വരിക്കാശേരി ഗോപാലന്‍ എന്ന ഒരു ഗജവീരനുണ്ടായിരുന്നു, വളരെ മുമ്പ്‌്. മദമിളകിയ അവന്‍ തൃശൂര്‍ നഗരം വിറപ്പിച്ചു. ഒടുവില്‍ അവനെ പൊലീസ് വെടിവച്ചു കൊല്ലുകയായിരുന്നു. ഒരു നിവൃത്തിയുമില്ലാത്ത ഘട്ടത്തില്‍, വെടിവയ്‌ക്കാന്‍ ഉത്തരവിട്ടത് എന്റെ അച്ഛച്ചന്‍. ആദ്യത്തെ തൃശൂര്‍ജില്ല കലക്ടറായിരുന്നു. ആന ഇടഞ്ഞ സമയത്ത് അച്ഛച്ചന്‍ എറണാകുളത്ത് ഒരു മീറ്റിംഗിലായിരുന്നുവത്രെ. ആനകളെ അത്രയും ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം, ആനയെ തളയ്‌ക്കാനുള്ള സാധ്യതകളെല്ലാം നോക്കാനായിരുന്നു നിര്‍ദ്ദേശിച്ചത്. ഒടുവില്‍ മനസ്സില്ലാ മനസ്സോടെ ആ ഉത്തരവു നല്‍കുകയായിരുന്നുവത്രെ. വെടികൊണ്ടു വീണ ആനയെ കെട്ടിപ്പിടിച്ച് ഉടമയായ വരിക്കാശേരി മനയിലെ തിരുമേനി പൊട്ടിക്കരഞ്ഞത്, അമ്മ ഇന്നലെ എന്ന പോലെ ഓര്‍ക്കുന്നു. ചെമ്പുക്കാവില്‍ വച്ചാണ് വെടിവച്ചതത്രെ. കഴിഞ്ഞ ദിവസം അച്ഛച്ചനെ കുറിച്ചു സംസാരിക്കവേ, അമ്മ ഈ കഥ വീണ്ടും ഓര്‍ത്തെടുത്തു...ചരിത്രം നഷ്ടപ്പെട്ടുപോകാതെ അടയാളപ്പെടുത്തല്‍ എന്റെ ജോലിയാണല്ലോ..
Monday, June 16, 2014
അടയാളപ്പെടുതാതെ പോയത്..
വരിക്കാശേരി ഗോപാലന്‍ എന്ന ഒരു ഗജവീരനുണ്ടായിരുന്നു, വളരെ മുമ്പ്‌്. മദമിളകിയ അവന്‍ തൃശൂര്‍ നഗരം വിറപ്പിച്ചു. ഒടുവില്‍ അവനെ പൊലീസ് വെടിവച്ചു കൊല്ലുകയായിരുന്നു. ഒരു നിവൃത്തിയുമില്ലാത്ത ഘട്ടത്തില്‍, വെടിവയ്‌ക്കാന്‍ ഉത്തരവിട്ടത് എന്റെ അച്ഛച്ചന്‍. ആദ്യത്തെ തൃശൂര്‍ജില്ല കലക്ടറായിരുന്നു. ആന ഇടഞ്ഞ സമയത്ത് അച്ഛച്ചന്‍ എറണാകുളത്ത് ഒരു മീറ്റിംഗിലായിരുന്നുവത്രെ. ആനകളെ അത്രയും ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം, ആനയെ തളയ്‌ക്കാനുള്ള സാധ്യതകളെല്ലാം നോക്കാനായിരുന്നു നിര്‍ദ്ദേശിച്ചത്. ഒടുവില്‍ മനസ്സില്ലാ മനസ്സോടെ ആ ഉത്തരവു നല്‍കുകയായിരുന്നുവത്രെ. വെടികൊണ്ടു വീണ ആനയെ കെട്ടിപ്പിടിച്ച് ഉടമയായ വരിക്കാശേരി മനയിലെ തിരുമേനി പൊട്ടിക്കരഞ്ഞത്, അമ്മ ഇന്നലെ എന്ന പോലെ ഓര്‍ക്കുന്നു. ചെമ്പുക്കാവില്‍ വച്ചാണ് വെടിവച്ചതത്രെ. കഴിഞ്ഞ ദിവസം അച്ഛച്ചനെ കുറിച്ചു സംസാരിക്കവേ, അമ്മ ഈ കഥ വീണ്ടും ഓര്‍ത്തെടുത്തു...ചരിത്രം നഷ്ടപ്പെട്ടുപോകാതെ അടയാളപ്പെടുത്തല്‍ എന്റെ ജോലിയാണല്ലോ..
Sunday, May 11, 2014
മരണക്കിണര്‍...
നിളയില്‍ മുങ്ങിത്തോര്‍ത്തിയപ്പോള്‍, മണിക്കിണര്‍ കാണാന്‍ മോഹം- അതു ഒരു മരണക്കിണറാണല്ലോ- ചാവേറുകളുടെ കബന്ധങ്ങള്‍ വീണു നിറഞ്ഞ കിണര്‍...
ആന ചവിട്ടിത്താഴ്‌ത്തിയെന്ന് ചരിത്രം. അശാന്തിയുടെ പടക്കളത്തില്‍, അധികാരികള്‍ക്കായി പിടഞ്ഞു മരിച്ചവര്‍. വള്ളുവനാട്ടില്‍ നിന്ന് സാമൂതിരിയെ വെട്ടിവീഴ്‌ത്താന്‍ എത്തിയവര്‍...കണ്ടര്‍ മേനോന്‍, മകന്‍ ഇത്താപ്പു എന്നിവരെ ഓര്‍ത്തു. രാത്രി നടന്ന ഘോരയുദ്ധത്തില്‍ ഇത്താപ്പുവിനെ വെട്ടിവീഴ്‌ത്തി. കണ്ടര്‍മേനോന്‍ വെട്ടിക്കയറിയപ്പോള്‍, കൂടെ ഉണ്ടായിരുന്ന ചെറ്റായെ പണിക്കര്‍ സ്‌നേഹത്തോടെ അടുത്തുകൂടി ചതിച്ചു വെട്ടിവീഴ്‌ത്തി...വീരഗാഥകള്‍ അവസാനിക്കുന്നില്ല. `ചാവേര്‍പാട്ടുകള്‍' അവ വിളിച്ചോതുന്നു. ചതിയുടേയും പകയുടേയും ഒടുങ്ങാത്ത നിണം പുരണ്ട കഥകള്‍....ചരിത്രം അവസാനിക്കുകയല്ല....
Saturday, April 19, 2014
മാമ്പറ്റ നമ്പൂതിരിയുടെ കുളം...
മുങ്ങിത്താഴ്‌ന്ന് കണ്ണുതുറക്കണം. പച്ചയും മഞ്ഞയും കലര്‍ന്ന ജലരാശിയില്‍ തൂവല്‍ പോലെ.. ഉയര്‍ന്നും താഴ്‌ന്നും അങ്ങിനെ....!. കുമിളകള്‍, രസത്തുള്ളികള്‍ പോലെ ചുറ്റിലും. ഉരുണ്ട ഗോലികളായി അവ മുകളിലേക്കുയര്‍ന്നു കൊണ്ടിരുന്നു. മുത്തുകോര്‍ത്ത മാലപോലെ അവ ശരീരത്തില്‍ ഉരസി, ഇക്കിളിയിട്ടു മുകളിലേയ്‌ക്കു പോയിക്കൊണ്ടിരിക്കുന്നു... രണ്ടു പരല്‍ മീനുകള്‍, മുഖത്തിനു നേരേ പാഞ്ഞുവന്നു..പിന്നെ, പെട്ടെന്ന് ഇരുവശത്തേയ്‌ക്കും അതിവേഗം തുഴഞ്ഞുപോയി..
കല്‍ക്കെട്ടില്‍ കാലുറപ്പിച്ച പായലുകള്‍ അലസമായി തലയാട്ടിക്കൊണ്ടിരുന്നു. വഴുവഴുത്ത അവയെ തൊട്ടു. അവയ്‌ക്കും അനുസരണയുണ്ട്..
തങ്ങളുടെ ലോകത്തേയ്‌ക്ക് ഇറങ്ങിവന്ന വിചിത്രജീവിയെ കണ്ടു മടങ്ങാന്‍, വീണ്ടും മത്സ്യക്കൂട്ടങ്ങള്‍. കൈവീശുമ്പോള്‍, അവയും വഴുക്കിയകന്നു..
ഉച്ചവെയിലില്‍, കുളത്തിന്റെ ഉപരിതലത്തിനു നീലനിറമാണ്. കരയില്‍ അതിരിട്ടു നില്‍ക്കുന്ന ചെടികളും മരങ്ങളും കൂടുതല്‍ അടുത്താണെന്നു തോന്നിച്ചു..
ശ്വാസമെടുക്കാന്‍ വീണ്ടും മുകളിലേയ്‌ക്ക്...വായിലെടുത്ത വെളളം നീട്ടിത്തുപ്പി അങ്ങിനെ വെള്ളംചവിട്ടി നിന്നു..സര്‍വ്വത്ര ശാന്തത. ഒരുത്‌ക്കണ്‌ഠയുമില്ല; ഒന്നിനെ കുറിച്ചും...
കാലുകള്‍ അനക്കാതെ വച്ചാല്‍ മത്സ്യങ്ങള്‍ വന്നു കൊത്തിനോക്കുകയായി.
തലയില്‍ വെളുത്ത പുള്ളിയുള്ള കൊച്ചുമീനുകള്‍..അതിനെ `ചൂട്ടന്‍' എന്നു വിളിച്ചു. പിന്നെ കണ്ണുമിഴിച്ച് ഒറ്റയ്‌ക്കു ഒഴുകി നീങ്ങുന്ന `വയമ്പ്'. കൂട്ടമായി വെട്ടിത്തിരിഞ്ഞു നടന്ന `പരലുകള്‍'....
ഞങ്ങളെത്തുമ്പോള്‍, ചേറില്‍ പുതയുന്ന ബ്രാലുകളും, മുഷികളും അപൂര്‍വ്വമായി മുകള്‍ത്തട്ടിലെത്തി ഒരു കുമിള ഊതിവിട്ട് താഴ്‌ന്നു പോകുന്നു..മുങ്ങിക്കപ്പലുകള്‍ പോലെ..!.
നഗരമധ്യത്തിലെ ഈ കുളം കൗമാരസ്‌മരണമാത്രമാണിന്ന്. വീട്ടിനടുത്തുള്ള മാമ്പറ്റ നമ്പൂതിരിയുടെ കുളം..
സ്വകാര്യകുളം, ബന്ധുത്വത്തിന്റെ പേരില്‍ ഞങ്ങള്‍ കൈയേറുകയാണ്. കൗമാരസംഘത്തിന്റെ ശല്ല്യം സഹിക്കാതെ നമ്പൂതിരിയുടെ മകന്‍ പറയും-അദ്ദേഹം ഭിലായിലെ എഞ്ചിനീയറായിരുന്നു. എപ്പോഴോ ഒരിക്കല്‍ മനസ്സിന്റെ താളം തെറ്റി. ഈ വീട്ടില്‍ ഏകാന്തവാസം-
`യൂ ഓണ്‍ലി ടേക്ക് ബാത്ത്...നോ ബറ്റാലിയന്‍....!.'
ഞങ്ങള്‍ ചിരിച്ച് ഓടിമറയും. പിറ്റേന്നും എത്തും, ബറ്റാലിയന്‍...!.
നോക്കിനില്‍ക്കേയാണ് ഇതെല്ലാം ഇല്ലാതായത്. ഇപ്പോള്‍ അവിടെ `മംഗള ടവര്‍'. കൂറ്റന്‍ ഷോപ്പിംഗ് കോപ്ലക്‌സ്. എല്ലാ ജീവതസൗകര്യങ്ങളുമായി...
ഈ വഴിയുള്ള ഒറ്റയ്‌ക്കുള്ള യാത്രകള്‍, ഒരു തിരിച്ചുപോക്കാണ്. ഇനി ചിത്രങ്ങളായി പോലും കാണിച്ചുതരാന്‍ കഴിയാത്ത യാത്രാനുഭവങ്ങള്‍....
Saturday, April 12, 2014
എന്റെ അത്താണി...........
1998. ഒരു നട്ടുച്ച. ഓഫീസിലേയ്‌ക്ക് ഫോണ്‍. അമ്പലവാസിയായ സുഹൃത്ത് സുനില്‍ വാര്യര്‍.
`ഡാ...വൈകീട്ട് ഒന്നു എന്റെ കൂടെ വരണം. തൃപ്രയാര്‍വരെ'.
അവിടുത്തെ തന്ത്രിയെ ഏല്‍പ്പിച്ച ഏതോ `രക്ഷ' തയ്യാറായിരിക്കുന്നു. അതു വാങ്ങണം.
വൈകീട്ട് പടിഞ്ഞാറെ നടയിലുള്ള തന്ത്രി മഠത്തിലെത്തുമ്പോള്‍, പതിവു ചടങ്ങുകള്‍. ദക്ഷിണ....നിറച്ച ഏലസ്സു കൈമാറല്‍...അങ്ങിനെ.
അപ്പോഴും ഞാന്‍ ശ്രദ്ധിച്ചത്, അദ്ദേഹത്തിന്റെ മുറിയിലെ കൂറ്റന്‍ അലമാരകളില്‍ നിറഞ്ഞ താന്ത്രിക ഗ്രന്ഥങ്ങളാണ്. ഭൂരിഭാഗവും ഇംഗ്ലീഷ് വിവര്‍ത്തനങ്ങള്‍...
ഇതു കൊടുക്കാനുള്ളതാണോ?- ഞാന്‍ ചോദിച്ചു. (ദേവസ്വം പുസ്‌തകങ്ങളാണെന്നാണ് വിചാരിച്ചത്). അധികവും വിദേശ പബ്ലിക്കേഷനുകള്‍...
വൃദ്ധനായ ക്ഷേത്രം തന്ത്രികള്‍. ഒറ്റത്തോര്‍ത്താണ് വേഷം. പക്ഷെ, അസാധാരണമായ ഒരു ചൈതന്യം നിറഞ്ഞു നിന്നിരുന്നു. ഇയാള്‍ ഇതൊക്കെ വായിക്കുമോ എന്നായിരുന്നു എന്റെ അഹങ്കാരം.
അദ്ദേഹം ചിരിച്ചുകൊണ്ടു പറഞ്ഞു- ഹേയ്...ഇതൊക്കെ ഇന്റെന്നെ....!.
അതൊരു തുടക്കമായിരുന്നു, പൂര്‍വ്വജന്മബന്ധം പോലെ...
തുടര്‍ച്ചയായ സന്ദര്‍ശനങ്ങള്‍...സംവാദം... ഒരു നിമിഷം കൊണ്ടു അദ്ദേഹം എന്റെ ഗുരുവായി....
തരണനെല്ലൂര്‍ പത്മനാഭന്‍ നമ്പൂതിരിപ്പാട്...............
ജീവിത സമസ്യകള്‍ക്കെല്ലാം അദ്ദേഹം വ്യക്തവും കൃത്യവുമായി ഉത്തരങ്ങള്‍ നല്‍കി...
ജീവിതദര്‍ശനം തന്നെ മാറിമറിഞ്ഞു...
താന്ത്രികതയുടെ ഉള്‍ക്കാഴ്‌ചകള്‍ ഒന്നൊന്നായി അദ്ദേഹം തുറന്നുകാട്ടി.
2010 ആണെന്നാണോര്‍മ്മ.
കാട്ടൂരിലെ തരണനെല്ലൂര്‍ ശാഖയിലെ ജ്യോത്സന എന്ന പെണ്‍കുട്ടിയെക്കൊണ്ടു അദ്ദേഹം ഭദ്രകാളി പ്രതിഷ്‌ഠ നടത്തിച്ചു...
സ്‌ത്രീയെക്കൊണ്ടു പ്രതിഷ്‌ഠ നടത്തിക്കേ..?.
യാഥാസ്ഥിതിക സമൂഹം ഇളകി വശായി......
വിമര്‍ശനങ്ങളും ഭീഷണികളും ഉയര്‍ന്നു. പത്രങ്ങളും ചാനലുകളും ഈ സംഭവം ആഘോഷിച്ചു...
സ്‌ത്രീ, പ്രതിഷ്‌ഠ നടത്തേ...!!. സമൂഹം മൂക്കത്തു വിരല്‍ വച്ചു...
ഒരു കുലുക്കവുമില്ലാതെ അദ്ദേഹം, അവിവേകികളെ സംവാദത്തിനു ക്ഷണിച്ചു. ഒറ്റയാളും വന്നില്ല....!!.
ഇന്നും തുടരുന്നു ഈ ബന്ധം. തൃശൂരില്‍ എത്തുമ്പോള്‍ അദ്ദേഹം വിളിക്കും. അധികവും ഞായറാഴ്‌ചകള്‍. ഫുട്‌പാത്തിലെ പഴയ പുസ്‌തക വില്‍പ്പനക്കാരില്‍ നിന്നു എന്തെങ്കിലും കിട്ടുമോ എന്നു നോക്കാന്‍.......
പുസ്‌തകങ്ങളെ ഇത്രയും സ്‌നേഹിക്കുന്ന ഒരാളെ ഇതുവരെ കണ്ടിട്ടില്ല.
അറിവിന്റെ നിറകുടമായ നമ്പൂതിരിപ്പാട് എന്റെ അത്താണിയാണ്......തളരുമ്പോള്‍ പുറത്തുതട്ടാന്‍ ഒരാള്‍..............
Wednesday, April 2, 2014
തൂവാനത്തുമ്പികള്‍...
പറഞ്ഞുവന്നപ്പോള്‍ ബന്ധുത്വവും...!.
പിന്നെന്തേ കണ്ടുമുട്ടാന്‍ ഇത്രയും കാലം..?. അതു കാലത്തിന്റെ കണക്കുപുസ്‌തകത്തില്‍ ഇപ്പോഴേ കുറിച്ചിട്ടുണ്ടാവൂ എന്നു സമാധാനിക്കുക....
`നാരങ്ങാവെള്ളം വേണോ...?'
ഏതു നിമിഷവും ആ ചോദ്യം വന്നേയ്‌ക്കുമെന്ന് പ്രതീക്ഷിച്ചു. അതാഗ്രഹിച്ചിരുന്നു മനസ്സ്, എന്നതായിരുന്നു സത്യം...
എഴുപത്തഞ്ചിലെ യൗവനം...ആ കണ്ണുകളില്‍ ഇപ്പോഴും കുസൃതി തിളങ്ങുന്നു...മുന്‍വശത്തെ പല്ലുകളുടെ വിടവുകാട്ടിക്കൊണ്ടുള്ള ചിരിയില്‍ ജീവിതസ്‌നേഹത്തിന്റെ ഉന്മേഷം. ജീവിതം ആഘോഷിച്ചുകളഞ്ഞ ഒരാളുടെ മുമ്പില്‍ ഇരിക്കുമ്പോള്‍ ആ ഉന്മേഷം നമ്മിലേയ്‌ക്കും, പതുക്കെ സംക്രമിക്കുന്നത് അറിയുന്നു...
പുതിയേടത്ത് ഉണ്ണിമേനോന്‍...
അറുപതുകളില്‍ തൃശൂരില്‍ നിറഞ്ഞാടിയ യൗവനം...
പത്മരാജന്‍, `ഉദകപ്പോള' എന്ന നോവലിലേയ്‌ക്കും പിന്നീട് `തൂവാനത്തുമ്പികളി'ലും ആവാഹിച്ചപ്പോള്‍, നെഞ്ചേറ്റിയത് മലയാളയുവത്വം മുഴുവനായിരുന്നു,
പ്രത്യേകിച്ച് തൃശൂര്‍ക്കാര്‍...
`ഇന്നെ കാണണം ന്ന് മോഹന്‍ലാല്‍ ശ്ശി കാലായി പറയണു. എനിക്കൊട്ടു നേരോം കിട്ടീല്ല....'
എന്നു പറയുന്നതിലെ നിഷ്‌കളങ്കത....കേട്ടിരിക്കുന്ന നമ്മള്‍ ചിരിച്ചുപോവില്ലേ...?.
നഗരത്തില്‍ തരക്കേടില്ലാത്ത കൊള്ളരുതായ്‌മകള്‍ കാട്ടിക്കൂട്ടിയ ജീവിതത്തില്‍ ഉണ്ണിമേനോനെ ഒന്നുകാണണം എന്നാഗ്രഹിച്ചു..
നടന്നില്ല.
ഇലച്ചാര്‍ത്തുകള്‍ മൂടിയ ബാറുകളില്‍ ചെല്ലുമ്പോള്‍, പതിവു ക്വാട്ടയും ബ്രാന്റും കാണാപാഠമാക്കിയ കൗണ്ടര്‍ ബോയി..
അപ്പോളും ജയകൃഷ്‌ണമേനോന്റെ പ്രൊട്ടോടൈപ്പിനായി മനസ്സ് അലഞ്ഞു.
പെരുവല്ലൂരിലെ സമ്പന്നകുടുംബത്തില്‍ നിന്നുള്ള ഉണ്ണിമേനോനെ, കഥപറച്ചിലിന്റെ ഗന്ധര്‍വ്വന്‍ മണ്ണാറത്തൊടി ജയകൃഷ്‌ണ മേനോനിലിലേയ്‌ക്ക് ആവാഹിച്ചപ്പോള്‍ ഭാവനപോലും വേണ്ടിവന്നില്ല...എല്ലാം പകര്‍ത്തുകയേ വേണ്ടിവന്നുള്ളൂ...
പുത്രവിയോഗം അലട്ടുന്ന വാര്‍ദ്ധക്യത്തില്‍, ജീവിതത്തില്‍ സ്‌നേഹിച്ച ഒരേ ഒരു പെണ്ണിനെ സ്വന്തമാക്കിയ അദ്ദേഹം അവരുടെ തണലായി മാറിയിരിക്കുന്നു....
മഴയില്ല. മീനവെയിലിന്റെ ഉരുകുന്ന ചൂടുമാത്രം. പടിയ്‌ക്കല്‍ വരെ യാത്രയാക്കാന്‍ വന്നപ്പോള്‍, അങ്ങോട്ടൊന്നു ചോദിക്കണമെന്നു തോന്നി:
`മ്മക്ക് ഓരോ നാരങ്ങാവെള്ളാ കാച്യാലാ....?'
പുഞ്ചിരിച്ചുകൊണ്ടു ഉണ്ണിയേട്ടന്‍ കൂടെ വരുമെന്ന് എനിക്കുറപ്പുണ്ട്....
Friday, March 21, 2014
എന്നാ, ഇന്നിവിടന്ന് കഴിക്കണ്ട...!!
ഇതൊരു ഓര്‍മ്മച്ചിത്രം. ഭരണിയ്‌ക്കു പോയപ്പോള്‍ ഞാന്‍ പകര്‍ത്തിയത്. ഓഫീസിലെത്തുമ്പോള്‍ ഫൊട്ടോഗ്രാഫര്‍ സുനോജ് മാത്യു പിറുപിറുത്തു...
ദെന്താ മേന്‍നേ...ഭ്രാന്തു തന്നെ...!!.
ഭരണിയാഘോഷവും കോമരങ്ങള്‍ നിറവെട്ടിപ്പൊളിച്ചു രക്തമൊഴുക്കുന്നതും തെറിപ്പാട്ടു പാടുന്നതും കണ്ടു അയാള്‍ അസ്വസ്ഥനായിരിക്കുന്നു..
വര്‍ഷത്തിലൊരിക്കലെങ്കിലും മനസ്സുതുറന്ന് തെറിപറയാന്‍ അനുവാദം തന്ന ദൈവത്തിനു നന്ദിപറഞ്ഞ്, ഞാന്‍ വാര്‍ത്തയുടെ ആദ്യവരി എഴുതി...
അതിങ്ങനെ- കൊടുങ്ങല്ലൂര്‍ ചരിത്രനഗരി ചെമ്പട്ടുടുത്തു....
പിന്നെ വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും, ഈ പ്രയോഗം പത്രങ്ങള്‍ ഏറെ മാറ്റിയിട്ടില്ല..
വാല്‍ക്കഷ്‌ണം: ഉച്ചഭക്ഷണം കഴിയ്‌ക്കാന്‍ സ്ഥലമന്വേഷിച്ച് കൊടുങ്ങല്ലൂര്‍ ലേഖകന്‍ ജോര്‍ജുകുട്ടിയോടൊപ്പം ഭേദപ്പെട്ട ഹോട്ടലില്‍ കയറി. മേശകള്‍ നിറഞ്ഞു കവിഞ്ഞിരിക്കുന്നു. ജോര്‍ജ്‌കുട്ടി കൊടുങ്ങല്ലൂരില്‍ സുപരിചിതന്‍. ഹോട്ടലുടമയോടു ചോറുകിട്ടുമോ എന്ന് അയാള്‍...
ഹോട്ടലുടമ: വേണ്ടപ്പെട്ടവരാണോ...?
ജോര്‍ജുകുട്ടി: ബ്യൂറോ ചീഫാണ്..
ഹോട്ടലുടമ: എന്നാ, ഇന്നിവിടന്ന് കഴിക്കണ്ട...!!
കാവു തീണ്ടാന്‍ എത്തുന്ന പതിനായിരങ്ങളെ ഞാന്‍ ഖേദപൂര്‍വ്വം ഓര്‍ത്തുപോയി....
Wednesday, March 19, 2014
ചില രഹസ്യങ്ങള്‍ എവിടേയോ..
തൃശൂരിന്റെ നാഥന്‍, ശ്രീ വടക്കുന്നാഥന്‍ ക്ഷേത്രം ഏവര്‍ക്കും സുപരിചിതം. അവിടെ ദര്‍ശനം പതിവുള്ളവര്‍ക്കും അറിയാത്ത കുറെ കാര്യങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്നു...
ക്ഷേത്രദര്‍ശനത്തിനു നിത്യവും എത്തുന്നവര്‍ക്കുപോലും അറിയില്ല, ഇവിടെ തൊഴുവാനുള്ള വിധാനം...!.
വടക്കുന്നാഥ ക്ഷേത്രദര്‍ശനത്തിന് ഒരു നിയമം ഉണ്ട്...ആരില്‍ തുടങ്ങി ആരില്‍ അവസാനിപ്പിയ്‌ക്കണം എന്നിങ്ങനെ വിശദീകരിക്കുന്ന വിശദമായ ശ്ലോകമുണ്ട്...
അത് അറിയുന്നവര്‍ ഇന്നുണ്ടോ എന്നു സംശയം....
അതുകൊണ്ടു തന്നെ ചിട്ടപ്രകാരം തൊഴൂന്നവരും അപൂര്‍വ്വം.
പറഞ്ഞുവന്നത്, അവിടെ ചുറ്റമ്പലത്തിലെ ഗണപതി പ്രതിഷ്‌ഠയാണ്. കരിങ്കല്ലുകൊണ്ടു പടുത്ത ശ്രീകോവില്‍. നടയൊഴിച്ചാല്‍ മറ്റു ദ്വാരങ്ങളൊന്നുമില്ല. ക്ഷേത്രത്തിലെ ഗണപതി, ക്ഷേത്രത്തിന്റെ മുതല്‍സൂക്ഷിപ്പുകാരനെന്നും വ്യവസ്ഥയുണ്ട്..
ഒരു സായന്തനത്തില്‍ മേല്‍ശാന്തിയുമായി സൗഹൃദം കൂടിയതിന്റെ അടിസ്ഥാനത്തില്‍ കിട്ടിയ വിവരം ഇതാകുന്നു-
ഈ ഗണപതി ശ്രീകോവിലില്‍ ഒരു രഹസ്യ അറയുണ്ടെന്നും...അതു ഒരു തുരങ്കമാണെന്നും....കൊടുങ്ങല്ലൂര്‍വരെ അതു എത്തിച്ചേരുമെന്നും...
ടിപ്പുവിന്റെ ആക്രമണത്തിനു വിധേയമായ ക്ഷേത്രമാണിത്. അതുകൊണ്ടുതന്നെ ക്ഷേത്രത്തിന്റെ സ്വത്തുക്കള്‍ സംരക്ഷിക്കാനും അധികാരികള്‍ക്ക് ഒരു രക്ഷാമാര്‍ഗ്ഗവും ഉണ്ടായിക്കൂടായ്‌കയില്ല...യുക്തിയും അതു നിഷേധിക്കുന്നില്ല.
ചരിത്രത്തില്‍ എവിടേയും രേഖപ്പെടുത്താത്ത, ക്ഷേത്രൈതിഹ്യത്തില്‍ പോലും വായിച്ചറിഞ്ഞിട്ടില്ലാത്ത ഈ രക്ഷാമാര്‍ഗ്ഗം ഉണ്ടോ..??.
കേന്ദ്രപുരാവസ്‌തുവകുപ്പിന്റെ നിയന്ത്രണത്തിലാണ് ഈ ക്ഷേത്രം. ആരും അങ്ങിനെ കണ്ടതായി പറഞ്ഞുകേട്ടില്ല, ഇന്നുവരെ. ഉണ്ടാകാം... അതിനാണു സാധ്യത കൂടുതലും...
ഓരോരോ കാര്യങ്ങള്‍....................ആര്‍ക്കറിയാം..!!
Sunday, March 16, 2014
അനുഭവങ്ങളെ നന്ദി
അടുത്തുള്ളവരല്ലേ മാഷേ ശരിക്കും അകലേ... എന്നെഴുതിയത് ഒ.വി. വിജയനാണെന്നാണ് ഓര്‍മ്മ.
അതൊരു സനാതന സത്യമാകുന്നു.
ആറാട്ടുപുഴ പൂരത്തിനുള്ള എന്റെ പുറപ്പാടിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്...
കടുത്ത ജോലിത്തിരക്കും മറ്റുപല കാരണങ്ങളാലും അതു ഒരിക്കലും നടന്നില്ല.
തൃശൂരില്‍ നിന്നു കഷ്ടി ഇരുപതുമിനുട്ടിന്റെ ബസ്സ് ദൂരം...ജോലിചെയ്യുന്ന ഇരിങ്ങാലക്കുടയില്‍ നിന്നും ഇത്രതന്നെ സമയമേ വേണ്ടൂ..
സുഹൃത്തുക്കളില്ലാഞ്ഞിട്ടല്ല..ക്ഷണം പോരാഞ്ഞിട്ടുമല്ല.
എല്ലാവര്‍ഷവും, എത്തിയിരിക്കുമെന്ന് തലകുലുക്കി സമ്മതിക്കും...
എത്താന്‍ പറ്റിയില്ല...
ഇരിങ്ങാലക്കുട ബ്യൂറോയില്‍ നിന്നും അവസാന വാര്‍ത്താ ഫയലും അയച്ച ശേഷമായിരുന്നു ആ തീരുമാനം..
ആറാട്ടുപുഴ ശാസ്‌താവിന്റെ പഞ്ചാരികേള്‍ക്കാന്‍ പോവുക..!!.
കൂടെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ കണ്ണന്‍. അന്നു തൃശൂര്‍ക്കു മടങ്ങേണ്ടെന്നും ഇരിങ്ങാലക്കുടയില്‍ അവന്റെ വീട്ടില്‍ തങ്ങാമെന്നും വ്യവസ്ഥയായി...
ഒമ്പതരയോടെ പൂരപ്പാടത്തെത്തി. ചെവിയും കൊമ്പുമൊക്കെയുള്ള കൈനറ്റിക്ക് ഹോണ്ടയാണ് ദേവവാഹനം...
ഇരുട്ടുനിറഞ്ഞ പാടത്ത് ദൂരേ ദീപാലങ്കൃതമായ ആറാട്ടുപുഴ ശാസ്‌താവിന്റെ അമ്പലം തലയെടുത്തുനിന്നു..വരമ്പുകളില്‍ നിരയായി ട്യൂബ് ലൈറ്റുകള്‍...കണ്‍ചിമ്മുന്ന കളര്‍ബള്‍ബുകളുമായി പാടത്തിനു നടുവില്‍ നിലപ്പന്തല്‍..
ആനകള്‍ നിരന്നിരിക്കുന്നു. തീവട്ടികളുടെ വെളിച്ചത്തില്‍ നെറ്റിപ്പട്ടങ്ങള്‍ വെട്ടിത്തിളങ്ങി അങ്ങിനെ....പഞ്ചാരി തുടങ്ങിയിരിക്കുന്നു.
തൃശൂര്‍ പൂരത്തില്‍ മുങ്ങിനിവര്‍ന്ന എനിക്ക് അത് അത്ഭുതകരമായ കാഴ്‌ചതന്നെയായിരുന്നു...
ആര്‍പ്പും വിളികളും കൈകൊണ്ടു വായുവില്‍ വൃത്തംവരയ്‌ക്കലുകളുമില്ലാതെ വിശാലമായപാടം നിറഞ്ഞ് ജനാവലി..!!. മേളം നിര്‍ന്നിമേഷരായി കണ്ടു നില്‍ക്കുകയാണവര്‍, അച്ചടക്കത്തോടെ...!!.
ഹോ..!. ആയിരത്താണ്ടുകള്‍ക്കു പിന്നിലേയ്‌ക്കു ഒഴുകിപ്പോയി ഞങ്ങള്‍...
മുപ്പത്തിമുക്കോടി ദേവകളും യക്ഷ-ഗന്ധര്‍വ്വ-കിന്നര-ദൈത്യന്‍മാരും ഭൂത-പ്രേതാദിപിശാചുക്കളും പരേതാത്മാക്കളുമെല്ലാം എത്തുന്ന ആറാട്ടുപുഴപൂരം...
പൂരപ്പാടത്ത് ഞാനും...!.
പെരുവനം കുട്ടന്‍മാരാര്‍ നിയന്ത്രിക്കുന്ന പഞ്ചാരി പത്തരയോടെ കൊട്ടിക്കലാശിച്ചു...
ഇനി ഒന്നു കിടക്കാം...സമയമുണ്ട്. പുലര്‍ച്ചെവരെ പൂരങ്ങളുടെ വരവുംപോക്കും തന്നെ...പിന്നെ സൂര്യോദയത്തിനു തൊട്ടുമുമ്പ് വിശ്വപ്രസിദ്ധമായ കൂട്ടിയെഴുന്നള്ളിപ്പ്....
പുല്ലും മഞ്ഞുതുളളികളുടെ ഈര്‍പ്പവും നിറഞ്ഞ മന്ദാരംകടവിന്റെ കരയില്‍ ആകാശം നോക്കിക്കിടന്നു...
തലയ്‌ക്ക് കൈകള്‍പിണച്ചുവച്ചു മലര്‍ന്ന് ആകാശംനോക്കിയുള്ള കിടപ്പ് ഒരനുഭവം തന്നെ..
പൂരാവസാനം ദേവീദേവന്‍മാര്‍ ആറാടുന്ന മന്ദാരംകടവിലെ അനക്കമറ്റജലത്തില്‍ നിലാവ്..
ഒന്നുമയങ്ങി...
തലയ്‌ക്കുമുകളില്‍ ചങ്ങലക്കിലുക്കം കേട്ടാണ് ഞെട്ടിയെണീറ്റത്...
ആന...
തൊട്ടിപ്പാള്‍ ഭഗവതിയാണ്...പിറകേ പിഷാരിക്കാവ് ഭഗവതി....ദേവീദേവന്‍മാര്‍ എത്തിത്തുടങ്ങി...
ആളുകളും ആനകളും നിറഞ്ഞ പൂരപ്പാടം...എല്ലാത്തിനും ചിട്ടകള്‍...
ചടങ്ങുകളാല്‍ സമൃദ്ധമയമാണ് ആറാട്ടുപുഴപൂരം...
പൂരത്തിന്റെ നെടുനായകത്വം തൃപ്രയാര്‍ തേവര്‍ക്കാണെങ്കിലും, അദ്ധ്യക്ഷന്‍ ആറാട്ടുപുഴ ശാസ്‌താവാണ്...അങ്ങിനെ എന്തൊക്കെ..!!.
ആറാട്ടുപുഴ ദിവസം കാശിവിശ്വനാഥക്ഷേത്രം പോലും നേരത്തേ അടയ്‌ക്കുന്നു. അദ്ദേഹവും ഭൂമിയിലെ ദേവസംഗമം കണ്ടാനന്ദിക്കാന്‍ എത്തുന്നു എന്ന സങ്കല്‍പ്പം...!!.
ജീവിതത്തില്‍ വലുതായ ലക്ഷ്യങ്ങള്‍ വേണമെന്ന് മഹാന്‍മാര്‍. എനിക്കു ഇങ്ങിനെയുളള കൊച്ചുകൊച്ചു ലക്ഷ്യങ്ങളേയുള്ളൂ...കാണാത്ത ഒരു പൂരം ഒരു വേല...അത് അടുത്തുള്ളതാണെന്നുവച്ച് മാറ്റിവയ്‌ക്കാതിരിക്കുക..ഒഴുകുന്നിടത്തോളം അതങ്ങിനെതന്നെ...
Tuesday, March 11, 2014
മുമ്പ്....വളരെ വര്‍ഷങ്ങള്‍ക്കു മുമ്പൊരാള്‍....
വാവാ സുരേഷിനും സേവ്യര്‍ എല്‍ത്തുരുത്തിനും ഒക്കെ മുമ്പ്....വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ്...ഒരാള്‍..വേലായുധന
എന്തേ പെട്ടെന്നിങ്ങനെ തോന്നാന്‍? എന്നു ചോദിക്കരുത്..
വീട്ടിലെ പഴയ പത്രക്കട്ടിംഗുകളിലൊന്നില്‍
Velayudhan dies of snake bite
2000 മെയ് 4 വ്യാഴാഴ്‌ചത്തെ ഇന്ത്യന്‍ എക്‌സ്‌പ്രസ്സ് പത്രത്തിലാണ് വാര്‍ത്ത...
ബുധനാഴ്‌ച പുലര്‍ച്ചെ കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് മരിച്ചത്. ബേപ്പൂരില്‍ നിന്നു പിടികൂടിയ മൂര്‍ഖന് തീറ്റികൊടുക്കുന്നതിനിടെ, കുതറിച്ചാടി കാല്‍വണ്ണയില്‍ കടിക്കുകയായിരുന്നു. ഏപ്രില്‍ 28ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു..
എണ്‍പതുകളുടെ ആരംഭത്തിലായിരുന്നു കെഎസ്‌ഇബിയില്‍ ജീവനക്കാരനായിരുന്ന തമലിപ്പറമ്പ വേലായുധന്‍ പാമ്പുവേലായുധനായി പ്രശസ്‌തിയിലേയ്‌ക്കു കുതിച്ചുയര്‍ന്നത്...വിഷപ്
നൂറിലേറെ വിഷപ്പാമ്പുകള്‍ക്കൊപ്പം 683 മണിക്കൂര്‍ ചിലവിട്ട് വേലായുധന്‍ റെക്കോഡ് സൃഷ്ടിച്ചിരുന്നു. സ്‌റ്റേഡിയം ഗ്രൗണ്ടിലായിരുന്നു ഈ യജ്ഞം. ഒളവണ്ണയില്‍ താമസമാക്കിയ വേലായുധന്‍ വീട്ടില്‍ തന്നെ പാമ്പിന്‍ വിഷങ്ങളെ കുറിച്ചുള്ള പഠനത്തിലായിരുന്നു...
മുമ്പു നിരവധി തവണ കടിയേറ്റിട്ടും രക്ഷപ്രാപിച്ച വേലായുധന്‍, ഇക്കുറി മരണത്തിനു കീഴടങ്ങി...വിഷം വൃക്കകളെ ബാധിച്ചു എന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്.
Tuesday, March 4, 2014
ഇഞ്ചുകള്‍ക്കപ്പുറം മരണം....
കൂടല്‍മാണിക്യം ഉത്സവത്തിന്റെ ശീവേലി എഴുന്നള്ളിപ്പു കാണല്‍ മുടക്കാറില്ല. പഞ്ചാരിയുടെ മാസ്‌മരിക ലഹരി...പതിനേഴാനകള്‍ നിരക്കുന്ന ഭരതചക്രവര്‍ത്തിയുടെ എഴുന്നള്ളിപ്പ്...
മഹാക്ഷേത്രത്തിന്റെ ഗാംഭീര്യം നിറഞ്ഞ അന്തരീക്ഷം...
പടിഞ്ഞാറെ നടപ്പുരയില്‍ എഴുന്നള്ളിപ്പ് എത്തിയപ്പോഴാണ് ഞങ്ങള്‍ എത്തിയത്. മേളത്തില്‍ ഹരം...ആനയോടു തീരാത്ത കമ്പം...
കൂടെയുള്ള, സഹപ്രവര്‍ത്തകന്‍ ശ്യാമിന്റെയും കഥ തഥൈവ...
മേളക്കാര്‍ക്കു തൊട്ടുപിറകില്‍ നിന്നു. മേളം കൊട്ടിക്കയറുന്നു..തൊട്ടുപിറകില്‍, ഇടം കണ്ണിട്ടാല്‍ കാണാം, ആനയുടെ കൊമ്പ്...!!.
അവന്‍ പട്ട ആസ്വദിക്കുന്നു. ചെവികൊണ്ടു താളം പിടിക്കുന്നു...
അസ്വാഭാവികമായ ഒരു ഭയം മനസ്സില്‍ തോന്നി. സുഹൃത്തിനെ പിടിച്ചു വലിച്ചു മറ്റൊരു ഭാഗത്തേക്ക് മാറി നിന്നു.
ആ ആനയുടെ കൊമ്പ് അസാധാരണമായി മുകളിലേയ്‌ക്കു ഉയര്‍ന്നുവളഞ്ഞ നിലയിലുള്ളതാണ്...
`ആ കൊമ്പ് പെശകാണല്ലോ ശ്യാമേ.....' എന്നു പറഞ്ഞുപോയി.
പത്രത്തിന്റെ തൃശൂര്‍ എഡിഷന്‍ തുടങ്ങുന്ന കാലമാണ്. പിറ്റേന്ന് അനൗണ്‍സ്‌മെന്റിനു അനുമതിമേടിക്കാന്‍ സ്‌പെഷല്‍ബ്രാഞ്ച് ഓഫീസില്‍ നില്‍ക്കുമ്പോള്‍,
ടിവിയില്‍ ഫ്‌ളാഷ് മിന്നി..
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആനയിടഞ്ഞു ഒരാള്‍ കൊല്ലപ്പെട്ടു....
പത്തുമിനുട്ടിനു ശേഷം വീണ്ടും ഫ്‌ളാഷ്...ഇടഞ്ഞ കൊമ്പന്‍ ഒരു വൃദ്ധയെകൂടി കൊലപ്പെടുത്തി...
ഞെട്ടലുണ്ടായി...
ഓഫീസില്‍ എത്തുമ്പോഴേക്കും മൂന്നാമത്തെ ആളേയും അവന്‍ വകവരുത്തിയിരുന്നു....
തലേന്ന് ഞങ്ങള്‍ ചേര്‍ന്നു നിന്ന അതേ കൊമ്പന്‍ തന്നെയായിരുന്നു ഇടഞ്ഞതും മൂന്നാളെ വകവരുത്തിയതും....പോപ്‌സണ്‍ ഉണ്ണികൃഷ്‌ണന്‍!.
പിന്നീട് ടി.വിയില്‍ കണ്ട ദൃശ്യങ്ങള്‍ ഉണ്ടാക്കിയ ഞെട്ടല്‍ ഇന്നും വിട്ടുമാറിയിട്ടില്ല.
വാല്‍ക്കഷ്‌ണം: ഉത്സവം കഴിയുന്നതിനു മുമ്പെ ഇടതുപക്ഷത്തിനെയും കൂട്ടി വീണ്ടും ശീവേലിയ്‌ക്കു പോയി. ഇടഞ്ഞ കൊമ്പന്‍ ഇടിച്ചു കേടുവരുത്തിയ കൂത്തമ്പലവും മറ്റും കണ്ടു. ക്ഷേത്രത്തിനു തെക്കുവശത്തുള്ള പറമ്പില്‍, കുഴപ്പമുണ്ടാക്കിയ ആനയെ കെട്ടിയിരിക്കുന്നു. അവനെയും പോയി കണ്ടു. തുമ്പിക്കൈ ഉയര്‍ത്തി അവന്‍ ക്ഷമാപണമെന്നോണം അവിടെകൂടിയവരെയെല്ലാം നമിച്ചുകൊണ്ടിരുന്നു; ഒരു കാര്യം കൂടി: ആനയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു...ഭേദ്യംകൊണ്ടാകാം...ഭയംകൊണ്ടാകാം.
Friday, February 28, 2014
My Finest Hour....
തൃശൂരിലെ പത്രങ്ങളുടെ ചരിത്രം പരിശോധിച്ചു, ഗൂഗിളില്‍. എല്ലാമുണ്ട്. പക്ഷെ, തൃശൂരിന്റെ എക്‌സ്‌പ്രസ്സിനെ പറ്റി പൊടിപോലുമില്ല. എന്തിന്?, പേരിനു പോലും ഒരു പരാമര്‍ശം കണ്ടില്ല. വളരെ മുമ്പ് എന്റെ സുഹൃത്തും ലണ്ടനിലെ പത്രപ്രവര്‍ത്തകനുമായ ഷാഫി റഹ്മാന്‍, ഒരു കാര്യം സൂചിപ്പിക്കുകയുണ്ടായി. എക്‌സ്‌പ്രസ്സ് പത്രത്തിന്റെ ഒരു ആത്മകഥയെഴുതാന്‍. സമയപ്രശ്‌നവും അതിനേക്കാളേറെ മടിയും കാരണം നീണ്ടു....ഇനി പറ്റുമോ എന്നും അറിയില്ല.
1996ല്‍ എക്‌സ്‌പ്രസ്സില്‍ ചേരുമ്പോള്‍, അത് അസ്‌തമയകാലമായിരുന്നു. കേരളം കണ്ട പ്രഗത്ഭ പത്രാധിപര്‍ ടി.വി. അച്യുതവാര്യര്‍ ആയിരുന്നു പത്രാധിപര്‍...ആ ഭാഗ്യം ഉണ്ടായി. അതിനുമുമ്പ് കരുണാകരന്‍ നമ്പ്യാര്‍...പ്രഗത്ഭമതികളു
അതു ഒരു കാലമായിരുന്നു. തെരഞ്ഞെടുപ്പുകാലത്ത് കോളാമ്പി മൈക്ക്, നഗരത്തിലാകമാനം കെട്ടി, എക്‌സ്‌പ്രസ്സാണ് അപ്പപ്പോള്‍ ഫലം ജനങ്ങളെ അറിയിച്ചുകൊണ്ടിരുന്നത്...
എഴുതി വന്നത് ഇത്രയേയുള്ളൂ...
ദീര്‍ഘകാലം എക്‌സ്‌പ്രസ്സില്‍ ഉണ്ടായിരുന്നവര്‍ ഇപ്പോഴുമുണ്ട്. പഴയ ഫയലുകള്‍ കിട്ടാന്‍ ഒരു സാധ്യതയുമില്ല. അതെല്ലാം പൊടിതിന്നു പോയിരിക്കും. മുന്‍തലമുറക്കാര്‍ക്ക് ഓര്‍ത്തെടുക്കാമെങ്കില്‍, ഒരു ഓര്‍മ്മ കുറിപ്പെങ്കിലും എഴുതാം...മലയാള പത്രപ്രവര്‍ത്തനത്തിലെ നാഴികക്കല്ലായിരുന്ന ഈ സ്ഥാപനത്തെ പറ്റി. ലോകം വിരല്‍ തുമ്പിലായിരുന്നിട്ടും ഇതൊന്നും കാണായ്‌കയാല്‍ എഴുതിപ്പോയി എന്നു മാത്രം....
Subscribe to:
Posts (Atom)
-
ഇരുചാലുകള്‍- പുഴകള്‍-കൂടിച്ചേര്‍ന്ന പ്രദേശമത്രെ ഇരിങ്ങാലക്കുട. ഈ കൊച്ചുപട്ടണത്തിന്റെ പേരില്‍ കഥ തന്നെയുണ്ട്- ഒ.വി. വിജയന്റെതായി. കൂട...
-
കേരളത്തിന്റെ രക്ഷയ്ക്കായി പരശുരാമന് അഷ്ടവൈദ്യന്മാരെ നിയമിച്ചതുപോലെ ആറ് മാന്ത്രിക കുടുംബക്കാരേയും നിയമിച്ചുവത്രെ. അവരില്‍ മൂന്ന് കു...













