Thursday, August 21, 2014

എന്താടോ വാര്യരേ നന്നാവാത്തേ..??



ന്ത്രവാദം വശണ്ടോ എന്നായിരുന്നു ചോദ്യം.
ആവാമെന്നു ഞാന്‍...
തറവാട്ടിലെ മൂത്ത ഒരു കാരണവര്‍ മന്ത്രവാദിയായിരുന്നു എന്നു മുത്തശ്ശിമാര്‍ പറയാറുണ്ട്‌. 
നാരായണമ്മാമന്‍..
ഒടിയന്‍മാരെ പിടിച്ചപിടിയാലെ നിര്‍ത്തിയയാള്‍..!. പാരമ്പര്യത്തിന്‌ ഈ കഥകള്‍ ധാരാളം...!
ഒരിടക്കാലത്ത്‌ ജ്യോതിഷം പഠിച്ചുനോക്കിയിരുന്നു. ആ അറിവിലാണ്‌ ആശാന്റെ വരവ്‌..
എനിക്ക്‌ കാലദോഷണ്ട്‌..
ആ..എന്താ നാള്‌..?
.........ആണ്‌.
ഓ..അഷ്ടമവ്യാഴം. ഒക്‌ടോബര്‍ കഴിഞ്ഞാല്‍ ഏഴരശ്ശനി തുടങ്ങും..
പരിഹാരം ല്യേ..?
പലഹാരോ...?
അല്ല പരിഹാരം..?!
ഒന്നൂല്യാ..സ്വന്തം കര്‍മ്മങ്ങള്‍ അനുഷ്‌ഠിക്കാ..മറ്റുളളവരെ കുറിച്ച്‌ ദുഷിപ്പൊന്നും പറയാതെയും വിചാരിക്കാതേയും..അതുമതി.
ആയുസ്സിന്‌..?
ഹേയ്‌...അങ്ങനൊന്നുമില്ല. `അലംഘനീയാ കമലാസനാജ്ഞാ' എന്നല്ലേ..?. കമലാസനന്‍ ച്ചാല്‍ ബ്രഹ്മാവേയ്‌..മൂപ്പരുടെ ആജ്ഞ ലംഘിക്കാന്‍ പറ്റില്ല. സമയായാ പോവന്നെ..!
ഹും...!.വഴിപാട്‌ എന്തെങ്കിലും..?
ഒന്നും വേണ്ടേയ്‌..അവനവന്റെ മനസ്സും പ്രവര്‍ത്തിയും നന്നാക്കാ..അത്രേന്നെ.
പോകുംവഴി, പടിക്കലെത്തിയ മൂപ്പിലാന്‍ പെട്ടെന്നു തിരിച്ചുവന്നു..
`അല്ലാ..നമ്മുടെ ****ന്റെ കാര്യം അറിഞ്ഞില്ലേ? ഭയങ്കര വെള്ളാത്രെ..!.
ഓ...
`അവന്റെ ഭാര്യയ്‌ക്ക്‌ ജോലിസ്ഥലത്തൊരു....'
തലയും താടിയും ഒന്നിച്ചു ചൊറിഞ്ഞ്‌ ഞാന്‍ മനസ്സില്‍ പറഞ്ഞു:
എന്താടോ വാര്യരേ താന്‍ നന്നാവാത്തേ..??!!


അപ്പൂന്‌ പരോശാ



ടുത്തുവന്ന്‌ ആകെയൊന്നു നോക്കും. പിന്നെ, ചുളിഞ്ഞ വിരലുകള്‍കൊണ്ടു തലയില്‍ കുറെ നേരം തടവും.. അതു മുഖംവഴി താഴേയ്‌ക്കിഴഞ്ഞ്‌ നെഞ്ചിലെത്തും..നെഞ്ചില്‍ കുറേനേരം അമര്‍ത്തി തടവിയിട്ടു പറയും: 
അപ്പൂന്‌ പരോശാ...!!
ഞാനൊരുകാലത്തും ഒരു `ഗഡാഗഡിയ'നായിരുന്നില്ല.
എന്നാലും പറയും-
അപ്പൂന്‌ പരോശാ..!
പിന്നെ ഉപദേശമാണ്‌. ശരീരം നോക്കണം...നേരാനേരത്ത്‌ ആഹാരം..
ചോദിച്ചാല്‍ മാത്രം അവരുടെ പരവശതകള്‍ പറയും.
മൂന്നു മുത്തശ്ശിമാര്‍..
തറവാട്ടില്‍, വഴിപോക്കനെപ്പോലെ വല്ലപ്പോഴും കയറിച്ചെല്ലുമ്പോഴും ഇന്നലെ യെന്നതുപോലെ-
അവര്‍ എല്ലാം ഓര്‍ത്തുവയ്‌ക്കുന്നു.
നാലുകെട്ടില്‍ ഒതുങ്ങാതെ അവരുടെ സ്‌നേഹം എല്ലാവരുടേയും സൗഖ്യം അന്വേഷിച്ചുകൊണ്ടിരുന്നു, എപ്പോഴും.
കാലത്തിന്റെ അനിവാര്യത; അവരാരും ഇന്നില്ല.
തറവാട്ടുമുറ്റത്തെത്തുമ്പോള്‍, ഇപ്പോഴും മനസ്സിലിരുന്ന്‌ ആരോ പറയും-
അപ്പൂന്‌ പരോശാ..!!

Monday, August 18, 2014

ഇന്നത്തെ പരിപാടി..



തിരക്കുണ്ടായിരുന്നതിനാല്‍ രാവിലെ പത്രം മറിച്ചുനോക്കിയില്ല. തെറ്റായിപ്പോയി..!. നോക്കിയിരുന്നെങ്കില്‍ അന്നു തീര്‍ച്ചയായും ലീവെടുത്തേനേ..
ബ്യൂറോയിലെത്തിയ ശേഷമാണ്‌ പത്രം മറിച്ചുനോക്കിയത്‌..
അപ്പോഴും പ്രശ്‌നം ഒന്നും തോന്നിയില്ല.
കൊടുങ്ങല്ലൂര്‍ ലേഖകന്റെ ഫോണ്‍കിട്ടിയപ്പോഴാണ്‌ ഞെട്ടിയത്‌.
ഒരു വിവാഹവാര്‍ത്ത അയച്ചിരുന്നു.
അതു പത്രത്തില്‍ അടിച്ചുവന്നിരിക്കുന്നത്‌, ഇന്നത്തെ പരിപാടി എന്ന സ്ലഗിന്റെ ചുവട്ടില്‍..!!
അതേയ്‌..ബാലുസാറേ..ഇന്നു നല്ല പരിപാടിയായിരിക്കും അല്ലേ?- എന്തിനും ദ്വയാര്‍ത്ഥം കല്‍പ്പിച്ചു സംസാരിക്കുന്ന ലേഖകന്റെ കൊട്ട്‌ കേട്ടില്ലെന്ന്‌ നടിച്ചു.
ഡെസ്‌കില്‍ വിളിച്ചു പരാതി പറഞ്ഞപ്പോള്‍ ചിരിച്ചുകൊണ്ടു മറുപടി: അണ്ണാ, ഒരബദ്ധം പറ്റി...!!
എനിക്കു ചിരിവന്നില്ല..

Wednesday, August 6, 2014

മലയാളവത്‌ക്കരണം





ജ്യേഷ്‌ഠാനുജന്‍മാരായ വേലുവും ശങ്കരനും ചൂടിലാണ്‌.
വേലു: ശിഷ്ടകാലം പൃഷ്‌ഠോം ചൊറിഞ്ഞു കഴിഞ്ഞോ...
ശങ്കരന്‍: അല്ല, താന്‍ ഇപ്പന്തേ ചെയ്‌തോണ്ടിരിക്കണേ ആവോ പിന്നെ..?
വേലു: അതു നിന്റെ തന്തോട്‌ ചോയിക്ക്‌..!
ശങ്കരന്‍: അതിനു ഇനി പരലോകം വരെ പോണ്ടെ പുന്നാരമോനേ..?
വാക്കു തര്‍ക്കം കൈയാങ്കളിയിലേയ്‌ക്കു നീങ്ങും മുമ്പെ എടപെട്ടളഞ്ഞു..
ഒരാള്‍ ജോലി കളഞ്ഞതും മറ്റേയാള്‍ ജോലിയില്‍ കടിച്ചു തൂങ്ങിയതുമാണ്‌ കഥാ സന്ദര്‍ഭം..അയാള്‍ക്കു താത്‌പര്യമില്ലാത്ത സാഹചര്യത്തില്‍ ജോലി ഉപേക്ഷിച്ചതിനെ കുറിച്ചാണ്‌ വിമര്‍ശം.
ഞാന്‍: അല്ലേയ്‌..നമുക്ക്‌ വേറെ ജോലി നോക്കാലോ..?
വേലു: അദ്‌പ്പൊ എടുത്തു വച്ചേയ്‌ക്കാ..? ങക്കെന്താ മേനോങ്കുട്ട്യേ..?
ഇത്രയും കഴിഞ്ഞപ്പോള്‍ മേശവലിപ്പില്‍ ചില്ലറ എണ്ണിക്കൊണ്ടിരുന്ന ഉടമ രാവുണ്ണ്യാര്‌ തലയുയര്‍ത്തി നോക്കി.
അല്ല..വേലുണ്ണ്യേ പൃഷ്‌ഠം ചൊറിഞ്ഞുകൊടുത്താ ജോലി സ്ഥിരാവും ച്ചാ..അനക്ക്‌ അതവനെ അങ്ങട്‌ പഠിപ്പിച്ചൂടെ..ഓന്‌ അറിയാഞ്ഞിട്ടല്ലെ..!
അപ്പോള്‍ പഴംപൊരി കടിച്ചുപറിച്ചുകൊണ്ടിരുന്ന കുഞ്ഞാലി:
ഹെയ്‌..ന്റെ നായരെ എന്താ ങള്‌ പറഞ്ഞ ആ വാക്ക്‌...പൃഷ്‌ഠോ?..കസ്റ്റം..! അയിന്‌ മലയാളം ബാക്കില്ലേന്ന്‌..?
പെട്ടെന്ന്‌ പക്ഷി പറന്നുപോയതുപോലെ ഒരനുഭവം ഉണ്ടായി. തിരിഞ്ഞുനോക്കുമ്പോള്‍ പകുതി ഒഴിഞ്ഞ രണ്ടു ചായഗ്ലാസ്‌ മാത്രം കണ്ടു..വേലുവും ശങ്കരനും അപ്രത്യക്ഷരായിരിക്കുന്നു..!!

Tuesday, July 29, 2014

ആത്മാര്‍ത്ഥത എന്നൊന്ന്‌ ഉണ്ട്‌!

അരങ്ങുകാണാത്ത നടന്‍




ഹലോ ബാലൂ...ഞാനാ ഗിരീഷ്‌..Gireesh Janardhanan
ഉച്ചതിരിഞ്ഞ്‌ അപ്രതീക്ഷിതമാെയത്തിയ വിളിയില്‍ സ്‌നേഹം. രോഗവിവരങ്ങള്‍ തിരക്കി. ചില നിര്‍ദ്ദേശങ്ങളും. കൂടെ, പുസ്‌തകങ്ങള്‍ വായിക്കൂ എന്നൊരുപദേശവും. 
പിന്നെ ഒരു ചോദ്യം: തിക്കോടിയന്റെ ആത്മകഥയുണ്ടോ കയ്യില്‍..?
ഉണ്ടെന്നു ഞാന്‍. മാതൃഭൂമിയില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചതു മുതല്‍ വായിച്ചതാണ്‌. പിന്നീട്‌ ആദ്യമായി എന്‍ബിഎസ്‌ പുസ്‌തകരൂപത്തിലാക്കിയപ്പോള്‍ വാങ്ങി.- അരങ്ങുകാണാത്ത നടന്‍.
പുസ്‌തകം കൈയിലുണ്ട്‌.
അതു വായിക്കൂ എന്ന്‌ ഗിരീഷ്‌..
അദ്ദേഹത്തിന്റെ കുടുംബവിശേഷവും തിരക്കി ഫോണ്‍വച്ചു.
അരങ്ങുകാണാത്ത നടന്‍ വീണ്ടും കൈയിലെടുക്കുമ്പോള്‍ മനസ്സ്‌ സന്ദേഹിച്ചു. എന്തേ ഗിരീഷ്‌ ഈ പുസ്‌തകം പേരെടുത്തു നിര്‍ദ്ദേശിക്കാന്‍..?
വര്‍ഷങ്ങളായി പുനര്‍വായനക്കെടുക്കാത്ത ഈ പുസ്‌തകം...?
വായനതുടങ്ങിയപ്പോള്‍ നഷ്ടം ബോധ്യമായി. ഒന്നല്ല, പലകുറിവായിക്കേണ്ട ഒന്നായിരുന്നു ഇത്‌. ശുഭാപ്‌തിവിശ്വാസവും പ്രസന്നതയും മനുഷ്യസ്‌നേഹവും ഓളംവെട്ടുന്ന സ്‌മരണകള്‍..!
ഫേസ്‌ബുക്കിലെ അര്‍ത്ഥമില്ലായ്‌മകളില്‍ മടുപ്പുതോന്നിയപ്പോള്‍, പലപ്പോഴും വിട്ടുപോകണമെന്ന്‌ ഉദ്ദേശിച്ചതാണ്‌. പക്ഷെ, ഇത്തരം ചില സൗഹൃദങ്ങള്‍ ഈ സാമൂഹ്യവലയെ അവിസ്‌മരണീയമാക്കുന്നു. ഗിരീഷ്‌ജി എന്നെ സംബന്ധിച്ച്‌ ഇപ്പോഴും അരങ്ങുകാണാത്ത നടനാകുന്നു. എന്റെ ജീവിതനാടകത്തില്‍ ഇപ്പോഴും അദ്ദേഹം സ്ഥൂലമായി പ്രത്യക്ഷപ്പെട്ടിട്ടില്ല. നസീറിന്റെ പുസ്‌തകപ്രകാശനത്തിനു കാണാമെന്ന്‌ വാക്കു പറഞ്ഞതായിരുന്നു. അപ്പോഴേക്കും രോഗം കീഴ്‌പ്പെടുത്തി. അന്നു രാത്രിയും അദ്ദേഹം തൃശൂരെത്തിയപ്പോള്‍ വിളിച്ചു..
fb സുഹൃത്തായ ലക്ഷ്‌മിയേടത്തി Lakshmi S Indrambilly എന്നോടു ഒരു ചോദ്യം ചോദിച്ചു: ബാലൂ ആത്മാക്കളുണ്ടോ..?
നിശ്ചയമായും എനിക്കു അറിയാത്ത ഒരു സംഗതിയാണ്‌. പക്ഷെ, ഒന്നുറപ്പിക്കാം- ആത്മാര്‍ത്ഥത എന്നൊന്ന്‌ ഉണ്ട്‌!.

Thursday, July 17, 2014

ചില മോഹങ്ങള്‍..




1985 മുതലാണ്‌ തുടങ്ങിയത്‌. പത്താം ക്ലാസ്‌ കഴിഞ്ഞ്‌. യാദൃച്ഛികമായി തൃശൂര്‍ പ്രസ്സ്‌ ക്ലബിനു ചുവട്ടിലുള്ള വിദ്യാര്‍ത്ഥിമിത്രം പുസ്‌തകശാലയില്‍ നിന്ന്‌ ഒരു പുസ്‌തകം വാങ്ങി. ഇന്ദുചൂഡന്റെ, 'പക്ഷികളും മനുഷ്യരും'. അതൊരു വഴിത്തിരിവായിരുന്നു. പക്ഷിനിരീക്ഷണം എന്ന ശാസ്‌ത്രീയ വിനോദത്തിലേയ്‌്‌ക്ക്‌. ഈ കാലം വരെ അതു സ്വന്തം ഇഷ്ടത്തില്‍ നടത്തിവരുന്നു. പിന്നീട്‌, സലീം അലിയും റിപ്ലിയും ഒക്കെ പരിചിതരായെങ്കിലും കെ.കെ.നീലകണ്‌ഠന്‍ എന്ന ഇന്ദുചൂഡനെയായിരുന്നു എനിക്കിഷ്ടം. `കേരളത്തിലെ പക്ഷികള്‍' എന്ന അദ്ദേഹത്തിന്റെ പുസ്‌തകം പ്രസിദ്ധീകരിച്ചത്‌ സാഹിത്യഅക്കാദമി. അന്നു അറുപത്തഞ്ച്‌ രൂപ വില. പ്രീപെയ്‌ഡ്‌ അടച്ചു. നാല്‍പ്പത്തഞ്ചേ ആയുള്ളൂ.
മലയാളത്തില്‍ തികച്ച്‌ പത്തുപക്ഷികള്‍ക്കു പേരില്ല, എന്ന അദ്ദേഹത്തിന്റെ പരാമര്‍ശം അന്നേ ഞെട്ടിച്ചു. നാട്ടുപേരുകള്‍...ഓരോ സ്ഥലത്തും ഓരോന്ന്‌. മിക്കപക്ഷികള്‍ക്കും അദ്ദേഹം തന്നെ പേരുകള്‍ പുസ്‌തകത്തില്‍ കല്‍പ്പിച്ചു. ഉദാഹരണത്തിന്‌ തനി നാട്ടിന്‍ പുറത്തുകാരനായ, പനകളില്‍ ജീവിക്കുന്ന ഒരു പക്ഷിക്ക്‌- ഇണക്കാത്തേവന്‍. കാരണം ഈ പക്ഷിയെപ്പോഴും ഇണയോടൊപ്പമേ കാണൂ..!.
ഈ മനുഷ്യനെ നാം ഒരു ശാസ്‌തജ്ഞനായേ കണ്ടില്ല. സമഗ്രമായ പക്ഷി പഠനം ഇതു പോലെ നിസ്വാര്‍ത്ഥമായി നടത്തിയ മനുഷ്യനില്ല. പാലക്കാട്ടെ കാവശ്ശേരിയിലായിരുന്നു അദ്ദേഹത്തിന്റെ അവസാനകാലം. ഞാന്‍ ഇദ്ദേഹവുമായി എഴുത്തുകുത്തു നടത്തി. എന്നെ ബോംബെ നാച്ചുറല്‍ ഹിസ്‌റ്ററി സൊസൈറ്റി അംഗമാക്കിയതും അദ്ദേഹത്തിന്റെ ഉപദേശം. മുഴുവന്‍ സമയ പക്ഷിനിരീക്ഷനോ ശാസ്‌ത്രജ്ഞനോ ആകാന്‍ എനിക്കു യോഗ്യതയില്ലായിരുന്നു. ബികോം പഠിച്ച എനിക്ക്‌..പക്ഷിശാസ്‌ത്രജ്ഞനാകാന്‍ ബിഎസ്സ്‌സി വേണം..നടക്കാതേ പോയ മോഹങ്ങളിലേയ്‌ക്ക്‌ ഒന്നു കൂടി...
ഇന്ദുചൂഡന്റെ കത്ത്‌.. 

Monday, June 16, 2014

അടയാളപ്പെടുതാതെ പോയത്..




രിക്കാശേരി ഗോപാലന്‍ എന്ന ഒരു ഗജവീരനുണ്ടായിരുന്നു, വളരെ മുമ്പ്‌്‌. മദമിളകിയ അവന്‍ തൃശൂര്‍ നഗരം വിറപ്പിച്ചു. ഒടുവില്‍ അവനെ പൊലീസ്‌ വെടിവച്ചു കൊല്ലുകയായിരുന്നു. ഒരു നിവൃത്തിയുമില്ലാത്ത ഘട്ടത്തില്‍, വെടിവയ്‌ക്കാന്‍ ഉത്തരവിട്ടത്‌ എന്റെ അച്ഛച്ചന്‍. ആദ്യത്തെ തൃശൂര്‍ജില്ല കലക്ടറായിരുന്നു. ആന ഇടഞ്ഞ സമയത്ത്‌ അച്ഛച്ചന്‍ എറണാകുളത്ത്‌ ഒരു മീറ്റിംഗിലായിരുന്നുവത്രെ. ആനകളെ അത്രയും ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം, ആനയെ തളയ്‌ക്കാനുള്ള സാധ്യതകളെല്ലാം നോക്കാനായിരുന്നു നിര്‍ദ്ദേശിച്ചത്‌. ഒടുവില്‍ മനസ്സില്ലാ മനസ്സോടെ ആ ഉത്തരവു നല്‍കുകയായിരുന്നുവത്രെ. വെടികൊണ്ടു വീണ ആനയെ കെട്ടിപ്പിടിച്ച്‌ ഉടമയായ വരിക്കാശേരി മനയിലെ തിരുമേനി പൊട്ടിക്കരഞ്ഞത്‌, അമ്മ ഇന്നലെ എന്ന പോലെ ഓര്‍ക്കുന്നു. ചെമ്പുക്കാവില്‍ വച്ചാണ്‌ വെടിവച്ചതത്രെ. കഴിഞ്ഞ ദിവസം അച്ഛച്ചനെ കുറിച്ചു സംസാരിക്കവേ, അമ്മ ഈ കഥ വീണ്ടും ഓര്‍ത്തെടുത്തു...ചരിത്രം നഷ്ടപ്പെട്ടുപോകാതെ അടയാളപ്പെടുത്തല്‍ എന്റെ ജോലിയാണല്ലോ..

Sunday, May 11, 2014

മരണക്കിണര്‍...



നിളയില്‍ മുങ്ങിത്തോര്‍ത്തിയപ്പോള്‍, മണിക്കിണര്‍ കാണാന്‍ മോഹം- അതു ഒരു മരണക്കിണറാണല്ലോ- ചാവേറുകളുടെ കബന്ധങ്ങള്‍ വീണു നിറഞ്ഞ കിണര്‍...
ആന ചവിട്ടിത്താഴ്‌ത്തിയെന്ന്‌ ചരിത്രം. അശാന്തിയുടെ പടക്കളത്തില്‍, അധികാരികള്‍ക്കായി പിടഞ്ഞു മരിച്ചവര്‍. വള്ളുവനാട്ടില്‍ നിന്ന്‌ സാമൂതിരിയെ വെട്ടിവീഴ്‌ത്താന്‍ എത്തിയവര്‍...കണ്ടര്‍ മേനോന്‍, മകന്‍ ഇത്താപ്പു എന്നിവരെ ഓര്‍ത്തു. രാത്രി നടന്ന ഘോരയുദ്ധത്തില്‍ ഇത്താപ്പുവിനെ വെട്ടിവീഴ്‌ത്തി. കണ്ടര്‍മേനോന്‍ വെട്ടിക്കയറിയപ്പോള്‍, കൂടെ ഉണ്ടായിരുന്ന ചെറ്റായെ പണിക്കര്‍ സ്‌നേഹത്തോടെ അടുത്തുകൂടി ചതിച്ചു വെട്ടിവീഴ്‌ത്തി...വീരഗാഥകള്‍ അവസാനിക്കുന്നില്ല. `ചാവേര്‍പാട്ടുകള്‍' അവ വിളിച്ചോതുന്നു. ചതിയുടേയും പകയുടേയും ഒടുങ്ങാത്ത നിണം പുരണ്ട കഥകള്‍....ചരിത്രം അവസാനിക്കുകയല്ല....

Saturday, April 19, 2014

മാമ്പറ്റ നമ്പൂതിരിയുടെ കുളം...



മുങ്ങിത്താഴ്‌ന്ന്‌ കണ്ണുതുറക്കണം. പച്ചയും മഞ്ഞയും കലര്‍ന്ന ജലരാശിയില്‍ തൂവല്‍ പോലെ.. ഉയര്‍ന്നും താഴ്‌ന്നും അങ്ങിനെ....!. കുമിളകള്‍, രസത്തുള്ളികള്‍ പോലെ ചുറ്റിലും. ഉരുണ്ട ഗോലികളായി അവ മുകളിലേക്കുയര്‍ന്നു കൊണ്ടിരുന്നു. മുത്തുകോര്‍ത്ത മാലപോലെ അവ ശരീരത്തില്‍ ഉരസി, ഇക്കിളിയിട്ടു മുകളിലേയ്‌ക്കു പോയിക്കൊണ്ടിരിക്കുന്നു... രണ്ടു പരല്‍ മീനുകള്‍, മുഖത്തിനു നേരേ പാഞ്ഞുവന്നു..പിന്നെ, പെട്ടെന്ന്‌ ഇരുവശത്തേയ്‌ക്കും അതിവേഗം തുഴഞ്ഞുപോയി..
കല്‍ക്കെട്ടില്‍ കാലുറപ്പിച്ച പായലുകള്‍ അലസമായി തലയാട്ടിക്കൊണ്ടിരുന്നു. വഴുവഴുത്ത അവയെ തൊട്ടു. അവയ്‌ക്കും അനുസരണയുണ്ട്‌..
തങ്ങളുടെ ലോകത്തേയ്‌ക്ക്‌ ഇറങ്ങിവന്ന വിചിത്രജീവിയെ കണ്ടു മടങ്ങാന്‍, വീണ്ടും മത്സ്യക്കൂട്ടങ്ങള്‍. കൈവീശുമ്പോള്‍, അവയും വഴുക്കിയകന്നു..
ഉച്ചവെയിലില്‍, കുളത്തിന്റെ ഉപരിതലത്തിനു നീലനിറമാണ്‌. കരയില്‍ അതിരിട്ടു നില്‍ക്കുന്ന ചെടികളും മരങ്ങളും കൂടുതല്‍ അടുത്താണെന്നു തോന്നിച്ചു..
ശ്വാസമെടുക്കാന്‍ വീണ്ടും മുകളിലേയ്‌ക്ക്‌...വായിലെടുത്ത വെളളം നീട്ടിത്തുപ്പി അങ്ങിനെ വെള്ളംചവിട്ടി നിന്നു..സര്‍വ്വത്ര ശാന്തത. ഒരുത്‌ക്കണ്‌ഠയുമില്ല; ഒന്നിനെ കുറിച്ചും...
കാലുകള്‍ അനക്കാതെ വച്ചാല്‍ മത്സ്യങ്ങള്‍ വന്നു കൊത്തിനോക്കുകയായി.
തലയില്‍ വെളുത്ത പുള്ളിയുള്ള  കൊച്ചുമീനുകള്‍..അതിനെ `ചൂട്ടന്‍' എന്നു വിളിച്ചു. പിന്നെ കണ്ണുമിഴിച്ച്‌ ഒറ്റയ്‌ക്കു ഒഴുകി നീങ്ങുന്ന `വയമ്പ്‌'. കൂട്ടമായി വെട്ടിത്തിരിഞ്ഞു നടന്ന `പരലുകള്‍'....
ഞങ്ങളെത്തുമ്പോള്‍, ചേറില്‍ പുതയുന്ന ബ്രാലുകളും, മുഷികളും അപൂര്‍വ്വമായി മുകള്‍ത്തട്ടിലെത്തി ഒരു കുമിള ഊതിവിട്ട്‌ താഴ്‌ന്നു പോകുന്നു..മുങ്ങിക്കപ്പലുകള്‍ പോലെ..!.
നഗരമധ്യത്തിലെ ഈ കുളം കൗമാരസ്‌മരണമാത്രമാണിന്ന്‌. വീട്ടിനടുത്തുള്ള മാമ്പറ്റ നമ്പൂതിരിയുടെ കുളം..
സ്വകാര്യകുളം, ബന്ധുത്വത്തിന്റെ പേരില്‍ ഞങ്ങള്‍ കൈയേറുകയാണ്‌. കൗമാരസംഘത്തിന്റെ ശല്ല്യം സഹിക്കാതെ നമ്പൂതിരിയുടെ മകന്‍ പറയും-അദ്ദേഹം ഭിലായിലെ എഞ്ചിനീയറായിരുന്നു. എപ്പോഴോ ഒരിക്കല്‍ മനസ്സിന്റെ താളം തെറ്റി. ഈ വീട്ടില്‍ ഏകാന്തവാസം-
`യൂ ഓണ്‍ലി ടേക്ക്‌ ബാത്ത്‌...നോ ബറ്റാലിയന്‍....!.'
ഞങ്ങള്‍ ചിരിച്ച്‌ ഓടിമറയും. പിറ്റേന്നും എത്തും, ബറ്റാലിയന്‍...!.
നോക്കിനില്‍ക്കേയാണ്‌ ഇതെല്ലാം ഇല്ലാതായത്‌. ഇപ്പോള്‍ അവിടെ `മംഗള ടവര്‍'. കൂറ്റന്‍ ഷോപ്പിംഗ്‌ കോപ്ലക്‌സ്‌. എല്ലാ ജീവതസൗകര്യങ്ങളുമായി...
ഈ വഴിയുള്ള ഒറ്റയ്‌ക്കുള്ള യാത്രകള്‍, ഒരു തിരിച്ചുപോക്കാണ്‌. ഇനി ചിത്രങ്ങളായി പോലും കാണിച്ചുതരാന്‍ കഴിയാത്ത യാത്രാനുഭവങ്ങള്‍....

Saturday, April 12, 2014

എന്റെ അത്താണി...........



1998. ഒരു നട്ടുച്ച. ഓഫീസിലേയ്‌ക്ക്‌ ഫോണ്‍. അമ്പലവാസിയായ സുഹൃത്ത്‌ സുനില്‍ വാര്യര്‍. 
`ഡാ...വൈകീട്ട്‌ ഒന്നു എന്റെ കൂടെ വരണം. തൃപ്രയാര്‍വരെ'. 
അവിടുത്തെ തന്ത്രിയെ ഏല്‍പ്പിച്ച ഏതോ `രക്ഷ' തയ്യാറായിരിക്കുന്നു. അതു വാങ്ങണം.
വൈകീട്ട്‌ പടിഞ്ഞാറെ നടയിലുള്ള തന്ത്രി മഠത്തിലെത്തുമ്പോള്‍, പതിവു ചടങ്ങുകള്‍. ദക്ഷിണ....നിറച്ച ഏലസ്സു കൈമാറല്‍...അങ്ങിനെ.
അപ്പോഴും ഞാന്‍ ശ്രദ്ധിച്ചത്‌, അദ്ദേഹത്തിന്റെ മുറിയിലെ കൂറ്റന്‍ അലമാരകളില്‍ നിറഞ്ഞ താന്ത്രിക ഗ്രന്ഥങ്ങളാണ്‌. ഭൂരിഭാഗവും ഇംഗ്ലീഷ്‌ വിവര്‍ത്തനങ്ങള്‍...
ഇതു കൊടുക്കാനുള്ളതാണോ?- ഞാന്‍ ചോദിച്ചു. (ദേവസ്വം പുസ്‌തകങ്ങളാണെന്നാണ്‌ വിചാരിച്ചത്‌). അധികവും വിദേശ പബ്ലിക്കേഷനുകള്‍...
വൃദ്ധനായ ക്ഷേത്രം തന്ത്രികള്‍. ഒറ്റത്തോര്‍ത്താണ്‌ വേഷം. പക്ഷെ, അസാധാരണമായ ഒരു ചൈതന്യം നിറഞ്ഞു നിന്നിരുന്നു. ഇയാള്‍ ഇതൊക്കെ വായിക്കുമോ എന്നായിരുന്നു എന്റെ അഹങ്കാരം.
അദ്ദേഹം ചിരിച്ചുകൊണ്ടു പറഞ്ഞു- ഹേയ്‌...ഇതൊക്കെ ഇന്റെന്നെ....!.
അതൊരു തുടക്കമായിരുന്നു, പൂര്‍വ്വജന്മബന്ധം പോലെ...
തുടര്‍ച്ചയായ സന്ദര്‍ശനങ്ങള്‍...സംവാദം... ഒരു നിമിഷം കൊണ്ടു അദ്ദേഹം എന്റെ ഗുരുവായി....
തരണനെല്ലൂര്‍ പത്മനാഭന്‍ നമ്പൂതിരിപ്പാട്‌...............
ജീവിത സമസ്യകള്‍ക്കെല്ലാം അദ്ദേഹം വ്യക്തവും കൃത്യവുമായി ഉത്തരങ്ങള്‍ നല്‍കി...
ജീവിതദര്‍ശനം തന്നെ മാറിമറിഞ്ഞു...
താന്ത്രികതയുടെ ഉള്‍ക്കാഴ്‌ചകള്‍ ഒന്നൊന്നായി അദ്ദേഹം തുറന്നുകാട്ടി.
2010 ആണെന്നാണോര്‍മ്മ.
കാട്ടൂരിലെ തരണനെല്ലൂര്‍ ശാഖയിലെ ജ്യോത്സന എന്ന പെണ്‍കുട്ടിയെക്കൊണ്ടു അദ്ദേഹം ഭദ്രകാളി പ്രതിഷ്‌ഠ നടത്തിച്ചു...
സ്‌ത്രീയെക്കൊണ്ടു പ്രതിഷ്‌ഠ നടത്തിക്കേ..?.
യാഥാസ്ഥിതിക സമൂഹം ഇളകി വശായി......
വിമര്‍ശനങ്ങളും ഭീഷണികളും ഉയര്‍ന്നു. പത്രങ്ങളും ചാനലുകളും ഈ സംഭവം ആഘോഷിച്ചു...
സ്‌ത്രീ, പ്രതിഷ്‌ഠ നടത്തേ...!!. സമൂഹം മൂക്കത്തു വിരല്‍ വച്ചു...
ഒരു കുലുക്കവുമില്ലാതെ അദ്ദേഹം, അവിവേകികളെ സംവാദത്തിനു ക്ഷണിച്ചു. ഒറ്റയാളും വന്നില്ല....!!.
ഇന്നും തുടരുന്നു ഈ ബന്ധം. തൃശൂരില്‍ എത്തുമ്പോള്‍ അദ്ദേഹം വിളിക്കും. അധികവും ഞായറാഴ്‌ചകള്‍. ഫുട്‌പാത്തിലെ പഴയ പുസ്‌തക വില്‍പ്പനക്കാരില്‍ നിന്നു എന്തെങ്കിലും കിട്ടുമോ എന്നു നോക്കാന്‍.......
പുസ്‌തകങ്ങളെ ഇത്രയും സ്‌നേഹിക്കുന്ന ഒരാളെ ഇതുവരെ കണ്ടിട്ടില്ല.
അറിവിന്റെ നിറകുടമായ നമ്പൂതിരിപ്പാട്‌ എന്റെ അത്താണിയാണ്‌......തളരുമ്പോള്‍ പുറത്തുതട്ടാന്‍ ഒരാള്‍..............

Wednesday, April 2, 2014

തൂവാനത്തുമ്പികള്‍...


പറഞ്ഞുവന്നപ്പോള്‍ ബന്ധുത്വവും...!.
പിന്നെന്തേ കണ്ടുമുട്ടാന്‍ ഇത്രയും കാലം..?. അതു കാലത്തിന്റെ കണക്കുപുസ്‌തകത്തില്‍ ഇപ്പോഴേ കുറിച്ചിട്ടുണ്ടാവൂ എന്നു സമാധാനിക്കുക....
`നാരങ്ങാവെള്ളം വേണോ...?'
ഏതു നിമിഷവും ആ ചോദ്യം വന്നേയ്‌ക്കുമെന്ന്‌ പ്രതീക്ഷിച്ചു. അതാഗ്രഹിച്ചിരുന്നു മനസ്സ്‌, എന്നതായിരുന്നു സത്യം...
എഴുപത്തഞ്ചിലെ യൗവനം...ആ കണ്ണുകളില്‍ ഇപ്പോഴും കുസൃതി തിളങ്ങുന്നു...മുന്‍വശത്തെ പല്ലുകളുടെ വിടവുകാട്ടിക്കൊണ്ടുള്ള ചിരിയില്‍ ജീവിതസ്‌നേഹത്തിന്റെ ഉന്മേഷം. ജീവിതം ആഘോഷിച്ചുകളഞ്ഞ ഒരാളുടെ മുമ്പില്‍ ഇരിക്കുമ്പോള്‍ ആ ഉന്മേഷം നമ്മിലേയ്‌ക്കും, പതുക്കെ സംക്രമിക്കുന്നത്‌ അറിയുന്നു...
പുതിയേടത്ത്‌ ഉണ്ണിമേനോന്‍...
അറുപതുകളില്‍ തൃശൂരില്‍ നിറഞ്ഞാടിയ യൗവനം...
പത്മരാജന്‍, `ഉദകപ്പോള' എന്ന നോവലിലേയ്‌ക്കും പിന്നീട്‌ `തൂവാനത്തുമ്പികളി'ലും ആവാഹിച്ചപ്പോള്‍, നെഞ്ചേറ്റിയത്‌ മലയാളയുവത്വം മുഴുവനായിരുന്നു,
പ്രത്യേകിച്ച്‌ തൃശൂര്‍ക്കാര്‍...
`ഇന്നെ കാണണം ന്ന്‌ മോഹന്‍ലാല്‍ ശ്ശി കാലായി പറയണു. എനിക്കൊട്ടു നേരോം കിട്ടീല്ല....'
എന്നു പറയുന്നതിലെ നിഷ്‌കളങ്കത....കേട്ടിരിക്കുന്ന നമ്മള്‍ ചിരിച്ചുപോവില്ലേ...?.
നഗരത്തില്‍ തരക്കേടില്ലാത്ത കൊള്ളരുതായ്‌മകള്‍ കാട്ടിക്കൂട്ടിയ ജീവിതത്തില്‍ ഉണ്ണിമേനോനെ ഒന്നുകാണണം എന്നാഗ്രഹിച്ചു..
നടന്നില്ല.
ഇലച്ചാര്‍ത്തുകള്‍ മൂടിയ ബാറുകളില്‍ ചെല്ലുമ്പോള്‍, പതിവു ക്വാട്ടയും ബ്രാന്റും കാണാപാഠമാക്കിയ കൗണ്ടര്‍ ബോയി..
അപ്പോളും ജയകൃഷ്‌ണമേനോന്റെ പ്രൊട്ടോടൈപ്പിനായി മനസ്സ്‌ അലഞ്ഞു.
പെരുവല്ലൂരിലെ സമ്പന്നകുടുംബത്തില്‍ നിന്നുള്ള ഉണ്ണിമേനോനെ, കഥപറച്ചിലിന്റെ ഗന്ധര്‍വ്വന്‍ മണ്ണാറത്തൊടി ജയകൃഷ്‌ണ മേനോനിലിലേയ്‌ക്ക്‌ ആവാഹിച്ചപ്പോള്‍ ഭാവനപോലും വേണ്ടിവന്നില്ല...എല്ലാം പകര്‍ത്തുകയേ വേണ്ടിവന്നുള്ളൂ...
പുത്രവിയോഗം അലട്ടുന്ന വാര്‍ദ്ധക്യത്തില്‍, ജീവിതത്തില്‍ സ്‌നേഹിച്ച ഒരേ ഒരു പെണ്ണിനെ സ്വന്തമാക്കിയ അദ്ദേഹം അവരുടെ തണലായി മാറിയിരിക്കുന്നു....
മഴയില്ല. മീനവെയിലിന്റെ ഉരുകുന്ന ചൂടുമാത്രം. പടിയ്‌ക്കല്‍ വരെ യാത്രയാക്കാന്‍ വന്നപ്പോള്‍, അങ്ങോട്ടൊന്നു ചോദിക്കണമെന്നു തോന്നി:
`മ്മക്ക്‌ ഓരോ നാരങ്ങാവെള്ളാ കാച്യാലാ....?'
പുഞ്ചിരിച്ചുകൊണ്ടു ഉണ്ണിയേട്ടന്‍ കൂടെ വരുമെന്ന്‌ എനിക്കുറപ്പുണ്ട്‌....