Monday, May 18, 2015

സിപി എന്റെ പ്രിയജ്യേഷ്‌ഠന്‍




ശരിയായ മതേതരത്വം പറയുന്നവര്‍ കമ്മ്യൂണിസ്‌റ്റുകാരും കോണ്‍ഗ്രസ്സുമാണ്‌. അവര്‍ ഒന്നിച്ചെങ്കില്‍ ഇന്ത്യ എവിടെയെത്തിയേനേ...?
ഇതായിരുന്നു ഏട്ടന്‍ എന്നോടു ചോദിച്ച അവസാന ചോദ്യം....
പറയുന്നത്‌ പാര്‍വ്വതി പവനന്‍. പ്രഗത്ഭ പത്രപ്രവര്‍ത്തകനായിരുന്ന സി.പി. രാമചന്ദ്രനെ കുറിച്ചു സഹോദരിയുടെ ഓര്‍മ്മകള്‍....
ആരായിരുന്നു സി.പി.?
സഹോദരിമാര്‍ക്ക്‌ ഇതിഹാസ തുല്ല്യനായ സഹോദരന്‍. പക്ഷെ..
ഇന്ത്യന്‍ പത്രപ്രവര്‍ത്തന രംഗത്ത്‌ സിംഹതുല്ല്യമായിരുന്ന ആ സാന്നിധ്യത്തെ ഓര്‍ക്കുന്നവര്‍ ഇന്നില്ല.
ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഡെപ്യൂട്ടി എഡിറ്ററായി വിരമിച്ച സിപി പാലക്കാട്ടെ പറളിയിലെ സഹോദരി സരോജത്തിന്റെ വീട്ടില്‍ ഒതുങ്ങിക്കൂടിയത്‌, പക്ഷെ ദൈവത്തിനു ഇഷ്ടമായിക്കാണില്ല....
അദ്ദേഹത്തെ അഭിമുഖം നടത്താന്‍ എത്തിയ മാധ്യമപ്രവര്‍ത്തകന്റെ തൂലികത്തുമ്പിലൂടെ സിപി എന്ന യഥാര്‍ത്ഥ പത്രപ്രവര്‍ത്തകനെ ലോകമറിഞ്ഞു..
ഇന്ത്യയുടെ ചരിത്രം നിര്‍മ്മിയ്‌ക്കപ്പെടുന്നതും തകര്‍ക്കപ്പെടുന്നതും വളരെ അടുത്തു നിന്നു നോക്കിക്കണ്ട സിപി...
വളര്‍ത്തിവലുതാക്കിയ കമ്മ്യൂണിസ്‌റ്റുപാര്‍ട്ടിയില്‍ നിന്നും ഒരു കൂസലുമില്ലാതെ പുറത്തുവന്ന സിപി..
എന്നിട്ടു ഇഎംഎസിന്റെ മുഖത്തു നോക്കിപ്പറഞ്ഞു: നിങ്ങളേക്കാളും നല്ല കമ്മ്യൂണിസ്‌റ്റാണു ഞാന്‍...!!.
ധിക്കാരിയായിരുന്നു...പക്ഷെ കാതലുണ്ടായിരുന്നു. അതായിരുന്നു സിപിയുടെ പ്രത്യേകത.
സിപി പാര്‍ട്ടിലൈനുമായി തെറ്റിയതിനെ തുടര്‍ന്ന്‌ എകെജി തന്നെ പറഞ്ഞു- ഇങ്ങിനെയാണെങ്കില്‍ അയാള്‍ ജീവനോടെ നാട്ടിലെത്തില്ല..!
സിപി തുറന്നടിച്ചു: സിപിയെ വിരട്ടരുത്‌. എനിക്ക്‌ നിങ്ങളെ അറിയാം..!
`ഏട്ടന്‌ പാര്‍ട്ടിയോടായിരുന്നില്ല, നേതൃത്വത്തോടായിരുന്നു എതിര്‍പ്പ്‌..'

തന്റെ ഒറ്റപ്പെട്ട ബാല്യത്തെപറ്റി സിപി പറഞ്ഞിട്ടുണ്ട്‌..
മദ്യപനായ അച്ഛനു ജോലി, ബര്‍മ്മയില്‍.. എന്നും വീട്ടില്‍ പേടിച്ചൊറ്റയ്‌ക്ക്‌..
അതായിരിക്കാം സിപിയെ നിഷേധിയും കരുത്തനുമാക്കിയത്‌.
`ഏട്ടന്‌ എന്നെ ഇഷ്ടമായിരുന്നില്ല. ഞാന്‍ ഏറ്റവും ഇളയവള്‍..അമ്മയുടെ വാത്സല്യഭാജനം... അതിന്റെ പേരില്‍ ബുദ്ധികേടുകള്‍ ഇഷ്ടം പോലെ..
ബുദ്ധിയില്ലാത്ത എന്നെ ഏട്ടന്‍ അകറ്റി നിര്‍ത്തി..ഞാനും- പാര്‍വ്വതി പവനന്‍.
പക്ഷെ, ഏട്ടന്റെ സ്‌നേഹം പിടിച്ചു പറ്റാന്‍ ഞാനൊരു ദിവസം ആത്മഹത്യയ്‌ക്കു ശ്രമിച്ചു..!
ഒരു മരത്തില്‍ കയറി ഒളിച്ചിരുന്ന എന്നെ കാണാതെ, അമ്മ നിലവിളിച്ചു. അന്വേഷിച്ചെത്തിയ ഏട്ടന്റെ മുതുകിലേയ്‌ക്കു ചാടി...
അടിയാണ്‌ പ്രതീക്ഷിച്ചത്‌. ഒന്നുമുണ്ടായില്ല...ഏട്ടന്‍ ചിറികോട്ടി ഒന്നു ചിരിച്ചു...
സമാധാനമായി....!
ഏട്ടന്‌ ഇഷ്ടമുണ്ട്‌..
മൂത്ത കുട്ടിയായ ഏട്ടന്‍, നഷ്ടപ്പെട്ട ഞങ്ങളുടെ അച്ഛനുംകൂടിയായിരുന്നു.


സിപി രാമചന്ദ്രനെക്കുറിച്ചു പറയുമ്പോള്‍ സഹോദരിയ്‌ക്കു രണ്ടുതരം നാവ്‌. ഒരു മനുഷ്യന്‍ എന്ന നിലയില്‍ തികഞ്ഞപരാജയം. ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയ്‌ക്ക്‌ അതുല്ല്യന്‍.
ഒരു കാര്‍ഡിടുമ്പോള്‍ വിലാസമായി സിപിആര്‍, ഡല്‍ഹി എന്നുമാത്രമെഴുതിയാല്‍ ഡല്‍ഹില്‍ അദ്ദേഹത്തിന്റെ കയ്യില്‍ കിട്ടുമായിരുന്നു...!!
ഡല്‍ഹിയില്‍ നിറഞ്ഞു നിന്ന സിപി രാമചന്ദ്രന്‍ എന്ന ഒറ്റപ്പാലത്തുകാരന്‍...!
ഡല്‍ഹി പ്രസ്സ്‌ ക്ലബിന്റെ സ്ഥാപക പ്രസിഡന്റ്‌... പത്രമുതലാളിയായ ബിര്‍ളക്കെതിരേ കേസുകൊടുത്ത്‌ തോല്‍പ്പിച്ച കഥ... ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രം തിരുത്തിയ നാളുകള്‍....!
സിപിയെക്കുറിച്ചു പറഞ്ഞാല്‍ തീരില്ല.
സി.പി, എ-61, നിസാമുദ്ദീന്‍ ഈസ്‌റ്റ്‌, ന്യൂഡല്‍ഹി..
ഇതായിരുന്നു ഏട്ടന്റെ വിലാസം- എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്‌..
ഏട്ടന്‍ എനിക്കു എന്നും പ്രഹേളികയായിരുന്നു. അസാധാരണ വ്യക്തിത്വമായിരുന്നു എന്ന്‌ അറിയാമായിരുന്നു. വായനയെ പ്രോത്സാഹിപ്പിച്ചത്‌ ഏട്ടനാണ്‌. ഏട്ടന്‍ വീട്ടിലുള്ള നാളുകളില്‍ പുലരുംവരെ സംസാരം നീളും..
അതുമിതുമല്ല. ഹിറ്റ്‌ലറും സ്‌റ്റാലിനും നെഹ്രുവും ഒക്കെ വരും. കൂടെ ഷേക്‌സ്‌പിയറും സാര്‍ത്രും....
പാര്‍വ്വതി പവനന്‍ ഓര്‍ക്കുകയാണ്‌, പവനന്റെ ഭാര്യയാകും മുമ്പുള്ള ആ കാലം.
പുലരും മുമ്പെ ഏട്ടന്‌ നടത്തമുണ്ട്‌. ഞങ്ങളുടെ തറവാട്ടിന്‌ അരികിലൂടെ ഒഴുകിയിരുന്ന നിളാതീരത്തേയ്‌ക്ക്‌.
അവരുടെ പിന്നാലെ ഞാനും പോകും..
ഞങ്ങള്‍ അഞ്ചുമക്കളായിരുന്നു.
അവിടെ വെള്ളമണലില്‍ ഏട്ടന്‍ മലര്‍ന്നു കിടക്കും. ചുറ്റും ഞങ്ങളിരിയ്‌ക്കും. മുകളില്‍ കമ്പളം പോലെയുളള ആകാശത്തില്‍ കാണുന്ന നക്ഷത്രക്കൂട്ടങ്ങളെ ചൂണ്ടി ഏട്ടന്‍ പറയും-
ഇതു കാര്‍ത്തിക..ഇതു അശ്വതി...!!
ഏട്ടനു എല്ലാമറിയാമായിരുന്നു.
ഓര്‍മ്മകളില്‍, പാര്‍വ്വതി പവനന്‍ സിപിയുടെ ബേബിയായി..
(വീട്ടില്‍ ബേബി എന്നാണ്‌ പാര്‍വ്വതി പവനനെ വിളിച്ചിരുന്നത്‌).

ഹിന്ദുസ്ഥാന്‍ ടൈംസില്‍ നിന്നു വിരമിച്ച ശേഷം, ഏട്ടന്‍ നേരേ പറളിയ്‌ക്കു വണ്ടികയറുകയായിരുന്നു- അമ്മയോടുള്ള വാക്കുപാലിയ്‌ക്കാന്‍.
അമ്മ കാത്തിരുന്നു, മകന്‍ എത്തുന്നതുവരേയും-.മരിയ്‌ക്കാന്‍..!. അമ്മയുടെ അവസാന കാലത്ത്‌ അടുത്തുണ്ടാവാമെന്ന്‌ വാക്ക്‌ കൊടുത്തിരുന്നു. അതായിരുന്നു സിപിയുടെ ആശ്വാസം.
അമ്മ കിടക്കുന്ന മുറിക്കു നേരേ മുമ്പിലായിരുന്നു സിപിയുടേയും മുറി.
പക്ഷെ, അമമ അസഹിഷ്‌ണുവായി കൂടെക്കൂടെ തിരക്കും രാമചന്ദ്രനെ(ചിന്നമണി എന്നാണ്‌ സിപിയെ അമ്മ വിളിച്ചിരുന്നത്‌). കണ്‍വെട്ടത്തുനിന്നു മാറിയാല്‍ അമ്മയ്‌ക്കു ആധിയാണ്‌...
സഹോദരി സരോജവും ഭര്‍ത്താവ്‌ കെ.സി.കെ.രാജയും താമസിക്കുന്ന പറളിയിലെ വീട്‌.
സിപിയുടെ പാര്‍ട്ടി സഖാവായിരുന്നു കെ.സികെ.
രാജ്യതലസ്ഥാനത്തു നിറഞ്ഞ പത്രപ്രവര്‍ത്തകന്‍, പാലക്കാട്ടെ കുഗ്രാമത്തില്‍ ഒതുങ്ങി. ഡല്‍ഹിവിട്ട ശേഷം ഒരു വരിപോലും എഴുതിയില്ല.
ഇത്രയും സക്രിയമായ ഒരു ഭൂതകാലമുണ്ടെന്ന ഭാവം പോലും ഇല്ലാതെ, പറളിയിലെ നാട്ടിന്‍പുറത്തുകാര്‍ക്കൊപ്പം സിപി.കഴിഞ്ഞു. കൂട്ടിനു മദ്യപാനവും.

`അച്ഛന്‍ മദ്യപനായിരുന്നു. അമ്മയുമായുള്ള ബന്ധവും വേര്‍പെട്ടു. ഞാന്‍ മനസ്സുകൊണ്ടു പോലും അച്ഛനെന്നു വിളിച്ചില്ല. ഇതെല്ലാം കണ്ടിട്ടും ഏട്ടന്‍ എങ്ങിനെ മദ്യാസക്തനായി എന്നു എനിക്കിപ്പോഴും നിശ്ചയമില്ല...' പാര്‍വ്വതി പവനന്റെ മുഖത്ത്‌ ഇപ്പോഴും അമ്പരപ്പ്‌ വായിക്കാം..

ഡല്‍ഹിയിലെ ജീവിതത്തെപ്പറ്റി സിപി തന്നെ പറഞ്ഞിട്ടുണ്ട്‌. പകല്‍ തീവ്രമായ എഴുത്ത്‌; രാത്രി മദ്യപാനം..
അഞ്ചുപെഗ്ഗെങ്കിലും കഴിക്കാത്ത ദിവസമില്ലായിരുന്നു അന്ന്‌...!!
അവിഭക്തകമ്മ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയുടെ മുഖപത്രമായ ക്രോസ്‌ റോഡ്‌സിലായിരുന്നു തുടക്കം. അതു പിന്നീട്‌ പേരുമാറ്റി ന്യൂ ഏജ്‌ എന്നായി. പാര്‍ട്ടി ലെവി കഴിഞ്ഞ്‌ 35 രൂപ ശമ്പളം...!
സിപിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ബീഡി വലിയ്‌ക്കാന്‍ തികയില്ല..!
ഇംഗ്ലീഷില്‍ ശൈലീവല്ലഭനായ സിപിയോടു ഒരിക്കല്‍ പാര്‍വ്വതി ചോദിച്ചു: `ഏട്ടന്‍ മലയാളത്തിലോ ഇംഗ്ലീഷിലോ ചിന്തിക്കാ..?'
ഇംഗ്ലീഷിലേ എനിക്കു ചിന്തകള്‍ വരൂ എന്നായിരുന്നു മറുപടി.
`ഇത്തരം മണ്ടന്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതുകൊണ്ടാവും ഏട്ടന്‍ എന്നെ അകറ്റി നിര്‍ത്തിയത്‌...'
മുഖത്ത്‌ പുഞ്ചിരി വിരിഞ്ഞു.

പാര്‍ട്ടിപത്രം വിട്ട്‌ പിന്നെ സിപി ശങ്കേഴ്‌സ്‌ വീക്കിലിയില്‍ ചേര്‍ന്നു. എഴുത്തിന്റെശക്തി തേച്ചുമിനുക്കിയത്‌ അവിടെ വച്ചാണ്‌...
എടത്തട്ട നാരായണനായിരുന്നു റൈറ്റര്‍.
എടത്തട്ടയാണ്‌ എന്നെ എഴുതാന്‍ പഠിപ്പിച്ചത്‌ എന്ന്‌ സിപിയുടെ സാക്ഷ്യം..!
`കാണുമ്പോഴെല്ലാം ഏട്ടന്റെ കൈയില്‍ പുസ്‌തകങ്ങള്‍ കാണും. പലതും നിങ്ങള്‍ക്കു മനസ്സിലാവില്ലെന്നു പറഞ്ഞ്‌ മാറ്റിവയ്‌ക്കും...'
പിന്നീടാണ്‌ ഏട്ടന്റെ പാര്‍ട്ടിപ്രവര്‍ത്തനം അറിഞ്ഞത്‌. വീട്ടില്‍ പൊലീസെത്തി. ഏട്ടന്‍ ഒളിവിലായി. സഖാവ്‌ എകെജിയും വീട്ടില്‍ വന്നത്‌ ഓര്‍ക്കുന്നു പാര്‍വ്വതി..
എകെജിക്കൊപ്പം കമ്മ്യൂണിസ്‌റ്റ്‌ പാര്‍ട്ടികെട്ടിപൊക്കിയ ഏട്ടനെ ജയിലിലടച്ചു. സഹമുറിയന്‍, എംവി. രാഘവന്‍..!.
`ആ കാലത്ത്‌ അമ്മ തീ തിന്നുകയായിരുന്നു. ഞങ്ങളുടെ ചിറ്റേനിപ്പാട്ട്‌ പുത്തന്‍വീട്ടില്‍ തറവാടിനെ ബഹുമാനിച്ചിരുന്ന പൊലീസ്‌ ഇന്‍സ്‌പെക്ടറായിരുന്നതിനാല്‍, റെയ്‌ഡിനു വരുന്നതിന്റെ തലേന്നു തന്നെ വീട്ടില്‍ അറിയിക്കുമായിരുന്നു..'
`ഏട്ടനെ ജാമ്യത്തിലിറക്കാന്‍ അന്നത്തെ പ്രമുഖ വക്കീലിനെ കാണാന്‍ അമ്മ തനിച്ച്‌ കുടയുമായി പൊരിവെയിലില്‍ നടന്നുപോകുന്നതു കണ്ട്‌ ഞാന്‍ കരഞ്ഞിട്ടുണ്ട്‌..'
പക്ഷെ, സിപിയ്‌ക്കു മറ്റൊരു ചിന്തയും ഉണ്ടായിരുന്നില്ല. ഇരുപത്തിനാലുമണിക്കൂറും ബുദ്ധിയുടെ തലത്തില്‍ മാത്രം ജീവിച്ച മനുഷ്യന്‍..!.

ഇവിടെ, നമുക്കൊരുനിമിഷം എം.പി.നാരായണ പിള്ളയിലേയ്‌ക്കു വരണം. സിപിയുടെ പെങ്ങളുടെ മകളെ വിവാഹം കഴിച്ചയാളാണ്‌ എംപി.
സിപിയെ കുറിച്ച്‌ നാരായണപിള്ള പറഞ്ഞിതിങ്ങനെ:
എല്ലാ വിഷയത്തിലും നൂറിനു നൂറും കണക്കിനു പൂജ്യവും വാങ്ങിയാല്‍ പാസാകുന്നതല്ല ജീവിതം...
സിപിയ്‌ക്കു പിഴച്ചതും അവിടെ.
താന്‍ അധ്യക്ഷനും ശേഷമുള്ളവര്‍ സഭാവാസികളും-അതായിരുന്നു വീട്ടിലായാലും ഓഫീസിലായാലും സിപി സ്‌റ്റൈല്‍..
ഇതു സഹിച്ചുപോകാന്‍ കൂടെയുള്ളവര്‍ക്ക്‌ ബുദ്ധിമുട്ടുതന്നെയായിരുന്നു.
`ഏട്ടന്‍ ഒരാളെക്കുറിച്ചും ബഹുമാനിച്ച്‌ സംസാരിക്കാറില്ല. പ്രത്യേകിച്ച്‌ സാധാരണക്കാരായവരോട്‌ കളിയാക്കിയേ സംസാരിക്കൂ..അവരുടെ വിഢിത്തത്തെ പുച്ഛിച്ച്‌...'
എന്നാല്‍ എഴുത്തില്‍, അറിവിന്റെ കാര്യത്തില്‍, സിപിയെ വെല്ലാന്‍ ആരുമില്ലായിരുന്നു..
നര്‍മ്മത്തിന്റെ മേമ്പൊടി ചേര്‍ത്ത്‌ രാഷ്‌ട്രീയസന്ധികളെ അദ്ദേഹം കുടഞ്ഞു. ശങ്കേഴ്‌സ്‌ വീക്കിലിയില്‍ 'വിദുര' `അഗസ്‌ത്യ' എന്നപേരുകളില്‍ സിപി കൈകാര്യം ചെയ്‌ത കോളങ്ങളില്‍ ഒരു വരി പരാമര്‍ശം കിട്ടാന്‍ എംപിമാര്‍ പാര്‍ലമെന്റില്‍ പ്രസംഗം പഠിച്ചു വന്നിരുന്നു എന്ന്‌ ചരിത്രം..!.

കുറെ ഗോട്ടി വാരി തറയില്‍ വിതറുക..എന്നിട്ട്‌ നിങ്ങളോടു പറയുന്നു, അതിന്‌ ഒരു കുത്തബ്‌മിനാറിന്റെ ഛായ തോന്നുന്നില്ലേ എന്ന്‌..!. നിങ്ങള്‍ നോക്കുന്നു. ശരിയാണല്ലോ എന്നു തോന്നിപ്പോകുന്നു..
സി.പി.രാമചന്ദ്രന്റെ എഴുത്തിനെ നാരായണപിള്ള വിശദീകരിക്കുന്നത്‌ ഇങ്ങിനെ. വായനക്കാരനെക്കൊണ്ടു എഴുതുന്നതത്രയും ശരിയെന്ന്‌ തോന്നിപ്പിക്കുന്ന ശൈലി..

അതേസമയം എംപി നാരായണപിള്ളയെ കുറിച്ച്‌ സിപിയ്‌ക്കുമുണ്ടായിരുന്നു അഭിപ്രായം: തിരുവിതാംകൂര്‍ നായന്‍മാരേ എനിക്കു താത്‌പര്യമില്ല...!.
സിപിയുടെ കാഴ്‌ചപ്പാട്‌ ഏറെ വ്യത്യസ്ഥമായിരുന്നു..
കേരളത്തിലെ സാമ്പാറുകുടിയന്‍മാര്‍ക്ക്‌ മീനും മാംസവും വയ്‌ക്കാന്‍ അറിയില്ല..!
അതൊക്കെ മുസ്ലീമുകള്‍ക്കും ക്രിസ്‌ത്യാനികള്‍ക്കു പറഞ്ഞിട്ടുള്ള സിദ്ധിയാണ്‌..!
`ഏട്ടന്‌ ഏറ്റവും പ്രിയം ഇഡ്ഡലിയും പുഴുങ്ങിയ മുട്ടയുമായിരുന്നു..' എന്ന്‌ പാര്‍വ്വതി പവനന്‍.
പവനന്‍ വിവാഹാലോചനയായെത്തുമ്പോള്‍ പോലും സിപിയ്‌ക്കു താത്‌പര്യമില്ലായിരുന്നു. പവനന്‌ ജോലിയില്ല. എന്റെ ഭാവിയെക്കുറിച്ചോര്‍ത്ത്‌ ഏട്ടന്‌ ഭയമുണ്ടായിരുന്നു...
പക്ഷെ, ഏട്ടന്‍ തന്നെയാണ്‌ കല്ല്യാണം നടത്തിത്തന്നത്‌. പില്‍ക്കാലത്തും, പവനനെ ഏട്ടന്‌ ഇഷ്ടമല്ലായിരുന്നു..
`അവസാനകാലത്ത്‌ ഏട്ടന്‍ പറഞ്ഞു- എനിക്ക്‌ ഒരു ജന്മം കൂടി വേണം. ഈ ജന്മത്തില്‍ ചെയ്‌ത പാപങ്ങള്‍ തീര്‍ക്കാന്‍...!!'.
ഏട്ടന്‍ എന്തു പാപം ചെയ്‌തു..?
`ഒരു അളിയന്‍ കമ്മ്യൂണിസ്‌റ്റായിരുന്നു. ഇപ്പോള്‍ ഭക്തശിരോമണി...(കെസികെ) മറ്റൊരാള്‍ ദൈവം എന്നു കേട്ടാല്‍ എവിടെ ഒലക്ക എന്നു ചോദിക്കും...(പവനന്‍). ഇത്തരം അളിയന്‍മാരെ കിട്ടാന്‍ യോഗം ഉണ്ടാവാത്ത ഒരു ജന്മം...' ഏട്ടന്‍ കുടവയര്‍ കുലുക്കി ചിരിച്ചു...!!

സ്വന്തം ഇഷ്ടപ്രകാരമായിരുന്നു വിവാഹം. പക്ഷെ, ബുദ്ധി തലത്തില്‍ മാത്രമായ ജീവിതം സിപിയുടെ കുടുംബ ജീവിതം തകര്‍ത്തു...
കല്ല്യാണം അമ്മയെ എഴുതി അറിയിച്ചതേയുള്ളൂ.. ആംഗ്ലോഇന്ത്യന്‍ യുവതിയായ ജലബാല വൈദ്യയായിരുന്നു സഖി.
പത്രത്തില്‍ ട്രെയിനിങ്ങിനു വന്നതാണ്‌..
അമ്മയുടെ സമ്മതത്തിനു കാക്കാതെ അവര്‍ ഒന്നിച്ചായി. രണ്ടു കുട്ടികള്‍.
പിന്നെ, വഴിപിരിഞ്ഞു. ജലബാല വേറെ വിവാഹം കഴിച്ചു..
അക്കാലം ഏട്ടന്റെ ജീവിതത്തിലെ ദുരന്തകാലമായിരുന്നു. പക്ഷെ, ഒരിക്കലും ആ ദുഃഖം ഞങ്ങളെ ആരേയും അറിയിച്ചില്ല...മക്കളെ അത്ര ഇഷ്ടമായിരുന്നൂ.

എന്തായിരിക്കാം കാരണം?
ഒരു അഭിമുഖകാരനോട്‌ ഏട്ടന്‍ പറയുന്നതു കേട്ടിട്ടുണ്ട്‌: she was trying to be english... എനിക്കത്‌ അസഹ്യമായി തോന്നി..
ജലബാല തിരിച്ചുവരാന്‍ തയ്യാറായിരുന്നു. നിങ്ങള്‍ വിളിച്ചാല്‍ ഞാന്‍ ഇനിയും വരാന്‍ തയ്യാറാണെന്ന്‌ അവര്‍ സിപിയുടെ ഡയറില്‍ കുറിച്ചിട്ടു..
I'm not a man of compromise- സിപിയുടെ മറുപടി അതായിരുന്നു..!.


ഇവിടെ ഒരു ഉപകഥയുണ്ട്‌: ടൈംസില്‍ നിന്നു വിരമിച്ച്‌, പറളിയിലെ സഹോദരിയുടെ വീട്ടില്‍ വിശ്രമജീവിതം നയിച്ചിരുന്ന സിപിയ്‌ക്ക്‌ ഡല്‍ഹിയില്‍ നിന്നും ഒരു വിവാഹക്ഷണക്കത്ത്‌..
മുന്‍ ഭാര്യ ജലബാലവൈദ്യയും ഭര്‍ത്താവ്‌ ഗോപാല്‍ ശര്‍മ്മനും അവരുടെ മകള്‍ അനസൂയയുടെ വിവാഹത്തിനു ക്ഷണിക്കുന്നു..!
സിപിയുടെ സ്വന്തം മകള്‍ അനസൂയയുടെ വിവാഹക്ഷണക്കത്ത്‌..!!.
ഈ കഥ കുറിച്ചത്‌ എംപി നാരായണപിള്ളയാണ്‌.
സ്വന്തം മകളുടെ ഒരു വിവാഹക്ഷണക്കത്ത്‌ ഇങ്ങിനെ ലഭിയ്‌ക്കാന്‍ എത്ര തന്തമാര്‍ക്ക്‌ ഭാഗ്യമുണ്ടായിക്കാണും..? എന്ന വരിയോടെയാണ്‌ പിള്ള കുറിപ്പ്‌ അവസാനിപ്പിക്കുന്നത്‌.
സ്വന്തം മകളുടെ പിതൃത്വംപോലും മറ്റൊരാള്‍ ഏറ്റെടുക്കുന്ന ദുരന്തം..
സിപി കൂടെക്കൂടെ പറയാറുള്ള വാക്കാണ്‌ ഇവിടേയും ചേരുക:
Life is absurd..!!.

ശങ്കേഴ്‌സ്‌ വീക്കിലി വിട്ട്‌ ഹിന്ദുസ്ഥാന്‍ ടൈംസില്‍ ചേരുന്ന സിപി. പാര്‍ലമെന്റ്‌ ലേഖകന്‍. അടിയന്തിരാവസ്ഥയോടെ ശങ്കേഴ്‌സ്‌ വീക്കിലി അടിച്ചുപൂട്ടി.
രാജ്യാധികാരത്തിന്റെ അകത്തളങ്ങളിലെ ചതുരംഗക്കളികള്‍ സിപി അന്ന്‌ അടുത്തുകണ്ടു..
ഇരുപത്തഞ്ചുകാരനായ വാജ്‌പേയിയുടെ പാര്‍ലമെന്റിലെ അരങ്ങേറ്റം കണ്ട സിപി എഴുതി: `ഈ ചെറുപ്പക്കാരന്‍ ഭാവിയില്‍ മികച്ച പാര്‍ലമെന്റേറിയനാകും'.
ഭാരതരത്‌നമായ വാജ്‌പേയ്‌ നമ്മുടെ മുന്നില്‍.. പത്രപ്രവര്‍ത്തകന്റെ ദീര്‍ഘദര്‍ശിത്വം..!.
`വാജ്‌പേയിയുമായി ഏട്ടന്‌ അവസാനകാലം വരേയും അടുത്ത സൗഹൃദമായിരുന്നു..'
അതൊരു കാലമായിരുന്നു-പോരാട്ടങ്ങളുടെ...എഴുത്തിന്റെ..സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്റെ..
അത്രയും സജീവമായ ഒരു പാര്‍ലമെന്റ്‌ ഉണ്ടായിട്ടില്ല. സിപിയുടെ ഭാഷയില്‍: ആ കാലത്തെ പാര്‍ലമെന്റില്‍ 'കോമാളികള്‍' കുറവായിരുന്നു. ചരിത്രത്തില്‍ കുറിച്ചു വയ്‌ക്കാന്‍ കഴിയുന്ന പ്രസംഗങ്ങള്‍....
നെഹ്രു, പന്ത്‌, കൃഷ്‌ണമേനോന്‍, നന്ദ, മൊറാര്‍ജി...
സമ്പന്നമായ ഇന്ത്യന്‍ രാഷ്‌ട്രീയം. ഓരോ വ്യക്തികളെക്കുറിച്ചും സിപിയ്‌ക്കു പറയാന്‍ ഏറെ..കഴിവുകളും ദൗര്‍ബല്ല്യങ്ങളും..
അത്രയേറെ അനുഭവങ്ങളുണ്ടായിരുന്നു ഏട്ടന്‌.
അന്ന്‌ ഡല്‍ഹി പത്രപ്രവര്‍ത്തക ഇതിഹാസങ്ങളുടേതായിരുന്നു.
ചലപതിറാവു, എടത്തട്ട, സാം മൊറെയ്‌സ്‌, പോത്തന്‍ ജോസഫ്‌..നിഖില്‍ ചക്രവര്‍ത്തി, സിപി...
ഹാ..! അക്കാലത്ത്‌ പത്രപ്രവര്‍ത്തകന്റെ ശിരസ്സ്‌ ആര്‍ക്കുമുന്നിലും കുനിഞ്ഞിരുന്നില്ല. ധീരതയുടെ, പോരാട്ടങ്ങളുടെ കാലം. ഇന്നത്തെ പത്രക്കാരെ കുറിച്ച്‌ സിപി പറഞ്ഞുവച്ചു: they are nothing in Delhi...most of them are agents of businessmen and contractors, some of them are ugly fellows... !.

ഇനി, പത്രമുതലാളിയായ ബിര്‍ളയെ വിചാരണക്കൂട്ടില്‍ കയറ്റിനിര്‍ത്തിയ കഥയിലേയ്‌ക്കു വരാന്‍ സമയമായി.
എഡിറ്റര്‍ ബി.ജി. വര്‍ഗ്ഗീസ്‌ അന്നു തുടര്‍ച്ചയായി ഇന്ദിരക്കെതിരേ എഴുതുന്ന കാലം. വര്‍ഗ്ഗീസിനെ മാറ്റണമെന്ന്‌ സമ്മര്‍ദ്ദമേറി.
വര്‍ഗ്ഗീസ്‌ ഒരു നല്ല ജേര്‍ണലിസ്‌റ്റ്‌ ആയിരുന്നില്ലെന്ന്‌ ഏട്ടന്‍ പറയാറുണ്ട്‌..
പക്ഷെ, ഒരു എഡിറ്ററുടെ അഭിമാനം രക്ഷിക്കേണ്ടതുണ്ട്‌.
അതുകൊണ്ടു തന്നെ ഹിന്ദുസ്ഥാന്‍ ടൈംസ്‌ എംപ്ലോയീസിനു വേണ്ടി പ്രസ്സ്‌ കൗണ്‍സിലിലും കോടതിയിലും സിപി കേസുകൊടുത്തു.
നീണ്ട നിയമപ്പോരാട്ടത്തിനൊടുവില്‍ ബിര്‍ള തോറ്റു..!!
പത്രപ്രവര്‍ത്തകന്റെ അവകാശ സംരക്ഷണം സംബന്ധിച്ച സുപ്രധാന കോടതി വന്നതിന്റെ പിറ്റേന്നായിരുന്നു അടിയന്തിരാവസ്ഥാ പ്രഖ്യാപനം..
അതിന്റെ മറവില്‍ ബിര്‍ള, വര്‍ഗ്ഗീസിനെ വീണ്ടും പിരിച്ചുവിട്ടു. പക്ഷെ, സിപിയെ തൊട്ടില്ല..!.
എന്തൊക്കെയാണ്‌ ഏട്ടന്റെ അനുഭവങ്ങള്‍..!. ഓര്‍ത്തോര്‍ത്ത്‌ പാര്‍വ്വതി പവനന്‍ മൗനിയായി..
`Life is absurd...' ഏട്ടന്‍ എപ്പോഴും പറയുന്ന വാക്കാണിത്‌- എന്നിട്ടു പറയും, ഞാന്‍ പറഞ്ഞതല്ല കേട്ടോ..സാര്‍ത്ര്‌..!
അതെ ജീവിതം അര്‍ത്ഥശൂന്യമാണെന്ന തിരിച്ചറിവില്‍ സിപി, പിന്നീടുള്ള കാലം മൗനത്തിലാണ്ടു.
`നിരീശ്വരവാദിയായിരുന്നു അവസാനം വരേയും. ദൈവം എന്നൊന്നില്ലെന്ന്‌ ആവര്‍ത്തിച്ചു. കാളിയെ നേരിട്ടു കണ്ടു എന്നു പറയുന്ന ശ്രീരാമകൃഷ്‌ണ പരമഹംസനെ ഏട്ടന്‍ വിശേഷിപ്പിച്ചത്‌- അയാള്‍ക്ക്‌ മുഴുഭ്രാന്താണെന്നാണ്‌..!!.
പക്ഷെ, ശങ്കരാചാര്യരെ ഏട്ടന്‌ ബഹുമാനമായിരുന്നൂ ട്വോ..'
ആ അറിവിനോട്‌...
ഒരിക്കല്‍ തങ്ങളോടൊപ്പം കാലടി സന്ദര്‍ശിച്ച ഏട്ടന്‍, കുടവയറും താങ്ങി ശങ്കരപ്രതിഷ്‌ഠയ്‌ക്കു മുന്നില്‍ സാഷ്ടാംഗം പ്രണമിച്ചത്‌ ഓര്‍ക്കുന്നു, പാര്‍വ്വതി പവനന്‍...!.

ഞാനും ഏട്‌ത്തിയും ബോംബെയില്‍ നിന്നു വന്ന ഉടനെയാണ്‌ ഏട്ടന്റെ മരണം. പറളിയില്‍.
തൃശൂരിലെ വീട്ടില്‍ നിന്നു ഞാന്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല. പിന്നെ എടുത്തപ്പോള്‍ വളരെ ദുര്‍ബലമായ ശബ്ദം..
ഞാന്‍ കാറെടുത്ത്‌ ഉടനെ പറളിയ്‌ക്കുപോയി...
അവിടെ വീട്ടുജോലിക്കാര്‍ നില്‍ക്കുന്നു. ഏട്ടന്‍ അകത്ത്‌ കിടപ്പാണ്‌. തീരെ അവശനായിരിക്കുന്നു.
എന്നെ കണ്ടപ്പോള്‍, കണ്ണു തുറന്ന്‌ `നിയോ..?' എന്നു ചോദിച്ചു.
എന്തെങ്കിലും കഴിച്ചോ എന്ന ചോദ്യത്തിന്‌, വയ്യ.. രുചി തോന്നുന്നില്ലെന്ന്‌ മറുപടി.
രണ്ടാം ദിവസമാകുമ്പോഴേയ്‌ക്കും, ഓര്‍മ്മ മറഞ്ഞു തുടങ്ങി.
`today is wedness day..what shall be the editorial..' പത്രത്തില്‍ എഡിറ്റോറിയല്‍ തയ്യാറാക്കുന്നതിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍..
കുടുംബഡോക്ടറെത്തി, ആശുപത്രിയിലേയ്‌ക്കു മാറ്റാന്‍ പറഞ്ഞു.
ഏട്ടന്റെ മക്കളെ വിവരം അറിയിച്ചു. അവര്‍ എത്തി നിര്‍ബന്ധിച്ച്‌ കാറില്‍ കയറ്റുമ്പോള്‍, ഏട്ടന്‍ എതിര്‍ത്തു..
ഒരു കാലുകൊണ്ട്‌ കാറിന്റെ ഡോര്‍ ചവിട്ടിപ്പിടിച്ച്‌ പറഞ്ഞുകൊണ്ടിരുന്നു: നോ..നോ..
ഐസിയുവില്‍ രണ്ടു ദിവസം. ഏട്ടന്‍ പോയി...
ഏട്ടന്റെതായി ഒരു കണ്ണടയാണ്‌ എനിക്കു കിട്ടിയത്‌. ഏട്‌ത്തിയ്‌ക്ക്‌ ഒരു ജൂബയും...
ചരിത്രമായി മാറിയ ഏട്ടന്റെ കണ്ണട മടിയില്‍ വച്ച്‌ സാരിത്തുമ്പുകൊണ്ട്‌ അവര്‍ ഒന്നുകൂടി തുടച്ചു..
എഴുത്തുകാരിയും അവാര്‍ഡ്‌ ജേതാവുമൊക്കെയായി മാറിയ പാര്‍വ്വതി പവനന്‍, വീണ്ടും സിപിയുടെ മണ്ടിയായ 'ബേബി'യായി മാറാന്‍ കൊതിക്കുന്നതു പോലെ...

-ബാലുമേനോന്‍ എം.

 ചിത്രം : സുധീപ് ഈയെസ് 

No comments:

Post a Comment