Wednesday, February 5, 2014

ചരിത്രം കുഴിച്ചെടുക്കുമ്പോള്‍...



കുഴിച്ചെടുത്ത ചെമ്പുകുടങ്ങളും വിഗ്രഹങ്ങളും പുരാവസ്‌തു മ്യൂസിയത്തിലെ മനോഹരമായ ചില്ലലമാരകളില്‍, വെള്ളിവെളിച്ചത്തില്‍ നോക്കിക്കാണാന്‍ രസം തന്നെ..
മനസ്സ്‌ പൂര്‍വ്വചരിത്രത്തിലേയ്‌ക്കും പൂര്‍വ്വികസ്‌മരണകളിലേയ്‌ക്കും ഒഴുകും..
തന്നെതന്നെ കണ്ടെടുക്കലാവുന്നു അത്‌..
ഒരു കാലത്ത്‌ ആരോ വിശ്വസിച്ചാരാധിച്ചിരുന്ന മൂര്‍ത്തിയാവാം മുമ്പില്‍..
പ്രതാപിയായ പിതാമഹന്റെ അസ്ഥികുഴിച്ചിട്ട ചെമ്പുകുടങ്ങളിലൊന്നാകാം ഇത്‌..
പൂര്‍വ്വപിതാക്കളുടെ ആത്മാക്കളെ ആവാഹിച്ചതാവാം...
അങ്ങിനെ പലതുമാവാം...
പിതാമഹന്‍ പുരാവസ്‌തു ഗവേഷകനായിരുന്നതുകൊണ്ടാവാം, ചരിത്രക്കാഴ്‌ചകളില്‍ മനസ്സ്‌ പെട്ടെന്ന്‌ അഭിരമിച്ചുപോകുന്നത്‌.
ക്യൂറേറ്റര്‍ ബാലമോഹന്‍ അടുത്തു നില്‍ക്കുന്നു.
അച്ഛച്ചനെ കുറിച്ച്‌ വാതോരാതെ സംസാരിക്കുന്നു.
പിന്നെ പതുക്കെ എന്റെ കുത്തിച്ചോദ്യങ്ങള്‍ക്കു മറുപടി, മടിച്ചുമടിച്ചാണെങ്കിലും..
ഈ വിഗ്രഹങ്ങള്‍, ചെമ്പുകുടങ്ങള്‍ ഇവയൊക്കെ ചൈതന്യം ആവാഹിച്ചു മാറ്റിയാണ്‌ പ്രദര്‍ശനത്തിനു വയ്‌ക്കുന്നത്‌...
അപ്പോള്‍ പൂജ...??
സര്‍ക്കാര്‍ പണം ഇക്കാര്യത്തിനു ചിലവഴിയ്‌ക്കാന്‍ വകുപ്പില്ല..!!.
അപ്പോള്‍, മുക്കോടു പൊട്ടിയെന്നും പട്ടികമാറ്റണമെന്നും ചുമരില്‍ ഈര്‍പ്പംവന്നുവെന്നു എഴുതും...
മെയിന്റനന്‍സ്‌..!!
ചിലവിലേയ്‌ക്കു പണമായി...
പ്രാചീനകല്ലറകള്‍ തുറക്കുമ്പോള്‍, അപകടങ്ങള്‍ പതിവാണെന്ന്‌ മറ്റൊരു ഉദ്യോഗസ്ഥ...
ചിലപ്പോള്‍, കുഴിക്കുള്ളിലേക്കിറങ്ങുമ്പോള്‍ കരിമൂര്‍ഖന്‍ അളയില്‍ നിന്നു ചാടിയെന്നുവരാം...അതുണ്ടായിട്ടുണ്ടെന്ന്‌ അനുഭവസാക്ഷ്യം...!!.
കേരളത്തിലെ മുനിയറകളും കുടക്കല്ലുകളും ആദ്യമായി തുറന്നു പരിശോധിച്ചത്‌ അച്ഛച്ചനാണ്‌(പാലിയത്ത്‌ അനുജന്‍ അച്ചന്‍). അദ്ദേഹത്തിന്റെ ഡയറികളിലും റിപ്പോര്‍ട്ടുകളിലും ഇത്തരം പരാമര്‍ശങ്ങളൊന്നും കണ്ടിട്ടുമില്ല.
എന്തായാലും, ഇന്ത്യാന ജോണ്‍സ്‌ സിനിമ കാണുന്ന ഒരു സുഖം...
ഓരോ തവണ മ്യൂസിയം സന്ദര്‍ശിക്കുമ്പോഴും....!!.

2 comments:

  1. നമ്മുടെ ഈ കാലത്ത് ഏത് പുരാവസ്തു ഗവേഷണമാണ് നടന്നിട്ടുള്ളത്. 1967 നു ശേഷം കേരളത്തില്‍ നടന്നിട്ടുളള ഒന്ന് 2007 ലെ പട്ടണം ഉത്ഖനനമാണ്. കോടികള്‍ ചെലവഴിച്ചാണ് ഈ ഖനനം നടന്നു വരുന്നത്. കരിമൂര്‍ഖനും കാളസര്‍പ്പത്തിനും എത്തിനോക്കാന്‍ പോലും കഴിയില്ല. തൃശൂര്‍ മ്യൂസിയത്തിനു പുറത്ത് ചില 15-ാം നൂറ്റാണ്ടിലെ ചില കല്ലറകളുടെ പുറംമൂടികള്‍ കിടക്കുന്നുണ്ട്. അതിനെ കുറിച്ച് ബഹുമാനപ്പെട്ട മ്യൂസിയം അധികാരികളോടു ഒരിക്കല്‍ ചോദിച്ചപ്പോള്‍ അവര്‍ കൈമലര്‍ത്തി. ചിലര്‍ ചില കാലത്ത് ഇങ്ങിനെ ചില സാധനങ്ങള്‍ ഇവിടെ കൊണ്ടു വന്നിട്ടു. ഞങ്ങള്‍ക്കത് പുലിവാലായി എന്ന മട്ട്. അനുജന്‍ അച്ചനും സംഘവും കേരളത്തില്‍ ഗവേഷണവും ഉല്‍ഖനനങ്ങളും നടത്തുമ്പോള്‍ ഒരു നീര്‍ക്കോലി പോലും അവരെ ഉപദ്രവിക്കാതിരുന്നതിനു കാരണം പരിമിതമായ ഫണ്ടുപയോഗിച്ചാണ് അവര്‍ തങ്ങളുടെ ഗവേഷണങ്ങള്‍ നടത്തിയിരുന്നതെന്നതാണ്. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകളില്‍ അതുകൊണ്ടു തന്നെ പ്രതിബന്ധങ്ങള്‍ കാണാന്‍ കഴിയില്ല മേനോന്‍...
    അവരുടെ ഗവേഷണഫലങ്ങള്‍ എത്രയോ കാലം പൊടിപിടിച്ചു കിടന്നു. അവര്‍ കണ്ടെടുത്ത ചരിത്രാവശിഷ്ടങ്ങള്‍ ചവറ്റുകുട്ടയിലെന്ന പോലെയാണ് ഇപ്പോഴും കിടക്കുന്നത്. എത്രയോ വസ്തുക്കള്‍ നശിച്ചു പോയി. അവരെ ബഹുമാനിക്കണമെങ്കില്‍ അവരുടെ ചെയ്തികള്‍ക്ക് തുടര്‍ച്ചയുണ്ടാകണമായിരുന്നു. അതാരും ചെയ്തില്ല. എംജിഎസിനെപോലുള്ളവര്‍ പോലും മാക്രികളെ ആക്രമിച്ച സമയം മെനക്കെടുത്തി.
    കേരളത്തിലെ മുനിയറകളും കുടക്കല്ലുകളും മാത്രമല്ല അനുജന്‍അച്ചന്‍ തുറന്നെടുത്തത്. കേരള ചരിത്രത്തിനു തുടക്കം കുറിച്ച സംഘകാലഘട്ടത്തെ കുറിച്ച് കൊടുങ്ങല്ലൂരിലും പറവൂരിലും അദ്ദേഹം നടത്തിയ പരിശോധനകള്‍ക്ക് തലമുറകള്‍ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. ചരിത്രം കുറിച്ചു വയ്ക്കാനോ ചരിത്രസാമഗ്രികള്‍ സൂക്ഷിച്ചു വയ്ക്കാനോ മെനക്കെടാത്ത മലയാളി, അനുജന്‍അച്ചനെ പോലുള്ളവരെ മറന്നതില്‍ അത്ഭുതമില്ല. ഇപ്പോഴത്തെ ചരിത്രകാരന്മാര്‍ ചരിത്രം പഠിക്കാത്ത ബെന്നി കുര്യാക്കോസും ചരിത്രം മാത്രം പഠിച്ച് ഗവേഷകന്റെ വ്യാജകുപ്പായമണിഞ്ഞ ചെറിയാന്മാരുമാണ്. അതുകൊണ്ട് മേലില്‍ മ്യൂസിയങ്ങള്‍ സന്ദര്‍ശിച്ച് അച്ചച്ചനെ അപമാനിക്കരുത്.

    ReplyDelete