ആ കൊട്ടാരക്കെട്ടില്‍ പ്രവേശിക്കേ അന്ധാളിപ്പുണ്ടായി. ശരിക്കും സ്ഥലജലഭ്രമം..!.
ജലമെന്നുകരുതി ദുര്യോധന മഹാരാജാവ് ഉത്തരീയമുയര്‍ത്തി..അതുകണ്ട പാഞ്ചാലി ചിരിച്ചുചിരിച്ചവശയായി..
ലജ്ജകൊണ്ടും ദേഷ്യംകൊണ്ടും ചുവന്നുതുടുത്ത മുഖവുമായി കൗരവരാജന്‍..
നിര്‍മ്മാണകലയിലെ 'മാജിക്ക്' അന്നു കണ്ടു..
മയന്‍- ദേവശില്‍പ്പിയായ മയന്‍ തീര്‍ത്ത ഇന്ദ്രപ്രസ്ഥനഗരിയിലെത്തിയ സുയോധനന്‍ അബദ്ധത്തില്‍ ചാടിയത് മഹാഭാരതത്തിലെ ഹരംകൊള്ളിക്കുന്ന കഥാഭാഗമാണ്.
നിര്‍മ്മാണകലയുടെ മാസ്‌മരികവിദ്യ വിവരിക്കുന്ന കഥകളുണ്ട് ഏറെ. പെരുന്തച്ചന്റെ...വെള്ളിനേഴിയുടെ..
താമസിക്കാന്‍ കൊള്ളാവുന്ന മനുഷ്യാലയങ്ങളുടെ നിര്‍മ്മാണം...ആയുരാരോഗ്യസൗഖ്യം നല്‍കുന്ന വാസഗേഹങ്ങള്‍...
അതിനു കണക്കും ശാസ്‌ത്രവുമുണ്ട്. ഭൂമിയുടെ കിടപ്പു മുതല്‍ പഞ്ചഭൂതങ്ങളുടെ നിയന്ത്രണശക്തികള്‍വരെ..
കേരളത്തില്‍ വാസ്‌തുവിന്റെ അവസാനവാക്കായ കാണിപ്പയ്യൂര്‍ പാരമ്പര്യം. അതിന്റെ ഖ്യാതി ഇന്ന് കടലേഴും കടന്നിരിക്കുന്നു. ആധുനിക എഞ്ചിനീയറിംഗ് വിദഗ്‌ധര്‍പോലും സമ്മതിക്കുന്ന നിര്‍മ്മാണസൂത്രങ്ങള്‍..
പ്രകൃതിയിലെ ശക്തിവിശേഷങ്ങള്‍ പ്രയോജനപ്പെടുത്തി ഐശ്വര്യം നിറഞ്ഞ കെട്ടിടങ്ങളുടെ നിര്‍മ്മാണം. ഇന്ന് വാസ്‌തുവിന്റെ പ്രസക്തി ലോകം തിരിച്ചറിഞ്ഞിരിക്കുന്നു..
വാസ്‌തുവിദ്യാ കുലപതി കാണിപ്പയ്യൂര്‍ കൃഷ്‌ണന്‍ നമ്പൂതിരിപ്പാടും മഹന്‍ കൃഷ്‌ണന്‍ നമ്പൂതിരിപ്പാടും പറഞ്ഞത് കുറേ പുരാചരിത്രം മാത്രമല്ല...വാസ്‌തുവിന്റെ വാസ്‌തവികത കൂടി..
ജ്യോതിഷത്തിലും വാസ്‌തുവിദ്യയിലും എത്രകാലത്തെ പാരമ്പര്യമുണ്ടെന്ന് മനയിലുള്ളവര്‍ക്കുപോലും ഇന്നറിയില്ല. അപാരമായ ഭാരതീയവിജ്ഞാനത്തില്‍ തളിര്‍ത്തുവന്ന ഒരു പാരമ്പര്യം തന്നെയായിരുന്നു കാണിപ്പയ്യൂര്‍ മനയുടേത്. കൊച്ചിരാജാവിന്റെ ആസ്ഥാന ഉപദേശകസ്ഥാനം ഇവര്‍ക്കായിരുന്നു. മുത്തപ്‌ഫനായ ശങ്കരന്‍ നമ്പൂതിരിപ്പാടിന് പണ്ഡിതരാജന്‍ പദവി കല്‍പ്പിച്ചു നല്‍കിയത് കൊച്ചിരാജാവ്..!തൃപ്പൂണിത്തുറ വിദ്വല്‍സദസ്സ്..!. കൊച്ചി-മലബാര്‍-തിരുവിതാംകൂര്‍ ദേശങ്ങള്‍ കടന്ന് മൈസൂര്‍ രാജാക്കന്‍മാരുടെ വാസ്‌തുഉപദേശകരായിരുന്ന ഒരു മഹാപാരമ്പര്യം..
കേരളീയ വാസ്‌തുശാസ്‌ത്രത്തിന്റെ ഈറ്റില്ലമായ കാണിപ്പയ്യൂര്‍മന, പൂര്‍ണ്ണ രൂപത്തില്‍ ഇന്നില്ല.. ഏതാനും വര്‍ഷം മുമ്പുവരെ അതിന്റെ പ്രഭാവത്തോടെ നിലനിന്നിരുന്നു. മനയുടെ രൂപരേഖകള്‍ ഉണ്ട് ഈ വാസ്‌തുവിസ്‌മയത്തിന്റെ.. 12 കെട്ട്!. രണ്ടു പത്തായപ്പുര പടിപ്പുര നാടകശാല എന്നിവ ചേര്‍ന്ന ഒരു വലിയ ഇല്ലം; ഇല്ലത്തിനോട് ചേര്‍ന്ന് അമ്പലവും കുളവും.
വിശാലമായ മനുഷ്യാലയം അമ്പരപ്പുണ്ടാക്കുന്ന ഒന്നു തന്നെ...
അതിലൂടെ മനസ്സുകൊണ്ടെരു സഞ്ചാരം നടത്തിയാല്‍ തന്നെ അത്‌ഭുതപ്പെട്ടുപോകും. വാസ്‌തു വൈഭവത്തെ നമിച്ചുപോകും..!.
നടശാലയും പൂമുഖവുമാണ് ആദ്യഭാഗം. ഇവിടെയാണ് തീണ്ടലും തൊടീലുമില്ലാത്താരെ സ്വീകരിച്ചിരുത്തുന്നത്. പിന്നെ പടിഞ്ഞാറ്റിത്തറ എന്ന ഭാഗം. ബഹുമാനിതരെ സ്വീകരിക്കുകയും അവര്‍ക്കു ഭക്ഷണം വിളമ്പുകയും ചെയ്യുന്നത് ഇവിടെയത്രെ. കുടുംബത്തിലെ പ്രായം ചെന്ന പുരുഷന്‍മാര്‍( അവര്‍ രോഗബാധിതരാകുമ്പോള്‍) കഴിയുന്ന ദീനമുറി എന്നൊരു മുറി. വടക്കിനിയാണ് അടുത്തത്. ഔപാസനം, ശ്രാദ്ധകര്‍മ്മങ്ങള്‍ തുടങ്ങിയ ഇവിടെ അനുഷ്‌ഠിക്കുന്നു. വലിയൊരു മേലടുക്കളയുണ്ട്. അത് നിത്യവും നമ്പൂതിരിമാര്‍ ആഹാരം കഴിക്കുന്ന `ഹാള്‍' ആണ്. സ്‌ത്രീകള്‍ തീണ്ടാരികളാകുമ്പോള്‍ മാത്രം ഉപയോഗിക്കുന്ന പ്രത്യേക മുറി.. വിശാലമായ കലവറയും മനക്കുള്ളില്‍ തന്നെ. നിത്യവും ഉപയോഗിക്കാത്ത പാത്രങ്ങള്‍ സൂക്ഷിക്കാന്‍ ഒരു പാത്രക്കലവറ. അച്ചാറുകളും അന്തര്‍ജനങ്ങളുടെ വസ്‌തുക്കളും സൂക്ഷിക്കുന്ന മുറിയാണ് `പുത്തനറ'. പ്രസവമുറിയും കെട്ടിനുള്ളില്‍ തന്നെ!. വടക്കേ അകം എന്നു പേര്‍.
എല്ലാ നമ്പൂതിരിമാര്‍ക്കുമുള്ള ഉച്ചയൂണ് വടക്കേകെട്ടിലാണ് പതിവ്. അന്തര്‍ജനങ്ങള്‍ക്കു ഭക്ഷണം കഴിക്കാന്‍ ചെറിയമേലടുക്കള. തുണ്ടന്‍ അടുക്കള എന്നുവിളിക്കുന്നു ഇതിനെ. പൂജാമുറിയെ ശ്രീലകം എന്നു വിളിക്കുന്നു. മോരും തൈരും ഒക്കെ സൂക്ഷിക്കുന്ന അടുക്കള സ്‌റ്റോര്‍ വേറെയുണ്ട്. ഇതിനു `മോരകം' എന്നാണ് പേര്. പിന്നെ അടുക്കളയാണ്. കിഴക്കേ കെട്ടില്‍ തന്നെ രണ്ടു വിശാലമായ ഊണുമുറികള്‍..അതില്‍ വടക്കേത് എന്നു വിളിക്കുന്ന ഹാള്‍ അന്തര്‍ജനങ്ങള്‍ക്കും, തെക്കേത് വിശേഷദിവസങ്ങളില്‍ നമ്പൂതിരി പുരുഷന്‍മാര്‍ക്കു ഭക്ഷണം കഴിക്കാനുള്ള സ്‌ഥലമാണ്. വിശേഷദിവസങ്ങളില്‍ പാചകത്തിന് ഊട്ടുപുര വേറെ...!. പിന്നെ വിശാലമായ നടുമുറ്റം.....
യശഃശരീരനായ ശങ്കരന്‍നമ്പൂതിരിപ്പാട് തീര്‍പ്പിച്ച പുതിയ മനയുടെ `പഴമ'യില്‍ കൃഷ്‌ണന്‍ നമ്പൂതിരിപ്പാടിന്റെ ഓര്‍മ്മകള്‍ സഞ്ചരിച്ചുകൊണ്ടിരുന്നു...
ശങ്കരനിലയം..
കാലത്തിന്റെ കുത്തൊഴുക്കിലും കൈമോശംവരാത്ത വലിയൊരുപാരമ്പര്യത്തിന്റെ കണ്ണിയായി മഹന്‍ കൃഷ്‌ണന്‍ നമ്പൂതിരിയും.
`കാണിപ്പയ്യൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട്.. അദ്ദേഹത്തിന്റെ മക്കളുടെ മക്കളാണ് ഞങ്ങള്‍..ശങ്കരന്‍നമ്പൂതിരിപ്പാട് മുത്തച്ഛന്റെ അനിയനായിരുന്നു..എന്റെ ഗുരുവും..'
കാണിപ്പയ്യൂര്‍ മനയെന്നുകേട്ടാല്‍ ആജാനുബാഹുവായ ആ മനീഷിയുടെ രൂപമാണ് ഇന്നും ജനമനസ്സില്‍ തെളിയുക..
സമൂഹ്യ പരിഷ്‌കര്‍ത്താവ്, ഗ്രന്ഥകാരന്‍, വൈജ്ഞാനികന്‍, വ്യവസായി എന്നീ നിലകളിലെല്ലാം തിളങ്ങിയ ബഹുമുഖ പ്രതിഭ...
`അദ്ദേഹം ദീര്‍ഘായുഷ്‌മാനായിരുന്നു..അതുകൊണ്ടു തന്നെ പ്രവര്‍ത്തനകാലവും ദീര്‍ഘമായിരുന്നു..അറിയപ്പെട്ടതും അദ്ദേഹം തന്നെ കൂടുതല്‍..`
പഴയകാലത്ത് ഇന്നത്തെപോലെ ആവശ്യംവളരെ കുറവായിരുന്നു..അതുകൊണ്ടു ഈ പരമ്പരയിലെ മുന്‍തലമുറക്കാര്‍ക്ക് അധികമൊന്നും അറിയപ്പെടാനോ പ്രവര്‍ത്തിക്കാനോ കഴിയാതെപോയി...
മുത്തപ്‌ഫന്‍ മുതല്‍ക്ക് ജ്യോതിഷം കൈകാര്യം ചെയ്‌തിരുന്നു. മുത്തശ്ശന്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടാണ് പഞ്ചാംഗം ആദ്യമായി അച്ചടിച്ചു പ്രസിദ്ധീകരിച്ചത്.. യോഗക്ഷേമം പഞ്ചാംഗം..
അതിനൊക്കെ മുമ്പ്, ഇല്ലത്ത് നാള്‍പക്കം വയ്‌ക്കുക എന്നതായിരുന്നു ചടങ്ങ്. ഓരോദിവസത്തേയും നാള്‍, പക്കം, തിഥി എന്നിവയൊക്കെ ഗണിച്ചു വരാന്തയില്‍ വയ്‌ക്കും..ആവശ്യക്കാര്‍ക്ക് അതു വന്നുനോക്കാം..
അങ്ങിനെയൊരു കാലം മാറ്റിയതാണ് അച്ചടിച്ച പഞ്ചാംഗത്തിന്റേത്...
`ജനങ്ങളുടെ ആവശ്യവും സൗകര്യവും തന്നെയായിരുന്നു അതിന്നു പ്രേരകമായത്.'
വാസ്‌തുവിദ്യയില്‍ അഗ്രേസരന്‍മാരായിരുന്നു കാണിപ്പയ്യൂര്‍ നമ്പൂതിരിപ്പാടന്‍മാര്‍. കൊച്ചി രാജാവിന്റെ ആസ്‌ഥാന വാസ്‌തുവിദ്യാ ഉപദേഷ്‌ടകരായിരിക്കേ തന്നെ തിരുവിതാംകൂര്‍ മഹാരാജാവിന്റെ മരാമത്ത് പണികളെല്ലാം കൈകാര്യം ചെയ്‌തിരുന്നത് കാണിപ്പയ്യൂരെ നമ്പൂതിരിമാര്‍ ആയിരുന്നു. ശ്രീമൂലം തിരുന്നാള്‍ മഹാരാജവിന്റെ കൊട്ടാരം പണി ചെയ്‌തതു കാണിപ്പയ്യൂര്‍ സുബ്രഹ്‌മണ്യന്‍ നമ്പൂതിരിപ്പാട് ആണ്. സ്വാതിതിരുനാള്‍ മഹാരാജാവിന്റെ നിര്‍ദ്ദേശാനുസരണം നക്ഷത്രബംഗ്ലാവിലെ ജ്യോതിര്‍മണ്ഡലവും തീര്‍ത്തതും കാണിപ്പയ്യൂര്‍ തന്നെ..!!. പിഴക്കാത്ത കൈക്കണക്കുകള്‍...
`ഈ മനയ്‌ക്കല്‍ നിന്ന് ആദ്യമായി ഒന്നാം ക്ലാസില്‍ പോയത് ഞാനാണ്..' കൃഷ്‌ണന്‍ നമ്പൂതിരിപ്പാട് ചിരിച്ചു. അക്കാലത്തൊക്കെ സമാവര്‍ത്തനം കഴിഞ്ഞ് ഏഴാം ക്ലാസിലൊക്കെയേ ഇവിടുത്തെകുട്ടികള്‍ ചേരൂ..!!.
സ്‌കൂളില്‍ എന്‍സിസിയിലും മറ്റും സജീവമായിരുന്നു. ഇല്ലത്തെ ശുദ്ധാശുദ്ധങ്ങളൊക്കെ പതുക്കെ മറന്നുകൊണ്ടുള്ള ജീവിതം!. പിന്നീട് തൃശൂര്‍ കേരളവര്‍മ്മ കോളജില്‍ നിന്നും മഹാരാജാസില്‍ നിന്നുമായി കണക്കില്‍ ബിരുദവും ബിരുദാനന്തരബിരുദവും. തുടര്‍ന്ന് ഇരിങ്ങാലക്കുട ക്രൈസ്‌റ്റ് കോളജില്‍ അധ്യാപകനായി..പിന്നെ കേരളവര്‍മ്മയിലും. അധ്യാപക ജോലിയിലിരിക്കേയാണ് വാസ്‌തുവിന്റെ ലോകത്തേയ്‌ക്ക് മുത്തപ്‌ഫന്റെ പിന്‍വിളി!. അതു വെറുതേയായില്ലെന്ന് കാലം തെളിയിച്ചു...
വിദേശരാജ്യങ്ങള്‍ കേരളത്തിന്റെ തച്ചുശാസ്‌ത്ര ശാഖയുടെ മഹത്ത്വം അറിഞ്ഞത് ഇദ്ദേഹത്തിലൂടെയായിരുന്നു.. കേരളത്തിന് അകത്തും പുറത്തും വിദേശരാജ്യങ്ങളിലും നിരവധി ക്ഷേത്രങ്ങളും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മിക്കപ്പെട്ടു..കേരളത്തിലെ തച്ചു ശാസ്‌ത്ര നിര്‍മ്മിതിയില്‍ ഒരു പാട് അമൂല്യമായ ഗ്രന്‌ഥങ്ങളും ഇദ്ദേഹത്തിന്റെ സംഭാവനയായുണ്ട്. ഇദ്ദേഹത്തിന്റെ ആശയമാണ് വാസ്‌തുവിദ്യാഗുരുകുലം. കേരള സര്‍ക്കാരിന്റെ കീഴിലുള്ള വാസ്‌തുവിദ്യാ പഠനകേന്ദ്രം!. വാസ്‌തുവിദ്യാ പ്രതിഷ്‌ഠാനം എന്ന സ്‌ഥാപനത്തിന്റെ സ്‌ഥാപക അംഗങ്ങളില്‍ ഒരാളുമാണ് കാണിപ്പയ്യൂര്‍ കൃഷ്‌ണന്‍ നമ്പൂതിരിപ്പാട്. തൃശ്ശൂരിലെ പ്രശസ്‌തമായ തിരുവമ്പാടി ക്ഷേത്രത്തിലെ നാലമ്പല നിര്‍മ്മാണം ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ഇന്ത്യയ്‌ക്ക് അകത്തും പുറത്തും കാണിപ്പയ്യൂരിന്റെ കൈയൊപ്പുകള്‍..
`ഇന്ന് ആളുകള്‍ക്കറിയാം വാസ്‌തുവില്‍ വാസ്‌തവം ഉണ്ടെന്ന്. പഞ്ചഭൂതങ്ങളടക്കമുള്ള പ്രാപഞ്ചികോര്‍ജ്ജങ്ങളെ മനുഷ്യനനുകൂലമാക്കി ഉപയോഗപ്പെടുത്തുന്ന ശാസ്‌ത്രീയ മാര്‍ഗ്ഗമാണത്..'
ഭൂമിയില്‍ നിര്‍മ്മിക്കുന്ന ഏതുതരം ഗൃഹങ്ങളും വാസ്‌തുവിന്റെ നിയമങ്ങളില്‍ വരും. കാരണം, പ്രകൃതിയോടിണങ്ങുന്ന വീടുകള്‍ നിര്‍മിക്കാനുള്ള മാര്‍ഗ്ഗദീപമാണ് വാസ്‌തു. അപ്പോള്‍, ഗൃഹം ഏതു ശൈലിയിലുള്ളതാണെന്നത് വിഷയമേയല്ല...
കഥകളുടെ പരമ്പര...നവോത്ഥാനത്തിന്റേയും കാലാനുസൃതമായി മാറ്റം ഉള്‍ക്കൊള്ളാന്‍ വിമുഖതകാട്ടാതിരുന്ന തലമുറയുടേയും കഥകളാണ് കണിപ്പയ്യൂരിന്റേത്.
`ഗുരുവായൂര്‍ അമ്പലവും ശബരിമല ക്ഷേത്രവും നവീകരിച്ചത് മുത്തപ്‌ഫന്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ കണക്കുപ്രകാരമാണ്...'
തച്ചുശാസ്‌ത്രത്തില്‍ പ്ലാനുകള്‍ വരച്ചു നല്‍കുന്ന പതിവ് മുന്‍കാലങ്ങളിലുണ്ടായിരുന്നില്ല. കണക്കു കുറിച്ചുകൊടുത്താല്‍ അതു ആശാരിമാര്‍ നോക്കിപ്പണിതുകൊള്ളും.. അവര്‍ക്കും അത്രയും പാണ്ഡിത്യം..!.
സിവില്‍ എഞ്ചിനീയര്‍മാര്‍ വരയ്‌ക്കുന്ന രീതി കണ്ടുപഠിച്ച് ആദ്യമായി വാസ്‌തു അനുസരിച്ചുള്ള പ്ലാന്‍ വരച്ചത് ശങ്കരന്‍ നമ്പൂതിരിപ്പാടാണ്. അത് വാസ്‌തുശാസ്‌ത്രത്തിലെ ഒരു വഴിത്തിരിവുകൂടിയായി.
സ്ഥപതിയ്‌ക്ക് ലക്ഷണമുണ്ട്, വാസ്‌തു ശാസ്‌ത്രപ്രകാരം:
സ്ഥപതിഃ സ്ഥാപനാര്‍ഹഃ സ്യാത്
സര്‍വ്വശാസ്‌ത്രവിശാരദഃ
നഃഹീനാംഗോതിരിക്താംഗോ
ധാര്‍മ്മികസ്‌തു ദയാപരഃ.........
സ്ഥപതിലക്ഷണം വിവരിക്കുന്ന നീണ്ട ശ്ലോകത്തിന്റെ അര്‍ത്ഥം ഇങ്ങിനെ: സ്ഥാപനത്തിനു യോഗ്യതയുള്ളവനായിരിക്കണം. അയാള്‍ എല്ലാ ശാസ്‌ത്രങ്ങളും അറിയുന്നവനാകണം. അംഗവിഹീനതയോ അധികം അംഗങ്ങളോ പാടില്ല. ധാര്‍മ്മികനും ദയാപരനുമാകണം. മാത്സര്യവും അസൂയയുമുള്ളവനുമാകരുത്. താന്ത്രികനും സത്‌കുലജാതനുമാകണം. ഗണിതം പുരാണം എന്നിവയറിയുന്നവനും ആനന്ദമുള്ളവനും ലോഭമില്ലാത്തവനുമാകണം. ചിത്രംവര അറിയുന്നവനും സര്‍വ്വദേശങ്ങളുടേയും വിശേഷം അറിയുന്നവനുമാകണം. സത്യം മാത്രം പറയുന്നവനും ഇന്ദ്രിയജയമുളളവനും രോഗമില്ലാത്തവനും തെറ്റുപറ്റാത്തവനും സ്വപ്‌നവ്യസനങ്ങളില്ലാത്തവനും സല്‍പേരുളളവനും ബന്ധുഗുണമുളളവനും വാസ്‌തുവിദ്യാസാഗരത്തിന്റെ മറുകരകണ്ടവനും ആവണം....
കേരളത്തിലെ തച്ചുശാസ്‌ത്രവിധികളെല്ലാം തന്നെ ഒരു പുസ്‌തക രൂപത്തിലാക്കുകയും ഈ ലോകസമക്ഷം സമര്‍പ്പിക്കുകയും ചെയ്‌ത മഹാപാരമ്പര്യം തുടരുന്നു, സ്ഥപതിലക്ഷണങ്ങളത്രയും തികഞ്ഞ്...
`ഉദയസൂര്യന്റെ രശ്‌മികള്‍ ഏല്‍ക്കുന്ന ഭൂമിയാണ് വാസയോഗ്യം. അതായത് കിഴക്കോട്ട് താഴ്‌ചയുള്ള സ്‌ഥലം. ഭൂമിയിലെവിടെയാണെങ്കിലും സൂര്യന്‍ കിഴക്കാണല്ലോ ഉദിക്കുക?. കാറ്റ്, മഴ, വെയില്‍ ഇവയുടെ ദിശയ്‌ക്കും കാഠിന്യത്തിനും അനുസരിച്ച് അതാതിടങ്ങളില്‍ ചില്ലറ വ്യത്യാസമുണ്ടാകും. ഭൂമിയുടെ കിടപ്പാണ് ഏറ്റവും പ്രധാനം....'
വാസ്‌തുരഹസ്യങ്ങള്‍...!. മനുഷ്യാലയ നിര്‍മ്മാണത്തിന്റെ, ദേവാലയ നിര്‍മ്മാണത്തിന്റെ എല്ലാം ഉള്ളുകളളികള്‍ വാസ്‌തുശാസ്‌ത്രം കൃത്യമായി നിര്‍വ്വചിച്ചിരിക്കുന്നു..
ശാസ്‌ത്രത്തിന്റെ പേരുപറഞ്ഞ് ജനങ്ങളെ ഭയഭീതരാക്കാനോ അതു മുതലെടുക്കാനോ ശ്രമിക്കാത്തവര്‍. ശാസ്‌ത്രം അറിഞ്ഞുപയോഗിക്കുന്നവര്‍..കാണിപ്പയ്യൂര്‍ പാരമ്പര്യത്തില്‍ അതു മാത്രമേ കാണൂ. ആധുനിക ലോകക്രമത്തിലും വാസ്‌തുനിയമം ബാധകം..വീടുകളുടെ സ്ഥാനം ഫ്‌ളാറ്റുകള്‍ ഏറ്റെടുത്താലും നിയമങ്ങള്‍ ബാധകം..
`ഭൂമിയുടെ വലുപ്പത്തിനനുസരിച്ച് മുറികളുടെ അളവും തീരുമാനിക്കാം. ഇതിന് ചില കണക്കുകളുണ്ട്. സമതതം, പാദാധികം, അര്‍ധാതികം, പാദോനം എന്നിങ്ങനെ നാലുവിധത്തിലുള്ള അനുപാതം പാലിക്കേണ്ടതുണ്ട്. ഒരു നിശ്‌ചിത അളവില്‍ മാത്രമേ മുറികള്‍ പാടുള്ളു എന്ന് ശാസ്‌ത്രത്തിലൊരിടത്തും പറയുന്നില്ല...'
ഫ്‌ളാറ്റിനു തത്തുല്യമായി, വാസ്‌തുവില്‍ പറയുന്ന അഗ്രഹാരങ്ങളുടെ നിയമങ്ങള്‍ ഫ്‌ളാറ്റിനും ബാധകമാണ്. പൃഥ്വി, ജലം, അഗ്നി, വായു, ആകാശം ഇങ്ങനെ ക്രമത്തിലാണ് ഉയരം തരംതിരിച്ചിരിക്കുന്നത്. ഇതില്‍ അഗ്നി എന്ന പദത്തില്‍ ഒരിക്കലും കെട്ടിടത്തിന്റെ ഉയരം വന്ന് അവസാനിക്കാന്‍ പാടില്ലെന്നു ശാസ്‌ത്രം...!.
`മറ്റേത് പദത്തിലാണെങ്കിലും കുഴപ്പമില്ല.'
വാസ്‌തു ശാസ്‌ത്രം ജനങ്ങളിലേക്ക് എത്തിച്ചത് കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് ആണ് എന്നതാണ് എടുത്തു പറയേണ്ടത്. കാലാനുസൃതമായി തന്നെ അദ്ദേഹം കാര്യങ്ങള്‍ നോക്കിക്കണ്ടു..
പണ്ടുകാലത്ത് നിര്‍മ്മാണങ്ങള്‍ ഇത്രകണ്ട് ഇല്ലാതിരുന്നു. ഇന്ന് കാലംമാറി. ആവശ്യം അധികരിച്ചു.
മുത്തഫ്‌പന്‍ ശങ്കരന്‍ നമ്പൂതിരിപ്പാടുതന്നെയാണ് ആദ്യമായി കേരളത്തിനു പുറത്തുപോയി നിര്‍മ്മാണം നടത്തിയത്..
അത് ബാംഗ്ലൂരിലെ ജലഹള്ളി അയ്യപ്പക്ഷേത്രമാണ്. പിന്നീട് അദ്ദേഹം ക്ഷണം സ്വീകരിച്ച് മദ്രാസിലും ക്ഷേത്രനിര്‍മ്മാണം ചെയ്‌തുകൊടുത്തു. മഹാലിംഗപുരം അയ്യപ്പക്ഷേത്രം..
അന്ന് ക്ഷേത്രനിര്‍മ്മാണത്തിനെത്തുമ്പോള്‍ എങ്ങിനെ തിരിച്ചറിയും എന്ന് അവര്‍ കത്തെഴുതിചോദിച്ചിരുന്നു..
കൃഷ്‌ണന്‍ നമ്പൂതിരിപ്പാട് ചിരിച്ചു- `ഞങ്ങളുടെ കൈയില്‍ ഒരു കിണ്ടി കാണും' എന്നായിരുന്നു ശങ്കരന്‍നമ്പൂതിരിപ്പാടിന്റെ മറുപടി!.
എവിടെ പോയാലും ശൗചത്തിന് അദ്ദേഹത്തിനു കിണ്ടി നിര്‍ബന്ധമായിരുന്നു - ഇത്രയും പറഞ്ഞ് കൃഷ്‌ണന്‍ നമ്പൂതിരിപ്പാട് വീണ്ടും ചിരിച്ചു..
`എഴുപതുകള്‍ മുതല്‍ ഞാന്‍ വ്യാപകമായി ഉത്തരേന്ത്യയില്‍ സഞ്ചരിച്ചു. പലതും നിര്‍മ്മാണാവശ്യങ്ങള്‍ക്കു തന്നെ.' 80ല്‍ ഡല്‍ഹി ആര്‍.കെ.പുരം അയ്യപ്പക്ഷേത്രം രൂപകല്‍പ്പന ചെയ്‌തത് കാണിപ്പയ്യൂര്‍ കൃഷ്‌ണന്‍ നമ്പൂതിരി..!.
ഇപ്പോള്‍ കാണിപ്പയ്യൂര്‍ കുടുംബത്തിലെ ഏഴുപേര്‍ വാസ്‌തു/ജ്യോതിഷ വിഷയങ്ങള്‍ കയ്യാളുന്നു.
കാണിപ്പയ്യൂര്‍ പഞ്ചാംഗം പുസ്‌തകശാലയും പ്രസ്സും സ്ഥാപിച്ച ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ സംസ്‌കൃതം-മലയാളം നിഘണ്ടുവും വൈദ്യരത്‌നം ഔഷധനിഘണ്ടുവും അശ്രാന്തപരിശ്രമത്തിനു നിദാനമാണ്. നമ്പൂതിരിമാര്‍ക്കിടയില്‍ മാത്രം ഒതുങ്ങിനിന്ന മന്ത്ര-തന്ത്ര വിഷയങ്ങള്‍ ആദ്യമായി പുസ്‌തകരൂപത്തില്‍ അച്ചടിച്ചു വിതരണം ചെയ്‌ത് അദ്ദേഹം വിപ്ലവം തന്നെ സൃഷ്ടിക്കുകയുണ്ടായി...
`അതിനു അദ്ദേഹത്തിന് ഒരുപാട് പഴിയും കേള്‍ക്കേണ്ടിവന്നു..മന്ത്രങ്ങള്‍ വിറ്റു കാശാക്കി എന്ന് അന്ന് ആരോപണമുയര്‍ന്നു...'- കൃഷ്‌ണന്‍ നമ്പൂതിരിപ്പാട് ഓര്‍മ്മിക്കുന്നു. ഇന്ന് അദ്ദേഹം അച്ചടിച്ച പുസ്‌തകങ്ങളാണ് ആധികാരികമായ റഫറന്‍സ് ഗ്രന്ഥങ്ങളായി കണക്കാക്കുന്നത്..!.
കേരളീയ വാസ്‌തുശാസ്‌ത്രത്തിന്റെ ആധികാരിക ഗ്രന്ഥമായ `മനുഷ്യാലയചന്ദ്രിക' വ്യാഖ്യാനിച്ച് പുസ്‌തകമായി അച്ചടിച്ചതും ശങ്കരന്‍ നമ്പൂതിരിപ്പാട്. വിജ്ഞാനം കുറച്ചു കൈകളില്‍ ഒതുങ്ങേണ്ടതല്ലെന്നും അതു മനുഷ്യസമൂഹത്തിനു മുഴുവനും അവകാശപ്പെട്ടതാണെന്നും ഉറച്ചുവിശ്വസിച്ച ഒരു മഹാപാരമ്പര്യം..!!. ജ്യോതിഷവും ജാതകവും വാസ്‌തുവും മന്ത്ര-തന്ത്രങ്ങളും എല്ലാം ഉള്ളം കൈയിലെ നെല്ലിക്കപോലെയായിരുന്ന ശങ്കരന്‍ നമ്പൂതിരിപ്പാടില്‍ തുടങ്ങി അദ്ദേഹത്തില്‍ തന്നെ പറഞ്ഞവസാനിപ്പിക്കാവുന്ന കാണിപ്പയ്യൂര്‍ ചരിത്രം..അതിനു ഉത്തരോത്തരം യശസ്സുയര്‍ത്തി ഈ തലമുറയും...
മാറുന്ന ജീവിതസാഹചര്യങ്ങള്‍ക്കനുസരിച്ച് ആവാസവ്യവസ്‌ഥയിലും മാറ്റങ്ങള്‍ സംഭവിക്കാം. ഇത് വാസ്‌തുനിയമങ്ങള്‍ക്ക് എതിരല്ല.
`ദിശ കൃത്യമാകണം. പ്രധാന ദിശകളും അപ്രധാന ദിശകളും ഉണ്ട്. കൃത്യമായ കിഴക്ക്, കൃത്യമായ വടക്ക്, കൃത്യമായ തെക്ക്, കൃത്യമായ പടിഞ്ഞാറ് എന്നിവയാണ് പ്രധാന ദിശകള്‍. വടക്ക്‌കിഴക്ക്, വടക്ക്‌പടിഞ്ഞാറ്, തെക്കുകിഴക്ക് അപ്രധാന ദിശകള്‍. അപ്രധാന ദിശകളിലേക്ക് തിരിഞ്ഞിരിക്കുന്ന വീടുകളി? സ്വസ്‌ഥത കുറയാന്‍ സാധ്യതയുണ്ട്...' പറയുന്നത് മഹന്‍ കൃഷ്‌ണന്‍ നമ്പൂതിരി.
ഇന്ന് ചൈനീസ് വാസ്‌തുശാസ്‌ത്രമുണ്ട്. അതിലൊന്നും ഭൂമിയെക്കുറിച്ചോ അതിന്റെ കിടപ്പിനെ കുറിച്ചോ പരാമര്‍ശിച്ചു കാണുന്നില്ല. അതില്‍ പറയുന്നതെല്ലാം `റെമഡി' ആണ്..
`അതേക്കുറിച്ച് അത്രയേ നമുക്കറിയൂ..അതുകൊണ്ടു തന്നെ തെറ്റ് എന്നു പറയാനും പാടില്ല...'- മഹന്‍ നമ്പൂതിരി ചിരിച്ചു..
അതിശൈത്യം, അതിവര്‍ഷം, അത്യുഷ്‌ണം, കാറ്റ് ഇവയൊന്നും നമ്മുടെ ശരീരത്തെ ബാധിക്കാതെ സംരക്ഷിക്കുവാനാണ് ഗൃഹം. അതിനുവേണ്ടിയാണ് ഓരോ വീടും വാസ്‌തുനിഷ്‌കര്‍ഷിക്കുന്നത്..
`ഭൂമിയിലെല്ലായിടത്തേക്കുമായാണ് വാസ്‌തുശാസ്‌ത്രം നിര്‍മ്മിക്കപ്പെട്ടിട്ടുളളത്. അത് അമേരിക്കയിലായാലും ബാധകം..അവിടേയും സൂര്യന്‍ കിഴക്കുതന്നെയല്ലേ ഉദിക്കുക..?- കൃഷ്‌ണന്‍ നമ്പൂതിരിപ്പാട് നിര്‍ത്തി പിന്നെ ചിരിച്ചു..
മനുഷ്യമനസ്സിന്റെ സന്തോഷത്തിനും സംതൃപ്‌തിയ്‌ക്കും ഊന്നല്‍ നല്‍കുന്നൊരു ശാസ്‌ത്രം. പ്രകൃതിയോടിണങ്ങിയുള്ള ജീവിതം തന്നെ അതിനുളള മാര്‍ഗ്ഗം. നിര്‍മ്മാണകല ശാസ്‌ത്രമായി മാറുന്നത് ഇവിടെയാണ്. അതിനു ആയിരത്താണ്ടുകളുടെ നിരീക്ഷണ-പരീക്ഷണങ്ങളുടെ അനുഭവസാക്ഷ്യം. പല തത്വങ്ങളും ഇന്നും അമ്പരപ്പിക്കും വിധം നിഗൂഢം..
വടക്കുകിഴക്ക് ദര്‍ശനമായിരിക്കുന്ന ഗൃഹങ്ങള്‍ക്ക് കുലനാശം സംഭവിച്ചേക്കാമെന്ന് പറയുന്നുണ്ട് ശാസ്‌ത്രത്തില്‍.. ഇതിനര്‍ത്ഥം ഇത്തരത്തിലുള്ള വീടുകളില്‍ കുട്ടികളുണ്ടാവില്ല എന്നല്ല. ഗൃഹനാഥന്റെ, അതായത് ഭൂമി ആരുടെ പേരിലാണോ അയാളുടെ ജാതകവശാലുള്ള കാര്യങ്ങളില്‍ സ്വാധീനിക്കാം എന്നേ അര്‍ത്ഥമുള്ളൂ. അതുപോലെ ടോയ്‌ലറ്റ് നല്‍കാന്‍ പാടില്ലാത്ത ചില സ്‌ഥലങ്ങളുണ്ട്. ഉദാഹരണത്തിന് ഗൃഹത്തിന്റെ മധ്യസൂത്രത്തിന് തടസ്സം വരുന്ന രീതിയില്‍ ടോയ്‌ലറ്റ് വരാന്‍ പാടില്ല എന്നു ശാസ്‌ത്രം. ശാസ്‌ത്രതത്വങ്ങള്‍ വ്യാഖ്യാനിക്കാന്‍ യുക്തികൂടി ഉണരണം. `ആധുനികവീടുകളിലെ എല്ലാ ഘടകങ്ങളും വാസ്‌തുവില്‍ പ്രതിപാദിക്കുന്നില്ല. അങ്ങിനെയുള്ള സാഹചര്യങ്ങളില്‍ യുക്‌തിക്ക് മുന്‍തൂക്കം കൊടുക്കുകയാണ് വേണ്ടത്..'
അന്നംകുളങ്ങര ഭഗവതിയാണ് കാണിപ്പയ്യൂര്‍ നമ്പൂതിരിപ്പാടന്‍മാരുടെ പരദേവത. പരദേവതാധ്യാനത്തോടെയാണ് ഇവരുടെ ഓരോ പ്രവൃത്തിയും..
പരമ്പരമുറിയാതെ..
കാലത്തിന്റെ കുത്തൊഴുക്കിലും വിജ്ഞാനം കൈവെടിയാതെ തപോനിഷ്‌ഠരായി ഇവര്‍..
മനുഷ്യകുലത്തിന്റെ മുഴുവന്‍ ശാന്തിക്കും സുഖത്തിനുമായി പ്രാര്‍ത്ഥിച്ച്...
-ബാലുമേനോന്‍ എം.
ചിത്രം: സുധീപ് ഈയെസ്
കലക്കി മച്ചാനേ ഈ മന
ReplyDelete