ചെവിയൊന്നു വട്ടംപിടിക്കൂ...
ആദ്യകോല്‍ ഒലുമ്പുന്ന സ്വരം കേട്ടോ..??
ഗൃ....ധീം...
ഇടവേളയില്‍ കുറുങ്കുഴല്‍ നാദം. വീണ്ടും ഒരു ഗൃ..ധീം....
പാണ്ടിമേളത്തിന്റെ രൗദ്രസംഗീതം..!!.
ഇവിടെ, അരയാലിലകളില്‍, മണ്‍ത്തരികളില്‍, വീശുന്ന കാറ്റില്‍ കേള്‍ക്കാം, മേളപ്പെരുക്കങ്ങള്‍-പെരുവനം!.
ലോകത്തെവിടേയും കേള്‍വികേട്ട മേളഗ്രാമം..!!. പഞ്ചാരിയും പാണ്ടിയും പഞ്ചവാദ്യവും ഒക്കെ ഈ മണ്ണില്‍...
മേളക്കമ്പക്കാര്‍ ചെകിടോര്‍ക്കുന്ന മേളരാജാക്കന്‍മാരുടെ പേരുകളില്‍ ആദ്യം വരിക പെരുവനം എന്ന ഈ ഗ്രാമത്തിന്റെ പേരാണ്...മറ്റൊന്നുമല്ല..!.
മേളവും വേദവും ക്ഷേത്രേതിഹാസങ്ങളും ശില്‍പ്പകലാ പാരമ്പര്യവും എല്ലാമെല്ലാം ഈ ഗ്രാമത്തില്‍ തഴച്ചു..പടര്‍ന്നുപന്തലിച്ചു..അത് ലോകസാംസ്‌കാരിക പാരമ്പര്യത്തിന്റെ കനത്ത ഈടുവയ്‌പായി.
പൂരു മഹര്‍ഷി തപം ചെയ്‌ത ഘോരവനം. പൂരുവനം-പെരുവനം..തൃശൂര്‍ നഗരത്തില്‍ നിന്നും പന്ത്രണ്ടുകിലോമീറ്റര്‍ മാത്രം അകലെ, പെരുവനം എന്ന കൊച്ചുഗ്രാമം. ഈ ഗ്രാമത്തിന്റെ കഥകളന്വേഷിച്ചുള്ള യാത്രകളില്‍, കണ്ടതും കേട്ടതുമത്രയും, മനസ്സില്‍ അത്ഭുതം കോരിനിറച്ചു. പെരുമയുളെളാരീഗ്രാമം, ഇന്ന് പെരുവനം മഹാദേവ ക്ഷേത്രത്തിനു ചുറ്റുമുള്ള രണ്ടുകിലോമീറ്റര്‍ പ്രദേശമാണ്. യഥാര്‍ത്ഥപെരുവനത്തിന്റെ നാലതിരുകളില്‍ ഉള്‍പ്പെട്ടിരുന്നു, തൃശ്ശിവപേരൂരും ഇരിങ്ങാലക്കുടയുമെല്ലാം..!. വിശാലമായ ഗ്രാമഭൂമിക്കു കാവല്‍ വടക്ക് അകമലശാസ്‌താവും കിഴക്ക് കുതിരാന്‍മുടി അയ്യപ്പനും, പടിഞ്ഞാറ് എടത്തിരുത്തി അയ്യപ്പനും, തെക്ക് കൊടുങ്ങല്ലൂര്‍ ഊഴത്ത് ശാസ്‌താവും ആയിരുന്നത്രെ. 42 ദേശങ്ങള്‍ ഉള്‍പ്പെട്ടിരുന്ന മഹാഗ്രാമം!. സകലജാതിക്കാരുടേയും ആരാധനാമൂര്‍ത്തിയായി പെരുവനംക്ഷേത്രത്തിലെ ഇരട്ടയപ്പനും..!. പൂരുമഹര്‍ഷി ഹരിദ്വാറില്‍ നിന്നും ശിവപ്രസാദമായി ലഭിച്ച ശിവലിംഗം ഇവിടെ പ്രതിഷ്‌ഠിച്ചിരിക്കുന്നു എന്നാണൈതിഹ്യം.
മേളപാരമ്പര്യം പെരുവനത്തിനു കൈവന്നതെങ്ങിനെയെന്നന്വേഷണത്തിലാണ് പത്മശ്രീ കുട്ടന്‍മാരാരുടെ സംസാരത്തുടക്കം. അത് ഗ്രാമചരിത്രത്തിലൂടെ നീങ്ങി, ദേശക്ഷേത്രങ്ങളുടെ കിടമത്സരങ്ങളുടെയും പൂരപ്പൊലിമയുടേയും കഥകളിലേയ്‌ക്ക് `കൊട്ടിക്കയറി'...!. ശരിക്കും ഒരു മേളം പോലെ, പതികാലത്തില്‍ തുടങ്ങി `കൂട്ടിത്തട്ടി'ലെത്തിയ അനുഭവം...!.
`പൂരങ്ങളുടെ നാടാണിവിടം. സുമാര്‍ ആയിരത്തഞ്ഞൂറ് വര്‍ഷത്തെ പഴക്കം പറയാം. പെരുവനം ഇരട്ടയപ്പന്റെ പൂരം..അക്കാലത്ത് ഇരുപത്തെട്ടുദിവസത്തെ ഉത്സവമായിരുന്നു. അതിന് എത്തിയിരുന്നത് 108 ദേവീദേവന്‍മാര്‍...അതിനൊക്കെ അകമ്പടിയായി മേളവും.. അതായിരിക്കണം പെരുവനത്ത് മേളകല തഴച്ചുവളര്‍ന്നത്..'
എ.ഡി 583ലാണ് പെരുവനം പൂരം ആരംഭിച്ചതെന്ന് പറയപ്പെടുന്നുണ്ടെങ്കിലും അതിനും മുമ്പ് തന്നെ ഇത് ഉണ്ടായിരുന്നു എന്നും ഇടക്കാലത്ത് മുടങ്ങിപ്പോയ പൂരം എ.ഡി. 583ല്‍ പുനരാരംഭിക്കുക മാത്രമാണ് ചെയ്‌തത് എന്നും അഭിപ്രായമുള്ളവര്‍ ഉണ്ട്. ആദ്യകാലങ്ങളില്‍ 108 ക്ഷേത്രങ്ങളില്‍ നിന്ന് ദേവീദേവന്മാര്‍ ആറാട്ടുപുഴ പൂരത്തിനെത്തിയിരുന്നു. കേരളത്തിലെ 56 നാട്ടുരാജാക്കന്മാരും, പ്രഭുക്കന്‍മാരും പങ്കെടുക്കുമായിരുന്നു. 108 ആനകള്‍ ഓരോന്നും വെവ്വേറെ ക്ഷേത്രങ്ങളില്‍ നിന്നാണു വരുന്നത്. ഓരോ ആനകളും ഓരോ ദേവതകളെ പ്രതിനിധീകരിച്ച്...!. ആറാട്ടുപുഴ ശാസ്‌താവാണ് ആതിഥേയന്‍. എല്ലാ ദേവന്‍മാരും ദേവതമാരും ഈ ഉത്‌സവത്തിന് ഒത്തുകൂടാറുണ്ടെന്നാണ് വിശ്വാസം...!. മനുഷ്യരെപോലെ മത്സരബുദ്ധിയും കുശുമ്പും ഒക്കെയുള്ള ദേവകള്‍..!!. ഭൂമിയില്‍ ഇറങ്ങി നടന്ന ദേവചൈതന്യങ്ങള്‍..!!.
`പെരുവനത്ത് കൊടിയേറ്റിനുമുമ്പ്, നാടുവാഴികളുടെയും നാട്ടുകാരുടേയുമൊക്കെ പ്രശ്‌നങ്ങളും തര്‍ക്കങ്ങളും ചോദിച്ചു പരിഹാരം നിര്‍ദ്ദേശിച്ചേ അതു പതിവുള്ളൂ. പരാതിയുണ്ടെങ്കില്‍ പൂരം മാറ്റിവയ്‌ക്കും. അതാണ് വ്യവസ്ഥ!.'
അങ്ങിനെ ഒരിക്കല്‍ ഇതിനുവിരുദ്ധമായത് സംഭവിച്ചു. ബാലവിവാഹത്തിന്റെ ആ കാലത്ത് കന്യക രജസ്വലയായി..!. അതിനെ ചുറ്റിയുണ്ടായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ലപോല്‍!. അതോടെ പെരുവനത്തപ്പന്‍ പുറത്തിറങ്ങാതെയുമായി. തുടര്‍ന്നാണ് വിശ്വപ്രസിദ്ധമായ ആറാട്ടുപുഴ പൂരം പരിണാമപ്പെടുന്നത്. എഴുന്നള്ളിവരാത്ത പെരുവനത്തു തേവരെ കാണാന്‍ ദേവീദേവന്‍മാര്‍ വീണ്ടും വന്നു..അവര്‍ അവരുടെ പൂരങ്ങള്‍ ഗംഭീരമാക്കി.. പെരുവനത്തപ്പനെ വണങ്ങി..
`ഇന്ന് ഇരുപത്തിനാലു ദേവീദേവന്‍മാരാണ് ആറാട്ടുപുഴപൂരത്തിനു വരുന്നത്. പെരുവനം പൂരത്തിനു പതിനെട്ടും. `ആയതു ശിവലോകം' എന്ന കലിസംഖ്യ പ്രകാരം പൂരം തുടങ്ങിയത് എഡി 583 കളിലാണ് എന്ന് വ്യക്തമാണ്. അതുപ്രകാരം 1433-ാമത്തെ പൂരമാണ് കഴിഞ്ഞവര്‍ഷം ആഘോഷിച്ചത്..'-കുട്ടന്‍മാരാരുടെ വാക്കുകളില്‍ പൂരാവേശം നിറയുന്നതറിഞ്ഞു..
മേളക്കടല്‍ തീര്‍ത്ത പെരുവനംഗ്രാമവഴിയില്‍, ജ്വലിക്കുന്ന തീവെട്ടികള്‍ക്കു മുന്നില്‍ മിന്നിത്തിളങ്ങുന്ന നെറ്റിപ്പട്ടവുമണിഞ്ഞ് ഗജവീരന്‍മാര്‍..ആസ്വാദകരെ ആനന്ദത്തിലാറാടിക്കുന്ന കാഴ്‌ച...മുകളില്‍ ചന്ദ്രനുദിച്ചു നില്‍ക്കുന്ന മീനമാസരാവിലെ പൂരം നക്ഷത്രത്തനാളില്‍ ഭൂമിയിലെ ദേവസംഗമമായി ആറാട്ടുപുഴ പൂരം..!. മുപ്പത്തിമുക്കോടി ദേവകളും യക്ഷ-ഗന്ധര്‍വ്വ-കിന്നര-ദൈത്യന്‍മാരും ഭൂതപ്രേതാദി പിശാചുക്കളുമെല്ലാം ഭൂലോകവൈകുണ്‌ഠമായി മാറുന്ന ആറാട്ടുപുഴ പൂരപ്പാടത്ത് എത്തുമെന്ന് വിശ്വാസം!.
`പഞ്ചാരിയുടെ നാദലയപ്രവാഹം ആദ്യം മുഴങ്ങിയത് പെരുവനം പൂരത്തിനാണെന്ന് കഥയുണ്ട്. അതെന്തായാലും പഞ്ചാരി ഇന്നത്തെപോലെ ഹൃദഹാരിയായ ഒന്നാക്കി മാറ്റിയത് പെരുവനം ഗ്രാമമാണ്... പഞ്ചാരിയുടെ ഈറ്റില്ലം.'
കാലക്കണക്കുകള്‍...പാണ്ടിയും പഞ്ചാരിയും ഏറ്റിയിറക്കി ദേവീദേവന്‍മാരുടെ എഴുന്നള്ളത്ത്..അത് കാലപ്രവാഹത്തില്‍ അലിഞ്ഞുതീരാതെ ഇന്നും...
പെരുവനം-ആറാട്ടുപുഴ പൂരങ്ങളോടനുബന്ധിച്ചുള്ള പൂരങ്ങള്‍ക്കെല്ലാം പഞ്ചാരി നിര്‍ബന്ധം. പാണ്ടിയും. കേരളത്തിലെ മേളാസ്വാദകരെല്ലാം ഒരുപോലെ തലകുലുക്കി സമ്മതിക്കുന്ന ഒരേഒരു മേളം, പെരുവനത്തെ `നടവഴിപ്പൂര'ത്തിലേതാണ്.
ആദ്യകാലത്തെ ഇരുപത്തെട്ടുനാള്‍ ഉത്സവത്തിന്റെ വലിയവിളക്കു ദിവസമായ പൂയത്തിന്നാളാണ് ഇന്നത്തെ പെരുവനം പൂരം. പാണ്ടിയും പഞ്ചാരിയും ആര്‍ത്തിരമ്പുന്ന ആസ്വാദകരിലേയ്‌ക്ക് പെയതിറങ്ങുന്നു, ഇവിടെ..
ഏഴു ആനകളോടെ എഴുന്നള്ളി എത്തുന്ന ആതിഥേയനായ ആറാട്ടുപുഴ ശാസ്‌താവ് പെരുവനം ക്ഷേത്രത്തിന്റെ തെക്കേഗോപുരത്തില്‍ അണിനിരക്കുമ്പോള്‍ പാണ്ടിയാണ് അകമ്പടി..നടവഴിയെ അക്ഷരാര്‍ത്ഥത്തില്‍ പ്രകമ്പനം കൊളളിച്ചുകൊണ്ട് മേളഗോപുരം പൊട്ടിച്ചിതറും..!!. തുടര്‍ന്നെത്തുന്ന ചാത്തക്കുടം ശാസ്‌താവിന്റെ പൂരം കഴിയുന്നതോടെ മേടംകുളം, കല്ലേലി ശാസ്‌താക്കന്‍മാര്‍ക്കൊപ്പം ആറാട്ടുപുഴ ശാസ്‌താവ് പെരുവനം ക്ഷേത്രത്തിലേയ്‌ക്ക് ഒന്നിച്ചെഴുന്നള്ളും ഇവിടെ പഞ്ചാരിയുടെ സ്വരമാധുരി ആസ്വാദകനെ മാസ്‌മരലോകത്തേയ്‌ക്കുയര്‍ത്തുന്നു!. താരതമ്യമില്ലാത്ത മേളപ്പെരുക്കങ്ങള്‍...!. ഈ എഴുന്നള്ളിപ്പുകള്‍ പെരുവനം ക്ഷേത്രമതില്‍ക്കകത്തു കയറുന്നതോടെ `മുറിയടന്ത'യായി മാറുന്നു...ഇടമുറിയാത്ത മേളസാഗരം..!!.
ഇവിടെ മേളത്തിനാണ് പ്രാധാന്യം. ഓരോ എഴുന്നള്ളിപ്പിനും നൂറ്റമ്പതോളം കലാകാരന്‍മാരാണ് അണിനിരക്കുക.. ചടങ്ങുകളുടെ അവസാനിക്കാത്ത പൂരംകൂടിയാണ് ആറാട്ടുപുഴ.
` ആറാട്ടുപുഴ ദിവസം മേളവും പഞ്ചവാദ്യവും നിറയും...മകരക്കൊയ്‌ത്തൊഴിഞ്ഞ പൂരപ്പാടത്ത് രാത്രിയില്‍...' മതിമറന്നിരുന്ന് കുട്ടേട്ടന്‍ അതുപറയുമ്പോള്‍ അകക്കണ്ണില്‍ അതുകാണാം-ഭൂമിയിലെ ദേവസംഗമം.
ആറാട്ടുപുഴ ശാസ്‌താവ് നിലപാടുനില്‍ക്കുന്നതോടെ മറ്റുദേവീദേവന്‍മാരുടെ പൂരങ്ങള്‍ ആരംഭിക്കുകയായി. ക്ഷേത്രഗോപുരത്തിനും നിലപാടുതറയ്‌ക്കും മധ്യേ വിശാലമായ പാടത്ത് കയറ്റവും ഇറക്കവും പടിഞ്ഞാറുനിന്നുള്ള വരവുമായി അനുസ്യൂതമായി പൂരങ്ങള്‍.. തൃപ്രയാര്‍ തേവര്‍ കൈതവളപ്പില്‍ എത്തുംവരെ!.
രാത്രി 11ന് തൊട്ടിപ്പാള്‍ ഭഗവതിക്കൊപ്പം ചാത്തക്കുടം ശാസ്‌താവ് ആദ്യം എത്തി പഞ്ചാരിയുടെ പാല്‍ക്കടല്‍ തീര്‍ക്കും..!. ഒരുമണിയോടെ പൂനിലാര്‍ക്കാവ്, ചാലക്കുടി പിഷാരിക്കല്‍, കടുപ്പശ്ശേരിഭഗവതിമാര്‍..അവിടേയും ഉജ്വലമായ പഞ്ചാരികൊട്ടിത്തിമിര്‍ക്കുന്നു..
പിന്നെ അര്‍ദ്ധരാത്രി എടക്കുന്നി ഭഗവതിയെത്തും. പിറകേ അന്തിക്കാട്, ചൂരക്കോട് ഭഗവതിമാരും അതോടെ പൂരപ്പാടം പഞ്ചാരിയുടെ പാല്‍ക്കടലാകും..
`പടിഞ്ഞാറുനിന്നും നെട്ടിശേരി ശാസ്‌താവിന്റെ വരവ് പാണ്ടിയുടെ അകമ്പടിയിലാണ്. പിന്നെ, പൂരപ്പാടത്ത് കൈതവളപ്പിലെത്തും വരെ പൂരത്തിലെ നെടുനായകത്വം വഹിക്കുന്ന തൃപ്രയാര്‍ തേവര്‍ക്ക് പഞ്ചവാദ്യം; അവിടെ നിന്നും പാണ്ടിയുടെ രൗദ്രഭാവം ആവാഹിക്കുകയായി. പാണ്ടിയും കലാശിച്ച് ഇടതുവശത്ത് ഊരകത്തമ്മയും ചാത്തക്കുടം ശാസ്‌താവും വലതുവശത്ത് ചേര്‍പ്പ് ഭഗവതിയുമായി തേവര്‍ 21 ആനകളോടെ നിരക്കും. ഒപ്പം മറ്റുദേവകളും..71 ആനകള്‍..!!.' അതോടെ ആറാട്ടുപുഴ പൂരപ്പാടം ഭൂലോകവൈകുണ്‌ഠമാകുന്നു എന്ന് ഐതിഹ്യം.
പൂരക്കഥകള്‍ പറഞ്ഞുപറഞ്ഞ് മേളപ്പെരുമനിറഞ്ഞ, പെരുവനത്തിന്റെ നാട്ടിടവഴികള്‍ താണ്ടിയതറിഞ്ഞില്ല. വിവരിക്കാന്‍ ഏടുകള്‍ പോരാതെവരുന്ന മേളസംസ്‌കൃതി. ഒരുകാലത്ത് ഇവിടെയെത്തിയിരുന്ന വിഭാഗം പിരിഞ്ഞുപോയാണ് തൃശൂര്‍പൂരംപോലും ഉണ്ടായതെന്ന ഓര്‍മ്മപ്പെടുത്തല്‍..
ചേര്‍പ്പ് ഭഗവതി ഭൂമിദേവിയാണെന്ന് സങ്കല്‍പ്പം. ഊരകത്തമ്മയ്‌ക്ക് മഹാലക്ഷ്‌മി സങ്കല്‍പ്പവും. ഈ രണ്ടു തട്ടകക്കാരും തമ്മിലുള്ള കടുത്ത കിടമത്സരം പൂരത്തിന്റെ ചാരുത വര്‍ദ്ധിപ്പിച്ചുവെന്ന് ചരിത്രം.
തെളിമാറ്റിയ വെളിച്ചെണ്ണയാണ് തീവെട്ടികളില്‍ ഉപയോഗിക്കുക!. തെളിഞ്ഞുകത്തുന്ന പന്തങ്ങളുടെ വെളിച്ചത്തില്‍ ആനയുടെ സ്വര്‍ണാലങ്കാരങ്ങള്‍ക്ക് ഇരട്ടിശോഭ..!!. മുല്ലമൊട്ടുപോലെ ലക്ഷണത്തികവുള്ളതാകണം പന്തത്തിരി!. ഈ ചിട്ടകള്‍ക്കൊന്നും ഇന്നും മാറ്റമില്ല..!!. ഇന്നുകാണുന്ന രീതിയിലുള്ള നെറ്റിപ്പട്ടം ആദ്യമായി രൂപം നല്‍കിയത് ചേര്‍പ്പ് ഭഗവതിയുടെ തട്ടകക്കാരായ കിരാങ്ങാട്ട് മനയ്‌ക്കലാണ്. പൂരങ്ങളെങ്ങിനെയൊക്കെ ചാരുതകൂട്ടാം എന്നു ഗവേഷണം നടത്തിയ ഒരു ഗ്രാമം..!. ആനച്ചമയം മുതല്‍ മേളക്കണക്കുകള്‍ വരെ കൂട്ടിയും കിഴിച്ചും...!!.
മേളകലയുടെ കുലപതികളായ കുമാരപുരം കുഞ്ഞികൃഷ്‌ണന്‍ മാരാര്‍, കുമാരപുരം രാമമാരാര്‍, കുറുപ്പത്ത് നാണുമാരാര്‍, കുറുപ്പത്ത് ഈച്ചരമാരാര്‍, കുമാരപുരം അപ്പുമാരാര്‍, കാച്ചാംകുറുശ്ശി ചക്രപാണി, മാരേക്കാട്ട് ഈച്ചരമാരാര്‍, പരിയാരത്ത് കുഞ്ഞന്‍മാരാര്‍, പരിയാരത്ത് കുഞ്ഞുമാരാര്‍, ചക്കംകുളം ശങ്കുണ്ണിമാരാര്‍, ചക്കംകുളം അപ്പുമാരാര്‍, തൃപ്പേക്കുളം ഗോവിന്ദമാരാര്‍, തൃപ്പേക്കുളം അച്യുതമാരാര്‍, മാക്കോത്ത് നാണുമാരാര്‍, മന്നത്തുപത്മനാഭന്‍ പഞ്ചാരിഗന്ധര്‍വ്വന്‍ എന്നു വിശേഷിപ്പിച്ച പെരുവനം നാരായണമാരാര്‍, പെരുവനം ശങ്കുണ്ണിമാരാര്‍, പെരുവനം രാമമാരാര്‍, പെരുവനം നാരായണമാരാര്‍, പെരുവനം അപ്പുമാരാര്‍, പെരുവനം അനിയന്‍മാരാര്‍ മുതല്‍ പെരുവനം കുട്ടന്‍മാരാരിലേയ്‌ക്കും സതീശനിലേയ്‌ക്കുമെല്ലാം നീളുന്ന അവസാനിക്കാത്ത മേളപാരമ്പര്യത്തിന്റെ ശൃംഖലകള്‍. അവസാനിക്കാത്ത പരമ്പരകള്‍..അവസാനമില്ലാത്ത കഥകള്‍..!.
മേളകലയുടെ ഈറ്റില്ലം കടന്ന് വേദപാരമ്പര്യത്തിലേയ്‌ക്ക് ദൂരം ഒട്ടുമില്ല, ഇവിടെ. പരശുരാമസ്രഷ്ടമായ മുപ്പത്തിരണ്ടു മലയാളഗ്രാമങ്ങളില്‍ സര്‍വ്വപ്രാധാന്യം പെരുവനത്തിനുണ്ടെന്നത് വെറുംകഥയല്ല. യജൂര്‍വേദഗ്രാമമാണിത്.
നവതിയുടെ നിറവില്‍ നവോന്മേഷത്തോടെ കണ്ണമംഗലം ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് ആ കഥപറഞ്ഞു. ക്ഷയിച്ചുവരുന്ന ഒരു വേദപാരമ്പര്യത്തിന്റെ..
`ശുകപുരത്ത് ഋഗ്വേദം, ഇവിടേയും ഇരിങ്ങാലക്കുടയും തളിപ്പറമ്പ്, കരിക്കാട്ട് എന്നിവിടങ്ങളിലും അധികം യജൂര്‍വേദം, പാഞ്ഞാള്‍ സാമം അങ്ങിനെയാ കണക്ക്..ഇപ്പോള്‍ ഇവിടെ ഞാനും എന്റെ അനുജനും മാത്രേള്ളൂ ഈ പരമ്പരയില്‍..പുതിയ തലമുറയിലാേരയും കിട്ടാനില്ല, വേദം പഠിക്കാന്‍...'
യജൂര്‍വേദ വേദമന്ത്രങ്ങള്‍ അലയടിച്ചുയര്‍ന്നിരുന്ന പെരുവനം ഗ്രാമം, ഇരുപത്തിരണ്ട് ഗ്രാമക്ഷേത്രങ്ങളിലും `ഓത്തുകൊട്ട്' എന്നറിയപ്പെട്ടിരുന്ന വേദജപം നടന്നിരുന്ന സ്ഥലം..ഇന്ന് മിത്രാനന്ദപുരം വാമനമൂര്‍ത്തി ക്ഷേത്രത്തില്‍ മാത്രമായി ഒതുങ്ങിയിരിക്കുന്നു-അതും മൂന്നുവര്‍ഷത്തിലൊരിക്കല്‍. യജൂര്‍വേദത്തിലെ കൃഷ്‌ണയജൂര്‍വേദത്തിന്റെ സാരസ്വതപാഠമാണ് കേരളത്തില്‍ പ്രചാരത്തിലുള്ളത്.
`ഞങ്ങളുടെ കുട്ടിക്കാലത്ത്, അഞ്ചാറ് വയസ്സ് മുതല്‍ തുടങ്ങും വേദാധ്യായനം. അതും നമസ്‌കാരവും തന്നെ. അതിനുശേഷം തിരുവുളളക്കാവ് ശാസ്‌താവിനെ ഒരു വര്‍ഷം ഭജിച്ചശേഷമേ പ്രയോഗങ്ങള്‍ തുടങ്ങൂ.'
വേദംകൊണ്ടുള്ള അര്‍ച്ചനയാണ് മിത്രാനന്ദപുരത്ത് പ്രധാനം. പെരുമ്പിള്ളിശേരി ദേശത്തെ പത്തില്ലക്കാര്‍ ആണ് ഓത്തുകൊട്ട് നടത്തിയിരുന്നത്- അക്കരചിറ്റൂര്‍ മന, ആലക്കാട്ടുമന, അയിരില്‍മന, എടപ്പുലത്തുമന, കണ്ണമംഗലംമന, കിരാങ്ങാട്ടു മന, കിഴീല്ലത്തുമന, ചെറുവത്തൂര്‍ മന, പട്ടച്ചോമയാരത്തുമന, വെള്ളാംപറമ്പു മന.
`കൃഷ്‌ണയജുര്‍വേദത്തിന്റെ ഉപാസനയാണ് ഓത്തുകൊട്ട്. ആദ്യത്തെ 44 പര്‍ച്ചം മാത്രമേ ഓത്തുകൊട്ടിന് ഉപാസിക്കൂ. ഇതിന്റെ പരമമായ ലക്ഷ്യം ലോകസമാധാനം തന്നെ..'- ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്.
സംഹിത,പദം,കൊട്ട്, എന്നീ മൂന്നുവിധത്തിലുള്ള ആലാപനക്രമമുണ്ട്. കൊട്ട് പാണ്ഡിത്യപ്രകടനമാണ്. സന്ധ്യാകാലത്താണ് കൊട്ട് പതിവ്. പണ്ഡിതര്‍ക്കു മുന്നില്‍ ഒരു ഓത്ത് നാല് പദങ്ങളായി ചൊല്ലുകയും മറ്റുള്ളവര്‍ മൂന്നുതവണ ആവര്‍ത്തിക്കുകയും ചെയ്യുന്നതാണ് ഇതിന്റെ രീതി. പദവിശ്ലേഷണത്തിലും സ്വരത്തിലും പിഴവുകൂടാതെ തങ്ങളുടെ പാണ്ഡിത്യം പ്രകടിപ്പിക്കുകയാണിവിടെ. ഇങ്ങിനെ 44 പര്‍ചം (വാല്യം) കൃഷ്‌ണയജുര്‍വേദം 16 ആവര്‍ത്തി ആലപിക്കുന്നതാണ് ഓത്തുകൊട്ട്.
`വേദസംരക്ഷണം എങ്ങിനെ എന്ന് ദുഃഖിച്ചുതപം ചെയ്‌ത ഋഷിമാര്‍ക്കുമുന്നില്‍ ജഡാധാരിയായെത്തിയ പരമേശ്വരന്‍ തന്നെയാണ് ഓത്തുകൊട്ട് നിശ്ചയിച്ചതെന്നാണ് കഥ..'- പഴമയും പുതുമയും കണ്ട നമ്പൂതിരിപ്പാടിന്റെ കണ്ണുകളില്‍ തിളക്കം..
യജുര്‍വേദം കൊണ്ട് ഓത്തുകൊട്ട്, പഞ്ചമികൊട്ട് എന്നിവയും സാമ-ഋഗ്വേദങ്ങള്‍ കൊണ്ട് മുറജപവും ഇവിടെ നടന്നുവന്നു. `ഓത്തുകേട്ട' നെയ്യ് സേവിക്കുന്നത് സന്താനലബ്ധി, വിവാഹലബ്ധി, വിദ്യാലബ്ധി എന്നിവയ്‌ക്ക് ഉത്തമമെന്നാണ് വിശ്വാസം. ഇന്ത്യയില്‍ തന്നെ അപൂര്‍വ്വമായ സമ്പൂര്‍ണ യജൂര്‍വേദ യജ്ഞമാണ് ഓത്തുകൊട്ട്. അതിന്റെ നിലനില്‍പ്പിനായി പുതിയൊരു തലമുറ കടന്നുവരുമെന്ന പ്രതീക്ഷയില്‍ ഒരു ഗ്രാമം കാത്തിരിക്കുന്ന കാഴ്‌ച...
കൃഷ്‌ണയജുര്‍വേദത്തിന്റെ ഉത്ഭവകഥയ്‌ക്കുമുണ്ട് കൗതുകം. വേദകാലത്തോളം പഴക്കം. വൈശമ്പായന മുനിക്കു വന്ന ബാലഹത്യാപാപത്തിന്റെ മോചനത്തിനായി ശിഷ്യരോട് തപം ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നു അദ്ദേഹം. താനൊറ്റയ്‌ക്ക് അതു ചെയ്‌തോളാം എന്ന് പ്രധാനശിഷ്യനായ യാജ്ഞവല്‍ക്യന്‍. ശിഷ്യന്റെ അഹന്തയില്‍ കുപിതനായ മുനി, അയാളോട് ആശ്രമം വിട്ടുപോകാന്‍ കല്‍പ്പിക്കുകയാണ്.., പഠിച്ചതത്രയും അവിടെ ഉപേക്ഷിച്ച്..!!. യാജ്ഞവല്‍ക്യന്‍ അപ്രകാരം താന്‍ പഠിച്ചവേദസാരമത്രയും അവിടെ ഛര്‍ദ്ദിച്ചുകളഞ്ഞ് ആശ്രമം വിട്ടുപോകുന്നു. ആ നിറഞ്ഞ അറിവുകണ്ട മറ്റുശിഷ്യര്‍ തിത്തിരിപ്പക്ഷികളുടെ വേഷംധരിച്ച് ഛര്‍ദ്ദിച്ചുകളഞ്ഞ അറിവുകള്‍ ഭക്ഷിച്ചു എന്നാണ് കഥ. അതുകൊണ്ട ഈ യജുര്‍വേദശാഖയ്‌ക്ക് തൈത്തിരീയ ശാഖ എന്നുകൂടി പേര്‍ വന്നു..
അത്ഭുതപ്പെടുത്തുന്ന അറിവിന്റെ കഥകള്‍...
മേളപ്പെരുമയില്‍ മാത്രം അറിയപ്പെടുന്ന പെരുവനം ഗ്രാമത്തിന്റെ ശില്‍പ്പസൗന്ദര്യമാണ് കിഴക്കൂട്ട് തറവാട്ടുകാര്‍. ഒരു ഗ്രാമത്തെ മഹാമാരിയില്‍ നിന്നു രക്ഷിച്ച ശില്‍പ്പവൈദഗ്‌ധ്യത്തിന്റെ കഥകൂടി പറയുന്ന, ശില്‍പ്പകലയിലൂടെ പെരുവനം ഗ്രാമകീര്‍ത്തി കടലേഴും കടത്തിയ കുടുംബം.
ചേര്‍പ്പ് സതീഷ്‌കുമാര്‍ ഈ പൈതൃക പരമ്പരയിലെ അവസാനത്തെ കണ്ണി..
ഹൂസ്റ്റണിലെ ഹരേകൃഷ്‌ണ ക്ഷേത്രത്തിലെ ശ്രീകോവിലിന്‍റെ ചുമരുകളില്‍ മ്യൂറല്‍ ചിത്രങ്ങളുടെ രീതിയില്‍ മരത്തില്‍ തീര്‍ത്ത കൃഷ്‌ണകഥാ സന്ദര്‍ഭങ്ങളില്‍ സതീഷിന്റെ കൈയൊപ്പ്. ഹരേകൃഷ്‌ണ ക്ഷേത്രത്തിലേക്ക് 16 ശ്രീകൃഷ്‌ണശില്‍പ്പങ്ങള്‍ മൂന്ന് അടി വലുപ്പത്തിലാണ് നിര്‍മിച്ചു നല്‍കിയതെങ്കില്‍ രണ്ടര ഇഞ്ച് വീതിയുള്ള വൃത്തത്തിനുള്ളിലും ശ്രീകൃഷ്‌ണ കഥയിലെ വിവിധ സന്ദര്‍ഭങ്ങള്‍ മരത്തില്‍ കൊത്തിയെടുത്തിയെടുത്ത് കാണിച്ചു...!
സതീഷ്‌കുമാറിന്റെ പാരമ്പര്യത്തിന് പെരുവനത്തിന്റെ ചരിത്രത്തോളം പഴക്കം. നമ്പോത എന്നാണ് പിതാമഹന്‍മാര്‍ അറിയപ്പെട്ടത്...അവരെയാരേയും പേര്‍തിരിച്ചു പറയാനാവുന്നില്ലെങ്കിലും മഹാപരമ്പരയുടെ കണ്ണിയായതില്‍ അഭിമാനിക്കുന്നു ഈ നാല്‍പ്പതുകാരന്‍.
വല്ല്യച്ഛന്‍ ശങ്കുണ്ണിയാണ് മരക്കൊത്തില്‍ ഗുരു. അദ്ദേഹമാകട്ടെ ഒറ്റമരത്തില്‍ കൊത്തിയെടുത്ത നടരാജശില്‍പ്പം മോഹന്‍ലാലിനു സമ്മാനിച്ചത് മാധ്യമശ്രദ്ധനേടിയയാള്‍..
`` `ആനപ്പണി' എന്നാണ് ഞങ്ങളുടെ തൊഴില്‍ അറിയപ്പെടുന്നത്,വര്‍ഷങ്ങളായി. മരംകൊണ്ടുള്ള ലക്ഷണത്തികവുള്ള ഗജങ്ങളെ ജീവസ്സോടെ നിര്‍മ്മിച്ചെടുക്കുന്നതിലെ വൈദഗ്‌ധ്യം. മുത്തച്ഛന്‍ ചെറുവിരലോളം പോന്ന ആനകളെ നിര്‍മ്മിക്കുന്നതില്‍ വൈദഗധ്യം തെളിയിച്ചപ്പോള്‍, അച്ഛന്‍ രാമചന്ദ്രന്‍ ആറടി ഉയരം വരുന്ന ആനകളെ തീര്‍ത്തു...''
എഴുപതുകളില്‍ പെരുവനത്തെ തച്ചന്‍മാരുടെ `ട്രേഡ്‌മാര്‍ക്ക്' ആനകളായിരുന്നു..മരംകൊണ്ടു തീര്‍ത്ത തനിസ്വരൂപങ്ങള്‍..!. സ്വദേശത്തും വിദേശത്തും പെരുവനത്തിന്റെ കൈയൊപ്പുവീണ മരപ്പണികള്‍..
മഹാമാരി പെരുവനം ഗ്രാമത്തെയും വിഴുങ്ങിയ ഒരുകാലം. അതിനു തടയിടാന്‍ അഷ്ടാവക്ര മഹര്‍ഷിയുടെ ആയിരം പ്രതിമകള്‍ നിര്‍മ്മിച്ച് ക്ഷേത്രങ്ങളിലേയ്‌ക്ക് നല്‍കി ഗ്രാമത്തെ രക്ഷിച്ചൊരു കഥയുണ്ട് ഈ കുടുംബത്തിന്. അന്നു നിര്‍മ്മിച്ച പ്രതിമകളില്‍ ഒന്ന് ഇന്നും തറവാട്ടിലെ കൊട്ടിലില്‍ കാണാം- ചരിത്രസാക്ഷ്യമായി..!. പെരുവനത്ത് എവിടേയും നിറയുന്നത് ഐതിഹ്യപ്പെരുമകള്‍ മാത്രം..
കാലം മാറി. മരക്കൊത്തിനു പുരാണകഥകളും ദേവീ/ദേവന്‍മാരും പോരാതെവരുന്നുവെന്നറിയുന്നു. സതീഷ്‌കുമാറും മാറി..
എം.ടി. വാസുദേവന്‍നായരുടെ രണ്ടാമൂഴം നോവലിനെ ആസ്‌പദമാക്കി ഒരുക്കിയ കല്ല്യാണ സൗഗന്ധികമെന്ന ശില്‍പ്പം ചലചിത്രതാരം മോഹന്‍ലാലിനാണ് സതീഷ്‌കുമാര്‍ സമര്‍പ്പിച്ചത്. കുമിള്‍ മരത്തില്‍ കാറ്റിന്‍റേയും കാട്ടുവള്ളികളുടേയും പശ്‌ചാത്തലത്തില്‍ നാല് അടിയോളം ഉയരത്തില്‍ തീര്‍ത്ത ശില്‍പ്പം ഒന്നര മാസത്തെ പരിശ്രമം കൊണ്ടാണു സതീഷ് പൂര്‍ത്തിയാക്കിയത്...!.
പാവറട്ടി തീര്‍ത്ഥകേന്ദ്രത്തിലെ മുഖമണ്ഡപത്തില്‍ ഒറ്റത്തടി തേക്കില്‍ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുസ്വരൂപം ഒരുക്കിയതും സതീഷ്‌കുമാറും സംഘവും ഇരുപത്തെട്ടു ദിവസംകൊണ്ട്. പുതിയ കാപ്‌ഷനുകള്‍ കണ്ടെടുക്കുന്നു സാഹിത്യത്തില്‍ നിന്നും- അതു ബൗദ്ധേപദേശമാകാം ബൈബിള്‍ ആകാം..എംടിയുടെ കഥാസന്ദര്‍ഭങ്ങളാവാം..
മഹാപാരമ്പര്യത്തിന് പിന്തുടര്‍ച്ചയില്ലെന്ന ദുഃഖം ഇവിടേയും..പുതിയ തലമുറയില്‍ ഒരാള്‍ പോലും ഇല്ല, ഈ പാതയില്‍..!!.
വേദകാലഘട്ടത്തിന്‍റെ പാരമ്പര്യമുള്ള വൈദ്യരത്‌നം തൈക്കാട്ട് മൂസ് കുടുംബം.. വൈദ്യപാരമ്പര്യത്തിന്റെ ശാലവൈദ്യ പരമ്പരയില്‍പ്പെട്ട വൈദ്യമഠം. ആരോഗ്യരംഗത്തും പെരുവനംഗ്രാമത്തിന്റെ സംഭാവന.. 99 സോമയാഗങ്ങള്‍ ചെയ്‌ത മേഴത്തോള്‍ അഗ്നിഹോത്രിയാണ് വൈദ്യമഠത്തിനെ യാഗശാലയിലെ വൈദ്യന്‍മാരായി നിയമിച്ചത് എന്നത് ചരിത്രം.. കൊച്ചിരാജാവും പണ്ഡിതശ്രേഷ്‌ഠനുമായ പരീക്ഷിത്ത് തമ്പുരാന്റെ ജനനം അങ്ങേയറ്റം പ്രയാസമേറിയതായിരുന്നുവത്രെ..പ്രസവത്തില്‍ മാതാവോ കുട്ടിയോ എന്ന് സംശയമായി. വൈദ്യമഠം അതു സുഖപ്രസവമാക്കിയ കഥയും പ്രസിദ്ധം. പരശുരാമന്‍ നിശ്ചയിച്ച അഷ്ടവൈദ്യപാരമ്പര്യവുമായി തൈക്കാട്ട് മൂസ്സുമാര്‍..ചികിത്സയുടെ അത്ഭുതകഥകള്‍...അനുഗ്രഹവര്‍ഷം പോലെ..!!. പരശുരാമന്‍ താന്ത്രികവൃത്തിക്ക് നേരിട്ടു അധികാരം നല്‍കിയ തരണനെല്ലൂര്‍മനയും പെരുമനിറഞ്ഞ ഈ സംസ്‌കൃതിയുടെ ഭാഗം. കേരളത്തിലെ ആദ്യ രണ്ടു താന്ത്രിക കുടുംബക്കാരില്‍ ഒന്ന്..!!. പറഞ്ഞാലും പറഞ്ഞാലും തീരാത്ത ചരിത്രവഴികള്‍..
പെരുവനത്തെ ഓരോ നാട്ടിടവഴിയ്‌ക്കും പറയാന്‍ കഥകളുണ്ട്, അവസാനിക്കാത്ത മഹാപാരമ്പര്യത്തിന്റെ!. അരയാലുകള്‍ തണല്‍വിരിച്ച ചെമ്മണ്‍വഴിയിലൂടെ ചുറ്റിനടന്നാല്‍ കേള്‍ക്കാം, ഗ്രാമം കഥപറയുന്നത്..മഹിതമായ ഒരാത്മകഥ..!!.
-ബാലുമേനാന്‍ എം.
ചിത്രം: സുദീപ് ഈയെസ്
നോട്ട്:
1. പെരുവനം ക്ഷേത്രത്തിലെ വഴിപാട് അവകാശങ്ങള്‍ ഇന്നും തിരുവിതാംകൂര്‍ രാജാക്കന്‍മാര്‍ക്കാണ്.
നിത്യനിദാനമായ ഉച്ചപ്പൂജയും ഇല്ലംനിറയും കൂത്തും എല്ലാം തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് നടത്തിവരുന്നു. പറവൂര്‍ രാജ്യം സാമൂതിരിയുടെ ആക്രമണത്തെതുടര്‍ന്ന് തിരുവിതാംകൂറില്‍ ലയിച്ചതു കാരണമാണിത്.
2.ഗ്രാമത്തിലെ തന്ത്രികുടുംബമായ കുന്നത്തുപടിഞ്ഞാറേടത്ത് ഭട്ടതിരിമാര്‍ക്കാണ് ക്ഷേത്രത്തിലെ താന്ത്രികാധികാരം. സ്വയംഭൂവായ ഇരട്ടയപ്പനെകൂടാതെ മാടത്തിലപ്പന്‍ എന്ന ഒരു ശിവസാന്നിധ്യം കൂടി ഈ ക്ഷേത്രത്തിലുണ്ട്..
എന്റെ ഗ്രാമം പെരുവനം
ReplyDeleteവളരെ നന്നായിട്ടുണ്ട്