മാഷ് മരിച്ചു എന്ന് വിശ്വസിക്കാതിരിക്കാനാണ് ഇഷ്ടം, ഇപ്പോഴും. പ്രിയ സുഹൃത്ത് ബൈജു മരണവാര്ത്ത അറിയിച്ചപ്പോള് ശൂന്യതയാണ് തോന്നിയത്. ബന്ധുത്വം മാത്രമായിരുന്നില്ലല്ലോ, മാഷ് നീട്ടിതന്ന അറിവിന്റെ കൈപിടിച്ചാണ് ധൈര്യമായി നടന്നത് നാളിത്രയും.
തൃശൂരിന്റെ ചരിത്രശേഖരമാണ് ഇല്ലാതായത്. പൂരത്തേക്കുറിച്ച്, ശക്തന്റെ ഈ രാജനഗരിയെക്കുറിച്ച്, അവസാനവാക്കായിരുന്നു മാധവന്കുട്ടി മാഷുടേത്. ചെറിയമ്മയുടെ അധ്യാപകനുമായിരുന്നു യുസി കോളജില്. അവിടെ വിദ്യാര്ഥികള്ക്ക് പ്രിയങ്കരനായിരുന്നു മാഷെന്ന് അവര് പറയാറുണ്ട്. പൂരപ്പിരിവിന് വീട്ടില് വരുമ്പോള് മൂത്തവല്ല്യമ്മയോടു പറയും: ശാരദോപ്പോളില് നിന്ന് ആദ്യം വാങ്ങണം എന്ന്. മൂത്തവര് സ്‌നേഹത്തോടെ മാപ്പന് എന്നുവിളിച്ച മാഷ്..
ഒടുവില് കണ്ടത്, പൂരപ്രേമിസംഘത്തിന്റെ മാസപരിപാടിയായ കാലപ്രാമാണികത്തിനാണ്, കൗസ്തുഭത്തില് വച്ച്. തനിക്ക് അവാര്ഡ് ഒക്കെ കിട്ടീലോ..നന്നായി എന്ന് മാഷ്. മാഷുടെ ഒക്കെ അനുഗ്രഹമുണ്ടാവണം എന്നു മറുപടി പറഞ്ഞു. നിശബ്ദമായി തലയില് കൈവച്ചു..
പൂരം നടത്തിപ്പിന് പ്രതിസന്ധികളുണ്ടായപ്പോഴെല്ലാം തൃശൂര്ക്കാര്ക്ക്് ഒരുത്തരമേയുണ്ടായിരുന്നുള്ളൂ, മാധവന്കുട്ടിമാഷ് എന്ന ഞങ്ങളുടെയെല്ലാം പ്രിയപ്പെട്ട മാപ്പന്!. എഴുതിത്തീരുമോ എന്നറിയില്ല..കണ്ണുനിറയുന്നു. സ്വസ്തി.
No comments:
Post a Comment