എന്റെ മക്കളെ അറിയിക്കരുത്. അത് ഫുള്‍സ്‌റ്റോപ്പ്..!.
പക്ഷെ, പൂര്‍ണവിരാമം തട്ടിക്കളഞ്ഞ് ഒരാള്‍ കടന്നു വന്നു-
നാലാമത്തെ മകന്‍..
കലാമണ്ഡലം കേശവന്‍ ഗീതാനന്ദന്‍.
ഓട്ടന്‍തുള്ളല്‍ കൊണ്ടു ജീവിതം വഴിമുട്ടിയ അച്ഛനു മുന്നില്‍ തുള്ളല്‍കൊണ്ടു തന്നെ ജീവിതം നിറഞ്ഞു തുളുമ്പുന്നത് കാണിച്ചുകൊടുത്തു മകന്‍..!!.
കാലം കുറേ മുമ്പാണ്. അഖിലാണം എന്ന വള്ളുവനാടന്‍ ഗ്രാമത്തിലെ നാട്ടിടവഴികളിലൂടെ അയാള്‍ നടന്നു. ദിവസങ്ങളോളം നീണ്ട തുള്ളല്‍ പരിപാടികള്‍ കഴിഞ്ഞുള്ള വരവാണ്. കൈനിറയേ പണം...ഉടുക്കാന്‍ മുണ്ടുകള്‍..എന്തെല്ലാം പ്രതീക്ഷകളായിരുന്നു..!. അമ്മയുടെ കൈയില്‍ കുറച്ചു പണം കൊടുക്കണമെന്ന മോഹം പോലും...
മാവുകള്‍ തണല്‍ വിരിച്ച, മണ്‍വെട്ടുവഴിയിലൂടെ നടക്കുമ്പോള്‍ ഒന്നു നിശ്ചയിച്ചുറപ്പിച്ചിരുന്നു. ഇനി ഇല്ല...തുള്ളല്‍ വേദിയിലേയ്‌ക്ക്..
അച്ഛന്‍ കേശവന്‍ നമ്പീശന്‍ അന്ന് കുഞ്ചനെ ശപിച്ചു..!!.
ആറുമക്കളുള്ള കുടുംബത്തിലെ പട്ടിണി...
അമ്പലത്തിലെ മാലകെട്ടുന്ന ജോലിയ്‌ക്കു ഒരു ചാക്ക് നെല്ലാണ് ആകെ പ്രതിഫലം. തുള്ളല്‍ അവതരിപ്പിച്ചു ജീവിതം ഇരുതല മുട്ടിക്കാമെന്ന വ്യാമോഹമാണ് പൊലിയുന്നത്.
അമ്മാവന്‍ പരമേശ്വരന്‍ നമ്പീശനൊപ്പം തുള്ളല്‍ അരങ്ങുകളില്‍ നാടൊട്ടുക്കും അലഞ്ഞിട്ടും ഒരു കോടിമുണ്ട് പോലും ഇന്നുവരെ കൈവെള്ളയില്‍ വച്ചു തന്നില്ല..!. അമ്മായിയുടെ വൈഭവം..!!.
കിട്ടുന്നതത്രയും അവര്‍ വാങ്ങിവച്ചു. ഒഴിഞ്ഞ കൈയും മനസ്സുമായി മടങ്ങി..
`എന്റെ മക്കളോട് ഇതൊന്നും പറയരുത്..അവര്‍ ഇതറിയരുത്..' -എന്നമ്മയോടു പറഞ്ഞ്, പടിപ്പുര കടന്ന് പോകുന്ന അച്ഛന്‍..
മധുരയിലേയ്‌ക്ക്..എന്തെങ്കിലും തൊഴിലെടുത്ത് കുടുംബം പോറ്റാന്‍..
`അധ്യാപകനാകണമെന്ന് കൊതിച്ചതായിരുന്നു അച്ഛന്‍..വാര്‍ഷിക സ്‌കൂള്‍ പരീക്ഷയുടെ തലേന്ന് അമ്മാവന്‍ നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടുപോയി, തുള്ളലിന് ഒരു സഹായി ഇല്ലെന്ന് പറഞ്ഞ്..പിന്നെ അച്ഛന്‍ വന്നത് മൂന്നുമാസം കഴിഞ്ഞാണ്. ഒഴിഞ്ഞ കയ്യുമായി..അധ്യാപകനാകാനുള്ള മോഹവും കളഞ്ഞ്...'.
അച്ഛന്റെ ഒരു സുഹൃത്ത് മധുരയിലുണ്ടായിരുന്നു..അയാള്‍ വിളിച്ചിട്ടാണ് അച്ഛന്‍ തൊഴിലന്വേഷിച്ച് നാടുവിടുന്നത്..
അച്ഛന്റെ കലാജീവിതം തകര്‍ന്നുവീണ കഥകള്‍ പറയുമ്പോള്‍, കുഞ്ചന്റെ വാശിയും നിശ്ചയവുമെല്ലാം മിന്നിമാഞ്ഞൂ, ഗീതാനന്ദന്റെ കണ്ണുകളില്‍..
നമ്പ്യാരുടെ വരികളില്‍ കാണുംപോലെ-
`പാല്‍ക്കടല്‍ത്തിര തള്ളിയേറി
വരുന്നപോലെ പദങ്ങളെന്‍
നാവിലങ്ങനെ നൃത്തമാണൊരു
ഭോഷ്‌ക്കു ചൊല്ലുകയല്ല ഞാന്‍'.
ഒരു നിമിഷം മനസ്സ് അമ്പലപ്പുഴയിലെത്തി...
കളിവിളക്കിന്‍ വെളിച്ചത്തില്‍ പരിഹാസശരങ്ങളുമായി ചാക്യാര്‍ കഥപറയുന്നു. കൂത്തമ്പലം നിറയേ ആസ്വാദകര്‍..
ഉറക്കമൊഴിപ്പിന്റെ ക്ഷീണത്തില്‍ മിഴാവു കൊട്ടിയിരുന്ന നമ്പ്യാര്‍ ഒന്നു മയങ്ങി..
ആളുകളുടെ കൂട്ടച്ചിരികേട്ട് ഞെട്ടിയുണരുമ്പോള്‍, ചാക്യാരുടെ പരിഹാസപ്പെരുമഴ തന്റെ നേരേ!.
ഖിന്നനായി അന്ന് മടങ്ങിയ നമ്പ്യാരുടെ മനസ്സില്‍ വാശിയായിരുന്നു..
അത് പിറ്റേന്ന് ക്ഷേത്ര ഗോപുരത്തിങ്കല്‍ കൂത്തായി അരങ്ങേറി..!!.
പുതിയൊരു കലാരൂപം...പുതിയ ഭാഷ..പുതിയ നര്‍മ്മം..
ആളുകള്‍ ഒഴുകി..
കൂത്തമ്പലം ഒഴിഞ്ഞു..ചാക്യാരോടുള്ള മധുരപ്രതികാരം..
അനുഭവങ്ങളുടെ നിളാപ്രവാഹമായി ഗീതാനന്ദന്റെ ഓര്‍മ്മകള്‍..
അമ്മാവന്റെ സ്വാര്‍ത്ഥതയ്‌ക്കു മുന്നില്‍ മനംനൊന്ത് മുടിയഴിയ്‌ക്കുകയായിരുന്ന അച്ഛന്‍..
മുടിയഴിച്ച് അമ്മാവനെ ഏല്‍പ്പിച്ച് വിങ്ങുന്ന മനസ്സുമായി അരങ്ങുവിട്ടു!.
പിന്നെ, മധുരയില്‍ ഹോട്ടല്‍ തൊഴിലാളിയായി. അച്ഛന്റെ സാത്വികഭാവവും മറ്റും കണ്ട ഹോട്ടല്‍ ഉടമ വിളമ്പുകാരനാവേണ്ട എന്നു പറഞ്ഞു. അടുത്ത അമ്പലത്തില്‍ പൂജയ്‌ക്കായി നിയോഗിച്ചു..
കുലത്തൊഴിലായി കിട്ടിയ കല മക്കളറിയരുതെന്ന അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറ്റി അമ്മ..
പക്ഷെ, കാലം മറ്റൊന്നു നിശ്ചയിച്ചിരുന്നു.
വേനലും മഴയും വന്നുപോയി. കാലം ഓടിക്കൊേണ്ടയിരുന്നു..മുന്നോട്ട്.
`അന്നു ഞാന്‍ ആറാം ക്ലാസില്‍. ഒരു ദിവസം ക്ലാസ് ടീച്ചറായ ഭാഗീരഥി ടീച്ചര്‍ പറഞ്ഞു..ഇക്കൊല്ലം യൂത്ത് ഫെസ്‌റ്റിവലിനു ഒരു തുള്ളല്‍ ഐറ്റം നമ്മള്‍ കൊണ്ടുപോകുന്നു..ആരേയാ അതിനു പറ്റുക?..'
ആരും മിണ്ടിയില്ല. ടീച്ചറുടെ നോട്ടം വട്ടംകറങ്ങി എന്റെ മുഖത്തു വന്നുനിന്നു.
`കേശവന്‍ ഗീതാനന്ദന്‍ തന്നെ' എന്നു പറഞ്ഞു.
ഇങ്ങിനെ ഒരു കല ഞങ്ങളുടെ കുടുംബത്തില്‍ ഉണ്ട് എന്നുപോലും അറിയാത്ത ഞാന്‍..!!.
ടീച്ചര്‍ ഒരു തുള്ളല്‍കഥ നിശ്ചയിച്ചു. ഗണപതിപ്രാതലിന്റെ വരികളൊക്കെ എഴുതിയെടുത്തിരുന്നു.
അവര്‍ കാണിച്ചു തന്ന മുദ്രകള്‍ പോലും അതായിരുന്നില്ല. ശരിക്കും ഒരു കോമാളിക്കളിയാണ് കളിച്ചു പഠിച്ചത്...
ഒരു സന്ധ്യയക്ക് അതു വീട്ടില്‍ പരിശീലിച്ചുകൊണ്ടിരിക്കേ, അച്ഛന്റെ വരവ്- മധുരയില്‍ നിന്ന്...
ഇറയത്തു നിന്നു തന്നെ അച്ഛന്‍, എന്റെ നൃത്തച്ചുവടുകള്‍ കണ്ടു. അമ്മയെ വിളിച്ചു ചോദിക്കുന്നതും കണ്ടു..
പിന്നെ അച്ഛന്‍ എന്നെ നോക്കി കൈയുയര്‍ത്തി-
ഒന്നേ പറഞ്ഞുള്ളൂ.. നിര്‍ത്തിക്കോളാ..!!.
അച്ഛന്റെ ഏറ്റവും വലിയൊരാഗ്രഹമായിരുന്നു അധ്യാപകനാവണമെന്നത്. തുള്ളല്‍ കലകൊണ്ട് അത് നഷ്ടമായി. പിന്നെ അച്ഛന്റെ മോഹം ഞാനൊരധ്യാപകനാവണമെന്നായി...
അതും...
അച്ഛന് അത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. തുള്ളല്‍ നിര്‍ത്താനുള്ള നിര്‍ബന്ധം തുടര്‍ന്നു..
ജീവിക്കുന്നെങ്കില്‍ ഇതേ ചെയ്യൂ എന്നവാശിയില്‍ ഞാനും..
ഒടുവില്‍ അച്ഛന്‍ വഴങ്ങി.
ഒരു ദിവസം അരികില്‍ വിളിച്ചു പറഞ്ഞു: കുളിച്ച് വൃത്തിയായി ദക്ഷിണവച്ച് തുടങ്ങിക്കോളൂ...
ഇരുപത്തഞ്ചുപൈസ ദക്ഷിണ!.
അച്ഛന്‍ ആദ്യഗുരുവായി. ഞാന്‍ ആദ്യ ചുവടുംവച്ചു..
ഒരു കലാപാരമ്പര്യവും അവകാശപ്പെടാനില്ലാത്ത വള്ളുവനാടന്‍ ഗ്രാമത്തില്‍ ജനിച്ച അച്ഛന്‍..
കലകൊണ്ടു രക്ഷയില്ലെന്ന് തിരിച്ചറിഞ്ഞ അദ്ദേഹത്തിനു മകന്‍ പിറന്നത് ഒരു കലാഗ്രാമമായ കോതരയിലായിരുന്നു.
ഗോപിയാശാന്‍, കോതച്ചിറ കുട്ടന്‍നമ്പീശന്‍ എന്നിവരൊക്കെ ഉണ്ടായിരുന്ന ഗ്രാമം..
നല്ലൊരു കലാപാരമ്പര്യമുള്ള കുടുംബത്തിലെ ജനനം, കലയോടുള്ള വാസനയുണ്ടാക്കിയിരിക്കാം...
അമ്മാവന്‍ നീലകണ്‌ഠന്‍ നമ്പീശന്‍ പേരെടുത്ത തുളളല്‍ക്കാരന്‍. അദ്ദേഹത്തിന്റെ സഹോദരങ്ങളായ നാരായണന്‍ നമ്പീശനും കൃഷ്‌ണന്‍ നമ്പീശനും കഥകളി സംഗീതജ്ഞര്‍. അച്ഛമ്മ ശ്രീദേവി ബ്രാഹ്മണി അമ്മ പ്രഗത്ഭയായ തിരുവാതിരക്കളിക്കാരി..
പക്ഷെ, ഇതൊന്നും ഞാന്‍ വളര്‍ന്നുവന്ന കാലത്ത് ശോഭിച്ചു കണ്ടില്ല. മാലകെട്ടാന്‍ മാത്രമേ ആര്‍ക്കും അറിയുമായിരുന്നുള്ളൂ. ഒരാളുടെ കൈയില്‍ പോലും തഴമ്പ് കാണില്ല..!. തൂമ്പയെടുത്ത് കിളയ്‌ക്കാന്‍ പോലും ആര്‍ക്കും അറിഞ്ഞുകൂടായിരുന്നു..
അച്ഛന് പതിനാറു തുള്ളല്‍ കഥകളും അറിയാമായിരുന്നു. മനുഷ്യസാധ്യമല്ലാത്ത ഒരു കാര്യമാണത്. എന്നിട്ടും അച്ഛന്റെ കലാമോഹങ്ങള്‍ പുഷ്‌കലമായില്ല.
`അച്ഛന് കലയോട് ദൈവദത്തമായ വാസനയായിരുന്നു. മധുരയില്‍ ജോലി ചെയ്യുമ്പോള്‍, സിനിമയില്‍ അവസരം തേടിയിരുന്നു അച്ഛന്‍. ജെമിനി ഗണേശന്റെ കൂടെ..അതു നടന്നില്ല...'
ആ കാലഘട്ടത്തിന്റെ സ്‌മരണയില്‍ ഗീതാനന്ദന്‍, ആനന്ദമില്ലാതെ ഒഴുകിക്കൊണ്ടിരുന്നു..
പിന്നെ, ഒന്നു നിര്‍ത്തിപ്പറഞ്ഞു:
`തുള്ളല്‍, കഥകളിയേക്കാള്‍ സ്ഥാനം അര്‍ഹിക്കുന്ന ഒരു കലാരൂപമാണ്. ക്ഷേത്രം അടിയന്തിരത്തിന്റെ ഭാഗമായി ഞങ്ങള്‍ക്കു തുള്ളല്‍ പഠിയ്‌ക്കണം. പക്ഷെ, ഇതൊന്നും അറിയാതെയാണ് ഞാന്‍ വളര്‍ന്നത്...'
അച്ഛന്‍ ഒരിക്കലും ഞങ്ങള്‍ അതിലേയ്‌ക്കു വരരുതെന്നാഗ്രഹിച്ചു. പക്ഷെ, കഥകളെല്ലാം അറിഞ്ഞപ്പോള്‍ ഞാന്‍ നിശ്ചയിച്ചു അതെല്ലാം തിരിച്ചു നേടുമെന്ന്...
`കല്ലും മരങ്ങളും തല്ലിത്തകര്‍ത്തിട്ടാണല്ലോ ഭീമന്‍ പോയത് ..? സൗഗന്ധികം പറിയ്‌ക്കാന്‍...!!?.`` ഓട്ടന്‍തുള്ളലിലെ ഏറ്റവും പ്രശസ്‌തമായ കഥയാണ് മഹാഭാരതത്തിലെ 'കല്യാണസൗഗന്‌ധികം'.
അതൊരു ജൈത്രയാത്രയുടെ തുടക്കമായിരുന്നു.
ഹാസ്യസാമ്രാട്ടായ കുഞ്ചന്‍നമ്പ്യാര്‍ മലയാളത്തിന് സമ്മാനിച്ച മഹത്തായ കലയ്‌ക്ക് ഇപ്പോഴും നിറഞ്ഞ സദസ്സ് കൂടെയുണ്ടെന്ന് ഗീതാനന്ദന്‍ തെളിയിക്കുകയായിരുന്നു. കുട്ടികള്‍പോലും ഗീതാനന്ദന്റെ വേഷപ്പകര്‍ച്ചകണ്ട് പൊട്ടിച്ചിരിച്ചു. ഇന്ന് ഗീതാനന്ദന്‍ അയ്യായിരം വേദികള്‍ പിന്നിട്ടു. ഇന്ത്യയ്‌ക്ക് പുറത്ത് തുള്ളല്‍ കല എത്തിക്കുന്നതിന് സുപ്രധാന പങ്കുവഹിച്ച വ്യക്‌തിയാണ് മുന്നില്‍..
അതിലേയ്‌ക്കു വരും മുമ്പ്, നമ്പ്യാരുടെ വാശിയും നിശ്ചയവും മനസ്സിലുറപ്പിച്ച ആ കാലത്തിന്റെ ദുരിതവഴിയിലൂടെ ഒരല്‍പ്പം കൂടി മുന്നോട്ടു നടക്കണം..
തുള്ളല്‍ പദം പോലെ-
`കണ്ടാലും ആശ്ചര്യം...!!'.
`ഓടിട്ടപുരയും മുമ്പില്‍ കെട്ടിയിട്ട ഒരു പശുവും ഒക്കെയല്ലേ മനസ്സിലുണ്ടായിരുന്നത്..? ഒരു തുള്ളല്‍ക്കാരന്റെ വീട്..?!.'
ഗീതാനന്ദന്റെ ചോദ്യത്തില്‍ കലാകാരന്റെ ദീനഭൂതകാലം ഉദിച്ചു. മനോഹരമായ ആധുനിക സൗകര്യങ്ങളുള്ള വീട്ടില്‍ ഇരുന്നു ചോദിച്ച ഈ ചോദ്യത്തിന് പലപല മാനങ്ങളുണ്ടായിരുന്നു..
കലമാത്രമായി ജീവിതം ജീവിച്ചു തീര്‍ക്കുന്ന കലാകാരന്റെ അവശജീവിതം!.
ഞങ്ങള്‍ അച്ഛനും മക്കളും തുളളല്‍ അവതരിപ്പിച്ചു തുടങ്ങി. മുടിയഴിച്ചു സത്യം ചെയ്‌ത അച്ഛന്‍ തൊപ്പിമദ്ദളം കൊട്ടും. ജ്യേഷ്‌ഠന്‍ പാടും. ഞാനാണ് തുള്ളുക.
പലസ്ഥലങ്ങളിലും തുള്ളല്‍ അവതരിപ്പിച്ചു. അഖിലാണം നമ്പീശന്‍ & സണ്‍സ് എന്ന് എഴുതിയ ഒരു തകരബോര്‍ഡ് വയ്‌ക്കും അച്ഛന്‍ വേദിയില്‍.
`അന്നൊന്നും നോട്ടീസുകള്‍ ഇല്ലല്ലോ..!?.'
തുള്ളല്‍ നടക്കുന്ന ക്ഷേത്രങ്ങളില്‍ ചിലപ്പോള്‍ കലാമണ്ഡലം വകയും തുള്ളലുണ്ടാകും. അപ്പോള്‍ അധികാരികളുടെ അറിയിപ്പു വരും:
ആ... നമ്പീശന്‍! കലാമണ്ഡലം തുള്ളലുണ്ട്.. നിങ്ങള്‍ അഞ്ചുമണിയാവുമ്പോഴേയ്‌ക്കും അവസാനിപ്പിച്ചോളാ..!!.
നേരത്തേ അവസാനിപ്പിക്കണം ഞങ്ങള്‍ക്ക്. കലാമണ്ഡലക്കാര്‍ക്ക് മൈക്ക് ഒക്കെ കൊടുക്കും. ഞങ്ങള്‍ക്ക് അതൊന്നുമില്ല. വരുമാനവും കുറവ്..
ഒരു ബാനറില്ല. അതാണ് അച്ഛന്‍ പറഞ്ഞത്..
`എന്റെ തുള്ളല്‍ കഴിഞ്ഞ് ഞാന്‍ കലാമണ്ഡലത്തിന്റെ തുള്ളല്‍ കാണാനിരിക്കും. അച്ഛന്റേതുമായി അതിന് ഏറെ വ്യത്യാസമുണ്ടായിരുന്നു...'
കലാമണ്ഡലത്തില്‍ ചേരണമെന്ന ആഗ്രഹം സുദൃഢമായി. അച്ഛന്‍ ഒന്നും പറഞ്ഞില്ല. എതിര്‍ത്തുമില്ല.
`നിന്റെ മോഹത്തിനുള്ള തുള്ളല്‍ ഒക്കെ പഠിച്ചിട്ടുണ്ട്. ഇനി സ്‌കൂള്‍ പഠിപ്പ് മുഴുവനാക്കി ഒരു മാഷാവാന്‍ നോക്കുക..'.
പക്ഷെ, കലാമണ്ഡലത്തില്‍ ചേരാന്‍ ഫീസടയ്‌ക്കണം. 85 രൂപ. മാര്‍ഗ്ഗമില്ല. ഗ്രാമത്തിലെ ഭവനങ്ങളില്‍ ചെന്ന് സങ്കടം പറഞ്ഞ് സഹായം ചോദിച്ചു..
ചിലര്‍ സഹായിച്ചു. ചിലര്‍ പരിഹസിച്ചു..
അവിടെയും ദൈവം മനുഷ്യരൂപത്തില്‍ സഹായിക്കാനെത്തി.
`ഇ. ശ്രീധരന്റെ തറവാട് അവിടെയാണ്..മെട്രോ..!. അദ്ദേഹത്തിന്റെ സഹോദരിയാണ് ബാക്കി പണം മുഴുവന്‍ തന്നത്...'
അമ്മുക്കുട്ടി അമ്മ..
അവരോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട് എനിക്ക്..അവരോടു മാത്രമല്ല ഒട്ടനവധി പേരോട്..
അതൊരു വഴിത്തിരിവായിരുന്നു. അച്ഛന്‍ അപ്പോളും പറഞ്ഞു: ജീവിതമാണ് എടുത്തു കളിക്കുന്നത്...
ഒന്നുകൂടി പറഞ്ഞു- അമ്മാവന്‍ നീലകണ്‌ഠന്‍ നമ്പീശനാണ് പ്രിന്‍സിപ്പല്‍. അദ്ദേഹം കഥകളിയ്‌ക്കു ചേരാന്‍ പ്രേരിപ്പിയ്‌ക്കും അതു വേണ്ട..!.
1974ല്‍ കലാമണ്ഡലം എന്ന കലയുടെ ശ്രീകോവിലില്‍ കാലുകുത്തി. ഉള്ളിലിരുന്നു കുഞ്ചന്‍ പാടിക്കൊണ്ടിരുന്നു..
നിളയുടെ കരയോടു ചേര്‍ന്ന് ജീവിതനദിയുടെ ഒഴുക്കിലേയ്‌ക്ക് വീഴുകയായിരുന്നു..
`അമ്മാവന്‍ അതു തന്നെ പറഞ്ഞു. നീ കഥകളിസംഗീതം പഠിച്ചോ..നെന്റെ ശബ്ദത്തിന് ഘനംണ്ട്..!
വഴങ്ങിയില്ല. അമ്മാവന്റെ മുഖം ഇരുണ്ടു.
`എന്നാ എന്താ ച്ചാല്‍ ചെയ്യ്..ദിവാകരന്‍ നായരാശാന്റെ അടുത്തു പൊക്കോളൂ..'
തുള്ളല്‍കൊണ്ടു ഗുണം പിടിക്കാത്ത തറവാടിനെ ഓര്‍ത്താവാം അമ്മാവന്‍..
പക്ഷെ, ഉള്ളില്‍ കയറിയ കുഞ്ചന്റെ ആത്മാവ് അതിലും ശക്തിയോടെ നിര്‍ബന്ധിച്ചു.
ഗുരുകുല സമ്പ്രദായമാണ്. ആശാനെ സേവിച്ചും ശുശ്രൂഷിച്ചും പഠനം.
`ഞാനൊരാളേ ആണ്‍കുട്ടിയായുണ്ടായിരുന്നുള്ളൂ..ബാക്കിയൊക്കെ പെണ്‍കുട്ടികള്‍. നൃത്തത്തിനു അഡ്‌മിഷന്‍ കിട്ടാത്തവരൊക്കെ തുള്ളലിന്..!!.'
ആറാം മാസം അരങ്ങേറി..!
സാധാരണ മൂന്നുവര്‍ഷം കഴിയണം. പഴയ കലാമണ്ഡലത്തിലായിരുന്നു അരങ്ങേറ്റം.
`പിന്നെ..ഇതാ ഇക്കാലം വരെ, തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല..' എന്ന് ഗീതാനന്ദന്‍.
അക്കാലത്ത് കൈനിറയേ കളികള്‍ ലഭിച്ചു.
ആശാനൊത്തു കളിക്കുള്ള യാത്രകള്‍ അവിസ്‌മരണീയമായിരുന്നു. നാട്ടിടവഴികള്‍ താണ്ടിയുള്ള നടത്തത്തിനിടയില്‍ കൊച്ചുകൂരയില്‍ കറുത്തബോര്‍ഡില്‍ എഴുതിയ വെളുത്തയക്ഷരങ്ങള്‍ കണ്ടാല്‍ ആശാന്‍ നില്‍ക്കും..
`ആ...താന്‍ നടന്നോളുക..ഞാന്‍ ഇപ്പ വരാം..!!.'
വഴിയരികിലെ ചാരായ ഷാപ്പിലേയ്‌ക്കു നൂണ്ടുകയറുന്ന ആശാനെ കൂടാതെ ഞാന്‍ നടത്തം തുടരും..
പിറകേ എത്തുന്ന ആശാന്‍ ഉന്മേഷത്തിലായിരിക്കും..!.
പിന്നെ പതിവിനു വിപരീതമായി ആശാന്‍ തുള്ളല്‍കഥ കൂടുതല്‍ വിസ്‌തരിക്കും..!.
`രണ്ടു രണ്ടര മണിക്കൂര്‍ തുള്ളല്‍ തന്നെ..!'
തളര്‍ന്നുറങ്ങി, വെളുപ്പിനേ പുറപ്പെടും. ഒന്നോ രണ്ടോ ബസ്സേ കാണൂ..ആവഴിയ്‌ക്ക്..
ചെറുതുരുത്തിയില്‍ ഇറങ്ങി നടക്കുമ്പോള്‍, മുമ്പേ നടക്കുന്ന ആശാന്‍ കൈ പിറകിലേയ്‌ക്കു നീട്ടി പറയും: ദാ...ഇതു വച്ചോ..!!
രൂപയാണ്. രണ്ടോ മൂന്നോ രൂപ!. ചിലപ്പോള്‍ മൂന്ന് ഇരുപത്..!.
പണം സൂക്ഷിച്ചു. ട്രങ്കുപെട്ടിയിലെ വസ്‌ത്രങ്ങള്‍ക്കടിയില്‍. അതും പലരും ചൂണ്ടും. നൂറു രൂപ തികയില്ല.
മാസാവസാനം ആശാന്‍മാര്‍ `ടൈറ്റാവും'. അപ്പോള്‍ ദിവാകരനാശാന്‍ വിളിയ്‌ക്കും: എഡോ..! ഒരിരുപത് ഉര്‍പ്യേങ്കട് ഇടുക്കാ...
അതു നേരേ ചാരായ ഷാപ്പിലേയ്‌ക്കാണ്..!.
നാലുവര്‍ഷത്തെ ഡിപ്‌ളോമ പഠനകാലം കഴിയുമ്പോള്‍ മനസ്സില്‍ ആധിയായി. അതു കഴിഞ്ഞ് പുറത്തിറങ്ങിയാല്‍..?
ജീവിതം മുന്നില്‍ പല്ലിളിച്ചു നില്‍ക്കുന്നു..
തുള്ളിതന്നെ ജീവിക്കണം. മറ്റൊരു വിദ്യയും കയ്യിലില്ല..
അച്ഛന്‍ പറഞ്ഞതോര്‍ത്തു. അമ്മാവന്‍മാരെ ഓര്‍ത്തു. ജീവിതം കൈവിട്ടാല്‍ ഇവരൊക്കെ താന്തോന്നിത്തമെന്നേ പറയൂ..
അപ്പോഴാണ് പിജി കോഴ്‌സ് ദൈവാനുഗ്രഹം പോലെ അനുവദിച്ചു കിട്ടിയത്. അതിനു ചേര്‍ന്നു..വീണ്ടും രണ്ടുകൊല്ലം കൂടി..
വീണ്ടും പഠനകാലം..മനസ്സിനു സന്തോഷവും.
പഠനകാലത്തുതന്നെ നമ്പീശന്റെ മരുമകന്‍ എന്ന നിലയില്‍ ബന്ധങ്ങള്‍ ഉണ്ടായിവന്നുകൊണ്ടിരുന്നു.
കഥകളി സംഗീതം കേട്ടുപരിശീലിയ്‌ക്കാന്‍ അമമാവന്റെ അനുമതിയും കിട്ടി.
നന്നേ പുലര്‍ച്ചേയുണര്‍ന്ന് കഥകളിക്കളരിയിലെത്തി സംഗീതം കേട്ടുപഠിക്കും. ആ പഠിപ്പേ സംഗീതത്തിലുണ്ടായിട്ടുള്ളൂ..ബാക്കി എല്ലാം ദൈവത്തായം..!
ഇനി ഒന്നു പറയാം ട്ടോ..
തുള്ളല്‍കലാകാരന്‍ കഥകളി കലാകാരനേക്കാള്‍ പ്രാഗത്ഭ്യം വേണ്ടയാളാണ്.
മനോധര്‍മ്മം, സംഗീതഗുണം, അക്ഷരസ്‌ഫുടത, താളം, വേഷഭംഗി,ചടുലത...ഇതെല്ലാം അയാള്‍ക്കു കൂടിയേ കഴിയൂ നിശ്ചയം ..
ഒരു കഥയിലെ കഥാപാത്രങ്ങളെയെല്ലാം അയാള്‍ ഒറ്റയ്‌ക്കാണ് അവതരിപ്പിക്കുന്നത്..തുള്ളിക്കൊണ്ടാണ് അയാള്‍ പാടുക..ഇരുന്നു പാടാന്‍ സുഖമാണ്..തുള്ളിക്കൊണ്ടായാലോ..?.
കല്ല്യാണ സൗഗന്ധികം കഥയില്‍ യൗവനയുക്തയായ ദ്രൗപദി സംസാരിക്കുന്നത് ഗജതുല്ല്യനായ ഭീമനോട്..ലാസ്യം കഴിഞ്ഞയുടന്‍ വീരഭാവം ആവാഹിക്കണം..അടുത്തുവരുന്നത് വൃദ്ധനായ വാനരശ്രേഷ്‌ഠന്‍!. ഇതെല്ലാം നിമിഷവേളകളില്‍ ഒരാള്‍ തന്നെ പകര്‍ന്നാടുക..!!.
ഒരിക്കല്‍ ഫ്രാന്‍സില്‍ പോയസമയത്ത് ഒരു സായിപ്പ് എന്റടുത്ത് വന്ന് ചോദിക്കേണ്ടായീ...എങ്ങിനെ ഇത് സാധിക്കുന്നൂ എന്ന്-അമ്പരപ്പോടെ!.
സത്യം പറയാം, ഒരു മലയാളി ഇതു ചോദിച്ചുകേട്ടെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിച്ചു പോയ നിമിഷമാണത്!.
തുള്ളല്‍ കല ആദ്യമായി കടല്‍ കടന്നത് അന്നാണ്- അതിനു നിമിത്തമായത് ഗീതാന്ദന്‍. അന്ന് ഫ്രാന്‍സില്‍ പത്തു വേദികളിലാണ് തുളളല്‍ അവതരിപ്പിച്ചത്. അതോടെ കുഞ്ചന്റെ പ്രസിദ്ധിയും കടലേഴും കടന്നു എന്നു ചരിത്രം.
പിന്നീട് ലോകത്തിന്റെ നാനാഭാഗത്തും തുള്ളലെത്തി, ഗള്‍ഫ് രാജ്യങ്ങളിലടക്കം നിരവധിതവണ..
അംഗീകാരങ്ങളുടെയും പുരസ്‌കാരങ്ങളുടെ പ്രളയം തന്നെയുണ്ടായി- ഗീതാനന്ദന്റെ വാക്കുള്‍ കടമെടുത്തു പറഞ്ഞാല്‍..
1984ല്‍ കലാമണ്ഡലത്തില്‍ അധ്യാപകനായി ചുമതലയേറ്റു. അതിനുമുണ്ടായി പുകിലുകള്‍. സംവരണം ചെയ്യപ്പെട്ട ഒഴിവ്, പൂണുനൂലിട്ട ഗീതാനന്ദന്..!. ഒളപ്പമണ്ണ ചെയര്‍മാനായിരുന്ന കാലമാണത്. പൂമൂള്ളി ആറാം തമ്പുരാനും തന്റെ പേര്‍ നിര്‍ദ്ദേശിച്ചുവെന്ന് ഗീതാനന്ദന്‍. എന്തായാലും നിയമനം കഴിഞ്ഞ് ഒരു മാസത്തിനകം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെത്തി. ഇതെങ്ങിനെ സംഭവിച്ചു എന്നറിയാന്‍.
`കേന്ദ്രസര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് അടക്കം ഒമ്പതുകൊല്ലത്തെ പരിശീലനം പൂര്‍ത്തിയാക്കിയ എന്നെ നിയമിച്ചതില്‍ പിന്നീട് മാറ്റമൊന്നും ഉണ്ടായില്ല..'
പിന്നൊന്നുകൂടി: അപ്പോളേയ്‌ക്കും ഒരു കാര്‍ ഞാന്‍ വാങ്ങിച്ചിരുന്നു. കലാമണ്ഡലത്തില്‍ ചുമലയേല്‍ക്കാന്‍ ഞാന്‍ ചെന്നത് സ്വന്തം കാറിലാണ്..കലാമണ്ഡലത്തിലെ അധ്യാപകരില്‍ ആദ്യമായി കാറുവാങ്ങുന്നയാള്‍ ഞാന്‍...!!.
വിവാഹകോലാഹലം ആട്ടക്കഥ
ഇരുപത്തൊന്നാം വയസ്സില്‍ തന്നെ സംഗീതനാടക അക്കാദമി അംഗമായ ഗീതാനന്ദനൊപ്പം ചൊവ്വല്ലൂര്‍ കൃഷ്‌ണന്‍കുട്ടിയടക്കമുള്ളവര്‍ ഉണ്ടായിരുന്നു. അന്നേ പ്രശസ്‌തനായി തുടങ്ങിയിരുന്നു. ഗീതാനന്ദന്‍ ഒരു നിമിഷം നിര്‍ത്തിയശേഷം ഒരു ചിരിചിരിച്ചു...
വിവാഹവും ഒരു കോലാഹലമായിരുന്നൂ ട്ടോ..!
കലാമണ്ഡലത്തില്‍ പഠിച്ചിരുന്ന അമ്മാവന്റെ ഒരു മകളായിരുന്നു നിമിത്തം. അവളുടെ ഉത്തമസുഹൃത്തായിരുന്ന വെളുത്തുമെലിഞ്ഞ സുന്ദരിയെ ഒരു ദിവസം പരിചയപ്പെടുത്തി. മോഹിനിയാട്ടം ഒന്നാം വര്‍ഷം- ശോഭ.
അധ്യാപകനായ എന്നെ അഭിമാനത്തോടെയാണ് അവള്‍ പരിചയപ്പെടുത്തുന്നത്.
അന്ന് മനസ്സിലെന്തോ പോറി..
പിന്നെ ഒരു വര്‍ഷത്തോളം ഒളിഞ്ഞും തെളിഞ്ഞും.. കത്തുകള്‍ കൊടുത്തും..
ഇതറിഞ്ഞ സുഹൃത്തുക്കള്‍ ഒന്നേ പറഞ്ഞുള്ളൂ- വേണ്ടാത്തതിനു നില്‍ക്കണ്ട!.
അവരുടെ അച്ഛന്‍, കഥകളിവേഷക്കാരന്‍. പരുക്കനായ ഒരു മനുഷ്യന്‍..
പക്ഷെ, നിര്‍വ്വാഹമില്ലല്ലോ? മനസ്സിന്റെ പിടിവലി..
അവരുടെ വിവാഹം മുറച്ചെറുക്കനുമായി ഉറപ്പിച്ചു എന്നറിഞ്ഞതോടെ നിവര്‍ത്തിയില്ലാതായി..
കുറച്ചു ജ്യേഷ്‌ഠനേയും അച്ഛനേയും ഒക്കെ കൂട്ടി കാറുമെടുത്ത് നേരേ കുറുവട്ടൂര്‍ ഗ്രാമത്തിലേയ്‌ക്ക് വച്ചുപിടിച്ചു..
പഴയ ഒരു നായര്‍ തറവാട്...
അവിടെ ഉമ്മറത്ത് അച്ഛന്‍ കാരണവര്‍ ഇരുന്നിരുന്നു. കലാമണ്ഡലത്തിലെ ജോലിയുടേയും ജാതിയില്‍ ഉയര്‍ന്നതിന്റേയും ധൈര്യത്തില്‍ വിഷയം അവതരിപ്പിച്ചു.
കടുപ്പമൊന്നുമില്ലാത്ത ഭാഷയില്‍ അദ്ദേഹം തുറന്നു പറഞ്ഞു- പറ്റില്ല!
നിരാശയോടെ മടങ്ങി.
ശോഭയോടും ചോദിച്ചപ്പോള്‍, മറുപടി അച്ഛന്റെ ഇഷ്ടമാണ് എന്റേതും എന്നായിരുന്നു..
അതിനിടെ ശോഭയുടെ പഠിപ്പും അവസാനിച്ചു. വീണ്ടും ഒരിക്കല്‍ കൂടി കുറച്ച് സുഹൃത്തുക്കളെക്കൂട്ടി അവളുടെ വീട്ടിലെത്തി. ഇക്കുറി മറുപടി കൂടുതല്‍ പരുഷമായി. പിന്നെ, കാര്യം മണത്തറിഞ്ഞ് നാട്ടുകാര്‍ വട്ടംകൂടി തുടങ്ങുകയും ചെയ്‌തു.
രണ്ടാമതും നിരാശയോടെ ഇറങ്ങിപ്പോന്നു. കലാമണ്ഡലത്തില്‍ ഞങ്ങളുടെ `ഹംസ'മായിരുന്ന ആ ഗ്രാമക്കാരിയായ പെണ്‍കുട്ടിയുണ്ട്. അവളുടെ വീട്ടിലെത്തി സംഗതികള്‍ എല്ലാം പറഞ്ഞു. മനസ്സിന്റെ വേവലാതി എവടിടേയും ഇറക്കിവയ്‌ക്കാനാവുന്നില്ല.
നേരം സന്ധ്യമയങ്ങിയിരിക്കുന്നു.
അപ്പോള്‍ നിമിത്തം പോലെ, കൂട്ടുകാരിയെ കാണാന്‍ ശോഭ അവിടെയെത്തി..
അന്നു ശോഭ വീട്ടിലേയ്‌ക്കു മടങ്ങിയില്ല..
`അവള്‍ എന്റെ കൈപിടിച്ച് കാറില്‍ കയറി..!.'
എന്തു ചെയ്യണമെന്ന് നിശ്ചയമില്ലാത്ത സ്ഥിതി. അപ്പോള്‍ നെഞ്ചിലെ നെരിപ്പോടില്‍ നീറിയകനലിന്റെ ചൂട് ഇപ്പോഴും വാക്കുകളില്‍ അനുഭവിച്ചറിയാം..
ഗുരുവായൂരിലെ സുഹൃത്തിനെ വിളിച്ചു പറഞ്ഞു..വിവാഹത്തിനൊരുക്കാന്‍.
നേരേ ഗുരുവായൂര്‍ക്ക് കാറെടുത്തു.
പുലര്‍ച്ചെ, കലാമണ്ഡലത്തിനു മുന്നിലൂടെ കടക്കുമ്പോള്‍, ആശാനും ഭാര്യയും റോഡരികില്‍..!. എവിടേക്കോ പോകാനിറങ്ങിയതാണ്.
അവിടെ ഇറങ്ങി ആശാനോട് കാര്യം പറഞ്ഞു..
`ഞാനും വരാം..' എന്നായിരുന്നു മറുപടി!.
ആശാന്റെ അനുഗ്രഹത്തോടെ ഗുരുവായൂര്‍ നടയില്‍ കല്ല്യാണം..!.
ഒരു ദിവസം അവിടെ തങ്ങി.
`എന്റെ വീട്ടിലും ശോഭയുടെ വീട്ടിലും ഒരുപോലെ എതിര്‍പ്പ്...എവിടേയും ചെല്ലാന്‍ പറ്റില്ല..'
അപ്പോഴാണ് ശോഭയുടെ ബന്ധുക്കള്‍ കാര്യങ്ങളറിഞ്ഞ് എത്തിയത്. മഞ്ഞുരുകി..
അവര്‍ പിന്നെ ഞങ്ങളെ കൂട്ടി, വീട്ടിലേയ്‌ക്ക്...
പ്രണയത്തിന്റെ നവഭാവങ്ങളിലൂടെയും കടന്നുപോയ ആ കാലം വിവരിക്കുമ്പോള്‍, ടെന്‍ഷന്‍ ഇല്ലാത്ത ഒരു മുഖം കഥകേട്ടുകൊണ്ടിരുന്ന ?ാര്യ ശോഭയുടേതുമാത്രമായിരുന്നു..
തുള്ളല്‍ കലാകാരന്റെ മനോധര്‍മ്മവും നര്‍മ്മബോധവും ദൈവദത്തമാണ്. സമയാസമയത്ത് ഉണര്‍ന്നു പ്രവര്‍ത്തിയ്‌ക്കുന്ന മനസ്സ്, ബുദ്ധി, ഫലിതബോധം. രസികത്വം ഇല്ലാത്ത ആസ്വാദകരാണെങ്കില്‍ പ്രശ്‌നവും ഉണ്ടാവും. ഇത്രയും പറഞ്ഞ് ഗീതാനന്ദന്‍ ഒരു കഥപറഞ്ഞു:
കൂറ്റനാട് ഒരു ക്ഷേത്രത്തില്‍ തൈപ്പൂയത്തോടനുബന്ധിച്ച് നടക്കുന്ന തുള്ളല്‍. തുള്ളല്‍ അതിന്റെ രസികത്വത്തിന്റെ പാരമ്യത്തോടടുക്കുന്നു..
മുന്‍ നിരയില്‍ തടിച്ചുബലിഷ്‌ഠമായ ശരീരമുള്ള ഒരാള്‍..
അയാള്‍ ഒരു എക്‌സ് മിലിട്ടറിക്കാരനാണ്. അല്‍പ്പം മിനുങ്ങിയിട്ടുണ്ട്.
അയാളുടെ ശരീരഭാരത്തെ കളിയാക്കി ഞാന്‍ എന്തോ പരിഹസിച്ചു പറഞ്ഞു. അയാള്‍ ക്ഷോഭത്തോടെ എഴുന്നേറ്റു പോകുന്നതു കണ്ടിട്ടും ഞാന്‍ കഥ തുടര്‍ന്നു. അയാള്‍ സംഘാടക സമിതിയിലെ ഉന്നതനായിരുന്നത്രെ..!.
സംഘാടകര്‍ കാര്യം പറഞ്ഞു മനസ്സിലാക്കി..വീണ്ടും സീറ്റില്‍ കൊണ്ടുവന്നിരുത്തി.
എന്തോ, ഞാന്‍ അയാളെ പരിഹസിച്ചു വീണ്ടും പാടി..!
അയാള്‍ രോഷാകുലനായി എഴുന്നേറ്റുപോയി..
കളികഴിഞ്ഞതും അയാള്‍ സ്‌റ്റേജിനു പിന്നില്‍ ഒരു സംഘം ആളുകളുമായി എന്നെ തിരഞ്ഞെത്തി!.
കൈയില്‍ കിട്ടിയാല്‍ എല്ലുവെള്ളമാകും എന്നുറപ്പ്..
ആശാന്‍ അയാളെ സമാധാനിപ്പിക്കുന്നതു കണ്ടു.
'ആശാനോട് എനിക്കൊന്നുമില്ല. അവനെ ഇങ്ങട്ട് ഇറക്കിവിട്..' എന്നായി അയാള്‍..
പ്രാണന്‍ കൈയില്‍ പിടിച്ചു ഞാനും..
ഒടുവില്‍ പിന്‍വാതിലിലൂടെ, സ്‌റ്റാര്‍ട്ട് ചെയ്‌ത കാറില്‍ കയറ്റി എന്നെ പെട്ടെന്ന് പറഞ്ഞുവിടുകയായിരുന്നു..
പൊട്ടിച്ചിരിച്ചു ഗീതാനന്ദന്‍ മറ്റൊരു കഥകൂടി പറഞ്ഞു:
മുന്നില്‍ ഉള്ളവരെ ഹാസത്തിനു ഉപയോഗപ്പെടുത്തുക തുള്ളല്‍കലാകാരനുള്ള അവകാശമാണ്. ഇതറിയാതെ ചിലര്‍ അലോസരപ്പെടും. ചില സ്ഥലങ്ങളില്‍ സ്‌റ്റേജിനു സമീപം ആദ്യം തന്നെ കിട്ടുക, മൈക്ക് ഓപ്പറേറ്റര്‍മാരേയാണ്..
സമയം കളയാതെ അവര്‍ക്കുനേരേ പ്രയോഗിക്കും ഫലിതം..
`തന്നെ ഈ പണിക്കുകൊള്ളില്ലെന്ന് ആഗ്യം കാണിക്കും...'
ഈ നേരമ്പോക്ക് സഹികെട്ട് അവര്‍ മൈക്ക് ഓഫ് ചെയ്‌ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്, പലയിടത്തും..
പട്ടരുണ്ണുന്നതു കണ്ടാല്‍ ഗോഷ്‌ഠിയില്ലാതൊന്നുമില്ല.. എന്നു പരിഹസിച്ച കുഞ്ചന്‍!. നായരെ പടക്കു പിന്നിലും പന്തിക്കു മുന്നിലും ചിത്രീകരിച്ച കുഞ്ചന്‍..
അതിന്റെ തീര്‍ച്ചയും മൂര്‍ച്ചയും ഇന്നും കുറഞ്ഞിട്ടില്ല!.
ആ സിനിമാപ്രവേശം കൂടി.. എന്നു പറയുമ്പോഴും ഭാഗ്യത്തിന്റെ കടന്നുവരവുകള്‍ അവസാനിച്ചിരുന്നില്ല.
കമലദളം..
ആ ചിത്രത്തിന്റെ ലൊക്കേഷന്‍ നോക്കാനായി സിബിമലയിലും ലോഹിയും മറ്റും കലാമണ്ഡലത്തിലെത്തിയതാണ്. കളരിയില്‍ പഠിപ്പിക്കുകയാണ് ഞാന്‍. അവര്‍ എല്ലാം നടന്നു കണ്ടു.
`എനിക്ക് ഇവര്‍ ആരൊക്കെ എന്നൊന്നും തിരിഞ്ഞില്ല ട്വോ..ഞാനെഴുന്നേല്‍ക്കാനും പോയില്ല..'
കളരി കഴിഞ്ഞപ്പോള്‍ ലോഹിതദാസ് വിളിച്ചു.
ഒരു വേഷം ചെയ്യാമോ എന്നായിരുന്നു ചോദ്യം. കുഞ്ചന്റെ അഹന്ത അല്‍പ്പം അകത്തു കടന്നതാവാം..
`ഒരു കഥയിലെ എല്ലാ കഥാപാത്രവും ഒറ്റയ്‌ക്കു ചെയ്യുന്നയാളാണ് ഞാന്‍. സിനിമയില്‍ എന്തു ചെയ്യാന്‍? എന്നായിരുന്നു എന്റെ ചോദ്യം.
ഒടുവില്‍, ഒരു തുള്ളല്‍ കലാകാരന്റെ വേഷം ആയാല്‍ നന്നായി എന്നു പറഞ്ഞു...
അതായിരുന്നു സിനിമയിലേയ്‌ക്കുള്ള വാതില്‍..
പിന്നെ നിരവധി സിനിമകള്‍ തേടിയെത്തി. ചെയ്‌തു. ആളുകള്‍ ഇഷ്ടപ്പെട്ടു..
പക്ഷെ, ഒരു കാര്യം അപ്പോളും മനസ്സില്‍ ഉണങ്ങാതെ കിടന്നിരുന്നു...അച്ഛന്റെ സിനിമാ മോഹം.
ലോഹിയോടുള്ള സൗഹൃദത്തില്‍ ഞാന്‍ അക്കാര്യം ഒരിക്കല്‍ പറഞ്ഞു.
അങ്ങിനെ, അച്ഛന്റെ ആ മോഹവും സഫലമായി- കന്മദത്തില്‍ മജ്ഞുവാര്യരുടെ അച്ഛനായി...
ആദ്യഗുരുവായ അച്ഛനോടുള്ള കടപ്പാട് പൂര്‍ത്തിയായത് പ്രഥമ കുഞ്ചന്‍ പുരസ്‌കാരം അദ്ദേഹത്തിനു സമര്‍പ്പിതമായപ്പോഴാണ്.
`അന്ന് സമിതിയില്‍ ഞാനുമുണ്ട്. ഒന്നേ പറഞ്ഞുള്ളൂ- ഗീതാനന്ദന്റെ അച്ഛന്‍ എന്നത് മാറ്റിവയ്‌ക്കുക. കുഞ്ചന്‍ കൃതികളെല്ലാം ഹൃദിസ്ഥമാക്കിയ ഒരു ആചാര്യന്‍...നിര്‍ഭാഗ്യവാനായ മനുഷ്യന്‍..'
ആദ്യ പുരസ്‌കാരം അച്ഛനുതന്നെയായി.
ആ ഗുരുത്വമൊക്കെയാണ് താന്‍ ഈ നിലയിലെത്തിയതിനു പിന്നില്‍ എന്നു പറഞ്ഞ് ഗീതാനന്ദന്‍ അച്ഛന്റെ ചിത്രത്തിലേയക്കു നോക്കി, മൗനിയായി.
തുള്ളല്‍കലയുടെ അക്കരയിക്കര കണ്ട ഒരു ജന്മം. ജനങ്ങളെ കുടുകുടെ ചിരിപ്പിക്കുകയും ചിന്തയുടെ തീ ഊതിക്കത്തിക്കുകയും ചെയ്‌ത മഹാകവിയുടെ പുനര്‍ജന്മമെന്ന് ആസ്വാദകര്‍ പറഞ്ഞു. അത്രതന്നെ വിമര്‍ശനവും. രണ്ടും കൈനീട്ടി സ്വീകരിച്ചു. മുപ്പത്തിരണ്ടു വര്‍ഷമായി കലാമണ്ഡലത്തില്‍ തുള്ളല്‍വിഭാഗം മേധാവി. ഇന്ത്യയില്‍ ആദ്യമായി യുജിസി സ്‌കെയില്‍ ശമ്പളം വാങ്ങിയ തുള്ളല്‍ കലാകാരന്‍.. `പ്രഥമ' ജീവിതത്തില്‍ അവസാനിക്കുന്നതേയില്ല.
കഥകള്‍ കേട്ടുമടങ്ങേ, വേനല്‍ മഴയില്‍ നിള നിറയുന്നതു കണ്ടു. നിളാതീരത്ത് കലക്കത്തു ഭവനത്തില്‍ ആദിയില്‍ ഒരു കുഞ്ചനുണ്ടായിരുന്നു...
ഇവിടെ നിളാതീരത്ത്, കുഞ്ചന്റെ കലയെ ഉപാസിച്ച് തുള്ളിത്തുളുമ്പുന്ന ജീവിതവുമായി മറ്റൊരാള്‍..
തുള്ളിതുളുമ്പിയൊഴുകുന്ന ഒരു ജീവിതം..
ബാലുമേനോന്‍ എം.
my name is Saravanan . 9020551606
ReplyDeleteyour contact number please