Thursday, August 1, 2019

മഴമാത്രം





മഴയായിരുന്നു കൂട്ട്. ഡിടിപിസിയുടെ മഴയാത്ര ടൂര്‍പാക്കേജിന്റെ കന്നിയാത്ര പത്രപ്രവര്‍ത്തകര്‍ക്കുവേണ്ടിയായിരുന്നു. പ്രളയാനന്തരം, മഴ മനസ്സില്‍ ഭീതിയുടെ കാര്‍മേഘങ്ങള്‍ മാത്രം നിറച്ചൊരു കാലത്താണ് മഴയെ കൂട്ടുകാരിയാക്കി വനയാത്രക്കുള്ള ക്ഷണംവരുന്നത്. കൂടുതലൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. രാവിലെ ഏഴിന് പ്രസ്‌ക്ലബ്ബിനു മുന്നില്‍ നിന്നും പുറപ്പെട്ട ബസ്സില്‍ ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍. ഡിടിപിസിയുടെ ഗൈഡ്..ടൂര്‍ കോ-ഓഡിനേറ്ററും യാത്രയുടെ സര്‍വ്വസ്വവുമാമനീഷ്. 
അതിരപ്പിള്ളി-വാഴച്ചാല്‍-മലക്കപ്പാറ-പെരിങ്ങല്‍കുത്ത് വഴി ലോവര്‍ ഷോളയാറിലെത്തി മടങ്ങുന്ന ടൂര്‍പാക്കേജ്. 

കാടാണ് വിളിക്കുന്നത്. മഴയാണ് കൂട്ട്...

പലകുറി പോയിട്ടുള്ള സ്ഥലങ്ങളാണെങ്കിലും കാടെന്നും ഹരമായിരിക്കുന്നു. മനുഷ്യന്‍ കാടിറങ്ങിയവനാണെന്നാണ് എന്റെ തത്വശാസ്ത്രം. അതാവാം, കാട് അവന്റെ ഹൃദയത്തില്‍ കൊരുത്തുവലിക്കുന്നത്. അനിഷേധ്യമായ ക്ഷണം..അദമ്യമായ ഉള്‍പ്രേരണ!.
കാട്ടിലെ മഴ വ്യത്യസ്തമാണ്. നാട്ടിലെയോ നഗരത്തിലേയോ മഴയല്ല. വന്യസൗന്ദര്യം കുളിച്ചീറനുടുത്ത് നില്‍ക്കുന്നത്. ഓരോചലനങ്ങളിലും നിഗൂഢത മുറ്റിനില്‍ക്കും..ഹിച്ച്‌കോക്ക് സിനിമകളെ പോലെ ഭീതിയുടെ സൗന്ദര്യം നാമറിയും. 

വെയില്‍ തെളിഞ്ഞുനില്‍ക്കുന്ന ദിനത്തിലാണ് യാത്ര തുടങ്ങുന്നത്. മഴയുടെ ലാഞ്ഛന എവിടേയുമില്ല. ചാലക്കുടിയില്‍ എത്തി അവിടെ നിന്നാണ് യാത്രയുടെ ഫ്‌ളാഗ് ഓഫ് നിശ്ചയിച്ചിരിക്കുന്നത്. ചാലക്കുടി ടിബിയിലെത്തുമ്പോള്‍ എട്ടര. അതിന്റെ അങ്കണത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ ബി.ഡി. ദേവസ്സി എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്തു. വിശാലമായ ഗ്ലാസ് ജനാലകളുള്ള പുതുപുത്തന്‍ ബസ്സിലായിരുന്നു തുടര്‍ന്നുള്ളയാത്ര. ബംഗ്ലാവ് മുറ്റത്തെ നാട്ടുകാരോട് ചോദിച്ചു- കാട്ടില്‍ മഴയുണ്ടാകുമോ?.
അവര്‍  മാനത്തേക്കു നോക്കി പറഞ്ഞു: തുമ്പൂര്‍മൂഴിയെത്തുമ്പോഴേക്കും മഴ കിട്ടും!.
ഞങ്ങള്‍ പ്രാതല്‍ ഒരുക്കിയിരുന്നത് തുമ്പൂര്‍മൂഴിയിലായിരുന്നു...

പ്രവചനം തെറ്റിയില്ല..അവിടുന്നങ്ങോട്ട് മഴയായിരുന്നു. മഴ കൂടെയുണ്ടായിരുന്നു. അതോ, മഴയോടൊപ്പം നമ്മളോ?. രണ്ടും സമം.
മഴയാത്രയില്‍ മഴയുടെ വന്യഭംഗിയല്ലാതെ മറ്റൊന്നുമില്ലായിരുന്നു. ചാഞ്ഞും ചെരിഞ്ഞും പെയ്യുന്ന മഴ..പുളഞ്ഞുകുത്തിപ്പെയ്യുന്ന മഴ.. തുള്ളിക്കൊരുകുടം മഴ.. മദം പൊട്ടിയ മഴ..കാട്ടില്‍ പെയ്തിറങ്ങുന്ന കാടന്‍മഴ!. മഴ..മഴമാത്രം. 



ഞാറ്റുവേലനാളില്, പൊരിങ്ങല് കുത്തില്, കരടികള് മേയുന്ന കാട്ടുവഴിയില്, കോട വകഞ്ഞുമാറ്റി ഞങ്ങള് നടന്നു..മഴക്കൊപ്പം. കാടാകെ കുളിച്ചീറനുടുത്തു നില്ക്കുന്നു. തുള്ളിവിറക്കുന്ന തണുപ്പില്, ഇറനുടുത്തുനില്ക്കുന്ന സുന്ദരി, 



ഒരേ സമയം മനസ്സില്ആനന്ദവും ഭീതിയും നിറച്ചു. വന്യമാണ് കാട്ടിലെ മഴ. ആ മഴക്കൊപ്പം നടന്നു, ഇരുന്നു, ഭക്ഷണം കഴിച്ചു..കാട്ടറിവുകള്പങ്കുവച്ചു. ഇവിടെ ഈ വന്യതയില് മരവും മനുഷ്യനും മഴയും മാത്രം..



23/6/19

സാക്ഷിയാവല്‍





ചിണുങ്ങിച്ചിണുങ്ങി..നില്‍ക്കാതെ പെയ്ത്ത്. ഉച്ചക്കുശേഷം മഴയാണിന്ന്...
കഴിഞ്ഞ ആഗസ്റ്റ് 15ന് ഇങ്ങിനെയായിരുന്നു. അതു പിന്നെ മൂന്നുദിവസം നിലച്ചില്ല. മുന്‍പെങ്ങും അനുഭവിച്ചറിഞ്ഞിട്ടില്ലാത്തഅവസ്ഥ..
വെള്ളമായിരുന്നു സര്‍വ്വത്ര..
ഓഫീസില്‍ ഓരോദിവസവും ആളുകള്‍ കുറഞ്ഞു..
ഒടുവില്‍ ബ്യൂറോയില്‍ ഞാനൊറ്റയ്ക്കായി. കാമറ സെക്ഷനിലും വിഷ്വല്‍എഡിറ്റിംഗിലും ഡിടിപിയിലും ഓരോരുത്തര്‍ മാത്രമായി..
സ്വരാജ്‌റൗണ്ടും അരകിലോമീറ്റര്‍ ചുറ്റളവിലും മാത്രം വെള്ളമൊഴിഞ്ഞുകിടന്നു..
ആളൊഴിയാത്ത ബസ്റ്റാന്റുകളില്‍ ശ്മശാനമൂകത. ചാരനിറം പുരണ്ട ആകാശത്തിനു കീഴേ നഗരം അനക്കമറ്റുകിടന്നു....
രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഓഫീസ് ഫോണിലേക്ക് വന്നിരുന്ന കോളുകളും കുറഞ്ഞു..
ആളുകളെ ക്യാമ്പുകളിലെത്തിച്ചുകഴിഞ്ഞിരിക്കുന്നു.
നഗരത്തില്‍ ബോട്ടിറക്കിയ ദുരന്തമുഹൂര്‍ത്തം, മുമ്പ് ഉണ്ടായിട്ടുണ്ടോ എന്നറിഞ്ഞുകൂടാ..ഇനിയുണ്ടാകുമോ എന്നും. എല്ലാം കാണാന്‍, ഒരു പത്രപ്രവര്‍ത്തകന്‍ ജീവിച്ചിരിക്കണം. അതാകുന്നു ഈ തൊഴിലിന്റെ ഏറ്റവും മോഹിപ്പിക്കുന്ന ഫലപ്രാപ്തി-സാക്ഷിയാവല്‍. 9/7/19

മരിക്കാത്ത സ്മരണ

മഹാനടന്‍ പ്രേംജിയുടെ വീടിനുമുന്നില്‍ രണ്ടു പതിറ്റാണ്ടു കഴിഞ്ഞെത്തുമ്പോള്‍ ഇതാണവസ്ഥ.
കഴിഞ്ഞദിവസം മരംവീണ് തകര്‍ന്നതറിഞ്ഞ്, മന്ത്രി സുനില്‍കുമാര്‍ ഇന്നിവിടെ വന്നിരുന്നു. വീട് സ്മാരകമായി മാറ്റുമെന്ന് സര്‍ക്കാര്‍ തീരുമാനം.
1998ലാണ് മുമ്പ് വന്നത്. അന്ന് പ്രേംജി ഇവിടെ മരിച്ചുകിടക്കുകയായിരുന്നു..വീടിനകത്തും പുറത്തും നിറയേ ആളുകള്‍..പുകയുന്ന ചന്ദനത്തിരിയുടേയും കരിന്തിരിയുടേയും ഗന്ധം..
വീണ്ടും ഒരിക്കല്‍ കൂടി എത്തുന്നു. ചില നിയോഗങ്ങള്‍. (22/7/19)

Tuesday, July 3, 2018

ഈ പുസ്തകത്തിന് ഇന്നറുപത്‌





സാഹിത്യ അക്കാദമിയുടെ മഞ്ഞപ്പെയിന്റടിച്ച ചുവരില്‍ ചാരി ആ കുട്ടി നിന്നു. ഒരു പുസ്തകത്തിനു ബുക്ക് ചെയ്തിട്ട് മാസങ്ങള്‍..
നട്ടുച്ചവെയിലേറ്റ് ചുവരിന് കൂടുതല്‍ മഞ്ഞനിറമായിരിക്കുന്നു..
പുസ്തകം ഇനിയും തയ്യാറായിട്ടില്ല; അക്കാദമിമുറ്റത്തെ വൃക്ഷത്തഴപ്പുകളില്‍ നിന്ന് ഒറ്റപ്പെട്ടകിളിയുടെ നേര്‍ത്ത സ്വരം..
അവന്റെ വരവും കാത്തുനില്‍പ്പും പലകുറി നീണ്ടു..
മഞ്ഞവെയിലില്‍ അവന്‍ സ്വപ്നങ്ങള്‍ കണ്ടു. അതില്‍ ചക്രവാളംവരെ പരന്ന പച്ചമേലാപ്പ്.. പക്ഷികളുടെ കിന്നാരം.. നീലച്ചആകാശത്ത് പഞ്ഞിക്കെട്ടുപോലെ മേഘ
ക്കൂണുകള്‍ എല്ലാം നിറഞ്ഞു.
ഒടുവില്‍, പുസ്തകം കിട്ടി- കേരളത്തിലെ പക്ഷികള്‍. പ്രീ-പബ്ലീക്കേഷന്‍ 45രൂപ. പിന്നെ പുസ്തകങ്ങളുടെ വരവായി..പുസ്തകങ്ങള്‍ നിറഞ്ഞു. നിരീക്ഷണക്കുറിപ്പുകളും..
കാലം കടന്നുപോയി. പക്ഷികള്‍ കുറഞ്ഞു..അല്ലെങ്കില്‍ ശ്രദ്ധകുറഞ്ഞു.. സ്വപ്‌നംകാണാനുള്ള സമയവും കുറഞ്ഞു..
ഒരു പുസ്തകം കൈയിലെടുത്തപ്പോള്‍, സ്വപ്‌നങ്ങള്‍ വീണ്ടും കടന്നുവരുന്നു.. അതില്‍ ഒരു കൗമാരക്കാരനുമുണ്ട്.. അക്കാദമിയുടെ മഞ്ഞച്ചുവര്‍ ചാരിനിന്ന് സ്വപ്‌നം കണ്ടിരുന്ന അതേ പയ്യന്‍..

ടെറര്‍ ഓഫ് വാര്‍



ഉള്ളം കൈ ചൂടുണ്ടായിരുന്നു..മൃദുവുമായിരുന്നു. 
ടെറര്‍ ഓഫ് വാര്‍ എന്ന പ്രശസ്ത യുദ്ധചിത്രത്തിന്റെ അവകാശി. ലോകം യുദ്ധഭീകരതയെന്തെന്ന് ഒറ്റനോട്ടത്തില്‍ തിരിച്ചറിഞ്ഞ ചിത്രം പകര്‍ത്തിയ നിക്ക് ഉട്ട് തൃശൂര്‍ പ്രസ് ക്ലബില്‍ വന്ന നിമിഷം. എഴുന്നേല്‍ക്കണോ എന്ന് ശങ്കിച്ച് എഴുന്നേറ്റുനിന്ന നിമിഷത്തില്‍ മനുഷ്യസ്‌നേഹത്തിന്റെ ആ കൈ നീണ്ടുവന്നു..
മിന്നുന്ന കാമറക്കണ്ണുകളിലൊന്നില്‍ ഈ ചിത്രവും. വീക്ഷണം പത്രത്തിന്റെ ഫൊട്ടോഗ്രാഫര്‍ ശാഞ്ച് ലാല്‍ പകര്‍ത്തി. ഒന്നും മിണ്ടാതെ, ഇന്‍ബോക്‌സില്‍ അയച്ചു തന്ന സ്‌നേഹം.ശാഞ്ച്‌ലാല്‍ നന്ദി.
ആരോടു പറയാന്‍... പുലിറ്റ്‌സര്‍ നേടിയ ഈ മനുഷ്യസ്‌നേഹി അടുത്തുകൂടി കടന്നുപോകുമെന്നും പുഞ്ചിരിയോടെ കൈനീട്ടുമെന്നും ഒരിക്കലും അറിഞ്ഞിരുന്നില്ല..കരുതിയിരുന്നില്ല. ചിലതൊക്കെ കാലം കരുതിവച്ചിരിക്കുന്നു. അത് ആ ഇടവഴിയുടെ അറ്റത്ത് ഉണ്ടായിരിക്കും, അറിഞ്ഞുകൂടാ..നടക്കുക...അത്രമാത്രം.

ഗംഗാധരന്‍



അച്ചന്റെ തറവാട്ടില്‍ ഒരാനയെകൂടി വാങ്ങുന്നു. പാലിയത്തെ വലിയച്ചന് ഒരല്‍പ്പം പണം തികയാതെവന്നു. ആര്‍ക്കിയോളജി ഡയറക്ടറായിരുന്ന അച്ഛച്ചന്‍, പാലിയത്ത്് അനുജന്‍ അച്ചന്റെ കൈയില്‍ അതുണ്ട്. വലിയച്ചന്‍ ആളെ വിട്ടു..
അച്ഛച്ചന്‍ പറഞ്ഞു: പണം തരാം.. പക്ഷെ രണ്ടു കണ്ടീഷനുകളുണ്ട്. 
ഒന്ന് ആനക്ക് എന്റെ മകന്റെ പേരിടണം: ഗംഗാധരന്‍. രണ്ട്: തൃശൂര്‍ പൂരത്തിനു കൊണ്ടുവരുമ്പോള്‍ ആനകളെ എന്റെ വീട്ടുവളപ്പില്‍ കെട്ടണം..!.
കണ്ടീഷനുകള്‍ അംഗീകരിക്കപ്പെട്ടു. ആനയെ വാങ്ങി. പൂരത്തിനു കൊണ്ടുവരുമ്പോള്‍, അവയെ വടക്കേ ബസ് സ്റ്റാന്റിനടുത്ത് പാലിയം റോഡിലെ ഞങ്ങളുടെ തറവാട്ടുവളപ്പില്‍ കൊണ്ടുവരും. അച്ഛച്ചന്‍ പഴം കൊടുക്കും. ചാലക്കുടിയില്‍ കൂപ്പുപണിക്കിടെയാണ് ഗംഗാധരന്‍ ചരിഞ്ഞത്. ഗംഭീരനായിരുന്നു ഗംഗാധരന്‍...
അച്ഛന്‍ കഥ പറഞ്ഞു നിര്‍ത്തി. പൂരദിവത്തില്‍ തറവാട്ടില്‍ ചെന്ന ഞാന്‍ ഈ കഥകേട്ട്, താടിക്കുകൈയും കൊടുത്തിരുന്നു. അതുകണ്ട് അച്ഛന്‍ ചിരിച്ചു..
അല്ല, അച്ഛന് 83 വയസ്സ്. എനിക്കതിന്റെ പകുതിയും. ഇക്കാലമത്രയും ഒന്നിച്ചുണ്ടായിരുന്നിട്ട് ഈ കഥ അച്ഛന്‍ പറയുന്നത്, ഇപ്പോള്‍-2018ലെ പൂരത്തിന്..!!.
എനിക്ക് ചിരിയൊന്നും വന്നില്ല.


മാര്‍ക്കര്‍ മാണിക്യന്‍..!!



ഹൊ..! എന്തൊരു നിമിഷമാണിത്!. ഒരേ സമയം ഓര്‍മ്മകളുടെ കുത്തൊഴുക്ക്.. വികാരങ്ങളുടെ വേലിയേറ്റവും..
മാര്‍ക്കര്‍ മാണിക്യന്‍..
തൃശൂരില്‍ ഒരു തവണയെങ്കിലും പണിയെടുത്തിട്ടുളള മാധ്യമപ്രവര്‍ത്തകര്‍ അറിയാതിരിക്കില്ല; ഓര്‍ക്കാതിരിക്കില്ല.
കായികരംഗത്തെ ഏതു ഗെയിമിന്റേയും കോര്‍ട്ടിന്റെനീളവും വീതിയും കോണളവുകളും ഉള്ളംകൈരേഖപോലെ സുവ്യക്തമായി അറിയുന്ന മാര്‍ക്കര്‍മാണിക്യന്‍!. പാലസ് സ്‌റ്റേഡിയത്തില്‍, സംസ്ഥാന സ്‌കൂള്‍കായികമേള നടക്കുമ്പോള്‍, ട്രാക്കിലെ കുമ്മായപ്പൊടി ഒന്നു മാഞ്ഞാല്‍, 400 മീറ്റര്‍ ഹര്‍ഡില്‍സിനുമുമ്പ്...എന്തിനും സംഘാടകര്‍ ഇടതടവില്ലാതെ മൈക്കിലൂടെ വിളിച്ചുപറഞ്ഞിരുന്ന പേര്‍..
മാര്‍ക്കര്‍മാണിക്യന്‍!.
എഴുപത്തൊന്നുകാരനായ മാണിക്യനെ കോവിലകത്തും പാടത്തെ കൊച്ചുകൂരക്കുമുന്നില്‍ നിന്നു പൊക്കിയെടുത്തപ്പോള്‍ എന്തൊക്കെ ഓര്‍മ്മകള്‍..
ഐഎം വിജയന്റെ കൈപിടിച്ച് ഫുട്‌ബോള്‍ ലോകത്തെത്തിച്ച അമ്മാമനാണ് ഈ കുറിയ മനുഷ്യന്‍..എഴുപത്തൊന്നാം വയസ്സിലും ജര്‍മ്മനിയുടെ കളിയെ കുറിച്ചു പറയുമ്പോള്‍, ശരീരഭാഷപോലും മാറിപ്പോകുന്നു..കണ്ണുകളില്‍ ആരവം ഇരമ്പിയാര്‍ക്കുന്നു. ഫുട്‌ബോള്‍ ഇവര്‍ക്കേ അറിയൂ. വികെഎന്‍ മേനോനോട് പറഞ്ഞ്, അഞ്ചാംക്ലാസില്‍ പഠിച്ചിരുന്ന വിജയനെ കോച്ചിംഗ് ക്യാമ്പിലെത്തിച്ച കഥയും പറഞ്ഞു. പിന്നെ വിജയന്റെ വിശ്വവിജയത്തിന്റെ കഥ നമുക്കറിയാം. പഴമക്കാര്‍ പറയുന്നത് അനുഭവത്തില്‍ നിന്നാണ്..അതിനു മധുരം കൂടുതലുണ്ട്...അതിനു മധുരം കൂടുതലുണ്ട്. 

തുടക്കം



എക്‌സ്പ്രസിലെത്തി മൂന്നാം മാസം സ്‌പോര്‍ട്ട്‌സ് പേജിന്റെ ചുമതല വന്നുപെട്ടു. വന്നുപെട്ടതാണ്. രണ്ടു സബ്എഡിറ്റര്‍മാര്‍ ലീവ് വന്നു, അതുകൊണ്ട്. കളിയെഴുത്തില്‍ ഇഷ്ടമുണ്ടായിരുന്നിട്ടും വല്ലാതെ പകച്ചു. ഇന്റര്‍നെറ്റില്ലാ, ആപ്പുകളില്ലാ കാലം. പത്രവായനയുള്ളവനേ വാര്‍ത്തയുടെ പിന്‍ചരിത്രം ഓര്‍ത്തെഴുതാനാവൂ. വിരല്‍തുമ്പിലല്ല വിവരം..തലച്ചോറിനെ തന്നെ ആശ്രയിക്കണം. കൈയില്‍ കിട്ടിയ പിടിഐ ടേക്കും പിടിച്ച് കുറച്ചുനേരമിരുന്നു.
ലാവെഗാസിലെ ഇടിക്കൂട്ടില്‍ ടൈസണ്‍, ഇവാന്റര്‍ ഹോളിഫീല്‍ഡിന്റെ ചെവികടിച്ചു പറിച്ചതിന്റെ വിചാരണ..ക്രീം ഷര്‍ട്ടും കോട്ടുമിട്ട് അയാള്‍ കോടതിമുറിയിലേക്ക് കടന്നുവരുന്നു. അയാളെ റിംഗില്‍ നിന്നും കോടതി വിലക്കുന്നു. വാര്‍ത്തയുടെ പൊട്ടും പൊടിയുമേയുള്ളൂ പിടിഐ ടേക്കില്‍. ആ രംഗങ്ങള്‍ മനസ്സില്‍ വിഷ്വലൈസ് ചെയ്ത്, വായിച്ച ഓര്‍മ്മകളും ചേര്‍ത്ത് വാര്‍ത്തയെഴുതി, ലീഡാക്കി.
രാഷ്ട്രീയം എഴുതുന്ന ഒരു സീനിയര്‍ സബ് എഡിറ്ററെ കാണിച്ചു. അയാള്‍ പറഞ്ഞു-ഇത് ലീഡാക്കണ്ട..
പക്ഷെ, മറ്റുമാര്‍ഗമില്ല. ഞാനത് ലീഡാക്കി പേജ്‌ചെയ്തു.
പിറ്റേന്ന് എല്ലാ പത്രങ്ങളിലും അതായിരുന്നു ലീഡ്.
പിന്നെ കളിയെഴുത്ത് ഹരമായി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കരീബിയന്‍ പര്യടനം. ആര്‍ത്തിരമ്പുന്ന ഗാലറി..ഒരോ പന്തിലും ബാറ്റ്‌സ്മാന്റെ ചോരയ്ക്കായി മുറവിളികൂട്ടുന്ന കാണികള്‍..കരീബിയന്‍ ബാന്റിന്റെ പശ്ചാത്തല സംഗീതം..എല്ലാം പത്രത്താളിലേക്ക് ആവാഹിച്ചു. ആസ്വദിച്ചെഴുതാന്‍ കളിക്കളത്തിലെ കഥകളേ പറ്റൂ..ഹന്‍സിക്രോണ്യേ വിമാനം തകര്‍ന്നു മരിച്ചതും ഒരു തരം സന്തോഷത്തോടെയാണ് എഴുതിയത്. അയാള്‍ അന്ന് മാച്ച്ഫിക്‌സിംഗ് നടത്തിയെന്ന് ഏറ്റുപറഞ്ഞു കാലം. ഒരു പക്ഷെ മലയാള പത്രലോകത്ത് ആ വാക്ക് കടന്നുവന്നത് ആ കാലത്തിനുശേഷമായിരിക്കും.
ഹോ..ലോകകപ്പ് കാണുമ്പോള്‍ മനസ്സില്‍ കളിയാവേശം നിറയുന്നതറിയാം.കൈത്തരിപ്പും.

Tuesday, April 17, 2018

കൃഷ്ണമാനസം




അഞ്ജനവിഗ്രഹത്തില്‍ നിന്നു കണ്ണെടുക്കാതെ തൊഴുതുനിന്നു. നിറഞ്ഞുകത്തുന്ന നെയ് വിളക്കിന്‍ പ്രഭയില്‍, ഒരു നിമിഷം കള്ളക്കണ്ണന്‍ ഒളികണ്ണെറിഞ്ഞുവോ..?
സോപാനത്തു നിന്നിരുന്ന കീഴ്ശാന്തിയോട് കുശലം പറഞ്ഞ നേരം, പത്തുവയസ്സുള്ളോരു ബാലന്‍ ആള്‍ക്കൂട്ടത്തിലൂടെ അടുത്തെത്തി. വെളുത്ത് സുന്ദരനായ ഒരു കുട്ടി. അവന്‍ കുഞ്ഞിക്കയ്യില്‍ കരുതിയിരുന്ന രണ്ടു കദളിപ്പഴങ്ങള്‍ തന്റെ നേരേനീട്ടിയിട്ട് പറഞ്ഞു- ഇത് കൈയില്‍വച്ചോളൂ..!!.
ഒരു മുന്‍പരിചയവുമില്ലാതെ, ഈ കൊച്ചുകുട്ടി..??
പഴംവാങ്ങി. വീണ്ടും സംസാരം തുടര്‍ന്നനേരമാണ് ഉള്ളിലെവിടേയോ ഒരന്ധാളിപ്പും പരിസരബോധവും ഉണ്ടായത്...
എവിടേ ആ ബാലന്‍..???
നിമിഷങ്ങള്‍ക്കകം, അവിടെ മുഴുവന്‍ തിരഞ്ഞിട്ടും അങ്ങിനെ ഒരു ബാലകനെയും കണ്ടില്ല!!. നടന്നുമറയാനുള്ള സമയം പോലും ലഭിച്ചിരുന്നില്ല..എന്നിട്ടും!!.

കലയുടെ അതിരുകള്‍ താണ്ടിയ ഗോപിയാശാന്‍ എന്ന കലാമണ്ഡലം ഗോപി, പറഞ്ഞു നിര്‍ത്തി. നവരസങ്ങള്‍ നൊടിയില്‍ മിന്നിമായുന്ന മുഖത്ത്, വായിച്ചെടുക്കാനാവാത്ത മറ്റൊരുഭാവം..
തന്റെ ഇഷ്ടവേനായ ഗുരുവായൂരപ്പനല്ലാതെ മറ്റാരുമായിരുന്നില്ല ആ ബാലനെന്ന് അകമേയിരുന്ന് ആരോ പറഞ്ഞുകൊണ്ടിരുന്നു. ഇന്നും അതോര്‍ക്കുമ്പോള്‍ വിശ്വാസം പതിന്മടങ്ങാകുന്നു.
ഗുരുവായൂരിലെത്തുമ്പോഴെല്ലാം ഭഗവാന് കദളിപ്പഴം സമര്‍പ്പിക്കുന്ന തനിക്ക് ഭഗവാന്‍ തന്നെ തൃക്കൈകൊണ്ട് പ്രസാദം തന്നിരിക്കുന്നു!!.
അനുഭവമാണ്. നെഞ്ചില്‍ചേര്‍ത്തുപിടിച്ച ഭഗവദ്‌സ്വരൂപം മിഥ്യയല്ല!. തന്റെ ഓരോ ചുവടിലും കൈപിടിച്ചു നടത്തിയത് ഈ ചൈതന്യം തന്നെ..മറ്റൊന്നുമില്ല.

ഈ അനുഭവം താന്‍ പറഞ്ഞുനടക്കാറില്ലെന്ന് ഗോപിയാശാന്‍. ചോദിക്കുന്നവരോടുമാത്രം പറയും. ഉറച്ച വിശ്വാസത്തിന്റെ ദൃഢസ്വരം.
ഇഷ്ടംമാത്രമായിരുന്നു ഭഗവാനോട്. അതിനു പ്രേരണയോ മറ്റുള്ളവരുടെ നിര്‍ബന്ധമോ ഒന്നുമില്ല. പതിനാറാം വയസ്സില്‍ തുടങ്ങിയതാണ് ഗുരുവായൂരപ്പനോടുള്ള ഇഴപിരിയാത്ത സ്‌നേഹബന്ധം. താന്‍ ഇന്നെന്തൊക്കെയായോ അതൊക്കെ അവിടുത്തെ കരുണയല്ലാതെ മറ്റൊന്നുമല്ല.
പതിനഞ്ചുവയസ്സുമുതല്‍ വേഷക്കാരനായിരുന്നു. അന്നു ഇഷ്ടമുള്ളപ്പോഴെല്ലാം ഭഗവാനെ പോയികണ്ടുകൊണ്ടിരുന്നു..
മേല്‍ശാന്തിമാരും തന്ത്രി പരമേശ്വരന്‍നമ്പൂതിരിപ്പാടും ക്ഷേത്രത്തിനു സമീപമുള്ള ജയശ്രീലോഡ്ജിലെ സ്‌നേഹബന്ധവും എല്ലാം ഗുരുവായൂരപ്പനെ കാണാനുള്ള യാത്രകള്‍ക്ക് ഇഷ്ടംകൂട്ടി.
പിന്നീട് മൂസിന്റെ ഉപദേശപ്രകാരം മുപ്പട്ട് വ്യാഴാഴ്ചകളാക്കി. അപ്പോഴെല്ലാം ഒരു പടല കദളിപ്പഴം തിരുനടയില്‍ സമര്‍പ്പിച്ചു.. ഇഷ്ടദേവന്റെ ഇഷ്ടനിവേദ്യം!.
അതുമുടങ്ങിയില്ല. ഇന്നോളം.
ഗോപി, ആശാനായതോടെ കദളിപ്പഴം ഒരു കുലയായി സമര്‍പ്പിച്ചുതുടങ്ങി. ദേവന്റെ ഇഷ്ടം കണ്ടറിഞ്ഞുതന്നെ.
യാത്രകാലങ്ങളില്‍ പലപ്പോഴും വ്യാഴാഴ്ചകളില്‍ ദര്‍ശനം അസാധ്യമായി. എങ്കിലും മാസത്തിലൊരിക്കല്‍ ഒരു സതീര്‍ഥ്യനെന്നപോലെ ഭഗവാനെ വന്നു കണ്ടു...പരിഭവങ്ങള്‍ പങ്കുവച്ചു..കുശലം പറഞ്ഞു..
ഒരു ചീര്‍പ്പ് കദളിയും പട്ടും നടക്കല്‍ വയ്ക്കും-ഇപ്പോഴും അതു മുടക്കിയിട്ടില്ല.
അരങ്ങില്‍ നിറയുമ്പോഴും അംഗീകാരങ്ങള്‍ ഒഴുകിയെത്തുമ്പോഴും മനസ്സ്് നീറുന്ന അനുഭവങ്ങള്‍ വന്നുചേരുമ്പോഴും ഭഗവാനായിരുന്നു മനസ്സില്‍.. അവിടുത്തേ ഇച്ഛക്കുവഴങ്ങിയുള്ള ജീവിതം..
മറ്റൊന്നുമില്ല.
1992ലാണ്  ജീവിതം തന്നെ അവസാനിപ്പിക്കുമായിരുന്ന ദുരന്തം കടന്നുവന്നത്. ഇടുപ്പെല്ല് പൊട്ടി. മേജര്‍  ഓപ്പറേഷന്‍ കൂടാതെ രക്ഷയില്ല എന്ന് ഡോക്ടര്‍മാര്‍. ഓപ്പറേഷന്‍ കഴിഞ്ഞാല്‍ തന്നെ, ഇനി അരങ്ങത്തേക്കൊരു മടക്കം ഉണ്ടാവില്ലെന്ന് സുഹൃത്തുക്കളായ ഡോ.ടിഐ രാധാകൃഷ്ണനും ഡോ.നാഗേശ്വര്‍റാവുവും. വിഷമമുണ്ടായി.
ഓപ്പറേഷനു മുമ്പ്, പരസഹായത്തോടെ ഗുരുവായൂര്‍ നടയിലെത്തി ഉള്ളുരുകി പ്രാര്‍ത്ഥിച്ചു മടങ്ങി.
ശസ്ത്രക്രിയ കഴിഞ്ഞു. മാസങ്ങളോളം വിശ്രമം. പതുക്കെ എല്ലാം ശരിയായി വന്നു. ഒടുവില്‍ രണ്ടും കല്‍പ്പിച്ച്, ഗുരുവായൂര്‍ നടയില്‍ ഒരു കളിനേര്‍ന്നു..തുലാഭാരവും.
പലരും നിരുത്സാഹപ്പെടുത്തിയെങ്കിലും വഴങ്ങിയില്ല. കിര്‍മീരവധത്തിലെ അധ്വാനമേറെയുള്ള വേഷമായിരുന്നു ചെയ്തത്-ഭഗവാന്റെ തിരുമുമ്പില്‍.
അത് ഗോപിയാശാന്‍ എന്ന അതുല്ല്യപ്രതിഭയുടെ രണ്ടാംവരവായി...
സംശയിക്കണ്ട, ഭഗവാന്റെ കാരുണ്യം ഒന്നുമാത്രമാണിതെന്ന് ഡോക്ടര്‍മാരുടെ സാക്ഷ്യം.
മേല്‍പ്പത്തൂരിന്റെ വാതരോഗം ശമിപ്പിച്ച ഭഗവാന്റെ കൃപാകടാക്ഷം സര്‍വ്വാതിശായായ ആശ്രിതവാത്സല്യം അനുഭവിച്ചറിഞ്ഞ നിമിഷം!.
ഗുരുകടാക്ഷവും ഗുരുവായൂരപ്പന്റെ സര്‍വ്വാതിശായിയായ കാരുണ്യവും- തന്റെ ജീവിതം അതുമാത്രമെന്ന് അന്വേഷിച്ചെത്തുന്നവരോടെല്ലാം പറഞ്ഞ് ഗോപിയാശാന്‍ അശീതി നിറവിലാണ്... ഇനിയും ഭഗവത് സേവയില്‍ കഴിയാന്‍..കലാരംഗത്ത് മുടിചൂടാമന്നനായി നൂറാണ്ടുകള്‍ തികയട്ടെ  എന്ന പ്രാര്‍ത്ഥനയോടെ ആചാര്യന്റെ ആരാധകരും.


Friday, October 28, 2016

പ്രകൃതിയെ സ്‌നേഹിച്ച്; പ്രകൃതിയെ താലോലിച്ച്..

ചെടികള്‍ പ്രതികരിക്കും- സ്‌നേഹത്തോട്..നമ്മുടെ സ്പര്‍ശത്തോട്..  ഹൃദയഭാഷയോട്..!. ചെടികള്‍ മാത്രമല്ല, വിത്തുകളും..!. മണ്ടത്തരം പറയുകയാണെന്ന് തോന്നും. ചിലപ്പോള്‍ ഭ്രാന്താണെന്നും പറയും.. പക്ഷെ, എന്റെ അനുഭവമാണ്...
മൂത്തേടത്ത് സിദ്ധാര്‍ത്ഥന്‍ എന്ന പ്രകൃതിസ്‌നേഹി, കര്‍ഷകന്‍ പറഞ്ഞു നിര്‍ത്തി, ഞങ്ങളെ നോക്കി..
സത്യസന്ധത പൊടിഞ്ഞ വാക്കുകള്‍..പ്രകൃതിയെ അടുത്തറിഞ്ഞ ഒരാളുടെ സാക്ഷ്യപ്പെടുത്തല്‍..

മൂത്തേടത്ത് സിദ്ധാര്‍ത്ഥന്‍ എന്നു പറയുമ്പോള്‍ പെട്ടെന്നു മനസ്സിലാവില്ല. മലയാളികളുടെ വെള്ളവസ്ത്രങ്ങള്‍ക്ക്  തൂവെണ്‍മ നല്‍കിയ 'ഉജാല' നിര്‍മ്മാണ കമ്പനി ജ്യോതി ലാബോറട്ടറിയുടെ ഡയറക്ടര്‍. സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ രാമചന്ദ്രന്റെ ഇളയ സഹോദരന്‍, കുടുംബപാരമ്പര്യമുള്ള കാര്‍ഷിക മേഖലയില്‍ ഇന്ന് കടന്നുവരുന്നത്, തികഞ്ഞ ഇഷ്ടം കൊണ്ടുമാത്രം..

വ്യവസായ മേഖലയിലെ തിരക്കുകള്‍ക്കിടയിലും ചെടികളെ തൊട്ടുതലോടാന്‍, അവയോടല്‍പ്പം കിന്നാരം പറയാന്‍..അവയുടെ സംസാരം കേട്ടിരിക്കാന്‍..
'എന്തെങ്കിലും ടെന്‍ഷന്‍ വരുമ്പോള്‍ ഞാന്‍ ഇവയുടെ അടുത്തിരിക്കും..സംസാരിക്കും..ടെന്‍ഷന്‍ അലിഞ്ഞില്ലാതാകുന്നത് അറിയാം, അപ്പോള്‍..' അദ്ദേഹം അനുഭവം പങ്കുവയ്ക്കുന്നു.
കുട്ടികളാവുമ്പോളേ മണ്ണും മരങ്ങളും കൃഷിയിടങ്ങളും അച്ഛന്‍ കാണിച്ചു പഠിപ്പിച്ചു. വീട്ടുവളപ്പില്‍ കൃഷിചെയ്യാന്‍ പ്രോത്സാഹിപ്പു..
ആ ശീലം ഒരിക്കലും വിട്ടുപോയില്ല. വീട്ടില്‍ 22 ഇനം ചെമ്പരത്തികള്‍ വച്ചുപിടിപ്പിച്ചു.. അതൊരാവേശമായിരുന്നു. പത്രത്തില്‍ 57 തരം ചെമ്പരത്തികള്‍ വളര്‍ത്തിയ ഒരു ഡോക്ടറുടെ ഫീച്ചര്‍ വായിച്ചപ്പോള്‍ തോന്നിയ ആവേശം..!.
കുടുംബത്തില്‍ ഏട്ടന്‍ രാമചന്ദ്രനും മറ്റുസഹോദരങ്ങള്‍ക്കും കൃഷി ആവേശമാണ്.. അവരും ഈ പ്രോത്സാഹനത്തിനു പിന്നിലുണ്ട്..

പേരിനുവേണ്ടിയല്ല ഇദ്ദേഹത്തിന്റെ കൃഷി. ഹൃദയത്തില്‍ നിന്നൊഴുകുന്ന കവിതപോലെ ഹൃദ്യമാണ് രീതി. ഓരോ വിത്തും കുഴിച്ചിടുമ്പോള്‍, അവയോടു സ്‌നേഹം നിറഞ്ഞ വാക്കുകളില്‍ പറയും:  വേഗം മുളച്ചുവരൂ..!!.
അവ അതുകേള്‍ക്കാറുണ്ട്..അത് അനുസരിക്കാറുണ്ട്..
'അത്ഭുതപ്പെടേണ്ട.. നേരനുഭവമാണ് പറയുന്നത്..' അവിശ്വസനീയത നിറഞ്ഞ ഞങ്ങളെ നോക്കി, അദ്ദേഹം പറയുന്നു..

ഒരിക്കല്‍ വീട്ടില്‍ പടവലം നട്ടു. രണ്ടു തമിഴ്പണിക്കാരുമുണ്ട്. തടം കോരി, വിത്തിടാന്‍ നേരം അവരോട് ഒരു ഭാഗത്തു നടാനും ഞാന്‍ മറ്റൊരു ഭാഗത്തു നടാമെന്നും നിര്‍ദ്ദേശിച്ചു. അങ്ങിനെ ഞങ്ങള്‍ രണ്ടിടങ്ങളിലായി വിത്തിട്ടു. മുളച്ചുവന്നപ്പോള്‍, പണിക്കാര്‍ നട്ടതിലും വേഗത്തിലും ആരോഗ്യത്തിലുമായിരുന്നു ഞാന്‍ നട്ടവയുടെ വളര്‍ച്ച!. അമ്പരന്ന പണിക്കാര്‍ ഞാന്‍ മറ്റേതോ വളപ്രയോഗം നടത്തിയെന്ന് വഴക്കിട്ടു.. സത്യത്തില്‍ സ്‌നേഹപൂര്‍ണമായ എന്റെ നിര്‍ദ്ദേശത്തിനു വിത്തുകള്‍ പ്രതികരിക്കുകയായിരുന്നു..- അദ്ദേഹം പറഞ്ഞു നിര്‍ത്തി.
ഭരണി നക്ഷത്രക്കാര്‍ക്ക് കൃഷി വിജയക്കുമെന്ന് പറയാറുണ്ട്. എന്റെ നാള്‍ ഭരണിയാണ്. ജ്യോതിഷത്തിലൊന്നു വിശ്വാസമുണ്ടായിട്ടില്ല, പക്ഷെ ഞാന്‍ നട്ട ഒരു തൈയുപോലും നശിച്ചിട്ടില്ല!.
ജ്യോതിഷപ്രമാണങ്ങളേക്കാള്‍, സ്‌നേഹപരിചരണമാണ് ഈ വിജയത്തിനു പിന്നിലെന്ന് സിദ്ധാര്‍ത്ഥന്‍.



പോണ്ടിച്ചേരിയിലെ, 25 ഏക്കര്‍ വരുന്ന ഉജാല ഫാക്ടറിവളപ്പില്‍ ആയിരം തേക്കും 1100ഓളം തെങ്ങും മറ്റു ഫലവൃക്ഷങ്ങളും നട്ടുനനച്ചു പരിചരിച്ചു വളര്‍ത്തിയ ചരിത്രമാണ് ഇദ്ദേഹത്തിന്റെത്. എന്നാല്‍ രണ്ടുതവണയുണ്ടായ ചുഴലിക്കാറ്റില്‍ ഇതെല്ലാം നാമാവശേഷമായത് നെഞ്ചുപിളര്‍ന്ന സംഭവമായിരുന്നു..
മാസത്തോളമെടുത്തു മറിഞ്ഞുവീണ മരങ്ങള്‍ നീക്കാന്‍..
'അത്രയും വേദനാജനകമാകയാല്‍, ഞാന്‍ ആ കാലത്ത് ആഭാഗത്തേക്കു പോയതേയില്ല...'
സപ്പോട്ടയും, മാവുകളും, പ്ലാവുകളുമുണ്ടായിരുന്നു.. തൊണ്ണൂറുശതമാനവും കാറ്റില്‍ നശിച്ചു.

തൃശൂരിലെ കണ്ടണശേരിയില്‍, കുടുംബവീടിനടുത്ത് രണ്ടരേക്കര്‍ ഭൂമിയാണ് ഇന്ന് ഭൂമിയിലെ സ്വര്‍ഗമായി മാറിക്കൊണ്ടിരിക്കുന്നത്. കുന്നിന്‍ചെരുവില്‍ തനിഗ്രാമീണാന്തരീക്ഷത്തില്‍, മൂത്തേടത്ത് അഗ്രോഫാം..

പതിനൊന്ന് പശുക്കളും ആറുകിടാരികളും ജീവന്റെ തുടിപ്പുനല്‍കുന്ന ഗ്രാമപ്രദേശം..ചെരുവിനു താഴേ, നോക്കെത്താത്തിടത്തോളം പച്ചപുതച്ച പാടങ്ങള്‍..അതിനു കരയിട്ട് തെങ്ങിന്‍ നിരകള്‍..
നഷ്ടകേരളത്തിന്റെ കാഴ്ച..

ഇവിടം ശാന്തമാണ്. പരിപൂര്‍ണമായും മണ്ണും മനുഷ്യനും മാത്രം. അതിര്‍വരമ്പുകളില്ലാത്ത സ്‌നേഹമന്ത്രവുമായി നാട്ടുകാരുടെ സിദ്ധാര്‍ത്ഥേട്ടന്‍..
ഇവിടെ ഫാം തുടങ്ങാന്‍ കടമ്പകള്‍ നിരവധി കടന്നു. പശുവളര്‍ത്തലിന് ഗ്രാമപഞ്ചായത്തിന്റേയും പരിസ്ഥതി വകുപ്പിന്റേയും ഒക്കെ അനുമതി..
പക്ഷെ, ഇവിടെ വരുന്നവര്‍ക്കറിയാം, തികച്ചും പ്രകൃതിക്കിണങ്ങി, പ്രകൃതിയായി മാറിയ ഒരു പുതിയ ജീവിതഗാഥ..
എല്ലാം സ്വച്ഛസുന്ദരം. പരിഷ്‌കാരത്തിന്റെ കടന്നുകയറ്റം കലുഷിതമാക്കാത്ത തെളിഞ്ഞ അന്തരീക്ഷം. പശുക്കള്‍ക്ക് ഇവിടെതന്നെ വളര്‍ത്തിയെടുത്ത പുല്ലും തീറ്റയും. അവയുടെ വളവും മൂത്രവുമെല്ലാം കമ്പോസ്റ്റാക്കി വീണ്ടും ഭൂമിയിലേക്ക്...വൈദ്യുതിക്ക് സോളാര്‍പാനലുകള്‍...
കാലിത്തീറ്റകൊടുത്താല്‍, ദിവസം പത്തുലിറ്റര്‍ കറക്കാം. പക്ഷെ, വേണ്ട എന്നാണ് തീരുമാനം.. എല്ലാം പ്രകൃത്യാനുസാരിയായി.
വൃത്തിയുള്ള തൊഴുത്തില്‍ പ്രാണിശല്ല്യം ഉണ്ടാവാതിരിക്കാനുള്ള സംവിധാനം. പശുക്കള്‍ക്ക് കേള്‍ക്കാന്‍ ശ്രുതിമധുരമായ സംഗീതം..

പാടക്കരയില്‍ ചെറിയൊരു ഫാം ഹൗസ് ഉയരുന്നു. അവിടെ ഇടക്കുവന്നു താമസിക്കാന്‍.. ചിലപ്പോള്‍ സുഹൃത്തുക്കള്‍ക്ക് ആതിഥ്യമരുളാന്‍..
'അവരുടെ മനസ്സിലുണരുന്ന സന്തോഷമാണ്..എന്റെ പ്രതിഫലം.'
മഴയെ സ്‌നേഹിച്ച്.. മഴയും നോക്കിയിരിക്കാനൊരിടം..അതാണ് ഉദ്ദേശിക്കുന്നത്. മഴയുടെ സംഗീതം എനിക്കിഷ്ടമാണ്, വളരേ..
ഞാന്‍ കൃഷിയിറക്കിത്തുടങ്ങിയപ്പോള്‍, തരിശിട്ടിരുന്ന മറ്റു കര്‍ഷകരും തിരിച്ചുവന്നു.. - ഏക്കറുകളോളം പരന്നു കിടക്കുന്ന നെല്‍പാടം ചൂണ്ടിക്കാട്ടി അദ്ദേഹം.
മറ്റുള്ളവര്‍ക്ക് പ്രചോദനമാകണം എന്നു തന്നെയാണ് ഞാനാഗ്രഹിക്കുന്നത്. നഷ്ടപ്പെട്ടുപോയ നാടന്‍ തനിമകളും പ്രകൃതിബന്ധവും തിരിച്ചുപിടിക്കണം.. പുതിയ തലമുറക്ക് അതെല്ലാം കൈമോശം വരരുത്..അങ്ങിനെ വന്നാല്‍ ജീവിതം തന്നെയാവും കൈവിട്ടുപോകുന്നത്.
ഭാര്യ ബീനക്കും മകന്‍ ശ്രീഹരിക്കും കൃഷിയിലും നാല്‍ക്കാലിവളര്‍ത്തലിലും താത്പര്യം. അത് ഒരു പിന്‍ബലമാണ്..
ഈ ഉദ്യമം ഒട്ടുവളരെ ചെറുപ്പാക്കാര്‍ക്കും പ്രചോദനമാകുന്നു. അതാണ് ശരിക്കും 'ലാഭം.'
പ്രകൃതിയെ സ്‌നേഹിച്ച്, അതിനെ തൊട്ടുതലോടി അവര്‍ പകരുന്ന സ്‌നേഹം ആസ്വദിച്ച് ഇവിടെ ഇങ്ങിനെ ഒരാള്‍..

-ബാലുമേനോന്‍ എം.
ചിത്രം: ബൈജു  വാസു 















Friday, September 2, 2016

കഥകള്‍ക്കുള്ളിലെ കഥകള്‍ ; വേണാട്ടുമനയിലൂടെ...



രാജാവിനെ എതിര്‍ക്കുക..!
അവിടെ നിന്നു തുടങ്ങുന്ന ഒരു കഥയില്‍, ഒന്നുമൊന്നും 'ബാക്കികാണാതെ അവസാനിപ്പിച്ചു' എന്നായിരിക്കും ക്ലൈമാക്‌സ്..
പക്ഷെ, വേണാട്ടുമനയുടെ കഥയില്‍ രാജകോപം ബാധിക്കാതെ രാജഡര്‍ബാറില്‍ ഒരിടം കിട്ടി എന്നതാണ് പരിസമാപ്തി. പക്ഷെ, രാജകോപത്തിനിരയായതിന്റെ പതിത്വം ഇന്നും ബാക്കിനില്‍ക്കുന്ന മനമുറ്റത്ത് പടര്‍ന്നു നിഴല്‍ വീഴ്ത്തിയ വൃക്ഷമുത്തച്ഛന്‍മാര്‍ക്കു ചുവട്ടിലൂടെ, ചരിത്രം നടന്നുപോയ പാതകള്‍ കാണാം ഇപ്പോഴും..
പടിപ്പുര കടന്ന്, ഉണങ്ങിയ തേക്കിലകള്‍ ചിതറിവീണ വഴി, മനയിലേയ്ക്ക്.. നാട്ടിടവഴി പോലെ നീണ്ട്..
ഇരുന്നൂറ് വര്‍ഷത്തെ ചരിത്രം ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടുകിട്ടിയിട്ടുണ്ട്..അതിനു മുമ്പുള്ള കഥകള്‍, കേട്ടുകേള്‍വി മാത്രം..
കാരണവര്‍ വാസുദേവന്‍ നമ്പൂതിരി, ചൂടു ഒട്ടും കടക്കാത്ത നാലുകെട്ടിലിരുന്നു കഥ പറഞ്ഞു-
വേണാട്ടു സ്വരൂപവുമായി ഒരു ബന്ധവുമില്ലാത്ത വേണാട്ടുമനയുടെ കഥ..
'വൈദികമോ താന്ത്രികമോ മാന്ത്രികമോ ആയ പാരമ്പര്യങ്ങളൊന്നുമില്ല, ഞങ്ങള്‍ക്ക്...'
ക്ഷേത്രത്തിലെ പൂജാദികള്‍ കഴിച്ചു വന്നിരുന്ന ഒരു പാരമ്പര്യ നമ്പൂതിരികുടുംബം. പക്ഷെ, ഒന്നുള്ളത്, മറ്റുപല ഇല്ലങ്ങളിലും കാണാത്തവിധം, സാമൂഹ്യജീവിതത്തില്‍ മറ്റുള്ളവരുമായി കൂടിക്കലരാന്‍ മടികാണിക്കാതിരുന്നവര്‍ എന്നുള്ളതാണ്. അത് ഈ തലമുറവരേയും തുടര്‍ന്നുപോന്നിട്ടുണ്ട്.
പൂജാരികളായിരുന്നു. തലമുറകളായി പാറമേക്കാവിലമ്മയുടെ ഉപാസകരും മേല്‍ശാന്തിമാരും...
'കൃത്യമായി പറഞ്ഞാല്‍ 1965 വരെ...'
ഭൂനിയമം വന്നതോടെ വിദ്യാഭ്യാസത്തിന്റേയും തൊഴിലിന്റേയും ആവശ്യകത ബോധ്യപ്പെട്ടു..അതോടെ ശാന്തിസ്ഥാനം നിലച്ചു.
'ഇന്നും ക്ഷേത്രത്തില്‍ നടക്കുന്ന ദേവപ്രശ്‌നങ്ങളില്‍ ഞങ്ങളുടെ ഈ ബന്ധം തെളിഞ്ഞുവരും...ബ്രാഹ്മണശാപമുണ്ടെന്നു കാണും..ഞങ്ങളെ കൊണ്ടുപോയി ഊട്ടും ദക്ഷിണയും പരിഹാരമായി ചെയ്യാറുണ്ട്...'
ക്ഷേത്രത്തിലെ ബ്രഹ്മരക്ഷസ്സ് പ്രതിഷ്ഠ, ഞങ്ങളുടെ ഏതോ തലമുറയിലെ കാരണവരുമായി ബന്ധപ്പെട്ടതാണ്..
തൃശൂരിന്റെ ഭരദേവതയാണ് പാറമേക്കാവിലമ്മ. സാംസ്‌കാരിക നഗരത്തിന്റെ അഭിമാനമായ തൃശൂര്‍പൂരത്തിലെ മുഖ്യപങ്കാളി..

തട്ടകത്തമ്മയുടെ വരവ്

തൃശൂര്‍പൂരത്തിന്റെ മുഖ്യപങ്കാളിയായ പാറമേക്കാവ് ക്ഷേത്രനടയില്‍ നില്‍ക്കുമ്പോള്‍, തട്ടകം കാക്കുന്ന ഭഗവതിയുടെ വരവിനെക്കുറിച്ചുള്ള ആ കഥ പറയാതെ വയ്യ..
ആ കഥ മറ്റൊരു പ്രമുഖ തറവാടുമായി ബന്ധപ്പെട്ടുണ്ടായത്. ആ കഥയിങ്ങിനെ:
പ്രശസ്തമായ  കുടുംബമായ അപ്പാട്ട് കളരി. നഗരത്തിന് തെക്കുഭാഗത്തുള്ള കൂര്‍ക്കഞ്ചേരിയിലുള്ള ഈ തറവാട്ടിലെ ഒരു കാരണവര്‍ തിരുമാന്ധാംകുന്ന് ഭഗവതിയുടെ കറകളഞ്ഞ ഭക്തന്‍. ദേവീഭജനത്തിന് മുടങ്ങാതെ തിരുമാന്ധാം കുന്നിലെത്തിയിരുന്ന അദ്ദേഹത്തിന്, പ്രായാധിക്യമായി. അവിടെ പോയി ഭജിക്കുക അസാധ്യമായ ഘട്ടത്തില്‍ അദ്ദേഹം ഭഗവതിയോട് അഭ്യര്‍ത്ഥിച്ചുവത്രേ..
തന്നോടൊപ്പം പോരണമെന്ന്..!


ദര്‍ശനം കഴിഞ്ഞ് തൃശൂരില്‍ മടങ്ങിയെത്തിയ കാരണവര്‍ പരവേശം കാരണം, അന്ന് വടക്കുന്നാഥ ക്ഷേത്രത്തിലെ ഇലഞ്ഞിമരച്ചുവട്ടില്‍ കിടന്നുറങ്ങിപ്പോയി. പിറ്റേന്നുണര്‍ന്ന അദ്ദേഹം, ഓലക്കുടയെടുക്കാന്‍ ശ്രമിക്കേ അത് ഇലഞ്ഞിത്തറയില്‍ ഉറച്ചുപോയതായി കണ്ട് അമ്പരന്നു...
പിന്നെ പ്രശ്‌നം വച്ചപ്പോഴാണ്, കുടയില്‍ ഭഗവതിയുടെ സാന്നിധ്യമുണ്ടെന്ന് അറിയുന്നത്..!!.
അവിടെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഇലഞ്ഞിച്ചുവട്ടില്‍ പാറമേക്കാവിലമ്മയെ കുടിയിരുത്തിയതായാണ് കഥ. പില്‍ക്കാലത്ത്, അത് ശക്തിപ്പെട്ട 'ചൊവ്വ' യാണെന്നു ബോധ്യമാകുകയാല്‍, വടക്കുന്നാഥ ക്ഷേത്രത്തിനു പുറത്ത് കിഴക്കുമാറി ഒരു പാറപ്പുറത്ത് പുനഃപ്രതിഷ്ഠ നടത്തി.  ക്ഷേത്രത്തിന് പാറമേക്കാവ് എന്ന പേരുവന്നത് അങ്ങിനെ..!.
പൂരത്തിന് വിശ്വപ്രസിദ്ധമായ ഇലഞ്ഞിത്തറമേളം കൊട്ടിക്കയറുന്നത് ഇന്നും ഈ ഇലഞ്ഞിച്ചുവട്ടിലാണ്. ദേവിയുടെ പൂര്‍വ്വസ്ഥാനം എന്ന സങ്കല്‍പ്പത്തില്‍..
പഴയ കൂറ്റന്‍ ഇലഞ്ഞി ഒരു വര്‍ഷത്തെ കാറ്റിലും മഴയിലും മറിഞ്ഞുവീണു. ഇപ്പോഴത്തെ ഇലഞ്ഞി പിന്നീടു വച്ചുപിടിപ്പിച്ചതാണ്...
പാറമേക്കാവു ഭഗവതിയുടെ ദാസരായി തുടര്‍ന്ന വേണാട്ടുമനക്കാരെ ഇപ്പോഴും പൂരം നാളുകളില്‍ ഭഗവതി എഴുന്നള്ളിയെത്തി അനുഗ്രഹിക്കുന്നു. പറയെടുപ്പിനായി എത്തുന്ന എഴുന്നള്ളിപ്പ്..ഇപ്പോഴും മനയില്‍ ഭഗവതിയ്ക്കു ഇറക്കിപ്പൂജ പതിവുണ്ട്..
മേല്‍ശാന്തിയായിരുന്ന ഞങ്ങളുടെ മുത്തപ്ഫന്‍ പരമേശ്വരന്‍ നമ്പൂതിരിയാണ് ക്ഷേത്രത്തില്‍ ആദ്യമായി ഒരു ആനയെ നടക്കിരുത്തുന്നതിന് നേതൃത്വം നല്‍കിയത്. അന്ന് തട്ടകക്കാരുടെ സഹകരണത്തോടെ അദ്ദേഹം നടയ്ക്കിരുത്തിയ ആന -പാറമേക്കാവ് രാജേന്ദ്രന്‍- ആനക്കമ്പക്കാരുടെ കണ്ണിലുണ്ണി.
'അന്ന് ക്ഷേത്രം ഇത്രയൊന്നുമില്ലായിരുന്നല്ലോ..ഇപ്പോള്‍ ഇവിടുത്തെ ആനത്തറവാട് സമ്പന്നം'- വാസുദേവന്‍ നമ്പൂതിരി ചിരിച്ചു.
ഓര്‍മ്മകളില്‍ മുങ്ങിക്കുളിച്ചു കയറുമ്പോള്‍, നാനൂറ് പറയ്ക്കു കൃഷിനിലമുണ്ടായിരുന്ന മനയുടെ കഥ രാജഡര്‍ബാറിലെത്തുന്നു..
'ഞങ്ങള്‍ക്ക് വേദം പഠിയ്ക്കാന്‍ പാടില്ല...'
അതൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തലായിരുന്നു. വാസുദേവന്‍ നമ്പൂതിരി പതുക്കെ ആ കഥയിലേയ്ക്കു കടക്കുന്നു..

ശക്തന്റെ കോപം

തണുപ്പുവീണ നടുമുറ്റത്തിരുന്ന് അവടെയുള്ള മുല്ലത്തറ ചൂണ്ടി- അതു ഭദ്രകാളി സങ്കല്‍പ്പമാണ്. രാവിലെ ചെയ്ത പൂജയുടെ ബാക്കി പത്രമായി ചുവന്ന പൂജാപുഷ്പങ്ങള്‍ ചിതറിക്കിടക്കുന്നു..
'എല്ലാ മനകളിലും മുല്ലത്തറകാണും. രക്ഷകദൈവമായ ഭദ്രകാളീ'
എന്നാലും കാലഘട്ടങ്ങള്‍, അതിന്റെ മാറ്റം അതില്‍നിന്നൊന്നും ആരും രക്ഷകരായിരുന്നില്ലെന്ന് ചരിത്രം..
'ടിപ്പുവിന്റെ ആക്രമണകാലത്ത് ഇവിടെ നിന്നു പലായനം ചെയ്തുവെന്നൊരു ചരിത്രമുണ്ട്..ആ ഭാഗം ഇപ്പോഴും ഇരുള്‍മൂടിക്കിടക്കുന്നു..'


പിന്നീട് തിരിച്ചുവന്ന് തീര്‍പ്പിച്ചതാണ് ഈ നാലുകെട്ട്- 1916ല്‍. പഴയ എടുപ്പ് ഇതിനു പിറകിലായിരുന്നു..അവിടെ ഒരു കുളം ഇപ്പോഴും കാണാം..
വേദം പഠിക്കരുതാത്ത നമ്പൂതിരിമാര്‍ എന്ന പതിത്വമുള്ള കുടുംബം..
നൂറ്റാണ്ടുകള്‍ക്കു മുമ്പാണ്. ശക്തന്റെ കരുത്ത് സര്‍വ്വമേഖലകളിലും പ്രതിഫലിച്ചിരുന്ന കാലം..
അന്ന് രാജാവിനേക്കാള്‍ ശക്തരായിരുന്നു നമ്പൂതിരിമാര്‍. തൃശൂര്‍ ഗ്രാമത്തില്‍ വടക്കുന്നാഥ ക്ഷേത്രം കേന്ദ്രീകരിച്ച് നടന്നുവന്നത് സമാന്തരഭരണം..
യോഗാതിരിയായിരുന്നു അധികാരി. എന്തിനും ഏതിനും. രാജാവിനു പോലും ചോദ്യം ചെയ്യാന്‍ അധികാരമില്ല. രാജശാസനകള്‍ അവരെ തീണ്ടിയില്ല.
'ഭരണമേറ്റ ശക്തന് ഈ രീതികളോട് ഒട്ടും യോജിപ്പുതോന്നിയില്ല എന്നു പറയേണ്ടതില്ലല്ലോ..?'
ഒന്നു നിര്‍ത്തി, അദ്ദേഹം തുടര്‍ന്നു: യോഗാതിരിപ്പാടിന്റെ തിരഞ്ഞെടുപ്പും വാഴിക്കലും രാജാവിനെ എഴുതി അറിയിക്കാന്‍ അവകാശമുള്ള മനകളിലൊന്നായിരുന്നു വേണാട്ടുമന.
വേണാട്ട്, വേട്ടനാട്ട്, മുണ്ടശ്ശേരി, കാവുങ്ങല്‍ മനക്കാരാണ് അവരോധം നിശ്ചയിച്ചുകൊണ്ടുള്ള കുറിപ്പ് തയ്യാറാക്കിയിരുന്നത്.
കുറിപ്പടി അനുസരിച്ച് യോഗാതിരിയെ അവരോധിക്കാനുള്ള ഒരുക്കങ്ങളെല്ലാം രാജാവു നടപ്പിലാക്കണം!.
ബ്രാഹ്മണ്യത്തിന്റെ ധാര്‍ഷ്ട്യം വകവച്ചുനല്‍കാന്‍ തരിമ്പുംകൂട്ടാക്കാത്ത തമ്പുരാന്റെ നടപടികള്‍, കുറച്ചൊന്നുമല്ല നമ്പൂതിരിമേധാവികളെ ചൊടിപ്പിച്ചത്.
പുഷ്പാഞ്ജലിക്കാര്‍ എന്ന അവസ്ഥവിട്ട് ക്ഷേത്രാധിപന്‍മാരായിത്തന്നെമാറിയിരുന്ന യോഗാതിരിപ്പാടുമാരുടെ ഭരണാവസാനത്തെക്കുറിച്ച് പുത്തേഴത്ത് രാമമേനോന്‍ എഴുതിയ ശക്തന്‍തമ്പുരാന്റെ ജീവചരിത്ര ഗ്രന്ഥത്തില്‍ സവിസ്തരം വിവരിക്കുന്നുണ്ട്- സംഘര്‍ഷഭരിതമായ ആ കാലം..
മരണക്കിടക്കയില്‍ കിടക്കുമ്പോഴും, തമ്പുരാന്‍ കല്‍പ്പിച്ചത് ഇനിയൊരു യോഗാതിരി അവരോധം പാടില്ലെന്ന്..!.
'കൊല്ലവര്‍ഷം 945 വരെ യോഗാതിരിയുടെ അവരോധം നടന്നതായി ചരിത്രരേഖയുണ്ട്..വടക്കുന്നാഥനിലെ ഗ്രന്ഥവരിയില്‍ ഇതു കാണാം...'
ടിപ്പുവിന്റെ ആക്രമണശേഷം, കൊച്ചിരാജാവ് ക്ഷേത്രഭരണത്തില്‍ പിടിമുറുക്കുകയായിരുന്നു.
തനിക്കെതിരേ നിലകൊണ്ട യോഗാതിരിയേയും ബ്രാഹ്മണകുടുംബങ്ങളേയും തമ്പുരാന്‍ ശിക്ഷിച്ചകഥ ഇങ്ങിനെ വായിക്കാം.. സാമൂതിരി അവരോധിച്ച യോഗാതിരി പാതാക്കര നമ്പൂതിരിയെ നാടുകടത്തുന്ന രംഗം:
'കീഴ്മര്യാദയില്ലാതെ നെടിയിരിപ്പു സ്വരൂപത്തിരുന്നു അവരോധം കഴിപ്പിച്ചിരിക്കുന്നതുകൊണ്ടു, പാതാക്കര നമ്പൂരിപ്പാട്ടിലെ രാജ്യത്തിങ്കന്നു കളയത്തക്കവണ്ണം നിശ്ചയിച്ച പ്രകാരം, രണ്ടു മഠത്തില്‍ തിരുമുമ്പന്‍മാരോടും യോഗത്തോടും വലിയ തമ്പുരാന്‍ തിരുമനസ്സുകൊണ്ടു കല്‍പ്പിച്ചാറെ, അന്നുതന്നെ അതിനെപ്പറ്റി പറഞ്ഞിരിക്കകൊണ്ടു, കളയുന്നതിനു വൈഷമ്യമില്ലെന്ന് അവര്‍ പറകകൊണ്ടു പാതാക്കരന്ന അവരോധിച്ചിരിക്കുന്ന യോഗാതിരിപ്പാടിനെ 938-ാമത് മകരമാസം 9-ാം നു അസ്തമിച്ചു. മഠത്തിലെ വടക്കേപടി കടത്തി രാജ്യത്തുനിന്നു കളയുകയും ചെയ്തു...'
ഇതാണ് ചരിത്രം!.
നമ്പൂതിരിമാര്‍, രാജ്യത്തിന്റെ കുറേഭാഗം ആക്രമിച്ചു കീഴടക്കുകയും തൃശൂര്‍ കേന്ദ്രീകരിച്ച് കൊച്ചിക്കെതിരേ നീക്കം നടത്തുകയും ചെയ്ത കോഴിക്കോട് സാമൂതിരിയുമായി സഖ്യത്തിലാവുകയായിരുന്നു  ചെയ്തത്..!.
സാമൂതിരിയുടെ ആക്രമണമുണ്ടായ കാലത്ത് കൂറുമാറിയ നമ്പൂതിരിമാര്‍ക്ക് കടുത്ത ശിക്ഷാവിധിയായിരുന്നു ശക്തന്‍ തമ്പുരാന്റേത്.
ബ്രഹ്മഹത്യാ പാപം വിസ്മരിച്ച് നിരവധി പേരുടെ തലവെട്ടുകതന്നെ ചെയ്തു..! സ്വത്തുക്കള്‍ സര്‍ക്കാരിലേയ്ക്ക് കണ്ടുകെട്ടി. അതോടെ ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ച് നടത്തിവന്ന ബ്രാഹ്മണരുടെ സമാന്തരഭരണം അവസാനിച്ചു.
'അന്നു സാമൂതിരിപ്പാടിനെ അനുകൂലിച്ച 22 മനക്കാരോട് ഇനി വേദപഠനം പാടില്ലെന്ന് തമ്പുരാന്‍ കല്‍പ്പിക്കുകയുണ്ടായി...പ്രതികാരനടപടി!.'
അതോടെ വേദംപഠിക്കല്‍ അന്യമായ നമ്പൂതിരി ഇല്ലങ്ങള്‍ എന്ന നിലയില്‍ പതിത്വം വന്നുഭവിച്ചു എന്നു ചരിത്രം..
മറ്റു പല ഇല്ലങ്ങളും കുളംകോരുകയും അസ്തമിക്കുകയും ചെയ്തപ്പോഴും രാജകോപത്തിന്റെ അഗ്നിയില്‍ നിന്നും രക്ഷപ്പെട്ടുപോന്നത് വേണാട്ടുമനയാണ്.
അതിനു കാരണമായത്, ഇല്ലത്തെ കാരണവന്മാരായ രണ്ടുപേര്‍. ജ്യോതിഷത്തിലും വാസ്തുവിദ്യയിലും അഗ്രഗണ്യന്‍മാരായ രണ്ടു പേര്‍ ഇല്ലത്തുണ്ടായിരുന്നതാണ് രക്ഷയായതെന്ന് വാസുദേവന്‍ നമ്പൂതിരി..
'കൊടുങ്ങല്ലൂര്‍ കുഞ്ഞുകുട്ടന്‍ തമ്പുരാനുമായി ഇവര്‍ക്കുണ്ടായിരുന്ന ഉറ്റബന്ധം സര്‍വ്വനാശത്തില്‍ നിന്നു രക്ഷിച്ചു..'
വാസുദേവന്‍ നമ്പൂതിരി പറയുന്ന കഥകള്‍, തൃശൂരിന്റെ രാജ്യചരിത്രം തന്നെയായി മാറുന്ന കാഴ്ച..!.

ടിപ്പുവിന്റെ പട

സര്‍വ്വനാശത്തിന്റെ പടയോട്ടമായിരുന്നല്ലോ അത്.  പാലക്കാടന്‍ ചുരം കടന്നെത്തിയ മൈസൂര്‍പ്പടയുടെ മുന്നേറ്റം, തൃശൂരിലെത്തുമ്പോള്‍ കൊച്ചിരാജ്യം വിറകൊണ്ടിരുന്നു. അന്ന് തൃശൂരില്‍ ടിപ്പു തമ്പടിച്ചത് വടക്കുന്നാഥ ക്ഷേത്രത്തിനകത്താണ്. എമ്പാടും ക്ഷേത്രങ്ങളും അതിന്റെ സമ്പത്തും കൊള്ളയിട്ട മൈസൂര്‍പട, വടക്കുന്നാഥ ക്ഷേത്രത്തിന് യാതൊരു നാശവും വരുത്തിയില്ലെന്നത് ചരിത്രത്തിലെ അത്ഭുതങ്ങളിലൊന്ന്!.
'അത് ഒരു രസമുള്ള കഥയാണ്..' വാസുദേവന്‍ നമ്പൂതിരി ചിരിച്ചു..
മൈസൂര്‍പടയുടെ വരവു സമയത്ത്, ശക്തന്‍ ഇളമുറത്തമ്പുരാനായിരുന്നു. വടക്കുന്നാഥ ക്ഷേത്രത്തില്‍ പാളയമടിച്ച ടിപ്പു ക്ഷേത്രാധികാരികളെ വിളിച്ചുവരുത്തി..
ക്ഷേത്രം നശിപ്പിക്കരുതെന്ന അഭ്യര്‍ത്ഥന കേട്ട മൈസൂര്‍ കടുവ.. ഇവിടുത്തെ മൂര്‍ത്തിയ്ക്കു ശക്തിയുണ്ടെന്ന് തെളിയിച്ചാല്‍ നശിപ്പിക്കില്ലെന്ന് ഉറപ്പുകൊടുത്തു. അതിനു പരീക്ഷണം വേണമെന്നായി..
ക്ഷേത്രത്തിലെ വൃഷഭ (കാള) പ്രതിഷ്ഠയാണ് പരീക്ഷണത്തിനു തിരഞ്ഞെടുത്തത്. പ്രതിഷ്ഠയ്ക്കുമുന്നില്‍ പുല്ലും കാടിയും വച്ചശേഷം ടിപ്പു ഇങ്ങിനെ പറഞ്ഞുവത്രെ-
'ഇന്നു വൈകീട്ടേയ്ക്ക് ഇതു തിന്നുകയും കുടിക്കുകയും വേണം. എന്നാല്‍ ക്ഷേത്രം നശിപ്പിക്കില്ല..'
അത്ഭുതമെന്നേ പറയേണ്ടൂ. വൈകീട്ട് സൂല്‍ത്താന്‍ പരിശോധനയ്ക്ക് എത്തുമ്പോള്‍, കാടിയും പുല്ലും തിന്ന് ചാണകവും ഇട്ടുകിടക്കുന്നതാണ് കണ്ടത്...!. ചിറിനക്കിത്തുടച്ചുകിടക്കുന്ന രൂപത്തില്‍!!.
'ആ രൂപത്തില്‍ തന്നെയാണ് ഇപ്പോഴും വൃഷഭപ്രതിഷ്ഠകാണുക'
സംഭ്രമിച്ചുപോയ മൈസൂര്‍കടുവ ക്ഷേത്രധ്വംസനം വേണ്ടെന്നുവച്ച്, തെക്കോട്ട് പടനയിച്ചു പോയെന്നാണ് കഥ!.


കഥയാവാം. പക്ഷെ, വടക്കുന്നാഥ ക്ഷേത്രത്തിന് ടിപ്പു കേടുപാടുകളൊന്നും വരുത്തിയില്ലെന്നത് ഇപ്പോഴും അത്ഭുതംജനപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ്..
വാസുദേവന്‍ നമ്പൂതിരി കഥപറഞ്ഞു നിര്‍ത്തി.
നഗരത്തില്‍ ആറേക്കറോളം പരന്നുകിടക്കുന്ന മനവളപ്പില്‍ വേനലിലും കുളിര്‍ പരത്തി വൃക്ഷങ്ങള്‍ കുടപിടിച്ചു നില്‍ക്കുന്നു. ഓരോ കഥകളും നഗരത്തെ വലംചുറ്റി ഒഴുകുന്ന ചരിത്രസ്മൃതികളായി പരന്നു..
'മനയുടെ പേരുകേട്ടാല്‍ വേണാട്ടു സ്വരൂപവുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് തോന്നും. അതില്ല. അന്വേഷിച്ചിടത്തോളം ഈ പേരുള്ള മറ്റുമനകളുമുണ്ടെന്ന് മനസ്സിലാക്കാനായിട്ടുണ്ട്.. മറ്റുസമുദായങ്ങളിലും ഈ പേര് കണ്ടിട്ടുണ്ട്..
വെണ്‍നാട്- മുളയുടെ നാട് എന്നര്‍ത്ഥത്തിലായിരിക്കണം ഈ പേരുവന്നതെന്നാണ് അനുമാനം..'
കഥകളുടെ ഉള്ളില്‍ കഥകള്‍ നിറയുന്ന മനമുറ്റം, മൗനത്തിലാണ്. അന്വേഷിച്ചെത്തുവരോടു മാത്രം മനസ്സുതുറന്നുകൊണ്ട്...

-ബാലുമേനോന്‍ എം

-ചിത്രങ്ങള്‍: സുധീപ് ഈയെസ്