Wednesday, August 26, 2020

The world is a Bridge, pass over it, but build no houses upon it

പെയ്‌തൊഴിഞ്ഞ മഴയും പറയാതെപോയ പ്രണയവുമാണത്രെ ആസ്വാദ്യം. ക്രിയേറ്റീവ് റൈറ്റര്‍ക്ക് ഇത് രണ്ടും ഇഷ്ടപ്രമേയമാവാം. പത്രപ്രവര്‍ത്തകന് പറ്റില്ല. അയാള്‍ക്കുമുന്നില്‍ പ്രശ്‌നങ്ങള്‍ വന്നുനിറഞ്ഞുകൊേണ്ടയിരിക്കും- അത് കുടിവെള്ളമില്ലാത്തതാവാം പ്രളയജലം കയറി വീടുതകര്‍ന്നതാവാം. സ്വന്തംകാര്യം പോലും മാറ്റിവച്ച് അയാള്‍ക്കതിനെ പിന്തുടര്‍ന്നേ പറ്റുവല്ലോ.. ഒക്‌ടോബര്‍ പതിനഞ്ചിന് പത്രപ്രവര്‍ത്തനരംഗത്ത് കാല്‍നൂറ്റാണ്ട് തികയും. ചെറിയൊരുകാലയളവല്ലെന്ന് തോന്നിപ്പോകുന്നു; ജീവിച്ചകാലത്തിന്റെ പകുതി. പത്രങ്ങളില്‍ പേജുകള്‍ തയ്യാറാക്കിയിരുന്ന കട്ട് ആന്റ് പേസ്റ്റ് കാലം മുതല്‍ ഓണ്‍ലൈന്‍ കാലം വരെ. സൈലന്റ് വാലി പദ്ധതി പേരുമാറ്റി പാത്രക്കടവാക്കി അവതരിപ്പിച്ച കാലത്ത് അതേ പറ്റി ഒരു ലേഖനമെഴുതി പത്രാധിപരായ അച്യുതവാര്യര്‍ സാറിനു കൊടുത്തു. അദ്ദേഹം അതൊന്ന് ഓടിച്ചുവായിച്ച് മാറ്റിവച്ചു. പിറ്റേന്ന് പത്രത്തിന്റെ എഡിറ്റ്‌പേജില്‍ ഒന്നാം ലേഖനമായി ഒരു വരിപോലും മാറ്റാതെ ചേര്‍ത്തിരിക്കുന്നത് കണ്ട് അമ്പരന്നുപോയി. മഹാനായ ആ പത്രാധിപര്‍ മനസ്സില്‍ വിഗ്രഹമായിമാറിയത്, വ്യക്തിപ്രഭാവം കൊണ്ടുകൂടിയായിരുന്നു. ബധിരതയെ മറികടന്ന മഹാപ്രതിഭ. പിന്നീടറിഞ്ഞു അടിയന്തിരാവസ്ഥാകാലത്തെ അദ്ദേഹത്തിന്റെ നിലപാടുകള്‍..പരിസ്ഥിതി പോരാട്ടങ്ങള്‍. ഒരിക്കല്‍ അദ്ദേഹം പറഞ്ഞു: ഞാനാരില്‍ നിന്നും ഒരു നാരങ്ങവെള്ളംപോലും വാങ്ങിക്കഴിച്ചിട്ടില്ലെന്ന്!. കനല്‍പോലെ മനസ്സില്‍ കിടക്കുന്നു ആ വാക്കുകള്‍, നിലപാടുകള്‍.. തളരുമ്പോള്‍, പ്രതിസന്ധികള്‍ ഉയരുമ്പോള്‍ കരുത്തുപകരുന്ന വഴിവിളക്കുകളായി ഇനിയും നിരവധിപേര്‍. ജോലിസമയത്തില്‍ കണിശതയുള്ള കെ.പ്രഭാകരന്‍സര്‍, പോരാട്ടമനസ്സുള്ള പി.രാജന്‍സര്‍, കെ.എം.റോയ്‌സര്‍.. പിന്നെ, കാണാന്‍ കഴിയാതെപോയ പോത്തന്‍ജോസഫ്, ചലപതിറാവു, എടത്തട്ട നാരായണന്‍, സിപി രാമചന്ദ്രന്‍, വീക്ഷണം പത്രാധിപരായിരുന്ന സിപി ശ്രീധരന്‍, ഡല്‍ഹിയില്‍ ഇടതുപക്ഷ പത്രപ്രവര്‍ത്തനത്തിനു ദിശാബോധം നല്‍കിയ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, കമ്മ്യൂണിസ്റ്റ്പാര്‍ട്ടി പിളരുന്ന വാര്‍ത്ത സ്‌കൂപ്പാക്കിയ ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ ഗോവിന്ദന്‍കുട്ടി.. നിരവധിനിരവധി പേര്‍. പത്രപ്രവര്‍ത്തകര്‍ ആത്മകഥയെഴുതരുത്. പല തങ്കവിഗ്രഹങ്ങളും തകരും. അതുകൊണ്ട് ഇവരാരും അതെഴുന്നതിനെ കുറിച്ച് ചിന്തിച്ചതുപോലുമില്ല. കാല്‍നൂറ്റാണ്ടുകാലത്തെ പത്രപ്രവര്‍ത്തനം എന്തു നേടിത്തന്നു എന്ന് ഒരു മാധ്യമസുഹൃത്തുതന്നെ ചോദിച്ചു, അടുത്തിടെ. എന്തു പറയണം?. ഗുജറാത്ത് കീഴടക്കിയതിന്റെ സ്മരണക്ക് അക്ബര്‍ പണിയിപ്പിച്ച ബുലന്‍ദ് ദര്‍വാസയില്‍ കൊത്തിവച്ച ഒരു വരി ഓര്‍മ്മവന്നു: '
.

അന്നൊക്കെ അങ്ങിനെയായിരുന്

തറവാട്ടില്‍ ഓണക്കാലത്തൊന്നും പോയിട്ടില്ല. കുട്ടിക്കാലത്ത് കര്‍ക്കിടകത്തിലെ പൂജകള്‍ക്കാണ് പോയി താമസിച്ചത്. അന്ന് അവിടെ നിറയേ ആളുകളുള്ളകാലമാണ്. നാലുകെട്ടില്‍ അമ്മമ്മമാരും അവരുടെ മക്കളും. പടിപ്പുരമാളികയില്‍ വലിയമ്മാമയും കുടുംബവും. നിറയേ സമപ്രായക്കാരായ കുട്ടികള്‍. കുളത്തിലും തൊടിയിലും, മുറ്റത്ത് കൂമ്പന്‍ തൊപ്പികള്‍ പോലെ നിന്നിരുന്ന വൈക്കോല്‍ കൂനയിലും ഒക്കെകളിച്ചുനടന്നു. പത്തായപ്പുരമാളികയില്‍, തറവാടു സ്ഥാപിച്ചുവെന്ന് കരുതുന്ന കുഞ്ചുമുത്തശ്ശിക്കും പൂജയുണ്ട്. അപ്പവും അടയും എല്ലാം വച്ച് നിവേദ്യവും. തറവാട്ടിലെ പുരുഷപ്രജതന്നെവേണം പൂജിക്കാന്‍. സാളഗ്രാമം വച്ചാരാധിക്കുന്ന മഠത്തിലും പിന്നെ ധര്‍മ്മദൈവങ്ങള്‍ക്കും പാമ്പിന്‍കാവിലും ഒക്കെ പൂജകള്‍ തന്നെ. വിളക്കെണ്ണയുടേയും ചന്ദനത്തിരികളുടേയും തുളസിയിലകളുടേയും ഗന്ധമാണ് എവിടേയും. പായസത്തിന്റെ ശര്‍ക്കര ഉരുക്കുന്ന മണമാണ് അന്ന് ആസ്വദിച്ചത്. തൊപ്പിക്കുടവച്ച് പാടവരമ്പത്തുകൂടി വരുന്ന ചങ്കുണ്ണി..മൊയ്തുപ്പ..മുറ്റം അടിച്ചുതെളിച്ചിരുന്ന കാളിത്തള്ള ഇവരൊക്കെ ഓര്‍മ്മയിലുണ്ട്. ശുദ്ധന്‍മാരായ നാട്ടിന്‍ പുറത്തുകാര്‍. അഞ്ചുരൂപ കൊടുത്താല്‍ അതെന്തിനാണെന്ന് തിരിച്ചു ചോദിക്കുന്നവര്‍!. ഒരു കര്‍ക്കിടകം കൂടി കഴിഞ്ഞു. തിരിച്ചുപോക്കുകളില്ലാത്ത ഒരു കാലം എന്നു തോന്നിപ്പോകുന്നു. കഴിഞ്ഞതൊക്കെ നല്ലകാലം എന്ന് അയവിറക്കാനില്ല.
നു, അത്രമാത്രം.

Thursday, February 20, 2020

ഒറ്റസ്‌നാപ്പിനു വേണ്ടി

മാധ്യമപ്രവര്‍ത്തനത്തിലെ ചില അപകടകരമായ ദൗത്യങ്ങള്‍. ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പ്പാലത്തിലൂടെ ആരുടേയോ ഭാഗ്യംകൊണ്ട് കടന്നുപോയ നിമിഷങ്ങള്‍.

Wednesday, February 12, 2020

ട്രാംവേ മ്യൂസിയം ഒരുങ്ങുന്നു.

ചാലക്കുടിയില്‍ ട്രാംവേ മ്യൂസിയം ഒരുങ്ങുന്നു. തൃശൂര്‍ മ്യൂസിയത്തില്‍ ഇതിന്റെ ചെറുപതിപ്പ് സൂക്ഷിച്ചിട്ടുണ്ട്.

തൃശൂരിലെ ഒരു പുരാതനഭവനം.

ലീഡര്‍ കെ.കരുണാകരനുമായി ബന്ധപ്പെട്ട തൃശൂരിലെ ഒരു പുരാതനഭവനം. ഇന്ന് ഇത് സിഎംഐ സഭ ആസ്ഥാനമാണ്.

Thursday, September 19, 2019

കല്‍ദായ സുറിയാനി പുരാവസ്തു ശേഖരം





കല്ദായ സുറിയാനി പള്ളിയില് കഴിഞ്ഞ ദിവസം പൊതുജനങ്ങള്ക്കായി തുറന്നുകൊടുത്ത പുരാവസ്തു മ്യൂസിയമാണിത്. നിറയെ ചരിത്രം. 1850കളിലാണ് വലിയപള്ളി നിര്മ്മിച്ചതെന്നാണ് പറയുന്നത്. ശക്തന് തമ്പുരാന് വ്യാപാരാഭിവൃദ്ധിക്കായി തൃശൂരില് കുടിയിരുത്തിയ ആദ്യ ക്രിസ്ത്യാനികള്. വലിയപള്ളിയുടെ മദ്ബഹയുടെ ശില്പ്പചാതുരിതുളുമ്പുന്ന ഒരു ഭാഗമാണ് ചിത്രത്തില്. വിസ്മയകരമായ കൊത്തുപണി. കല്ദായ സമുദായത്തിന്റെ തൃശൂരിലെ ചരിത്രം ഏറെക്കുറെ പൂര്ണമായി ഇവിടെ കാണാം. ശക്തന് തമ്പുരാന് കല്പ്പിച്ചു നല്കിയ അധികാരത്തിന്റെ ചിഹ്നമായ പട്ടുക്കുടയടക്കം. ഈ നാടിന്റെ സംസ്‌കൃതിയുടെ ഭാഗമായിമാറിയ ഒരു വിശ്വാസിസമൂഹം എന്നനിലയില് വലിയൊരു മാനസിക അടുപ്പമുണ്ട് ഇവരോട്. സുഹൃത്തുക്കള് കണ്ടിരിക്കേണ്ട ഒരു ശേഖരം. 

Thursday, August 29, 2019

ഡേവിഡേട്ടാ..കിങ് ഫിഷറുണ്ടാ..ച്ചില്‍ഡ്!




ഡേവിഡേട്ടാ..കിങ് ഫിഷറുണ്ടാ..ച്ചില്ഡ്!
ചിരിച്ചുകൊണ്ട് ഒണ്ടല്ലോ..എന്നു പറയുന്ന ബാര്മാന് ഡേവിഡേട്ടന് മനസ്സില് നിന്നും മായാത്ത കഥാപാത്രമാണ്-തൃശൂര്ക്കാര്ക്കെങ്കിലും. നാരങ്ങവെള്ളം കാച്ചാന് പോകുക എന്ന പ്രയോഗം ഇപ്പോഴും തൃശൂര് യുവതയുടെ നാവില്തത്തിക്കളിക്കുന്നു, പുതുമനഷ്ടപ്പെടാതെ. കഥയുടെ ഗന്ധര്വ്വനു നന്ദി!!.
ബാര്മാന് ഡേവിഡേട്ടനായി വേഷമിട്ട പൂച്ചിന്നിപ്പാടം നാളോത്ത് കൃഷ്ണന്കുട്ടി എന്ന കൃഷ്‌ണേട്ടന്റെ വീട്ടിലെത്തി, ഇന്നലെ. അദ്ദേഹം ഈ ലോകത്തോട് വിടവാങ്ങിയിട്ട് രണ്ടുവര്ഷം കഴിഞ്ഞു. തൂവാനത്തുമ്പികള് എന്ന സിനിമ പുറത്തിറങ്ങിയിട്ട് 32വര്ഷവും.
അദ്ദേഹത്തിന്റെ മൂത്തമകന് സതീശനാണ് സംസാരിക്കുന്നത്- അമേച്വര്നാടകക്കാരനും പ്രാദേശിക കോണ്ഗ്രസ്-എസ്എന്ഡിപി പ്രവര്ത്തകനും ജില്ലകോ-ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരനുമായ അച്ഛനെകുറിച്ച്.
വളരെ കാലമായി മനസ്സില് കൊണ്ടുനടന്ന ഒരു സ്‌റ്റോറിയാണ് ഇന്നലെ ചെയ്തുതീര്ത്തത്. പ്രിയസുഹൃത്തും കാമറാമാനുമായ ഷാബു തൈക്കാട്ടുശേരിയായിരുന്നു കൂടെ. അയാളെടുത്ത ചിത്രം.
സിനിമയിലെ പ്രധാന കഥാപാത്രമായ മഴയും ഞങ്ങള്ക്കൊപ്പമുണ്ടായിരുന്നു എന്നത് യാദൃച്ഛികതയല്ലെന്നു വിശ്വസിക്കാനാണിഷ്ടം. ഗന്ധര്വ്വന്റെ അദൃശ്യസാന്നിധ്യം പോലെ..മഴ പെയ്തുകൊണ്ടേയിരുന്നു.. 

Thursday, August 1, 2019

മഴമാത്രം





മഴയായിരുന്നു കൂട്ട്. ഡിടിപിസിയുടെ മഴയാത്ര ടൂര്‍പാക്കേജിന്റെ കന്നിയാത്ര പത്രപ്രവര്‍ത്തകര്‍ക്കുവേണ്ടിയായിരുന്നു. പ്രളയാനന്തരം, മഴ മനസ്സില്‍ ഭീതിയുടെ കാര്‍മേഘങ്ങള്‍ മാത്രം നിറച്ചൊരു കാലത്താണ് മഴയെ കൂട്ടുകാരിയാക്കി വനയാത്രക്കുള്ള ക്ഷണംവരുന്നത്. കൂടുതലൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. രാവിലെ ഏഴിന് പ്രസ്‌ക്ലബ്ബിനു മുന്നില്‍ നിന്നും പുറപ്പെട്ട ബസ്സില്‍ ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍. ഡിടിപിസിയുടെ ഗൈഡ്..ടൂര്‍ കോ-ഓഡിനേറ്ററും യാത്രയുടെ സര്‍വ്വസ്വവുമാമനീഷ്. 
അതിരപ്പിള്ളി-വാഴച്ചാല്‍-മലക്കപ്പാറ-പെരിങ്ങല്‍കുത്ത് വഴി ലോവര്‍ ഷോളയാറിലെത്തി മടങ്ങുന്ന ടൂര്‍പാക്കേജ്. 

കാടാണ് വിളിക്കുന്നത്. മഴയാണ് കൂട്ട്...

പലകുറി പോയിട്ടുള്ള സ്ഥലങ്ങളാണെങ്കിലും കാടെന്നും ഹരമായിരിക്കുന്നു. മനുഷ്യന്‍ കാടിറങ്ങിയവനാണെന്നാണ് എന്റെ തത്വശാസ്ത്രം. അതാവാം, കാട് അവന്റെ ഹൃദയത്തില്‍ കൊരുത്തുവലിക്കുന്നത്. അനിഷേധ്യമായ ക്ഷണം..അദമ്യമായ ഉള്‍പ്രേരണ!.
കാട്ടിലെ മഴ വ്യത്യസ്തമാണ്. നാട്ടിലെയോ നഗരത്തിലേയോ മഴയല്ല. വന്യസൗന്ദര്യം കുളിച്ചീറനുടുത്ത് നില്‍ക്കുന്നത്. ഓരോചലനങ്ങളിലും നിഗൂഢത മുറ്റിനില്‍ക്കും..ഹിച്ച്‌കോക്ക് സിനിമകളെ പോലെ ഭീതിയുടെ സൗന്ദര്യം നാമറിയും. 

വെയില്‍ തെളിഞ്ഞുനില്‍ക്കുന്ന ദിനത്തിലാണ് യാത്ര തുടങ്ങുന്നത്. മഴയുടെ ലാഞ്ഛന എവിടേയുമില്ല. ചാലക്കുടിയില്‍ എത്തി അവിടെ നിന്നാണ് യാത്രയുടെ ഫ്‌ളാഗ് ഓഫ് നിശ്ചയിച്ചിരിക്കുന്നത്. ചാലക്കുടി ടിബിയിലെത്തുമ്പോള്‍ എട്ടര. അതിന്റെ അങ്കണത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ ബി.ഡി. ദേവസ്സി എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്തു. വിശാലമായ ഗ്ലാസ് ജനാലകളുള്ള പുതുപുത്തന്‍ ബസ്സിലായിരുന്നു തുടര്‍ന്നുള്ളയാത്ര. ബംഗ്ലാവ് മുറ്റത്തെ നാട്ടുകാരോട് ചോദിച്ചു- കാട്ടില്‍ മഴയുണ്ടാകുമോ?.
അവര്‍  മാനത്തേക്കു നോക്കി പറഞ്ഞു: തുമ്പൂര്‍മൂഴിയെത്തുമ്പോഴേക്കും മഴ കിട്ടും!.
ഞങ്ങള്‍ പ്രാതല്‍ ഒരുക്കിയിരുന്നത് തുമ്പൂര്‍മൂഴിയിലായിരുന്നു...

പ്രവചനം തെറ്റിയില്ല..അവിടുന്നങ്ങോട്ട് മഴയായിരുന്നു. മഴ കൂടെയുണ്ടായിരുന്നു. അതോ, മഴയോടൊപ്പം നമ്മളോ?. രണ്ടും സമം.
മഴയാത്രയില്‍ മഴയുടെ വന്യഭംഗിയല്ലാതെ മറ്റൊന്നുമില്ലായിരുന്നു. ചാഞ്ഞും ചെരിഞ്ഞും പെയ്യുന്ന മഴ..പുളഞ്ഞുകുത്തിപ്പെയ്യുന്ന മഴ.. തുള്ളിക്കൊരുകുടം മഴ.. മദം പൊട്ടിയ മഴ..കാട്ടില്‍ പെയ്തിറങ്ങുന്ന കാടന്‍മഴ!. മഴ..മഴമാത്രം. 



ഞാറ്റുവേലനാളില്, പൊരിങ്ങല് കുത്തില്, കരടികള് മേയുന്ന കാട്ടുവഴിയില്, കോട വകഞ്ഞുമാറ്റി ഞങ്ങള് നടന്നു..മഴക്കൊപ്പം. കാടാകെ കുളിച്ചീറനുടുത്തു നില്ക്കുന്നു. തുള്ളിവിറക്കുന്ന തണുപ്പില്, ഇറനുടുത്തുനില്ക്കുന്ന സുന്ദരി, 



ഒരേ സമയം മനസ്സില്ആനന്ദവും ഭീതിയും നിറച്ചു. വന്യമാണ് കാട്ടിലെ മഴ. ആ മഴക്കൊപ്പം നടന്നു, ഇരുന്നു, ഭക്ഷണം കഴിച്ചു..കാട്ടറിവുകള്പങ്കുവച്ചു. ഇവിടെ ഈ വന്യതയില് മരവും മനുഷ്യനും മഴയും മാത്രം..



23/6/19

സാക്ഷിയാവല്‍





ചിണുങ്ങിച്ചിണുങ്ങി..നില്‍ക്കാതെ പെയ്ത്ത്. ഉച്ചക്കുശേഷം മഴയാണിന്ന്...
കഴിഞ്ഞ ആഗസ്റ്റ് 15ന് ഇങ്ങിനെയായിരുന്നു. അതു പിന്നെ മൂന്നുദിവസം നിലച്ചില്ല. മുന്‍പെങ്ങും അനുഭവിച്ചറിഞ്ഞിട്ടില്ലാത്തഅവസ്ഥ..
വെള്ളമായിരുന്നു സര്‍വ്വത്ര..
ഓഫീസില്‍ ഓരോദിവസവും ആളുകള്‍ കുറഞ്ഞു..
ഒടുവില്‍ ബ്യൂറോയില്‍ ഞാനൊറ്റയ്ക്കായി. കാമറ സെക്ഷനിലും വിഷ്വല്‍എഡിറ്റിംഗിലും ഡിടിപിയിലും ഓരോരുത്തര്‍ മാത്രമായി..
സ്വരാജ്‌റൗണ്ടും അരകിലോമീറ്റര്‍ ചുറ്റളവിലും മാത്രം വെള്ളമൊഴിഞ്ഞുകിടന്നു..
ആളൊഴിയാത്ത ബസ്റ്റാന്റുകളില്‍ ശ്മശാനമൂകത. ചാരനിറം പുരണ്ട ആകാശത്തിനു കീഴേ നഗരം അനക്കമറ്റുകിടന്നു....
രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഓഫീസ് ഫോണിലേക്ക് വന്നിരുന്ന കോളുകളും കുറഞ്ഞു..
ആളുകളെ ക്യാമ്പുകളിലെത്തിച്ചുകഴിഞ്ഞിരിക്കുന്നു.
നഗരത്തില്‍ ബോട്ടിറക്കിയ ദുരന്തമുഹൂര്‍ത്തം, മുമ്പ് ഉണ്ടായിട്ടുണ്ടോ എന്നറിഞ്ഞുകൂടാ..ഇനിയുണ്ടാകുമോ എന്നും. എല്ലാം കാണാന്‍, ഒരു പത്രപ്രവര്‍ത്തകന്‍ ജീവിച്ചിരിക്കണം. അതാകുന്നു ഈ തൊഴിലിന്റെ ഏറ്റവും മോഹിപ്പിക്കുന്ന ഫലപ്രാപ്തി-സാക്ഷിയാവല്‍. 9/7/19