Wednesday, May 13, 2015

കേഴുമീ വാഗ്‌ദത്തഭൂമി



രണ്ടുമാസം മുമ്പ്‌, മാളയിലെത്തിയ ആരോണിന്റേയും കൂട്ടുകാരിയുടേയും മുഖം വീര്‍ത്തുകെട്ടി. പൂര്‍വ്വികര്‍ ഉറങ്ങുന്ന കാടുകയറിയ ശ്‌മശാന ഭൂവില്‍, കാറുനിറഞ്ഞ പ്രക്ഷുബ്ധ മനസ്സുമായി അവര്‍ നിന്നു. പിന്നെ കല്ലറയില്‍ ഒരു മെഴുകുതിരികത്തിച്ചു പ്രാര്‍ത്ഥിച്ചു...
അറുപതുകഴിഞ്ഞ ആരോണ്‍ എന്ന ജൂതന്‍ എത്തിയത്‌ ഇസ്രായേലില്‍ നിന്ന്‌. താന്‍ പിറന്നവീണ മണ്ണിലേയ്‌ക്ക്‌...തന്റെ പിതാമഹന്‍മാര്‍ നിത്യതയില്‍ വിശ്രമിക്കുന്ന ഭൂമിയിലേയ്‌ക്ക്‌..
ഓഹ്‌..ഇതാണ്‌ ഞാന്‍ ജനിച്ച വീട്‌....!. മാള പോസ്‌റ്റ്‌ ഓഫീസ്‌ ചൂണ്ടിക്കാട്ടി അയാള്‍ പറഞ്ഞു..
ഭൗതികമായി യാതൊരു മാറ്റവും സംഭവിക്കാതെ ആ കെട്ടിടം..!.
അവര്‍ മടങ്ങി; ഒരുപിടി അസ്വസ്ഥതകളുമായി..
ഇതു മാള. ഒരു കാലത്ത്‌ കുടിയേറിയ ജൂതര്‍, നെഞ്ചേറ്റി സ്‌നേഹിച്ച മണ്ണ്‌. ഇന്നും അവരുടെ പ്രപിതാമഹര്‍ ഉറങ്ങുന്ന മണ്ണ്‌...
തുടര്‍ന്നുള്ള യാത്ര, ചരിത്രത്തില്‍ മയങ്ങിക്കിടക്കുന്ന കഥകളിലേയ്‌ക്കായിരുന്നു.

`The donee shall maintain at his own expense, the Jewish cemetery described in the B schedule hereto annexed and hereby entrusted to him and shall preserve the same without trespass or molestation of the tombs. Nor shall any portion of the cemetery be dug or unearthed. The compound wall bounding the cemetery on all sides and the gate in it shall also be preserved and the Donee shall meet the expenses .If any necessary for its preservation in good repair the B schedule item shall not be alienated and shall ever be preserved in its present condition without being put to any other use, nor shall the right of any member of the Jewish community to use the B schedule item as a cemetery be ever denied or questioned."

മാള ഗ്രാമപഞ്ചായത്താപ്പീസില്‍ ചെന്നാല്‍ ഇങ്ങിനെ ഒരു കൈമാറ്റരേഖകാണാം. വാഗ്‌ദത്ത ഭൂമിയിലേയ്‌ക്കു കുടിയേറും മുമ്പ്‌ തങ്ങളുടെ സര്‍വ്വസ്വവുമായ, പിതാമഹരുറങ്ങുന്ന ശ്‌മശാനഭൂമിയും ആരാധനാലയവും പഞ്ചായത്തിനെ ഏല്‍പ്പിക്കുന്ന ജൂതക്കുടിയേറ്റക്കാര്‍ ഒപ്പിട്ട ആധാരം. ഇവയ്‌ക്ക്‌ ഒരു കോട്ടവും കൂടാതെ നിലനിര്‍ത്താമെന്ന്‌ പഞ്ചായത്തധികൃതരും സമ്മതിച്ചൊപ്പിട്ട രേഖ!.
ആറുവ്യവസ്ഥകള്‍ അടങ്ങുന്നതാണ്‌ ഈ രേഖ.
ഒരു തുകപോലും കൈപ്പറ്റാതെയാണ്‌ അവര്‍ ഇത്‌ ഈ നാട്ടിലെ ജനങ്ങളെ വിശ്വസിച്ചേല്‍പ്പിച്ചത്‌. ഈ രണ്ടു സ്‌മാരകങ്ങളും വടമ രജിസ്‌ട്രാര്‌ 6/1955 നമ്പര്‍ ആധാരപ്രകാരം മാള പഞ്ചായത്തിനെ എല്‍പ്പിച്ചിട്ടാണ്‌ അവര്‍ ഇസ്രായേലിലേക്ക്‌ കുടിയേറിയത്‌. ഈ സ്‌മാരകങ്ങളുടെ സംരക്ഷണത്തെ സംബന്‌ധിച്ച്‌ ആറു വ്യവസ്‌ഥകള്‍ വച്ചുകൊണ്ടാണ്‌ ഈ വസ്‌തുക്കള്‍ അവര്‍ പഞ്ചായത്തിന്‌ കൈമാറിയത്‌. അതില്‍ ആറാമത്തെ വ്യവസ്ഥയാണ്‌ നാം കണ്ടത്‌...



ഇന്ന്‌ ചുറ്റുമതിലുകള്‍ തകര്‍ന്ന്‌ കാടുകയറിയ ശ്‌മശാനം. പള്ളിമേടയുടെ വിശാലമായ കവാടംവരെ നടന്ന കൈയേറ്റങ്ങള്‍..
ചരിത്രത്തിന്റെ ശ്‌മശാനഭൂമി..!

ആക്രമിക്കപ്പെട്ട ഒരു ജനതയ്‌ക്കു എല്ലാമെല്ലാം നല്‍കി കുടിയിരുത്തിയ ഒരു പാരമ്പര്യമുണ്ട്‌ ഈ നാടിന്‌. കേരളരാഷ്‌ട്രീയത്തില്‍ മാള അതിപ്രശസ്‌തമാണ്‌. മാളയുടെ മാണിക്യം എന്നറിയപ്പെട്ട കെ.കരുണാകരന്റെ പേരില്‍!. മാള ഇന്നും നാടന്‍നന്മകളുറങ്ങുന്ന കൊച്ചുഗ്രാമമാണ്‌. യഹൂദരുടെ സാന്നിധ്യം ഈ മണ്ണില്‍ ഇപ്പോഴും പച്ചപിടിച്ചു നില്‍ക്കുന്നു. മാളയുടെ മണ്ണിലൂടെ ഒരു മഹാസംസ്‌കൃതിയുടെ ചൂടും ചൂരും ഏറ്റുവാങ്ങി നടക്കുക, അനുഭവമാണ്‌.
മാള എന്നത്‌ ഹീബ്രുഭാഷയിലെ `മള്‍ഹ്‌അ' എന്ന പദം ലോപിച്ചുണ്ടായതാണ്‌ എന്നാണ്‌ ചരിത്രം. മാളയുടെ തനതു സംസ്‌കാരത്തിന്‌ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയവരാണ്‌ പുരാതനകാലത്തു തന്നെ മാളയില്‍ കുടിയേറിപ്പാര്‍ത്ത യഹൂദര്‍. അവര്‍ കച്ചവടക്കാരായിരുന്നു. തുകലും മറ്റുരുപ്പിടികളും അവര്‍ വില്‍പ്പന നടത്തി. തദ്ദേശീയരുമായി കൂട്ടുകച്ചവടത്തിനു പോലും അവര്‍ തയ്യാറായ കഥകള്‍..

മാള കടവ്‌, ഇപ്പോള്‍ ശാന്തമാണ്‌. ഒരു കാലത്ത്‌ കടത്തുവള്ളങ്ങളും ചരക്കുവള്ളങ്ങളും തിങ്ങിനിറഞ്ഞ, വിലപേശലിന്റേയും ലേലംവിളികളുടേയും ബഹളം മുറ്റിയ കടവിന്‌ മുനിയുടെ മൗനം..
ഇളംകാറ്റില്‍ ഇലപൊഴിച്ച്‌ ഒരു മഴമരം, കൈത്തോടായി മാറിയ മാളചാലിന്റെ മുകളില്‍ തണല്‍വിരിച്ചു നിന്നു.
കുഞ്ഞോളങ്ങളിളക്കി, പ്രതാപകാലസ്‌മരണയില്‍ നീണ്ടു കിടന്നു, കനോലി കനാല്‍ വരെ..
അവിടെ നിന്ന്‌ അത്‌ കേരളത്തിന്റെ പ്രമുഖ തുറമുഖങ്ങളിലേയ്‌ക്ക്‌...
1960കളുടെ പകുതിവരെ മാളക്കടവില്‍ നിന്നും കോട്ടപ്പുറം മുനമ്പം, ചെറായി വഴി എറണാകുളത്തേക്കും തിരുവനന്തപുരത്തേക്കും തിരിച്ച്‌ മാളയിലേക്കും, 1980കളുടെ മധ്യകാലം വരെ കുണ്ടൂരില്‍ നിന്ന്‌ എറണാകുളം പറവൂര്‍, കോട്ടപ്പുറം എന്നിവിടങ്ങളിലേക്കും ബോട്ടുസര്‍വ്വീസുകള്‍ ഉണ്ടായിരുന്നു. തോണിമാര്‍ഗ്ഗം ചരക്കുഗതാഗതവും നടന്നുവന്നിരുന്നു.
കടവിലെ, കോണ്‍ക്രീറ്റിട്ട പടവുകള്‍ക്കു താഴെ, ജലരാശിയില്‍ പാതിമുങ്ങിക്കിടക്കുന്ന ചെങ്കല്‍പ്പടവുകളുണ്ട്‌. ചരിത്രത്തിലേയ്‌ക്കുള്ള ചവിട്ടുപടികളാണത്‌. മാളയിലേയ്‌ക്ക്‌ ചരിത്രം ചവിട്ടിക്കയറിവന്ന കല്‍പ്പടവുകള്‍..!. ഈ കടവില്‍, കൊച്ചുവള്ളങ്ങളില്‍ അവര്‍ വന്നു. യഹൂദിയക്കാര്‍..
ആക്രമണങ്ങളുടെയും ചെറുത്തുനില്‍പ്പുകളുടേയും കഥകള്‍ മനസ്സില്‍ പേറി, അവര്‍ ഇവിടെ വന്നത്‌ ജീവിയ്‌ക്കാന്‍-ജീവിക്കാന്‍ വേണ്ടി മാത്രം!.



ക്രിസ്‌തുവിനു മുമ്പ്‌ പത്താം നൂറ്റാണ്ടില്‍ സോളമന്‍ രാജാവിന്റെ കാലത്തു തന്നെ ജൂതര്‍ കേരളത്തില്‍ എത്തിയിരുന്നു എന്നു പറയുന്നുണ്ട്‌. എന്നാല്‍ ഏ.ഡി 68ല്‍ യറുശലേമിലെ ദേവാലയം നശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നാണ്‌ ഇവര്‍ കേരളത്തിലെത്തിയതെന്നാണ്‌ പരമ്പരാഗതമായി വിശ്വസിച്ചുവരുന്നത്‌. ചരിത്രകാരന്‍മാര്‍ക്കിടയില്‍ ഇപ്പോഴും ഭിന്നാഭിപ്രായമുണ്ട്‌.

മൂവായിരം വര്‍ഷത്തെ പാരമ്പര്യമാണ്‌ ജൂതര്‍ എന്ന വംശം അവകാശപ്പെടുന്നത്‌. ബൈബിള്‍ കാലത്തിനും മുമ്പ്‌..!. ദൈവം തിരഞ്ഞെടുത്ത ജനത..!.
ഇന്നും രക്ഷകനായ മിശിഹായുടെ വരവു പ്രതീക്ഷിച്ചിരിക്കുന്ന ജനവിഭാഗം..!.
കേരളത്തില്‍ അനേകായിരം ജൂതരുണ്ടായിരുന്നു എന്നാണ്‌ ചരിത്രം പറയുന്നത്‌. 1901ലെ സെന്‍സസില്‍ മാള പള്ളിയില്‍ 100 പേര്‍ ഉണ്ടായിരുന്നു എന്നു വ്യക്‌തമാക്കുന്നു. മാളയിലെ വ്യാപാരമേഖലയില്‍ ജുതന്മാര്‍ക്കായിരുന്നു മേധാവിത്വം. പുരാതന യഹൂദ കേന്ദ്രങ്ങളിലൊന്ന്‌ എന്ന നിലയ്‌ക്ക്‌ കേരളചരിത്രത്തില്‍ മാളയുടെ സ്‌ഥാനം അതിപ്രധാനമാണ്‌. ജൂതര്‍ ആദ്യമെത്തിയത്‌ മലബാറിലാണെന്ന്‌ പറയപ്പെടുന്നുണ്ടെങ്കിലും ക്രിസ്‌തുവിനു മുമ്പ്‌ 650ല്‍ അവര്‍ കൊടുങ്ങല്ലൂരില്‍ എത്തിയിരുന്നു. ആയിരം വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തൃശൂര്‍ ജില്ലയിലെ മാളയില്‍ ഒരു ജൂത അധിവാസ കേന്ദ്രം സ്‌ഥാപിക്കപ്പെടുകയുണ്ടായെന്നാണ്‌ ചരിത്രാന്വേഷകര്‍ പറയുന്നത്‌. സെന്റ്‌ തോമസ്‌ കേരളത്തിലെത്തിയപ്പോള്‍ വരവേല്‍ക്കാന്‍ എത്തിയവരുടെ കൂട്ടത്തില്‍ ഒരു ജൂത പെണ്‍കുട്ടിയുമുണ്ടായിരുന്നു എന്ന്‌ ജൂത ചരിത്രകാരനായ എസ്‌.കോടര്‍ പറയുന്നുണ്ട്‌. മാള പള്ളിയുടെ ചരിത്രം പള്ളിപ്പാട്ടിന്റെ രൂപത്തില്‍ ലഭ്യമാണ്‌. കൊടുങ്ങല്ലൂര്‍ തമ്പുരാന്‍, എല്ലാ സമൂഹത്തില്‍പ്പെട്ടവരും തന്റെ നാട്ടില്‍ ഉണ്ടായിരിക്കണമെന്ന്‌ ആഗ്രഹിച്ചതുനസരിച്ചാണത്രെ മാള പളളി സമൂഹം രൂപം കൊണ്ടത്‌. 1597ലാണ്‌ മാളപള്ളി സ്‌ഥാപിച്ചത്‌.

മാള എന്ന അത്ഭുതം

ചരിത്രത്തിന്റെ ഒരു നെടുങ്കോട്ടയുണ്ടായിരുന്നു ഇവിടെ. ഇന്ന്‌ ഒരോര്‍മ്മ മാത്രമായി അവശേഷിക്കുന്ന നെടുംകോട്ട മാളയിലൂടെയാണ്‌ കടന്നു പോയിരുന്നത്‌. ടിപ്പുവിന്റെ ആക്രമണം തടയുന്നതിന്‌ അന്നത്തെ തിരുവിതാംകൂര്‍ ഭരണാധികാരിയായ കാര്‍ത്തിക തിരുനാള്‍ മഹാരാജാവ്‌, കൊച്ചി മഹാരാജാവിന്റെ അനുമതിയോടെ അറബിക്കടല്‍ മുതല്‍ ആനമല വരെ 56 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍, 1761 കാലഘട്ടത്തില്‍ പണിതീര്‍ത്തതാണിത്‌. തിരുവിതാംകൂര്‍ പടത്തലവനും ഡച്ചുകാരനുമായ യൂസ്റ്റോഷ്യസ്‌ ബെനഡിക്ട്‌ ഡിലനോയുടെ പ്‌ളാന്‍ അനുസരിച്ചായിരുന്നു നിര്‍മ്മാണം. വേറെയുമുണ്ട്‌ മാളപ്പെരുമ. ഗുരുകുല വിദ്യാഭ്യാസത്തിന്‌ പേരുകേട്ട കരിങ്ങാംപിള്ളി സ്വരൂപം കുഴൂര്‍ ഗ്രാമത്തിലെ കുണ്ടൂരിലാണ്‌. ശുകസന്ദേശം എന്ന സംസ്‌കൃതകാവ്യം രചിച്ച പൗരാണിക കവിയാണ്‌ ലക്ഷ്‌മീദാസന്‍. സാമൂതിരിയുടെ രാജസദസ്സിലെ പതിനെട്ടരകവികളില്‍ അരക്കവിയായിരുന്നു ഈ നാട്ടുകാരനായിരുന്ന തോലന്‍. കലാസാംസ്‌കാരിക രംഗത്ത്‌ ഈ കൊച്ചു ഗ്രാമത്തിന്റെ സംഭാവനകള്‍ അമ്പരപ്പിക്കുന്നതത്രെ. പഞ്ചവാദ്യ വിദഗ്‌ധരായ അന്നമനട അച്ചുതമാരാര്‍, പീതാംബരമാരാര്‍, കുഴൂര്‍ കുട്ടപ്പമാരാര്‍, നാരായണമാരാര്‍, അഷ്‌ടാംഗഹൃദയത്തില്‍ അഗാധപാണ്‌ഡ്യത്യമുണ്ടായിരുന്ന പുതിയേടത്ത്‌ രാമന്‍മേനോന്‍, ക്യാന്‍സറിന്‌ ഗോവാന്‍മൈസിന്‍ കണ്ടുപിടിച്ച ആഗോള പ്രശസ്‌ത ശാസ്‌ത്രജ്ഞന്‍ ജി.മുരളീധരന്‍ എന്നീ പ്രശസ്‌തരും പ്രമുഖരുമായ വ്യക്‌തികള്‍ക്കെല്ലാം ജന്മം നല്‍കിയത്‌ ഈ പ്രദേശമാണ്‌. വിഷചികിത്‌സാ രംഗത്ത്‌ പ്രഗത്‌ഭനായ ദിവാകരന്‍ നായര്‍, പേപ്പട്ടി വിഷചികിത്‌സാ വിദഗ്‌ദ്ധനായ തളിയാനത്ത്‌ തോമന്‍, ഗണിതശാസ്‌ത്രത്തിലെ `പൈ'യുടെ വില കൃത്യമായി കണക്കാക്കുന്ന സൂത്രവാക്യം കണ്ടുപിടിച്ച മാധ്വാചാര്യന്‍ എന്ന ഗണിത ശാസ്‌ത്രജ്ഞന്‍ മുതലായവര്‍ ഈ പ്രദേശത്ത്‌ ജന്മംകൊണ്ട പ്രമുഖരാണ്‌. ഏറ്റവും ഒടുവില്‍ മാള അരവിന്ദനും മാളയെ അനശ്വരമാക്കി...





നമ്മള്‍ വീണ്ടും സഞ്ചാരികളും സത്യാന്വേഷികളുമാകണം...മാളയെ അറിയാന്‍.
കൊച്ചിയിലെ സിനഗോഗ്‌ ഇന്ന്‌ പ്രസിദ്ധമാണ്‌. അതു സംരക്ഷിത സ്‌മാരകമാണ്‌. അതേ പ്രാധാന്യമുള്ള മാള സിനഗോഗ്‌ മരിക്കുന്നു...ഒരു കാലത്ത്‌ കാലികളുടെ വിശ്രമസ്ഥാനമായിരുന്നു എന്നു നാട്ടുകാര്‍.. പഞ്ചായത്ത്‌ പൂട്ടിട്ടു പൂട്ടിയിരിക്കയാണിപ്പോള്‍..
ഇന്നും ഇസ്രായേലില്‍ നിന്നും മാളയുമായി രക്തബന്ധമുള്ളവര്‍ ഇവിടെ എത്തുന്നു. തങ്ങളുടെ പൂര്‍വ്വികര്‍ മരിച്ചുറങ്ങുന്ന മണ്ണില്‍ ചുംബിക്കുന്നു...
ഒന്നും ചെയ്യാതിരിക്കുന്ന പുരാവസ്‌തു വകുപ്പിനെക്കുറിച്ച്‌ അടുത്തിടെ, മാതൃഭൂമി പത്രത്തില്‍ ലേഖനമെഴുതിയ എംജിഎസ്‌ നാരായണന്‍ കരഞ്ഞിരുന്നു. ചരിത്രത്തെ കുഴിച്ചു മൂടുന്ന മലയാളിമനസ്സിന്റെ ഏറ്റവും ഉയര്‍ന്ന മാതൃകയായി ഇന്ന്‌ മാളയിലെ സിനഗോഗും ജൂതശ്‌മശാനവും..
കേരളത്തിലെ പ്രധാനപ്പെട്ട എട്ടു ജൂതപ്പള്ളികളില്‍ ഒന്ന്‌ പതിനാറാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച മാളയിലെ സിനഗോഗ്‌ ആണ്‌ എന്നു കൂടി അറിയുമ്പോഴാണ്‌ നാം ചരിത്രത്തോടു കാണിച്ച നെറികേട്‌ തിരിച്ചറിയുന്നത്‌..
ജൂത ശ്‌മശാനം കൈയേറിപ്പോകാതെ രക്ഷപ്പെടുത്തിയത്‌ ചില ചരിത്രസ്‌നേഹികളുടെ പരിശ്രമം കൊണ്ടായിരുന്നു. സംരക്ഷണ ചുമതലയുള്ള പഞ്ചായത്ത്‌ തന്നെ ശ്‌മശാനത്തിന്റെ പകുതിയിലേറെ ഭാഗം കളിസ്‌ഥലമാക്കി മാറ്റുകയും ചെയ്‌തു!.
വലിയ കേടുപാടുകളില്ലാതെ നില്‍ക്കുന്ന മൂന്ന്‌ ശവകുടീരങ്ങള്‍ മാത്രമാണ്‌ ഇപ്പോഴുള്ളത്‌. സിമന്റുതറകളായി നില്‍ക്കുന്ന സ്‌മാരകങ്ങള്‍..
യഥാര്‍ത്ഥത്തില്‍ കല്ലറകളാണ്‌ ഇവിടെ ഉണ്ടായിരുന്നത്‌. കല്ലുവെട്ടിത്താഴ്‌ത്തി ആറടി മണ്ണില്‍ തീര്‍ത്ത കല്ലറകള്‍.. ഇപ്പോഴും കാണാം ചതുരത്തില്‍ പുല്ലുപിടിച്ച്‌ ഇത്തരം വെട്ടിയിറക്കിയ കല്ലറകള്‍..ഒരാള്‍ നീളത്തില്‍. ഇന്നും പ്രിയപ്പെട്ടവരുടെ ആണ്ടറുതിക്ക്‌ ഇസ്രയേലില്‍ നിന്നും പുതിയ തലമുറ മാളയിലെത്തി ഉപചാരമര്‍പ്പിച്ചുവരുന്നു എന്നത്‌ അതിശയമുയര്‍ത്തും...!.

ഇപ്പോള്‍ മാള ജൂതസിനഗോഗിന്റെ മുന്നിലാണ്‌. ഇടുക്ക്‌ എന്നാണ്‌ ഇവിടേയ്‌ക്കുള്ള വഴിക്കു പേര്‌. ശരിക്കും `ഇടുക്കു' തന്നെ. ഒരു കൊച്ചു കാര്‍ കഷ്ടിച്ചു കടന്നുപോകുന്ന വഴി. കൈയേറ്റങ്ങള്‍ ചുരുക്കിചുരുക്കി കൊണ്ടുവന്ന ഒരു തുണ്ടു ഭൂമിയില്‍ സിനഗോഗ്‌ നീലാകാശത്തോളം തലയുയര്‍ത്തി നില്‍ക്കുന്നു.
ദേവാലയത്തിലേയ്‌ക്കുള്ള കവാടം, ഒരു നാടന്‍ ചായക്കടയുടെ പിന്നാമ്പുറമാണ്‌. ഹോട്ടല്‍ വേസ്‌റ്റുകള്‍ ചവിട്ടി, ഞെരുങ്ങി നിന്നു വേണം കവാടം കാണുവാന്‍. ചരിത്രത്തിന്റെ കവാടം..!.
23 സെന്റ്‌ സ്‌ഥലത്ത്‌ സ്‌ഥിതി ചെയ്യുന്ന സിനഗോഗും 4 ഏക്കര്‍ വരുന്ന ശ്‌മശാനവുമാണ്‌ വ്യവസ്‌ഥകളോടെ പഞ്ചായത്തിന്‌ കൈമാറിക്കിട്ടിയത്‌. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഈ പൈതൃക സ്വത്തുക്കള്‍ സംരക്ഷിക്കുന്നതില്‍ കുറ്റകരമായ അലംഭാവമാണ്‌ പഞ്ചായത്ത്‌ അധികാരികളില്‍ നിന്ന്‌ ഇന്നുവരെ ഉണ്ടായിട്ടുള്ളത്‌ എന്നു ബോധ്യമാകുന്ന കാഴ്‌ചകള്‍....

മാളയിലെ കറുത്തജൂതര്‍

പ്രശസ്‌ത ബ്രിട്ടീഷ്‌-ഇന്ത്യന്‍ പത്രപ്രവര്‍ത്തകയായ എഡ്‌ന ഫെര്‍ണാണ്ടസിന്റെ `കേരളത്തിലെ അവസാനത്തെ യഹൂദര്‍' എന്നത്‌ ശ്രദ്ധേയമായ പുസ്‌തകമാണ്‌. കൊച്ചിരജാക്കന്മാരുടെ കാലത്ത്‌ വന്ന യഹൂദരെ പൂര്‍ണ്ണ ഹൃദയത്തോടെ സ്വീകരിക്കുകയും എല്ലാ അവകാശങ്ങള്‍ നല്‍കുകയും ചെയ്‌തു. അവര്‍ സമൂഹത്തില്‍ ഉന്നത സ്ഥാനം ലഭിക്കുകയും ചെയ്‌തു. പക്ഷെ, അവര്‍ക്കിടയില്‍ ഉയര്‍ന്ന അസ്വാരസ്യങ്ങള്‍ വൈരുദ്ധ്യമായി. മാളയിലെ ജൂതന്‍മാര്‍ `കറുത്ത' ജൂതന്‍മാരായി പരിഗണിക്കപ്പെട്ടു. കറുത്ത ജൂതന്മാരെ മട്ടാഞ്ചേരിയിലെ വെളുത്ത ജൂതന്മാര്‍ ജൂതരായി അംഗീകരിച്ചില്ലെന്നും ചരിത്ര സത്യം...!.

ഉത്‌പത്തി പുസ്‌തകം

പോരാട്ടങ്ങളുടേയും പലായനങ്ങളുടേയും കഥകളാണ്‌ ജൂതചരിത്രം. ഇസ്ലാം മതവും ക്രിസ്‌തുമതവും ജൂത മതവും ഇബ്രാഹീമിനെ പ്രവാചകനായി അംഗീകരിക്കുന്നു. ഇസ്‌മായേല്‍ നബിയുടെ പരമ്പരയിലാണു മുഹമ്മദ്‌ നബി (സ).ഇഷാഖ്‌ നബിയുടെ പുത്രനായ യാക്കൂബ്‌ നബിയുടെ പരമ്പരയായി നസ്രാണികളും,ജൂതന്മാരും ഉണ്ടായെന്നാണ്‌ വിശുദ്ധഗ്രന്ഥങ്ങളില്‍ വായിക്കുക. മാലാഖയുമായി മല്‍പിടുത്തത്തില്‍ ഏര്‍പ്പെട്ടു വിജയിച്ച യാക്കൂബിനെ `ദൈവത്തെ ജയിച്ചവന്‍` എന്ന്‌ അര്‍ത്ഥം വരുന്ന ഇസ്രായേല്‍ എന്ന്‌ വിളിച്ചുവെന്നു ബൈബിളില്‍ കാണാം. ഖുറാനില്‍ ബനൂ ഇസ്രായേല്‍ എന്ന്‌ ജൂതരെ അഭിസംബോധന ചെയ്യുന്നു. ബൈബിള്‍,ഖുറാന്‍,തോറ എന്നിവയില്‍ ഇസ്രായേലികളെ കുറിച്ച്‌ ധാരാളം വായിക്കാം. തോറ എന്ന ഗ്രന്‌ഥമാണ്‌ ജൂതന്മാരുടേത്‌. 'വഴികാട്ടുക' എന്നര്‍ത്ഥം. ശാബത്ത്‌ എന്നറിയപ്പെടുന്ന ശനിയാഴ്‌ച ദിവസമാണ്‌ പ്രധാന ആരാധനാ ദിവസം. മറ്റു മതങ്ങളില്‍ നിന്നും ജൂത മതം സ്വീകരിക്കാന്‍ പറ്റുകയില്ലെന്നത്‌ മറ്റൊരു സവിശേഷത.
ഫറവോ ചക്രവര്‍ത്തിയുടെ പീഢനങ്ങള്‍ മുതല്‍ ഹിറ്റ്‌ലറുടെ കൂട്ടക്കൊലയ്‌ക്കു വരെ ഇരയായ ഒരു ജനത, ഇവിടെ ശാന്തിയനുഭവിച്ചു കഴിഞ്ഞിരുന്നു. ഈ മണ്ണിനെ നെഞ്ചേറ്റിയിരുന്നു. അറുപത്തിയേഴ്‌ വര്‍ഷങ്ങള്‍ക്കു മുമ്പ്‌, അവര്‍ ഇസ്രയേല്‍ എന്ന തങ്ങളുടെ വാഗ്‌ദത്ത ഭൂമിയിലേയ്‌ക്കു മടങ്ങി- ഈ മണ്ണിനോടും മനുഷ്യരോടുമുള്ള സ്‌നേഹമത്രയും ഹൃദയത്തില്‍ ചുമന്നുകൊണ്ടുതന്നെ..!. തങ്ങളുടെ സര്‍വ്വസ്വവും ഇൗ നാടിനെ തിരിച്ചേല്‍പ്പിച്ച്‌..!.

-ബാലുമേനോന്‍ എം.
ചിത്രം -സുധീപ്  ഈയെസ് .

No comments:

Post a Comment