Wednesday, May 6, 2015

ശ്രീരാമോപനിഷദ്‌





ഉപനിഷദ്‌ എന്ന വാക്കിന്‌, അടുത്തിരിക്കുക എന്നാണര്‍ത്ഥം. ഈ മനുഷ്യന്റെ അടുത്തിരുന്ന്‌ കഥകള്‍ കേള്‍ക്കുമ്പോള്‍, അതിനു വ്യാഖ്യാനം വേറെ വേണ്ട. മനുഷ്യാവസ്ഥകളുടെ വൈചിത്ര്യങ്ങളില്‍ മുങ്ങിനിവര്‍ന്ന അനുഭവങ്ങള്‍..!
വി.കെ. ശ്രീരാമന്‍ എന്ന വ്യക്തിയില്‍ നിന്നു ഉറന്നൊഴുകുന്ന ഉപനിഷദ്‌ വചനങ്ങള്‍..!.
ജീവിതത്തെ നെഞ്ചോടു ചേര്‍ത്ത മനുഷ്യകഥാഖ്യായിക...
വേണ്ടത്‌ കൊള്ളുക...വേണ്ടാത്തത്‌ തള്ളുക..ഇവിടെ തര്‍ക്കിച്ചു സ്ഥാപിക്കാന്‍ ഒന്നുമില്ല. എല്ലാം നേര്‍ക്കണ്ണില്‍ പതിഞ്ഞ മനുഷ്യാവസ്ഥകള്‍ മാത്രം...

ഇനി പറയുന്ന കാര്യങ്ങളില്‍ ഹൃദയത്തിന്റെ ഭാഷയേ കാണൂ. അതില്‍ അളന്നു മുറിച്ച ഒന്നും കാണുകയില്ല..ക്ഷമിക്കുക.
ഉച്ചവെയില്‍ പരക്കുമ്പോള്‍ തുടങ്ങിയ സംഭാഷണം മുറിക്കുന്നത്‌ തിരക്കുകളായിരുന്നെങ്കിലും, പച്ചയായ മനുഷ്യജീവിതം മാത്രമായിരുന്നു മുമ്പില്‍ അവശേഷിച്ചത്‌. സുഖമുള്ളതൊന്നും കണ്ടേക്കില്ല എന്ന മുന്നറിവോടെ...

കാര്‍ത്തു...

പുരുഷന്റെ കരുത്തും തന്റേടവും ചങ്കൂറ്റവുമായി ജീവിച്ച കാര്‍ത്തു..!.
അതായിരുന്നു കഥകളുടെ തുടക്കം. ജീവിതത്തില്‍ വഴിമാറി നടന്നു വഴികാട്ടിയ ചില പെണ്ണുങ്ങള്‍...
കുന്നംകുളം പഴഞ്ഞി അടയ്‌ക്ക മാര്‍ക്കറ്റിനടുത്ത്‌, മുണ്ടു മാടിക്കുത്തി, ബീഡി വലിച്ചു നിന്ന കാര്‍ത്തു..!.
പിഴപ്പായിരുന്നോ?. അല്ല...ജീവിതമായിരുന്നു..!!.

പെണ്ണിന്റെ അച്ഛന്‍ മകളെ കെട്ടിക്കൊടുമ്പോള്‍, തല്ലിക്കോളൂ...!! എന്ന്‌ കെട്ടുന്നവന്‌ വാക്കാല്‍ അധികാരം കൊടുത്തിരുന്ന ഒരു കാലം..

`` ശിക്ഷിക്കാം വേണ്ടാവയ്‌ക്കങ്ങവയവനിധനം..
ചെയ്‌തിടൊല്ലാ പരീഷ
വൃത്തിയ്‌ക്കങ്ങുള്‍പ്പെടുത്തി അരുതു
പറയോല്ലാ നിന്ദ്യമായുളള വാക്യം
ക്ഷേത്രം കേറ്റൊല്ല സത്യം പറവതിനിടയായുള്ള
വൃത്തിക്കയയ്‌ക്കാ
ഇത്ഥം വേണ്ടുന്ന കാലം പരിചിനൊടിവളെ
രക്ഷചെയ്‌തിടവേണം

ഇത്ഥം രക്ഷിച്ചങ്ങിരിക്കെ സുതരിവളില്‍
ജനിച്ചെത്രയുണ്ടാകിനാലും
ചിത്തേ വേണ്ടെന്നുതോന്നീലിവളുടെ
അഖിലാര്‍ത്ഥങ്ങളോടൊത്തുവന്ന്‌
ബന്ധം തീര്‍ത്തീടിലേക്കായ്‌ ഇതിനുടെ
വിപരീതത്തിലാജീവനാന്തം
ബാധ്യസ്ഥര്‍ രക്ഷചെയ്‌വാന്‍ ഇരുസഭയറിയേ
ബോധ്യമാക്കീട്ടെടുത്തേന്‍''

നിശ്ചയസമയത്ത്‌ കല്ല്യാണച്ചെക്കന്റെ വീട്ടുകാര്‍ വച്ചു നീട്ടുന്ന പണക്കിഴി സ്വീകരിക്കുമ്പോള്‍ പെണ്‍കുട്ടിയുടെ അച്ഛന്‍, ഇങ്ങിനെ വാമൊഴി നല്‍കിയിരുന്നു. കുന്നംകുളത്തെ ഈഴവര്‍ക്കിടയില്‍ നിലനിന്ന ഒരാചാരം...!. കുട്ടികളെത്രയുണ്ടായാലും അവളെ വേണ്ടെന്നു തോന്നുകില്‍ തിരിച്ചേല്‍പ്പിച്ചോളാനും ഇതില്‍ വ്യവസ്ഥ..!.

അപ്പോളും കുന്നംകുളത്തെ പുരുഷകേസരികളുടെ ഷര്‍ട്ടിന്റെ കോളറില്‍ കാര്‍ത്തു കുത്തിപ്പിടിച്ചു. തല്ലി, തോന്ന്യാസം പറഞ്ഞവനെ!. അവള്‍ ഷര്‍ട്ടും പാന്റുമിട്ടു നടന്നു. ചാരായം വാറ്റി..കുടിച്ചു...കൂലിത്തല്ലിനു പോയി..!. തലയില്‍ക്കെട്ടുകെട്ടി ചുണ്ടില്‍ ബീഡിയുമായി സൈക്കിള്‍ ചവിട്ടി..!!.
പെണ്ണായി പിറന്ന കാര്‍ത്തു എങ്ങിനെ `ആണൊരുത്തി'യായി..?. അത്‌ ഒരു കഥയാണ്‌ `വേറിട്ടകാഴ്‌ചകളില്‍'പ്പെടുന്ന ഒന്ന്‌...

കാലിക്കച്ചവടക്കാരനായ കുമാരനായിരുന്നു അച്ഛന്‍. അമ്മ തങ്ക. കാലിമേച്ചുമേച്ച്‌ അച്ഛന്‍ മറ്റൊരുത്തിക്കു കൂടെ പോയി..
അന്ന്‌ മൂന്നു വയസ്സ്‌, കാര്‍ത്തുവിന്‌.
പ്രസവാവശതയിലും തങ്ക പാടത്തു പണിക്കുപോയി. കഞ്ഞിയ്‌ക്കുവകയില്ല. ഒരു ദിവസം വരുമ്പോള്‍, കുഞ്ഞിനെ ഉറുമ്പു പൊതിഞ്ഞിരിക്കുന്നു..!. ഒരു മിടിപ്പു മാത്രം..
തങ്ക, ഒട്ടും സംശയിക്കാതെ കുഞ്ഞിനെ പൊതിഞ്ഞെടുത്ത്‌ സ്വന്തം വീട്ടിലേയ്‌ക്കു മടങ്ങി. അമ്മയെ ഏല്‍പ്പിച്ച്‌ പറഞ്ഞു: ഇനി ഞാനയാളുടെ അടുത്തേക്കില്ല..!.
പിന്നെ അമ്മമ്മയുടെ സംരക്ഷണയില്‍ കാര്‍ത്തു വളര്‍ന്നു. അമ്മ എല്ലുമുറിയെ പണിതു. സ്‌കൂളിലയച്ചു. കഞ്ഞിയും ഉപ്പുമാവും. അവള്‍ ചിലപ്പോള്‍ പോയി..ചിലപ്പോള്‍ പോയില്ല. ആരും അന്വേഷിച്ചില്ല..പറഞ്ഞുമില്ല. സ്‌കൂളിനടുത്തുളള ചക്കുന്താന്‍ പോയി പലപ്പോളും. അവിടെ നിന്നു കഞ്ഞിയും ഉണക്കമീനും കിട്ടി..
അതിനിടെ കല്‍മടയില്‍ പണിക്കുവന്ന കുമാരേട്ടനെ അമ്മ കെട്ടി.
സ്‌നേഹവും കരുതലും എന്തെന്നറിയാതെ കാര്‍ത്തു നടന്നു..വളര്‍ന്നു..
ചക്കുടമ ചക്കമ്മുവിന്റെ ഭര്‍ത്താവിനൊപ്പം ചീട്ടുകളിക്കെത്തുന്നവര്‍ വലിച്ചെറിഞ്ഞ ബീഡിക്കുറ്റികള്‍ പെറുക്കി വലിച്ചു. അതിന്റെ മണവും രുചിയും തലച്ചോറിനെ മത്തുപിടിപ്പിച്ചു..
അമ്മമ്മയാണ്‌ മുടികെട്ടിക്കൊടുമ്പോള്‍ കണ്ടു പിടിച്ചത്‌- ബീഡിമണം!. നീ വീഡി വലിക്കോടീ പെണ്ണേ..?!.
നടുമ്പുറത്ത്‌ ഊക്കനൊരടി. അമ്മാമനാണ്‌. വടികൊണ്ട്‌. ഒന്നല്ല പിന്നേയും പിന്നേയും...
അമ്മമ്മ ഇടപെട്ട്‌്‌ വടിപിടിച്ചുവാങ്ങി: `തന്തേം തള്ളേം ഇല്ല്യാത്ത പോലാ അതു വളരണത്‌. ഇത്രേം കാലത്തിനുള്ളില്‍ ഒരു മുട്ടായി വാങ്ങിക്കൊടുത്തിട്ടുണ്ടോ നിങ്ങളാരെങ്കിലും..? തിന്നോ കുടിച്ചോന്ന്‌ അന്വേയിച്ചിട്ടുണ്ടാ..?. പിന്നെ ശിക്ഷിക്കാന്‍ വന്നേട്‌ക്ക്‌ണ്‌..!!'. അമ്മമ്മയുടെ അലര്‍ച്ച കാര്‍ത്തൂന്‌ ഓര്‍മ്മയുണ്ട്‌.
അവര്‍ക്ക്‌ ആ വേദനയുണ്ടായിരുന്നു; തലയിലൊന്ന്‌ തലോടി, ഒരു നല്ലവാക്ക്‌ ആ കുട്ടിയോട്‌ ആരും പറഞ്ഞിട്ടില്ല!.
അടികൊണ്ട അവള്‍ വീടുവിട്ടിറങ്ങി. ആരും അന്വേഷിച്ചില്ല.
പിന്നെ, പന്ത്രണ്ടാംവയസ്സു മുതല്‍ കാര്‍ത്തു നടന്നത്‌ സ്വന്തം വഴിയ്‌ക്ക്‌...
എനിക്കു പറയാന്‍ മുന്നും പിന്നും നോക്കേണ്ടതില്ല. ഞാനധികവും ജീവിതത്തില്‍ പെരുമാറീട്ടുളളത്‌ ആണുങ്ങളോടാണ്‌. പെണ്ണുങ്ങള്‍ക്ക്‌ എന്നെ പേടിയായിരുന്നു..
അങ്ങിനെ നടന്നതിന്‌ കാരണമൊന്നും യ്‌ക്ക്‌ നിശ്ശല്ല്യ..
എങ്ങനെയാ നടക്കേണ്ടതെന്ന്‌ പറഞ്ഞു തരാനോ ഗുണദോഷിക്കാനോ സ്‌നേഹിക്കാനോ ആരുമുണ്ടായിരുന്നില്ല..അപ്പോ യ്‌ക്ക്‌ തോന്ന്യ വഴിക്ക്‌ ഞാന്‍ നടന്നു..അത്രേന്നെ..!!.
കാര്‍ത്തുവിനെ പിന്നെ നാം കാണുന്നത്‌ മറ്റൊരു രൂപത്തില്‍.
കോയമ്പത്തൂരില്‍ വീട്ടുജോലിക്കെന്ന പേരില്‍ വേശ്യാലയത്തില്‍ വിറ്റു...
`അവിടെ ഞാന്‍ പലര്‍ക്കും കീഴടങ്ങി....'
ഒരു ദിവസം പൊലീസ്‌ റെയ്‌ഡില്‍ ഞങ്ങളെ അറസ്‌റ്റ്‌ ചെയ്‌തു. കോടതിയില്‍ നിന്നു ജാമ്യത്തിലിറക്കാന്‍ ആരുമില്ല..
കോയമ്പത്തൂര്‍ യാത്രയാണ്‌ എന്നെ തകര്‍ത്തത്‌.- കാര്‍ത്തു പറഞ്ഞതായി ശ്രീരാമന്‍.
ഒരു മാസത്തെ തടവുകഴിഞ്ഞിറങ്ങുമ്പോഴേയ്‌ക്കും കഴുകന്‍മാരെത്തി..
ഞാന്‍ വഴങ്ങിയില്ല. മലയാളിയായ ഒരു പൊലീസുകാരന്‍ എന്നെ തൃശൂര്‍ക്കു ബസ്സു കയറ്റി..
നാട്ടിലെത്തിയ കാര്‍ത്തു, ജീവിതം പലപല ജോലികള്‍ ചെയ്‌ത്‌ കെട്ടിപ്പടുത്തു. കല്ലുവെട്ടാംമടയിലെ കൂട്ടുകാരിയായ സുലുവിനെ കൂടെ കൂട്ടി.
ഭാര്യയും ഭര്‍ത്താവും സുഹൃത്തും എല്ലാം അവളായി. അമ്മ രണ്ടാം ഭര്‍ത്താവിനെ കണ്ടെത്തിയ അതേ കല്ലുവെട്ടാംമടയില്‍ നിന്നും..!.
ഒരു പെണ്ണിന്‌ ആണ്‍...?
പെണ്ണിന്‌ പെണ്ണ്‌ മതി. അത്‌ ഞാന്‍ കോയമ്പത്തൂരിലെ സ്‌ത്രീ ജയിലില്‍ നിന്നു പഠിച്ചു. പെണ്ണും പെണ്ണും തമ്മിലാവാം...!!.
കാര്‍ത്തുവും സുലുവും ഒരു കുഞ്ഞിനെ `വാങ്ങി'. സുലുവിന്റെ വകയിലെ.
അവന്‍ വളര്‍ന്നു വലുതായി..ഞങ്ങളെ വിട്ടുപോയി...
അമ്മയുടെ രണ്ടാം വിവാഹത്തിലെ പെണ്‍കുട്ടിയുടെ കല്ല്യാണം, കാര്‍ത്തുവാണ്‌ നടത്തിക്കൊടുത്തത്‌. സ്വന്തം അധ്വാനം കൊണ്ടുണ്ടാക്കിയ സ്ഥലവും പുരയിടവും വിറ്റ്‌...!!.
അവള്‍ക്കും പിന്നീട്‌ കണ്ണില്‍ പിടിക്കാതായി എന്ന്‌ കാര്‍ത്തു.
ഒറ്റയ്‌ക്ക്‌ ജീവിതത്തെ നേരിട്ട ഒരു സ്‌ത്രീ...വെറും കൈയോടെ..!.
അമ്പത്തഞ്ചാം വയസ്സില്‍ മരിച്ചു.
`അവര്‍ ഇവിടെ വന്നിട്ടുണ്ട്‌...എന്റെ വീട്ടില്‍. അന്ന്‌ പല വര്‍ണ്ണങ്ങളുള്ള ഒരു ടര്‍ക്കി പുതച്ചിരുന്നു. അവരുടെ ദൃഷ്ടിയില്‍ ഏറ്റവും മഹത്തരം...!.'
സ്‌നേഹമുളള സ്‌ത്രീയായിരുന്നു...മറ്റെല്ലാവരേയും പോലെ..
എന്റെ മകള്‍ക്ക്‌ ഹസ്‌തദാനം ചെയ്‌തു..
രണ്ടാള്‍ക്കും അത്ഭുതമായി...!!.

ശ്രീരാമന്‍ നിര്‍ത്തി. പിന്നെ, പറഞ്ഞു: സ്‌ത്രീയുടെ സ്വാതന്ത്ര്യപ്രഖ്യാപനമാണ്‌ ഞാന്‍ കണ്ടത്‌..
ഇന്നറിയുന്ന സ്‌ത്രീ സ്വതന്ത്ര്യമല്ല അത്‌. അവരുടെ ഉള്ളിലെരിയുന്ന കനലിനെയാണ്‌ നാം പിന്‍തുടരേണ്ടത്‌..
ഇരുട്ടിലേക്കിറങ്ങി, അവര്‍ അവിടെ വെളിച്ചം കാണിച്ചു..
ഇന്നു കാണുന്ന, സ്വന്തം സുഖത്തിനു വേണ്ടിയുള്ള, മുറവിളിയായിരുന്നില്ല അവരുടേത്‌...
വേദാന്തമോ അക്കാദമിക്ക്‌ യോഗ്യതകളോ അവര്‍ക്കില്ലായിരുന്നു...ജീവിതമാണ്‌ അവരെ പഠിപ്പിച്ചത്‌.
ഇത്തരം ജീവിതസന്ധികളാണ്‌ എന്നെ ആകര്‍ഷിച്ചത്‌, എപ്പോഴും.
അല്ലെങ്കില്‍, ശാരദയുടെ ജീവിതം നോക്കൂ...

പുറത്ത്‌ മൂക്കുന്ന വെയിലിനേക്കാള്‍ ചൂട്‌, മനുഷ്യാവസ്ഥകളുടെ ഉപനിഷദ്‌ സൂക്തങ്ങള്‍ ഞങ്ങളില്‍ നിറച്ചുകൊണ്ടിരുന്നു.
ആ ഉഷ്‌ണത്തില്‍, ശാരദയെക്കുറിച്ചു പറഞ്ഞു..

ഒറ്റപ്പാലത്തുകാരി സാധാരണ പെണ്‍കുട്ടി. കൂട്ടുകാരികള്‍ക്കൊപ്പം വീട്ടിനടുത്തുള്ള ഗ്ലൗസ്‌ നിര്‍മ്മാണ കമ്പനിയില്‍ ജോലിക്കു പോകുന്നു. ഒഴിവുസമയത്ത്‌ തയ്യലും. അമ്മയും ജ്യേഷ്‌ഠനും ഭാര്യയും കുട്ടികളുമടങ്ങുന്ന കുടുംബം.
അല്ലലൊന്നുമില്ല. എല്ലാ നാടന്‍ പെണ്‍കുട്ടികളേയും പോലെ കൊച്ചുകൊച്ചു സ്വപ്‌നങ്ങളുമായി ജീവിച്ച ശാരദയെ, അസാധരണ സ്വപ്‌നത്തിലേയ്‌ക്ക്‌ പിടിച്ചിറക്കിയത്‌, ചോറുപൊതിഞ്ഞു കൊണ്ടുവന്ന ഒരു വര്‍ത്തമാനപത്രക്കടലാസ്‌...!.
ഉച്ചയൂണിന്റെ ഇടവേളയില്‍, ശാരദ ചോറുപൊതിഞ്ഞുകൊണ്ടുവന്ന വര്‍ത്തമാനപത്രം നിവര്‍ത്തി വായിച്ചു. അതില്‍ കണ്ട ഒരു പരസ്യം ഇങ്ങിനെയായിരുന്നു-

`കൈകാലുകള്‍ തളര്‍ന്ന്‌ നില്‍ക്കുവാനോ നടക്കുവാനോ ശേഷിയില്ലാത്ത നാല്‍പ്പതുകാരന്‌ ജീവിത സഖിയെ ആവശ്യമുണ്ട്‌. ജാതിയും ജാതകവും പ്രശ്‌നമല്ല..'
ബോക്‌സ്‌ നമ്പറും.

ഏണീറ്റു നില്‍ക്കാന്‍ വയ്യാഞ്ഞിട്ടും കെട്ടാന്‍ പൂതി- കളിയാക്കി ചിരിച്ചത്‌ കൂട്ടുകാരി റസിയ. അതിലിടപെട്ട്‌ കൂട്ടുകാരിയായ അമ്മു- സ്വന്തം വീട്ടിലാണ്‌ ഇതെങ്കില്‍ നീ ഇങ്ങിനെ ചിരിക്കുമോ എന്ന ചോദ്യവുമായി..
ശാരദ അസ്വസ്ഥയായി.
അന്നു മടങ്ങുമ്പോള്‍, അവള്‍ ഒരു ഇന്‍ലന്റ്‌ വാങ്ങി. രാത്രി ചിമ്മിണി വിളക്കിന്റെ വെളിച്ചത്തില്‍ അവള്‍ ഇങ്ങിനെ എഴുതി:
`പത്രത്തിലെ പരസ്യം കണ്ടു. അതില്‍ പറഞ്ഞിരിക്കുന്ന ആളെ വിവാഹം കഴിക്കാന്‍ സമ്മതമാണ്‌. കൂടുതല്‍ വിവരങ്ങളറിയാന്‍ താത്‌പര്യമുണ്ട്‌.'
എഴുതിത്തീര്‍ന്നപ്പോള്‍, ദീര്‍ഘകാലം രോഗശയ്യയില്‍കിടന്ന്‌ മരിച്ച അച്ഛന്റെ ഓര്‍മ്മ അവളില്‍ നിറഞ്ഞു..
നീലക്കടലാസ്‌ കൈയിലിരുന്നു വിറച്ചു..രണ്ടിറ്റു ചുടുകണ്ണീര്‍ അതിലേയ്‌ക്ക്‌ അടര്‍ന്നുവീണു..
അമ്മയോടു തന്റെ തീരുമാനം പറഞ്ഞപ്പോള്‍ വേദനിച്ചു, കരഞ്ഞു..
`ഇങ്ങിനെ ഒരാളെ ശുശ്രൂഷിക്കാച്ചാല്‍, അതിലും വല്യേ കല്ല്യാണല്ല്യ'- ശാരദയുടെ വാക്കുകള്‍ കല്ലിനേക്കാള്‍ ഉറപ്പായിരുന്നു..
കത്തിനു മറുപടിവന്നു. പതിവു ചടങ്ങുപോലെ ചെക്കനു വന്നുകാണാനാവില്ല.
കുന്നംകുളത്താണ്‌ പ്രേമന്റെ വീട്‌. അവിടെ വന്നു കണ്ടു സംസാരിക്കാനാണ്‌ കത്ത്‌..
സഹോദരനൊപ്പം പ്രേമന്റെ വീട്ടിലെത്തുമ്പോള്‍, അയാള്‍ മുമ്പിലിരിക്കുന്നുണ്ട്‌..
അകത്ത്‌ രണ്ടു സഹോദരിമാര്‍. അവര്‍ക്കു നടുവില്‍ ശാരദയിരുന്നു. അവര്‍ ചിരിച്ചു. പക്ഷെ, ഒന്നും പറഞ്ഞില്ല- വിവരങ്ങള്‍ തിരക്കിയറിയാന്‍ ശാരദയ്‌ക്കും ജാള്യം. പ്രേമന്റെ അച്ഛന്‍ പെങ്ങളാണ്‌ സംസാരിച്ചത്‌- അമ്മിണി. അടുക്കളയില്‍ ചായയിടാന്‍ ശാരദയും അവര്‍ക്കൊപ്പം ചെന്നു.
അവര്‍ സഹായിക്കില്ലേ..? ശാരദ ചോദിച്ചുപോയി..
അവര്‌ എന്തു സഹായിക്കാനാ മോളേ..? രണ്ടാളേയും രാവിലെ ചൂടുവെള്ളം വച്ച്‌ കുളിപ്പിച്ച്‌ കുപ്പായം മാറ്റി ഞാന്‍ തന്നെ താങ്ങിക്കൊണ്ടുവന്നിരുത്തിയതാണ്‌..!.
ശാരദയുടെ നെഞ്ചില്‍ തീയാളി..
പരസഹായമില്ലാതെ ഒന്നും ചെയ്യാനാവാത്ത മൂന്നു സഹോദരങ്ങള്‍..!!.

2002 ഫെബ്രുവരി 15നായിരുന്നു വിവാഹം. ശാരദയും വീട്ടുകാരും പ്രേമന്റെ വീട്ടിലെത്തി. താലികെട്ടാന്‍ പ്രേമന്റെ തളര്‍ന്ന കൈകള്‍ അമ്മിണി ഉയര്‍ത്തിക്കൊടുത്തു.
ആ നിസ്സഹായതയ്‌ക്കു മുന്നില്‍ ശാരദ കാരുണ്യപൂര്‍വ്വം തലകുനിച്ചു..
ചെറിയൊരുസദ്യ. അതു കഴിഞ്ഞ്‌ വീട്ടുകാര്‍ മടങ്ങുമ്പോള്‍, പ്രാണസുഹൃത്തായ സുലൈഖയെ പിടിച്ച്‌ ശാരദ കരഞ്ഞു...
നിന്റെ ഒരു ഫോട്ടോ അയച്ചു തരണം. ഒരു ധൈര്യത്തിന്‌ എന്ന്‌ പറഞ്ഞ്‌ മുഖം പൊത്തി..
ആ കൈകള്‍ പിടിച്ചു മാറ്റി സുലൈഖ പറഞ്ഞു: ഈ ലോകം മുഴുവന്‍ കാണേണ്ട മുഖമാണ്‌ അന്റേത്‌. അതാ നീ പൊത്തിപ്പിടിക്കണ്‌..?.
ജീപ്പു നീങ്ങുമ്പോള്‍, മറ്റൊരു പെണ്ണിനും കാണാത്ത തേജോമയമായ കണ്ണുകളോടെ സുലൈഖ അവളെ നോക്കി എന്നിടത്ത്‌ ഈ കഥ അവസാനിക്കുന്നു..

ജീവിതം ആഘോഷിക്കൂ എന്നീ പരസ്യമേളങ്ങള്‍ക്കിടയിലാണ്‌ നമ്മള്‍ ഇന്ന്‌ സ്‌ത്രീകളെ കാണുന്നത്‌. അതിനിടയില്‍ നിന്നും ഇറങ്ങിവന്നു ഇവര്‍. ഇത്‌ സ്‌ത്രീസ്വാതന്ത്ര്യമായി ഞാന്‍ അംഗീകരിക്കുന്നു. ദയ, കാരുണ്യം, സ്‌നേഹം എന്നിവ സ്‌ത്രീയോളം പുരുഷനു പറ്റില്ല. പ്രകൃതി അവളെ സൃഷ്ടിച്ചിരിക്കുന്നത്‌ അങ്ങിനെയാണ്‌. താദാത്മ്യം പ്രാപിക്കാനാവുക എന്നത്‌ സ്‌ത്രീയ്‌ക്കു മാത്രമുള്ള സിദ്ധിയാണ്‌. ഇങ്ങിനെയുളളവരുടെ കൂടെ ജീവിക്കുന്നതാണ്‌ എന്റെ ശക്തി- ശ്രീരാമന്‍ പറഞ്ഞു. അപ്പോള്‍ ചിലച്ച സ്‌മാര്‍ട്ട്‌ ഫോണ്‍, ഉപനിഷദ്‌ പ്രവാഹത്തിന്‌ ഒരു ചെറിയഇടവേളയായി.

ഇവര്‍ക്ക്‌ ഇതിനു പ്രേരണയെന്ത്‌ എന്ന മുഖവുരയോടെ വീണ്ടും തുടങ്ങുമ്പോള്‍, ആത്മഗതം കേട്ടു: ദൈവവിളി എന്നൊക്കെ പറയാം...തികഞ്ഞ മനുഷ്യത്വം തന്നെ...!. സ്‌നേഹിക്കാന്‍ പുരുഷനേക്കാള്‍ സ്‌ത്രീക്കാണു സാധിക്കുക. ജൈവപരമായി അതങ്ങിനെയാണ്‌..
പെട്ടെന്ന്‌, ഭാനുമതി ടീച്ചറുറെ ഓര്‍ത്തു...
തൃശൂരിലെ ശ്രീ കേരളവര്‍മ്മ കോളജിലെ ഭാനുമതി ടീച്ചറുടെ ജീവിതം അങ്ങിനെയൊന്നാണ്‌.
കുടുംബത്തിലെ മാനസികതകരാറുളള രണ്ടു സഹോദരങ്ങളെ നോക്കി ജീവിതം കഴിച്ച അമ്മയുടെ സ്ഥാനത്തേയ്‌ക്കു വളരുകയായിരുന്നു ഡോ. ഭാനുമതി എന്ന സുവോളജി അധ്യാപിക. അവര്‍ സ്വയം വേദനകള്‍ ഏറ്റുവാങ്ങിയ അമ്മയായി മാറുന്ന കാഴ്‌ച..
പിന്നെ ഇത്തരം കുട്ടികളെ-മുതിര്‍ന്നവരേയും- പരിപാലിക്കാന്‍ AMHA (association for mentally handicaped adults) എന്ന സ്ഥാപനം സ്ഥാപിക്കുന്നു. ജീവിതത്തില്‍ കുട്ടികള്‍ വേണ്ടെന്ന ഉറച്ച തീരുമാനത്തോടെ...!.

കുടുംബത്തിലെ രണ്ടാണ്‍കുട്ടികള്‍- അവരെ ഓര്‍ത്ത്‌ അമ്മയുടെ നീറുന്ന കണ്ണുനീര്‍ തോരാതെ കണ്ടിട്ടാണ്‌ അവര്‍ വളര്‍ന്നത്‌. മാനസിക വൈകല്ല്യമുളള അവരെ നോക്കിവളര്‍ത്താനുള്ളതായിരുന്നു അമ്മയുടെ ജീവിതം. അച്ഛന്‍ ഉദ്യോഗവും മറ്റുകാര്യങ്ങളുമായി കുടുംബകാര്യങ്ങളില്‍ നിന്നകന്നു നടന്നു. വീട്ടില്‍ പണമുണ്ടായിരുന്നു. പക്ഷെ, ഇങ്ങിനെയുളള കുട്ടികളെ നോക്കാന്‍ മറ്റുള്ളവര്‍ക്ക്‌ ഈ സൗകര്യം ഉണ്ടാവണമെന്നില്ല എന്നത്‌ ഭാനുമതിയെ ചിന്തിപ്പിച്ചു. വിദ്യാഭ്യാസകാലത്തു തന്നെ തീരുമാനം എടുത്തു-ഈ ജീവിതത്തില്‍ വിവാഹമില്ല...!.
1997ലാണ്‌ എന്റെ ഒരു സഹോദരന്‍ മരിച്ചത്‌. എന്റെ മടിയില്‍ കിടന്ന്‌. അത്‌ എനിക്കുണ്ടാക്കിയ ഷോക്ക്‌ നിസാരമല്ല. വേണ്ടത്ര വൈദ്യപരിചരണം കിട്ടാതെയായിരുന്നു മരണം..
ഞാന്‍ തളര്‍ന്നു. പണം മാത്രം പോരാ..ഇങ്ങിനെയുള്ളവര്‍ക്ക്‌ പ്രത്യേക പരിചരണം തന്നെ വേണമെന്ന തിരിച്ചറിവ്‌.
ഗവേഷണ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍, അടുപ്പത്തിലായ സലീഷ്‌ പിന്നെ ജീവിതത്തിലേയ്‌ക്ക്‌ ക്ഷണിച്ചു. സിഎ ക്കാരന്‍ നല്ല സാമ്പത്തികമുള്ള ജോലി.
ടീച്ചര്‍ തുറന്നു പറഞ്ഞു- അങ്ങിനെയൊരു ജീവിതമില്ല..!.
പിന്‍മാറാതെ നിന്ന സലീഷിനു മുമ്പില്‍ അവര്‍ ഉറച്ച ഒരു നിബന്ധനവച്ചു- നമ്മള്‍ക്ക്‌ കുട്ടികള്‍ ഉണ്ടാവരുത്‌..!!.
കഠിനമായ ആ തീരുമാനം സലീഷ്‌ അംഗീകരിച്ചു...!.
പിന്നീടങ്ങോട്ടുളള ത്യാഗസുരഭിലമായ ആ ജീവിതത്തില്‍, ഇരുവരുമായി താങ്ങും തുണയും..
പണമുണ്ടായിട്ടും സഹോദരനെ വേണ്ടത്ര പരിചരിക്കാന്‍ കഴിഞ്ഞില്ലെന്നത്‌ കണ്ണു തുറപ്പിച്ച സംഗതിയായിരുന്നു...
സലീഷും വലിയ വരുമാനമാര്‍ഗ്ഗം വിട്ട്‌ ഭാനുമതിയോടൊപ്പം ചേര്‍ന്ന്‌, ഇന്ന്‌ നൂറോളം രോഗികള്‍ക്ക്‌ അച്ഛനാകുന്നു രക്ഷിതാവാകുന്നു..
തൃശൂരിലെ എല്‍ത്തുരുത്തിലുള്ള സ്ഥാപനത്തിലെ അശരണര്‍ക്കു വേണ്ടിയായിരുന്നു ഇവര്‍ ജനിച്ചത്‌.. ഒന്നിച്ചായത്‌..ഒന്നിച്ചു ജീവിക്കുന്നത്‌. മറ്റൊന്നിനുമായിരുന്നില്ല..!.

ശൈശവത്തിന്റെ ആദ്യപാദത്തില്‍ മനസ്സിലുറയ്‌ക്കുന്ന കാര്യങ്ങളാണ്‌ മനുഷ്യന്റെ ജീവിതം നിര്‍ണയിക്കുന്നത്‌. ഇതില്‍ തൊണ്ണൂറുശതമാനവും മാറ്റാനാവാത്തതാണ്‌- മെമാറ്റിക്‌സ്‌ അങ്ങിനെ വ്യക്തമാക്കുന്നു. ഇങ്ങിനെ `ഫിക്‌സ്‌' ചെയ്യപ്പെട്ട കാര്യങ്ങളാകാം പിന്നീട്‌ വളരുമ്പോള്‍ ഈ രീതിയിലുള്ള തീരുമാനങ്ങള്‍ക്കൊക്കെ കാരണമാകുന്നത്‌. പക്ഷെ, ഒന്നുണ്ട്‌- ലോകത്തിനെ, ജൈവപ്രകൃതിയെ സ്‌നേഹത്തിലൂടെ തിരിച്ചു പിടിക്കാന്‍ കഴിയുന്നത്‌ സ്‌ത്രീയ്‌ക്കു മാത്രമാണ്‌..പുരുഷനു ബലംവേണ്ടിവരും..
ഇത്രയും പറഞ്ഞ്‌ അദ്ദേഹം മറ്റൊരു ജീവിതം കാട്ടിത്തന്നു:

കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ നൂറോളം രോഗികള്‍ക്ക്‌ വെച്ചുവിളമ്പുന്ന ഒരു സാധാരണക്കാരിയായ വീട്ടമ്മയുടെ- അനില.
മെഡിക്കല്‍ കോളജിലെ പ്ലംബര്‍ ബാലചന്ദ്രന്റെ ഭാര്യയും മൂന്നു കുട്ടികളുടെ മാതാവുമായ സാധരണക്കാരില്‍ സാധാരണക്കാരിയായ ഇവര്‍ വേദാന്തസാരമെന്തെന്ന്‌ ജീവിച്ചു കാണിച്ചുതരുന്നു..
മനുഷ്യന്റെ കണ്ണീരൊപ്പുക...സഹാനുഭൂതി...!.

മഴക്കാലമായാല്‍ വയനാട്ടില്‍ നിന്നുമവരെത്തും. രോഗങ്ങള്‍ വലയ്‌ക്കുമ്പോള്‍ -കാടിന്റെ മക്കള്‍. സൗജന്യ ചികിത്സാ..സര്‍ക്കാര്‍ സഹായം, കാന്റീന്‍ എന്നൊക്കെ വിശ്വസിച്ച്‌..
പക്ഷെ, മെഡിക്കല്‍ കോളജിലും പണമില്ലാതെ ഒന്നും നടക്കില്ലെന്നറിയുന്നതോടെ ആ നിഷ്‌കളങ്കര്‍ അന്ധാളിക്കുന്നു..കരഞ്ഞിട്ടെന്ത്‌..?
അവര്‍ റോഡിലിറങ്ങി ഇരക്കും..പൈസയ്‌ക്കും ഭക്ഷണത്തിനും. വിറയ്‌ക്കുന്ന രോഗാതുര ശരീരവുമായി..
അവരുടെ വിശപ്പ്‌ അനിലയുടെ ഉള്ളിലെ സ്‌നേഹത്തിന്റെ ജ്വാല ഊതിക്കത്തിക്കുകയായിരുന്നിരിക്കണം...
അവള്‍, നിത്യേന ആശുപത്രിയിലെത്തി; ക്വാര്‍ട്ടേഴ്‌സില്‍ വെച്ചുണ്ടാക്കിയ ചോറും കറിയുമായി..
അശരണരും അഗതികളുമായ നൂറോളം രോഗികള്‍ക്ക്‌ അനിലയും ഭര്‍ത്താവ്‌ ബാലചന്ദ്രനും നിത്യേന വെച്ചുവിളമ്പുന്നു- ഒരു കൈ സഹായം ആരോടും ചോദിക്കാതെ. എയ്‌ഡ്‌സ്‌ രോഗികളേയും മാനസിക രോഗികളേയും കരുണയുടെ കൈനീട്ടി പരിചരിച്ചു. ആശുപത്രി ജീവനക്കാര്‍ വരെ അറച്ചുമാറിനിന്ന വ്രണങ്ങള്‍ കഴുകിക്കെട്ടി..
പുഴുവരിക്കുന്ന ഒരു മുറിവ്‌ കഴുകിക്കെട്ടുന്നതു കണ്ട താന്‍ പിന്നീട്‌ കുറെ ദിവസം ഊണുകഴിക്കാന്‍ വിഷമിച്ചുവെന്ന്‌ ശ്രീരാമന്റെ സാക്ഷ്യം...!.
ഒരു ദിവസം ഓടയില്‍ വീണുകിടന്ന യുവാവിനെ കണ്ടത്‌, അനിലയാണ്‌. താടിയും മുടിയും കാടുപിടിച്ച്‌...
അവന്‌ ചായയും പഴം പൊരിയും വാങ്ങിക്കൊടുത്തു. അവന്‌ മിണ്ടാന്‍ വയ്യായിരുന്നു..ഓര്‍മ്മയും മറഞ്ഞിരുന്നു..
അവനു മുടിവെട്ടിക്കൊടുത്തു..കൂടെക്കൂട്ടി അവര്‍..
അങ്ങിനെ പലരേയും-ആശ്രയമില്ലാത്തവര്‍.
ആന്ധ്രയില്‍ നിന്നുള്ള ശ്രീധര്‍ ശങ്കര്‍, ഒരു കൈ സ്വയം മുറിച്ചു കളഞ്ഞ മഹാരാഷ്‌ട്രക്കാരന്‍ വിജയ്‌ കുമാര്‍ അങ്ങിനെഅങ്ങിനെ...
ദീനര്‍ സേവാട്രസ്‌റ്റ്‌ ഇവരുടെ ഭവനം തന്നെയാണ്‌. തങ്ങളുടെ മൂന്നുമക്കള്‍ക്കും ഇവരേയും കുടുംബാംഗങ്ങളായി കാണാന്‍ കഴിയുന്നു എന്നതില്‍ ഈ ദമ്പതിമാര്‍ക്ക്‌ അഭിമാനം.
ഈ കാലയളവില്‍ പല സൊസൈറ്റികളും സഹായ വാഗ്‌ധാനവുമായി വന്നു. അവര്‍ക്കുവേണ്ടത്‌ ബാനറായിരുന്നു.
അനിലയും ബാലചന്ദ്രനും സഹായങ്ങള്‍ നിരസിച്ചു. വീട്ടില്‍ നിന്ന്‌ തലച്ചുമടായി ഭക്ഷണവും കൊണ്ട്‌ ആശുപത്രിയില്‍ എത്തിയ ദിനങ്ങള്‍..

ഭൂമിയിലെ എല്ലാ ദുരിതങ്ങളുടേയും മൂലവ്യാധിയായ ദാരിദ്ര്യത്തിന്‌ ശമനമുണ്ടാകുന്ന ഒരു കാലം അനിലയും ബാലചന്ദ്രനും സ്വപ്‌നം കാണുന്നു. അതുവരുമെന്ന്‌ അവര്‍ക്ക്‌ പ്രതീക്ഷയുണ്ട്‌. അക്കാലം വരേയും തങ്ങളുടെ മനസ്സും കരങ്ങളും ദീനര്‍ക്കുവേണ്ടി ചലിച്ചുകൊണ്ടിരിക്കുമെന്നും...

പതിനഞ്ചുവര്‍ഷമായി ചെയ്‌തുവരുന്ന ടെലിവിഷന്‍ പരമ്പര 'വേറിട്ടകാഴ്‌ചകള്‍'.. അതു പച്ചയായ ജീവിതക്കാഴ്‌ചയായിരുന്നു. മനുഷ്യന്‍ എന്ന വിസ്‌മയത്തെ നോക്കിക്കണ്ട നിമിഷങ്ങള്‍..
സ്‌ത്രീയുടെ യഥാര്‍ത്ഥപ്രകൃതി- സ്‌നേഹം, കാരുണ്യം, വാത്സല്യം, സഹാനുഭൂതി.. എല്ലാം. ഇരുട്ടു കയറി വെളിച്ചമുണ്ടാക്കുന്നവര്‍. ഈ വെളിച്ചത്തിനൊപ്പം പോകുകയാണ്‌ നാം ചെയ്യേണ്ടത്‌-ശ്രീരാമന്‍ നിര്‍ത്തി. സര്‍വ്വത്ര മൗനം നിറഞ്ഞു.
കുംഭച്ചൂടില്‍ മുറ്റത്തും പറമ്പിലും പൂഴിമണല്‍ പഴുത്തുകിടക്കുന്നു..കണ്ണു മഞ്ഞളിച്ചില്ല. ഈ ഉപനിഷദ്‌ ശ്രവണം, കണ്ണിന്റെ തെളിച്ചം കൂട്ടിയിരിക്കുന്നു...
`ഇതി ശ്രീരാമോപനിഷദ്‌' എന്നു പറയുന്നില്ല. ഇത്‌ ഇവിടെ സമാപ്‌തമാകുന്നില്ല. ലോകമുള്ളിടത്തോളം, മനുഷ്യരാശിയുളളിടത്തോളം ഇതില്‍ ഇനിയും എഴുതിച്ചേര്‍ക്കേണ്ടതായുണ്ട്‌. ഒരു തത്വശാസ്‌ത്രത്തിലും ഒതുങ്ങാത്ത മനുഷ്യപ്രകൃതിയെപ്പറ്റി.....

ബാലുമേനോന്‍ എം.
ചിത്രം - സുദീപ് ഈയെസ് .

1 comment:

  1. കാർത്തു,ശാരദ , ഭാനുമതി , അനില എന്നിവർക്കും ,ഇനി ഈ വഴിയിൽ വരാനിരിക്കുന്നവർക്കും ഭാവുകങ്ങൾ .

    ReplyDelete