മുങ്ങിത്താഴ്‌ന്ന് കണ്ണുതുറക്കണം. പച്ചയും മഞ്ഞയും കലര്‍ന്ന ജലരാശിയില്‍ തൂവല്‍ പോലെ.. ഉയര്‍ന്നും താഴ്‌ന്നും അങ്ങിനെ....!. കുമിളകള്‍, രസത്തുള്ളികള്‍ പോലെ ചുറ്റിലും. ഉരുണ്ട ഗോലികളായി അവ മുകളിലേക്കുയര്‍ന്നു കൊണ്ടിരുന്നു. മുത്തുകോര്‍ത്ത മാലപോലെ അവ ശരീരത്തില്‍ ഉരസി, ഇക്കിളിയിട്ടു മുകളിലേയ്‌ക്കു പോയിക്കൊണ്ടിരിക്കുന്നു... രണ്ടു പരല്‍ മീനുകള്‍, മുഖത്തിനു നേരേ പാഞ്ഞുവന്നു..പിന്നെ, പെട്ടെന്ന് ഇരുവശത്തേയ്‌ക്കും അതിവേഗം തുഴഞ്ഞുപോയി..
കല്‍ക്കെട്ടില്‍ കാലുറപ്പിച്ച പായലുകള്‍ അലസമായി തലയാട്ടിക്കൊണ്ടിരുന്നു. വഴുവഴുത്ത അവയെ തൊട്ടു. അവയ്‌ക്കും അനുസരണയുണ്ട്..
തങ്ങളുടെ ലോകത്തേയ്‌ക്ക് ഇറങ്ങിവന്ന വിചിത്രജീവിയെ കണ്ടു മടങ്ങാന്‍, വീണ്ടും മത്സ്യക്കൂട്ടങ്ങള്‍. കൈവീശുമ്പോള്‍, അവയും വഴുക്കിയകന്നു..
ഉച്ചവെയിലില്‍, കുളത്തിന്റെ ഉപരിതലത്തിനു നീലനിറമാണ്. കരയില്‍ അതിരിട്ടു നില്‍ക്കുന്ന ചെടികളും മരങ്ങളും കൂടുതല്‍ അടുത്താണെന്നു തോന്നിച്ചു..
ശ്വാസമെടുക്കാന്‍ വീണ്ടും മുകളിലേയ്‌ക്ക്...വായിലെടുത്ത വെളളം നീട്ടിത്തുപ്പി അങ്ങിനെ വെള്ളംചവിട്ടി നിന്നു..സര്‍വ്വത്ര ശാന്തത. ഒരുത്‌ക്കണ്‌ഠയുമില്ല; ഒന്നിനെ കുറിച്ചും...
കാലുകള്‍ അനക്കാതെ വച്ചാല്‍ മത്സ്യങ്ങള്‍ വന്നു കൊത്തിനോക്കുകയായി.
തലയില്‍ വെളുത്ത പുള്ളിയുള്ള കൊച്ചുമീനുകള്‍..അതിനെ `ചൂട്ടന്‍' എന്നു വിളിച്ചു. പിന്നെ കണ്ണുമിഴിച്ച് ഒറ്റയ്‌ക്കു ഒഴുകി നീങ്ങുന്ന `വയമ്പ്'. കൂട്ടമായി വെട്ടിത്തിരിഞ്ഞു നടന്ന `പരലുകള്‍'....
ഞങ്ങളെത്തുമ്പോള്‍, ചേറില്‍ പുതയുന്ന ബ്രാലുകളും, മുഷികളും അപൂര്‍വ്വമായി മുകള്‍ത്തട്ടിലെത്തി ഒരു കുമിള ഊതിവിട്ട് താഴ്‌ന്നു പോകുന്നു..മുങ്ങിക്കപ്പലുകള്‍ പോലെ..!.
നഗരമധ്യത്തിലെ ഈ കുളം കൗമാരസ്‌മരണമാത്രമാണിന്ന്. വീട്ടിനടുത്തുള്ള മാമ്പറ്റ നമ്പൂതിരിയുടെ കുളം..
സ്വകാര്യകുളം, ബന്ധുത്വത്തിന്റെ പേരില്‍ ഞങ്ങള്‍ കൈയേറുകയാണ്. കൗമാരസംഘത്തിന്റെ ശല്ല്യം സഹിക്കാതെ നമ്പൂതിരിയുടെ മകന്‍ പറയും-അദ്ദേഹം ഭിലായിലെ എഞ്ചിനീയറായിരുന്നു. എപ്പോഴോ ഒരിക്കല്‍ മനസ്സിന്റെ താളം തെറ്റി. ഈ വീട്ടില്‍ ഏകാന്തവാസം-
`യൂ ഓണ്‍ലി ടേക്ക് ബാത്ത്...നോ ബറ്റാലിയന്‍....!.'
ഞങ്ങള്‍ ചിരിച്ച് ഓടിമറയും. പിറ്റേന്നും എത്തും, ബറ്റാലിയന്‍...!.
നോക്കിനില്‍ക്കേയാണ് ഇതെല്ലാം ഇല്ലാതായത്. ഇപ്പോള്‍ അവിടെ `മംഗള ടവര്‍'. കൂറ്റന്‍ ഷോപ്പിംഗ് കോപ്ലക്‌സ്. എല്ലാ ജീവതസൗകര്യങ്ങളുമായി...
ഈ വഴിയുള്ള ഒറ്റയ്‌ക്കുള്ള യാത്രകള്‍, ഒരു തിരിച്ചുപോക്കാണ്. ഇനി ചിത്രങ്ങളായി പോലും കാണിച്ചുതരാന്‍ കഴിയാത്ത യാത്രാനുഭവങ്ങള്‍....
kashtaaaayiiii
ReplyDeleteNostalgic
ReplyDeletepoorva smaranakal........
ReplyDelete