Wednesday, May 6, 2015

ശ്രീരാമോപനിഷദ്‌





ഉപനിഷദ്‌ എന്ന വാക്കിന്‌, അടുത്തിരിക്കുക എന്നാണര്‍ത്ഥം. ഈ മനുഷ്യന്റെ അടുത്തിരുന്ന്‌ കഥകള്‍ കേള്‍ക്കുമ്പോള്‍, അതിനു വ്യാഖ്യാനം വേറെ വേണ്ട. മനുഷ്യാവസ്ഥകളുടെ വൈചിത്ര്യങ്ങളില്‍ മുങ്ങിനിവര്‍ന്ന അനുഭവങ്ങള്‍..!
വി.കെ. ശ്രീരാമന്‍ എന്ന വ്യക്തിയില്‍ നിന്നു ഉറന്നൊഴുകുന്ന ഉപനിഷദ്‌ വചനങ്ങള്‍..!.
ജീവിതത്തെ നെഞ്ചോടു ചേര്‍ത്ത മനുഷ്യകഥാഖ്യായിക...
വേണ്ടത്‌ കൊള്ളുക...വേണ്ടാത്തത്‌ തള്ളുക..ഇവിടെ തര്‍ക്കിച്ചു സ്ഥാപിക്കാന്‍ ഒന്നുമില്ല. എല്ലാം നേര്‍ക്കണ്ണില്‍ പതിഞ്ഞ മനുഷ്യാവസ്ഥകള്‍ മാത്രം...

ഇനി പറയുന്ന കാര്യങ്ങളില്‍ ഹൃദയത്തിന്റെ ഭാഷയേ കാണൂ. അതില്‍ അളന്നു മുറിച്ച ഒന്നും കാണുകയില്ല..ക്ഷമിക്കുക.
ഉച്ചവെയില്‍ പരക്കുമ്പോള്‍ തുടങ്ങിയ സംഭാഷണം മുറിക്കുന്നത്‌ തിരക്കുകളായിരുന്നെങ്കിലും, പച്ചയായ മനുഷ്യജീവിതം മാത്രമായിരുന്നു മുമ്പില്‍ അവശേഷിച്ചത്‌. സുഖമുള്ളതൊന്നും കണ്ടേക്കില്ല എന്ന മുന്നറിവോടെ...

കാര്‍ത്തു...

പുരുഷന്റെ കരുത്തും തന്റേടവും ചങ്കൂറ്റവുമായി ജീവിച്ച കാര്‍ത്തു..!.
അതായിരുന്നു കഥകളുടെ തുടക്കം. ജീവിതത്തില്‍ വഴിമാറി നടന്നു വഴികാട്ടിയ ചില പെണ്ണുങ്ങള്‍...
കുന്നംകുളം പഴഞ്ഞി അടയ്‌ക്ക മാര്‍ക്കറ്റിനടുത്ത്‌, മുണ്ടു മാടിക്കുത്തി, ബീഡി വലിച്ചു നിന്ന കാര്‍ത്തു..!.
പിഴപ്പായിരുന്നോ?. അല്ല...ജീവിതമായിരുന്നു..!!.

പെണ്ണിന്റെ അച്ഛന്‍ മകളെ കെട്ടിക്കൊടുമ്പോള്‍, തല്ലിക്കോളൂ...!! എന്ന്‌ കെട്ടുന്നവന്‌ വാക്കാല്‍ അധികാരം കൊടുത്തിരുന്ന ഒരു കാലം..

`` ശിക്ഷിക്കാം വേണ്ടാവയ്‌ക്കങ്ങവയവനിധനം..
ചെയ്‌തിടൊല്ലാ പരീഷ
വൃത്തിയ്‌ക്കങ്ങുള്‍പ്പെടുത്തി അരുതു
പറയോല്ലാ നിന്ദ്യമായുളള വാക്യം
ക്ഷേത്രം കേറ്റൊല്ല സത്യം പറവതിനിടയായുള്ള
വൃത്തിക്കയയ്‌ക്കാ
ഇത്ഥം വേണ്ടുന്ന കാലം പരിചിനൊടിവളെ
രക്ഷചെയ്‌തിടവേണം

ഇത്ഥം രക്ഷിച്ചങ്ങിരിക്കെ സുതരിവളില്‍
ജനിച്ചെത്രയുണ്ടാകിനാലും
ചിത്തേ വേണ്ടെന്നുതോന്നീലിവളുടെ
അഖിലാര്‍ത്ഥങ്ങളോടൊത്തുവന്ന്‌
ബന്ധം തീര്‍ത്തീടിലേക്കായ്‌ ഇതിനുടെ
വിപരീതത്തിലാജീവനാന്തം
ബാധ്യസ്ഥര്‍ രക്ഷചെയ്‌വാന്‍ ഇരുസഭയറിയേ
ബോധ്യമാക്കീട്ടെടുത്തേന്‍''

നിശ്ചയസമയത്ത്‌ കല്ല്യാണച്ചെക്കന്റെ വീട്ടുകാര്‍ വച്ചു നീട്ടുന്ന പണക്കിഴി സ്വീകരിക്കുമ്പോള്‍ പെണ്‍കുട്ടിയുടെ അച്ഛന്‍, ഇങ്ങിനെ വാമൊഴി നല്‍കിയിരുന്നു. കുന്നംകുളത്തെ ഈഴവര്‍ക്കിടയില്‍ നിലനിന്ന ഒരാചാരം...!. കുട്ടികളെത്രയുണ്ടായാലും അവളെ വേണ്ടെന്നു തോന്നുകില്‍ തിരിച്ചേല്‍പ്പിച്ചോളാനും ഇതില്‍ വ്യവസ്ഥ..!.

അപ്പോളും കുന്നംകുളത്തെ പുരുഷകേസരികളുടെ ഷര്‍ട്ടിന്റെ കോളറില്‍ കാര്‍ത്തു കുത്തിപ്പിടിച്ചു. തല്ലി, തോന്ന്യാസം പറഞ്ഞവനെ!. അവള്‍ ഷര്‍ട്ടും പാന്റുമിട്ടു നടന്നു. ചാരായം വാറ്റി..കുടിച്ചു...കൂലിത്തല്ലിനു പോയി..!. തലയില്‍ക്കെട്ടുകെട്ടി ചുണ്ടില്‍ ബീഡിയുമായി സൈക്കിള്‍ ചവിട്ടി..!!.
പെണ്ണായി പിറന്ന കാര്‍ത്തു എങ്ങിനെ `ആണൊരുത്തി'യായി..?. അത്‌ ഒരു കഥയാണ്‌ `വേറിട്ടകാഴ്‌ചകളില്‍'പ്പെടുന്ന ഒന്ന്‌...

കാലിക്കച്ചവടക്കാരനായ കുമാരനായിരുന്നു അച്ഛന്‍. അമ്മ തങ്ക. കാലിമേച്ചുമേച്ച്‌ അച്ഛന്‍ മറ്റൊരുത്തിക്കു കൂടെ പോയി..
അന്ന്‌ മൂന്നു വയസ്സ്‌, കാര്‍ത്തുവിന്‌.
പ്രസവാവശതയിലും തങ്ക പാടത്തു പണിക്കുപോയി. കഞ്ഞിയ്‌ക്കുവകയില്ല. ഒരു ദിവസം വരുമ്പോള്‍, കുഞ്ഞിനെ ഉറുമ്പു പൊതിഞ്ഞിരിക്കുന്നു..!. ഒരു മിടിപ്പു മാത്രം..
തങ്ക, ഒട്ടും സംശയിക്കാതെ കുഞ്ഞിനെ പൊതിഞ്ഞെടുത്ത്‌ സ്വന്തം വീട്ടിലേയ്‌ക്കു മടങ്ങി. അമ്മയെ ഏല്‍പ്പിച്ച്‌ പറഞ്ഞു: ഇനി ഞാനയാളുടെ അടുത്തേക്കില്ല..!.
പിന്നെ അമ്മമ്മയുടെ സംരക്ഷണയില്‍ കാര്‍ത്തു വളര്‍ന്നു. അമ്മ എല്ലുമുറിയെ പണിതു. സ്‌കൂളിലയച്ചു. കഞ്ഞിയും ഉപ്പുമാവും. അവള്‍ ചിലപ്പോള്‍ പോയി..ചിലപ്പോള്‍ പോയില്ല. ആരും അന്വേഷിച്ചില്ല..പറഞ്ഞുമില്ല. സ്‌കൂളിനടുത്തുളള ചക്കുന്താന്‍ പോയി പലപ്പോളും. അവിടെ നിന്നു കഞ്ഞിയും ഉണക്കമീനും കിട്ടി..
അതിനിടെ കല്‍മടയില്‍ പണിക്കുവന്ന കുമാരേട്ടനെ അമ്മ കെട്ടി.
സ്‌നേഹവും കരുതലും എന്തെന്നറിയാതെ കാര്‍ത്തു നടന്നു..വളര്‍ന്നു..
ചക്കുടമ ചക്കമ്മുവിന്റെ ഭര്‍ത്താവിനൊപ്പം ചീട്ടുകളിക്കെത്തുന്നവര്‍ വലിച്ചെറിഞ്ഞ ബീഡിക്കുറ്റികള്‍ പെറുക്കി വലിച്ചു. അതിന്റെ മണവും രുചിയും തലച്ചോറിനെ മത്തുപിടിപ്പിച്ചു..
അമ്മമ്മയാണ്‌ മുടികെട്ടിക്കൊടുമ്പോള്‍ കണ്ടു പിടിച്ചത്‌- ബീഡിമണം!. നീ വീഡി വലിക്കോടീ പെണ്ണേ..?!.
നടുമ്പുറത്ത്‌ ഊക്കനൊരടി. അമ്മാമനാണ്‌. വടികൊണ്ട്‌. ഒന്നല്ല പിന്നേയും പിന്നേയും...
അമ്മമ്മ ഇടപെട്ട്‌്‌ വടിപിടിച്ചുവാങ്ങി: `തന്തേം തള്ളേം ഇല്ല്യാത്ത പോലാ അതു വളരണത്‌. ഇത്രേം കാലത്തിനുള്ളില്‍ ഒരു മുട്ടായി വാങ്ങിക്കൊടുത്തിട്ടുണ്ടോ നിങ്ങളാരെങ്കിലും..? തിന്നോ കുടിച്ചോന്ന്‌ അന്വേയിച്ചിട്ടുണ്ടാ..?. പിന്നെ ശിക്ഷിക്കാന്‍ വന്നേട്‌ക്ക്‌ണ്‌..!!'. അമ്മമ്മയുടെ അലര്‍ച്ച കാര്‍ത്തൂന്‌ ഓര്‍മ്മയുണ്ട്‌.
അവര്‍ക്ക്‌ ആ വേദനയുണ്ടായിരുന്നു; തലയിലൊന്ന്‌ തലോടി, ഒരു നല്ലവാക്ക്‌ ആ കുട്ടിയോട്‌ ആരും പറഞ്ഞിട്ടില്ല!.
അടികൊണ്ട അവള്‍ വീടുവിട്ടിറങ്ങി. ആരും അന്വേഷിച്ചില്ല.
പിന്നെ, പന്ത്രണ്ടാംവയസ്സു മുതല്‍ കാര്‍ത്തു നടന്നത്‌ സ്വന്തം വഴിയ്‌ക്ക്‌...
എനിക്കു പറയാന്‍ മുന്നും പിന്നും നോക്കേണ്ടതില്ല. ഞാനധികവും ജീവിതത്തില്‍ പെരുമാറീട്ടുളളത്‌ ആണുങ്ങളോടാണ്‌. പെണ്ണുങ്ങള്‍ക്ക്‌ എന്നെ പേടിയായിരുന്നു..
അങ്ങിനെ നടന്നതിന്‌ കാരണമൊന്നും യ്‌ക്ക്‌ നിശ്ശല്ല്യ..
എങ്ങനെയാ നടക്കേണ്ടതെന്ന്‌ പറഞ്ഞു തരാനോ ഗുണദോഷിക്കാനോ സ്‌നേഹിക്കാനോ ആരുമുണ്ടായിരുന്നില്ല..അപ്പോ യ്‌ക്ക്‌ തോന്ന്യ വഴിക്ക്‌ ഞാന്‍ നടന്നു..അത്രേന്നെ..!!.
കാര്‍ത്തുവിനെ പിന്നെ നാം കാണുന്നത്‌ മറ്റൊരു രൂപത്തില്‍.
കോയമ്പത്തൂരില്‍ വീട്ടുജോലിക്കെന്ന പേരില്‍ വേശ്യാലയത്തില്‍ വിറ്റു...
`അവിടെ ഞാന്‍ പലര്‍ക്കും കീഴടങ്ങി....'
ഒരു ദിവസം പൊലീസ്‌ റെയ്‌ഡില്‍ ഞങ്ങളെ അറസ്‌റ്റ്‌ ചെയ്‌തു. കോടതിയില്‍ നിന്നു ജാമ്യത്തിലിറക്കാന്‍ ആരുമില്ല..
കോയമ്പത്തൂര്‍ യാത്രയാണ്‌ എന്നെ തകര്‍ത്തത്‌.- കാര്‍ത്തു പറഞ്ഞതായി ശ്രീരാമന്‍.
ഒരു മാസത്തെ തടവുകഴിഞ്ഞിറങ്ങുമ്പോഴേയ്‌ക്കും കഴുകന്‍മാരെത്തി..
ഞാന്‍ വഴങ്ങിയില്ല. മലയാളിയായ ഒരു പൊലീസുകാരന്‍ എന്നെ തൃശൂര്‍ക്കു ബസ്സു കയറ്റി..
നാട്ടിലെത്തിയ കാര്‍ത്തു, ജീവിതം പലപല ജോലികള്‍ ചെയ്‌ത്‌ കെട്ടിപ്പടുത്തു. കല്ലുവെട്ടാംമടയിലെ കൂട്ടുകാരിയായ സുലുവിനെ കൂടെ കൂട്ടി.
ഭാര്യയും ഭര്‍ത്താവും സുഹൃത്തും എല്ലാം അവളായി. അമ്മ രണ്ടാം ഭര്‍ത്താവിനെ കണ്ടെത്തിയ അതേ കല്ലുവെട്ടാംമടയില്‍ നിന്നും..!.
ഒരു പെണ്ണിന്‌ ആണ്‍...?
പെണ്ണിന്‌ പെണ്ണ്‌ മതി. അത്‌ ഞാന്‍ കോയമ്പത്തൂരിലെ സ്‌ത്രീ ജയിലില്‍ നിന്നു പഠിച്ചു. പെണ്ണും പെണ്ണും തമ്മിലാവാം...!!.
കാര്‍ത്തുവും സുലുവും ഒരു കുഞ്ഞിനെ `വാങ്ങി'. സുലുവിന്റെ വകയിലെ.
അവന്‍ വളര്‍ന്നു വലുതായി..ഞങ്ങളെ വിട്ടുപോയി...
അമ്മയുടെ രണ്ടാം വിവാഹത്തിലെ പെണ്‍കുട്ടിയുടെ കല്ല്യാണം, കാര്‍ത്തുവാണ്‌ നടത്തിക്കൊടുത്തത്‌. സ്വന്തം അധ്വാനം കൊണ്ടുണ്ടാക്കിയ സ്ഥലവും പുരയിടവും വിറ്റ്‌...!!.
അവള്‍ക്കും പിന്നീട്‌ കണ്ണില്‍ പിടിക്കാതായി എന്ന്‌ കാര്‍ത്തു.
ഒറ്റയ്‌ക്ക്‌ ജീവിതത്തെ നേരിട്ട ഒരു സ്‌ത്രീ...വെറും കൈയോടെ..!.
അമ്പത്തഞ്ചാം വയസ്സില്‍ മരിച്ചു.
`അവര്‍ ഇവിടെ വന്നിട്ടുണ്ട്‌...എന്റെ വീട്ടില്‍. അന്ന്‌ പല വര്‍ണ്ണങ്ങളുള്ള ഒരു ടര്‍ക്കി പുതച്ചിരുന്നു. അവരുടെ ദൃഷ്ടിയില്‍ ഏറ്റവും മഹത്തരം...!.'
സ്‌നേഹമുളള സ്‌ത്രീയായിരുന്നു...മറ്റെല്ലാവരേയും പോലെ..
എന്റെ മകള്‍ക്ക്‌ ഹസ്‌തദാനം ചെയ്‌തു..
രണ്ടാള്‍ക്കും അത്ഭുതമായി...!!.

ശ്രീരാമന്‍ നിര്‍ത്തി. പിന്നെ, പറഞ്ഞു: സ്‌ത്രീയുടെ സ്വാതന്ത്ര്യപ്രഖ്യാപനമാണ്‌ ഞാന്‍ കണ്ടത്‌..
ഇന്നറിയുന്ന സ്‌ത്രീ സ്വതന്ത്ര്യമല്ല അത്‌. അവരുടെ ഉള്ളിലെരിയുന്ന കനലിനെയാണ്‌ നാം പിന്‍തുടരേണ്ടത്‌..
ഇരുട്ടിലേക്കിറങ്ങി, അവര്‍ അവിടെ വെളിച്ചം കാണിച്ചു..
ഇന്നു കാണുന്ന, സ്വന്തം സുഖത്തിനു വേണ്ടിയുള്ള, മുറവിളിയായിരുന്നില്ല അവരുടേത്‌...
വേദാന്തമോ അക്കാദമിക്ക്‌ യോഗ്യതകളോ അവര്‍ക്കില്ലായിരുന്നു...ജീവിതമാണ്‌ അവരെ പഠിപ്പിച്ചത്‌.
ഇത്തരം ജീവിതസന്ധികളാണ്‌ എന്നെ ആകര്‍ഷിച്ചത്‌, എപ്പോഴും.
അല്ലെങ്കില്‍, ശാരദയുടെ ജീവിതം നോക്കൂ...

പുറത്ത്‌ മൂക്കുന്ന വെയിലിനേക്കാള്‍ ചൂട്‌, മനുഷ്യാവസ്ഥകളുടെ ഉപനിഷദ്‌ സൂക്തങ്ങള്‍ ഞങ്ങളില്‍ നിറച്ചുകൊണ്ടിരുന്നു.
ആ ഉഷ്‌ണത്തില്‍, ശാരദയെക്കുറിച്ചു പറഞ്ഞു..

ഒറ്റപ്പാലത്തുകാരി സാധാരണ പെണ്‍കുട്ടി. കൂട്ടുകാരികള്‍ക്കൊപ്പം വീട്ടിനടുത്തുള്ള ഗ്ലൗസ്‌ നിര്‍മ്മാണ കമ്പനിയില്‍ ജോലിക്കു പോകുന്നു. ഒഴിവുസമയത്ത്‌ തയ്യലും. അമ്മയും ജ്യേഷ്‌ഠനും ഭാര്യയും കുട്ടികളുമടങ്ങുന്ന കുടുംബം.
അല്ലലൊന്നുമില്ല. എല്ലാ നാടന്‍ പെണ്‍കുട്ടികളേയും പോലെ കൊച്ചുകൊച്ചു സ്വപ്‌നങ്ങളുമായി ജീവിച്ച ശാരദയെ, അസാധരണ സ്വപ്‌നത്തിലേയ്‌ക്ക്‌ പിടിച്ചിറക്കിയത്‌, ചോറുപൊതിഞ്ഞു കൊണ്ടുവന്ന ഒരു വര്‍ത്തമാനപത്രക്കടലാസ്‌...!.
ഉച്ചയൂണിന്റെ ഇടവേളയില്‍, ശാരദ ചോറുപൊതിഞ്ഞുകൊണ്ടുവന്ന വര്‍ത്തമാനപത്രം നിവര്‍ത്തി വായിച്ചു. അതില്‍ കണ്ട ഒരു പരസ്യം ഇങ്ങിനെയായിരുന്നു-

`കൈകാലുകള്‍ തളര്‍ന്ന്‌ നില്‍ക്കുവാനോ നടക്കുവാനോ ശേഷിയില്ലാത്ത നാല്‍പ്പതുകാരന്‌ ജീവിത സഖിയെ ആവശ്യമുണ്ട്‌. ജാതിയും ജാതകവും പ്രശ്‌നമല്ല..'
ബോക്‌സ്‌ നമ്പറും.

ഏണീറ്റു നില്‍ക്കാന്‍ വയ്യാഞ്ഞിട്ടും കെട്ടാന്‍ പൂതി- കളിയാക്കി ചിരിച്ചത്‌ കൂട്ടുകാരി റസിയ. അതിലിടപെട്ട്‌ കൂട്ടുകാരിയായ അമ്മു- സ്വന്തം വീട്ടിലാണ്‌ ഇതെങ്കില്‍ നീ ഇങ്ങിനെ ചിരിക്കുമോ എന്ന ചോദ്യവുമായി..
ശാരദ അസ്വസ്ഥയായി.
അന്നു മടങ്ങുമ്പോള്‍, അവള്‍ ഒരു ഇന്‍ലന്റ്‌ വാങ്ങി. രാത്രി ചിമ്മിണി വിളക്കിന്റെ വെളിച്ചത്തില്‍ അവള്‍ ഇങ്ങിനെ എഴുതി:
`പത്രത്തിലെ പരസ്യം കണ്ടു. അതില്‍ പറഞ്ഞിരിക്കുന്ന ആളെ വിവാഹം കഴിക്കാന്‍ സമ്മതമാണ്‌. കൂടുതല്‍ വിവരങ്ങളറിയാന്‍ താത്‌പര്യമുണ്ട്‌.'
എഴുതിത്തീര്‍ന്നപ്പോള്‍, ദീര്‍ഘകാലം രോഗശയ്യയില്‍കിടന്ന്‌ മരിച്ച അച്ഛന്റെ ഓര്‍മ്മ അവളില്‍ നിറഞ്ഞു..
നീലക്കടലാസ്‌ കൈയിലിരുന്നു വിറച്ചു..രണ്ടിറ്റു ചുടുകണ്ണീര്‍ അതിലേയ്‌ക്ക്‌ അടര്‍ന്നുവീണു..
അമ്മയോടു തന്റെ തീരുമാനം പറഞ്ഞപ്പോള്‍ വേദനിച്ചു, കരഞ്ഞു..
`ഇങ്ങിനെ ഒരാളെ ശുശ്രൂഷിക്കാച്ചാല്‍, അതിലും വല്യേ കല്ല്യാണല്ല്യ'- ശാരദയുടെ വാക്കുകള്‍ കല്ലിനേക്കാള്‍ ഉറപ്പായിരുന്നു..
കത്തിനു മറുപടിവന്നു. പതിവു ചടങ്ങുപോലെ ചെക്കനു വന്നുകാണാനാവില്ല.
കുന്നംകുളത്താണ്‌ പ്രേമന്റെ വീട്‌. അവിടെ വന്നു കണ്ടു സംസാരിക്കാനാണ്‌ കത്ത്‌..
സഹോദരനൊപ്പം പ്രേമന്റെ വീട്ടിലെത്തുമ്പോള്‍, അയാള്‍ മുമ്പിലിരിക്കുന്നുണ്ട്‌..
അകത്ത്‌ രണ്ടു സഹോദരിമാര്‍. അവര്‍ക്കു നടുവില്‍ ശാരദയിരുന്നു. അവര്‍ ചിരിച്ചു. പക്ഷെ, ഒന്നും പറഞ്ഞില്ല- വിവരങ്ങള്‍ തിരക്കിയറിയാന്‍ ശാരദയ്‌ക്കും ജാള്യം. പ്രേമന്റെ അച്ഛന്‍ പെങ്ങളാണ്‌ സംസാരിച്ചത്‌- അമ്മിണി. അടുക്കളയില്‍ ചായയിടാന്‍ ശാരദയും അവര്‍ക്കൊപ്പം ചെന്നു.
അവര്‍ സഹായിക്കില്ലേ..? ശാരദ ചോദിച്ചുപോയി..
അവര്‌ എന്തു സഹായിക്കാനാ മോളേ..? രണ്ടാളേയും രാവിലെ ചൂടുവെള്ളം വച്ച്‌ കുളിപ്പിച്ച്‌ കുപ്പായം മാറ്റി ഞാന്‍ തന്നെ താങ്ങിക്കൊണ്ടുവന്നിരുത്തിയതാണ്‌..!.
ശാരദയുടെ നെഞ്ചില്‍ തീയാളി..
പരസഹായമില്ലാതെ ഒന്നും ചെയ്യാനാവാത്ത മൂന്നു സഹോദരങ്ങള്‍..!!.

2002 ഫെബ്രുവരി 15നായിരുന്നു വിവാഹം. ശാരദയും വീട്ടുകാരും പ്രേമന്റെ വീട്ടിലെത്തി. താലികെട്ടാന്‍ പ്രേമന്റെ തളര്‍ന്ന കൈകള്‍ അമ്മിണി ഉയര്‍ത്തിക്കൊടുത്തു.
ആ നിസ്സഹായതയ്‌ക്കു മുന്നില്‍ ശാരദ കാരുണ്യപൂര്‍വ്വം തലകുനിച്ചു..
ചെറിയൊരുസദ്യ. അതു കഴിഞ്ഞ്‌ വീട്ടുകാര്‍ മടങ്ങുമ്പോള്‍, പ്രാണസുഹൃത്തായ സുലൈഖയെ പിടിച്ച്‌ ശാരദ കരഞ്ഞു...
നിന്റെ ഒരു ഫോട്ടോ അയച്ചു തരണം. ഒരു ധൈര്യത്തിന്‌ എന്ന്‌ പറഞ്ഞ്‌ മുഖം പൊത്തി..
ആ കൈകള്‍ പിടിച്ചു മാറ്റി സുലൈഖ പറഞ്ഞു: ഈ ലോകം മുഴുവന്‍ കാണേണ്ട മുഖമാണ്‌ അന്റേത്‌. അതാ നീ പൊത്തിപ്പിടിക്കണ്‌..?.
ജീപ്പു നീങ്ങുമ്പോള്‍, മറ്റൊരു പെണ്ണിനും കാണാത്ത തേജോമയമായ കണ്ണുകളോടെ സുലൈഖ അവളെ നോക്കി എന്നിടത്ത്‌ ഈ കഥ അവസാനിക്കുന്നു..

ജീവിതം ആഘോഷിക്കൂ എന്നീ പരസ്യമേളങ്ങള്‍ക്കിടയിലാണ്‌ നമ്മള്‍ ഇന്ന്‌ സ്‌ത്രീകളെ കാണുന്നത്‌. അതിനിടയില്‍ നിന്നും ഇറങ്ങിവന്നു ഇവര്‍. ഇത്‌ സ്‌ത്രീസ്വാതന്ത്ര്യമായി ഞാന്‍ അംഗീകരിക്കുന്നു. ദയ, കാരുണ്യം, സ്‌നേഹം എന്നിവ സ്‌ത്രീയോളം പുരുഷനു പറ്റില്ല. പ്രകൃതി അവളെ സൃഷ്ടിച്ചിരിക്കുന്നത്‌ അങ്ങിനെയാണ്‌. താദാത്മ്യം പ്രാപിക്കാനാവുക എന്നത്‌ സ്‌ത്രീയ്‌ക്കു മാത്രമുള്ള സിദ്ധിയാണ്‌. ഇങ്ങിനെയുളളവരുടെ കൂടെ ജീവിക്കുന്നതാണ്‌ എന്റെ ശക്തി- ശ്രീരാമന്‍ പറഞ്ഞു. അപ്പോള്‍ ചിലച്ച സ്‌മാര്‍ട്ട്‌ ഫോണ്‍, ഉപനിഷദ്‌ പ്രവാഹത്തിന്‌ ഒരു ചെറിയഇടവേളയായി.

ഇവര്‍ക്ക്‌ ഇതിനു പ്രേരണയെന്ത്‌ എന്ന മുഖവുരയോടെ വീണ്ടും തുടങ്ങുമ്പോള്‍, ആത്മഗതം കേട്ടു: ദൈവവിളി എന്നൊക്കെ പറയാം...തികഞ്ഞ മനുഷ്യത്വം തന്നെ...!. സ്‌നേഹിക്കാന്‍ പുരുഷനേക്കാള്‍ സ്‌ത്രീക്കാണു സാധിക്കുക. ജൈവപരമായി അതങ്ങിനെയാണ്‌..
പെട്ടെന്ന്‌, ഭാനുമതി ടീച്ചറുറെ ഓര്‍ത്തു...
തൃശൂരിലെ ശ്രീ കേരളവര്‍മ്മ കോളജിലെ ഭാനുമതി ടീച്ചറുടെ ജീവിതം അങ്ങിനെയൊന്നാണ്‌.
കുടുംബത്തിലെ മാനസികതകരാറുളള രണ്ടു സഹോദരങ്ങളെ നോക്കി ജീവിതം കഴിച്ച അമ്മയുടെ സ്ഥാനത്തേയ്‌ക്കു വളരുകയായിരുന്നു ഡോ. ഭാനുമതി എന്ന സുവോളജി അധ്യാപിക. അവര്‍ സ്വയം വേദനകള്‍ ഏറ്റുവാങ്ങിയ അമ്മയായി മാറുന്ന കാഴ്‌ച..
പിന്നെ ഇത്തരം കുട്ടികളെ-മുതിര്‍ന്നവരേയും- പരിപാലിക്കാന്‍ AMHA (association for mentally handicaped adults) എന്ന സ്ഥാപനം സ്ഥാപിക്കുന്നു. ജീവിതത്തില്‍ കുട്ടികള്‍ വേണ്ടെന്ന ഉറച്ച തീരുമാനത്തോടെ...!.

കുടുംബത്തിലെ രണ്ടാണ്‍കുട്ടികള്‍- അവരെ ഓര്‍ത്ത്‌ അമ്മയുടെ നീറുന്ന കണ്ണുനീര്‍ തോരാതെ കണ്ടിട്ടാണ്‌ അവര്‍ വളര്‍ന്നത്‌. മാനസിക വൈകല്ല്യമുളള അവരെ നോക്കിവളര്‍ത്താനുള്ളതായിരുന്നു അമ്മയുടെ ജീവിതം. അച്ഛന്‍ ഉദ്യോഗവും മറ്റുകാര്യങ്ങളുമായി കുടുംബകാര്യങ്ങളില്‍ നിന്നകന്നു നടന്നു. വീട്ടില്‍ പണമുണ്ടായിരുന്നു. പക്ഷെ, ഇങ്ങിനെയുളള കുട്ടികളെ നോക്കാന്‍ മറ്റുള്ളവര്‍ക്ക്‌ ഈ സൗകര്യം ഉണ്ടാവണമെന്നില്ല എന്നത്‌ ഭാനുമതിയെ ചിന്തിപ്പിച്ചു. വിദ്യാഭ്യാസകാലത്തു തന്നെ തീരുമാനം എടുത്തു-ഈ ജീവിതത്തില്‍ വിവാഹമില്ല...!.
1997ലാണ്‌ എന്റെ ഒരു സഹോദരന്‍ മരിച്ചത്‌. എന്റെ മടിയില്‍ കിടന്ന്‌. അത്‌ എനിക്കുണ്ടാക്കിയ ഷോക്ക്‌ നിസാരമല്ല. വേണ്ടത്ര വൈദ്യപരിചരണം കിട്ടാതെയായിരുന്നു മരണം..
ഞാന്‍ തളര്‍ന്നു. പണം മാത്രം പോരാ..ഇങ്ങിനെയുള്ളവര്‍ക്ക്‌ പ്രത്യേക പരിചരണം തന്നെ വേണമെന്ന തിരിച്ചറിവ്‌.
ഗവേഷണ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍, അടുപ്പത്തിലായ സലീഷ്‌ പിന്നെ ജീവിതത്തിലേയ്‌ക്ക്‌ ക്ഷണിച്ചു. സിഎ ക്കാരന്‍ നല്ല സാമ്പത്തികമുള്ള ജോലി.
ടീച്ചര്‍ തുറന്നു പറഞ്ഞു- അങ്ങിനെയൊരു ജീവിതമില്ല..!.
പിന്‍മാറാതെ നിന്ന സലീഷിനു മുമ്പില്‍ അവര്‍ ഉറച്ച ഒരു നിബന്ധനവച്ചു- നമ്മള്‍ക്ക്‌ കുട്ടികള്‍ ഉണ്ടാവരുത്‌..!!.
കഠിനമായ ആ തീരുമാനം സലീഷ്‌ അംഗീകരിച്ചു...!.
പിന്നീടങ്ങോട്ടുളള ത്യാഗസുരഭിലമായ ആ ജീവിതത്തില്‍, ഇരുവരുമായി താങ്ങും തുണയും..
പണമുണ്ടായിട്ടും സഹോദരനെ വേണ്ടത്ര പരിചരിക്കാന്‍ കഴിഞ്ഞില്ലെന്നത്‌ കണ്ണു തുറപ്പിച്ച സംഗതിയായിരുന്നു...
സലീഷും വലിയ വരുമാനമാര്‍ഗ്ഗം വിട്ട്‌ ഭാനുമതിയോടൊപ്പം ചേര്‍ന്ന്‌, ഇന്ന്‌ നൂറോളം രോഗികള്‍ക്ക്‌ അച്ഛനാകുന്നു രക്ഷിതാവാകുന്നു..
തൃശൂരിലെ എല്‍ത്തുരുത്തിലുള്ള സ്ഥാപനത്തിലെ അശരണര്‍ക്കു വേണ്ടിയായിരുന്നു ഇവര്‍ ജനിച്ചത്‌.. ഒന്നിച്ചായത്‌..ഒന്നിച്ചു ജീവിക്കുന്നത്‌. മറ്റൊന്നിനുമായിരുന്നില്ല..!.

ശൈശവത്തിന്റെ ആദ്യപാദത്തില്‍ മനസ്സിലുറയ്‌ക്കുന്ന കാര്യങ്ങളാണ്‌ മനുഷ്യന്റെ ജീവിതം നിര്‍ണയിക്കുന്നത്‌. ഇതില്‍ തൊണ്ണൂറുശതമാനവും മാറ്റാനാവാത്തതാണ്‌- മെമാറ്റിക്‌സ്‌ അങ്ങിനെ വ്യക്തമാക്കുന്നു. ഇങ്ങിനെ `ഫിക്‌സ്‌' ചെയ്യപ്പെട്ട കാര്യങ്ങളാകാം പിന്നീട്‌ വളരുമ്പോള്‍ ഈ രീതിയിലുള്ള തീരുമാനങ്ങള്‍ക്കൊക്കെ കാരണമാകുന്നത്‌. പക്ഷെ, ഒന്നുണ്ട്‌- ലോകത്തിനെ, ജൈവപ്രകൃതിയെ സ്‌നേഹത്തിലൂടെ തിരിച്ചു പിടിക്കാന്‍ കഴിയുന്നത്‌ സ്‌ത്രീയ്‌ക്കു മാത്രമാണ്‌..പുരുഷനു ബലംവേണ്ടിവരും..
ഇത്രയും പറഞ്ഞ്‌ അദ്ദേഹം മറ്റൊരു ജീവിതം കാട്ടിത്തന്നു:

കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ നൂറോളം രോഗികള്‍ക്ക്‌ വെച്ചുവിളമ്പുന്ന ഒരു സാധാരണക്കാരിയായ വീട്ടമ്മയുടെ- അനില.
മെഡിക്കല്‍ കോളജിലെ പ്ലംബര്‍ ബാലചന്ദ്രന്റെ ഭാര്യയും മൂന്നു കുട്ടികളുടെ മാതാവുമായ സാധരണക്കാരില്‍ സാധാരണക്കാരിയായ ഇവര്‍ വേദാന്തസാരമെന്തെന്ന്‌ ജീവിച്ചു കാണിച്ചുതരുന്നു..
മനുഷ്യന്റെ കണ്ണീരൊപ്പുക...സഹാനുഭൂതി...!.

മഴക്കാലമായാല്‍ വയനാട്ടില്‍ നിന്നുമവരെത്തും. രോഗങ്ങള്‍ വലയ്‌ക്കുമ്പോള്‍ -കാടിന്റെ മക്കള്‍. സൗജന്യ ചികിത്സാ..സര്‍ക്കാര്‍ സഹായം, കാന്റീന്‍ എന്നൊക്കെ വിശ്വസിച്ച്‌..
പക്ഷെ, മെഡിക്കല്‍ കോളജിലും പണമില്ലാതെ ഒന്നും നടക്കില്ലെന്നറിയുന്നതോടെ ആ നിഷ്‌കളങ്കര്‍ അന്ധാളിക്കുന്നു..കരഞ്ഞിട്ടെന്ത്‌..?
അവര്‍ റോഡിലിറങ്ങി ഇരക്കും..പൈസയ്‌ക്കും ഭക്ഷണത്തിനും. വിറയ്‌ക്കുന്ന രോഗാതുര ശരീരവുമായി..
അവരുടെ വിശപ്പ്‌ അനിലയുടെ ഉള്ളിലെ സ്‌നേഹത്തിന്റെ ജ്വാല ഊതിക്കത്തിക്കുകയായിരുന്നിരിക്കണം...
അവള്‍, നിത്യേന ആശുപത്രിയിലെത്തി; ക്വാര്‍ട്ടേഴ്‌സില്‍ വെച്ചുണ്ടാക്കിയ ചോറും കറിയുമായി..
അശരണരും അഗതികളുമായ നൂറോളം രോഗികള്‍ക്ക്‌ അനിലയും ഭര്‍ത്താവ്‌ ബാലചന്ദ്രനും നിത്യേന വെച്ചുവിളമ്പുന്നു- ഒരു കൈ സഹായം ആരോടും ചോദിക്കാതെ. എയ്‌ഡ്‌സ്‌ രോഗികളേയും മാനസിക രോഗികളേയും കരുണയുടെ കൈനീട്ടി പരിചരിച്ചു. ആശുപത്രി ജീവനക്കാര്‍ വരെ അറച്ചുമാറിനിന്ന വ്രണങ്ങള്‍ കഴുകിക്കെട്ടി..
പുഴുവരിക്കുന്ന ഒരു മുറിവ്‌ കഴുകിക്കെട്ടുന്നതു കണ്ട താന്‍ പിന്നീട്‌ കുറെ ദിവസം ഊണുകഴിക്കാന്‍ വിഷമിച്ചുവെന്ന്‌ ശ്രീരാമന്റെ സാക്ഷ്യം...!.
ഒരു ദിവസം ഓടയില്‍ വീണുകിടന്ന യുവാവിനെ കണ്ടത്‌, അനിലയാണ്‌. താടിയും മുടിയും കാടുപിടിച്ച്‌...
അവന്‌ ചായയും പഴം പൊരിയും വാങ്ങിക്കൊടുത്തു. അവന്‌ മിണ്ടാന്‍ വയ്യായിരുന്നു..ഓര്‍മ്മയും മറഞ്ഞിരുന്നു..
അവനു മുടിവെട്ടിക്കൊടുത്തു..കൂടെക്കൂട്ടി അവര്‍..
അങ്ങിനെ പലരേയും-ആശ്രയമില്ലാത്തവര്‍.
ആന്ധ്രയില്‍ നിന്നുള്ള ശ്രീധര്‍ ശങ്കര്‍, ഒരു കൈ സ്വയം മുറിച്ചു കളഞ്ഞ മഹാരാഷ്‌ട്രക്കാരന്‍ വിജയ്‌ കുമാര്‍ അങ്ങിനെഅങ്ങിനെ...
ദീനര്‍ സേവാട്രസ്‌റ്റ്‌ ഇവരുടെ ഭവനം തന്നെയാണ്‌. തങ്ങളുടെ മൂന്നുമക്കള്‍ക്കും ഇവരേയും കുടുംബാംഗങ്ങളായി കാണാന്‍ കഴിയുന്നു എന്നതില്‍ ഈ ദമ്പതിമാര്‍ക്ക്‌ അഭിമാനം.
ഈ കാലയളവില്‍ പല സൊസൈറ്റികളും സഹായ വാഗ്‌ധാനവുമായി വന്നു. അവര്‍ക്കുവേണ്ടത്‌ ബാനറായിരുന്നു.
അനിലയും ബാലചന്ദ്രനും സഹായങ്ങള്‍ നിരസിച്ചു. വീട്ടില്‍ നിന്ന്‌ തലച്ചുമടായി ഭക്ഷണവും കൊണ്ട്‌ ആശുപത്രിയില്‍ എത്തിയ ദിനങ്ങള്‍..

ഭൂമിയിലെ എല്ലാ ദുരിതങ്ങളുടേയും മൂലവ്യാധിയായ ദാരിദ്ര്യത്തിന്‌ ശമനമുണ്ടാകുന്ന ഒരു കാലം അനിലയും ബാലചന്ദ്രനും സ്വപ്‌നം കാണുന്നു. അതുവരുമെന്ന്‌ അവര്‍ക്ക്‌ പ്രതീക്ഷയുണ്ട്‌. അക്കാലം വരേയും തങ്ങളുടെ മനസ്സും കരങ്ങളും ദീനര്‍ക്കുവേണ്ടി ചലിച്ചുകൊണ്ടിരിക്കുമെന്നും...

പതിനഞ്ചുവര്‍ഷമായി ചെയ്‌തുവരുന്ന ടെലിവിഷന്‍ പരമ്പര 'വേറിട്ടകാഴ്‌ചകള്‍'.. അതു പച്ചയായ ജീവിതക്കാഴ്‌ചയായിരുന്നു. മനുഷ്യന്‍ എന്ന വിസ്‌മയത്തെ നോക്കിക്കണ്ട നിമിഷങ്ങള്‍..
സ്‌ത്രീയുടെ യഥാര്‍ത്ഥപ്രകൃതി- സ്‌നേഹം, കാരുണ്യം, വാത്സല്യം, സഹാനുഭൂതി.. എല്ലാം. ഇരുട്ടു കയറി വെളിച്ചമുണ്ടാക്കുന്നവര്‍. ഈ വെളിച്ചത്തിനൊപ്പം പോകുകയാണ്‌ നാം ചെയ്യേണ്ടത്‌-ശ്രീരാമന്‍ നിര്‍ത്തി. സര്‍വ്വത്ര മൗനം നിറഞ്ഞു.
കുംഭച്ചൂടില്‍ മുറ്റത്തും പറമ്പിലും പൂഴിമണല്‍ പഴുത്തുകിടക്കുന്നു..കണ്ണു മഞ്ഞളിച്ചില്ല. ഈ ഉപനിഷദ്‌ ശ്രവണം, കണ്ണിന്റെ തെളിച്ചം കൂട്ടിയിരിക്കുന്നു...
`ഇതി ശ്രീരാമോപനിഷദ്‌' എന്നു പറയുന്നില്ല. ഇത്‌ ഇവിടെ സമാപ്‌തമാകുന്നില്ല. ലോകമുള്ളിടത്തോളം, മനുഷ്യരാശിയുളളിടത്തോളം ഇതില്‍ ഇനിയും എഴുതിച്ചേര്‍ക്കേണ്ടതായുണ്ട്‌. ഒരു തത്വശാസ്‌ത്രത്തിലും ഒതുങ്ങാത്ത മനുഷ്യപ്രകൃതിയെപ്പറ്റി.....

ബാലുമേനോന്‍ എം.
ചിത്രം - സുദീപ് ഈയെസ് .

കഥകളുറങ്ങാത്ത വടക്കുമ്പാട്ട്‌ മന



......അദ്ദേഹത്തിന്റെ അനുയായികളെ ലെക്കുര്‍ഗസ്‌ തടവുകാരാക്കി. ഡൈനീഷ്യസ്‌ മാത്രം രക്ഷപ്പെട്ടു. അദ്ദേഹം സമുദ്രത്തിലേയ്‌ക്ക്‌ ചാടി നീര്‍ക്കാംകുഴിയിട്ടു.. അപ്പോള്‍ തേറ്റിസ്‌ ദേവി പ്രത്യക്ഷപ്പെട്ടു. അവള്‍ അദ്ദേഹത്തെ കടലിനടിയിലെ കൊട്ടാരത്തിലേയ്‌ക്ക്‌ ആനയിച്ച്‌ ശുശ്രൂഷിച്ചു...
ഇതു ഗ്രീക്കുപുരാണേതിഹാസത്തിലെ ഡൈനീഷ്യസ്‌ ദേവന്റെ കഥ..!.
യവനകഥകളില്‍ ദേവന്‍മാരും ദേവതമാരും രക്ഷകരും ശിക്ഷകരും ഒക്കെയായിവരുന്നു. മനുഷ്യജീവിതത്തില്‍ നേരിട്ടിടപെടുന്ന ദൈവങ്ങള്‍..!!.

വടക്കുമ്പാട്‌ മനയില്‍ കഥകള്‍ കേട്ടിരിക്കേ, ഇതിഹാസകഥകളെല്ലാം മനസ്സിലോടിയെത്തും. ഇവിടേയുമുണ്ട്‌, മനുഷ്യജീവിതത്തില്‍ നേരിട്ടിടപെട്ട ദേവന്‍മാരുടെ കഥകള്‍. കേട്ടിരിക്കാന്‍ സുഖമുള്ള, വിസ്‌മയം കൊള്ളിക്കുന്ന ഒരായിരം കഥകള്‍...!.

ആയിരത്താണ്ടുകള്‍ക്ക്‌ മുമ്പാണ്‌. അങ്ങാടിപ്പുറത്തുനിന്നും ഒരു ബ്രാഹ്മണകുടുംബം തൃശൂര്‍ ജില്ലയിലെ കേച്ചേരിക്കടുത്ത ആളൂര്‍ എന്ന കൊച്ചുഗ്രാമത്തില്‍ വന്നു ചേര്‍ന്നു. വടക്കുമ്പാട്ട്‌ ഇല്ലം. വേദപണ്ഡിതന്‍മാരായിരുന്നു അവര്‍. ഒരിക്കല്‍, ഇല്ലത്തെ കാരണവരായിരുന്ന ഒരു ആത്തോല്‍, പ്രസവത്തില്‍ രണ്ടു കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കി. ഒന്ന്‌ മനുഷ്യശിശുവും മറ്റേത്‌ ഒരു സര്‍പ്പവും..!.
ദിവ്യത്വമാര്‍ന്ന സര്‍പ്പശിശു ഇഴഞ്ഞിറങ്ങി നടുമുറ്റത്തെത്തി. അവിടെ കുടികൊണ്ടിരുന്ന ധര്‍മ്മദൈവമായ ഭഗവതി അപ്പോള്‍ ഇങ്ങിനെ അരുളിയത്രെ: `നീ ഇവിടെ ഇരുന്നു വാഴുക'. ഇത്രയും പറഞ്ഞ്‌ ഭഗവതി, നടുമുറ്റത്തെ മുല്ലത്തറയില്‍ നിന്നും മച്ചിലേയ്‌ക്കു മാറിയിരുന്നുപോല്‍..!.
കാരുളി എന്ന ഈ താവഴി ഇല്ലത്തെ നടുമുറ്റത്ത്‌ ഇന്ന്‌ അമ്മപ്പാമ്പും പത്തുമക്കളും വാഴുന്നു. ഇല്ലപ്പറമ്പിലെ പത്തുസര്‍പ്പക്കാവുകള്‍ മക്കളാണ്‌. ഈ ഇല്ലവളപ്പില്‍ വച്ച്‌ ആരേയും സര്‍പ്പംദംശിക്കില്ലെന്നത്‌ അനുഭവസാക്ഷ്യം. അഥവാ ദംശിച്ചാലും വിഷബാധയേല്‍ക്കില്ല..
`കന്നിമാസത്തിലെ ആയില്യം ഇല്ലത്ത്‌ വിശേഷമാണ്‌. നാടിന്റെ നാനാഭാഗത്തുനിന്നുളള ഭക്തര്‍ എത്തും..` ഇപ്പോഴത്തെ കാരണവരായ ഗോവിന്ദന്‍ നമ്പൂതിരി പറഞ്ഞു.

വടക്കുമ്പാട്ട്‌ മനയുടെ തുടക്കം ഇവിടെ നിന്ന്‌. ആളൂര്‍ വടക്കുമ്പാട്ട്‌ എന്ന ഒരിക്കലും ക്ഷയിക്കാത്ത ഇല്ലം എന്നു അനുഗ്രഹിക്കപ്പെട്ട മന..!. ചരിത്രാന്വേഷണം ഇവിടെ നിര്‍ത്തുന്നു...
മനയുടെ ഉത്‌പത്തിക്കഥയുടെ ഒടുക്കവും തുടക്കവും വാമൊഴിയില്‍ മാത്രം...
എഴുന്നൂറ്‌ വര്‍ഷത്തെ പഴക്കം. പ്രഗത്ഭ വാസ്‌തുകാരനും ജ്യോതിഷപണ്ഡിതനുമായ തലക്കുളത്തൂര്‍ ഭട്ടതിരി കുറ്റിയടിച്ചു നിശ്ചയിച്ചത്‌. 108 കോല്‍ എട്ടുവിരല്‍ എന്നു കണക്ക്‌..
പ്രശസ്‌തമായ ദേശമംഗലം മനയുടെ അതേ തച്ചുകണക്ക്‌..!!.


വടക്കുമ്പാട്ട്‌ നാരായണന്‍ നമ്പൂതിരി വടക്കുമ്പാട്ട്‌ ഗോവിന്ദന്‍ നമ്പൂതിരി എന്നിവരോടൊപ്പം 


തെക്കോട്ടുള്ള പ്രയാണകഥ

നമ്പൂതിരികുടുംബങ്ങളെല്ലാം വടക്കുനിന്നും തെക്കോട്ട്‌ കുടിയേറിയവരാണെന്നാണ്‌ ചരിത്രം. തളിപ്പറമ്പാണ്‌ കേരളത്തിലെ ബ്രാഹ്മണ്യത്തിന്റെ കേന്ദ്രമായി കരുതിവരുന്നത്‌. ഇന്നും ഇല്ലങ്ങളില്‍, `അകത്തുള്ളവര്‍' വടക്കോട്ട്‌ നൈവേദ്യം സമര്‍പ്പിക്കും. തളിപ്പറമ്പ്‌ രാജരാജേശ്വരനെ സങ്കല്‍പ്പിച്ച്‌. പിന്നെ തൃച്ചംബരത്തെ ശ്രീ കൃഷ്‌ണഭഗവാനും. ഇത്‌ കേരളത്തിലെ എല്ലാ നമ്പൂതിരി ഇല്ലങ്ങളിലും അനുവര്‍ത്തിച്ചുവരുന്ന നിത്യാചാരമാണ്‌.
നമ്പൂതിരി കുടുംബങ്ങള്‍ തെക്കോട്ടുഗമിച്ചതിന്റെ കണക്ക്‌ ഇങ്ങിനെ:
`സാഗരം' `സമുദ്രം' എന്നീ പരല്‍പേരുകള്‍ പ്രകാരം 237 ഇല്ലക്കാര്‍ തിരുവല്ല ഭാഗത്ത്‌ വന്നു താമസിച്ചുവെന്നും 257 ഇല്ലക്കാര്‍ മറ്റൊരു ഘട്ടത്തിലും എത്തിച്ചേര്‍ന്നുവെന്നുമാണ്‌ കണക്ക്‌. 




ഒന്നരയേക്കറോളം പരന്നുകിടക്കുന്ന മനവളപ്പില്‍, പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിരിക്കുന്നു. പടര്‍ന്നു പന്തലിച്ച മാമരങ്ങള്‍ക്കു താഴെ, ഇല്ലക്കോലായിലിരുന്നു വടക്കുമ്പാട്ട്‌ ഗോവിന്ദന്‍ നമ്പൂതിരിയും അനുജന്‍ നാരായണന്‍ നമ്പൂതിരിയും കഥകള്‍ പറഞ്ഞുകൊണ്ടിരുന്നു. ദാനശീലം, ഇല്ലത്തെ ദാരിദ്ര്യം, പിന്നീട്‌ അക്ഷയമായ സമ്പത്ത്‌ കുമിഞ്ഞുകൂടിയ അനുഗ്രഹവര്‍ഷം, ശാപമേറ്റ്‌ മുടിഞ്ഞുപോകുമായിരുന്ന സമയത്ത്‌ രക്ഷകനായെത്തിയ ശാസ്‌താവ്‌...അങ്ങിനെഅങ്ങിനെ..!!.

ഒരുകാലത്ത്‌, കടുത്ത ദാരിദ്ര്യമുണ്ടായി ഇല്ലത്ത്‌. നിത്യവൃത്തിയ്‌ക്കു നിവൃത്തിയില്ലാത്ത കാലം. ഒരു നേരത്തെ ആഹാരത്തിനുപോലും വഴിയില്ല. ഇല്ലത്തെ നമ്പൂതിരിയും ആത്തോലും വിശപ്പു സഹിക്കാതെ കവുങ്ങിന്‍ പൂക്കുലകൊണ്ട്‌ കഞ്ഞിയുണ്ടാക്കി കഴിക്കാനിരുന്നു. ആ സമയത്ത്‌, ഒരു ദരിദ്രബ്രാഹ്മണന്‍ അവിടെ എത്തിച്ചേര്‍ന്നു. അയാള്‍ യാത്രകൊണ്ടും വിശപ്പുകൊണ്ടും തളര്‍ന്നവശനായിരുന്നു. ജീവിക്കാനുള്ളത്‌ മാറ്റിവച്ച്‌ ബാക്കിയൊക്കെ ദാനം ചെയ്യുക എന്നതായിരുന്നു ഇല്ലത്തെ പതിവ്‌.
തളര്‍ന്നിരുന്ന ബ്രാഹ്മണന്‌, തങ്ങള്‍ക്കുകഴിക്കാനായി തയ്യാറാക്കിയ പൂക്കുലക്കഞ്ഞി അവര്‍ നല്‍കി. ഭക്ഷണം കഴിഞ്ഞശേഷം ഇല്ലത്തെ സ്ഥിതിയറിഞ്ഞ അദ്ദേഹം, ദമ്പതിമാര്‍ക്ക്‌ തന്റെ ഭാണ്ഡക്കെട്ടില്‍ നിന്നും ഒരു വാഴക്കന്ന്‌ നല്‍കിയിട്ട്‌ ഇപ്രകാരം പറഞ്ഞുവത്രെ: `ഇതു നട്ടു കുലയുണ്ടാകുമ്പോള്‍, അത്‌ ചോദിക്കുന്നവര്‍ക്ക്‌ നല്‍കിക്കൊള്ളുക..!'. ഇത്രയും പറഞ്ഞ്‌ ആള്‍ പോയി.



അദ്ദേഹം പറഞ്ഞതുപോലെ നട്ടുവളര്‍ത്തിയ വാഴ കുലച്ചു. നിറയെ സ്വര്‍ണനിറമുള്ള പഴങ്ങള്‍..!. വാക്കു തെറ്റിക്കാതെ വടക്കുമ്പാട്ടെ നമ്പൂതിരി വാഴക്കുലയുമായി യാത്രതുടങ്ങി. ഇല്ലത്തിനു തെക്കുഭാഗത്തുള്ള കണ്ടിയൂര്‍ മഹാവിഷ്‌ണു ക്ഷേത്രത്തിനു സമീപമെത്തിയപ്പോള്‍, അവിടെ ക്ഷേത്രക്കുളത്തില്‍ കുളിച്ചുകൊണ്ടിരുന്ന മൂന്നുനാലുപേരെ കാണുകയുണ്ടായി. പഴക്കുലകണ്ട അവര്‍ വിളിച്ചു ചോദിച്ചുവത്രേ- അതു തങ്ങള്‍ക്ക്‌ തരുമോ? എന്ന്‌..!.
ഒട്ടും സംശയിക്കാതെ വടക്കുമ്പാട്ടെ തിരുമേനി അത്‌ അവര്‍ക്കു നല്‍കി. പഴമെല്ലാം കഴിച്ച ശേഷം, അവരിലൊരാള്‍ കുളത്തിലിറങ്ങി മൂന്നു തവണ മുങ്ങി നിവര്‍ന്നു. ഓരോ തവണയും നിവരുമ്പോള്‍ ഓരോ കുടന്ന സ്വര്‍ണം വടക്കുമ്പാട്ട്‌ നമ്പൂതിരിയ്‌ക്കു വാരി നല്‍കി...!. സാക്ഷാല്‍ കണ്ടിയൂര്‍ മഹാവിഷ്‌ണുവായിരുന്നു ആ ദിവ്യന്‍ എന്നാണ്‌ കഥ...!.
ഇല്ലത്ത്‌ തിരിച്ചെത്തിയ തിരുമേനി, ഒരു കുടന്ന ഇല്ലത്തെ ആവശ്യങ്ങള്‍ക്കായി മാറ്റിവച്ചു. രണ്ടാമത്തെ കുടന്ന ഇല്ലവളപ്പില്‍ നിക്ഷേപമായി കുഴിച്ചിട്ടു. അത്‌ ആര്‍ക്കും അറിയാത്തൊരിടത്ത്‌ നിധിനിക്ഷേപമായി മനവളപ്പില്‍ ഇന്നുമുണ്ടെന്ന്‌ നാരായണന്‍ നമ്പൂതിരി..!.
മൂന്നാമത്തെ കുടന്ന, ഇല്ലത്തെ പ്രധാന ഉപാസനാമൂര്‍ത്തിയായ അരിയന്നൂരിലെ ഹരികന്യക ക്ഷേത്രത്തിലേയ്‌ക്കു നല്‍കി. ഈ ക്ഷേത്രത്തിലെ ഊരാളന്‍മാരാണ്‌ ഈ മനക്കാര്‍ ഇന്നും.
പിന്നീട്‌ ആലോചിച്ചപ്പോള്‍ തോന്നിയത്രെ- ദേവിയും ഇല്ലവും സമ്പത്തിന്റെ കാര്യത്തില്‍ സമാസമം..!. അതു പാടില്ലെന്ന നിശ്ചയത്തില്‍, ക്ഷേത്രത്തില്‍ പന്തീരടിപ്പൂജയ്‌ക്കു പതിനെട്ടു പറയ്‌ക്കുള്ള നിവേദ്യവും കൂടി ഏര്‍പ്പാട്‌ ചെയ്‌തു എന്ന്‌ കഥ.

പരശുരാമന്‍ പുറമെനിന്ന്‌ കൊണ്ടുവന്ന 64 ബ്രാഹ്‌മണ കുടുംബങ്ങളെ കുടിയിരുത്തിയ ഗ്രാമങ്ങളിലൊന്നായ ശുകപുരംഗ്രാമത്തില്‍ പെടുന്നതാണ്‌ വടക്കുമ്പാട്ട്‌ മന. പഴയ, അങ്ങാടിപ്പുറവുമായുള്ള സ്ഥലബന്ധം ഇപ്പോഴും മനയില്‍ നടത്തുന്ന പ്രശ്‌നവിചാരങ്ങളില്‍ തെളിഞ്ഞുകാണുമെന്ന്‌ നാരായണന്‍ നമ്പൂതിരി.
പ്രശ്‌നവിചാരങ്ങളെ കുറിച്ചു പറഞ്ഞപാടെ മനയ്‌ക്കു കുറ്റിയടിച്ച തലക്കുളത്തൂര്‍ ഭട്ടതിരിയെ ഓര്‍ത്തു...
അത്യുജ്ജ്വലമായ ജ്യോതിഷപാണ്ഡിത്യത്തിന്റെ ആ കഥ, പാഴൂര്‍ പടിപ്പുരയുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഒരു ആഖ്യാനം മുഴുവന്‍ തികയില്ല, തലക്കളത്തൂരിന്റെ ഇതിഹാസജീവിതം വര്‍ണ്ണിക്കാന്‍..
സ്വജീവിതം ഗണിച്ച്‌, തനിക്കുവരാനിടയുളള പതിത്വം അറിഞ്ഞ ഭട്ടതിരി. ഒടുവില്‍ അതുസംഭവിച്ചപ്പോള്‍ ഒട്ടും അന്ധാളിപ്പില്ലാതെ, തന്റെ രക്തത്തില്‍ കണിയാട്ടിയ്‌ക്കു പിറന്ന മകന്റെ ഗുരുകൂടിയായി പില്‍ക്കാലത്തുമാറി. മകന്റെ ജ്യോതിഷപാണ്ഡിത്യത്തിനു തെറ്റുതിരുത്തും നടത്തി, അദ്ദേഹം അവസാനകാലം പാഴൂര്‍ പടിപ്പുരയില്‍ത്തന്നെ കഴിഞ്ഞു എന്നാണൈതിഹ്യം. മരണശേഷം തന്റെ മൃതദേഹം ഈ പടിപ്പുരയില്‍ അടക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. അതനുസരിച്ച്‌ അദ്ദേഹത്തിന്റെ മൃതശരീരം അവിടെ അടക്കുകയും അതിനുശേഷം പാഴൂരില്‍ പ്രശ്‌നം വയ്‌പ്‌ ആ പടിപ്പുരയിലാവണമെന്ന്‌ നിശ്ചയിക്കുകയും ചെയ്‌തുവത്രെ. പിഴയ്‌ക്കാത്ത ജ്യോതിഷപ്രവചനം കൊണ്ട്‌ പടിപ്പുര പിന്നീട്‌ വിശ്വപ്രസിദ്ധമായെന്ന്‌ ചരിത്രം..

വീണ്ടും വടക്കുമ്പാട്ടിലേയ്‌ക്ക്‌

കണ്ടിയൂര്‍ മഹാവിഷ്‌ണുവിന്റെ മുന്നിലും ആളൂര്‍ പൊന്‍മല ശിവക്ഷേത്രത്തിന്റെ പിന്‍വശത്തുമായാണ്‌ വടക്കുമ്പാട്‌ മനയുടെ സ്ഥാനം. നേര്‍രേഖയില്‍ പിടിച്ചതുപോലെയാണ്‌ ഇവ മൂന്നിന്റേയും നില. മൂര്‍ത്തികളുടെ സഞ്ചാരവും ഈ നേര്‍രേഖയിലൂടെയുണ്ടെന്ന്‌ വിശ്വാസം...!. നടുമുറ്റത്ത്‌, കൈക്കുളങ്ങരഭഗവതി. ഏതോ ഒരു കാലഘട്ടത്തില്‍ ദേവീദാസനായ ഒരു കാരണവര്‍ വിശ്വസിച്ചുപാസിച്ചതിനെ തുടര്‍ന്ന്‌ ഭഗവതി കൂടെ പോരുകയായിരുന്നത്രേ..!. പിന്നെ രക്ഷകദൈവമായ തിച്ചൂര്‍ അയ്യപ്പനും. ഇവിടെ എല്ലാ കൊല്ലവും ഭഗവതിയ്‌ക്ക്‌ കളംപാട്ട്‌ പതിവുണ്ട്‌.
ദാനധര്‍മ്മങ്ങള്‍ക്ക്‌ പേരുകേട്ടമനയാണ്‌ വടക്കുമ്പാട്‌. ഗുരുവായൂര്‍ ശ്രീ കൃഷ്‌ണകോളജിന്‌, മുപ്പത്തിയേഴേക്കര്‍ ഭൂമി നല്‍കിയത്‌ വടക്കുമ്പാട്ട്‌ മനയാണ്‌. കൂടാതെ മറ്റം വനമാതാവിന്റെ ക്രിസ്‌ത്യന്‍ ദേവാലയത്തിനു സ്ഥലം നല്‍കിയ പാരമ്പര്യവും മനയ്‌ക്കുണ്ട്‌. കണ്ടാണശേരി ഹെല്‍ത്ത്‌ സെന്റര്‍ നില്‍ക്കുന്ന പതിനഞ്ചുസെന്റ്‌ സ്ഥലവും മനവക.
ജീവിക്കാന്‍ വേണ്ടതില്‍ കവിഞ്ഞൊന്നും സൂക്ഷിക്കാതെ മറ്റുളളവര്‍ക്കു നല്‍കുക. അതാണ്‌ അന്നും ഇന്നും മനയുടെ പാരമ്പര്യം...!.
ഞങ്ങളുടെ അച്ഛന്റെ കൃഷ്‌ണന്‍ നമ്പൂതിരിയുടെ കാലത്തും ദാനകര്‍മ്മങ്ങള്‍ക്ക്‌ ഏറെ പ്രാധാന്യം ഉണ്ടായിരുന്നുവെന്ന്‌ നാരായണന്‍ നമ്പൂതിരി ഓര്‍ത്തെടുത്തു.
`ഒരു ചുള ചക്കയാണ്‌ കിട്ടിയതെങ്കില്‍, അതു മൂന്നാക്കും. ഒരു ഭാഗം ഇല്ലത്തേയ്‌ക്ക്‌. ഒരു ഭാഗം പക്ഷിമൃഗാദികള്‍ക്ക്‌. മൂന്നാമത്തെ ഭാഗം ആരെങ്കിലും വരികയാണെങ്കില്‍ അവര്‍ക്ക്‌...അതായിരുന്നു അദ്ദേഹത്തിന്റെ നിശ്ചയം..'.
ഇന്നും ഈ രീതിയ്‌ക്കുമാറ്റമില്ല.
പ്രകൃതിസ്‌നേഹിയായ അദ്ദേഹം മനവളപ്പില്‍ ധാരാളം വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിച്ചു. അലഞ്ഞു തിരിയുന്ന കന്നുകാലികള്‍ക്ക്‌ വെള്ളം കുടിക്കാന്‍ തൊട്ടികളും പണികഴിപ്പിച്ചു. ഇതില്‍ വെള്ളംകോരി നിറയ്‌ക്കാന്‍ മാത്രമായി ഒരാളെ ജോലിയ്‌ക്കു നിര്‍ത്തിയിരുന്നു...




ബ്രഹ്മഹത്യാപാപം തടഞ്ഞ ശാസ്‌താവ്‌

അമൂല്ല്യമായ പാതാളാഞ്‌ജനശിലയില്‍ തീര്‍ത്തതാണ്‌ ഹരികന്യകാ വിഗ്രഹം. പന്തടിച്ചുകളിക്കുന്ന ഭാവത്തിലുള്ളത്‌. അരിയന്നൂരിലെ 72 നമ്പൂതിരികുടുംബങ്ങള്‍ക്കു ഊരാഴ്‌മയുള്ള ക്ഷേത്രം. അക്കാലം അരിയന്നൂരിന്‌ അര്‍ദ്ധഗ്രാമം എന്ന സ്ഥാനമുണ്ട്‌. അതില്‍ അധ്യക്ഷസ്ഥാനമായിരുന്നു വടക്കുമ്പാടിന്‌.
ഒരുനാള്‍ ഹരികന്യകാ വിഗ്രഹത്തിന്റെ കൈത്തണ്ട മുറിച്ചെടുത്ത നിലയില്‍ കാണപ്പെട്ടു..!.
കോലാഹലമായി...
ഊരാഴ്‌മയോഗം ചേര്‍ന്നു. സംശയം നീണ്ടത്‌, മേല്‍ശാന്തിയ്‌ക്കു നേരേ. എന്നാല്‍ തെളിവില്ല. വിചാരണ നിശ്ചയിച്ചു. ദിവസവും കുറിച്ചു.
അന്നേദിവസം അധ്യക്ഷതവഹിക്കേണ്ട വടക്കുമ്പാട്ടെ നമ്പൂതിരിക്കു അസൗകര്യം വന്നു ഭവിക്കയാല്‍, യോഗത്തിനെത്താനായില്ല. അധ്യക്ഷനില്ലാതെ യോഗം നടത്താനാവില്ല. യോഗസ്ഥലത്തുനിന്നു മൂന്നുനാലുപേര്‍ മനയ്‌ക്കലെത്തി. അപ്പോള്‍ അവിടെ ഒരാത്തോലും ഉണ്ണിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. യോഗത്തിന്‌ ഉണ്ണിവരട്ടെ..! എന്നായി, വന്നവര്‍. ആത്തോല്‍ ഉണ്ണിയോടു പറഞ്ഞു: പ്രാര്‍ത്ഥിച്ചു പൊയ്‌ക്കോളൂ..!.
അപ്രകാരം ഉണ്ണി, പ്രാര്‍ത്ഥനയോടെ അവരോടൊപ്പം ഹരികന്യകാക്ഷേത്രത്തിലേയ്‌ക്കു തിരിച്ചു. പോകുംവഴി ഒരു കൈത്തോടുകടക്കണം. അതു കടക്കാന്‍ നേരം, കറുത്തമുണ്ടുമുടുത്ത്‌ ഒരാള്‍ വടക്കുനിന്ന്‌ ഓടിവന്നു.
അടുത്തെത്തിയപ്പോള്‍ അയാള്‍ കിതച്ചുകൊണ്ടു പറഞ്ഞു: ഇന്നിനിയിപ്പോള്‍ ഉണ്ണി പോകേണ്ട..!!.
അതുകേട്ട്‌ ഉണ്ണി യാത്ര തുടരാതെ ഇല്ലത്തേയ്‌ക്കു മടങ്ങിപ്പോന്നു.
അന്നു ചേര്‍ന്ന ഊരാഴ്‌മയോഗം നിരപരാധിയായ മേല്‍ശാന്തിയ്‌ക്കു മരണശിക്ഷ വിധിച്ചുവത്രെ. ആ സാധുവിനെ പുകച്ചുകൊല്ലാനായിരുന്നു വിധി..!. അതു നടപ്പിലാക്കുകയും ചെയ്‌തു.
ആ ശാപഫലമായി വടക്കുമ്പാട്‌ ഒഴിച്ചുള്ള മറ്റില്ലങ്ങളെല്ലാം കുറ്റിയറ്റുപോയി എന്നു ചരിത്രം. നാശമില്ലാതെ വടക്കുമ്പാട്‌ പാരമ്പര്യത്തെ കാത്തത്‌ മാറ്റാരുമായിരുന്നില്ല- മനയുടെ രക്ഷകദൈവമായ തായംകാവ്‌ അയ്യപ്പസ്വാമിയായിരുന്നു എന്നാണ്‌ ഇന്നും വിശ്വസിച്ചുവരുന്നത്‌.
`അതുകൊണ്ടുതന്നെ ഞങ്ങള്‍ക്ക്‌ ശബരിമലയ്‌ക്ക്‌ പോകണമെന്നില്ല'- കഥ നിര്‍ത്തിക്കൊണ്ട്‌ നാരായണന്‍ നമ്പൂതിരി ചിരിച്ചു....

ദൈവങ്ങളാല്‍ ചുറ്റപ്പെട്ട്‌, ദൈവങ്ങളാല്‍ സംരക്ഷിക്കപ്പെടുന്ന മനമുറ്റത്ത്‌ എന്തെന്നില്ലാത്ത സുരക്ഷിതബോധവും ശാന്തിയും നിറയുന്നു.
എഴുന്നൂറു വര്‍ഷത്തെ പഴമയില്‍ പുതുമയുടെ കൈയൊപ്പ്‌ അധികമൊന്നും വീഴാത്ത മന, ഇലച്ചാര്‍ത്തുകളുടെ തണുപ്പില്‍ മൂന്നു നിലയില്‍ തലയുയര്‍ത്തി നിന്നു..
ഇവിടെ ഇപ്പോഴും പഴമയുടെ ഓര്‍മ്മക്കുറിപ്പുകളായി ഗൃഹോപകരണങ്ങള്‍ കാണാം. സാമ്പാര്‍ വിളമ്പാനുള്ള മരംകൊണ്ടു തീര്‍ത്ത പാത്രങ്ങള്‍..മരത്തവികള്‍..ചോറുവിളമ്പാനുള്ള പ്രത്യേക ചട്ടുകങ്ങള്‍...
ഓരോ കാഴ്‌ചകളും ആയിരത്താണ്ടുകള്‍ക്കു മുന്‍പുളള, പടിക്കല്‍ പന്തീരായിരമുള്ള മനയുടെ പ്രൗഢി വിളിച്ചോതി.
ഇരുപ്പുമുറിയിലെ വെള്ളപൂശിയ ചുവരില്‍ ഇപ്പോഴും കാണാം, കല്‍വിളക്ക്‌. ഒരു കാലത്ത്‌ ചൈതന്യം പകര്‍ന്നു കത്തിയിരുന്ന ഒന്ന്‌. ചുവരില്‍ അടച്ചു സൂക്ഷിക്കാവുന്ന മരപ്പെട്ടികള്‍..
പടര്‍ന്നു പ്രവൃദ്ധമായി നില്‍ക്കുന്ന മുത്തച്ഛന്‍ മരങ്ങളുടെ തണലില്‍, നിറഞ്ഞ കുളം. ഇവയില്‍ പലതും പ്രകൃതിസ്‌നേഹിയായ അച്ഛന്‍ നട്ടുവളര്‍ത്തിയവയാവാം.....
ഇവിടെ, ഈ പ്രകൃതിയുടെ നിറഞ്ഞ കനിവില്‍ നില്‍ക്കുമ്പോള്‍, വിജ്ഞന്‍മാര്‍ പറഞ്ഞ ജീവിതതത്ത്വം അറിയാതെ ഓര്‍ത്തുപോകും:

യജ്ഞദാനതപഃകര്‍മ്മ ന ത്യാജ്യം കാര്യമേവ തത്‌
യജ്ഞോ ദാനം തപശ്ചൈവ പാവനാനി മനീഷിണാം.

(യജ്ഞം, ദാനം, തപസ്സ്‌ എന്നീ കര്‍മ്മങ്ങളെ ത്യജിക്കരുത്‌. അവനിശ്ചയമായും ചെയ്യപ്പെടേണ്ടവയാകുന്നു. അവ ബുദ്ധിമാന്‍മാര്‍ക്ക്‌ മനഃശുദ്ധിയുണ്ടാക്കുന്നവയാണ്‌.).

-ബാലുമേനോന്‍ എം
ചിത്രം- സുദീപ്‌ ഈയെസ്‌
























നിലയ്‌ക്കാത്ത നാഴികമണി




ഇപ്പോഴും ഇവിടെയുണ്ടെന്ന്‌ തോന്നും...എന്നെ വിളിച്ചുവെന്നും...
തൊണ്ടയിടറി...ഈറന്‍ കണ്ണുകള്‍ തുടച്ചു..
ഇവിടെ ഈ കസേരയിലാ ഇരിക്കാ..എപ്പോഴും വിളിക്കും- തങ്ക്വോ..!
പതറിപ്പോയ നിമിഷത്തില്‍, മനസ്സിനെ ശാസിച്ചു....അരുത്‌...!
ഉണ്ണികൃഷ്‌ണന്‍ പുതൂര്‍ എന്ന കരുത്തനായ എഴുത്തുകാരന്റെ ഓര്‍മ്മയില്‍ സഹധര്‍മ്മിണി തങ്കമണി എന്ന തങ്കു...

കരുത്തനായിരുന്നു, അടിമുടി. സ്‌നേഹമായിരുന്നു ആകെത്തുക.
മനുഷ്യസ്‌നേഹം...
അറുന്നൂറിലേറെ കഥകളെഴുതി കടന്നുപോയ ഒരെഴുത്തുകാരന്‍. ചുറ്റുവട്ടത്തുകണ്ട മനുഷ്യജീവിതം മാത്രം വിഭവമാക്കി. എഴുത്തിന്റെ സാഫല്യത്തിനായി അനിഷ്ടകരമായ ഒരു വാക്കും പറയാതെ ഞാന്‍...
ഇഷ്ടം കാണിക്കുവാനറിയാതെ അദ്ദേഹം...എങ്കിലും അത്‌ ഒഴുകി..അറിയാതെ.

ഓര്‍മ്മകള്‍ ഒഴുകുന്ന വീടകത്ത്‌, ഇപ്പോഴും പുതൂര്‍ ഉണ്ട്‌. കലാപകാരിയായല്ല. സ്‌നേഹനിധിയായ ഗൃഹനാഥനായി- ഓരോരുത്തരുടേയും മനസ്സില്‍. അവിടെ ഇരുന്നാല്‍ ആ സാന്നിധ്യം അനുഭവിച്ചറിയാം..

ആനപ്പകയുടേയും നാഴികമണിയുടേയും ബലിക്കല്ലിന്റേയും ഒക്കെ രചയിതാവ്‌, വീട്ടുകാരിക്ക്‌ അന്യമാണ്‌. മലേഷ്യയില്‍ കഴിച്ച ബാല്യത്തിന്റെ ബാക്കി പത്രമെന്ന നിലയില്‍ മലയാളവായന അതിനു തടസ്സവുമായി...
ഇരുപത്തിനാലു വയസ്സില്‍ തുടങ്ങിയ കൂടെപൊറുപ്പ്‌, അദ്ദേഹം കഴിഞ്ഞ വര്‍ഷം പിരിയും വരെ..
ആ കാലഘട്ടങ്ങളിലെല്ലാം ഒരു ഭാര്യമാത്രമായിക്കഴിഞ്ഞു. ബീഡി വലിക്കരുത്‌ എന്നു പോലും ശാസിക്കാന്‍ ധൈര്യപ്പെട്ടില്ല-അല്ലെങ്കില്‍ ഇഷ്ടപ്പെട്ടില്ല.
`സ്‌നേഹമായിരുന്നു. തൃശൂരിലെ ഫാഷന്‍ ഫാബ്രിക്‌സില്‍ നിന്നും ഗുരുവായൂരില്‍ നിന്നും സാരി വാങ്ങി വരും...തരും... '
ഇഷ്ടമായോ എന്നൊന്നും ചോദിക്കില്ല. പക്ഷെ, അതില്‍ നിറയേ സ്‌നേഹമായിരുന്നു..

ഗുരുവായൂര്‍ ക്ഷേത്രത്തിലെ നാഴികമണി നാലുതവണ മുഴങ്ങി. പുതൂരിന്റെ ഓര്‍മമകള്‍ നിറയുന്ന മുറിയില്‍, പോക്കുവെയില്‍ നിറഞ്ഞു.
പുതൂര്‍ എന്ന ഒറ്റയാനെ സ്‌നേഹമൂര്‍ത്തിയായി കണ്ട തങ്കു എന്ന തങ്കമണി പറയുകയാണ്‌-
`ന്റെ ജാതകത്തില്‍ ദോഷമുണ്ടായിരുന്നു. അന്ന്‌ ഒരു ജ്യോത്സ്യന്‍ പറഞ്ഞു: പടിഞ്ഞാറു ഭാഗത്തുനിന്നും ഒരാള്‍ വരും. എഴുത്തും വായനയുമൊക്കെയുളളയാള്‍..പേരും പെരുമയുമുളളയാള്‍..!'.
പുതൂര്‍ വന്നു. എഴുത്തുകാരനാണ്‌ എന്നൊക്കെ കേട്ടിട്ടുണ്ട്‌ എന്നല്ലാതെ..
ഗുരുവായൂര്‍ കിഴക്കേനടയിലെ തറവാട്ടുവീട്ടിലേയ്‌ക്കാണ്‌ തങ്കമണി വലതുകാല്‍വച്ചു കയറിയത്‌. കൂട്ടുകുടുംബം.
`അന്നും വീട്ടില്‍ വരുന്നത്‌ അപൂര്‍വ്വമാണ്‌. എഴുത്തും പൊതുപ്രവര്‍ത്തനവും തന്നെ..ഗുരുവായൂര്‍ നടയ്‌ക്കലുള്ള ദേവസ്വം മുറിയുണ്ട്‌. ചോണ്ടത്ത്‌ ബംഗ്ലാവില്‍. അവിടെയായിരിക്കും. എഴുത്തും കിടപ്പുമെല്ലാം..'
കൂട്ടുകുടുംബമായതിനാല്‍ ഒച്ചയും ബഹളവുമൊക്കെക്കാണും. അതൊന്നും ഒട്ടും പത്ഥ്യമല്ല. എഴുതാനിരിക്കുമ്പോള്‍ ഒരൊച്ചയും കേട്ടുകൂടാ...

നാടോടിയായി നടന്ന ഒരാള്‍, ഒടുവില്‍ ഗുരുവായൂര്‍ അമ്പലത്തിലെ കണക്കെഴുത്തുകാരന്റെ `റോള്‍' ഏറ്റെടുക്കുന്നു-ജീവിക്കാന്‍ വേണ്ടി. പിതാവ്‌ ക്ഷേത്രത്തില്‍ സാമൂതിരിയുടെ കാര്യസ്ഥനായിരുന്നു. പരമസാത്വികനും സ്വാമിഭക്തനുമായ ഒരാള്‍. ദേവസ്വത്തിലെ കള്ളത്തരങ്ങളും കെടുകാര്യസ്ഥതയും കണ്ട്‌ പൊട്ടിത്തെറിച്ച പുതൂര്‍ അവിടെ `വില്ല'നായി. അനീതികള്‍ കണ്ടില്ലെന്ന്‌ നടിക്കാന്‍ ഒരിക്കലും കഴിഞ്ഞില്ല. ക്ഷേത്രം ജീവനക്കാരുടെ ദൈന്യം..ഇല്ലയ്‌മ വല്ലായ്‌മകള്‍ പുതൂരിലെ മനുഷ്യനെ ഞെട്ടിച്ചു. അദ്ദേഹം ട്രേഡ്‌ യൂണിയന്‍ പ്രസ്ഥാനത്തിനു തുടക്കമിട്ടു. അടിമുടി സോഷ്യലിസ്‌റ്റായ പുതൂരിന്‌ വെല്ലുവിളിക്കേണ്ടിവന്നത്‌ യഥാസ്ഥിതികതയേയായിരുന്നു. ബ്രാഹ്മണ മേധാവിത്വത്തെ..
വധഭീഷണിവരെയുണ്ടായി..
അക്കാലത്ത്‌ പുറത്തുവന്ന ആദ്യനോവല്‍- ബലിക്കല്ല്‌- ഈ ജീവിത സമരം പച്ചയായി വരച്ചിട്ടു. അതിലെ നായകന്‍ പുതൂര്‍ തന്നെയായിരുന്നു. അധാര്‍മ്മികതയോടുള്ള ചെറുത്തുനില്‍പ്പും പ്രതിരോധവും തീര്‍ത്ത നോവല്‍, അധികാരകേന്ദ്രങ്ങളില്‍ കോളിളക്കമുണ്ടാക്കി.
ഇതിലെ കഥാപാത്രം പങ്ങുണ്ണി നായരിലേയ്‌ക്ക്‌ ഒരു നിമിഷം-
പൂണൂലിട്ടവര്‍ ഇരിക്കുന്ന പന്തിയില്‍ കയറിയിരുന്ന്‌ ഭഗവാന്റെ പ്രസാദമുണ്ണുമ്പോള്‍, രണ്ടാംഉരുള കഴിച്ചു തീരും മുമ്പെ, സ്വന്തം മകനുമുമ്പിലേയ്‌ക്ക്‌ കഴുത്തിനു പിടിച്ച്‌ പുറന്തള്ളപ്പെടുന്ന പങ്ങുണ്ണി നായര്‍..!.
അപമാനിക്കപ്പെടുന്ന മനുഷ്യത്വം..!.
വിശപ്പിനു മുമ്പില്‍ പത്തിമടക്കുന്ന അഭിമാനബോധം. പുതൂരിന്റെ വാക്കുകള്‍ക്ക്‌, കത്തിയേക്കാള്‍ മൂര്‍ച്ച...
തുടര്‍ന്ന്‌ ദേവസ്വം യൂണിയനു അംഗീകാരം കിട്ടി. കെ.എസ്‌.ആര്‍ അടക്കം തൊഴിലാളികളുടെ നിലമെച്ചപ്പെടുത്തിയ തീരുമാനങ്ങളും വന്നുവെന്ന്‌ ചരിത്രം. ഈ ആദ്യനോവലിനു തന്നെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും തേടിയെത്തി..

ആദ്യവും അവസാനവും കവിത

കവിതയെഴുതിയാണ്‌ തുടങ്ങിയത്‌. അവസാനിപ്പിച്ചതും കവിതയെഴുതിക്കൊണ്ടുതന്നെ..!.
`എന്റെ അമ്മ' ആയിരുന്നു ആദ്യമായി അച്ചടിച്ച സൃഷ്ടി. മലയാളരാജ്യം വാരികയില്‍. ചങ്ങമ്പുഴയോട്‌ അടങ്ങാത്ത വൈകാരികാവേശമായിരുന്നു. അതുപോലെ ആകണമെന്ന ആശ ആരോടും പറയാതെ മനസ്സിലിട്ടു നീറ്റി..
ഒടുവിലായി എഴുതിയത്‌ ഇഷ്ടദൈവമായ ഭഗവാനുളള സമര്‍പ്പണമായാണ്‌. ഗുരുവായൂര്‍ ദേവസ്വത്തിന്റെ `ഭക്തപ്രിയ' മാസികയില്‍ അത്‌ അച്ചടിച്ചു വരുമ്പോഴേയ്‌ക്കും പുതൂര്‍ യാത്രയായിരുന്നു, ഭൂമിയിലെ ജീവിതം അവസാനിപ്പിച്ച്‌...
ആ കവിത ഒരു നിമിത്തം പോലെയായിരുന്നു എന്ന്‌ മകന്‍ ഷാജൂ..

`മാറ്റിത്തമെല്ലാമകറ്റീടണേ' എന്ന കവിതയുടെ തുടക്കം ഇങ്ങിനെ:

തെറ്റുകളേറേ ഞാന്‍ ചെയ്‌തവനെങ്കിലും
കുറ്റങ്ങളെല്ലാം പൊറുത്തീടണേ
എന്റെ ഭഗവാനേ, ഞാനറിയാതേയുള്ള
കുറ്റങ്ങള്‍ക്കെല്ലാം മാപ്പേകീടണേ....


കുറ്റബോധത്തില്‍ നീറിനീറി

വേട്ടയാടുന്ന ഒരു കുറ്റബോധമുണ്ട്‌, പുതൂരിന്‌ - അച്ഛനോടുളള കടമ നിര്‍വ്വഹിച്ചില്ല എന്ന ചിന്ത. അതിന്റെ അലട്ടലില്‍ അദ്ദേഹം ഉരുകിത്തീര്‍ന്നിരിക്കണം, സത്യമായും ഉരുകിത്തീര്‍ന്നിരിക്കണം.
അച്ഛന്‍ സാമൂതിരിയുടെ വിശ്വസ്‌ത ദാസനായിരിക്കേ, ദേവസ്വത്തില്‍ പുതൂര്‍ അഴിച്ചുവിട്ട കലാപം മുതല്‍ മരണകാലത്തു അടുത്തുണ്ടായിരുന്നില്ലെന്നതു വരെ ആ മനസ്സ്‌ പൊള്ളിച്ചുകൊണ്ടിരുന്നു..
ഈ വേദനയെക്കുറിച്ച്‌ അദ്ദേഹം നീറുന്ന വാക്കുകളില്‍ തന്നെ കുറിച്ചിട്ടു-`
`അച്ഛന്റെ ഓര്‍മ്മയ്‌ക്ക്‌ ഈ താടി` എന്ന പേരില്‍.

`അച്ഛന്‌ ശ്വാസംമുട്ടുണ്ടായിരുന്നു. ഒരു ദിവസം പതിവില്ലാതെ എന്റെ കട്ടിലില്‍ വന്നു കിടന്നു. ഞാന്‍ കുറേ നേരം അടുത്തിരുന്നു. ഒട്ടും പതിവില്ലാത്തതുപോലെ എന്റെ മുഖത്തേയ്‌ക്കു കുറേ നേരം നോക്കി. എനിക്കു മനസ്സിലായില്ല, അതു മരണാസന്നനായ ഒരാളുടെ നോട്ടമാണെന്ന്‌..'.
അന്നും പതിവുപോലെ പുതൂര്‍ പുറത്തിറങ്ങാന്‍ തയ്യാറായപ്പോള്‍ അച്ഛന്‍ വിലക്കി. ഉള്ളംകൈ ചേര്‍ത്തുപിടിച്ച്‌ ഇന്ന്‌ പോകേണ്ടെന്ന്‌ പറഞ്ഞു.
അന്നും ധിക്കരിച്ചിറങ്ങി, ദൂരേയ്‌ക്കു പോകുന്നില്ലെന്ന വെറുംവാക്ക്‌ പറഞ്ഞ്‌..!.
അന്ന്‌ കൂട്ടുകാര്‍ക്കൊപ്പം പോയത്‌, എറണാകുളത്തേയ്‌ക്ക്‌. അവിടെ നിന്നും തിരുവനന്തപുരത്തേയ്‌ക്ക്‌..
തിങ്കളാഴ്‌ച ഇറങ്ങിപ്പോയ മകന്‍ തിരിച്ചുവരുന്നത്‌, ബുധനാഴ്‌ച.
അതിനിടെ ചൊവ്വാഴ്‌ച, അച്ഛന്‍ മകനെ കാണാതെ അന്ത്യശ്വാസം വലിച്ചു കഴിഞ്ഞിരുന്നു..
പുതൂരിന്റെ വാക്കുകള്‍: അച്ഛന്‍ മരിക്കുമ്പോള്‍, ഞാന്‍ തിരുവനന്തപുരത്ത്‌ മദ്യത്തില്‍ ആറാടുകയായിരുന്നു...!.
മരണവിവരം അറിയിക്കാനാവാതെ ബന്ധുക്കള്‍ കുഴങ്ങി. ഇരുപത്തിനാലു മണിക്കൂര്‍ കാത്തുവച്ച ശേഷം മൃതദേഹം സംസ്‌കരിച്ചു.
ബുധനാഴ്‌ച, രാത്രി പതിനൊന്നു മണിയോടെ തിരിച്ചെത്തുമ്പോള്‍, അച്ഛന്റെ പട്ടടയില്‍ അവസാന നാളങ്ങളും കെട്ടടങ്ങിയിരുന്നു..
അന്ന്‌ രാത്രിമുഴുവന്‍ ചിതയ്‌ക്കരികിലിരുന്നു പൊട്ടിക്കരഞ്ഞു.
ഈ കുഴപ്പങ്ങള്‍ക്കെല്ലാം കാരണമായത്‌ മദ്യമാണെന്ന തിരിച്ചറിവില്‍, അച്ഛന്റെ ചിതയ്‌ക്കരികില്‍ ഇരുന്ന്‌ പ്രതിജ്ഞയെടുത്തു: ഇനി മുതല്‍ മദ്യം തൊടില്ല..!.
ആ പ്രതിജ്ഞ പിന്നീട്‌ തെറ്റിച്ചില്ല. അച്ഛന്റെ ഓര്‍മ്മയ്‌ക്കായി താടിയും പിന്നീട്‌ വെട്ടുകയുണ്ടായില്ല. `ഈ താടി എന്റച്ഛന്റെ ഓര്‍മ്മയാണ്‌..'- പുതൂര്‍ എഴുതി.

`പിന്നെ...പറമ്പില്‍ കിടന്ന, അച്ഛന്റെ തേഞ്ഞുതീര്‍ന്ന ഒരുജോഡി ചെരിപ്പ്‌ എടുത്തുകൊണ്ടുവന്ന്‌ പൂജാമുറിയില്‍ വച്ചു. അതിപ്പോഴും ഇവിടെയുണ്ട്‌...'. തങ്കമണിയമ്മ പറഞ്ഞു നിര്‍ത്തിയ ആ മൗനനിമിഷത്തില്‍, മകന്‍ തേഞ്ഞുതീര്‍ന്ന, വള്ളിപൊട്ടിയ ആ ചെരിപ്പുമായി കടന്നുവന്നു...
കുറ്റബോധത്തിന്റെ, ആത്മനിന്ദയുടെ, പിതൃസ്‌നേഹത്തിന്റെ, മെതിയടി.!.

ദുഃഖമയം ജീവിതം

കോഴിക്കോട്‌ ആകാശവാണീ നിലയം. പുതൂര്‍ ഒരു കഥ വായിക്കുകയാണ്‌- നക്ഷത്രക്കുഞ്ഞ്‌ എന്ന സ്വന്തം ചെറുകഥ. ഉറൂബ്‌ ആണ്‌ റിക്കാര്‍ഡിംഗ്‌ ചെയ്യുന്നത്‌. കഥ വായിക്കുന്നതിനിടെ രണ്ടു തവണ പുതൂരിന്റെ കണ്‌ഠമിടറി. റിക്കാര്‍ഡിംഗ്‌ കഴിഞ്ഞ ശേഷം, ഉറൂബ്‌ ചോദിച്ചു: സ്വാനുഭവമാണോ..?
അതേ എന്നുത്തരം.

കാത്തുകാത്തിരുന്നൊരുണ്ണി പിറന്നു. പെണ്‍കുഞ്ഞ്‌. ആ കഥയാണ്‌ നക്ഷത്രക്കുഞ്ഞായത്‌..
തങ്കമണിയും കുഞ്ഞും അവരുടെ വീട്ടിലായിട്ട്‌ ഒമ്പതുമാസമായി. അവരെ കൊണ്ടുവന്നാക്കാത്തതില്‍ പ്രതിഷേധമുണ്ടായിരുന്നു. ചോറൂണ്‍ തിയതി പലകുറിമാറ്റി. ഭാര്യവീട്ടുകാര്‍ അവഗണിക്കുകയാണോ എന്ന തോന്നല്‍ കലശലായ ഘട്ടത്തില്‍ ടാക്‌സിയെടുത്ത്‌ അങ്ങോട്ടു ചെന്നു..
അവിടെ ചെല്ലുമ്പോള്‍ കുഞ്ഞിന്‌ പനി.
`പനിമാറിയിട്ട്‌ കുഞ്ഞുമോളെ കൊണ്ടുപോയാല്‍ മതിയെന്ന്‌ എന്റച്ഛന്‍ കാലുപിടിച്ചു പറഞ്ഞു. കൂട്ടാക്കിയില്ല..'
പിടിച്ചപിടിയാലെ അമ്മയേയും കുഞ്ഞിനേയും ഗുരുവായൂര്‍ക്ക്‌ കൂട്ടി.
വിഷുത്തലേന്നാണ്‌...
കുഞ്ഞിനു പനി കലശലായി. സ്ഥലത്തെ പ്രമുഖ ആയൂര്‍വേദ വൈദ്യനെ കൂട്ടിക്കൊണ്ടുവന്നു. അയാള്‍ തുളസി നീരില്‍ ഒരു മരുന്നു കൊടുത്തു. പനിയിറങ്ങിക്കോളുമെന്ന്‌ പറഞ്ഞു..
പുലര്‍ച്ചെ സുഹൃത്തുമൊത്ത്‌ തൃശൂരില്‍ പോയി രാത്രി തിരിച്ചെത്തുമ്പോള്‍, കുഞ്ഞിന്‌ കടുത്ത പനിയായിരിക്കുന്നു. തലയില്‍ ഐസ്‌ ബോക്‌സ്‌..
പുലര്‍ച്ചെ മൂന്നിന്‌ അവള്‍ കണ്ണടച്ചു, ആദ്യത്തെ കണ്‍മണി.
മനസ്സാക്ഷിയെ കീറിമുറിച്ച ആ സംഭവം ഒരു കഥയായി പിറന്നു. ഹൃദയം പിടയുന്ന കഥ..!.
`ഒരുപാട്‌ ദുഃഖം ഉള്ളിലൊതുക്കുന്ന ആളാണെന്നറിയാമായിരുന്നു. അതുകൊണ്ട്‌ ഞാന്‍ എന്റെ ദുഃഖങ്ങള്‍ പറഞ്ഞ്‌ ഒരിക്കലും അദ്ദേഹത്തെ അലട്ടിയില്ല..'
എന്നു തങ്കമണിയമ്മ.

സ്‌നേഹത്തിന്റെ ഒരുപൊതി ചോറ്‌

ഒരു യാത്രയുടെ കഥയുണ്ട്‌, മറക്കാനാവാത്ത ഒന്ന്‌- തങ്കമണിയമ്മയ്‌ക്ക്‌ ഓര്‍ക്കാന്‍, അതു സ്‌നേഹത്തിന്റെ പൊതിച്ചോറാണവര്‍ക്ക്‌...
`ഒരിക്കല്‍ യാത്രകൊണ്ടുപോയി, കുട്ടികളുമൊത്ത്‌. പഴനി, മധുര, രാമേശ്വരം, മൂകാംബി ഒക്കെ. നീണ്ടയാത്ര..'
മടങ്ങുമ്പോള്‍, രാത്രി കോഴിക്കോട്ടെത്തി. പോക്കറ്റില്‍ കാശു കുറവ്‌. ഗുരുവായൂര്‍ക്ക്‌ എത്തിപ്പെടാനുള്ള കാശുകഴിച്ചാല്‍ ഒട്ടും ഇല്ല.
മുറിയെടുക്കാന്‍ പോലും.
ബസ്‌്‌സ്‌റ്റാന്റിലെ ചാരുബഞ്ചില്‍, ഉറങ്ങുന്ന മകനെ മടിയില്‍ കിടത്തി ഞാനിരുന്നു..
അദ്ദേഹം പുറത്തുപോയി ഒരു പൊതി ചോറ്‌ വാങ്ങിവന്നു. അതിനേ കാശുതികയുമായിരുന്നുള്ളൂ.
അതില്‍ നിന്നും ഞങ്ങള്‍ ഉണ്ടു. നാലുപേരും...
ഒരു പക്ഷെ, സ്‌നേഹത്തില്‍ കുഴച്ച ആ ചോറായിരിക്കണം ജീവിതത്തില്‍ ഏറ്റവും രുചികരമായി തോന്നിയിരിക്കുക..!.
റൂമെടുക്കാന്‍ മാര്‍ഗ്ഗമില്ലാതെ രാത്രിമുഴുവന്‍ ഉറക്കമിളച്ച്‌ ബസ്‌്‌സ്‌റ്റാന്റില്‍ ഇരുന്നു കഴിച്ചുകൂട്ടിയ കാളരാത്രി..!.
കോഴിക്കോട്ട്‌ വേണ്ട സുഹൃത്തുക്കളുണ്ടായിരുന്നു. സാഹിത്യകാരന്‍മാരും..
ഒരാളെപോലും സഹായത്തിനായി വിളിച്ചില്ല..!. ആത്മാഭിമാനം സമ്മതിച്ചില്ല.

ആനപ്പകകൊണ്ട്‌ തീര്‍ത്ത വീട്‌

വീടുവയ്‌ക്കാന്‍ അമ്മയാണ്‌ തറവാട്ടുഭൂമി നല്‍കിയത്‌. പണമില്ല. അക്കാലത്ത്‌ `കുങ്കുമം' വാരികയില്‍ `ആനപ്പക' എഴുതാന്‍ സമ്മതിച്ച കാലം. പത്രാധിപര്‍, കൃഷ്‌ണസ്വാമി റെഡ്ഡ്യാര്‍ പതിനായിരം ഉറുപ്പിക അഡ്വാന്‍സ്‌ നല്‍കി-അന്നത്തെ പതിനായിരം. അതുകൊണ്ടാണ്‌ ഈ വീടു പണിതത്‌. പിന്നീട്‌ അറുന്നൂറു പേജുള്ള ഈ ബൃഹദ്‌ നോവല്‍ എന്‍ബിഎസ്‌ പുറത്തിറക്കി. ആദ്യ കോപ്പി പ്രകാശിപ്പിച്ചത്‌ ഗുരുവായൂരപ്പഭക്തനും രാഷ്‌ട്രീയ ഭീഷ്‌മാചാര്യനുമായ കെ. കരുണാകരന്‍!.
വീടു പണിതിട്ടും വന്നുപോക്കേ പതിവുണ്ടായിരുന്നുള്ളൂ. വരുമ്പോള്‍ കുട്ടികള്‍ക്കായി ബിസ്‌കറ്റ്‌ കൊണ്ടുവരും. എനിക്ക്‌ മൈസൂര്‍ സാന്‍ഡല്‍വുഡ്‌ സോപ്പും..!. തങ്കമണിയമ്മ നേര്‍ത്തു ചിരിച്ചു: `എന്നിട്ടു പതുക്കേ ചോദിക്കും: ഇഷ്ടായില്ലേ..?'
`ഇഷ്ടായീ' എന്നു ഞാന്‍ പറയും...
അച്ഛന്‍ വരുമ്പോള്‍ കൊണ്ടുവരാറുള്ള മൃഗരൂപങ്ങളുള്ള, ഇംഗ്ലീഷ്‌ അക്ഷരമാലാ രൂപത്തിലുളള ബിസ്‌കറ്റുകള്‍...
മക്കള്‍ ഷാജുവും ബിജുവും ഓര്‍ക്കുന്നു ഇപ്പോഴും. സ്‌കൂളില്‍ അധ്യാപകര്‍ക്കെല്ലാം വലിയ എഴുത്തുകാരന്റെ മക്കള്‍ എന്ന ആദരവുണ്ടായിരുന്നു. അവര്‍ ആവശ്യപ്പെടുന്ന അച്ഛന്റെ പുസ്‌തകങ്ങള്‍ തങ്ങള്‍ എത്തിച്ചുകൊടുക്കുന്നതിന്റെ കൃതജ്ഞത അവരുടെ പെരുമാറ്റത്തിലും..!.
ആരോഗ്യം തീരെ ശ്രദ്ധിക്കാത്ത പ്രകൃതം, സഹപ്രവര്‍ത്തകരിലും സുഹൃത്തുക്കളില്‍ പോലും ഉത്‌കണ്‌ഠ ഉണര്‍ത്തിയിരുന്നു. പുതൂരിനെ `സഹിക്കുന്ന' തങ്കമണിയമ്മയെ അവര്‍ മനസാനമിക്കുകയും ചെയ്‌തിരുന്നു..!.
`മധുരം കഴിക്കരുതെന്ന്‌ ഡോക്ടര്‍ പറഞ്ഞിട്ടുണ്ടെങ്കിലും കഴിക്കും. ഓരോരോ വഴികള്‍ അതിനു കണ്ടെത്തും. ഭഗവാന്റെ പ്രസാദം...ശിവരാത്രി..അങ്ങിനെ..!!'.
കഞ്ഞിയും ചമ്മന്തിയും പപ്പടവുമായിരുന്നു ഏറ്റവും പ്രിയം. വീട്ടിലുള്ളപ്പോഴും രാത്രി അതേ കഴിക്കൂ...

എഴുത്തിന്റേയും പൊതുജീവിതത്തിന്റേയും ലോകത്ത്‌ കറങ്ങിത്തിരിഞ്ഞിരുന്ന പുതൂരിന്റെ ജീവിതം ചിട്ടപ്പെടുത്തുന്നത്‌ സാക്ഷാല്‍ തകഴിയും കാത്തച്ചേച്ചിയും...!.
`രണ്ടു തവണ ഇവിടെ വന്നിട്ടുണ്ട്‌.. കാത്തച്ചേച്ചിയും തകഴിച്ചേട്ടനും'
വന്നവഴിയ്‌ക്കു, അടുക്കളയില്‍ വന്ന്‌ എല്ലാം നോക്കിക്കണ്ടു. ഊണുകഴിച്ചു പോകാന്‍ നേരം അദ്ദേഹത്തോടു പറഞ്ഞു: `എടാ..ഇങ്ങനൊന്നും പോരാ..ഇവിടെ എന്താ ആവശ്യം എന്നുവച്ചാല്‍ അതൊക്കെ ചോദിച്ചറിയണം. അടുക്കളയിലെ എല്ലാ പാത്രങ്ങളും നിറഞ്ഞിരിക്കണം...'.
തകഴിച്ചേട്ടന്‌ കുടുംബകാര്യങ്ങള്‍ നടത്തുന്നതില്‍ അത്രയും നിര്‍ബന്ധമായിരുന്നു. പിശുക്കിന്‌ പേരു കേട്ട ആളായിരുന്നെങ്കിലും...
പുതൂര്‍, കൂട്ടുകാരോടൊപ്പം തകഴിയില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നുകൂടിയ കഥകൂടിയുണ്ട്‌ ഇതോടൊപ്പം:
അന്ന്‌ തകഴിച്ചേട്ടന്റെ തെങ്ങുകളിലെ കരിക്കുകള്‍ തീര്‍ന്നു..
അതുവെട്ടി ചാരായത്തിലൊഴിച്ചു കഴിക്കുകയായിരുന്നു പുതൂരും സംഘവും..!.
അന്ന്‌ തകഴി തലയില്‍ കൈവച്ചു നിന്നുപോയി എന്നതാണ്‌ ഈ കഥയുടെ ക്ലൈമാക്‌സ്‌.

ഗുരുവായൂരെത്തുന്ന എല്ലാ സാഹിത്യകാരന്‍മാരും ഈ വീട്ടിലെത്തിയിട്ടുണ്ട്‌. ഒന്നുകില്‍ വിശന്നുപൊരിഞ്ഞിട്ട്‌..അല്ലെങ്കില്‍ താമസത്തിന്‌. കാറില്‍ വരുന്നവര്‍ക്കും നടന്നുവരുന്നവര്‍ക്കും ഒരുപോലെ സ്വാഗതമായിരുന്നു `ജാനകീമന്ദിര'ത്തില്‍.
ബഷീറിനെ ഏറെ ഇഷ്ടമായിരുന്നു. വലിയ അടുപ്പവും. പുതൂര്‍ മരിച്ച ശേഷം ബഷീറിന്റെ മകന്‍ ഇവിടെ വന്നിരുന്നു.
മഹാകവി പി.കുഞ്ഞിരാമന്‍ നായര്‍ ഇവിടെ വരും. `കറുമ്പുള്ള'യാളായാണ്‌ പുതൂര്‍, കുഞ്ഞിരാമന്‍ നായരെ പരിഗണിച്ചത്‌- എല്ലാ ദൗര്‍ബല്ല്യങ്ങളോടും കൂടിത്തന്നെ. കൂടെ നടന്നുപോകുമ്പോള്‍, കുഞ്ഞിരാമന്‍ നായര്‍ ഇടയ്‌ക്കു കൈവിടും...
പുതൂരിന്റെ അമര്‍ത്തിയൊരു മൂളല്‍- മദപ്പാട്‌ അടങ്ങുമെന്ന്‌ സാക്ഷ്യം..!.
സൗഹൃദങ്ങള്‍ക്കു മുന്നില്‍ പുതൂര്‍ അതീവമൃദുലനാണ്‌. പക്ഷെ, അന്തിമമായി അദ്ദേഹം ഒരാളിലേ വിശ്വസിച്ചുളളൂ- ഗുരുവായൂരപ്പനില്‍..!.
യൂസഫലി കേച്ചേരിക്ക്‌ കണ്ണിന്‌ ഒരു ഓപ്പറേഷന്‍ വേണ്ടിവന്ന സമയമാണ്‌ അതു കണ്ടത്‌. മദ്രാസിലായിരുന്നു ശസ്‌ത്രക്രിയ.
ഓപ്പറേഷന്‍ ദിവസം പുതൂര്‍ ഗുരുവായൂരപ്പന്‌ സ്വര്‍ണ്ണംകൊണ്ടുള്ള ഒരു കണ്ണ്‌ ആള്‍രൂപം എടുത്തുവച്ച്‌ പ്രാര്‍ത്ഥിച്ചു. എന്നിട്ട്‌ യൂസഫലിയെ വിളിച്ചു പറഞ്ഞു- താങ്കള്‍ക്ക്‌ കാഴ്‌ച കിട്ടും!.
സി.രാധാകൃഷ്‌ണനുമുണ്ട്‌ പറയാന്‍ പുതൂരിന്റെ സ്‌നേഹഗാഥ..
`രാധകൃഷ്‌ണന്റേയും അനിയത്തിയുടെയും (രണ്ടുപേരുടെ വിവാഹവും ഒരേദിവസമായിരുന്നു). വിവാഹം നടത്തിക്കൊടുത്തത്‌ അദ്ദേഹമാണ്‌. പിന്നീട്‌ അനിയത്തിയെ കാണുമ്പോഴെല്ലാം തിരക്കുമായിരുന്നു- ഒക്കെ വേണ്ടപോലെയല്ലേ?. അല്ലെങ്കില്‍ പറയണം, മാര്‍ഗ്ഗമുണ്ടാക്കാം..!'.
ശരിക്കും ഒരു തറവാട്ടുകാരണവര്‍..!.
പുതൂരിനെ കുറിച്ച്‌ ഒരിക്കല്‍ അഴീക്കോട്‌ പറഞ്ഞത്‌ കൂടി ഇവിടെ കൂട്ടിവായിക്കണം:
`അദ്ദേഹത്തിന്റെ മുഖം കറുത്ത താടിമീശകൊണ്ട്‌ മൂടിയിരിക്കുന്നു. അതുകൊണ്ട്‌ മാത്രമേ മൂടിയിട്ടുള്ളൂ. വേറേ മുഖംമൂടിയില്ല...'.
അടുപ്പമുള്ളവര്‍ക്ക്‌ പ്രിയങ്കരനായ ഉണ്ണിയുടെ അകക്കാമ്പിലെ നനവറിഞ്ഞവര്‍ പക്ഷെ, നന്നേ കുറവായിരുന്നു- സ്വന്തക്കാരും ബന്ധുക്കാരും പോലും. അതു അനുഭവിച്ചറിഞ്ഞത്‌ ഒരാള്‍- തങ്കു മാത്രം.
`രാത്രിയുറക്കത്തില്‍ കരയുന്ന സ്വഭാവം എനിക്കുണ്ട്‌. അദ്ദേഹം അടുത്തു കിടക്കുന്നുണ്ട്‌. എന്തേ? വയ്യേ? എന്നു ചോദിച്ച്‌ എന്റെ കൈതണ്ടയില്‍ ഉഴിഞ്ഞു കൊണ്ടിരിക്കും. എന്നിട്ട്‌ മക്കളെ വിളിക്കും- എടാ, അമ്മ കരയുന്നൂ.!.
`ആ കൈയ്യ്‌ പഞ്ഞിത്തുണ്ടുപോലെ മൃദുലമായിരുന്നു..'
അവര്‍, അതു പറഞ്ഞു മുഴുവനാക്കിയില്ല...
`ശരിക്കും പഞ്ഞിത്തുണ്ട്‌.....!.'
ഓര്‍മ്മകളില്‍ മുഴുകിയിട്ടെന്നപോലെ, തങ്കമണിയമ്മ കൈത്തണ്ടയില്‍ സ്വയം തഴുകിക്കൊണ്ടിരുന്നു. അവരിപ്പോള്‍ സ്‌നേഹത്തിന്റെ ആ മൃദുസ്‌പര്‍ശം അനുഭവിയ്‌ക്കുകയാവും..

-ബാലുമേനോന്‍ എം

ചിത്രം- സുദീപ് ഈയെസ് 























Sunday, March 1, 2015

അനുഭൂതിയുടെ ഗിരിശൃംഗത്തില്‍





എം.കെ.രാമചന്ദ്രന്റെ കൈലാസ യാത്രാനുഭവങ്ങള്‍..

സര്‍യൂം നിരപ്പില്‍ നിന്നാണ്‌ ആ ധവളശൃംഗത്തിന്റെ ആദ്യനോട്ടം കിട്ടിയത്‌. അതൊരു വിദൂരവീക്ഷണമായിരുന്നു.
പിന്നെ 23,000 അടി ഉയരത്തില്‍, ഡെറാഫൂക്ക്‌ ക്യാമ്പിലെത്തിയപ്പോള്‍,
മനസ്സിനെ വിഭ്രമത്തിലാഴ്‌ത്തി കൈലാസപര്‍വ്വതം തൊട്ടുമുന്നില്‍ നിറഞ്ഞു.
നാളിത്രയും പറഞ്ഞു മാത്രം കേട്ട മഹാകൈലാസം..!
അതൊരു സംഭ്രമിയ്‌ക്കുന്ന കാഴ്‌ചയായിരുന്നു..
ഭൂമിയ്‌ക്കുള്ളില്‍ നിന്നും പെട്ടെന്നുയര്‍ന്നുവന്നതുപോലെ..
ശരിയ്‌ക്കും കണ്‍മുന്നില്‍ നിറഞ്ഞു എന്നതു തന്നെയാണ്‌ ശരി..
ആകാശത്തോളം..ഒരു പക്ഷെ, അതിനേക്കാള്‍ കവിഞ്ഞ്‌...!
മഞ്ഞുമൂടിയ ഗിരിശൃംഗം തൊട്ടരുകില്‍..! ചുറ്റും താമരപോലെ വിടര്‍ന്നു നില്‍ക്കുന്ന ശിഖരങ്ങള്‍ക്കു നടുവില്‍നിന്നും അത്‌ ആകാശവും കടന്ന്‌ തലയുയര്‍ത്തി നിന്നു.
നോക്കിനോക്കി നില്‍ക്കെ, പെട്ടെന്ന്‌ അതിനെ മൂടല്‍മഞ്ഞ്‌ തിരശീലയിട്ടു മറച്ചു കളഞ്ഞു.
ഭ്രമാത്മകത വിട്ടുമാറും മുമ്പെ, മൂടല്‍മഞ്ഞും മാഞ്ഞുവല്ലോ..!
അപ്പോള്‍ തെളിഞ്ഞത്‌ കറുകറുത്ത കല്ലില്‍ തീര്‍ത്ത വിശിഷ്ടശില്‍പ്പസൗന്ദര്യം പോലെ കൈലാസത്തിന്റെ മറ്റൊരു ഭാവം...ശിവലിംഗം തന്നെ...!
ശ്വാസംമുട്ടിക്കുന്ന ഒരു കാഴ്‌ച..
അപ്പോള്‍ കണ്ടു, അതില്‍ നിറയേ നീരൊഴുക്കുകളാല്‍ അഭിഷേകം..!!
രാമചന്ദ്രന്റെ തന്നെ വാക്കുകളില്‍- `ആരോ കോരിയൊഴിക്കുന്നതു പോലെ..!'
പതഞ്ഞൊഴുകുന്ന നീര്‍ച്ചാലുകളുടെ ശീതലുകള്‍, സൂചിക്കുത്തുപോലെ മുഖത്തടിച്ചു.
അഭൗമസൗന്ദര്യ ദര്‍ശനത്തില്‍ കണ്ണുകള്‍ താനേ അടഞ്ഞുപോയി...അറിയാതെ കൈകള്‍ കൂപ്പി...!!
ആഹാ.....!!
വാക്കുകള്‍ക്കതീതമായ അനുഭൂതി...
പ്രകൃതിമാതാവിന്റെ കേളീരംഗമായ ശിഖരം, നോക്കിനില്‍ക്കേ തന്നെ രൂപംമാറുന്നു; ഭാവം മാറുന്നു..

കേ ലാസ, വിദ്യതേ യസ്യ സ കേലാസ...!!
(സുഖസ്വരൂപമായ ഉല്ലാസം എവിടെ ലഭിയ്‌ക്കുന്നുവോ അവിടമാണ്‌ കൈലാസം).
കാളിദാസ കൃതികളില്‍ മാത്രം വായിച്ചറിഞ്ഞ, ഭാരതീയ സംസ്‌കൃതിയുടെ ഉത്ഭവസ്ഥാനമെന്ന്‌ കേട്ടറിഞ്ഞ കൈലാസം.. സാക്ഷാല്‍ മഹേശ്വരന്റെ വാസസ്ഥാനം...!
ഒരു നിമിഷം, രാമചന്ദ്രന്‍ എന്ന യാത്രികന്‍ മൗനത്തിലാണ്ടു. ഞങ്ങള്‍ക്കിടയില്‍ പൂര്‍ണചൈതന്യത്തോടെ മഹാകൈലാസം നിറഞ്ഞുനിന്നു..!
പിന്നെ പതുക്കെപ്പറഞ്ഞു: അന്നു രാത്രി ഈ ക്യാമ്പിലിരുന്നു കണ്ട കാഴ്‌ചയ്‌ക്ക്‌ അപ്പുറവും ഇപ്പുറവും ഒന്നുമില്ല, ഭൂമിയില്‍..
പൗര്‍ണമാസിയായിരുന്നു.
ഉദിച്ചുയര്‍ന്ന ചന്ദ്രബിംബത്തിന്റെ തിളക്കത്തില്‍, കൈലാസപര്‍വ്വതം..
അതൊരു കാഴ്‌ചയായിരുന്നു.
രാത്രി പന്ത്രണ്ടര മുതല്‍ ഒന്നരമണിവരെ കണ്ണിമയ്‌ക്കാതെ നോക്കിനിന്ന അത്ഭുതക്കാഴ്‌ച..
അതു ദീപക്കാഴ്‌ചയായിരുന്നു. പൂനിലാവില്‍ വെട്ടിത്തിളങ്ങുന്ന കൈലാസം. അതില്‍ ദീപാവലി തെളിയിച്ചതുപോലെ, പൂത്തിരികത്തിച്ചതുപ്പോലെ മിന്നലൊളികള്‍...
നിശാകാശത്ത്‌ പൂര്‍ണശോഭയില്‍ തിളങ്ങുന്ന ചന്ദ്രബിംബവും അസാധാരണമായി പ്രശോഭിക്കുന്ന താരകക്കൂട്ടങ്ങളും..
`സുഖസ്വരൂപമായ ഉല്ലാസം എവിടെ ലഭിയ്‌ക്കുന്നുവോ അവിടമാണ്‌ കൈലാസം'
അതെ, അത്‌ ഇതു തന്നെ..!!

ഒരു പരിചയപ്പെടുത്തല്‍


എം.കെ. രാമചന്ദ്രനോപ്പം 


മികച്ച യാത്രാവിവരണ ഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ ലഭിച്ച എം.കെ. രാമചന്ദ്രനെ എല്ലാവര്‍ക്കും അറിയാം. തന്റെ ഹിമാലയ സഞ്ചാരത്തിന്റെ അഞ്ചാം പുസ്‌തകരചനയിലാണ്‌ ഇന്നദ്ദേഹം.
പതിനാറു വര്‍ഷം. അതിനുള്ളില്‍ ഹിമാലയത്തിലെ വ്യത്യസ്ഥങ്ങളായ 86 പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക..!. അഞ്ചുകൈലാസങ്ങള്‍ കാല്‍നടയായി പ്രദക്ഷിണം ചെയ്യുക..!.
രാമചന്ദ്രനെ അടുത്തറിയുന്നവര്‍ക്കുപോലും അറിയാത്ത കാര്യങ്ങളാണിത്‌.
അഞ്ചു കൈലാസമോ?.
അതെ. അഞ്ചുകൈലാസങ്ങളുണ്ട്‌..
മാനസസരസ്സുള്‍പ്പെടുന്ന ഈ കൈലാസം ഇന്ന്‌ ചൈനയുടെ ഭാഗമാണ്‌. മറ്റുനാലു കൈലാസങ്ങള്‍ ഇന്ത്യയിലുളളവയാണ്‌.
ആദികൈലാസം, കിന്നര്‍ കൈലാസം, മണിമഹേഷ്‌ കൈലാസം, ശ്രീകണ്‌ഠ്‌ മഹാദേവ്‌ കൈലാസം എന്നിവ ഹിമാചലിലേത്‌.
ഇവയ്‌ക്ക്‌ ഐതിഹ്യപരമായി ഒരു ക്രമമുണ്ട്‌.
ആദികൈലാസത്തിലാണ്‌ ദേവി, സതിയായി കഴിഞ്ഞത്‌. സതി ദേഹത്യാഗം ചെയ്‌ത്‌ പാര്‍വ്വതിയായി പുനര്‍ജനിച്ച സ്ഥലമാണ്‌ നാം ഇന്നറിയുന്ന കൈലാസം. പിന്നെ ഭഗവാന്‍ ശിവന്‍, കിന്നരന്‍മാര്‍ക്ക്‌ ദര്‍ശനം നല്‍കിയതാണ്‌ കിന്നര്‍ കൈലാസ്‌. മഹാഭാരത യുദ്ധശേഷം മരിച്ചുപോയവര്‍ക്കായി കര്‍മ്മങ്ങള്‍ ചെയ്യാന്‍ ശിവനും പാണ്ഡവരും പോയിരുന്ന സ്ഥലമാണ്‌ മണിമഹേഷ്‌ കൈലാസം. പാലാഴി മഥനകാലത്ത്‌ വാസുകി തുപ്പിയ വിഷം, ഭൂമിയില്‍ പതിക്കാതെ കൈക്കുമ്പിളിലാക്കി സ്വയം കഴിച്ച ശേഷം ഭഗവാന്‍ ശിവന്‍ ചെന്നിരുന്ന സ്ഥലമത്രെ, ശ്രീകണ്‌ഠ്‌ മഹദേവ കൈലാസം..!.
ഇവയെയെല്ലാം കാല്‍നടയായി പ്രദക്ഷിണം ചെയ്യുക എന്ന മനുഷ്യസാധ്യമല്ലാത്ത കാര്യം നിര്‍വ്വഹിച്ചതിന്റെ ഭാവമാറ്റം പോലുമില്ലാതെ അദ്ദേഹം ഓഫീസ്‌ റൂമിലിരുന്നു അനുഭവങ്ങള്‍ പകര്‍ന്നു..
ഓരോ വര്‍ഷവും ആറും ഏഴും തവണയാണ്‌ ഹിമാലയസാനുക്കളിലേയ്‌ക്കുള്ള അദ്ദേഹത്തിന്റെ യാത്രകള്‍.
മറ്റൊരുയാത്ര കൂടി കഴിഞ്ഞെത്തിയതിന്റെ അഞ്ചാംനാളാണ്‌ ഞങ്ങള്‍ കാണുന്നത്‌.

തുടക്കം

പതിനാറു വര്‍ഷം ഗള്‍ഫിലെ ജോലി. അവിടെ ബ്രിട്ടീഷ്‌ ലൈബ്രറിയില്‍ വച്ച്‌ പരിചയപ്പെട്ട ഒരു ഇംഗ്ലീഷ്‌ ഉദ്യോഗസ്ഥന്‍, ഇന്ത്യയെക്കുറിച്ചു ചോദിച്ച ചോദ്യങ്ങള്‍ക്കു മുന്നില്‍ കുന്തം വിഴുങ്ങിയത്‌ പോലെ നിന്നു. അയാള്‍ കണക്കിനു പരിഹസിക്കുകയും ചെയ്‌തു. ഇത്രയും മഹത്തായ സംസ്‌കൃതിയില്‍ നിന്നു വരുന്ന നിങ്ങള്‍ക്ക്‌ ഒന്നും അറിയില്ല..? ഷെയിം ഓണ്‍ യു...!
ആ വര്‍ഷം നാട്ടിലെത്തിയപ്പോള്‍ `ഭഗവദ്‌ ഗീത' വാങ്ങി. പതുക്കെ ഭാരതീയ സംസ്‌കൃതിയെ അറിഞ്ഞു.
പിന്നീട്‌, അച്ഛന്റെ സഞ്ചയനകര്‍മ്മങ്ങള്‍ക്ക്‌ കാശിയിലെത്തിയപ്പോള്‍ ഒരു ടൂറിസ്‌റ്റ്‌ ഓഫീസിലെ ബോര്‍ഡില്‍, കൈലാസയാത്ര എന്നെഴുതിക്കണ്ടു..
അതായിരുന്നു വഴിത്തിരിവ്‌...
എല്ലാ ടിക്കറ്റും തീര്‍ന്നിട്ടും, അവസാന നിമിഷം വന്ന ഒരു ക്യാന്‍സലേഷന്‍. ആ ടിക്കറ്റില്‍ ആദ്യയാത്ര- ഒരു നിയോഗം പോലെ. 1997ല്‍ ആയിരുന്നു ഇത്‌.
അവസാനിക്കാത്ത ഹിമാലയയാത്രകളുടെ തുടക്കം..

സാധാരണ ഒരു യാത്രാവിവരണമല്ല ഉദ്ദേശിക്കുന്നത്‌ എന്ന്‌ തുറന്നു പറഞ്ഞപ്പോള്‍, അദ്ദേഹം മൃദുവായി ചിരിച്ചു. പിന്നെ പറഞ്ഞു:

`8,848 മീറ്റര്‍ ഉയരത്തില്‍, 1,089,133 കിലോമീറ്റര്‍ സ്‌ക്വയര്‍ പരന്നു കിടക്കുന്ന ഹിമഭൂഖണ്ഡമാണ്‌ ഹിമാലയം..ഇനിയും മനുഷ്യന്‍ കടന്നു ചെന്നിട്ടില്ലാത്ത നിരവധി പ്രദേശങ്ങള്‍ ഇവിടെയുണ്ട്‌...ഭൗതികമനസ്സിനു പിടികിട്ടാത്ത ഒട്ടനവധി വിസ്‌മയങ്ങള്‍ ഈ ഭൂമി ഗര്‍ഭത്തില്‍ പേറുന്നു... റിയലി മിസ്‌റ്റീരിയസ്‌..!!''.

അതെ, അതാണ്‌ ആ വാക്ക്‌- വിശദീകരിക്കാനാവാത്തത്‌...!

ജീവന്‍ അപകടത്തിലാവാം

ഇതു പറയുന്നത്‌, ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനാണ്‌- ഒരു മുന്നറിയിപ്പായി. തിരിച്ചുവരും എന്ന്‌ ഒരുറപ്പുമില്ലാത്ത യാത്ര. അതിനു തയ്യാറെന്ന്‌ രേഖകളില്‍ ഒപ്പുവച്ചാല്‍ മാത്രം യാത്രാനുമതി. യാത്രയിലുടനീളം ഇതു ശരിവയ്‌ക്കുന്നതായിരുന്നു അനുഭവങ്ങള്‍.
മലമടക്കുകളില്‍ ആഞ്ഞുവീശുന്ന ഹിമക്കാറ്റ്‌...ഭൂമിയെ വിറപ്പിക്കുന്ന ഇടിവെട്ടോടെയുള്ള പേമാരി...അതോടൊന്നിച്ചുള്ള മലയിടിച്ചില്‍.
മരണം പതിയിരിക്കുന്ന മലമ്പാതകളില്‍, കാലൊന്നിടറിയാല്‍ എന്നേയ്‌ക്കുമായി...
ഇവിടെയെല്ലാം തുണയായത്‌ അപരിമേയമായ ആ ശക്തിവിശേഷത്തിലുള്ള അടിയുറച്ചവിശ്വാസം ഒന്നു മാത്രം- അദ്ദേഹം തുറന്നു പറഞ്ഞു.

മരണമുഖത്ത്‌ നിന്നും കാത്ത ആ ശക്തി

കൈലാസ പ്രദക്ഷിണത്തിന്റെ അവസാനഘട്ടം എന്നുപറയാം. ഡോള്‍മ ചുരം കടക്കുകയാണ്‌. ഏറ്റവും അപകടം പിടിച്ച ഭാഗമാണ്‌. രാത്രിയില്‍ ദിശാ നിര്‍ണയം പോലും അസാധ്യം.
`ദര്‍ച്ചന്‍ കടന്നശേഷം മഴയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. ഏഴുമണിയോടടുത്ത്‌ മഞ്ഞുകടന്ന്‌ തുറന്ന മൈതാനത്തിലെത്തി. മൈതാനത്തില്‍ ഇരുന്ന്‌ വിശ്രമിക്കുമ്പോള്‍ എന്റെ ദേഹത്ത്‌ മഴത്തുള്ളികള്‍ വീണു....'
കൈലാസയാത്രയിലെ മറക്കാനാവാത്ത അനുഭവങ്ങളിലൊന്നായീ ആ മഴ.
ഉരുണ്ടുകൂടിയ കാര്‍മേഘങ്ങള്‍ക്കു പിന്നാലേ, കാറ്റും ചൂളംവിളിച്ചെത്തി. ഹിമക്കഷ്‌ണങ്ങള്‍ എമ്പാടും പാറി നടന്നു. തുടര്‍ന്നെത്തിയത്‌ കണ്ണഞ്ചിയ്‌ക്കുന്ന ഇടിമിന്നലാണ്‌..തൊട്ടുപിന്നില്‍ ദിഗന്തങ്ങള്‍ ഭേദിക്കുന്ന ഇടിമുഴക്കം..!
അതു മലമടക്കുകളില്‍ പതിനായിരമായി പ്രതിധ്വനിച്ചു...ഹൃദയം നിലച്ചുപോകുന്ന മുഴക്കം...! കനത്ത മഴ...!!.
മൂന്നടുക്ക്‌ സോക്‌സിനു മുകളില്‍ ഷൂസ്‌ മുറുക്കിക്കെട്ടി. അതിനുമുകളില്‍ പ്ലാസ്‌റ്റിക്‌ കവറും വരിഞ്ഞുകെട്ടി...
മിന്നലിനൊപ്പം നടുക്കുന്ന സീല്‍ക്കാരങ്ങള്‍...ഹിമശൈലങ്ങളില്‍ അഗ്നിഗോളങ്ങള്‍ പറന്നു..!
`ഇടതടവില്ലാത്ത മഴയില്‍ മൃത്യുഞ്‌ജയ മന്ത്രം ഉരുവിട്ടു നടന്നു..'
താഴ്‌ന്ന ഹിമഗര്‍ത്തിലേയ്‌ക്ക്‌ എപ്പോള്‍ വേണമെങ്കിലും വീണു തീരാം...
ഷൂസിനുള്ളില്‍ മുഴുവനായി വെളളം നിറഞ്ഞു. കൊടുംതണുപ്പില്‍ നടപ്പ്‌ വീണ്ടും പതുക്കെയായി.
സഹയാത്രികരെല്ലാം എവിടെയോ യാത്ര ഉപേക്ഷിച്ചിരുന്നു.
ധൈര്യം സംഭരിച്ച്‌ ചൂളംകുത്തുന്ന ഹിമക്കാറ്റിനെ അതിജീവിച്ച്‌ നടന്നു. ഒടുവില്‍, ചുരം തിരിഞ്ഞപ്പോള്‍ അകലെ, ഒരു വെളിച്ചം ദൃശ്യമായി..
സോംങ്‌ സെര്‍ബു ക്യാമ്പ്‌....!
മരവിച്ച കാലുകള്‍ വലിച്ചിഴച്ച്‌ കുന്നിറങ്ങി വെളിച്ചം ലക്ഷ്യംവച്ച്‌ നടന്നു.
അര്‍ദ്ധബോധാവസ്ഥയില്‍, ഒരു കിലോമീറ്റര്‍ നടന്ന്‌ കുന്നിന്‍ മുകളിലെ ക്യാമ്പിലെത്തി. അതിനുമുമ്പില്‍, എണ്ണവിളക്കിന്റെ വെളിച്ചത്തില്‍ ഒരു ഗ്രാമീണ വൃദ്ധന്‍ മൂടിപ്പുതച്ചിരുന്നിരുന്നു..
`ക്യാമ്പിന്റെ ചെറിയ വരാന്തയിലേയ്‌ക്ക്‌ കുഴഞ്ഞു വീഴുകയായിരുന്നു ഞാന്‍'- എന്ന്‌ രാമചന്ദ്രന്‍.
മറഞ്ഞുപോകുന്ന ബോധത്തില്‍, അസാമാന്യ കരുത്തുള്ള കരങ്ങളില്‍ വൃദ്ധന്‍ തന്നെ ഉയര്‍ത്തിയെടുക്കുന്നതറിഞ്ഞു. അയാള്‍ ക്യാമ്പിനുളളില്‍ കൊണ്ടുകിടത്തി. കമ്പിളിപുതപ്പിച്ചതറിഞ്ഞു..കുറേ നേരം കാലുകള്‍ തിരുമ്മിച്ചൂടാക്കി.
പാതി മയങ്ങിയ കണ്ണുകളിലൂടെ അയാളെ കാണാം. അയാളുടെ കണ്ണുകള്‍ അസാധാരണമായി ജ്വലിച്ചിരുന്നു..
ആശ്വാസം ലഭിച്ചു തുടങ്ങിയപ്പോള്‍, അയാള്‍ പതുക്കെ വിളക്കുമെടുത്ത്‌ പുറത്തേയ്‌ക്കു പോയി. ഒഴുകി നീങ്ങുകയാണെന്നാണ്‌ തോന്നിയത്‌..
തളര്‍ച്ചകൊണ്ട്‌ പെട്ടെന്നുറങ്ങി.
പിറ്റേന്നു രാവിലെ ഉണരുമ്പോള്‍, ക്യാമ്പിന്റെ ചുമതലക്കാരായ ടിബറ്റന്‍ ദമ്പതികള്‍ ചൂടുള്ള കട്ടന്‍ ചായ തന്നു.
തലേന്നു കണ്ട വൃദ്ധനെവിടെ എന്ന ചോദ്യത്തിന്‌ അവര്‍ കൈമലര്‍ത്തിയപ്പോള്‍ ഞെട്ടിപ്പോയി..!
ഈ ക്യാമ്പില്‍ തങ്ങള്‍ മാത്രമേയുള്ളൂവെന്നും ഒഴിഞ്ഞ മറ്റുമുറികള്‍ ചൂണ്ടിക്കാട്ടി മറ്റാരുമില്ലെന്നും വിശദീകരിച്ചു.
കുടിക്കുന്ന കട്ടന്‍ചായയേക്കാള്‍ ശരീരം ചൂടുപിടിച്ചു എന്ന്‌ രാമചന്ദ്രന്‍.
ആരായിരുന്നു അയാള്‍..?. ആരുമറിയാതെ വരികയും തന്നെ രക്ഷപ്പെടുത്തുകയും ചെയ്‌തയാള്‍..?
ഉത്തരമില്ല.

തലകുനിയ്‌ക്കാതെ കൈലാസം

ലോകത്തിലെ സര്‍വ്വകൊടുമുടികള്‍ക്കു മുകളിലും മനുഷ്യന്‍ വിജയക്കൊടിനാട്ടിയപ്പോഴും കൈലാസം ഇന്നുവരെയും തലകുനിക്കാതെ നില്‍ക്കുന്നു..
എന്തായിരിക്കാം..? വിശ്വാസം..?
`വിശ്വാസം അല്ല. മുമ്പൊക്കെ- ബ്രിട്ടീഷ്‌ കാലത്ത്‌- ശ്രമം നടന്നിട്ടുണ്ട്‌. വിജയിച്ചില്ല. അടുത്ത കാലത്ത്‌ നടന്ന പഠനങ്ങള്‍, ഈ ശൃംഗത്തില്‍ വായുഇല്ല എന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. കെറി മൊറാന്‍ എന്ന ഇംഗ്ലീഷുകാരന്റെ ഗ്രന്ഥത്തില്‍ ഇതു വ്യക്തമായി പറയുന്നുണ്ട്‌- പ്രാണവായു സ്‌തംഭിച്ചു നില്‍ക്കുന്ന അവസ്ഥ. റൊമോളാ ഗുഡാലിയയുടെ പുസ്‌തകത്തിലും ഈ വായുസ്‌തംഭനം എടുത്തു പറയുന്നുണ്ട്‌..പക്ഷെ, ഇതിന്റെ കാരണം ആര്‍ക്കുമറിഞ്ഞുകൂടാ...'
ഇത്‌ ഞാനനുഭവിച്ചതാണ്‌- രാമചന്ദ്രന്‍ തുടര്‍ന്നു:
ഡെറാഫൂക്ക്‌ ക്യാമ്പില്‍ ജാംബിയാങ്‌ കൊടുമുടിയില്‍ കയറി, കൈലാസശൃംഗത്തെ 75 അടി സമീപത്തുനിന്നാണ്‌ ഞാന്‍ ദര്‍ശിച്ചത്‌. ഒരല്‍പ്പം കൂടി അടുത്തുകാണാനുളള മോഹത്തില്‍ ചുവടുവച്ച എനിക്ക്‌ ശ്വാസംമുട്ടി. ഒരടിപോലും മുന്നോട്ടു നീങ്ങാനായില്ല...
ബുദ്ധമതക്കാര്‍ക്കും പരമപവിത്രമാണ്‌ കൈലാസ ശിഖരം. അവിടെ കാല്‍കുത്തുന്നത്‌ പാപമെന്ന്‌ അവരും വിശ്വസിക്കുന്നു.
കൈലാത്തില്‍ കാലുകുത്തി എന്നു പറയുന്നത്‌ ഒരേ ഒരാളെ കുറിച്ചാണ്‌. ബുദ്ധിസ്‌റ്റ്‌ യോഗിയായിരുന്ന മിലരേപ. അസാമാന്യ സിദ്ധിയുള്ള ഒരു യോഗിയായിരുന്ന അദ്ദേഹം ജാംബിയാങ്‌ കൊടുമുടിയില്‍ കയറി ഒരു ദിവസം കൈലാസത്തിന്റെ നെറുകയിലേയ്‌ക്കു പറന്നു..!. അതോടെ അദ്ദേഹം അപ്രത്യക്ഷനുമായി..!. ഇതു തിബറ്റുകാര്‍ ഇപ്പോഴും പറയുന്ന കഥയാണ്‌.

മിത്തുകള്‍ യാഥാര്‍ത്ഥ്യം?

കൈലാസപര്‍വ്വതം തെളിഞ്ഞ കാഴ്‌ചയാകുമ്പോള്‍, അതില്‍ കാണുന്ന അസാധാരണമായ ചില ചിഹ്നങ്ങള്‍ അമ്പരപ്പിക്കുന്നു. നാം കേട്ടും വായിച്ചും വളര്‍ന്ന പുരേണേതിഹാസങ്ങളില്‍ കണ്ടവ.
ശിഖരത്തില്‍ ആരോ വെട്ടിയെടുത്ത പോലുള്ള ചവിട്ടുപടികള്‍. മഞ്ഞുമൂടാത്ത മധ്യഭാഗത്ത്‌ വാതിലുകള്‍ പോലെ കമാനാകൃതിയിലുള്ള അടയാളങ്ങള്‍. അതിനടുത്ത്‌ മനുഷ്യസൃഷ്ടമല്ലാത്ത ചില കൊത്തുവേലകളും...!!
മധ്യഭാഗത്തായി കണ്ട വരമ്പുപോലുള്ള ഒരു അടയാളം അമ്പരപ്പുണ്ടാക്കി.
`വലിയൊരു വരമ്പ്‌ അത്‌ പര്‍വ്വതത്തെ ചുറ്റിക്കെട്ടിയതുപോലെ തോന്നിയ്‌ക്കും. പുരാണകഥയില്‍, രാവണന്‍ പണ്ടൊരിക്കല്‍ കൈലാസത്തെ കയര്‍കൊണ്ട്‌ കെട്ടിവലിച്ച്‌ ലങ്കയിലേയ്‌ക്ക്‌ കൊണ്ടുപോകാന്‍ ശ്രമിച്ചതായി പറയുന്ന കഥ ഓര്‍മ്മിച്ചു പോയി. വരമ്പില്‍ കയര്‍ പതിഞ്ഞതുപോലുള്ള പാടുകളും വ്യക്തമാണ്‌...'
അദ്ദേഹം ചിരിച്ചു. പര്‍വ്വത മധ്യത്തില്‍ തെളിഞ്ഞുകണ്ട ഒമ്പതുചന്ദ്രക്കലകള്‍ ക്ഷേത്രങ്ങളില്‍ ചാര്‍ത്തുന്ന ചന്ദ്രക്കലകള്‍ പോലെ ശോഭിച്ചുവെന്നും അദ്ദേഹം ഓര്‍ത്തു.
താഴോട്ടുപോകും തോറും ഘനഗംഭീരമായ രൂപമാണ്‌ പര്‍വ്വതത്തിന്‌. അത്‌ ഭൂമിയിലേയ്‌ക്ക്‌ ആണ്ടുപോയതുപോലെ തോന്നും..

മനസ്സിന്റെ സരസ്സ്‌

120 കിലോമീറ്റര്‍ ചുറ്റളവില്‍ നീലത്തടാകം. പുരാണേതിഹാസങ്ങളില്‍ വായിച്ചറിഞ്ഞ, കവികള്‍ വാഴ്‌ത്തിപ്പാടിയ മാനസസരസ്സ്‌...രാജഹംസങ്ങള്‍ തുഴഞ്ഞു നീങ്ങുന്ന താമരകള്‍ തലയാട്ടി നില്‍ക്കുന്ന തടാകം.
അപ്‌സരസ്സുകള്‍ നഗ്നരായി നീന്തിത്തുടിക്കുന്നത്‌ വ്യാസനും മകന്‍ ശുകനും കണ്ടതായി പുരാണവര്‍ണനയുണ്ട്‌. ലജ്ജാവിവശകളായ അവര്‍ അവര്‍ വസ്‌ത്രങ്ങള്‍ വാരിയുടുത്തുവെന്നും.
മൂന്നുദിവസമെടുത്താണ്‌ ഞങ്ങള്‍ ഈ സരസ്സ്‌ നടന്നു പ്രദക്ഷിണം ചെയ്‌തത്‌.
ബ്രഹ്മാവിന്റെ മനസ്സില്‍ നിന്നു പിറന്നുവെന്ന്‌ പറയപ്പെടുന്ന സരസ്സിനെ സംബന്ധിച്ചും വിശദീകരിക്കാനാവാത്ത സംഭവങ്ങള്‍ അനവധിയുണ്ട്‌.
തടാകക്കരയിലെ കുന്നിന്‍മുകളിലുള്ള ബുദ്ധമഠത്തിലെ ജനലുകള്‍ പൗര്‍ണമിനാളുകളില്‍ അടച്ചു ഭദ്രമാക്കുന്നു..
അപ്‌സരസ്സുകള്‍ എത്തും എന്നതു തന്നെ. തീര്‍ന്നില്ല. യാദൃച്ഛികമായി തടാകതീരത്ത്‌ തമ്പടിക്കുന്ന കാലപ്പിള്ളേര്‍ രാത്രി തടാകത്തില്‍ നിന്നും മണിനാദം പോലുള്ള പൊട്ടിച്ചിരികളും ആര്‍പ്പുവിളികളും സംഭാഷണ ശകലങ്ങളും ഒഴുകിവരുന്നത്‌ കേട്ട്‌ മോഹാലസ്യപ്പെട്ടു കിടക്കാറുണ്ടത്രേ..ഈ സമയം കാവല്‍ നായ്‌ക്കളും യാക്കുകളും വളരെ അസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ചെയ്യും...
പാര്‍വ്വതിയും സുബ്രഹ്മണ്യനും നീരാടിയ കടവും ഇവിടെ കാണാം.

അനുഭവങ്ങള്‍.. അനുഭവങ്ങള്‍മാത്രം

ഹിമാലയയാത്രകള്‍ വിശദീകരിക്കാനാവാത്ത അനുഭവങ്ങളുടേതും അനുഭൂതികളുടേതുമാണ്‌.
അസാധാരണരായ യോഗിവര്യന്‍മാരുമായുള്ള സമാഗമം. കാലം തൊടാത്ത അവരുടെ ലോകം..ജീവിതം. ഒന്നിനും വിശദീകരണമില്ല.
അദ്ദേഹം എഴുതിക്കൊണ്ടേയിരിക്കുകയാണ്‌...പറഞ്ഞിട്ടും തീരാതെ.
മുറിയില്‍ നിന്നിറങ്ങുമ്പോള്‍, ആ പാദങ്ങളില്‍ പ്രണമിച്ചു. കൈലാസപ്രദക്ഷിണം ചെയ്‌തയാളുടെ പാദം വന്ദിക്കണമെന്നുണ്ട്‌..
വീണ്ടും തൃശൂരിന്റെനഗരത്തിരക്കിലേയേ്‌ക്ക്‌ കടന്നു. വടക്കുന്നാഥ ക്ഷേത്രത്തിനു മുകളില്‍ സ്‌ഫടികസ്വച്ഛമായ നീലാകാശത്ത്‌ പഞ്ഞിത്തുണ്ടുകള്‍ പോലെ വെളുത്ത മേഘക്കീറുകള്‍..
സ്‌കൂള്‍ കാലത്ത്‌ പഠിച്ച ഒരു കാളിദാസ ശ്ലോകം മനസ്സിലോടിയെത്തി:

അത്യുത്തരസ്യാം ദിശി ദേവതാത്മാ
ഹിമാലയോ നാമ നഗാധിരാജഃ
പൂര്‍വ്വപരൗ തോയനിധിം വഗാഹ്യ
സ്ഥിതഃ പൃഥിവ്യാ ഇവ മാനദണ്ഡഃ


-ബാലുമേനോന്‍ എം.

ചരിത്രത്തിന്റെ ഇടനാഴിയില്‍....





പടുകൂറ്റനൊരു പത്തേമാരി മുചിരിപട്ടണ തുറമുഖത്തു നങ്കൂരമിട്ടു കിടന്നു. മരപ്പണിയുടെ വിസ്‌മയമായിരുന്നു അത്‌. അതിനുചുറ്റുമായി കായലില്‍ കൊതുമ്പുവള്ളങ്ങള്‍ ഒഴുകി നടന്നു..
രാജാവ്‌ പോകുകയാണ്‌. രാജാവല്ല..ചക്രവര്‍ത്തി, കേരളത്തിന്റെ...!
ചേരമാന്‍ പെരുമാള്‍...
കടലുകടക്കുന്നത്‌ മഹാപാപമായ കാലഘട്ടത്തില്‍, അദ്ദേഹം തിരിക്കുന്നത്‌ മക്കയിലേയ്‌ക്ക്‌..
പ്രജകള്‍ ഒന്നടങ്കം തുറമുഖത്തെത്തി..
സാമന്തന്‍മാരും...
`രാജന്‍..എനിക്കായി എന്തെങ്കിലും....'
കോഴിക്കോട്ടെ സാമന്തന്‍..
അപ്പോഴേയ്‌ക്കും തന്റേതായ സര്‍വ്വതും വീതിച്ചു നല്‍കിക്കഴിഞ്ഞ ചേരചക്രവര്‍ത്തി ഒരു നിമിഷം വിഷാദമഗ്നനായി...
പിന്നെ, ഉടവാളെടുത്ത്‌ സാമന്തനു നേരേ നീട്ടി, പറഞ്ഞു:
`നിങ്ങള്‍ കൊന്നും ചത്തും അടക്കിക്കൊള്‍ക...!!'
അദ്ദേഹം അതു ചെയ്‌തു...കോഴിക്കോട്ട്‌ സാമൂതിരിപ്പാട്‌...!!
ചരിത്രത്തിലെ ഈ അനര്‍ഘനിമിഷം സങ്കല്‍പ്പിച്ചെടുക്കാനേ കഴിയൂ..ഇന്ന്‌.
ഇന്നും സാമൂതിരിയായി ചുമതലയേല്‍ക്കുമ്പോള്‍ ഈ വാളാണ്‌ സാക്ഷ്യം..
ചേരമാന്‍ ജൂമാ മസ്‌ജിദിന്റെ തിരുമുറ്റത്തു നില്‍ക്കുമ്പോള്‍, മനസ്സ്‌ പാഞ്ഞുപോയത്‌ 1400 വര്‍ഷങ്ങള്‍ പിറകിലേയ്‌ക്കാണ്‌...
കാലം പറന്നുപോകുകയാണോ...?
കേരളക്കരയുടെ ചക്രവര്‍ത്തി വേണ്ടപ്പെട്ടവര്‍ക്ക്‌ രാജ്യം വീതിച്ചു നല്‍കി, ആത്മീയാനുഭൂതിയുടെ പുതിയ തുറയിലേയ്‌ക്കു നീന്തിയ കഥ..

ചേരമാന്‍ എന്ന മിത്ത്‌

ചേരമാന്‍ രാജപരമ്പരയെക്കുറിച്ച്‌ പണ്ഡിതര്‍ക്കിടയില്‍ ഭിന്നാഭിപ്രായം ഉണ്ട്‌. നമ്പൂതിരിമാര്‍ ക്ഷണിച്ചുകൊണ്ടുവന്ന ചക്രവര്‍ത്തിയാണിത്‌ എന്നാണ്‌ കഥ. കേരളത്തിലെ നാടുവാഴി ദുഷ്‌പ്രഭുത്വത്തിനെതിരേ..
ഇരുപതുവര്‍ഷത്തോളമാണ്‌ അവസാനത്തെ ചേരമാന്‍ പെരുമാളുടെ കാലഘട്ടമെന്നാണ്‌ പറയുന്നത്‌. പെരുമാള്‍ എന്ന വാക്കിന്‌ `ദൈവം' എന്നര്‍ത്ഥം. ദൈവീക പരിവേഷം ചാര്‍ത്തപ്പെട്ട 25 ചേരമാന്‍മാര്‍ കേരളം ഭരിച്ചുവെന്നാണ്‌ കേരളോത്‌പത്തിയിലെ സൂചന. ഇതിനും അപവാദങ്ങളുണ്ട്‌..
എന്തായാലും കൊല്ലിന്റേയും കൊലയുടേയും ചതിവിന്റേയും ഒരു ചരിത്രം ഈ കഥകളില്‍ ഒളിഞ്ഞു കിടക്കുന്നു എന്നത്‌ വ്യക്തം.
തമിഴ്‌നാട്ടിലെ ചേരസാമ്രാജ്യത്തിലെ പ്രജയായിരുന്ന ഒരു ബ്രാഹ്മണനാണ്‌ ഇവരെ കേരളത്തിലേയ്‌ക്കു ക്ഷണിച്ചതെന്നു ആഖ്യാനം. കഥകള്‍ക്കു അവസാനമേയില്ല..അന്വേഷിച്ചുപോകുമ്പോള്‍.

കേരളോല്‍പ്പത്തിയില്‍

ചേരമാന്‍ പെരുമാളുടെ സ്ഥാനത്യാഗത്തെക്കുറിച്ചും മക്കയിലേയ്‌ക്കുള്ള യാത്രയെക്കുറിച്ചും, കേരളോല്‍പ്പത്തിയില്‍ ഇങ്ങിനെ:
പെരുമാള്‍ രാജ്യം അംശിച്ചു കൊടുത്തു കഴിഞ്ഞു എന്നും മക്കത്ത്‌ അശുവിനു പുറപ്പാടായെന്നും കേട്ടു പൂന്തുറക്കോനും (ഇരിവര്‍ ഏറാടിമാരും) മാനിച്ചന്‍ കൃഷ്‌ണരായരോട്‌ പട ഏറ്റു മരിച്ചു എന്നു കേട്ടിരിക്കുന്നു. മങ്ങാട്ടുണ്ണിക്കുമാരമേനോനും ചെന്നു പെരുമാളെ കാണുംമ്പോഴെക്ക്‌, രാജ്യം വേണ്ടപ്പെട്ട ജനങ്ങള്‍ക്ക്‌ പകുത്തു കൊടുത്തു പോയല്ലൊ ഇനി എന്തു വേണ്ടതു എന്നു വിചാരിച്ചു, ഇനി കോഴി കൂക്കുന്ന ദേശവും ചുള്ളിക്കാടും ഉണ്ടു, അതു നിങ്ങള്‍ക്ക്‌ തരാം എന്നു പറഞ്ഞു. നിങ്ങള്‍ കുറഞ്ഞൊന്നു മുമ്പെ വന്നില്ലല്ലോ എന്നു പെരുമാള്‍ അരുളിച്ചെയകാറെ, അതു മതി എന്നു നിശ്‌ചയിച്ചതിന്റെ ശേഷം ചേരമാന്‍ പെരുമാള്‍ വള്ളുവകോനാതിരിയെ കൂട നിവത്തി പൊന്‍ ശംഖില്‍ വെള്ളം പകര്‍ന്നു ശേഷിപ്പുണ്ടായിരുന്ന കോഴിക്കോടും ചുള്ളിക്കാടും ആനക്കോലാല്‍ മുക്കോല്‍ വഴിയും കാതിയാര്‍ മുതലായ ജോനകരേയും മക്കത്തെ കപ്പല്‍ ഓടിപ്പാനും മാമാങ്ങവേല പാലിപ്പാനും വാളും വാളിന്‍മുനമേല്‍ നീരും പകര്‍ന്നു കൊടുത്തു. `നിങ്ങള്‍ ചത്തും കൊന്നും അടക്കി കൊള്‍ക` എന്നാജ്ഞയും `ഈ മനനാട്ടില്‍ മുഴുവനും ഞാനിയായിട്ടു മേല്‍കോയ്‌മ സ്‌ഥാനം നടത്തി കോള്‍ക` എന്നനുജ്ഞയും കൊടുത്തു....


ഇമാം സെയ്‌ഫുദ്ദീന്‍ അല്‍ കാസിമിയോടൊപ്പം


ചരിത്രത്തിന്റെ അകത്തളത്തിലേയ്‌ക്ക്‌

ഇന്ത്യയിലെ ആദ്യ മുസ്ലീം പള്ളി. കൊടുങ്ങല്ലൂരിലെ ചേരമാന്‍ ജൂമാമസ്‌ജിദിന്റെ അകത്തളത്തില്‍, ഇമാം സെയ്‌ഫുദ്ദീന്‍ അല്‍ കാസിമിയോടൊപ്പം, നിലത്തുവിരിച്ച ചിത്രപ്പണിയുള്ള മനോഹരമായ കമ്പളത്തിലിരുന്നു. ചരിത്രം ഉറങ്ങുന്ന പ്രാര്‍ത്ഥനാഹാള്‍. 900 വര്‍ഷം പഴക്കമുള്ള, മരത്തില്‍ അതിചാരുതയോടെ കടഞ്ഞെടുത്ത മിമ്പര്‍ അഥവാ പ്രസംഗപീഠമാണ്‌ മുന്നില്‍..
അതിന്റെ സൗന്ദര്യം വര്‍ണ്ണിക്കാന്‍ വാക്കുകള്‍ പോരാതെ വരും. കാലപ്പഴക്കത്തിലും വെട്ടിത്തിളങ്ങുന്ന ഈ പ്രസംഗപീഠത്തിലിരുന്നാണ്‌ വെള്ളിയാഴ്‌ചകളില്‍ ഇമാമിന്റെ സന്ദേശം നല്‍കല്‍.
കനത്തമരങ്ങള്‍ കൊണ്ടു തീര്‍ത്ത പിച്ചളകെട്ടിയ പള്ളിവാതിലുകള്‍ രാജസമാനം. മേല്‍ക്കട്ടിയും പൂര്‍ണമായും മരം കൊണ്ടുതന്നെ..
പുറത്തെ ഫലകത്തില്‍ പള്ളിയുടെ പ്രായം വായിക്കാം: AD: 629!.ഹിജിറ 5. ഈ മസ്‌ജിദ്‌ സ്ഥാപിയ്‌ക്കപ്പെടുമ്പോള്‍, നബി തിരുമേനിയ്‌ക്കു അമ്പത്തിയെട്ടുവയസ്സ്‌ !.
അകത്തളത്തിലേയ്‌ക്കു കടക്കുമ്പോള്‍ തന്നെ കാണുന്ന കൂറ്റന്‍ തൂക്കുവിളക്കാണ്‌ അമ്പരപ്പിയ്‌ക്കുക...
ഒരു കാലത്ത്‌ പ്രകാശം പരത്തി, നിറഞ്ഞുകത്തിയിരുന്ന വിളക്ക്‌..!
നാനാജാതി മതസ്ഥര്‍ ഇതില്‍ നേര്‍ച്ചയായി എണ്ണനിറച്ചു.
മതസൗഹാര്‍ദ്ദത്തിന്റെ അവസാനവാക്കായി മാറുന്ന ഒരു ദേവാലയം..
`ഇന്നും അന്യമതസ്ഥരാണിവിടെ കൂടുതലായി നേര്‍ച്ചയുമായി എത്തുന്നത്‌'- ഇമാം പറഞ്ഞു.

പിളര്‍ന്നുമാറിയ ചന്ദ്രന്‍

`അന്ത്യനിമിഷം ഇതാ അടുത്തെത്തി. ചന്ദ്രന്‍ പിളര്‍ന്നു. ഒരു ദൃഷ്ടാന്തം കാണുമ്പോള്‍, `പണ്ടുമുതലേ കണ്ടുവരുന്ന ജാലവിദ്യ' എന്നു പറഞ്ഞ്‌ അവര്‍ തിരിഞ്ഞു പോകുകയാണ്‌. നിഷേധിക്കുകയും തന്നിഷ്ടം പിന്‍പറ്റുകയുമാണവര്‍. പക്ഷെ, കാര്യങ്ങളെല്ലാം സുസ്ഥിരമാണ്‌.... (ഖുര്‍ ആന്‍).

തിരുനബിയുടെ അമാനുഷിക കഴിവിനാല്‍ ചന്ദ്രന്‍ പിളര്‍ന്ന സംഭവം കേരളത്തില്‍ നിന്നും പെരുമാള്‍ ദര്‍ശിക്കുകയുണ്ടായത്രെ. ഈ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പെരുമാളിനെ തിരു നബി സന്നിധിയില്‍ എത്തിച്ചുവെന്ന്‌ ചരിത്രം. അദ്ദേഹത്തില്‍ നിന്നും സത്യമതം പുല്‍കിയ പെരുമാള്‍, താജുദ്ദീന്‍ എന്ന പേര്‌ സ്വീകരിച്ചു എന്നാണ്‌ ഒറ്റവാക്കില്‍ പറഞ്ഞാല്‍, ഈ കഥ. ചന്ദ്രന്‍ പിളര്‍ത്തിയ അമാനുഷിക സംഭവം ദര്‍ശിച്ച പെരുമാള്‍ മക്കത്ത്‌ പോയി ഇസ്‌ലാമാശ്ലേഷിച്ച സംഭവം തുഹ്‌ഫത്തുല്‍ മുജാഹിദീനില്‍ ശൈഖ്‌ സൈനുദ്ദീന്‍ മഖ്‌ദൂം വിവരിച്ചിട്ടുണ്ട്‌- ഇമാം കഥ തുടര്‍ന്നു...
പെരുമാള്‍ സ്വപ്‌നദര്‍ശനമായാണ്‌ ചന്ദ്രന്‍ പിളര്‍ന്നു നീങ്ങുന്നതു കണ്ടത്‌. അതിനു വിശദീകരണം നല്‍കാന്‍ കൊട്ടാരത്തിലേയോ രാജ്യത്തേയോ ജ്യോതിഷപണ്ഡതര്‍ക്കൊന്നുമായില്ല.
അപ്പോള്‍, സിലോണിലേയ്‌ക്കുപോകുകയായിരുന്നു ഒരു സംഘം അറബിക്കച്ചവടക്കാര്‍ പെരുമാളിനെ മുഖം കാണിക്കാനെത്തി.
പൊന്നുതിരുമേനിയുടെ സ്വപ്‌നദര്‍ശനത്തിന്‌ അവരാണ്‌ വ്യാഖ്യാനം നല്‍കിയത്‌. ഇതില്‍ ആകൃഷ്ടനായ പെരുമാള്‍, നബിയെ കാണണമെന്നും ആ സന്നിധിയില്‍ നിമഗ്നനാകണമെന്നും ഇച്ഛിച്ചു.
യാത്രയായ അദ്ദേഹം `സെഹര്‍മുക്കല്‌ഹ എന്ന വന്തരില്‍ ചെന്നിറങ്ങുകയും ചെയ്‌തു. അപ്പോള്‍ മഹമ്മതനെബി വിജിദ്ധ എന്ന നാട്ടില്‍ പാര്‍ത്തുവരുന്നു; അവിടെ ചെന്നു തങ്ങളില്‍ കണ്ടൂ മാര്‍ഗ്ഗം വിശ്വസിച്ചു, താജുദ്ദീന്‍ എന്ന പേരുമായി, മാലിക്ക ഹബിബദീനാറെന്ന അറവി രാജാവിന്റെ പെങ്ങളായ റജിയത്ത എന്നവളെ കെട്ടി...' എന്നാണ്‌ `കേരളോല്‍പ്പത്തിയില്‍' വായിക്കുക.

പെരുമാളിന്റെ മരണം

ആത്മീയതയുടെ തീരത്തു മഹാസൗഭാഗ്യം അനുഭവിച്ചിരിക്കേയാണ്‌ പെരുമാളിന്‌, തന്റെ നാട്ടിലുള്ളവരേയും ഈ ആത്മതത്ത്വം പഠിപ്പിയ്‌ക്കണമെന്നു തോന്നിയത്‌. അതിനായി നാട്ടിലേയ്‌ക്കു തിരിച്ച അദ്ദേഹത്തിനു യാത്ര പൂര്‍ത്തിയാക്കാനായില്ല. വഴിമധ്യേ രോഗഗ്രസ്ഥനായ അദ്ദേഹം ദുഫാറില്‍ വച്ച്‌ മരണത്തിനു കീഴടങ്ങി...
മലയാളത്തില്‍ വന്നു ദീന്‍ നടത്തേണ്ടതിനു യാത്ര ഭാവിച്ചു ഒരുങ്ങി ഇരിക്കുമ്പോള്‍, ശീതപ്പനി പിടിച്ചു വലഞ്ഞതിന്റെ അനന്തരം, മലയാളത്തിലെ രാജാക്കന്മാര്‍ക്ക്‌ കത്തുകളോടും കൂടി പറഞ്ഞ രാജാവെ പുത്രരോടും കൂട പുറപ്പെടീച്ചതിന്റെ ശേഷം, താജുദ്ദീന്‍ കഴിഞ്ഞു. താനുണ്ടാക്കിയ പള്ളിയില്‍ തന്നെ മറ ചെയ്‌കയും ചെയ്‌തു- എന്ന്‌ കേരളോല്‍പ്പത്തിയില്‍..

പല തവണ പുതുക്കിപ്പണിത പളളിസമുച്ചയത്തില്‍ ചേരമാന്റേതായി പേരുമാത്രമേയുള്ളൂ. മക്കത്തുനിന്നും അദ്ദേഹത്തിന്റെ സന്ദേശവാഹകനായെത്തിയ, മാലിക്‌ ബിന്‍ ദിനാറാണ്‌ രാജകുടുംബാംഗങ്ങളുടെ സഹായത്തോടെ ചേരമാന്‍ പള്ളി തീര്‍പ്പിക്കുന്നത്‌. ആദ്യത്തെ ഖാസിയും അദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ പുത്രന്‍ ഹബീബ്‌ ബിന്‍ മാലിക്കിനെ ഖാസിയാക്കിയശേഷം കേരളമാകെ സഞ്ചരിച്ചു. പിന്നീട്‌ അറേബ്യന്‍ നാട്ടില്‍ വച്ചു മരണപ്പെട്ടു എന്ന്‌ ചരിത്രം.
ഹബീബ്‌ ബിന്‍ മാലിക്കിന്റേയും പത്‌നി ഖുമരിയായുടേയും ഖബറുകളാണ്‌ (മഖ്‌ബറ) ഇന്നു പള്ളിയില്‍ കാണുന്നതെന്ന്‌ പറയുന്നു- ഇമാം സെയ്‌ഫുദ്ദീന്‍ അല്‍ കാസിമി പറഞ്ഞു നിര്‍ത്തി.
സൂര്യന്‍ ഉച്ചിയിലെത്തിയിരിക്കുന്നു. ളുഹറ്‌ നമസ്‌കാര സമയമായി.
ഇറങ്ങുമ്പോള്‍, അദ്ദേഹം ഒന്നുകൂടി പറഞ്ഞു:
`സലാലയില്‍ ചേരമാന്റെ ഖബറിടം ഇപ്പോഴുമുണ്ട്‌.`
ശാന്ത സുന്ദരമായ ഒരിടത്താണ്‌ താജുദ്ദീന്‍ എന്ന ചേരമാന്‍ പെരുമാള്‍ അന്ത്യവിശ്രമം കൊള്ളുത്‌. പ്രശസ്‌തമായ അല്‍ ബലീദ്‌ ആര്‍ക്കിയോളജിക്കല്‍ പാര്‍ക്കില്‍ നിന്നും അധികം ദൂരേയല്ലാതെയാണീ സ്ഥലം. പക്ഷെ, ഇവിടം തീര്‍ത്ഥാടന കേന്ദ്രമൊന്നുമായില്ല, മലയാളികള്‍ക്കുപോലും.

സമകാലികം

കേരള വ്യാസന്‍ കൊടുങ്ങല്ലൂര്‍ കുഞ്ഞുകുട്ടന്‍ തമ്പുരാന്റെ അഭിപ്രായത്തില്‍, പഴയ ഒരു ബുദ്ധവിഹാരം പള്ളിപണിയാന്‍ വിട്ടുകൊടുത്തു എന്നത്രെ. കുഞ്ഞുകുട്ടന്‍ തമ്പുരാന്റെ കോവിലക വളപ്പില്‍ തന്നെയാണ്‌ ഈ പള്ളി എന്നത്‌ ഈ കഥയ്‌ക്കു വിശ്വാസ്യത പകരുന്നു. പള്ളി പതിനൊന്നാം നൂറ്റാണ്ടില്‍ പുനഃരുദ്ധരിച്ചു എന്നാണ്‌ വിശ്വസിക്കപ്പെടുന്നത്‌. 1384ലെ വെള്ളപ്പൊക്കത്തിനു ശേഷവും പുനഃര്‍നിര്‍മ്മിച്ചു. അതിനുശേഷം മൂന്നുറു വര്‍ഷങ്ങള്‍ കഴിഞ്ഞു വീണ്ടും ഒരിക്കല്‍ക്കൂടി പള്ളി പുനര്‍നിമ്മിക്കുകയുണ്ടായി. വിശ്വാസികളുടെ ബാഹുല്യം നിമിത്തം 1974ല്‍ പള്ളിയുടെ മുന്‍വശം ഉടച്ചുവാര്‍ത്തു. പഴയപള്ളിയുടെ പവിത്രത നിലനിര്‍ത്തിക്കൊണ്ടായിരുന്നു പുനര്‍നിര്‍മ്മാണം. പിന്നീട്‌ 1994 ലും 2001ലും മാതൃകയില്‍ വ്യത്യാസങ്ങള്‍ വരുത്തി, പുനര്‍നിമ്മാണം നടത്തുകയുണ്ടായി.
പഴയപള്ളിയുടെ മുഖപ്പോടുചേര്‍ന്ന്‌ പുനര്‍നിര്‍മ്മിച്ച വാര്‍പ്പുകള്‍, പൊളിച്ചു നീക്കാനും പള്ളിയെ പഴയ ചാരുതയില്‍ നിലനിര്‍ത്താനും മഹല്ല്‌ കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണിപ്പോള്‍. വിശ്വാസികള്‍ ഉള്‍ക്കൊളളാനാവുന്നതിലും അധികമായതിനാല്‍, ഒരു അടിപ്പള്ളികൂടി നിര്‍മ്മിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന്‌ മഹല്ല്‌ പ്രസിഡന്റ്‌ ഫൈസല്‍.
ഇനിയൊരു സന്ദര്‍ശനവേളയില്‍ കണ്‍മുന്നില്‍ തെളിയുക നവീകരണമൊന്നും ബാധിയ്‌ക്കാത്ത, പഴയ ചേരമാന്‍ പള്ളി പൂര്‍ണപ്രൗഢിയോടെ....!!

........................................................................................
ഇവിടെ മണ്‍തരികള്‍ പോലും കഥകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു..
മനസ്സില്‍ സങ്കല്‍പ്പിയ്‌ക്കാം. കണ്ണെത്താ മണല്‍പ്പരപ്പിനു മീതേ, കരിനീലച്ച ആകാശം ചാഞ്ഞു കിടക്കുന്നത്‌. ഈന്തപ്പനകള്‍ക്കു മുകളില്‍ അമ്പിളക്കല ഉദിച്ചു നില്‍ക്കുന്നത്‌...
ചേരസാമ്രാജ്യം ഭരിച്ചൊരു ചക്രവര്‍ത്തി, സര്‍വ്വതും ഉപേക്ഷിച്ച്‌, ഈ മണലാരണ്യത്തില്‍ ആത്മാന്വേഷണവുമായി എത്തുന്നു..
പിന്നെ തന്റെ ജീവിതസന്ദേശം പ്രിയപ്പെട്ട പ്രജകള്‍ക്കായി അദ്ദേഹം പകരുന്നു.
ചരിത്രത്തിന്റെ ഇടനാഴികളില്‍ മറഞ്ഞുകിടക്കുന്ന കഥകള്‍..!. പലതും കാലത്തിന്റെ കൈപ്പടയില്‍ മാറ്റിയെഴുതപ്പെട്ടുപോയി...
കഥകളും ചരിത്രവും എവിടെയൊക്കേയോ കൂടിക്കലരുന്നു. ഒന്ന്‌ മറ്റൊന്നില്‍ നിന്നും വേര്‍പിരിക്കാനാവാത്ത വിധം..
കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക്‌ കഥകള്‍ പറഞ്ഞുതരാന്‍ ആളുകളുമുണ്ടായിരുന്നു, എന്നും..
ഇവിടെയും അങ്ങിനെ തന്നെ..

-ബാലുമേനോന്‍ എം. Photos: Sudip Eeyes

Thursday, January 29, 2015

യുദ്ധ ഭൂമിയില്‍




ഒരു വ്യാഴവട്ടത്തിനു ശേഷം ഭഎമറാള്‍ഡ്‌ ഐലന്റ്‌' എന്നു വിശേഷിപ്പിക്കപ്പെട്ട ശ്രീലങ്കയുടെ മണ്ണില്‍ നില്‍ക്കുമ്പോള്‍, മോഹന്‍ദാസിന്റെ മുഖത്ത്‌ പ്രസന്നതമാത്രം...
ജാഫ്‌ന നഗരം ഇന്ന്‌ ഒഴുകുകയാണ്‌. രാജ്യാന്തര ഭക്ഷണശാലകള്‍ മുതല്‍ മാളുകള്‍ വരെ...സുന്ദരമായ റോഡുകള്‍. ഭയാശങ്കകള്‍ അകന്ന നാട്ടുകാര്‍..സന്ദര്‍ശകര്‍...
ജനങ്ങളുടെ മുഖങ്ങളിലാകെ ശാന്തിയും ആഹ്ലാദവും അലയടിച്ചു.
അതെ ശാന്തിയിലാണ്‌, ഈ ഭൂമിയിലെ സ്വര്‍ഗ്ഗം..ശരിക്കും സ്വര്‍ഗ്ഗം.

പന്ത്രണ്ടുവര്‍ഷങ്ങള്‍ക്കും മുമ്പ്‌...
കൃത്യമായി പറഞ്ഞാല്‍, 1998 നവംബര്‍ പുലര്‍ച്ചെ 5.00 ന്‌ കൊളംബോയില്‍ വിമാനമിറങ്ങുമ്പോള്‍ നരച്ച ആകാശത്തുനിന്നും ഇടിവാളുകള്‍ പച്ചത്തുരുത്തുകളിലേയ്‌ക്ക്‌ പുളഞ്ഞിറങ്ങുന്നത്‌ വിമാനത്തിന്റെ ജാലകത്തിലൂടെ നോക്കിക്കണ്ടു.
മോര്‍ട്ടാറുകള്‍ അലറുകയും യന്ത്രത്തോക്കുകള്‍ ചീറുകയും ചെയ്യുകയായിരിക്കുമെന്ന്‌ ഓര്‍ത്ത്‌ മനസ്സില്‍ ഞെട്ടി..!
അശാന്തിയുടെ തീരത്തേയ്‌ക്ക്‌ സ്‌ഥലംമാറ്റം കിട്ടിയ പത്രപ്രവര്‍ത്തകന്‍, മോഹന്‍ദാസ്‌ പാറപ്പുറത്ത്‌...
തൃശൂരിലെ ശാന്തിവിളയുന്ന വീട്ടകത്ത്‌ ഇരുന്നു അനുഭവങ്ങള്‍ പങ്കുവയ്‌ക്കുമ്പോള്‍ പോലും മുഖം വലിഞ്ഞു മുറുകിയതു കണ്ടു..
സാക്ഷാല്‍ വേലുപ്പിള്ളൈ പ്രഭാകരന്‍ അടക്കിവാണ ശ്രീലങ്കന്‍ ഭൂമി. അതു വിട്ടുകൊടുക്കാതിരിക്കാന്‍ ജീവന്‍ കൊടുത്തു പോരാടുന്ന ലങ്കന്‍ സര്‍ക്കാരും സൈന്യവും.. മാറിമറിയുന്ന രാജ്യാന്തര ബന്‌ധങ്ങള്‍...
എന്തൊക്കെയാണ്‌ കണ്ടത്‌..!
ഇതിനിടയില്‍ മനഃശാന്തിയോടെ കിടന്നുറങ്ങാന്‍ കൊതിച്ച ഒരു ജനത..

ശ്രീലങ്കന്‍ അനുഭവങ്ങള്‍ പുസ്‌തകമാക്കാനുള്ള ശ്രമത്തിനിടെയാണ്‌ മോഹന്‍ദാസുമായി സംസാരിക്കുന്നത്‌. ഞങ്ങള്‍ യുദ്ധഭൂമിയിലെത്തി.....!!

മുന്‍ യുന്‍എന്‍ഐ പ്രത്യേക ലേഖനായിരുന്ന മോഹന്‍ദാസിന്റെ നിയോഗം വിചിത്രമായിരുന്നു. ഡല്‍ഹിയിലെ ബ്യൂറോ ചീഫായിരിക്കെയാണ്‌ സ്‌ഥലംമാറ്റം. കലാപം കൊടുമ്പിരികൊള്ളുന്ന ശ്രീലങ്കയിലേയ്‌ക്ക്‌...
നിത്യവും കുഴിബോംബ്‌ സ്‌ഫോടനവും ചവേര്‍ ആക്രമണവും വിറപ്പിച്ചുകൊണ്ടിരുന്ന ലങ്കന്‍ മണ്ണിലേയ്‌ക്ക്‌...
മരിച്ചാലും മറക്കാത്ത ഭീതിയുടെ മണിക്കൂറുകള്‍ അദ്ദേഹം വിവരിച്ചപ്പോള്‍, പത്രപ്രവര്‍ത്തനമെന്ന തൊഴിലിനെ നമിച്ചു. പിന്നെ ഒന്നു മനസ്സിലാക്കി ചരിത്രത്തില്‍ നിന്നും മനുഷ്യന്‍ ഒന്നും പഠിയ്‌ക്കുന്നില്ലെന്ന്‌...

എല്‍ടിടിഇ എന്ന വലയം

രാജീവ്‌ ഗാന്‌ധി അയച്ച പീസ്‌ കീപ്പിംഗ്‌ ഫോഴ്‌സിന്റെ പ്രവര്‍ത്തനത്തിനു ശേഷം, ലങ്കന്‍ പ്രശ്‌നം രൂക്ഷമാവുകയായിരുന്നു. ഇത്രയധികം കാര്യക്ഷമതയും ആസൂത്രണവൈദഗ്‌ധ്യവുമുള്ള ഒരു സംഘടന എല്‍ടിടിഇയെ പോലെ മറ്റെങ്ങും കണ്ടിട്ടില്ലെന്ന്‌ മോഹന്‍ദാസ്‌. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെയെല്ലാം വിലാസവും ഫോണ്‍ നമ്പറുകളും അവര്‍ക്കറിയാം. ലണ്ടന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന എല്‍ടിടിഇ ബുദ്ധികേന്ദ്രം ആന്റണ്‍ ബാലസിങ്കത്തിന്റെ പ്രസ്‌താവനകള്‍ ഓഫീസിലെ ഫാക്‌സില്‍ തെളിയും..!!.
അതും രാത്രി പന്ത്രണ്ടുമണിക്കു ശേഷം...
വിറയ്‌ക്കുന്ന കൈകളോടെയാണ്‌ ഫാക്‌സ്‌ പേപ്പര്‍ ചീന്തിയെടുക്കുക..
എല്ലാ നീക്കങ്ങളും ശ്രദ്ധിക്കപ്പെടുന്നു..!.
തങ്ങള്‍ക്കെതിരേ നീങ്ങുന്ന ആരേയും ബാക്കിവയ്‌ക്കാത്ത പ്രഭാകരന്‍. അതു തമിഴനായാലും തീര്‍ത്തിരിയ്‌ക്കും.
അതിനായി മൂന്നൂറിലേറെ ചാവേറുകളുണ്ടായിരുന്നു അവര്‍ക്ക്‌. അധികവും സ്‌ത്രീകള്‍. പ്രഭാകരനുവേണ്ടി പ്രാണന്‍ എഴുതിക്കൊടുത്തവര്‍. മരിക്കാന്‍ സന്നദ്ധരായി മുന്നോട്ടു വരുന്നവര്‍..
അവര്‍ ഒരിക്കല്‍ മാത്രമേ പ്രഭാകരനെ കാണൂ. ദൗത്യം ഏറ്റതിന്റെ തലേന്ന്‌ അവര്‍ക്ക്‌ അത്താഴം പ്രഭാകരനൊപ്പമാണ്‌. അവസാനത്തെ അത്താഴം..
പിന്നെ അവര്‍ ഒരിക്കലും കൂടിക്കാണില്ല. ആ ചാവേര്‍ തിരിച്ചുവരില്ല. ദൗത്യം നിര്‍വ്വഹിച്ചാലും ഇല്ലെങ്കിലും..
അസാധാരണമായിരുന്നു പ്രഭാകരന്റെ ചാവേര്‍ സംഘം. ഒരു പക്ഷെ, ലോകചരിത്രത്തിലാദ്യമായിരിക്കണം ഇത്രയും ശക്‌തമായ സംവിധാനം ഉപയോഗിക്കപ്പെട്ടത്‌...
ദൗത്യം ഏറ്റെടുക്കാന്‍ ഒരേ സമയം നിരവധിപേര്‍ തയ്യാറായി വരുന്നതുകൊണ്ട്‌ മിക്കപ്പോഴും നറുക്കിട്ടെടുക്കാറാണ്‌ പതിവ്‌..
കൊല്ലാനും കൊല്ലപ്പെടാനുമുള്ള നറുക്ക്‌...





തലനാരിഴയുടെ വ്യത്യാസം

99 ല്‍ തെരഞ്ഞെടുപ്പ്‌ റാലി നടക്കുന്നു. പ്രസിഡന്റ്‌ സ്‌ഥാനാര്‍ത്ഥി കൂടിയായ ചന്ദ്രിക കുമാരതുംഗെ പ്രസംഗിക്കാനെത്തുകയാണ്‌. ടൗണ്‍ഹാള്‍ വളപ്പില്‍. കനത്ത സുരക്ഷയില്‍ ശ്വാസം പിടിച്ചുളള കാത്തിരിപ്പ്‌. സമയം ഇഴഞ്ഞു നീങ്ങി. അവര്‍ ഇനിയും വൈകുമെന്ന്‌ അറിയിപ്പ്‌. രാത്രി എട്ടുകഴിഞ്ഞപ്പോള്‍ പുറത്തിറങ്ങി വീട്ടിലേയ്‌ക്കു നടന്നു. വീട്ടിലെത്തിയതും ഫോണ്‍കോള്‍ ടൈംസിന്റെ നിരുപമ സുബ്രഹ്‌മണ്യമാണ്‌.
ഭമോഹന്‍ദാസ്‌ വേര്‍ ആര്‍ യൂ...ആര്‍ യു സേഫ്‌...??'
ഞെട്ടിപ്പോയി...! ചന്ദ്രിക കുമാരതുംഗെയുടെ റാലിയില്‍ ചാവേര്‍ സ്‌ഫോടനം.
ഇറങ്ങിപ്പോന്ന പതിനഞ്ചുമിനുട്ടിനുള്ളില്‍..!
പ്രസിഡന്റിന്‌ ഗുരുതരപരിക്ക്‌..മരിച്ചു എന്നും ശ്രുതി.
പുറത്തിറങ്ങേണ്ടെന്ന്‌ നിരുപമ.
ടി.വി. തുറന്നതും വാര്‍ത്ത..
പ്രസിഡന്റ്‌ ഗുരുതരാവസ്‌ഥയില്‍.. അതിനിടയില്‍ മരിച്ചു എന്നും ഫ്‌ളാഷ്‌.
ശ്വാസം പിടിച്ചിരുന്നു. എന്തും സഭവിക്കാം. പ്രസിഡന്റ്‌ മരിച്ചാല്‍ സിംഹളര്‍ ഇളകും. കൈയില്‍ കിട്ടിയ ഇന്ത്യക്കാരന്റെ കഥ തീര്‍ക്കും. അവര്‍ക്ക്‌ എല്ലാ ഇന്ത്യക്കാരും തമിഴ്‌ അനുകൂലികളാണ്‌...
കൂറ്റന്‍ ഓഫീസ്‌ ബംഗ്ലാവില്‍ ലൈറ്റുകളണച്ചിരിക്കാനാണ്‌ നിരുപമയുടെ നിര്‍ദ്ദേശം.
പുറത്തുകേട്ട ഓരോ അനക്കവും മരണത്തിന്റെ ചുവടുവയ്‌പായി തോന്നി..
മരണത്തെ മുഖാമുഖം കണ്ടതു പറയുമ്പോള്‍, ഒരു നിമഷം മോഹന്‍ദാസ്‌ മൗനിയായി.
ഫോണെടുത്ത്‌, അയല്‍ പക്കത്തെ ശ്രീലങ്കക്കാരനെ വിളിച്ചു. എന്തുവേണം..?.
അയാള്‍ സിംഹളനായിരുന്നെങ്കിലും, മറുപടി മോഹന്‍ദാസിന്‌ അമൃതവര്‍ഷമായി.
ഒന്നും പേടിക്കേണ്ടെന്നും. പ്രശ്‌നം വരികയാണെങ്കില്‍ പിന്‍മതില്‍ ചാടി, തങ്ങളുടെ വീട്ടിലേയ്‌ക്ക്‌ പോന്നുകൊളളാനുമാണ്‌ അയാള്‍ പറഞ്ഞത്‌...
ഇതിനിടെ ഡല്‍ഹിയില്‍ നിന്നും വിളി.
ഭമോഹന്‍ദാസ്‌ വൈ ഡോണ്ട്‌ യു ഫയല്‍ എ ന്യൂസ്‌...പ്രസിഡന്റ്‌ ഈസ്‌ നോ മോര്‍...'
പത്രപ്രവര്‍ത്തകന്റെ രക്‌തസമ്മര്‍ദ്ദം കുത്തനെ കൂട്ടുന്ന കോളുകള്‍..
ഒടുവില്‍ തീര്‍ത്തു പറഞ്ഞു:
ഭഐ വോണ്ട്‌ ഡു ഇറ്റ്‌.. അണ്‍ടില്‍ ഇറ്റ്‌ ഈസ്‌ കണ്‍ഫേംഡ്‌, സര്‍...'.

ഭാഗ്യം..പ്രസിഡന്റ്‌ മരിച്ചില്ല. ഒരു കണ്ണ്‌ നഷ്‌ടപ്പെട്ടു. പക്ഷെ, ഇന്നും കൂറ്റന്‍ ബംഗ്ലാവില്‍ ഒറ്റയ്‌ക്കു മരണം പ്രതീക്ഷിച്ചിരുന്ന ആ കാളരാത്രി, മോഹന്‍ദാസിന്റെ ഉറക്കം കെടുത്തുന്നു. ഒപ്പം സ്‌ഫോടനത്തില്‍ നിന്നും തലനാരിഴയ്‌ക്കു രക്ഷപ്പെട്ടു പോന്ന തലയിലെഴുത്തും..

തമിഴത്തിയുണ്ടാക്കിയ വിന


ചന്ദ്രിക കുമാരതുംഗെയ്‌ക്കു ഒപ്പമുള്ള ഒരു ചിത്രം നീക്കിയിട്ടുകൊണ്ട്‌ അദ്ദേഹം പറഞ്ഞു: ഈ ചിത്രത്തിനു പിന്നില്‍ ഒരു കഥയുണ്ട്‌......
പത്രപ്രതിധികള്‍ക്കു നല്‍കിയ വിരുന്നില്‍, പ്രസിഡന്റ്‌ ചന്ദ്രികക്കൊപ്പം നില്‍ക്കുന്ന ഒരു ഫോട്ടോ പബ്ലിക്‌ റിലേഷന്‍കാര്‍ നല്‍കിയതാണ്‌. അതു കൗതുകത്തിന്‌ സിറ്റിംഗ്‌ റൂമില്‍ വച്ചു. പത്രപ്രവര്‍ത്തകര്‍ക്ക്‌ ഇത്‌ ഒരു സംഭവവുമല്ല. പക്ഷെ, വീടുവൃത്തിയാക്കാന്‍ വന്നിരുന്ന തമിഴത്തിയ്‌ക്ക്‌ മറിച്ചായിരുന്നു. തന്റെ ഭഅയ്യ' പ്രസിഡന്റിനൊപ്പം..!!. അവള്‍ അനുവാദത്തോടെ, സ്വന്തം വീട്ടുകാരെ കാണിക്കാനായി ആ ഫോട്ടോയെടുത്തു. അതു കോപ്പിയെടുക്കാന്‍ ഒരു സ്‌റ്റുഡിയോയില്‍ ഏല്‍പ്പിക്കുകയും ചെയ്‌തു.
അയാള്‍ ശ്രീലങ്കക്കാരനായിരുന്നു.
ഒരു തമിഴത്തി പ്രസിഡന്റിന്റെ ഫോട്ടോയുമായി വന്നിട്ടുണ്ടെന്ന്‌ അയാള്‍ പൊലീസിനെ വിളിച്ചറിയിച്ചു. കാര്യങ്ങള്‍ കൈവിട്ടുപോയത്‌ പെട്ടെന്നായിരുന്നു.
പൊലീസ്‌ അവളെയും കുടുംബത്തേയും കൈയോടെ പൊക്കി. രണ്ടുദിവസം ലോക്കപ്പ്‌ പീഡനം കഴിഞ്ഞാണ്‌, മോഹന്‍ദാസിനെ പൊലീസ്‌ വിളിച്ചത്‌.
മാന്യമായാണ്‌ പൊലീസ്‌ പെരുമാറിയത്‌. താന്‍ നല്‍കിയ മൊഴിയും തമിഴ്‌ ജോലിക്കാരി പറഞ്ഞതും ഒരുപോലെയായിരുന്നു എന്നത്‌ ആശ്വാസമായി. ഒരു സ്‌റ്റേറ്റ്‌മെന്റ്‌ എഴുതി വാങ്ങി പൊയ്‌ക്കോളാന്‍ പറഞ്ഞിട്ടും ഭയം വേട്ടയാടിക്കോണ്ടിരുന്നു.
അന്യരാജ്യം, മറ്റൊരു നിയമം, ചോദിക്കാനും പറയാനും ആരുമില്ല..!!.
എന്തുവകുപ്പ്‌ ചേര്‍ത്തും കേസെടുക്കാം..പിന്നെ....
പിന്നീടുള്ള കാലം സംശയത്തിന്റെ കരിനിഴലില്‍ കഴിഞ്ഞുകൂടുക എന്ന ഭീകരാവസ്‌ഥയിലായിരുന്നു താനെന്ന്‌ മോഹന്‍ദാസ്‌. തിരിച്ചു നാട്ടില്‍ എത്തും വരേയും...
അതിനുശേഷം അവളെ വേലയ്‌ക്കു വച്ചില്ലെന്നതാണ്‌ ഈ കഥയുടെ ക്ലൈമാക്‌സ്‌.

തിരുചെല്‍വം വധം

ഒരു സാധരണ പ്രഭാതം. മുമ്പ്‌ പ്രാതല്‍ കഴിക്കുകയായിരുന്നു. ഭക്ഷണം വായില്‍ വയ്‌ക്കുന്നതിനിടെ ഉഗ്രസ്‌ഫോടന ശബ്ദം. വീടിന്റെ പിറകിലാണ്‌.
കാര്യമായി എന്തൊ പറ്റിയിട്ടുണ്ടെന്നു ഭാര്യയോടു പറഞ്ഞ്‌, ഇറങ്ങിയോടി. വീടിനു പിറകിലെ കവലയിലാണ്‌ സ്‌ഫോടനമെന്ന്‌ വ്യക്‌തം.
അവിടെയെത്തുമ്പോള്‍ കണ്ട കാഴ്‌ച...
ബെല്‍റ്റ്‌ ബോംബ്‌ ഘടിപ്പിച്ച ചാവേര്‍ ആക്രമണമാണ്‌.
അരയ്‌ക്കുമുകള്‍ഭാഗം വേറിട്ട ജഡം ഒരു മരക്കൊമ്പില്‍ തലകീഴായി തൂങ്ങിക്കിടക്കുന്നു..കാലും വേര്‍പെട്ട കൈയും മറ്റൊരു മരത്തില്‍...
ചിതറിപ്പോയ ചാവേര്‍...
മുഖത്തിനോ മറ്റു ശരീരഭാഗങ്ങള്‍ക്കോ ഒരു കേടുമില്ല. അതാണ്‌ ബെല്‍റ്റ്‌ ബോംബിന്റെ പ്രത്യേകത. ശരീരഭാഗങ്ങള്‍ വേറിട്ടുപോയാലും ചേര്‍ത്തുവച്ചാല്‍ പൂര്‍ണരൂപം...!
ആ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്‌, തമിഴ്‌ ബുദ്ധിജീവിയും മിതവാദിയുമായ തിരുചെല്‍വമായിരുന്നു. കനത്ത സുരക്ഷാവലയത്തിലായിരുന്നിട്ടും അദ്ദേഹത്തിന്റെ കാര്‍ ചാവേര്‍ തകര്‍ത്തെറിഞ്ഞു. ഒപ്പം ആ മഹത്തായ ജീവിതത്തേയും..

ആ കഥ ഇങ്ങിനെ:

കോളജ്‌ അധ്യാപകനായ തിരുചെല്‍വം പ്രഭാകരന്റെ നോട്ടപ്പുളളിയാകുന്നത്‌ മിതവാദിയായതിലൂടെയാണ്‌. പ്രഭാകരന്റെ നോട്ടം വീണാല്‍, ഭൂമിയില്‍ അനുവദിച്ച സമയം പെട്ടെന്നു തീരുമെന്നാണ്‌ അനുഭവം. ശക്‌തമായ സുരക്ഷ സര്‍ക്കാര്‍ അനുവദിയ്‌ക്കുകയും ചെയ്‌തു.
ആറുമാസമാണ്‌ ഈ കൊലപാതകം ആസൂത്രണം ചെയ്യാന്‍ പുലികളെടുത്തത്‌...!.
രാവിലെ ഒമ്പതിനു വീട്ടില്‍ നിന്നിറങ്ങുന്ന തിരുചെല്‍വത്തിന്റെ കാര്‍, കവലയിലെ ട്രാഫിക്‌ ലൈറ്റില്‍ കുടുങ്ങും. എത്ര നിമിഷം അങ്ങിനെ നില്‍ക്കും എന്ന്‌ നിരീക്ഷിച്ചു മനസ്സിലാക്കാന്‍ മാസങ്ങളോളം ഒരു പുലി അവിടെ നിരീക്ഷനായി നിന്നു. തുടര്‍ന്നായിരുന്നു ഓപ്പറേഷന്‍. സൈനികവാഹനം കാറിനു പിന്നിലുണ്ടായിരുന്നിട്ടും, റോഡ്‌ മുറിച്ചു കടക്കുന്ന ഒരു സാധാരണക്കാരനായി അവനെത്തി..
സാധാരണക്കാരെ പോലെ നിര്‍ത്തിയിട്ട കാറിന്റെ ബോണറ്റില്‍ ഒന്നു തട്ടി..
തുടര്‍ന്നായിരുന്നു ബെല്‍റ്റില്‍ വിരല്‍ അമര്‍ത്തിയത്‌...!!.
ഒരു സെക്കന്റ്‌ പോലും പിഴയ്‌ക്കാത്ത കണക്കുകൂട്ടല്‍...പുലിയാക്രമണത്തിന്റെ ശൈലി അതായിരുന്നു.

വെടിയേറ്റ ജാഫ്‌ന

ജാഫ്‌്‌ന പുലികളില്‍ നിന്നു പിടിച്ചെടുത്തപ്പോള്‍, നഗരം കാണിക്കാന്‍ സൈന്യം പത്രപ്രവര്‍ത്തകരെ കൊണ്ടുപോയി. അവിടെയെത്താന്‍ പുലി സങ്കേതങ്ങളിലൂടെയാണ്‌ റോഡുകള്‍. കടലിലൂടെയും സാധ്യമല്ല. കടല്‍പ്പുലികളുണ്ട്‌.
വിമാനമാണ്‌ ഏക മാര്‍ഗ്ഗം.
റഷ്യന്‍ പൈലറ്റ്‌ പറത്തുന്ന വിമാനത്തിലാണ്‌ യാത്ര. രണ്ടുമാസം മുമ്പെ, രണ്ടു വിമാനങ്ങള്‍ പുലികള്‍ വെടിവച്ചിട്ട സംഭവം ഉള്ളിലുണ്ട്‌. ജീവന്‍, ഈശ്വരനെ ഏല്‍പ്പിച്ചായിരുന്നു വിമാനം കയറിയത്‌. ജാഫ്‌നയ്‌ക്കു മുകളില്‍ വിമാനം വട്ടമിട്ടു. കടലില്‍ സായുധ നാവികര്‍ കാവല്‍ നിന്നു. അവര്‍ക്കുമുകളിലൂടെയാണ്‌ വിമാനമിറക്കിയത്‌.
വെടിയേറ്റു തുളവീഴാത്ത ഒറ്റകെട്ടിടവും അന്ന്‌ ജാഫ്‌നയില്‍ ഉണ്ടായിരുന്നില്ലെന്ന്‌ മോഹന്‍ദാസ്‌.
ജാഫ്‌നയ്‌ക്കു വേണ്ടി രൂക്ഷപോരാട്ടമാണ്‌ സൈന്യവും പുലികളും തമ്മില്‍ നടന്നത്‌ എന്നത്‌ ചരിത്രം.
പുലികളില്‍ നിന്നു തിരിച്ചുപിടിച്ചെങ്കിലും പിരിമുറുക്കം ഒട്ടും അയഞ്ഞിട്ടില്ലാത്ത അന്തരീക്ഷം. പുലികള്‍ പലയിടങ്ങളിലായി സ്‌ഥാപിച്ച മൈനുകള്‍ ഇപ്പോഴും കണ്ടേക്കാം. സൈനിക ട്രക്കിനൊപ്പം ഒരു പിടി ചാരമാകാന്‍ നിമിഷങ്ങള്‍ മതി...
തിരികെ മടങ്ങുമ്പോഴും ആയുസ്സിന്റെ ബലത്തിനെ കുറിച്ച്‌ ഉറപ്പുണ്ടായിരുന്നില്ല.
റണ്‍വേയിലൂടെ ഓടിപ്പറന്നുയരുന്നതിനു പകരം ഒറ്റയടിക്കു പൊന്തുകയാണ്‌ രീതി. റണ്‍വേയിലൂടെ ഓടി ഉയരുമ്പോള്‍, റോക്കറ്റ്‌ ആക്രമണത്തിനു സമയം കിട്ടാനിടയുളളതുകൊണ്ടായിരുന്നു ഇത്‌..
മരണത്തോടൊപ്പം ഉണ്ടും ഉറങ്ങിയും കഴിഞ്ഞ നാളുകളിലേയ്‌ക്ക്‌ വീണ്ടും മടങ്ങിച്ചെല്ലുമ്പോള്‍, പത്രപ്രവര്‍ത്തനമെന്നത്‌ തൊഴിലായിരുന്നില്ല; ജീവതം തന്നെയാണെന്ന്‌ തിരിച്ചറിയുന്നു.
മാവുകള്‍ തണല്‍വിരിച്ച ഭഋഷികേശി'ന്റെ മുറ്റത്തോളം യാത്രയയ്‌ക്കാന്‍ മോഹന്‍ദാസ്‌ വന്നു.
ആ മനസ്സില്‍, തീത്തുപ്പുന്ന ശ്രീലങ്കന്‍ രാത്രികള്‍ ഇപ്പോഴും ഉറക്കംകെടുത്തുന്നുണ്ടാവുമോ...?
ഉണ്ടാകാം. ഉണ്ടാവണം. കാരണം നമ്മളൊക്കെ വെറും മനുഷ്യരാണല്ലോ..


ബാലുമേനോന്‍ എം.

Photo: Sudip Eeyes

Wednesday, January 28, 2015

വേളികഴിച്ചെത്തിയ വിഷചികിത്‌സാ പാരമ്പര്യം



വിവാഹം കഴിച്ചെത്തിയ കന്യകയിലൂടെ വിഷചികിത്‌സാ പാരമ്പര്യം. അവരിലൂടെ ആ കുടുംബം വിശ്വപ്രസിദ്ധമാകുക..!
ഉള്ളന്നൂര്‍ മനയുടെ ചരിത്രം അതാണ്‌.
ഫ്രഞ്ച്‌ മാതൃകയില്‍ പണികഴിപ്പിച്ച നാലുകെട്ടിന്റെ പ്രൗഢിയിലേയ്‌ക്കു കയറിച്ചെല്ലുമ്പോള്‍, പത്തായപ്പുരയ്‌ക്കുമുന്നില്‍ ആള്‍ത്തിരക്കാണ്‌..ചികിത്‌സ തേടിയെത്തിയവര്‍..ദേശക്കാര്‍ക്കും ചികിത്‌സയുടെ അത്‌ഭുതപ്രഭാവം അറിയുന്നവര്‍ക്കും അവര്‍ വിമലത്തമ്പുരാട്ടിയാണ്‌. സര്‍പ്പവിഷത്തിന്‌ കൈക്കൊണ്ട ചികിത്‌സാവിധികളാണ്‌ മനയിലേത്‌...
മരണമുഖത്തുനിന്ന്‌ ജീവിതത്തിലേയ്‌ക്ക്‌ മടങ്ങിവന്നവരുടെ എത്ര കഥകള്‍..!
തൃശൂര്‍ ജില്ലയുടെ പടിഞ്ഞാറെ അതിരില്‍, കോള്‍പ്പാടങ്ങളാല്‍ ചുറ്റപ്പെട്ട മനവളപ്പ്‌ പത്തേക്കറാണ്‌.
വിഷചികിത്‌സയുടെ അത്‌ഭുതകഥകള്‍ മനസ്സില്‍ സൂക്ഷിക്കുന്ന ഈ മനയ്‌ക്ക്‌ വേറേയും കഥകളുണ്ട്‌ പറയാന്‍..
ചേരരാജാക്കന്‍മാരുടെ സദസ്യരായിരുന്ന ഒരു ചരിത്രം.
ക്ഷാത്രവീര്യവും വൈദികപാരമ്പര്യത്തിന്റെ സാത്വികഭാവവും ഇഴചേര്‍ന്നു കിടക്കുന്ന
ഒരു പൂര്‍വ്വചരിത്രം....
കഥ പറയുന്നത്‌ പുത്തന്‍ തലമുറയിലെ ബ്രഹ്‌മദത്തന്‍ നമ്പൂതിരിയും ബിജു നമ്പൂതിരിയും.




ക്ഷാത്രബന്‌ധം മണക്കുന്ന കഥകള്‍

മുമ്പുണ്ടായിരുന്ന രണ്ടു എടുപ്പുകള്‍ പൊളിച്ചതിനുശേഷം തീര്‍ത്ത നാലുകെട്ടാണിത്‌. കേരളീയ പാരമ്പര്യ ശൈലിയില്‍ ജനവാതിലുകള്‍ ചെറുതായിരിക്കും. ഇവിടത്തേത്‌ വിശാലമായതാണ്‌. കഷ്‌ടി മുന്നൂറു വര്‍ഷം മുമ്പ്‌, ഫ്രഞ്ചുകാരുടെ ശൈലി സ്വീകരിച്ച്‌ അക്കാലത്തെ ഏറ്റവും പുതുമോടിയില്‍ നിര്‍മ്മിച്ച മന.
വാസ്‌തു കുലപതി മാന്നാനം പറ്റ നമ്പൂതിരിപ്പാടിന്റെ മേല്‍നോട്ടത്തിലാണ്‌ ഈ മന തീര്‍ത്തത്‌.
കരിങ്കല്‍ തൂണുകള്‍ താങ്ങിനിര്‍ത്തുന്ന വിശാലമായ കോലായ കടന്നു ചെന്നാല്‍, ഇരുപ്പുമുറി. അവിടെ, മുഴുവനായും മരംകൊണ്ടു തീര്‍ത്ത ആട്ടുകട്ടില്‍...തൂക്കുകള്‍ പോലും മരം!.
അവടെ നിന്ന്‌ കനത്ത വാതില്‍ തുറക്കുന്നത്‌, നടമുറ്റത്തേയ്‌ക്ക്‌. മരക്കൊത്തിന്റെ ചാരുത വിളിച്ചോതുന്ന ഉത്തരം താങ്ങികള്‍..കടഞ്ഞെടുത്ത മരത്തൂണുകള്‍...പിച്ചളകെട്ടിയ വാതിലുകള്‍...
നടുമുറ്റത്തൊരു മുല്ലത്തറ. അവിടെ കുടികൊള്ളുന്നത്‌ സാക്ഷാല്‍ കൊടുങ്ങല്ലൂരമ്മയും തിരുവുള്ളക്കാവ്‌ ശാസ്‌താവും..
രൗദ്രഭാവത്തിലുള്ള കൊടുങ്ങല്ലൂരമ്മയുടെ സാന്നിധ്യത്തില്‍ തുടങ്ങുകയാണ്‌ മനയുടെ ചരിത്രം തേടിയുള്ള യാത്ര...


പെരുവനം എന്ന നമ്പൂതിരി ഗ്രാമം

പരശുരാമന്‍ സൃഷ്‌ടിച്ച അറുപത്തിനാലു ഗ്രാമങ്ങളില്‍ പെടുന്ന പെരുവനം, ഒട്ടേറേ ഐതിഹ്യവും ചരിത്രവും ഇഴപിരിഞ്ഞുകിടക്കുന്ന ഒന്നാണ്‌. ആ ഗ്രാമത്തില്‍ ഉള്‍പ്പെട്ട ഉള്ളന്നൂര്‍ മനയ്‌ക്ക്‌ പറയാനുള്ള കഥ ക്ഷാത്ര ബന്‌ധത്തിന്റേയും വിഷചികിത്‌സയുടേതുമാണ്‌....
സാധാരണ നമ്പൂതിരി ഇല്ലങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്‌തം.
കൊടുങ്ങല്ലൂര്‍ തലസ്‌ഥാനമാക്കി ഭരിച്ചിരുന്ന ചേരന്‍മാരുടെ സഭയില്‍ ആയോധനവൃത്തിയ്‌ക്ക്‌ പ്രമുഖരെ തെരഞ്ഞെടുക്കുന്ന സമിതിയുണ്ട്‌.. അതിലെ അംഗമായിരുന്നു ഉള്ളന്നൂരിലെ നമ്പൂതിരി.
അതിന്റെ പിന്‍ ചരിത്രം ഇപ്പോഴും തുടരുന്നു. പടകാളി സ്വരൂപത്തിലുള്ള കൊടുങ്ങല്ലൂര്‍ അമ്മയുടെ ഭഅടിമകള്‍ഭ എന്ന സങ്കല്‍പ്പം ഇപ്പോഴും മനയിലുണ്ട്‌. കൊടുങ്ങല്ലൂരില്‍ ഉത്‌സവത്തോടനുബന്‌ധിച്ചു നടക്കുന്ന സംഘകളിയുടെ അധ്യക്ഷ സ്‌ഥാനം ഇവര്‍ക്കുണ്ട്‌...
ഇതിന്റെ അടിസ്‌ഥാനത്തില്‍, മനയിലെ പിന്‍മുറക്കാര്‍ കൊടുങ്ങല്ലൂര്‍ അമ്മയ്‌ക്ക്‌ പണക്കിഴി വച്ച്‌ വണങ്ങുന്ന ചടങ്ങ്‌ തുടരുന്നു ഇന്നും...




കാവിലമ്മയുടെ നമ്പൂതിരിവിരോധം

കൊടുങ്ങല്ലൂരില്‍ നമ്പൂതിരി കുടുംബങ്ങള്‍ വാഴുകില്ല എന്നൊരു ഐതിഹ്യമുണ്ട്‌.
ഒരിക്കല്‍, ഒരു വൃദ്ധനായ വാര്യര്‍ കൊടുങ്ങല്ലൂരിലെത്തി. സമയം അര്‍ദ്ധരാത്രി കഴിഞ്ഞു. വിശ്രമത്തിനായി ഒരു ഇല്ലത്തിന്റെ വാതിലില്‍ മുട്ടി. വാതില്‍ തുറന്ന നമ്പൂതിരി ക്ഷേത്രം ചൂണ്ടി, പരിഹാസ്യമായി പറഞ്ഞുവത്രെ: ഇവിടെ ഒരു കാളിവാരസ്യാരുണ്ട്‌. അവിടെ ചെന്നാല്‍ ഭക്ഷണം കിട്ടും...!
അതു വിശ്വസിച്ച അയാള്‍ ക്ഷേത്രത്തില്‍ ചെന്നപ്പോള്‍ വൃദ്ധയായ ഒരു സ്‌ത്രീ വാതില്‍ തുറന്നു. അയാളോട്‌ കുളിച്ച്‌ വരാനും ആവശ്യപ്പെട്ടു. കുളിച്ചെത്തിയ അയാള്‍ക്ക്‌ വിഭസമൃദ്ധമായ സദ്യ ലഭിച്ചു. പിറ്റേന്ന്‌ നേരം പുലര്‍ന്നപ്പോള്‍ അവിടത്തെ നമ്പൂതിരി ഇല്ലങ്ങളെല്ലാം ചാമ്പലായതാണ്‌ അയാള്‍ കണ്ടത്‌. ഇത്‌ ഐതിഹ്യമാണ്‌. പക്ഷെ, ഇന്നും കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍, നമ്പൂതിരിമാര്‍ക്ക്‌ സ്‌ഥാനമില്ലെന്നത്‌ കണ്ടറിയാം. പൂജയ്‌ക്ക്‌ അധികാരികള്‍ അടികള്‍മാരാണ്‌.
എന്നിട്ടും ഉള്ളന്നൂര്‍ മനക്കാര്‍ക്ക്‌ അവിടെ അനുവദിച്ചു കിട്ടിയ സൗഭാഗ്യം ഉണ്ട്‌. അതു ഭഗവതിയുടെ പ്രീതിയായി ഇവര്‍ കരുതുന്നു..
മകരമാസത്തില്‍ ഇല്ലത്തുള്ളവര്‍ കൊടുങ്ങല്ലൂരില്‍ കുളിച്ചു തൊഴുക എന്ന ചടങ്ങുണ്ട്‌...
അന്നേ സമയം കൊടുങ്ങല്ലൂര്‍ തമ്പുരാന്‍ വരില്ല. തമ്പുരാനെ കാണാതെ തൊഴുതു മടങ്ങുക എന്നാണ്‌ ഈ ചടങ്ങിന്റെ പേരുതന്നെ. ഇവര്‍ എത്തുന്ന സമയത്താണ്‌ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ ഭരഹസ്യ അറ' തുറക്കുക.. ശ്രീകോവിലിനോടു ചേര്‍ന്നുള്ള കരിങ്കല്‍ അറയില്‍ നിറയെ ശ്രീചക്രങ്ങളത്രേ..!. ശങ്കരാചാര്യര്‍ സ്‌ഥാപിച്ച ശ്രീചക്രവും ഇവിടെയുണ്ടെന്നാണ്‌ കഥ...ഒരിക്കല്‍ അറ തുറന്നപ്പോള്‍ മൂന്ന്‌ ശ്രീചക്രങ്ങള്‍ തെറിച്ചു വീണെന്നും അതു തന്ത്രികുടുംബത്തിലും കോവിലകത്തും ഇപ്പോഴും വച്ചാരാധിക്കുന്നു എന്നും മറ്റൊരു ശ്രുതി ...
ഈ രഹസ്യ അറ തുറന്നുകണ്ടു തൊഴുതുപോരുന്ന ചടങ്ങ്‌ ഇന്നും ഉള്ളന്നൂര്‍ മനക്കാര്‍ തുടരുന്നു. ആ സമയത്ത്‌ മറ്റൊരാള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശനം ഇല്ലതാനും..തമ്പുരാനടക്കം..!




വിഷചികിത്‌സ വന്നവഴി...

വിമലത്തമ്പുരാട്ടിയിലേയ്‌ക്ക്‌ കഥയെത്തുന്നു.
പാരമ്പര്യമായി വിഷചികിത്‌സാ പാരമ്പര്യമുള്ള ഇല്ലത്തുനിന്നും പെണ്‍കൊടിയെ വേളികഴിച്ചു കൊണ്ടുവരുന്നത്‌ ഉള്ളന്നൂര്‍ മനയിലെ ത്രിവിക്രമന്‍ നമ്പൂതിരിപ്പാടാണ്‌..
വിമല!.
അച്ഛന്‍ കല്ലുവഴി വള്ളൂര്‍ മനയ്‌ക്കല്‍ ശങ്കരന്‍ നമ്പൂതിരി. സാക്ഷാല്‍ പൂമുളളി ആറാം തമ്പുരാന്റെ സമകാലികന്‍..!. ഇരുവരുടേയും ഗുരുക്കന്‍മാരും ഒന്ന്‌ ചെറുകുളപ്പുറം കൃഷ്‌ണന്‍ നമ്പൂതിരിയും പാഞ്ഞൂര്‍ കൃഷ്‌ണന്‍ നമ്പൂതിരിയും.
അവിടെനിന്നു കിട്ടിയ വിഷചികിത്‌സാ പാരമ്പര്യവുമായാണ്‌ തമ്പുരാട്ടി ഉള്ളന്നൂര്‍ മനയിലെത്തുന്നത്‌..
അതോടെ മനയുടെ ചരിത്രം മാറിമറിഞ്ഞു...
വിഷചികിത്‌സയുടെ പാരമ്പര്യത്തില്‍ മനയുടെ പൂര്‍വ്വചരിത്രം മറഞ്ഞുപോകുകയാണ്‌...
ഇത്‌ നമ്പൂതിരി ഇല്ലങ്ങളെ സംബന്‌ധിച്ച്‌ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം.
ഇന്ന്‌ ഈ മന അറിയപ്പെടുന്നതു തന്നെ വിമലത്തമ്പുരാട്ടിയുടെ പേരില്‍..!

ഭഅച്ഛനാണ്‌ പഠിപ്പിച്ചത്‌. എനിക്കു നന്നേ ചെറുപ്പത്തിലേ ഇതില്‍ കമ്പമായിരുന്നു. പന്ത്രണ്ടുവയസ്സില്‍ അഷ്‌ടാംഗഹൃദയം സ്വായത്തമാക്കി. പതിനാറു വയസ്സുമുതല്‍ വിഷഹരണം പ്രായോഗികമായി ചെയ്‌തു തുടങ്ങി.
വിവാഹം കഴിഞ്ഞ ശേഷം സ്വതന്ത്രമായി ചികിത്‌സ തുടങ്ങുകയായിരുന്നു...
മരുന്നും മന്ത്രവുമാണ്‌ വിഷചികിത്‌സയുടെ വിധി. അതായത്‌ ഔഷധവും വിദ്യയും. മന്ത്രപ്രയോഗം ഒരു കാരണവശാലും പാടില്ലെന്ന്‌ അച്ഛന്‍ നിര്‍ദ്ദേശിച്ചത്‌ ഇന്നോളം തമ്പുരാട്ടി പാലിച്ചിരിയ്‌ക്കുന്നു. മന്ത്രപ്രയോഗങ്ങള്‍ സ്‌ത്രീകള്‍ക്കുവിധിച്ചിട്ടില്ലാത്തതിനാല്‍ സൗമ്യമായ ചികിത്‌സാവിധികളാണ്‌ ഇവര്‍ പിന്തുടരുന്നത്‌. ഔഷധവിധികളിലൂടെ തന്നെ നിരവധി ജീവനുകളെ രക്ഷപ്പെടുത്താനും കഴിഞ്ഞിട്ടുണ്ട്‌..
മന്ത്രപ്രയോഗത്തിലൂടെ കടിച്ച പാമ്പിനെ ഭവരുത്തികൊത്തിയ്‌ക്കുന്ന' കടുത്ത പ്രയോഗങ്ങള്‍ വരെ കൈവശമുണ്ടായിട്ടും ഇന്നുവരെ അതു ചെയ്‌തിട്ടില്ല. ഇതെല്ലാം വിവരിക്കുന്ന ഗ്രന്‌ഥങ്ങള്‍ ഇപ്പോഴും മനയിലുണ്ട്‌..
ഭഅത്‌ കുടുംബത്തിനു ശാപമാണ്‌..' തമ്പുരാട്ടി പറഞ്ഞു.
വിഷം തിരിച്ചെടുക്കുന്ന പാമ്പ്‌, തലതല്ലി ചാവും. ആ ശാപം, തൂത്താല്‍ പോവില്ല..!. കുടുംബം മുടിയും..

വിഷചികിത്‌സയില്‍ ശൈവവും വൈഷ്‌ണവവും ഉണ്ട്‌. ഉള്ളന്നൂര്‍ മനയിലേത്‌ ശൈവമാണ്‌. അതിനും വിശദീകരണമുണ്ട്‌..
വൈഷ്‌ണവമാര്‍ഗ്ഗത്തില്‍ സര്‍പ്പത്തെ(വിഷം) ഭയപ്പെടുത്തുന്നതാണ്‌ രീതി. ഗരുഡ മന്ത്രങ്ങളെല്ലാം ഈ വിഭാഗത്തിലുളളതാണ്‌. ശൈവത്തില്‍ ഭയപ്പെടുത്തലില്ല. ഭകാരണവര്‍' പറഞ്ഞാല്‍ സ്വമനസ്സാലെ അനുസരിക്കുമെന്ന്‌ തത്വം..!.
വിദേശങ്ങളില്‍ നിന്നുപോലും വിഷചികിത്‌സാ രഹസ്യം അറിയാന്‍ അന്വേഷകര്‍ എത്തുന്നു എന്നതാണ്‌ മനയുടെ ഭഇന്ന്‌്‌'. പ്രതിഫലം പറ്റാതെയാണ്‌ ഇവിടെ ചികിത്‌സ എന്നതും എടുത്തു പറയേണ്ടതുണ്ട്‌.
വിഷചികിത്‌സയിലാണ്‌ പേരെടുത്തതെങ്കിലും എല്ലാ ശാരീരിക ക്ലേശങ്ങള്‍ക്കും ഇവിടെ ആയുര്‍വേദ ചികിത്‌സയുണ്ട്‌. എന്നും സാന്ത്വനം തേടി മനമുറ്റത്ത്‌ ആളുകളും.
ഭര്‍ത്താവും കുടുംബവും നല്‍കിയ പൂര്‍ണസ്വാതന്ത്ര്യമാണ്‌ തന്നെ ഈ മേഖലയില്‍ വളര്‍ത്തിയതെന്ന്‌ തമ്പുരാട്ടി പറയുന്നു...

മരിച്ചിട്ടും മരിയ്‌ക്കാത്തവര്‍

പട്ടിവിഷത്തിനാണ്‌ ചികിത്‌സ തുടങ്ങിയത്‌. ഉള്ളന്നൂര്‍ മനയിലെത്തിയ ശേഷമായിരുന്നു അത്‌. അവിടെ അടുത്തുള്ള നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ തൊഴുതിറങ്ങുമ്പോഴായിരുന്നു അനുഭവം. ക്ഷേത്രത്തിലെ കഴകക്കാരിയെ പട്ടികടിച്ചു..
ചികിത്‌സിക്കണമെന്ന്‌ ഭര്‍ത്താവും അവരുടെ കുടുംബക്കാരും...
ഗുരുകാരണവന്‍മാരെ മനസ്സില്‍ ധ്യാനിച്ച്‌ ചികിത്‌സ തുടങ്ങി. നാല്‍പ്പത്തൊന്നാം ദിവസം അവര്‍ പൂര്‍ണമായും സുഖപ്പെട്ടു..!
പിന്നീട്‌ പട്ടിവിഷ ചികിത്‌സ തുടര്‍ന്നില്ല. പഥ്യം പാലിയ്‌ക്കാന്‍ ഇന്നുള്ളവര്‍ക്ക്‌ സാധിക്കുന്നില്ലെന്നത്‌ വലിയൊരു പ്രശ്‌നമാണെന്ന്‌ തമ്പുരാട്ടി. പഥ്യം പാലിച്ചില്ലെങ്കില്‍ ദോഷമാണ്‌..ചികിത്‌സ ഫലിക്കില്ല. കുറ്റം ചികിത്‌സകനും..
പാമ്പുകടിയേറ്റവരെ സംബന്‌ധിച്ച്‌ അറിയിക്കുമ്പോള്‍ എല്ലാം ചോദിച്ചറിയും. എപ്പോള്‍. എവിടെ. എങ്ങിനെ...?!
അതില്‍ നിന്നു തന്നെ ചികിത്‌സിച്ചാല്‍ ഫലമുണ്ടോ എന്നറിയാം..!
പാമ്പുകടിയേറ്റ്‌ ആളു വരുന്നുണ്ടെന്ന്‌ മിക്കപ്പോഴും സൂചന ലഭിയ്‌ക്കാറുണ്ട്‌...
ഭഇത്‌ ഒരാഴ്‌ച മുമ്പെ അറിയാന്‍ തുടങ്ങും. ഒരുതരം അസ്വസ്‌ഥത..!. കൊച്ചുവെളുപ്പാന്‍ കാലത്താണ്‌ അത്‌ കൂടുതലും അനുഭവപ്പെടുക..
തേവാരത്തിനിടയില്‍ അത്‌ ശരിക്കും അനുഭവപ്പെടും. ശ്വാസഗതിയില്‍ പോലും വ്യത്യാസംവരുമെന്ന്‌ തമ്പുരാട്ടി.
പറഞ്ഞാല്‍ എല്ലാം അന്‌ധവിശ്വാസങ്ങള്‍...
കടിയേറ്റ ആളുടെ ദൃഷ്‌ടി കണ്ടാല്‍ അറിയാം ഏതുതരം പാമ്പാണ്‌ കടിച്ചതെന്ന്‌. വിഷം എത്രമാത്രം ഉള്ളിലുണ്ടെന്നും. വിമലതമ്പുരാട്ടി പറഞ്ഞു.
ഒരോ വിഷത്തിനും അതിനനുസൃതമായ മരുന്നാണ്‌ ഉണ്ടാക്കിക്കൊടുക്കുക.

വിവാദമായ മരണം

പന്ത്രണ്ടുവര്‍ഷം മുമ്പാണ്‌. മാധ്യമങ്ങളിലെ വിവാദങ്ങളിലും ഈ വിഷചികിത്‌സാ പാരമ്പര്യം നിറഞ്ഞു, ഒരിക്കല്‍.
പാമ്പുകടിയേറ്റ്‌ എത്തിയ ഏഴുവയസ്സുകാരിയെ ചികിത്‌സിച്ച കഥ.
വിവാദങ്ങളിലേയ്‌ക്കും പിന്നീട്‌ നിയമ യുദ്ധത്തിലേയ്‌ക്കും നീങ്ങിയ ഒരു മായിരുന്നു അത്‌....
ഈ കഥ ചോദിച്ചറിയുമ്പോഴും, സാത്വികഭാവം വെടിയാതെ തമ്പുരാട്ടി
ഭഅതൊക്കെയുണ്ടായി.. അതൊക്കെയുണ്ടായി..' എന്നു പറഞ്ഞ്‌ ചിരിച്ചു..
മുസ്ലീം കുടുംബത്തിലെ കൊച്ചു പെണ്‍കുട്ടിയ്‌ക്കാണ്‌ കടിയേറ്റത്‌. അവര്‍ കുട്ടിയെ മനയിലെത്തിച്ചു.
ചികിത്‌സ ഫലപ്രദമായിരുന്നു. സുഖപ്പെട്ട കുട്ടിയെ വീട്ടിലേയ്‌ക്ക്‌ അയയ്‌ക്കുകയും ചെയ്‌തു. പഥ്യവും നിര്‍ദ്ദേശിച്ചു. പക്ഷെ, അതു പാലിയ്‌ക്കുകയുണ്ടായില്ല. കുട്ടിയുടെ സ്‌ഥിതി ഗുരുതരമായി.
തുടര്‍ന്ന്‌ അവര്‍ മെഡിക്കല്‍ കോളജിലേയ്‌ക്കു മാറ്റി. പരിശോധിച്ച ഡോക്ടര്‍മാര്‍ മണിക്കൂറുകള്‍ക്കകം കുട്ടി മരിച്ചതായി വിധിയെഴുതുകയും ചെയ്‌തു....!
പക്ഷെ, വീട്ടുകാര്‍ വീണ്ടും മനയിലെത്തി. ഇവിടെ കഥമാറിമറിഞ്ഞു.
നാലുദിവസം വീണ്ടും തമ്പുരാട്ടിയുടെ ചികിത്‌സ..! മരിച്ചുവെന്ന്‌ വൈദ്യശാസ്‌ത്രം വിധിയെഴുതിയ പെണ്‍കുട്ടിയ്‌ക്ക്‌..!!.
രസം സ്‌ഫുടം ചെയ്‌തെടുക്കുന്ന മരുന്ന്‌ ശരസ്സില്‍ തൂവിയുള്ള ഒരു ചികിത്‌സയായിരുന്നു അത്‌.
ഏതാണ്ട്‌ അറ്റകൈയെന്ന്‌ തമ്പുരാട്ടി.
മെഡിക്കല്‍ സയന്‍സ്‌ മരണം സ്‌ഥിരീകരിച്ച പെണ്‍കുട്ടിയില്‍ ജീവന്റെ ചലനങ്ങള്‍...!
അവള്‍ കൈകാലടിക്കുകയും ശിരസ്സില്‍ പിടിച്ചിരുന്ന ആളെ കടിക്കുകയും ചെയ്‌തുവെന്നും അനുഭവസാക്ഷ്യം..!
പക്ഷെ, അവള്‍ പിന്നീട്‌ മരണത്തിനു കീഴടങ്ങി.
ഇത്‌ ഒട്ടേറേ വിവാദങ്ങള്‍ക്കാണ്‌ വഴിതെളിച്ചത്‌. മാധ്യമങ്ങളില്‍ ദിവസങ്ങളോളം നീണ്ട ചര്‍ച്ചാവിഷയം. അതിലുപരി, മനയുടെ ചികിത്‌സാപാരമ്പര്യത്തിനെതിരേ നിയമപോരാട്ടവും..!.
മൃദദേഹത്തെ അപമാനിച്ചു എന്നു പോലും മെഡിക്കല്‍ അസോസിയേഷന്‍ കേസുകൊടുത്തു..
പക്ഷെ, അപ്പോഴെല്ലാം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തനിക്കനുകൂലമായി നിന്നു എന്ന്‌ തമ്പുരാട്ടി...
തമ്പുരാട്ടി ചിരിച്ചു. നിസംഗമായ ചിരി.
കോളിളക്കമുണ്ടാക്കിയ ഒരു കാലഘട്ടം കടന്നുപോയെന്ന ഭാവമേതുമില്ലാതെ..!
വിഷചികിത്‌സാ പാരമ്പര്യത്തിന്റെ സാംഗത്യം ചോദ്യം ചെയ്യപ്പെടുന്നത്‌ സ്വന്തം നാട്ടില്‍ തന്നെയെങ്കിലും, ഇതിന്റെ സത്യമറിഞ്ഞ്‌ പഠിക്കാനായി എത്തുന്നവര്‍ അധികവും വിദേശികളെന്ന്‌ മകന്‍ ബ്രഹ്‌മദത്തന്റെ സാക്ഷ്യം. ജപ്പാനില്‍ നിന്നും അമേരിക്കയില്‍ നിന്നും ഗവേഷകര്‍ ഇവിടെ എത്തിയിരുന്നു..
ഇന്ന്‌ മകന്‍ ബ്രഹ്‌മദത്തന്‍ അമ്മയുടെ വഴിത്താരയില്‍.
വിശാലമായ മനപ്പറമ്പില്‍, മൂന്നു നാഗക്കാവുകള്‍. ബലപ്രയോഗത്തിലൂടെയല്ലാതെ വിഷംശമിപ്പിയ്‌ക്കുന്ന ശാന്തമായ ചികിത്‌സാ പദ്ധതി മനയുടെ ശ്രേയസ്സിനു കുറവുവരുത്തിയിട്ടില്ല.
പക്ഷെ, ക്ഷാത്രവീര്യം നിറഞ്ഞ ഉള്ളന്നൂര്‍ മനയുടെ പ്രാഗ്‌ചരിത്രം പതുക്കെ മാഞ്ഞു പോകുന്നു, മനസ്സില്‍. വിമലത്തമ്പുരാട്ടിയിലൂടെ പുതിയൊരു ചരിത്രത്തിന്റെ സമാരംഭവും..

ബാലുമേനോന്‍ എം