Friday, May 22, 2015

പ്രിയതരമല്ലാത്ത സത്യങ്ങള്‍ പറഞ്ഞ് പ്രിയന്‍




ന്നാലോചിച്ചാല്‍, ഇയാള്‍ പറയുന്നതത്രയും പ്രിയതരമല്ലാത്ത സത്യങ്ങളാണ്. സിനിമ എന്ന മാധ്യമത്തിലൂടേയും നാടകങ്ങളിലൂടേയും, വെറും സംസാരത്തിലൂടേയുമൊക്കെ തന്നെ.
പൊള്ളുന്ന മനുഷ്യാവസ്ഥകള്‍, സാമൂഹിക ചുറ്റുപാടുകള്‍, നീതിയുടെ നീതികേടുകള്‍...
പൊള്ളുന്ന വെയിലില്‍, അല്‍പ്പം തണല്‍പരത്തുന്ന തൊട്ടടുത്തവളപ്പിലെ പ്ലാവിന്റെ ശീതളിമയില്‍, പ്രിയനന്ദന്‍ മനസ്സു തുറന്നു...
ആദ്യമേ പറഞ്ഞു- പതിവു കഥാകഥനമല്ല. വിശക്കുമ്പോള്‍ മുണ്ടുമുറുക്കിയുടുത്തത്..സിനിമയെ സ്വപ്‌നം കണ്ടത്..പിന്നെ അവിടെയെത്തുമ്പോള്‍ കണ്ട കാഴ്ചകള്‍..
അതെല്ലാം വിട്ട്, പ്രിയന്‍ തുടര്‍ന്നു: 'അത്തരം കാര്യങ്ങള്‍ വിസ്തരിക്കല്‍ എനിക്കില്ല. അതൊട്ട് ഇഷ്ടവുമില്ല. ഈ ദുരിതങ്ങളൊക്കെയും ഞാനായി തെരഞ്ഞെടുത്തതാണ്. വേണമെങ്കില്‍, പഴയ സ്വര്‍ണപ്പണി തുടര്‍ന്ന് ഇന്ന് ഒരു ജ്വല്ലറിയിട്ട് സുഖമായിരിക്കാം...പക്ഷെ, ഞാനതു ചെയ്തില്ല. അത് എന്റെ മാത്രം തീരുമാനമായിരുന്നു...'.
അതെ,  മുഖവുരയില്‍ തന്നെ കാര്യം പറഞ്ഞു തീര്‍ത്തു പ്രിയന്‍.

 വല്ലച്ചിറയുടെ നാടക സംസ്‌കാരം

തൃശൂര്‍ ജില്ലയിലെ വല്ലച്ചിറഗ്രാമം പ്രത്യേക സംസ്‌കാരിക ലോകമാണ്. സ്വര്‍ണാഭരണ നിര്‍മ്മാണം തഴച്ചുവളര്‍ന്ന ഗ്രാമം എന്നതിനേക്കാള്‍ സ്വര്‍ണത്തേക്കാള്‍ മൂല്യവത്തായ ഒരു കലാസംസ്‌കാരം മുറ്റിവളര്‍ന്നൊരിടം. 
വല്ലച്ചിറ ശരിക്കും ഒരു നാടകഗ്രാമമാണ്. ഓര്‍മവെച്ച കാലം മുതല്‍ നാടകങ്ങളുടെ ലോകത്തായിരുന്നു പ്രിയന്‍...
'എന്റെ അച്ഛന്‍ നാടക രംഗത്ത് സജീവമായിരുന്നു. സ്‌കൂള്‍ പഠന കാലത്ത് നാടകങ്ങളില്‍ പ്രോംപ്റ്റ് ചെയ്യാന്‍ അച്ഛന്‍ അയക്കുമായിരുന്നു. കലാസമിതിയിലേയ്ക്ക് പലപ്പോഴും അച്ഛന്‍ നിര്‍ബന്ധിച്ചയയ്ക്കുക കൂടി ചെയ്തിട്ടുണ്ട്. അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുമായിരുന്നു അച്ഛന്‍...'
ഈ പ്രോംപ്റ്റിങ് പിന്നീട് സിനിമാരംഗത്ത് വന്നപ്പോള്‍ തനിക്കു ഏറ്റവും സഹായകമായി എന്ന് പ്രിയനന്ദന്‍. നന്നെ ചെറുപ്പത്തിലേ അച്ഛനെ നഷ്ടപ്പെട്ട ഓര്‍മ്മയില്‍, പ്രിയന്‍ ഒരു നിമിഷം മൗനിയായി.
പന്ത്രണ്ടാമത്തെ വയസ്സില്‍ പഠിപ്പു നിര്‍ത്തി. ഏഴാം ക്ലാസില്‍. രോഗിയായ അച്ഛന്റെയും അമ്മയുടെയും രണ്ടു സഹോദരിമാരുടെയും ആശ്രയവും അത്താണിയും പ്രിയന്‍ മാത്രമായിക്കഴിഞ്ഞിരുന്നു അപ്പോഴേയ്ക്കും. 
'പഠനം മുടങ്ങിയതില്‍ നല്ല വേദനയുണ്ടായിരുന്നു. പക്ഷേ, മറ്റു നിവൃത്തിയുണ്ടായിരുന്നില്ല'.
കഷ്ടപ്പാടുകളുടെ കാലമായിരുന്നു അത്. ഒരുപാട് കഷ്ടതയനുഭവിച്ചു.
'ഇപ്പോഴും എന്റെ സ്ഥിതിയില്‍ മാറ്റമൊന്നുമില്ല. സൊസൈറ്റിയില്‍ ഇപ്പോഴും എനിക്കു കടമുണ്ട്..' പ്രിയന്‍ ചിരിച്ചു; നിര്‍മ്മമനായി.


 
2006ലെ മികച്ച സിനിമയുടെ സംവിധായകനുള്ള ദേശീയ പുരസ്‌കാരം തേടിയെത്തുമെന്ന് ഒരുപക്ഷെ, പ്രിയനന്ദന്‍ പോലും കരുതിയിരുന്നില്ലെന്നതാണ് വാസ്തവം..
അത് സാമ്പത്തികമായി ഒരു വിജയംപോലുമായിരുന്നില്ല. അവാര്‍ഡ് വന്നതോടെ കാര്യങ്ങള്‍ മാറി. ആളുകള്‍ സിനിമ കണ്ടു..
'എനിക്കു സങ്കടം വന്നിട്ടുണ്ട്. തിയറ്ററില്‍ പോയി ഒരാളും സിനിമ കാണില്ല. ഫെസ്റ്റിവലിന് പൂഴിയിട്ടാല്‍ നിലത്തുവീഴാത്ത വിധം തിങ്ങിക്കൂടുകയും...!'.
ആദ്യ ചിത്രത്തിനുതന്നെ ദേശീയ പുരസ്‌കാരം കിട്ടിയപ്പോള്‍, മുമ്പു പരിഹസിച്ചു നടന്നവര്‍ പോലും അഭിനന്ദനങ്ങളുമായി പൊതിഞ്ഞു.
ഒരച്ചില്‍ വാര്‍ത്തതുപോലെ നിര്‍മ്മിക്കപ്പെട്ടിരുന്ന മലയാള സിനിമാലോകത്ത് വ്യത്യസ്ത ശബ്ദമായിരുന്നു അന്നുകേട്ടത്. കല ജീവത്തായ പോരാട്ടങ്ങളുടെ അവതരണം കൂടി ആണെന്നുള്ള പുരോഗമന മൂല്യങ്ങളുടെ നിശബ്ദ പ്രഖ്യാപനമായി, പ്രിയന്‍ നെയ്ത്തുകാരനെ മാറ്റി. ഒരു പുതുമുഖ സംവിധായകനെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനാര്‍ഹമായ കാര്യം തന്നെയായിരുന്നു. 
 
പ്രമേയഗാംഭീര്യമുള്ള സിനിമകളൊരുക്കിയ പ്രിയനന്ദനന്റെ വീഴ്ചയായിരുന്നോ സൂഫി പറഞ്ഞ കഥ..?
ഇതിനു മറുപടി പറഞ്ഞത്, പ്രിയനന്ദന്‍ എന്ന നാടകക്കാരനാണ്.
സിനിമ എന്നെ സംബന്ധിച്ച് ഒരിക്കലും ആകര്‍ഷകമായിരുന്നില്ല, ഒരിക്കലും. വിനോദം എന്നതില്‍ കവിഞ്ഞ്...
സിനിമ മുതലാളിത്തത്തിന്റെ കലയാണ്. അവിടെ നടന്‍ പ്രധാനമാണ്. ബ്രാന്‍ഡഡ് വ്യവസ്ഥിതിയുടെ ഭാഗമാണത്. കച്ചവടസാധ്യതയാണ് അതിനു പിന്നില്‍..
നെയ്ത്തുകാരന്‍ എടുക്കാന്‍ വന്ന ചിലവ് പതിനെട്ടുലക്ഷം മാത്രമാണ് ഈ ചിത്രം കാണാന്‍ ആളുകളെ തിയറ്ററുകളിലെത്തിക്കാന്‍ തന്നെ പാടായിരുന്നു.
ഇ.എം.എസ് എന്ന യുഗപ്രഭാവന്റെ മരണത്തോടനുബന്ധിച്ചുള്ള ഹര്‍ത്താല്‍ തലേന്ന് ഇറച്ചിക്കടയ്ക്കു മുന്‍പിലേയും മദ്യശാലയ്ക്ക് മുന്‍പിലേയുമൊക്കെയുള്ള തിരക്ക് കാണിച്ച് മലയാളിയുടെ സാംസ്‌കാരികാധപ്പതനത്തിന്റെ നേര്‍മുഖം പ്രിയന്‍ വരച്ചിട്ടു. മലയാള സിനിമയില്‍ ഇത്തരം  നേര്‍കാഴ്ചകള്‍  അന്യംനിന്നു പോയകാലമായിരുന്നു അത് എന്നുകൂടി ഓര്‍ക്കണം.
'മുരളിയേട്ടനെ പോലുളളവരുടെ നിസ്സീമമായ സഹകരണംമൂലമാണ് സിനിമ പൂര്‍ത്തികരിക്കാന്‍ പോലും കഴിഞ്ഞത്...'
ചുരുങ്ങിയ സാമ്പത്തിക പരിധിക്കുള്ളില്‍ നിന്നുകൊണ്ട് തുടങ്ങിയ നെയ്ത്തുകാരനിലും പുലിജന്മത്തിലും മുരളിയേട്ടന്‍ സഹകരിച്ചത് പ്രതിഫലംപോലും നോക്കാതെയായിരുന്നു.
'കമേഴ്‌സ്യല്‍ സിനിമകള്‍ യുക്തിരഹിതമാണ്. ആളുകളെ വിഢികളാക്കലാണ്'-പ്രിയനന്ദന്‍ തുറന്നടിച്ചു.
എന്നാല്‍ കെ.പി.രാമനുണ്ണിയുടെ നോവല്‍ 'സൂഫി പറഞ്ഞകഥ' അതേ പേരില്‍ സിനിമയാക്കിയപ്പോള്‍ മാധ്യമങ്ങള്‍, പ്രിയനന്ദന്റെ ജനപ്രിയ ചിത്രം എന്നായിരുന്നു അതിന്റെ ടൈറ്റില്‍ കൊടുത്തതു തന്നെ. ജനപ്രിയതയ്ക്കുവേണ്ടിയുള്ള ശ്രമം അതിലുണ്ടായതാവണം സിനിമയ്ക്കു പ്രിയന്‍ 'ടച്ച്' നഷ്ടമാക്കിയത്. 
സിനിമയെ ഒരു മീഡിയം ആയി അധികമാരും കാണുന്നില്ലെന്ന നിശ്വാസത്തോടെ പ്രിയന്‍ വീണ്ടും കുട്ടിക്കാലത്തേയ്ക്കു വന്നു.
'വിജയിച്ചവരെ മാത്രമേ ലോകം അറിയുന്നുള്ളൂ..കബളിപ്പിക്കുന്ന സിനിമയെടുക്കാന്‍ എനിക്ക് താത്പര്യമില്ല.'
 
നടനായിരുന്നു ആദ്യം. അഭിനയമായിരുന്നു ഹരം. വല്ലച്ചിറയിലെ ആ ഓണക്കാലം... നാട്ടിലെ ഓണാഘോഷവുമായി ബന്ധപ്പെട്ടാണ് പ്രിയന്റെ നാടകാനുഭവങ്ങള്‍ ഏറേയും. വര്‍ഷംതോറും പഞ്ചായത്ത് മുടങ്ങാതെ ഓണത്തിന് മത്സരങ്ങള്‍ സംഘടിപ്പിക്കും. ഇവിടത്തെ നാടക വേദികളില്‍ നടനായും സംവിധായകനായുമൊക്കെ നാടകക്കാരനും വളര്‍ന്നു; ഒപ്പം സൗഹൃദങ്ങളും. ഗൗരവമുളള നാടകപ്രവര്‍ത്തനങ്ങളായിരുന്നു എല്ലാം. 
'ഒരുപാടൊരുപാട് സൗഹൃദങ്ങള്‍ നാടകം എനിക്കു തന്നു. ഈ സൗഹൃദങ്ങള്‍തന്നെയാണ് സിനിമയില്‍ എത്തിച്ചതും...'
വല്ലച്ചിറയിലെ നാടകകാലം പരിശീലനക്കളരികൂടിയായിരുന്നു. അഭിനയത്തിന് നിരവധി സമ്മാനങ്ങള്‍ കിട്ടി. അന്നു നടത്തിയ കലാപ്രവര്‍ത്തനങ്ങള്‍, പിന്നീട് സിനിമാ ജീവിതത്തില്‍ മുതല്‍ക്കൂട്ടായെന്ന് പ്രിയന്‍.
ഇരുപതാം വയസ്സില്‍, ജോസ് ചിറമ്മലിന്റെ നാടകട്രൂപ്പിലെത്തി. അവിടെ എത്രകാലം...?!. അരങ്ങത്തും അണിയറയിലുമായി..!. അതൊരു ചിട്ടപ്പെടലിന്റെ കാലം കൂടിയായിരുന്നു.
'അന്നു മനസ്സിലായി, ഒരു അമേച്വര്‍ നടന് ഇവിടെ സ്‌പേസ് ഇല്ലെന്ന്...ജീവിതം മുന്നോട്ടുപോകില്ലെന്ന്...'.
എല്ലാ മനുഷ്യരിലും നടനുണ്ട് എന്ന തിരിച്ചറിവില്‍, പ്രിയന്‍ സംവിധാനരംഗത്ത് ശ്രദ്ധകൊടുക്കുകയായിരുന്നു പിന്നീട്. 
'നടനുള്ളതിനേക്കാള്‍ കൂടുതല്‍ സ്വാതന്ത്ര്യം സംവിധായകനുണ്ട്...'. 
നഷ്ടപ്പെട്ട വിദ്യാഭ്യാസത്തിന്റെ കുറവ്, ജീവിതാനുഭവങ്ങളും പരന്നവായനയും നികത്തി എന്നതാണ് പ്രിയന്റെ ജീവിതകഥ. 
'ഇതൊക്കെയുള്ള ഒരാള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ആവശ്യമൊന്നുമില്ലെന്ന്' പറയാനുള്ള ചങ്കൂറ്റം പ്രിയനു നല്‍കിയത്, അനുഭവപാഠങ്ങള്‍ തന്നെ.
ഇന്ന് ജോലികിട്ടാന്‍ മാത്രമായുള്ള വിദ്യാഭ്യാസം മനുഷ്യാനുഭവങ്ങള്‍ക്കും ജീവിതാനുഭവങ്ങള്‍ക്കും കുറവു വരുത്തിയിട്ടുണ്ട്.. 
 
കെ.ജി.ജോര്‍ജിന്റെ സിനിമകളാണ് എന്നെ ഇന്‍സ്‌പെയര്‍ ചെയ്തത്. അതില്‍ ജീവിതമുണ്ടായിരുന്നു. മണിലാലിനൊപ്പമായിരുന്നു തുടക്കം. പിന്നീട് കെ.ആര്‍. മോഹനന്റെയും പി.ടി. കുഞ്ഞുമുഹമ്മദിന്റെയും കൂടെ ജോലിചെയ്ത അനുഭവത്തില്‍ നിന്ന് ഒരു സിനിമ ചെയ്യാമെന്ന് തോന്നി. 
'പുതിയൊരു മേഖല...ആശങ്കകളേറെയുണ്ടായിരുന്നു...
'എന്ത് വിഷമമുണ്ടായാലും നമുക്ക് നേരിടാം' എന്ന ഭാര്യയുടെ വാക്കുകള്‍ ശരിക്കും വലിയൊരു  പിന്തുണയായിരുന്നു....
പ്രിയന്‍ വീണ്ടും മൗനത്തില്‍ അഭയം തേടുന്നു. മുഖത്ത് അനുഭവങ്ങളുടെ പിരിമുറുക്കം വായിച്ചറിയാം..
 
കണ്ണൂരില്‍ നിന്നായിരുന്നു 'നെയ്ത്തുകാരന്റെ' തുടക്കം. അവിടെ ഒരു നാടകം അവതരിപ്പിക്കേ, ശശിധരന്‍മാഷിന്റെ 'നെയ്ത്തുകാരന്‍' നാടകത്തിന്റെ സ്‌ക്രിപ്റ്റ് കണ്ടു. 
അപ്പോള്‍, ഇ.എം.എസ്. മരിച്ച സമയമായിരുന്നു. 
'നെയ്ത്തുകാരന്റെ കഥ സിനിമയ്ക്കാണു ചേരുകയെന്ന് പറഞ്ഞപ്പോള്‍ ശശിമാഷ് താത്പര്യമെടുത്തില്ല. പിന്നെ നമ്മുടെ മുല്ലന്‍മാഷാണ് (മുല്ലനേഴി) അതിനു ധൈര്യം തന്നത്.'
'എന്റെ ആദ്യരണ്ടു സിനിമകളിലെയും നായകന്‍ മുരളിയേട്ടനായിരുന്നു.'
കഥാപാത്രമായി മാറുന്ന മുരളിയുടെ പകര്‍ന്നാട്ടം കണ്ട് അന്ധാളിച്ചു നിന്ന സംഭവങ്ങള്‍ ഇന്നും മനസ്സില്‍ നിന്നുമാഞ്ഞിട്ടില്ലെന്ന് പ്രിയനന്ദന്‍ പറയുന്നു. 
പുലിജന്മത്തില്‍ അവസാനഭാഗത്ത് അഭിനയച്ചു തകര്‍ത്തശേഷം, മുരളി അതേ വേഷത്തോടെ മുറിയില്‍ വീണുറങ്ങുന്നത് കണ്ട് തരിച്ചു നിന്നു...നെയ്ത്തുകാരനില്‍ അപ്പമേസ്ത്രിയായുള്ള അദ്ദേഹത്തിന്റെ പ്രകടനം കണ്ട് നിമിഷങ്ങളോളം ശ്വാസംവിടാന്‍ മറന്നുപോയിട്ടുണ്ട്..!!.
'പുലിജന്മ'ത്തിലെ കാരിഗുരുക്കള്‍, പ്രകാശന്‍...
പ്രേക്ഷകമനസ്സില്‍ ഭയങ്കരഅസ്വാസ്ഥ്യം സൃഷ്ടിക്കുന്നതാണ് മുരളിയേട്ടന്റെ കാരിഗുരുക്കളായുള്ള പകര്‍ന്നാട്ടം.
പക്ഷെ, ഒന്നു പറയാം: 'അഭിനയത്തില്‍ നെയ്ത്തുകാരനേക്കാള്‍ മുന്നിട്ടുനിന്നത് പുലിജന്മംതന്നെയായിരുന്നു. അദ്ദേഹത്തിന് ഒരു ദേശീയ പുരസ്‌കാരംകൂടി ഞാന്‍ പ്രതീക്ഷിച്ചതായിരുന്നു....'.
നമ്മള്‍ ആഗ്രഹിക്കുന്നതില്‍ കൂടുതല്‍ തരുന്ന നടനാണ് മുരളിയേട്ടന്‍. പിന്നെ ആ സഹകരിക്കുന്ന മനസ്സും.
നടന്റെ ഉള്ളിലെ അഭിനേതാവിനെ  കണ്ടെത്തണം. അവരെ എങ്ങനെ ഉപയോഗിക്കുന്നു എന്നതുപോലെയിരിക്കും...
ഇത്രയും പറഞ്ഞ് പ്രിയനന്ദന്‍ നേരേ വന്നത്  ജഗതിയിലേയ്ക്ക്..
സൂഫി പറഞ്ഞ കഥയുടെ ഡബ്ബിംഗ് സമയമാണ്. അമ്പിളിച്ചേട്ടന്‍ അരികിലേയ്ക്ക് വിളിച്ചിട്ടു ചോദ്യം തുടങ്ങി-' ആ സീനില്‍ ഇത്ര ഷോട്ടെടുത്തിരുന്നല്ലോ..? അതെവിടെ..?.' 
ഞാനമ്പരന്നുപോയി...!. ഓരോഷോട്ടും ഓര്‍ത്തുവയ്ക്കുന്ന അപാരമായ ഓര്‍മ്മശക്തി..!!.
പിന്നെ, പ്രിയന്‍ ഇന്ദ്രന്‍സിലേയ്ക്ക്..
'എന്റെ രണ്ടു സിനിമകളില്‍ സഹകരിച്ചിട്ടുണ്ട് ഇന്ദ്രന്‍സ്. ഗംഭീരമായ വായനാശീലമുളളയാള്‍...എന്നെ ഞെട്ടിച്ചത് അദ്ദേഹത്തിന്റെ തീക്ഷണമായ നിരീക്ഷണബുദ്ധിയാണ്....'
 
ഉള്ളിലുള്ളത് കൊടുത്തുവാങ്ങലാണ്, ഒരു നടനും സംവിധായകനും തമ്മിലുള്ളത്. അതിന് ഇരുവരും തമ്മില്‍ നല്ല ആശയവിനിമയം ആവശ്യമാണ്...
പുതിയ തലമുറയില്‍ ധാരാളം പ്രതിഭകള്‍ വരുന്നുണ്ട്. അവരൊക്കെയും കഴിവുള്ളവര്‍ തന്നെ. പിന്നൊന്ന്, ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികളാണ് മടികൂടാതെ ഈ മേഖലയില്‍ കടന്നുവരുന്നത് എന്നതാണ്. ആണ്‍കുട്ടികള്‍ക്ക് കോംപ്ലക്‌സ് കൂടും. പെണ്‍കുട്ടികള്‍ക്ക് അത് കുറവാണെന്ന് പ്രിയന്‍ നിരീക്ഷിക്കുന്നു.
'ഒരു നടന്‍ ചുറ്റുപാടുകളെ അറിഞ്ഞിരിക്കണം. നടനാവാന്‍ നടക്കണം. ജീവിതമറിയണം...!'
പ്രിയന്‍ ഒന്നു നിര്‍ത്തി. പുതിയ സിനിമയെ കുറിച്ച് എതോ ഒരന്വേഷണം, മൊബൈലില്‍..
 
കലാമൂല്യമുള്ള സിനിമകള്‍ വേണ്ടത്ര സര്‍ക്കാര്‍ തലത്തില്‍ അംഗീകരിക്കപ്പെടുന്നില്ല എന്ന മുഖവുരയോടെ വീണ്ടും തുടങ്ങുമ്പോള്‍, രണ്ടാം ജോണ്‍എബ്രഹാം പുരസ്‌കാരം നേടിക്കൊടുത്ത 'ഞാന്‍ നിന്നോടു കൂടെയുണ്ട്' എന്ന സിനിമയെപ്പറ്റി ചോദിച്ചു: 
വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങളെയും സംഘര്‍ഷങ്ങളെയും സ്വപ്നത്തിന്റെയും യാഥാര്‍ഥ്യത്തിന്റെയും സമന്വയത്തിലൂടെ ചലച്ചിത്രഭാഷയുടെ നവീന സാധ്യതകളുപയോഗിച്ച് ദൃശ്യവല്‍ക്കരിച്ചിരിക്കുന്ന ഈ സിനിമ തുല്യതയിലധിഷ്ഠിതമായ മാനവികതയുടെ നവസങ്കല്‍പങ്ങളെ അവതരിപ്പിച്ചിരിക്കുന്നു- എന്നാണ് ജൂറി ഈ സിനിമയെ വിലയിരുത്തിയത്.
മോഷണത്തിന് പുതിയ മാനങ്ങള്‍ കാണുന്ന ദമനനിലൂടെയും പ്രണയദാഹവുമായി അലയുന്ന മദനനിലൂടെയും വികസിക്കുന്ന കഥാതന്തു.
ബാദല്‍ സര്‍ക്കാരിന്റെ ഹട്ടാമലദേശത്തിനപ്പുറം എന്ന നാടകത്തെ ആസ്പദമാക്കിയ ഈ ചിത്രത്തില്‍ സാമൂഹ്യപ്രവര്‍ത്തക ദയാബായിയും അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
'ചെറിയചെറിയ മോഷണങ്ങള്‍ പര്‍വ്വതീകരിക്കുകയും വലിയമോഷണങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകുകയും ചെയ്യുന്ന അവസ്ഥാ വിശേഷമാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്.' ദമനന്‍, മദനന്‍ എന്ന രണ്ടു കള്ളന്മാരിലൂടെ ശക്തമായ സാമൂഹ്യവിമര്‍ശനമാണ് ചിത്രം ഉയര്‍ത്തുന്നത്. കറകളഞ്ഞ ഹാസ്യത്തിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തുകൊണ്ടു നീങ്ങുന്ന ചിത്രം, രസിക്കാത്ത കുറെ സത്യങ്ങള്‍ സമൂഹമുഖത്തേയ്ക്കു വലിച്ചെറിയുന്നു. 
മധ്യപ്രദേശിലെ ഉള്‍പ്രദേശമായ ചിന്ദുവാടയിലാണ് ചിത്രീകരണം പ്രധാനമായും നടന്നത്. വളരെ പിന്നോക്കാവസ്ഥയിലുള്ള ഈ പ്രദേശത്തുണ്ടായ ചില ഷൂട്ടിംഗ് അനുഭവങ്ങള്‍, മനസ്സിനെ പോറിച്ചെന്ന് പ്രിയന്‍. അവിടെ പൊലീസ് സ്‌റ്റേഷനില്‍ ഒരാവശ്യത്തിനു ചെന്നപ്പോള്‍, ചോദിച്ചത് പൗരത്വകാര്‍ഡൊന്നുമല്ല; ജാതിയായിരുന്നു..!!. 
ജാതി തിരിച്ചുവരികയാണ്...പഴയതിലും ശക്തിയായി..
പ്രിയന്റെ ശബ്ദം താഴ്ന്നു.അതൊരു പിറുപിറുപ്പായി മനസ്സില്‍ തറഞ്ഞുകയറി.
 
നെയ്ത്തുകാരനിലൂടെ കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയുടെ ഇഷ്ടതോഴനായി, അന്നും ഇന്നും കമ്മ്യൂണിസ്റ്റുകാരനായ പ്രിയനന്ദന്‍. പിന്നീട് പുലിജന്മം പുറത്തുവന്നപ്പോള്‍, കമ്മ്യൂണിസ്റ്റ് വിരുദ്ധനെന്നും പേരു കേട്ടു..!.
അതിലെവിടേയായിരുന്നു കമ്മ്യൂണിസ്റ്റ് വിരുദ്ധത..? ചോദിക്കുമ്പോള്‍ ഈ കമ്മ്യൂണിസ്റ്റുകാരനില്‍ ദുഃഖം നിഴലിക്കുന്നതു കണ്ടു.
പ്രകൃതി ചൂഷണം മുതല്‍ കേരളത്തിലെ  കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര വ്യതിയാനങ്ങള്‍ വരെ ഈ ചിത്രം അതിസൂക്ഷ്മമായി വിശകലനം ചെയ്തു..
പരിഹാരം നിര്‍ദ്ദേശിക്കലല്ല, അന്വേഷിക്കാന്‍ പ്രേരിപ്പിക്കലാണ് ഇടതുപക്ഷ സിനിമയെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. പുലിജന്മം ഇടതുപക്ഷവിരുദ്ധമാണെന്ന് പറയുന്നവര്‍ വ്യാജഇടതുപക്ഷക്കാരാണെന്നുകൂടി  പറയാന്‍ പ്രിയന്‍ മറന്നില്ല. എന്നിട്ട് ഇത്രകൂടി കൂട്ടിച്ചേര്‍ത്തു-
'ഉപദേശിക്കാന്‍ ഞാനില്ല. എന്റെ സിനിമയില്‍ നിന്നു വായിച്ചെടുക്കുക'. 
 
ബാലുമേനോന്‍ എം.
ചിത്രം- സുദീപ് ഈയെസ് 

No comments:

Post a Comment