കൂടല്‍മാണിക്യം ഉത്സവത്തിന്റെ ശീവേലി എഴുന്നള്ളിപ്പു കാണല്‍ മുടക്കാറില്ല. പഞ്ചാരിയുടെ മാസ്‌മരിക ലഹരി...പതിനേഴാനകള്‍ നിരക്കുന്ന ഭരതചക്രവര്‍ത്തിയുടെ എഴുന്നള്ളിപ്പ്...
മഹാക്ഷേത്രത്തിന്റെ ഗാംഭീര്യം നിറഞ്ഞ അന്തരീക്ഷം...
പടിഞ്ഞാറെ നടപ്പുരയില്‍ എഴുന്നള്ളിപ്പ് എത്തിയപ്പോഴാണ് ഞങ്ങള്‍ എത്തിയത്. മേളത്തില്‍ ഹരം...ആനയോടു തീരാത്ത കമ്പം...
കൂടെയുള്ള, സഹപ്രവര്‍ത്തകന്‍ ശ്യാമിന്റെയും കഥ തഥൈവ...
മേളക്കാര്‍ക്കു തൊട്ടുപിറകില്‍ നിന്നു. മേളം കൊട്ടിക്കയറുന്നു..തൊട്ടുപിറകില്‍, ഇടം കണ്ണിട്ടാല്‍ കാണാം, ആനയുടെ കൊമ്പ്...!!.
അവന്‍ പട്ട ആസ്വദിക്കുന്നു. ചെവികൊണ്ടു താളം പിടിക്കുന്നു...
അസ്വാഭാവികമായ ഒരു ഭയം മനസ്സില്‍ തോന്നി. സുഹൃത്തിനെ പിടിച്ചു വലിച്ചു മറ്റൊരു ഭാഗത്തേക്ക് മാറി നിന്നു.
ആ ആനയുടെ കൊമ്പ് അസാധാരണമായി മുകളിലേയ്‌ക്കു ഉയര്‍ന്നുവളഞ്ഞ നിലയിലുള്ളതാണ്...
`ആ കൊമ്പ് പെശകാണല്ലോ ശ്യാമേ.....' എന്നു പറഞ്ഞുപോയി.
പത്രത്തിന്റെ തൃശൂര്‍ എഡിഷന്‍ തുടങ്ങുന്ന കാലമാണ്. പിറ്റേന്ന് അനൗണ്‍സ്‌മെന്റിനു അനുമതിമേടിക്കാന്‍ സ്‌പെഷല്‍ബ്രാഞ്ച് ഓഫീസില്‍ നില്‍ക്കുമ്പോള്‍,
ടിവിയില്‍ ഫ്‌ളാഷ് മിന്നി..
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആനയിടഞ്ഞു ഒരാള്‍ കൊല്ലപ്പെട്ടു....
പത്തുമിനുട്ടിനു ശേഷം വീണ്ടും ഫ്‌ളാഷ്...ഇടഞ്ഞ കൊമ്പന്‍ ഒരു വൃദ്ധയെകൂടി കൊലപ്പെടുത്തി...
ഞെട്ടലുണ്ടായി...
ഓഫീസില്‍ എത്തുമ്പോഴേക്കും മൂന്നാമത്തെ ആളേയും അവന്‍ വകവരുത്തിയിരുന്നു....
തലേന്ന് ഞങ്ങള്‍ ചേര്‍ന്നു നിന്ന അതേ കൊമ്പന്‍ തന്നെയായിരുന്നു ഇടഞ്ഞതും മൂന്നാളെ വകവരുത്തിയതും....പോപ്‌സണ്‍ ഉണ്ണികൃഷ്‌ണന്‍!.
പിന്നീട് ടി.വിയില്‍ കണ്ട ദൃശ്യങ്ങള്‍ ഉണ്ടാക്കിയ ഞെട്ടല്‍ ഇന്നും വിട്ടുമാറിയിട്ടില്ല.
വാല്‍ക്കഷ്‌ണം: ഉത്സവം കഴിയുന്നതിനു മുമ്പെ ഇടതുപക്ഷത്തിനെയും കൂട്ടി വീണ്ടും ശീവേലിയ്‌ക്കു പോയി. ഇടഞ്ഞ കൊമ്പന്‍ ഇടിച്ചു കേടുവരുത്തിയ കൂത്തമ്പലവും മറ്റും കണ്ടു. ക്ഷേത്രത്തിനു തെക്കുവശത്തുള്ള പറമ്പില്‍, കുഴപ്പമുണ്ടാക്കിയ ആനയെ കെട്ടിയിരിക്കുന്നു. അവനെയും പോയി കണ്ടു. തുമ്പിക്കൈ ഉയര്‍ത്തി അവന്‍ ക്ഷമാപണമെന്നോണം അവിടെകൂടിയവരെയെല്ലാം നമിച്ചുകൊണ്ടിരുന്നു; ഒരു കാര്യം കൂടി: ആനയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു...ഭേദ്യംകൊണ്ടാകാം...ഭയംകൊണ്ടാകാം.
No comments:
Post a Comment