Thursday, December 17, 2020

അമ്മയെ എനിക്കു പണ്ടേ ഇഷ്ടമായിരുന്നല്ലോ.?



 




രാത്രി, ക്ഷേത്രത്തിനു താഴേക്കുപോകുന്ന റോഡിലൂടെ നടന്നു. പത്തുമണിയാവുന്നു. റോഡിലൊന്നും ആളുകളില്ല. ഏതാനും കടകള് ഇപ്പോഴും അടച്ചിട്ടില്ല. മഞ്ഞവെളിച്ചം റോഡില്വീണുകിടന്നു. ഇടത്തേക്കുള്ള വളവിലാണ് മഞ്ജുനാഥ അഡിഗയുടെ താമസം. സദനത്തിന്റെ മകന് കണ്ണന് പറഞ്ഞ ഉദ്ദേശ്യം വച്ച് നടന്നു. ഭാര്യ കൂടെയുള്ളതുകൊണ്ട്, അധികം ചുറ്റിത്തിരിയാന് വയ്യ. സര്വ്വയിടത്തും മൂകാംബികയുടെ അഭൗമചൈതന്യം നിലാവായി നിറഞ്ഞുകിടക്കുകയാണെന്നു തോന്നി.

അഡിക കസേരയിലിരുന്നു. ഞങ്ങള് താഴേയും. ഒരു തിരക്കുമില്ല. അദ്ദേഹം ദേവീമാഹാത്മ്യം പറഞ്ഞുകൊണ്ടിരുന്നു. സംസാരത്തിനിടെ ക്ഷേത്രത്തിന്റെ ദിശയില് വിരല്ചൂണ്ടി പറഞ്ഞു, അകത്തിരിക്കുന്നത് നിസ്സാരപ്പെട്ട ആളല്ല!. അമ്മയോടുള്ള സ്‌നേഹം നിറഞ്ഞൊഴുകുകയാണ് ആ മനസ്സില് എന്ന് അനുഭവിച്ചറിയാം. ജീവിതത്തിന്റെ അടുത്ത നിമിഷത്തെക്കുറിച്ചുള്ള ഉത്കണ്ഠയോ സംശയമോ ഇല്ലാത്ത പെരുമാറ്റരീതി. എല്ലാത്തിനും ഒരു നിശ്ചയമുള്ളതുപോലെ.
തിരിച്ചു പോരുമ്പോള് പതിനൊന്നു മണികഴിഞ്ഞു. കൊല്ലൂര് ഉറങ്ങിത്തുടങ്ങി. അടഞ്ഞുകിടന്ന ഗോപുരവാതിലിനുമുന്നില് ഭാര്യ കുറേനേരം തൊഴുതുനിന്നു. മാറിനിന്ന ഞാന് ഓര്ക്കുകയായിരുന്നു..
അമ്മയെ എനിക്കു പണ്ടേ ഇഷ്ടമായിരുന്നല്ലോ..വലിയ ഇഷ്ടം. കൂടുതലായെന്ത് ...?

1 comment:

  1. Please show these to your sahadhaRmmiNi. She believes in the Mother, I believe. DKM

    മാതൃമുക്തകങ്ങൾ 

    ഡി.കെ.എം. കർത്താ (published 12/2020)

    1. മാതൃപ്രത്യയം 

    കണ്ണഞ്ചിപ്പിയ്ക്കുമർക്കൻ, സകലഭയഹരീ, നിൻ വലംകണ്ണു, രണ്ടാം 
    കണ്ണല്ലോ ചന്ദ്ര, നെന്നിൽക്കുളിരല ചൊരിയും ശുദ്ധപീയൂഷബിംബം;
    സ്വർണ്ണം തീയിൽജ്ജ്വലിയ്ക്കുമ്പൊഴുതതിലുളവാകുന്നതാം ജ്വാലയെത്തൻ-
    വർണ്ണത്താലേ ജയിയ്ക്കും ഹുതവഹനെരിയുന്നുണ്ടു നിൻ ഫാലനേത്രേ !  

    2. ഭക്താവനം 

    അമ്മേ! നിശ്ശബ്ദമീ രാ, വതിഭയകരമിക്കൂരിരു, ട്ടന്യരെല്ലാ--
    മെന്മേൽ  എയ്യുന്നു കൂര, മ്പിത മമ കവചം പൂർണ്ണവിച്ഛിന്നഭിന്നം;
    നിന്മേലെൻ പ്രത്യയത്തെപ്പുനരപി ബലവത്താക്കിയാലും മൃഗേന്ദ്രൻ-
    തന്മേലേറിച്ചരിയ്ക്കും ശിവമയി! യവിടുന്നെന്നെ രക്ഷിയ്ക്ക വേഗം !

    3. കാരുണ്യതരങ്ഗം  

    കാരുണ്യത്തിൻ തരങ്ഗം തവ മിഴിയിണയിൽനിന്നുമുൽഭൂതമായി-
    ട്ടാരും നോക്കാത്തൊരാളാമിവനിലുമമലേ വന്നു മന്ദം തൊടുന്നൂ;
    ഭീരുത്വം നീങ്ങിടുന്നൂ, പരനുമുതവി ചെയ്തീടുവാൻ തോന്നിടുന്നൂ,
    വാരുറ്റോരക്കടാക്ഷം ഭുവനജനനി നീയെന്നുമേ തന്നിടേണേ !

    4. മാർഗ്ഗബന്ധു 

    കുത്തിക്കൊള്ളുന്നു കാലിൽശ്ശിലയുടെ കഷണം നൂറുനൂ; റന്ധനാം ഞാൻ 
    നൃത്തം തത്തുന്നു നോവാൽ, പ്പദവിരലുകളിൽക്കള്ളിമുള്ളേറ്റു  മാർഗ്ഗേ;
    എത്താനുള്ളേടമെങ്ങാ, ണറിയുക വിഷമം, ചെത്തമില്ലെങ്ങുമൊട്ടും;
    പൊൽത്താരിൽ വാഴുമമ്മേ, വരികയരികിൽ നീ മാർഗ്ഗബന്ധുത്വപൂർവം !


    5. ഭക്താരാദ്ധ്യ

    ഉദ്യാനത്തിൽപ്പറക്കും ശലഭസമമിതാ മന്മനം സഞ്ചരിപ്പൂ
    വിദ്യാഹീനത്വമോടേ വിഷയസുമവിഷം സ്വാംശമാക്കും തിരക്കിൽ;
    നിത്യാരാദ്ധ്യേ മനസ്സിൽത്തവപദകമലംതന്നിൽവന്നെത്തുവാനാ-
    യത്യാവേശം ജനിപ്പിച്ചിവനെയുമവനം ചെയ്തുകൊൾകംബികേ നീ !
    6. ദേവീലാസ്യം 

    കാണുന്നേൻ പൂമരത്തിൽത്തവരുചിരതതൻ നർത്തനം സർവ്വവന്ദ്യം,
    ചേണുറ്റോരിപ്പശുക്കൾ തരുമൊരു മധുരപ്പാലിലോ നിൻ സുഹാസം;
    കാണുന്നേൻ കുട്ടികൾതൻ കളിചിരികളിലോ പാർവ്വതീദേവി ബാല്യം 
    പൂണുമ്പോളാടിയോരക്കുസൃതികൾ  -- ഇവിടെക്കാണ്മതൊക്കെത്ത്വദംശം!

    7. നാമൗഷധം 

    തൃപ്പാദങ്ങൾ തൊഴുന്നേൻ, അശരണനിവനും സാന്ത്വനം നൽകിയംബേ-
    യിപ്പാരിൻ ഭാരമെല്ലാം ചുമലുകളിടിയാതേറ്റുവാൻ ശക്തനാക്കൂ!
    കയ്പ്പാണെങ്ങും പരക്കും രസമതിനിടയിൽബ്ഭക്തജിഹ്വയ് ക്കു ലഭ്യം 
    നൽപ്പാലാകുന്ന നാമം -- ഭഗവതി, യിതുതാൻ ഔഷധം, സോമതുല്യം! 

    8. ദർപ്പദമനി

    നോട്ടത്താലേ മെരുക്കൂ ഹരഹൃദയഹരീ ! ചങ്ങലക്കെട്ടുപൊട്ടി--
    ച്ചോട്ടത്തിന്നായ് ശ്രമിയ്ക്കും മദഗജസമമാമെന്റെ ദർപ്പത്തെയിപ്പോൾ;
    തോട്ടിയ്ക്കും നിൻ കരത്തിൽക്കരുതിയ കയറിൻ തുണ്ടിനും കെൽപ്പപാരം
    ദൗഷ്ട്യത്തെസ്സൗമ്യമാക്കാൻ, തിരുനടയിലിതാ ശുണ്ഡവും താഴ്ത്തി നിൽപ്പേൻ!!
    (ശുണ്ഡം = തുമ്പിക്കൈ)

    9. വരവാണി 

    സമ്പൂർണ്ണജ്ഞാനവാനാം പരമശിവനി, ലാ വേദമെല്ലാം വ്യസിയ്ക്കാൻ 
    അൻപുണ്ടായോരു പൂജ്യൻ ശുകജനകനി, ലാ ദിവ്യവാൽമീകിതന്നിൽ,
    പിമ്പേ വന്നോരെയെല്ലാം കവനസുഷമയിൽ വെന്നൊരക്കാളിദാസൻ--
    തൻബുദ്ധിയ്ക്കുള്ളിൽ, അംബേ, യമൃതവചനമായ്‌  നീ ചിരം വാണീടുന്നൂ !


    10. ശാകംഭരി 

    തീപോലാളും വിശപ്പിൽക്ഷുധിതരൊരുദിനം ചാമ്പലാകുന്ന പോതിൽ--
    ത്തായ്പോലെത്തീ ഭവാനീ, ഭവതി മിഴികളിൽ നൂറിലും ബാഷ്പമോടേ;
    താപോർജ്ജത്തിൽത്തളർന്നോർക്കനവധി ഫലവും ശാകവും നൽകി നീയ--
    ന്നാ ഭോജ്യത്താൽ, ഉദാരേ, പുനരപി ജനനം ദാനമായേകി ധന്യേ !
    (ശതാക്ഷി, ശാകംഭരി -- ദേവീഭാഗവതം 7/ 28/47 )

    ReplyDelete