Friday, March 21, 2014

എന്നാ, ഇന്നിവിടന്ന്‌ കഴിക്കണ്ട...!!


തൊരു ഓര്‍മ്മച്ചിത്രം. ഭരണിയ്‌ക്കു പോയപ്പോള്‍ ഞാന്‍ പകര്‍ത്തിയത്‌. ഓഫീസിലെത്തുമ്പോള്‍ ഫൊട്ടോഗ്രാഫര്‍ സുനോജ്‌ മാത്യു പിറുപിറുത്തു...
ദെന്താ മേന്‍നേ...ഭ്രാന്തു തന്നെ...!!.
ഭരണിയാഘോഷവും കോമരങ്ങള്‍ നിറവെട്ടിപ്പൊളിച്ചു രക്തമൊഴുക്കുന്നതും തെറിപ്പാട്ടു പാടുന്നതും കണ്ടു അയാള്‍ അസ്വസ്ഥനായിരിക്കുന്നു..
വര്‍ഷത്തിലൊരിക്കലെങ്കിലും മനസ്സുതുറന്ന്‌ തെറിപറയാന്‍ അനുവാദം തന്ന ദൈവത്തിനു നന്ദിപറഞ്ഞ്‌, ഞാന്‍ വാര്‍ത്തയുടെ ആദ്യവരി എഴുതി...
അതിങ്ങനെ- കൊടുങ്ങല്ലൂര്‍ ചരിത്രനഗരി ചെമ്പട്ടുടുത്തു....
പിന്നെ വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും, ഈ പ്രയോഗം പത്രങ്ങള്‍ ഏറെ മാറ്റിയിട്ടില്ല..

വാല്‍ക്കഷ്‌ണം: ഉച്ചഭക്ഷണം കഴിയ്‌ക്കാന്‍ സ്ഥലമന്വേഷിച്ച്‌ കൊടുങ്ങല്ലൂര്‍ ലേഖകന്‍ ജോര്‍ജുകുട്ടിയോടൊപ്പം ഭേദപ്പെട്ട ഹോട്ടലില്‍ കയറി. മേശകള്‍ നിറഞ്ഞു കവിഞ്ഞിരിക്കുന്നു. ജോര്‍ജ്‌കുട്ടി കൊടുങ്ങല്ലൂരില്‍ സുപരിചിതന്‍. ഹോട്ടലുടമയോടു ചോറുകിട്ടുമോ എന്ന്‌ അയാള്‍...
ഹോട്ടലുടമ: വേണ്ടപ്പെട്ടവരാണോ...?
ജോര്‍ജുകുട്ടി: ബ്യൂറോ ചീഫാണ്‌..
ഹോട്ടലുടമ: എന്നാ, ഇന്നിവിടന്ന്‌ കഴിക്കണ്ട...!!
കാവു തീണ്ടാന്‍ എത്തുന്ന പതിനായിരങ്ങളെ ഞാന്‍ ഖേദപൂര്‍വ്വം ഓര്‍ത്തുപോയി....

Wednesday, March 19, 2014

ചില രഹസ്യങ്ങള്‍ എവിടേയോ..


തൃശൂരിന്റെ നാഥന്‍, ശ്രീ വടക്കുന്നാഥന്‍ ക്ഷേത്രം ഏവര്‍ക്കും സുപരിചിതം. അവിടെ ദര്‍ശനം പതിവുള്ളവര്‍ക്കും അറിയാത്ത കുറെ കാര്യങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്നു...
ക്ഷേത്രദര്‍ശനത്തിനു നിത്യവും എത്തുന്നവര്‍ക്കുപോലും അറിയില്ല, ഇവിടെ തൊഴുവാനുള്ള വിധാനം...!.
വടക്കുന്നാഥ ക്ഷേത്രദര്‍ശനത്തിന്‌ ഒരു നിയമം ഉണ്ട്‌...ആരില്‍ തുടങ്ങി ആരില്‍ അവസാനിപ്പിയ്‌ക്കണം എന്നിങ്ങനെ വിശദീകരിക്കുന്ന വിശദമായ ശ്ലോകമുണ്ട്‌...
അത്‌ അറിയുന്നവര്‍ ഇന്നുണ്ടോ എന്നു സംശയം....
അതുകൊണ്ടു തന്നെ ചിട്ടപ്രകാരം തൊഴൂന്നവരും അപൂര്‍വ്വം.
പറഞ്ഞുവന്നത്‌, അവിടെ ചുറ്റമ്പലത്തിലെ ഗണപതി പ്രതിഷ്‌ഠയാണ്‌. കരിങ്കല്ലുകൊണ്ടു പടുത്ത ശ്രീകോവില്‍. നടയൊഴിച്ചാല്‍ മറ്റു ദ്വാരങ്ങളൊന്നുമില്ല. ക്ഷേത്രത്തിലെ ഗണപതി, ക്ഷേത്രത്തിന്റെ മുതല്‍സൂക്ഷിപ്പുകാരനെന്നും വ്യവസ്ഥയുണ്ട്‌..
ഒരു സായന്തനത്തില്‍ മേല്‍ശാന്തിയുമായി സൗഹൃദം കൂടിയതിന്റെ അടിസ്ഥാനത്തില്‍ കിട്ടിയ വിവരം ഇതാകുന്നു-
ഈ ഗണപതി ശ്രീകോവിലില്‍ ഒരു രഹസ്യ അറയുണ്ടെന്നും...അതു ഒരു തുരങ്കമാണെന്നും....കൊടുങ്ങല്ലൂര്‍വരെ അതു എത്തിച്ചേരുമെന്നും...
ടിപ്പുവിന്റെ ആക്രമണത്തിനു വിധേയമായ ക്ഷേത്രമാണിത്‌. അതുകൊണ്ടുതന്നെ ക്ഷേത്രത്തിന്റെ സ്വത്തുക്കള്‍ സംരക്ഷിക്കാനും അധികാരികള്‍ക്ക്‌ ഒരു രക്ഷാമാര്‍ഗ്ഗവും ഉണ്ടായിക്കൂടായ്‌കയില്ല...യുക്തിയും അതു നിഷേധിക്കുന്നില്ല.
ചരിത്രത്തില്‍ എവിടേയും രേഖപ്പെടുത്താത്ത, ക്ഷേത്രൈതിഹ്യത്തില്‍ പോലും വായിച്ചറിഞ്ഞിട്ടില്ലാത്ത ഈ രക്ഷാമാര്‍ഗ്ഗം ഉണ്ടോ..??.
കേന്ദ്രപുരാവസ്‌തുവകുപ്പിന്റെ നിയന്ത്രണത്തിലാണ്‌ ഈ ക്ഷേത്രം. ആരും അങ്ങിനെ കണ്ടതായി പറഞ്ഞുകേട്ടില്ല, ഇന്നുവരെ. ഉണ്ടാകാം... അതിനാണു സാധ്യത കൂടുതലും...
ഓരോരോ കാര്യങ്ങള്‍....................ആര്‍ക്കറിയാം..!!

Sunday, March 16, 2014

അനുഭവങ്ങളെ നന്ദി


അടുത്തുള്ളവരല്ലേ മാഷേ ശരിക്കും അകലേ... എന്നെഴുതിയത്‌ ഒ.വി. വിജയനാണെന്നാണ്‌ ഓര്‍മ്മ.
അതൊരു സനാതന സത്യമാകുന്നു. 
ആറാട്ടുപുഴ പൂരത്തിനുള്ള എന്റെ പുറപ്പാടിന്‌ വര്‍ഷങ്ങളുടെ പഴക്കമുണ്ട്‌...
കടുത്ത ജോലിത്തിരക്കും മറ്റുപല കാരണങ്ങളാലും അതു ഒരിക്കലും നടന്നില്ല.
തൃശൂരില്‍ നിന്നു കഷ്ടി ഇരുപതുമിനുട്ടിന്റെ ബസ്സ്‌ ദൂരം...ജോലിചെയ്യുന്ന ഇരിങ്ങാലക്കുടയില്‍ നിന്നും ഇത്രതന്നെ സമയമേ വേണ്ടൂ..
സുഹൃത്തുക്കളില്ലാഞ്ഞിട്ടല്ല..ക്ഷണം പോരാഞ്ഞിട്ടുമല്ല.
എല്ലാവര്‍ഷവും, എത്തിയിരിക്കുമെന്ന്‌ തലകുലുക്കി സമ്മതിക്കും...
എത്താന്‍ പറ്റിയില്ല...
ഇരിങ്ങാലക്കുട ബ്യൂറോയില്‍ നിന്നും അവസാന വാര്‍ത്താ ഫയലും അയച്ച ശേഷമായിരുന്നു ആ തീരുമാനം..
ആറാട്ടുപുഴ ശാസ്‌താവിന്റെ പഞ്ചാരികേള്‍ക്കാന്‍ പോവുക..!!.
കൂടെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ കണ്ണന്‍. അന്നു തൃശൂര്‍ക്കു മടങ്ങേണ്ടെന്നും ഇരിങ്ങാലക്കുടയില്‍ അവന്റെ വീട്ടില്‍ തങ്ങാമെന്നും വ്യവസ്ഥയായി...
ഒമ്പതരയോടെ പൂരപ്പാടത്തെത്തി. ചെവിയും കൊമ്പുമൊക്കെയുള്ള കൈനറ്റിക്ക്‌ ഹോണ്ടയാണ്‌ ദേവവാഹനം...
ഇരുട്ടുനിറഞ്ഞ പാടത്ത്‌ ദൂരേ ദീപാലങ്കൃതമായ ആറാട്ടുപുഴ ശാസ്‌താവിന്റെ അമ്പലം തലയെടുത്തുനിന്നു..വരമ്പുകളില്‍ നിരയായി ട്യൂബ്‌ ലൈറ്റുകള്‍...കണ്‍ചിമ്മുന്ന കളര്‍ബള്‍ബുകളുമായി പാടത്തിനു നടുവില്‍ നിലപ്പന്തല്‍..
ആനകള്‍ നിരന്നിരിക്കുന്നു. തീവട്ടികളുടെ വെളിച്ചത്തില്‍ നെറ്റിപ്പട്ടങ്ങള്‍ വെട്ടിത്തിളങ്ങി അങ്ങിനെ....പഞ്ചാരി തുടങ്ങിയിരിക്കുന്നു.
തൃശൂര്‍ പൂരത്തില്‍ മുങ്ങിനിവര്‍ന്ന എനിക്ക്‌ അത്‌ അത്ഭുതകരമായ കാഴ്‌ചതന്നെയായിരുന്നു...
ആര്‍പ്പും വിളികളും കൈകൊണ്ടു വായുവില്‍ വൃത്തംവരയ്‌ക്കലുകളുമില്ലാതെ വിശാലമായപാടം നിറഞ്ഞ്‌ ജനാവലി..!!. മേളം നിര്‍ന്നിമേഷരായി കണ്ടു നില്‍ക്കുകയാണവര്‍, അച്ചടക്കത്തോടെ...!!.
ഹോ..!. ആയിരത്താണ്ടുകള്‍ക്കു പിന്നിലേയ്‌ക്കു ഒഴുകിപ്പോയി ഞങ്ങള്‍...
മുപ്പത്തിമുക്കോടി ദേവകളും യക്ഷ-ഗന്ധര്‍വ്വ-കിന്നര-ദൈത്യന്‍മാരും ഭൂത-പ്രേതാദിപിശാചുക്കളും പരേതാത്മാക്കളുമെല്ലാം എത്തുന്ന ആറാട്ടുപുഴപൂരം...
പൂരപ്പാടത്ത്‌ ഞാനും...!.
പെരുവനം കുട്ടന്‍മാരാര്‍ നിയന്ത്രിക്കുന്ന പഞ്ചാരി പത്തരയോടെ കൊട്ടിക്കലാശിച്ചു...
ഇനി ഒന്നു കിടക്കാം...സമയമുണ്ട്‌. പുലര്‍ച്ചെവരെ പൂരങ്ങളുടെ വരവുംപോക്കും തന്നെ...പിന്നെ സൂര്യോദയത്തിനു തൊട്ടുമുമ്പ്‌ വിശ്വപ്രസിദ്ധമായ കൂട്ടിയെഴുന്നള്ളിപ്പ്‌....
പുല്ലും മഞ്ഞുതുളളികളുടെ ഈര്‍പ്പവും നിറഞ്ഞ മന്ദാരംകടവിന്റെ കരയില്‍ ആകാശം നോക്കിക്കിടന്നു...
തലയ്‌ക്ക്‌ കൈകള്‍പിണച്ചുവച്ചു മലര്‍ന്ന്‌ ആകാശംനോക്കിയുള്ള കിടപ്പ്‌ ഒരനുഭവം തന്നെ..
പൂരാവസാനം ദേവീദേവന്‍മാര്‍ ആറാടുന്ന മന്ദാരംകടവിലെ അനക്കമറ്റജലത്തില്‍ നിലാവ്‌..
ഒന്നുമയങ്ങി...
തലയ്‌ക്കുമുകളില്‍ ചങ്ങലക്കിലുക്കം കേട്ടാണ്‌ ഞെട്ടിയെണീറ്റത്‌...
ആന...
തൊട്ടിപ്പാള്‍ ഭഗവതിയാണ്‌...പിറകേ പിഷാരിക്കാവ്‌ ഭഗവതി....ദേവീദേവന്‍മാര്‍ എത്തിത്തുടങ്ങി...
ആളുകളും ആനകളും നിറഞ്ഞ പൂരപ്പാടം...എല്ലാത്തിനും ചിട്ടകള്‍...
ചടങ്ങുകളാല്‍ സമൃദ്ധമയമാണ്‌ ആറാട്ടുപുഴപൂരം...
പൂരത്തിന്റെ നെടുനായകത്വം തൃപ്രയാര്‍ തേവര്‍ക്കാണെങ്കിലും, അദ്ധ്യക്ഷന്‍ ആറാട്ടുപുഴ ശാസ്‌താവാണ്‌...അങ്ങിനെ എന്തൊക്കെ..!!.
ആറാട്ടുപുഴ ദിവസം കാശിവിശ്വനാഥക്ഷേത്രം പോലും നേരത്തേ അടയ്‌ക്കുന്നു. അദ്ദേഹവും ഭൂമിയിലെ ദേവസംഗമം കണ്ടാനന്ദിക്കാന്‍ എത്തുന്നു എന്ന സങ്കല്‍പ്പം...!!.
ജീവിതത്തില്‍ വലുതായ ലക്ഷ്യങ്ങള്‍ വേണമെന്ന്‌ മഹാന്‍മാര്‍. എനിക്കു ഇങ്ങിനെയുളള കൊച്ചുകൊച്ചു ലക്ഷ്യങ്ങളേയുള്ളൂ...കാണാത്ത ഒരു പൂരം ഒരു വേല...അത്‌ അടുത്തുള്ളതാണെന്നുവച്ച്‌ മാറ്റിവയ്‌ക്കാതിരിക്കുക..ഒഴുകുന്നിടത്തോളം അതങ്ങിനെതന്നെ...

Tuesday, March 11, 2014

മുമ്പ്‌....വളരെ വര്‍ഷങ്ങള്‍ക്കു മുമ്പൊരാള്‍....



വാവാ സുരേഷിനും സേവ്യര്‍ എല്‍ത്തുരുത്തിനും ഒക്കെ മുമ്പ്‌....വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ്‌...ഒരാള്‍..വേലായുധന്‍!. പത്രങ്ങള്‍ കളറില്‍ ഇറങ്ങും മുമ്പെ, ചാനലുകള്‍ പൊതിയും കാലത്തിനു മുമ്പെ കടന്നുപോയ ആള്‍...പാമ്പ്‌ വേലായുധന്‍..!.
എന്തേ പെട്ടെന്നിങ്ങനെ തോന്നാന്‍? എന്നു ചോദിക്കരുത്‌..
വീട്ടിലെ പഴയ പത്രക്കട്ടിംഗുകളിലൊന്നില്‍ ഈ വാര്‍ത്ത ഇങ്ങിനെ നീണ്ടു കിടക്കുന്നതു കണ്ടു-

Velayudhan dies of snake bite

2000 മെയ്‌ 4 വ്യാഴാഴ്‌ചത്തെ ഇന്ത്യന്‍ എക്‌സ്‌പ്രസ്സ്‌ പത്രത്തിലാണ്‌ വാര്‍ത്ത...
ബുധനാഴ്‌ച പുലര്‍ച്ചെ കോഴിക്കോട്‌ മെഡിക്കല്‍ കോളജിലാണ്‌ മരിച്ചത്‌. ബേപ്പൂരില്‍ നിന്നു പിടികൂടിയ മൂര്‍ഖന്‌ തീറ്റികൊടുക്കുന്നതിനിടെ, കുതറിച്ചാടി കാല്‍വണ്ണയില്‍ കടിക്കുകയായിരുന്നു. ഏപ്രില്‍ 28ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു..
എണ്‍പതുകളുടെ ആരംഭത്തിലായിരുന്നു കെഎസ്‌ഇബിയില്‍ ജീവനക്കാരനായിരുന്ന തമലിപ്പറമ്പ വേലായുധന്‍ പാമ്പുവേലായുധനായി പ്രശസ്‌തിയിലേയ്‌ക്കു കുതിച്ചുയര്‍ന്നത്‌...വിഷപ്പാമ്പുകള്‍ക്കൊപ്പം കണ്ണാടിക്കൂട്ടില്‍ ദിവസങ്ങളോളം കഴിഞ്ഞുകൂടുന്ന വേലായുധന്റെ `സര്‍പ്പയജ്ഞം' അമ്പരപ്പിക്കുന്നതായിരുന്നു..
നൂറിലേറെ വിഷപ്പാമ്പുകള്‍ക്കൊപ്പം 683 മണിക്കൂര്‍ ചിലവിട്ട്‌ വേലായുധന്‍ റെക്കോഡ്‌ സൃഷ്ടിച്ചിരുന്നു. സ്‌റ്റേഡിയം ഗ്രൗണ്ടിലായിരുന്നു ഈ യജ്ഞം. ഒളവണ്ണയില്‍ താമസമാക്കിയ വേലായുധന്‍ വീട്ടില്‍ തന്നെ പാമ്പിന്‍ വിഷങ്ങളെ കുറിച്ചുള്ള പഠനത്തിലായിരുന്നു...
മുമ്പു നിരവധി തവണ കടിയേറ്റിട്ടും രക്ഷപ്രാപിച്ച വേലായുധന്‍, ഇക്കുറി മരണത്തിനു കീഴടങ്ങി...വിഷം വൃക്കകളെ ബാധിച്ചു എന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്‌.

Tuesday, March 4, 2014

ഇഞ്ചുകള്‍ക്കപ്പുറം മരണം....


കൂടല്‍മാണിക്യം ഉത്സവത്തിന്റെ ശീവേലി എഴുന്നള്ളിപ്പു കാണല്‍ മുടക്കാറില്ല. പഞ്ചാരിയുടെ മാസ്‌മരിക ലഹരി...പതിനേഴാനകള്‍ നിരക്കുന്ന ഭരതചക്രവര്‍ത്തിയുടെ എഴുന്നള്ളിപ്പ്‌...
മഹാക്ഷേത്രത്തിന്റെ ഗാംഭീര്യം നിറഞ്ഞ അന്തരീക്ഷം...
പടിഞ്ഞാറെ നടപ്പുരയില്‍ എഴുന്നള്ളിപ്പ്‌ എത്തിയപ്പോഴാണ്‌ ഞങ്ങള്‍ എത്തിയത്‌. മേളത്തില്‍ ഹരം...ആനയോടു തീരാത്ത കമ്പം...
കൂടെയുള്ള, സഹപ്രവര്‍ത്തകന്‍ ശ്യാമിന്റെയും കഥ തഥൈവ...
മേളക്കാര്‍ക്കു തൊട്ടുപിറകില്‍ നിന്നു. മേളം കൊട്ടിക്കയറുന്നു..തൊട്ടുപിറകില്‍, ഇടം കണ്ണിട്ടാല്‍ കാണാം, ആനയുടെ കൊമ്പ്‌...!!.
അവന്‍ പട്ട ആസ്വദിക്കുന്നു. ചെവികൊണ്ടു താളം പിടിക്കുന്നു...
അസ്വാഭാവികമായ ഒരു ഭയം മനസ്സില്‍ തോന്നി. സുഹൃത്തിനെ പിടിച്ചു വലിച്ചു മറ്റൊരു ഭാഗത്തേക്ക്‌ മാറി നിന്നു.
ആ ആനയുടെ കൊമ്പ്‌ അസാധാരണമായി മുകളിലേയ്‌ക്കു ഉയര്‍ന്നുവളഞ്ഞ നിലയിലുള്ളതാണ്‌...
`ആ കൊമ്പ്‌ പെശകാണല്ലോ ശ്യാമേ.....' എന്നു പറഞ്ഞുപോയി.
പത്രത്തിന്റെ തൃശൂര്‍ എഡിഷന്‍ തുടങ്ങുന്ന കാലമാണ്‌. പിറ്റേന്ന്‌ അനൗണ്‍സ്‌മെന്റിനു അനുമതിമേടിക്കാന്‍ സ്‌പെഷല്‍ബ്രാഞ്ച്‌ ഓഫീസില്‍ നില്‍ക്കുമ്പോള്‍,
ടിവിയില്‍ ഫ്‌ളാഷ്‌ മിന്നി..
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആനയിടഞ്ഞു ഒരാള്‍ കൊല്ലപ്പെട്ടു....
പത്തുമിനുട്ടിനു ശേഷം വീണ്ടും ഫ്‌ളാഷ്‌...ഇടഞ്ഞ കൊമ്പന്‍ ഒരു വൃദ്ധയെകൂടി കൊലപ്പെടുത്തി...
ഞെട്ടലുണ്ടായി...
ഓഫീസില്‍ എത്തുമ്പോഴേക്കും മൂന്നാമത്തെ ആളേയും അവന്‍ വകവരുത്തിയിരുന്നു....
തലേന്ന്‌ ഞങ്ങള്‍ ചേര്‍ന്നു നിന്ന അതേ കൊമ്പന്‍ തന്നെയായിരുന്നു ഇടഞ്ഞതും മൂന്നാളെ വകവരുത്തിയതും....പോപ്‌സണ്‍ ഉണ്ണികൃഷ്‌ണന്‍!.
പിന്നീട്‌ ടി.വിയില്‍ കണ്ട ദൃശ്യങ്ങള്‍ ഉണ്ടാക്കിയ ഞെട്ടല്‍ ഇന്നും വിട്ടുമാറിയിട്ടില്ല.

വാല്‍ക്കഷ്‌ണം: ഉത്സവം കഴിയുന്നതിനു മുമ്പെ ഇടതുപക്ഷത്തിനെയും കൂട്ടി വീണ്ടും ശീവേലിയ്‌ക്കു പോയി. ഇടഞ്ഞ കൊമ്പന്‍ ഇടിച്ചു കേടുവരുത്തിയ കൂത്തമ്പലവും മറ്റും കണ്ടു. ക്ഷേത്രത്തിനു തെക്കുവശത്തുള്ള പറമ്പില്‍, കുഴപ്പമുണ്ടാക്കിയ ആനയെ കെട്ടിയിരിക്കുന്നു. അവനെയും പോയി കണ്ടു. തുമ്പിക്കൈ ഉയര്‍ത്തി അവന്‍ ക്ഷമാപണമെന്നോണം അവിടെകൂടിയവരെയെല്ലാം നമിച്ചുകൊണ്ടിരുന്നു; ഒരു കാര്യം കൂടി: ആനയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു...ഭേദ്യംകൊണ്ടാകാം...ഭയംകൊണ്ടാകാം.