Friday, September 25, 2015

വാസ്‌തുപുരുഷന്‍



ആ കൊട്ടാരക്കെട്ടില്‍ പ്രവേശിക്കേ അന്ധാളിപ്പുണ്ടായി. ശരിക്കും സ്ഥലജലഭ്രമം..!.
ജലമെന്നുകരുതി ദുര്യോധന മഹാരാജാവ്‌ ഉത്തരീയമുയര്‍ത്തി..അതുകണ്ട പാഞ്ചാലി ചിരിച്ചുചിരിച്ചവശയായി..
ലജ്ജകൊണ്ടും ദേഷ്യംകൊണ്ടും ചുവന്നുതുടുത്ത മുഖവുമായി കൗരവരാജന്‍..
നിര്‍മ്മാണകലയിലെ 'മാജിക്ക്‌' അന്നു കണ്ടു..
മയന്‍- ദേവശില്‍പ്പിയായ മയന്‍ തീര്‍ത്ത ഇന്ദ്രപ്രസ്ഥനഗരിയിലെത്തിയ സുയോധനന്‍ അബദ്ധത്തില്‍ ചാടിയത്‌ മഹാഭാരതത്തിലെ ഹരംകൊള്ളിക്കുന്ന കഥാഭാഗമാണ്‌.
നിര്‍മ്മാണകലയുടെ മാസ്‌മരികവിദ്യ വിവരിക്കുന്ന കഥകളുണ്ട്‌ ഏറെ. പെരുന്തച്ചന്റെ...വെള്ളിനേഴിയുടെ..

താമസിക്കാന്‍ കൊള്ളാവുന്ന മനുഷ്യാലയങ്ങളുടെ നിര്‍മ്മാണം...ആയുരാരോഗ്യസൗഖ്യം നല്‍കുന്ന വാസഗേഹങ്ങള്‍...
അതിനു കണക്കും ശാസ്‌ത്രവുമുണ്ട്‌. ഭൂമിയുടെ കിടപ്പു മുതല്‍ പഞ്ചഭൂതങ്ങളുടെ നിയന്ത്രണശക്തികള്‍വരെ..
കേരളത്തില്‍ വാസ്‌തുവിന്റെ അവസാനവാക്കായ കാണിപ്പയ്യൂര്‍ പാരമ്പര്യം. അതിന്റെ ഖ്യാതി ഇന്ന്‌ കടലേഴും കടന്നിരിക്കുന്നു. ആധുനിക എഞ്ചിനീയറിംഗ്‌ വിദഗ്‌ധര്‍പോലും സമ്മതിക്കുന്ന നിര്‍മ്മാണസൂത്രങ്ങള്‍..
പ്രകൃതിയിലെ ശക്തിവിശേഷങ്ങള്‍ പ്രയോജനപ്പെടുത്തി ഐശ്വര്യം നിറഞ്ഞ കെട്ടിടങ്ങളുടെ നിര്‍മ്മാണം. ഇന്ന്‌ വാസ്‌തുവിന്റെ പ്രസക്തി ലോകം തിരിച്ചറിഞ്ഞിരിക്കുന്നു..
വാസ്‌തുവിദ്യാ കുലപതി കാണിപ്പയ്യൂര്‍ കൃഷ്‌ണന്‍ നമ്പൂതിരിപ്പാടും മഹന്‍ കൃഷ്‌ണന്‍ നമ്പൂതിരിപ്പാടും പറഞ്ഞത്‌ കുറേ പുരാചരിത്രം മാത്രമല്ല...വാസ്‌തുവിന്റെ വാസ്‌തവികത കൂടി..
ജ്യോതിഷത്തിലും വാസ്‌തുവിദ്യയിലും എത്രകാലത്തെ പാരമ്പര്യമുണ്ടെന്ന്‌ മനയിലുള്ളവര്‍ക്കുപോലും ഇന്നറിയില്ല. അപാരമായ ഭാരതീയവിജ്ഞാനത്തില്‍ തളിര്‍ത്തുവന്ന ഒരു പാരമ്പര്യം തന്നെയായിരുന്നു കാണിപ്പയ്യൂര്‍ മനയുടേത്‌. കൊച്ചിരാജാവിന്റെ ആസ്ഥാന ഉപദേശകസ്ഥാനം ഇവര്‍ക്കായിരുന്നു. മുത്തപ്‌ഫനായ ശങ്കരന്‍ നമ്പൂതിരിപ്പാടിന്‌ പണ്ഡിതരാജന്‍ പദവി കല്‍പ്പിച്ചു നല്‍കിയത്‌ കൊച്ചിരാജാവ്‌..!തൃപ്പൂണിത്തുറ വിദ്വല്‍സദസ്സ്‌..!. കൊച്ചി-മലബാര്‍-തിരുവിതാംകൂര്‍ ദേശങ്ങള്‍ കടന്ന്‌ മൈസൂര്‍ രാജാക്കന്‍മാരുടെ വാസ്‌തുഉപദേശകരായിരുന്ന ഒരു മഹാപാരമ്പര്യം..

കേരളീയ വാസ്‌തുശാസ്‌ത്രത്തിന്റെ ഈറ്റില്ലമായ കാണിപ്പയ്യൂര്‍മന, പൂര്‍ണ്ണ രൂപത്തില്‍ ഇന്നില്ല.. ഏതാനും വര്‍ഷം മുമ്പുവരെ അതിന്റെ പ്രഭാവത്തോടെ നിലനിന്നിരുന്നു. മനയുടെ രൂപരേഖകള്‍ ഉണ്ട്‌ ഈ വാസ്‌തുവിസ്‌മയത്തിന്റെ.. 12 കെട്ട്‌!. രണ്ടു പത്തായപ്പുര പടിപ്പുര നാടകശാല എന്നിവ ചേര്‍ന്ന ഒരു വലിയ ഇല്ലം; ഇല്ലത്തിനോട്‌ ചേര്‍ന്ന്‌ അമ്പലവും കുളവും.
വിശാലമായ മനുഷ്യാലയം അമ്പരപ്പുണ്ടാക്കുന്ന ഒന്നു തന്നെ...
അതിലൂടെ മനസ്സുകൊണ്ടെരു സഞ്ചാരം നടത്തിയാല്‍ തന്നെ അത്‌ഭുതപ്പെട്ടുപോകും. വാസ്‌തു വൈഭവത്തെ നമിച്ചുപോകും..!.
നടശാലയും പൂമുഖവുമാണ്‌ ആദ്യഭാഗം. ഇവിടെയാണ്‌ തീണ്ടലും തൊടീലുമില്ലാത്താരെ സ്വീകരിച്ചിരുത്തുന്നത്‌. പിന്നെ പടിഞ്ഞാറ്റിത്തറ എന്ന ഭാഗം. ബഹുമാനിതരെ സ്വീകരിക്കുകയും അവര്‍ക്കു ഭക്ഷണം വിളമ്പുകയും ചെയ്യുന്നത്‌ ഇവിടെയത്രെ. കുടുംബത്തിലെ പ്രായം ചെന്ന പുരുഷന്‍മാര്‍( അവര്‍ രോഗബാധിതരാകുമ്പോള്‍) കഴിയുന്ന ദീനമുറി എന്നൊരു മുറി. വടക്കിനിയാണ്‌ അടുത്തത്‌. ഔപാസനം, ശ്രാദ്ധകര്‍മ്മങ്ങള്‍ തുടങ്ങിയ ഇവിടെ അനുഷ്‌ഠിക്കുന്നു. വലിയൊരു മേലടുക്കളയുണ്ട്‌. അത്‌ നിത്യവും നമ്പൂതിരിമാര്‍ ആഹാരം കഴിക്കുന്ന `ഹാള്‍' ആണ്‌. സ്‌ത്രീകള്‍ തീണ്ടാരികളാകുമ്പോള്‍ മാത്രം ഉപയോഗിക്കുന്ന പ്രത്യേക മുറി.. വിശാലമായ കലവറയും മനക്കുള്ളില്‍ തന്നെ. നിത്യവും ഉപയോഗിക്കാത്ത പാത്രങ്ങള്‍ സൂക്ഷിക്കാന്‍ ഒരു പാത്രക്കലവറ. അച്ചാറുകളും അന്തര്‍ജനങ്ങളുടെ വസ്‌തുക്കളും സൂക്ഷിക്കുന്ന മുറിയാണ്‌ `പുത്തനറ'. പ്രസവമുറിയും കെട്ടിനുള്ളില്‍ തന്നെ!. വടക്കേ അകം എന്നു പേര്‍.
എല്ലാ നമ്പൂതിരിമാര്‍ക്കുമുള്ള ഉച്ചയൂണ്‌ വടക്കേകെട്ടിലാണ്‌ പതിവ്‌. അന്തര്‍ജനങ്ങള്‍ക്കു ഭക്ഷണം കഴിക്കാന്‍ ചെറിയമേലടുക്കള. തുണ്ടന്‍ അടുക്കള എന്നുവിളിക്കുന്നു ഇതിനെ. പൂജാമുറിയെ ശ്രീലകം എന്നു വിളിക്കുന്നു. മോരും തൈരും ഒക്കെ സൂക്ഷിക്കുന്ന അടുക്കള സ്‌റ്റോര്‍ വേറെയുണ്ട്‌. ഇതിനു `മോരകം' എന്നാണ്‌ പേര്‌. പിന്നെ അടുക്കളയാണ്‌. കിഴക്കേ കെട്ടില്‍ തന്നെ രണ്ടു വിശാലമായ ഊണുമുറികള്‍..അതില്‍ വടക്കേത്‌ എന്നു വിളിക്കുന്ന ഹാള്‍ അന്തര്‍ജനങ്ങള്‍ക്കും, തെക്കേത്‌ വിശേഷദിവസങ്ങളില്‍ നമ്പൂതിരി പുരുഷന്‍മാര്‍ക്കു ഭക്ഷണം കഴിക്കാനുള്ള സ്‌ഥലമാണ്‌. വിശേഷദിവസങ്ങളില്‍ പാചകത്തിന്‌ ഊട്ടുപുര വേറെ...!. പിന്നെ വിശാലമായ നടുമുറ്റം.....

യശഃശരീരനായ ശങ്കരന്‍നമ്പൂതിരിപ്പാട്‌ തീര്‍പ്പിച്ച പുതിയ മനയുടെ `പഴമ'യില്‍ കൃഷ്‌ണന്‍ നമ്പൂതിരിപ്പാടിന്റെ ഓര്‍മ്മകള്‍ സഞ്ചരിച്ചുകൊണ്ടിരുന്നു...
ശങ്കരനിലയം..
കാലത്തിന്റെ കുത്തൊഴുക്കിലും കൈമോശംവരാത്ത വലിയൊരുപാരമ്പര്യത്തിന്റെ കണ്ണിയായി മഹന്‍ കൃഷ്‌ണന്‍ നമ്പൂതിരിയും.
`കാണിപ്പയ്യൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട്‌.. അദ്ദേഹത്തിന്റെ മക്കളുടെ മക്കളാണ്‌ ഞങ്ങള്‍..ശങ്കരന്‍നമ്പൂതിരിപ്പാട്‌ മുത്തച്ഛന്റെ അനിയനായിരുന്നു..എന്റെ ഗുരുവും..'
കാണിപ്പയ്യൂര്‍ മനയെന്നുകേട്ടാല്‍ ആജാനുബാഹുവായ ആ മനീഷിയുടെ രൂപമാണ്‌ ഇന്നും ജനമനസ്സില്‍ തെളിയുക..
സമൂഹ്യ പരിഷ്‌കര്‍ത്താവ്‌, ഗ്രന്ഥകാരന്‍, വൈജ്ഞാനികന്‍, വ്യവസായി എന്നീ നിലകളിലെല്ലാം തിളങ്ങിയ ബഹുമുഖ പ്രതിഭ...
`അദ്ദേഹം ദീര്‍ഘായുഷ്‌മാനായിരുന്നു..അതുകൊണ്ടു തന്നെ പ്രവര്‍ത്തനകാലവും ദീര്‍ഘമായിരുന്നു..അറിയപ്പെട്ടതും അദ്ദേഹം തന്നെ കൂടുതല്‍..`
പഴയകാലത്ത്‌ ഇന്നത്തെപോലെ ആവശ്യംവളരെ കുറവായിരുന്നു..അതുകൊണ്ടു ഈ പരമ്പരയിലെ മുന്‍തലമുറക്കാര്‍ക്ക്‌ അധികമൊന്നും അറിയപ്പെടാനോ പ്രവര്‍ത്തിക്കാനോ കഴിയാതെപോയി...
മുത്തപ്‌ഫന്‍ മുതല്‍ക്ക്‌ ജ്യോതിഷം കൈകാര്യം ചെയ്‌തിരുന്നു. മുത്തശ്ശന്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടാണ്‌ പഞ്ചാംഗം ആദ്യമായി അച്ചടിച്ചു പ്രസിദ്ധീകരിച്ചത്‌.. യോഗക്ഷേമം പഞ്ചാംഗം..
അതിനൊക്കെ മുമ്പ്‌, ഇല്ലത്ത്‌ നാള്‍പക്കം വയ്‌ക്കുക എന്നതായിരുന്നു ചടങ്ങ്‌. ഓരോദിവസത്തേയും നാള്‍, പക്കം, തിഥി എന്നിവയൊക്കെ ഗണിച്ചു വരാന്തയില്‍ വയ്‌ക്കും..ആവശ്യക്കാര്‍ക്ക്‌ അതു വന്നുനോക്കാം..
അങ്ങിനെയൊരു കാലം മാറ്റിയതാണ്‌ അച്ചടിച്ച പഞ്ചാംഗത്തിന്റേത്‌...
`ജനങ്ങളുടെ ആവശ്യവും സൗകര്യവും തന്നെയായിരുന്നു അതിന്നു പ്രേരകമായത്‌.'
വാസ്‌തുവിദ്യയില്‍ അഗ്രേസരന്‍മാരായിരുന്നു കാണിപ്പയ്യൂര്‍ നമ്പൂതിരിപ്പാടന്‍മാര്‍. കൊച്ചി രാജാവിന്റെ ആസ്‌ഥാന വാസ്‌തുവിദ്യാ ഉപദേഷ്‌ടകരായിരിക്കേ തന്നെ തിരുവിതാംകൂര്‍ മഹാരാജാവിന്റെ മരാമത്ത്‌ പണികളെല്ലാം കൈകാര്യം ചെയ്‌തിരുന്നത്‌ കാണിപ്പയ്യൂരെ നമ്പൂതിരിമാര്‍ ആയിരുന്നു. ശ്രീമൂലം തിരുന്നാള്‍ മഹാരാജവിന്റെ കൊട്ടാരം പണി ചെയ്‌തതു കാണിപ്പയ്യൂര്‍ സുബ്രഹ്‌മണ്യന്‍ നമ്പൂതിരിപ്പാട്‌ ആണ്‌. സ്വാതിതിരുനാള്‍ മഹാരാജാവിന്റെ നിര്‍ദ്ദേശാനുസരണം നക്ഷത്രബംഗ്ലാവിലെ ജ്യോതിര്‍മണ്ഡലവും തീര്‍ത്തതും കാണിപ്പയ്യൂര്‍ തന്നെ..!!. പിഴക്കാത്ത കൈക്കണക്കുകള്‍...

`ഈ മനയ്‌ക്കല്‍ നിന്ന്‌ ആദ്യമായി ഒന്നാം ക്ലാസില്‍ പോയത്‌ ഞാനാണ്‌..' കൃഷ്‌ണന്‍ നമ്പൂതിരിപ്പാട്‌ ചിരിച്ചു. അക്കാലത്തൊക്കെ സമാവര്‍ത്തനം കഴിഞ്ഞ്‌ ഏഴാം ക്ലാസിലൊക്കെയേ ഇവിടുത്തെകുട്ടികള്‍ ചേരൂ..!!.
സ്‌കൂളില്‍ എന്‍സിസിയിലും മറ്റും സജീവമായിരുന്നു. ഇല്ലത്തെ ശുദ്ധാശുദ്ധങ്ങളൊക്കെ പതുക്കെ മറന്നുകൊണ്ടുള്ള ജീവിതം!. പിന്നീട്‌ തൃശൂര്‍ കേരളവര്‍മ്മ കോളജില്‍ നിന്നും മഹാരാജാസില്‍ നിന്നുമായി കണക്കില്‍ ബിരുദവും ബിരുദാനന്തരബിരുദവും. തുടര്‍ന്ന്‌ ഇരിങ്ങാലക്കുട ക്രൈസ്‌റ്റ്‌ കോളജില്‍ അധ്യാപകനായി..പിന്നെ കേരളവര്‍മ്മയിലും. അധ്യാപക ജോലിയിലിരിക്കേയാണ്‌ വാസ്‌തുവിന്റെ ലോകത്തേയ്‌ക്ക്‌ മുത്തപ്‌ഫന്റെ പിന്‍വിളി!. അതു വെറുതേയായില്ലെന്ന്‌ കാലം തെളിയിച്ചു...
വിദേശരാജ്യങ്ങള്‍ കേരളത്തിന്റെ തച്ചുശാസ്‌ത്ര ശാഖയുടെ മഹത്ത്വം അറിഞ്ഞത്‌ ഇദ്ദേഹത്തിലൂടെയായിരുന്നു.. കേരളത്തിന്‌ അകത്തും പുറത്തും വിദേശരാജ്യങ്ങളിലും നിരവധി ക്ഷേത്രങ്ങളും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മിക്കപ്പെട്ടു..കേരളത്തിലെ തച്ചു ശാസ്‌ത്ര നിര്‍മ്മിതിയില്‍ ഒരു പാട്‌ അമൂല്യമായ ഗ്രന്‌ഥങ്ങളും ഇദ്ദേഹത്തിന്റെ സംഭാവനയായുണ്ട്‌. ഇദ്ദേഹത്തിന്റെ ആശയമാണ്‌ വാസ്‌തുവിദ്യാഗുരുകുലം. കേരള സര്‍ക്കാരിന്റെ കീഴിലുള്ള വാസ്‌തുവിദ്യാ പഠനകേന്ദ്രം!. വാസ്‌തുവിദ്യാ പ്രതിഷ്‌ഠാനം എന്ന സ്‌ഥാപനത്തിന്റെ സ്‌ഥാപക അംഗങ്ങളില്‍ ഒരാളുമാണ്‌ കാണിപ്പയ്യൂര്‍ കൃഷ്‌ണന്‍ നമ്പൂതിരിപ്പാട്‌. തൃശ്ശൂരിലെ പ്രശസ്‌തമായ തിരുവമ്പാടി ക്ഷേത്രത്തിലെ നാലമ്പല നിര്‍മ്മാണം ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ഇന്ത്യയ്‌ക്ക്‌ അകത്തും പുറത്തും കാണിപ്പയ്യൂരിന്റെ കൈയൊപ്പുകള്‍..

`ഇന്ന്‌ ആളുകള്‍ക്കറിയാം വാസ്‌തുവില്‍ വാസ്‌തവം ഉണ്ടെന്ന്‌. പഞ്ചഭൂതങ്ങളടക്കമുള്ള പ്രാപഞ്ചികോര്‍ജ്ജങ്ങളെ മനുഷ്യനനുകൂലമാക്കി ഉപയോഗപ്പെടുത്തുന്ന ശാസ്‌ത്രീയ മാര്‍ഗ്ഗമാണത്‌..'
ഭൂമിയില്‍ നിര്‍മ്മിക്കുന്ന ഏതുതരം ഗൃഹങ്ങളും വാസ്‌തുവിന്റെ നിയമങ്ങളില്‍ വരും. കാരണം, പ്രകൃതിയോടിണങ്ങുന്ന വീടുകള്‍ നിര്‍മിക്കാനുള്ള മാര്‍ഗ്ഗദീപമാണ്‌ വാസ്‌തു. അപ്പോള്‍, ഗൃഹം ഏതു ശൈലിയിലുള്ളതാണെന്നത്‌ വിഷയമേയല്ല...

കഥകളുടെ പരമ്പര...നവോത്ഥാനത്തിന്റേയും കാലാനുസൃതമായി മാറ്റം ഉള്‍ക്കൊള്ളാന്‍ വിമുഖതകാട്ടാതിരുന്ന തലമുറയുടേയും കഥകളാണ്‌ കണിപ്പയ്യൂരിന്റേത്‌.
`ഗുരുവായൂര്‍ അമ്പലവും ശബരിമല ക്ഷേത്രവും നവീകരിച്ചത്‌ മുത്തപ്‌ഫന്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ കണക്കുപ്രകാരമാണ്‌...'
തച്ചുശാസ്‌ത്രത്തില്‍ പ്ലാനുകള്‍ വരച്ചു നല്‍കുന്ന പതിവ്‌ മുന്‍കാലങ്ങളിലുണ്ടായിരുന്നില്ല. കണക്കു കുറിച്ചുകൊടുത്താല്‍ അതു ആശാരിമാര്‍ നോക്കിപ്പണിതുകൊള്ളും.. അവര്‍ക്കും അത്രയും പാണ്ഡിത്യം..!.
സിവില്‍ എഞ്ചിനീയര്‍മാര്‍ വരയ്‌ക്കുന്ന രീതി കണ്ടുപഠിച്ച്‌ ആദ്യമായി വാസ്‌തു അനുസരിച്ചുള്ള പ്ലാന്‍ വരച്ചത്‌ ശങ്കരന്‍ നമ്പൂതിരിപ്പാടാണ്‌. അത്‌ വാസ്‌തുശാസ്‌ത്രത്തിലെ ഒരു വഴിത്തിരിവുകൂടിയായി.
സ്ഥപതിയ്‌ക്ക്‌ ലക്ഷണമുണ്ട്‌, വാസ്‌തു ശാസ്‌ത്രപ്രകാരം:
സ്ഥപതിഃ സ്ഥാപനാര്‍ഹഃ സ്യാത്‌
സര്‍വ്വശാസ്‌ത്രവിശാരദഃ
നഃഹീനാംഗോതിരിക്താംഗോ
ധാര്‍മ്മികസ്‌തു ദയാപരഃ.........

സ്ഥപതിലക്ഷണം വിവരിക്കുന്ന നീണ്ട ശ്ലോകത്തിന്റെ അര്‍ത്ഥം ഇങ്ങിനെ: സ്ഥാപനത്തിനു യോഗ്യതയുള്ളവനായിരിക്കണം. അയാള്‍ എല്ലാ ശാസ്‌ത്രങ്ങളും അറിയുന്നവനാകണം. അംഗവിഹീനതയോ അധികം അംഗങ്ങളോ പാടില്ല. ധാര്‍മ്മികനും ദയാപരനുമാകണം. മാത്സര്യവും അസൂയയുമുള്ളവനുമാകരുത്‌. താന്ത്രികനും സത്‌കുലജാതനുമാകണം. ഗണിതം പുരാണം എന്നിവയറിയുന്നവനും ആനന്ദമുള്ളവനും ലോഭമില്ലാത്തവനുമാകണം. ചിത്രംവര അറിയുന്നവനും സര്‍വ്വദേശങ്ങളുടേയും വിശേഷം അറിയുന്നവനുമാകണം. സത്യം മാത്രം പറയുന്നവനും ഇന്ദ്രിയജയമുളളവനും രോഗമില്ലാത്തവനും തെറ്റുപറ്റാത്തവനും സ്വപ്‌നവ്യസനങ്ങളില്ലാത്തവനും സല്‍പേരുളളവനും ബന്ധുഗുണമുളളവനും വാസ്‌തുവിദ്യാസാഗരത്തിന്റെ മറുകരകണ്ടവനും ആവണം....
കേരളത്തിലെ തച്ചുശാസ്‌ത്രവിധികളെല്ലാം തന്നെ ഒരു പുസ്‌തക രൂപത്തിലാക്കുകയും ഈ ലോകസമക്ഷം സമര്‍പ്പിക്കുകയും ചെയ്‌ത മഹാപാരമ്പര്യം തുടരുന്നു, സ്ഥപതിലക്ഷണങ്ങളത്രയും തികഞ്ഞ്‌...
`ഉദയസൂര്യന്റെ രശ്‌മികള്‍ ഏല്‍ക്കുന്ന ഭൂമിയാണ്‌ വാസയോഗ്യം. അതായത്‌ കിഴക്കോട്ട്‌ താഴ്‌ചയുള്ള സ്‌ഥലം. ഭൂമിയിലെവിടെയാണെങ്കിലും സൂര്യന്‍ കിഴക്കാണല്ലോ ഉദിക്കുക?. കാറ്റ്‌, മഴ, വെയില്‍ ഇവയുടെ ദിശയ്‌ക്കും കാഠിന്യത്തിനും അനുസരിച്ച്‌ അതാതിടങ്ങളില്‍ ചില്ലറ വ്യത്യാസമുണ്ടാകും. ഭൂമിയുടെ കിടപ്പാണ്‌ ഏറ്റവും പ്രധാനം....'
വാസ്‌തുരഹസ്യങ്ങള്‍...!. മനുഷ്യാലയ നിര്‍മ്മാണത്തിന്റെ, ദേവാലയ നിര്‍മ്മാണത്തിന്റെ എല്ലാം ഉള്ളുകളളികള്‍ വാസ്‌തുശാസ്‌ത്രം കൃത്യമായി നിര്‍വ്വചിച്ചിരിക്കുന്നു..
ശാസ്‌ത്രത്തിന്റെ പേരുപറഞ്ഞ്‌ ജനങ്ങളെ ഭയഭീതരാക്കാനോ അതു മുതലെടുക്കാനോ ശ്രമിക്കാത്തവര്‍. ശാസ്‌ത്രം അറിഞ്ഞുപയോഗിക്കുന്നവര്‍..കാണിപ്പയ്യൂര്‍ പാരമ്പര്യത്തില്‍ അതു മാത്രമേ കാണൂ. ആധുനിക ലോകക്രമത്തിലും വാസ്‌തുനിയമം ബാധകം..വീടുകളുടെ സ്ഥാനം ഫ്‌ളാറ്റുകള്‍ ഏറ്റെടുത്താലും നിയമങ്ങള്‍ ബാധകം..
`ഭൂമിയുടെ വലുപ്പത്തിനനുസരിച്ച്‌ മുറികളുടെ അളവും തീരുമാനിക്കാം. ഇതിന്‌ ചില കണക്കുകളുണ്ട്‌. സമതതം, പാദാധികം, അര്‍ധാതികം, പാദോനം എന്നിങ്ങനെ നാലുവിധത്തിലുള്ള അനുപാതം പാലിക്കേണ്ടതുണ്ട്‌. ഒരു നിശ്‌ചിത അളവില്‍ മാത്രമേ മുറികള്‍ പാടുള്ളു എന്ന്‌ ശാസ്‌ത്രത്തിലൊരിടത്തും പറയുന്നില്ല...'
ഫ്‌ളാറ്റിനു തത്തുല്യമായി, വാസ്‌തുവില്‍ പറയുന്ന അഗ്രഹാരങ്ങളുടെ നിയമങ്ങള്‍ ഫ്‌ളാറ്റിനും ബാധകമാണ്‌. പൃഥ്വി, ജലം, അഗ്നി, വായു, ആകാശം ഇങ്ങനെ ക്രമത്തിലാണ്‌ ഉയരം തരംതിരിച്ചിരിക്കുന്നത്‌. ഇതില്‍ അഗ്നി എന്ന പദത്തില്‍ ഒരിക്കലും കെട്ടിടത്തിന്റെ ഉയരം വന്ന്‌ അവസാനിക്കാന്‍ പാടില്ലെന്നു ശാസ്‌ത്രം...!.
`മറ്റേത്‌ പദത്തിലാണെങ്കിലും കുഴപ്പമില്ല.'

വാസ്‌തു ശാസ്‌ത്രം ജനങ്ങളിലേക്ക്‌ എത്തിച്ചത്‌ കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്‌ ആണ്‌ എന്നതാണ്‌ എടുത്തു പറയേണ്ടത്‌. കാലാനുസൃതമായി തന്നെ അദ്ദേഹം കാര്യങ്ങള്‍ നോക്കിക്കണ്ടു..
പണ്ടുകാലത്ത്‌ നിര്‍മ്മാണങ്ങള്‍ ഇത്രകണ്ട്‌ ഇല്ലാതിരുന്നു. ഇന്ന്‌ കാലംമാറി. ആവശ്യം അധികരിച്ചു.
മുത്തഫ്‌പന്‍ ശങ്കരന്‍ നമ്പൂതിരിപ്പാടുതന്നെയാണ്‌ ആദ്യമായി കേരളത്തിനു പുറത്തുപോയി നിര്‍മ്മാണം നടത്തിയത്‌..
അത്‌ ബാംഗ്ലൂരിലെ ജലഹള്ളി അയ്യപ്പക്ഷേത്രമാണ്‌. പിന്നീട്‌ അദ്ദേഹം ക്ഷണം സ്വീകരിച്ച്‌ മദ്രാസിലും ക്ഷേത്രനിര്‍മ്മാണം ചെയ്‌തുകൊടുത്തു. മഹാലിംഗപുരം അയ്യപ്പക്ഷേത്രം..
അന്ന്‌ ക്ഷേത്രനിര്‍മ്മാണത്തിനെത്തുമ്പോള്‍ എങ്ങിനെ തിരിച്ചറിയും എന്ന്‌ അവര്‍ കത്തെഴുതിചോദിച്ചിരുന്നു..
കൃഷ്‌ണന്‍ നമ്പൂതിരിപ്പാട്‌ ചിരിച്ചു- `ഞങ്ങളുടെ കൈയില്‍ ഒരു കിണ്ടി കാണും' എന്നായിരുന്നു ശങ്കരന്‍നമ്പൂതിരിപ്പാടിന്റെ മറുപടി!.
എവിടെ പോയാലും ശൗചത്തിന്‌ അദ്ദേഹത്തിനു കിണ്ടി നിര്‍ബന്ധമായിരുന്നു - ഇത്രയും പറഞ്ഞ്‌ കൃഷ്‌ണന്‍ നമ്പൂതിരിപ്പാട്‌ വീണ്ടും ചിരിച്ചു..
`എഴുപതുകള്‍ മുതല്‍ ഞാന്‍ വ്യാപകമായി ഉത്തരേന്ത്യയില്‍ സഞ്ചരിച്ചു. പലതും നിര്‍മ്മാണാവശ്യങ്ങള്‍ക്കു തന്നെ.' 80ല്‍ ഡല്‍ഹി ആര്‍.കെ.പുരം അയ്യപ്പക്ഷേത്രം രൂപകല്‍പ്പന ചെയ്‌തത്‌ കാണിപ്പയ്യൂര്‍ കൃഷ്‌ണന്‍ നമ്പൂതിരി..!.
ഇപ്പോള്‍ കാണിപ്പയ്യൂര്‍ കുടുംബത്തിലെ ഏഴുപേര്‍ വാസ്‌തു/ജ്യോതിഷ വിഷയങ്ങള്‍ കയ്യാളുന്നു.
കാണിപ്പയ്യൂര്‍ പഞ്ചാംഗം പുസ്‌തകശാലയും പ്രസ്സും സ്ഥാപിച്ച ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ സംസ്‌കൃതം-മലയാളം നിഘണ്ടുവും വൈദ്യരത്‌നം ഔഷധനിഘണ്ടുവും അശ്രാന്തപരിശ്രമത്തിനു നിദാനമാണ്‌. നമ്പൂതിരിമാര്‍ക്കിടയില്‍ മാത്രം ഒതുങ്ങിനിന്ന മന്ത്ര-തന്ത്ര വിഷയങ്ങള്‍ ആദ്യമായി പുസ്‌തകരൂപത്തില്‍ അച്ചടിച്ചു വിതരണം ചെയ്‌ത്‌ അദ്ദേഹം വിപ്ലവം തന്നെ സൃഷ്ടിക്കുകയുണ്ടായി...
`അതിനു അദ്ദേഹത്തിന്‌ ഒരുപാട്‌ പഴിയും കേള്‍ക്കേണ്ടിവന്നു..മന്ത്രങ്ങള്‍ വിറ്റു കാശാക്കി എന്ന്‌ അന്ന്‌ ആരോപണമുയര്‍ന്നു...'- കൃഷ്‌ണന്‍ നമ്പൂതിരിപ്പാട്‌ ഓര്‍മ്മിക്കുന്നു. ഇന്ന്‌ അദ്ദേഹം അച്ചടിച്ച പുസ്‌തകങ്ങളാണ്‌ ആധികാരികമായ റഫറന്‍സ്‌ ഗ്രന്ഥങ്ങളായി കണക്കാക്കുന്നത്‌..!.
കേരളീയ വാസ്‌തുശാസ്‌ത്രത്തിന്റെ ആധികാരിക ഗ്രന്ഥമായ `മനുഷ്യാലയചന്ദ്രിക' വ്യാഖ്യാനിച്ച്‌ പുസ്‌തകമായി അച്ചടിച്ചതും ശങ്കരന്‍ നമ്പൂതിരിപ്പാട്‌. വിജ്ഞാനം കുറച്ചു കൈകളില്‍ ഒതുങ്ങേണ്ടതല്ലെന്നും അതു മനുഷ്യസമൂഹത്തിനു മുഴുവനും അവകാശപ്പെട്ടതാണെന്നും ഉറച്ചുവിശ്വസിച്ച ഒരു മഹാപാരമ്പര്യം..!!. ജ്യോതിഷവും ജാതകവും വാസ്‌തുവും മന്ത്ര-തന്ത്രങ്ങളും എല്ലാം ഉള്ളം കൈയിലെ നെല്ലിക്കപോലെയായിരുന്ന ശങ്കരന്‍ നമ്പൂതിരിപ്പാടില്‍ തുടങ്ങി അദ്ദേഹത്തില്‍ തന്നെ പറഞ്ഞവസാനിപ്പിക്കാവുന്ന കാണിപ്പയ്യൂര്‍ ചരിത്രം..അതിനു ഉത്തരോത്തരം യശസ്സുയര്‍ത്തി ഈ തലമുറയും...
മാറുന്ന ജീവിതസാഹചര്യങ്ങള്‍ക്കനുസരിച്ച്‌ ആവാസവ്യവസ്‌ഥയിലും മാറ്റങ്ങള്‍ സംഭവിക്കാം. ഇത്‌ വാസ്‌തുനിയമങ്ങള്‍ക്ക്‌ എതിരല്ല.
`ദിശ കൃത്യമാകണം. പ്രധാന ദിശകളും അപ്രധാന ദിശകളും ഉണ്ട്‌. കൃത്യമായ കിഴക്ക്‌, കൃത്യമായ വടക്ക്‌, കൃത്യമായ തെക്ക്‌, കൃത്യമായ പടിഞ്ഞാറ്‌ എന്നിവയാണ്‌ പ്രധാന ദിശകള്‍. വടക്ക്‌കിഴക്ക്‌, വടക്ക്‌പടിഞ്ഞാറ്‌, തെക്കുകിഴക്ക്‌ അപ്രധാന ദിശകള്‍. അപ്രധാന ദിശകളിലേക്ക്‌ തിരിഞ്ഞിരിക്കുന്ന വീടുകളി? സ്വസ്‌ഥത കുറയാന്‍ സാധ്യതയുണ്ട്‌...' പറയുന്നത്‌ മഹന്‍ കൃഷ്‌ണന്‍ നമ്പൂതിരി.
ഇന്ന്‌ ചൈനീസ്‌ വാസ്‌തുശാസ്‌ത്രമുണ്ട്‌. അതിലൊന്നും ഭൂമിയെക്കുറിച്ചോ അതിന്റെ കിടപ്പിനെ കുറിച്ചോ പരാമര്‍ശിച്ചു കാണുന്നില്ല. അതില്‍ പറയുന്നതെല്ലാം `റെമഡി' ആണ്‌..
`അതേക്കുറിച്ച്‌ അത്രയേ നമുക്കറിയൂ..അതുകൊണ്ടു തന്നെ തെറ്റ്‌ എന്നു പറയാനും പാടില്ല...'- മഹന്‍ നമ്പൂതിരി ചിരിച്ചു..
അതിശൈത്യം, അതിവര്‍ഷം, അത്യുഷ്‌ണം, കാറ്റ്‌ ഇവയൊന്നും നമ്മുടെ ശരീരത്തെ ബാധിക്കാതെ സംരക്ഷിക്കുവാനാണ്‌ ഗൃഹം. അതിനുവേണ്ടിയാണ്‌ ഓരോ വീടും വാസ്‌തുനിഷ്‌കര്‍ഷിക്കുന്നത്‌..
`ഭൂമിയിലെല്ലായിടത്തേക്കുമായാണ്‌ വാസ്‌തുശാസ്‌ത്രം നിര്‍മ്മിക്കപ്പെട്ടിട്ടുളളത്‌. അത്‌ അമേരിക്കയിലായാലും ബാധകം..അവിടേയും സൂര്യന്‍ കിഴക്കുതന്നെയല്ലേ ഉദിക്കുക..?- കൃഷ്‌ണന്‍ നമ്പൂതിരിപ്പാട്‌ നിര്‍ത്തി പിന്നെ ചിരിച്ചു..
മനുഷ്യമനസ്സിന്റെ സന്തോഷത്തിനും സംതൃപ്‌തിയ്‌ക്കും ഊന്നല്‍ നല്‍കുന്നൊരു ശാസ്‌ത്രം. പ്രകൃതിയോടിണങ്ങിയുള്ള ജീവിതം തന്നെ അതിനുളള മാര്‍ഗ്ഗം. നിര്‍മ്മാണകല ശാസ്‌ത്രമായി മാറുന്നത്‌ ഇവിടെയാണ്‌. അതിനു ആയിരത്താണ്ടുകളുടെ നിരീക്ഷണ-പരീക്ഷണങ്ങളുടെ അനുഭവസാക്ഷ്യം. പല തത്വങ്ങളും ഇന്നും അമ്പരപ്പിക്കും വിധം നിഗൂഢം..
വടക്കുകിഴക്ക്‌ ദര്‍ശനമായിരിക്കുന്ന ഗൃഹങ്ങള്‍ക്ക്‌ കുലനാശം സംഭവിച്ചേക്കാമെന്ന്‌ പറയുന്നുണ്ട്‌ ശാസ്‌ത്രത്തില്‍.. ഇതിനര്‍ത്ഥം ഇത്തരത്തിലുള്ള വീടുകളില്‍ കുട്ടികളുണ്ടാവില്ല എന്നല്ല. ഗൃഹനാഥന്റെ, അതായത്‌ ഭൂമി ആരുടെ പേരിലാണോ അയാളുടെ ജാതകവശാലുള്ള കാര്യങ്ങളില്‍ സ്വാധീനിക്കാം എന്നേ അര്‍ത്ഥമുള്ളൂ. അതുപോലെ ടോയ്‌ലറ്റ്‌ നല്‍കാന്‍ പാടില്ലാത്ത ചില സ്‌ഥലങ്ങളുണ്ട്‌. ഉദാഹരണത്തിന്‌ ഗൃഹത്തിന്റെ മധ്യസൂത്രത്തിന്‌ തടസ്സം വരുന്ന രീതിയില്‍ ടോയ്‌ലറ്റ്‌ വരാന്‍ പാടില്ല എന്നു ശാസ്‌ത്രം. ശാസ്‌ത്രതത്വങ്ങള്‍ വ്യാഖ്യാനിക്കാന്‍ യുക്തികൂടി ഉണരണം. `ആധുനികവീടുകളിലെ എല്ലാ ഘടകങ്ങളും വാസ്‌തുവില്‍ പ്രതിപാദിക്കുന്നില്ല. അങ്ങിനെയുള്ള സാഹചര്യങ്ങളില്‍ യുക്‌തിക്ക്‌ മുന്‍തൂക്കം കൊടുക്കുകയാണ്‌ വേണ്ടത്‌..'
അന്നംകുളങ്ങര ഭഗവതിയാണ്‌ കാണിപ്പയ്യൂര്‍ നമ്പൂതിരിപ്പാടന്‍മാരുടെ പരദേവത. പരദേവതാധ്യാനത്തോടെയാണ്‌ ഇവരുടെ ഓരോ പ്രവൃത്തിയും..
പരമ്പരമുറിയാതെ..
കാലത്തിന്റെ കുത്തൊഴുക്കിലും വിജ്ഞാനം കൈവെടിയാതെ തപോനിഷ്‌ഠരായി ഇവര്‍..
മനുഷ്യകുലത്തിന്റെ മുഴുവന്‍ ശാന്തിക്കും സുഖത്തിനുമായി പ്രാര്‍ത്ഥിച്ച്‌...


-ബാലുമേനോന്‍ എം.

ചിത്രം: സുധീപ് ഈയെസ് 

Thursday, September 24, 2015

അഴീക്കോട്‌ എന്ന സ്‌നേഹസാഗരം





1987
സാഹിത്യഅക്കാദമിയിലെ പ്യൂണ്‍ പോളേട്ടനാണ്‌ പറഞ്ഞത്‌, എന്റെ ബന്ധു മണിയേട്ടന്‍ വഴി..ഒരു ദിവസം സന്ധ്യയ്‌ക്ക്‌..
അഴീക്കോട്‌ മാഷിന്‌ ഒരു ഡ്രൈവറെ വേണം..
ഏതഴീക്കോട്‌? എന്ത്‌ സാഹിത്യം? എനിക്കതൊന്നും മനസ്സിലാവുന്ന പ്രായവും വിവരമുള്ള കാലവും അല്ലായിരുന്നു..ഒരു ബന്ധവുമില്ലാത്ത മേഖലയാണ്‌..
തൃശൂര്‍ നഗരപ്രാന്തത്തില്‍ ഉള്‍നാടന്‍ പ്രദേശത്തു ജനിച്ചുവളര്‍ന്ന ഒരാള്‍ക്ക്‌ നഗരവുമായി പോലും മര്യാദയ്‌ക്ക്‌ ബന്ധമുണ്ടാകില്ല.
ഞാന്‍ തലകുലുക്കി...
ഡ്രൈവിംഗ്‌ പഠിച്ചകാലം. ട്രാക്ടര്‍ ഓടിച്ച പരിചയമേ എനിക്കുള്ളൂ..!.
അമ്മയുടേ മരണം ഏല്‍പ്പിച്ച ജീവിത പ്രതിസന്ധിയില്‍ ഒരു തൊഴില്‍- അതേ മനസ്സിലുണ്ടായിരുന്നുള്ളൂ.
അഴീക്കോടിന്റെ ക്ഷിപ്രകോപ സ്വഭാവത്തെപറ്റി പോളേട്ടന്‍ പറഞ്ഞു തന്നു. ഭയം തോന്നിയെങ്കിലും തൊഴില്‍ എന്ന ആവശ്യം മാടിവിളിച്ചുകൊണ്ടിരുന്നു..
അന്ന്‌ അദ്ദേഹം വിയ്യൂരാണ്‌ താമസം.
അഭിമുഖത്തിന്‌ വിയ്യൂരിലെ വീട്ടിലെത്തുമ്പോള്‍, കാത്തിരുന്നത്‌ മറ്റൊരാഘാതം.
സാഹിത്യകാരന്‍ എന്നാല്‍ സിനിമാതാരത്തെപ്പോലെ സുന്ദരസുഭഗനായിരിക്കുമെന്ന മനസ്സിലെ ധാരണ തകര്‍ന്നുമൂക്കുകുത്തിയാണ്‌ വീണത്‌!.
കറുത്തുമെലിഞ്ഞ്‌ ദുര്‍ബലശരീരിയായ ഒരു മനുഷ്യന്‍..!.
ഉമ്മറവരാന്തയില്‍ അദ്ദേഹത്തോടൊപ്പം തടിച്ചു കൂറ്റനായ മറ്റൊരു മനുഷ്യനും ഇരുന്നിരുന്നു..
സൂക്ഷം ഒന്നു നോക്കി, ആരോടെന്നില്ലാതെ ഒറ്റച്ചോദ്യമാണ്‌- ഇവന്‌ വണ്ടി ഓടിക്കാനുള്ള കഴിവൊക്കെ ഉണ്ടോ...?!!.
നൂലുപോലുളള എന്നെ നോക്കി അദ്ദേഹം ചിരിച്ചതുപോലുമില്ല..!
പിന്നെ എന്നോടായി, തടിച്ച ആളെ ചൂണ്ടി- ആരാന്നറിയോ..? സിബിഐയാ..!
അഴീക്കോട്‌ മാഷിന്റെ വിദ്യാര്‍ത്ഥിയായിരുന്നയാളാണ്‌- സെബാസ്‌റ്റിയന്‍- മൂത്തകുന്നത്ത്‌..
അതോടെ വയറ്റിലെ തീയൊന്നാന്തി..
പത്തൊമ്പതുകാരനായ ഞാന്‍ ആദ്യമായി കാണുന്ന സിബിഐക്കാരന്‍..!.
അയാളെ തീവണ്ടിയാപ്പീസില്‍ കൊണ്ടുവിടാനായിരുന്നു ആദ്യ നിയോഗം..
മാഷുടെ കാല്‍തൊട്ടുവണങ്ങി, താക്കോല്‍ വാങ്ങി..!.
തൃശൂര്‍ സ്‌റ്റേഷനില്‍ നിന്നു തിരിച്ചെത്തിയപ്പോള്‍, പിറ്റേന്ന്‌ വരാന്‍ പറഞ്ഞു..
കണ്ണൂര്‍ക്കാണ്‌ യാത്ര. `നാളെ കണ്ണൂര്‌ പോണം..'
സമ്മതിച്ചു മടങ്ങി.

ഇതൊരുയാത്രയുടെ തുടക്കമാണ്‌....കാല്‍നൂറ്റാണ്ടു നീണ്ട, ഇതിഹാസതുല്ല്യമായ ഒരു ജീവിതത്തോടൊപ്പം നിഴല്‍പോലെ നീണ്ട ഒരു ജീവിതയാത്ര..!.

ഡോ. സുകുമാര്‍ അഴീക്കോട്‌ എന്ന സിംഹത്തിന്റെ, എരവിമംഗലത്തിലെ വീട്ടിലെ തണുപ്പിലിരുന്നു സുരേഷ്‌ എന്ന സഹയാത്രികന്‍ സംസാരിച്ചു. കേരളം കേട്ട സാഗരഗര്‍ജ്ജനത്തോടൊപ്പം നീണ്ടകാലയളവ്‌...
മാഷുടെ വീടിനു തൊട്ടുപിറകിലൂടെ ഒഴുകുന്ന മണലിപ്പുഴ മഴയില്‍ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു..ഇരുകരകളിലും മുറ്റിത്തഴച്ചു നിന്ന പച്ചപ്പുകളെ തഴുകി...ആ സാഗരഭാഷണം പോലെ...!!.

ആദ്യയാത്ര മറക്കില്ല സുരേഷ്‌. ട്രാക്ടര്‍ ഓടിച്ചു ശീലിച്ച സുരേഷ്‌, തീപ്പെട്ടിപോലുള്ള മാഷുടെ മാരുതി കൈകാര്യം ചെയ്യുകയാണ്‌..നല്ല ഉള്‍വിറയല്‍..
അന്ന്‌ മാരുതി ഇറങ്ങിയ കാലമാണ്‌. ഗഋഉ 5628 വെള്ളമാരുതി..
ഓരോരോ സമയത്തും മാഷുടെ നിര്‍ദ്ദേശങ്ങള്‍..
പിറകിലെ സീറ്റിലിരുന്ന മാഷ്‌ ഡ്രൈവിംഗ്‌ ക്ലാസെടുത്തുവെന്ന്‌ സുരേഷ്‌..
സുരേശാ...(സുരേഷ്‌ എന്നല്ല സുരേശാ എന്നാണ്‌ മാഷ്‌ വിളിക്കുക) നീ ടാക്‌സി കാര്‍ ഓടിക്കുന്നതുപോലെ ഓടിക്കരുത്‌..!!. എന്നായിരുന്ന ആദ്യ ശാസന..!.
പിറകെ ഒന്നൊന്നായി വന്നു...ഒരു ഇന്‍സ്‌ട്രക്ടറെപോലെ മാഷുടെ പഠിപ്പിക്കലുകള്‍.. എപ്പോഴും ഹോണടിക്കരുത്‌..വളവുതിരിക്കുമ്പോള്‍ ഗിയര്‍ഡൗണ്‍ ചെയ്യണം...സഡന്‍ ബ്രേക്ക്‌ അരുത്‌..!!.
എന്തിനു പറയുന്നു, കോഴിക്കോടെത്തുമ്പോഴേയ്‌ക്കും എന്നെ മാഷ്‌ ശരിക്കും ഒരു മികച്ച ഡ്രൈവറാക്കി..!!.
`മാഷ്‌ വണ്ടിയോടിക്കുമെന്ന്‌ എനിക്കറിയാം..പക്ഷെ, അതു പഠിപ്പിച്ച രീതി..'
അധ്യാപനത്തിന്റെ മറുകരകണ്ട മാഷെ സുരേഷ്‌ അടുത്തറിഞ്ഞു തുടങ്ങുകയായിരുന്നു..





സുല്‍ത്താന്റെ സവിധത്തില്‍

`ആ യാത്രക്കിടെ സ്ഥലപരിചയമൊന്നും എനിക്കുണ്ടായിരുന്നില്ല. മാഷ്‌ പറഞ്ഞിടത്തേയ്‌ക്ക്‌ വണ്ടി ഓടിക്കുന്നു...'
ബേപ്പൂര്‍ എത്തിയപ്പോള്‍ മാഷ്‌ നിര്‍ദ്ദേശിച്ചു.. ഇവിടടുത്ത്‌ ഒരു വീട്ടില്‍ കയറണം..
അല്‍പ്പം ഇടവഴികളിലൂടെ സഞ്ചരിച്ചശേഷം വണ്ടി ഒരു വീട്ടിനുമുന്നിലെത്തി..
അവിടെ ഒരു മരച്ചുവട്ടില്‍ ചാരുകസേലയില്‍ ഒരാള്‍ ഇരുന്നിരുന്നു..
ഒരു കൈയില്‍ ബീഡി പുകഞ്ഞുകൊണ്ടിരുന്നു..
നന്നായി ശ്വാസം മുട്ടുന്നുണ്ടായുരുന്നു അദ്ദേഹത്തിന്‌..
ഓരോ ബീഡിപ്പുകയെടുക്കുമ്പോഴും കവിളുകള്‍ ഉള്ളിലേയ്‌ക്ക്‌ കുഴിഞ്ഞു താഴ്‌ന്നു..
മലയാള സാഹിത്യത്തിലെ `കിരീടം വച്ച' സുല്‍ത്താനെ അന്ന്‌ നേരില്‍ കണ്ടു.. ബഷീര്‍ എന്ന അത്ഭുതം!.
മാഷ്‌ അദ്ദേഹത്തിനരികില്‍ ഇരുന്നു. ഞാന്‍ നിന്നതേയുളളൂ.
കുണ്ടില്‍ താണ കണ്ണുകള്‍ നീട്ടി ആകെയൊന്ന്‌ നോക്കി..
`ആരാ ഇവന്‍...?'. എന്നായിരുന്നു ചോദ്യം, മാഷോട്‌.
`എന്റെ പുതിയ സാരഥി'- എന്നു ചിരിച്ചുകൊണ്ട്‌ മറുപടി..
ഹിന്ദുവാണോ..? എന്നായി..
തങ്ങള്‍ രണ്ടുമതേയെന്നു മാഷ്‌...
`ന്നാല്‍ രണ്ടാള്‍ക്കും ഇബടെ ചോറില്ല..!!'.
അമ്പരന്നെങ്കിലും, അതവരുടെ ഫലിതമായിരുന്നു എന്ന്‌ വൈകാതെ മനസ്സിലായി.
ബഷീര്‍ എന്ന സുല്‍ത്താനുമായി അത്രയും ഹൃദയബന്ധമായിരുന്നു. അവരുടെ നേരമ്പോക്കുകള്‍..
`എന്നെ സ്വന്തം മകനെപോലെ കരുതി..അത്രയും സ്വാതന്ത്ര്യവും വാത്സല്യവും'.
മാഷ്‌ കോഴിക്കോട്‌ വിസിയായിരിക്കേ ബഷീറും കുടുംബവും ക്വാര്‍ട്ടേഴ്‌സിലെത്തി. കൊള്ളിയും ചക്കപ്പഴവും ഒക്കെ കൊണ്ട്‌..
മാഷുണ്ടായിരുന്നില്ല..
ബഷീര്‍ സാര്‍ മുറ്റത്ത്‌ കസേരയിട്ടിരുന്നു. മാഷെത്തുമ്പോള്‍ കാക്കകളും അണ്ണാരക്കണ്ണന്‍മാരുമായി സൊറപറഞ്ഞിരിക്കുന്ന ബഷീര്‍!.
അതുകണ്ട്‌ മാഷ്‌ ആത്മഗതം കൊണ്ടു: കൊല്ലമിത്രയായിട്ടും ഒരു കിളിപോലും എന്റടുത്ത്‌ ഇന്നുവരെ വന്നിട്ടില്ല..!.
അത്രയും നന്മനിറഞ്ഞ മനസ്സിനുടമയായിരുന്നു ബഷീര്‍ സാര്‍. മാഷ്‌ അവരുടെ കുടുംബാംഗവും..!.
വൈകാതെ തന്നെ അദ്ദേഹം മരിക്കുകയും ചെയ്‌തുവല്ലോ..?.

മുന്‍ശുണ്‌ഠിയില്‍ വിറച്ചു
പിന്നെ ഹൃദയമറിഞ്ഞു

ജോലിക്കെത്തുമ്പോള്‍ തന്നെ മാഷുടെ മുന്‍ശുണ്‌ഠിയെ കുറിച്ച്‌ അറിവു കിട്ടിയിരുന്നു. പത്തോ പതിനാലോ ഡ്രൈവര്‍മാര്‍ ഇവിടെ വന്നുപോയിട്ടുണ്ട്‌..ആറുമാസം തികയ്‌ക്കില്ല. ഒരുകൊല്ലം നിന്നവര്‍ ഒട്ടുമില്ല..മാഷെ സഹിക്കുക എളുപ്പമായിരുന്നില്ല.
വീട്ടിലെ ബുദ്ധിമുട്ടും ജോലി എന്ന അനിവാര്യതയും എന്തും സഹിക്കാനുള്ള പ്രാപ്‌തി മനസ്സിനുണ്ടാക്കി..
`ആദ്യമൊക്കെ ചീത്തകേള്‍ക്കുമ്പോള്‍ മനസ്സിനു വലിയ വിഷമമായിരുന്നു. പക്ഷെ, പറയുന്ന സമയത്തേ മാഷുക്കു ദേഷ്യമുള്ളൂ എന്ന്‌ മനസ്സിലായി..'
ഒരാഴ്‌ചയോളം ഞങ്ങള്‍ സംസാരിക്കാതിരുന്നിട്ടുണ്ട്‌.. പിണങ്ങി..!
അപ്പോള്‍ മാഷ്‌ പറയും- സുരേശാ നമ്മള്‍ വല്ലാതെ അകന്നു തുടങ്ങിയിട്ടുണ്ട്‌..!
ആരാണ്‌ ഇതു പറയുന്നത്‌ എന്നോര്‍ക്കണം എന്നു പറഞ്ഞ്‌ സുരേഷ്‌ ഒന്നു നിര്‍ത്തി. പിന്നെ തുടര്‍ന്നു: ഞാന്‍ കാര്യം പറയുമ്പോള്‍, മാഷ്‌ ചിന്തിക്കും.. എന്നിട്ടു പറയും എന്തിനാ ഞാന്‍ ചീത്തപറഞ്ഞത്‌ എന്ന്‌ ഓര്‍മ്മവരുന്നില്ല..!.
അത്രയേയുള്ളൂ..
ഒരു കാര്യവും മനസ്സില്‍ വയ്‌ക്കാത്ത സ്വഭാവം. എത്ര ക്രുദ്ധനായ ശത്രു മുന്നില്‍ വന്നാലും മാഷ്‌ സംസാരിക്കും- ഒരു തരി പകപോലും ശേഷിക്കാത്ത മനസ്സോടെ..!.
എത്രയോ അനുഭവങ്ങള്‍..
ആദ്യകാലത്ത്‌ -മാഷേ ശരിക്കും അറിയാത്ത കാലത്ത്‌- വൈകിയെത്താറുണ്ട്‌..മീറ്റിംഗുകള്‍ക്ക്‌ പോകല്‍ വൈകും- മാഷ്‌ പൊട്ടിത്തെറിക്കും.
ചിലപ്പോള്‍ മടിപിടിക്കും. ലീവെടുക്കും.
`ഞാനില്ലാതെ മാഷു പോവില്ല..പരിപാടി മുടങ്ങും'
പിറ്റേന്ന്‌ മുഖമടച്ച്‌ ചീത്തവിളി..മുട്ടിന്‍മേല്‍ നിര്‍ത്തിയിട്ടുണ്ട്‌...സ്‌കൂള്‍കുട്ടികളെപ്പോലെ..!!.
ആദ്യമാദ്യമുണ്ടായിരുന്ന രീതി, കണ്ടമാനം പരിപാടികളില്‍ മാഷ്‌ പങ്കെടുക്കുന്നു എന്നതായിരുന്നു.
`ഇന്നു കണ്ണൂര്‌ ഒന്നു കഴിഞ്ഞു മടങ്ങിയാല്‍ നാളെ വടകര മറ്റൊന്നുണ്ടാവും.. പതുക്കെ ഞാന്‍ തന്നെ ഷെഡ്യൂളുകള്‍ ശരിയാക്കിത്തുടങ്ങി.. ഒരേ റൂട്ടിലുളളവ ഒന്നിച്ച്‌ എന്ന കണക്കില്‍..'
ഇതോടെ സംഘാടകരുടെ കോളുകള്‍ മുഴുവന്‍ സുരേഷിന്റെ ഫോണിലേയ്‌ക്കായി..
അന്ന്‌ തൃശൂര്‍ മൂന്നോ നാലോ മൊബൈലുകള്‍...ഒന്നെനിക്ക്‌ വാങ്ങിത്തന്നു- സോപ്പുപെട്ടിയോളം പോന്നത്‌- സുരേഷ്‌ ചിരിച്ചു..
എന്നും പരിപാടികളുള്ള കാലമാണ്‌. മാഷിന്റെ പ്രഭാഷണത്തീച്ചൂളയില്‍ ആരും വെന്തുവെണ്ണീറാവുന്ന കാലം. ശരികേടുകള്‍ക്കു നേരേ നിര്‍ദ്ദാക്ഷണ്യം ചാട്ടയടി നടത്തുന്ന ഉഗ്രമൂര്‍ത്തിയായി മാഷ്‌..അരുതായ്‌കകളോട്‌ ഒരിക്കലും സന്ധിചെയ്യാത്ത രീതിയും ക്ഷോഭസ്വഭാവവും..

എടുത്തുചാട്ടം എന്ന മാരണം

ശുദ്ധാത്മാവായിരുന്ന മാഷിന്റെ മറ്റൊരു ദൗര്‍ബല്ല്യം എടുത്തുചാട്ടം. അതുവേണ്ടുവോളം അനുഭവിച്ചയാള്‍ സുരേഷ്‌..
എടുത്തുചാട്ടത്തിന്റെ ഫലമായുള്ള പൊട്ടിത്തെറികള്‍ക്കും ഫോണിലെ ചീത്തവിളികള്‍ക്കും സുരേഷാണ്‌ ഇര..!. മാഷ്‌ മൊബൈല്‍ ഉപയോഗിക്കാത്തതുകൊണ്ട്‌...!.
`ആരെന്തു പറഞ്ഞാലും മാഷങ്ങു വിശ്വസിച്ചുപോകും...അതാണ്‌ ആ മനസ്സ്‌.. പ്രതികരണവും അത്രയും വേഗത്തിലാവും..
ഒരുദാഹരണം പറയാം..
സുരേഷ്‌ ബാറില്‍ കയറി മദ്യപിച്ചു എന്നൊരാള്‍ പറഞ്ഞാല്‍, പത്തുകൊല്ലമായി കൂടെയുള്ള എന്നെ അവിശ്വസിച്ച്‌ കുറ്റം പറഞ്ഞുകൊടുത്തയാളുടെ ഭാഗത്തു ചേരും..
ഓഹോ.. അവന്‍ ഇങ്ങുവരട്ടെ എന്നാവും മാഷുടെ പ്രതികരണം..!.
ഈ സ്വഭാവത്തിന്റെ പേരില്‍ ഞങ്ങള്‍ കടിപിടികൂടി പലപ്പോഴും.

കോഴിക്കോട്‌ ഒരു സമ്മേളനത്തിനറങ്ങുകയാണ്‌ ഞാനും മാഷും.. അപ്പോള്‍ കല്‍പ്പക ടൂറിസ്‌റ്റ്‌ ഹോമിന്റെ ഹോട്ടല്‍ ലോഞ്ചില്‍ വെള്ള കുര്‍ത്തയൊക്കെ ധരിച്ച ഒരാള്‍..
അയാള്‍ മാഷോട്‌, മാഷേ നമ്മള്‍ മാതൃഭൂമി പത്രം വാങ്ങുന്നത്‌ അതിന്റെ എംഡിയുടെ പടം കാണാനാണോ എന്നൊരൊറ്റ ചോദ്യമാണ്‌..!
എന്റെ നെഞ്ചിടിച്ചു...എനിക്കറിയാം ഭവിഷ്യത്ത്‌..
അന്ന്‌ തിരഞ്ഞെടുപ്പ്‌ സമയവും...
വിചാരിച്ചതുപോലെ സമ്മേളനവേദിയില്‍ മാഷ്‌ കത്തിജ്വലിച്ചു- ഈ വിഷയമെടുത്തിട്ട്‌ നെടുകേയും കുറുകേയും കീറിമുറിച്ചു..
അതായിരുന്നു ശത്രുതയുടെ തുടക്കം..അഴിക്കോടും വീരേന്ദ്രകുമാറും തമ്മില്‍..
അന്നു തുടങ്ങിയ `യുദ്ധം' തീര്‍ന്നത്‌ പ്ലാച്ചിമട സമരഭൂമിയിലായിരുന്നു എന്നത്‌ ചരിത്രം...
നീണ്ടു നിന്ന ശത്രുതയുടെ മുറിവുകള്‍ ലവലേശമില്ലാതെ അവര്‍ അടുത്ത സുഹൃത്തക്കളായി മാറുന്നതിനും സാക്ഷിയായി സുരേഷ്‌..
പിണക്കം മാറ്റാന്‍ രണ്ടുഭാഗത്തുമുള്ളവര്‍ കാര്യമായി പരിശ്രമിക്കുകയും ചെയ്‌തിരുന്നു.
ആദ്യം സമരം മാതൃഭൂമിയുടെ സൃഷ്ടി എന്ന നിലയില്‍ മറ്റുപത്രങ്ങള്‍ മൗനം ഭജിച്ചു. പ്ലാച്ചിമട സമരം വിജയിക്കണമെങ്കില്‍ അഴീക്കോട്‌ മാഷുടെ ഇടപെടല്‍ അനിവാര്യമാണെന്ന്‌ വ്യക്തമായി അറിയുന്നവരുണ്ടായിരുന്നു..അവര്‍ അദ്ദേഹത്തെ സമരസമിതിയുടെ ചെയര്‍മാനുമാക്കി. പിന്നെ സമരം മാധ്യമങ്ങള്‍ ഏറ്റെടുത്തത്‌ പെട്ടെന്നായിരുന്നു. ആ വേദിയില്‍ തന്നെ വീരനും അഴീക്കോടും തമ്മിലുള്ള സമരത്തിനുകൂടി സമാപ്‌തിയായി.




എടുത്തുചാടിയതു വേണ്ടായിരുന്നെന്ന്‌ മാഷിന്‌ തോന്നിയ സന്ദര്‍ഭങ്ങള്‍ ഒട്ടനവധി.. പലപ്പോഴും എന്നോടു പറഞ്ഞിട്ടുണ്ട്‌..
`അതു വേണ്ടായിരുന്നു അല്ലേ സുരേശാ..?!.'
അങ്ങിനെ ഒന്ന്‌ സൂര്യയിലെ ഒരഭിമുഖത്തില്‍ സംഭവിച്ചു. അന്ന്‌ വിലാസിനി ടീച്ചര്‍ക്ക്‌ അയച്ച പ്രണയലേഖനം സംബന്ധിച്ച വിവാദകാലം..
മാഷുടെ പ്രതികരണം രൂക്ഷമായിരുന്നു, ചാനലില്‍..
അതുകഴിഞ്ഞ്‌ വന്ന്‌ വീട്ടിലിരിക്കേ മാഷ്‌ ചോദിച്ചു- അതൊഴിവാക്കമായിരുന്നു അല്ലേ സുരേശാ..?!.
അതെയെന്നു ഞാനും പറഞ്ഞു..എന്തിന്‌ വ്യക്തിപരമായ കാര്യങ്ങള്‍ നാം പൊതുവേദിയില്‍ വലിച്ചിഴയ്‌ക്കണം എന്നായിരുന്നു എന്റെ ചോദ്യം..
മാഷ്‌ അവിവാഹിതനാണ്‌.. ഇപ്പോഴും പ്രേമിക്കാം..ഒരു പ്രേമലേഖനം എഴുതുന്നത്‌ അത്രവലിയ കുറ്റമൊന്നുമല്ലല്ലോ..?.
അതില്‍ മാഷ്‌ ഖിന്നനായി..
അതേ തുടര്‍ന്നാണ്‌ വിലാസിനി ടീച്ചറും യുദ്ധരംഗത്തിറങ്ങിയതും പ്രശ്‌നങ്ങള്‍ ആളിപ്പിടിച്ചതും...

എരവിമംഗലത്തെ വീട്ടില്‍ മാഷുടെ സാന്നിധ്യം നിറയുന്നു. ഇരുപ്പുമുറിയില്‍, ഓര്‍മ്മകളുടെ ഓളപ്പാത്തികളില്‍ മുങ്ങി സുരേഷ്‌..
ചുവരില്‍ തൂങ്ങുന്ന മാഷുടെ ചിത്രം..ചുവടെ ഉപഹാരങ്ങള്‍..
മുകളിലെ നിലയില്‍ രണ്ടു കിടപ്പുമുറികള്‍. വിശാലമായ ലൈബ്രറി...
പതിനായിരത്തിലേറെ പുസ്‌തകങ്ങളും രണ്ടായിരത്തിലേറെ പുരസ്‌കാരങ്ങളും നിറഞ്ഞ വീട്‌, സാംസ്‌കാരിക വകുപ്പ്‌ ഏറ്റെടുക്കുമ്പോള്‍, മൂന്നു ദിവസമാണെടുത്തത്‌ പുസ്‌തകങ്ങളുടെ മാത്രം കണക്കെടുപ്പ്‌ തീര്‍ക്കാന്‍..!!. അറിവു നിറഞ്ഞ വീടിന്റെ നിശബ്ദതതയില്‍ ചെവിയോര്‍ത്താല്‍ ഇപ്പോഴും പ്രഭാഷണകലയുടെ ആ സാഗരഗര്‍ജ്ജനം കേള്‍ക്കാം..





മൗനത്തില്‍ നിന്ന്‌ വീണ്ടും സുരേഷ്‌: മുവാറ്റുപുഴയില്‍ ഒരു പരിപാടിക്കു പോയപ്പോഴാണ്‌.. ഞങ്ങളിരിക്കുന്ന ഗസ്‌റ്റ്‌ഹൗസ്‌ മുറിയിലേയ്‌ക്ക്‌ ഒരാള്‍ വടിയും കുത്തിപ്പിടിച്ച്‌ കടന്നുവന്നു..
`തിലകന്‍...നമ്മുടെ നടന്‍..!'
അദ്ദേഹം അഴീക്കോടിസാറിനോട്‌ സംസാരിക്കണമെന്ന്‌ പറഞ്ഞു..
തുടര്‍ന്നാണ്‌ ആ കഥ പറയുന്നത്‌. സിനിമയിലെ വിലക്ക്‌..ഒറ്റപ്പെടുത്തല്‍..തനിക്കു റോള്‍ തരാതെ മമ്മൂട്ടിയുടെ തടസ്സവാദങ്ങള്‍..ഒരു മണിക്കൂര്‍ നീണ്ട സംസാരം..
കഥ മുഴുവന്‍ കേട്ടുകഴിഞ്ഞപ്പോള്‍, എനിക്കു മനസ്സിലായി..വെടിപൊട്ടും..!.
ഡിവൈഎഫ്‌ഐ സമ്മേളനമാണ്‌..മാഷാണ്‌ ഉദ്‌ഘാടനം.
അന്നു സ്‌റ്റേജില്‍ മാഷ്‌ സുനാമിയാകുന്നതുകണ്ടു...
ഒരു മഹാനടനോടുള്ള സിനിമാലോകത്തിന്റെ വിവേചനം ആ കണ്‌ഠത്തിലൂടെ ആര്‍ത്തിരമ്പി ജനഹൃദയങ്ങളിലേക്കൊഴുകി..`അമ്മ ചെയ്‌തത്‌ ശരിയല്ല..' മാഷ്‌ അതു സ്ഥാപിച്ചു!.
പിറ്റേന്ന്‌ വന്നത്‌ മോഹന്‍ലാലിന്റെ ലേഖനം..
അതനാവശ്യമായിരുന്നു. മാഷ്‌ വിമര്‍ശിച്ചത്‌ മമ്മൂട്ടിയെയാണ്‌. മോഹന്‍ലാലത്‌ ഏറ്റുപിടിച്ചു. മമ്മൂട്ടിയാകട്ടെ സൂത്രശാലിയായി അതില്‍ നിന്നൊഴിഞ്ഞു..വക്കീലല്ലേ..?!.
`അദ്ദേഹത്തിന്‌ അതു പറയാനുള്ള അവകാശമുണ്ട്‌..അധ്യാപകനാണ്‌.. എന്നു പറഞ്ഞാണ്‌ മമ്മൂട്ടി തടിശുദ്ധമാക്കിയത്‌..'
മോഹന്‍ലാല്‍- അഴീക്കോട്‌ വിവാദം കേരളത്തിന്റെ സാംസ്‌കാരിക ലോകം അമ്പരപ്പോടെ കണ്ടുനിന്നു...
അന്ന്‌ വി.ആര്‍.കൃഷ്‌ണയ്യരടക്കം ഇതില്‍ അഭിപ്രായം പറഞ്ഞു; ഇരുവരും പോര്‌ നിര്‍ത്തണമെന്ന്‌ അഭ്യര്‍ത്ഥിച്ചു..
ഞങ്ങള്‍ ആലപ്പുഴ ദിവാകരന്‍ വക്കീലിന്റെ വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേയാണ്‌ ലാലിന്റെ ഫോണ്‍ വരുന്നത്‌..
മാഷ്‌ ഭക്ഷണം കഴിക്കുകയാണെന്ന്‌ മറുപടികൊടുത്തു. അരമണിക്കൂര്‍ കഴിഞ്ഞ്‌ വീണ്ടും വിളി..
പിന്നെ നടന്നത്‌ മറ്റൊരു യുദ്ധം..ടെലഫോണിലൂടെ!. അതോടെ സംഗതികള്‍ കൈവിട്ടു. പിന്നീടാണ്‌ സാറിന്‌ വട്ടാണെന്ന മോഹന്‍ലാലിന്റെ പ്രസ്‌താവന വരുന്നത്‌.
മാഷ്‌ പത്രസമ്മേളനങ്ങളില്‍ ആഞ്ഞടിക്കുകയായിരുന്നു. സിനിമാമേഖല പ്രകമ്പനം കൊണ്ട കാലം..
`പ്രായമായാല്‍ പ്രായമായവരുടെ വേഷമെടുക്കണം. ഹിന്ദിനടനായ അശോക്‌ കുമാര്‍..എന്തൊരു നടനാണ്‌..!. അദ്ദേഹം പ്രായമായപ്പോള്‍ അത്തരം വേഷങ്ങളെ ചെയ്‌തുള്ളൂ..ഇവിടെ പ്രായമായിട്ടും യുവാവിന്റെ മേക്കപ്പിടുകയാണ്‌..'
സൂപ്പര്‍ സ്‌റ്റാറുകളെ പേരെടുത്തു പറഞ്ഞു തന്നെയായിരുന്നു കൂര്‍ത്തുമൂര്‍ത്ത വിമര്‍ശനങ്ങള്‍..പുച്ഛരസം കലര്‍ന്ന മാഷുടെ കൂരമ്പേറ്റ്‌ അന്ന്‌ പുളഞ്ഞവര്‍ കുറച്ചൊന്നുമല്ല!.
വിഗ്ഗഴിച്ചാല്‍ വെറും കങ്കാളമാണ്‌ എന്ന്‌ മോഹന്‍ലാലിനെ പരിഹസിച്ചു..
അതോടെ ഒതുങ്ങി, കുറെ.
പേരാമ്പ്രയില്‍ ഒരു മീറ്റിങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ്‌ ഇന്നസെന്റിന്റെ വെടി..ഒരു വീട്ടില്‍ ഭക്ഷണം കഴിക്കുകയായിരുന്നു സാര്‍. മരിച്ചുപോയ ഒരു സഖാവിന്റെ വീട്ടില്‍. അന്നേരം ഇന്നസെന്റിന്റെ പ്രസ്‌താവന ടിവിയില്‍ കാണിച്ചുകൊണ്ടിരുന്നു.. അതു മാഷുടെ ശ്രദ്ധയില്‍പ്പെട്ടു..
അന്നു തന്നെ മറുപടികൊടുക്കണമെന്ന്‌ പറഞ്ഞത്‌ സുരേഷ്‌ തന്നെ.
മാഷ്‌, തൃശൂരിലെത്തിയശേഷമാകാമെന്ന വിചാരത്തിലായിരുന്നു..
കോഴിക്കോട്‌ പ്രസ്സ്‌ ക്ലബ്ബിലേയ്‌ക്ക്‌ വിളിച്ചു പറഞ്ഞു- വൈകീട്ട്‌ അഞ്ചിന്‌ പത്രസമ്മേളനം!.
അഞ്ചുമണിക്ക്‌ ഒരു പ്രസ്സ്‌ക്ലബും തുറന്നു തരില്ല. ഇവിടെ തിരിച്ചായിരുന്നു സ്ഥിതി. ഞങ്ങളെത്തുമ്പോഴേക്കും മാധ്യമപ്പട...പൊലീസും!.
അന്ന്‌ മാഷ്‌ ഇന്നസെന്റിനെ അവസാനിപ്പിച്ചു..!.
`ഇല്ലാണ്ടാക്കി' എന്ന്‌ സുരേഷ്‌.
അതൊരു യുദ്ധകാലം തന്നെയായിരുന്നു. എന്നും ഫോണില്‍ അസഭ്യവര്‍ഷം. മോഹന്‍ലാല്‍ ആരാധകര്‍...ഒന്നു രണ്ടു കോള്‍ മാത്രം മാഷിനു കിട്ടി. ലാന്റ്‌ ഫോണില്‍..
`ഇംഗ്ലീഷിലായിരുന്നു മാഷുടെ മറുപടി...' സുരേഷ്‌ ചിരിച്ചു.
മാഷിനു വട്ടാണെന്ന മോഹന്‍ ലാലിന്റെ ആരോപണത്തിനെതിരേ നിലപാടെടുക്കാന്‍ നിമിത്തമായത്‌ സുരേഷ്‌..
മാഷുടെ അഭിമാനം രക്ഷിക്കേണ്ടതുണ്ടെന്ന്‌ ബോധ്യമായ നിമിഷം..
`കേസ്‌ അവസാന കാലത്ത്‌ മാഷ്‌ പിന്‍വലിച്ചെങ്കിലും, മോഹന്‍ലാല്‍ കോടതി കയറേണ്ടിവന്നു..!.'
മാഷ്‌ മരിക്കും മുമ്പു മോഹന്‍ ലാലും എത്തി. പക്ഷെ, വൈകി. മാഷ്‌ അബോധാവസ്ഥയിലായിരുന്നു. ഓക്‌സിജന്‍ നല്‍കിക്കൊണ്ടിരുന്നു. ലാലിന്റെ അമ്മ നേരത്തേ വിളിച്ചിരുന്നു. അദ്ദേഹം സ്ഥലത്തില്ലെന്നും വന്നാല്‍ ഉടന്‍ വന്നു കാണുമെന്നും. അദ്ദേഹത്തിനു ചുറ്റുകൂടുന്നവര്‍ പറഞ്ഞു പിന്തിരിപ്പിച്ചതാണ്‌ വൈകാന്‍ ഇടയാക്കിയത്‌..ഒറ്റഫോട്ടോഗ്രാഫര്‍മാരേയും അകത്തു കയറ്റരുതെന്ന വ്യവസ്ഥയിലാണ്‌ അന്ന്‌ ലാലിനെ മാഷുടെ മുറിയില്‍ കയറ്റിയത്‌.
എല്ലാവര്‍ക്കും മാപ്പുനല്‍കിയാണ്‌ മാഷ്‌ കടന്നുപോയത്‌..
.............................

മാഷുടെ പ്രഭാഷണകല കാല്‍നൂറ്റാണ്ടു കഴിഞ്ഞും സുരേഷിനു കിനാവു
പോലെ പിടികിട്ടാകാര്യം..
`ഇതെങ്ങിനെ..എന്നു എനിക്കു മനസ്സിലായിട്ടില്ല, ഇപ്പോഴും'.
വാക്കുകള്‍..അതിന്റെ ചാരുതയാര്‍ന്ന പ്രവാഹം...അറിവിന്റെ നക്ഷത്രങ്ങള്‍ തുന്നിച്ചേര്‍ത്ത്‌...!!.
എത്രയോ പ്രസംഗങ്ങള്‍ ഞാന്‍ കേട്ടിരിക്കുന്നു..ഒരേ വേദിയില്‍ തന്നെ മറ്റുപലരുടേയും..പക്ഷെ മാഷ്‌ സംസാരിച്ചു തുടങ്ങിയാല്‍ സംഭവം ആകെ
മാറിമറിയുന്നതു കാണാം..!.
വിജയന്‍ മാഷുടേത്‌ ബൗദ്ധികമായ ഭാഷയാണ്‌. മാഷുടേത്‌ സാധാരണക്കാരനും മനസ്സിലാകുന്ന ലളിതമായ രീതി...
`വട്ടത്തില്‍ പരന്നു കയറുന്ന ശൈലിയാണ്‌ തന്റേതെന്ന്‌ മാഷ്‌ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്‌..'ഏതുവിഷയത്തിലും ഒരു വിദഗ്‌ധനെ അമ്പരപ്പിക്കും വിധമാണ്‌ മാഷുടെ പ്രഭാഷണം..
വെറ്ററിനറി കോളജിലെ പരിപാടിക്കുപോയാല്‍ അവിടുത്തെ പ്രൊഫസര്‍മാരെ അമ്പരപ്പിക്കും, ആ വിഷയത്തിലെ ജ്ഞാനം കൊണ്ട്‌. പ്രത്യേകിച്ച്‌ ഒരുക്കങ്ങളൊന്നും മാഷ്‌ നടത്തുകയില്ല. കാറില്‍ നിന്നിറങ്ങി നേരേ സ്‌റ്റേജില്‍ കയറി നടത്തിയിട്ടുള്ള പ്രസംഗങ്ങളാണ്‌ എപ്പോഴും തീ പാറിയിട്ടുള്ളത്‌..!.
രാമയണത്തെക്കുറിച്ച്‌ നടത്തിയ പ്രഭാഷണപരമ്പര..പിന്നെ ഏഴുദിവസത്തെ ഭാരതീയം പ്രഭാഷണപരമ്പര..തൊടുപുഴയില്‍ നടത്തിയ ബൈബിള്‍ പ്രഭാഷണ പരമ്പര ഇതിനൊക്കെ മാഷ്‌ പുസ്‌തകങ്ങള്‍ മറിച്ചുനോക്കി തയ്യാറെടുപ്പ്‌ നടത്തുന്നത്‌ കണ്ടിട്ടുണ്ട്‌..
വായിച്ചതത്രയും ഓര്‍മ്മച്ചെപ്പില്‍ അടുക്കിവയ്‌ക്കുന്ന അസാധാരണമായ ധിഷണാവിശേഷം, അത്‌ സാന്ദര്‍ഭികമായി എടുത്തുപയോഗിക്കുന്ന സിദ്ധിവിശേഷം..ഇന്നും അത്ഭുതപ്പെടുത്തുന്ന ഒന്നായി നില്‍ക്കുന്നു സുരേഷിനും.
ഒരിക്കല്‍ ശിവരാത്രിക്ക്‌ ആലുവ മണപ്പുറത്തു നടന്ന പ്രഭാഷണം കഴിഞ്ഞപ്പോള്‍ സദസ്സില്‍ പൂഴിയിട്ടാല്‍ കേള്‍ക്കുന്ന നിശബ്ദത നിറഞ്ഞു..
പുറത്തിറങ്ങിയ മാഷുടെ അടുത്ത്‌ ഒരു സന്ന്യാസിയെത്തി.
`താങ്കളുടെ പ്രഭാഷണം ഞാന്‍ കേട്ടു. പ്രഭാഷണ കലയ്‌ക്ക്‌ എട്ടു ഗുണങ്ങളുള്ളതില്‍ എട്ടാമത്തേതായ `സ്‌തംഭന'ത്തില്‍ അത്‌ എത്തിയിരിക്കുന്നു'എന്ന്‌ പറഞ്ഞു. ആ സന്ന്യാസിയെ മുമ്പും പിന്നീടും കണ്ടിട്ടില്ലെന്ന്‌ മാഷ്‌ പറയുകയുണ്ടായിട്ടുണ്ടെന്ന്‌ സുരേഷ്‌..!.

ആ പ്രേമകഥ

മാഷ്‌ കരഞ്ഞു..സുരേഷ്‌ ഒരു നിമിഷം നിര്‍ത്തിയാണത്‌ പറഞ്ഞത്‌.
ഒരു നിമിഷം മൗനം നിറഞ്ഞു..
സാനുമാഷ്‌, പോഞ്ഞിക്കര റാഫി, മാഷ്‌ ഒക്കെ വളരെ അടുത്തൊരു സുഹൃദ്‌സംഘമായിരുന്നു. ആ സമയത്താണ്‌ വിലാസിനി ടീച്ചറെ പെണ്ണുകാണാന്‍ പോയത്‌. അന്ന്‌ ഉന്നത സ്ഥാനീയനായ മാഷിന്‌ അനുയോജ്യമായ സ്വീകരണമൊന്നും ലഭിച്ചില്ലെന്ന്‌ മാഷ്‌ പറഞ്ഞിട്ടുണ്ട്‌. ടീച്ചറുടെ അച്ഛന്‍ ലുങ്കിയൊക്കെ ഉടുത്താണ്‌ നിന്നിരുന്നതത്രെ..
മാഷ്‌ നല്‍കിയ പ്രണയലേഖനങ്ങളൊക്കേയും അന്ന്‌ ടീച്ചര്‍ സാനുമാഷിനു കൈമാറുകയും ചെയ്‌തു.
പിന്നീട്‌ അത്‌ ചോരുകയും ഒരു വാരികയില്‍ അച്ചടിച്ചുവരികയും ചെയ്‌തത്‌, മാഷെ ഉലച്ചുകളഞ്ഞു.
`അന്ന്‌ മാഷ്‌ കരയുന്നതു കണ്ടു..'
വിശ്വാസ്യത നഷ്ടപ്പെടുന്നതിന്റെ വേദനയായിരുന്നു. മാഷ്‌ ഏറെ വേദനിച്ച നിമിഷം. പൊതുവേ നാണപ്രകൃതമായ മാഷിനെ അതു കുറച്ചൊന്നുമല്ല ഉലച്ചതെന്ന്‌ സുരേഷ്‌.
ആരേയും പെട്ടെന്ന്‌ വിശ്വാസത്തിലെടുക്കുന്ന പ്രകൃതമായിരുന്നു മാഷുടെത്‌. വിവാഹലോചനക്കാലത്ത്‌ മാഷിനു ലഭിച്ച ഒരു ഊമകത്താണ്‌, വിവാഹത്തില്‍ നിന്നു പിന്‍മാറാന്‍ ഇടയാക്കിയത്‌. ആ കത്ത്‌ പക്ഷെ, ഞാന്‍ കണ്ടിട്ടില്ല. അതിലെന്തായിരുന്നു ഉള്ളടക്കമെന്നത്‌ ആര്‍ക്കും അറിയില്ല; ആ രഹസ്യം മാഷോടൊപ്പം അവസാനിക്കുകയായിരുന്നു.
അവസാനകാലത്ത്‌ ടീച്ചര്‍ വന്നു. മാഷെ കാണണമെന്നു പറഞ്ഞു.
അതിനു സുരേഷ്‌ തന്നെയാണ്‌ വഴിതുറന്നത്‌..
ടീച്ചറുടെ ആവശ്യം മാഷോട്‌ പറഞ്ഞപ്പോള്‍, രോഗക്കിടക്കയില്‍ കിടന്ന്‌ മാഷ്‌ പറഞ്ഞു-` അവള്‍ വരട്ടെ, അതിനെന്ത്‌..?!.'
`ടീച്ചര്‍ മറ്റൊരു വിവാഹം കഴിച്ചിരുന്നെങ്കില്‍ ഞാന്‍ ഒന്നു സംശയിച്ചേനേ. നാല്‍പ്പത്തഞ്ചുകൊല്ലം- ചെറിയൊരു തെറ്റിദ്ധാരണയുടെ പേരില്‍ അകന്നു കഴിഞ്ഞവര്‍..ഇരുവരും മറ്റൊരു വിവാഹം കഴിച്ചതുമില്ല..'
സുരേഷ്‌ പറഞ്ഞു നിര്‍ത്തുമ്പോള്‍, പ്രണയം നിറഞ്ഞ ഒരു ഹൃദയം അനുഭവിച്ചറിഞ്ഞു....അനശ്വരമായ പ്രണയം..!.
ഒന്നുകൂടി: മാധവിക്കുട്ടി പിന്നീട്‌ പറഞ്ഞു- മാഷേ, എനിക്കിങ്ങിനെ ഒരു പ്രണയ ലേഖനം എന്തുകൊണ്ടു തന്നില്ല..!. ഇത്രയും സുന്ദരമായ പ്രണയലേഖനം..!.
മാഷുടെ മനസ്സില്‍ എന്നും ഒരു കാമുകനുണ്ടായിരുന്നു. എനിക്കത്‌ തോന്നിയിട്ടുണ്ട്‌..
മാധവിക്കുട്ടിയുടെ അവസാനകാലത്ത്‌ മാഷുമായി വലിയൊരടുപ്പമുണ്ടായി. മാഷിനും. അത്‌ പ്രേമമാണെന്ന്‌ ഞാന്‍ പറയില്ല. പക്ഷെ, കടവന്ത്രയിലെ ഫ്‌ളാറ്റില്‍ മാഷെത്തുമ്പോള്‍ അവരില്‍ സന്തോഷം നിറയുമായിരുന്നു.. അവരുടെ മുഖം വികസിക്കുമായിരുന്നു..
മാഷും ഒരു ആഹ്ലാദാവസ്ഥയിലാവുന്നതു കണ്ടിട്ടുണ്ട്‌. മതം മാറുംമുമ്പൊന്നും മാഷിന്‌ അത്രയടുപ്പം അവരുമായുണ്ടായിരുന്നില്ല. മതം മാറ്റത്തെ തുടര്‍ന്നു
അവര്‍ക്കു സ്വസ്ഥത നഷ്ടപ്പെടുന്നതു കണ്ട മാഷ്‌ പൊലീസ്‌ സുരക്ഷ ഉറപ്പാക്കി. അവസാനകാലത്ത്‌, മാഷ്‌ അവരെ ഇങ്ങോട്ടു കൊണ്ടുവരാന്‍ ആലോചിച്ചിരുന്നു...അവര്‍ക്കും ഈ വീട്ടില്‍ വരണമെന്നു വളരെ ആഗ്രഹമുണ്ടായിരുന്നു. അപ്പോഴേക്കും അസുഖം വര്‍ദ്ധിച്ചതിനാല്‍ മകന്‍ ജയസൂര്യ അവരെ പൂനയ്‌ക്കു കൊണ്ടുപോയി..
നടക്കാതെ പോയ മോഹങ്ങളുമായി അവര്‍ പോയി..
........

മാഷുടെ ഇഷ്ടം മുഴുവനും പിടിച്ചു പറ്റിയ രാഷ്‌ട്രീയ നേതാവാണ്‌ സഖാവ്‌ പിണറായി വിജയന്‍. ഒരേ നാട്ടുകാര്‍ കൂടിയായതുകൊണ്ടു കൂടിയാവാം ഈ സ്‌നേഹം.
`ലാവ്‌ലിന്‍ കേസില്‍ പിണറായിയെ പിന്തുണച്ചു മാഷ്‌. ഒരു ലേഖനവും എഴുതി. അത്‌ ഒട്ടൊന്നുമല്ല കോലാഹലം സൃഷ്ടിച്ചത്‌. ജനം മാഷില്‍ നിന്നകന്ന ഒരു കാലമായിരുന്നു അത്‌..'
തുറന്നു പറയാം- ഞാന്‍ പോലും അകന്നു..പത്തുദിവസമാണ്‌ ഞങ്ങള്‍ മിണ്ടാതെ നടന്നത്‌.
തുറന്നു പറഞ്ഞു, മാഷ്‌ അത്‌ ചെയ്യരുതായിരുന്നു...!. എനിക്കു രാഷ്‌ട്രീയമില്ലെങ്കിലും വീട്ടില്‍ കോണ്‍ഗ്രസ്സ്‌ പാരമ്പര്യം..
മാഷ്‌ ക്ഷോഭിച്ചു പറഞ്ഞു: സുരേശാ, നീ കോണ്‍ഗ്രസ്സ്‌കാരനെപ്പോലെ സംസാരിക്കരുത്‌..!!.
പിന്നീട്‌ കോടതിവിധി വന്നു..മാഷുടെ നിലപാട്‌ ശരിയായി.
കോണ്‍ഗ്രസ്സുകാരനായിരുന്നു മാഷ്‌.. പിന്നെ അവരുടെ നിലപാടുകള്‍ പിടിക്കാതായപ്പോള്‍ വഴിമാറി. നിരന്തര വിമര്‍ശനം നടത്തിയ മാഷെ, കോണ്‍ഗ്രസ്സുകാര്‍ക്ക്‌ ഇഷ്ടമായിരുന്നു..ശരിക്കും!.
`സുരേശാ, അവര്‍ നന്നാവാന്‍ വേണ്ടിയല്ലേ ഞാന്‍ ചീത്ത പറയുന്നത്‌. പക്ഷെ, അവര്‍ ഞാന്‍ കമ്മ്യൂണിസ്‌റ്റുകാരനാണെന്ന്‌ ധരിക്കുന്നു..'
മാഷിന്‌ കോണ്‍ഗ്രസ്സ്‌ നശിക്കുന്നതില്‍ നിരാശയുണ്ടായിരുന്നു. ഞാന്‍ മരിക്കുന്നതിനു മുമ്പെ കോണ്‍ഗ്രസ്സ്‌ മരിച്ചു എന്ന്‌ മാഷ്‌ വിലപിച്ചിട്ടുണ്ട്‌..
ഒരു പക്ഷെ, മാഷ്‌ ഏറ്റവും അധികം വിമര്‍ശിച്ച നേതാവ്‌ കരുണാകരനാവും.
`എന്തൊക്കെയാണ്‌ മാഷ്‌ വിളിച്ചു പറഞ്ഞിട്ടുള്ളത്‌. പക്ഷെ, ഒന്നു പറയാം മാഷുടെ ഒരു കുറ്റപ്പെടുത്തലിനും ഒരിക്കല്‍പോലും അദ്ദേഹം മറുപടി പറഞ്ഞിട്ടില്ല. അദ്ദേഹത്തിനു അതിനുള്ള അവകാശമുണ്ടെന്ന്‌ തോന്നിയിരിക്കാം..അല്ലെങ്കില്‍ താന്‍ അതു കേള്‍ക്കാന്‍ ബാധ്യസ്ഥനാണെന്ന്‌ ബോധ്യമുണ്ടായിരിക്കാം..'
ഇരുവരും ഒരു നാട്ടുകാര്‍. ഒന്നിച്ചുവളന്നവര്‍..
`നമ്മള്‍ രണ്ടു തുരുത്തിലായിപ്പോയി.. എന്ന്‌ കരുണാകരന്‍ പറഞ്ഞിട്ടുണ്ട്‌..'
ഊഷ്‌മള സ്‌നേഹം ഉള്ളില്‍ വച്ചുകൊണ്ടായിരുന്നു ഇരുവരും ജീവിച്ചത്‌.
'കല്ല്യാണിക്കുട്ടിയമ്മ മരിച്ചപ്പോള്‍ ഞാനത്‌ നേരില്‍ കണ്ടു..'
മാഷെ കൊണ്ടുപോയിരുന്നു അവിടെ. അന്ന്‌ ഇരുവരും കെട്ടിപ്പിടിച്ച്‌ പൊട്ടിക്കരഞ്ഞു..
രാഷ്‌ട്രീയത്തിനും മറ്റു ലക്ഷ്യങ്ങള്‍ക്കും അതീതമായിരുന്നു മാഷുടെ പ്രഭാഷണജീവിതം.
`നേട്ടങ്ങളുണ്ടാക്കാനാണെങ്കില്‍, ഈ വിമര്‍ശകവേഷം അദ്ദേഹം അണിയുമോ?'.
പലരും അവസരവാദി എന്നു വിളിച്ചതില്‍ സുരേഷിന്‌ എതിര്‍പ്പേയുള്ളൂ..
ഒരു കഥപറയാം: ശിവഗിരി ചെയര്‍മാനായി മാഷെ നിയമിച്ച കാലം. അന്ന്‌ നായനാര്‍ മുഖ്യമന്ത്രി. രണ്ടുവര്‍ഷമേ സാര്‍ ആ കസേരയില്‍ ഇരുന്നുള്ളൂ. അന്ന്‌ വെള്ളാപ്പള്ളിയും അംഗമാണ്‌. ഇരുവരും ഇഷ്ടത്തില്‍ തന്നെ..
പക്ഷെ, പലരും മാഷോട്‌ ഓതിക്കൊടുത്തു..
അവിടെ മാഷിരിക്കരുത്‌..വെള്ളാപ്പള്ളി കള്ളുകച്ചവടക്കാരനാണ്‌..!.
പതുക്കെ മാഷുടെ ചിന്തയും മാറുന്നതു കണ്ടു. മാഷ്‌ വെള്ളാപളളിയോടു തുറന്നു പറഞ്ഞു- നിങ്ങള്‍ മദ്യവ്യവസായം നിര്‍ത്തണം. ഗുരുദേവന്റെ പേരിലുള്ള ഈ സ്ഥാപനത്തിന്റെ മൂല്യങ്ങള്‍ക്ക്‌ അതു ചേരുന്നതല്ല.
എന്റെ പേരില്‍ ഒന്നുപോലുമില്ല. മക്കളുടേയും ഭാര്യയുടേയും പേരിലാണ്‌ അതൊക്കെ എന്നായിരുന്നു മറുപടി.
പതുക്കെ അകല്‍ച്ച ആരംഭിക്കുകയായിരുന്നു..
ഒരു ദിവസം മുഖ്യമന്ത്രി മാഷെ കാണാന്‍ വിളിച്ചു. എന്തോ സംസാരത്തില്‍ തെറ്റി.
ക്ഷുഭിതനായ മാഷ്‌ ചെയറില്‍ നിന്ന്‌ ചാടി എഴുന്നേല്‍ക്കുന്നതു കണ്ടു; പിന്നെ ഒറ്റച്ചോദ്യമാണ്‌- മിസ്‌റ്റര്‍ നായനാര്‍ നിങ്ങള്‍ക്ക്‌ എന്നേ വേണോ വെളളാപ്പള്ളിയേ വേണോ..?!.
രണ്ടു പേരും ഒരു നാട്ടുകാര്‍. എന്തും പരസ്‌പരം പറയുന്നവര്‍..
അമ്പരന്നുപോയ നിമിഷം.. നായനാരുടെ തുടുത്തമുഖം, രക്തം ഇരച്ചുകയറി ചുവക്കുന്നതു കണ്ടു..
ഒരു നിമിഷത്തെ മൗനം..
ഈ മൗനം ഞാന്‍ സമ്മതമായെടുക്കുന്നു എന്നു പറഞ്ഞ്‌ മാഷ്‌ കൊടുങ്കാറ്റുപോലെ മുറിയില്‍ നിന്നിറങ്ങിപ്പോയി..അന്നു രാജിവച്ചു..!.
`സ്ഥാനമോഹിയായ ഒരാള്‍ ഇങ്ങിനെ ചെയ്യുമായിരുന്നോ?'- സുരേഷിന്റെ ചോദ്യം.
മാഷ്‌ മരിക്കും മുമ്പ്‌ വെളളാപ്പള്ളി ആശുപത്രിയില്‍ എത്തി മാഷെ കണ്ടിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടാണ്‌ അദ്ദേഹം പോയത്‌- മരിക്കാത്ത ഓര്‍മ്മകള്‍..
പത്മനാഭന്‍..
മാഷെ കണ്ട്‌, അദ്ദേഹം പറഞ്ഞു- ഞാന്‍ സംസാരിക്കില്ല. സംസാരിച്ചാല്‍ എന്നെയും അടുത്ത മുറിയില്‍ അഡ്‌മിറ്റ്‌ ചെയ്യേണ്ടിവരും..!. അത്രയും വികാരാധീനനായിപ്പോയിരുന്നു അദ്ദേഹം. ഇവരൊക്കെ ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ മാഷുമായി തെറ്റിയവരാണെന്ന്‌ ഓര്‍ക്കുക..
ആശുപത്രിമുറിയില്‍ അന്ന്‌ സാംസ്‌കാരിക-രാഷ്‌ട്രീയ സംഗമം തന്നെയായിരുന്നു. ജീവിതത്തിന്റെ സമസ്‌തമേഖലയിലുള്ളവരും മാഷെ വന്നു കണ്ടു..
ഐസിയുവില്‍ മാഷെ കിടത്തരുതെന്ന്‌ നിര്‍ദ്ദേശിച്ചത്‌ സുരേഷാണ്‌. ഞാന്‍ ഡോക്ടറോടു പറഞ്ഞു- മാഷിന്‌ എസി പറ്റില്ല. ഇത്രദിവസം കൂടി മാഷ്‌ ജീവിച്ചിരിക്കില്ല. അദ്ദേഹത്തെ നാട്ടുകാര്‍ കാണട്ടെ..
അങ്ങിനെ പാലിയേറ്റീവ്‌ യൂണിറ്റിലേയ്‌ക്കു മാറ്റി. നാല്‍പ്പത്തേഴുദിവസം.
ഡോക്ടര്‍മാര്‍ ഗ്യാരന്റി ചെയ്‌തത്‌ പതിനഞ്ചു ദിവസംമാത്രമായിരുന്നുവല്ലോ..!.

മാഷ്‌ അധികാരമോഹിയല്ലെന്ന കഥയ്‌ക്ക്‌ രണ്ടു ഉപകഥകള്‍കൂടി പറഞ്ഞു, സുരേഷ്‌: അന്ന്‌ മാഷ്‌ ആക്ടിംഗ്‌ വിസിയാണ്‌. ആദ്യം പിവിസിയായിരുന്നു. അന്ന്‌ മന്ത്രി ഉമ്മര്‍കോയയാണെന്നാണ്‌ ഓര്‍മ്മ. അദ്ദേഹം ഗസ്‌റ്റ്‌ഹൗസില്‍ വന്നിരിക്കുന്നു. മാഷ്‌ അവിടെ ചെന്നു കണ്ടില്ല. അതായിരുന്നു വിസിയാകാതിരുന്നതിന്‌ ഒറ്റക്കാരണം!.
`ഇത്‌ മാഷ്‌ എന്നോട്‌ പറഞ്ഞിട്ടുണ്ട്‌..'
ഞാനെന്തിന്‌ അയാളെ അവിടെ ചെന്നു കാണണം എന്നായിരുന്നു മാഷുടെ ചോദ്യം!!.
അതുപോലൊന്നായിരുന്നു കേന്ദ്രസാഹിത്യ അക്കാദമി അധ്യക്ഷസ്ഥാനത്തേക്കുള്ള മത്സരം. എംടിയാണ്‌ മുന്‍കൈയെടുത്തത്‌. എല്ലാം ശരിയായി. നിന്നാല്‍ മാത്രം മതി- ജയം ഉറപ്പ്‌.
അപ്പോഴാണ്‌ അനന്തമൂര്‍ത്തിയുടെ ഫോണ്‍ വരുന്നത്‌.
സാര്‍, എനിക്കുവേണ്ടി ഒന്നു മാറിത്തന്നുകൂടെ എന്നായിരുന്നു ചോദ്യം.
അതിനെന്താ അനന്തമൂര്‍ത്തി? എന്നായിരുന്നു മാഷുടെ നിരങ്കുശമായ മറുപടി. ആരെങ്കിലും ഇതു ചെയ്യുമോ?- സുരേഷ്‌.
മാഷുടെ തീരുമാനത്തില്‍ എംടി നീരസപ്പെട്ടു എന്നത്‌ മറ്റൊരുകഥ..
(എംടിയും എന്‍പി മുഹമ്മദും നിര്‍ബന്ധിച്ച്‌ എഴുതിച്ചതാണ്‌ ശരിക്കും തത്വമസി. ആത്മകഥ എഴുതാന്‍ നിര്‍ബന്ധിച്ചതും എംടി. അത്രയും അവര്‍ ബന്ധപ്പെട്ടിരുന്നു എന്ന്‌ സുരേഷ്‌.)
മാഷിന്‌ രാജ്യസഭാംഗമാകാന്‍ തടസ്സം വല്ലതുമുണ്ടായിരുന്നോ?-ഒരു നല്ല ശമരിയാക്കാരനാകാന്‍ കൂട്ടാക്കത്തതുകൊണ്ടുമാത്രം അതെല്ലാം നഷ്ടപ്പെടുത്തുകയായിരുന്നു. പക്ഷെ, കേട്ടറിഞ്ഞു വിളിച്ച്‌ നല്‍കിയതാണ്‌ നാഷണല്‍ ബുക്ക്‌ ട്രസ്‌റ്റ്‌ ചെയര്‍മാന്‍ സ്ഥാനം. അര്‍ജുന്‍ സിങ്‌. ഇങ്ങോട്ടുവിളിച്ചാണ്‌ അദ്ദേഹം നിയമന കാര്യം പറഞ്ഞത്‌.

പത്മശ്രീ എന്ന കഥ

മാഷ്‌ പത്മശ്രീ നിഷേധിച്ചത്‌ പല വ്യാഖ്യാനങ്ങള്‍ക്കും വഴിതുറന്നിരുന്നു. കൂടുതല്‍ വലുത്‌ പ്രതീക്ഷിച്ചു എന്നൊക്കെ..
സത്യം അതായിരുന്നില്ല. സുരേഷ്‌ ഓര്‍ത്തെടുത്തു-
മാഷ്‌ ഒരിക്കലും അതിന്‌ അപേക്ഷിച്ചിരുന്നില്ല. അന്ന്‌ വിയ്യൂരായിരുന്നു താമസം. സാധരണ രാത്രി പത്തുമണിയോടെ പ്രഖ്യാപനം വരും. ഇക്കുറി വൈകി. ഞങ്ങള്‍ വീട്ടില്‍ ടിവി കണ്ടുകൊണ്ടിരുന്നു. പന്ത്രണ്ടു മണിയായപ്പോള്‍ മാഷെഴുന്നേറ്റു- ഉറങ്ങാന്‍ പോവുകയാണെന്ന്‌ പറഞ്ഞു.
പിന്നെ പറഞ്ഞു: പത്മശ്രീയാണെങ്കില്‍ എനിക്കുവേണ്ട സുരേശാ..
പത്രക്കാര്‍ വിളിച്ചാല്‍ നീ പറഞ്ഞാല്‍ മതി അത്‌ എന്നും പറഞ്ഞ്‌ മാഷുറങ്ങാന്‍ പോയി.
ഒരു മണിയോടെയായിരുന്നു പ്രഖ്യാപനം. പത്മശ്രീ സുകുമാര്‍ അഴീക്കോട്‌..!. കൂടെ കുറെ സിനിമാ നടിമാര്‍ക്കും പത്മശ്രീ..
പിറകേ പത്രമോഫീസുകളില്‍ നിന്ന്‌ കോളുകള്‍ എത്തി. ഞാന്‍ മഷേല്‍പ്പിച്ച കാര്യം പറഞ്ഞു: പത്മശ്രീ മാഷിനു വേണ്ട!.
പിറ്റേന്ന്‌ പ്രഖ്യാപനത്തോടൊപ്പം നിഷേധവാര്‍ത്തയും അടിച്ചുവന്നു..
`ഇതില്‍ നിന്നു തന്നെ വ്യക്തമാണ്‌ മാഷുടെ ശക്തമായ ശത്രുനിര. തത്ത്വമസി പോലുള്ള വൈജ്ഞാനിക ഗ്രന്ഥമെഴുതിയ ആള്‍ക്ക്‌ പത്മശ്രീ..!.'
പൗരന്‍മാര്‍ എല്ലാവരും തുല്ല്യരായിരിക്കണം. പ്രത്യേക സ്ഥാനപദവികള്‍ നല്‍കുന്നത്‌ തെറ്റാണെന്ന കാഴ്‌ചപ്പാടായിരുന്നു മാഷിന്‌.

വിവാദങ്ങളുടെ തോഴന്‍

സുനാമി കാലം. അതിനു രണ്ടു ദിവസം മുമ്പാണ്‌, മാഷിന്‌ എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിച്ചത്‌. ഞങ്ങള്‍ ആലപ്പുഴയില്‍ പോയി തിരിച്ചു വരുമ്പോള്‍
മാഷോടു പറഞ്ഞു- നമുക്ക്‌ അവാര്‍ഡു തുക സംഭാവന ചെയ്‌തുകൂടെ..?
`അതു ശരിയാണ്‌ സുരേശാ..നമുക്കെന്തിനാണ്‌ ഇത്രയും കാശ്‌..'
അതിന്റെ പിറ്റേന്ന്‌ അമൃതാനന്ദമയീ മഠം പ്രഖ്യാപിച്ചു നൂറുകോടി..!. അത്‌ മാഷെ ചില്ലറയൊന്നുമല്ല പ്രകോപിപ്പിച്ചത്‌. ഇന്നു വന്ന അവര്‍ക്കെങ്ങിനെ നൂറുകോടി..? അതായിരുന്നു മാഷുടെ ചോദ്യം..!.
വെടിപൊട്ടി. പിന്നെ പറയണ്ട- മാസങ്ങളോളം എന്റെ മൊബൈലിനു വിശ്രമമുണ്ടായില്ല.. അസഭ്യവര്‍ഷം.
`ഇമ്മാതിരി തെറിവിളിക്കാന്‍ ഭക്തന്‍മാര്‍ക്കേ കഴിയൂ എന്ന്‌ ഞാന്‍ അന്നാദ്യമായി മനസ്സിലാക്കി..' വധഭീഷണി വരെ.
മാസങ്ങ്‌േളാളം തുടര്‍ന്നു അത്‌. കോലം കത്തിയ്‌ക്കല്‍ പ്രകടനങ്ങള്‍..
എല്ലാം ഒതുങ്ങിയിട്ടും ഒരു ഫോണ്‍കോള്‍ മുടങ്ങാതെ എത്തി. ഭീഷണിയുമായി. ഒരു നാള്‍ ഞാന്‍ ഈ നമ്പറില്‍ തിരിച്ചുവിളിച്ചു. അത്‌ കോട്ടയത്തടുത്ത്‌ ഒരു ബൂത്തില്‍ നിന്നായിരുന്നു. ഞാനയാളോട്‌ കാര്യം പറഞ്ഞു. അടുത്ത തവണ അവന്‍ വന്നപ്പോള്‍ അയാള്‍ വട്ടംകയറി പടിച്ചു..ബൈക്കില്‍ രക്ഷപ്പെട്ടെങ്കിലും ബൈക്ക്‌നമ്പര്‍ വച്ച്‌ പൊലീസില്‍ പരാതി നല്‍കി. അതോടെ അവന്‍ അകത്തായി. അയാള്‍ ഒരു ആധാരംഎഴുത്തുകാരനായിരുന്നു. മാഷ്‌ മരിച്ചശേഷം, അവനെതിരായ കേസ്‌ ഞാന്‍ പിന്‍വലിച്ചു..

വിട്ടൊഴിയാതെ വിവാദങ്ങളും മാഷുടെ പ്രസ്‌താവനകളും മാഷുടെ സാമൂഹിക ഇടപെടല്‍.. അതെല്ലാം വലിയ വഴിത്തിരിവുകളായിത്തീര്‍ന്നത്‌ നോക്കിനിന്നു..
അച്ചുതാനന്ദനുമായി കോര്‍ത്തത്‌ പറഞ്ഞ ഒറ്റവാക്ക്‌ തെറ്റിദ്ധരിക്കപ്പെട്ടതുകൊണ്ട്‌. തെരഞ്ഞെടുപ്പു ഫലം വന്ന്‌ അദ്ദേഹം ചിരിച്ച ചിരി മാഷെ ചൊടിപ്പിച്ചു. തോറോവിനെ ക്വോട്ട്‌ ചെയ്‌ത്‌ അദ്ദേഹം പറഞ്ഞത്‌ കാട്ടുതീയായി- സ്വന്തം കൂട്ടില്‍ കാഷ്ടിക്കുന്ന ജീവി എന്നായിരുന്നു പ്രസ്‌താവം. വിഎസിനെ പട്ടിയെന്നു വിളിച്ചതായി അത്‌ വ്യാഖ്യാനിക്കപ്പെട്ടു.
തുടര്‍ന്നുണ്ടായ കോലാഹലം ചരിത്രമാണ്‌. `അന്ന്‌ ഈ വീട്ടില്‍ പൊലീസുകാരെ ഡ്യൂട്ടിക്കു വച്ചു...മാഷെതിര്‍ത്തെങ്കിലും.'

വിവാഹം

പതിനഞ്ചുവര്‍ഷം-രാവും പകലും മാഷോടൊപ്പം. ഇരുപത്തൊമ്പതു വയസ്സായ സമയം, മാഷ്‌ പറഞ്ഞു- നീ കല്ല്യാണം കഴിക്കണം. അല്ലെങ്കില്‍ എന്നെപ്പോലെയാവും...!.
എനിക്കു താത്‌പര്യം ഉണ്ടായിരുന്നില്ലെങ്കിലും മാഷുടെ നിര്‍ബന്ധത്തിനു വഴങ്ങി. `ഒരു പെണ്ണിനെയെ കണ്ടുള്ളൂ..' സുരേഷ്‌ ചിരിച്ചു.
എല്ലാം മാഷുതന്നെ നടത്തി. കൂര്‍ക്കഞ്ചേരി ശ്രീനാരായണ ഹാളില്‍. സ്‌റ്റേജിലും മാഷു തന്നെ നിന്നു. അന്ന്‌ ആര്‍.എം.മനയ്‌ക്കലാത്ത്‌ അടക്കമുള്ള പ്രമുഖരും വന്നു.
`എന്റെ മൂത്ത മകന്‌ മാഷാണ്‌ പേരിട്ടത്‌-അഭിനന്ദ്‌.'
89ല്‍ മധുരയില്‍ അരവിന്ദ്‌ കണ്ണാശുപത്രിയില്‍ മാഷിന്‌ കണ്ണിനു ശസ്‌ത്രക്രിയ നടത്തി. അന്ന്‌ എല്ലാ സഹായത്തിനും ഞാനായിരുന്നു. ഷേവ്‌ ചെയ്യിക്കാന്‍, തല ഡൈചെയ്യാന്‍...എല്ലാം ഞാന്‍.
ഒരാളേയും ശരീരത്തില്‍ തൊടാന്‍പോലും അനുവദിക്കാത്ത മാഷ്‌, പതുക്കെ അടുത്തു. അത്‌ ഒരു ഹൃദയബന്ധമായി വളര്‍ന്നു.
`ആത്മകഥയില്‍ എന്നെ ഒരിക്കലും ഡ്രൈവര്‍ എന്നു വിളിച്ചില്ല..അര്‍ജുനന്റെ സാരഥി എന്നാണ്‌ പറഞ്ഞത്‌. പൂര്‍വ്വപുണ്യമാവണം അത്‌..'- സുരേഷിന്റെ വാക്കുകള്‍ മുറിഞ്ഞു..

ലളിതജീവിതമായിരുന്നു, അത്രയും ലളിതം. ഖദര്‍ജൂബ കീറിയാല്‍ അതു സ്വയം നൂലുകോര്‍ത്ത്‌ തുന്നിത്തീര്‍ക്കും-വേറെ എത്രയുണ്ടെങ്കിലും ഉപയോഗിക്കില്ല. എല്ലാ വര്‍ഷവും മാഷിനു ഖദര്‍ കൊടുത്തയയ്‌ക്കും.
സി.എന്‍.ബാലകൃഷ്‌ണനും ടി.ആര്‍.രാഘവനും. അതില്‍ അധികവും ഇപ്പോഴും തൊടാതെ വച്ചിട്ടുണ്ട്‌ അലമാരിയില്‍..
പിശുക്കനായിരുന്നു. വീട്ടില്‍ മീന്‍വാങ്ങുമ്പോഴും പച്ചക്കറിവാങ്ങുമ്പോഴും അത്‌ പ്രകടം. പക്ഷെ, എനിക്ക്‌ എന്താവശ്യം വന്നാലും അപ്പോള്‍ പണമെടുത്തു തരും. ലളിതഭക്ഷണം-വീട്ടിലാവുമ്പോള്‍ ഒരു ദോശ ഒരു ഇഡ്ഡലി..അത്രയൊക്കേയേ വേണ്ടു..മീന്‍ പഥ്യം.
ഫുട്‌ബോളും ക്രിക്കറ്റും ഭ്രാന്തായ മാഷിന്റെ മറ്റൊരുമുഖം അധികമാരും കണ്ടിട്ടില്ല. സച്ചിനെ ഏറ്റവും പ്രിയമായിരുന്നു. കളികാണാന്‍ പ്രോഗ്രാമുകള്‍ കാന്‍സല്‍ ചെയ്‌തിരുന്ന കഥ എനിക്കേ അറിയൂ- സുരേഷ്‌ ചിരിച്ചു. പതുക്കെ ആ ചിരിയില്‍ വേദന തിരിച്ചുവന്നു.
`നുണപറയരുത്‌. ധൂര്‍ത്തജീവിതം നയിക്കരുത്‌. കാര്യംമുഖത്തുനോക്കി പറഞ്ഞേക്കുക...'
അതായിരുന്നു മാഷുടെ ജീവിത തത്ത്വശാസ്‌ത്രം. അത്രയേവേണ്ടൂ. ഓരോ പ്രസംഗം കഴിയുമ്പോഴും താന്‍ അനുഭവിക്കുന്ന ആനന്ദാവസ്ഥ മാഷുപറയും- എനിക്കു പറയാനുള്ളതെല്ലാം ഞാന്‍ പറഞ്ഞുകഴിഞ്ഞു..!.
അകവും പുറവും ഒരുപോലെ തുറന്നപുസ്‌തകമായിരുന്നു മാഷുടെ ജീവിതം. ഒരു മറയുമില്ലാതെ..
വേദികളിലെ സാഗരഗര്‍ജ്ജനം, സ്‌നേഹസാഗരമായി മാറുന്നതു കണ്ട ഒരു മനുഷ്യന്‍...പറഞ്ഞാലും തീരാത്ത അനുഭവങ്ങള്‍..ഓര്‍മ്മിക്കാനല്ല, മറക്കാനേ കഴിയാത്ത ജീവിതപാതകള്‍..
ഇവിടെ എരവിമംഗലത്തെ വീട്‌, സാംസ്‌കാരികവകുപ്പ്‌ ഏറ്റെടുത്തിരിക്കുന്നു. പുഴക്കരയിലെ വീട്ടില്‍, അറിവിന്റെ മഹാസാഗരമായിരുന്ന മാഷിന്റെ ശ്വാസനിശ്വാസങ്ങള്‍ ഇന്നും നിഴലിക്കുന്നു..
നിശബ്ദനായി, നന്മയുടെ വെണ്‍വസ്‌ത്രം അണിഞ്ഞ്‌, കൈകള്‍ പിറകില്‍കെട്ടി, ആലോചനയില്‍ നടക്കുന്ന മാഷിനെ മനസ്സില്‍ കാണാം, ഇപ്പോഴും ഇവിടെയിരുന്നാല്‍..മലയാളീ ഹൃദയത്തില്‍ കടലിരമ്പമായി മാറിയ ആ പ്രഭാഷണത്തിന്റെ മുഴക്കങ്ങളും..

-ബാലുമേനോന്‍ എം.








Wednesday, September 2, 2015

`തുള്ളി' തുളുമ്പിയ ജീവിതം




എന്റെ മക്കളെ അറിയിക്കരുത്‌. അത്‌ ഫുള്‍സ്‌റ്റോപ്പ്‌..!.
പക്ഷെ, പൂര്‍ണവിരാമം തട്ടിക്കളഞ്ഞ്‌ ഒരാള്‍ കടന്നു വന്നു-
നാലാമത്തെ മകന്‍..
കലാമണ്ഡലം കേശവന്‍ ഗീതാനന്ദന്‍.
ഓട്ടന്‍തുള്ളല്‍ കൊണ്ടു ജീവിതം വഴിമുട്ടിയ അച്ഛനു മുന്നില്‍ തുള്ളല്‍കൊണ്ടു തന്നെ ജീവിതം നിറഞ്ഞു തുളുമ്പുന്നത്‌ കാണിച്ചുകൊടുത്തു മകന്‍..!!.

കാലം കുറേ മുമ്പാണ്‌. അഖിലാണം എന്ന വള്ളുവനാടന്‍ ഗ്രാമത്തിലെ നാട്ടിടവഴികളിലൂടെ അയാള്‍ നടന്നു. ദിവസങ്ങളോളം നീണ്ട തുള്ളല്‍ പരിപാടികള്‍ കഴിഞ്ഞുള്ള വരവാണ്‌. കൈനിറയേ പണം...ഉടുക്കാന്‍ മുണ്ടുകള്‍..എന്തെല്ലാം പ്രതീക്ഷകളായിരുന്നു..!. അമ്മയുടെ കൈയില്‍ കുറച്ചു പണം കൊടുക്കണമെന്ന മോഹം പോലും...
മാവുകള്‍ തണല്‍ വിരിച്ച, മണ്‍വെട്ടുവഴിയിലൂടെ നടക്കുമ്പോള്‍ ഒന്നു നിശ്ചയിച്ചുറപ്പിച്ചിരുന്നു. ഇനി ഇല്ല...തുള്ളല്‍ വേദിയിലേയ്‌ക്ക്‌..
അച്ഛന്‍ കേശവന്‍ നമ്പീശന്‍ അന്ന്‌ കുഞ്ചനെ ശപിച്ചു..!!.
ആറുമക്കളുള്ള കുടുംബത്തിലെ പട്ടിണി...
അമ്പലത്തിലെ മാലകെട്ടുന്ന ജോലിയ്‌ക്കു ഒരു ചാക്ക്‌ നെല്ലാണ്‌ ആകെ പ്രതിഫലം. തുള്ളല്‍ അവതരിപ്പിച്ചു ജീവിതം ഇരുതല മുട്ടിക്കാമെന്ന വ്യാമോഹമാണ്‌ പൊലിയുന്നത്‌.
അമ്മാവന്‍ പരമേശ്വരന്‍ നമ്പീശനൊപ്പം തുള്ളല്‍ അരങ്ങുകളില്‍ നാടൊട്ടുക്കും അലഞ്ഞിട്ടും ഒരു കോടിമുണ്ട്‌ പോലും ഇന്നുവരെ കൈവെള്ളയില്‍ വച്ചു തന്നില്ല..!. അമ്മായിയുടെ വൈഭവം..!!.
കിട്ടുന്നതത്രയും അവര്‍ വാങ്ങിവച്ചു. ഒഴിഞ്ഞ കൈയും മനസ്സുമായി മടങ്ങി..
`എന്റെ മക്കളോട്‌ ഇതൊന്നും പറയരുത്‌..അവര്‍ ഇതറിയരുത്‌..' -എന്നമ്മയോടു പറഞ്ഞ്‌, പടിപ്പുര കടന്ന്‌ പോകുന്ന അച്ഛന്‍..
മധുരയിലേയ്‌ക്ക്‌..എന്തെങ്കിലും തൊഴിലെടുത്ത്‌ കുടുംബം പോറ്റാന്‍..
`അധ്യാപകനാകണമെന്ന്‌ കൊതിച്ചതായിരുന്നു അച്ഛന്‍..വാര്‍ഷിക സ്‌കൂള്‍ പരീക്ഷയുടെ തലേന്ന്‌ അമ്മാവന്‍ നിര്‍ബന്ധിച്ച്‌ കൂട്ടിക്കൊണ്ടുപോയി, തുള്ളലിന്‌ ഒരു സഹായി ഇല്ലെന്ന്‌ പറഞ്ഞ്‌..പിന്നെ അച്ഛന്‍ വന്നത്‌ മൂന്നുമാസം കഴിഞ്ഞാണ്‌. ഒഴിഞ്ഞ കയ്യുമായി..അധ്യാപകനാകാനുള്ള മോഹവും കളഞ്ഞ്‌...'.
അച്ഛന്റെ ഒരു സുഹൃത്ത്‌ മധുരയിലുണ്ടായിരുന്നു..അയാള്‍ വിളിച്ചിട്ടാണ്‌ അച്ഛന്‍ തൊഴിലന്വേഷിച്ച്‌ നാടുവിടുന്നത്‌..
അച്ഛന്റെ കലാജീവിതം തകര്‍ന്നുവീണ കഥകള്‍ പറയുമ്പോള്‍, കുഞ്ചന്റെ വാശിയും നിശ്ചയവുമെല്ലാം മിന്നിമാഞ്ഞൂ, ഗീതാനന്ദന്റെ കണ്ണുകളില്‍..
നമ്പ്യാരുടെ വരികളില്‍ കാണുംപോലെ-

`പാല്‍ക്കടല്‍ത്തിര തള്ളിയേറി
വരുന്നപോലെ പദങ്ങളെന്‍
നാവിലങ്ങനെ നൃത്തമാണൊരു
ഭോഷ്‌ക്കു ചൊല്ലുകയല്ല ഞാന്‍'.

ഒരു നിമിഷം മനസ്സ്‌ അമ്പലപ്പുഴയിലെത്തി...
കളിവിളക്കിന്‍ വെളിച്ചത്തില്‍ പരിഹാസശരങ്ങളുമായി ചാക്യാര്‍ കഥപറയുന്നു. കൂത്തമ്പലം നിറയേ ആസ്വാദകര്‍..
ഉറക്കമൊഴിപ്പിന്റെ ക്ഷീണത്തില്‍ മിഴാവു കൊട്ടിയിരുന്ന നമ്പ്യാര്‍ ഒന്നു മയങ്ങി..
ആളുകളുടെ കൂട്ടച്ചിരികേട്ട്‌ ഞെട്ടിയുണരുമ്പോള്‍, ചാക്യാരുടെ പരിഹാസപ്പെരുമഴ തന്റെ നേരേ!.
ഖിന്നനായി അന്ന്‌ മടങ്ങിയ നമ്പ്യാരുടെ മനസ്സില്‍ വാശിയായിരുന്നു..
അത്‌ പിറ്റേന്ന്‌ ക്ഷേത്ര ഗോപുരത്തിങ്കല്‍ കൂത്തായി അരങ്ങേറി..!!.
പുതിയൊരു കലാരൂപം...പുതിയ ഭാഷ..പുതിയ നര്‍മ്മം..
ആളുകള്‍ ഒഴുകി..
കൂത്തമ്പലം ഒഴിഞ്ഞു..ചാക്യാരോടുള്ള മധുരപ്രതികാരം..

അനുഭവങ്ങളുടെ നിളാപ്രവാഹമായി ഗീതാനന്ദന്റെ ഓര്‍മ്മകള്‍..
അമ്മാവന്റെ സ്വാര്‍ത്ഥതയ്‌ക്കു മുന്നില്‍ മനംനൊന്ത്‌ മുടിയഴിയ്‌ക്കുകയായിരുന്ന അച്ഛന്‍..
മുടിയഴിച്ച്‌ അമ്മാവനെ ഏല്‍പ്പിച്ച്‌ വിങ്ങുന്ന മനസ്സുമായി അരങ്ങുവിട്ടു!.
പിന്നെ, മധുരയില്‍ ഹോട്ടല്‍ തൊഴിലാളിയായി. അച്ഛന്റെ സാത്വികഭാവവും മറ്റും കണ്ട ഹോട്ടല്‍ ഉടമ വിളമ്പുകാരനാവേണ്ട എന്നു പറഞ്ഞു. അടുത്ത അമ്പലത്തില്‍ പൂജയ്‌ക്കായി നിയോഗിച്ചു..
കുലത്തൊഴിലായി കിട്ടിയ കല മക്കളറിയരുതെന്ന അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറ്റി അമ്മ..
പക്ഷെ, കാലം മറ്റൊന്നു നിശ്ചയിച്ചിരുന്നു.
വേനലും മഴയും വന്നുപോയി. കാലം ഓടിക്കൊേണ്ടയിരുന്നു..മുന്നോട്ട്‌.

`അന്നു ഞാന്‍ ആറാം ക്ലാസില്‍. ഒരു ദിവസം ക്ലാസ്‌ ടീച്ചറായ ഭാഗീരഥി ടീച്ചര്‍ പറഞ്ഞു..ഇക്കൊല്ലം യൂത്ത്‌ ഫെസ്‌റ്റിവലിനു ഒരു തുള്ളല്‍ ഐറ്റം നമ്മള്‍ കൊണ്ടുപോകുന്നു..ആരേയാ അതിനു പറ്റുക?..'
ആരും മിണ്ടിയില്ല. ടീച്ചറുടെ നോട്ടം വട്ടംകറങ്ങി എന്റെ മുഖത്തു വന്നുനിന്നു.
`കേശവന്‍ ഗീതാനന്ദന്‍ തന്നെ' എന്നു പറഞ്ഞു.
ഇങ്ങിനെ ഒരു കല ഞങ്ങളുടെ കുടുംബത്തില്‍ ഉണ്ട്‌ എന്നുപോലും അറിയാത്ത ഞാന്‍..!!.
ടീച്ചര്‍ ഒരു തുള്ളല്‍കഥ നിശ്ചയിച്ചു. ഗണപതിപ്രാതലിന്റെ വരികളൊക്കെ എഴുതിയെടുത്തിരുന്നു.
അവര്‍ കാണിച്ചു തന്ന മുദ്രകള്‍ പോലും അതായിരുന്നില്ല. ശരിക്കും ഒരു കോമാളിക്കളിയാണ്‌ കളിച്ചു പഠിച്ചത്‌...
ഒരു സന്ധ്യയക്ക്‌ അതു വീട്ടില്‍ പരിശീലിച്ചുകൊണ്ടിരിക്കേ, അച്ഛന്റെ വരവ്‌- മധുരയില്‍ നിന്ന്‌...
ഇറയത്തു നിന്നു തന്നെ അച്ഛന്‍, എന്റെ നൃത്തച്ചുവടുകള്‍ കണ്ടു. അമ്മയെ വിളിച്ചു ചോദിക്കുന്നതും കണ്ടു..
പിന്നെ അച്ഛന്‍ എന്നെ നോക്കി കൈയുയര്‍ത്തി-
ഒന്നേ പറഞ്ഞുള്ളൂ.. നിര്‍ത്തിക്കോളാ..!!.
അച്ഛന്റെ ഏറ്റവും വലിയൊരാഗ്രഹമായിരുന്നു അധ്യാപകനാവണമെന്നത്‌. തുള്ളല്‍ കലകൊണ്ട്‌ അത്‌ നഷ്ടമായി. പിന്നെ അച്ഛന്റെ മോഹം ഞാനൊരധ്യാപകനാവണമെന്നായി...
അതും...
അച്ഛന്‌ അത്‌ അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. തുള്ളല്‍ നിര്‍ത്താനുള്ള നിര്‍ബന്ധം തുടര്‍ന്നു..
ജീവിക്കുന്നെങ്കില്‍ ഇതേ ചെയ്യൂ എന്നവാശിയില്‍ ഞാനും..
ഒടുവില്‍ അച്ഛന്‍ വഴങ്ങി.
ഒരു ദിവസം അരികില്‍ വിളിച്ചു പറഞ്ഞു: കുളിച്ച്‌ വൃത്തിയായി ദക്ഷിണവച്ച്‌ തുടങ്ങിക്കോളൂ...
ഇരുപത്തഞ്ചുപൈസ ദക്ഷിണ!.
അച്ഛന്‍ ആദ്യഗുരുവായി. ഞാന്‍ ആദ്യ ചുവടുംവച്ചു..

ഒരു കലാപാരമ്പര്യവും അവകാശപ്പെടാനില്ലാത്ത വള്ളുവനാടന്‍ ഗ്രാമത്തില്‍ ജനിച്ച അച്ഛന്‍..
കലകൊണ്ടു രക്ഷയില്ലെന്ന്‌ തിരിച്ചറിഞ്ഞ അദ്ദേഹത്തിനു മകന്‍ പിറന്നത്‌ ഒരു കലാഗ്രാമമായ കോതരയിലായിരുന്നു.
ഗോപിയാശാന്‍, കോതച്ചിറ കുട്ടന്‍നമ്പീശന്‍ എന്നിവരൊക്കെ ഉണ്ടായിരുന്ന ഗ്രാമം..
നല്ലൊരു കലാപാരമ്പര്യമുള്ള കുടുംബത്തിലെ ജനനം, കലയോടുള്ള വാസനയുണ്ടാക്കിയിരിക്കാം...
അമ്മാവന്‍ നീലകണ്‌ഠന്‍ നമ്പീശന്‍ പേരെടുത്ത തുളളല്‍ക്കാരന്‍. അദ്ദേഹത്തിന്റെ സഹോദരങ്ങളായ നാരായണന്‍ നമ്പീശനും കൃഷ്‌ണന്‍ നമ്പീശനും കഥകളി സംഗീതജ്ഞര്‍. അച്ഛമ്മ ശ്രീദേവി ബ്രാഹ്മണി അമ്മ പ്രഗത്ഭയായ തിരുവാതിരക്കളിക്കാരി..
പക്ഷെ, ഇതൊന്നും ഞാന്‍ വളര്‍ന്നുവന്ന കാലത്ത്‌ ശോഭിച്ചു കണ്ടില്ല. മാലകെട്ടാന്‍ മാത്രമേ ആര്‍ക്കും അറിയുമായിരുന്നുള്ളൂ. ഒരാളുടെ കൈയില്‍ പോലും തഴമ്പ്‌ കാണില്ല..!. തൂമ്പയെടുത്ത്‌ കിളയ്‌ക്കാന്‍ പോലും ആര്‍ക്കും അറിഞ്ഞുകൂടായിരുന്നു..
അച്ഛന്‌ പതിനാറു തുള്ളല്‍ കഥകളും അറിയാമായിരുന്നു. മനുഷ്യസാധ്യമല്ലാത്ത ഒരു കാര്യമാണത്‌. എന്നിട്ടും അച്ഛന്റെ കലാമോഹങ്ങള്‍ പുഷ്‌കലമായില്ല.
`അച്ഛന്‌ കലയോട്‌ ദൈവദത്തമായ വാസനയായിരുന്നു. മധുരയില്‍ ജോലി ചെയ്യുമ്പോള്‍, സിനിമയില്‍ അവസരം തേടിയിരുന്നു അച്ഛന്‍. ജെമിനി ഗണേശന്റെ കൂടെ..അതു നടന്നില്ല...'
ആ കാലഘട്ടത്തിന്റെ സ്‌മരണയില്‍ ഗീതാനന്ദന്‍, ആനന്ദമില്ലാതെ ഒഴുകിക്കൊണ്ടിരുന്നു..
പിന്നെ, ഒന്നു നിര്‍ത്തിപ്പറഞ്ഞു:
`തുള്ളല്‍, കഥകളിയേക്കാള്‍ സ്ഥാനം അര്‍ഹിക്കുന്ന ഒരു കലാരൂപമാണ്‌. ക്ഷേത്രം അടിയന്തിരത്തിന്റെ ഭാഗമായി ഞങ്ങള്‍ക്കു തുള്ളല്‍ പഠിയ്‌ക്കണം. പക്ഷെ, ഇതൊന്നും അറിയാതെയാണ്‌ ഞാന്‍ വളര്‍ന്നത്‌...'
അച്ഛന്‍ ഒരിക്കലും ഞങ്ങള്‍ അതിലേയ്‌ക്കു വരരുതെന്നാഗ്രഹിച്ചു. പക്ഷെ, കഥകളെല്ലാം അറിഞ്ഞപ്പോള്‍ ഞാന്‍ നിശ്ചയിച്ചു അതെല്ലാം തിരിച്ചു നേടുമെന്ന്‌...
`കല്ലും മരങ്ങളും തല്ലിത്തകര്‍ത്തിട്ടാണല്ലോ ഭീമന്‍ പോയത്‌ ..? സൗഗന്ധികം പറിയ്‌ക്കാന്‍...!!?.`` ഓട്ടന്‍തുള്ളലിലെ ഏറ്റവും പ്രശസ്‌തമായ കഥയാണ്‌ മഹാഭാരതത്തിലെ 'കല്യാണസൗഗന്‌ധികം'.
അതൊരു ജൈത്രയാത്രയുടെ തുടക്കമായിരുന്നു.
ഹാസ്യസാമ്രാട്ടായ കുഞ്ചന്‍നമ്പ്യാര്‍ മലയാളത്തിന്‌ സമ്മാനിച്ച മഹത്തായ കലയ്‌ക്ക്‌ ഇപ്പോഴും നിറഞ്ഞ സദസ്സ്‌ കൂടെയുണ്ടെന്ന്‌ ഗീതാനന്ദന്‍ തെളിയിക്കുകയായിരുന്നു. കുട്ടികള്‍പോലും ഗീതാനന്ദന്റെ വേഷപ്പകര്‍ച്ചകണ്ട്‌ പൊട്ടിച്ചിരിച്ചു. ഇന്ന്‌ ഗീതാനന്ദന്‍ അയ്യായിരം വേദികള്‍ പിന്നിട്ടു. ഇന്ത്യയ്‌ക്ക്‌ പുറത്ത്‌ തുള്ളല്‍ കല എത്തിക്കുന്നതിന്‌ സുപ്രധാന പങ്കുവഹിച്ച വ്യക്‌തിയാണ്‌ മുന്നില്‍..
അതിലേയ്‌ക്കു വരും മുമ്പ്‌, നമ്പ്യാരുടെ വാശിയും നിശ്ചയവും മനസ്സിലുറപ്പിച്ച ആ കാലത്തിന്റെ ദുരിതവഴിയിലൂടെ ഒരല്‍പ്പം കൂടി മുന്നോട്ടു നടക്കണം..
തുള്ളല്‍ പദം പോലെ-
`കണ്ടാലും ആശ്ചര്യം...!!'.
`ഓടിട്ടപുരയും മുമ്പില്‍ കെട്ടിയിട്ട ഒരു പശുവും ഒക്കെയല്ലേ മനസ്സിലുണ്ടായിരുന്നത്‌..? ഒരു തുള്ളല്‍ക്കാരന്റെ വീട്‌..?!.'
ഗീതാനന്ദന്റെ ചോദ്യത്തില്‍ കലാകാരന്റെ ദീനഭൂതകാലം ഉദിച്ചു. മനോഹരമായ ആധുനിക സൗകര്യങ്ങളുള്ള വീട്ടില്‍ ഇരുന്നു ചോദിച്ച ഈ ചോദ്യത്തിന്‌ പലപല മാനങ്ങളുണ്ടായിരുന്നു..
കലമാത്രമായി ജീവിതം ജീവിച്ചു തീര്‍ക്കുന്ന കലാകാരന്റെ അവശജീവിതം!.

ഞങ്ങള്‍ അച്ഛനും മക്കളും തുളളല്‍ അവതരിപ്പിച്ചു തുടങ്ങി. മുടിയഴിച്ചു സത്യം ചെയ്‌ത അച്ഛന്‍ തൊപ്പിമദ്ദളം കൊട്ടും. ജ്യേഷ്‌ഠന്‍ പാടും. ഞാനാണ്‌ തുള്ളുക.
പലസ്ഥലങ്ങളിലും തുള്ളല്‍ അവതരിപ്പിച്ചു. അഖിലാണം നമ്പീശന്‍ & സണ്‍സ്‌ എന്ന്‌ എഴുതിയ ഒരു തകരബോര്‍ഡ്‌ വയ്‌ക്കും അച്ഛന്‍ വേദിയില്‍.
`അന്നൊന്നും നോട്ടീസുകള്‍ ഇല്ലല്ലോ..!?.'
തുള്ളല്‍ നടക്കുന്ന ക്ഷേത്രങ്ങളില്‍ ചിലപ്പോള്‍ കലാമണ്ഡലം വകയും തുള്ളലുണ്ടാകും. അപ്പോള്‍ അധികാരികളുടെ അറിയിപ്പു വരും:
ആ... നമ്പീശന്‍! കലാമണ്ഡലം തുള്ളലുണ്ട്‌.. നിങ്ങള്‍ അഞ്ചുമണിയാവുമ്പോഴേയ്‌ക്കും അവസാനിപ്പിച്ചോളാ..!!.
നേരത്തേ അവസാനിപ്പിക്കണം ഞങ്ങള്‍ക്ക്‌. കലാമണ്ഡലക്കാര്‍ക്ക്‌ മൈക്ക്‌ ഒക്കെ കൊടുക്കും. ഞങ്ങള്‍ക്ക്‌ അതൊന്നുമില്ല. വരുമാനവും കുറവ്‌..
ഒരു ബാനറില്ല. അതാണ്‌ അച്ഛന്‍ പറഞ്ഞത്‌..
`എന്റെ തുള്ളല്‍ കഴിഞ്ഞ്‌ ഞാന്‍ കലാമണ്ഡലത്തിന്റെ തുള്ളല്‍ കാണാനിരിക്കും. അച്ഛന്റേതുമായി അതിന്‌ ഏറെ വ്യത്യാസമുണ്ടായിരുന്നു...'
കലാമണ്ഡലത്തില്‍ ചേരണമെന്ന ആഗ്രഹം സുദൃഢമായി. അച്ഛന്‍ ഒന്നും പറഞ്ഞില്ല. എതിര്‍ത്തുമില്ല.
`നിന്റെ മോഹത്തിനുള്ള തുള്ളല്‍ ഒക്കെ പഠിച്ചിട്ടുണ്ട്‌. ഇനി സ്‌കൂള്‍ പഠിപ്പ്‌ മുഴുവനാക്കി ഒരു മാഷാവാന്‍ നോക്കുക..'.
പക്ഷെ, കലാമണ്ഡലത്തില്‍ ചേരാന്‍ ഫീസടയ്‌ക്കണം. 85 രൂപ. മാര്‍ഗ്ഗമില്ല. ഗ്രാമത്തിലെ ഭവനങ്ങളില്‍ ചെന്ന്‌ സങ്കടം പറഞ്ഞ്‌ സഹായം ചോദിച്ചു..
ചിലര്‍ സഹായിച്ചു. ചിലര്‍ പരിഹസിച്ചു..
അവിടെയും ദൈവം മനുഷ്യരൂപത്തില്‍ സഹായിക്കാനെത്തി.
`ഇ. ശ്രീധരന്റെ തറവാട്‌ അവിടെയാണ്‌..മെട്രോ..!. അദ്ദേഹത്തിന്റെ സഹോദരിയാണ്‌ ബാക്കി പണം മുഴുവന്‍ തന്നത്‌...'
അമ്മുക്കുട്ടി അമ്മ..
അവരോട്‌ തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്‌ എനിക്ക്‌..അവരോടു മാത്രമല്ല ഒട്ടനവധി പേരോട്‌..
അതൊരു വഴിത്തിരിവായിരുന്നു. അച്ഛന്‍ അപ്പോളും പറഞ്ഞു: ജീവിതമാണ്‌ എടുത്തു കളിക്കുന്നത്‌...
ഒന്നുകൂടി പറഞ്ഞു- അമ്മാവന്‍ നീലകണ്‌ഠന്‍ നമ്പീശനാണ്‌ പ്രിന്‍സിപ്പല്‍. അദ്ദേഹം കഥകളിയ്‌ക്കു ചേരാന്‍ പ്രേരിപ്പിയ്‌ക്കും അതു വേണ്ട..!.

1974ല്‍ കലാമണ്ഡലം എന്ന കലയുടെ ശ്രീകോവിലില്‍ കാലുകുത്തി. ഉള്ളിലിരുന്നു കുഞ്ചന്‍ പാടിക്കൊണ്ടിരുന്നു..
നിളയുടെ കരയോടു ചേര്‍ന്ന്‌ ജീവിതനദിയുടെ ഒഴുക്കിലേയ്‌ക്ക്‌ വീഴുകയായിരുന്നു..
`അമ്മാവന്‍ അതു തന്നെ പറഞ്ഞു. നീ കഥകളിസംഗീതം പഠിച്ചോ..നെന്റെ ശബ്ദത്തിന്‌ ഘനംണ്ട്‌..!
വഴങ്ങിയില്ല. അമ്മാവന്റെ മുഖം ഇരുണ്ടു.
`എന്നാ എന്താ ച്ചാല്‍ ചെയ്യ്‌..ദിവാകരന്‍ നായരാശാന്റെ അടുത്തു പൊക്കോളൂ..'
തുള്ളല്‍കൊണ്ടു ഗുണം പിടിക്കാത്ത തറവാടിനെ ഓര്‍ത്താവാം അമ്മാവന്‍..
പക്ഷെ, ഉള്ളില്‍ കയറിയ കുഞ്ചന്റെ ആത്മാവ്‌ അതിലും ശക്തിയോടെ നിര്‍ബന്ധിച്ചു.
ഗുരുകുല സമ്പ്രദായമാണ്‌. ആശാനെ സേവിച്ചും ശുശ്രൂഷിച്ചും പഠനം.
`ഞാനൊരാളേ ആണ്‍കുട്ടിയായുണ്ടായിരുന്നുള്ളൂ..ബാക്കിയൊക്കെ പെണ്‍കുട്ടികള്‍. നൃത്തത്തിനു അഡ്‌മിഷന്‍ കിട്ടാത്തവരൊക്കെ തുള്ളലിന്‌..!!.'
ആറാം മാസം അരങ്ങേറി..!
സാധാരണ മൂന്നുവര്‍ഷം കഴിയണം. പഴയ കലാമണ്ഡലത്തിലായിരുന്നു അരങ്ങേറ്റം.
`പിന്നെ..ഇതാ ഇക്കാലം വരെ, തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല..' എന്ന്‌ ഗീതാനന്ദന്‍.
അക്കാലത്ത്‌ കൈനിറയേ കളികള്‍ ലഭിച്ചു.
ആശാനൊത്തു കളിക്കുള്ള യാത്രകള്‍ അവിസ്‌മരണീയമായിരുന്നു. നാട്ടിടവഴികള്‍ താണ്ടിയുള്ള നടത്തത്തിനിടയില്‍ കൊച്ചുകൂരയില്‍ കറുത്തബോര്‍ഡില്‍ എഴുതിയ വെളുത്തയക്ഷരങ്ങള്‍ കണ്ടാല്‍ ആശാന്‍ നില്‍ക്കും..
`ആ...താന്‍ നടന്നോളുക..ഞാന്‍ ഇപ്പ വരാം..!!.'
വഴിയരികിലെ ചാരായ ഷാപ്പിലേയ്‌ക്കു നൂണ്ടുകയറുന്ന ആശാനെ കൂടാതെ ഞാന്‍ നടത്തം തുടരും..
പിറകേ എത്തുന്ന ആശാന്‍ ഉന്മേഷത്തിലായിരിക്കും..!.
പിന്നെ പതിവിനു വിപരീതമായി ആശാന്‍ തുള്ളല്‍കഥ കൂടുതല്‍ വിസ്‌തരിക്കും..!.
`രണ്ടു രണ്ടര മണിക്കൂര്‍ തുള്ളല്‍ തന്നെ..!'
തളര്‍ന്നുറങ്ങി, വെളുപ്പിനേ പുറപ്പെടും. ഒന്നോ രണ്ടോ ബസ്സേ കാണൂ..ആവഴിയ്‌ക്ക്‌..
ചെറുതുരുത്തിയില്‍ ഇറങ്ങി നടക്കുമ്പോള്‍, മുമ്പേ നടക്കുന്ന ആശാന്‍ കൈ പിറകിലേയ്‌ക്കു നീട്ടി പറയും: ദാ...ഇതു വച്ചോ..!!
രൂപയാണ്‌. രണ്ടോ മൂന്നോ രൂപ!. ചിലപ്പോള്‍ മൂന്ന്‌ ഇരുപത്‌..!.
പണം സൂക്ഷിച്ചു. ട്രങ്കുപെട്ടിയിലെ വസ്‌ത്രങ്ങള്‍ക്കടിയില്‍. അതും പലരും ചൂണ്ടും. നൂറു രൂപ തികയില്ല.
മാസാവസാനം ആശാന്‍മാര്‍ `ടൈറ്റാവും'. അപ്പോള്‍ ദിവാകരനാശാന്‍ വിളിയ്‌ക്കും: എഡോ..! ഒരിരുപത്‌ ഉര്‍പ്യേങ്കട്‌ ഇടുക്കാ...
അതു നേരേ ചാരായ ഷാപ്പിലേയ്‌ക്കാണ്‌..!.

നാലുവര്‍ഷത്തെ ഡിപ്‌ളോമ പഠനകാലം കഴിയുമ്പോള്‍ മനസ്സില്‍ ആധിയായി. അതു കഴിഞ്ഞ്‌ പുറത്തിറങ്ങിയാല്‍..?
ജീവിതം മുന്നില്‍ പല്ലിളിച്ചു നില്‍ക്കുന്നു..
തുള്ളിതന്നെ ജീവിക്കണം. മറ്റൊരു വിദ്യയും കയ്യിലില്ല..
അച്ഛന്‍ പറഞ്ഞതോര്‍ത്തു. അമ്മാവന്‍മാരെ ഓര്‍ത്തു. ജീവിതം കൈവിട്ടാല്‍ ഇവരൊക്കെ താന്തോന്നിത്തമെന്നേ പറയൂ..
അപ്പോഴാണ്‌ പിജി കോഴ്‌സ്‌ ദൈവാനുഗ്രഹം പോലെ അനുവദിച്ചു കിട്ടിയത്‌. അതിനു ചേര്‍ന്നു..വീണ്ടും രണ്ടുകൊല്ലം കൂടി..
വീണ്ടും പഠനകാലം..മനസ്സിനു സന്തോഷവും.
പഠനകാലത്തുതന്നെ നമ്പീശന്റെ മരുമകന്‍ എന്ന നിലയില്‍ ബന്ധങ്ങള്‍ ഉണ്ടായിവന്നുകൊണ്ടിരുന്നു.
കഥകളി സംഗീതം കേട്ടുപരിശീലിയ്‌ക്കാന്‍ അമമാവന്റെ അനുമതിയും കിട്ടി.
നന്നേ പുലര്‍ച്ചേയുണര്‍ന്ന്‌ കഥകളിക്കളരിയിലെത്തി സംഗീതം കേട്ടുപഠിക്കും. ആ പഠിപ്പേ സംഗീതത്തിലുണ്ടായിട്ടുള്ളൂ..ബാക്കി എല്ലാം ദൈവത്തായം..!
ഇനി ഒന്നു പറയാം ട്ടോ..
തുള്ളല്‍കലാകാരന്‍ കഥകളി കലാകാരനേക്കാള്‍ പ്രാഗത്ഭ്യം വേണ്ടയാളാണ്‌.
മനോധര്‍മ്മം, സംഗീതഗുണം, അക്ഷരസ്‌ഫുടത, താളം, വേഷഭംഗി,ചടുലത...ഇതെല്ലാം അയാള്‍ക്കു കൂടിയേ കഴിയൂ നിശ്ചയം ..
ഒരു കഥയിലെ കഥാപാത്രങ്ങളെയെല്ലാം അയാള്‍ ഒറ്റയ്‌ക്കാണ്‌ അവതരിപ്പിക്കുന്നത്‌..തുള്ളിക്കൊണ്ടാണ്‌ അയാള്‍ പാടുക..ഇരുന്നു പാടാന്‍ സുഖമാണ്‌..തുള്ളിക്കൊണ്ടായാലോ..?.
കല്ല്യാണ സൗഗന്ധികം കഥയില്‍ യൗവനയുക്തയായ ദ്രൗപദി സംസാരിക്കുന്നത്‌ ഗജതുല്ല്യനായ ഭീമനോട്‌..ലാസ്യം കഴിഞ്ഞയുടന്‍ വീരഭാവം ആവാഹിക്കണം..അടുത്തുവരുന്നത്‌ വൃദ്ധനായ വാനരശ്രേഷ്‌ഠന്‍!. ഇതെല്ലാം നിമിഷവേളകളില്‍ ഒരാള്‍ തന്നെ പകര്‍ന്നാടുക..!!.
ഒരിക്കല്‍ ഫ്രാന്‍സില്‍ പോയസമയത്ത്‌ ഒരു സായിപ്പ്‌ എന്റടുത്ത്‌ വന്ന്‌ ചോദിക്കേണ്ടായീ...എങ്ങിനെ ഇത്‌ സാധിക്കുന്നൂ എന്ന്‌-അമ്പരപ്പോടെ!.
സത്യം പറയാം, ഒരു മലയാളി ഇതു ചോദിച്ചുകേട്ടെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിച്ചു പോയ നിമിഷമാണത്‌!.
തുള്ളല്‍ കല ആദ്യമായി കടല്‍ കടന്നത്‌ അന്നാണ്‌- അതിനു നിമിത്തമായത്‌ ഗീതാന്ദന്‍. അന്ന്‌ ഫ്രാന്‍സില്‍ പത്തു വേദികളിലാണ്‌ തുളളല്‍ അവതരിപ്പിച്ചത്‌. അതോടെ കുഞ്ചന്റെ പ്രസിദ്ധിയും കടലേഴും കടന്നു എന്നു ചരിത്രം.
പിന്നീട്‌ ലോകത്തിന്റെ നാനാഭാഗത്തും തുള്ളലെത്തി, ഗള്‍ഫ്‌ രാജ്യങ്ങളിലടക്കം നിരവധിതവണ..
അംഗീകാരങ്ങളുടെയും പുരസ്‌കാരങ്ങളുടെ പ്രളയം തന്നെയുണ്ടായി- ഗീതാനന്ദന്റെ വാക്കുള്‍ കടമെടുത്തു പറഞ്ഞാല്‍..

1984ല്‍ കലാമണ്ഡലത്തില്‍ അധ്യാപകനായി ചുമതലയേറ്റു. അതിനുമുണ്ടായി പുകിലുകള്‍. സംവരണം ചെയ്യപ്പെട്ട ഒഴിവ്‌, പൂണുനൂലിട്ട ഗീതാനന്ദന്‌..!. ഒളപ്പമണ്ണ ചെയര്‍മാനായിരുന്ന കാലമാണത്‌. പൂമൂള്ളി ആറാം തമ്പുരാനും തന്റെ പേര്‍ നിര്‍ദ്ദേശിച്ചുവെന്ന്‌ ഗീതാനന്ദന്‍. എന്തായാലും നിയമനം കഴിഞ്ഞ്‌ ഒരു മാസത്തിനകം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെത്തി. ഇതെങ്ങിനെ സംഭവിച്ചു എന്നറിയാന്‍.
`കേന്ദ്രസര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ്‌ അടക്കം ഒമ്പതുകൊല്ലത്തെ പരിശീലനം പൂര്‍ത്തിയാക്കിയ എന്നെ നിയമിച്ചതില്‍ പിന്നീട്‌ മാറ്റമൊന്നും ഉണ്ടായില്ല..'
പിന്നൊന്നുകൂടി: അപ്പോളേയ്‌ക്കും ഒരു കാര്‍ ഞാന്‍ വാങ്ങിച്ചിരുന്നു. കലാമണ്ഡലത്തില്‍ ചുമലയേല്‍ക്കാന്‍ ഞാന്‍ ചെന്നത്‌ സ്വന്തം കാറിലാണ്‌..കലാമണ്ഡലത്തിലെ അധ്യാപകരില്‍ ആദ്യമായി കാറുവാങ്ങുന്നയാള്‍ ഞാന്‍...!!.

വിവാഹകോലാഹലം ആട്ടക്കഥ

ഇരുപത്തൊന്നാം വയസ്സില്‍ തന്നെ സംഗീതനാടക അക്കാദമി അംഗമായ ഗീതാനന്ദനൊപ്പം ചൊവ്വല്ലൂര്‍ കൃഷ്‌ണന്‍കുട്ടിയടക്കമുള്ളവര്‍ ഉണ്ടായിരുന്നു. അന്നേ പ്രശസ്‌തനായി തുടങ്ങിയിരുന്നു. ഗീതാനന്ദന്‍ ഒരു നിമിഷം നിര്‍ത്തിയശേഷം ഒരു ചിരിചിരിച്ചു...
വിവാഹവും ഒരു കോലാഹലമായിരുന്നൂ ട്ടോ..!
കലാമണ്ഡലത്തില്‍ പഠിച്ചിരുന്ന അമ്മാവന്റെ ഒരു മകളായിരുന്നു നിമിത്തം. അവളുടെ ഉത്തമസുഹൃത്തായിരുന്ന വെളുത്തുമെലിഞ്ഞ സുന്ദരിയെ ഒരു ദിവസം പരിചയപ്പെടുത്തി. മോഹിനിയാട്ടം ഒന്നാം വര്‍ഷം- ശോഭ.
അധ്യാപകനായ എന്നെ അഭിമാനത്തോടെയാണ്‌ അവള്‍ പരിചയപ്പെടുത്തുന്നത്‌.
അന്ന്‌ മനസ്സിലെന്തോ പോറി..
പിന്നെ ഒരു വര്‍ഷത്തോളം ഒളിഞ്ഞും തെളിഞ്ഞും.. കത്തുകള്‍ കൊടുത്തും..
ഇതറിഞ്ഞ സുഹൃത്തുക്കള്‍ ഒന്നേ പറഞ്ഞുള്ളൂ- വേണ്ടാത്തതിനു നില്‍ക്കണ്ട!.
അവരുടെ അച്ഛന്‍, കഥകളിവേഷക്കാരന്‍. പരുക്കനായ ഒരു മനുഷ്യന്‍..
പക്ഷെ, നിര്‍വ്വാഹമില്ലല്ലോ? മനസ്സിന്റെ പിടിവലി..
അവരുടെ വിവാഹം മുറച്ചെറുക്കനുമായി ഉറപ്പിച്ചു എന്നറിഞ്ഞതോടെ നിവര്‍ത്തിയില്ലാതായി..
കുറച്ചു ജ്യേഷ്‌ഠനേയും അച്ഛനേയും ഒക്കെ കൂട്ടി കാറുമെടുത്ത്‌ നേരേ കുറുവട്ടൂര്‍ ഗ്രാമത്തിലേയ്‌ക്ക്‌ വച്ചുപിടിച്ചു..
പഴയ ഒരു നായര്‍ തറവാട്‌...
അവിടെ ഉമ്മറത്ത്‌ അച്ഛന്‍ കാരണവര്‍ ഇരുന്നിരുന്നു. കലാമണ്ഡലത്തിലെ ജോലിയുടേയും ജാതിയില്‍ ഉയര്‍ന്നതിന്റേയും ധൈര്യത്തില്‍ വിഷയം അവതരിപ്പിച്ചു.
കടുപ്പമൊന്നുമില്ലാത്ത ഭാഷയില്‍ അദ്ദേഹം തുറന്നു പറഞ്ഞു- പറ്റില്ല!
നിരാശയോടെ മടങ്ങി.
ശോഭയോടും ചോദിച്ചപ്പോള്‍, മറുപടി അച്ഛന്റെ ഇഷ്ടമാണ്‌ എന്റേതും എന്നായിരുന്നു..
അതിനിടെ ശോഭയുടെ പഠിപ്പും അവസാനിച്ചു. വീണ്ടും ഒരിക്കല്‍ കൂടി കുറച്ച്‌ സുഹൃത്തുക്കളെക്കൂട്ടി അവളുടെ വീട്ടിലെത്തി. ഇക്കുറി മറുപടി കൂടുതല്‍ പരുഷമായി. പിന്നെ, കാര്യം മണത്തറിഞ്ഞ്‌ നാട്ടുകാര്‍ വട്ടംകൂടി തുടങ്ങുകയും ചെയ്‌തു.
രണ്ടാമതും നിരാശയോടെ ഇറങ്ങിപ്പോന്നു. കലാമണ്ഡലത്തില്‍ ഞങ്ങളുടെ `ഹംസ'മായിരുന്ന ആ ഗ്രാമക്കാരിയായ പെണ്‍കുട്ടിയുണ്ട്‌. അവളുടെ വീട്ടിലെത്തി സംഗതികള്‍ എല്ലാം പറഞ്ഞു. മനസ്സിന്റെ വേവലാതി എവടിടേയും ഇറക്കിവയ്‌ക്കാനാവുന്നില്ല.
നേരം സന്ധ്യമയങ്ങിയിരിക്കുന്നു.
അപ്പോള്‍ നിമിത്തം പോലെ, കൂട്ടുകാരിയെ കാണാന്‍ ശോഭ അവിടെയെത്തി..
അന്നു ശോഭ വീട്ടിലേയ്‌ക്കു മടങ്ങിയില്ല..
`അവള്‍ എന്റെ കൈപിടിച്ച്‌ കാറില്‍ കയറി..!.'
എന്തു ചെയ്യണമെന്ന്‌ നിശ്ചയമില്ലാത്ത സ്ഥിതി. അപ്പോള്‍ നെഞ്ചിലെ നെരിപ്പോടില്‍ നീറിയകനലിന്റെ ചൂട്‌ ഇപ്പോഴും വാക്കുകളില്‍ അനുഭവിച്ചറിയാം..
ഗുരുവായൂരിലെ സുഹൃത്തിനെ വിളിച്ചു പറഞ്ഞു..വിവാഹത്തിനൊരുക്കാന്‍.
നേരേ ഗുരുവായൂര്‍ക്ക്‌ കാറെടുത്തു.
പുലര്‍ച്ചെ, കലാമണ്ഡലത്തിനു മുന്നിലൂടെ കടക്കുമ്പോള്‍, ആശാനും ഭാര്യയും റോഡരികില്‍..!. എവിടേക്കോ പോകാനിറങ്ങിയതാണ്‌.
അവിടെ ഇറങ്ങി ആശാനോട്‌ കാര്യം പറഞ്ഞു..
`ഞാനും വരാം..' എന്നായിരുന്നു മറുപടി!.
ആശാന്റെ അനുഗ്രഹത്തോടെ ഗുരുവായൂര്‍ നടയില്‍ കല്ല്യാണം..!.
ഒരു ദിവസം അവിടെ തങ്ങി.
`എന്റെ വീട്ടിലും ശോഭയുടെ വീട്ടിലും ഒരുപോലെ എതിര്‍പ്പ്‌...എവിടേയും ചെല്ലാന്‍ പറ്റില്ല..'
അപ്പോഴാണ്‌ ശോഭയുടെ ബന്ധുക്കള്‍ കാര്യങ്ങളറിഞ്ഞ്‌ എത്തിയത്‌. മഞ്ഞുരുകി..
അവര്‍ പിന്നെ ഞങ്ങളെ കൂട്ടി, വീട്ടിലേയ്‌ക്ക്‌...
പ്രണയത്തിന്റെ നവഭാവങ്ങളിലൂടെയും കടന്നുപോയ ആ കാലം വിവരിക്കുമ്പോള്‍, ടെന്‍ഷന്‍ ഇല്ലാത്ത ഒരു മുഖം കഥകേട്ടുകൊണ്ടിരുന്ന ?ാര്യ ശോഭയുടേതുമാത്രമായിരുന്നു..

തുള്ളല്‍ കലാകാരന്റെ മനോധര്‍മ്മവും നര്‍മ്മബോധവും ദൈവദത്തമാണ്‌. സമയാസമയത്ത്‌ ഉണര്‍ന്നു പ്രവര്‍ത്തിയ്‌ക്കുന്ന മനസ്സ്‌, ബുദ്ധി, ഫലിതബോധം. രസികത്വം ഇല്ലാത്ത ആസ്വാദകരാണെങ്കില്‍ പ്രശ്‌നവും ഉണ്ടാവും. ഇത്രയും പറഞ്ഞ്‌ ഗീതാനന്ദന്‍ ഒരു കഥപറഞ്ഞു:

കൂറ്റനാട്‌ ഒരു ക്ഷേത്രത്തില്‍ തൈപ്പൂയത്തോടനുബന്ധിച്ച്‌ നടക്കുന്ന തുള്ളല്‍. തുള്ളല്‍ അതിന്റെ രസികത്വത്തിന്റെ പാരമ്യത്തോടടുക്കുന്നു..
മുന്‍ നിരയില്‍ തടിച്ചുബലിഷ്‌ഠമായ ശരീരമുള്ള ഒരാള്‍..
അയാള്‍ ഒരു എക്‌സ്‌ മിലിട്ടറിക്കാരനാണ്‌. അല്‍പ്പം മിനുങ്ങിയിട്ടുണ്ട്‌.
അയാളുടെ ശരീരഭാരത്തെ കളിയാക്കി ഞാന്‍ എന്തോ പരിഹസിച്ചു പറഞ്ഞു. അയാള്‍ ക്ഷോഭത്തോടെ എഴുന്നേറ്റു പോകുന്നതു കണ്ടിട്ടും ഞാന്‍ കഥ തുടര്‍ന്നു. അയാള്‍ സംഘാടക സമിതിയിലെ ഉന്നതനായിരുന്നത്രെ..!.
സംഘാടകര്‍ കാര്യം പറഞ്ഞു മനസ്സിലാക്കി..വീണ്ടും സീറ്റില്‍ കൊണ്ടുവന്നിരുത്തി.
എന്തോ, ഞാന്‍ അയാളെ പരിഹസിച്ചു വീണ്ടും പാടി..!
അയാള്‍ രോഷാകുലനായി എഴുന്നേറ്റുപോയി..
കളികഴിഞ്ഞതും അയാള്‍ സ്‌റ്റേജിനു പിന്നില്‍ ഒരു സംഘം ആളുകളുമായി എന്നെ തിരഞ്ഞെത്തി!.
കൈയില്‍ കിട്ടിയാല്‍ എല്ലുവെള്ളമാകും എന്നുറപ്പ്‌..
ആശാന്‍ അയാളെ സമാധാനിപ്പിക്കുന്നതു കണ്ടു.
'ആശാനോട്‌ എനിക്കൊന്നുമില്ല. അവനെ ഇങ്ങട്ട്‌ ഇറക്കിവിട്‌..' എന്നായി അയാള്‍..
പ്രാണന്‍ കൈയില്‍ പിടിച്ചു ഞാനും..
ഒടുവില്‍ പിന്‍വാതിലിലൂടെ, സ്‌റ്റാര്‍ട്ട്‌ ചെയ്‌ത കാറില്‍ കയറ്റി എന്നെ പെട്ടെന്ന്‌ പറഞ്ഞുവിടുകയായിരുന്നു..
പൊട്ടിച്ചിരിച്ചു ഗീതാനന്ദന്‍ മറ്റൊരു കഥകൂടി പറഞ്ഞു:
മുന്നില്‍ ഉള്ളവരെ ഹാസത്തിനു ഉപയോഗപ്പെടുത്തുക തുള്ളല്‍കലാകാരനുള്ള അവകാശമാണ്‌. ഇതറിയാതെ ചിലര്‍ അലോസരപ്പെടും. ചില സ്ഥലങ്ങളില്‍ സ്‌റ്റേജിനു സമീപം ആദ്യം തന്നെ കിട്ടുക, മൈക്ക്‌ ഓപ്പറേറ്റര്‍മാരേയാണ്‌..
സമയം കളയാതെ അവര്‍ക്കുനേരേ പ്രയോഗിക്കും ഫലിതം..
`തന്നെ ഈ പണിക്കുകൊള്ളില്ലെന്ന്‌ ആഗ്യം കാണിക്കും...'
ഈ നേരമ്പോക്ക്‌ സഹികെട്ട്‌ അവര്‍ മൈക്ക്‌ ഓഫ്‌ ചെയ്‌ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്‌, പലയിടത്തും..

പട്ടരുണ്ണുന്നതു കണ്ടാല്‍ ഗോഷ്‌ഠിയില്ലാതൊന്നുമില്ല.. എന്നു പരിഹസിച്ച കുഞ്ചന്‍!. നായരെ പടക്കു പിന്നിലും പന്തിക്കു മുന്നിലും ചിത്രീകരിച്ച കുഞ്ചന്‍..
അതിന്റെ തീര്‍ച്ചയും മൂര്‍ച്ചയും ഇന്നും കുറഞ്ഞിട്ടില്ല!.


ആ സിനിമാപ്രവേശം കൂടി.. എന്നു പറയുമ്പോഴും ഭാഗ്യത്തിന്റെ കടന്നുവരവുകള്‍ അവസാനിച്ചിരുന്നില്ല.
കമലദളം..
ആ ചിത്രത്തിന്റെ ലൊക്കേഷന്‍ നോക്കാനായി സിബിമലയിലും ലോഹിയും മറ്റും കലാമണ്ഡലത്തിലെത്തിയതാണ്‌. കളരിയില്‍ പഠിപ്പിക്കുകയാണ്‌ ഞാന്‍. അവര്‍ എല്ലാം നടന്നു കണ്ടു.
`എനിക്ക്‌ ഇവര്‍ ആരൊക്കെ എന്നൊന്നും തിരിഞ്ഞില്ല ട്വോ..ഞാനെഴുന്നേല്‍ക്കാനും പോയില്ല..'
കളരി കഴിഞ്ഞപ്പോള്‍ ലോഹിതദാസ്‌ വിളിച്ചു.
ഒരു വേഷം ചെയ്യാമോ എന്നായിരുന്നു ചോദ്യം. കുഞ്ചന്റെ അഹന്ത അല്‍പ്പം അകത്തു കടന്നതാവാം..
`ഒരു കഥയിലെ എല്ലാ കഥാപാത്രവും ഒറ്റയ്‌ക്കു ചെയ്യുന്നയാളാണ്‌ ഞാന്‍. സിനിമയില്‍ എന്തു ചെയ്യാന്‍? എന്നായിരുന്നു എന്റെ ചോദ്യം.
ഒടുവില്‍, ഒരു തുള്ളല്‍ കലാകാരന്റെ വേഷം ആയാല്‍ നന്നായി എന്നു പറഞ്ഞു...
അതായിരുന്നു സിനിമയിലേയ്‌ക്കുള്ള വാതില്‍..
പിന്നെ നിരവധി സിനിമകള്‍ തേടിയെത്തി. ചെയ്‌തു. ആളുകള്‍ ഇഷ്ടപ്പെട്ടു..
പക്ഷെ, ഒരു കാര്യം അപ്പോളും മനസ്സില്‍ ഉണങ്ങാതെ കിടന്നിരുന്നു...അച്ഛന്റെ സിനിമാ മോഹം.
ലോഹിയോടുള്ള സൗഹൃദത്തില്‍ ഞാന്‍ അക്കാര്യം ഒരിക്കല്‍ പറഞ്ഞു.
അങ്ങിനെ, അച്ഛന്റെ ആ മോഹവും സഫലമായി- കന്മദത്തില്‍ മജ്ഞുവാര്യരുടെ അച്ഛനായി...
ആദ്യഗുരുവായ അച്ഛനോടുള്ള കടപ്പാട്‌ പൂര്‍ത്തിയായത്‌ പ്രഥമ കുഞ്ചന്‍ പുരസ്‌കാരം അദ്ദേഹത്തിനു സമര്‍പ്പിതമായപ്പോഴാണ്‌.
`അന്ന്‌ സമിതിയില്‍ ഞാനുമുണ്ട്‌. ഒന്നേ പറഞ്ഞുള്ളൂ- ഗീതാനന്ദന്റെ അച്ഛന്‍ എന്നത്‌ മാറ്റിവയ്‌ക്കുക. കുഞ്ചന്‍ കൃതികളെല്ലാം ഹൃദിസ്ഥമാക്കിയ ഒരു ആചാര്യന്‍...നിര്‍ഭാഗ്യവാനായ മനുഷ്യന്‍..'
ആദ്യ പുരസ്‌കാരം അച്ഛനുതന്നെയായി.
ആ ഗുരുത്വമൊക്കെയാണ്‌ താന്‍ ഈ നിലയിലെത്തിയതിനു പിന്നില്‍ എന്നു പറഞ്ഞ്‌ ഗീതാനന്ദന്‍ അച്ഛന്റെ ചിത്രത്തിലേയക്കു നോക്കി, മൗനിയായി.

തുള്ളല്‍കലയുടെ അക്കരയിക്കര കണ്ട ഒരു ജന്മം. ജനങ്ങളെ കുടുകുടെ ചിരിപ്പിക്കുകയും ചിന്തയുടെ തീ ഊതിക്കത്തിക്കുകയും ചെയ്‌ത മഹാകവിയുടെ പുനര്‍ജന്മമെന്ന്‌ ആസ്വാദകര്‍ പറഞ്ഞു. അത്രതന്നെ വിമര്‍ശനവും. രണ്ടും കൈനീട്ടി സ്വീകരിച്ചു. മുപ്പത്തിരണ്ടു വര്‍ഷമായി കലാമണ്ഡലത്തില്‍ തുള്ളല്‍വിഭാഗം മേധാവി. ഇന്ത്യയില്‍ ആദ്യമായി യുജിസി സ്‌കെയില്‍ ശമ്പളം വാങ്ങിയ തുള്ളല്‍ കലാകാരന്‍.. `പ്രഥമ' ജീവിതത്തില്‍ അവസാനിക്കുന്നതേയില്ല.
കഥകള്‍ കേട്ടുമടങ്ങേ, വേനല്‍ മഴയില്‍ നിള നിറയുന്നതു കണ്ടു. നിളാതീരത്ത്‌ കലക്കത്തു ഭവനത്തില്‍ ആദിയില്‍ ഒരു കുഞ്ചനുണ്ടായിരുന്നു...
ഇവിടെ നിളാതീരത്ത്‌, കുഞ്ചന്റെ കലയെ ഉപാസിച്ച്‌ തുള്ളിത്തുളുമ്പുന്ന ജീവിതവുമായി മറ്റൊരാള്‍..
തുള്ളിതുളുമ്പിയൊഴുകുന്ന ഒരു ജീവിതം..

ബാലുമേനോന്‍ എം.