കോവിലകം |
ഇളം തണുപ്പുള്ള, വടക്കുന്നാഥക്ഷേത്രത്തിലെ പുല്‍ക്കൊടിയില്‍ കാലുരസുമ്പോള്‍ ഓര്‍ത്തുപോയത് വടക്കുന്നാഥനെന്ന കാശിവിശ്വനാഥനെയല്ല. ശക്തന്‍ തമ്പുരാനെയാണ്.
തൃശൂര്‍ എന്ന കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്തിന്റെ നിര്‍മ്മാതാവ്..!.
പുകള്‍പെറ്റ തൃശൂര്‍പൂരത്തിന്റെ ഉപജ്ഞാതാവ്...!
രാജഭരണത്തിന്റെ ശക്തിയും പ്രഭാവവും പൂര്‍ണമായും ബോധ്യപ്പെടുത്തിയ ഭരണാധികാരി...!
നീതിയുടെ ഉടലെടുത്ത രൂപം...!
കുറ്റകൃത്യങ്ങള്‍ക്ക് കഠിന ശിക്ഷകള്‍ കല്‍പ്പിച്ച പൊന്നുതമ്പുരാന്‍...!
കുറ്റവാളികള്‍ ഭയക്കുകമാത്രമല്ല, ഓര്‍ക്കാന്‍ പോലും മടിച്ചു...!
രാജ്യതന്ത്രജ്ഞതയുടെയും നീതിനിര്‍വ്വഹണത്തിന്റെയും അവസാനവാക്കായ രാമവര്‍മ്മ കുഞ്ഞിപ്പിള്ള തമ്പുരാന് ശക്തന്‍ എന്ന പേര്‍ കിട്ടിയത് വെറുതെയായിരുന്നില്ല...
കഥകളേറേയുണ്ട് തമ്പുരാനെ കുറിച്ച്...ഇന്നത്തെ കാലവുമായി ബന്ധപ്പെടുത്തുമ്പോള്‍ നീതിനിര്‍വ്വഹണം എത്ര നിജമായിരുന്നു എന്ന് അത്ഭുതപ്പെടുത്തുന്ന കഥകള്‍....അമ്പരപ്പിക്കുന്ന കഥകള്‍..!!
പൊന്നു തമ്പുരാന്റെ ജന്മകഥപോലും അത്ഭുതമാണ്...
കൊച്ചിരാജാവാണെങ്കിലും ശക്തന് തൃശൂരായിരുന്നു എല്ലാം. ജീവനും ജീവിതവും. ഭരണതലസ്ഥാനവും തൃശൂരാക്കി തമ്പുരാന്‍..
തൃശൂര്‍ക്കാര്‍ക്കും അതേ. തമ്പുരാനെ സ്‌മരിയ്‌ക്കാതെ ഒരു ദിവസവും കടന്നു പോകുന്നില്ല..!
മഹാനഗരത്തിന്റെ ഓരോ ഭാഗത്തുമുണ്ട് തമ്പുരാന്റെ അടയാളപ്പെടുത്തലുകള്‍..
കോവിലകമുറ്റത്ത്
ഇപ്പോള്‍ നാം നില്‍ക്കുന്നത് ശക്തന്റെ വടക്കേകോവിലകത്തിന്റെ വിശാലമായ മുറ്റത്താണ്. ഡച്ചുമാതൃകയില്‍ തീര്‍ത്തിരിയ്‌ക്കുന്ന കോവിലകം ഇന്ന് ചരിത്രമ്യൂസിയമാണ്. കെട്ടിലും മട്ടിലും ഒട്ടും മാറ്റമില്ലാതെ കോവിലകം..
എത്രയെത്ര ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതാണ് ഈ സമുച്ചയം...പ്രണയങ്ങള്‍ക്കും പ്രണയഭംഗങ്ങള്‍ക്കുമൊപ്പം എത്രയെത്ര രാജകീയ മുഹൂര്‍ത്തങ്ങള്‍..സംഘര്‍ഷഭരിതമായ വ്യക്തിബന്ധങ്ങള്‍...! അവരും വ്യക്തികളായിരുന്നു, നമ്മെപോലെ എന്നോര്‍മിപ്പിക്കുന്നവ...
ഓര്‍മ്മകളുടെ കുതിച്ചുപാച്ചിലില്‍, കാലപ്രവാഹത്തില്‍ നീന്തുന്ന അനുഭവം..
ഇവിടെ എല്ലാം കേള്‍ക്കാം..അനുഭവിയ്‌ക്കാം...ചിലപ്പോള്‍ സ്‌പര്‍ശിച്ചറിയാം..
ഗോവണി |
ശക്തന്‍ മരണപ്പെട്ട വടക്കേ അറ |
..............................
വടക്കുന്നാഥക്ഷേത്രത്തിനു ചുറ്റും വനമായിരുന്നു. തേക്കിന്‍കാട്. കളളന്‍മാരും ഹിംസ്രജീവികളും നിറഞ്ഞ ഘോരവനം ഭക്തകളായ സ്‌ത്രീകള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. വനം വെട്ടിവെളുപ്പിക്കുകയെന്ന തീരുമാനമായിരുന്നു തമ്പുരാന്റേത്. നടപടിയും തുടങ്ങി. അപ്പോഴതാ, പാറമേക്കാവിലമ്മയുടെ കോമരം കലികൊണ്ടുവരുന്നു..!
അച്ഛന്റെ ജടവെട്ടരുത് ഉണ്ണീ...എന്നായിരുന്നു ശക്തന്‍തമ്പുരാനോടു കല്‍പ്പന..
പള്ളിവാളുകൊണ്ട് ശിരസ്സുവെട്ടി ചോരയൊഴുക്കിയ കോമരത്തോടു തമ്പുരാന്‍ പറഞ്ഞു-
`നിന്റെ വാളിന് മൂര്‍ച്ചപോര...'
തുടര്‍ന്ന് ഉടവാളൂരിയ തമ്പുരാന്‍ കോമരത്തിന്റെ തലവെട്ടിവീഴ്‌ത്തി എന്നാണ് കഥ. ഈ സംഭവമറിഞ്ഞ തമ്പുരാന്റെ ചിറ്റമ്മയും തമ്പുരാനും തമ്മിലുണ്ടായ സംസാരം പുത്തേഴത്ത് രാമമേനോന്‍ എഴുതിയ ശക്തന്റെ ജീവചരിത്രത്തില്‍:
ചിറ്റമ്മ: പാറമേക്കാവിലെ വെളിച്ചപ്പാടിനെ കുഞ്ഞിപ്പിള്ള വെട്ടിക്കൊന്നോ? നന്നായില്ല. എന്തൊക്കെ ആപത്താണോ വന്നുകൂടുക?.
ശക്തന്‍: അമ്മ പരിഭ്രമിയ്‌ക്കണ്ട. ഞാനാ കോമരത്തെ-ഒരു നായരെ ആണ് കഥകഴിച്ചത്. അവനുണ്ട് എന്റെ മെക്കിട്ടുകയറാന്‍ വരുന്നു. അവനിലുണ്ടോ ഭഗവതി. ഭഗവതി ഒട്ടും കോപിക്കില്ല.
ചിറ്റമ്മ: ആവോ?. എനിക്കൊന്നും അറിഞ്ഞുകൂടാ. സാഹസങ്ങള്‍ കുറയ്‌ക്കണം കുഞ്ഞിപ്പിള്ളേ!. എപ്പോഴൂണ്ട് ഓരോന്ന്.
ശക്തന്‍: അമ്മയ്‌ക്ക് ഒട്ടും സമാധാനക്കേടുവേണ്ട. ഇങ്ങനത്തെ വെളിച്ചപ്പാടുമാര്‍ ഭഗവതിയ്‌ക്ക് പോരായ്‌മയാണ്. ജനങ്ങളുടെ ദൈവവിശ്വാസം തന്നെ കുറഞ്ഞുപോകും ഈ വകക്കാരുണ്ടായാല്‍.
ചിറ്റമ്മ: കുഞ്ഞിപ്പിള്ള പറേമ്പോ അതൊക്കെ ശരിയാന്ന് തോന്നും. എന്തെങ്കിലും ആയിക്കോളൂ. സൂക്ഷിച്ചുവേണേ ഒക്കെയും.
മൂന്നാം വയസ്സില്‍ മാതാവിനെ നഷ്ടപ്പെട്ട ശക്തന്‍ തമ്പുരാനെ നോക്കിവളര്‍ത്തിയത്, അമ്മയുടെ അനുജത്തിയായ ചിറ്റമ്മ തമ്പുരാനാണ്. കുഞ്ഞിപ്പിള്ള എന്നാണ് അവര്‍ തമ്പുരാനെ വിളിച്ചിരുന്നത്. അമ്മയായിത്തന്നെയാണ് തമ്പുരാന്‍ അവരെ കരുതി ആദരിച്ചത്. അവിടുത്തെ ഒരു കല്‍പ്പനയും തമ്പുരാന്‍ ധിക്കരിച്ചിട്ടില്ലെന്നാണ് ചരിത്രം. ടിപ്പുവിനെ കാണാന്‍ പുറപ്പെടുമ്പോഴും, തിരുവനന്തപുരത്തേയ്‌ക്ക് എഴുന്നള്ളുമ്പോഴും, ഇംഗ്ലീഷുകാരുമായുള്ള കരാറിനൊരുങ്ങുമ്പോഴും എന്നുവേണ്ട എല്ലാ പ്രധാനസന്ദര്‍ഭങ്ങളിലും ശക്തന്‍ ചിറ്റമ്മയുടെ അനുഗ്രഹം വാങ്ങിയിരുന്നു.
തൃശൂര്‍ കുറുപ്പത്തെ വിവാഹലോചനനടക്കുന്നതറിഞ്ഞ് തമ്പുരാനോട് അവര്‍ പറഞ്ഞു:
`എനിക്കൊട്ട് ആക്ഷേപല്ല്യാ. ഞാനൊട്ട് അറിയേം ഇല്ല്യ. കുഞ്ഞിപ്പിള്ളേടെ സ്വഭാവത്തിന് പാകം നോക്കാന്‍ ക്ഷ കുഴങ്ങും ആരായാലും.'
തമ്പുരാന്റെ സാഹസികപ്രകൃതിയും കാര്‍ക്കശ്യവും നല്ലവണ്ണം അറിയുന്ന ചിറ്റമ്മത്തമ്പുരാന്റെ വാക്കുകള്‍ പ്രവചന സമാനമായി. ബന്ധം വേര്‍ പിരിഞ്ഞു.
ചിറ്റമ്മ: കുഞ്ഞിപ്പിള്ളേടെ സ്വഭാവത്തിനു പാകം നോക്കാന്‍ ആരേക്കൊണ്ടാ ആവാ എന്നു ഞാന്‍ അന്നേ പറഞ്ഞത് കുഞ്ഞിപ്പിള്ളയ്‌ക്ക് ഇപ്പോ ഓര്‍മ്മ വരുണ്ടോ?. അങ്ങനൊന്നും വയ്യാ കുഞ്ഞിപ്പിള്ളേ, അതൊക്കെ പോരായ്യാ..
ശക്തന്റെ ശ്മശാന തറ |
തമ്പുരാന്‍: അമ്മ എന്തറിഞ്ഞിട്ടാ ഇങ്ങിനെയൊക്കെ കല്‍പ്പിക്കുന്നത്?. ഞാനൊന്നും ചെയ്‌തിട്ടില്ല്യ. ഒന്നിനൊന്നായിട്ട് ഓരോരുത്തരും അമ്മേടെ അടുക്കല്‍ എന്തൊക്കെയോ ധരിപ്പിച്ചിട്ടുണ്ട്.
(ചില അഭിപ്രായവ്യത്യാസങ്ങളും അസുഖകരമായ സംഭവങ്ങളും കാരണം ഈ ബന്ധം ഒഴിഞ്ഞു. എന്നാല്‍ ആ സ്‌ത്രീ മരിയ്‌ക്കുംവരെ തമ്പുരാന്‍ വിഭാര്യനായിത്തന്നെ തുടര്‍ന്നു എന്നതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം!.).
വ്യക്തിബന്ധങ്ങള്‍..ശൈഥില്യങ്ങള്‍...ഈ കൊട്ടാരക്കെട്ടിനു പറയാന്‍ കഥകളെത്ര!.
.....................
ജനങ്ങള്‍ക്ക് ഭീതിയൊഴിഞ്ഞ കാലമായിരുന്നു ശക്തന്റെ ഭരണകാലം . അത്യാചാരക്കാര്‍ക്ക് നില്‍കിവന്ന കഠിനശിക്ഷ, കുറച്ചൊന്നുമല്ല ജനജീവിതം സ്വച്ഛമാക്കിയത്.
ഒരിക്കല്‍, തമ്പുരാന്‍ കൊച്ചിയില്‍ എഴുന്നളളിയിരിക്കുന്ന കാലമാണ്. അസമയത്ത് വഞ്ചിയില്‍ കൊടുങ്ങല്ലൂരിനടുത്തുളള കരൂപ്പടന്നയില്‍ വന്നിറങ്ങിയ നമ്പൂതിരിമാരെ കുറേ ജോനകമാപ്പിളമാര്‍ വളഞ്ഞ് കൈയിലുള്ളതെല്ലാം പിടിച്ചുപറിച്ചു.
അസമയത്താണോ സഞ്ചാരം? എന്ന പിടിച്ചുപറിക്കാരുടെ നേതാവിന്റെ ചോദ്യത്തിന്, ശക്തന്‍തമ്പുരാനല്ലേ ഭരിക്കുന്നത്..എന്നായിരുന്നു നമ്പൂതിരിമാരുടെ മറുപടി.
`ശക്തന്‍ രാജാവിന്റെ ശക്തി കരൂപ്പടന്നയ്‌ക്കു വടക്കോട്ടു ഫലിയ്‌ക്കയില്ല. ഇവിടെ ഞങ്ങളുടെ ശക്തിയേ നടക്കൂ'- എന്നു പറഞ്ഞാണ് സംഘത്തലവന്‍ ഇവരുടെ പണവും ആഭരണങ്ങളുമെല്ലാം പിടിച്ചു പറിച്ചത്.
പിറ്റേന്ന് കൊച്ചിയിലെത്തിയ നമ്പൂതിരിമാര്‍ തമ്പുരാനെ കണ്ടു സങ്കടമുണര്‍ത്തിച്ചു.
പ്രതികളെ പിടികൂടി പിറ്റേദിവസം തന്നെ ഹാജരാക്കാന്‍ ഉടനെ വലിയകപ്പിത്താനെ ചട്ടംകെട്ടുകയാണ് തമ്പുരാന്‍ ചെയ്‌തത്. അന്നുരാത്രി തന്നെ കരൂപ്പടന്നയില്‍ വേഷപ്രഛന്നരായെത്തിയ കപ്പിത്താനും സംഘവും കവര്‍ച്ചാസംഘത്തിനു വിലങ്ങുവച്ചു..!
പിറ്റേന്ന് രാജസന്നിധിയില്‍ നമ്പൂതിരിമാരെ വിളിച്ചുവരുത്തി പ്രതികളെ തിരിച്ചറിയുകയും തൊണ്ടിമുതല്‍ തിരിച്ചു നല്‍കി അവരെ സന്തോഷിപ്പിച്ചയയ്‌ക്കുകയും ചെയ്‌തശേഷം തമ്പുരാന്റെ ശിഷാവിധി വന്നു-
`ഇവരെ കപ്പല്‍ചാലില്‍ കെട്ടിത്താഴ്‌ത്തുക...!'.
ശിക്ഷ ഉടന്‍ നടപ്പിലാക്കുകയും ചെയ്‌തു.
സ്‌ത്രീരക്ഷ രാജധര്‍മ്മമാണ്. സ്‌ത്രീകള്‍ക്ക് പ്രത്യേക സുരക്ഷയായിരുന്നു ശക്തന്റെ രാജ്യത്ത്. അവരോടു അപമര്യാദകാണിക്കുന്നവര്‍ക്ക് വധശിക്ഷയില്‍ കുറഞ്ഞൊന്നും നല്‍കിയിരുന്നതുമില്ല എന്നു ചരിത്രസാക്ഷ്യം. പാറപ്പെട്ടി നായര്‍, കപ്പിത്താന്‍ ഇക്കണ്ണന്‍, കാവപ്പുരത്തണ്ടാന്‍ എന്നുവേണ്ട, സ്‌ത്രീകളോടു ദ്രോഹം ചെയ്‌തതിന്റെ പേരില്‍ ശക്തന്റെ കൈകൊണ്ട് യമപുരിപൂകിയവര്‍ നിരവധിയാണ്.
തന്റെ വിശ്വസ്‌തസേവകനായ കാവപ്പുരത്തണ്ടാന്‍ ഒരിക്കല്‍ തന്റെ അധികാരം ഉപയോഗിച്ച് ഒരു സാധുസ്‌ത്രീയെ പ്രാപിയ്‌ക്കാന്‍ നിര്‍ബന്ധിച്ചതിന്റെ ഫലം വിവരിക്കുന്ന കഥ പ്രസിദ്ധമാണ്.
രാജകീയ ഇരിപ്പിടങ്ങള്‍ |
തൃശൂരിലെ നായര്‍ സ്‌ത്രീകള്‍, നിത്യവും വടക്കുന്നാഥ ക്ഷേത്രദര്‍ശനം പതിവാണ്. ഇങ്ങിനെ ദര്‍ശനത്തിനെത്തിയിരുന്ന ഒരു സുന്ദരിയായ യുവതിയോട്, കോട്ടയ്‌ക്കു കാവല്‍ ചുമതലയുണ്ടായിരുന്ന തണ്ടാന് മോഹമുദിച്ചു. ഒട്ടും മടിയാതെ തന്റെ ആഗ്രഹം അയാള്‍ അവരെ അറിയിക്കുകയും ചെയ്‌തു. തമ്പുരാന്റെ ഇഷ്ടക്കാരനായ അയാളെ ധിക്കരിക്കുക അസാധ്യമായിരുന്നു. തന്റെ ഇച്ഛയ്‌ക്കു വഴങ്ങിയില്ലെങ്കില്‍ കുടുംബം മുച്ചൂടും മുടിയ്‌ക്കുമെന്നൊരു ഭീഷണിയും അയാള്‍ ഉയര്‍ത്തി.
ധര്‍മ്മ സങ്കടത്തിലായ യുവതി, കോവിലകത്തെത്തി തമ്പുരാനോട് തന്റെ വ്യസനം അറിയിച്ചു.
` ഓഹോ..അവന് അങ്ങിനെയൊരാഗ്രഹം ഉണ്ടെങ്കില്‍ അതു സാധിപ്പിച്ചു കൊടുക്കേണ്ടതാണ്. അതിനെന്താ വിരോധം?' -എന്നായിരുന്നു തമ്പുരാന്റെ ചോദ്യം.
അത് അന്നു തന്നെ സാധിപ്പിച്ചുകൊടുക്കണമെന്നും തമ്പുരാന്‍ യുവതിയോടുകല്‍പ്പിച്ചു..!. പത്തരനാഴിക രാവു ചെല്ലുമ്പോള്‍ അവനോട് വന്നോളാന്‍ പറയണമെന്നും ഇനി ഇവിടെ നില്‍ണ്ടേണ്ട എന്നുമായിരുന്നു തമ്പുരാന്‍ അവരോട് ആജ്ഞഞാപിച്ചത്!.
തമ്പുരാനും കൈവെടിഞ്ഞ അവസ്ഥയില്‍ മനസ്സുതകര്‍ന്ന അവര്‍, തണ്ടാനോട് തമ്പുരാന്‍ ആവശ്യപ്പെട്ടതുപ്രകാരം അന്നു രാത്രി വന്നുകൊള്ളാന്‍ പറഞ്ഞു.
അമൃതേത്തു കഴിഞ്ഞ് തമ്പുരാന്‍, വലിയകപ്പിത്താനെ വിളിച്ചു:
`ഇന്ന് ചിലനേരമ്പോക്കുകളും ഒരു ദീപക്കാഴ്‌ചയും ഒക്കെ വേണമെന്ന് നിശ്ചയിച്ചിട്ടുണ്ട്. അതിനുവേണ്ട എണ്ണയും പന്തവും തിരിത്തുണികളുമായി പത്തുമണിയോടെ........എത്തണം. ഞാന്‍ ഇപ്പോഴേ പോകുന്നു..!.
ആ സ്‌ത്രീയുടെ വീട്ടിനരികില്‍, രഹസ്യമായി തമ്പുരാനും മൂന്നു സേവകരും പതുങ്ങിയിരുന്നു. കഥയറിയാതെ, ആഹ്ലാദവാനായ തണ്ടാന്‍ സര്‍വ്വാലങ്കാര ഭൂഷിതനായി യുവതിയുടെ വീട്ടിലേയ്‌ക്കു കടക്കാന്‍ ഭാവിക്കേ, തിരുമനസ്സ് അവന്റെ കുടുമയ്‌ക്കു ചുറ്റിപ്പിടിച്ച് : `അങ്ങോട്ടല്ല, ഇങ്ങോട്ട്...' എന്നു പറയുകയും ചെയ്‌തു. അസ്‌തപ്രജ്ഞനായ തണ്ടാനെ തമ്പുരാന്‍ തറയിലിട്ട് ചവിട്ടിപ്പിടിക്കുകയും പന്തവും തിരിത്തുണികളും കൊണ്ടുവരാന്‍ ആജ്ഞാപിക്കുകയും ചെയ്‌തത് ഒന്നിച്ചായിരുന്നു.
അവന്റെ ശരീരമാസകലും തിരിത്തുണി ചുറ്റി, എണ്ണയൊഴിച്ച് ജീവനോടെ ചുട്ട ശേഷമായിരുന്നു തമ്പുരാന്റെ മടക്കം..!.
..........................
വാശി നാശത്തിനു കാരണമെന്നാണ് പറയുകയെങ്കിലും തമ്പുരാന്റെ വാശികൊണ്ട് ലോകവിസ്‌മയമായ തൃശൂര്‍പൂരം രൂപം കൊണ്ടു എന്ന കഥ പഴമൊഴിക്ക് അപവാദമാണ്.
ആറാട്ടുപുഴ പൂരത്തിനു അപമാനിയ്‌ക്കപ്പെട്ട വേദനയില്‍ തിരുസന്നിധിയിലെത്തിയ തട്ടകക്കാരുടെ പരിദേവനം ശ്രദ്ധയോടെ കേട്ട ശക്തന്‍ തമ്പുരാന്‍ ഒന്നേ പറഞ്ഞുള്ളൂ:
`ഇനി ആറാട്ടുപുഴയ്‌ക്കു പോകേണ്ട. പൂരം നമുക്ക് ഇവിടെ തന്നെയാകാം..!'.
അതായിരുന്നു തൃശൂര്‍പൂരമെന്ന വിശ്വപ്രസിദ്ധ പൂരത്തിന്റെ തുടക്കം.
നൂറ്റാണ്ടുകള്‍ക്കു മുമ്പ് ചരിത്രകാരന്‍മാരുടെ കണക്കുപ്രകാരം കഷ്‌ടി നാനൂറ് വര്‍ഷം മുമ്പായിരുന്നു ഈ സംഭവം. മഴമൂലം തൃശൂര്‍ ദേശക്കാര്‍ക്കും കുട്ടനെല്ലൂര്‍ ദേശക്കാര്‍ക്കും ആറാട്ടുപുഴയില്‍ കൃത്യസമയത്ത് എഴുന്നള്ളി എത്താനായില്ലത്രെ. അക്കൊല്ലം അവരെ ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ല. അപമാനഭാരത്തോടെ മടങ്ങിയ തട്ടകക്കാരുടെ സങ്കടം കേട്ട, തമ്പുരാന്‍ അടുത്തവര്‍ഷം തൃശൂര്‍കാര്‍ക്കു മാത്രമായി ഒരു പൂരം തുടങ്ങിവച്ചു. വിശ്വത്തോളം വളര്‍ന്ന ദൃശ്യവിസ്‌മയമായ തൃശൂര്‍ പൂരം!.
തൃശൂരിനെ വ്യക്‌തമായി രണ്ടു തട്ടകങ്ങളായി തിരിച്ചാണ് തമ്പുരാന്‍ പൂരം വിഭാവന ചെയ്‌തത്. പടിഞ്ഞാറുഭാഗം തിരുവമ്പാടി ക്ഷേത്രത്തിനു കീഴിലും കിഴക്ക് പാറമേക്കാവ് ക്ഷേത്രത്തിനു കീഴിലും. പത്തു ക്ഷേത്രങ്ങളെ കൂട്ടിയോജിപ്പിച്ചാണ് പൂരച്ചടങ്ങുകള്‍ നെയ്‌തെടുത്തത്. നൂറ്റാണ്ടുകള്‍ക്കു മുമ്പു നിശ്‌ചയിച്ചുറപ്പിച്ച ചടങ്ങുകള്‍ ഇന്നും അതേപടി തുടര്‍ന്നു പോരുന്നു എന്നത് ഇന്നും മഹാവിസ്‌മയമാണ്. തെക്കോട്ടിറക്കം കാണാന്‍ ശക്‌തന്‍ തമ്പുരാന്‍ തെക്കേഗോപുര നടയില്‍ എഴുന്നള്ളിയിരുന്നു എന്നാണ് ചരിത്രരേഖകള്‍.
കോവിലകത്ത് തമ്പുരാട്ടിക്കു കാണാനായി തൃശൂര്‍ പൂരത്തോടനുബന്‌ധിച്ച് മറ്റൊരു പൂരം സംഘടിപ്പിച്ചിരുന്നു അദ്ദേഹം. കോവിലകത്തും പൂരം രാജകൊട്ടാരത്തിലുള്ളവര്‍ക്കായി മാത്രമായിരുന്നു എന്നു പറയുന്നു. കാല പ്രവാഹത്തില്‍ ഇതു നിന്നു പോയി. കോവിലകത്തും പൂരം കണ്ടതായി പറയുന്ന തലമുറ ഇന്നില്ല. എന്നാല്‍ ഇതിന്റെ സ്‌മരണനിലനിര്‍ത്തിക്കൊണ്ടു തൃശൂര്‍ പൂരത്തിനു രണ്ടു ദിവസം മുമ്പെ സാമ്പിള്‍ വെടിക്കെട്ട് നടത്തിവരുന്നു. ഈ പൂരം പുനഃസംഘടിപ്പിക്കുന്നതിനെ കുറിച്ച് ദേവസ്വംഭാരവാഹികള്‍ ആലോചന നടത്തിയിരുന്നെങ്കിലും നടപടികള്‍ ഒന്നുമായില്ല.
ഇപ്പോള്‍ നാം നില്‍ക്കുന്നത് കോവിലകത്തിന്റെ മുകള്‍ നിലയിലെ വടക്കേ അറയ്‌ക്കു മുന്നിലാണ്. ശാന്തഗംഭീരമായ അറയില്‍ ഒരു സപ്രമഞ്ചക്കട്ടിലാണ്. എണ്ണയൊഴിഞ്ഞ ഒരു കൂറ്റന്‍ നിലവിളക്കും...
ഇവിടെയാണ് തമ്പുരാന്‍ അന്ത്യശ്വാസംവലിച്ചത്. അമ്പത്തിയേഴാം വയസ്സില്‍. ഇവിടെയുണ്ടായിരുന്ന തൂക്കുകട്ടിലില്‍, ഏറെനാളത്തെ രോഗബാധയെതുടര്‍ന്ന് കിടപ്പിലായിരുന്ന തമ്പുരാന്റെ മരണനിമിഷത്തെക്കുറിച്ച്, പുത്തേഴന്റെ ജീവചരിത്ര പുസ്‌തകത്തില്‍ വിവരണമുണ്ട്..
അസ്‌തപ്രജ്ഞനായിരുന്ന തമ്പുരാന്‍ അവസാനശ്വാസമെടുക്കും മുമ്പെ കണ്ണുതുറന്ന് ഇങ്ങിനെ പറഞ്ഞുവത്രെ:
`ഞാന്‍ മരിയ്‌ക്കുന്നു-അയ്യോ! എന്റെ കൊച്ചി. ഉണ്ണീ! അധര്‍മ്മധ്വംസനമാണ് രാജ്യക്ഷേമം. അമ്മേ! ഭഗവതീ! അടുത്തുനിക്കൂ. നിങ്ങള്‍ ഓര്‍മ്മവയ്‌ക്കണം നാല്- നാലുകൂട്ടം- യോഗിയാതിരിയെ അവരോധിക്കരുത്. വടക്കുന്നാഥാ! കയ്‌മളെ വാഴിക്കരുത്. അയ്യോ! ജഗദീശ്വരാ-അച്ചനെ-കിട്ടോ-അടുപ്പിക്കരുത്-ഇങ്കിരീസു കമ്പഞ്ഞി- ആവൂ-അവരെ പിണക്കരുത്. അയ്യോ! നിങ്ങള്‍ക്കു കണക്കിലാവും-പൂര്‍ണ്ണത്രയീശാ! കരുണാനിധേ! രാജധര്‍മ്മം രക്ഷിക്കണേ! ആ-വൂ...'
കൊട്ടാരക്കെട്ടിന്റെ തെക്കേവളപ്പില്‍ ശ്‌മശനാനത്തറയിലേയ്‌ക്ക് ഇലകള്‍ പൊഴിച്ചുകൊണ്ട് ഒരു ചെറുകാറ്റുവീശി. കാറ്റുപോലും ആഞ്ഞുവീശാന്‍ ഭയപ്പെടുന്നതു പോലെ...
-ബാലുമേനോന്‍ എം.
- ചിത്രങ്ങള്‍: സുധീപ് ഈയെസ്.
No comments:
Post a Comment