Tuesday, July 3, 2018

ഈ പുസ്തകത്തിന് ഇന്നറുപത്‌





സാഹിത്യ അക്കാദമിയുടെ മഞ്ഞപ്പെയിന്റടിച്ച ചുവരില്‍ ചാരി ആ കുട്ടി നിന്നു. ഒരു പുസ്തകത്തിനു ബുക്ക് ചെയ്തിട്ട് മാസങ്ങള്‍..
നട്ടുച്ചവെയിലേറ്റ് ചുവരിന് കൂടുതല്‍ മഞ്ഞനിറമായിരിക്കുന്നു..
പുസ്തകം ഇനിയും തയ്യാറായിട്ടില്ല; അക്കാദമിമുറ്റത്തെ വൃക്ഷത്തഴപ്പുകളില്‍ നിന്ന് ഒറ്റപ്പെട്ടകിളിയുടെ നേര്‍ത്ത സ്വരം..
അവന്റെ വരവും കാത്തുനില്‍പ്പും പലകുറി നീണ്ടു..
മഞ്ഞവെയിലില്‍ അവന്‍ സ്വപ്നങ്ങള്‍ കണ്ടു. അതില്‍ ചക്രവാളംവരെ പരന്ന പച്ചമേലാപ്പ്.. പക്ഷികളുടെ കിന്നാരം.. നീലച്ചആകാശത്ത് പഞ്ഞിക്കെട്ടുപോലെ മേഘ
ക്കൂണുകള്‍ എല്ലാം നിറഞ്ഞു.
ഒടുവില്‍, പുസ്തകം കിട്ടി- കേരളത്തിലെ പക്ഷികള്‍. പ്രീ-പബ്ലീക്കേഷന്‍ 45രൂപ. പിന്നെ പുസ്തകങ്ങളുടെ വരവായി..പുസ്തകങ്ങള്‍ നിറഞ്ഞു. നിരീക്ഷണക്കുറിപ്പുകളും..
കാലം കടന്നുപോയി. പക്ഷികള്‍ കുറഞ്ഞു..അല്ലെങ്കില്‍ ശ്രദ്ധകുറഞ്ഞു.. സ്വപ്‌നംകാണാനുള്ള സമയവും കുറഞ്ഞു..
ഒരു പുസ്തകം കൈയിലെടുത്തപ്പോള്‍, സ്വപ്‌നങ്ങള്‍ വീണ്ടും കടന്നുവരുന്നു.. അതില്‍ ഒരു കൗമാരക്കാരനുമുണ്ട്.. അക്കാദമിയുടെ മഞ്ഞച്ചുവര്‍ ചാരിനിന്ന് സ്വപ്‌നം കണ്ടിരുന്ന അതേ പയ്യന്‍..

ടെറര്‍ ഓഫ് വാര്‍



ഉള്ളം കൈ ചൂടുണ്ടായിരുന്നു..മൃദുവുമായിരുന്നു. 
ടെറര്‍ ഓഫ് വാര്‍ എന്ന പ്രശസ്ത യുദ്ധചിത്രത്തിന്റെ അവകാശി. ലോകം യുദ്ധഭീകരതയെന്തെന്ന് ഒറ്റനോട്ടത്തില്‍ തിരിച്ചറിഞ്ഞ ചിത്രം പകര്‍ത്തിയ നിക്ക് ഉട്ട് തൃശൂര്‍ പ്രസ് ക്ലബില്‍ വന്ന നിമിഷം. എഴുന്നേല്‍ക്കണോ എന്ന് ശങ്കിച്ച് എഴുന്നേറ്റുനിന്ന നിമിഷത്തില്‍ മനുഷ്യസ്‌നേഹത്തിന്റെ ആ കൈ നീണ്ടുവന്നു..
മിന്നുന്ന കാമറക്കണ്ണുകളിലൊന്നില്‍ ഈ ചിത്രവും. വീക്ഷണം പത്രത്തിന്റെ ഫൊട്ടോഗ്രാഫര്‍ ശാഞ്ച് ലാല്‍ പകര്‍ത്തി. ഒന്നും മിണ്ടാതെ, ഇന്‍ബോക്‌സില്‍ അയച്ചു തന്ന സ്‌നേഹം.ശാഞ്ച്‌ലാല്‍ നന്ദി.
ആരോടു പറയാന്‍... പുലിറ്റ്‌സര്‍ നേടിയ ഈ മനുഷ്യസ്‌നേഹി അടുത്തുകൂടി കടന്നുപോകുമെന്നും പുഞ്ചിരിയോടെ കൈനീട്ടുമെന്നും ഒരിക്കലും അറിഞ്ഞിരുന്നില്ല..കരുതിയിരുന്നില്ല. ചിലതൊക്കെ കാലം കരുതിവച്ചിരിക്കുന്നു. അത് ആ ഇടവഴിയുടെ അറ്റത്ത് ഉണ്ടായിരിക്കും, അറിഞ്ഞുകൂടാ..നടക്കുക...അത്രമാത്രം.

ഗംഗാധരന്‍



അച്ചന്റെ തറവാട്ടില്‍ ഒരാനയെകൂടി വാങ്ങുന്നു. പാലിയത്തെ വലിയച്ചന് ഒരല്‍പ്പം പണം തികയാതെവന്നു. ആര്‍ക്കിയോളജി ഡയറക്ടറായിരുന്ന അച്ഛച്ചന്‍, പാലിയത്ത്് അനുജന്‍ അച്ചന്റെ കൈയില്‍ അതുണ്ട്. വലിയച്ചന്‍ ആളെ വിട്ടു..
അച്ഛച്ചന്‍ പറഞ്ഞു: പണം തരാം.. പക്ഷെ രണ്ടു കണ്ടീഷനുകളുണ്ട്. 
ഒന്ന് ആനക്ക് എന്റെ മകന്റെ പേരിടണം: ഗംഗാധരന്‍. രണ്ട്: തൃശൂര്‍ പൂരത്തിനു കൊണ്ടുവരുമ്പോള്‍ ആനകളെ എന്റെ വീട്ടുവളപ്പില്‍ കെട്ടണം..!.
കണ്ടീഷനുകള്‍ അംഗീകരിക്കപ്പെട്ടു. ആനയെ വാങ്ങി. പൂരത്തിനു കൊണ്ടുവരുമ്പോള്‍, അവയെ വടക്കേ ബസ് സ്റ്റാന്റിനടുത്ത് പാലിയം റോഡിലെ ഞങ്ങളുടെ തറവാട്ടുവളപ്പില്‍ കൊണ്ടുവരും. അച്ഛച്ചന്‍ പഴം കൊടുക്കും. ചാലക്കുടിയില്‍ കൂപ്പുപണിക്കിടെയാണ് ഗംഗാധരന്‍ ചരിഞ്ഞത്. ഗംഭീരനായിരുന്നു ഗംഗാധരന്‍...
അച്ഛന്‍ കഥ പറഞ്ഞു നിര്‍ത്തി. പൂരദിവത്തില്‍ തറവാട്ടില്‍ ചെന്ന ഞാന്‍ ഈ കഥകേട്ട്, താടിക്കുകൈയും കൊടുത്തിരുന്നു. അതുകണ്ട് അച്ഛന്‍ ചിരിച്ചു..
അല്ല, അച്ഛന് 83 വയസ്സ്. എനിക്കതിന്റെ പകുതിയും. ഇക്കാലമത്രയും ഒന്നിച്ചുണ്ടായിരുന്നിട്ട് ഈ കഥ അച്ഛന്‍ പറയുന്നത്, ഇപ്പോള്‍-2018ലെ പൂരത്തിന്..!!.
എനിക്ക് ചിരിയൊന്നും വന്നില്ല.


മാര്‍ക്കര്‍ മാണിക്യന്‍..!!



ഹൊ..! എന്തൊരു നിമിഷമാണിത്!. ഒരേ സമയം ഓര്‍മ്മകളുടെ കുത്തൊഴുക്ക്.. വികാരങ്ങളുടെ വേലിയേറ്റവും..
മാര്‍ക്കര്‍ മാണിക്യന്‍..
തൃശൂരില്‍ ഒരു തവണയെങ്കിലും പണിയെടുത്തിട്ടുളള മാധ്യമപ്രവര്‍ത്തകര്‍ അറിയാതിരിക്കില്ല; ഓര്‍ക്കാതിരിക്കില്ല.
കായികരംഗത്തെ ഏതു ഗെയിമിന്റേയും കോര്‍ട്ടിന്റെനീളവും വീതിയും കോണളവുകളും ഉള്ളംകൈരേഖപോലെ സുവ്യക്തമായി അറിയുന്ന മാര്‍ക്കര്‍മാണിക്യന്‍!. പാലസ് സ്‌റ്റേഡിയത്തില്‍, സംസ്ഥാന സ്‌കൂള്‍കായികമേള നടക്കുമ്പോള്‍, ട്രാക്കിലെ കുമ്മായപ്പൊടി ഒന്നു മാഞ്ഞാല്‍, 400 മീറ്റര്‍ ഹര്‍ഡില്‍സിനുമുമ്പ്...എന്തിനും സംഘാടകര്‍ ഇടതടവില്ലാതെ മൈക്കിലൂടെ വിളിച്ചുപറഞ്ഞിരുന്ന പേര്‍..
മാര്‍ക്കര്‍മാണിക്യന്‍!.
എഴുപത്തൊന്നുകാരനായ മാണിക്യനെ കോവിലകത്തും പാടത്തെ കൊച്ചുകൂരക്കുമുന്നില്‍ നിന്നു പൊക്കിയെടുത്തപ്പോള്‍ എന്തൊക്കെ ഓര്‍മ്മകള്‍..
ഐഎം വിജയന്റെ കൈപിടിച്ച് ഫുട്‌ബോള്‍ ലോകത്തെത്തിച്ച അമ്മാമനാണ് ഈ കുറിയ മനുഷ്യന്‍..എഴുപത്തൊന്നാം വയസ്സിലും ജര്‍മ്മനിയുടെ കളിയെ കുറിച്ചു പറയുമ്പോള്‍, ശരീരഭാഷപോലും മാറിപ്പോകുന്നു..കണ്ണുകളില്‍ ആരവം ഇരമ്പിയാര്‍ക്കുന്നു. ഫുട്‌ബോള്‍ ഇവര്‍ക്കേ അറിയൂ. വികെഎന്‍ മേനോനോട് പറഞ്ഞ്, അഞ്ചാംക്ലാസില്‍ പഠിച്ചിരുന്ന വിജയനെ കോച്ചിംഗ് ക്യാമ്പിലെത്തിച്ച കഥയും പറഞ്ഞു. പിന്നെ വിജയന്റെ വിശ്വവിജയത്തിന്റെ കഥ നമുക്കറിയാം. പഴമക്കാര്‍ പറയുന്നത് അനുഭവത്തില്‍ നിന്നാണ്..അതിനു മധുരം കൂടുതലുണ്ട്...അതിനു മധുരം കൂടുതലുണ്ട്. 

തുടക്കം



എക്‌സ്പ്രസിലെത്തി മൂന്നാം മാസം സ്‌പോര്‍ട്ട്‌സ് പേജിന്റെ ചുമതല വന്നുപെട്ടു. വന്നുപെട്ടതാണ്. രണ്ടു സബ്എഡിറ്റര്‍മാര്‍ ലീവ് വന്നു, അതുകൊണ്ട്. കളിയെഴുത്തില്‍ ഇഷ്ടമുണ്ടായിരുന്നിട്ടും വല്ലാതെ പകച്ചു. ഇന്റര്‍നെറ്റില്ലാ, ആപ്പുകളില്ലാ കാലം. പത്രവായനയുള്ളവനേ വാര്‍ത്തയുടെ പിന്‍ചരിത്രം ഓര്‍ത്തെഴുതാനാവൂ. വിരല്‍തുമ്പിലല്ല വിവരം..തലച്ചോറിനെ തന്നെ ആശ്രയിക്കണം. കൈയില്‍ കിട്ടിയ പിടിഐ ടേക്കും പിടിച്ച് കുറച്ചുനേരമിരുന്നു.
ലാവെഗാസിലെ ഇടിക്കൂട്ടില്‍ ടൈസണ്‍, ഇവാന്റര്‍ ഹോളിഫീല്‍ഡിന്റെ ചെവികടിച്ചു പറിച്ചതിന്റെ വിചാരണ..ക്രീം ഷര്‍ട്ടും കോട്ടുമിട്ട് അയാള്‍ കോടതിമുറിയിലേക്ക് കടന്നുവരുന്നു. അയാളെ റിംഗില്‍ നിന്നും കോടതി വിലക്കുന്നു. വാര്‍ത്തയുടെ പൊട്ടും പൊടിയുമേയുള്ളൂ പിടിഐ ടേക്കില്‍. ആ രംഗങ്ങള്‍ മനസ്സില്‍ വിഷ്വലൈസ് ചെയ്ത്, വായിച്ച ഓര്‍മ്മകളും ചേര്‍ത്ത് വാര്‍ത്തയെഴുതി, ലീഡാക്കി.
രാഷ്ട്രീയം എഴുതുന്ന ഒരു സീനിയര്‍ സബ് എഡിറ്ററെ കാണിച്ചു. അയാള്‍ പറഞ്ഞു-ഇത് ലീഡാക്കണ്ട..
പക്ഷെ, മറ്റുമാര്‍ഗമില്ല. ഞാനത് ലീഡാക്കി പേജ്‌ചെയ്തു.
പിറ്റേന്ന് എല്ലാ പത്രങ്ങളിലും അതായിരുന്നു ലീഡ്.
പിന്നെ കളിയെഴുത്ത് ഹരമായി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കരീബിയന്‍ പര്യടനം. ആര്‍ത്തിരമ്പുന്ന ഗാലറി..ഒരോ പന്തിലും ബാറ്റ്‌സ്മാന്റെ ചോരയ്ക്കായി മുറവിളികൂട്ടുന്ന കാണികള്‍..കരീബിയന്‍ ബാന്റിന്റെ പശ്ചാത്തല സംഗീതം..എല്ലാം പത്രത്താളിലേക്ക് ആവാഹിച്ചു. ആസ്വദിച്ചെഴുതാന്‍ കളിക്കളത്തിലെ കഥകളേ പറ്റൂ..ഹന്‍സിക്രോണ്യേ വിമാനം തകര്‍ന്നു മരിച്ചതും ഒരു തരം സന്തോഷത്തോടെയാണ് എഴുതിയത്. അയാള്‍ അന്ന് മാച്ച്ഫിക്‌സിംഗ് നടത്തിയെന്ന് ഏറ്റുപറഞ്ഞു കാലം. ഒരു പക്ഷെ മലയാള പത്രലോകത്ത് ആ വാക്ക് കടന്നുവന്നത് ആ കാലത്തിനുശേഷമായിരിക്കും.
ഹോ..ലോകകപ്പ് കാണുമ്പോള്‍ മനസ്സില്‍ കളിയാവേശം നിറയുന്നതറിയാം.കൈത്തരിപ്പും.

Tuesday, April 17, 2018

കൃഷ്ണമാനസം




അഞ്ജനവിഗ്രഹത്തില്‍ നിന്നു കണ്ണെടുക്കാതെ തൊഴുതുനിന്നു. നിറഞ്ഞുകത്തുന്ന നെയ് വിളക്കിന്‍ പ്രഭയില്‍, ഒരു നിമിഷം കള്ളക്കണ്ണന്‍ ഒളികണ്ണെറിഞ്ഞുവോ..?
സോപാനത്തു നിന്നിരുന്ന കീഴ്ശാന്തിയോട് കുശലം പറഞ്ഞ നേരം, പത്തുവയസ്സുള്ളോരു ബാലന്‍ ആള്‍ക്കൂട്ടത്തിലൂടെ അടുത്തെത്തി. വെളുത്ത് സുന്ദരനായ ഒരു കുട്ടി. അവന്‍ കുഞ്ഞിക്കയ്യില്‍ കരുതിയിരുന്ന രണ്ടു കദളിപ്പഴങ്ങള്‍ തന്റെ നേരേനീട്ടിയിട്ട് പറഞ്ഞു- ഇത് കൈയില്‍വച്ചോളൂ..!!.
ഒരു മുന്‍പരിചയവുമില്ലാതെ, ഈ കൊച്ചുകുട്ടി..??
പഴംവാങ്ങി. വീണ്ടും സംസാരം തുടര്‍ന്നനേരമാണ് ഉള്ളിലെവിടേയോ ഒരന്ധാളിപ്പും പരിസരബോധവും ഉണ്ടായത്...
എവിടേ ആ ബാലന്‍..???
നിമിഷങ്ങള്‍ക്കകം, അവിടെ മുഴുവന്‍ തിരഞ്ഞിട്ടും അങ്ങിനെ ഒരു ബാലകനെയും കണ്ടില്ല!!. നടന്നുമറയാനുള്ള സമയം പോലും ലഭിച്ചിരുന്നില്ല..എന്നിട്ടും!!.

കലയുടെ അതിരുകള്‍ താണ്ടിയ ഗോപിയാശാന്‍ എന്ന കലാമണ്ഡലം ഗോപി, പറഞ്ഞു നിര്‍ത്തി. നവരസങ്ങള്‍ നൊടിയില്‍ മിന്നിമായുന്ന മുഖത്ത്, വായിച്ചെടുക്കാനാവാത്ത മറ്റൊരുഭാവം..
തന്റെ ഇഷ്ടവേനായ ഗുരുവായൂരപ്പനല്ലാതെ മറ്റാരുമായിരുന്നില്ല ആ ബാലനെന്ന് അകമേയിരുന്ന് ആരോ പറഞ്ഞുകൊണ്ടിരുന്നു. ഇന്നും അതോര്‍ക്കുമ്പോള്‍ വിശ്വാസം പതിന്മടങ്ങാകുന്നു.
ഗുരുവായൂരിലെത്തുമ്പോഴെല്ലാം ഭഗവാന് കദളിപ്പഴം സമര്‍പ്പിക്കുന്ന തനിക്ക് ഭഗവാന്‍ തന്നെ തൃക്കൈകൊണ്ട് പ്രസാദം തന്നിരിക്കുന്നു!!.
അനുഭവമാണ്. നെഞ്ചില്‍ചേര്‍ത്തുപിടിച്ച ഭഗവദ്‌സ്വരൂപം മിഥ്യയല്ല!. തന്റെ ഓരോ ചുവടിലും കൈപിടിച്ചു നടത്തിയത് ഈ ചൈതന്യം തന്നെ..മറ്റൊന്നുമില്ല.

ഈ അനുഭവം താന്‍ പറഞ്ഞുനടക്കാറില്ലെന്ന് ഗോപിയാശാന്‍. ചോദിക്കുന്നവരോടുമാത്രം പറയും. ഉറച്ച വിശ്വാസത്തിന്റെ ദൃഢസ്വരം.
ഇഷ്ടംമാത്രമായിരുന്നു ഭഗവാനോട്. അതിനു പ്രേരണയോ മറ്റുള്ളവരുടെ നിര്‍ബന്ധമോ ഒന്നുമില്ല. പതിനാറാം വയസ്സില്‍ തുടങ്ങിയതാണ് ഗുരുവായൂരപ്പനോടുള്ള ഇഴപിരിയാത്ത സ്‌നേഹബന്ധം. താന്‍ ഇന്നെന്തൊക്കെയായോ അതൊക്കെ അവിടുത്തെ കരുണയല്ലാതെ മറ്റൊന്നുമല്ല.
പതിനഞ്ചുവയസ്സുമുതല്‍ വേഷക്കാരനായിരുന്നു. അന്നു ഇഷ്ടമുള്ളപ്പോഴെല്ലാം ഭഗവാനെ പോയികണ്ടുകൊണ്ടിരുന്നു..
മേല്‍ശാന്തിമാരും തന്ത്രി പരമേശ്വരന്‍നമ്പൂതിരിപ്പാടും ക്ഷേത്രത്തിനു സമീപമുള്ള ജയശ്രീലോഡ്ജിലെ സ്‌നേഹബന്ധവും എല്ലാം ഗുരുവായൂരപ്പനെ കാണാനുള്ള യാത്രകള്‍ക്ക് ഇഷ്ടംകൂട്ടി.
പിന്നീട് മൂസിന്റെ ഉപദേശപ്രകാരം മുപ്പട്ട് വ്യാഴാഴ്ചകളാക്കി. അപ്പോഴെല്ലാം ഒരു പടല കദളിപ്പഴം തിരുനടയില്‍ സമര്‍പ്പിച്ചു.. ഇഷ്ടദേവന്റെ ഇഷ്ടനിവേദ്യം!.
അതുമുടങ്ങിയില്ല. ഇന്നോളം.
ഗോപി, ആശാനായതോടെ കദളിപ്പഴം ഒരു കുലയായി സമര്‍പ്പിച്ചുതുടങ്ങി. ദേവന്റെ ഇഷ്ടം കണ്ടറിഞ്ഞുതന്നെ.
യാത്രകാലങ്ങളില്‍ പലപ്പോഴും വ്യാഴാഴ്ചകളില്‍ ദര്‍ശനം അസാധ്യമായി. എങ്കിലും മാസത്തിലൊരിക്കല്‍ ഒരു സതീര്‍ഥ്യനെന്നപോലെ ഭഗവാനെ വന്നു കണ്ടു...പരിഭവങ്ങള്‍ പങ്കുവച്ചു..കുശലം പറഞ്ഞു..
ഒരു ചീര്‍പ്പ് കദളിയും പട്ടും നടക്കല്‍ വയ്ക്കും-ഇപ്പോഴും അതു മുടക്കിയിട്ടില്ല.
അരങ്ങില്‍ നിറയുമ്പോഴും അംഗീകാരങ്ങള്‍ ഒഴുകിയെത്തുമ്പോഴും മനസ്സ്് നീറുന്ന അനുഭവങ്ങള്‍ വന്നുചേരുമ്പോഴും ഭഗവാനായിരുന്നു മനസ്സില്‍.. അവിടുത്തേ ഇച്ഛക്കുവഴങ്ങിയുള്ള ജീവിതം..
മറ്റൊന്നുമില്ല.
1992ലാണ്  ജീവിതം തന്നെ അവസാനിപ്പിക്കുമായിരുന്ന ദുരന്തം കടന്നുവന്നത്. ഇടുപ്പെല്ല് പൊട്ടി. മേജര്‍  ഓപ്പറേഷന്‍ കൂടാതെ രക്ഷയില്ല എന്ന് ഡോക്ടര്‍മാര്‍. ഓപ്പറേഷന്‍ കഴിഞ്ഞാല്‍ തന്നെ, ഇനി അരങ്ങത്തേക്കൊരു മടക്കം ഉണ്ടാവില്ലെന്ന് സുഹൃത്തുക്കളായ ഡോ.ടിഐ രാധാകൃഷ്ണനും ഡോ.നാഗേശ്വര്‍റാവുവും. വിഷമമുണ്ടായി.
ഓപ്പറേഷനു മുമ്പ്, പരസഹായത്തോടെ ഗുരുവായൂര്‍ നടയിലെത്തി ഉള്ളുരുകി പ്രാര്‍ത്ഥിച്ചു മടങ്ങി.
ശസ്ത്രക്രിയ കഴിഞ്ഞു. മാസങ്ങളോളം വിശ്രമം. പതുക്കെ എല്ലാം ശരിയായി വന്നു. ഒടുവില്‍ രണ്ടും കല്‍പ്പിച്ച്, ഗുരുവായൂര്‍ നടയില്‍ ഒരു കളിനേര്‍ന്നു..തുലാഭാരവും.
പലരും നിരുത്സാഹപ്പെടുത്തിയെങ്കിലും വഴങ്ങിയില്ല. കിര്‍മീരവധത്തിലെ അധ്വാനമേറെയുള്ള വേഷമായിരുന്നു ചെയ്തത്-ഭഗവാന്റെ തിരുമുമ്പില്‍.
അത് ഗോപിയാശാന്‍ എന്ന അതുല്ല്യപ്രതിഭയുടെ രണ്ടാംവരവായി...
സംശയിക്കണ്ട, ഭഗവാന്റെ കാരുണ്യം ഒന്നുമാത്രമാണിതെന്ന് ഡോക്ടര്‍മാരുടെ സാക്ഷ്യം.
മേല്‍പ്പത്തൂരിന്റെ വാതരോഗം ശമിപ്പിച്ച ഭഗവാന്റെ കൃപാകടാക്ഷം സര്‍വ്വാതിശായായ ആശ്രിതവാത്സല്യം അനുഭവിച്ചറിഞ്ഞ നിമിഷം!.
ഗുരുകടാക്ഷവും ഗുരുവായൂരപ്പന്റെ സര്‍വ്വാതിശായിയായ കാരുണ്യവും- തന്റെ ജീവിതം അതുമാത്രമെന്ന് അന്വേഷിച്ചെത്തുന്നവരോടെല്ലാം പറഞ്ഞ് ഗോപിയാശാന്‍ അശീതി നിറവിലാണ്... ഇനിയും ഭഗവത് സേവയില്‍ കഴിയാന്‍..കലാരംഗത്ത് മുടിചൂടാമന്നനായി നൂറാണ്ടുകള്‍ തികയട്ടെ  എന്ന പ്രാര്‍ത്ഥനയോടെ ആചാര്യന്റെ ആരാധകരും.