Wednesday, May 6, 2015

നിലയ്‌ക്കാത്ത നാഴികമണി




ഇപ്പോഴും ഇവിടെയുണ്ടെന്ന്‌ തോന്നും...എന്നെ വിളിച്ചുവെന്നും...
തൊണ്ടയിടറി...ഈറന്‍ കണ്ണുകള്‍ തുടച്ചു..
ഇവിടെ ഈ കസേരയിലാ ഇരിക്കാ..എപ്പോഴും വിളിക്കും- തങ്ക്വോ..!
പതറിപ്പോയ നിമിഷത്തില്‍, മനസ്സിനെ ശാസിച്ചു....അരുത്‌...!
ഉണ്ണികൃഷ്‌ണന്‍ പുതൂര്‍ എന്ന കരുത്തനായ എഴുത്തുകാരന്റെ ഓര്‍മ്മയില്‍ സഹധര്‍മ്മിണി തങ്കമണി എന്ന തങ്കു...

കരുത്തനായിരുന്നു, അടിമുടി. സ്‌നേഹമായിരുന്നു ആകെത്തുക.
മനുഷ്യസ്‌നേഹം...
അറുന്നൂറിലേറെ കഥകളെഴുതി കടന്നുപോയ ഒരെഴുത്തുകാരന്‍. ചുറ്റുവട്ടത്തുകണ്ട മനുഷ്യജീവിതം മാത്രം വിഭവമാക്കി. എഴുത്തിന്റെ സാഫല്യത്തിനായി അനിഷ്ടകരമായ ഒരു വാക്കും പറയാതെ ഞാന്‍...
ഇഷ്ടം കാണിക്കുവാനറിയാതെ അദ്ദേഹം...എങ്കിലും അത്‌ ഒഴുകി..അറിയാതെ.

ഓര്‍മ്മകള്‍ ഒഴുകുന്ന വീടകത്ത്‌, ഇപ്പോഴും പുതൂര്‍ ഉണ്ട്‌. കലാപകാരിയായല്ല. സ്‌നേഹനിധിയായ ഗൃഹനാഥനായി- ഓരോരുത്തരുടേയും മനസ്സില്‍. അവിടെ ഇരുന്നാല്‍ ആ സാന്നിധ്യം അനുഭവിച്ചറിയാം..

ആനപ്പകയുടേയും നാഴികമണിയുടേയും ബലിക്കല്ലിന്റേയും ഒക്കെ രചയിതാവ്‌, വീട്ടുകാരിക്ക്‌ അന്യമാണ്‌. മലേഷ്യയില്‍ കഴിച്ച ബാല്യത്തിന്റെ ബാക്കി പത്രമെന്ന നിലയില്‍ മലയാളവായന അതിനു തടസ്സവുമായി...
ഇരുപത്തിനാലു വയസ്സില്‍ തുടങ്ങിയ കൂടെപൊറുപ്പ്‌, അദ്ദേഹം കഴിഞ്ഞ വര്‍ഷം പിരിയും വരെ..
ആ കാലഘട്ടങ്ങളിലെല്ലാം ഒരു ഭാര്യമാത്രമായിക്കഴിഞ്ഞു. ബീഡി വലിക്കരുത്‌ എന്നു പോലും ശാസിക്കാന്‍ ധൈര്യപ്പെട്ടില്ല-അല്ലെങ്കില്‍ ഇഷ്ടപ്പെട്ടില്ല.
`സ്‌നേഹമായിരുന്നു. തൃശൂരിലെ ഫാഷന്‍ ഫാബ്രിക്‌സില്‍ നിന്നും ഗുരുവായൂരില്‍ നിന്നും സാരി വാങ്ങി വരും...തരും... '
ഇഷ്ടമായോ എന്നൊന്നും ചോദിക്കില്ല. പക്ഷെ, അതില്‍ നിറയേ സ്‌നേഹമായിരുന്നു..

ഗുരുവായൂര്‍ ക്ഷേത്രത്തിലെ നാഴികമണി നാലുതവണ മുഴങ്ങി. പുതൂരിന്റെ ഓര്‍മമകള്‍ നിറയുന്ന മുറിയില്‍, പോക്കുവെയില്‍ നിറഞ്ഞു.
പുതൂര്‍ എന്ന ഒറ്റയാനെ സ്‌നേഹമൂര്‍ത്തിയായി കണ്ട തങ്കു എന്ന തങ്കമണി പറയുകയാണ്‌-
`ന്റെ ജാതകത്തില്‍ ദോഷമുണ്ടായിരുന്നു. അന്ന്‌ ഒരു ജ്യോത്സ്യന്‍ പറഞ്ഞു: പടിഞ്ഞാറു ഭാഗത്തുനിന്നും ഒരാള്‍ വരും. എഴുത്തും വായനയുമൊക്കെയുളളയാള്‍..പേരും പെരുമയുമുളളയാള്‍..!'.
പുതൂര്‍ വന്നു. എഴുത്തുകാരനാണ്‌ എന്നൊക്കെ കേട്ടിട്ടുണ്ട്‌ എന്നല്ലാതെ..
ഗുരുവായൂര്‍ കിഴക്കേനടയിലെ തറവാട്ടുവീട്ടിലേയ്‌ക്കാണ്‌ തങ്കമണി വലതുകാല്‍വച്ചു കയറിയത്‌. കൂട്ടുകുടുംബം.
`അന്നും വീട്ടില്‍ വരുന്നത്‌ അപൂര്‍വ്വമാണ്‌. എഴുത്തും പൊതുപ്രവര്‍ത്തനവും തന്നെ..ഗുരുവായൂര്‍ നടയ്‌ക്കലുള്ള ദേവസ്വം മുറിയുണ്ട്‌. ചോണ്ടത്ത്‌ ബംഗ്ലാവില്‍. അവിടെയായിരിക്കും. എഴുത്തും കിടപ്പുമെല്ലാം..'
കൂട്ടുകുടുംബമായതിനാല്‍ ഒച്ചയും ബഹളവുമൊക്കെക്കാണും. അതൊന്നും ഒട്ടും പത്ഥ്യമല്ല. എഴുതാനിരിക്കുമ്പോള്‍ ഒരൊച്ചയും കേട്ടുകൂടാ...

നാടോടിയായി നടന്ന ഒരാള്‍, ഒടുവില്‍ ഗുരുവായൂര്‍ അമ്പലത്തിലെ കണക്കെഴുത്തുകാരന്റെ `റോള്‍' ഏറ്റെടുക്കുന്നു-ജീവിക്കാന്‍ വേണ്ടി. പിതാവ്‌ ക്ഷേത്രത്തില്‍ സാമൂതിരിയുടെ കാര്യസ്ഥനായിരുന്നു. പരമസാത്വികനും സ്വാമിഭക്തനുമായ ഒരാള്‍. ദേവസ്വത്തിലെ കള്ളത്തരങ്ങളും കെടുകാര്യസ്ഥതയും കണ്ട്‌ പൊട്ടിത്തെറിച്ച പുതൂര്‍ അവിടെ `വില്ല'നായി. അനീതികള്‍ കണ്ടില്ലെന്ന്‌ നടിക്കാന്‍ ഒരിക്കലും കഴിഞ്ഞില്ല. ക്ഷേത്രം ജീവനക്കാരുടെ ദൈന്യം..ഇല്ലയ്‌മ വല്ലായ്‌മകള്‍ പുതൂരിലെ മനുഷ്യനെ ഞെട്ടിച്ചു. അദ്ദേഹം ട്രേഡ്‌ യൂണിയന്‍ പ്രസ്ഥാനത്തിനു തുടക്കമിട്ടു. അടിമുടി സോഷ്യലിസ്‌റ്റായ പുതൂരിന്‌ വെല്ലുവിളിക്കേണ്ടിവന്നത്‌ യഥാസ്ഥിതികതയേയായിരുന്നു. ബ്രാഹ്മണ മേധാവിത്വത്തെ..
വധഭീഷണിവരെയുണ്ടായി..
അക്കാലത്ത്‌ പുറത്തുവന്ന ആദ്യനോവല്‍- ബലിക്കല്ല്‌- ഈ ജീവിത സമരം പച്ചയായി വരച്ചിട്ടു. അതിലെ നായകന്‍ പുതൂര്‍ തന്നെയായിരുന്നു. അധാര്‍മ്മികതയോടുള്ള ചെറുത്തുനില്‍പ്പും പ്രതിരോധവും തീര്‍ത്ത നോവല്‍, അധികാരകേന്ദ്രങ്ങളില്‍ കോളിളക്കമുണ്ടാക്കി.
ഇതിലെ കഥാപാത്രം പങ്ങുണ്ണി നായരിലേയ്‌ക്ക്‌ ഒരു നിമിഷം-
പൂണൂലിട്ടവര്‍ ഇരിക്കുന്ന പന്തിയില്‍ കയറിയിരുന്ന്‌ ഭഗവാന്റെ പ്രസാദമുണ്ണുമ്പോള്‍, രണ്ടാംഉരുള കഴിച്ചു തീരും മുമ്പെ, സ്വന്തം മകനുമുമ്പിലേയ്‌ക്ക്‌ കഴുത്തിനു പിടിച്ച്‌ പുറന്തള്ളപ്പെടുന്ന പങ്ങുണ്ണി നായര്‍..!.
അപമാനിക്കപ്പെടുന്ന മനുഷ്യത്വം..!.
വിശപ്പിനു മുമ്പില്‍ പത്തിമടക്കുന്ന അഭിമാനബോധം. പുതൂരിന്റെ വാക്കുകള്‍ക്ക്‌, കത്തിയേക്കാള്‍ മൂര്‍ച്ച...
തുടര്‍ന്ന്‌ ദേവസ്വം യൂണിയനു അംഗീകാരം കിട്ടി. കെ.എസ്‌.ആര്‍ അടക്കം തൊഴിലാളികളുടെ നിലമെച്ചപ്പെടുത്തിയ തീരുമാനങ്ങളും വന്നുവെന്ന്‌ ചരിത്രം. ഈ ആദ്യനോവലിനു തന്നെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും തേടിയെത്തി..

ആദ്യവും അവസാനവും കവിത

കവിതയെഴുതിയാണ്‌ തുടങ്ങിയത്‌. അവസാനിപ്പിച്ചതും കവിതയെഴുതിക്കൊണ്ടുതന്നെ..!.
`എന്റെ അമ്മ' ആയിരുന്നു ആദ്യമായി അച്ചടിച്ച സൃഷ്ടി. മലയാളരാജ്യം വാരികയില്‍. ചങ്ങമ്പുഴയോട്‌ അടങ്ങാത്ത വൈകാരികാവേശമായിരുന്നു. അതുപോലെ ആകണമെന്ന ആശ ആരോടും പറയാതെ മനസ്സിലിട്ടു നീറ്റി..
ഒടുവിലായി എഴുതിയത്‌ ഇഷ്ടദൈവമായ ഭഗവാനുളള സമര്‍പ്പണമായാണ്‌. ഗുരുവായൂര്‍ ദേവസ്വത്തിന്റെ `ഭക്തപ്രിയ' മാസികയില്‍ അത്‌ അച്ചടിച്ചു വരുമ്പോഴേയ്‌ക്കും പുതൂര്‍ യാത്രയായിരുന്നു, ഭൂമിയിലെ ജീവിതം അവസാനിപ്പിച്ച്‌...
ആ കവിത ഒരു നിമിത്തം പോലെയായിരുന്നു എന്ന്‌ മകന്‍ ഷാജൂ..

`മാറ്റിത്തമെല്ലാമകറ്റീടണേ' എന്ന കവിതയുടെ തുടക്കം ഇങ്ങിനെ:

തെറ്റുകളേറേ ഞാന്‍ ചെയ്‌തവനെങ്കിലും
കുറ്റങ്ങളെല്ലാം പൊറുത്തീടണേ
എന്റെ ഭഗവാനേ, ഞാനറിയാതേയുള്ള
കുറ്റങ്ങള്‍ക്കെല്ലാം മാപ്പേകീടണേ....


കുറ്റബോധത്തില്‍ നീറിനീറി

വേട്ടയാടുന്ന ഒരു കുറ്റബോധമുണ്ട്‌, പുതൂരിന്‌ - അച്ഛനോടുളള കടമ നിര്‍വ്വഹിച്ചില്ല എന്ന ചിന്ത. അതിന്റെ അലട്ടലില്‍ അദ്ദേഹം ഉരുകിത്തീര്‍ന്നിരിക്കണം, സത്യമായും ഉരുകിത്തീര്‍ന്നിരിക്കണം.
അച്ഛന്‍ സാമൂതിരിയുടെ വിശ്വസ്‌ത ദാസനായിരിക്കേ, ദേവസ്വത്തില്‍ പുതൂര്‍ അഴിച്ചുവിട്ട കലാപം മുതല്‍ മരണകാലത്തു അടുത്തുണ്ടായിരുന്നില്ലെന്നതു വരെ ആ മനസ്സ്‌ പൊള്ളിച്ചുകൊണ്ടിരുന്നു..
ഈ വേദനയെക്കുറിച്ച്‌ അദ്ദേഹം നീറുന്ന വാക്കുകളില്‍ തന്നെ കുറിച്ചിട്ടു-`
`അച്ഛന്റെ ഓര്‍മ്മയ്‌ക്ക്‌ ഈ താടി` എന്ന പേരില്‍.

`അച്ഛന്‌ ശ്വാസംമുട്ടുണ്ടായിരുന്നു. ഒരു ദിവസം പതിവില്ലാതെ എന്റെ കട്ടിലില്‍ വന്നു കിടന്നു. ഞാന്‍ കുറേ നേരം അടുത്തിരുന്നു. ഒട്ടും പതിവില്ലാത്തതുപോലെ എന്റെ മുഖത്തേയ്‌ക്കു കുറേ നേരം നോക്കി. എനിക്കു മനസ്സിലായില്ല, അതു മരണാസന്നനായ ഒരാളുടെ നോട്ടമാണെന്ന്‌..'.
അന്നും പതിവുപോലെ പുതൂര്‍ പുറത്തിറങ്ങാന്‍ തയ്യാറായപ്പോള്‍ അച്ഛന്‍ വിലക്കി. ഉള്ളംകൈ ചേര്‍ത്തുപിടിച്ച്‌ ഇന്ന്‌ പോകേണ്ടെന്ന്‌ പറഞ്ഞു.
അന്നും ധിക്കരിച്ചിറങ്ങി, ദൂരേയ്‌ക്കു പോകുന്നില്ലെന്ന വെറുംവാക്ക്‌ പറഞ്ഞ്‌..!.
അന്ന്‌ കൂട്ടുകാര്‍ക്കൊപ്പം പോയത്‌, എറണാകുളത്തേയ്‌ക്ക്‌. അവിടെ നിന്നും തിരുവനന്തപുരത്തേയ്‌ക്ക്‌..
തിങ്കളാഴ്‌ച ഇറങ്ങിപ്പോയ മകന്‍ തിരിച്ചുവരുന്നത്‌, ബുധനാഴ്‌ച.
അതിനിടെ ചൊവ്വാഴ്‌ച, അച്ഛന്‍ മകനെ കാണാതെ അന്ത്യശ്വാസം വലിച്ചു കഴിഞ്ഞിരുന്നു..
പുതൂരിന്റെ വാക്കുകള്‍: അച്ഛന്‍ മരിക്കുമ്പോള്‍, ഞാന്‍ തിരുവനന്തപുരത്ത്‌ മദ്യത്തില്‍ ആറാടുകയായിരുന്നു...!.
മരണവിവരം അറിയിക്കാനാവാതെ ബന്ധുക്കള്‍ കുഴങ്ങി. ഇരുപത്തിനാലു മണിക്കൂര്‍ കാത്തുവച്ച ശേഷം മൃതദേഹം സംസ്‌കരിച്ചു.
ബുധനാഴ്‌ച, രാത്രി പതിനൊന്നു മണിയോടെ തിരിച്ചെത്തുമ്പോള്‍, അച്ഛന്റെ പട്ടടയില്‍ അവസാന നാളങ്ങളും കെട്ടടങ്ങിയിരുന്നു..
അന്ന്‌ രാത്രിമുഴുവന്‍ ചിതയ്‌ക്കരികിലിരുന്നു പൊട്ടിക്കരഞ്ഞു.
ഈ കുഴപ്പങ്ങള്‍ക്കെല്ലാം കാരണമായത്‌ മദ്യമാണെന്ന തിരിച്ചറിവില്‍, അച്ഛന്റെ ചിതയ്‌ക്കരികില്‍ ഇരുന്ന്‌ പ്രതിജ്ഞയെടുത്തു: ഇനി മുതല്‍ മദ്യം തൊടില്ല..!.
ആ പ്രതിജ്ഞ പിന്നീട്‌ തെറ്റിച്ചില്ല. അച്ഛന്റെ ഓര്‍മ്മയ്‌ക്കായി താടിയും പിന്നീട്‌ വെട്ടുകയുണ്ടായില്ല. `ഈ താടി എന്റച്ഛന്റെ ഓര്‍മ്മയാണ്‌..'- പുതൂര്‍ എഴുതി.

`പിന്നെ...പറമ്പില്‍ കിടന്ന, അച്ഛന്റെ തേഞ്ഞുതീര്‍ന്ന ഒരുജോഡി ചെരിപ്പ്‌ എടുത്തുകൊണ്ടുവന്ന്‌ പൂജാമുറിയില്‍ വച്ചു. അതിപ്പോഴും ഇവിടെയുണ്ട്‌...'. തങ്കമണിയമ്മ പറഞ്ഞു നിര്‍ത്തിയ ആ മൗനനിമിഷത്തില്‍, മകന്‍ തേഞ്ഞുതീര്‍ന്ന, വള്ളിപൊട്ടിയ ആ ചെരിപ്പുമായി കടന്നുവന്നു...
കുറ്റബോധത്തിന്റെ, ആത്മനിന്ദയുടെ, പിതൃസ്‌നേഹത്തിന്റെ, മെതിയടി.!.

ദുഃഖമയം ജീവിതം

കോഴിക്കോട്‌ ആകാശവാണീ നിലയം. പുതൂര്‍ ഒരു കഥ വായിക്കുകയാണ്‌- നക്ഷത്രക്കുഞ്ഞ്‌ എന്ന സ്വന്തം ചെറുകഥ. ഉറൂബ്‌ ആണ്‌ റിക്കാര്‍ഡിംഗ്‌ ചെയ്യുന്നത്‌. കഥ വായിക്കുന്നതിനിടെ രണ്ടു തവണ പുതൂരിന്റെ കണ്‌ഠമിടറി. റിക്കാര്‍ഡിംഗ്‌ കഴിഞ്ഞ ശേഷം, ഉറൂബ്‌ ചോദിച്ചു: സ്വാനുഭവമാണോ..?
അതേ എന്നുത്തരം.

കാത്തുകാത്തിരുന്നൊരുണ്ണി പിറന്നു. പെണ്‍കുഞ്ഞ്‌. ആ കഥയാണ്‌ നക്ഷത്രക്കുഞ്ഞായത്‌..
തങ്കമണിയും കുഞ്ഞും അവരുടെ വീട്ടിലായിട്ട്‌ ഒമ്പതുമാസമായി. അവരെ കൊണ്ടുവന്നാക്കാത്തതില്‍ പ്രതിഷേധമുണ്ടായിരുന്നു. ചോറൂണ്‍ തിയതി പലകുറിമാറ്റി. ഭാര്യവീട്ടുകാര്‍ അവഗണിക്കുകയാണോ എന്ന തോന്നല്‍ കലശലായ ഘട്ടത്തില്‍ ടാക്‌സിയെടുത്ത്‌ അങ്ങോട്ടു ചെന്നു..
അവിടെ ചെല്ലുമ്പോള്‍ കുഞ്ഞിന്‌ പനി.
`പനിമാറിയിട്ട്‌ കുഞ്ഞുമോളെ കൊണ്ടുപോയാല്‍ മതിയെന്ന്‌ എന്റച്ഛന്‍ കാലുപിടിച്ചു പറഞ്ഞു. കൂട്ടാക്കിയില്ല..'
പിടിച്ചപിടിയാലെ അമ്മയേയും കുഞ്ഞിനേയും ഗുരുവായൂര്‍ക്ക്‌ കൂട്ടി.
വിഷുത്തലേന്നാണ്‌...
കുഞ്ഞിനു പനി കലശലായി. സ്ഥലത്തെ പ്രമുഖ ആയൂര്‍വേദ വൈദ്യനെ കൂട്ടിക്കൊണ്ടുവന്നു. അയാള്‍ തുളസി നീരില്‍ ഒരു മരുന്നു കൊടുത്തു. പനിയിറങ്ങിക്കോളുമെന്ന്‌ പറഞ്ഞു..
പുലര്‍ച്ചെ സുഹൃത്തുമൊത്ത്‌ തൃശൂരില്‍ പോയി രാത്രി തിരിച്ചെത്തുമ്പോള്‍, കുഞ്ഞിന്‌ കടുത്ത പനിയായിരിക്കുന്നു. തലയില്‍ ഐസ്‌ ബോക്‌സ്‌..
പുലര്‍ച്ചെ മൂന്നിന്‌ അവള്‍ കണ്ണടച്ചു, ആദ്യത്തെ കണ്‍മണി.
മനസ്സാക്ഷിയെ കീറിമുറിച്ച ആ സംഭവം ഒരു കഥയായി പിറന്നു. ഹൃദയം പിടയുന്ന കഥ..!.
`ഒരുപാട്‌ ദുഃഖം ഉള്ളിലൊതുക്കുന്ന ആളാണെന്നറിയാമായിരുന്നു. അതുകൊണ്ട്‌ ഞാന്‍ എന്റെ ദുഃഖങ്ങള്‍ പറഞ്ഞ്‌ ഒരിക്കലും അദ്ദേഹത്തെ അലട്ടിയില്ല..'
എന്നു തങ്കമണിയമ്മ.

സ്‌നേഹത്തിന്റെ ഒരുപൊതി ചോറ്‌

ഒരു യാത്രയുടെ കഥയുണ്ട്‌, മറക്കാനാവാത്ത ഒന്ന്‌- തങ്കമണിയമ്മയ്‌ക്ക്‌ ഓര്‍ക്കാന്‍, അതു സ്‌നേഹത്തിന്റെ പൊതിച്ചോറാണവര്‍ക്ക്‌...
`ഒരിക്കല്‍ യാത്രകൊണ്ടുപോയി, കുട്ടികളുമൊത്ത്‌. പഴനി, മധുര, രാമേശ്വരം, മൂകാംബി ഒക്കെ. നീണ്ടയാത്ര..'
മടങ്ങുമ്പോള്‍, രാത്രി കോഴിക്കോട്ടെത്തി. പോക്കറ്റില്‍ കാശു കുറവ്‌. ഗുരുവായൂര്‍ക്ക്‌ എത്തിപ്പെടാനുള്ള കാശുകഴിച്ചാല്‍ ഒട്ടും ഇല്ല.
മുറിയെടുക്കാന്‍ പോലും.
ബസ്‌്‌സ്‌റ്റാന്റിലെ ചാരുബഞ്ചില്‍, ഉറങ്ങുന്ന മകനെ മടിയില്‍ കിടത്തി ഞാനിരുന്നു..
അദ്ദേഹം പുറത്തുപോയി ഒരു പൊതി ചോറ്‌ വാങ്ങിവന്നു. അതിനേ കാശുതികയുമായിരുന്നുള്ളൂ.
അതില്‍ നിന്നും ഞങ്ങള്‍ ഉണ്ടു. നാലുപേരും...
ഒരു പക്ഷെ, സ്‌നേഹത്തില്‍ കുഴച്ച ആ ചോറായിരിക്കണം ജീവിതത്തില്‍ ഏറ്റവും രുചികരമായി തോന്നിയിരിക്കുക..!.
റൂമെടുക്കാന്‍ മാര്‍ഗ്ഗമില്ലാതെ രാത്രിമുഴുവന്‍ ഉറക്കമിളച്ച്‌ ബസ്‌്‌സ്‌റ്റാന്റില്‍ ഇരുന്നു കഴിച്ചുകൂട്ടിയ കാളരാത്രി..!.
കോഴിക്കോട്ട്‌ വേണ്ട സുഹൃത്തുക്കളുണ്ടായിരുന്നു. സാഹിത്യകാരന്‍മാരും..
ഒരാളെപോലും സഹായത്തിനായി വിളിച്ചില്ല..!. ആത്മാഭിമാനം സമ്മതിച്ചില്ല.

ആനപ്പകകൊണ്ട്‌ തീര്‍ത്ത വീട്‌

വീടുവയ്‌ക്കാന്‍ അമ്മയാണ്‌ തറവാട്ടുഭൂമി നല്‍കിയത്‌. പണമില്ല. അക്കാലത്ത്‌ `കുങ്കുമം' വാരികയില്‍ `ആനപ്പക' എഴുതാന്‍ സമ്മതിച്ച കാലം. പത്രാധിപര്‍, കൃഷ്‌ണസ്വാമി റെഡ്ഡ്യാര്‍ പതിനായിരം ഉറുപ്പിക അഡ്വാന്‍സ്‌ നല്‍കി-അന്നത്തെ പതിനായിരം. അതുകൊണ്ടാണ്‌ ഈ വീടു പണിതത്‌. പിന്നീട്‌ അറുന്നൂറു പേജുള്ള ഈ ബൃഹദ്‌ നോവല്‍ എന്‍ബിഎസ്‌ പുറത്തിറക്കി. ആദ്യ കോപ്പി പ്രകാശിപ്പിച്ചത്‌ ഗുരുവായൂരപ്പഭക്തനും രാഷ്‌ട്രീയ ഭീഷ്‌മാചാര്യനുമായ കെ. കരുണാകരന്‍!.
വീടു പണിതിട്ടും വന്നുപോക്കേ പതിവുണ്ടായിരുന്നുള്ളൂ. വരുമ്പോള്‍ കുട്ടികള്‍ക്കായി ബിസ്‌കറ്റ്‌ കൊണ്ടുവരും. എനിക്ക്‌ മൈസൂര്‍ സാന്‍ഡല്‍വുഡ്‌ സോപ്പും..!. തങ്കമണിയമ്മ നേര്‍ത്തു ചിരിച്ചു: `എന്നിട്ടു പതുക്കേ ചോദിക്കും: ഇഷ്ടായില്ലേ..?'
`ഇഷ്ടായീ' എന്നു ഞാന്‍ പറയും...
അച്ഛന്‍ വരുമ്പോള്‍ കൊണ്ടുവരാറുള്ള മൃഗരൂപങ്ങളുള്ള, ഇംഗ്ലീഷ്‌ അക്ഷരമാലാ രൂപത്തിലുളള ബിസ്‌കറ്റുകള്‍...
മക്കള്‍ ഷാജുവും ബിജുവും ഓര്‍ക്കുന്നു ഇപ്പോഴും. സ്‌കൂളില്‍ അധ്യാപകര്‍ക്കെല്ലാം വലിയ എഴുത്തുകാരന്റെ മക്കള്‍ എന്ന ആദരവുണ്ടായിരുന്നു. അവര്‍ ആവശ്യപ്പെടുന്ന അച്ഛന്റെ പുസ്‌തകങ്ങള്‍ തങ്ങള്‍ എത്തിച്ചുകൊടുക്കുന്നതിന്റെ കൃതജ്ഞത അവരുടെ പെരുമാറ്റത്തിലും..!.
ആരോഗ്യം തീരെ ശ്രദ്ധിക്കാത്ത പ്രകൃതം, സഹപ്രവര്‍ത്തകരിലും സുഹൃത്തുക്കളില്‍ പോലും ഉത്‌കണ്‌ഠ ഉണര്‍ത്തിയിരുന്നു. പുതൂരിനെ `സഹിക്കുന്ന' തങ്കമണിയമ്മയെ അവര്‍ മനസാനമിക്കുകയും ചെയ്‌തിരുന്നു..!.
`മധുരം കഴിക്കരുതെന്ന്‌ ഡോക്ടര്‍ പറഞ്ഞിട്ടുണ്ടെങ്കിലും കഴിക്കും. ഓരോരോ വഴികള്‍ അതിനു കണ്ടെത്തും. ഭഗവാന്റെ പ്രസാദം...ശിവരാത്രി..അങ്ങിനെ..!!'.
കഞ്ഞിയും ചമ്മന്തിയും പപ്പടവുമായിരുന്നു ഏറ്റവും പ്രിയം. വീട്ടിലുള്ളപ്പോഴും രാത്രി അതേ കഴിക്കൂ...

എഴുത്തിന്റേയും പൊതുജീവിതത്തിന്റേയും ലോകത്ത്‌ കറങ്ങിത്തിരിഞ്ഞിരുന്ന പുതൂരിന്റെ ജീവിതം ചിട്ടപ്പെടുത്തുന്നത്‌ സാക്ഷാല്‍ തകഴിയും കാത്തച്ചേച്ചിയും...!.
`രണ്ടു തവണ ഇവിടെ വന്നിട്ടുണ്ട്‌.. കാത്തച്ചേച്ചിയും തകഴിച്ചേട്ടനും'
വന്നവഴിയ്‌ക്കു, അടുക്കളയില്‍ വന്ന്‌ എല്ലാം നോക്കിക്കണ്ടു. ഊണുകഴിച്ചു പോകാന്‍ നേരം അദ്ദേഹത്തോടു പറഞ്ഞു: `എടാ..ഇങ്ങനൊന്നും പോരാ..ഇവിടെ എന്താ ആവശ്യം എന്നുവച്ചാല്‍ അതൊക്കെ ചോദിച്ചറിയണം. അടുക്കളയിലെ എല്ലാ പാത്രങ്ങളും നിറഞ്ഞിരിക്കണം...'.
തകഴിച്ചേട്ടന്‌ കുടുംബകാര്യങ്ങള്‍ നടത്തുന്നതില്‍ അത്രയും നിര്‍ബന്ധമായിരുന്നു. പിശുക്കിന്‌ പേരു കേട്ട ആളായിരുന്നെങ്കിലും...
പുതൂര്‍, കൂട്ടുകാരോടൊപ്പം തകഴിയില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നുകൂടിയ കഥകൂടിയുണ്ട്‌ ഇതോടൊപ്പം:
അന്ന്‌ തകഴിച്ചേട്ടന്റെ തെങ്ങുകളിലെ കരിക്കുകള്‍ തീര്‍ന്നു..
അതുവെട്ടി ചാരായത്തിലൊഴിച്ചു കഴിക്കുകയായിരുന്നു പുതൂരും സംഘവും..!.
അന്ന്‌ തകഴി തലയില്‍ കൈവച്ചു നിന്നുപോയി എന്നതാണ്‌ ഈ കഥയുടെ ക്ലൈമാക്‌സ്‌.

ഗുരുവായൂരെത്തുന്ന എല്ലാ സാഹിത്യകാരന്‍മാരും ഈ വീട്ടിലെത്തിയിട്ടുണ്ട്‌. ഒന്നുകില്‍ വിശന്നുപൊരിഞ്ഞിട്ട്‌..അല്ലെങ്കില്‍ താമസത്തിന്‌. കാറില്‍ വരുന്നവര്‍ക്കും നടന്നുവരുന്നവര്‍ക്കും ഒരുപോലെ സ്വാഗതമായിരുന്നു `ജാനകീമന്ദിര'ത്തില്‍.
ബഷീറിനെ ഏറെ ഇഷ്ടമായിരുന്നു. വലിയ അടുപ്പവും. പുതൂര്‍ മരിച്ച ശേഷം ബഷീറിന്റെ മകന്‍ ഇവിടെ വന്നിരുന്നു.
മഹാകവി പി.കുഞ്ഞിരാമന്‍ നായര്‍ ഇവിടെ വരും. `കറുമ്പുള്ള'യാളായാണ്‌ പുതൂര്‍, കുഞ്ഞിരാമന്‍ നായരെ പരിഗണിച്ചത്‌- എല്ലാ ദൗര്‍ബല്ല്യങ്ങളോടും കൂടിത്തന്നെ. കൂടെ നടന്നുപോകുമ്പോള്‍, കുഞ്ഞിരാമന്‍ നായര്‍ ഇടയ്‌ക്കു കൈവിടും...
പുതൂരിന്റെ അമര്‍ത്തിയൊരു മൂളല്‍- മദപ്പാട്‌ അടങ്ങുമെന്ന്‌ സാക്ഷ്യം..!.
സൗഹൃദങ്ങള്‍ക്കു മുന്നില്‍ പുതൂര്‍ അതീവമൃദുലനാണ്‌. പക്ഷെ, അന്തിമമായി അദ്ദേഹം ഒരാളിലേ വിശ്വസിച്ചുളളൂ- ഗുരുവായൂരപ്പനില്‍..!.
യൂസഫലി കേച്ചേരിക്ക്‌ കണ്ണിന്‌ ഒരു ഓപ്പറേഷന്‍ വേണ്ടിവന്ന സമയമാണ്‌ അതു കണ്ടത്‌. മദ്രാസിലായിരുന്നു ശസ്‌ത്രക്രിയ.
ഓപ്പറേഷന്‍ ദിവസം പുതൂര്‍ ഗുരുവായൂരപ്പന്‌ സ്വര്‍ണ്ണംകൊണ്ടുള്ള ഒരു കണ്ണ്‌ ആള്‍രൂപം എടുത്തുവച്ച്‌ പ്രാര്‍ത്ഥിച്ചു. എന്നിട്ട്‌ യൂസഫലിയെ വിളിച്ചു പറഞ്ഞു- താങ്കള്‍ക്ക്‌ കാഴ്‌ച കിട്ടും!.
സി.രാധാകൃഷ്‌ണനുമുണ്ട്‌ പറയാന്‍ പുതൂരിന്റെ സ്‌നേഹഗാഥ..
`രാധകൃഷ്‌ണന്റേയും അനിയത്തിയുടെയും (രണ്ടുപേരുടെ വിവാഹവും ഒരേദിവസമായിരുന്നു). വിവാഹം നടത്തിക്കൊടുത്തത്‌ അദ്ദേഹമാണ്‌. പിന്നീട്‌ അനിയത്തിയെ കാണുമ്പോഴെല്ലാം തിരക്കുമായിരുന്നു- ഒക്കെ വേണ്ടപോലെയല്ലേ?. അല്ലെങ്കില്‍ പറയണം, മാര്‍ഗ്ഗമുണ്ടാക്കാം..!'.
ശരിക്കും ഒരു തറവാട്ടുകാരണവര്‍..!.
പുതൂരിനെ കുറിച്ച്‌ ഒരിക്കല്‍ അഴീക്കോട്‌ പറഞ്ഞത്‌ കൂടി ഇവിടെ കൂട്ടിവായിക്കണം:
`അദ്ദേഹത്തിന്റെ മുഖം കറുത്ത താടിമീശകൊണ്ട്‌ മൂടിയിരിക്കുന്നു. അതുകൊണ്ട്‌ മാത്രമേ മൂടിയിട്ടുള്ളൂ. വേറേ മുഖംമൂടിയില്ല...'.
അടുപ്പമുള്ളവര്‍ക്ക്‌ പ്രിയങ്കരനായ ഉണ്ണിയുടെ അകക്കാമ്പിലെ നനവറിഞ്ഞവര്‍ പക്ഷെ, നന്നേ കുറവായിരുന്നു- സ്വന്തക്കാരും ബന്ധുക്കാരും പോലും. അതു അനുഭവിച്ചറിഞ്ഞത്‌ ഒരാള്‍- തങ്കു മാത്രം.
`രാത്രിയുറക്കത്തില്‍ കരയുന്ന സ്വഭാവം എനിക്കുണ്ട്‌. അദ്ദേഹം അടുത്തു കിടക്കുന്നുണ്ട്‌. എന്തേ? വയ്യേ? എന്നു ചോദിച്ച്‌ എന്റെ കൈതണ്ടയില്‍ ഉഴിഞ്ഞു കൊണ്ടിരിക്കും. എന്നിട്ട്‌ മക്കളെ വിളിക്കും- എടാ, അമ്മ കരയുന്നൂ.!.
`ആ കൈയ്യ്‌ പഞ്ഞിത്തുണ്ടുപോലെ മൃദുലമായിരുന്നു..'
അവര്‍, അതു പറഞ്ഞു മുഴുവനാക്കിയില്ല...
`ശരിക്കും പഞ്ഞിത്തുണ്ട്‌.....!.'
ഓര്‍മ്മകളില്‍ മുഴുകിയിട്ടെന്നപോലെ, തങ്കമണിയമ്മ കൈത്തണ്ടയില്‍ സ്വയം തഴുകിക്കൊണ്ടിരുന്നു. അവരിപ്പോള്‍ സ്‌നേഹത്തിന്റെ ആ മൃദുസ്‌പര്‍ശം അനുഭവിയ്‌ക്കുകയാവും..

-ബാലുമേനോന്‍ എം

ചിത്രം- സുദീപ് ഈയെസ് 























No comments:

Post a Comment