Thursday, September 24, 2015

അഴീക്കോട്‌ എന്ന സ്‌നേഹസാഗരം





1987
സാഹിത്യഅക്കാദമിയിലെ പ്യൂണ്‍ പോളേട്ടനാണ്‌ പറഞ്ഞത്‌, എന്റെ ബന്ധു മണിയേട്ടന്‍ വഴി..ഒരു ദിവസം സന്ധ്യയ്‌ക്ക്‌..
അഴീക്കോട്‌ മാഷിന്‌ ഒരു ഡ്രൈവറെ വേണം..
ഏതഴീക്കോട്‌? എന്ത്‌ സാഹിത്യം? എനിക്കതൊന്നും മനസ്സിലാവുന്ന പ്രായവും വിവരമുള്ള കാലവും അല്ലായിരുന്നു..ഒരു ബന്ധവുമില്ലാത്ത മേഖലയാണ്‌..
തൃശൂര്‍ നഗരപ്രാന്തത്തില്‍ ഉള്‍നാടന്‍ പ്രദേശത്തു ജനിച്ചുവളര്‍ന്ന ഒരാള്‍ക്ക്‌ നഗരവുമായി പോലും മര്യാദയ്‌ക്ക്‌ ബന്ധമുണ്ടാകില്ല.
ഞാന്‍ തലകുലുക്കി...
ഡ്രൈവിംഗ്‌ പഠിച്ചകാലം. ട്രാക്ടര്‍ ഓടിച്ച പരിചയമേ എനിക്കുള്ളൂ..!.
അമ്മയുടേ മരണം ഏല്‍പ്പിച്ച ജീവിത പ്രതിസന്ധിയില്‍ ഒരു തൊഴില്‍- അതേ മനസ്സിലുണ്ടായിരുന്നുള്ളൂ.
അഴീക്കോടിന്റെ ക്ഷിപ്രകോപ സ്വഭാവത്തെപറ്റി പോളേട്ടന്‍ പറഞ്ഞു തന്നു. ഭയം തോന്നിയെങ്കിലും തൊഴില്‍ എന്ന ആവശ്യം മാടിവിളിച്ചുകൊണ്ടിരുന്നു..
അന്ന്‌ അദ്ദേഹം വിയ്യൂരാണ്‌ താമസം.
അഭിമുഖത്തിന്‌ വിയ്യൂരിലെ വീട്ടിലെത്തുമ്പോള്‍, കാത്തിരുന്നത്‌ മറ്റൊരാഘാതം.
സാഹിത്യകാരന്‍ എന്നാല്‍ സിനിമാതാരത്തെപ്പോലെ സുന്ദരസുഭഗനായിരിക്കുമെന്ന മനസ്സിലെ ധാരണ തകര്‍ന്നുമൂക്കുകുത്തിയാണ്‌ വീണത്‌!.
കറുത്തുമെലിഞ്ഞ്‌ ദുര്‍ബലശരീരിയായ ഒരു മനുഷ്യന്‍..!.
ഉമ്മറവരാന്തയില്‍ അദ്ദേഹത്തോടൊപ്പം തടിച്ചു കൂറ്റനായ മറ്റൊരു മനുഷ്യനും ഇരുന്നിരുന്നു..
സൂക്ഷം ഒന്നു നോക്കി, ആരോടെന്നില്ലാതെ ഒറ്റച്ചോദ്യമാണ്‌- ഇവന്‌ വണ്ടി ഓടിക്കാനുള്ള കഴിവൊക്കെ ഉണ്ടോ...?!!.
നൂലുപോലുളള എന്നെ നോക്കി അദ്ദേഹം ചിരിച്ചതുപോലുമില്ല..!
പിന്നെ എന്നോടായി, തടിച്ച ആളെ ചൂണ്ടി- ആരാന്നറിയോ..? സിബിഐയാ..!
അഴീക്കോട്‌ മാഷിന്റെ വിദ്യാര്‍ത്ഥിയായിരുന്നയാളാണ്‌- സെബാസ്‌റ്റിയന്‍- മൂത്തകുന്നത്ത്‌..
അതോടെ വയറ്റിലെ തീയൊന്നാന്തി..
പത്തൊമ്പതുകാരനായ ഞാന്‍ ആദ്യമായി കാണുന്ന സിബിഐക്കാരന്‍..!.
അയാളെ തീവണ്ടിയാപ്പീസില്‍ കൊണ്ടുവിടാനായിരുന്നു ആദ്യ നിയോഗം..
മാഷുടെ കാല്‍തൊട്ടുവണങ്ങി, താക്കോല്‍ വാങ്ങി..!.
തൃശൂര്‍ സ്‌റ്റേഷനില്‍ നിന്നു തിരിച്ചെത്തിയപ്പോള്‍, പിറ്റേന്ന്‌ വരാന്‍ പറഞ്ഞു..
കണ്ണൂര്‍ക്കാണ്‌ യാത്ര. `നാളെ കണ്ണൂര്‌ പോണം..'
സമ്മതിച്ചു മടങ്ങി.

ഇതൊരുയാത്രയുടെ തുടക്കമാണ്‌....കാല്‍നൂറ്റാണ്ടു നീണ്ട, ഇതിഹാസതുല്ല്യമായ ഒരു ജീവിതത്തോടൊപ്പം നിഴല്‍പോലെ നീണ്ട ഒരു ജീവിതയാത്ര..!.

ഡോ. സുകുമാര്‍ അഴീക്കോട്‌ എന്ന സിംഹത്തിന്റെ, എരവിമംഗലത്തിലെ വീട്ടിലെ തണുപ്പിലിരുന്നു സുരേഷ്‌ എന്ന സഹയാത്രികന്‍ സംസാരിച്ചു. കേരളം കേട്ട സാഗരഗര്‍ജ്ജനത്തോടൊപ്പം നീണ്ടകാലയളവ്‌...
മാഷുടെ വീടിനു തൊട്ടുപിറകിലൂടെ ഒഴുകുന്ന മണലിപ്പുഴ മഴയില്‍ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു..ഇരുകരകളിലും മുറ്റിത്തഴച്ചു നിന്ന പച്ചപ്പുകളെ തഴുകി...ആ സാഗരഭാഷണം പോലെ...!!.

ആദ്യയാത്ര മറക്കില്ല സുരേഷ്‌. ട്രാക്ടര്‍ ഓടിച്ചു ശീലിച്ച സുരേഷ്‌, തീപ്പെട്ടിപോലുള്ള മാഷുടെ മാരുതി കൈകാര്യം ചെയ്യുകയാണ്‌..നല്ല ഉള്‍വിറയല്‍..
അന്ന്‌ മാരുതി ഇറങ്ങിയ കാലമാണ്‌. ഗഋഉ 5628 വെള്ളമാരുതി..
ഓരോരോ സമയത്തും മാഷുടെ നിര്‍ദ്ദേശങ്ങള്‍..
പിറകിലെ സീറ്റിലിരുന്ന മാഷ്‌ ഡ്രൈവിംഗ്‌ ക്ലാസെടുത്തുവെന്ന്‌ സുരേഷ്‌..
സുരേശാ...(സുരേഷ്‌ എന്നല്ല സുരേശാ എന്നാണ്‌ മാഷ്‌ വിളിക്കുക) നീ ടാക്‌സി കാര്‍ ഓടിക്കുന്നതുപോലെ ഓടിക്കരുത്‌..!!. എന്നായിരുന്ന ആദ്യ ശാസന..!.
പിറകെ ഒന്നൊന്നായി വന്നു...ഒരു ഇന്‍സ്‌ട്രക്ടറെപോലെ മാഷുടെ പഠിപ്പിക്കലുകള്‍.. എപ്പോഴും ഹോണടിക്കരുത്‌..വളവുതിരിക്കുമ്പോള്‍ ഗിയര്‍ഡൗണ്‍ ചെയ്യണം...സഡന്‍ ബ്രേക്ക്‌ അരുത്‌..!!.
എന്തിനു പറയുന്നു, കോഴിക്കോടെത്തുമ്പോഴേയ്‌ക്കും എന്നെ മാഷ്‌ ശരിക്കും ഒരു മികച്ച ഡ്രൈവറാക്കി..!!.
`മാഷ്‌ വണ്ടിയോടിക്കുമെന്ന്‌ എനിക്കറിയാം..പക്ഷെ, അതു പഠിപ്പിച്ച രീതി..'
അധ്യാപനത്തിന്റെ മറുകരകണ്ട മാഷെ സുരേഷ്‌ അടുത്തറിഞ്ഞു തുടങ്ങുകയായിരുന്നു..





സുല്‍ത്താന്റെ സവിധത്തില്‍

`ആ യാത്രക്കിടെ സ്ഥലപരിചയമൊന്നും എനിക്കുണ്ടായിരുന്നില്ല. മാഷ്‌ പറഞ്ഞിടത്തേയ്‌ക്ക്‌ വണ്ടി ഓടിക്കുന്നു...'
ബേപ്പൂര്‍ എത്തിയപ്പോള്‍ മാഷ്‌ നിര്‍ദ്ദേശിച്ചു.. ഇവിടടുത്ത്‌ ഒരു വീട്ടില്‍ കയറണം..
അല്‍പ്പം ഇടവഴികളിലൂടെ സഞ്ചരിച്ചശേഷം വണ്ടി ഒരു വീട്ടിനുമുന്നിലെത്തി..
അവിടെ ഒരു മരച്ചുവട്ടില്‍ ചാരുകസേലയില്‍ ഒരാള്‍ ഇരുന്നിരുന്നു..
ഒരു കൈയില്‍ ബീഡി പുകഞ്ഞുകൊണ്ടിരുന്നു..
നന്നായി ശ്വാസം മുട്ടുന്നുണ്ടായുരുന്നു അദ്ദേഹത്തിന്‌..
ഓരോ ബീഡിപ്പുകയെടുക്കുമ്പോഴും കവിളുകള്‍ ഉള്ളിലേയ്‌ക്ക്‌ കുഴിഞ്ഞു താഴ്‌ന്നു..
മലയാള സാഹിത്യത്തിലെ `കിരീടം വച്ച' സുല്‍ത്താനെ അന്ന്‌ നേരില്‍ കണ്ടു.. ബഷീര്‍ എന്ന അത്ഭുതം!.
മാഷ്‌ അദ്ദേഹത്തിനരികില്‍ ഇരുന്നു. ഞാന്‍ നിന്നതേയുളളൂ.
കുണ്ടില്‍ താണ കണ്ണുകള്‍ നീട്ടി ആകെയൊന്ന്‌ നോക്കി..
`ആരാ ഇവന്‍...?'. എന്നായിരുന്നു ചോദ്യം, മാഷോട്‌.
`എന്റെ പുതിയ സാരഥി'- എന്നു ചിരിച്ചുകൊണ്ട്‌ മറുപടി..
ഹിന്ദുവാണോ..? എന്നായി..
തങ്ങള്‍ രണ്ടുമതേയെന്നു മാഷ്‌...
`ന്നാല്‍ രണ്ടാള്‍ക്കും ഇബടെ ചോറില്ല..!!'.
അമ്പരന്നെങ്കിലും, അതവരുടെ ഫലിതമായിരുന്നു എന്ന്‌ വൈകാതെ മനസ്സിലായി.
ബഷീര്‍ എന്ന സുല്‍ത്താനുമായി അത്രയും ഹൃദയബന്ധമായിരുന്നു. അവരുടെ നേരമ്പോക്കുകള്‍..
`എന്നെ സ്വന്തം മകനെപോലെ കരുതി..അത്രയും സ്വാതന്ത്ര്യവും വാത്സല്യവും'.
മാഷ്‌ കോഴിക്കോട്‌ വിസിയായിരിക്കേ ബഷീറും കുടുംബവും ക്വാര്‍ട്ടേഴ്‌സിലെത്തി. കൊള്ളിയും ചക്കപ്പഴവും ഒക്കെ കൊണ്ട്‌..
മാഷുണ്ടായിരുന്നില്ല..
ബഷീര്‍ സാര്‍ മുറ്റത്ത്‌ കസേരയിട്ടിരുന്നു. മാഷെത്തുമ്പോള്‍ കാക്കകളും അണ്ണാരക്കണ്ണന്‍മാരുമായി സൊറപറഞ്ഞിരിക്കുന്ന ബഷീര്‍!.
അതുകണ്ട്‌ മാഷ്‌ ആത്മഗതം കൊണ്ടു: കൊല്ലമിത്രയായിട്ടും ഒരു കിളിപോലും എന്റടുത്ത്‌ ഇന്നുവരെ വന്നിട്ടില്ല..!.
അത്രയും നന്മനിറഞ്ഞ മനസ്സിനുടമയായിരുന്നു ബഷീര്‍ സാര്‍. മാഷ്‌ അവരുടെ കുടുംബാംഗവും..!.
വൈകാതെ തന്നെ അദ്ദേഹം മരിക്കുകയും ചെയ്‌തുവല്ലോ..?.

മുന്‍ശുണ്‌ഠിയില്‍ വിറച്ചു
പിന്നെ ഹൃദയമറിഞ്ഞു

ജോലിക്കെത്തുമ്പോള്‍ തന്നെ മാഷുടെ മുന്‍ശുണ്‌ഠിയെ കുറിച്ച്‌ അറിവു കിട്ടിയിരുന്നു. പത്തോ പതിനാലോ ഡ്രൈവര്‍മാര്‍ ഇവിടെ വന്നുപോയിട്ടുണ്ട്‌..ആറുമാസം തികയ്‌ക്കില്ല. ഒരുകൊല്ലം നിന്നവര്‍ ഒട്ടുമില്ല..മാഷെ സഹിക്കുക എളുപ്പമായിരുന്നില്ല.
വീട്ടിലെ ബുദ്ധിമുട്ടും ജോലി എന്ന അനിവാര്യതയും എന്തും സഹിക്കാനുള്ള പ്രാപ്‌തി മനസ്സിനുണ്ടാക്കി..
`ആദ്യമൊക്കെ ചീത്തകേള്‍ക്കുമ്പോള്‍ മനസ്സിനു വലിയ വിഷമമായിരുന്നു. പക്ഷെ, പറയുന്ന സമയത്തേ മാഷുക്കു ദേഷ്യമുള്ളൂ എന്ന്‌ മനസ്സിലായി..'
ഒരാഴ്‌ചയോളം ഞങ്ങള്‍ സംസാരിക്കാതിരുന്നിട്ടുണ്ട്‌.. പിണങ്ങി..!
അപ്പോള്‍ മാഷ്‌ പറയും- സുരേശാ നമ്മള്‍ വല്ലാതെ അകന്നു തുടങ്ങിയിട്ടുണ്ട്‌..!
ആരാണ്‌ ഇതു പറയുന്നത്‌ എന്നോര്‍ക്കണം എന്നു പറഞ്ഞ്‌ സുരേഷ്‌ ഒന്നു നിര്‍ത്തി. പിന്നെ തുടര്‍ന്നു: ഞാന്‍ കാര്യം പറയുമ്പോള്‍, മാഷ്‌ ചിന്തിക്കും.. എന്നിട്ടു പറയും എന്തിനാ ഞാന്‍ ചീത്തപറഞ്ഞത്‌ എന്ന്‌ ഓര്‍മ്മവരുന്നില്ല..!.
അത്രയേയുള്ളൂ..
ഒരു കാര്യവും മനസ്സില്‍ വയ്‌ക്കാത്ത സ്വഭാവം. എത്ര ക്രുദ്ധനായ ശത്രു മുന്നില്‍ വന്നാലും മാഷ്‌ സംസാരിക്കും- ഒരു തരി പകപോലും ശേഷിക്കാത്ത മനസ്സോടെ..!.
എത്രയോ അനുഭവങ്ങള്‍..
ആദ്യകാലത്ത്‌ -മാഷേ ശരിക്കും അറിയാത്ത കാലത്ത്‌- വൈകിയെത്താറുണ്ട്‌..മീറ്റിംഗുകള്‍ക്ക്‌ പോകല്‍ വൈകും- മാഷ്‌ പൊട്ടിത്തെറിക്കും.
ചിലപ്പോള്‍ മടിപിടിക്കും. ലീവെടുക്കും.
`ഞാനില്ലാതെ മാഷു പോവില്ല..പരിപാടി മുടങ്ങും'
പിറ്റേന്ന്‌ മുഖമടച്ച്‌ ചീത്തവിളി..മുട്ടിന്‍മേല്‍ നിര്‍ത്തിയിട്ടുണ്ട്‌...സ്‌കൂള്‍കുട്ടികളെപ്പോലെ..!!.
ആദ്യമാദ്യമുണ്ടായിരുന്ന രീതി, കണ്ടമാനം പരിപാടികളില്‍ മാഷ്‌ പങ്കെടുക്കുന്നു എന്നതായിരുന്നു.
`ഇന്നു കണ്ണൂര്‌ ഒന്നു കഴിഞ്ഞു മടങ്ങിയാല്‍ നാളെ വടകര മറ്റൊന്നുണ്ടാവും.. പതുക്കെ ഞാന്‍ തന്നെ ഷെഡ്യൂളുകള്‍ ശരിയാക്കിത്തുടങ്ങി.. ഒരേ റൂട്ടിലുളളവ ഒന്നിച്ച്‌ എന്ന കണക്കില്‍..'
ഇതോടെ സംഘാടകരുടെ കോളുകള്‍ മുഴുവന്‍ സുരേഷിന്റെ ഫോണിലേയ്‌ക്കായി..
അന്ന്‌ തൃശൂര്‍ മൂന്നോ നാലോ മൊബൈലുകള്‍...ഒന്നെനിക്ക്‌ വാങ്ങിത്തന്നു- സോപ്പുപെട്ടിയോളം പോന്നത്‌- സുരേഷ്‌ ചിരിച്ചു..
എന്നും പരിപാടികളുള്ള കാലമാണ്‌. മാഷിന്റെ പ്രഭാഷണത്തീച്ചൂളയില്‍ ആരും വെന്തുവെണ്ണീറാവുന്ന കാലം. ശരികേടുകള്‍ക്കു നേരേ നിര്‍ദ്ദാക്ഷണ്യം ചാട്ടയടി നടത്തുന്ന ഉഗ്രമൂര്‍ത്തിയായി മാഷ്‌..അരുതായ്‌കകളോട്‌ ഒരിക്കലും സന്ധിചെയ്യാത്ത രീതിയും ക്ഷോഭസ്വഭാവവും..

എടുത്തുചാട്ടം എന്ന മാരണം

ശുദ്ധാത്മാവായിരുന്ന മാഷിന്റെ മറ്റൊരു ദൗര്‍ബല്ല്യം എടുത്തുചാട്ടം. അതുവേണ്ടുവോളം അനുഭവിച്ചയാള്‍ സുരേഷ്‌..
എടുത്തുചാട്ടത്തിന്റെ ഫലമായുള്ള പൊട്ടിത്തെറികള്‍ക്കും ഫോണിലെ ചീത്തവിളികള്‍ക്കും സുരേഷാണ്‌ ഇര..!. മാഷ്‌ മൊബൈല്‍ ഉപയോഗിക്കാത്തതുകൊണ്ട്‌...!.
`ആരെന്തു പറഞ്ഞാലും മാഷങ്ങു വിശ്വസിച്ചുപോകും...അതാണ്‌ ആ മനസ്സ്‌.. പ്രതികരണവും അത്രയും വേഗത്തിലാവും..
ഒരുദാഹരണം പറയാം..
സുരേഷ്‌ ബാറില്‍ കയറി മദ്യപിച്ചു എന്നൊരാള്‍ പറഞ്ഞാല്‍, പത്തുകൊല്ലമായി കൂടെയുള്ള എന്നെ അവിശ്വസിച്ച്‌ കുറ്റം പറഞ്ഞുകൊടുത്തയാളുടെ ഭാഗത്തു ചേരും..
ഓഹോ.. അവന്‍ ഇങ്ങുവരട്ടെ എന്നാവും മാഷുടെ പ്രതികരണം..!.
ഈ സ്വഭാവത്തിന്റെ പേരില്‍ ഞങ്ങള്‍ കടിപിടികൂടി പലപ്പോഴും.

കോഴിക്കോട്‌ ഒരു സമ്മേളനത്തിനറങ്ങുകയാണ്‌ ഞാനും മാഷും.. അപ്പോള്‍ കല്‍പ്പക ടൂറിസ്‌റ്റ്‌ ഹോമിന്റെ ഹോട്ടല്‍ ലോഞ്ചില്‍ വെള്ള കുര്‍ത്തയൊക്കെ ധരിച്ച ഒരാള്‍..
അയാള്‍ മാഷോട്‌, മാഷേ നമ്മള്‍ മാതൃഭൂമി പത്രം വാങ്ങുന്നത്‌ അതിന്റെ എംഡിയുടെ പടം കാണാനാണോ എന്നൊരൊറ്റ ചോദ്യമാണ്‌..!
എന്റെ നെഞ്ചിടിച്ചു...എനിക്കറിയാം ഭവിഷ്യത്ത്‌..
അന്ന്‌ തിരഞ്ഞെടുപ്പ്‌ സമയവും...
വിചാരിച്ചതുപോലെ സമ്മേളനവേദിയില്‍ മാഷ്‌ കത്തിജ്വലിച്ചു- ഈ വിഷയമെടുത്തിട്ട്‌ നെടുകേയും കുറുകേയും കീറിമുറിച്ചു..
അതായിരുന്നു ശത്രുതയുടെ തുടക്കം..അഴിക്കോടും വീരേന്ദ്രകുമാറും തമ്മില്‍..
അന്നു തുടങ്ങിയ `യുദ്ധം' തീര്‍ന്നത്‌ പ്ലാച്ചിമട സമരഭൂമിയിലായിരുന്നു എന്നത്‌ ചരിത്രം...
നീണ്ടു നിന്ന ശത്രുതയുടെ മുറിവുകള്‍ ലവലേശമില്ലാതെ അവര്‍ അടുത്ത സുഹൃത്തക്കളായി മാറുന്നതിനും സാക്ഷിയായി സുരേഷ്‌..
പിണക്കം മാറ്റാന്‍ രണ്ടുഭാഗത്തുമുള്ളവര്‍ കാര്യമായി പരിശ്രമിക്കുകയും ചെയ്‌തിരുന്നു.
ആദ്യം സമരം മാതൃഭൂമിയുടെ സൃഷ്ടി എന്ന നിലയില്‍ മറ്റുപത്രങ്ങള്‍ മൗനം ഭജിച്ചു. പ്ലാച്ചിമട സമരം വിജയിക്കണമെങ്കില്‍ അഴീക്കോട്‌ മാഷുടെ ഇടപെടല്‍ അനിവാര്യമാണെന്ന്‌ വ്യക്തമായി അറിയുന്നവരുണ്ടായിരുന്നു..അവര്‍ അദ്ദേഹത്തെ സമരസമിതിയുടെ ചെയര്‍മാനുമാക്കി. പിന്നെ സമരം മാധ്യമങ്ങള്‍ ഏറ്റെടുത്തത്‌ പെട്ടെന്നായിരുന്നു. ആ വേദിയില്‍ തന്നെ വീരനും അഴീക്കോടും തമ്മിലുള്ള സമരത്തിനുകൂടി സമാപ്‌തിയായി.




എടുത്തുചാടിയതു വേണ്ടായിരുന്നെന്ന്‌ മാഷിന്‌ തോന്നിയ സന്ദര്‍ഭങ്ങള്‍ ഒട്ടനവധി.. പലപ്പോഴും എന്നോടു പറഞ്ഞിട്ടുണ്ട്‌..
`അതു വേണ്ടായിരുന്നു അല്ലേ സുരേശാ..?!.'
അങ്ങിനെ ഒന്ന്‌ സൂര്യയിലെ ഒരഭിമുഖത്തില്‍ സംഭവിച്ചു. അന്ന്‌ വിലാസിനി ടീച്ചര്‍ക്ക്‌ അയച്ച പ്രണയലേഖനം സംബന്ധിച്ച വിവാദകാലം..
മാഷുടെ പ്രതികരണം രൂക്ഷമായിരുന്നു, ചാനലില്‍..
അതുകഴിഞ്ഞ്‌ വന്ന്‌ വീട്ടിലിരിക്കേ മാഷ്‌ ചോദിച്ചു- അതൊഴിവാക്കമായിരുന്നു അല്ലേ സുരേശാ..?!.
അതെയെന്നു ഞാനും പറഞ്ഞു..എന്തിന്‌ വ്യക്തിപരമായ കാര്യങ്ങള്‍ നാം പൊതുവേദിയില്‍ വലിച്ചിഴയ്‌ക്കണം എന്നായിരുന്നു എന്റെ ചോദ്യം..
മാഷ്‌ അവിവാഹിതനാണ്‌.. ഇപ്പോഴും പ്രേമിക്കാം..ഒരു പ്രേമലേഖനം എഴുതുന്നത്‌ അത്രവലിയ കുറ്റമൊന്നുമല്ലല്ലോ..?.
അതില്‍ മാഷ്‌ ഖിന്നനായി..
അതേ തുടര്‍ന്നാണ്‌ വിലാസിനി ടീച്ചറും യുദ്ധരംഗത്തിറങ്ങിയതും പ്രശ്‌നങ്ങള്‍ ആളിപ്പിടിച്ചതും...

എരവിമംഗലത്തെ വീട്ടില്‍ മാഷുടെ സാന്നിധ്യം നിറയുന്നു. ഇരുപ്പുമുറിയില്‍, ഓര്‍മ്മകളുടെ ഓളപ്പാത്തികളില്‍ മുങ്ങി സുരേഷ്‌..
ചുവരില്‍ തൂങ്ങുന്ന മാഷുടെ ചിത്രം..ചുവടെ ഉപഹാരങ്ങള്‍..
മുകളിലെ നിലയില്‍ രണ്ടു കിടപ്പുമുറികള്‍. വിശാലമായ ലൈബ്രറി...
പതിനായിരത്തിലേറെ പുസ്‌തകങ്ങളും രണ്ടായിരത്തിലേറെ പുരസ്‌കാരങ്ങളും നിറഞ്ഞ വീട്‌, സാംസ്‌കാരിക വകുപ്പ്‌ ഏറ്റെടുക്കുമ്പോള്‍, മൂന്നു ദിവസമാണെടുത്തത്‌ പുസ്‌തകങ്ങളുടെ മാത്രം കണക്കെടുപ്പ്‌ തീര്‍ക്കാന്‍..!!. അറിവു നിറഞ്ഞ വീടിന്റെ നിശബ്ദതതയില്‍ ചെവിയോര്‍ത്താല്‍ ഇപ്പോഴും പ്രഭാഷണകലയുടെ ആ സാഗരഗര്‍ജ്ജനം കേള്‍ക്കാം..





മൗനത്തില്‍ നിന്ന്‌ വീണ്ടും സുരേഷ്‌: മുവാറ്റുപുഴയില്‍ ഒരു പരിപാടിക്കു പോയപ്പോഴാണ്‌.. ഞങ്ങളിരിക്കുന്ന ഗസ്‌റ്റ്‌ഹൗസ്‌ മുറിയിലേയ്‌ക്ക്‌ ഒരാള്‍ വടിയും കുത്തിപ്പിടിച്ച്‌ കടന്നുവന്നു..
`തിലകന്‍...നമ്മുടെ നടന്‍..!'
അദ്ദേഹം അഴീക്കോടിസാറിനോട്‌ സംസാരിക്കണമെന്ന്‌ പറഞ്ഞു..
തുടര്‍ന്നാണ്‌ ആ കഥ പറയുന്നത്‌. സിനിമയിലെ വിലക്ക്‌..ഒറ്റപ്പെടുത്തല്‍..തനിക്കു റോള്‍ തരാതെ മമ്മൂട്ടിയുടെ തടസ്സവാദങ്ങള്‍..ഒരു മണിക്കൂര്‍ നീണ്ട സംസാരം..
കഥ മുഴുവന്‍ കേട്ടുകഴിഞ്ഞപ്പോള്‍, എനിക്കു മനസ്സിലായി..വെടിപൊട്ടും..!.
ഡിവൈഎഫ്‌ഐ സമ്മേളനമാണ്‌..മാഷാണ്‌ ഉദ്‌ഘാടനം.
അന്നു സ്‌റ്റേജില്‍ മാഷ്‌ സുനാമിയാകുന്നതുകണ്ടു...
ഒരു മഹാനടനോടുള്ള സിനിമാലോകത്തിന്റെ വിവേചനം ആ കണ്‌ഠത്തിലൂടെ ആര്‍ത്തിരമ്പി ജനഹൃദയങ്ങളിലേക്കൊഴുകി..`അമ്മ ചെയ്‌തത്‌ ശരിയല്ല..' മാഷ്‌ അതു സ്ഥാപിച്ചു!.
പിറ്റേന്ന്‌ വന്നത്‌ മോഹന്‍ലാലിന്റെ ലേഖനം..
അതനാവശ്യമായിരുന്നു. മാഷ്‌ വിമര്‍ശിച്ചത്‌ മമ്മൂട്ടിയെയാണ്‌. മോഹന്‍ലാലത്‌ ഏറ്റുപിടിച്ചു. മമ്മൂട്ടിയാകട്ടെ സൂത്രശാലിയായി അതില്‍ നിന്നൊഴിഞ്ഞു..വക്കീലല്ലേ..?!.
`അദ്ദേഹത്തിന്‌ അതു പറയാനുള്ള അവകാശമുണ്ട്‌..അധ്യാപകനാണ്‌.. എന്നു പറഞ്ഞാണ്‌ മമ്മൂട്ടി തടിശുദ്ധമാക്കിയത്‌..'
മോഹന്‍ലാല്‍- അഴീക്കോട്‌ വിവാദം കേരളത്തിന്റെ സാംസ്‌കാരിക ലോകം അമ്പരപ്പോടെ കണ്ടുനിന്നു...
അന്ന്‌ വി.ആര്‍.കൃഷ്‌ണയ്യരടക്കം ഇതില്‍ അഭിപ്രായം പറഞ്ഞു; ഇരുവരും പോര്‌ നിര്‍ത്തണമെന്ന്‌ അഭ്യര്‍ത്ഥിച്ചു..
ഞങ്ങള്‍ ആലപ്പുഴ ദിവാകരന്‍ വക്കീലിന്റെ വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേയാണ്‌ ലാലിന്റെ ഫോണ്‍ വരുന്നത്‌..
മാഷ്‌ ഭക്ഷണം കഴിക്കുകയാണെന്ന്‌ മറുപടികൊടുത്തു. അരമണിക്കൂര്‍ കഴിഞ്ഞ്‌ വീണ്ടും വിളി..
പിന്നെ നടന്നത്‌ മറ്റൊരു യുദ്ധം..ടെലഫോണിലൂടെ!. അതോടെ സംഗതികള്‍ കൈവിട്ടു. പിന്നീടാണ്‌ സാറിന്‌ വട്ടാണെന്ന മോഹന്‍ലാലിന്റെ പ്രസ്‌താവന വരുന്നത്‌.
മാഷ്‌ പത്രസമ്മേളനങ്ങളില്‍ ആഞ്ഞടിക്കുകയായിരുന്നു. സിനിമാമേഖല പ്രകമ്പനം കൊണ്ട കാലം..
`പ്രായമായാല്‍ പ്രായമായവരുടെ വേഷമെടുക്കണം. ഹിന്ദിനടനായ അശോക്‌ കുമാര്‍..എന്തൊരു നടനാണ്‌..!. അദ്ദേഹം പ്രായമായപ്പോള്‍ അത്തരം വേഷങ്ങളെ ചെയ്‌തുള്ളൂ..ഇവിടെ പ്രായമായിട്ടും യുവാവിന്റെ മേക്കപ്പിടുകയാണ്‌..'
സൂപ്പര്‍ സ്‌റ്റാറുകളെ പേരെടുത്തു പറഞ്ഞു തന്നെയായിരുന്നു കൂര്‍ത്തുമൂര്‍ത്ത വിമര്‍ശനങ്ങള്‍..പുച്ഛരസം കലര്‍ന്ന മാഷുടെ കൂരമ്പേറ്റ്‌ അന്ന്‌ പുളഞ്ഞവര്‍ കുറച്ചൊന്നുമല്ല!.
വിഗ്ഗഴിച്ചാല്‍ വെറും കങ്കാളമാണ്‌ എന്ന്‌ മോഹന്‍ലാലിനെ പരിഹസിച്ചു..
അതോടെ ഒതുങ്ങി, കുറെ.
പേരാമ്പ്രയില്‍ ഒരു മീറ്റിങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ്‌ ഇന്നസെന്റിന്റെ വെടി..ഒരു വീട്ടില്‍ ഭക്ഷണം കഴിക്കുകയായിരുന്നു സാര്‍. മരിച്ചുപോയ ഒരു സഖാവിന്റെ വീട്ടില്‍. അന്നേരം ഇന്നസെന്റിന്റെ പ്രസ്‌താവന ടിവിയില്‍ കാണിച്ചുകൊണ്ടിരുന്നു.. അതു മാഷുടെ ശ്രദ്ധയില്‍പ്പെട്ടു..
അന്നു തന്നെ മറുപടികൊടുക്കണമെന്ന്‌ പറഞ്ഞത്‌ സുരേഷ്‌ തന്നെ.
മാഷ്‌, തൃശൂരിലെത്തിയശേഷമാകാമെന്ന വിചാരത്തിലായിരുന്നു..
കോഴിക്കോട്‌ പ്രസ്സ്‌ ക്ലബ്ബിലേയ്‌ക്ക്‌ വിളിച്ചു പറഞ്ഞു- വൈകീട്ട്‌ അഞ്ചിന്‌ പത്രസമ്മേളനം!.
അഞ്ചുമണിക്ക്‌ ഒരു പ്രസ്സ്‌ക്ലബും തുറന്നു തരില്ല. ഇവിടെ തിരിച്ചായിരുന്നു സ്ഥിതി. ഞങ്ങളെത്തുമ്പോഴേക്കും മാധ്യമപ്പട...പൊലീസും!.
അന്ന്‌ മാഷ്‌ ഇന്നസെന്റിനെ അവസാനിപ്പിച്ചു..!.
`ഇല്ലാണ്ടാക്കി' എന്ന്‌ സുരേഷ്‌.
അതൊരു യുദ്ധകാലം തന്നെയായിരുന്നു. എന്നും ഫോണില്‍ അസഭ്യവര്‍ഷം. മോഹന്‍ലാല്‍ ആരാധകര്‍...ഒന്നു രണ്ടു കോള്‍ മാത്രം മാഷിനു കിട്ടി. ലാന്റ്‌ ഫോണില്‍..
`ഇംഗ്ലീഷിലായിരുന്നു മാഷുടെ മറുപടി...' സുരേഷ്‌ ചിരിച്ചു.
മാഷിനു വട്ടാണെന്ന മോഹന്‍ ലാലിന്റെ ആരോപണത്തിനെതിരേ നിലപാടെടുക്കാന്‍ നിമിത്തമായത്‌ സുരേഷ്‌..
മാഷുടെ അഭിമാനം രക്ഷിക്കേണ്ടതുണ്ടെന്ന്‌ ബോധ്യമായ നിമിഷം..
`കേസ്‌ അവസാന കാലത്ത്‌ മാഷ്‌ പിന്‍വലിച്ചെങ്കിലും, മോഹന്‍ലാല്‍ കോടതി കയറേണ്ടിവന്നു..!.'
മാഷ്‌ മരിക്കും മുമ്പു മോഹന്‍ ലാലും എത്തി. പക്ഷെ, വൈകി. മാഷ്‌ അബോധാവസ്ഥയിലായിരുന്നു. ഓക്‌സിജന്‍ നല്‍കിക്കൊണ്ടിരുന്നു. ലാലിന്റെ അമ്മ നേരത്തേ വിളിച്ചിരുന്നു. അദ്ദേഹം സ്ഥലത്തില്ലെന്നും വന്നാല്‍ ഉടന്‍ വന്നു കാണുമെന്നും. അദ്ദേഹത്തിനു ചുറ്റുകൂടുന്നവര്‍ പറഞ്ഞു പിന്തിരിപ്പിച്ചതാണ്‌ വൈകാന്‍ ഇടയാക്കിയത്‌..ഒറ്റഫോട്ടോഗ്രാഫര്‍മാരേയും അകത്തു കയറ്റരുതെന്ന വ്യവസ്ഥയിലാണ്‌ അന്ന്‌ ലാലിനെ മാഷുടെ മുറിയില്‍ കയറ്റിയത്‌.
എല്ലാവര്‍ക്കും മാപ്പുനല്‍കിയാണ്‌ മാഷ്‌ കടന്നുപോയത്‌..
.............................

മാഷുടെ പ്രഭാഷണകല കാല്‍നൂറ്റാണ്ടു കഴിഞ്ഞും സുരേഷിനു കിനാവു
പോലെ പിടികിട്ടാകാര്യം..
`ഇതെങ്ങിനെ..എന്നു എനിക്കു മനസ്സിലായിട്ടില്ല, ഇപ്പോഴും'.
വാക്കുകള്‍..അതിന്റെ ചാരുതയാര്‍ന്ന പ്രവാഹം...അറിവിന്റെ നക്ഷത്രങ്ങള്‍ തുന്നിച്ചേര്‍ത്ത്‌...!!.
എത്രയോ പ്രസംഗങ്ങള്‍ ഞാന്‍ കേട്ടിരിക്കുന്നു..ഒരേ വേദിയില്‍ തന്നെ മറ്റുപലരുടേയും..പക്ഷെ മാഷ്‌ സംസാരിച്ചു തുടങ്ങിയാല്‍ സംഭവം ആകെ
മാറിമറിയുന്നതു കാണാം..!.
വിജയന്‍ മാഷുടേത്‌ ബൗദ്ധികമായ ഭാഷയാണ്‌. മാഷുടേത്‌ സാധാരണക്കാരനും മനസ്സിലാകുന്ന ലളിതമായ രീതി...
`വട്ടത്തില്‍ പരന്നു കയറുന്ന ശൈലിയാണ്‌ തന്റേതെന്ന്‌ മാഷ്‌ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്‌..'ഏതുവിഷയത്തിലും ഒരു വിദഗ്‌ധനെ അമ്പരപ്പിക്കും വിധമാണ്‌ മാഷുടെ പ്രഭാഷണം..
വെറ്ററിനറി കോളജിലെ പരിപാടിക്കുപോയാല്‍ അവിടുത്തെ പ്രൊഫസര്‍മാരെ അമ്പരപ്പിക്കും, ആ വിഷയത്തിലെ ജ്ഞാനം കൊണ്ട്‌. പ്രത്യേകിച്ച്‌ ഒരുക്കങ്ങളൊന്നും മാഷ്‌ നടത്തുകയില്ല. കാറില്‍ നിന്നിറങ്ങി നേരേ സ്‌റ്റേജില്‍ കയറി നടത്തിയിട്ടുള്ള പ്രസംഗങ്ങളാണ്‌ എപ്പോഴും തീ പാറിയിട്ടുള്ളത്‌..!.
രാമയണത്തെക്കുറിച്ച്‌ നടത്തിയ പ്രഭാഷണപരമ്പര..പിന്നെ ഏഴുദിവസത്തെ ഭാരതീയം പ്രഭാഷണപരമ്പര..തൊടുപുഴയില്‍ നടത്തിയ ബൈബിള്‍ പ്രഭാഷണ പരമ്പര ഇതിനൊക്കെ മാഷ്‌ പുസ്‌തകങ്ങള്‍ മറിച്ചുനോക്കി തയ്യാറെടുപ്പ്‌ നടത്തുന്നത്‌ കണ്ടിട്ടുണ്ട്‌..
വായിച്ചതത്രയും ഓര്‍മ്മച്ചെപ്പില്‍ അടുക്കിവയ്‌ക്കുന്ന അസാധാരണമായ ധിഷണാവിശേഷം, അത്‌ സാന്ദര്‍ഭികമായി എടുത്തുപയോഗിക്കുന്ന സിദ്ധിവിശേഷം..ഇന്നും അത്ഭുതപ്പെടുത്തുന്ന ഒന്നായി നില്‍ക്കുന്നു സുരേഷിനും.
ഒരിക്കല്‍ ശിവരാത്രിക്ക്‌ ആലുവ മണപ്പുറത്തു നടന്ന പ്രഭാഷണം കഴിഞ്ഞപ്പോള്‍ സദസ്സില്‍ പൂഴിയിട്ടാല്‍ കേള്‍ക്കുന്ന നിശബ്ദത നിറഞ്ഞു..
പുറത്തിറങ്ങിയ മാഷുടെ അടുത്ത്‌ ഒരു സന്ന്യാസിയെത്തി.
`താങ്കളുടെ പ്രഭാഷണം ഞാന്‍ കേട്ടു. പ്രഭാഷണ കലയ്‌ക്ക്‌ എട്ടു ഗുണങ്ങളുള്ളതില്‍ എട്ടാമത്തേതായ `സ്‌തംഭന'ത്തില്‍ അത്‌ എത്തിയിരിക്കുന്നു'എന്ന്‌ പറഞ്ഞു. ആ സന്ന്യാസിയെ മുമ്പും പിന്നീടും കണ്ടിട്ടില്ലെന്ന്‌ മാഷ്‌ പറയുകയുണ്ടായിട്ടുണ്ടെന്ന്‌ സുരേഷ്‌..!.

ആ പ്രേമകഥ

മാഷ്‌ കരഞ്ഞു..സുരേഷ്‌ ഒരു നിമിഷം നിര്‍ത്തിയാണത്‌ പറഞ്ഞത്‌.
ഒരു നിമിഷം മൗനം നിറഞ്ഞു..
സാനുമാഷ്‌, പോഞ്ഞിക്കര റാഫി, മാഷ്‌ ഒക്കെ വളരെ അടുത്തൊരു സുഹൃദ്‌സംഘമായിരുന്നു. ആ സമയത്താണ്‌ വിലാസിനി ടീച്ചറെ പെണ്ണുകാണാന്‍ പോയത്‌. അന്ന്‌ ഉന്നത സ്ഥാനീയനായ മാഷിന്‌ അനുയോജ്യമായ സ്വീകരണമൊന്നും ലഭിച്ചില്ലെന്ന്‌ മാഷ്‌ പറഞ്ഞിട്ടുണ്ട്‌. ടീച്ചറുടെ അച്ഛന്‍ ലുങ്കിയൊക്കെ ഉടുത്താണ്‌ നിന്നിരുന്നതത്രെ..
മാഷ്‌ നല്‍കിയ പ്രണയലേഖനങ്ങളൊക്കേയും അന്ന്‌ ടീച്ചര്‍ സാനുമാഷിനു കൈമാറുകയും ചെയ്‌തു.
പിന്നീട്‌ അത്‌ ചോരുകയും ഒരു വാരികയില്‍ അച്ചടിച്ചുവരികയും ചെയ്‌തത്‌, മാഷെ ഉലച്ചുകളഞ്ഞു.
`അന്ന്‌ മാഷ്‌ കരയുന്നതു കണ്ടു..'
വിശ്വാസ്യത നഷ്ടപ്പെടുന്നതിന്റെ വേദനയായിരുന്നു. മാഷ്‌ ഏറെ വേദനിച്ച നിമിഷം. പൊതുവേ നാണപ്രകൃതമായ മാഷിനെ അതു കുറച്ചൊന്നുമല്ല ഉലച്ചതെന്ന്‌ സുരേഷ്‌.
ആരേയും പെട്ടെന്ന്‌ വിശ്വാസത്തിലെടുക്കുന്ന പ്രകൃതമായിരുന്നു മാഷുടെത്‌. വിവാഹലോചനക്കാലത്ത്‌ മാഷിനു ലഭിച്ച ഒരു ഊമകത്താണ്‌, വിവാഹത്തില്‍ നിന്നു പിന്‍മാറാന്‍ ഇടയാക്കിയത്‌. ആ കത്ത്‌ പക്ഷെ, ഞാന്‍ കണ്ടിട്ടില്ല. അതിലെന്തായിരുന്നു ഉള്ളടക്കമെന്നത്‌ ആര്‍ക്കും അറിയില്ല; ആ രഹസ്യം മാഷോടൊപ്പം അവസാനിക്കുകയായിരുന്നു.
അവസാനകാലത്ത്‌ ടീച്ചര്‍ വന്നു. മാഷെ കാണണമെന്നു പറഞ്ഞു.
അതിനു സുരേഷ്‌ തന്നെയാണ്‌ വഴിതുറന്നത്‌..
ടീച്ചറുടെ ആവശ്യം മാഷോട്‌ പറഞ്ഞപ്പോള്‍, രോഗക്കിടക്കയില്‍ കിടന്ന്‌ മാഷ്‌ പറഞ്ഞു-` അവള്‍ വരട്ടെ, അതിനെന്ത്‌..?!.'
`ടീച്ചര്‍ മറ്റൊരു വിവാഹം കഴിച്ചിരുന്നെങ്കില്‍ ഞാന്‍ ഒന്നു സംശയിച്ചേനേ. നാല്‍പ്പത്തഞ്ചുകൊല്ലം- ചെറിയൊരു തെറ്റിദ്ധാരണയുടെ പേരില്‍ അകന്നു കഴിഞ്ഞവര്‍..ഇരുവരും മറ്റൊരു വിവാഹം കഴിച്ചതുമില്ല..'
സുരേഷ്‌ പറഞ്ഞു നിര്‍ത്തുമ്പോള്‍, പ്രണയം നിറഞ്ഞ ഒരു ഹൃദയം അനുഭവിച്ചറിഞ്ഞു....അനശ്വരമായ പ്രണയം..!.
ഒന്നുകൂടി: മാധവിക്കുട്ടി പിന്നീട്‌ പറഞ്ഞു- മാഷേ, എനിക്കിങ്ങിനെ ഒരു പ്രണയ ലേഖനം എന്തുകൊണ്ടു തന്നില്ല..!. ഇത്രയും സുന്ദരമായ പ്രണയലേഖനം..!.
മാഷുടെ മനസ്സില്‍ എന്നും ഒരു കാമുകനുണ്ടായിരുന്നു. എനിക്കത്‌ തോന്നിയിട്ടുണ്ട്‌..
മാധവിക്കുട്ടിയുടെ അവസാനകാലത്ത്‌ മാഷുമായി വലിയൊരടുപ്പമുണ്ടായി. മാഷിനും. അത്‌ പ്രേമമാണെന്ന്‌ ഞാന്‍ പറയില്ല. പക്ഷെ, കടവന്ത്രയിലെ ഫ്‌ളാറ്റില്‍ മാഷെത്തുമ്പോള്‍ അവരില്‍ സന്തോഷം നിറയുമായിരുന്നു.. അവരുടെ മുഖം വികസിക്കുമായിരുന്നു..
മാഷും ഒരു ആഹ്ലാദാവസ്ഥയിലാവുന്നതു കണ്ടിട്ടുണ്ട്‌. മതം മാറുംമുമ്പൊന്നും മാഷിന്‌ അത്രയടുപ്പം അവരുമായുണ്ടായിരുന്നില്ല. മതം മാറ്റത്തെ തുടര്‍ന്നു
അവര്‍ക്കു സ്വസ്ഥത നഷ്ടപ്പെടുന്നതു കണ്ട മാഷ്‌ പൊലീസ്‌ സുരക്ഷ ഉറപ്പാക്കി. അവസാനകാലത്ത്‌, മാഷ്‌ അവരെ ഇങ്ങോട്ടു കൊണ്ടുവരാന്‍ ആലോചിച്ചിരുന്നു...അവര്‍ക്കും ഈ വീട്ടില്‍ വരണമെന്നു വളരെ ആഗ്രഹമുണ്ടായിരുന്നു. അപ്പോഴേക്കും അസുഖം വര്‍ദ്ധിച്ചതിനാല്‍ മകന്‍ ജയസൂര്യ അവരെ പൂനയ്‌ക്കു കൊണ്ടുപോയി..
നടക്കാതെ പോയ മോഹങ്ങളുമായി അവര്‍ പോയി..
........

മാഷുടെ ഇഷ്ടം മുഴുവനും പിടിച്ചു പറ്റിയ രാഷ്‌ട്രീയ നേതാവാണ്‌ സഖാവ്‌ പിണറായി വിജയന്‍. ഒരേ നാട്ടുകാര്‍ കൂടിയായതുകൊണ്ടു കൂടിയാവാം ഈ സ്‌നേഹം.
`ലാവ്‌ലിന്‍ കേസില്‍ പിണറായിയെ പിന്തുണച്ചു മാഷ്‌. ഒരു ലേഖനവും എഴുതി. അത്‌ ഒട്ടൊന്നുമല്ല കോലാഹലം സൃഷ്ടിച്ചത്‌. ജനം മാഷില്‍ നിന്നകന്ന ഒരു കാലമായിരുന്നു അത്‌..'
തുറന്നു പറയാം- ഞാന്‍ പോലും അകന്നു..പത്തുദിവസമാണ്‌ ഞങ്ങള്‍ മിണ്ടാതെ നടന്നത്‌.
തുറന്നു പറഞ്ഞു, മാഷ്‌ അത്‌ ചെയ്യരുതായിരുന്നു...!. എനിക്കു രാഷ്‌ട്രീയമില്ലെങ്കിലും വീട്ടില്‍ കോണ്‍ഗ്രസ്സ്‌ പാരമ്പര്യം..
മാഷ്‌ ക്ഷോഭിച്ചു പറഞ്ഞു: സുരേശാ, നീ കോണ്‍ഗ്രസ്സ്‌കാരനെപ്പോലെ സംസാരിക്കരുത്‌..!!.
പിന്നീട്‌ കോടതിവിധി വന്നു..മാഷുടെ നിലപാട്‌ ശരിയായി.
കോണ്‍ഗ്രസ്സുകാരനായിരുന്നു മാഷ്‌.. പിന്നെ അവരുടെ നിലപാടുകള്‍ പിടിക്കാതായപ്പോള്‍ വഴിമാറി. നിരന്തര വിമര്‍ശനം നടത്തിയ മാഷെ, കോണ്‍ഗ്രസ്സുകാര്‍ക്ക്‌ ഇഷ്ടമായിരുന്നു..ശരിക്കും!.
`സുരേശാ, അവര്‍ നന്നാവാന്‍ വേണ്ടിയല്ലേ ഞാന്‍ ചീത്ത പറയുന്നത്‌. പക്ഷെ, അവര്‍ ഞാന്‍ കമ്മ്യൂണിസ്‌റ്റുകാരനാണെന്ന്‌ ധരിക്കുന്നു..'
മാഷിന്‌ കോണ്‍ഗ്രസ്സ്‌ നശിക്കുന്നതില്‍ നിരാശയുണ്ടായിരുന്നു. ഞാന്‍ മരിക്കുന്നതിനു മുമ്പെ കോണ്‍ഗ്രസ്സ്‌ മരിച്ചു എന്ന്‌ മാഷ്‌ വിലപിച്ചിട്ടുണ്ട്‌..
ഒരു പക്ഷെ, മാഷ്‌ ഏറ്റവും അധികം വിമര്‍ശിച്ച നേതാവ്‌ കരുണാകരനാവും.
`എന്തൊക്കെയാണ്‌ മാഷ്‌ വിളിച്ചു പറഞ്ഞിട്ടുള്ളത്‌. പക്ഷെ, ഒന്നു പറയാം മാഷുടെ ഒരു കുറ്റപ്പെടുത്തലിനും ഒരിക്കല്‍പോലും അദ്ദേഹം മറുപടി പറഞ്ഞിട്ടില്ല. അദ്ദേഹത്തിനു അതിനുള്ള അവകാശമുണ്ടെന്ന്‌ തോന്നിയിരിക്കാം..അല്ലെങ്കില്‍ താന്‍ അതു കേള്‍ക്കാന്‍ ബാധ്യസ്ഥനാണെന്ന്‌ ബോധ്യമുണ്ടായിരിക്കാം..'
ഇരുവരും ഒരു നാട്ടുകാര്‍. ഒന്നിച്ചുവളന്നവര്‍..
`നമ്മള്‍ രണ്ടു തുരുത്തിലായിപ്പോയി.. എന്ന്‌ കരുണാകരന്‍ പറഞ്ഞിട്ടുണ്ട്‌..'
ഊഷ്‌മള സ്‌നേഹം ഉള്ളില്‍ വച്ചുകൊണ്ടായിരുന്നു ഇരുവരും ജീവിച്ചത്‌.
'കല്ല്യാണിക്കുട്ടിയമ്മ മരിച്ചപ്പോള്‍ ഞാനത്‌ നേരില്‍ കണ്ടു..'
മാഷെ കൊണ്ടുപോയിരുന്നു അവിടെ. അന്ന്‌ ഇരുവരും കെട്ടിപ്പിടിച്ച്‌ പൊട്ടിക്കരഞ്ഞു..
രാഷ്‌ട്രീയത്തിനും മറ്റു ലക്ഷ്യങ്ങള്‍ക്കും അതീതമായിരുന്നു മാഷുടെ പ്രഭാഷണജീവിതം.
`നേട്ടങ്ങളുണ്ടാക്കാനാണെങ്കില്‍, ഈ വിമര്‍ശകവേഷം അദ്ദേഹം അണിയുമോ?'.
പലരും അവസരവാദി എന്നു വിളിച്ചതില്‍ സുരേഷിന്‌ എതിര്‍പ്പേയുള്ളൂ..
ഒരു കഥപറയാം: ശിവഗിരി ചെയര്‍മാനായി മാഷെ നിയമിച്ച കാലം. അന്ന്‌ നായനാര്‍ മുഖ്യമന്ത്രി. രണ്ടുവര്‍ഷമേ സാര്‍ ആ കസേരയില്‍ ഇരുന്നുള്ളൂ. അന്ന്‌ വെള്ളാപ്പള്ളിയും അംഗമാണ്‌. ഇരുവരും ഇഷ്ടത്തില്‍ തന്നെ..
പക്ഷെ, പലരും മാഷോട്‌ ഓതിക്കൊടുത്തു..
അവിടെ മാഷിരിക്കരുത്‌..വെള്ളാപ്പള്ളി കള്ളുകച്ചവടക്കാരനാണ്‌..!.
പതുക്കെ മാഷുടെ ചിന്തയും മാറുന്നതു കണ്ടു. മാഷ്‌ വെള്ളാപളളിയോടു തുറന്നു പറഞ്ഞു- നിങ്ങള്‍ മദ്യവ്യവസായം നിര്‍ത്തണം. ഗുരുദേവന്റെ പേരിലുള്ള ഈ സ്ഥാപനത്തിന്റെ മൂല്യങ്ങള്‍ക്ക്‌ അതു ചേരുന്നതല്ല.
എന്റെ പേരില്‍ ഒന്നുപോലുമില്ല. മക്കളുടേയും ഭാര്യയുടേയും പേരിലാണ്‌ അതൊക്കെ എന്നായിരുന്നു മറുപടി.
പതുക്കെ അകല്‍ച്ച ആരംഭിക്കുകയായിരുന്നു..
ഒരു ദിവസം മുഖ്യമന്ത്രി മാഷെ കാണാന്‍ വിളിച്ചു. എന്തോ സംസാരത്തില്‍ തെറ്റി.
ക്ഷുഭിതനായ മാഷ്‌ ചെയറില്‍ നിന്ന്‌ ചാടി എഴുന്നേല്‍ക്കുന്നതു കണ്ടു; പിന്നെ ഒറ്റച്ചോദ്യമാണ്‌- മിസ്‌റ്റര്‍ നായനാര്‍ നിങ്ങള്‍ക്ക്‌ എന്നേ വേണോ വെളളാപ്പള്ളിയേ വേണോ..?!.
രണ്ടു പേരും ഒരു നാട്ടുകാര്‍. എന്തും പരസ്‌പരം പറയുന്നവര്‍..
അമ്പരന്നുപോയ നിമിഷം.. നായനാരുടെ തുടുത്തമുഖം, രക്തം ഇരച്ചുകയറി ചുവക്കുന്നതു കണ്ടു..
ഒരു നിമിഷത്തെ മൗനം..
ഈ മൗനം ഞാന്‍ സമ്മതമായെടുക്കുന്നു എന്നു പറഞ്ഞ്‌ മാഷ്‌ കൊടുങ്കാറ്റുപോലെ മുറിയില്‍ നിന്നിറങ്ങിപ്പോയി..അന്നു രാജിവച്ചു..!.
`സ്ഥാനമോഹിയായ ഒരാള്‍ ഇങ്ങിനെ ചെയ്യുമായിരുന്നോ?'- സുരേഷിന്റെ ചോദ്യം.
മാഷ്‌ മരിക്കും മുമ്പ്‌ വെളളാപ്പള്ളി ആശുപത്രിയില്‍ എത്തി മാഷെ കണ്ടിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടാണ്‌ അദ്ദേഹം പോയത്‌- മരിക്കാത്ത ഓര്‍മ്മകള്‍..
പത്മനാഭന്‍..
മാഷെ കണ്ട്‌, അദ്ദേഹം പറഞ്ഞു- ഞാന്‍ സംസാരിക്കില്ല. സംസാരിച്ചാല്‍ എന്നെയും അടുത്ത മുറിയില്‍ അഡ്‌മിറ്റ്‌ ചെയ്യേണ്ടിവരും..!. അത്രയും വികാരാധീനനായിപ്പോയിരുന്നു അദ്ദേഹം. ഇവരൊക്കെ ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ മാഷുമായി തെറ്റിയവരാണെന്ന്‌ ഓര്‍ക്കുക..
ആശുപത്രിമുറിയില്‍ അന്ന്‌ സാംസ്‌കാരിക-രാഷ്‌ട്രീയ സംഗമം തന്നെയായിരുന്നു. ജീവിതത്തിന്റെ സമസ്‌തമേഖലയിലുള്ളവരും മാഷെ വന്നു കണ്ടു..
ഐസിയുവില്‍ മാഷെ കിടത്തരുതെന്ന്‌ നിര്‍ദ്ദേശിച്ചത്‌ സുരേഷാണ്‌. ഞാന്‍ ഡോക്ടറോടു പറഞ്ഞു- മാഷിന്‌ എസി പറ്റില്ല. ഇത്രദിവസം കൂടി മാഷ്‌ ജീവിച്ചിരിക്കില്ല. അദ്ദേഹത്തെ നാട്ടുകാര്‍ കാണട്ടെ..
അങ്ങിനെ പാലിയേറ്റീവ്‌ യൂണിറ്റിലേയ്‌ക്കു മാറ്റി. നാല്‍പ്പത്തേഴുദിവസം.
ഡോക്ടര്‍മാര്‍ ഗ്യാരന്റി ചെയ്‌തത്‌ പതിനഞ്ചു ദിവസംമാത്രമായിരുന്നുവല്ലോ..!.

മാഷ്‌ അധികാരമോഹിയല്ലെന്ന കഥയ്‌ക്ക്‌ രണ്ടു ഉപകഥകള്‍കൂടി പറഞ്ഞു, സുരേഷ്‌: അന്ന്‌ മാഷ്‌ ആക്ടിംഗ്‌ വിസിയാണ്‌. ആദ്യം പിവിസിയായിരുന്നു. അന്ന്‌ മന്ത്രി ഉമ്മര്‍കോയയാണെന്നാണ്‌ ഓര്‍മ്മ. അദ്ദേഹം ഗസ്‌റ്റ്‌ഹൗസില്‍ വന്നിരിക്കുന്നു. മാഷ്‌ അവിടെ ചെന്നു കണ്ടില്ല. അതായിരുന്നു വിസിയാകാതിരുന്നതിന്‌ ഒറ്റക്കാരണം!.
`ഇത്‌ മാഷ്‌ എന്നോട്‌ പറഞ്ഞിട്ടുണ്ട്‌..'
ഞാനെന്തിന്‌ അയാളെ അവിടെ ചെന്നു കാണണം എന്നായിരുന്നു മാഷുടെ ചോദ്യം!!.
അതുപോലൊന്നായിരുന്നു കേന്ദ്രസാഹിത്യ അക്കാദമി അധ്യക്ഷസ്ഥാനത്തേക്കുള്ള മത്സരം. എംടിയാണ്‌ മുന്‍കൈയെടുത്തത്‌. എല്ലാം ശരിയായി. നിന്നാല്‍ മാത്രം മതി- ജയം ഉറപ്പ്‌.
അപ്പോഴാണ്‌ അനന്തമൂര്‍ത്തിയുടെ ഫോണ്‍ വരുന്നത്‌.
സാര്‍, എനിക്കുവേണ്ടി ഒന്നു മാറിത്തന്നുകൂടെ എന്നായിരുന്നു ചോദ്യം.
അതിനെന്താ അനന്തമൂര്‍ത്തി? എന്നായിരുന്നു മാഷുടെ നിരങ്കുശമായ മറുപടി. ആരെങ്കിലും ഇതു ചെയ്യുമോ?- സുരേഷ്‌.
മാഷുടെ തീരുമാനത്തില്‍ എംടി നീരസപ്പെട്ടു എന്നത്‌ മറ്റൊരുകഥ..
(എംടിയും എന്‍പി മുഹമ്മദും നിര്‍ബന്ധിച്ച്‌ എഴുതിച്ചതാണ്‌ ശരിക്കും തത്വമസി. ആത്മകഥ എഴുതാന്‍ നിര്‍ബന്ധിച്ചതും എംടി. അത്രയും അവര്‍ ബന്ധപ്പെട്ടിരുന്നു എന്ന്‌ സുരേഷ്‌.)
മാഷിന്‌ രാജ്യസഭാംഗമാകാന്‍ തടസ്സം വല്ലതുമുണ്ടായിരുന്നോ?-ഒരു നല്ല ശമരിയാക്കാരനാകാന്‍ കൂട്ടാക്കത്തതുകൊണ്ടുമാത്രം അതെല്ലാം നഷ്ടപ്പെടുത്തുകയായിരുന്നു. പക്ഷെ, കേട്ടറിഞ്ഞു വിളിച്ച്‌ നല്‍കിയതാണ്‌ നാഷണല്‍ ബുക്ക്‌ ട്രസ്‌റ്റ്‌ ചെയര്‍മാന്‍ സ്ഥാനം. അര്‍ജുന്‍ സിങ്‌. ഇങ്ങോട്ടുവിളിച്ചാണ്‌ അദ്ദേഹം നിയമന കാര്യം പറഞ്ഞത്‌.

പത്മശ്രീ എന്ന കഥ

മാഷ്‌ പത്മശ്രീ നിഷേധിച്ചത്‌ പല വ്യാഖ്യാനങ്ങള്‍ക്കും വഴിതുറന്നിരുന്നു. കൂടുതല്‍ വലുത്‌ പ്രതീക്ഷിച്ചു എന്നൊക്കെ..
സത്യം അതായിരുന്നില്ല. സുരേഷ്‌ ഓര്‍ത്തെടുത്തു-
മാഷ്‌ ഒരിക്കലും അതിന്‌ അപേക്ഷിച്ചിരുന്നില്ല. അന്ന്‌ വിയ്യൂരായിരുന്നു താമസം. സാധരണ രാത്രി പത്തുമണിയോടെ പ്രഖ്യാപനം വരും. ഇക്കുറി വൈകി. ഞങ്ങള്‍ വീട്ടില്‍ ടിവി കണ്ടുകൊണ്ടിരുന്നു. പന്ത്രണ്ടു മണിയായപ്പോള്‍ മാഷെഴുന്നേറ്റു- ഉറങ്ങാന്‍ പോവുകയാണെന്ന്‌ പറഞ്ഞു.
പിന്നെ പറഞ്ഞു: പത്മശ്രീയാണെങ്കില്‍ എനിക്കുവേണ്ട സുരേശാ..
പത്രക്കാര്‍ വിളിച്ചാല്‍ നീ പറഞ്ഞാല്‍ മതി അത്‌ എന്നും പറഞ്ഞ്‌ മാഷുറങ്ങാന്‍ പോയി.
ഒരു മണിയോടെയായിരുന്നു പ്രഖ്യാപനം. പത്മശ്രീ സുകുമാര്‍ അഴീക്കോട്‌..!. കൂടെ കുറെ സിനിമാ നടിമാര്‍ക്കും പത്മശ്രീ..
പിറകേ പത്രമോഫീസുകളില്‍ നിന്ന്‌ കോളുകള്‍ എത്തി. ഞാന്‍ മഷേല്‍പ്പിച്ച കാര്യം പറഞ്ഞു: പത്മശ്രീ മാഷിനു വേണ്ട!.
പിറ്റേന്ന്‌ പ്രഖ്യാപനത്തോടൊപ്പം നിഷേധവാര്‍ത്തയും അടിച്ചുവന്നു..
`ഇതില്‍ നിന്നു തന്നെ വ്യക്തമാണ്‌ മാഷുടെ ശക്തമായ ശത്രുനിര. തത്ത്വമസി പോലുള്ള വൈജ്ഞാനിക ഗ്രന്ഥമെഴുതിയ ആള്‍ക്ക്‌ പത്മശ്രീ..!.'
പൗരന്‍മാര്‍ എല്ലാവരും തുല്ല്യരായിരിക്കണം. പ്രത്യേക സ്ഥാനപദവികള്‍ നല്‍കുന്നത്‌ തെറ്റാണെന്ന കാഴ്‌ചപ്പാടായിരുന്നു മാഷിന്‌.

വിവാദങ്ങളുടെ തോഴന്‍

സുനാമി കാലം. അതിനു രണ്ടു ദിവസം മുമ്പാണ്‌, മാഷിന്‌ എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിച്ചത്‌. ഞങ്ങള്‍ ആലപ്പുഴയില്‍ പോയി തിരിച്ചു വരുമ്പോള്‍
മാഷോടു പറഞ്ഞു- നമുക്ക്‌ അവാര്‍ഡു തുക സംഭാവന ചെയ്‌തുകൂടെ..?
`അതു ശരിയാണ്‌ സുരേശാ..നമുക്കെന്തിനാണ്‌ ഇത്രയും കാശ്‌..'
അതിന്റെ പിറ്റേന്ന്‌ അമൃതാനന്ദമയീ മഠം പ്രഖ്യാപിച്ചു നൂറുകോടി..!. അത്‌ മാഷെ ചില്ലറയൊന്നുമല്ല പ്രകോപിപ്പിച്ചത്‌. ഇന്നു വന്ന അവര്‍ക്കെങ്ങിനെ നൂറുകോടി..? അതായിരുന്നു മാഷുടെ ചോദ്യം..!.
വെടിപൊട്ടി. പിന്നെ പറയണ്ട- മാസങ്ങളോളം എന്റെ മൊബൈലിനു വിശ്രമമുണ്ടായില്ല.. അസഭ്യവര്‍ഷം.
`ഇമ്മാതിരി തെറിവിളിക്കാന്‍ ഭക്തന്‍മാര്‍ക്കേ കഴിയൂ എന്ന്‌ ഞാന്‍ അന്നാദ്യമായി മനസ്സിലാക്കി..' വധഭീഷണി വരെ.
മാസങ്ങ്‌േളാളം തുടര്‍ന്നു അത്‌. കോലം കത്തിയ്‌ക്കല്‍ പ്രകടനങ്ങള്‍..
എല്ലാം ഒതുങ്ങിയിട്ടും ഒരു ഫോണ്‍കോള്‍ മുടങ്ങാതെ എത്തി. ഭീഷണിയുമായി. ഒരു നാള്‍ ഞാന്‍ ഈ നമ്പറില്‍ തിരിച്ചുവിളിച്ചു. അത്‌ കോട്ടയത്തടുത്ത്‌ ഒരു ബൂത്തില്‍ നിന്നായിരുന്നു. ഞാനയാളോട്‌ കാര്യം പറഞ്ഞു. അടുത്ത തവണ അവന്‍ വന്നപ്പോള്‍ അയാള്‍ വട്ടംകയറി പടിച്ചു..ബൈക്കില്‍ രക്ഷപ്പെട്ടെങ്കിലും ബൈക്ക്‌നമ്പര്‍ വച്ച്‌ പൊലീസില്‍ പരാതി നല്‍കി. അതോടെ അവന്‍ അകത്തായി. അയാള്‍ ഒരു ആധാരംഎഴുത്തുകാരനായിരുന്നു. മാഷ്‌ മരിച്ചശേഷം, അവനെതിരായ കേസ്‌ ഞാന്‍ പിന്‍വലിച്ചു..

വിട്ടൊഴിയാതെ വിവാദങ്ങളും മാഷുടെ പ്രസ്‌താവനകളും മാഷുടെ സാമൂഹിക ഇടപെടല്‍.. അതെല്ലാം വലിയ വഴിത്തിരിവുകളായിത്തീര്‍ന്നത്‌ നോക്കിനിന്നു..
അച്ചുതാനന്ദനുമായി കോര്‍ത്തത്‌ പറഞ്ഞ ഒറ്റവാക്ക്‌ തെറ്റിദ്ധരിക്കപ്പെട്ടതുകൊണ്ട്‌. തെരഞ്ഞെടുപ്പു ഫലം വന്ന്‌ അദ്ദേഹം ചിരിച്ച ചിരി മാഷെ ചൊടിപ്പിച്ചു. തോറോവിനെ ക്വോട്ട്‌ ചെയ്‌ത്‌ അദ്ദേഹം പറഞ്ഞത്‌ കാട്ടുതീയായി- സ്വന്തം കൂട്ടില്‍ കാഷ്ടിക്കുന്ന ജീവി എന്നായിരുന്നു പ്രസ്‌താവം. വിഎസിനെ പട്ടിയെന്നു വിളിച്ചതായി അത്‌ വ്യാഖ്യാനിക്കപ്പെട്ടു.
തുടര്‍ന്നുണ്ടായ കോലാഹലം ചരിത്രമാണ്‌. `അന്ന്‌ ഈ വീട്ടില്‍ പൊലീസുകാരെ ഡ്യൂട്ടിക്കു വച്ചു...മാഷെതിര്‍ത്തെങ്കിലും.'

വിവാഹം

പതിനഞ്ചുവര്‍ഷം-രാവും പകലും മാഷോടൊപ്പം. ഇരുപത്തൊമ്പതു വയസ്സായ സമയം, മാഷ്‌ പറഞ്ഞു- നീ കല്ല്യാണം കഴിക്കണം. അല്ലെങ്കില്‍ എന്നെപ്പോലെയാവും...!.
എനിക്കു താത്‌പര്യം ഉണ്ടായിരുന്നില്ലെങ്കിലും മാഷുടെ നിര്‍ബന്ധത്തിനു വഴങ്ങി. `ഒരു പെണ്ണിനെയെ കണ്ടുള്ളൂ..' സുരേഷ്‌ ചിരിച്ചു.
എല്ലാം മാഷുതന്നെ നടത്തി. കൂര്‍ക്കഞ്ചേരി ശ്രീനാരായണ ഹാളില്‍. സ്‌റ്റേജിലും മാഷു തന്നെ നിന്നു. അന്ന്‌ ആര്‍.എം.മനയ്‌ക്കലാത്ത്‌ അടക്കമുള്ള പ്രമുഖരും വന്നു.
`എന്റെ മൂത്ത മകന്‌ മാഷാണ്‌ പേരിട്ടത്‌-അഭിനന്ദ്‌.'
89ല്‍ മധുരയില്‍ അരവിന്ദ്‌ കണ്ണാശുപത്രിയില്‍ മാഷിന്‌ കണ്ണിനു ശസ്‌ത്രക്രിയ നടത്തി. അന്ന്‌ എല്ലാ സഹായത്തിനും ഞാനായിരുന്നു. ഷേവ്‌ ചെയ്യിക്കാന്‍, തല ഡൈചെയ്യാന്‍...എല്ലാം ഞാന്‍.
ഒരാളേയും ശരീരത്തില്‍ തൊടാന്‍പോലും അനുവദിക്കാത്ത മാഷ്‌, പതുക്കെ അടുത്തു. അത്‌ ഒരു ഹൃദയബന്ധമായി വളര്‍ന്നു.
`ആത്മകഥയില്‍ എന്നെ ഒരിക്കലും ഡ്രൈവര്‍ എന്നു വിളിച്ചില്ല..അര്‍ജുനന്റെ സാരഥി എന്നാണ്‌ പറഞ്ഞത്‌. പൂര്‍വ്വപുണ്യമാവണം അത്‌..'- സുരേഷിന്റെ വാക്കുകള്‍ മുറിഞ്ഞു..

ലളിതജീവിതമായിരുന്നു, അത്രയും ലളിതം. ഖദര്‍ജൂബ കീറിയാല്‍ അതു സ്വയം നൂലുകോര്‍ത്ത്‌ തുന്നിത്തീര്‍ക്കും-വേറെ എത്രയുണ്ടെങ്കിലും ഉപയോഗിക്കില്ല. എല്ലാ വര്‍ഷവും മാഷിനു ഖദര്‍ കൊടുത്തയയ്‌ക്കും.
സി.എന്‍.ബാലകൃഷ്‌ണനും ടി.ആര്‍.രാഘവനും. അതില്‍ അധികവും ഇപ്പോഴും തൊടാതെ വച്ചിട്ടുണ്ട്‌ അലമാരിയില്‍..
പിശുക്കനായിരുന്നു. വീട്ടില്‍ മീന്‍വാങ്ങുമ്പോഴും പച്ചക്കറിവാങ്ങുമ്പോഴും അത്‌ പ്രകടം. പക്ഷെ, എനിക്ക്‌ എന്താവശ്യം വന്നാലും അപ്പോള്‍ പണമെടുത്തു തരും. ലളിതഭക്ഷണം-വീട്ടിലാവുമ്പോള്‍ ഒരു ദോശ ഒരു ഇഡ്ഡലി..അത്രയൊക്കേയേ വേണ്ടു..മീന്‍ പഥ്യം.
ഫുട്‌ബോളും ക്രിക്കറ്റും ഭ്രാന്തായ മാഷിന്റെ മറ്റൊരുമുഖം അധികമാരും കണ്ടിട്ടില്ല. സച്ചിനെ ഏറ്റവും പ്രിയമായിരുന്നു. കളികാണാന്‍ പ്രോഗ്രാമുകള്‍ കാന്‍സല്‍ ചെയ്‌തിരുന്ന കഥ എനിക്കേ അറിയൂ- സുരേഷ്‌ ചിരിച്ചു. പതുക്കെ ആ ചിരിയില്‍ വേദന തിരിച്ചുവന്നു.
`നുണപറയരുത്‌. ധൂര്‍ത്തജീവിതം നയിക്കരുത്‌. കാര്യംമുഖത്തുനോക്കി പറഞ്ഞേക്കുക...'
അതായിരുന്നു മാഷുടെ ജീവിത തത്ത്വശാസ്‌ത്രം. അത്രയേവേണ്ടൂ. ഓരോ പ്രസംഗം കഴിയുമ്പോഴും താന്‍ അനുഭവിക്കുന്ന ആനന്ദാവസ്ഥ മാഷുപറയും- എനിക്കു പറയാനുള്ളതെല്ലാം ഞാന്‍ പറഞ്ഞുകഴിഞ്ഞു..!.
അകവും പുറവും ഒരുപോലെ തുറന്നപുസ്‌തകമായിരുന്നു മാഷുടെ ജീവിതം. ഒരു മറയുമില്ലാതെ..
വേദികളിലെ സാഗരഗര്‍ജ്ജനം, സ്‌നേഹസാഗരമായി മാറുന്നതു കണ്ട ഒരു മനുഷ്യന്‍...പറഞ്ഞാലും തീരാത്ത അനുഭവങ്ങള്‍..ഓര്‍മ്മിക്കാനല്ല, മറക്കാനേ കഴിയാത്ത ജീവിതപാതകള്‍..
ഇവിടെ എരവിമംഗലത്തെ വീട്‌, സാംസ്‌കാരികവകുപ്പ്‌ ഏറ്റെടുത്തിരിക്കുന്നു. പുഴക്കരയിലെ വീട്ടില്‍, അറിവിന്റെ മഹാസാഗരമായിരുന്ന മാഷിന്റെ ശ്വാസനിശ്വാസങ്ങള്‍ ഇന്നും നിഴലിക്കുന്നു..
നിശബ്ദനായി, നന്മയുടെ വെണ്‍വസ്‌ത്രം അണിഞ്ഞ്‌, കൈകള്‍ പിറകില്‍കെട്ടി, ആലോചനയില്‍ നടക്കുന്ന മാഷിനെ മനസ്സില്‍ കാണാം, ഇപ്പോഴും ഇവിടെയിരുന്നാല്‍..മലയാളീ ഹൃദയത്തില്‍ കടലിരമ്പമായി മാറിയ ആ പ്രഭാഷണത്തിന്റെ മുഴക്കങ്ങളും..

-ബാലുമേനോന്‍ എം.








No comments:

Post a Comment