Thursday, December 17, 2020

25 വയസ്സായി


 



25 വയസ്സായി എന്നോര്ത്തുവച്ച് അനിയന്മാര് തന്ന സമ്മാനം, കാരണവസ്ഥാനത്തുള്ള സേതുവേട്ടന് കൈമാറി. പത്രപ്രവര്ത്തനരംഗത്ത് കാല്നൂറ്റാണ്ട് തികഞ്ഞ ഇന്നലെ തന്നെ വേണമെന്ന വാശിയായിരുന്നു. ആചാരോപചാരങ്ങളിലൊന്നും വിശ്വാസമില്ലാതിരുന്നതുകൊണ്ട് നിരുത്സാഹപ്പെടുത്തിനോക്കി. സമ്മതിക്കാതെ പൂരപ്രേമികളായ അവര്. ചരിത്രം തുടിക്കുന്ന തെക്കേഗോപുരനടയില്, അവര് അരങ്ങൊരുക്കി. അവരുടെ നിഷ്‌കളങ്കതക്കു മുന്നില്, നമിക്കുന്നു. പൂരപ്രേമിസംഘം പ്രസിഡന്റ് ബൈജു താഴേക്കാട്, കണ്വീനര് വിനോദ് കണ്ടേംകാവില്..ഇതിനൊക്കെ ചൂട്ടുപിടിച്ച പ്രിയചങ്ങാതി ശോഭാജി..




അമ്മയെ എനിക്കു പണ്ടേ ഇഷ്ടമായിരുന്നല്ലോ.?



 




രാത്രി, ക്ഷേത്രത്തിനു താഴേക്കുപോകുന്ന റോഡിലൂടെ നടന്നു. പത്തുമണിയാവുന്നു. റോഡിലൊന്നും ആളുകളില്ല. ഏതാനും കടകള് ഇപ്പോഴും അടച്ചിട്ടില്ല. മഞ്ഞവെളിച്ചം റോഡില്വീണുകിടന്നു. ഇടത്തേക്കുള്ള വളവിലാണ് മഞ്ജുനാഥ അഡിഗയുടെ താമസം. സദനത്തിന്റെ മകന് കണ്ണന് പറഞ്ഞ ഉദ്ദേശ്യം വച്ച് നടന്നു. ഭാര്യ കൂടെയുള്ളതുകൊണ്ട്, അധികം ചുറ്റിത്തിരിയാന് വയ്യ. സര്വ്വയിടത്തും മൂകാംബികയുടെ അഭൗമചൈതന്യം നിലാവായി നിറഞ്ഞുകിടക്കുകയാണെന്നു തോന്നി.

അഡിക കസേരയിലിരുന്നു. ഞങ്ങള് താഴേയും. ഒരു തിരക്കുമില്ല. അദ്ദേഹം ദേവീമാഹാത്മ്യം പറഞ്ഞുകൊണ്ടിരുന്നു. സംസാരത്തിനിടെ ക്ഷേത്രത്തിന്റെ ദിശയില് വിരല്ചൂണ്ടി പറഞ്ഞു, അകത്തിരിക്കുന്നത് നിസ്സാരപ്പെട്ട ആളല്ല!. അമ്മയോടുള്ള സ്‌നേഹം നിറഞ്ഞൊഴുകുകയാണ് ആ മനസ്സില് എന്ന് അനുഭവിച്ചറിയാം. ജീവിതത്തിന്റെ അടുത്ത നിമിഷത്തെക്കുറിച്ചുള്ള ഉത്കണ്ഠയോ സംശയമോ ഇല്ലാത്ത പെരുമാറ്റരീതി. എല്ലാത്തിനും ഒരു നിശ്ചയമുള്ളതുപോലെ.
തിരിച്ചു പോരുമ്പോള് പതിനൊന്നു മണികഴിഞ്ഞു. കൊല്ലൂര് ഉറങ്ങിത്തുടങ്ങി. അടഞ്ഞുകിടന്ന ഗോപുരവാതിലിനുമുന്നില് ഭാര്യ കുറേനേരം തൊഴുതുനിന്നു. മാറിനിന്ന ഞാന് ഓര്ക്കുകയായിരുന്നു..
അമ്മയെ എനിക്കു പണ്ടേ ഇഷ്ടമായിരുന്നല്ലോ..വലിയ ഇഷ്ടം. കൂടുതലായെന്ത് ...?

അനുഭവങ്ങള്‍ക്കു മുന്നില്‍




വ്രതമില്ല. ഇരുമുടിയില്ല. കുറച്ചുകൊല്ലം മുമ്പെ ശബരിമലക്കുപോയത് ദീപാവലി നാളിലാണ്. ഒരു മുന്നക്‌സല് സുഹൃത്തും മറ്റൊരു സഖാവും ഒരു ശരിക്കുള്ള സ്വാമിയുമായിരുന്നു സഹയാത്രികര്. പമ്പയിലെത്തിയപ്പോള് രാത്രിയായിരുന്നു. അപ്പോള് തന്നെ കയറാമെന്ന് തീരുമാനിച്ചു. ദീപാവലിയായതിനാല് അന്യസംസ്ഥാനക്കാര് ആരുമില്ല. തിരക്കേയില്ല. പമ്പയില് മുങ്ങിത്തുവര്ത്തി ഭക്ഷണം കഴിച്ച് മലകയറി. ഇടവിട്ട് മഴ. ഷെഡുകളില് അഭയം പ്രാപിച്ചായിരുന്നു മലകയറ്റം. സന്നിധാനത്ത് എത്തുമ്പോള് 11 മണികഴിഞ്ഞിരുന്നു. നടയടച്ചു. നേരത്തേ പറഞ്ഞുവച്ച മാളികപ്പുറത്തെ പത്ര ഓഫീസിലെത്തി. ഒരു കെട്ടിടത്തില് നിരനിരയായാണ് പത്ര ഓഫീസുകള്. ഓഫീസില് വേറേയും ആളുകള്..വെളിച്ചമില്ല. അവര്ക്കൊപ്പം തറയില് പേപ്പര്വിരിച്ചു കിടന്നു. മലകയറിയ ക്ഷീണത്തില് മയങ്ങിപ്പോയി.

പുലര്ച്ചെ ഉണരുമ്പോള് എല്ലാവരും ഉറക്കത്തിലാണ്. പതുക്കെ വാതില് തുറന്ന് വരാന്തയിലേക്ക് കടന്നപ്പോള്, നേരേ മുമ്പില് മാളികപ്പുറം ശ്രീകോവില് ദീപപ്രഭയില് ജ്വലിച്ചു നില്ക്കുകയാണ്. കര്പ്പൂരത്തിന്റേയും ചന്ദനത്തിരികളുടേയും ധൂപങ്ങളുടേയും സുഗന്ധം ചുറ്റിയടിക്കുന്നു. നേര്ത്ത തണുപ്പ്..സന്നിധാനത്തുനിന്നും യേശുദാസിന്റെ അയ്യപ്പഭക്തിഗാനം ഒഴുകിയെത്തുന്നു. ചുറ്റും കാട് ധ്യാനത്തിലാണ്ടു നില്ക്കുന്നു. ആ പ്രശാന്തതയില് ലയിച്ചങ്ങനെ നിന്നുപോയി..എത്രനേരം!.
അപ്പോള് സഖാവുണര്ന്നുവന്നു. ചിരിച്ചുകൊണ്ട് ചോദിച്ചു: ഭക്തിലൈനാണല്ലേ?!
ചിരിച്ചുകൊണ്ട് ഞാനും പറഞ്ഞു: അനുഭവങ്ങള്ക്കു മുന്നില് ഒരു തത്വശാസ്ത്രവും നിലനില്ക്കില്ലെടോ!!.

സ്വസ്തി.

 



മാഷ് മരിച്ചു എന്ന് വിശ്വസിക്കാതിരിക്കാനാണ് ഇഷ്ടം, ഇപ്പോഴും. പ്രിയ സുഹൃത്ത് ബൈജു മരണവാര്ത്ത അറിയിച്ചപ്പോള് ശൂന്യതയാണ് തോന്നിയത്. ബന്ധുത്വം മാത്രമായിരുന്നില്ലല്ലോ, മാഷ് നീട്ടിതന്ന അറിവിന്റെ കൈപിടിച്ചാണ് ധൈര്യമായി നടന്നത് നാളിത്രയും.

തൃശൂരിന്റെ ചരിത്രശേഖരമാണ് ഇല്ലാതായത്. പൂരത്തേക്കുറിച്ച്, ശക്തന്റെ ഈ രാജനഗരിയെക്കുറിച്ച്, അവസാനവാക്കായിരുന്നു മാധവന്കുട്ടി മാഷുടേത്. ചെറിയമ്മയുടെ അധ്യാപകനുമായിരുന്നു യുസി കോളജില്. അവിടെ വിദ്യാര്ഥികള്ക്ക് പ്രിയങ്കരനായിരുന്നു മാഷെന്ന് അവര് പറയാറുണ്ട്. പൂരപ്പിരിവിന് വീട്ടില് വരുമ്പോള് മൂത്തവല്ല്യമ്മയോടു പറയും: ശാരദോപ്പോളില് നിന്ന് ആദ്യം വാങ്ങണം എന്ന്. മൂത്തവര് സ്‌നേഹത്തോടെ മാപ്പന് എന്നുവിളിച്ച മാഷ്..
ഒടുവില് കണ്ടത്, പൂരപ്രേമിസംഘത്തിന്റെ മാസപരിപാടിയായ കാലപ്രാമാണികത്തിനാണ്, കൗസ്തുഭത്തില് വച്ച്. തനിക്ക് അവാര്ഡ് ഒക്കെ കിട്ടീലോ..നന്നായി എന്ന് മാഷ്. മാഷുടെ ഒക്കെ അനുഗ്രഹമുണ്ടാവണം എന്നു മറുപടി പറഞ്ഞു. നിശബ്ദമായി തലയില് കൈവച്ചു..
പൂരം നടത്തിപ്പിന് പ്രതിസന്ധികളുണ്ടായപ്പോഴെല്ലാം തൃശൂര്ക്കാര്ക്ക്് ഒരുത്തരമേയുണ്ടായിരുന്നുള്ളൂ, മാധവന്കുട്ടിമാഷ് എന്ന ഞങ്ങളുടെയെല്ലാം പ്രിയപ്പെട്ട മാപ്പന്!. എഴുതിത്തീരുമോ എന്നറിയില്ല..കണ്ണുനിറയുന്നു. സ്വസ്തി.