Saturday, May 30, 2015

തീയില്‍ തഴച്ച ഒരു ജന്മം




തീരെ വയ്യാതായി. ആശുപത്രിക്കിടക്കയില്‍, ഡോക്ടര്‍ ഇന്നോ നാളെയോ എന്ന ചിന്തയോടെ നോക്കിക്കൊണ്ടിരിക്കുന്നു.. 
സംസാരിക്കാന്‍ വയ്യ. ശക്തമായി ശ്വാസംമുട്ടിവലിച്ചുകൊണ്ടിരുന്നു.
എന്നെ അടുത്തുപിടിച്ചിരുത്തി, മടിയില്‍ ചാഞ്ഞു കിടന്നു...
പിന്നെ, കൈകാണിച്ച് മോളെ വിളിച്ചു. എന്നിട്ട് പ്രിയപ്പെട്ട ടേപ്പ് റിക്കാര്‍ഡര്‍ കൊണ്ടുവരാന്‍ ആംഗ്യം കാണിച്ചു..
ഞാന്‍ ചോദിച്ചു..എന്തിനേ ഈ വയ്യാതിരിക്കുമ്പോള്‍?
വേണമെന്ന് വീണ്ടും ആംഗ്യം.
ടേപ്പ് റിക്കാര്‍ഡര്‍ കൈയില്‍ കിട്ടിയപ്പോള്‍ പ്രിയപ്പെട്ട ആ ഗാനം വച്ചു-റാഫി സാഹബിന്റെ മധുരസ്വരം ആശുപത്രി മുറിയില്‍ ഒഴുകിപ്പരന്നു..
''സൗ സാല്‍ പഹലേ മുഝെ തുംസെ പ്യാര്‍ ഥാ..
മുഝെ തുംസെ പ്യാര്‍ ഥാ, ആജ് ഭീ ഹൈ
ഓര്‍ കല്‍ ഭീ രഹേഗാ...''
ടേപ്പ് റിക്കാര്‍ഡര്‍ എന്റെ ചെവിയിലേയ്ക്കു വച്ചുതന്നു. മുഖത്ത് ചോദ്യഭാവവുമായി ഞാന്‍ വീണ്ടും നോക്കിയപ്പോള്‍, കൈകൊണ്ടു ആംഗ്യം കാണിച്ചു-
'എനിക്കു വേണ്ടി നീയിതു കേള്‍ക്കുക...!!'.
പതുക്കെ ആ കണ്ണുകളടഞ്ഞു.
 
നിഷേധിയായ എഴുത്തുകാരന്‍. കാലത്തിനും മുമ്പെ പറന്ന ജീനിയസ്സ്.. മലയാള സാഹിത്യലോകം തിരിച്ചറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു നടിച്ചു മറവിയിലേയ്ക്കു തള്ളിയ വി.ടി. നന്ദകുമാര്‍ എന്ന ബഹുമുഖ പ്രതിഭയെ ഓര്‍ത്തെടുക്കുകയാണ് ഭാര്യ ലളിത. അഗ്നിപരീക്ഷണമായിരുന്നു ജീവിതത്തില്‍, പതറാതെ നിന്നു.. എഴുത്തുമാത്രമായി നടന്ന ഒരു മനുഷ്യനെ 'നന്നായി നോക്കിമരിപ്പിച്ചു'എന്ന ചാരിതാര്‍ത്ഥ്യത്തോടെ..
ജീവിതകാലമത്രയും അനുഭവിച്ച തീയുടെ ചൂട് വാക്കുകളില്‍ നിറഞ്ഞുകൊണ്ടിരുന്നു. കുടിലതകളും വഞ്ചനകളും നിറഞ്ഞ സാഹിത്യ-സിനിമാ ലോകത്തെ തിക്താനുഭവങ്ങള്‍...
ഒരു പക്ഷെ, അവര്‍ ഒരു ആത്മകഥ തുറന്നെഴുതിയെങ്കില്‍ മലയാളസാഹിത്യത്തിലെ പലരുടെയും പൊയ്മുഖങ്ങള്‍ വലിച്ചു കീറപ്പെടുമായിരുന്നു..
അതുണ്ടായില്ല. പകരം അവര്‍ അതെല്ലാം ഇന്നലെ നടന്നവയെന്ന പോലെ ഓര്‍ത്തുവച്ചു. അന്വേഷിച്ചെത്തുന്നവരോടുപോലും ഒന്നും പറയാതെ..
 
പരുക്കനും ഒപ്പം കരുത്തുറ്റതുമായ പ്രമേയങ്ങള്‍ മലയാളസാഹിത്യത്തില്‍ അവതരിപ്പിച്ച വി.ടി.നന്ദകുമാറിന്റെതായി നാടകങ്ങളും നോവലുകളും ഇരുന്നൂറോളം ചെറുകഥകളും നമുക്കു കിട്ടിയിട്ടുണ്ട്. ഇതു കൂടാതെ തിരക്കഥകളും. വിടി എഴുതുകയായിരുന്നില്ല. കഥ പറയുകയായിരുന്നു. കേട്ടെഴുതുന്നത് ലളിത എന്ന വിടിയുടെ ജീവിത സഖി!.
'ഞാനാണ് എഴുതുക. നന്ദേട്ടന്‍ ഡിക്‌ടേറ്റ് ചെയ്യും...'
സാമ്പ്രദായിക രീതികളില്‍ നിന്നു വേറിട്ടു നടന്ന വി.ടിയ്ക്ക് സാഹിത്യത്തറവാട്ടില്‍ ഇരിപ്പിടമില്ലായിരുന്നു. ഒരു ചട്ടക്കൂടിലും ഒതുങ്ങാന്‍ കൂട്ടാക്കാത്ത പ്രകൃതംമൂലം അദ്ദേഹം സാഹിത്യ സംഘടനകളില്‍ നിന്നെല്ലാം മാറിനടന്നു..
 
കുടിക്കുമായിരുന്നു.
'നന്നായി കുടിക്കും. നോവല്‍ എഴുതിത്തുടങ്ങുന്നതിന്റെ തലേന്ന്...!.പിറ്റേന്ന് എഴുതാന്‍ തുടങ്ങും...!!'.
ലളിത നന്ദകുമാര്‍ ഓര്‍ത്തു. ഒരു കാലത്ത് സാഹിത്യകാരന്‍മാര്‍ വരികയും താമസിക്കുകയും ഒക്കെ ചെയ്തിരുന്ന തറവാട്ടിന്റെ അകത്തളത്തില്‍, ഓര്‍മ്മകള്‍ക്ക് ഇപ്പോഴും ഒരു താളക്രമമുണ്ട്..
ഒരു എഴുത്തുകാരന്റെ ഭാര്യയാവുക..ഒപ്പം ജീവിതപ്രാരാബ്ധങ്ങള്‍ കെട്ടിവലിക്കേണ്ടിവന്ന ഒരു കുടുംബിനിയും അമ്മയുമാകുക!.
അതാണ് ലളിത നന്ദകുമാറിന്റെ ജീവിത കഥ. ആ കഥ വായിച്ചുപോകുമ്പോള്‍ നാം എത്തിച്ചേരുന്നത്, മലയാള സാഹിത്യത്തില്‍ വിസ്മയം തീര്‍ത്ത ഒരു എഴുത്തുകാരന്റെ ഉള്‍ച്ചൂടിലേയ്ക്കും. കുടത്തില്‍ വെച്ച ദീപം പോലെയുള്ള ഒരെഴുത്തുകാരന്‍..
പ്രകാശം പുറത്തേയ്ക്കു പ്രവഹിച്ചില്ല. അതിനൊട്ടു മോഹിച്ചുമില്ല..
'നീ എല്ലാം നോക്കിക്കോ....' എന്നാണ് എന്നോടു പറഞ്ഞത്. നന്ദേട്ടനെ അടക്കം എല്ലാം എന്നെ ഏല്‍പ്പിക്കുകയായിരുന്നു..
അതൊരു വെല്ലുവിളിയും കൂടിയായിരുന്നു. എഴുത്തും യാത്രകളുമായി നടന്ന വിടി. വീട്ടില്‍ അരിവച്ചോ എന്നുപോലും അറിഞ്ഞിരുന്നില്ല.
'ചിലപ്പോള്‍ ഉച്ചയ്ക്ക് ചോറുവയ്ക്കാന്‍ അരിയുണ്ടാവില്ല...' ഓര്‍മ്മളില്‍ ഒഴുകിയ അവര്‍ ഒന്നു നിര്‍ത്തി..
'ജീവിയ്ക്കാന്‍  ഒരു എല്‍ഐസി ഏജന്റായീ ഞാന്‍..'
 
സാഹിത്യലോകത്ത് ഒറ്റയാനായി നടന്ന വി.ടി.നന്ദകുമാറിനെ അറിയുന്ന തലമുറയല്ല ഇന്നത്തേത്. 1974-  'രണ്ടു പെണ്‍കുട്ടികള്‍' എന്ന  നോവല്‍ പുറത്തിറങ്ങിയത് മലയാള സാഹിത്യരംഗത്ത് കൊടുങ്കാറ്റുയര്‍ത്തി എന്നറിയുന്നവര്‍ എത്രപേര്‍ കാണും?. സ്ത്രീയും സ്ത്രീയും തമ്മിലുള്ള പ്രണയം (ലെസ്ബിയനിസം) സാര്‍വത്രികമായ ഇന്നത്തെ കാലത്തിനും മുമ്പ്, മലയാളത്തില്‍ അതിനെ പ്രമേയമാക്കി വി.ടി.നന്ദകുമാറിന്റെ രണ്ടു പെണ്‍കുട്ടികള്‍...
സ്വവര്‍ഗ്ഗരതി എന്നു കേള്‍ക്കുമ്പോള്‍ 'നമ്മുടെ നാട്ടിലോ?' എന്ന് മൂക്കത്ത് വിരല്‍ വെയ്ക്കുന്ന കാലത്തായിരുന്നു ഇതെന്ന് ഓര്‍ക്കുക..!. ഈ നോവല്‍ പിന്നീട് സിനിമയാകുന്നു. അതും വിമര്‍ശനങ്ങളുടെ കൊടുങ്കാറ്റഴിച്ചുവിട്ടു.
മലയാളത്തിലെ തലപൊക്കം തികഞ്ഞ സംവിധായകന്‍, മോഹന്റെ സിനിമയിലേയ്ക്കുള്ള കടന്നുവരവുകൂടിയായിരുന്നു അത്. വിടിയുടെ കഥയ്ക്ക് തിരക്കഥ ചമച്ചത് സുരാസുവും. 
മാധവിക്കുട്ടിയുടെ 'ചന്ദനമരങ്ങള്‍' വരുന്നതിനും മുമ്പെ, പത്മരാജന്റെ 'ദേശാടനക്കിളി കരയാറില്ല' എന്ന സിനിമ പുറത്തുവരുന്നതിനും വര്‍ഷങ്ങള്‍ക്കു മുമ്പെ വി.ടി. നന്ദകുമാര്‍ ഈ വഴിയിലൂടെ നടന്നുപോയി. ഒറ്റയ്ക്ക്. ഒറ്റയാനായി..!.
 
രണ്ടു പെണ്‍കുട്ടികള്‍ എന്ന 'വഴിവിട്ട' കഥയിലേയ്ക്ക്..
 
'ചേച്ചിയെ ഞാന്‍ ഒരിക്കലും മറക്കില്ല. ചേച്ചി എന്നോടു പിണങ്ങുന്ന ദിവസം ഞാന്‍ ഹൃദയം പൊട്ടി മരിക്കും. എന്റെ മനസ്സിലുള്ളതു മുഴുവന്‍ ഈ കത്തില്‍ എഴുതാന്‍ കഴിയില്ല. അതെല്ലാം പറയാനായി ഞാന്‍ ശനിയാഴ്ച വരും. പിന്നെ ചേച്ചിയോടൊന്നിച്ചു താമസിക്കും. രാത്രി നമുക്കൊരുമിച്ചിരുന്നു സംസാരിക്കാം. ഒന്നിച്ചു കിടന്നുറങ്ങുകയും ചെയ്യാം. അപ്പോള്‍ ചേച്ചി പറയുന്നതുപോലെ എല്ലാമാകാം. ഇനിയെല്ലാം നേരിട്ടുകാണുമ്പോള്‍ . എന്നു ചേച്ചിയുടെ കോകില'
(രണ്ടുപെണ്‍കുട്ടികള്‍ ).
 
സ്വവര്‍ഗ്ഗാനുരാഗത്തിന്റെ സുരഭിലഭാവങ്ങള്‍ ആവാഹിച്ച ശക്തമായ കഥാവിഷ്‌കാരം, നന്ദകുമാര്‍ വിവരിക്കുമ്പോള്‍ എഴുതിയെടുത്തുകൊണ്ടിരുന്ന ലളിത, പലകുറി പേന നിലത്തിട്ടു!. എന്നേക്കൊണ്ടു പറ്റില്ലെന്ന് പറഞ്ഞു..!. 
'ഞാന്‍ പറയുന്നത് എഴുതുക...' എന്ന് ഒറ്റവാക്കില്‍ പറഞ്ഞ്, നന്ദേട്ടന്‍ കഥ തുടര്‍ന്നു... 
കോകിലയുടേയും ഗിരിജയുടേയും അസാധാരണ പ്രണയകഥ..!. 
 
ഈ കഥയുടെ ആരംഭത്തിനു പിന്നില്‍ മറ്റൊരുകഥയുണ്ട്. അതിങ്ങിനെ:
വി.ടിയുടെ പത്രാധിപത്യത്തില്‍, എറണാകുളത്തുനിന്നു ഒരു വാരിക പ്രസിദ്ധീകരിച്ചിരുന്നു- യാത്ര. ഇതിലെ മനഃശാസ്ത്ര പംക്തിയിലേയ്ക്കു വന്ന ഒരു കത്താണ് അസാധരണമായ ഈ പ്രണയകഥയുടെ ആദ്യ നാമ്പ്. ഡോ. പി.എം. മാത്യൂസിനു വന്നു കൊണ്ടിരുന്ന അസാധാരണമായ കത്തുകള്‍ പുരുഷന്റെ പേരിലായിരുന്നു. പിന്നീടാണ് സ്ത്രീയാണ് എഴുതുന്നതെന്ന് അറിയുന്നത്. 
'വൈക്കം ചന്ദ്രശേഖരന്‍ നായരാണ് ഇതില്‍ ഒരു കഥയുണ്ടെന്ന് നന്ദേട്ടനോട് പറഞ്ഞത്..'.
74ല്‍ ഒന്നാം പതിപ്പിറങ്ങിയ ശേഷം ഈ നോവല്‍ പിന്നീട് പ്രസിദ്ധീകരിക്കാന്‍ ആരും മുന്നോട്ടു വന്നില്ല. പിന്നീട് 2010ല്‍ ഡിസി അതു വീണ്ടും അച്ചടിച്ചു. 2012ല്‍ വീണ്ടും മറ്റൊരു പതിപ്പുകൂടി വേണ്ടിവന്നു..!. 
സാഹിത്യലോകത്തിന്റെ പുറമ്പോക്കിലേയ്ക്കു മാറ്റി നിര്‍ത്തപ്പെടുന്നതിന്റെ വേദനകളുണ്ടായിരുന്നു. പക്ഷെ, ആരുടേയും കാലുപിടിക്കാന്‍ തയ്യാറായില്ല. എഴുത്തായിരുന്നു ജീവനും ജീവിതവും..
 
കോകില, ഗിരിജ എന്നീ പെണ്‍കുട്ടികളുടെ വികാരവിചാരങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്യുന്ന ഈ നോവല്‍ സൃഷ്ടിച്ച വിസ്‌ഫോടനത്തിന്റെ അലകള്‍ ഇപ്പോഴും അടങ്ങിയിട്ടില്ല. 1978ല്‍ സിനിമയായപ്പോള്‍ ശോഭയും അനുപമയുമാണ് രണ്ടു പെണ്‍കുട്ടികളെ അവതരിപ്പിച്ചത്. 
നോവല്‍ സിനിമയാക്കിയപ്പോള്‍, അതിലെ ലൈംഗികതയ്ക്ക് അത്രയും ഊന്നല്‍ നല്‍കിയില്ല, മോഹന്‍. രണ്ട് പെണ്‍കുട്ടികള്‍ തമ്മിലുള്ള സൂക്ഷ്മവും ഗാഢവുമായ സൗഹൃദത്തിന്റെ കഥയാണ് മോഹന്‍ തന്റെ സിനിമയില്‍ പറയുന്നത്. ഇതേപറ്റി മോഹന്‍ തന്നെ ഒരിക്കല്‍ പറയുകയുണ്ടായിട്ടുണ്ട്. കൗമാരക്കാരായ രണ്ടു പെണ്‍കുട്ടികള്‍ തമ്മില്‍ രൂപപ്പെടുന്ന അസാധാരണ ആത്മബന്ധത്തിന്റെ കഥയാണത്. സൗഹൃദത്തിന്റെ തലംവിട്ട് പല മാനങ്ങളിലേക്കും വികസിക്കുന്ന ബന്ധം. ഇതിലെ കേന്ദ്രകഥാപാത്രം എപ്പോഴോ ഒരു ബലാത്‌സംഗശ്രമത്തിന് ഇരയാകുന്നുണ്ട്. അതിനെതുടര്‍ന്ന് അവള്‍ക്ക് ആണ്‍വര്‍ഗത്തിനോട് തോന്നുന്ന അമര്‍ഷവും പെണ്‍സുഹൃത്തിനോട് തോന്നുന്ന ആകര്‍ഷണീയതയുമാണ് വിഷയം. മലയാളസിനിമ അതുവരെ കൈകാര്യംചെയ്യാത്ത വിഷയമാണ്. 1978ലെ ന്യൂ ജനറേഷന്‍ സിനിമയായിരുന്നു അത്. ഇന്ത്യന്‍സിനിമ ലെസ്ബിയനിസം എന്ന വിഷയം ആദ്യമായി കൈകാര്യംചെയ്യുകയായിരുന്നു 'രണ്ടു പെണ്‍കുട്ടികളി'ലൂടെ. ശൈലിയിലും ഘടനയിലും ഒരു പുതിയ പരീക്ഷണം.
കഥയുടെ ക്രെഡിറ്റ് വി.ടി.നന്ദകുമാറിനു തന്നെ സിനിമയില്‍ നല്‍കി. എണ്ണായിരം രൂപയായിരുന്നു കഥയുടെ അവകാശത്തിനായി നല്‍കിയത്. 
 
'അന്നൊക്കെ പണം നന്ദേട്ടനു കൊടുക്കുന്ന സിനിമാക്കാര്‍ ഇല്ലായിരുന്നു. തിരക്കഥ എഴുതി വാങ്ങും. ഒരു കുപ്പിയും കൊടുക്കും...'
ഇതു പതിവു പരിപാടിയായപ്പോള്‍, കുടുംബകാര്യങ്ങള്‍ വല്ലാതെ ബുദ്ധിമുട്ടിലായപ്പോള്‍ ഞാന്‍ ഇടപെട്ടു തുടങ്ങി..
സിനിമ തിയ്യറ്ററിലെത്തുമ്പോള്‍, തിരിക്കഥാകൃത്ത് മറ്റൊരാള്‍..!!.
അതൊന്നും നന്ദേട്ടനെ ഏശിയതേയില്ല. പക്ഷെ, എനിക്കത് താങ്ങാനായില്ല..
'രാസലീല' സിനിമ ഇറങ്ങിയപ്പോള്‍, തിരക്കഥാകൃത്ത് മറ്റൊരാള്‍. ഞാന്‍ കേസുകൊടുത്തു....
പ്രതിഫലം പോലും കൊടുക്കാതെ വാങ്ങിക്കൊണ്ടുപോയ തിരക്കഥയായിരുന്നു അത്. എഴുത്തുകാരന്റെ പേര്‍ പോലും വയ്ക്കാന്‍ അവര്‍ മാന്യത കാട്ടിയില്ല. 
അഡ്വ. ഐസക് തോമസിനെ കണ്ട് ഞാന്‍ സിനിമയ്ക്ക് സ്‌റ്റേ വാങ്ങിച്ചു..
ആ പോരാട്ടകാലം ഓര്‍മ്മിക്കുമ്പോള്‍, ലളിതയുടെ മുഖത്ത് ഭാവമാറ്റം കണ്ടു. കാലം ഓര്‍മ്മകളുടെ കനലുകള്‍ അണച്ചിട്ടില്ലെന്ന് വ്യക്തം.
അന്നു രാത്രി സിനിമാ നിര്‍മ്മാതാവടക്കമുള്ളവര്‍ കാറില്‍ വീട്ടിലെത്തി. പതിനായിരം രൂപ തരാമെന്നു പറഞ്ഞു..
നന്ദേട്ടനെ സംസാരിക്കാന്‍ വിടാതെ ഞാനാണ് സംസാരിച്ചത്. 
അത്രയും പണം പോരെന്നു പറഞ്ഞു..
ചെക്കു തരാന്‍ പോയപ്പോള്‍ എതിര്‍ത്തു..ചെക്ക് വേണ്ടെന്ന് പറഞ്ഞു. പണമായിട്ടു തന്നെ ഞാന്‍ വാങ്ങി. 
വണ്ടിച്ചെക്ക് എനിക്കെന്തിന്..?
സിനിമയില്‍ തിരക്കഥാകൃത്ത് നന്ദേട്ടന്റെ പേരു വരണമെന്ന ആവശ്യവും അംഗീകരിച്ച് അവര്‍ പോയി...
തീര്‍ന്നില്ല...
സിനിമയില്‍ തിരക്കഥാകൃത്തായി അവര്‍ നന്ദേട്ടന്റെ പേര്‍ വച്ചു...പക്ഷെ, നന്ദേട്ടന്റെ നാടായ കൊടുങ്ങല്ലൂരിലെ തിയറ്ററുകളില്‍ മാത്രം...!!. മറ്റെവിടേയും ഇല്ല..!!.
വഞ്ചനയുടേയും നന്ദികേടിന്റെയും സിനിമാലോക വിശേഷങ്ങള്‍ പങ്കുവയ്ക്കവേ, ലളിതാമ്മ വീണ്ടും 'രണ്ടു പെണ്‍കുട്ടികളി'ലേയ്ക്കു വന്നു....
'ചിത്രകാര്‍ത്തിക' വാരികയിലായിരുന്നു അതു അച്ചടിച്ചു വന്നത്. അന്ന് ഈ വീട്ടില്‍ കത്തുകളുടെ പ്രളയമായിരുന്നു- തെറിക്കത്തുകളുടെ...!.
അത്രയേറെ ചീത്തവിളി മറ്റൊരു എഴുത്തുകാരനും കേട്ടുകാണില്ല, ആയുസ്സുകാലത്ത്..
വിവാദങ്ങളോര്‍ത്താവാം, നീണ്ട പതിനാലു വര്‍ഷത്തോളം സ്ത്രീയുടെ സ്വവര്‍ഗ്ഗപ്രണയം പാശ്ചാത്തലമാക്കി ആരും ചിന്തിച്ചില്ല; എഴുതിയതുമില്ല. 1988ല്‍ മാധവിക്കുട്ടിയാണ് പിന്നീട് ആ വഴി വീണ്ടും സഞ്ചരിയ്ക്കാന്‍ ധൈര്യം കാട്ടിയത്- ചന്ദനമരങ്ങള്‍..
ഒന്നു കൂടിയുണ്ട് ട്ട്വോ..ഈ കഥയുടെ അവസാന ഭാഗത്ത്. രണ്ടു പെണ്‍കുട്ടികള്‍ സിനിമയില്‍ പുതുമുഖ നായികയായെത്തിയ അനുപമ എന്ന പെണ്‍കുട്ടിയാണ് സംവിധായകന്‍ മോഹന്റെ ജീവിത സഖിയായത്- അവര്‍ പുഞ്ചിരിച്ചു.
പിന്നെ സംസാരം ചെന്നു നിന്നത് കമല്‍ഹാസനില്‍.
അന്ന് 'വയനാടന്‍ തമ്പാന്‍' സിനിമ ഷൂട്ട് ചെയ്യുന്ന സമയം. നന്ദേട്ടനാണ് സ്‌ക്രിപ്റ്റ്. ഒരു അസാധാരണ മാന്ത്രിക കഥ. നായകനായ കമല്‍ഹാസന് നന്ദേട്ടന്റെ വീട്ടില്‍ വരണമെന്ന് ആഗ്രഹം..
എങ്ങിനെയോ വിവരം ചോര്‍ന്നു..
'ഈ വീട്ടുമുറ്റം നിറയേ ആളുകളായിരുന്നു..രാവിലെ മുതല്‍..!. കമല്‍ഹാസന്‍ ഇടക്കു വിളിച്ചു ചോദിക്കും- ആള്‍ക്കൂട്ടം ഒഴിഞ്ഞോ എന്ന്..!.
എന്നിട്ട് രാത്രി 12 മണിക്കാണ് ആള്‍ എത്തിയത്. എന്നിട്ട് ഇവിടെ നിന്ന് ഭക്ഷണമൊക്കെ കഴിച്ചേ പോയുള്ളൂ.
കമല്‍ഹാസനൊപ്പം നന്ദകുമാറും കുടുംബവും ചേര്‍ന്നെടുത്ത കറുപ്പുംവെളുപ്പും ഫോട്ടോ ഇപ്പോഴും ഷോക്കേസില്‍ സൂക്ഷിച്ചിരിക്കുന്നു..ചിതലരിക്കാത്ത ഓര്‍മ്മകള്‍...
 
'നാളത്തെ മഴവില്ല്' ആയിരുന്നു ആദ്യനോവല്‍ അത് എഴുതിയതിനു തന്നെ ചവിട്ടും കുത്തും ധാരാളമായി അനുഭവിച്ചയാളാണ് വിടിഎന്‍. അന്ന് ഇഎസ്‌ഐയില്‍ ജോലിയുളള കാലമാണ്. കടുത്ത കമ്മ്യൂണിസ്റ്റായിരുന്ന നന്ദേട്ടന്റെ എഴുത്തില്‍ അസ്വസ്ഥരായ മേലധികാരികള്‍, വിശദീകരണം ചോദിച്ചു... 
ആത്മപീഡനങ്ങളുടെ ആ കാലം ഓര്‍ക്കുമ്പോള്‍, ലളിതമ്മയുടെ വാക്കുകള്‍ മുറിയുന്നു..
അന്ന് മുന്നും പിന്നും നോക്കിയില്ല...നല്ലൊരു ജോലി നിസ്സാരമായി വലിച്ചെറിഞ്ഞു..
എഴുത്തിനോടായിരുന്നു മനസ്സ് മുഴവന്‍ ചേര്‍ത്തുവച്ചത്.
പ്രശ്‌നമറിഞ്ഞ് അന്ന് ഇടപെട്ടത്, പ്രൊഫ. ജോസഫ് മുണ്ടശേരി. അദ്ദേഹം ഇടപെട്ട് രാജി പിന്‍വലിപ്പിച്ചു. 
'മുണ്ടശേരി മാഷാണ് ഞങ്ങളെ അന്ന് സഹായിച്ചത്. എന്നെ ഒരു മകളെപോലെ കരുതി അദ്ദേഹം സഹായങ്ങള്‍ നല്‍കി'.
പക്ഷെ, രക്ഷയുണ്ടായിരുന്നില്ല. 
എഴുത്തിനെ തടസ്സപ്പെടുത്തുന്ന ഇടപെടലുകള്‍ വീണ്ടും ഉണ്ടായപ്പോള്‍ രാജിവച്ചു പോന്നു...
അതൊരു കാലമായിരുന്നു. ജീവിക്കാന്‍ മാര്‍ഗ്ഗമില്ല. സ്വന്തമായി നയാപൈസയില്ല. റോയല്‍റ്റി പോലും കൃത്യമായി കിട്ടുമായിരുന്നില്ല.
ഒടുവില്‍ ഒരു പത്രം തുടങ്ങാന്‍ തീരുമാനിച്ചു. അതിനും പണം വേണം..
'എന്റെ ആഭരണങ്ങളെല്ലാം പണയപ്പെടുത്തി..എറണാകുളത്തു നിന്ന് 'യാത്ര' എന്ന പേരില്‍ ഒരു വാരിക തുടങ്ങി..'.
വാരിക വിജയമായിരുന്നു. പക്ഷെ, വരുമാനമില്ല...
'നന്ദേട്ടന്‍ ഇരുപത്തിനാലു മണിക്കൂറും വാരികയുടെ കാര്യങ്ങളിലായിരുന്നു. ചില ദിവസങ്ങളില്‍ വെക്കാന്‍ അരിയുണ്ടായിരുന്നില്ല...'. 
 
എറണാകുളത്ത് വലിയൊരു തറവാട് വീടാണ് വാടകയ്ക്ക് കിട്ടിയത്. അവിടെ ഇല്ലായ്മയിലും കുടുംബത്തില്‍ എല്ലാം സൃഷ്ടിച്ചെടുക്കുന്ന മാജിക്കുമായി ലളിത എന്ന വീട്ടമ്മ...അക്ഷരലോകത്ത് മുങ്ങിപ്പൊങ്ങി വിടിയും. അന്ന് ഈ വീട്ടില്‍ ഉറുമ്പുകളെ പോലെ സാഹിത്യകാരന്‍മാര്‍ അരിച്ചാര്‍ത്തിരുന്നു..
തകഴി, വൈക്കം ചന്ദ്രശേഖരന്‍ നായര്‍, ഉറൂബ്, കാക്കനാടന്‍, വി.കെ.എന്‍, പി.ജെ. ആന്റണി...
ആരൊക്കെ..ആരൊക്കെ...!!. 
ആരും മോശമായിരുന്നില്ല...(കുടിക്കുന്ന ആംഗ്യം കാണിച്ച് ലളിതാമ്മ ചിരിച്ചു). 
'പി.ജെ. ആന്റണിയുമായി വലിയ അടുപ്പമായിരുന്നു..ബഷീറുമായും..
തകഴിയ്ക്ക് നേന്ത്രക്കായ ഉപ്പേരി വലിയ പഥ്യമായിരുന്നു...'
ഓര്‍മ്മകളുടെ ഓളങ്ങളില്‍ മുഴുകാനാവുന്നില്ല..ജീവിതമെന്ന യാഥാര്‍ത്ഥ്യം സര്‍വ്വഭീകരതയോടും കൂടി അവരുടെ മുമ്പില്‍ പല്ലിളിച്ചു നിന്നു.
പുസ്തകങ്ങളുടെ റോയല്‍റ്റി കൃത്യമായിരുന്നില്ല. വാരികയാണെങ്കില്‍ സാമ്പത്തിക നഷ്ടത്തില്‍...
എന്‍.ബി.എസില്‍ നിന്നു മാത്രമാണ് കൃത്യമായ റോയല്‍റ്റി കിട്ടിക്കൊണ്ടിരുന്നത്. 
സാമ്പത്തിക ഞെരുക്കം മൂലം 'യാത്ര' അവസാനിപ്പിച്ചു. പത്മരാജന്റെ ആദ്യ കഥ പ്രസിദ്ധീകരിച്ച വാരിക എന്ന ക്രെഡിറ്റോടെ..!. 
അപ്പോഴും മുണ്ടശേരി മാഷുടെ തണല്‍ തുണയായി. പന്ത്രണ്ടു സിനിമകള്‍ക്ക് സ്‌ക്രിപ്റ്റ് എഴുതി. ആര്‍.എസ് പ്രഭുമാത്രമാണ് ശരിക്കു പ്രതിഫലം നല്‍കിയത്..ബാക്കി സകലവരും പറ്റിച്ചു.. കുപ്പിമാത്രം കൊടുത്തു..!.
കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്കാരനായ വിടിയെ പാര്‍ട്ടിക്കാര്‍ പോലും സഹായിക്കാനുണ്ടായില്ല..
'പിന്നെ വീട്ടില്‍ വന്ന സഖാക്കളെ ഞാന്‍ ഓടിച്ചുവിട്ടു. പാര്‍ട്ടിയില്‍ നിന്നും വിടുവിക്കുകയായിരുന്നു ഞാന്‍...'. 
കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന വിടി പിന്നീട് ഹിന്ദുസമ്മേളനം സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കുന്ന വൈചിത്ര്യത്തിലേയ്ക്ക് കാര്യങ്ങള്‍ എത്തിപ്പെട്ടു എന്നത് പിന്‍കാല ചരിത്രം...!. 
 
പതിനേഴോളം നോവലുകളും ചെറുകഥാ സമാഹാരങ്ങളും നാടകങ്ങളുമടക്കം മുപ്പതോളം കൃതികള്‍ പ്രസിദ്ധീകരിച്ച എഴുത്തുകാരനെ അപ്പോളും മലയാള സര്‍ഗ്ഗ സാഹിത്യലോകം കണ്ടില്ലെന്നു നടിച്ചു. യഥാര്‍ത്ഥ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായി അദ്ദേഹം സൃഷ്ടിച്ച പരുപരുത്ത ലോകം അപ്പോഴും ഇടിമുഴക്കമായി നിന്നു..
ദൈവത്തിന്റെ മരണം, രക്തമില്ലാത്ത മനുഷ്യന്‍, ചാട്ടയും മാലയും, വണ്ടിപ്പറമ്പന്‍മാര്‍, ദേവഗീതം, തവവിരഹേ വനമാലീ, വീരഭദ്രന്‍, സമാധി, ഇരട്ടമുഖങ്ങള്‍, ഞാഞ്ഞൂള്‍, ആ ദേവത, രൂപങ്ജള്‍, സൈക്കിള്‍, ഭ്രാന്താശുപത്രി തുടങ്ങിയ നോവലുകള്‍ എന്നിവയെല്ലാം വായനക്കാരെ പിടിച്ചിരുത്തി. 
'ഇതൊക്കെ ഞാന്‍ എന്റെ കൈകൊണ്ട് എഴുതിത്തീര്‍ത്തതാണ്..നന്ദേട്ടന്‍ പറഞ്ഞു തരും...' എന്ന് ലളിതമ്മ.
ഒടുക്കം എന്റെ എല്‍ഐസി ഏജന്‍സിയാണ് ജീവിതം കരുപ്പിടിപ്പിച്ചത്. നന്ദേട്ടന്‍ അസുഖമായി മൂന്നുമാസം ആശുപത്രിയില്‍ കിടന്നപ്പോള്‍ സഹായമായത് ഈ വരുമാനമാര്‍ഗ്ഗമായിരുന്നു..
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തപ്പോള്‍, ആകെ ഒരു സഹായം ചെയ്തയാള്‍ ഇമ്പിച്ചി ബാവയായിരുന്നു. അദ്ദേഹം ഒരു പെന്‍ഷന്‍ പെട്ടെന്നു തന്നെ സാങ്്ഷന്‍ ചെയ്തു..
 
എഴുത്തുകാരിയായ കഥ
 
വി.ടി. നന്ദകുമാര്‍ എന്ന എഴുത്തുകാരന്റെ പകര്‍ത്തെഴുത്തുകാരി മാത്രമായിരുന്ന ലളിത ഒരു നോവല്‍ എഴുതിയ കഥയുണ്ട്. അതും വാശിപ്പുറത്ത്..!. 'ഇല്ലം' എന്ന പേരില്‍ കരുത്തയായ അന്തര്‍ജനത്തെ മുഖ്യകഥാപാത്രമാക്കി എഴുതിയ നോവല്‍ പലകുറി വിടിയോട് ഒന്നു വായിച്ചു നോക്കാന്‍ പറഞ്ഞു..
ഹോ..!. നീയെന്തെഴുതാന്‍ എന്ന മട്ടിലായിരുന്നു പ്രതികരണം. പിന്നെ നിര്‍ബന്ധിച്ചില്ല. അന്ന് തൃശൂരില്‍ നിന്നു പ്രസിദ്ധീകരിച്ചിരുന്ന 'എക്‌സ്പ്രസ്സ്' ദിനപത്രത്തിന്റെ വാരാന്ത്യപതിപ്പില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചു വന്നു. വാശി കാരണം കെ. ലളിത എന്നു മാത്രമേ പേര്‍ വച്ചുള്ളൂ...നന്ദകുമാര്‍ എന്ന വാല്‍ മുറിച്ചു..!. 
'അന്ന് നന്ദേട്ടന്‍ ആശുപത്രിയിലായിരുന്നു. കാണാനായി എംആര്‍ബി വന്നു. അദ്ദേഹം പറഞ്ഞു: നന്ദാ, എക്‌സ്പ്രസ്സില്‍ ഒരു നോവല്‍ വരുന്നുണ്ട് ട്വോ..അസ്സല് ഒരു നോവല്‍..വായിക്കണം..ആരാത് എഴുതണത് ആവോ..? ഒരു ലളിതയാണ്...'. നിഷ്‌കളങ്കമായ അദ്ദേഹത്തിന്റെ പ്രതികരണം കണ്ട് ഞങ്ങള്‍ രണ്ടു പേരും മിണ്ടാതിരുന്നു. എനിക്ക് സന്തോഷം സഹിക്കാന്‍ വയ്യായിരുന്നു. ഒടുവില്‍ നന്ദേട്ടന്‍ തന്നെ മൗനം ഭഞ്ജിച്ചു: 'ഇവളാണ് അതെഴുതിയത്'. 
അമ്പരന്ന എംആര്‍ബി ചോദിച്ചു- താന്‍ അതു വായിച്ചില്ലേ..?
മറുപടി പറഞ്ഞത് ഞാനാണ്: കൈകൊണ്ടു തൊട്ടിട്ടില്ല..അത്രയ്ക്ക് ദുഷ്ടനാ..(ചിരിച്ചുകൊണ്ട്, അങ്ങനെതന്നെയേ ഞാന്‍ പറഞ്ഞേ!).
എംആര്‍ബി പോയപ്പോള്‍ നന്ദേട്ടന്‍ പതുക്കെ പറഞ്ഞു: അതു പുസ്തകമാക്കുമ്പോള്‍ എനിക്കൊന്നു തരണം..!.
പറ്റില്ലെന്ന് അപ്പോള്‍ തന്നെ മറുപടിയും കൊടുത്തു..!.
പിന്നീട് സാഹിത്യപ്രവര്‍ത്തക സംഘം അതു പുസ്തകമാക്കി. അതേ പേരില്‍ ഓണക്കൂറിന്റെ ഒരു പുസ്തകവും വരുന്നതുകൊണ്ട് 'അകത്തില്ലം' എന്നു പേര്‍ മാറ്റി. 
'പുസ്തകത്തിലും നന്ദേട്ടന്റെ പേര്‍ വയ്ക്കാന്‍ ഞാന്‍ കൂട്ടാക്കിയില്ല'
പിന്നീട് ഒരിക്കല്‍ ബുക്ക് സ്്റ്റാളില്‍ ചെന്നപ്പോള്‍ നല്ല വില്‍പ്പന. അടുത്ത പതിപ്പില്‍ തന്റെ പേര്‍കൂടി ചേര്‍ത്തോളാന്‍ നന്ദേട്ടന്‍ പറഞ്ഞു...ലളിത വി.ടി. നന്ദകുമാര്‍!.
 
പൂര്‍ത്തിയാകാതെ പോയ പുസ്തകം
 
വി.ടി.നന്ദകുമാര്‍ എന്ന എഴുത്തുകാരന്റെ ജീവിതം പോലെ തന്നെ എഴുത്തിനും അര്‍ദ്ധവിരാമമായിരുന്നു. മഹാഭാരതത്തിലെ കര്‍ണ്ണനെ പ്രമേയമാക്കി ഒരു ബൃഹദ് നോവല്‍ അദ്ദേഹം എഴുതിത്തുടങ്ങിയിരുന്നു. ആറു ഭാഗങ്ങളിലായി ആറായിരത്തേളം പേജുകളുള്ള ഒരു കര്‍ണകഥ- എന്റെ കര്‍ണന്‍. അതിശക്തമായ ഭാഷയില്‍ നവീനമായൊരു എഴുത്തിന്റെ മുഖം വെട്ടിത്തുറന്നുകൊണ്ടായിരുന്നു 'കുങ്കുമ'ത്തില്‍ നോവല്‍ തുടങ്ങിയത്. അതിന്റെ ഒരു ഭാഗം പ്രസിദ്ധീകരിച്ചു കഴിഞ്ഞതോടെ തന്നെ വാരികയുടെ സര്‍ക്കുലേഷന്‍ കുതിച്ചുയര്‍ന്നു എന്ന് ചരിത്രം. പിന്നെ നടന്നത്, ചില ഇടപെടലുകളായിരുന്നു. സാഹിത്യജീവികളുടെ ഭാഗത്തുനിന്നും എന്നുമാത്രം പറയാനേ ലളിത നന്ദകുമാര്‍ ഇഷ്ടപ്പെട്ടുള്ളൂ. നോവലിന്റെ പ്രസിദ്ധീകരണം നിലച്ചു. പ്രസിദ്ധീകരിച്ചതത്രയും ഒരു പുസ്തകമാക്കി. ബാക്കിയുള്ള ആറു വാള്യങ്ങളും കൈയെഴുത്തു പ്രതികളായി ലളിതാമ്മയുടെ കൈയിലുണ്ട്....ഇപ്പോളും.
സാഹിത്യലോകത്തെ ക്ലിക്കുകളില്‍ നിന്നും എന്നും ഒഴിഞ്ഞു നിന്ന വി.ടി. പിന്നീട് മാനസികമായി ഉള്‍വലിഞ്ഞു. പിന്നീട് ഒരു വരി എഴുതിയതുമില്ല.
കൊടുങ്ങല്ലൂര്‍ കോവിലകത്ത് കുഞ്ഞുണ്ണിത്തമ്പുരാന്റേയും മാധവി അമ്മയുടേയും മകനായി പിറന്ന വി.ടി. ബിരുദപഠനം മുഴുമിയ്ക്കാതെ ഇന്ത്യമുഴുവന്‍ ചുറ്റിയടിച്ച് സംഭരിച്ച ജീവിതാനുഭവങ്ങള്‍ പരുക്കനായി എഴുതിവച്ചു. മലയാള സാഹിത്യത്തില്‍ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിച്ചു..ഒറ്റയാനായിരുന്നില്ല- ലളിതയേയും കൂടെ കൂട്ടി. 
'നന്ദേട്ടന്‍ സുഖമായി ജീവിച്ചു മരിച്ചു. എന്നെ ഏല്‍പ്പിച്ച കാര്യം എനിക്കും ചെയ്യാന്‍ പറ്റി. ഇനി ഞാന്‍ മാത്രം..' എന്നു പറഞ്ഞ് ലളിത നിര്‍ത്തുമ്പോള്‍, മുറ്റത്തു തണല്‍ വിരിച്ച മാവില്‍ നിന്നും തണുത്ത കാറ്റ് അകത്തളത്തിലേയ്ക്കു കടന്നുവന്നു. അതിന് വിടിയുടെ കൂസലില്ലായ്മയേക്കാള്‍ സ്‌നേഹത്തിന്റെ കുളിരുണ്ടായിരുന്നു.. പ്രിയപ്പെട്ട ആ ഗാനം പോലെ...
''സൗ സാല്‍ പഹലേ മുഝെ തുംസെ പ്യാര്‍ ഥാ..
മുഝെ തുംസെ പ്യാര്‍ ഥാ, ആജ് ഭീ ഹൈ
ഓര്‍ കല്‍ ഭീ രഹേഗാ...''
 
- ബാലുമേനോന്‍ എം.

Friday, May 22, 2015

പ്രിയതരമല്ലാത്ത സത്യങ്ങള്‍ പറഞ്ഞ് പ്രിയന്‍




ന്നാലോചിച്ചാല്‍, ഇയാള്‍ പറയുന്നതത്രയും പ്രിയതരമല്ലാത്ത സത്യങ്ങളാണ്. സിനിമ എന്ന മാധ്യമത്തിലൂടേയും നാടകങ്ങളിലൂടേയും, വെറും സംസാരത്തിലൂടേയുമൊക്കെ തന്നെ.
പൊള്ളുന്ന മനുഷ്യാവസ്ഥകള്‍, സാമൂഹിക ചുറ്റുപാടുകള്‍, നീതിയുടെ നീതികേടുകള്‍...
പൊള്ളുന്ന വെയിലില്‍, അല്‍പ്പം തണല്‍പരത്തുന്ന തൊട്ടടുത്തവളപ്പിലെ പ്ലാവിന്റെ ശീതളിമയില്‍, പ്രിയനന്ദന്‍ മനസ്സു തുറന്നു...
ആദ്യമേ പറഞ്ഞു- പതിവു കഥാകഥനമല്ല. വിശക്കുമ്പോള്‍ മുണ്ടുമുറുക്കിയുടുത്തത്..സിനിമയെ സ്വപ്‌നം കണ്ടത്..പിന്നെ അവിടെയെത്തുമ്പോള്‍ കണ്ട കാഴ്ചകള്‍..
അതെല്ലാം വിട്ട്, പ്രിയന്‍ തുടര്‍ന്നു: 'അത്തരം കാര്യങ്ങള്‍ വിസ്തരിക്കല്‍ എനിക്കില്ല. അതൊട്ട് ഇഷ്ടവുമില്ല. ഈ ദുരിതങ്ങളൊക്കെയും ഞാനായി തെരഞ്ഞെടുത്തതാണ്. വേണമെങ്കില്‍, പഴയ സ്വര്‍ണപ്പണി തുടര്‍ന്ന് ഇന്ന് ഒരു ജ്വല്ലറിയിട്ട് സുഖമായിരിക്കാം...പക്ഷെ, ഞാനതു ചെയ്തില്ല. അത് എന്റെ മാത്രം തീരുമാനമായിരുന്നു...'.
അതെ,  മുഖവുരയില്‍ തന്നെ കാര്യം പറഞ്ഞു തീര്‍ത്തു പ്രിയന്‍.

 വല്ലച്ചിറയുടെ നാടക സംസ്‌കാരം

തൃശൂര്‍ ജില്ലയിലെ വല്ലച്ചിറഗ്രാമം പ്രത്യേക സംസ്‌കാരിക ലോകമാണ്. സ്വര്‍ണാഭരണ നിര്‍മ്മാണം തഴച്ചുവളര്‍ന്ന ഗ്രാമം എന്നതിനേക്കാള്‍ സ്വര്‍ണത്തേക്കാള്‍ മൂല്യവത്തായ ഒരു കലാസംസ്‌കാരം മുറ്റിവളര്‍ന്നൊരിടം. 
വല്ലച്ചിറ ശരിക്കും ഒരു നാടകഗ്രാമമാണ്. ഓര്‍മവെച്ച കാലം മുതല്‍ നാടകങ്ങളുടെ ലോകത്തായിരുന്നു പ്രിയന്‍...
'എന്റെ അച്ഛന്‍ നാടക രംഗത്ത് സജീവമായിരുന്നു. സ്‌കൂള്‍ പഠന കാലത്ത് നാടകങ്ങളില്‍ പ്രോംപ്റ്റ് ചെയ്യാന്‍ അച്ഛന്‍ അയക്കുമായിരുന്നു. കലാസമിതിയിലേയ്ക്ക് പലപ്പോഴും അച്ഛന്‍ നിര്‍ബന്ധിച്ചയയ്ക്കുക കൂടി ചെയ്തിട്ടുണ്ട്. അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുമായിരുന്നു അച്ഛന്‍...'
ഈ പ്രോംപ്റ്റിങ് പിന്നീട് സിനിമാരംഗത്ത് വന്നപ്പോള്‍ തനിക്കു ഏറ്റവും സഹായകമായി എന്ന് പ്രിയനന്ദന്‍. നന്നെ ചെറുപ്പത്തിലേ അച്ഛനെ നഷ്ടപ്പെട്ട ഓര്‍മ്മയില്‍, പ്രിയന്‍ ഒരു നിമിഷം മൗനിയായി.
പന്ത്രണ്ടാമത്തെ വയസ്സില്‍ പഠിപ്പു നിര്‍ത്തി. ഏഴാം ക്ലാസില്‍. രോഗിയായ അച്ഛന്റെയും അമ്മയുടെയും രണ്ടു സഹോദരിമാരുടെയും ആശ്രയവും അത്താണിയും പ്രിയന്‍ മാത്രമായിക്കഴിഞ്ഞിരുന്നു അപ്പോഴേയ്ക്കും. 
'പഠനം മുടങ്ങിയതില്‍ നല്ല വേദനയുണ്ടായിരുന്നു. പക്ഷേ, മറ്റു നിവൃത്തിയുണ്ടായിരുന്നില്ല'.
കഷ്ടപ്പാടുകളുടെ കാലമായിരുന്നു അത്. ഒരുപാട് കഷ്ടതയനുഭവിച്ചു.
'ഇപ്പോഴും എന്റെ സ്ഥിതിയില്‍ മാറ്റമൊന്നുമില്ല. സൊസൈറ്റിയില്‍ ഇപ്പോഴും എനിക്കു കടമുണ്ട്..' പ്രിയന്‍ ചിരിച്ചു; നിര്‍മ്മമനായി.


 
2006ലെ മികച്ച സിനിമയുടെ സംവിധായകനുള്ള ദേശീയ പുരസ്‌കാരം തേടിയെത്തുമെന്ന് ഒരുപക്ഷെ, പ്രിയനന്ദന്‍ പോലും കരുതിയിരുന്നില്ലെന്നതാണ് വാസ്തവം..
അത് സാമ്പത്തികമായി ഒരു വിജയംപോലുമായിരുന്നില്ല. അവാര്‍ഡ് വന്നതോടെ കാര്യങ്ങള്‍ മാറി. ആളുകള്‍ സിനിമ കണ്ടു..
'എനിക്കു സങ്കടം വന്നിട്ടുണ്ട്. തിയറ്ററില്‍ പോയി ഒരാളും സിനിമ കാണില്ല. ഫെസ്റ്റിവലിന് പൂഴിയിട്ടാല്‍ നിലത്തുവീഴാത്ത വിധം തിങ്ങിക്കൂടുകയും...!'.
ആദ്യ ചിത്രത്തിനുതന്നെ ദേശീയ പുരസ്‌കാരം കിട്ടിയപ്പോള്‍, മുമ്പു പരിഹസിച്ചു നടന്നവര്‍ പോലും അഭിനന്ദനങ്ങളുമായി പൊതിഞ്ഞു.
ഒരച്ചില്‍ വാര്‍ത്തതുപോലെ നിര്‍മ്മിക്കപ്പെട്ടിരുന്ന മലയാള സിനിമാലോകത്ത് വ്യത്യസ്ത ശബ്ദമായിരുന്നു അന്നുകേട്ടത്. കല ജീവത്തായ പോരാട്ടങ്ങളുടെ അവതരണം കൂടി ആണെന്നുള്ള പുരോഗമന മൂല്യങ്ങളുടെ നിശബ്ദ പ്രഖ്യാപനമായി, പ്രിയന്‍ നെയ്ത്തുകാരനെ മാറ്റി. ഒരു പുതുമുഖ സംവിധായകനെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനാര്‍ഹമായ കാര്യം തന്നെയായിരുന്നു. 
 
പ്രമേയഗാംഭീര്യമുള്ള സിനിമകളൊരുക്കിയ പ്രിയനന്ദനന്റെ വീഴ്ചയായിരുന്നോ സൂഫി പറഞ്ഞ കഥ..?
ഇതിനു മറുപടി പറഞ്ഞത്, പ്രിയനന്ദന്‍ എന്ന നാടകക്കാരനാണ്.
സിനിമ എന്നെ സംബന്ധിച്ച് ഒരിക്കലും ആകര്‍ഷകമായിരുന്നില്ല, ഒരിക്കലും. വിനോദം എന്നതില്‍ കവിഞ്ഞ്...
സിനിമ മുതലാളിത്തത്തിന്റെ കലയാണ്. അവിടെ നടന്‍ പ്രധാനമാണ്. ബ്രാന്‍ഡഡ് വ്യവസ്ഥിതിയുടെ ഭാഗമാണത്. കച്ചവടസാധ്യതയാണ് അതിനു പിന്നില്‍..
നെയ്ത്തുകാരന്‍ എടുക്കാന്‍ വന്ന ചിലവ് പതിനെട്ടുലക്ഷം മാത്രമാണ് ഈ ചിത്രം കാണാന്‍ ആളുകളെ തിയറ്ററുകളിലെത്തിക്കാന്‍ തന്നെ പാടായിരുന്നു.
ഇ.എം.എസ് എന്ന യുഗപ്രഭാവന്റെ മരണത്തോടനുബന്ധിച്ചുള്ള ഹര്‍ത്താല്‍ തലേന്ന് ഇറച്ചിക്കടയ്ക്കു മുന്‍പിലേയും മദ്യശാലയ്ക്ക് മുന്‍പിലേയുമൊക്കെയുള്ള തിരക്ക് കാണിച്ച് മലയാളിയുടെ സാംസ്‌കാരികാധപ്പതനത്തിന്റെ നേര്‍മുഖം പ്രിയന്‍ വരച്ചിട്ടു. മലയാള സിനിമയില്‍ ഇത്തരം  നേര്‍കാഴ്ചകള്‍  അന്യംനിന്നു പോയകാലമായിരുന്നു അത് എന്നുകൂടി ഓര്‍ക്കണം.
'മുരളിയേട്ടനെ പോലുളളവരുടെ നിസ്സീമമായ സഹകരണംമൂലമാണ് സിനിമ പൂര്‍ത്തികരിക്കാന്‍ പോലും കഴിഞ്ഞത്...'
ചുരുങ്ങിയ സാമ്പത്തിക പരിധിക്കുള്ളില്‍ നിന്നുകൊണ്ട് തുടങ്ങിയ നെയ്ത്തുകാരനിലും പുലിജന്മത്തിലും മുരളിയേട്ടന്‍ സഹകരിച്ചത് പ്രതിഫലംപോലും നോക്കാതെയായിരുന്നു.
'കമേഴ്‌സ്യല്‍ സിനിമകള്‍ യുക്തിരഹിതമാണ്. ആളുകളെ വിഢികളാക്കലാണ്'-പ്രിയനന്ദന്‍ തുറന്നടിച്ചു.
എന്നാല്‍ കെ.പി.രാമനുണ്ണിയുടെ നോവല്‍ 'സൂഫി പറഞ്ഞകഥ' അതേ പേരില്‍ സിനിമയാക്കിയപ്പോള്‍ മാധ്യമങ്ങള്‍, പ്രിയനന്ദന്റെ ജനപ്രിയ ചിത്രം എന്നായിരുന്നു അതിന്റെ ടൈറ്റില്‍ കൊടുത്തതു തന്നെ. ജനപ്രിയതയ്ക്കുവേണ്ടിയുള്ള ശ്രമം അതിലുണ്ടായതാവണം സിനിമയ്ക്കു പ്രിയന്‍ 'ടച്ച്' നഷ്ടമാക്കിയത്. 
സിനിമയെ ഒരു മീഡിയം ആയി അധികമാരും കാണുന്നില്ലെന്ന നിശ്വാസത്തോടെ പ്രിയന്‍ വീണ്ടും കുട്ടിക്കാലത്തേയ്ക്കു വന്നു.
'വിജയിച്ചവരെ മാത്രമേ ലോകം അറിയുന്നുള്ളൂ..കബളിപ്പിക്കുന്ന സിനിമയെടുക്കാന്‍ എനിക്ക് താത്പര്യമില്ല.'
 
നടനായിരുന്നു ആദ്യം. അഭിനയമായിരുന്നു ഹരം. വല്ലച്ചിറയിലെ ആ ഓണക്കാലം... നാട്ടിലെ ഓണാഘോഷവുമായി ബന്ധപ്പെട്ടാണ് പ്രിയന്റെ നാടകാനുഭവങ്ങള്‍ ഏറേയും. വര്‍ഷംതോറും പഞ്ചായത്ത് മുടങ്ങാതെ ഓണത്തിന് മത്സരങ്ങള്‍ സംഘടിപ്പിക്കും. ഇവിടത്തെ നാടക വേദികളില്‍ നടനായും സംവിധായകനായുമൊക്കെ നാടകക്കാരനും വളര്‍ന്നു; ഒപ്പം സൗഹൃദങ്ങളും. ഗൗരവമുളള നാടകപ്രവര്‍ത്തനങ്ങളായിരുന്നു എല്ലാം. 
'ഒരുപാടൊരുപാട് സൗഹൃദങ്ങള്‍ നാടകം എനിക്കു തന്നു. ഈ സൗഹൃദങ്ങള്‍തന്നെയാണ് സിനിമയില്‍ എത്തിച്ചതും...'
വല്ലച്ചിറയിലെ നാടകകാലം പരിശീലനക്കളരികൂടിയായിരുന്നു. അഭിനയത്തിന് നിരവധി സമ്മാനങ്ങള്‍ കിട്ടി. അന്നു നടത്തിയ കലാപ്രവര്‍ത്തനങ്ങള്‍, പിന്നീട് സിനിമാ ജീവിതത്തില്‍ മുതല്‍ക്കൂട്ടായെന്ന് പ്രിയന്‍.
ഇരുപതാം വയസ്സില്‍, ജോസ് ചിറമ്മലിന്റെ നാടകട്രൂപ്പിലെത്തി. അവിടെ എത്രകാലം...?!. അരങ്ങത്തും അണിയറയിലുമായി..!. അതൊരു ചിട്ടപ്പെടലിന്റെ കാലം കൂടിയായിരുന്നു.
'അന്നു മനസ്സിലായി, ഒരു അമേച്വര്‍ നടന് ഇവിടെ സ്‌പേസ് ഇല്ലെന്ന്...ജീവിതം മുന്നോട്ടുപോകില്ലെന്ന്...'.
എല്ലാ മനുഷ്യരിലും നടനുണ്ട് എന്ന തിരിച്ചറിവില്‍, പ്രിയന്‍ സംവിധാനരംഗത്ത് ശ്രദ്ധകൊടുക്കുകയായിരുന്നു പിന്നീട്. 
'നടനുള്ളതിനേക്കാള്‍ കൂടുതല്‍ സ്വാതന്ത്ര്യം സംവിധായകനുണ്ട്...'. 
നഷ്ടപ്പെട്ട വിദ്യാഭ്യാസത്തിന്റെ കുറവ്, ജീവിതാനുഭവങ്ങളും പരന്നവായനയും നികത്തി എന്നതാണ് പ്രിയന്റെ ജീവിതകഥ. 
'ഇതൊക്കെയുള്ള ഒരാള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ആവശ്യമൊന്നുമില്ലെന്ന്' പറയാനുള്ള ചങ്കൂറ്റം പ്രിയനു നല്‍കിയത്, അനുഭവപാഠങ്ങള്‍ തന്നെ.
ഇന്ന് ജോലികിട്ടാന്‍ മാത്രമായുള്ള വിദ്യാഭ്യാസം മനുഷ്യാനുഭവങ്ങള്‍ക്കും ജീവിതാനുഭവങ്ങള്‍ക്കും കുറവു വരുത്തിയിട്ടുണ്ട്.. 
 
കെ.ജി.ജോര്‍ജിന്റെ സിനിമകളാണ് എന്നെ ഇന്‍സ്‌പെയര്‍ ചെയ്തത്. അതില്‍ ജീവിതമുണ്ടായിരുന്നു. മണിലാലിനൊപ്പമായിരുന്നു തുടക്കം. പിന്നീട് കെ.ആര്‍. മോഹനന്റെയും പി.ടി. കുഞ്ഞുമുഹമ്മദിന്റെയും കൂടെ ജോലിചെയ്ത അനുഭവത്തില്‍ നിന്ന് ഒരു സിനിമ ചെയ്യാമെന്ന് തോന്നി. 
'പുതിയൊരു മേഖല...ആശങ്കകളേറെയുണ്ടായിരുന്നു...
'എന്ത് വിഷമമുണ്ടായാലും നമുക്ക് നേരിടാം' എന്ന ഭാര്യയുടെ വാക്കുകള്‍ ശരിക്കും വലിയൊരു  പിന്തുണയായിരുന്നു....
പ്രിയന്‍ വീണ്ടും മൗനത്തില്‍ അഭയം തേടുന്നു. മുഖത്ത് അനുഭവങ്ങളുടെ പിരിമുറുക്കം വായിച്ചറിയാം..
 
കണ്ണൂരില്‍ നിന്നായിരുന്നു 'നെയ്ത്തുകാരന്റെ' തുടക്കം. അവിടെ ഒരു നാടകം അവതരിപ്പിക്കേ, ശശിധരന്‍മാഷിന്റെ 'നെയ്ത്തുകാരന്‍' നാടകത്തിന്റെ സ്‌ക്രിപ്റ്റ് കണ്ടു. 
അപ്പോള്‍, ഇ.എം.എസ്. മരിച്ച സമയമായിരുന്നു. 
'നെയ്ത്തുകാരന്റെ കഥ സിനിമയ്ക്കാണു ചേരുകയെന്ന് പറഞ്ഞപ്പോള്‍ ശശിമാഷ് താത്പര്യമെടുത്തില്ല. പിന്നെ നമ്മുടെ മുല്ലന്‍മാഷാണ് (മുല്ലനേഴി) അതിനു ധൈര്യം തന്നത്.'
'എന്റെ ആദ്യരണ്ടു സിനിമകളിലെയും നായകന്‍ മുരളിയേട്ടനായിരുന്നു.'
കഥാപാത്രമായി മാറുന്ന മുരളിയുടെ പകര്‍ന്നാട്ടം കണ്ട് അന്ധാളിച്ചു നിന്ന സംഭവങ്ങള്‍ ഇന്നും മനസ്സില്‍ നിന്നുമാഞ്ഞിട്ടില്ലെന്ന് പ്രിയനന്ദന്‍ പറയുന്നു. 
പുലിജന്മത്തില്‍ അവസാനഭാഗത്ത് അഭിനയച്ചു തകര്‍ത്തശേഷം, മുരളി അതേ വേഷത്തോടെ മുറിയില്‍ വീണുറങ്ങുന്നത് കണ്ട് തരിച്ചു നിന്നു...നെയ്ത്തുകാരനില്‍ അപ്പമേസ്ത്രിയായുള്ള അദ്ദേഹത്തിന്റെ പ്രകടനം കണ്ട് നിമിഷങ്ങളോളം ശ്വാസംവിടാന്‍ മറന്നുപോയിട്ടുണ്ട്..!!.
'പുലിജന്മ'ത്തിലെ കാരിഗുരുക്കള്‍, പ്രകാശന്‍...
പ്രേക്ഷകമനസ്സില്‍ ഭയങ്കരഅസ്വാസ്ഥ്യം സൃഷ്ടിക്കുന്നതാണ് മുരളിയേട്ടന്റെ കാരിഗുരുക്കളായുള്ള പകര്‍ന്നാട്ടം.
പക്ഷെ, ഒന്നു പറയാം: 'അഭിനയത്തില്‍ നെയ്ത്തുകാരനേക്കാള്‍ മുന്നിട്ടുനിന്നത് പുലിജന്മംതന്നെയായിരുന്നു. അദ്ദേഹത്തിന് ഒരു ദേശീയ പുരസ്‌കാരംകൂടി ഞാന്‍ പ്രതീക്ഷിച്ചതായിരുന്നു....'.
നമ്മള്‍ ആഗ്രഹിക്കുന്നതില്‍ കൂടുതല്‍ തരുന്ന നടനാണ് മുരളിയേട്ടന്‍. പിന്നെ ആ സഹകരിക്കുന്ന മനസ്സും.
നടന്റെ ഉള്ളിലെ അഭിനേതാവിനെ  കണ്ടെത്തണം. അവരെ എങ്ങനെ ഉപയോഗിക്കുന്നു എന്നതുപോലെയിരിക്കും...
ഇത്രയും പറഞ്ഞ് പ്രിയനന്ദന്‍ നേരേ വന്നത്  ജഗതിയിലേയ്ക്ക്..
സൂഫി പറഞ്ഞ കഥയുടെ ഡബ്ബിംഗ് സമയമാണ്. അമ്പിളിച്ചേട്ടന്‍ അരികിലേയ്ക്ക് വിളിച്ചിട്ടു ചോദ്യം തുടങ്ങി-' ആ സീനില്‍ ഇത്ര ഷോട്ടെടുത്തിരുന്നല്ലോ..? അതെവിടെ..?.' 
ഞാനമ്പരന്നുപോയി...!. ഓരോഷോട്ടും ഓര്‍ത്തുവയ്ക്കുന്ന അപാരമായ ഓര്‍മ്മശക്തി..!!.
പിന്നെ, പ്രിയന്‍ ഇന്ദ്രന്‍സിലേയ്ക്ക്..
'എന്റെ രണ്ടു സിനിമകളില്‍ സഹകരിച്ചിട്ടുണ്ട് ഇന്ദ്രന്‍സ്. ഗംഭീരമായ വായനാശീലമുളളയാള്‍...എന്നെ ഞെട്ടിച്ചത് അദ്ദേഹത്തിന്റെ തീക്ഷണമായ നിരീക്ഷണബുദ്ധിയാണ്....'
 
ഉള്ളിലുള്ളത് കൊടുത്തുവാങ്ങലാണ്, ഒരു നടനും സംവിധായകനും തമ്മിലുള്ളത്. അതിന് ഇരുവരും തമ്മില്‍ നല്ല ആശയവിനിമയം ആവശ്യമാണ്...
പുതിയ തലമുറയില്‍ ധാരാളം പ്രതിഭകള്‍ വരുന്നുണ്ട്. അവരൊക്കെയും കഴിവുള്ളവര്‍ തന്നെ. പിന്നൊന്ന്, ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികളാണ് മടികൂടാതെ ഈ മേഖലയില്‍ കടന്നുവരുന്നത് എന്നതാണ്. ആണ്‍കുട്ടികള്‍ക്ക് കോംപ്ലക്‌സ് കൂടും. പെണ്‍കുട്ടികള്‍ക്ക് അത് കുറവാണെന്ന് പ്രിയന്‍ നിരീക്ഷിക്കുന്നു.
'ഒരു നടന്‍ ചുറ്റുപാടുകളെ അറിഞ്ഞിരിക്കണം. നടനാവാന്‍ നടക്കണം. ജീവിതമറിയണം...!'
പ്രിയന്‍ ഒന്നു നിര്‍ത്തി. പുതിയ സിനിമയെ കുറിച്ച് എതോ ഒരന്വേഷണം, മൊബൈലില്‍..
 
കലാമൂല്യമുള്ള സിനിമകള്‍ വേണ്ടത്ര സര്‍ക്കാര്‍ തലത്തില്‍ അംഗീകരിക്കപ്പെടുന്നില്ല എന്ന മുഖവുരയോടെ വീണ്ടും തുടങ്ങുമ്പോള്‍, രണ്ടാം ജോണ്‍എബ്രഹാം പുരസ്‌കാരം നേടിക്കൊടുത്ത 'ഞാന്‍ നിന്നോടു കൂടെയുണ്ട്' എന്ന സിനിമയെപ്പറ്റി ചോദിച്ചു: 
വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങളെയും സംഘര്‍ഷങ്ങളെയും സ്വപ്നത്തിന്റെയും യാഥാര്‍ഥ്യത്തിന്റെയും സമന്വയത്തിലൂടെ ചലച്ചിത്രഭാഷയുടെ നവീന സാധ്യതകളുപയോഗിച്ച് ദൃശ്യവല്‍ക്കരിച്ചിരിക്കുന്ന ഈ സിനിമ തുല്യതയിലധിഷ്ഠിതമായ മാനവികതയുടെ നവസങ്കല്‍പങ്ങളെ അവതരിപ്പിച്ചിരിക്കുന്നു- എന്നാണ് ജൂറി ഈ സിനിമയെ വിലയിരുത്തിയത്.
മോഷണത്തിന് പുതിയ മാനങ്ങള്‍ കാണുന്ന ദമനനിലൂടെയും പ്രണയദാഹവുമായി അലയുന്ന മദനനിലൂടെയും വികസിക്കുന്ന കഥാതന്തു.
ബാദല്‍ സര്‍ക്കാരിന്റെ ഹട്ടാമലദേശത്തിനപ്പുറം എന്ന നാടകത്തെ ആസ്പദമാക്കിയ ഈ ചിത്രത്തില്‍ സാമൂഹ്യപ്രവര്‍ത്തക ദയാബായിയും അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
'ചെറിയചെറിയ മോഷണങ്ങള്‍ പര്‍വ്വതീകരിക്കുകയും വലിയമോഷണങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകുകയും ചെയ്യുന്ന അവസ്ഥാ വിശേഷമാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്.' ദമനന്‍, മദനന്‍ എന്ന രണ്ടു കള്ളന്മാരിലൂടെ ശക്തമായ സാമൂഹ്യവിമര്‍ശനമാണ് ചിത്രം ഉയര്‍ത്തുന്നത്. കറകളഞ്ഞ ഹാസ്യത്തിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തുകൊണ്ടു നീങ്ങുന്ന ചിത്രം, രസിക്കാത്ത കുറെ സത്യങ്ങള്‍ സമൂഹമുഖത്തേയ്ക്കു വലിച്ചെറിയുന്നു. 
മധ്യപ്രദേശിലെ ഉള്‍പ്രദേശമായ ചിന്ദുവാടയിലാണ് ചിത്രീകരണം പ്രധാനമായും നടന്നത്. വളരെ പിന്നോക്കാവസ്ഥയിലുള്ള ഈ പ്രദേശത്തുണ്ടായ ചില ഷൂട്ടിംഗ് അനുഭവങ്ങള്‍, മനസ്സിനെ പോറിച്ചെന്ന് പ്രിയന്‍. അവിടെ പൊലീസ് സ്‌റ്റേഷനില്‍ ഒരാവശ്യത്തിനു ചെന്നപ്പോള്‍, ചോദിച്ചത് പൗരത്വകാര്‍ഡൊന്നുമല്ല; ജാതിയായിരുന്നു..!!. 
ജാതി തിരിച്ചുവരികയാണ്...പഴയതിലും ശക്തിയായി..
പ്രിയന്റെ ശബ്ദം താഴ്ന്നു.അതൊരു പിറുപിറുപ്പായി മനസ്സില്‍ തറഞ്ഞുകയറി.
 
നെയ്ത്തുകാരനിലൂടെ കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയുടെ ഇഷ്ടതോഴനായി, അന്നും ഇന്നും കമ്മ്യൂണിസ്റ്റുകാരനായ പ്രിയനന്ദന്‍. പിന്നീട് പുലിജന്മം പുറത്തുവന്നപ്പോള്‍, കമ്മ്യൂണിസ്റ്റ് വിരുദ്ധനെന്നും പേരു കേട്ടു..!.
അതിലെവിടേയായിരുന്നു കമ്മ്യൂണിസ്റ്റ് വിരുദ്ധത..? ചോദിക്കുമ്പോള്‍ ഈ കമ്മ്യൂണിസ്റ്റുകാരനില്‍ ദുഃഖം നിഴലിക്കുന്നതു കണ്ടു.
പ്രകൃതി ചൂഷണം മുതല്‍ കേരളത്തിലെ  കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര വ്യതിയാനങ്ങള്‍ വരെ ഈ ചിത്രം അതിസൂക്ഷ്മമായി വിശകലനം ചെയ്തു..
പരിഹാരം നിര്‍ദ്ദേശിക്കലല്ല, അന്വേഷിക്കാന്‍ പ്രേരിപ്പിക്കലാണ് ഇടതുപക്ഷ സിനിമയെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. പുലിജന്മം ഇടതുപക്ഷവിരുദ്ധമാണെന്ന് പറയുന്നവര്‍ വ്യാജഇടതുപക്ഷക്കാരാണെന്നുകൂടി  പറയാന്‍ പ്രിയന്‍ മറന്നില്ല. എന്നിട്ട് ഇത്രകൂടി കൂട്ടിച്ചേര്‍ത്തു-
'ഉപദേശിക്കാന്‍ ഞാനില്ല. എന്റെ സിനിമയില്‍ നിന്നു വായിച്ചെടുക്കുക'. 
 
ബാലുമേനോന്‍ എം.
ചിത്രം- സുദീപ് ഈയെസ് 

Monday, May 18, 2015

സിനിമ `കേട്ട' ഒരു കുട്ടി



ഓലമേഞ്ഞ ടാക്കീസിനു പുറത്ത്‌ സിനിമ 'കേട്ടു' നിന്നിരുന്ന ഒരു കുട്ടി. വീട്ടിലെ ദാരിദ്ര്യം കാരണം സിനിമ കാണാന്‍ വഴിയില്ല. ടാക്കീസില്‍ സിനിമ നടക്കുമ്പോള്‍ പുറത്തേയ്‌ക്കു തെറിച്ചു വീഴുന്ന 'ഡയലോഗുകള്‍' അവന്‍ 'കണ്ടു'. അതു പറയുന്ന നടന്റെ ഭാവങ്ങള്‍ മനസ്സില്‍ സങ്കല്‍പ്പിച്ചു...
പിന്നീട്‌ സൂപ്പര്‍ഹിറ്റുകള്‍ സൃഷ്ടിച്ച അനില്‍-ബാബു ടീമിലെ ബാബു എന്ന ബാബു നാരായണന്‍ ..!
കേട്ടറിഞ്ഞ സിനിമ, പിന്നെ ജീവിതവും ജീവിതമാര്‍ഗ്ഗവുമായ കഥ പറയുമ്പോള്‍ ബാബു നാരായണന്റെ
മനസ്സില്‍, ഇപ്പോഴും ആ കുട്ടിയെ കാണാം. വള്ളിട്രൗസറിട്ട..സിനിമയെ സ്വപ്‌നം കണ്ട നാട്ടിപുറത്തുകാരനായ കുട്ടി..!.
ഇരുപത്തിയാറു വര്‍ഷമായി സിനിമാ രംഗത്ത്‌. ഇരുപത്തഞ്ചു സിനിമകള്‍ ഒന്നിച്ചു ചെയ്‌ത്‌ ലോകറെക്കോഡിടാനിരിക്കേ, അനില്‍-ബാബു വഴിപിരിയുന്നു...
യാദൃച്ഛികതകളുടേതായിരുന്നു ജീവിതം...വളവുകളും തിരിവുകളും കയറ്റിറക്കങ്ങളും..
അതിനിടെ ലഭിച്ച അനുഗ്രഹം പോലുള്ള സൗഹൃദങ്ങള്‍..എംടിയെ പോലുള്ള മഹാരഥന്‍മാരുടെ പിതൃനിര്‍വ്വിശേഷമായ വാത്സല്യം..!.

ബാബു നാരായണന്‌ തൃശൂര്‍ വര്‍ണ്ണങ്ങളുടെ ലോകമാണ്‌. നഗരത്തിന്‌ ഓരോ നേരത്തും ഒരോ മുഖഭാവമാണെന്ന്‌ പറയുന്നു ബാബു..
`നന്നെ വെളുപ്പിന്‌ ശക്തന്‍ മാര്‍ക്കറ്റില്‍ ചെന്നു നോക്കൂ...അവിടെ മറ്റൊരു ലോകം കാണാം...ലോകത്ത്‌ മറ്റെവിടേയും ഇങ്ങിനെ ഒരിടം കാണാനാവില്ല..'
എടവണ്ണ എന്ന മലപ്പുറത്തെ കൊച്ചുഗ്രാമത്തില്‍ ജനിച്ച്‌, ഇടക്കാലം കോഴിക്കോട്ട്‌ കഴിച്ചുകൂട്ടി. പിന്നെ സാംസ്‌കാരിക നഗരിയുടെ ഭാഗമായി..
ഇതിനിടെ സിനിമാ രംഗത്തെ ഒരുപിടി അനുഭങ്ങള്‍..കലാരംഗത്തും.

സിനിമാഭ്രാന്തു കയറി, ടാക്കീസിലെ പോസ്‌റ്റര്‍ ഒട്ടിപ്പുകാരനായി. മാനേജര്‍ വിളിച്ചു വരുത്തിയാണ്‌ ചോദിച്ചത്‌. സമ്മതിച്ചു. അന്ന്‌ എട്ടാം ക്ലാസില്‍. അമ്പതു പോസ്‌റ്റര്‍ ഒട്ടിക്കണം. ആദ്യം ഒട്ടിച്ച പോസ്‌റ്റര്‍ `ചെമ്മീന്‍' ആയിരുന്നു. പോസ്‌റ്റര്‍ ഒട്ടിപ്പിനു പ്രതിഫലം സിനിമ സൗജന്യമായി കാണാം എന്നതാണ്‌. അന്ന്‌ ഒരു സിനിമ തന്നെ നിരവധി തവണ കണ്ടു. സ്വപ്‌നങ്ങള്‍ നെയ്‌തു...
പിന്നെ ടിക്കറ്റ്‌ കൗണ്ടറില്‍ പകരക്കാരനായി..
അവിടെ നിന്നും പ്രൊജക്‌റ്റ്‌ റൂമിലേയ്‌ക്കു സ്ഥാനക്കയറ്റം..!. പൊട്ടിയ ഫിലിം ഒട്ടിക്കാന്‍ വരെ പഠിച്ചു..
റിലീസ്‌ ചെയ്‌ത എല്ലാ സിനിമകളും കണ്ടു നടന്ന കാലം..
മുറിച്ചു മാറ്റിയ ഫിലിം സ്‌കൂളില്‍ കൊണ്ടുപോയി കൂട്ടുകാരെ കാണിക്കും. അങ്ങിനെ അവരുടെ സൂപ്പര്‍ ഹീറോയായി...
`ഭാസിച്ചേട്ടന്റെ ഒക്കെ കഷ്‌ണം ഫിലിമിന്‌ അന്ന്‌ അത്രയും ഡിമാന്റാണ്‌..'
സ്‌കൂളില്‍ കുറ്റപ്പേരും വീണു: സില്‍മാക്കാരന്‍ ഷാരടി ബാബു..!!.

`സിനിമാ ഭ്രാന്ത്‌' എന്നാണല്ലോ പറയുക- ചിരിച്ചുകൊണ്ട്‌ ബാബു തുടര്‍ന്നു..
ഭ്രാന്ത്‌ മൂത്ത്‌മൂത്ത്‌ എസ്‌.എസ്‌.എല്‍.സിയ്‌ക്കു മനോഹരമായി `പൊട്ടി'..!.
വീട്ടില്‍ ചേട്ടനും ചേച്ചിയും ഒക്കെ നന്നായി പഠിക്കുന്നവര്‍. അവര്‍ എന്നെ പായ്‌ക്ക്‌ ചെയ്‌തു- കോഴിക്കോട്ടേയ്‌ക്ക്‌.
അച്ഛന്‌ അന്ന്‌ കോഴിക്കോട്ട്‌ തളിക്ഷേത്രത്തിലാണ്‌ കഴകം..
അമ്പലത്തില്‍ അച്ഛനെ സഹായിച്ചു പഠനം തുടര്‍ന്നു.
`അന്നും ശബ്ദമാണ്‌ എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്‌. ക്ഷേത്രവാദ്യങ്ങളുടെ..എല്ലാ ശബ്ദങ്ങള്‍ക്കും ഒരു താളക്രമമുണ്ടെന്ന്‌ അന്നേ തോന്നി..പലപ്പോഴും അടിയന്തിരക്കാര്‍ അവധിയാവുമ്പോള്‍ ഞാന്‍ തന്നെ ക്ഷേത്രവാദ്യങ്ങളും കൈകാര്യം ചെയ്‌തു..'
പത്താം ക്ലാസ്‌ കടന്നുകൂടി. പക്ഷെ, തലയില്‍ നിറയെ സിനിമതന്നെയായിരുന്നു.
പ്രീഡിഗ്രികാലത്ത്‌ മദ്രാസിലേയ്‌ക്കു വണ്ടികയറി..

എന്റെ ഗുരുത്വം

മദ്രാസില്‍ ഹരിഹരന്‍ സാറിനെയാണ്‌ ചെന്നു കണ്ടത്‌. അദ്ദേഹത്തോടൊപ്പം സഹായിയായി നിന്നു. എംടിയുടെ സ്‌ക്രിപ്‌റ്റില്‍, `എവിടെയോ ഒരു ശത്രു' ആയിരുന്നു സിനിമ. സുകുമാരനേയും അന്നാണ്‌ ആദ്യമായി കാണുന്നത്‌. തുടക്കക്കാരന്റെ എല്ലാ ഭയങ്ങളും ഉണ്ടായിരുന്നു. സുകുമാരന്‍- ലുങ്കിയും ജൂബയും ധരിച്ച്‌ കസേരയില്‍ ഇരുന്നിരുന്നു. സിനിമയില്‍ കാണുന്നതുപോലെയാണോ അദ്ദേഹം സംസാരിയ്‌ക്കുക?. അതായിരുന്നു എന്റെ നോട്ടം. ആ ശബ്ദം ഒന്നു കേള്‍ക്കാനായി കാത്തു നിന്നു. എന്റെ പരുങ്ങല്‍ കണ്ടിട്ടാകാം, കൈകാട്ടി വിളിച്ചു. വിവരങ്ങള്‍ ചോദിച്ചറിഞ്ഞു...പിന്നെ സിനിമയെക്കുറിച്ച്‌ ഒരുപാട്‌ കാര്യങ്ങള്‍ പറഞ്ഞു തന്നു..
`ആ ശബ്ദനിയന്ത്രണം ഞാന്‍ അധികം പേരില്‍ കണ്ടിട്ടില്ല. തിലകന്‍ചേട്ടനെ പോലുള്ള അപൂര്‍വ്വം പ്രതിഭകളില്‍ മാത്രം...'
ഹരിഹരന്‍ സര്‍ സിനിമയുടെ ഒരു സര്‍വ്വകലാശാലയാണ്‌..!.
ഓരോ ഫ്രെയിമിലേയും മുക്കും മൂലയും ശ്രദ്ധിക്കുന്ന അസാധാരണ നിരീക്ഷന്‍..
`എനിക്ക്‌ അടി കിട്ടിയിട്ടുണ്ട്‌...അദ്ദേഹത്തില്‍ നിന്ന്‌...!.` ഇതു പറയുമ്പോള്‍ ഇടതു ചുമലില്‍ അറിയാതെ തടവിപ്പോയി ബാബു..അടിയുടെ ചൂട്‌..!.
`വെള്ളം' എന്ന സിനിമയുടെ സെറ്റിലാണ്‌..
മദ്രാസിലെ വണ്ടല്ലൂരില്‍ ഒരു വാട്ടര്‍ടാങ്കില്‍ സെറ്റിട്ടാണ്‌ ഷൂട്ട്‌. വെള്ളപ്പൊക്കത്തില്‍ മുങ്ങിക്കൊണ്ടിരിക്കുന്ന കൊട്ടാരത്തില്‍ നിന്ന്‌ ഷീലാമ്മയെ രക്ഷിക്കണം. നസീര്‍ സാറാണ്‌ രംഗത്ത്‌.
പകുതി മുങ്ങിയ കൊട്ടാരത്തിലേയ്‌ക്ക്‌ വള്ളം തുഴഞ്ഞുവരുന്ന നസീര്‍സാര്‍..ഗോവണി കയറി മുകളിലെത്തി.
ഇനി ഷീലാമ്മയേയും കൊണ്ടിറങ്ങുന്ന സീനെടുക്കണം..
ഞങ്ങളെല്ലാവരും നെഞ്ചോളം വെള്ളത്തിലായി നില്‍ക്കുകയാണ്‌.
എല്ലാം റെഡിയല്ലേ..? ഹരിഹരന്‍ സാറിന്റെ ചോദ്യംവന്നു.
അതെയെന്ന്‌ ഞാനും. ആക്ഷന്‍ പറയുന്നതോടൊപ്പം എന്റെ ചുമലില്‍ ചുട്ട ഒരടിവീണു..!. അപ്രതീക്ഷിതമായ അടിയില്‍ ഞാന്‍ കിടുങ്ങിപ്പോയി..
ഗോവണി കയറുമ്പോള്‍, നസീര്‍ സാര്‍ അവിടെ അഴിച്ചുവച്ച തൊപ്പിക്കുട കാണാനില്ല..!
അതാണ്‌ ഹരിഹരന്‍ സാറിന്റെ ക്ഷോഭിപ്പിച്ചത്‌. എന്റെ ഉത്തരവാദിത്തമായിരുന്നു അത്‌..
ഫയര്‍ഫോഴ്‌സ്‌ ഹോസ്‌ വച്ച്‌ മഴ പെയ്യിച്ചപ്പോള്‍ അത്‌ താഴെപോയത്‌ ഞാന്‍ ശ്രദ്ധിച്ചില്ല; അദ്ദേഹം ശ്രദ്ധിച്ചു..!.
`അകക്കണ്ണുകൊണ്ട്‌ കാണണം...' അദ്ദേഹം പറഞ്ഞു.
അന്നു തന്നെ എന്നോട്‌ മടങ്ങിപൊയ്‌ക്കാളാനും ഈ പണിക്കു താന്‍ യോഗ്യനല്ലെന്നും സാര്‍ പറഞ്ഞു...!.
ചീത്തവിളിയും അടിയും കഴിഞ്ഞ്‌ അദ്ദേഹം മറ്റുജോലികളിലേയ്‌ക്ക്‌ തിരിഞ്ഞിരുന്നു. പക്ഷെ, ആ വേദന എന്നെ വിട്ടുപോകാന്‍ കുറേ കാലമെടുത്തു..!.
വിട്ടുവീഴ്‌ചയില്ലാത്ത പ്രൊഫഷണലിസം...അതാണ്‌ ഹരിഹരന്‍സാര്‍..കടുകിട വിട്ടുവീഴ്‌ചയില്ല..സൂക്ഷ്‌മതലത്തോളം ചെന്നെത്തുന്ന ശ്രദ്ധ..
എനിക്കുകിട്ടിയ ഏറ്റവും വലിയ ജീവിതപാഠവും അതാണ്‌: അകക്കണ്ണുകൊണ്ട്‌ കാണണം..!!.

ഹരിഹരന്‍ സാറിന്റെ സെറ്റ്‌ പായ്‌ക്കപ്പ്‌ ചെയ്‌തു കഴിഞ്ഞാല്‍, ഞാന്‍ രാത്രികളില്‍ എന്‍. ശങ്കരന്‍നായര്‍ സാറിന്റെ സെറ്റില്‍ ചെന്ന്‌ സഹായിയാവും...
എല്ലാം എനിക്ക്‌ പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള വേദികളായിരുന്നു. പിന്നീട്‌, പ്രിയദര്‍ശന്‍, ഭദ്രന്‍, പ്രതാപ്‌ പോത്തന്‍ എന്നിവരോടൊപ്പം അസോസിയേറ്റും അസിസ്‌റ്റന്റുമൊക്കെയായി പ്രവര്‍ത്തിച്ചു. ഇവരൊക്കെയായിരുന്നു എന്റെ സിനിമാ കോളജുകള്‍..!.
`ഇപ്പോഴും ഞാന്‍ പഠനത്തിലാണ്‌..'

പ്രിയദര്‍ശനൊപ്പം `ബോയിംഗ്‌ ബോയിംഗ്‌' എന്ന ചിത്രത്തില്‍ സഹകരിച്ചത്‌ വലിയൊരനുഭവമായിരുന്നു. പോത്തനൊപ്പം കൂടുതല്‍ ഇടപെടാനായി- ഡെയ്‌സി, ഋതുഭേദം ചിത്രങ്ങളില്‍...അദ്ദേഹത്തിനു മലയാളം അത്ര വശമില്ലല്ലോ?!.
പിന്നെ സ്വതന്ത്ര സംവിധാനത്തിലേയ്‌ക്കു വന്നു. അനഘ.
മുപ്പതിലേറെ സിനിമകള്‍ അസിസ്‌റ്റ്‌ ചെയ്‌ത ശേഷം, അന്ന്‌ എനിക്കു വയസ്സ്‌ ഇരുപത്തഞ്ച്‌..
നെടുമുടിച്ചേട്ടന്‍, പാര്‍വ്വതി ഇവരൊക്കെ നന്നായി ശോഭിച്ച സിനിമ. പാട്ടുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. പാര്‍വ്വതിയ്‌ക്ക്‌ ഈ സിനിമയില്‍ പുരസ്‌കാരവും ലഭിച്ചു. പിന്നെ `പൊന്നരഞ്ഞാണം' എന്നൊരു സിനിമ കൂടി ചെയ്‌ത ശേഷമാണ്‌ ഞാനും അനിലും കൈകോര്‍ക്കുന്നത്‌..
അത്‌ ഒരു ചരിത്രം കുറിച്ച നിമിഷമായിരുന്നു. മാന്ത്രികച്ചെപ്പ്‌ ആണ്‌ അനില്‍ ബാബുവിന്റെ ആദ്യത്തെ ചിത്രം. തുടര്‍ന്ന്‌ ഒരുക്കിയ ചിത്രങ്ങളില്‍ പലതും ഹിറ്റായി. നര്‍മത്തിന്‌ പ്രാധാന്യം നല്‍കിയുള്ള ചിത്രങ്ങളായിരുന്നു ഇവയില്‍ മിക്കതും. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള ഇരട്ടസംവിധായകരായി അനില്‍ബാബു ടീം മാറി..
1992 മുതല്‍ 2006 വരെ- 24 ചിത്രങ്ങള്‍ ഈ കൂട്ടുകെട്ട്‌ സംവിധാനം ചെയ്‌തു. ചിരിയുടെ മാലപ്പടക്കങ്ങള്‍ പൊട്ടിച്ചുകൊണ്ടുള്ളവയായിരുന്നു ചിത്രങ്ങളധികവും. മണ്ണാടിയാര്‍ പെണ്ണിനു ചെങ്കോട്ടച്ചെക്കന്‍, പട്ടാഭിഷേകം, മയില്‍പ്പീലിക്കാവ്‌, പകല്‍പ്പൂരം.. ഓര്‍മ്മയില്‍ തങ്ങുന്ന ചിത്രങ്ങള്‍..
`ഭാഗ്യം മാത്രം കൊണ്ട്‌ ഒരു സിനിമയും രക്ഷപ്പെടുകയില്ല. ജനങ്ങള്‍ക്ക്‌ ഇഷ്ടമാകണം'.
ഞങ്ങള്‍ അന്നു ചെയ്‌തചിത്രങ്ങളെല്ലാം ജനം ആസ്വദിച്ചു. അത്‌ ആ കാലഘട്ടത്തിനനുസരിച്ച്‌ ചെയ്‌ത സിനിമകളായിരുന്നു താനും.
`ഞങ്ങള്‍ രണ്ടുപേര്‍ക്കും വ്യത്യസ്‌ത കഴിവുകളായിരുന്നു. അത്‌ ഞങ്ങള്‍ ഫലപ്രദമായി വിളക്കിച്ചേര്‍ത്തു..അതായിരുന്നു വിജയരഹസ്യം..'.

ദുഃഖം

ഇരുപത്തഞ്ചു ചിത്രങ്ങള്‍ ഒന്നിച്ചു ചെയ്യുക.. അതിന്റെ വക്കത്തായിരുന്നു. പക്ഷെ, വിധി മറിച്ചായിരുന്നു. `പറയാം' എന്ന ചിത്രത്തിന്റെ പ്രൊജക്ട്‌. എനിക്കു കുറച്ചു പറയാനുണ്ടെന്ന്‌ ഇടയ്‌ക്കു അനില്‍..
ഞാനറിഞ്ഞില്ല..
ഒടുവില്‍ അദ്ദേഹം തുറന്ന്‌ പറഞ്ഞു.. നമുക്ക്‌ വഴി പിരിയാം..!
അത്‌ ഷോക്കായിരുന്നു. പറിച്ചുമാറ്റാനാവാത്ത വേദന...
ഞാന്‍ പലകുറി ചോദിച്ചു...(ഇത്‌ ഞാന്‍ ആരോടും പറഞ്ഞിട്ടില്ല).
താന്‍ തമാശപറയാണോ..?
അല്ലെന്ന്‌ മറുപടി.
അന്ന്‌ ഞാന്‍ കരഞ്ഞു..ശരിക്കും.
ഭാവനയും ജിഷ്‌ണുവും നായികാനായകന്‍മാരായ `പറയാ'മിന്റെ ചിത്രീകരണം നടന്നുവരികയാണ്‌...
ചിത്രം പൂര്‍ത്തിയാക്കി. വേര്‍പിരിയല്‍, സിനിമയെ ബാധിക്കാതെ ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു. രണ്ടുപേരും പൂര്‍ണമനസ്സോടെ തന്നെ, സഹകരിച്ചു ചെയ്‌തു. പക്ഷെ, അത്‌ സിനിമയില്‍ പ്രതിഫലിച്ചു എന്നത്‌ സത്യം...പടം വിജയിച്ചില്ല.
ഞങ്ങള്‍ പിരിഞ്ഞു. പത്രങ്ങളില്‍ വാര്‍ത്തയായി..
ഞങ്ങള്‍ക്ക്‌ മുമ്പും ശേഷവുമെത്തിയ സംവിധാകജോഡികള്‍ വേര്‍പിരിഞ്ഞപ്പോഴും ഒരുമിച്ച്‌ ചിത്രങ്ങള്‍ ചെയ്യുന്നത്‌ തുടരുകയായിരുന്നു ഞങ്ങള്‍..
സിദ്ദിക്ക്‌ ലാല്‍, അശോകന്‍ താഹ, അക്‌ബര്‍ ജോസ്‌ എന്നിവരാണ്‌ മുമ്പ്‌ വേര്‍പിരിഞ്ഞ സംവിധായക ജോഡികള്‍.
അനില്‍ പിന്നെ തമിഴില്‍ രണ്ടു ചിത്രങ്ങള്‍ ചെയ്‌തു. ഞാന്‍ രണ്ടു സിനിമകളുടെ ഡിസ്‌കഷനില്‍ ഇരിക്കേയാണ്‌, അസുലഭമായ ആ വിളിവരുന്നത്‌..

വീണ്ടും ഹരിഹരന്റെ വിളി

അനിലുമായി പിരിഞ്ഞതിന്റെ ഷോക്ക്‌ വിട്ടുമാറിയിരുന്നില്ല. ഒരു നിര്‍മ്മാതാവും ഞങ്ങള്‍ കാരണം കരഞ്ഞിട്ടില്ല. പിന്നെന്തിന്‌..? ഈ ചോദ്യം വല്ലാതെ അലട്ടിക്കൊണ്ടിരുന്നു.
അപ്പോഴാണ്‌ ഹരിഹരന്‍ സാറിന്റെ വിളി.
`നീ ഇപ്പോള്‍ എന്തെടുക്കുന്നു..?` എന്നായിരുന്നു ചോദ്യം.
ഒന്നു രണ്ട്‌ സ്‌റ്റേജ്‌ പ്രോഗ്രാമുകള്‍ ഏറ്റിരിക്കുന്ന സമയമാണ്‌. സിനിമയൊന്നും ചെയ്യുന്നില്ലെന്ന്‌ പറഞ്ഞു.
ഉടന്‍ മദ്രാസിലെത്താനായിരുന്നു ഉത്തരവ്‌. `പഴശ്ശിരാജ'യില്‍ സഹകരിക്കണം.
`നിന്നെപോലുളള ഒരാളുടെ സഹായം എനിക്കു കൂടിയേ പറ്റൂ...'
സ്‌റ്റേജ്‌ പ്രോഗ്രാമുണ്ട്‌. ഒരാഴ്‌ച കഴിഞ്ഞ്‌ കോഴിക്കോട്‌ സെറ്റില്‍ ജോയിന്‍ ചെയ്യാന്‍ പറഞ്ഞു..
അത്‌ ഒരനുഭവമായിരുന്നു. ഏറ്റവും ശക്തമായ എന്റെ പഠനകാലം..
`ശബ്ദത്തിന്‌ ഇത്രയും പ്രാധാന്യമുണ്ടെന്ന്‌ ഞാന്‍ മനസ്സിലാക്കിയ കാലം..'
ബാബു പെട്ടെന്ന്‌ റസൂല്‍ പൂക്കുട്ടിയെ ഓര്‍ത്തു.
`ഞങ്ങള്‍ നോമ്പുമുറിക്കാന്‍ ഇരിക്കുകയാണ്‌, ഹോട്ടല്‍ മുറിയില്‍..പെട്ടെന്ന്‌ ഞങ്ങള്‍ക്കിടയില്‍ നിന്ന്‌ റസൂല്‍ എഴുന്നേറ്റ്‌ ബാത്ത്‌ റൂമിലേയ്‌ക്കു പോയി..
തിരിച്ചു വന്ന്‌ നോമ്പുമുറിക്കുമ്പോള്‍, അദ്ദേഹം പറഞ്ഞു- ബാത്ത്‌ റൂമില്‍ ബക്കറ്റിലേയ്‌ക്ക്‌ വെള്ളം ഇറ്റു വീഴുന്ന ശബ്ദം ഭയങ്കര ഡിസ്‌റ്റേര്‍ബിംഗ്‌ ആയി തോന്നി എന്ന്‌...!. പൈപ്പ്‌ മുറുക്കി അടച്ചു വന്നതാണ്‌ അദ്ദേഹം...
പിന്നീട്‌ അദ്ദേഹത്തിന്‌ സ്വീകരണം നല്‍കിയപ്പോള്‍ നടത്തിയ സ്‌റ്റേജ്‌ ഷോയില്‍ താന്‍ ശബ്ദത്തിന്റെ സാധ്യതകളെ പൂര്‍ണമായും ഉപയോഗപ്പെടുത്തി എന്ന്‌ ബാബു നാരായണന്‍. പിന്നീട്‌ പീച്ചി ഉത്സവത്തിനു നടത്തിയ സ്‌റ്റേജ്‌ ഷോയിലും ഈ സാധ്യത ഉപയോഗപ്പെടുത്തി.
നമ്മുടെ സിനിമകളില്‍ ശബ്ദത്തിന്റെ സാധ്യതകളെ നാം ഒട്ടും പരിഗണിച്ചിട്ടില്ല. ശബ്ദത്തിന്‌ സ്‌ക്രിപ്‌റ്റ്‌ ഇല്ലല്ലോ?.
ഒരു നിമിഷം, ബാബു നാരായണന്‍ പണ്ടു സിനിമ `കേട്ട' എട്ടാംക്ലാസുകാരനായി..

പഴശിരാജ പ്രൊജക്‌റ്റ്‌ വിചാരിച്ചതിലും നീണ്ടുപോയി..മൂന്നരവര്‍ഷമെടുത്തു. കുടകിലെ മരം കോച്ചുന്ന തണുപ്പിയും പുലര്‍ച്ചെ മമ്മൂക്ക വ്യായാമം ചെയ്‌തിരുന്നത്‌ ബാബു ഓര്‍ക്കുന്നു.
വാള്‍ പിടിക്കുമ്പോള്‍ കൈത്തണ്ടയ്‌ക്ക്‌ സൈസ്‌ തോന്നണ്ടേ..? എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. കൈത്തണ്ട മറച്ചുവച്ചൊരു കോസ്‌റ്റിയൂം പഴശിരാജയില്‍ അദ്ദേഹം ഉപയോഗിച്ചുമില്ല..!.
അത്ഭുതപ്പെടുത്തിയ മറ്റൊന്ന്‌ ഹരിഹരന്‍ സാറിന്റെ മനഃശക്തിയാണ്‌.
മനോജ്‌ കെ. ജയനെ തൂക്കിക്കൊല്ലുന്ന സീന്‍..
പുലര്‍ച്ചെയാണ്‌. തുടര്‍ച്ചയായി എടുത്തു തീര്‍ത്തേ മതിയാവൂ.. ആളുകള്‍ കൂടുതലാണ്‌ സീനില്‍. കോസ്‌റ്റിയൂം മാറ്റാന്‍ പറ്റില്ല..
സാറിന്‌ 104 ഡിഗ്രി പനി..
അദ്ദേഹം മൂടിപ്പുതച്ച്‌ ലൊക്കേഷനില്‍ വിറച്ചുകൊണ്ടെത്തി..സീന്‍ എടുത്തു തീര്‍ത്തു..!.

ഓര്‍മ്മകളിലേയ്‌ക്ക്‌ വീണ്ടും..

തികഞ്ഞ പ്രതിഭകളാണ്‌ നമുക്കുള്ളതെന്നതാണ്‌ മലയാള സിനിമയുടെ സൗഭാഗ്യം. മമ്മൂക്കയായാലും മോഹന്‍ലാലായാലും-അവരുടെ ഒക്കെ ആത്മസമര്‍പ്പണം..!
പെട്ടെന്ന്‌ തിലകനെ ഓര്‍ത്തു...
കുടുംബവിശേഷത്തിന്റെ ലൊക്കേഷന്‍. തിലകന്‍ വന്നു. സീന്‍ പറഞ്ഞുകൊടുത്തു. `വേണ്ട' എന്ന ഡയലോഗ്‌ പറയില്ലെന്ന്‌ അദ്ദേഹം തീര്‍ത്തു പറഞ്ഞു. ഞങ്ങള്‍ വിഷമത്തിലായി. അദ്ദേഹം പറ്റില്ലെന്നു പറഞ്ഞാല്‍ പറ്റില്ല എന്നു തന്നെയാണര്‍ത്ഥം..!.
ഡയലോഗ്‌ പറയാതെ ആ ഇഫക്ട്‌ ഞാന്‍ ഉണ്ടാക്കിത്തരാം എന്നു പറഞ്ഞ്‌ അദ്ദേഹം കൈകൊണ്ട്‌ `വേണ്ട' എന്ന ആക്ഷന്‍ കാണിച്ചു. ശരീരഭാഷ മൊത്തമായി `വേണ്ട' എന്നായി മാറുന്നത്‌ കണ്ട്‌ ഞങ്ങള്‍ ഞെട്ടി..!.
അതേ സിനിമയില്‍ ഭാര്യമരിച്ച സീനെടുക്കുമ്പോള്‍, ഞാന്‍ എന്റെ ഒരു നേരനുഭവം അദ്ദേഹത്തോടു പറഞ്ഞു.
ഒരു നിമിഷത്തെ ധ്യാനം..
അങ്ങിനെ ഒരു പെര്‍ഫോമന്‍സ്‌ പിന്നെ കണ്ടിട്ടില്ലെന്ന്‌ ബാബു...!.
മയില്‍പീലിക്കാവിന്റെ സെറ്റിലായിരുന്നു മറ്റൊന്ന്‌.
ക്രെയിനും റൗണ്ട്‌ ട്രോളിയും ഉപയോഗിച്ചുളള ഷോട്ടാണ്‌. തിലകന്‍ ചേട്ടനെത്തി, സീന്‍ കേട്ടപ്പോള്‍ ഇന്ന്‌ പറ്റില്ലെന്ന്‌ പറഞ്ഞു. നരേന്ദ്രപ്രസാദിന്‌ ഡേറ്റില്ല. പെട്ടെന്ന്‌ ഷോട്ടെടുത്ത്‌ മടങ്ങണം. ഞങ്ങള്‍ കഷ്ടത്തിലായി.
പിറ്റേന്ന്‌, അദ്ദേഹം സെറ്റിലെത്തി. ഒരു കസേരയില്‍ ധ്യാനമനസ്‌കനായി ഇരുന്നു.
`എടുക്കാം...'
ഒരു കട്ട്‌ പോലും ഇല്ലാതെ അദ്ദേഹം അത്‌ തകര്‍ത്തഭിനയിച്ചു പൂര്‍ത്തിയാക്കി ഞങ്ങളെ ഞെട്ടിച്ചു..!.

ജഗതിച്ചേട്ടനാണ്‌, നമ്മള്‍ ചോദിച്ചതില്‍ കൂടുതല്‍ തരുന്ന ഒരു നടന്‍.
`പറമ്പുവേണോ പാരിതോഷികം വേണോ?' എന്ന്‌ ചോദിക്കും. പറമ്പു മതിയെങ്കില്‍ ഒരുമാതിരി അഭിനയം. പാരിതോഷികം വേണമെങ്കില്‍ തകര്‍പ്പന്‍ പ്രകടനം- അതാണ്‌ അമ്പിളിച്ചേട്ടന്‍!.
`പകല്‍പ്പൂരം' എന്ന സിനിമയിലെ ഒരു രംഗം ഓര്‍ക്കുന്നു.
ഒരു മാളത്തിലേയ്‌ക്ക്‌ തവള കയറിപ്പോകുന്ന രംഗമുണ്ട്‌. അമ്പിളിച്ചേട്ടന്‍ ആ അളയില്‍ കൈയിടുന്നു. അതില്‍ പാമ്പുണ്ട്‌..
ചേട്ടന്‍ കൈയിടണ്ട..മുഖത്തിന്റെ ക്ലോസപ്പ്‌ എടുത്ത്‌ ഭാവം വരുത്തിയാല്‍ മതി എന്നു ഞാന്‍.
നീ അളയില്‍ പാമ്പിനെ വയ്‌ക്ക്‌..ഞാനെടുത്തോളാം എന്ന്‌ ചേട്ടന്‍..!.
നിര്‍ബന്ധം സഹിക്കാതെ ഞങ്ങള്‍ പാമ്പിനെ വച്ചു. ചേട്ടന്‍ പറഞ്ഞു: ഞാന്‍ അളയില്‍ കൈയിടുന്നതു മുതല്‍ കട്ട്‌ചെയ്യാതെ കാമറ എന്റെ മുഖത്തേയ്‌ക്ക്‌ കൊണ്ടുവരണം...'
ഞങ്ങള്‍ അങ്ങിനെ തന്നെ ചെയ്‌തു. പാമ്പിനെ മുഖാമുഖം നോക്കി ചേട്ടന്റെ മുഖത്തു മിന്നിമറഞ്ഞ ഭാവങ്ങള്‍ കണ്ട്‌ തിയറ്റുകള്‍ അലറിച്ചിരിച്ചു..അതു കണ്ട്‌ ഞങ്ങളും കോരിത്തരിച്ചു..!.
മാളച്ചേട്ടനുമായി ഹൃദയബന്ധമാണ്‌. അദ്ദേഹത്തിന്റെ നോക്കിലും വാക്കിലും ചിരിച്ചു പോകുന്ന എന്നോട്‌ പറയുമായിരുന്നു: ഞാന്‍ മരിക്കുമ്പോഴും നീ ചിരിക്കണട്ടാ...!.
ബാബുവിന്റെ കണ്ണുകള്‍ ഈറനായി..
ഇവരെല്ലാം അരങ്ങൊഴിയുന്നു..നമ്മെ വിട്ടുപോകുന്നു...പകരംവയ്‌ക്കാനില്ലാത്തവര്‍. അതാണ്‌ എന്റെ ഏറ്റവും വലിയ ദുഃഖം.

എംടി എന്ന പിതൃഭാവം

ഹരിഹരന്‍ സാറും എംടിസാറുമാണ്‌ എന്റെ കണ്‍കണ്ട ദൈവങ്ങള്‍. എം.ടി എന്റെ പിതാവുതന്നെ..
എംടി കാണുന്നതു പോലേയല്ല. വളരെ സ്‌നേഹോഷ്‌മളമായ മനസ്സിനുടമയാണദ്ദേഹം. അത്‌ അടുക്കുമ്പോഴേ അറിയൂ. അദ്ദേഹം ഉഴിച്ചിലിനായി ഷൊര്‍ണൂരെ ഒരു കേന്ദ്രത്തില്‍ വരുമ്പോള്‍ ഞാനും പോകും. അദ്ദേഹത്തിന്റെ കാല്‍നഖങ്ങള്‍ പോലും വെട്ടിക്കൊടുക്കും..
അതു കണ്ട്‌ ആളുകള്‍ പറഞ്ഞു: സോപ്പടി..
അല്ല. അതു ഹൃദയത്തിന്റെ ഭാഷയറിയുന്നവര്‍ക്കേ മനസ്സിലാവൂ. ഇന്നേവരെ എംടിയുടെ ഒരു സ്‌ക്രിപ്‌റ്റ്‌ എനിക്കു കിട്ടിയിട്ടില്ലല്ലോ..?.
ഒരിക്കല്‍ പനി കലശലായി ഞാന്‍ തൃശൂരിലെ ഹാര്‍ട്ട്‌ ഹോസ്‌പിറ്റലില്‍ കിടക്കുകയാണ്‌. അബോധാവസ്ഥയായി.
ഹോസ്‌പിറ്റലിലെ നാലാം നിലയിലേയ്‌ക്ക്‌, ഞാന്‍ കിടന്ന മുറിയിലേയ്‌ക്ക്‌ എംടിയും ശോഭന പരമേശ്വരന്‍ നായരും, ഹരിഹരന്‍ സാറും വന്നു. കോണികയറിയാണ്‌ വന്നതു..!. കറന്റില്ലാത്തതിനാല്‍ ലിഫ്‌റ്റ്‌ പ്രവര്‍ത്തിച്ചിരുന്നില്ല.
പോകും മുമ്പ്‌, ഭാര്യ ജ്യോതിയോടു ചോദിച്ചു: പണത്തിന്‌ ആവശ്യമുണ്ടോ..?. വേണമെങ്കില്‍ പറയാന്‍ മടിയ്‌ക്കണ്ട. പരമുവിനോട്‌ (ശോഭന പരമേശ്വരന്‍ നായര്‍) അറേഞ്ച്‌ ചെയ്യാം....
കിടന്ന കിടപ്പില്‍ അതു ഞാന്‍ കേട്ടു...ഒരച്ഛന്റെ സ്‌നേഹം.
ഹൃദയം കൊണ്ടു വായിക്കേണ്ട ആളാണ്‌ എംടി.

ഇന്നച്ചന്‍ എന്ന മനുഷ്യന്‍

മലയാള സിനിമയിലെ ഏറ്റവും മനുഷ്യത്വമുള്ള ആളെ ചൂണ്ടിക്കാണിച്ചു തരണോ?. ഇന്നച്ചന്‍ എന്ന എന്റെ ഇന്നസെന്റ്‌ ചേട്ടന്‍...!.
ഇത്രയും പോസിറ്റീവ്‌ എനര്‍ജിയുള്ള മനുഷ്യന്‍..
ഒരിക്കല്‍ പതിവ്‌ മെഡിക്കല്‍ ചെക്കപ്പ്‌ കഴിഞ്ഞപ്പോള്‍ ഡോക്ടറുടെ മുഖം വാടി..
ബാബുവിന്‌ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നാണ്‌ ചോദ്യം.
ഇല്ലെന്ന്‌ പറഞ്ഞു. പക്ഷെ, വിശദമായ ചെക്കപ്പില്‍ കിഡ്‌നിക്കുമുകളില്‍ ഒരു സിസ്‌റ്റ്‌ വളരുന്നു എന്ന്‌ കണ്ടെത്തി. അത്‌ കാന്‍സറായി മാറും..
സിനിമാ ലോകമല്ലേ..?
കാന്‍സര്‍ സാധ്യത എന്നത്‌ കാന്‍സര്‍ തന്നെ എന്നായി മാറി വാര്‍ത്തകളില്‍..!
വിവരമറഞ്ഞ്‌ ഇന്നസന്റ്‌ ചേട്ടന്‍ വിളിച്ചു. അന്ന്‌ അദ്ദേഹം ചികിത്സയിലാണ്‌.
അദ്ദേഹം എന്നെ നിര്‍ബന്ധിച്ച്‌ കാറില്‍ കയറ്റി, പുലര്‍ച്ചെ ഡോ. ഗംഗാധരന്റെ വീട്ടിലെത്തിച്ചു. ആയിരക്കണക്കിനു രോഗികള്‍ അപ്പോഴേ കാത്തുനിന്നു..
തന്റെ പരിചയം വച്ച്‌ അടുക്കളവാതില്‍ വഴിയാണ്‌ അദ്ദേഹം ഞങ്ങളെ അകത്തെത്തിച്ചത്‌. ഡോക്ടര്‍ ഉണര്‍ന്നിട്ടില്ല.
ഡോക്ടറെ വിളിച്ചുണര്‍ത്തി അദ്ദേഹം തന്നെ വിവരങ്ങള്‍ പറഞ്ഞു.
പിന്നെ ഹോസ്‌പിറ്റലില്‍ എത്തിച്ച്‌ എല്ലാ പരിശോധനകള്‍ക്കും കൂടെ നിന്നു. ഓപ്പറേഷന്‍ കഴിഞ്ഞു. ബയോപ്‌സി റിസള്‍ട്ടില്‍ ഒന്നുമില്ലെന്നു തെളിഞ്ഞു.
ആ സമയമെല്ലാം ആത്മവിശ്വാസം തന്നുകൊണ്ട്‌ അദ്ദേഹം ജ്യേഷ്‌ഠസഹോദരനെന്ന പോലെ കൂടെയുണ്ടായിരുന്നു.
ഒരിക്കല്‍ കാന്‍സര്‍ രോഗികള്‍ക്കുള്ള സെമിനാറില്‍ അദ്ദേഹം സംസാരിക്കുന്നതു കേട്ടു. രോഗികളും കുടുംബാംഗങ്ങളും നിറഞ്ഞ സദസ്സില്‍, അദ്ദേഹം കാന്‍സറിനെ ഒന്നുമല്ലാതാക്കി സംസാരിച്ചു..കളിയാക്കി..
അതുവരെ ചേമ്പിന്‍തണ്ടു പോലെ തളര്‍ന്നു കിടന്നവര്‍, ആ വാക്കുകള്‍ കേട്ട്‌ പുതുജീവന്‍ കിട്ടി നിവര്‍ന്നിരിക്കുന്നത്‌ ഞാന്‍ അത്ഭുതത്തോടെ കണ്ടു..
ഇന്നും സിനിമയ്‌ക്കപ്പുറം ആ മനുഷ്യസ്‌നേഹിയെ ഞാനനുഭവിയ്‌ക്കുന്നു..

ബാബു നാരായണന്‍ വീണ്ടും സിനിമയിലെത്തി. ഒരു ഇടവേള, പതിവിലും നീണ്ടത്‌. `ടു നൂറ വിത്ത്‌ ലൗ' എന്ന ചിത്രത്തിന്റെ ജനാഭിപ്രായത്തില്‍ നിന്നും ഊര്‍ജം വീണ്ടെടുക്കുന്നു. സിനിമമാറുന്നു. പ്രേക്ഷകമനസ്സ്‌ മാറുന്നു. ആസ്വാദനതലം മാറുന്നു...
പുതിയ മാറ്റങ്ങള്‍ പഠിച്ചറിഞ്ഞുള്ള വരവില്‍, ബാബു നാരായണന്‌ തികഞ്ഞ വിശ്വാസം..
സിനിമയെ കേട്ടറിഞ്ഞ ഒരു എട്ടാം ക്ലാസുകാരന്‍ ഇപ്പോഴും ഈ മനസ്സിലുണ്ട്‌. ആ കുട്ടിക്കു ഇനിയും മലയാള സിനിമയ്‌ക്കു കുറേ നല്‍കാനുണ്ട്‌...
ആര്‍ജിത അനുഭവങ്ങള്‍ സ്വരൂക്കൂട്ടി..

-ബാലുമേനോന്‍ എം
ചിത്രം: വിനോദ്‌ 

സിപി എന്റെ പ്രിയജ്യേഷ്‌ഠന്‍




ശരിയായ മതേതരത്വം പറയുന്നവര്‍ കമ്മ്യൂണിസ്‌റ്റുകാരും കോണ്‍ഗ്രസ്സുമാണ്‌. അവര്‍ ഒന്നിച്ചെങ്കില്‍ ഇന്ത്യ എവിടെയെത്തിയേനേ...?
ഇതായിരുന്നു ഏട്ടന്‍ എന്നോടു ചോദിച്ച അവസാന ചോദ്യം....
പറയുന്നത്‌ പാര്‍വ്വതി പവനന്‍. പ്രഗത്ഭ പത്രപ്രവര്‍ത്തകനായിരുന്ന സി.പി. രാമചന്ദ്രനെ കുറിച്ചു സഹോദരിയുടെ ഓര്‍മ്മകള്‍....
ആരായിരുന്നു സി.പി.?
സഹോദരിമാര്‍ക്ക്‌ ഇതിഹാസ തുല്ല്യനായ സഹോദരന്‍. പക്ഷെ..
ഇന്ത്യന്‍ പത്രപ്രവര്‍ത്തന രംഗത്ത്‌ സിംഹതുല്ല്യമായിരുന്ന ആ സാന്നിധ്യത്തെ ഓര്‍ക്കുന്നവര്‍ ഇന്നില്ല.
ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഡെപ്യൂട്ടി എഡിറ്ററായി വിരമിച്ച സിപി പാലക്കാട്ടെ പറളിയിലെ സഹോദരി സരോജത്തിന്റെ വീട്ടില്‍ ഒതുങ്ങിക്കൂടിയത്‌, പക്ഷെ ദൈവത്തിനു ഇഷ്ടമായിക്കാണില്ല....
അദ്ദേഹത്തെ അഭിമുഖം നടത്താന്‍ എത്തിയ മാധ്യമപ്രവര്‍ത്തകന്റെ തൂലികത്തുമ്പിലൂടെ സിപി എന്ന യഥാര്‍ത്ഥ പത്രപ്രവര്‍ത്തകനെ ലോകമറിഞ്ഞു..
ഇന്ത്യയുടെ ചരിത്രം നിര്‍മ്മിയ്‌ക്കപ്പെടുന്നതും തകര്‍ക്കപ്പെടുന്നതും വളരെ അടുത്തു നിന്നു നോക്കിക്കണ്ട സിപി...
വളര്‍ത്തിവലുതാക്കിയ കമ്മ്യൂണിസ്‌റ്റുപാര്‍ട്ടിയില്‍ നിന്നും ഒരു കൂസലുമില്ലാതെ പുറത്തുവന്ന സിപി..
എന്നിട്ടു ഇഎംഎസിന്റെ മുഖത്തു നോക്കിപ്പറഞ്ഞു: നിങ്ങളേക്കാളും നല്ല കമ്മ്യൂണിസ്‌റ്റാണു ഞാന്‍...!!.
ധിക്കാരിയായിരുന്നു...പക്ഷെ കാതലുണ്ടായിരുന്നു. അതായിരുന്നു സിപിയുടെ പ്രത്യേകത.
സിപി പാര്‍ട്ടിലൈനുമായി തെറ്റിയതിനെ തുടര്‍ന്ന്‌ എകെജി തന്നെ പറഞ്ഞു- ഇങ്ങിനെയാണെങ്കില്‍ അയാള്‍ ജീവനോടെ നാട്ടിലെത്തില്ല..!
സിപി തുറന്നടിച്ചു: സിപിയെ വിരട്ടരുത്‌. എനിക്ക്‌ നിങ്ങളെ അറിയാം..!
`ഏട്ടന്‌ പാര്‍ട്ടിയോടായിരുന്നില്ല, നേതൃത്വത്തോടായിരുന്നു എതിര്‍പ്പ്‌..'

തന്റെ ഒറ്റപ്പെട്ട ബാല്യത്തെപറ്റി സിപി പറഞ്ഞിട്ടുണ്ട്‌..
മദ്യപനായ അച്ഛനു ജോലി, ബര്‍മ്മയില്‍.. എന്നും വീട്ടില്‍ പേടിച്ചൊറ്റയ്‌ക്ക്‌..
അതായിരിക്കാം സിപിയെ നിഷേധിയും കരുത്തനുമാക്കിയത്‌.
`ഏട്ടന്‌ എന്നെ ഇഷ്ടമായിരുന്നില്ല. ഞാന്‍ ഏറ്റവും ഇളയവള്‍..അമ്മയുടെ വാത്സല്യഭാജനം... അതിന്റെ പേരില്‍ ബുദ്ധികേടുകള്‍ ഇഷ്ടം പോലെ..
ബുദ്ധിയില്ലാത്ത എന്നെ ഏട്ടന്‍ അകറ്റി നിര്‍ത്തി..ഞാനും- പാര്‍വ്വതി പവനന്‍.
പക്ഷെ, ഏട്ടന്റെ സ്‌നേഹം പിടിച്ചു പറ്റാന്‍ ഞാനൊരു ദിവസം ആത്മഹത്യയ്‌ക്കു ശ്രമിച്ചു..!
ഒരു മരത്തില്‍ കയറി ഒളിച്ചിരുന്ന എന്നെ കാണാതെ, അമ്മ നിലവിളിച്ചു. അന്വേഷിച്ചെത്തിയ ഏട്ടന്റെ മുതുകിലേയ്‌ക്കു ചാടി...
അടിയാണ്‌ പ്രതീക്ഷിച്ചത്‌. ഒന്നുമുണ്ടായില്ല...ഏട്ടന്‍ ചിറികോട്ടി ഒന്നു ചിരിച്ചു...
സമാധാനമായി....!
ഏട്ടന്‌ ഇഷ്ടമുണ്ട്‌..
മൂത്ത കുട്ടിയായ ഏട്ടന്‍, നഷ്ടപ്പെട്ട ഞങ്ങളുടെ അച്ഛനുംകൂടിയായിരുന്നു.


സിപി രാമചന്ദ്രനെക്കുറിച്ചു പറയുമ്പോള്‍ സഹോദരിയ്‌ക്കു രണ്ടുതരം നാവ്‌. ഒരു മനുഷ്യന്‍ എന്ന നിലയില്‍ തികഞ്ഞപരാജയം. ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയ്‌ക്ക്‌ അതുല്ല്യന്‍.
ഒരു കാര്‍ഡിടുമ്പോള്‍ വിലാസമായി സിപിആര്‍, ഡല്‍ഹി എന്നുമാത്രമെഴുതിയാല്‍ ഡല്‍ഹില്‍ അദ്ദേഹത്തിന്റെ കയ്യില്‍ കിട്ടുമായിരുന്നു...!!
ഡല്‍ഹിയില്‍ നിറഞ്ഞു നിന്ന സിപി രാമചന്ദ്രന്‍ എന്ന ഒറ്റപ്പാലത്തുകാരന്‍...!
ഡല്‍ഹി പ്രസ്സ്‌ ക്ലബിന്റെ സ്ഥാപക പ്രസിഡന്റ്‌... പത്രമുതലാളിയായ ബിര്‍ളക്കെതിരേ കേസുകൊടുത്ത്‌ തോല്‍പ്പിച്ച കഥ... ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രം തിരുത്തിയ നാളുകള്‍....!
സിപിയെക്കുറിച്ചു പറഞ്ഞാല്‍ തീരില്ല.
സി.പി, എ-61, നിസാമുദ്ദീന്‍ ഈസ്‌റ്റ്‌, ന്യൂഡല്‍ഹി..
ഇതായിരുന്നു ഏട്ടന്റെ വിലാസം- എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്‌..
ഏട്ടന്‍ എനിക്കു എന്നും പ്രഹേളികയായിരുന്നു. അസാധാരണ വ്യക്തിത്വമായിരുന്നു എന്ന്‌ അറിയാമായിരുന്നു. വായനയെ പ്രോത്സാഹിപ്പിച്ചത്‌ ഏട്ടനാണ്‌. ഏട്ടന്‍ വീട്ടിലുള്ള നാളുകളില്‍ പുലരുംവരെ സംസാരം നീളും..
അതുമിതുമല്ല. ഹിറ്റ്‌ലറും സ്‌റ്റാലിനും നെഹ്രുവും ഒക്കെ വരും. കൂടെ ഷേക്‌സ്‌പിയറും സാര്‍ത്രും....
പാര്‍വ്വതി പവനന്‍ ഓര്‍ക്കുകയാണ്‌, പവനന്റെ ഭാര്യയാകും മുമ്പുള്ള ആ കാലം.
പുലരും മുമ്പെ ഏട്ടന്‌ നടത്തമുണ്ട്‌. ഞങ്ങളുടെ തറവാട്ടിന്‌ അരികിലൂടെ ഒഴുകിയിരുന്ന നിളാതീരത്തേയ്‌ക്ക്‌.
അവരുടെ പിന്നാലെ ഞാനും പോകും..
ഞങ്ങള്‍ അഞ്ചുമക്കളായിരുന്നു.
അവിടെ വെള്ളമണലില്‍ ഏട്ടന്‍ മലര്‍ന്നു കിടക്കും. ചുറ്റും ഞങ്ങളിരിയ്‌ക്കും. മുകളില്‍ കമ്പളം പോലെയുളള ആകാശത്തില്‍ കാണുന്ന നക്ഷത്രക്കൂട്ടങ്ങളെ ചൂണ്ടി ഏട്ടന്‍ പറയും-
ഇതു കാര്‍ത്തിക..ഇതു അശ്വതി...!!
ഏട്ടനു എല്ലാമറിയാമായിരുന്നു.
ഓര്‍മ്മകളില്‍, പാര്‍വ്വതി പവനന്‍ സിപിയുടെ ബേബിയായി..
(വീട്ടില്‍ ബേബി എന്നാണ്‌ പാര്‍വ്വതി പവനനെ വിളിച്ചിരുന്നത്‌).

ഹിന്ദുസ്ഥാന്‍ ടൈംസില്‍ നിന്നു വിരമിച്ച ശേഷം, ഏട്ടന്‍ നേരേ പറളിയ്‌ക്കു വണ്ടികയറുകയായിരുന്നു- അമ്മയോടുള്ള വാക്കുപാലിയ്‌ക്കാന്‍.
അമ്മ കാത്തിരുന്നു, മകന്‍ എത്തുന്നതുവരേയും-.മരിയ്‌ക്കാന്‍..!. അമ്മയുടെ അവസാന കാലത്ത്‌ അടുത്തുണ്ടാവാമെന്ന്‌ വാക്ക്‌ കൊടുത്തിരുന്നു. അതായിരുന്നു സിപിയുടെ ആശ്വാസം.
അമ്മ കിടക്കുന്ന മുറിക്കു നേരേ മുമ്പിലായിരുന്നു സിപിയുടേയും മുറി.
പക്ഷെ, അമമ അസഹിഷ്‌ണുവായി കൂടെക്കൂടെ തിരക്കും രാമചന്ദ്രനെ(ചിന്നമണി എന്നാണ്‌ സിപിയെ അമ്മ വിളിച്ചിരുന്നത്‌). കണ്‍വെട്ടത്തുനിന്നു മാറിയാല്‍ അമ്മയ്‌ക്കു ആധിയാണ്‌...
സഹോദരി സരോജവും ഭര്‍ത്താവ്‌ കെ.സി.കെ.രാജയും താമസിക്കുന്ന പറളിയിലെ വീട്‌.
സിപിയുടെ പാര്‍ട്ടി സഖാവായിരുന്നു കെ.സികെ.
രാജ്യതലസ്ഥാനത്തു നിറഞ്ഞ പത്രപ്രവര്‍ത്തകന്‍, പാലക്കാട്ടെ കുഗ്രാമത്തില്‍ ഒതുങ്ങി. ഡല്‍ഹിവിട്ട ശേഷം ഒരു വരിപോലും എഴുതിയില്ല.
ഇത്രയും സക്രിയമായ ഒരു ഭൂതകാലമുണ്ടെന്ന ഭാവം പോലും ഇല്ലാതെ, പറളിയിലെ നാട്ടിന്‍പുറത്തുകാര്‍ക്കൊപ്പം സിപി.കഴിഞ്ഞു. കൂട്ടിനു മദ്യപാനവും.

`അച്ഛന്‍ മദ്യപനായിരുന്നു. അമ്മയുമായുള്ള ബന്ധവും വേര്‍പെട്ടു. ഞാന്‍ മനസ്സുകൊണ്ടു പോലും അച്ഛനെന്നു വിളിച്ചില്ല. ഇതെല്ലാം കണ്ടിട്ടും ഏട്ടന്‍ എങ്ങിനെ മദ്യാസക്തനായി എന്നു എനിക്കിപ്പോഴും നിശ്ചയമില്ല...' പാര്‍വ്വതി പവനന്റെ മുഖത്ത്‌ ഇപ്പോഴും അമ്പരപ്പ്‌ വായിക്കാം..

ഡല്‍ഹിയിലെ ജീവിതത്തെപ്പറ്റി സിപി തന്നെ പറഞ്ഞിട്ടുണ്ട്‌. പകല്‍ തീവ്രമായ എഴുത്ത്‌; രാത്രി മദ്യപാനം..
അഞ്ചുപെഗ്ഗെങ്കിലും കഴിക്കാത്ത ദിവസമില്ലായിരുന്നു അന്ന്‌...!!
അവിഭക്തകമ്മ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയുടെ മുഖപത്രമായ ക്രോസ്‌ റോഡ്‌സിലായിരുന്നു തുടക്കം. അതു പിന്നീട്‌ പേരുമാറ്റി ന്യൂ ഏജ്‌ എന്നായി. പാര്‍ട്ടി ലെവി കഴിഞ്ഞ്‌ 35 രൂപ ശമ്പളം...!
സിപിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ബീഡി വലിയ്‌ക്കാന്‍ തികയില്ല..!
ഇംഗ്ലീഷില്‍ ശൈലീവല്ലഭനായ സിപിയോടു ഒരിക്കല്‍ പാര്‍വ്വതി ചോദിച്ചു: `ഏട്ടന്‍ മലയാളത്തിലോ ഇംഗ്ലീഷിലോ ചിന്തിക്കാ..?'
ഇംഗ്ലീഷിലേ എനിക്കു ചിന്തകള്‍ വരൂ എന്നായിരുന്നു മറുപടി.
`ഇത്തരം മണ്ടന്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതുകൊണ്ടാവും ഏട്ടന്‍ എന്നെ അകറ്റി നിര്‍ത്തിയത്‌...'
മുഖത്ത്‌ പുഞ്ചിരി വിരിഞ്ഞു.

പാര്‍ട്ടിപത്രം വിട്ട്‌ പിന്നെ സിപി ശങ്കേഴ്‌സ്‌ വീക്കിലിയില്‍ ചേര്‍ന്നു. എഴുത്തിന്റെശക്തി തേച്ചുമിനുക്കിയത്‌ അവിടെ വച്ചാണ്‌...
എടത്തട്ട നാരായണനായിരുന്നു റൈറ്റര്‍.
എടത്തട്ടയാണ്‌ എന്നെ എഴുതാന്‍ പഠിപ്പിച്ചത്‌ എന്ന്‌ സിപിയുടെ സാക്ഷ്യം..!
`കാണുമ്പോഴെല്ലാം ഏട്ടന്റെ കൈയില്‍ പുസ്‌തകങ്ങള്‍ കാണും. പലതും നിങ്ങള്‍ക്കു മനസ്സിലാവില്ലെന്നു പറഞ്ഞ്‌ മാറ്റിവയ്‌ക്കും...'
പിന്നീടാണ്‌ ഏട്ടന്റെ പാര്‍ട്ടിപ്രവര്‍ത്തനം അറിഞ്ഞത്‌. വീട്ടില്‍ പൊലീസെത്തി. ഏട്ടന്‍ ഒളിവിലായി. സഖാവ്‌ എകെജിയും വീട്ടില്‍ വന്നത്‌ ഓര്‍ക്കുന്നു പാര്‍വ്വതി..
എകെജിക്കൊപ്പം കമ്മ്യൂണിസ്‌റ്റ്‌ പാര്‍ട്ടികെട്ടിപൊക്കിയ ഏട്ടനെ ജയിലിലടച്ചു. സഹമുറിയന്‍, എംവി. രാഘവന്‍..!.
`ആ കാലത്ത്‌ അമ്മ തീ തിന്നുകയായിരുന്നു. ഞങ്ങളുടെ ചിറ്റേനിപ്പാട്ട്‌ പുത്തന്‍വീട്ടില്‍ തറവാടിനെ ബഹുമാനിച്ചിരുന്ന പൊലീസ്‌ ഇന്‍സ്‌പെക്ടറായിരുന്നതിനാല്‍, റെയ്‌ഡിനു വരുന്നതിന്റെ തലേന്നു തന്നെ വീട്ടില്‍ അറിയിക്കുമായിരുന്നു..'
`ഏട്ടനെ ജാമ്യത്തിലിറക്കാന്‍ അന്നത്തെ പ്രമുഖ വക്കീലിനെ കാണാന്‍ അമ്മ തനിച്ച്‌ കുടയുമായി പൊരിവെയിലില്‍ നടന്നുപോകുന്നതു കണ്ട്‌ ഞാന്‍ കരഞ്ഞിട്ടുണ്ട്‌..'
പക്ഷെ, സിപിയ്‌ക്കു മറ്റൊരു ചിന്തയും ഉണ്ടായിരുന്നില്ല. ഇരുപത്തിനാലുമണിക്കൂറും ബുദ്ധിയുടെ തലത്തില്‍ മാത്രം ജീവിച്ച മനുഷ്യന്‍..!.

ഇവിടെ, നമുക്കൊരുനിമിഷം എം.പി.നാരായണ പിള്ളയിലേയ്‌ക്കു വരണം. സിപിയുടെ പെങ്ങളുടെ മകളെ വിവാഹം കഴിച്ചയാളാണ്‌ എംപി.
സിപിയെ കുറിച്ച്‌ നാരായണപിള്ള പറഞ്ഞിതിങ്ങനെ:
എല്ലാ വിഷയത്തിലും നൂറിനു നൂറും കണക്കിനു പൂജ്യവും വാങ്ങിയാല്‍ പാസാകുന്നതല്ല ജീവിതം...
സിപിയ്‌ക്കു പിഴച്ചതും അവിടെ.
താന്‍ അധ്യക്ഷനും ശേഷമുള്ളവര്‍ സഭാവാസികളും-അതായിരുന്നു വീട്ടിലായാലും ഓഫീസിലായാലും സിപി സ്‌റ്റൈല്‍..
ഇതു സഹിച്ചുപോകാന്‍ കൂടെയുള്ളവര്‍ക്ക്‌ ബുദ്ധിമുട്ടുതന്നെയായിരുന്നു.
`ഏട്ടന്‍ ഒരാളെക്കുറിച്ചും ബഹുമാനിച്ച്‌ സംസാരിക്കാറില്ല. പ്രത്യേകിച്ച്‌ സാധാരണക്കാരായവരോട്‌ കളിയാക്കിയേ സംസാരിക്കൂ..അവരുടെ വിഢിത്തത്തെ പുച്ഛിച്ച്‌...'
എന്നാല്‍ എഴുത്തില്‍, അറിവിന്റെ കാര്യത്തില്‍, സിപിയെ വെല്ലാന്‍ ആരുമില്ലായിരുന്നു..
നര്‍മ്മത്തിന്റെ മേമ്പൊടി ചേര്‍ത്ത്‌ രാഷ്‌ട്രീയസന്ധികളെ അദ്ദേഹം കുടഞ്ഞു. ശങ്കേഴ്‌സ്‌ വീക്കിലിയില്‍ 'വിദുര' `അഗസ്‌ത്യ' എന്നപേരുകളില്‍ സിപി കൈകാര്യം ചെയ്‌ത കോളങ്ങളില്‍ ഒരു വരി പരാമര്‍ശം കിട്ടാന്‍ എംപിമാര്‍ പാര്‍ലമെന്റില്‍ പ്രസംഗം പഠിച്ചു വന്നിരുന്നു എന്ന്‌ ചരിത്രം..!.

കുറെ ഗോട്ടി വാരി തറയില്‍ വിതറുക..എന്നിട്ട്‌ നിങ്ങളോടു പറയുന്നു, അതിന്‌ ഒരു കുത്തബ്‌മിനാറിന്റെ ഛായ തോന്നുന്നില്ലേ എന്ന്‌..!. നിങ്ങള്‍ നോക്കുന്നു. ശരിയാണല്ലോ എന്നു തോന്നിപ്പോകുന്നു..
സി.പി.രാമചന്ദ്രന്റെ എഴുത്തിനെ നാരായണപിള്ള വിശദീകരിക്കുന്നത്‌ ഇങ്ങിനെ. വായനക്കാരനെക്കൊണ്ടു എഴുതുന്നതത്രയും ശരിയെന്ന്‌ തോന്നിപ്പിക്കുന്ന ശൈലി..

അതേസമയം എംപി നാരായണപിള്ളയെ കുറിച്ച്‌ സിപിയ്‌ക്കുമുണ്ടായിരുന്നു അഭിപ്രായം: തിരുവിതാംകൂര്‍ നായന്‍മാരേ എനിക്കു താത്‌പര്യമില്ല...!.
സിപിയുടെ കാഴ്‌ചപ്പാട്‌ ഏറെ വ്യത്യസ്ഥമായിരുന്നു..
കേരളത്തിലെ സാമ്പാറുകുടിയന്‍മാര്‍ക്ക്‌ മീനും മാംസവും വയ്‌ക്കാന്‍ അറിയില്ല..!
അതൊക്കെ മുസ്ലീമുകള്‍ക്കും ക്രിസ്‌ത്യാനികള്‍ക്കു പറഞ്ഞിട്ടുള്ള സിദ്ധിയാണ്‌..!
`ഏട്ടന്‌ ഏറ്റവും പ്രിയം ഇഡ്ഡലിയും പുഴുങ്ങിയ മുട്ടയുമായിരുന്നു..' എന്ന്‌ പാര്‍വ്വതി പവനന്‍.
പവനന്‍ വിവാഹാലോചനയായെത്തുമ്പോള്‍ പോലും സിപിയ്‌ക്കു താത്‌പര്യമില്ലായിരുന്നു. പവനന്‌ ജോലിയില്ല. എന്റെ ഭാവിയെക്കുറിച്ചോര്‍ത്ത്‌ ഏട്ടന്‌ ഭയമുണ്ടായിരുന്നു...
പക്ഷെ, ഏട്ടന്‍ തന്നെയാണ്‌ കല്ല്യാണം നടത്തിത്തന്നത്‌. പില്‍ക്കാലത്തും, പവനനെ ഏട്ടന്‌ ഇഷ്ടമല്ലായിരുന്നു..
`അവസാനകാലത്ത്‌ ഏട്ടന്‍ പറഞ്ഞു- എനിക്ക്‌ ഒരു ജന്മം കൂടി വേണം. ഈ ജന്മത്തില്‍ ചെയ്‌ത പാപങ്ങള്‍ തീര്‍ക്കാന്‍...!!'.
ഏട്ടന്‍ എന്തു പാപം ചെയ്‌തു..?
`ഒരു അളിയന്‍ കമ്മ്യൂണിസ്‌റ്റായിരുന്നു. ഇപ്പോള്‍ ഭക്തശിരോമണി...(കെസികെ) മറ്റൊരാള്‍ ദൈവം എന്നു കേട്ടാല്‍ എവിടെ ഒലക്ക എന്നു ചോദിക്കും...(പവനന്‍). ഇത്തരം അളിയന്‍മാരെ കിട്ടാന്‍ യോഗം ഉണ്ടാവാത്ത ഒരു ജന്മം...' ഏട്ടന്‍ കുടവയര്‍ കുലുക്കി ചിരിച്ചു...!!

സ്വന്തം ഇഷ്ടപ്രകാരമായിരുന്നു വിവാഹം. പക്ഷെ, ബുദ്ധി തലത്തില്‍ മാത്രമായ ജീവിതം സിപിയുടെ കുടുംബ ജീവിതം തകര്‍ത്തു...
കല്ല്യാണം അമ്മയെ എഴുതി അറിയിച്ചതേയുള്ളൂ.. ആംഗ്ലോഇന്ത്യന്‍ യുവതിയായ ജലബാല വൈദ്യയായിരുന്നു സഖി.
പത്രത്തില്‍ ട്രെയിനിങ്ങിനു വന്നതാണ്‌..
അമ്മയുടെ സമ്മതത്തിനു കാക്കാതെ അവര്‍ ഒന്നിച്ചായി. രണ്ടു കുട്ടികള്‍.
പിന്നെ, വഴിപിരിഞ്ഞു. ജലബാല വേറെ വിവാഹം കഴിച്ചു..
അക്കാലം ഏട്ടന്റെ ജീവിതത്തിലെ ദുരന്തകാലമായിരുന്നു. പക്ഷെ, ഒരിക്കലും ആ ദുഃഖം ഞങ്ങളെ ആരേയും അറിയിച്ചില്ല...മക്കളെ അത്ര ഇഷ്ടമായിരുന്നൂ.

എന്തായിരിക്കാം കാരണം?
ഒരു അഭിമുഖകാരനോട്‌ ഏട്ടന്‍ പറയുന്നതു കേട്ടിട്ടുണ്ട്‌: she was trying to be english... എനിക്കത്‌ അസഹ്യമായി തോന്നി..
ജലബാല തിരിച്ചുവരാന്‍ തയ്യാറായിരുന്നു. നിങ്ങള്‍ വിളിച്ചാല്‍ ഞാന്‍ ഇനിയും വരാന്‍ തയ്യാറാണെന്ന്‌ അവര്‍ സിപിയുടെ ഡയറില്‍ കുറിച്ചിട്ടു..
I'm not a man of compromise- സിപിയുടെ മറുപടി അതായിരുന്നു..!.


ഇവിടെ ഒരു ഉപകഥയുണ്ട്‌: ടൈംസില്‍ നിന്നു വിരമിച്ച്‌, പറളിയിലെ സഹോദരിയുടെ വീട്ടില്‍ വിശ്രമജീവിതം നയിച്ചിരുന്ന സിപിയ്‌ക്ക്‌ ഡല്‍ഹിയില്‍ നിന്നും ഒരു വിവാഹക്ഷണക്കത്ത്‌..
മുന്‍ ഭാര്യ ജലബാലവൈദ്യയും ഭര്‍ത്താവ്‌ ഗോപാല്‍ ശര്‍മ്മനും അവരുടെ മകള്‍ അനസൂയയുടെ വിവാഹത്തിനു ക്ഷണിക്കുന്നു..!
സിപിയുടെ സ്വന്തം മകള്‍ അനസൂയയുടെ വിവാഹക്ഷണക്കത്ത്‌..!!.
ഈ കഥ കുറിച്ചത്‌ എംപി നാരായണപിള്ളയാണ്‌.
സ്വന്തം മകളുടെ ഒരു വിവാഹക്ഷണക്കത്ത്‌ ഇങ്ങിനെ ലഭിയ്‌ക്കാന്‍ എത്ര തന്തമാര്‍ക്ക്‌ ഭാഗ്യമുണ്ടായിക്കാണും..? എന്ന വരിയോടെയാണ്‌ പിള്ള കുറിപ്പ്‌ അവസാനിപ്പിക്കുന്നത്‌.
സ്വന്തം മകളുടെ പിതൃത്വംപോലും മറ്റൊരാള്‍ ഏറ്റെടുക്കുന്ന ദുരന്തം..
സിപി കൂടെക്കൂടെ പറയാറുള്ള വാക്കാണ്‌ ഇവിടേയും ചേരുക:
Life is absurd..!!.

ശങ്കേഴ്‌സ്‌ വീക്കിലി വിട്ട്‌ ഹിന്ദുസ്ഥാന്‍ ടൈംസില്‍ ചേരുന്ന സിപി. പാര്‍ലമെന്റ്‌ ലേഖകന്‍. അടിയന്തിരാവസ്ഥയോടെ ശങ്കേഴ്‌സ്‌ വീക്കിലി അടിച്ചുപൂട്ടി.
രാജ്യാധികാരത്തിന്റെ അകത്തളങ്ങളിലെ ചതുരംഗക്കളികള്‍ സിപി അന്ന്‌ അടുത്തുകണ്ടു..
ഇരുപത്തഞ്ചുകാരനായ വാജ്‌പേയിയുടെ പാര്‍ലമെന്റിലെ അരങ്ങേറ്റം കണ്ട സിപി എഴുതി: `ഈ ചെറുപ്പക്കാരന്‍ ഭാവിയില്‍ മികച്ച പാര്‍ലമെന്റേറിയനാകും'.
ഭാരതരത്‌നമായ വാജ്‌പേയ്‌ നമ്മുടെ മുന്നില്‍.. പത്രപ്രവര്‍ത്തകന്റെ ദീര്‍ഘദര്‍ശിത്വം..!.
`വാജ്‌പേയിയുമായി ഏട്ടന്‌ അവസാനകാലം വരേയും അടുത്ത സൗഹൃദമായിരുന്നു..'
അതൊരു കാലമായിരുന്നു-പോരാട്ടങ്ങളുടെ...എഴുത്തിന്റെ..സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്റെ..
അത്രയും സജീവമായ ഒരു പാര്‍ലമെന്റ്‌ ഉണ്ടായിട്ടില്ല. സിപിയുടെ ഭാഷയില്‍: ആ കാലത്തെ പാര്‍ലമെന്റില്‍ 'കോമാളികള്‍' കുറവായിരുന്നു. ചരിത്രത്തില്‍ കുറിച്ചു വയ്‌ക്കാന്‍ കഴിയുന്ന പ്രസംഗങ്ങള്‍....
നെഹ്രു, പന്ത്‌, കൃഷ്‌ണമേനോന്‍, നന്ദ, മൊറാര്‍ജി...
സമ്പന്നമായ ഇന്ത്യന്‍ രാഷ്‌ട്രീയം. ഓരോ വ്യക്തികളെക്കുറിച്ചും സിപിയ്‌ക്കു പറയാന്‍ ഏറെ..കഴിവുകളും ദൗര്‍ബല്ല്യങ്ങളും..
അത്രയേറെ അനുഭവങ്ങളുണ്ടായിരുന്നു ഏട്ടന്‌.
അന്ന്‌ ഡല്‍ഹി പത്രപ്രവര്‍ത്തക ഇതിഹാസങ്ങളുടേതായിരുന്നു.
ചലപതിറാവു, എടത്തട്ട, സാം മൊറെയ്‌സ്‌, പോത്തന്‍ ജോസഫ്‌..നിഖില്‍ ചക്രവര്‍ത്തി, സിപി...
ഹാ..! അക്കാലത്ത്‌ പത്രപ്രവര്‍ത്തകന്റെ ശിരസ്സ്‌ ആര്‍ക്കുമുന്നിലും കുനിഞ്ഞിരുന്നില്ല. ധീരതയുടെ, പോരാട്ടങ്ങളുടെ കാലം. ഇന്നത്തെ പത്രക്കാരെ കുറിച്ച്‌ സിപി പറഞ്ഞുവച്ചു: they are nothing in Delhi...most of them are agents of businessmen and contractors, some of them are ugly fellows... !.

ഇനി, പത്രമുതലാളിയായ ബിര്‍ളയെ വിചാരണക്കൂട്ടില്‍ കയറ്റിനിര്‍ത്തിയ കഥയിലേയ്‌ക്കു വരാന്‍ സമയമായി.
എഡിറ്റര്‍ ബി.ജി. വര്‍ഗ്ഗീസ്‌ അന്നു തുടര്‍ച്ചയായി ഇന്ദിരക്കെതിരേ എഴുതുന്ന കാലം. വര്‍ഗ്ഗീസിനെ മാറ്റണമെന്ന്‌ സമ്മര്‍ദ്ദമേറി.
വര്‍ഗ്ഗീസ്‌ ഒരു നല്ല ജേര്‍ണലിസ്‌റ്റ്‌ ആയിരുന്നില്ലെന്ന്‌ ഏട്ടന്‍ പറയാറുണ്ട്‌..
പക്ഷെ, ഒരു എഡിറ്ററുടെ അഭിമാനം രക്ഷിക്കേണ്ടതുണ്ട്‌.
അതുകൊണ്ടു തന്നെ ഹിന്ദുസ്ഥാന്‍ ടൈംസ്‌ എംപ്ലോയീസിനു വേണ്ടി പ്രസ്സ്‌ കൗണ്‍സിലിലും കോടതിയിലും സിപി കേസുകൊടുത്തു.
നീണ്ട നിയമപ്പോരാട്ടത്തിനൊടുവില്‍ ബിര്‍ള തോറ്റു..!!
പത്രപ്രവര്‍ത്തകന്റെ അവകാശ സംരക്ഷണം സംബന്ധിച്ച സുപ്രധാന കോടതി വന്നതിന്റെ പിറ്റേന്നായിരുന്നു അടിയന്തിരാവസ്ഥാ പ്രഖ്യാപനം..
അതിന്റെ മറവില്‍ ബിര്‍ള, വര്‍ഗ്ഗീസിനെ വീണ്ടും പിരിച്ചുവിട്ടു. പക്ഷെ, സിപിയെ തൊട്ടില്ല..!.
എന്തൊക്കെയാണ്‌ ഏട്ടന്റെ അനുഭവങ്ങള്‍..!. ഓര്‍ത്തോര്‍ത്ത്‌ പാര്‍വ്വതി പവനന്‍ മൗനിയായി..
`Life is absurd...' ഏട്ടന്‍ എപ്പോഴും പറയുന്ന വാക്കാണിത്‌- എന്നിട്ടു പറയും, ഞാന്‍ പറഞ്ഞതല്ല കേട്ടോ..സാര്‍ത്ര്‌..!
അതെ ജീവിതം അര്‍ത്ഥശൂന്യമാണെന്ന തിരിച്ചറിവില്‍ സിപി, പിന്നീടുള്ള കാലം മൗനത്തിലാണ്ടു.
`നിരീശ്വരവാദിയായിരുന്നു അവസാനം വരേയും. ദൈവം എന്നൊന്നില്ലെന്ന്‌ ആവര്‍ത്തിച്ചു. കാളിയെ നേരിട്ടു കണ്ടു എന്നു പറയുന്ന ശ്രീരാമകൃഷ്‌ണ പരമഹംസനെ ഏട്ടന്‍ വിശേഷിപ്പിച്ചത്‌- അയാള്‍ക്ക്‌ മുഴുഭ്രാന്താണെന്നാണ്‌..!!.
പക്ഷെ, ശങ്കരാചാര്യരെ ഏട്ടന്‌ ബഹുമാനമായിരുന്നൂ ട്വോ..'
ആ അറിവിനോട്‌...
ഒരിക്കല്‍ തങ്ങളോടൊപ്പം കാലടി സന്ദര്‍ശിച്ച ഏട്ടന്‍, കുടവയറും താങ്ങി ശങ്കരപ്രതിഷ്‌ഠയ്‌ക്കു മുന്നില്‍ സാഷ്ടാംഗം പ്രണമിച്ചത്‌ ഓര്‍ക്കുന്നു, പാര്‍വ്വതി പവനന്‍...!.

ഞാനും ഏട്‌ത്തിയും ബോംബെയില്‍ നിന്നു വന്ന ഉടനെയാണ്‌ ഏട്ടന്റെ മരണം. പറളിയില്‍.
തൃശൂരിലെ വീട്ടില്‍ നിന്നു ഞാന്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല. പിന്നെ എടുത്തപ്പോള്‍ വളരെ ദുര്‍ബലമായ ശബ്ദം..
ഞാന്‍ കാറെടുത്ത്‌ ഉടനെ പറളിയ്‌ക്കുപോയി...
അവിടെ വീട്ടുജോലിക്കാര്‍ നില്‍ക്കുന്നു. ഏട്ടന്‍ അകത്ത്‌ കിടപ്പാണ്‌. തീരെ അവശനായിരിക്കുന്നു.
എന്നെ കണ്ടപ്പോള്‍, കണ്ണു തുറന്ന്‌ `നിയോ..?' എന്നു ചോദിച്ചു.
എന്തെങ്കിലും കഴിച്ചോ എന്ന ചോദ്യത്തിന്‌, വയ്യ.. രുചി തോന്നുന്നില്ലെന്ന്‌ മറുപടി.
രണ്ടാം ദിവസമാകുമ്പോഴേയ്‌ക്കും, ഓര്‍മ്മ മറഞ്ഞു തുടങ്ങി.
`today is wedness day..what shall be the editorial..' പത്രത്തില്‍ എഡിറ്റോറിയല്‍ തയ്യാറാക്കുന്നതിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍..
കുടുംബഡോക്ടറെത്തി, ആശുപത്രിയിലേയ്‌ക്കു മാറ്റാന്‍ പറഞ്ഞു.
ഏട്ടന്റെ മക്കളെ വിവരം അറിയിച്ചു. അവര്‍ എത്തി നിര്‍ബന്ധിച്ച്‌ കാറില്‍ കയറ്റുമ്പോള്‍, ഏട്ടന്‍ എതിര്‍ത്തു..
ഒരു കാലുകൊണ്ട്‌ കാറിന്റെ ഡോര്‍ ചവിട്ടിപ്പിടിച്ച്‌ പറഞ്ഞുകൊണ്ടിരുന്നു: നോ..നോ..
ഐസിയുവില്‍ രണ്ടു ദിവസം. ഏട്ടന്‍ പോയി...
ഏട്ടന്റെതായി ഒരു കണ്ണടയാണ്‌ എനിക്കു കിട്ടിയത്‌. ഏട്‌ത്തിയ്‌ക്ക്‌ ഒരു ജൂബയും...
ചരിത്രമായി മാറിയ ഏട്ടന്റെ കണ്ണട മടിയില്‍ വച്ച്‌ സാരിത്തുമ്പുകൊണ്ട്‌ അവര്‍ ഒന്നുകൂടി തുടച്ചു..
എഴുത്തുകാരിയും അവാര്‍ഡ്‌ ജേതാവുമൊക്കെയായി മാറിയ പാര്‍വ്വതി പവനന്‍, വീണ്ടും സിപിയുടെ മണ്ടിയായ 'ബേബി'യായി മാറാന്‍ കൊതിക്കുന്നതു പോലെ...

-ബാലുമേനോന്‍ എം.

 ചിത്രം : സുധീപ് ഈയെസ് 

Wednesday, May 13, 2015

കേഴുമീ വാഗ്‌ദത്തഭൂമി



രണ്ടുമാസം മുമ്പ്‌, മാളയിലെത്തിയ ആരോണിന്റേയും കൂട്ടുകാരിയുടേയും മുഖം വീര്‍ത്തുകെട്ടി. പൂര്‍വ്വികര്‍ ഉറങ്ങുന്ന കാടുകയറിയ ശ്‌മശാന ഭൂവില്‍, കാറുനിറഞ്ഞ പ്രക്ഷുബ്ധ മനസ്സുമായി അവര്‍ നിന്നു. പിന്നെ കല്ലറയില്‍ ഒരു മെഴുകുതിരികത്തിച്ചു പ്രാര്‍ത്ഥിച്ചു...
അറുപതുകഴിഞ്ഞ ആരോണ്‍ എന്ന ജൂതന്‍ എത്തിയത്‌ ഇസ്രായേലില്‍ നിന്ന്‌. താന്‍ പിറന്നവീണ മണ്ണിലേയ്‌ക്ക്‌...തന്റെ പിതാമഹന്‍മാര്‍ നിത്യതയില്‍ വിശ്രമിക്കുന്ന ഭൂമിയിലേയ്‌ക്ക്‌..
ഓഹ്‌..ഇതാണ്‌ ഞാന്‍ ജനിച്ച വീട്‌....!. മാള പോസ്‌റ്റ്‌ ഓഫീസ്‌ ചൂണ്ടിക്കാട്ടി അയാള്‍ പറഞ്ഞു..
ഭൗതികമായി യാതൊരു മാറ്റവും സംഭവിക്കാതെ ആ കെട്ടിടം..!.
അവര്‍ മടങ്ങി; ഒരുപിടി അസ്വസ്ഥതകളുമായി..
ഇതു മാള. ഒരു കാലത്ത്‌ കുടിയേറിയ ജൂതര്‍, നെഞ്ചേറ്റി സ്‌നേഹിച്ച മണ്ണ്‌. ഇന്നും അവരുടെ പ്രപിതാമഹര്‍ ഉറങ്ങുന്ന മണ്ണ്‌...
തുടര്‍ന്നുള്ള യാത്ര, ചരിത്രത്തില്‍ മയങ്ങിക്കിടക്കുന്ന കഥകളിലേയ്‌ക്കായിരുന്നു.

`The donee shall maintain at his own expense, the Jewish cemetery described in the B schedule hereto annexed and hereby entrusted to him and shall preserve the same without trespass or molestation of the tombs. Nor shall any portion of the cemetery be dug or unearthed. The compound wall bounding the cemetery on all sides and the gate in it shall also be preserved and the Donee shall meet the expenses .If any necessary for its preservation in good repair the B schedule item shall not be alienated and shall ever be preserved in its present condition without being put to any other use, nor shall the right of any member of the Jewish community to use the B schedule item as a cemetery be ever denied or questioned."

മാള ഗ്രാമപഞ്ചായത്താപ്പീസില്‍ ചെന്നാല്‍ ഇങ്ങിനെ ഒരു കൈമാറ്റരേഖകാണാം. വാഗ്‌ദത്ത ഭൂമിയിലേയ്‌ക്കു കുടിയേറും മുമ്പ്‌ തങ്ങളുടെ സര്‍വ്വസ്വവുമായ, പിതാമഹരുറങ്ങുന്ന ശ്‌മശാനഭൂമിയും ആരാധനാലയവും പഞ്ചായത്തിനെ ഏല്‍പ്പിക്കുന്ന ജൂതക്കുടിയേറ്റക്കാര്‍ ഒപ്പിട്ട ആധാരം. ഇവയ്‌ക്ക്‌ ഒരു കോട്ടവും കൂടാതെ നിലനിര്‍ത്താമെന്ന്‌ പഞ്ചായത്തധികൃതരും സമ്മതിച്ചൊപ്പിട്ട രേഖ!.
ആറുവ്യവസ്ഥകള്‍ അടങ്ങുന്നതാണ്‌ ഈ രേഖ.
ഒരു തുകപോലും കൈപ്പറ്റാതെയാണ്‌ അവര്‍ ഇത്‌ ഈ നാട്ടിലെ ജനങ്ങളെ വിശ്വസിച്ചേല്‍പ്പിച്ചത്‌. ഈ രണ്ടു സ്‌മാരകങ്ങളും വടമ രജിസ്‌ട്രാര്‌ 6/1955 നമ്പര്‍ ആധാരപ്രകാരം മാള പഞ്ചായത്തിനെ എല്‍പ്പിച്ചിട്ടാണ്‌ അവര്‍ ഇസ്രായേലിലേക്ക്‌ കുടിയേറിയത്‌. ഈ സ്‌മാരകങ്ങളുടെ സംരക്ഷണത്തെ സംബന്‌ധിച്ച്‌ ആറു വ്യവസ്‌ഥകള്‍ വച്ചുകൊണ്ടാണ്‌ ഈ വസ്‌തുക്കള്‍ അവര്‍ പഞ്ചായത്തിന്‌ കൈമാറിയത്‌. അതില്‍ ആറാമത്തെ വ്യവസ്ഥയാണ്‌ നാം കണ്ടത്‌...



ഇന്ന്‌ ചുറ്റുമതിലുകള്‍ തകര്‍ന്ന്‌ കാടുകയറിയ ശ്‌മശാനം. പള്ളിമേടയുടെ വിശാലമായ കവാടംവരെ നടന്ന കൈയേറ്റങ്ങള്‍..
ചരിത്രത്തിന്റെ ശ്‌മശാനഭൂമി..!

ആക്രമിക്കപ്പെട്ട ഒരു ജനതയ്‌ക്കു എല്ലാമെല്ലാം നല്‍കി കുടിയിരുത്തിയ ഒരു പാരമ്പര്യമുണ്ട്‌ ഈ നാടിന്‌. കേരളരാഷ്‌ട്രീയത്തില്‍ മാള അതിപ്രശസ്‌തമാണ്‌. മാളയുടെ മാണിക്യം എന്നറിയപ്പെട്ട കെ.കരുണാകരന്റെ പേരില്‍!. മാള ഇന്നും നാടന്‍നന്മകളുറങ്ങുന്ന കൊച്ചുഗ്രാമമാണ്‌. യഹൂദരുടെ സാന്നിധ്യം ഈ മണ്ണില്‍ ഇപ്പോഴും പച്ചപിടിച്ചു നില്‍ക്കുന്നു. മാളയുടെ മണ്ണിലൂടെ ഒരു മഹാസംസ്‌കൃതിയുടെ ചൂടും ചൂരും ഏറ്റുവാങ്ങി നടക്കുക, അനുഭവമാണ്‌.
മാള എന്നത്‌ ഹീബ്രുഭാഷയിലെ `മള്‍ഹ്‌അ' എന്ന പദം ലോപിച്ചുണ്ടായതാണ്‌ എന്നാണ്‌ ചരിത്രം. മാളയുടെ തനതു സംസ്‌കാരത്തിന്‌ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയവരാണ്‌ പുരാതനകാലത്തു തന്നെ മാളയില്‍ കുടിയേറിപ്പാര്‍ത്ത യഹൂദര്‍. അവര്‍ കച്ചവടക്കാരായിരുന്നു. തുകലും മറ്റുരുപ്പിടികളും അവര്‍ വില്‍പ്പന നടത്തി. തദ്ദേശീയരുമായി കൂട്ടുകച്ചവടത്തിനു പോലും അവര്‍ തയ്യാറായ കഥകള്‍..

മാള കടവ്‌, ഇപ്പോള്‍ ശാന്തമാണ്‌. ഒരു കാലത്ത്‌ കടത്തുവള്ളങ്ങളും ചരക്കുവള്ളങ്ങളും തിങ്ങിനിറഞ്ഞ, വിലപേശലിന്റേയും ലേലംവിളികളുടേയും ബഹളം മുറ്റിയ കടവിന്‌ മുനിയുടെ മൗനം..
ഇളംകാറ്റില്‍ ഇലപൊഴിച്ച്‌ ഒരു മഴമരം, കൈത്തോടായി മാറിയ മാളചാലിന്റെ മുകളില്‍ തണല്‍വിരിച്ചു നിന്നു.
കുഞ്ഞോളങ്ങളിളക്കി, പ്രതാപകാലസ്‌മരണയില്‍ നീണ്ടു കിടന്നു, കനോലി കനാല്‍ വരെ..
അവിടെ നിന്ന്‌ അത്‌ കേരളത്തിന്റെ പ്രമുഖ തുറമുഖങ്ങളിലേയ്‌ക്ക്‌...
1960കളുടെ പകുതിവരെ മാളക്കടവില്‍ നിന്നും കോട്ടപ്പുറം മുനമ്പം, ചെറായി വഴി എറണാകുളത്തേക്കും തിരുവനന്തപുരത്തേക്കും തിരിച്ച്‌ മാളയിലേക്കും, 1980കളുടെ മധ്യകാലം വരെ കുണ്ടൂരില്‍ നിന്ന്‌ എറണാകുളം പറവൂര്‍, കോട്ടപ്പുറം എന്നിവിടങ്ങളിലേക്കും ബോട്ടുസര്‍വ്വീസുകള്‍ ഉണ്ടായിരുന്നു. തോണിമാര്‍ഗ്ഗം ചരക്കുഗതാഗതവും നടന്നുവന്നിരുന്നു.
കടവിലെ, കോണ്‍ക്രീറ്റിട്ട പടവുകള്‍ക്കു താഴെ, ജലരാശിയില്‍ പാതിമുങ്ങിക്കിടക്കുന്ന ചെങ്കല്‍പ്പടവുകളുണ്ട്‌. ചരിത്രത്തിലേയ്‌ക്കുള്ള ചവിട്ടുപടികളാണത്‌. മാളയിലേയ്‌ക്ക്‌ ചരിത്രം ചവിട്ടിക്കയറിവന്ന കല്‍പ്പടവുകള്‍..!. ഈ കടവില്‍, കൊച്ചുവള്ളങ്ങളില്‍ അവര്‍ വന്നു. യഹൂദിയക്കാര്‍..
ആക്രമണങ്ങളുടെയും ചെറുത്തുനില്‍പ്പുകളുടേയും കഥകള്‍ മനസ്സില്‍ പേറി, അവര്‍ ഇവിടെ വന്നത്‌ ജീവിയ്‌ക്കാന്‍-ജീവിക്കാന്‍ വേണ്ടി മാത്രം!.



ക്രിസ്‌തുവിനു മുമ്പ്‌ പത്താം നൂറ്റാണ്ടില്‍ സോളമന്‍ രാജാവിന്റെ കാലത്തു തന്നെ ജൂതര്‍ കേരളത്തില്‍ എത്തിയിരുന്നു എന്നു പറയുന്നുണ്ട്‌. എന്നാല്‍ ഏ.ഡി 68ല്‍ യറുശലേമിലെ ദേവാലയം നശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നാണ്‌ ഇവര്‍ കേരളത്തിലെത്തിയതെന്നാണ്‌ പരമ്പരാഗതമായി വിശ്വസിച്ചുവരുന്നത്‌. ചരിത്രകാരന്‍മാര്‍ക്കിടയില്‍ ഇപ്പോഴും ഭിന്നാഭിപ്രായമുണ്ട്‌.

മൂവായിരം വര്‍ഷത്തെ പാരമ്പര്യമാണ്‌ ജൂതര്‍ എന്ന വംശം അവകാശപ്പെടുന്നത്‌. ബൈബിള്‍ കാലത്തിനും മുമ്പ്‌..!. ദൈവം തിരഞ്ഞെടുത്ത ജനത..!.
ഇന്നും രക്ഷകനായ മിശിഹായുടെ വരവു പ്രതീക്ഷിച്ചിരിക്കുന്ന ജനവിഭാഗം..!.
കേരളത്തില്‍ അനേകായിരം ജൂതരുണ്ടായിരുന്നു എന്നാണ്‌ ചരിത്രം പറയുന്നത്‌. 1901ലെ സെന്‍സസില്‍ മാള പള്ളിയില്‍ 100 പേര്‍ ഉണ്ടായിരുന്നു എന്നു വ്യക്‌തമാക്കുന്നു. മാളയിലെ വ്യാപാരമേഖലയില്‍ ജുതന്മാര്‍ക്കായിരുന്നു മേധാവിത്വം. പുരാതന യഹൂദ കേന്ദ്രങ്ങളിലൊന്ന്‌ എന്ന നിലയ്‌ക്ക്‌ കേരളചരിത്രത്തില്‍ മാളയുടെ സ്‌ഥാനം അതിപ്രധാനമാണ്‌. ജൂതര്‍ ആദ്യമെത്തിയത്‌ മലബാറിലാണെന്ന്‌ പറയപ്പെടുന്നുണ്ടെങ്കിലും ക്രിസ്‌തുവിനു മുമ്പ്‌ 650ല്‍ അവര്‍ കൊടുങ്ങല്ലൂരില്‍ എത്തിയിരുന്നു. ആയിരം വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തൃശൂര്‍ ജില്ലയിലെ മാളയില്‍ ഒരു ജൂത അധിവാസ കേന്ദ്രം സ്‌ഥാപിക്കപ്പെടുകയുണ്ടായെന്നാണ്‌ ചരിത്രാന്വേഷകര്‍ പറയുന്നത്‌. സെന്റ്‌ തോമസ്‌ കേരളത്തിലെത്തിയപ്പോള്‍ വരവേല്‍ക്കാന്‍ എത്തിയവരുടെ കൂട്ടത്തില്‍ ഒരു ജൂത പെണ്‍കുട്ടിയുമുണ്ടായിരുന്നു എന്ന്‌ ജൂത ചരിത്രകാരനായ എസ്‌.കോടര്‍ പറയുന്നുണ്ട്‌. മാള പള്ളിയുടെ ചരിത്രം പള്ളിപ്പാട്ടിന്റെ രൂപത്തില്‍ ലഭ്യമാണ്‌. കൊടുങ്ങല്ലൂര്‍ തമ്പുരാന്‍, എല്ലാ സമൂഹത്തില്‍പ്പെട്ടവരും തന്റെ നാട്ടില്‍ ഉണ്ടായിരിക്കണമെന്ന്‌ ആഗ്രഹിച്ചതുനസരിച്ചാണത്രെ മാള പളളി സമൂഹം രൂപം കൊണ്ടത്‌. 1597ലാണ്‌ മാളപള്ളി സ്‌ഥാപിച്ചത്‌.

മാള എന്ന അത്ഭുതം

ചരിത്രത്തിന്റെ ഒരു നെടുങ്കോട്ടയുണ്ടായിരുന്നു ഇവിടെ. ഇന്ന്‌ ഒരോര്‍മ്മ മാത്രമായി അവശേഷിക്കുന്ന നെടുംകോട്ട മാളയിലൂടെയാണ്‌ കടന്നു പോയിരുന്നത്‌. ടിപ്പുവിന്റെ ആക്രമണം തടയുന്നതിന്‌ അന്നത്തെ തിരുവിതാംകൂര്‍ ഭരണാധികാരിയായ കാര്‍ത്തിക തിരുനാള്‍ മഹാരാജാവ്‌, കൊച്ചി മഹാരാജാവിന്റെ അനുമതിയോടെ അറബിക്കടല്‍ മുതല്‍ ആനമല വരെ 56 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍, 1761 കാലഘട്ടത്തില്‍ പണിതീര്‍ത്തതാണിത്‌. തിരുവിതാംകൂര്‍ പടത്തലവനും ഡച്ചുകാരനുമായ യൂസ്റ്റോഷ്യസ്‌ ബെനഡിക്ട്‌ ഡിലനോയുടെ പ്‌ളാന്‍ അനുസരിച്ചായിരുന്നു നിര്‍മ്മാണം. വേറെയുമുണ്ട്‌ മാളപ്പെരുമ. ഗുരുകുല വിദ്യാഭ്യാസത്തിന്‌ പേരുകേട്ട കരിങ്ങാംപിള്ളി സ്വരൂപം കുഴൂര്‍ ഗ്രാമത്തിലെ കുണ്ടൂരിലാണ്‌. ശുകസന്ദേശം എന്ന സംസ്‌കൃതകാവ്യം രചിച്ച പൗരാണിക കവിയാണ്‌ ലക്ഷ്‌മീദാസന്‍. സാമൂതിരിയുടെ രാജസദസ്സിലെ പതിനെട്ടരകവികളില്‍ അരക്കവിയായിരുന്നു ഈ നാട്ടുകാരനായിരുന്ന തോലന്‍. കലാസാംസ്‌കാരിക രംഗത്ത്‌ ഈ കൊച്ചു ഗ്രാമത്തിന്റെ സംഭാവനകള്‍ അമ്പരപ്പിക്കുന്നതത്രെ. പഞ്ചവാദ്യ വിദഗ്‌ധരായ അന്നമനട അച്ചുതമാരാര്‍, പീതാംബരമാരാര്‍, കുഴൂര്‍ കുട്ടപ്പമാരാര്‍, നാരായണമാരാര്‍, അഷ്‌ടാംഗഹൃദയത്തില്‍ അഗാധപാണ്‌ഡ്യത്യമുണ്ടായിരുന്ന പുതിയേടത്ത്‌ രാമന്‍മേനോന്‍, ക്യാന്‍സറിന്‌ ഗോവാന്‍മൈസിന്‍ കണ്ടുപിടിച്ച ആഗോള പ്രശസ്‌ത ശാസ്‌ത്രജ്ഞന്‍ ജി.മുരളീധരന്‍ എന്നീ പ്രശസ്‌തരും പ്രമുഖരുമായ വ്യക്‌തികള്‍ക്കെല്ലാം ജന്മം നല്‍കിയത്‌ ഈ പ്രദേശമാണ്‌. വിഷചികിത്‌സാ രംഗത്ത്‌ പ്രഗത്‌ഭനായ ദിവാകരന്‍ നായര്‍, പേപ്പട്ടി വിഷചികിത്‌സാ വിദഗ്‌ദ്ധനായ തളിയാനത്ത്‌ തോമന്‍, ഗണിതശാസ്‌ത്രത്തിലെ `പൈ'യുടെ വില കൃത്യമായി കണക്കാക്കുന്ന സൂത്രവാക്യം കണ്ടുപിടിച്ച മാധ്വാചാര്യന്‍ എന്ന ഗണിത ശാസ്‌ത്രജ്ഞന്‍ മുതലായവര്‍ ഈ പ്രദേശത്ത്‌ ജന്മംകൊണ്ട പ്രമുഖരാണ്‌. ഏറ്റവും ഒടുവില്‍ മാള അരവിന്ദനും മാളയെ അനശ്വരമാക്കി...





നമ്മള്‍ വീണ്ടും സഞ്ചാരികളും സത്യാന്വേഷികളുമാകണം...മാളയെ അറിയാന്‍.
കൊച്ചിയിലെ സിനഗോഗ്‌ ഇന്ന്‌ പ്രസിദ്ധമാണ്‌. അതു സംരക്ഷിത സ്‌മാരകമാണ്‌. അതേ പ്രാധാന്യമുള്ള മാള സിനഗോഗ്‌ മരിക്കുന്നു...ഒരു കാലത്ത്‌ കാലികളുടെ വിശ്രമസ്ഥാനമായിരുന്നു എന്നു നാട്ടുകാര്‍.. പഞ്ചായത്ത്‌ പൂട്ടിട്ടു പൂട്ടിയിരിക്കയാണിപ്പോള്‍..
ഇന്നും ഇസ്രായേലില്‍ നിന്നും മാളയുമായി രക്തബന്ധമുള്ളവര്‍ ഇവിടെ എത്തുന്നു. തങ്ങളുടെ പൂര്‍വ്വികര്‍ മരിച്ചുറങ്ങുന്ന മണ്ണില്‍ ചുംബിക്കുന്നു...
ഒന്നും ചെയ്യാതിരിക്കുന്ന പുരാവസ്‌തു വകുപ്പിനെക്കുറിച്ച്‌ അടുത്തിടെ, മാതൃഭൂമി പത്രത്തില്‍ ലേഖനമെഴുതിയ എംജിഎസ്‌ നാരായണന്‍ കരഞ്ഞിരുന്നു. ചരിത്രത്തെ കുഴിച്ചു മൂടുന്ന മലയാളിമനസ്സിന്റെ ഏറ്റവും ഉയര്‍ന്ന മാതൃകയായി ഇന്ന്‌ മാളയിലെ സിനഗോഗും ജൂതശ്‌മശാനവും..
കേരളത്തിലെ പ്രധാനപ്പെട്ട എട്ടു ജൂതപ്പള്ളികളില്‍ ഒന്ന്‌ പതിനാറാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച മാളയിലെ സിനഗോഗ്‌ ആണ്‌ എന്നു കൂടി അറിയുമ്പോഴാണ്‌ നാം ചരിത്രത്തോടു കാണിച്ച നെറികേട്‌ തിരിച്ചറിയുന്നത്‌..
ജൂത ശ്‌മശാനം കൈയേറിപ്പോകാതെ രക്ഷപ്പെടുത്തിയത്‌ ചില ചരിത്രസ്‌നേഹികളുടെ പരിശ്രമം കൊണ്ടായിരുന്നു. സംരക്ഷണ ചുമതലയുള്ള പഞ്ചായത്ത്‌ തന്നെ ശ്‌മശാനത്തിന്റെ പകുതിയിലേറെ ഭാഗം കളിസ്‌ഥലമാക്കി മാറ്റുകയും ചെയ്‌തു!.
വലിയ കേടുപാടുകളില്ലാതെ നില്‍ക്കുന്ന മൂന്ന്‌ ശവകുടീരങ്ങള്‍ മാത്രമാണ്‌ ഇപ്പോഴുള്ളത്‌. സിമന്റുതറകളായി നില്‍ക്കുന്ന സ്‌മാരകങ്ങള്‍..
യഥാര്‍ത്ഥത്തില്‍ കല്ലറകളാണ്‌ ഇവിടെ ഉണ്ടായിരുന്നത്‌. കല്ലുവെട്ടിത്താഴ്‌ത്തി ആറടി മണ്ണില്‍ തീര്‍ത്ത കല്ലറകള്‍.. ഇപ്പോഴും കാണാം ചതുരത്തില്‍ പുല്ലുപിടിച്ച്‌ ഇത്തരം വെട്ടിയിറക്കിയ കല്ലറകള്‍..ഒരാള്‍ നീളത്തില്‍. ഇന്നും പ്രിയപ്പെട്ടവരുടെ ആണ്ടറുതിക്ക്‌ ഇസ്രയേലില്‍ നിന്നും പുതിയ തലമുറ മാളയിലെത്തി ഉപചാരമര്‍പ്പിച്ചുവരുന്നു എന്നത്‌ അതിശയമുയര്‍ത്തും...!.

ഇപ്പോള്‍ മാള ജൂതസിനഗോഗിന്റെ മുന്നിലാണ്‌. ഇടുക്ക്‌ എന്നാണ്‌ ഇവിടേയ്‌ക്കുള്ള വഴിക്കു പേര്‌. ശരിക്കും `ഇടുക്കു' തന്നെ. ഒരു കൊച്ചു കാര്‍ കഷ്ടിച്ചു കടന്നുപോകുന്ന വഴി. കൈയേറ്റങ്ങള്‍ ചുരുക്കിചുരുക്കി കൊണ്ടുവന്ന ഒരു തുണ്ടു ഭൂമിയില്‍ സിനഗോഗ്‌ നീലാകാശത്തോളം തലയുയര്‍ത്തി നില്‍ക്കുന്നു.
ദേവാലയത്തിലേയ്‌ക്കുള്ള കവാടം, ഒരു നാടന്‍ ചായക്കടയുടെ പിന്നാമ്പുറമാണ്‌. ഹോട്ടല്‍ വേസ്‌റ്റുകള്‍ ചവിട്ടി, ഞെരുങ്ങി നിന്നു വേണം കവാടം കാണുവാന്‍. ചരിത്രത്തിന്റെ കവാടം..!.
23 സെന്റ്‌ സ്‌ഥലത്ത്‌ സ്‌ഥിതി ചെയ്യുന്ന സിനഗോഗും 4 ഏക്കര്‍ വരുന്ന ശ്‌മശാനവുമാണ്‌ വ്യവസ്‌ഥകളോടെ പഞ്ചായത്തിന്‌ കൈമാറിക്കിട്ടിയത്‌. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഈ പൈതൃക സ്വത്തുക്കള്‍ സംരക്ഷിക്കുന്നതില്‍ കുറ്റകരമായ അലംഭാവമാണ്‌ പഞ്ചായത്ത്‌ അധികാരികളില്‍ നിന്ന്‌ ഇന്നുവരെ ഉണ്ടായിട്ടുള്ളത്‌ എന്നു ബോധ്യമാകുന്ന കാഴ്‌ചകള്‍....

മാളയിലെ കറുത്തജൂതര്‍

പ്രശസ്‌ത ബ്രിട്ടീഷ്‌-ഇന്ത്യന്‍ പത്രപ്രവര്‍ത്തകയായ എഡ്‌ന ഫെര്‍ണാണ്ടസിന്റെ `കേരളത്തിലെ അവസാനത്തെ യഹൂദര്‍' എന്നത്‌ ശ്രദ്ധേയമായ പുസ്‌തകമാണ്‌. കൊച്ചിരജാക്കന്മാരുടെ കാലത്ത്‌ വന്ന യഹൂദരെ പൂര്‍ണ്ണ ഹൃദയത്തോടെ സ്വീകരിക്കുകയും എല്ലാ അവകാശങ്ങള്‍ നല്‍കുകയും ചെയ്‌തു. അവര്‍ സമൂഹത്തില്‍ ഉന്നത സ്ഥാനം ലഭിക്കുകയും ചെയ്‌തു. പക്ഷെ, അവര്‍ക്കിടയില്‍ ഉയര്‍ന്ന അസ്വാരസ്യങ്ങള്‍ വൈരുദ്ധ്യമായി. മാളയിലെ ജൂതന്‍മാര്‍ `കറുത്ത' ജൂതന്‍മാരായി പരിഗണിക്കപ്പെട്ടു. കറുത്ത ജൂതന്മാരെ മട്ടാഞ്ചേരിയിലെ വെളുത്ത ജൂതന്മാര്‍ ജൂതരായി അംഗീകരിച്ചില്ലെന്നും ചരിത്ര സത്യം...!.

ഉത്‌പത്തി പുസ്‌തകം

പോരാട്ടങ്ങളുടേയും പലായനങ്ങളുടേയും കഥകളാണ്‌ ജൂതചരിത്രം. ഇസ്ലാം മതവും ക്രിസ്‌തുമതവും ജൂത മതവും ഇബ്രാഹീമിനെ പ്രവാചകനായി അംഗീകരിക്കുന്നു. ഇസ്‌മായേല്‍ നബിയുടെ പരമ്പരയിലാണു മുഹമ്മദ്‌ നബി (സ).ഇഷാഖ്‌ നബിയുടെ പുത്രനായ യാക്കൂബ്‌ നബിയുടെ പരമ്പരയായി നസ്രാണികളും,ജൂതന്മാരും ഉണ്ടായെന്നാണ്‌ വിശുദ്ധഗ്രന്ഥങ്ങളില്‍ വായിക്കുക. മാലാഖയുമായി മല്‍പിടുത്തത്തില്‍ ഏര്‍പ്പെട്ടു വിജയിച്ച യാക്കൂബിനെ `ദൈവത്തെ ജയിച്ചവന്‍` എന്ന്‌ അര്‍ത്ഥം വരുന്ന ഇസ്രായേല്‍ എന്ന്‌ വിളിച്ചുവെന്നു ബൈബിളില്‍ കാണാം. ഖുറാനില്‍ ബനൂ ഇസ്രായേല്‍ എന്ന്‌ ജൂതരെ അഭിസംബോധന ചെയ്യുന്നു. ബൈബിള്‍,ഖുറാന്‍,തോറ എന്നിവയില്‍ ഇസ്രായേലികളെ കുറിച്ച്‌ ധാരാളം വായിക്കാം. തോറ എന്ന ഗ്രന്‌ഥമാണ്‌ ജൂതന്മാരുടേത്‌. 'വഴികാട്ടുക' എന്നര്‍ത്ഥം. ശാബത്ത്‌ എന്നറിയപ്പെടുന്ന ശനിയാഴ്‌ച ദിവസമാണ്‌ പ്രധാന ആരാധനാ ദിവസം. മറ്റു മതങ്ങളില്‍ നിന്നും ജൂത മതം സ്വീകരിക്കാന്‍ പറ്റുകയില്ലെന്നത്‌ മറ്റൊരു സവിശേഷത.
ഫറവോ ചക്രവര്‍ത്തിയുടെ പീഢനങ്ങള്‍ മുതല്‍ ഹിറ്റ്‌ലറുടെ കൂട്ടക്കൊലയ്‌ക്കു വരെ ഇരയായ ഒരു ജനത, ഇവിടെ ശാന്തിയനുഭവിച്ചു കഴിഞ്ഞിരുന്നു. ഈ മണ്ണിനെ നെഞ്ചേറ്റിയിരുന്നു. അറുപത്തിയേഴ്‌ വര്‍ഷങ്ങള്‍ക്കു മുമ്പ്‌, അവര്‍ ഇസ്രയേല്‍ എന്ന തങ്ങളുടെ വാഗ്‌ദത്ത ഭൂമിയിലേയ്‌ക്കു മടങ്ങി- ഈ മണ്ണിനോടും മനുഷ്യരോടുമുള്ള സ്‌നേഹമത്രയും ഹൃദയത്തില്‍ ചുമന്നുകൊണ്ടുതന്നെ..!. തങ്ങളുടെ സര്‍വ്വസ്വവും ഇൗ നാടിനെ തിരിച്ചേല്‍പ്പിച്ച്‌..!.

-ബാലുമേനോന്‍ എം.
ചിത്രം -സുധീപ്  ഈയെസ് .