Saturday, April 19, 2014

മാമ്പറ്റ നമ്പൂതിരിയുടെ കുളം...



മുങ്ങിത്താഴ്‌ന്ന്‌ കണ്ണുതുറക്കണം. പച്ചയും മഞ്ഞയും കലര്‍ന്ന ജലരാശിയില്‍ തൂവല്‍ പോലെ.. ഉയര്‍ന്നും താഴ്‌ന്നും അങ്ങിനെ....!. കുമിളകള്‍, രസത്തുള്ളികള്‍ പോലെ ചുറ്റിലും. ഉരുണ്ട ഗോലികളായി അവ മുകളിലേക്കുയര്‍ന്നു കൊണ്ടിരുന്നു. മുത്തുകോര്‍ത്ത മാലപോലെ അവ ശരീരത്തില്‍ ഉരസി, ഇക്കിളിയിട്ടു മുകളിലേയ്‌ക്കു പോയിക്കൊണ്ടിരിക്കുന്നു... രണ്ടു പരല്‍ മീനുകള്‍, മുഖത്തിനു നേരേ പാഞ്ഞുവന്നു..പിന്നെ, പെട്ടെന്ന്‌ ഇരുവശത്തേയ്‌ക്കും അതിവേഗം തുഴഞ്ഞുപോയി..
കല്‍ക്കെട്ടില്‍ കാലുറപ്പിച്ച പായലുകള്‍ അലസമായി തലയാട്ടിക്കൊണ്ടിരുന്നു. വഴുവഴുത്ത അവയെ തൊട്ടു. അവയ്‌ക്കും അനുസരണയുണ്ട്‌..
തങ്ങളുടെ ലോകത്തേയ്‌ക്ക്‌ ഇറങ്ങിവന്ന വിചിത്രജീവിയെ കണ്ടു മടങ്ങാന്‍, വീണ്ടും മത്സ്യക്കൂട്ടങ്ങള്‍. കൈവീശുമ്പോള്‍, അവയും വഴുക്കിയകന്നു..
ഉച്ചവെയിലില്‍, കുളത്തിന്റെ ഉപരിതലത്തിനു നീലനിറമാണ്‌. കരയില്‍ അതിരിട്ടു നില്‍ക്കുന്ന ചെടികളും മരങ്ങളും കൂടുതല്‍ അടുത്താണെന്നു തോന്നിച്ചു..
ശ്വാസമെടുക്കാന്‍ വീണ്ടും മുകളിലേയ്‌ക്ക്‌...വായിലെടുത്ത വെളളം നീട്ടിത്തുപ്പി അങ്ങിനെ വെള്ളംചവിട്ടി നിന്നു..സര്‍വ്വത്ര ശാന്തത. ഒരുത്‌ക്കണ്‌ഠയുമില്ല; ഒന്നിനെ കുറിച്ചും...
കാലുകള്‍ അനക്കാതെ വച്ചാല്‍ മത്സ്യങ്ങള്‍ വന്നു കൊത്തിനോക്കുകയായി.
തലയില്‍ വെളുത്ത പുള്ളിയുള്ള  കൊച്ചുമീനുകള്‍..അതിനെ `ചൂട്ടന്‍' എന്നു വിളിച്ചു. പിന്നെ കണ്ണുമിഴിച്ച്‌ ഒറ്റയ്‌ക്കു ഒഴുകി നീങ്ങുന്ന `വയമ്പ്‌'. കൂട്ടമായി വെട്ടിത്തിരിഞ്ഞു നടന്ന `പരലുകള്‍'....
ഞങ്ങളെത്തുമ്പോള്‍, ചേറില്‍ പുതയുന്ന ബ്രാലുകളും, മുഷികളും അപൂര്‍വ്വമായി മുകള്‍ത്തട്ടിലെത്തി ഒരു കുമിള ഊതിവിട്ട്‌ താഴ്‌ന്നു പോകുന്നു..മുങ്ങിക്കപ്പലുകള്‍ പോലെ..!.
നഗരമധ്യത്തിലെ ഈ കുളം കൗമാരസ്‌മരണമാത്രമാണിന്ന്‌. വീട്ടിനടുത്തുള്ള മാമ്പറ്റ നമ്പൂതിരിയുടെ കുളം..
സ്വകാര്യകുളം, ബന്ധുത്വത്തിന്റെ പേരില്‍ ഞങ്ങള്‍ കൈയേറുകയാണ്‌. കൗമാരസംഘത്തിന്റെ ശല്ല്യം സഹിക്കാതെ നമ്പൂതിരിയുടെ മകന്‍ പറയും-അദ്ദേഹം ഭിലായിലെ എഞ്ചിനീയറായിരുന്നു. എപ്പോഴോ ഒരിക്കല്‍ മനസ്സിന്റെ താളം തെറ്റി. ഈ വീട്ടില്‍ ഏകാന്തവാസം-
`യൂ ഓണ്‍ലി ടേക്ക്‌ ബാത്ത്‌...നോ ബറ്റാലിയന്‍....!.'
ഞങ്ങള്‍ ചിരിച്ച്‌ ഓടിമറയും. പിറ്റേന്നും എത്തും, ബറ്റാലിയന്‍...!.
നോക്കിനില്‍ക്കേയാണ്‌ ഇതെല്ലാം ഇല്ലാതായത്‌. ഇപ്പോള്‍ അവിടെ `മംഗള ടവര്‍'. കൂറ്റന്‍ ഷോപ്പിംഗ്‌ കോപ്ലക്‌സ്‌. എല്ലാ ജീവതസൗകര്യങ്ങളുമായി...
ഈ വഴിയുള്ള ഒറ്റയ്‌ക്കുള്ള യാത്രകള്‍, ഒരു തിരിച്ചുപോക്കാണ്‌. ഇനി ചിത്രങ്ങളായി പോലും കാണിച്ചുതരാന്‍ കഴിയാത്ത യാത്രാനുഭവങ്ങള്‍....

Saturday, April 12, 2014

എന്റെ അത്താണി...........



1998. ഒരു നട്ടുച്ച. ഓഫീസിലേയ്‌ക്ക്‌ ഫോണ്‍. അമ്പലവാസിയായ സുഹൃത്ത്‌ സുനില്‍ വാര്യര്‍. 
`ഡാ...വൈകീട്ട്‌ ഒന്നു എന്റെ കൂടെ വരണം. തൃപ്രയാര്‍വരെ'. 
അവിടുത്തെ തന്ത്രിയെ ഏല്‍പ്പിച്ച ഏതോ `രക്ഷ' തയ്യാറായിരിക്കുന്നു. അതു വാങ്ങണം.
വൈകീട്ട്‌ പടിഞ്ഞാറെ നടയിലുള്ള തന്ത്രി മഠത്തിലെത്തുമ്പോള്‍, പതിവു ചടങ്ങുകള്‍. ദക്ഷിണ....നിറച്ച ഏലസ്സു കൈമാറല്‍...അങ്ങിനെ.
അപ്പോഴും ഞാന്‍ ശ്രദ്ധിച്ചത്‌, അദ്ദേഹത്തിന്റെ മുറിയിലെ കൂറ്റന്‍ അലമാരകളില്‍ നിറഞ്ഞ താന്ത്രിക ഗ്രന്ഥങ്ങളാണ്‌. ഭൂരിഭാഗവും ഇംഗ്ലീഷ്‌ വിവര്‍ത്തനങ്ങള്‍...
ഇതു കൊടുക്കാനുള്ളതാണോ?- ഞാന്‍ ചോദിച്ചു. (ദേവസ്വം പുസ്‌തകങ്ങളാണെന്നാണ്‌ വിചാരിച്ചത്‌). അധികവും വിദേശ പബ്ലിക്കേഷനുകള്‍...
വൃദ്ധനായ ക്ഷേത്രം തന്ത്രികള്‍. ഒറ്റത്തോര്‍ത്താണ്‌ വേഷം. പക്ഷെ, അസാധാരണമായ ഒരു ചൈതന്യം നിറഞ്ഞു നിന്നിരുന്നു. ഇയാള്‍ ഇതൊക്കെ വായിക്കുമോ എന്നായിരുന്നു എന്റെ അഹങ്കാരം.
അദ്ദേഹം ചിരിച്ചുകൊണ്ടു പറഞ്ഞു- ഹേയ്‌...ഇതൊക്കെ ഇന്റെന്നെ....!.
അതൊരു തുടക്കമായിരുന്നു, പൂര്‍വ്വജന്മബന്ധം പോലെ...
തുടര്‍ച്ചയായ സന്ദര്‍ശനങ്ങള്‍...സംവാദം... ഒരു നിമിഷം കൊണ്ടു അദ്ദേഹം എന്റെ ഗുരുവായി....
തരണനെല്ലൂര്‍ പത്മനാഭന്‍ നമ്പൂതിരിപ്പാട്‌...............
ജീവിത സമസ്യകള്‍ക്കെല്ലാം അദ്ദേഹം വ്യക്തവും കൃത്യവുമായി ഉത്തരങ്ങള്‍ നല്‍കി...
ജീവിതദര്‍ശനം തന്നെ മാറിമറിഞ്ഞു...
താന്ത്രികതയുടെ ഉള്‍ക്കാഴ്‌ചകള്‍ ഒന്നൊന്നായി അദ്ദേഹം തുറന്നുകാട്ടി.
2010 ആണെന്നാണോര്‍മ്മ.
കാട്ടൂരിലെ തരണനെല്ലൂര്‍ ശാഖയിലെ ജ്യോത്സന എന്ന പെണ്‍കുട്ടിയെക്കൊണ്ടു അദ്ദേഹം ഭദ്രകാളി പ്രതിഷ്‌ഠ നടത്തിച്ചു...
സ്‌ത്രീയെക്കൊണ്ടു പ്രതിഷ്‌ഠ നടത്തിക്കേ..?.
യാഥാസ്ഥിതിക സമൂഹം ഇളകി വശായി......
വിമര്‍ശനങ്ങളും ഭീഷണികളും ഉയര്‍ന്നു. പത്രങ്ങളും ചാനലുകളും ഈ സംഭവം ആഘോഷിച്ചു...
സ്‌ത്രീ, പ്രതിഷ്‌ഠ നടത്തേ...!!. സമൂഹം മൂക്കത്തു വിരല്‍ വച്ചു...
ഒരു കുലുക്കവുമില്ലാതെ അദ്ദേഹം, അവിവേകികളെ സംവാദത്തിനു ക്ഷണിച്ചു. ഒറ്റയാളും വന്നില്ല....!!.
ഇന്നും തുടരുന്നു ഈ ബന്ധം. തൃശൂരില്‍ എത്തുമ്പോള്‍ അദ്ദേഹം വിളിക്കും. അധികവും ഞായറാഴ്‌ചകള്‍. ഫുട്‌പാത്തിലെ പഴയ പുസ്‌തക വില്‍പ്പനക്കാരില്‍ നിന്നു എന്തെങ്കിലും കിട്ടുമോ എന്നു നോക്കാന്‍.......
പുസ്‌തകങ്ങളെ ഇത്രയും സ്‌നേഹിക്കുന്ന ഒരാളെ ഇതുവരെ കണ്ടിട്ടില്ല.
അറിവിന്റെ നിറകുടമായ നമ്പൂതിരിപ്പാട്‌ എന്റെ അത്താണിയാണ്‌......തളരുമ്പോള്‍ പുറത്തുതട്ടാന്‍ ഒരാള്‍..............

Wednesday, April 2, 2014

തൂവാനത്തുമ്പികള്‍...


പറഞ്ഞുവന്നപ്പോള്‍ ബന്ധുത്വവും...!.
പിന്നെന്തേ കണ്ടുമുട്ടാന്‍ ഇത്രയും കാലം..?. അതു കാലത്തിന്റെ കണക്കുപുസ്‌തകത്തില്‍ ഇപ്പോഴേ കുറിച്ചിട്ടുണ്ടാവൂ എന്നു സമാധാനിക്കുക....
`നാരങ്ങാവെള്ളം വേണോ...?'
ഏതു നിമിഷവും ആ ചോദ്യം വന്നേയ്‌ക്കുമെന്ന്‌ പ്രതീക്ഷിച്ചു. അതാഗ്രഹിച്ചിരുന്നു മനസ്സ്‌, എന്നതായിരുന്നു സത്യം...
എഴുപത്തഞ്ചിലെ യൗവനം...ആ കണ്ണുകളില്‍ ഇപ്പോഴും കുസൃതി തിളങ്ങുന്നു...മുന്‍വശത്തെ പല്ലുകളുടെ വിടവുകാട്ടിക്കൊണ്ടുള്ള ചിരിയില്‍ ജീവിതസ്‌നേഹത്തിന്റെ ഉന്മേഷം. ജീവിതം ആഘോഷിച്ചുകളഞ്ഞ ഒരാളുടെ മുമ്പില്‍ ഇരിക്കുമ്പോള്‍ ആ ഉന്മേഷം നമ്മിലേയ്‌ക്കും, പതുക്കെ സംക്രമിക്കുന്നത്‌ അറിയുന്നു...
പുതിയേടത്ത്‌ ഉണ്ണിമേനോന്‍...
അറുപതുകളില്‍ തൃശൂരില്‍ നിറഞ്ഞാടിയ യൗവനം...
പത്മരാജന്‍, `ഉദകപ്പോള' എന്ന നോവലിലേയ്‌ക്കും പിന്നീട്‌ `തൂവാനത്തുമ്പികളി'ലും ആവാഹിച്ചപ്പോള്‍, നെഞ്ചേറ്റിയത്‌ മലയാളയുവത്വം മുഴുവനായിരുന്നു,
പ്രത്യേകിച്ച്‌ തൃശൂര്‍ക്കാര്‍...
`ഇന്നെ കാണണം ന്ന്‌ മോഹന്‍ലാല്‍ ശ്ശി കാലായി പറയണു. എനിക്കൊട്ടു നേരോം കിട്ടീല്ല....'
എന്നു പറയുന്നതിലെ നിഷ്‌കളങ്കത....കേട്ടിരിക്കുന്ന നമ്മള്‍ ചിരിച്ചുപോവില്ലേ...?.
നഗരത്തില്‍ തരക്കേടില്ലാത്ത കൊള്ളരുതായ്‌മകള്‍ കാട്ടിക്കൂട്ടിയ ജീവിതത്തില്‍ ഉണ്ണിമേനോനെ ഒന്നുകാണണം എന്നാഗ്രഹിച്ചു..
നടന്നില്ല.
ഇലച്ചാര്‍ത്തുകള്‍ മൂടിയ ബാറുകളില്‍ ചെല്ലുമ്പോള്‍, പതിവു ക്വാട്ടയും ബ്രാന്റും കാണാപാഠമാക്കിയ കൗണ്ടര്‍ ബോയി..
അപ്പോളും ജയകൃഷ്‌ണമേനോന്റെ പ്രൊട്ടോടൈപ്പിനായി മനസ്സ്‌ അലഞ്ഞു.
പെരുവല്ലൂരിലെ സമ്പന്നകുടുംബത്തില്‍ നിന്നുള്ള ഉണ്ണിമേനോനെ, കഥപറച്ചിലിന്റെ ഗന്ധര്‍വ്വന്‍ മണ്ണാറത്തൊടി ജയകൃഷ്‌ണ മേനോനിലിലേയ്‌ക്ക്‌ ആവാഹിച്ചപ്പോള്‍ ഭാവനപോലും വേണ്ടിവന്നില്ല...എല്ലാം പകര്‍ത്തുകയേ വേണ്ടിവന്നുള്ളൂ...
പുത്രവിയോഗം അലട്ടുന്ന വാര്‍ദ്ധക്യത്തില്‍, ജീവിതത്തില്‍ സ്‌നേഹിച്ച ഒരേ ഒരു പെണ്ണിനെ സ്വന്തമാക്കിയ അദ്ദേഹം അവരുടെ തണലായി മാറിയിരിക്കുന്നു....
മഴയില്ല. മീനവെയിലിന്റെ ഉരുകുന്ന ചൂടുമാത്രം. പടിയ്‌ക്കല്‍ വരെ യാത്രയാക്കാന്‍ വന്നപ്പോള്‍, അങ്ങോട്ടൊന്നു ചോദിക്കണമെന്നു തോന്നി:
`മ്മക്ക്‌ ഓരോ നാരങ്ങാവെള്ളാ കാച്യാലാ....?'
പുഞ്ചിരിച്ചുകൊണ്ടു ഉണ്ണിയേട്ടന്‍ കൂടെ വരുമെന്ന്‌ എനിക്കുറപ്പുണ്ട്‌....