Tuesday, September 30, 2014

ഓര്‍മ്മകള്‍ പിന്നോട്ടോടുന്നതെന്ത്‌ ?


കാരണമല്ല..കാരണങ്ങള്‍ തന്നെ ഉണ്ടാകാം.
അത്മാഭിമാനത്തെ സ്‌പര്‍ശിക്കുന്ന ഒരു സംഭവമുണ്ടായാല്‍ ഒരുവെളളക്കടലാസില്‍ ഒറ്റവരി...
അതുമതി.
അച്യുതവാര്യര്‍ സാറാണത്‌ കാണിച്ചു തന്നത്‌.
ഒരിക്കലല്ല. രണ്ടുതവണ.
തികഞ്ഞ ആഹ്ലാദത്തോടെ, ഹൃദയത്തില്‍നിന്നുള്ള പുഞ്ചിരിയോടെ അവര്‍ പടിയിറങ്ങി..
രക്തസാക്ഷി പരിവേഷം അണിയാതെ..പിറുപിറുക്കാതെ..ആരേയും കുറ്റപ്പെടുത്താതെ..
വീണ്ടും മനസ്സ്‌ പിന്നോട്ടോടുന്നു..സി.പി.രാമചന്ദ്രനില്‍ എത്തുന്നു.
ഹിന്ദുസ്ഥാന്‍ ടൈംസ്‌ എഡിറ്റര്‍ ബി.ജി.വര്‍ഗീസിനെ പത്രമുതലാളി ബിര്‍ള പിരിച്ചുവിടുന്നു. കാരണം പോലും കാണിക്കാതെ..!
അതിനെതിരേ ടൈംസിലിരുന്നുകൊണ്ടു തന്നെ സിപി കേസുകൊടുത്തു. കേസില്‍ ബിര്‍ളതോറ്റു. നിര്‍ണായകമായ കോടതിവിധി..
ഇതിനെ കുറിച്ച്‌ പിന്നെ സിപി പറഞ്ഞു:
He was not a good journalist. പക്ഷെ, എഡിറ്ററുടെ അഭിമാനം രക്ഷിക്കേണ്ടതുണ്ടെന്ന്‌ തോന്നി..!!
ഡെപ്യൂട്ടി എഡിറ്ററായി വിരമിച്ചു സിപി. സാധാരണ ഗതിയില്‍ രണ്ടുവര്‍ഷം കൂടി നീട്ടിക്കൊടുക്കാം. ബിര്‍ള അതു ചെയ്‌തില്ല.
സിപി ചിരിച്ചു. ഹൃദയത്തില്‍ നിന്നുളള ചിരി. മുമ്പിലിരിക്കുന്ന റമ്മില്‍ നിന്ന്‌ ഒരു സിപ്പ്‌ എടുത്തിട്ട്‌ പറഞ്ഞു:
`ഞാനൊന്ന്‌ പോയിക്കിട്ടിയാല്‍ മതിയായിരുന്നു അവര്‍ക്ക്‌. അവര്‍ക്ക്‌ എന്നെ പേടിയായിരുന്നു...!!'.
വീണ്ടും മനസ്സ്‌ പിറകിലേക്കോടി...
പോത്തനിലെത്തി. സക്ഷാല്‍ പോത്തന്‍ ജോസഫ്‌.
പത്രപ്രവര്‍ത്തകര്‍ക്ക്‌ മാന്യമായി ജീവിക്കാനുള്ള പ്രതിഫലം ലഭിക്കണമെന്ന്‌ വാശിപിടിച്ച എഡിറ്റര്‍. ഇതിനായി അദ്ദേഹം നിരന്തരം കലശല്‍കൂട്ടി.
വളര്‍ത്തി വലുതാക്കിയ പത്രസ്ഥാപനങ്ങളില്‍ നിന്നെല്ലാം വേദനയോടെ പടിയിറങ്ങി. ഹിന്ദുസ്ഥാന്‍ ടൈംസ്‌, ഇന്ത്യന്‍ എക്‌സ്‌പ്രസ്സ്‌, ഡെക്കാന്‍ ഹെറാള്‍ഡ്‌...
ഒരിക്കല്‍ പോലും അദ്ദേഹം സ്വയം രക്തസാക്ഷി പരിവേഷമണിഞ്ഞില്ല. പിറുപിറുത്തില്ല. അതിന്റെ ആവശ്യവുമില്ലായിരുന്നു.
അടുത്തിടെ ഉണ്ടായ ചില കാര്യങ്ങള്‍ നിരീക്ഷിച്ചപ്പോള്‍, അതിന്‍മേല്‍ നടന്ന ചര്‍ച്ചാ ബഹളം കണ്ടപ്പോള്‍ ഇതൊന്നു കുറിക്കണമെന്ന്‌ തോന്നി. എഴുതീട്ട്‌ വിശേഷമൊന്നുമില്ലെന്നറിയാം. എന്നാലും മനസ്സിന്‌ ഒരു സംതൃപ്‌തിയ്‌ക്കുവേണ്ടി..അതാണല്ലോ പ്രധാനം.

Friday, September 26, 2014

ആഹാ..! പൊടിക്കുരുവി എത്തീ..!!



ര്യാടന്‍ കനിഞ്ഞതുകൊണ്ട്‌, കിടപ്പുമുറിയുടെ തെക്കേ ജനാല തുറന്നിടാനിടയായത്‌ നന്നായി. അപ്പുറത്തെ വളപ്പിലെ മാവിന്റെ തണുപ്പാണാഗ്രഹിച്ചത്‌. കേട്ടത്‌ പരിചിതമായ പക്ഷിശബ്ദം...
`ചിരുരുവി...ചിരുവിറ്റ്‌...ചിരുരുവി...!
ആദ്യം സംശയിച്ചു. സൂക്ഷിച്ചു നോക്കിയപ്പോള്‍ ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍ ചാഞ്ചാടിക്കൊണ്ടും തെന്നിപ്പറന്നുകൊണ്ടും അവള്‍-ഒരു ചില്ലയില്‍ നിന്ന്‌ മറ്റൊരു ചില്ലയിലേയ്‌ക്ക്‌..ചിറകുകള്‍ പൂട്ടിയും തുറന്നും..!
സന്തോഷം.
അവര്‍ എത്തിയിരിക്കുന്നു: ഇളംപച്ചപൊടിക്കുരുവി എന്ന Greenish Leaf Warbler..!
നാലായിരം കിലോമീറ്റര്‍ സഞ്ചരിച്ചുളള വരവാണ്‌. പതിവുതെറ്റിക്കാതെ..!
നമ്മുടെ തള്ളവിരലോളം പോന്ന ഈ കൊച്ചുപക്ഷി, വരുന്നത്‌ ഹിമാലയത്തിനപ്പുറത്തുനിന്നും...
സെപ്‌തംബര്‍ മധ്യംമുതല്‍ ദേശാടകര്‍ എത്തിത്തുടങ്ങും. ഓരോ ജാതിക്കാര്‍ക്കും ഓരോ സമയം.
ഇക്കുറി ആദ്യം ദൃഷ്ടിയില്‍പ്പെട്ട ദേശാടകന്‍ ഈ നാലിഞ്ചുകാരന്‍/രി പച്ചപ്പക്ഷിയാണ്‌.
ശരീരത്തിനുപരിതലം ഇളംപച്ച. അടിവശം നരച്ചവെള്ള. കറുത്ത ഒരു കണ്ണെഴുത്തുണ്ട്‌. അതിനുമുകളില്‍ നരച്ച ഒരു പുരികവും. ചിറകിലും കാണാം ഒരു വെളളപട്ട.
സദാ ഇലക്കൂട്ടത്തില്‍ ഇരതേടി നടക്കുന്ന ഇവയെ ചലനംകൊണ്ടേ കാണ്ടെത്താവൂ. സദാ അസ്വസ്ഥരായി ചാടിയും മറിഞ്ഞു നടക്കും. ഒപ്പം ചിറകുകള്‍ തുറന്നുപൂട്ടും. കൂടെകൂടെ `ചിരുരുവി' എന്ന വിളിയും..
ഇവയുടെ ചിലപ്പ്‌ കേള്‍ക്കാന്‍ സുഖമുള്ളതാണ്‌. ശബ്ദമാണ്‌ ഇവയെ കണ്ടെത്താനുളള എളുപ്പവഴി. പ്രാണികളാണ്‌ മുഖ്യഭക്ഷണം.
സൈബീരിയയുടെ പടിഞ്ഞാറാണ്‌ ഇവയുടെ പ്രജനനകേന്ദ്രം. മഞ്ഞുമലകളും മരുഭൂമികളും താണ്ടി, ഇവ നമ്മുടെ വീട്ടുമുറ്റത്തെത്തുന്നു-കാലം പിഴയ്‌ക്കാതെ.
ആരാണ്‌ ഇവയ്‌ക്ക്‌ കലണ്ടര്‍ നിര്‍മ്മിച്ചുകൊടുക്കുന്നത്‌?. വഴിപിഴയ്‌ക്കാതെ നമ്മുടെ മണ്ണിലേയ്‌ക്കുളള ഭൂപടം കാണിച്ചുകൊടുക്കുന്നത്‌...?. ശാസ്‌ത്രത്തിന്‌ പലതരത്തിലുളള ഉത്തരങ്ങളാണ്‌. പക്ഷെ, എനിക്കിഷ്ടം എന്റെ മുന്‍തലമുറയും അതിനുമുമ്പുള്ള തലമുറയും അതിനും മുമ്പുള്ള കാരണവന്‍മാരും ഇവരെ കണ്ടിരുന്നു; ഇപ്പോള്‍ ഞാനും കാണുന്നു എന്നുമാത്രം വിശ്വസിക്കാനാണ്‌- അങ്ങിനെ കാലത്തിന്റെ ഒരു കണ്ണിയായിത്തീരാനാണ്‌..!. അതിലൊരു സുഖമുണ്ട്‌.

Tuesday, September 16, 2014

ഹൃദയത്തില്‍ തറഞ്ഞ ശബ്ദങ്ങള്‍..




നല്ലേപ്പിള്ളി എന്ന പാലക്കാടന്‍ ഗ്രാമത്തില്‍ വന്നുപെട്ട അഞ്ചുവയസ്സുകാരന്‍..
വീട്ടിനു മുന്നിലുണ്ടായിരുന്ന കരിമ്പനപട്ടകളില്‍, സായന്തനങ്ങളില്‍ കാറ്റുപിടിക്കുന്നു..
ഏട്ടന്‍ തൃശൂരില്‍ ഒന്നാംക്ലാസുകാരന്‍..
ഒറ്റപ്പെട്ട ബാല്യത്തില്‍ കരിമ്പനക്കാറ്റായിരുന്നു കൂട്ട്‌...
പില്‍ക്കാലത്ത്‌ ഈ ശബ്ദങ്ങളെ വീണ്ടെടുത്തുതന്ന ഒ.വി.വിജയന്‌ എത്രപ്രാവശ്യം നന്ദി പറഞ്ഞു എന്നറിയില്ല...!
യാത്രകളായിരുന്നു.
അച്ഛന്‌ സ്ഥലം മാറ്റം അനുസരിച്ച്‌..
ആരും ശ്രദ്ധിച്ചില്ല..
പക്ഷെ, ഞാന്‍ ശ്രദ്ധിച്ചു...
അവിടെ മരണം പോലും ആഘോഷമായിരുന്നു.
തപ്പട്ടകൊട്ടി, മരിച്ചയാളെ ഇരുത്തി, ശ്‌മശാനത്തിയേ്‌ക്ക്‌ ചുമന്നു കൊണ്ടുപോകുന്ന...
മുന്നില്‍ പടക്കം പൊട്ടിയ്‌ക്കും...
പൂരത്തിനു വെടിക്കെട്ടുനടത്തുന്ന സാമ്പ്രദായിക തൃശൂര്‍ക്കാരന്‌ അതു മനസ്സിലാവില്ല.. പക്ഷെ, കുട്ടിയായ ഞാന്‍ ഭയന്നു.
അതു മനസ്സില്‍ തറഞ്ഞു..
പുലര്‍ച്ചെ സൂര്യന്റെ ആദ്യകിരണങ്ങള്‍ ഉയരുംമുമ്പെ കേള്‍ക്കുന്ന നല്ലേപ്പിള്ളി ബ്രദേഴ്‌സിന്റെ നാഗസ്വര വാദനം..
ഇന്നും പത്രമെഴുത്തുകാര്‍ സംശയിക്കുന്നു- നാഗസ്വരമോ നാദസ്വരമോ..?
കരിമ്പനപ്പട്ടകള്‍ കാറ്റുപിടിക്കുമ്പോള്‍, സത്യത്തില്‍ ഓര്‍ക്കാന്‍ ഒരുപിടി ഓര്‍മ്മകള്‍...

Saturday, September 13, 2014

അവര്‍ ഭക്ഷണം കഴിച്ചിരിക്കുമോ..??



കുട്ടിക്കാലത്താണ്‌ മണ്ണാര്‍ക്കാട്‌ പൂരം കണ്ടത്‌. പൂരത്തോടനുബന്ധിച്ചു വന്ന സര്‍ക്കസായിരുന്നു കമ്പം. കുറച്ചുമനുഷ്യര്‍, അവരുടെ കുട്ടികള്‍, പിന്നെ ഒരു മുട്ടനാട്‌..
ഉണങ്ങിക്കിടക്കുന്ന പാടത്തെ കൊച്ചു കൂടാരത്തിലായിരുന്നു സര്‍ക്കസ്‌.
കസേരകളില്ല. കെട്ടിപ്പൊക്കിയ ഗാലറികളും.
നിരപ്പാക്കിയ പാടത്ത്‌ എല്ലാവരും വട്ടമിട്ടിരുന്നു. അറുപതുപൈസയാണ്‌ ഫീ എന്നാണോര്‍മ്മ..
മുട്ടനാട്‌ ഉയരത്തിലെ ഒറ്റക്കമ്പിയില്‍ക്കൂടി നടന്നു..!
അതിനു ഒത്തനടുവിലെ നാഴിപോലുളള ഒരു വസ്‌തുവില്‍ നിന്ന്‌ സൂക്ഷ്‌മതയോടെ വട്ടം തിരിഞ്ഞു...!
അതുകണ്ട്‌ കോരിത്തരിച്ചു; ആവേശത്തോടെ കൈയടിച്ചു..
ഇന്നലെ, നഗരത്തിലെത്തിയ ഒരു സര്‍ക്കസ്സിനുപോയി. കൊച്ചുമരുമക്കളുടെ നിര്‍ബന്ധം.
മൃഗങ്ങളൊന്നുമില്ല. നിയമം മാറിയിരിക്കുന്നു.
മൂന്നു പട്ടിക്കുട്ടികള്‍, രണ്ടു കുതിരകള്‍...
ഷോ തുടങ്ങുമ്പോള്‍ മുന്നൂറുപേര്‍ തികച്ചില്ല, കാഴ്‌ചക്കാരായി..! ഒഴിഞ്ഞ കസേരകലാണ് അധികവും..
പതിവുപോലെ, ആണുങ്ങളും പെണ്ണുങ്ങളും തിളങ്ങുന്ന വസ്‌ത്രങ്ങളൊക്കെയായി വന്നു. മെയ്‌വഴക്കവും അഭ്യാസചാതുരിയും പ്രകടിപ്പിച്ചു..
ആഹ്‌ളാദത്തിന്റെ ഒരു ലാഞ്‌ജനയും പ്രതിഫലിച്ചില്ല, മനസ്സില്‍..
കീറിപ്പറിഞ്ഞ കൂടാരത്തിന്റെ മോന്തായത്തിലേയ്‌ക്ക്‌ കണ്ണുപായിച്ചിരുന്നു.
കോവിലനെ കാണുമ്പോള്‍, അയല്‍പക്കത്തെ സ്‌ത്രീകള്‍ നാണത്തോടെ പറയുമായിരുന്നത്രെ: `ഈ അയ്യപ്പേട്ടന്‍ എപ്പോഴും വയറിലേയ്‌ക്കേ നോക്കൂ..'
അതേ, ആ നോട്ടത്തിന്‌ മറ്റൊരര്‍ത്ഥവും ഉണ്ടായിരുന്നില്ല. ഇവര്‍ ഭക്ഷണം കഴിച്ചിരിക്കുമോ എന്നു മാത്രമായിരുന്നു.
വിശപ്പ്‌..!
സത്യം, റിംഗിലെ വെള്ളിവെളിച്ചത്തില്‍ തിളങ്ങുന്ന ഇവരെ കണ്ടപ്പോള്‍ മനസ്സിനോട്‌ ഞാന്‍ ചോദിച്ചത്‌ അതാണ്‌-
ഇവര്‍ വയര്‍നിറയേ ഭക്ഷണം കഴിച്ചിട്ടുണ്ടാകുമോ..?

Monday, September 8, 2014

കാലത്തിലെ ഒരു കണിക



സന്ധ്യാകാശത്തിന്‌ ചുവപ്പല്ല, ചാരം പടരുമ്പോള്‍ പുറത്തിറങ്ങാത്തവര്‍ക്കും കേള്‍ക്കാം-ക്വാക്ക്‌..ക്വാക്ക്‌..!!.
സെപ്‌തംബറായി.
സന്ദര്‍ശകര്‍ എത്തുകയാണ്‌.
കാട്ടുവാത്തകള്‍ വരിവച്ചു പറക്കാന്‍ തുടങ്ങുന്നു. ട്രാഫിക്‌ ബ്ലോക്കൊന്നുമില്ല. അഞ്ചോ ആറോ...ചിലപ്പോള്‍ കൂടുതല്‍..
മുമ്പില്‍ ഒന്ന്‌..പിറകെ ശരാകൃതിയില്‍ മറ്റുള്ളവ..
റിപ്പബ്ലിക്‌ ഡേയ്‌ക്ക്‌ സൈനികരുടെ കാല്‍വെയ്‌പ്പുപോലെ, ചിട്ടയില്‍..
ചന്ദ്രികപടരുന്ന ആകാശത്തേയ്‌ക്കു നോക്കി വെറുതെ ഇരിക്കുമ്പോഴാണ്‌, ആയിരമടിയെങ്കിലും മുകളില്‍ ഇവയുടെ പ്രയാണം..
അവരേയും എന്നെയും ബന്ധിപ്പിക്കുന്നത്‌ ചെറിയ ശബ്ദവീചികളാണ്‌..!
എന്തോ ഓര്‍മ്മിപ്പിയ്‌ക്കുന്നു ഈ ശബ്ദം..
ബഹളം നിറഞ്ഞ നഗരത്തിനു മുകളിലൂടെ ഇവര്‍ നീങ്ങുന്നു..
പതിറ്റാണ്ടുകള്‍...ശതാബ്ദങ്ങള്‍...അതിലും കൂടുതല്‍...
അവര്‍ ഈ മാര്‍ഗ്ഗത്തിലൂടെ തന്നെ തീര്‍ത്ഥാടനം നടത്തി..
ഇപ്പോഴും തുടരുന്നു...!!
ഒന്നും മനസ്സിലാകാതേ, കാലത്തിലെ ഒരു കണികയായി ഈസിചെയറില്‍ ഞാനും...!!