Saturday, December 14, 2013

പീച്ചി എന്ന സുന്ദരി..



ഈ വര്‍ഷത്തെ കൊടുംവേനലില്‍ ഉണങ്ങിപ്പോയ ഒരു സുന്ദരിയുണ്ടായിരുന്നു. തൃശൂരില്‍ നിന്നു 22 കി.മീ മാറി നിലകൊള്ളുന്ന പീച്ചി അണക്കെട്ട്‌. തൃശൂരിന്റെ ദാഹശമനി ആയ ഈ സുന്ദരി, മഴയെത്തിയതോടെ യൗവനതിമിര്‍പ്പിലായി. വനങ്ങള്‍ തളിര്‍ത്തു...ഡാമില്‍ ജലരാശി തെളിഞ്ഞു..സസ്യോദ്യാനം നവോന്മേഷത്തിലായി. ഇനി സന്ദര്‍ശകകാലമാണ്‌ പീച്ചിയില്‍. ഡാം സെപതംബറിലേ തുറന്നു വിടൂ എങ്കിലും നവോഢയായ പ്രകൃതിയെ കണ്‍കുളിര്‍ക്കെ കാണാം ഇപ്പോള്‍.
തൃശൂര്‍-പാലക്കാട്‌ റൂട്ടിലാണ്‌ പീച്ചി അണക്കെട്ട്‌. ചുറ്റുപാടുമുള്ള ഗ്രാമപഞ്ചായത്തുകളിലെ കൃഷിക്കായുളള ഇറിഗേഷന്‍ പ്രൊജക്ടായാണ്‌ പിച്ചി അണക്കെട്ട്‌ നിര്‍മ്മിച്ചത്‌. സ്വതന്ത്ര കൊച്ചിയുടെ ആദ്യ പ്രധാനമന്ത്രി ഇ. ഇക്കണ്ട വാര്യരാണ്‌ ശില്‍പ്പി. രാഷ്‌ട്രീയ എതിര്‍പ്പുകളെ തുടര്‍ന്ന്‌, ആന്ധ്രയില്‍ നിന്നും ഒരു റിട്ട. എഞ്ചിനീയറെ കൊണ്ടുവന്നാണ്‌ ഡാം പൂര്‍ത്തിയാക്കിയത്‌. മണലിപ്പുഴക്കു കുറുകെ 213 മീറ്റര്‍ നീളത്തിലും 8.46 മിറ്റര്‍ ഉയരത്തിലുമാണ്‌ ഡാം തീര്‍ത്തത്‌. 1947ല്‍ നിര്‍മ്മാണം തുടങ്ങിയ ഡാം പൂര്‍ത്തിയായത്‌ 1949ല്‍. 3200 ഏക്കര്‍ വൃഷ്ടിപ്രദേശമുളള ഡാമിന്റെ പ്രധാന ആകര്‍ഷണം ഇതോടു ചേര്‍ന്നുള്ള പീച്ചി-വാഴാനി വന്യമൃഗ സംരക്ഷണ കേന്ദ്രമാണ്‌. ആനകളടക്കം വന്യമൃഗങ്ങളെ ഇവിടെ കണ്ടാസ്വദിക്കാം. പീച്ചി തടാകത്തിലൂടെ ബോട്ടിംഗും ഉണ്ട്‌. 125 ചതുരശ്ര കിലോമീറ്ററാണ്‌ ഈ വന്യമൃഗ സംരക്ഷണ കേന്ദ്രം.
കേരളത്തിലെ രണ്ടാമത്തെ പഴക്കം ചെന്ന സംരക്ഷണ കേന്ദ്രമാണിത്‌. പാലപ്പിളളി- നെല്ലിയാമ്പതി കാടുകളുടെ ഭാഗമാണിത്‌. ജൈവസമ്പുഷ്ടമാണ്‌ ഈ വനഭൂമി. അമ്പതിലേറെ ജാതി ഓര്‍ക്കിഡുകളും അനന്യമായ ഔഷധസസ്യങ്ങളും തേക്ക്‌, റോസ്‌വുഡ്‌ അടക്കം വന്‍മരങ്ങളും കാടിനു കുളിരേകുന്നു. ഇരുപത്തഞ്ചു ജാതി സസ്‌തനികളെ ഈ വനമേഖലയില്‍ കാണുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. പുളളിപ്പുലിയും കടുവയുമടങ്ങുന്ന മാംസഭുക്കുകളും ഇവിടെ ഉണ്ട്‌. നൂറിലേറെ തരം പക്ഷികളാണ്‌ ഇവിടെയുള്ളത്‌. നിലക്കാത്ത കിളയൊച്ചകള്‍ കാടിനെ ഹൃദയഹാരിയാക്കുന്നു. ഈ സംരക്ഷണകേന്ദ്രത്തിലെ ഉയരം കൂടിയ കൊടുമുടി പൊന്മുടിയാണ്‌. 923 മീറ്റര്‍.
പീച്ചി ഡാമിന്റെ മുകള്‍ ഭാഗം വരെ വാഹനങ്ങള്‍ ചെല്ലും. പിന്നെ, ഇഷ്ടമാണെങ്കില്‍ കാട്ടിനുള്ളിലൂടെ ഒരു നടത്തമാകാം. ഡാമിന്റെ കരപറ്റി, വന്‍മരങ്ങള്‍ നിഴല്‍ വിരിക്കുന്ന കാട്ടുവഴികളിലൂടെ നടക്കുമ്പോള്‍ നാം അറിയുന്നു, എന്തുമാത്രം കോലാഹലങ്ങള്‍ക്കിടയിലാണ്‌ നാം ജീവിതം ചിലവിട്ടിരുന്നത്‌ എന്ന്‌!. മരങ്ങളുടെ മഹാമൗനം നിങ്ങളെ പൊതിയുന്നു. ഇളംകാറ്റുകൊണ്ടു തലോടുന്നു. തടാകത്തിലെ കുഞ്ഞോളങ്ങളെ തഴുകി വരുന്ന കാറ്റ്‌ മനസ്സില്‍ ഉന്മേഷം നിറക്കുന്നു. ഇടക്കു കാട്ടുകിളികളുടെ നീണ്ട മൊഴി, വന്യതയേക്കുള്ള ക്ഷണമായി മാറുന്നു. ഡാം ചുറ്റിയിറങ്ങി സസ്യോദ്യാനത്തിലെത്തുമ്പോള്‍ സ്വയം മറന്നു നിന്നു പോകും. പ്രകൃതിയുടെ പൂന്തോട്ടത്തില്‍ പൂക്കള്‍ പറന്നു നടക്കുന്നു..പേരറിയാത്തതരം പൂമ്പാറ്റകള്‍!. മരത്തണലില്‍ വിശ്രമിക്കാം. കൂടെ കരുതിയ ആഹാരം പ്രകൃതിയോടൊത്തുണ്ണാം. മനസ്സിന്റെ ഭാരങ്ങളത്രയും കൂടൊഴിഞ്ഞു പോകുന്നത്‌ നിങ്ങള്‍ അറിയും....

No comments:

Post a Comment