Wednesday, May 6, 2015

കഥകളുറങ്ങാത്ത വടക്കുമ്പാട്ട്‌ മന



......അദ്ദേഹത്തിന്റെ അനുയായികളെ ലെക്കുര്‍ഗസ്‌ തടവുകാരാക്കി. ഡൈനീഷ്യസ്‌ മാത്രം രക്ഷപ്പെട്ടു. അദ്ദേഹം സമുദ്രത്തിലേയ്‌ക്ക്‌ ചാടി നീര്‍ക്കാംകുഴിയിട്ടു.. അപ്പോള്‍ തേറ്റിസ്‌ ദേവി പ്രത്യക്ഷപ്പെട്ടു. അവള്‍ അദ്ദേഹത്തെ കടലിനടിയിലെ കൊട്ടാരത്തിലേയ്‌ക്ക്‌ ആനയിച്ച്‌ ശുശ്രൂഷിച്ചു...
ഇതു ഗ്രീക്കുപുരാണേതിഹാസത്തിലെ ഡൈനീഷ്യസ്‌ ദേവന്റെ കഥ..!.
യവനകഥകളില്‍ ദേവന്‍മാരും ദേവതമാരും രക്ഷകരും ശിക്ഷകരും ഒക്കെയായിവരുന്നു. മനുഷ്യജീവിതത്തില്‍ നേരിട്ടിടപെടുന്ന ദൈവങ്ങള്‍..!!.

വടക്കുമ്പാട്‌ മനയില്‍ കഥകള്‍ കേട്ടിരിക്കേ, ഇതിഹാസകഥകളെല്ലാം മനസ്സിലോടിയെത്തും. ഇവിടേയുമുണ്ട്‌, മനുഷ്യജീവിതത്തില്‍ നേരിട്ടിടപെട്ട ദേവന്‍മാരുടെ കഥകള്‍. കേട്ടിരിക്കാന്‍ സുഖമുള്ള, വിസ്‌മയം കൊള്ളിക്കുന്ന ഒരായിരം കഥകള്‍...!.

ആയിരത്താണ്ടുകള്‍ക്ക്‌ മുമ്പാണ്‌. അങ്ങാടിപ്പുറത്തുനിന്നും ഒരു ബ്രാഹ്മണകുടുംബം തൃശൂര്‍ ജില്ലയിലെ കേച്ചേരിക്കടുത്ത ആളൂര്‍ എന്ന കൊച്ചുഗ്രാമത്തില്‍ വന്നു ചേര്‍ന്നു. വടക്കുമ്പാട്ട്‌ ഇല്ലം. വേദപണ്ഡിതന്‍മാരായിരുന്നു അവര്‍. ഒരിക്കല്‍, ഇല്ലത്തെ കാരണവരായിരുന്ന ഒരു ആത്തോല്‍, പ്രസവത്തില്‍ രണ്ടു കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കി. ഒന്ന്‌ മനുഷ്യശിശുവും മറ്റേത്‌ ഒരു സര്‍പ്പവും..!.
ദിവ്യത്വമാര്‍ന്ന സര്‍പ്പശിശു ഇഴഞ്ഞിറങ്ങി നടുമുറ്റത്തെത്തി. അവിടെ കുടികൊണ്ടിരുന്ന ധര്‍മ്മദൈവമായ ഭഗവതി അപ്പോള്‍ ഇങ്ങിനെ അരുളിയത്രെ: `നീ ഇവിടെ ഇരുന്നു വാഴുക'. ഇത്രയും പറഞ്ഞ്‌ ഭഗവതി, നടുമുറ്റത്തെ മുല്ലത്തറയില്‍ നിന്നും മച്ചിലേയ്‌ക്കു മാറിയിരുന്നുപോല്‍..!.
കാരുളി എന്ന ഈ താവഴി ഇല്ലത്തെ നടുമുറ്റത്ത്‌ ഇന്ന്‌ അമ്മപ്പാമ്പും പത്തുമക്കളും വാഴുന്നു. ഇല്ലപ്പറമ്പിലെ പത്തുസര്‍പ്പക്കാവുകള്‍ മക്കളാണ്‌. ഈ ഇല്ലവളപ്പില്‍ വച്ച്‌ ആരേയും സര്‍പ്പംദംശിക്കില്ലെന്നത്‌ അനുഭവസാക്ഷ്യം. അഥവാ ദംശിച്ചാലും വിഷബാധയേല്‍ക്കില്ല..
`കന്നിമാസത്തിലെ ആയില്യം ഇല്ലത്ത്‌ വിശേഷമാണ്‌. നാടിന്റെ നാനാഭാഗത്തുനിന്നുളള ഭക്തര്‍ എത്തും..` ഇപ്പോഴത്തെ കാരണവരായ ഗോവിന്ദന്‍ നമ്പൂതിരി പറഞ്ഞു.

വടക്കുമ്പാട്ട്‌ മനയുടെ തുടക്കം ഇവിടെ നിന്ന്‌. ആളൂര്‍ വടക്കുമ്പാട്ട്‌ എന്ന ഒരിക്കലും ക്ഷയിക്കാത്ത ഇല്ലം എന്നു അനുഗ്രഹിക്കപ്പെട്ട മന..!. ചരിത്രാന്വേഷണം ഇവിടെ നിര്‍ത്തുന്നു...
മനയുടെ ഉത്‌പത്തിക്കഥയുടെ ഒടുക്കവും തുടക്കവും വാമൊഴിയില്‍ മാത്രം...
എഴുന്നൂറ്‌ വര്‍ഷത്തെ പഴക്കം. പ്രഗത്ഭ വാസ്‌തുകാരനും ജ്യോതിഷപണ്ഡിതനുമായ തലക്കുളത്തൂര്‍ ഭട്ടതിരി കുറ്റിയടിച്ചു നിശ്ചയിച്ചത്‌. 108 കോല്‍ എട്ടുവിരല്‍ എന്നു കണക്ക്‌..
പ്രശസ്‌തമായ ദേശമംഗലം മനയുടെ അതേ തച്ചുകണക്ക്‌..!!.


വടക്കുമ്പാട്ട്‌ നാരായണന്‍ നമ്പൂതിരി വടക്കുമ്പാട്ട്‌ ഗോവിന്ദന്‍ നമ്പൂതിരി എന്നിവരോടൊപ്പം 


തെക്കോട്ടുള്ള പ്രയാണകഥ

നമ്പൂതിരികുടുംബങ്ങളെല്ലാം വടക്കുനിന്നും തെക്കോട്ട്‌ കുടിയേറിയവരാണെന്നാണ്‌ ചരിത്രം. തളിപ്പറമ്പാണ്‌ കേരളത്തിലെ ബ്രാഹ്മണ്യത്തിന്റെ കേന്ദ്രമായി കരുതിവരുന്നത്‌. ഇന്നും ഇല്ലങ്ങളില്‍, `അകത്തുള്ളവര്‍' വടക്കോട്ട്‌ നൈവേദ്യം സമര്‍പ്പിക്കും. തളിപ്പറമ്പ്‌ രാജരാജേശ്വരനെ സങ്കല്‍പ്പിച്ച്‌. പിന്നെ തൃച്ചംബരത്തെ ശ്രീ കൃഷ്‌ണഭഗവാനും. ഇത്‌ കേരളത്തിലെ എല്ലാ നമ്പൂതിരി ഇല്ലങ്ങളിലും അനുവര്‍ത്തിച്ചുവരുന്ന നിത്യാചാരമാണ്‌.
നമ്പൂതിരി കുടുംബങ്ങള്‍ തെക്കോട്ടുഗമിച്ചതിന്റെ കണക്ക്‌ ഇങ്ങിനെ:
`സാഗരം' `സമുദ്രം' എന്നീ പരല്‍പേരുകള്‍ പ്രകാരം 237 ഇല്ലക്കാര്‍ തിരുവല്ല ഭാഗത്ത്‌ വന്നു താമസിച്ചുവെന്നും 257 ഇല്ലക്കാര്‍ മറ്റൊരു ഘട്ടത്തിലും എത്തിച്ചേര്‍ന്നുവെന്നുമാണ്‌ കണക്ക്‌. 




ഒന്നരയേക്കറോളം പരന്നുകിടക്കുന്ന മനവളപ്പില്‍, പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിരിക്കുന്നു. പടര്‍ന്നു പന്തലിച്ച മാമരങ്ങള്‍ക്കു താഴെ, ഇല്ലക്കോലായിലിരുന്നു വടക്കുമ്പാട്ട്‌ ഗോവിന്ദന്‍ നമ്പൂതിരിയും അനുജന്‍ നാരായണന്‍ നമ്പൂതിരിയും കഥകള്‍ പറഞ്ഞുകൊണ്ടിരുന്നു. ദാനശീലം, ഇല്ലത്തെ ദാരിദ്ര്യം, പിന്നീട്‌ അക്ഷയമായ സമ്പത്ത്‌ കുമിഞ്ഞുകൂടിയ അനുഗ്രഹവര്‍ഷം, ശാപമേറ്റ്‌ മുടിഞ്ഞുപോകുമായിരുന്ന സമയത്ത്‌ രക്ഷകനായെത്തിയ ശാസ്‌താവ്‌...അങ്ങിനെഅങ്ങിനെ..!!.

ഒരുകാലത്ത്‌, കടുത്ത ദാരിദ്ര്യമുണ്ടായി ഇല്ലത്ത്‌. നിത്യവൃത്തിയ്‌ക്കു നിവൃത്തിയില്ലാത്ത കാലം. ഒരു നേരത്തെ ആഹാരത്തിനുപോലും വഴിയില്ല. ഇല്ലത്തെ നമ്പൂതിരിയും ആത്തോലും വിശപ്പു സഹിക്കാതെ കവുങ്ങിന്‍ പൂക്കുലകൊണ്ട്‌ കഞ്ഞിയുണ്ടാക്കി കഴിക്കാനിരുന്നു. ആ സമയത്ത്‌, ഒരു ദരിദ്രബ്രാഹ്മണന്‍ അവിടെ എത്തിച്ചേര്‍ന്നു. അയാള്‍ യാത്രകൊണ്ടും വിശപ്പുകൊണ്ടും തളര്‍ന്നവശനായിരുന്നു. ജീവിക്കാനുള്ളത്‌ മാറ്റിവച്ച്‌ ബാക്കിയൊക്കെ ദാനം ചെയ്യുക എന്നതായിരുന്നു ഇല്ലത്തെ പതിവ്‌.
തളര്‍ന്നിരുന്ന ബ്രാഹ്മണന്‌, തങ്ങള്‍ക്കുകഴിക്കാനായി തയ്യാറാക്കിയ പൂക്കുലക്കഞ്ഞി അവര്‍ നല്‍കി. ഭക്ഷണം കഴിഞ്ഞശേഷം ഇല്ലത്തെ സ്ഥിതിയറിഞ്ഞ അദ്ദേഹം, ദമ്പതിമാര്‍ക്ക്‌ തന്റെ ഭാണ്ഡക്കെട്ടില്‍ നിന്നും ഒരു വാഴക്കന്ന്‌ നല്‍കിയിട്ട്‌ ഇപ്രകാരം പറഞ്ഞുവത്രെ: `ഇതു നട്ടു കുലയുണ്ടാകുമ്പോള്‍, അത്‌ ചോദിക്കുന്നവര്‍ക്ക്‌ നല്‍കിക്കൊള്ളുക..!'. ഇത്രയും പറഞ്ഞ്‌ ആള്‍ പോയി.



അദ്ദേഹം പറഞ്ഞതുപോലെ നട്ടുവളര്‍ത്തിയ വാഴ കുലച്ചു. നിറയെ സ്വര്‍ണനിറമുള്ള പഴങ്ങള്‍..!. വാക്കു തെറ്റിക്കാതെ വടക്കുമ്പാട്ടെ നമ്പൂതിരി വാഴക്കുലയുമായി യാത്രതുടങ്ങി. ഇല്ലത്തിനു തെക്കുഭാഗത്തുള്ള കണ്ടിയൂര്‍ മഹാവിഷ്‌ണു ക്ഷേത്രത്തിനു സമീപമെത്തിയപ്പോള്‍, അവിടെ ക്ഷേത്രക്കുളത്തില്‍ കുളിച്ചുകൊണ്ടിരുന്ന മൂന്നുനാലുപേരെ കാണുകയുണ്ടായി. പഴക്കുലകണ്ട അവര്‍ വിളിച്ചു ചോദിച്ചുവത്രേ- അതു തങ്ങള്‍ക്ക്‌ തരുമോ? എന്ന്‌..!.
ഒട്ടും സംശയിക്കാതെ വടക്കുമ്പാട്ടെ തിരുമേനി അത്‌ അവര്‍ക്കു നല്‍കി. പഴമെല്ലാം കഴിച്ച ശേഷം, അവരിലൊരാള്‍ കുളത്തിലിറങ്ങി മൂന്നു തവണ മുങ്ങി നിവര്‍ന്നു. ഓരോ തവണയും നിവരുമ്പോള്‍ ഓരോ കുടന്ന സ്വര്‍ണം വടക്കുമ്പാട്ട്‌ നമ്പൂതിരിയ്‌ക്കു വാരി നല്‍കി...!. സാക്ഷാല്‍ കണ്ടിയൂര്‍ മഹാവിഷ്‌ണുവായിരുന്നു ആ ദിവ്യന്‍ എന്നാണ്‌ കഥ...!.
ഇല്ലത്ത്‌ തിരിച്ചെത്തിയ തിരുമേനി, ഒരു കുടന്ന ഇല്ലത്തെ ആവശ്യങ്ങള്‍ക്കായി മാറ്റിവച്ചു. രണ്ടാമത്തെ കുടന്ന ഇല്ലവളപ്പില്‍ നിക്ഷേപമായി കുഴിച്ചിട്ടു. അത്‌ ആര്‍ക്കും അറിയാത്തൊരിടത്ത്‌ നിധിനിക്ഷേപമായി മനവളപ്പില്‍ ഇന്നുമുണ്ടെന്ന്‌ നാരായണന്‍ നമ്പൂതിരി..!.
മൂന്നാമത്തെ കുടന്ന, ഇല്ലത്തെ പ്രധാന ഉപാസനാമൂര്‍ത്തിയായ അരിയന്നൂരിലെ ഹരികന്യക ക്ഷേത്രത്തിലേയ്‌ക്കു നല്‍കി. ഈ ക്ഷേത്രത്തിലെ ഊരാളന്‍മാരാണ്‌ ഈ മനക്കാര്‍ ഇന്നും.
പിന്നീട്‌ ആലോചിച്ചപ്പോള്‍ തോന്നിയത്രെ- ദേവിയും ഇല്ലവും സമ്പത്തിന്റെ കാര്യത്തില്‍ സമാസമം..!. അതു പാടില്ലെന്ന നിശ്ചയത്തില്‍, ക്ഷേത്രത്തില്‍ പന്തീരടിപ്പൂജയ്‌ക്കു പതിനെട്ടു പറയ്‌ക്കുള്ള നിവേദ്യവും കൂടി ഏര്‍പ്പാട്‌ ചെയ്‌തു എന്ന്‌ കഥ.

പരശുരാമന്‍ പുറമെനിന്ന്‌ കൊണ്ടുവന്ന 64 ബ്രാഹ്‌മണ കുടുംബങ്ങളെ കുടിയിരുത്തിയ ഗ്രാമങ്ങളിലൊന്നായ ശുകപുരംഗ്രാമത്തില്‍ പെടുന്നതാണ്‌ വടക്കുമ്പാട്ട്‌ മന. പഴയ, അങ്ങാടിപ്പുറവുമായുള്ള സ്ഥലബന്ധം ഇപ്പോഴും മനയില്‍ നടത്തുന്ന പ്രശ്‌നവിചാരങ്ങളില്‍ തെളിഞ്ഞുകാണുമെന്ന്‌ നാരായണന്‍ നമ്പൂതിരി.
പ്രശ്‌നവിചാരങ്ങളെ കുറിച്ചു പറഞ്ഞപാടെ മനയ്‌ക്കു കുറ്റിയടിച്ച തലക്കുളത്തൂര്‍ ഭട്ടതിരിയെ ഓര്‍ത്തു...
അത്യുജ്ജ്വലമായ ജ്യോതിഷപാണ്ഡിത്യത്തിന്റെ ആ കഥ, പാഴൂര്‍ പടിപ്പുരയുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഒരു ആഖ്യാനം മുഴുവന്‍ തികയില്ല, തലക്കളത്തൂരിന്റെ ഇതിഹാസജീവിതം വര്‍ണ്ണിക്കാന്‍..
സ്വജീവിതം ഗണിച്ച്‌, തനിക്കുവരാനിടയുളള പതിത്വം അറിഞ്ഞ ഭട്ടതിരി. ഒടുവില്‍ അതുസംഭവിച്ചപ്പോള്‍ ഒട്ടും അന്ധാളിപ്പില്ലാതെ, തന്റെ രക്തത്തില്‍ കണിയാട്ടിയ്‌ക്കു പിറന്ന മകന്റെ ഗുരുകൂടിയായി പില്‍ക്കാലത്തുമാറി. മകന്റെ ജ്യോതിഷപാണ്ഡിത്യത്തിനു തെറ്റുതിരുത്തും നടത്തി, അദ്ദേഹം അവസാനകാലം പാഴൂര്‍ പടിപ്പുരയില്‍ത്തന്നെ കഴിഞ്ഞു എന്നാണൈതിഹ്യം. മരണശേഷം തന്റെ മൃതദേഹം ഈ പടിപ്പുരയില്‍ അടക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. അതനുസരിച്ച്‌ അദ്ദേഹത്തിന്റെ മൃതശരീരം അവിടെ അടക്കുകയും അതിനുശേഷം പാഴൂരില്‍ പ്രശ്‌നം വയ്‌പ്‌ ആ പടിപ്പുരയിലാവണമെന്ന്‌ നിശ്ചയിക്കുകയും ചെയ്‌തുവത്രെ. പിഴയ്‌ക്കാത്ത ജ്യോതിഷപ്രവചനം കൊണ്ട്‌ പടിപ്പുര പിന്നീട്‌ വിശ്വപ്രസിദ്ധമായെന്ന്‌ ചരിത്രം..

വീണ്ടും വടക്കുമ്പാട്ടിലേയ്‌ക്ക്‌

കണ്ടിയൂര്‍ മഹാവിഷ്‌ണുവിന്റെ മുന്നിലും ആളൂര്‍ പൊന്‍മല ശിവക്ഷേത്രത്തിന്റെ പിന്‍വശത്തുമായാണ്‌ വടക്കുമ്പാട്‌ മനയുടെ സ്ഥാനം. നേര്‍രേഖയില്‍ പിടിച്ചതുപോലെയാണ്‌ ഇവ മൂന്നിന്റേയും നില. മൂര്‍ത്തികളുടെ സഞ്ചാരവും ഈ നേര്‍രേഖയിലൂടെയുണ്ടെന്ന്‌ വിശ്വാസം...!. നടുമുറ്റത്ത്‌, കൈക്കുളങ്ങരഭഗവതി. ഏതോ ഒരു കാലഘട്ടത്തില്‍ ദേവീദാസനായ ഒരു കാരണവര്‍ വിശ്വസിച്ചുപാസിച്ചതിനെ തുടര്‍ന്ന്‌ ഭഗവതി കൂടെ പോരുകയായിരുന്നത്രേ..!. പിന്നെ രക്ഷകദൈവമായ തിച്ചൂര്‍ അയ്യപ്പനും. ഇവിടെ എല്ലാ കൊല്ലവും ഭഗവതിയ്‌ക്ക്‌ കളംപാട്ട്‌ പതിവുണ്ട്‌.
ദാനധര്‍മ്മങ്ങള്‍ക്ക്‌ പേരുകേട്ടമനയാണ്‌ വടക്കുമ്പാട്‌. ഗുരുവായൂര്‍ ശ്രീ കൃഷ്‌ണകോളജിന്‌, മുപ്പത്തിയേഴേക്കര്‍ ഭൂമി നല്‍കിയത്‌ വടക്കുമ്പാട്ട്‌ മനയാണ്‌. കൂടാതെ മറ്റം വനമാതാവിന്റെ ക്രിസ്‌ത്യന്‍ ദേവാലയത്തിനു സ്ഥലം നല്‍കിയ പാരമ്പര്യവും മനയ്‌ക്കുണ്ട്‌. കണ്ടാണശേരി ഹെല്‍ത്ത്‌ സെന്റര്‍ നില്‍ക്കുന്ന പതിനഞ്ചുസെന്റ്‌ സ്ഥലവും മനവക.
ജീവിക്കാന്‍ വേണ്ടതില്‍ കവിഞ്ഞൊന്നും സൂക്ഷിക്കാതെ മറ്റുളളവര്‍ക്കു നല്‍കുക. അതാണ്‌ അന്നും ഇന്നും മനയുടെ പാരമ്പര്യം...!.
ഞങ്ങളുടെ അച്ഛന്റെ കൃഷ്‌ണന്‍ നമ്പൂതിരിയുടെ കാലത്തും ദാനകര്‍മ്മങ്ങള്‍ക്ക്‌ ഏറെ പ്രാധാന്യം ഉണ്ടായിരുന്നുവെന്ന്‌ നാരായണന്‍ നമ്പൂതിരി ഓര്‍ത്തെടുത്തു.
`ഒരു ചുള ചക്കയാണ്‌ കിട്ടിയതെങ്കില്‍, അതു മൂന്നാക്കും. ഒരു ഭാഗം ഇല്ലത്തേയ്‌ക്ക്‌. ഒരു ഭാഗം പക്ഷിമൃഗാദികള്‍ക്ക്‌. മൂന്നാമത്തെ ഭാഗം ആരെങ്കിലും വരികയാണെങ്കില്‍ അവര്‍ക്ക്‌...അതായിരുന്നു അദ്ദേഹത്തിന്റെ നിശ്ചയം..'.
ഇന്നും ഈ രീതിയ്‌ക്കുമാറ്റമില്ല.
പ്രകൃതിസ്‌നേഹിയായ അദ്ദേഹം മനവളപ്പില്‍ ധാരാളം വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിച്ചു. അലഞ്ഞു തിരിയുന്ന കന്നുകാലികള്‍ക്ക്‌ വെള്ളം കുടിക്കാന്‍ തൊട്ടികളും പണികഴിപ്പിച്ചു. ഇതില്‍ വെള്ളംകോരി നിറയ്‌ക്കാന്‍ മാത്രമായി ഒരാളെ ജോലിയ്‌ക്കു നിര്‍ത്തിയിരുന്നു...




ബ്രഹ്മഹത്യാപാപം തടഞ്ഞ ശാസ്‌താവ്‌

അമൂല്ല്യമായ പാതാളാഞ്‌ജനശിലയില്‍ തീര്‍ത്തതാണ്‌ ഹരികന്യകാ വിഗ്രഹം. പന്തടിച്ചുകളിക്കുന്ന ഭാവത്തിലുള്ളത്‌. അരിയന്നൂരിലെ 72 നമ്പൂതിരികുടുംബങ്ങള്‍ക്കു ഊരാഴ്‌മയുള്ള ക്ഷേത്രം. അക്കാലം അരിയന്നൂരിന്‌ അര്‍ദ്ധഗ്രാമം എന്ന സ്ഥാനമുണ്ട്‌. അതില്‍ അധ്യക്ഷസ്ഥാനമായിരുന്നു വടക്കുമ്പാടിന്‌.
ഒരുനാള്‍ ഹരികന്യകാ വിഗ്രഹത്തിന്റെ കൈത്തണ്ട മുറിച്ചെടുത്ത നിലയില്‍ കാണപ്പെട്ടു..!.
കോലാഹലമായി...
ഊരാഴ്‌മയോഗം ചേര്‍ന്നു. സംശയം നീണ്ടത്‌, മേല്‍ശാന്തിയ്‌ക്കു നേരേ. എന്നാല്‍ തെളിവില്ല. വിചാരണ നിശ്ചയിച്ചു. ദിവസവും കുറിച്ചു.
അന്നേദിവസം അധ്യക്ഷതവഹിക്കേണ്ട വടക്കുമ്പാട്ടെ നമ്പൂതിരിക്കു അസൗകര്യം വന്നു ഭവിക്കയാല്‍, യോഗത്തിനെത്താനായില്ല. അധ്യക്ഷനില്ലാതെ യോഗം നടത്താനാവില്ല. യോഗസ്ഥലത്തുനിന്നു മൂന്നുനാലുപേര്‍ മനയ്‌ക്കലെത്തി. അപ്പോള്‍ അവിടെ ഒരാത്തോലും ഉണ്ണിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. യോഗത്തിന്‌ ഉണ്ണിവരട്ടെ..! എന്നായി, വന്നവര്‍. ആത്തോല്‍ ഉണ്ണിയോടു പറഞ്ഞു: പ്രാര്‍ത്ഥിച്ചു പൊയ്‌ക്കോളൂ..!.
അപ്രകാരം ഉണ്ണി, പ്രാര്‍ത്ഥനയോടെ അവരോടൊപ്പം ഹരികന്യകാക്ഷേത്രത്തിലേയ്‌ക്കു തിരിച്ചു. പോകുംവഴി ഒരു കൈത്തോടുകടക്കണം. അതു കടക്കാന്‍ നേരം, കറുത്തമുണ്ടുമുടുത്ത്‌ ഒരാള്‍ വടക്കുനിന്ന്‌ ഓടിവന്നു.
അടുത്തെത്തിയപ്പോള്‍ അയാള്‍ കിതച്ചുകൊണ്ടു പറഞ്ഞു: ഇന്നിനിയിപ്പോള്‍ ഉണ്ണി പോകേണ്ട..!!.
അതുകേട്ട്‌ ഉണ്ണി യാത്ര തുടരാതെ ഇല്ലത്തേയ്‌ക്കു മടങ്ങിപ്പോന്നു.
അന്നു ചേര്‍ന്ന ഊരാഴ്‌മയോഗം നിരപരാധിയായ മേല്‍ശാന്തിയ്‌ക്കു മരണശിക്ഷ വിധിച്ചുവത്രെ. ആ സാധുവിനെ പുകച്ചുകൊല്ലാനായിരുന്നു വിധി..!. അതു നടപ്പിലാക്കുകയും ചെയ്‌തു.
ആ ശാപഫലമായി വടക്കുമ്പാട്‌ ഒഴിച്ചുള്ള മറ്റില്ലങ്ങളെല്ലാം കുറ്റിയറ്റുപോയി എന്നു ചരിത്രം. നാശമില്ലാതെ വടക്കുമ്പാട്‌ പാരമ്പര്യത്തെ കാത്തത്‌ മാറ്റാരുമായിരുന്നില്ല- മനയുടെ രക്ഷകദൈവമായ തായംകാവ്‌ അയ്യപ്പസ്വാമിയായിരുന്നു എന്നാണ്‌ ഇന്നും വിശ്വസിച്ചുവരുന്നത്‌.
`അതുകൊണ്ടുതന്നെ ഞങ്ങള്‍ക്ക്‌ ശബരിമലയ്‌ക്ക്‌ പോകണമെന്നില്ല'- കഥ നിര്‍ത്തിക്കൊണ്ട്‌ നാരായണന്‍ നമ്പൂതിരി ചിരിച്ചു....

ദൈവങ്ങളാല്‍ ചുറ്റപ്പെട്ട്‌, ദൈവങ്ങളാല്‍ സംരക്ഷിക്കപ്പെടുന്ന മനമുറ്റത്ത്‌ എന്തെന്നില്ലാത്ത സുരക്ഷിതബോധവും ശാന്തിയും നിറയുന്നു.
എഴുന്നൂറു വര്‍ഷത്തെ പഴമയില്‍ പുതുമയുടെ കൈയൊപ്പ്‌ അധികമൊന്നും വീഴാത്ത മന, ഇലച്ചാര്‍ത്തുകളുടെ തണുപ്പില്‍ മൂന്നു നിലയില്‍ തലയുയര്‍ത്തി നിന്നു..
ഇവിടെ ഇപ്പോഴും പഴമയുടെ ഓര്‍മ്മക്കുറിപ്പുകളായി ഗൃഹോപകരണങ്ങള്‍ കാണാം. സാമ്പാര്‍ വിളമ്പാനുള്ള മരംകൊണ്ടു തീര്‍ത്ത പാത്രങ്ങള്‍..മരത്തവികള്‍..ചോറുവിളമ്പാനുള്ള പ്രത്യേക ചട്ടുകങ്ങള്‍...
ഓരോ കാഴ്‌ചകളും ആയിരത്താണ്ടുകള്‍ക്കു മുന്‍പുളള, പടിക്കല്‍ പന്തീരായിരമുള്ള മനയുടെ പ്രൗഢി വിളിച്ചോതി.
ഇരുപ്പുമുറിയിലെ വെള്ളപൂശിയ ചുവരില്‍ ഇപ്പോഴും കാണാം, കല്‍വിളക്ക്‌. ഒരു കാലത്ത്‌ ചൈതന്യം പകര്‍ന്നു കത്തിയിരുന്ന ഒന്ന്‌. ചുവരില്‍ അടച്ചു സൂക്ഷിക്കാവുന്ന മരപ്പെട്ടികള്‍..
പടര്‍ന്നു പ്രവൃദ്ധമായി നില്‍ക്കുന്ന മുത്തച്ഛന്‍ മരങ്ങളുടെ തണലില്‍, നിറഞ്ഞ കുളം. ഇവയില്‍ പലതും പ്രകൃതിസ്‌നേഹിയായ അച്ഛന്‍ നട്ടുവളര്‍ത്തിയവയാവാം.....
ഇവിടെ, ഈ പ്രകൃതിയുടെ നിറഞ്ഞ കനിവില്‍ നില്‍ക്കുമ്പോള്‍, വിജ്ഞന്‍മാര്‍ പറഞ്ഞ ജീവിതതത്ത്വം അറിയാതെ ഓര്‍ത്തുപോകും:

യജ്ഞദാനതപഃകര്‍മ്മ ന ത്യാജ്യം കാര്യമേവ തത്‌
യജ്ഞോ ദാനം തപശ്ചൈവ പാവനാനി മനീഷിണാം.

(യജ്ഞം, ദാനം, തപസ്സ്‌ എന്നീ കര്‍മ്മങ്ങളെ ത്യജിക്കരുത്‌. അവനിശ്ചയമായും ചെയ്യപ്പെടേണ്ടവയാകുന്നു. അവ ബുദ്ധിമാന്‍മാര്‍ക്ക്‌ മനഃശുദ്ധിയുണ്ടാക്കുന്നവയാണ്‌.).

-ബാലുമേനോന്‍ എം
ചിത്രം- സുദീപ്‌ ഈയെസ്‌
























No comments:

Post a Comment