്പി നല്‍കിയത്...
``വേണ്ടുന്ന കാലത്ത് ഹിതമായും മിതമായും ഭക്ഷിക്കുന്നവനും ഊണുകഴിഞ്ഞാല്‍ അല്‍പ്പം നടക്കുകയും ഇടതുവശം ചരിഞ്ഞു കിടക്കുകയും ചെയ്യുന്നവനും മലമൂത്രങ്ങളെ തടുക്കാതെ വേണ്ടുന്ന സമയത്ത് വിസര്‍ജ്ജിക്കുന്നവനും സ്‌ത്രീകളില്‍ അത്യാസക്തിയില്ലാതെയിരിക്കുന്നവനുമാരോ അവന്‍ അരോഗിയായിരിക്കും..''.
ഈ പക്ഷികള്‍ അശ്വിനിദേവകളായിരുന്നു എന്നാണ് കഥ..!. നമ്പിയില്ലത്തിന്റെ അശ്വിനീദേവ ബന്ധം ഇവിടെ തുടങ്ങുന്നു...
ആലത്തിയൂര്‍ നമ്പിമാര്‍ അഷ്‌ടാംഗചികിത്‌സയിലെ ശല്യചികിത്സയും ചെയ്‌തിരുന്നുവത്രെ. ശസ്‌ത്രക്രിയ!. അയൂര്‍വേദത്തില്‍ ഇന്ന് ഈ വിഭാഗം അന്യം നിന്നുകഴിഞ്ഞു. ആയൂര്‍വേദം കുലത്തൊഴിലാക്കിയ നമ്പൂതിരിമാര്‍ ഇതു ചെയ്‌തിരുന്നില്ല. ആസുരചികിത്സയായതിനാല്‍. അതിനാല്‍ അവരെ അഷ്‌ടവൈദ്യന്മാരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മേഴത്തൂരിലുള്ള 'വൈദ്യമഠം' എന്ന നമ്പൂതിരി കുടുംബം ഇതിനുദാഹരണം. അതിരാത്രം പോലുള്ള യാഗവേദികളില്‍ വൈദ്യമഠത്തിന്റെ സാന്നിധ്യമുണ്ടാകും- കര്‍മ്മങ്ങള്‍ക്കൊന്നും അധികാരമില്ലെങ്കിലും. അഷ്ടവൈദ്യ കുടുംബക്കാര്‍ അന്യോന്യം ബന്ധപ്പെട്ടവരും ശിഷ്യപ്രശിഷ്യപരമ്പരയാ വൈദ്യശാസ്‌ത്രം പഠിപ്പിച്ചും വൈദ്യവൃത്തി പരിപാലിച്ചും വരുന്നവരുമാണ്.
ആലത്തിയൂര്‍ നമ്പിമാര്‍ക്ക് കൈവന്ന അസുലഭമായ ചികിത്സാ വൈദഗ്‌ധ്യം, അശ്വിനി ദേവകളുടെ പ്രത്യേക അനുഗ്രഹം കൊണ്ടുമാത്രമെന്ന് നാരായണന്‍ നമ്പി. അദ്ദേഹം ആ കഥ പറഞ്ഞു തുടങ്ങി...
ഒരിക്കല്‍ രണ്ടു ബ്രാഹ്മണകുമാരന്‍മാര്‍ നമ്പിയുടെ ഇല്ലത്തെത്തി- വൈദ്യം പഠിക്കണമെന്നായിരുന്നു ആവശ്യം. അതീവ തേജസ്വികള്‍..
നമ്പി സമ്മതിച്ചു. പക്ഷെ, ബുദ്ധിശാലികളായിരുന്നെങ്കിലും വികൃതി അസഹനീയമായിരുന്നു. എന്തോ, അദ്ദേഹം അവരെ ഒരിക്കല്‍ പോലും ശാസിക്കുകയുണ്ടായില്ല.
ഗ്രന്ഥത്തിലെ ശ്ലോകങ്ങള്‍ ചൊല്ലുമ്പോള്‍, കുട്ടികള്‍ തര്‍ക്കിക്കും- അങ്ങിനെയല്ല..ഇങ്ങിനെയല്ലേ അര്‍ത്ഥം എന്നിങ്ങനെ..!!
നമ്പിപോലും ശ്രദ്ധിക്കാത്ത അര്‍ത്ഥതലങ്ങള്‍...!!. അദ്ദേഹം അത്ഭുതബാലന്‍മാരില്‍ നിന്നും ചികിത്സാവിധികളുടെ പുതിയമേഖലകള്‍ ഗ്രഹിച്ചു തുടങ്ങുകയായിരുന്നു...അത്ഭുത പരതന്ത്രനായി തീര്‍ന്നു അദ്ദേഹം..
ഒരിക്കല്‍, അദ്ദേഹത്തിന് ഒരിടം വരെ പോകേണ്ടിവന്നു. തിരിച്ചെത്തുമ്പോള്‍ പടിപ്പുര കത്തിച്ചാമ്പലായിരിക്കുന്നു..!.
തിരക്കിയപ്പോള്‍ ബ്രാഹ്മണകുമാരന്‍മാര്‍ കാട്ടിക്കൂട്ടിയതാണ്. എന്നിട്ടും നമ്പി ഒരക്ഷരം മിണ്ടിയില്ല. അദ്ദേഹത്തിന് അവരുടെ ദിവ്യത്വം മനക്കണ്ണില്‍ തെളിഞ്ഞു തുടങ്ങിയിരുന്നു. അത്രയ്‌ക്കായിരുന്നു അവരുടെ പ്രതിഭ..
ഒരു ചികിത്സാവശ്യത്തിനായി ദൂരയാത്രയ്‌ക്കു പോകവേ ഒരിക്കല്‍ അദ്ദേഹം ബാലന്‍മാരേയും കൂടെക്കൂട്ടി..
വലിയ പുഴകടന്നുവേണം പോകാന്‍. നമ്പി മുമ്പിലും കുട്ടികള്‍ പിന്നിലുമായി പുഴയ്‌ക്കുകുറുടെയുള്ള പാലം കടക്കവെ, അപ്രതീക്ഷതമായി അവര്‍ നമ്പിയെ പുഴയിലേയ്‌ക്കു തള്ളിയിട്ട് പൊട്ടിച്ചിരിച്ചു..'
നീന്തിക്കയറിയ നമ്പി, ആകെ നനഞ്ഞൊട്ടിയെങ്കിലും ഒരക്ഷരം മിണ്ടിയില്ല..!.
എന്നാല്‍ ദിനംപ്രതി ബാലരുടെ വികൃതി അസഹനീയമായി. നമ്പിയുടെ അച്ഛന്റെ ശ്രാദ്ധത്തിനു ഒരുക്കിവച്ച ബലിചോറ്, പടിക്കല്‍ വന്ന നായാടികള്‍ക്ക് കൊടുക്കുകകൂടി ചെയ്‌തു. നമ്പി ക്ഷമ വെടിഞ്ഞില്ല..ആ മനക്കണ്ണില്‍ ഈ ബാലന്‍മാരേക്കുറിച്ച് കൂടുതല്‍
മറ്റൊരു സംഭവം കൂടിയുണ്ടായീ... അതൊരു ശസ്‌ത്രക്രിയയുടേതാണ്...
കടുത്ത തലവേദനയുള്ളയാള്‍ കൂടെകൂടെ നമ്പിയെ കാണാനെത്തുമായിരുന്നു. ഒരു മരുന്നുകൊണ്ടും ഭേദമാകാത്ത തലവേദന..!.
കുറച്ചു ആശ്വാസം ലഭിക്കും; വീണ്ടും കൂടുതലാകും.
ഒരു നാള്‍ നമ്പിയില്ലാത്ത ദിവസമാണ് അയാള്‍ എത്തിയത്. ബാലന്‍മാര്‍ അയാളോടു ഇരിക്കാന്‍ പറഞ്ഞ് പറമ്പില്‍ നിന്നും എന്തോ ഇലകള്‍ ശേഖരിച്ചുവന്നു. പിന്നെ അയാളെയുംകൂട്ടി അറയ്‌ക്കകത്തു കയറി വാതിലടച്ചു..!.
`അതൊരു അപൂര്‍വ്വ ചികിത്സയായിരുന്നു.. ശസ്‌ത്രക്രിയ..!!.' നാരായണന്‍ നമ്പിയുടെ വാക്കുകളില്‍ ഇപ്പോഴും ആ ഐതിഹ്യകഥയുടെ മാസ്‌മരികത...
തലയോടുതുറന്നുള്ളത്. ദിവ്യബാലന്‍മാരുടെ ചെയ്‌തികള്‍ വാതില്‍പഴുതിലൂടെ ഇല്ലത്തെ ഉണ്ണികള്‍ നോക്കിക്കണ്ടുവത്രെ..!!.
ചികിത്സകഴിഞ്ഞ് അയാള്‍ പൂര്‍ണസുഖമായി ഇറങ്ങിപ്പോയി. പുറത്തുവന്ന ബാലന്‍മാര്‍, ഇല്ലത്തെ ഉണ്ണികളെ നോക്കി ഇങ്ങിനെ പറഞ്ഞുവത്രെ: ഇങ്ങിനെ ഒളിച്ചു നോക്കിയാല്‍ കോങ്കണ്ണുണ്ടാവും..!!.
ആ വാക്കുകള്‍ ഫലിച്ചു. ഇന്നും കോങ്കണ്ണോ സര്‍പ്പദൃഷ്ടിയോ ഉണ്ടാവും കുടുംബത്തിലെ ആര്‍ക്കെങ്കിലും..!!
സര്‍പ്പദൃഷ്ടിക്കു പിന്നിലെ കഥ മറ്റൊന്നാണ് ട്ടോ..
അല്‍പ്പനേരത്തേ ആലോചനയ്‌ക്കു ശേഷം, വൈദ്യമുത്തശ്ശന്‍ ആ കഥ പറഞ്ഞു ആയിരത്താണ്ടുകളുടെ പഴക്കമുള്ള കഥ.
ഒരിക്കല്‍, ഉച്ചതിരിഞ്ഞ നേരം. കടുത്ത വയറ്റുവേദനയുമായി ഒരു ബ്രാഹ്മണശ്രേഷ്‌ഠന്‍ നമ്പിയെ കാണാനെത്തി. അദ്ദേഹം കൊടുത്ത മരുന്നുകൊണ്ടു സുഖപ്പെടുകയും ചെയ്‌തു..
പിന്നെയും അവിടെ നിന്നുതിരിഞ്ഞ ബ്രാഹ്മണന്‍ ഒടുവില്‍ ആ സത്യം വെളിപ്പെടുത്തി- താനൊരു മനുഷ്യനല്ല. നാഗരാജാവായ തക്ഷകനാണ്..!!.
`്‌എന്നെ സുഖപ്പെടുത്തിയ താങ്കളോട് സത്യം പറയാതിരിക്കുന്നത് ഹിതമല്ലല്ലോ...?.'
സത്യം കേട്ട നമ്പി അമ്പരന്നു. ദക്ഷിണയായി തരുവാന്‍ ഒന്നും കൈയിലില്ലെന്നു പറഞ്ഞ നാഗശ്രേഷ്‌ഠന്‍, ഈ ഇല്ലത്തുള്ളവരെ സര്‍പ്പം ദംശിയ്‌ക്കില്ലെന്ന അനുഗ്രഹമാണ് നല്‍കിയത്. അഥവാ ദംശിച്ചാലും വിഷം പരക്കുകയില്ല. അതുപോലെ ഈ ഇല്ലപ്പറമ്പില്‍ വച്ച് കടിയേല്‍ക്കുന്ന ആര്‍ക്കും ആപത്തുണ്ടാവില്ലെന്നും ഇല്ലത്ത് ജനയ്‌ക്കുന്നഒരാള്‍ക്ക് സര്‍പ്പദൃഷ്ടികാണുമെന്നും അനുഗ്രഹിച്ച് മറഞ്ഞു. ഇന്നും അത് അങ്ങിനെ തന്നെ..!.
`ആ..പറഞ്ഞു നിര്‍ത്തിയത് അശ്വിനി ദേവകളുടെ കഥയല്ലേ..?.' അദ്ദേഹം വീണ്ടും ഓര്‍മ്മിച്ചെടുത്തു...
`ഒരു ദിവസം നമ്പി ഊണുകഴിച്ചുകൊണ്ടിരിക്കേ ബാലന്‍മാര്‍ രണ്ടുപേരും അവിടെയെത്തി...തങ്ങള്‍ക്കു പോകാന്‍ സമയമായല്ലോ എന്നു പറഞ്ഞു..'
കുട്ടികളുടെ ദിവ്യത്വം നല്ലതുപോലെ ബോധ്യമായിരുന്ന നമ്പി, അനുവാദം നല്‍കി. ഗുരുദക്ഷിണയായി ഒരു കൊച്ചു താളിയോല ഗ്രന്ഥമാണ് അവര്‍ നല്‍കിയത്. ഊണുകഴിച്ചുകൊണ്ടിരിക്കയാല്‍, ഇടതുകൈ നീട്ടിയാണ് അദ്ദേഹം അതു സ്വീകരിച്ചത്..
ബാലന്‍മാര്‍ ഇറങ്ങിയപ്പോള്‍ നമ്പിയും അവരെ അനുഗമിച്ചു. തന്റെ സംശയങ്ങള്‍ക്ക് മറുപടി തരണമെന്നായീ അദ്ദേഹം..
അപ്പോഴാണ് അവര്‍ തങ്ങളാരെന്നും തങ്ങളുടെ ചെയ്‌തികളെന്തായിരുന്നു എന്നും പറഞ്ഞത്.
തങ്ങള്‍ അശ്വിനിദേവകളാണെന്നും ഭൂമിയില്‍ തങ്ങള്‍ക്ക് തങ്ങാനുള്ള സമയം കഴിഞ്ഞിരിക്കയാണെന്നും അവര്‍ പറഞ്ഞു. നമ്പിയുടെ ഇല്ലത്ത് അവര്‍ കാട്ടിക്കൂട്ടിയ കുസൃതികള്‍ക്കെല്ലാം പിന്നില്‍ ഓരോ കാരണങ്ങളുമുണ്ടായിരുന്നു..
നമ്പിയുടെ വീടിനുണ്ടായിരുന്ന അഗ്നിബാധായോഗം തീര്‍ക്കാനാണ് പടിപ്പുരയ്‌ക്ക് തീവച്ചതെന്നായിരുന്നു അവര്‍ പറഞ്ഞത്..
പുഴയില്‍ തള്ളിയിട്ടതോ? എന്നായി നമ്പി. ആ സമയത്ത് പുഴയില്‍ ഗംഗയുടേയും സരസ്വതിയുടേയും യമുനയുടേയും സാന്നിധ്യമുണ്ടായിരുന്നതിനാല്‍ ഗംഗാസ്‌നാനഫലം കിട്ടാനാണ് അങ്ങിനെ ചെയ്‌തതെന്ന് മറുപടി..!!.
ഒടുവില്‍ അച്ഛന്റെ ശ്രാദ്ധത്തിനുള്ള ബലച്ചോറ് നായാടികള്‍ക്ക് നല്‍കിയതെന്തിന് എന്നായി നമ്പി..
അവര്‍ നായാടികളല്ലെന്നും പിതൃക്കളായിരുന്നെന്നുമായിരുന്നു മറുപടി. അങ്ങ് കുളിക്കാന്‍ പോയി സമയം തെറ്റിയതിനാല്‍, അവരുടെ ശാപമേല്‍ക്കാതിരിക്കാനാണ് അങ്ങിനെ ചെയ്‌തതെന്നും ബാലന്‍മാരുടെ വിശദീകരണം..
അപ്പോഴേയ്‌ക്കും അവര്‍ നടന്ന് പണ്ട് ആ പക്ഷികളെ കണ്ട ആല്‍ച്ചുവട്ടില്‍ എത്തിയിരുന്നു...
അമ്പരന്നുനിന്ന തമ്പിയെ അവര്‍ അനുഗ്രഹിച്ചു. ഗ്രന്ഥം ഇടതുകൈകൊണ്ടു വാങ്ങിയതിനാല്‍, ഇല്ലത്തുളള വൈദ്യന്‍മാര്‍ ഇടതുകൈകൊണ്ടു നല്‍കുന്ന മരുന്നിനും ചികിത്സയ്‌ക്കും ഇരട്ടി ഫലമുണ്ടാകുമെന്നു പറഞ്ഞശേഷം, ആല്‍ത്തറയില്‍ കയറി അവര്‍ അപ്രത്യക്ഷരായി..!!.
` തലമുറകള്‍ പലതു കഴിഞ്ഞിട്ടും ഇന്നും ആ രീതിയുണ്ട് ഞങ്ങള്‍ക്ക്...കടുപ്പമുള്ള രോഗചികിത്സയ്‌ക്കായി ഇപ്പോള്‍ വരുന്നവര്‍ക്കും മരുന്നു നല്‍കുക ഇടതുകൈകൊണ്ടാണ്..മരുന്നിനുള്ള കുറിപ്പും നല്‍കുക ഇടതുകൈകൊണ്ടുതന്നെ..!!.'
ചികിത്സാ പാരമ്പര്യത്തിന്റെ അത്ഭുതകഥകള്‍...!. തലമുറകള്‍ കൈമാറിയ കഥകള്‍..
അശ്വിനിദേവകള്‍ അപ്രത്യക്ഷമായിടത്ത് ഒരമ്പലമുണ്ട്. വിഗ്രഹമോ മറ്റോ ഇല്ല. അവിടെ സങ്കല്‍പ്പം മാത്രം- പത്മമിട്ട് പൂജ..!!.
നാഗമാണിക്യം നല്‍കിയ ഐശ്വര്യം
കഥകള്‍..അവസാനിക്കാത്ത കഥകള്‍..ചാരുകസേരയില്‍ കിടന്ന് അദ്ദേഹം ഓര്‍ത്തെടുക്കുന്നു..നാഗമണിക്യത്തിന്റെ കഥ..
`വര്‍ഷങ്ങള്‍ ഏറെ മുമ്പാണ്.. അന്ന് പാമ്പുമേക്കാട്ട് നമ്പൂതിരിക്ക് എന്തോ സുഖക്കേട്. നമ്പി അവിടെ ഇല്ലത്തു ചെന്നാണ് ചികിത്സിച്ചത്.' ഒരു ദിവസം ഉച്ചയൂണു കഴിഞ്ഞ് മേക്കാട്ട് തിരുമേനിയും നമ്പിയും വെടിവട്ടവുമായി തെക്കിനിയില്‍ ഇരിക്കേ, ഒരു കൂറ്റന്‍ സര്‍പ്പം പതുക്കെ ഇഴഞ്ഞ് അവരുടെ അടുത്തേയ്‌ക്ക് വന്നു. വിരണ്ടുപോയ നമ്പി, ചാടി എഴുന്നറ്റു.
അപ്പോള്‍ മേക്കാടന്‍ ആശ്വസിപ്പിച്ചു.. അവര്‍ ഒന്നും ചെയ്യില്ല..!. പാമ്പ് ഇഴഞ്ഞുവന്ന് മേക്കാട്ട് നമ്പൂതിരിയുടെ മടിയില്‍ ചുരുണ്ടുകിടന്നു..!. യഥാസ്ഥാനത്ത് പരുങ്ങിയിരുപ്പായ നമ്പിയുടെ നേരേ അതു തലനീട്ടിയതോടെ അദ്ദേഹം പരിഭ്രമിച്ചു വീണ്ടും എഴുന്നേറ്റു.
അതിന് എന്തോ അസുഖമുണ്ട്..അതാണ്- എന്ന് മേക്കാട്ട് നമ്പൂതിരി.
ധൈര്യം വീണ്ടെടുത്ത് നമ്പി സര്‍പ്പത്തിന്റെ ശിരസ്സ് പരിശോധിച്ചു. ശരിയായിരുന്നു..!.
അവിടെ ഒരു മുള്ള് തറഞ്ഞിരുന്ന് നീരുകെട്ടിയിരുന്നു..!!.
അദ്ദേഹം അതു സൂക്ഷ്‌മതയോടെ കീറി മുള്ളെത്ത് മരുന്നുവച്ചു. സര്‍പ്പം പതിയേ ഇഴഞ്ഞുപോവുകയും ചെയ്‌തു.
മേക്കാട്ടെ ചികിത്സയും കഴിഞ്ഞ് നാട്ടിലേയ്‌ക്കു മടങ്ങവേ, ആ ഉഗ്രസര്‍പ്പം വീണ്ടും ഇഴഞ്ഞെത്തി. അതു നമ്പിയ്‌ക്കു മുന്നില്‍ ഒരു മാണിക്യം വച്ച് മാറിക്കിടപ്പായി..
അതു കണ്ട മേക്കാട്ട് തിരുമേനി പറഞ്ഞു, മടിക്കാതെ എടുത്തോളൂ..അത് അങ്ങു ചികിത്സിച്ചതിന്റെ കൃതജ്ഞതയാണ്...!.
`ആ മാണിക്യം ഇപ്പോഴും ഇല്ലത്തുണ്ടെന്നാണ് പറയുന്നത്..ഞങ്ങളൊന്നും കണ്ടിട്ടില്ല ട്വൊ...!.'
പുറത്തൊരു രോഗി വന്നിട്ടുണ്ടെന്ന് അറിയിപ്പ്. ഇരിക്കാന്‍ പറയൂ എന്നു മറുപടി. കഥയുടെ രസച്ചരട് മുറിയാതെ അദ്ദേഹം..ചികിത്സയുടെ വിധി എത്ര കണിശം എന്നു തെളിയിക്കുന്നൊരു ഐതിഹ്യകഥയിലേയക്ക് കടന്നു..
കുഷ്‌ഠരോഗ ബാധിതനായ യുവാവിന്റെ കഥയാണ്. വര്‍ഷങ്ങളേറേ മുമ്പ്..
യുവത്വം തുളുമ്പി നില്‍ക്കുന്ന നമ്പൂതിരിയുവാവാണ് ചികിത്സയ്‌ക്ക് വന്നത്. ഒരു മരുന്നേയുള്ളൂ ഇതിന് എന്നു കാരണവര്‍
നമ്പി- `പെരുമ്പാമ്പിന്റെ നെയ്യ് ഇടങ്ങഴി കഴിയ്‌ക്കണം...'
വൈദ്യന്റെ വിധികേട്ട് ഞെട്ടിവിറച്ച നമ്പൂതിരി വിഷമത്തോടെ സ്ഥലം വിട്ടു.
പിന്നീട് ആരുടെയോ ഉപദേശമനുസരിച്ച് അദ്ദേഹം ചമ്രവട്ടത്ത് അയ്യപ്പനെ ഭജനമിരിക്കാന്‍ തുടങ്ങി. ദിവസവും പുഴയില്‍ കുളിച്ച് ക്ഷേത്രദര്‍ശനം..ചിട്ടവിടാത്ത ജീവിതം. ഒരുനാള്‍ അയാള്‍ക്ക് ഒരു സ്വപ്‌നദര്‍ശനമുണ്ടായി. ആറിലെ വെള്ളം മൂന്ന് കുടന്നവച്ചു കുടിച്ചാല്‍ രോഗം ഭേദമാകുമെന്നായിരുന്നു സ്വപ്‌നത്തിലെത്തിയ ദിവ്യന്‍ പറഞ്ഞത്..
അയാള്‍ പിറ്റേന്ന് മുതല്‍ അത് ചെയ്‌തു തുടങ്ങി. ഭജനാവസാനത്തില്‍ രോഗം പൂര്‍ണമായും സുഖപ്പെട്ടതു കണ്ട് അയാള്‍ ആഹ്ലാദചിത്തനായി നമ്പിയുടെ ഇല്ലത്തെത്തി..
രോഗം ഭേദമായതു കണ്ട് നമ്പി ചോദിച്ചു: എന്ത് മരുന്നാണ് സേവിച്ചത്..?
ഒരു മരുന്നും സേവിച്ചില്ല. ചമ്രവട്ടത്ത് അയ്യപ്പനെ സേവിച്ചു!.- എന്നു മറുപടി.
എന്നാല്‍ എനിക്ക് ആ സ്ഥലമൊന്നു കാണണമെന്നായി നമ്പി. ഇരുവരും കൂടി ചമ്രവട്ടത്ത് പുഴയ്‌ക്കരികിലെത്തി..
പുഴയ്‌ക്കു മുകളില്‍ പോയി നോക്കാമെന്ന് പറഞ്ഞ് നമ്പി നടന്നു തുടങ്ങി. പിറകില്‍ നമ്പൂതിരിയും..
കുറച്ചുദൂരം നടന്നപ്പോള്‍ ഒരു മുളങ്കാട് ദൃശ്യമായി. അവിടെ ഒരു പെരുമ്പാമ്പ് ചത്തു ചീഞ്ഞുകിടന്നിരുന്നു...!. അതിന്റെ നെയ്യ് മഴവെള്ളത്തില്‍ ഒലിച്ച് പുഴയില്‍ ചേര്‍ന്നുകൊണ്ടിരിക്കുന്നു..!!.
നമ്പി നമ്പൂതിരിയെ നോക്കി ചിരിച്ചു- ഞാന്‍ അങ്ങയോട് ഇടങ്ങഴി നെയ്യേ കഴിക്കാന്‍ ആവശ്യപ്പെട്ടുള്ളൂ...ഇപ്പോളങ്ങ് മൂന്നിടങ്ങഴിയെങ്കിലും കഴിച്ചുകാണും..!. സംഗതി വ്യക്തമായ നമ്പൂതിരി നമ്പിയുടെ ചികിത്സാമാഹാത്മ്യം അംഗീകരിച്ചു എന്ന് ചരിത്രം..
പുറത്ത് ചികിത്സതേടിയെത്തുവരുടെ തിരക്ക് കൂടിവരുന്നു..തീരാത്ത കഥകള്‍ക്ക് ഒരു അര്‍ദ്ധവിരാമമിട്ട് വൈദ്യമുത്തച്ഛന്‍..
`കേരളത്തിന്റെ വടക്ക് ഞങ്ങളാണ് വൈദ്യന്‍മാര്‍..തെക്ക് കോട്ടയത്ത് വയസ്‌കര മൂസ്സും. ഇതിനിടയിലുള്ളിതാണ് ബാക്കി അഷ്ടവൈദ്യന്‍മാര്‍...' അഷ്ടാംഗഹൃദയം തന്നെയാണ് നമ്പിമാര്‍ക്കും ആധികാരിക ഗ്രന്ഥം. `അഷ്ടാംഗഹൃദയവുമുണ്ട് അഷ്ടാംഗഹൃദയ സംഗ്രഹവുമുണ്ട്. ആദ്യത്തേത് മുഴുവന്‍ ശ്ലോകങ്ങളാണ്. മറ്റേതില്‍ കുറേ ഗദ്യവും വരും..'
ഞങ്ങളൊക്കെ അതു മുഴുക്കെ കാണാപ്പാഠം പഠിച്ചവരാണ്. ഋഗ്വേദത്തോളം ശ്ലോകങ്ങള്‍..!!.
എല്ലാം സംസ്‌കൃതമാണ്. അതിന് പരിഹാരമായി നമ്പിമാര്‍ മലയാളത്തില്‍ ഒരു ഗ്രന്ഥം നിര്‍മ്മിച്ചു മണിപ്രവാളമായി- ആലത്തൂര്‍ മണിപ്രവാളം. മലയാളത്തിലെ ഒരേ ഒരു ആധികാരിക ചികിത്സാഗ്രന്ഥം. അഞ്ഞൂറു മുതല്‍ അറുനൂറു കൊല്ലം വരെ ഇതിനു പഴക്കമുണ്ട്. പതിനെട്ട് വൈദ്യകുടുംബങ്ങളില്‍ അവശേഷിക്കുന്ന ചികിത്സകര്‍. മഹാപാരമ്പര്യത്തിന്റെ ഈടുവയ്‌പുകള്‍. രോഗം വന്നു ചികിത്സിക്കുന്നതിനേക്കാള്‍ അരോഗിയായി ജീവിക്കേണ്ടതെങ്ങിനെ എന്നു പഠിപ്പിച്ചവര്‍..
കഥകള്‍ അവസാനിക്കുന്നതേയില്ല...
തൃശൂര്‍ മൂസ്സുകുടുംബത്തിലേയ്‌ക്ക് മകന്‍ ദത്തുപോയപ്പോള്‍ അവിടേ ചികിത്സയ്‌ക്ക് മുഖ്യമേല്‍നോട്ടക്കാരനായി, നാരായണന്‍ നമ്പി.. അവസാനിയ്‌ക്കാത്ത പാരമ്പര്യം..
കഥകള്‍ പറഞ്ഞുപറഞ്ഞ്, ചരിത്രവും ഐതിഹ്യവും കൂടിക്കലര്‍ന്നിരിക്കുന്നു, ഇഴപിരിക്കാനാവാത്ത വിധം..അതു കേട്ടിരിയ്‌ക്കാം...മറക്കാതെ അടുത്ത തലമുറയേയും കേള്‍പ്പിക്കാം..!.
ബാലുമേനോന്‍ എം.
ഫോട്ടോ: സുദീപ് ഈയെസ്