വാത്മീകം തുറന്ന് പുറത്തുവന്നു പറഞ്ഞത് കുറെ സത്യങ്ങള്‍...സാഹിത്യമല്ല.
അഷ്ടമൂര്‍ത്തി എന്ന കഥാകൃത്തിന്റെ മനസ്സ്..
കുറച്ചെഴുതി. അവനവനോടു നീതി പുലര്‍ത്താന്‍ വേണ്ടി അതു നിര്‍ത്തി. പിന്നെ മൗനത്തിന്റെ വാത്മീകത്തില്‍ അമര്‍ന്നു..
എസ്‌എന്‍എ ഔഷധശാലയുടെ പടിപ്പുരയിലെ തണുപ്പില്‍, ഔഷധവീര്യമുള്ള കാറ്റേറ്റ് അദ്ദേഹം പറഞ്ഞതത്രയും ഈ ലോകത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചും മാത്രം. അതില്‍ ആകുലതകള്‍ കണ്ടു..നിരാശകള്‍ കണ്ടു..പ്രത്യാശയും. സംഭാഷണം ഇടക്കൊന്നു സാഹിത്യത്തിലും തൊട്ടുപോയിക്കൊണ്ടിരുന്നു..
`ഒരൊറ്റ പുസ്‌തകമേ എടുക്കാവൂ എന്നു പറഞ്ഞാല്‍, ഞാന്‍ എടുക്കുക മാധവിക്കുട്ടിയുടേതാണ്...'
ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍, നാം അമ്പരക്കും. പേരെടുത്ത എഴുത്തുകാരന്‍ എന്തേ ഇങ്ങിനേ...?
`മാധവിക്കുട്ടിയെ മറികടക്കാന്‍ ആരും ഉണ്ടായിട്ടില്ല... ആണായാലും പെണ്ണായാലും..' എന്ന തുടര്‍വാചകം ചേര്‍ത്തുവായിച്ചാല്‍ എല്ലാം മനസ്സിലാവും.
`ചെറുകഥയില്‍ അമ്പതു വര്‍ഷം കവച്ചുവച്ചാണ് അവര്‍ പോയത്...എനിക്കു തോന്നുന്നില്ല അടുത്തൊന്നും ആരും അവരെ കവച്ചുവയ്‌ക്കുമെന്ന്....!!.'
`അവര്‍ എഴുതിപ്പോവുകയായിരുന്നില്ലേ..?. ക്രാഫ്‌റ്റും ഭാഷയും ഒന്നും നോക്കീര്‍ന്നില്ല..!. ഏറ്റവും കുറച്ചുവാക്കുകള്‍ അറിയുന്ന ആളാണെന്ന് അവര്‍ തന്നെ പറഞ്ഞിട്ടുണ്ട്.. അതല്ലേ ശരിയായ എഴുത്ത്..?'.
നാമൊക്കെ ഒരോവാക്കും സൂക്ഷിച്ചേ ഉപയോഗിക്കൂ..ആളുകള്‍ക്ക് മനസ്സിലാവുമോ എന്നൊക്കെ തിരിച്ചു മറിച്ചും ആലോചിച്ച്...
ബഷീറൊക്കെ...?
അതെ..അവരൊക്കെ ഭാഷതന്നെ ഉണ്ടാക്കിയെടുത്തവരല്ലേ..?!. ബഡുക്കൂസ്..എന്നൊക്കെ...!!.
അതൊക്കെയാണ് എഴുത്ത് എന്നു തുറന്നുപറയാന്‍ മടിയ്‌ക്കാതെ ഒരെഴുത്തുകാരന്‍..
`എഴുത്തു വറ്റിപ്പോയ എന്നെ രക്ഷിച്ചത്, മാധവിക്കുട്ടിയാണ്-അവരുടെ എഴുത്ത്..അവരെ ഞാന്‍ കണ്ടുസംസരിച്ചിട്ടേയില്ല ഒരിക്കല്‍പോലും..' പ്രതിഭയുടെ തിരത്തള്ളല്‍ ഉള്ള എഴുത്തുകാരെ കാലത്തിന്റെ കനിവായി നമുക്കുകിട്ടുന്നു...അതൊക്കെ ഗോപുരങ്ങളാണ്...വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഒന്ന്...
കുറച്ചേ എഴുതിയിട്ടുള്ളൂ, കഥകള്‍. നൂറ്റിരുപത്തഞ്ചോളം. എഴുതിയതത്രയും പുസ്‌തകങ്ങളാക്കിയതുമില്ല. വിശേഷാല്‍ പ്രതികള്‍ക്കും ആകാശവാണിക്കും വേണ്ടി എഴുതിയ കഥകള്‍ പ്രസിദ്ധീകരിക്കാതെ ഇപ്പോഴും കൂട്ടിവച്ചിരിക്കുന്നു. ഇത്രയും കാലത്തിനുള്ളില്‍ ഒരു നോവലാണ് എഴുതിയത്...`റിഹേഴ്‌സല്‍ ക്യാമ്പ്'!.
എഴുത്തില്‍ പിശുക്കനാണോ?.
ചിരിച്ചുകൊണ്ടാണ് മറുപടി: അല്ലല്ല...എന്റെ റിസോഴ്‌സ് വളരെ കുറവാണ്. പുതിയവിഷയമോ ഭാഷയോ അവതരിപ്പിക്കാനുണ്ടാവണം. ഒരിക്കല്‍, കഥവായിച്ച് എന്റെ ഒരു കസിന്‍ പറഞ്ഞു: എഴുതിയയാളുടെ പേരു അവസാനേ ശ്രദ്ധിച്ചുള്ളൂ, പക്ഷെ, വായിച്ചപ്പോളേ എഴുത്തുകാരനെ മനസ്സിലായീ..!
അദ്ദേഹം അഭിനന്ദനമായാണ് ആ വാക്കുകള്‍ പറഞ്ഞതെങ്കിലും, അഷ്ടമൂര്‍ത്തി എന്ന എഴുത്തുകാരന്റെ മനസ്സില്‍ അത് ആശങ്കകളുടെ വേലിയേറ്റമാണ് തീര്‍ത്തത്...
`അതൊരു അഭിനന്ദനമായല്ല എനിക്കു തോന്നിയത്.'
ഒരു ശൈലിയുടെ ആളായി മാറുന്നുവെന്ന് തോന്നി- ഞാന്‍ ആവര്‍ത്തിക്കുന്നു എന്നു തോന്നി..!. അതോടെ ആലോചനയായി. പുതിയതൊന്നും പറയാനില്ലാതെ എഴുതേണ്ടെന്ന് നിശ്ചയിച്ചു.
`കുഞ്ഞബ്ദുള്ളയും മുകുന്ദനുമൊക്കെ പുതുതായി പറഞ്ഞുകൊണ്ടിരിക്കുന്ന എഴുത്തുകാരാണ്. അത് അത്ഭുതം തന്നെയാണ്..'
അക്കാലത്താണ് ചെറുകഥയ്‌ക്ക് അക്കാദമി അവാര്‍ഡ് അഷ്ടമൂര്‍ത്തിയെ തേടിയെത്തുന്നത്. 1992ല്‍- `വീടുവിട്ടുപോകുന്നു' എന്ന കൃതിയ്‌ക്ക്. അതോടെ ഒന്നുകൂടി ഉറപ്പാക്കി- എഴുത്തു നിര്‍ത്താനുള്ള തീരുമാനം.
ചെറുകഥയ്‌ക്ക് അക്കാദമി അവാര്‍ഡ്, നോവലിന് കുങ്കുമം അവാര്‍ഡ്..
`അത്രേന്നേള്ളൂ അവാര്‍ഡുകളായിട്ട്..'
എഴുത്തു നല്‍കിയത്, സ്‌നേഹമാണ്. ലോകത്ത് ഇത്രയധികം പേര്‍ തന്നെ സ്‌നേഹിക്കുന്നു..എല്ലാം എഴുത്തിലൂടെ കൈവന്നത് എന്ന് അഷ്ടമൂര്‍ത്തി. `അതാണ് എന്റെ സമ്പാദ്യം. സാമ്പത്തികം പോലും എനിക്കുണ്ടായിട്ടില്ല, കാര്യമായിട്ട്..ഞാനൊരു വില്‍പ്പനമൂല്യമുള്ള എഴുത്തുകാരനേയല്ല..'
തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍ പുഴയുടെ തീരത്ത്, ആറാട്ടുപുഴ ഗ്രാമത്തിലാണ് ജനനം. `കരുവന്നൂര്‍പ്പുഴയിലെ പാലം' എന്ന ഒരു കഥതന്നെ അദ്ദേഹത്തിന്റേതായുണ്ട്. ഈ പേരില്‍ ഒരു സമാഹാരവും.
`അതെ, ഓരോരുത്തര്‍ക്കും അവരവരുടെ ജന്മനാട് പ്രിയപ്പെട്ടതാണ്. ആ നാട് എത്ര ചീത്തയായാലും..'
ജീവിതത്തിലെ പന്ത്രണ്ടുകൊല്ലമൊഴിച്ച് ബാക്കികാലമെല്ലാം, ഇവിടെ തന്നെയായിരുന്നു ഈ എഴുത്തുകാരന്‍- ബോംബെയിലെ പ്രവാസകാലമൊഴിച്ച്..!.
നിത്യജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത മുഹൂര്‍ത്തങ്ങളെ ആവിഷ്‌കരിക്കുന്നതാണ് അഷ്‌ടമൂര്‍ത്തി കഥകള്‍. തീക്ഷ്‌ണാനുഭവങ്ങളുടെ ആവിഷ്‌കാരം.
കഥകളില്‍ കഥാപാത്രങ്ങള്‍ക്കല്ല ഊന്നല്‍. സന്ദര്‍ഭങ്ങള്‍ക്കാണ്.`നമ്മളൊന്നും ഒട്ടും ശക്തരല്ലല്ലോ? ഓരോ സാഹചര്യങ്ങള്‍ക്കു കീഴ്‌പെട്ട് ജീവിക്കുന്നവരല്ലേ..?.' എന്നാണ് വ്യാഖ്യാനം..
ചില കഥകളില്‍ ശക്തമായ കഥാപാത്രങ്ങളെ കണ്ടേക്കാം. പക്ഷെ, അധികവും സന്ദര്‍ഭങ്ങള്‍ക്കാണ് പ്രാധാന്യം. ചിരപരിചിതത്വത്തില്‍ നിന്ന് അപരിചിതത്വം സൃഷ്‌ടിക്കാനുള്ള എഴുത്തുകാരന്റെ അദമ്യമായ വാസന..
അനുഭവങ്ങള്‍ ആവിഷ്‌കരിക്കപ്പെടുമ്പോഴാണ് ജീവിത പരിസരത്ത് അതിന് സവിശേഷസ്‌ഥാനം കൈവരുന്നതെന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന കഥകള്‍...സ്വാസ്ഥ്യം നഷ്ടപ്പെട്ടുപോകുന്നവരുടെ വിഹ്വലതകള്‍..
`എണ്‍പതുകളും തൊണ്ണൂറുകളുമായിരുന്നു എന്റെ ഏറ്റവും ഉയര്‍ന്ന സര്‍ഗ്ഗശേഷി.'
ഒരായുസ്സില്‍ ഒരു മനുഷ്യന്റെ സര്‍ഗ്ഗശേഷി പരമാവധി പത്തുവര്‍ഷമാണെന്ന് ഒരിക്കല്‍ സി.ആര്‍. പരമേശ്വരന്‍ പറയുകയുണ്ടായി. `അത് എന്നെ സംബന്ധിച്ച് ശരിയായിരുന്നു..കഷ്ടി പതിനഞ്ചുവര്‍ഷം..'
അഷ്ടമൂര്‍ത്തി നിര്‍മ്മമനായി ചിരിച്ചു..
എഴുത്തു നിര്‍ത്തിയപ്പോള്‍ അടുപ്പമുള്ളവര്‍ നിര്‍ബന്ധിച്ചു..ശാസിച്ചു..
എഴുതിക്കൊണ്ടിരിക്കണം..അതൊരു വ്യായാമം പോലെയാണ്. ഇല്ലെങ്കില്‍ തീര്‍ത്തും നിലയ്‌ക്കുമെന്നും പലരും പറഞ്ഞു.
`നമ്മള്‍ ഡയറി എഴുതണമെന്നൊക്കെ നിര്‍ബന്ധം പറയില്ലേ..അതുപോലെ..'
അതു ശരിയായിരുന്നു. എഴുത്തിന് `ബ്ലോക്ക്' വന്നു!.
വിശേഷാല്‍പതിപ്പിലേയ്‌ക്ക് കഥചോദിക്കുമ്പോള്‍ ദേഷ്യം വന്നു: `എന്തിനാ ഇവര്‍ എന്നോടു ചോദിക്കുന്നത്..?'
ആ കാലയളവിലാണ് മനോരമ, ബോംബെ അനുഭവങ്ങള്‍ എഴുതിക്കൂടെ എന്നു ചോദിക്കുന്നത്. അത് കോളമെഴുത്തിലേയ്‌ക്കുള്ള കാല്‍വയ്‌പ്പായി. അന്ന് കുറേ എഴുതി ഓര്‍മ്മക്കുറിപ്പുകള്‍ പോലെ..
പിന്നീടാണ്, ശരിക്കും കോളമെഴുത്തുകാരനായിമാറുന്നത്. `ജനയുഗ'മാണ് ക്ഷണിച്ചത്..
എനിക്ക് ഒട്ടും വിശ്വാസമുണ്ടായിരുന്നില്ല, വിജയിക്കുമെന്ന്. ആറ്റൂര്‍ പറഞ്ഞു, തനിക്കും ഗുണണ്ടാവില്ല..എഴുത്തിനും ഗുണണ്ടാവില്ല..!!. കെ.സി. നാരായണന്റെ അഭിപ്രായവും മറിച്ചായിരുന്നില്ല. കായ വറുക്കുമ്പോള്‍, അതിന്റെ ബാക്കിവരുന്ന തൊലി നുറുക്കി ഒരു മെഴുക്കുപുരട്ടി ഉണ്ടാക്കില്ലേ? അതാണ് കോളമെന്ന്..!!. ശരിക്കുള്ളത് ഉപ്പേരിതന്നെ- കഥ!.
പക്ഷെ, എഴുതിത്തുടങ്ങിയപ്പോള്‍ അത് ശരിക്കും ആസ്വദിക്കുകതന്നെ ചെയ്‌തു. സമകാലിക വിഷയങ്ങളില്‍ ഇടപെട്ടുകൊണ്ടുള്ള എഴുത്ത്.. കഥയില്‍ പറയാന്‍ കഴിയാത്ത പലതും പറയാന്‍ കഴിയുന്നു എന്നുള്ളത്..
`ഒരിക്കലും കോളമെഴുത്ത് ഞാന്‍ ലഘുവായി എടുത്തിട്ടില്ല..പലരേയും കാണിച്ച് തൃപ്‌തിയായ ശേഷമേ അച്ചടിക്കാന്‍ കൊടുത്തിരുന്നുള്ളൂ..'
സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ഇതു പോസ്‌റ്റ് ചെയ്യുമ്പോള്‍ കിട്ടുന്ന `ഉടന്‍ പ്രതികരണങ്ങള്‍' ഏറെ ആവേശം പകര്‍ന്നുവെന്ന് അഷ്ടമൂര്‍ത്തി.
`ഉപന്യാസം എന്ന ഒരു വിഭാഗം തന്നെ മലയാള സാഹിത്യത്തില്‍ നിന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു...അതാണ് യാഥാര്‍ത്ഥ്യം. എ.പി. ഉദയഭാനുവിനെയും ഡോ.ഭാസ്‌കരന്‍ നായരേയും പോലെയുളളവരൊക്കെ എഴുതിയിരുന്ന...
ആ കുറവ് കുറേ ഒക്കെ എന്റെ എഴുത്തുകൊണ്ടു തിരിച്ചെടുക്കാന്‍ കഴിഞ്ഞു എന്നാണ് വിശ്വാസം..
ഒരു നിമിഷം നിര്‍ത്തി; ഒന്നാലോചിച്ചശേഷം- കോളം എഴുതിത്തുടങ്ങിയതോടെ എന്റെ എഴുത്തിന്റെ `ബ്ലോക്ക്' പോയി...സ്വാഭാവികമായി അതു ഒഴുകിത്തുടങ്ങി..!.
ആദ്യമാദ്യമൊക്കെ വിഷയങ്ങള്‍ വേണ്ടുവോളമുണ്ടായിരുന്നു. പിന്നെ ദൗര്‍ലഭ്യം വന്നുതുടങ്ങി. തുടക്കത്തിലുണ്ടായിരുന്ന സ്വാതന്ത്ര്യവും നഷ്ടപ്പെട്ടു. `ഹര്‍ത്താലിന് എതിരേ എഴുതിയ കുറിപ്പ് അവര്‍ പ്രസിദ്ധീകരിച്ചില്ല...അതോടെ വഴിപിരിയാമെന്നു പറഞ്ഞു..' എഡിറ്റര്‍ ഉണ്ണികൃഷ്‌ണന്‍ ഇടപെട്ടതിനെ തുടര്‍ന്ന് കുറച്ചുകാലം കൂടി എഴുതിയെങ്കിലും നിര്‍ത്തി. പിന്നാലെ വന്നത്, ദേശാഭിമാനിയില്‍ നിന്നുള്ള ക്ഷണം. മാസത്തിലൊന്നു മതി എന്നായിരുന്നു പറഞ്ഞത്. സി.രാധാകൃഷ്‌ണന്‍ ഒക്കെ ഉണ്ടായിരുന്നു ആദ്യമൊക്കെ. പിന്നീട് അവരൊക്കെ നിര്‍ത്തി. ആ ഒഴിവിലേയ്‌ക്കും അഷ്ടമൂര്‍ത്തി എഴുതി..
`സത്യത്തില്‍ കഥകളെക്കാള്‍ കൂടുതല്‍ ഞാനെഴുതിയത് കോളമാണ്...!.'
കോളമെഴുതിത്തുടങ്ങിയപ്പോള്‍, അടുപ്പമുളളവരുടെ ചീത്തവിളി. കഥയ്‌ക്കുകൊള്ളാവുന്ന കാര്യങ്ങള്‍ വെറുതെ എഴുതിത്തുലയ്‌ക്കുന്നു...!!.
`ശരിയായിരുന്നു..കഥയും ലേഖനവും കൂടിക്കലര്‍ന്നു എന്ന് എനിക്കും തോന്നാറുണ്ട്...രണ്ടിന്റേയും അതിര്‍വരമ്പുകള്‍ നേര്‍ത്തതായിരുന്നു എന്റെ കുറിപ്പുകളില്‍..'
പക്ഷെ, അതില്‍ ദുഃഖം തോന്നിയില്ല. പലസംഭവങ്ങളേയും ഭൂതകാലവുമായി ബന്ധപ്പെടുത്തിയല്ലേ എഴുതാനാവൂ...?
പെട്ടെന്ന് പഴയകാലമോര്‍ത്തു. ബോംബെ ജീവിതം...
`ഞാന്‍ എന്റെ ജീവിതം തീര്‍ന്നുപോയീ എന്നു കരുതിയ കാലമാണത്...'
എഴുപതുകളിലാണ് അഷ്ടമൂര്‍ത്തി തൊഴിലിനായി ബോംബെയിലെത്തുന്നത്. അതൊരു കാലമായിരുന്നു. മഹാനഗരത്തില്‍ മുങ്ങിപ്പൊങ്ങി..ആരോരുമറിയാതെ..
അഷ്ടമൂര്‍ത്തിയുടെ തന്നെ വാക്കുകള്‍:
`എന്നും തൃശൂര്‍പൂരം പോലെ...ആളുകള്‍ തിളച്ചുമറിയുന്ന നഗരം..!.'
ആര്‍ക്കും ആരേയും അറിഞ്ഞുകൂടാ..അതിനു താത്‌പര്യവുമില്ല. എഴുത്തുകാരന്‍ എന്നൊക്കെ പറഞ്ഞാല്‍, ആ മഹാനഗരത്തില്‍..?!.
`ഒരു മനുഷ്യന്‍, പ്രത്യേകിച്ച് എഴുത്തുകാരന്‍ രണ്ടുവര്‍ഷമെങ്കിലും ബോംബെയില്‍ ചിലവഴിക്കണമെന്നാണ് ഞാന്‍ പറയുക...ജീവിതം പഠിക്കണമെങ്കില്‍ അതു വേണം..നാം ഒന്നുമല്ലെന്ന തിരിച്ചറിവിന്..'
`എന്റെ ബോംബെക്കഥകള്‍' എന്നൊരു സമാഹാരം ഉണ്ട്. അതില്‍ ഈ കഥാകാരന്‍ വരച്ചിടുന്ന വേദനയുടെ നേര്‍രേഖകള്‍ വായനക്കാരനെ ഞെട്ടിക്കുന്നു. അഷ്ടമൂര്‍ത്തി എന്നകഥാകാരന്റെ ക്രാഫ്‌റ്റിന്റെ ഉയരങ്ങള്‍..
നഗരത്തിലെ ഫ്‌ളാറ്റില്‍ ഒപ്പം താമസിക്കുന്ന അമ്മ മരിക്കുമ്പോള്‍, മകന്‍ ആരേയും വിളിച്ചറിയിക്കുന്നില്ല...!. അമ്മ കൊതുകടിയേല്‍ക്കാതെ ഒരു ദിവസമെങ്കിലും ഉറങ്ങുന്നതു കാണാനുള്ള ഉള്‍പ്രേരണകൊണ്ട്...!!.
``അമ്മ മരിച്ചുവെന്നറിഞ്ഞിട്ടും ആരേയും വിളിച്ചുകൊണ്ടുവരാതിരുന്നത് അയല്‍ക്കാരോടുള്ള എന്റെ സഹാനുഭൂതികൊണ്ടല്ലായിരുന്നു. എന്റെ അമ്മ കൊതുകുകടിയേല്‍ക്കാതെ ഉറങ്ങുന്നത് ഒരിക്കലെങ്കിലും കാണണം എന്ന മോഹം എന്നെ കീഴടക്കി. ശാന്തയായ അമ്മയെ; സുസ്‌മിതയായ അമ്മയെ..''
( അമ്മ ഉറങ്ങുന്ന രാത്രി).
വിതുമ്പാതെ വായിക്കാനാവാത്ത കഥകള്‍....
കൊച്ചുകൊച്ചുവാക്കുകളില്‍, വളച്ചൊടിക്കാത്ത വരികളില്‍ അദ്ദേഹം മനുഷ്യാവസ്ഥകള്‍ വരച്ചിട്ടു....
അതിനുകിട്ടിയ പ്രതിഫലമത്രയും വിട്ടുപിരിയാത്ത സ്‌നേഹസൗഹൃദങ്ങളായിരുന്നു.
എപ്പോഴാണ് മകന്‍ മടങ്ങിയെത്തുക,കരുവന്നൂര്‍പ്പുഴയിലെ പാലം,റിഹേഴസല്‍ ക്യാമ്പ്, മരണശിക്ഷ, കഥാവര്‍ഷം, വീടുവിട്ടുപോകുന്നു, തിരിച്ചുവരവ്, പകല്‍വീട്,കഥാസാരം, ലാ പത്താ, അനുധാവനം (പ്രവീണ്‍കുമാറുമൊത്തെഴുതിയത്), തിരിച്ചുവരവ് (നോവലെറ്റ്)
അകലത്തെ ബോംബേ, അയലത്തെ മുംബൈ എന്നീ കൃതികളേ തന്നിട്ടുള്ളൂ. ലളിതമായി പറഞ്ഞാല്‍, ഉള്ളംകൈയിലെ നെല്ലിക്കപോല്‍!.
കഴിച്ചശേഷം മധുരിക്കുന്ന കഥകള്‍..
ബോംബെ ജീവിതക്കാലത്താണ് അഷ്ടമൂര്‍ത്തി എന്ന കഥാകാരനെ മലയാളത്തിനു ലഭിക്കുന്നത്.
ആദ്യകഥ വെളിച്ചം കണ്ടത് മാതൃഭൂമിയില്‍ തന്നെ - കഥാന്തരം.
അന്ന് ആഴ്‌ചപ്പതിപ്പിന്റെ പത്രാധിപര്‍ വി.ആര്‍.ഗോവിന്ദനുണ്ണി. അദ്ദേഹത്തിന്റെ ഒരു കത്തുവന്നു. വലിയ കൈയക്ഷരത്തില്‍ എഴുതിയത്..
നിങ്ങളുടെ കഥ പ്രസിദ്ധീകരിയ്‌ക്കാന്‍ തെരഞ്ഞെടുത്തിട്ടുണ്ട്. മറ്റു കഥകള്‍കൂടിയുള്ളതിനാല്‍ മൂന്നുമാസത്തിനുള്ളില്‍ അച്ചടിക്കും..എന്നൊരറിയിപ്പ്. അതൊരു ഭാഗ്യമായിരുന്നു. വഴിത്തിരിവും.
`ആ കഥ തിരസ്‌കരിക്കപ്പെട്ടിരുന്നെങ്കില്‍, ഒരിക്കലും ഞാന്‍ പിന്നെ എഴുതുകയില്ലായിരുന്നു..' -അഷ്ടമൂര്‍ത്തിയുടെ സാക്ഷ്യം!.
അങ്ങിനെ അതു സംഭവിയ്‌ക്കുകയായിരുന്നു..
`ഞാന്‍ ഒരു കഥപറച്ചിലുകാരനായതില്‍ ഒരാളോടെയുള്ളൂ കടപ്പാട്..അത് ഗോവിന്ദനുണ്ണിയോടാണ്..'
പ്രസിദ്ധീകരിക്കാനെത്തുന്ന കഥകളും മറ്റും മുഴുവന്‍ വായിക്കുന്ന പത്രാധിപന്‍മാര്‍ ഇന്നുണ്ടോ എന്നു സംശയമാണെന്ന് അഷ്ടമൂര്‍ത്തിയുടെ തുറന്നു പറച്ചില്‍. ഗോവിന്ദനുണ്ണി എല്ലാം അക്ഷരംപ്രതി വായിച്ചിരുന്നു.
ഒരു ഘട്ടം കഴിയുമ്പോള്‍ നമ്മുടെ എഴുത്തുകാരെല്ലാം ആവര്‍ത്തിക്കുകയാണെന്നും നിരീക്ഷച്ചിരുന്നല്ലോ..?
അതെ, വ്യത്യസ്ഥത പുലര്‍ത്തിയവര്‍ കുറവാണ്.
പക്ഷെ, പുതിയ തലമുറയില്‍ പ്രതീക്ഷയുണ്ട്..
ടി.ഡി.രാമകൃഷ്‌ണന്‍, വി.ജെ.ജെയിംസ്, ബെന്യാമിന്‍ എന്നിവരെയൊക്കെ വളരെ താത്‌പര്യത്തോടെയാണ് വായിച്ചത്‌്. അവര്‍ പരീക്ഷണങ്ങള്‍ നടത്തി വിജയിക്കുന്നു..
`മാറണം..മാറ്റങ്ങളുണ്ടാവണം..'
മണ്ണും കല്ലും ചേര്‍ത്തുണ്ടാക്കിയ പടിപ്പുരയുടെ തണുപ്പില്‍, സംസാരം `എഴുത്തില്‍' തുടര്‍ന്നു..
പല എഴുത്തുകാരും വിശപ്പ്, പട്ടിണി എന്നിവയെക്കുറിച്ചെഴുതി `സഫല'മായവരാണ്. അഷ്ടമൂര്‍ത്തി, എന്തോ ആ ഭാഗം വിട്ടുകളഞ്ഞു. വിശപ്പിനെക്കുറിച്ചൊന്നും ഇന്ന് ആര്‍ക്കും കേള്‍ക്കാന്‍ തന്നെ താത്‌പര്യമില്ല...
`ദാരിദ്ര്യത്തെക്കുറിച്ച്, പറയുന്നവന്റെയത്ര സുഖം കേള്‍ക്കുന്നവനില്ല. എന്റെ തന്നെ അടുത്ത ബന്ധു- ചെറുപ്പമാണ്- അവന്റെ അച്ഛന്‍ പറയുന്ന ബുദ്ധിമുട്ടിന്റെ ഭൂതകാലം കേട്ട് പൊട്ടിച്ചിരിച്ചു..
`അച്ഛന്‍ എന്തിനാ ഇതൊക്കെ എന്നോടു പറയുന്നത്. അത് ആ കാലം. എനിക്കതില്‍ യാതൊരു താത്‌പര്യവുമില്ല...' എന്നു പറയുന്നത് കേട്ടു..
ദാരിദ്ര്യവും പട്ടിണിയുമൊന്നും ഈ തലമുറയ്‌ക്കു താത്‌പര്യമുളള വിഷയേമയല്ല. അവര്‍ക്കതറിയുകയുമില്ല..നാമൊക്കെ അതില്‍ അഭിരമിയ്‌ക്കുന്നെങ്കിലും.
കാലംമാറി ഇരുപത്തഞ്ചുവയസ്സില്‍ ആത്മകഥയെഴുതുന്നു ചിലര്‍- അതാണ് കാലം. ആത്മകഥകള്‍ക്ക് കൂടുതല്‍ വില്‍പ്പനകാണുന്നതുകൊണ്ട് പത്രാധിപന്‍മാരും വിളിച്ചു പറഞ്ഞെഴുതിയ്‌ക്കും.. ഇന്നു ബഹളമാണ്. പറഞ്ഞിട്ടുകാര്യമില്ല. എഴുത്തുകാര്‍ കൂടി. പ്രസിദ്ധീകരണങ്ങളും.. ശ്രദ്ധകിട്ടാന്‍ പ്രയാസമാണ്. എഴുത്തുകാരനാണെന്നു പ്രഖ്യാപിയ്‌ക്കാനുള്ള വെമ്പല്‍...
ഇന്ത്യക്കാരില്‍ പൊതുവെയുള്ള അലസതാ മനോഭാവമാണ് ഉജ്ജ്വലകൃതികളുടെ പിറപ്പിനു തടസ്സമെന്ന് അഷ്ടമൂര്‍ത്തി.
`നമുക്ക് ഡെഡിക്കേഷന്‍ ഇല്ല. വിദേശരാജ്യങ്ങളില്‍ അങ്ങിനെയല്ല. അവര്‍ ഒരു വിഷയമെടുത്ത് അതിനായി ഒരുപാടു സമയവും ഊര്‍ജവും ചിലവഴിയ്‌ക്കും. നമുക്കൊന്നും അങ്ങിനെ പറ്റില്ല.. സാമ്പത്തികവും ജീവിതപ്രശ്‌നങ്ങളും ഒക്കെ അതിന്റെ കാരണങ്ങളാവാം..അടിസ്ഥാനപരമായി അലസത തന്നെ..'
മഹാഭാരതം പോലുള്ള മഹാകൃതികള്‍ ഇവിടെയുണ്ടായിട്ടും അതൊന്നും വേണ്ടതു പോലെ ആരും ഉപയോഗിച്ചില്ല, ഇനിയും..
`യയാതിയാണ് ഉണ്ടായതില്‍ മികച്ചത്. രണ്ടാമൂഴമൊക്കെ പിന്നേയേ വരൂ..'
കച-ദേവയാനിമാര്‍ മഹാഭാരതത്തില്‍ നിഴലായികടന്നുപോകുന്ന പാത്രങ്ങളാണ്. അവര്‍ വലിയ വ്യക്തിത്വങ്ങളാക്കപ്പെട്ടു...ആ രീതിയില്‍ മഹാഭാരതം പിന്നീട് വായിക്കപ്പെട്ടിട്ടില്ല. `യഥാര്‍ത്ഥത്തില്‍ വലിയൊരു ഭാവനയാണ് യയാതി..'
`ന്റെ മോളുടെ പേര് യയാതിയിലെ ഒരു കഥാപാത്രത്തിന്റേതാണ്-അളക. അതിലെ മറ്റൊരുകഥാപാത്രത്തിന്റെ പേരായ ശര്‍മ്മിഷ്‌ഠ എന്ന പേരിടാനായിരുന്നു എനിക്കു മോഹം. അമ്മ വേണ്ടെന്നു പറഞ്ഞു. ഒരുപാട് ദുരന്തങ്ങള്‍ അനുഭവിയ്‌ക്കുന്ന കഥാപാത്രമാണത് എന്നതുകൊണ്ട്..'
`നാടുവിടുമ്പോള്‍ ഏറ്റവും വിഷമം ആകാശവാണി കേള്‍ക്കാനാവില്ലല്ലോ എന്നായിരുന്നു..പാട്ടുകള്‍..!. ബന്ധുക്കളെ പിരിയുന്നതിനേക്കാള്‍ ദുഃഖം. പാട്ടുകളായിരുന്നു ജീവന്‍. ലളിതസംഗീതം..
നാട്ടിലെ ആഘോഷനാളുകള്‍ എത്തുമ്പോള്‍ മനസ്സ് ഇവിടെയാകും..പറിച്ചുമാറ്റാനാവാത്തവിധം.
`പന്ത്രണ്ടുവര്‍ഷവും ഒരേ കമ്പനിയില്‍. പലരും പറഞ്ഞു ജോലിമാറാന്‍. അതിനുള്ള മിടുക്കോ ധൈര്യമോ ഉണ്ടായിരുന്നില്ല..'
അക്കാലത്താണ് മൂസ്സ് കുടുംബത്തിലേയ്‌ക്ക് മരുമകനെ ദത്തെടുക്കുന്നത്. വികസിച്ചുവരുന്ന ആയൂര്‍വേദ സ്ഥാപനം. മരുമകന്‍ കത്തെഴുതി, എക്കൗണ്ടുകളുടെ കാര്യം നോക്കാനാവുമോ എന്നു ചോദിച്ച്. അതേറ്റെടുത്ത് ബോംബെ ജീവിതം അവസാനിപ്പിച്ചു. അടുത്തിടെ പലരും പറഞ്ഞു...അന്നു കണ്ട ബോംബെയെക്കുറിച്ച് നോവലെഴുതാന്‍. അതിനു യാത്രചെയ്യണം..പലരില്‍ നിന്നും കുറിപ്പുകളെടുക്കണം. `അതിനൊന്നും മിനക്കെടാന്‍ വയ്യ..'
ഒരു പുസ്‌തകം പ്രസിദ്ധീകരിക്കുക വലിയൊരുത്തരവാദിത്വമാണ്. അതു പണം കൊടുത്തു വാങ്ങുന്നവരോട്...അതു വായിക്കാന്‍ വിലയേറിയ സമയം ചിലവിടുന്നവരോട്..എഴുത്തുകാരന് കനത്ത ബാധ്യത തന്നെയാണ് അത്.
മുബൈജീവിതത്തില്‍ നഷ്ടപ്പെട്ട സംഗീതജീവിതം, നാട്ടിലെത്തിയപ്പോള്‍ തിരിച്ചു പിടിച്ചു എന്നതാണ് ആശ്വാസം. ഒരിക്കലും കേള്‍ക്കാനാവില്ലെന്ന് കരുതിയ ഗാനങ്ങളുടെ വന്‍ശേഖരമാണ് അഷ്ടമൂര്‍ത്തിയുടെ കൈവശമുള്ളത്.
`ഓഫീസില്‍ പോലും ഞാന്‍ പാട്ടുകേട്ടുകൊണ്ടിരിക്കും...!.'
പാട്ടിനോടുള്ള കമ്പം കേള്‍വിക്കാരന്റേതുമാത്രം. ഒരു പാട്ടുകാരനാവുകയാണ് സ്വപ്‌നം കാണുന്ന ജന്മം. പാട്ടുപാടി ജനങ്ങളെ കൈയിലെടുക്കുന്ന അസുലഭ സിദ്ധിയുള്ള പാട്ടുകാരന്‍..!.
പാട്ടുപഠിച്ചതുകൊണ്ടൊന്നും ഒരു സിദ്ധഗായകനാവില്ല. അതൊക്കെ ഓരോ അവതാരങ്ങള്‍ പോലെ സംഭവിക്കുന്നതാണ്..
പിന്നെ ഒരു കഥപറഞ്ഞു-
'യേശുദാസിന്റെ സംഗീതയാത്രയുടെ പത്താംവാര്‍ഷികാഘോഷം. അന്ന് കലാഭവനാണ് അതു സംഘടിപ്പിച്ചത്. അന്ന് യേശുദാസ് കലാഭവനുമായി വലിയ അടുപ്പത്തിലായിരുന്നു. ഒരു സോവനീറും പുറത്തിറക്കി. സര്‍വ്വത്ര യേശുദാസായിരുന്നു അതില്‍. ചിത്രങ്ങളും തിരിച്ചും മറിച്ചും ലേഖനങ്ങളും. അതിലേയ്‌ക്ക് ജി. അരവിന്ദന്‍ ഒരു കാര്‍ട്ടൂണ്‍ വരച്ചു നല്‍കി. വലിയൊരു വൃക്ഷം-പടര്‍ന്നു പന്തലിച്ച് അങ്ങനെ..സംഗീതം എന്നാണ് അതിനുപേര്‍. അതിന്നു ചുവട്ടില്‍ കൊച്ചുകൊച്ചു ചെടികള്‍-തകരപോലെ. അതിനൊക്കെ ഓരോ പേരും-യേശുദാസ്, ജയചന്ദ്രന്‍, മന്നാടെ, ലതാമങ്കേഷ്‌കര്‍ എന്നൊക്കെ..!. അദ്ദേഹത്തിന്റെ തന്നെ കാപ്‌ഷനോടുകൂടിയാണ് പ്രസിദ്ധീകരിച്ചത്. ദാസിനെ ഇത് വേദനിപ്പിയ്‌ക്കുമെന്നറിയാം. എങ്കിലും ശുദ്ധവും മഹത്തുമായ സംഗീതമെന്തെന്നറിയുന്ന അദ്ദേഹം ഇതു മനസ്സിലാക്കുമെന്നാണ് എന്റെ വിശ്വാസം- അതായിരുന്നു അരവിന്ദന്റെ കാപ്‌ഷന്‍!.'
താന്‍ വലിയ ആളാണെന്നാണ് എഴുത്തുകാരന്റെയൊക്കെ ധാരണ. വലിയൊരു വടവൃക്ഷത്തിനു ചുവട്ടിലെ തകരയാണെന്ന തിരിച്ചറിയലാണ് കാര്യം. താന്‍ ഒന്നുമല്ലെന്ന തിരിച്ചറിവ്..! ഇത്രയും പറഞ്ഞ് അദ്ദേഹം മൗനത്തിലാണ്ടു. പിന്നെ പതിയെ പറഞ്ഞു- `കാലമാണ് തെളിയിക്കേണ്ടത്; ഓരോ കൃതിയേയും വിലയിരുത്തേണ്ടത്..'
വാക്കില്‍ പിശുക്കനായ എംടി, അഷ്ടമൂര്‍ത്തിയെന്ന കഥാകാരനെ തന്റെ പിശുക്കിയ വാക്കുകളില്‍ വിശേഷിപ്പിച്ചതിങ്ങിനെയാണ്: അഷ്‌ടമൂര്‍ത്തിയുടെ കഥകള്‍... അദ്ദേഹം സ്വയം പറയുന്നതുപോലെ, കഥാകാരന്‍ ഒരു നിഘണ്ഡുവുമായി വായനക്കാരന്റെ പിന്നാലെ നടക്കേണ്ട ഗതികേട് വരുത്തുന്നേയില്ല...!.
മുപ്പത്തിയേഴുകഥകളുടെ സമാഹാരം, സാഹിത്യ അക്കാദമി അങ്കണത്തില്‍ പ്രകാശനം ചെയ്യപ്പെട്ടത് മറക്കവയ്യാത്ത അനുഭവമായിരുന്നു. നിറഞ്ഞു കവിഞ്ഞ അക്കാദമി മുറ്റം...നിറഞ്ഞതത്രയും സ്‌നേഹമായിരുന്നു എന്ന് കഥാകാരന്‍..!.
`അന്ന് എന്റെ കണ്ണുകള്‍ ശരിക്കും നിറഞ്ഞുപോയി. എന്നെ സ്‌നേഹിക്കുന്നവര്‍..ഞാന്‍ എഴുതിയ അക്ഷരങ്ങള്‍ എനിക്കു തന്ന പാഥേയം...'
`ഒരുപിറുപിറുപ്പു പോലെയാണ് എനിക്ക് കഥയെഴുത്ത്. മറ്റുള്ളവരോട് പറയാനും പങ്കുവയ്‌ക്കാനും സാധിക്കാത്ത കാര്യങ്ങള്‍ കഥകളായിത്തീരുന്നു..നന്മയിലേക്കുള്ള ഒരന്വേഷണമാണ് ഓരോ കഥയും.'
സരളമായ ഈ കഥകള്‍ വായിച്ചു ചെല്ലുമ്പോള്‍ കഥാകാരന്‍ നമുക്കായി ഒരു `ഞെട്ടല്‍' ഒളിപ്പിച്ചു വെച്ചിട്ടുണ്ടാവും, എല്ലാതിലും. അഷ്ടമൂര്‍ത്തി എന്ന കഥാകാരന്റെ ക്രാഫ്‌റ്റ് അവിടെയാണ്. ഇരട്ടജീവിതം നയിക്കുന്ന മനുഷ്യരെ നാം ഇവിടെ കാണുന്നു.
മനുഷ്യനെക്കുറിച്ചു പറഞ്ഞപ്പോള്‍, മനുഷ്യമോഹങ്ങളെക്കുറിച്ചും പറഞ്ഞു. ഒരിക്കലും അവസാനിക്കാത്ത മനുഷ്യന്റെ ആഗ്രഹങ്ങള്‍. എഴുത്തുകാരന്‍ പുരസ്‌കാരത്തിനും അതിനു പിന്നിലെ `ദ്രവ്യ'ത്തിനും വേണ്ടി പരക്കം പായുന്നു. അക്കാദമി അവാര്‍ഡ് കിട്ടിയാല്‍, ജ്ഞാനപീഠം..അതുകിട്ടിയാല്‍ നൊബേല്‍..അങ്ങിനെ പോകുന്നു അവസാനിക്കാത്ത ആഗ്രഹങ്ങള്‍..!!.
`അക്കാര്യത്തില്‍ സി. രാധാകൃഷ്‌ണന്‍ വേറിട്ടു നില്‍ക്കുന്നു. അദ്ദേഹത്തിന്റെ അമ്മ ഒരിക്കല്‍ പറഞ്ഞുവത്രേ- നീ എഴുതിക്കിട്ടുന്ന പണം മാത്രമേ സ്വീകരിക്കാവൂ..അതിനു പിന്നാലേ വരുന്നത് സ്വീകരിക്കരുത്..!.'
അദ്ദേഹം ഇന്നും പാലിയ്‌ക്കുന്നു, അമ്മയുടെ നിര്‍ദ്ദേശം. അവര്‍ഡ് സ്വീകരിച്ചാലും, അതിന്റെ തുക ഡൊണേറ്റ് ചെയ്യും..പണം സ്വീകരിക്കില്ല..!.
എഴുത്തുവറ്റി. പിന്നെ ശ്രദ്ധകിട്ടാനായി കോലാഹലം..
`അതൊക്കെ കുറച്ചുകാലത്തേക്കേ നിലനില്‍ക്കൂ. ജനങ്ങള്‍ അതൊക്കെപെട്ടെന്നു മറക്കും..'
`വിവാദം എനിക്കുഭയമാണ്.' ഭയപ്പാടോടെയാണ് അതു പറഞ്ഞത്..
അടുത്തൊരു സംഭവമുണ്ടായി-
സുധീരനെക്കുറിച്ച് എനിക്കു നല്ല അഭിപ്രായമായിരുന്നു. ഭയങ്കര ഇഷ്ടമായിരുന്നു..അദ്ദേഹം മുഖ്യമന്ത്രിയായാല്‍ കേരളം രക്ഷപ്പെടും എന്നുവരെ തോന്നിയിരുന്നു. പക്ഷെ, കെ.പി.സി.സി. പ്രസിഡന്റായപ്പോള്‍ അതുമാറി. അതേപറ്റി ഫേസ്‌ബുക്കില്‍ എഴുതിയിട്ടപ്പോള്‍, കുറെ ചീത്തകേട്ടു. ഗോകുലം ഗോപാലനെപോലുള്ളവരൊക്കെ അതു ഷെയര്‍ചെയ്‌തു കണ്ടപ്പോള്‍ ഭയമായി..നമ്മുടെ വാക്കുകള്‍ മറ്റുള്ളവര്‍ ആയുധമാക്കുന്നു എന്ന ഭയം. സത്യം വിളിച്ചുപറയാനാവാത്ത അവസ്ഥയാണ്..നമ്മള്‍ മുദ്രകുത്തപ്പെടും. മനുഷ്യാവസ്ഥകളുടെ കഥകള്‍ പറഞ്ഞുപറഞ്ഞ് അഷ്ടമൂര്‍ത്തിയുടെ ജീവിതദര്‍ശനം വൈദികപാരമ്പര്യത്തിന്റെ അവശേഷിപ്പായ നിര്‍മ്മമതയോളം ചെന്നെത്തിയിരിക്കുന്നു..!
`ഇല്ലില്ല..ഞാന്‍ ഒരു നമ്പൂതിരിയായേ ജീവിച്ചിട്ടില്ല. അച്ഛന്‍ വാസുദേവന്‍ നമ്പൂതിരി കറകളഞ്ഞ കമ്മ്യൂണിസ്‌റ്റായിരുന്നു..ഞാനൊക്കെ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന പ്രത്യയശാസ്‌ത്രം..'
`ഹാ...! ഇന്നതു പറയാതിരിയ്‌ക്കാ ഭേദം. വളരെയേറെ മാറി. നിരാശയും ദേഷ്യവുമൊക്കെയുണ്ട്.. ഇടതുപക്ഷവും വലതുപക്ഷവും വ്യത്യാസമില്ലാതായി. എങ്ങിനെ പാര്‍ട്ടിയെ ഈ നിലയ്‌ക്ക് എത്തിച്ചു എന്നതിന് നേതാക്കള്‍ ഉത്തരം പറയേണ്ടിവരും. ശരിക്കും ഞെട്ടിപ്പോയത്, കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട് വന്നസമയത്ത് പിണറായി വിജയന്‍ ആ ബിഷപ്പിനെ പോയി കണ്ടപ്പോഴാണ്..`ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല ഞാന്‍..ഇത്രയും അധഃപതിയ്‌ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല...!.'
മനുഷ്യന്, മണ്ണുമായുള്ള ബന്ധമറ്റതില്‍ ഏറെ വേദനിക്കുന്ന ഒരു മനുഷ്യനാണ് ഇപ്പോള്‍ മുന്നില്‍- എഴുത്തുകാരനും കഥാകൃത്തുമൊക്കെയായ അഷ്ടമൂര്‍ത്തി മാഞ്ഞുപോയിരിക്കുന്നു...
`വെറും മണ്ണില്‍ നില്‍ക്കണം. ചെടികളെ തൊട്ടുതലോടണം..അതാണ് ഒരു മനുഷ്യനെ മനുഷ്യനാക്കാനുള്ളമാര്‍ഗ്ഗം...പഠിപ്പും വിദ്യാഭ്യാസവുമല്ല. നമ്മള്‍ വെറും കൃഷിക്കാരന്‍ എന്നൊക്കെ പറഞ്ഞു പുച്ഛിക്കുന്ന മനുഷ്യരില്ലേ? അവരാണ് ശരിക്കും ജീവിതത്തെക്കുറിച്ച് അറിവുളളവര്‍..ജീവിതത്തെ അറിയുന്നവര്‍. നമ്മെക്കാള്‍ വലിയവലിയകാര്യങ്ങള്‍ ചെയ്യുന്നവര്‍.'
കൃഷിയെ തിരിച്ചുകൊണ്ടുവരേണ്ടത് ശാസ്‌ത്രസാഹിത്യ പരിഷത്ത് പോലെയുള്ളവരായിരുന്നു. അവര്‍ സോപ്പുനിര്‍മ്മാണവുമൊക്കെയായിട്ടും പോയീ.. ഇന്ന് സിപിഎം തുടങ്ങിവച്ചിട്ടുള്ള പച്ചക്കറികൃഷി പ്രോത്സാഹന പരിപാടി പ്രതീക്ഷ നല്‍കുന്നുണ്ട്. സന്തോഷമുണ്ടാക്കുന്നുണ്ട്. `മണ്ണ് തൊട്ടാല്‍ മനുഷ്യന്‍ അവന്റെ സ്വത്വം തിരിച്ചറിയും. മണ്ണിലിറങ്ങണം. അത് അവനിലെ സര്‍വ്വ ദോഷചിന്തകളേയും ആട്ടിയകറ്റും..മനസ്സ് വിമലീകരിയ്‌ക്കും..' ഒരു പൂവുവിടരുന്നു.. കായുണ്ടാകുന്നു ഇതൊക്കെ നോക്കി നില്‍ക്കുന്നതിനേക്കാള്‍ വലിയ സന്തോഷം പുസ്‌തകം വായിച്ചാല്‍ പോലും കിട്ടില്ല..!. ജാതിമത-രാഷ്‌ട്രീയ-ചിന്തകള്‍ക്കതീതമായി `പച്ചപ്പി'ന്റെ ഒരുമതം ഇവിടെ വരണം-അതെ, പുതിയൊരു മതം..!.
അതിന്റെ ലക്ഷണങ്ങള്‍ കാണുന്നുണ്ട് .. ടെറസില്‍പോലും കൃഷിവേണമെന്ന് കരുതുന്നവര്‍ കൂടിക്കൂടിവരുന്നു..
നല്ലൊരു നാളെ...അതു വരാതിരിക്കില്ല..
ഇത്രയും പറഞ്ഞ് കഥാകാരന്‍ മൗനത്തിലായി...പിന്നെ വാത്മീകത്തിലലിഞ്ഞു.
-ബാലുമേനോന്‍ എം
No comments:
Post a Comment