ഓലമേഞ്ഞ ടാക്കീസിനു പുറത്ത് സിനിമ 'കേട്ടു' നിന്നിരുന്ന ഒരു കുട്ടി. വീട്ടിലെ ദാരിദ്ര്യം കാരണം സിനിമ കാണാന്‍ വഴിയില്ല. ടാക്കീസില്‍ സിനിമ നടക്കുമ്പോള്‍ പുറത്തേയ്‌ക്കു തെറിച്ചു വീഴുന്ന 'ഡയലോഗുകള്‍' അവന്‍ 'കണ്ടു'. അതു പറയുന്ന നടന്റെ ഭാവങ്ങള്‍ മനസ്സില്‍ സങ്കല്‍പ്പിച്ചു...
പിന്നീട് സൂപ്പര്‍ഹിറ്റുകള്‍ സൃഷ്ടിച്ച അനില്‍-ബാബു ടീമിലെ ബാബു എന്ന ബാബു നാരായണന്‍ ..!
കേട്ടറിഞ്ഞ സിനിമ, പിന്നെ ജീവിതവും ജീവിതമാര്‍ഗ്ഗവുമായ കഥ പറയുമ്പോള്‍ ബാബു നാരായണന്റെ
മനസ്സില്‍, ഇപ്പോഴും ആ കുട്ടിയെ കാണാം. വള്ളിട്രൗസറിട്ട..സിനിമയെ സ്വപ്‌നം കണ്ട നാട്ടിപുറത്തുകാരനായ കുട്ടി..!.
ഇരുപത്തിയാറു വര്‍ഷമായി സിനിമാ രംഗത്ത്. ഇരുപത്തഞ്ചു സിനിമകള്‍ ഒന്നിച്ചു ചെയ്‌ത് ലോകറെക്കോഡിടാനിരിക്കേ, അനില്‍-ബാബു വഴിപിരിയുന്നു...
യാദൃച്ഛികതകളുടേതായിരുന്നു ജീവിതം...വളവുകളും തിരിവുകളും കയറ്റിറക്കങ്ങളും..
അതിനിടെ ലഭിച്ച അനുഗ്രഹം പോലുള്ള സൗഹൃദങ്ങള്‍..എംടിയെ പോലുള്ള മഹാരഥന്‍മാരുടെ പിതൃനിര്‍വ്വിശേഷമായ വാത്സല്യം..!.
ബാബു നാരായണന് തൃശൂര്‍ വര്‍ണ്ണങ്ങളുടെ ലോകമാണ്. നഗരത്തിന് ഓരോ നേരത്തും ഒരോ മുഖഭാവമാണെന്ന് പറയുന്നു ബാബു..
`നന്നെ വെളുപ്പിന് ശക്തന്‍ മാര്‍ക്കറ്റില്‍ ചെന്നു നോക്കൂ...അവിടെ മറ്റൊരു ലോകം കാണാം...ലോകത്ത് മറ്റെവിടേയും ഇങ്ങിനെ ഒരിടം കാണാനാവില്ല..'
എടവണ്ണ എന്ന മലപ്പുറത്തെ കൊച്ചുഗ്രാമത്തില്‍ ജനിച്ച്, ഇടക്കാലം കോഴിക്കോട്ട് കഴിച്ചുകൂട്ടി. പിന്നെ സാംസ്‌കാരിക നഗരിയുടെ ഭാഗമായി..
ഇതിനിടെ സിനിമാ രംഗത്തെ ഒരുപിടി അനുഭങ്ങള്‍..കലാരംഗത്തും.
സിനിമാഭ്രാന്തു കയറി, ടാക്കീസിലെ പോസ്‌റ്റര്‍ ഒട്ടിപ്പുകാരനായി. മാനേജര്‍ വിളിച്ചു വരുത്തിയാണ് ചോദിച്ചത്. സമ്മതിച്ചു. അന്ന് എട്ടാം ക്ലാസില്‍. അമ്പതു പോസ്‌റ്റര്‍ ഒട്ടിക്കണം. ആദ്യം ഒട്ടിച്ച പോസ്‌റ്റര്‍ `ചെമ്മീന്‍' ആയിരുന്നു. പോസ്‌റ്റര്‍ ഒട്ടിപ്പിനു പ്രതിഫലം സിനിമ സൗജന്യമായി കാണാം എന്നതാണ്. അന്ന് ഒരു സിനിമ തന്നെ നിരവധി തവണ കണ്ടു. സ്വപ്‌നങ്ങള്‍ നെയ്‌തു...
പിന്നെ ടിക്കറ്റ് കൗണ്ടറില്‍ പകരക്കാരനായി..
അവിടെ നിന്നും പ്രൊജക്‌റ്റ് റൂമിലേയ്‌ക്കു സ്ഥാനക്കയറ്റം..!. പൊട്ടിയ ഫിലിം ഒട്ടിക്കാന്‍ വരെ പഠിച്ചു..
റിലീസ് ചെയ്‌ത എല്ലാ സിനിമകളും കണ്ടു നടന്ന കാലം..
മുറിച്ചു മാറ്റിയ ഫിലിം സ്‌കൂളില്‍ കൊണ്ടുപോയി കൂട്ടുകാരെ കാണിക്കും. അങ്ങിനെ അവരുടെ സൂപ്പര്‍ ഹീറോയായി...
`ഭാസിച്ചേട്ടന്റെ ഒക്കെ കഷ്‌ണം ഫിലിമിന് അന്ന് അത്രയും ഡിമാന്റാണ്..'
സ്‌കൂളില്‍ കുറ്റപ്പേരും വീണു: സില്‍മാക്കാരന്‍ ഷാരടി ബാബു..!!.
`സിനിമാ ഭ്രാന്ത്' എന്നാണല്ലോ പറയുക- ചിരിച്ചുകൊണ്ട് ബാബു തുടര്‍ന്നു..
ഭ്രാന്ത് മൂത്ത്‌മൂത്ത് എസ്.എസ്.എല്‍.സിയ്‌ക്കു മനോഹരമായി `പൊട്ടി'..!.
വീട്ടില്‍ ചേട്ടനും ചേച്ചിയും ഒക്കെ നന്നായി പഠിക്കുന്നവര്‍. അവര്‍ എന്നെ പായ്‌ക്ക് ചെയ്‌തു- കോഴിക്കോട്ടേയ്‌ക്ക്.
അച്ഛന് അന്ന് കോഴിക്കോട്ട് തളിക്ഷേത്രത്തിലാണ് കഴകം..
അമ്പലത്തില്‍ അച്ഛനെ സഹായിച്ചു പഠനം തുടര്‍ന്നു.
`അന്നും ശബ്ദമാണ് എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്. ക്ഷേത്രവാദ്യങ്ങളുടെ..എല്ലാ ശബ്ദങ്ങള്‍ക്കും ഒരു താളക്രമമുണ്ടെന്ന് അന്നേ തോന്നി..പലപ്പോഴും അടിയന്തിരക്കാര്‍ അവധിയാവുമ്പോള്‍ ഞാന്‍ തന്നെ ക്ഷേത്രവാദ്യങ്ങളും കൈകാര്യം ചെയ്‌തു..'
പത്താം ക്ലാസ് കടന്നുകൂടി. പക്ഷെ, തലയില്‍ നിറയെ സിനിമതന്നെയായിരുന്നു.
പ്രീഡിഗ്രികാലത്ത് മദ്രാസിലേയ്‌ക്കു വണ്ടികയറി..
എന്റെ ഗുരുത്വം
മദ്രാസില്‍ ഹരിഹരന്‍ സാറിനെയാണ് ചെന്നു കണ്ടത്. അദ്ദേഹത്തോടൊപ്പം സഹായിയായി നിന്നു. എംടിയുടെ സ്‌ക്രിപ്‌റ്റില്‍, `എവിടെയോ ഒരു ശത്രു' ആയിരുന്നു സിനിമ. സുകുമാരനേയും അന്നാണ് ആദ്യമായി കാണുന്നത്. തുടക്കക്കാരന്റെ എല്ലാ ഭയങ്ങളും ഉണ്ടായിരുന്നു. സുകുമാരന്‍- ലുങ്കിയും ജൂബയും ധരിച്ച് കസേരയില്‍ ഇരുന്നിരുന്നു. സിനിമയില്‍ കാണുന്നതുപോലെയാണോ അദ്ദേഹം സംസാരിയ്‌ക്കുക?. അതായിരുന്നു എന്റെ നോട്ടം. ആ ശബ്ദം ഒന്നു കേള്‍ക്കാനായി കാത്തു നിന്നു. എന്റെ പരുങ്ങല്‍ കണ്ടിട്ടാകാം, കൈകാട്ടി വിളിച്ചു. വിവരങ്ങള്‍ ചോദിച്ചറിഞ്ഞു...പിന്നെ സിനിമയെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു തന്നു..
`ആ ശബ്ദനിയന്ത്രണം ഞാന്‍ അധികം പേരില്‍ കണ്ടിട്ടില്ല. തിലകന്‍ചേട്ടനെ പോലുള്ള അപൂര്‍വ്വം പ്രതിഭകളില്‍ മാത്രം...'
ഹരിഹരന്‍ സര്‍ സിനിമയുടെ ഒരു സര്‍വ്വകലാശാലയാണ്..!.
ഓരോ ഫ്രെയിമിലേയും മുക്കും മൂലയും ശ്രദ്ധിക്കുന്ന അസാധാരണ നിരീക്ഷന്‍..
`എനിക്ക് അടി കിട്ടിയിട്ടുണ്ട്...അദ്ദേഹത്തില്‍ നിന്ന്...!.` ഇതു പറയുമ്പോള്‍ ഇടതു ചുമലില്‍ അറിയാതെ തടവിപ്പോയി ബാബു..അടിയുടെ ചൂട്..!.
`വെള്ളം' എന്ന സിനിമയുടെ സെറ്റിലാണ്..
മദ്രാസിലെ വണ്ടല്ലൂരില്‍ ഒരു വാട്ടര്‍ടാങ്കില്‍ സെറ്റിട്ടാണ് ഷൂട്ട്. വെള്ളപ്പൊക്കത്തില്‍ മുങ്ങിക്കൊണ്ടിരിക്കുന്ന കൊട്ടാരത്തില്‍ നിന്ന് ഷീലാമ്മയെ രക്ഷിക്കണം. നസീര്‍ സാറാണ് രംഗത്ത്.
പകുതി മുങ്ങിയ കൊട്ടാരത്തിലേയ്‌ക്ക് വള്ളം തുഴഞ്ഞുവരുന്ന നസീര്‍സാര്‍..ഗോവണി കയറി മുകളിലെത്തി.
ഇനി ഷീലാമ്മയേയും കൊണ്ടിറങ്ങുന്ന സീനെടുക്കണം..
ഞങ്ങളെല്ലാവരും നെഞ്ചോളം വെള്ളത്തിലായി നില്‍ക്കുകയാണ്.
എല്ലാം റെഡിയല്ലേ..? ഹരിഹരന്‍ സാറിന്റെ ചോദ്യംവന്നു.
അതെയെന്ന് ഞാനും. ആക്ഷന്‍ പറയുന്നതോടൊപ്പം എന്റെ ചുമലില്‍ ചുട്ട ഒരടിവീണു..!. അപ്രതീക്ഷിതമായ അടിയില്‍ ഞാന്‍ കിടുങ്ങിപ്പോയി..
ഗോവണി കയറുമ്പോള്‍, നസീര്‍ സാര്‍ അവിടെ അഴിച്ചുവച്ച തൊപ്പിക്കുട കാണാനില്ല..!
അതാണ് ഹരിഹരന്‍ സാറിന്റെ ക്ഷോഭിപ്പിച്ചത്. എന്റെ ഉത്തരവാദിത്തമായിരുന്നു അത്..
ഫയര്‍ഫോഴ്‌സ് ഹോസ് വച്ച് മഴ പെയ്യിച്ചപ്പോള്‍ അത് താഴെപോയത് ഞാന്‍ ശ്രദ്ധിച്ചില്ല; അദ്ദേഹം ശ്രദ്ധിച്ചു..!.
`അകക്കണ്ണുകൊണ്ട് കാണണം...' അദ്ദേഹം പറഞ്ഞു.
അന്നു തന്നെ എന്നോട് മടങ്ങിപൊയ്‌ക്കാളാനും ഈ പണിക്കു താന്‍ യോഗ്യനല്ലെന്നും സാര്‍ പറഞ്ഞു...!.
ചീത്തവിളിയും അടിയും കഴിഞ്ഞ് അദ്ദേഹം മറ്റുജോലികളിലേയ്‌ക്ക് തിരിഞ്ഞിരുന്നു. പക്ഷെ, ആ വേദന എന്നെ വിട്ടുപോകാന്‍ കുറേ കാലമെടുത്തു..!.
വിട്ടുവീഴ്‌ചയില്ലാത്ത പ്രൊഫഷണലിസം...അതാണ് ഹരിഹരന്‍സാര്‍..കടുകിട വിട്ടുവീഴ്‌ചയില്ല..സൂക്ഷ്‌മതലത്തോളം ചെന്നെത്തുന്ന ശ്രദ്ധ..
എനിക്കുകിട്ടിയ ഏറ്റവും വലിയ ജീവിതപാഠവും അതാണ്: അകക്കണ്ണുകൊണ്ട് കാണണം..!!.
ഹരിഹരന്‍ സാറിന്റെ സെറ്റ് പായ്‌ക്കപ്പ് ചെയ്‌തു കഴിഞ്ഞാല്‍, ഞാന്‍ രാത്രികളില്‍ എന്‍. ശങ്കരന്‍നായര്‍ സാറിന്റെ സെറ്റില്‍ ചെന്ന് സഹായിയാവും...
എല്ലാം എനിക്ക് പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള വേദികളായിരുന്നു. പിന്നീട്, പ്രിയദര്‍ശന്‍, ഭദ്രന്‍, പ്രതാപ് പോത്തന്‍ എന്നിവരോടൊപ്പം അസോസിയേറ്റും അസിസ്‌റ്റന്റുമൊക്കെയായി പ്രവര്‍ത്തിച്ചു. ഇവരൊക്കെയായിരുന്നു എന്റെ സിനിമാ കോളജുകള്‍..!.
`ഇപ്പോഴും ഞാന്‍ പഠനത്തിലാണ്..'
പ്രിയദര്‍ശനൊപ്പം `ബോയിംഗ് ബോയിംഗ്' എന്ന ചിത്രത്തില്‍ സഹകരിച്ചത് വലിയൊരനുഭവമായിരുന്നു. പോത്തനൊപ്പം കൂടുതല്‍ ഇടപെടാനായി- ഡെയ്‌സി, ഋതുഭേദം ചിത്രങ്ങളില്‍...അദ്ദേഹത്തിനു മലയാളം അത്ര വശമില്ലല്ലോ?!.
പിന്നെ സ്വതന്ത്ര സംവിധാനത്തിലേയ്‌ക്കു വന്നു. അനഘ.
മുപ്പതിലേറെ സിനിമകള്‍ അസിസ്‌റ്റ് ചെയ്‌ത ശേഷം, അന്ന് എനിക്കു വയസ്സ് ഇരുപത്തഞ്ച്..
നെടുമുടിച്ചേട്ടന്‍, പാര്‍വ്വതി ഇവരൊക്കെ നന്നായി ശോഭിച്ച സിനിമ. പാട്ടുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. പാര്‍വ്വതിയ്‌ക്ക് ഈ സിനിമയില്‍ പുരസ്‌കാരവും ലഭിച്ചു. പിന്നെ `പൊന്നരഞ്ഞാണം' എന്നൊരു സിനിമ കൂടി ചെയ്‌ത ശേഷമാണ് ഞാനും അനിലും കൈകോര്‍ക്കുന്നത്..
അത് ഒരു ചരിത്രം കുറിച്ച നിമിഷമായിരുന്നു. മാന്ത്രികച്ചെപ്പ് ആണ് അനില്‍ ബാബുവിന്റെ ആദ്യത്തെ ചിത്രം. തുടര്‍ന്ന് ഒരുക്കിയ ചിത്രങ്ങളില്‍ പലതും ഹിറ്റായി. നര്‍മത്തിന് പ്രാധാന്യം നല്‍കിയുള്ള ചിത്രങ്ങളായിരുന്നു ഇവയില്‍ മിക്കതും. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള ഇരട്ടസംവിധായകരായി അനില്‍ബാബു ടീം മാറി..
1992 മുതല്‍ 2006 വരെ- 24 ചിത്രങ്ങള്‍ ഈ കൂട്ടുകെട്ട് സംവിധാനം ചെയ്‌തു. ചിരിയുടെ മാലപ്പടക്കങ്ങള്‍ പൊട്ടിച്ചുകൊണ്ടുള്ളവയായിരുന്നു ചിത്രങ്ങളധികവും. മണ്ണാടിയാര്‍ പെണ്ണിനു ചെങ്കോട്ടച്ചെക്കന്‍, പട്ടാഭിഷേകം, മയില്‍പ്പീലിക്കാവ്, പകല്‍പ്പൂരം.. ഓര്‍മ്മയില്‍ തങ്ങുന്ന ചിത്രങ്ങള്‍..
`ഭാഗ്യം മാത്രം കൊണ്ട് ഒരു സിനിമയും രക്ഷപ്പെടുകയില്ല. ജനങ്ങള്‍ക്ക് ഇഷ്ടമാകണം'.
ഞങ്ങള്‍ അന്നു ചെയ്‌തചിത്രങ്ങളെല്ലാം ജനം ആസ്വദിച്ചു. അത് ആ കാലഘട്ടത്തിനനുസരിച്ച് ചെയ്‌ത സിനിമകളായിരുന്നു താനും.
`ഞങ്ങള്‍ രണ്ടുപേര്‍ക്കും വ്യത്യസ്‌ത കഴിവുകളായിരുന്നു. അത് ഞങ്ങള്‍ ഫലപ്രദമായി വിളക്കിച്ചേര്‍ത്തു..അതായിരുന്നു വിജയരഹസ്യം..'.
ദുഃഖം
ഇരുപത്തഞ്ചു ചിത്രങ്ങള്‍ ഒന്നിച്ചു ചെയ്യുക.. അതിന്റെ വക്കത്തായിരുന്നു. പക്ഷെ, വിധി മറിച്ചായിരുന്നു. `പറയാം' എന്ന ചിത്രത്തിന്റെ പ്രൊജക്ട്. എനിക്കു കുറച്ചു പറയാനുണ്ടെന്ന് ഇടയ്‌ക്കു അനില്‍..
ഞാനറിഞ്ഞില്ല..
ഒടുവില്‍ അദ്ദേഹം തുറന്ന് പറഞ്ഞു.. നമുക്ക് വഴി പിരിയാം..!
അത് ഷോക്കായിരുന്നു. പറിച്ചുമാറ്റാനാവാത്ത വേദന...
ഞാന്‍ പലകുറി ചോദിച്ചു...(ഇത് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല).
താന്‍ തമാശപറയാണോ..?
അല്ലെന്ന് മറുപടി.
അന്ന് ഞാന്‍ കരഞ്ഞു..ശരിക്കും.
ഭാവനയും ജിഷ്‌ണുവും നായികാനായകന്‍മാരായ `പറയാ'മിന്റെ ചിത്രീകരണം നടന്നുവരികയാണ്...
ചിത്രം പൂര്‍ത്തിയാക്കി. വേര്‍പിരിയല്‍, സിനിമയെ ബാധിക്കാതെ ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു. രണ്ടുപേരും പൂര്‍ണമനസ്സോടെ തന്നെ, സഹകരിച്ചു ചെയ്‌തു. പക്ഷെ, അത് സിനിമയില്‍ പ്രതിഫലിച്ചു എന്നത് സത്യം...പടം വിജയിച്ചില്ല.
ഞങ്ങള്‍ പിരിഞ്ഞു. പത്രങ്ങളില്‍ വാര്‍ത്തയായി..
ഞങ്ങള്‍ക്ക് മുമ്പും ശേഷവുമെത്തിയ സംവിധാകജോഡികള്‍ വേര്‍പിരിഞ്ഞപ്പോഴും ഒരുമിച്ച് ചിത്രങ്ങള്‍ ചെയ്യുന്നത് തുടരുകയായിരുന്നു ഞങ്ങള്‍..
സിദ്ദിക്ക് ലാല്‍, അശോകന്‍ താഹ, അക്‌ബര്‍ ജോസ് എന്നിവരാണ് മുമ്പ് വേര്‍പിരിഞ്ഞ സംവിധായക ജോഡികള്‍.
അനില്‍ പിന്നെ തമിഴില്‍ രണ്ടു ചിത്രങ്ങള്‍ ചെയ്‌തു. ഞാന്‍ രണ്ടു സിനിമകളുടെ ഡിസ്‌കഷനില്‍ ഇരിക്കേയാണ്, അസുലഭമായ ആ വിളിവരുന്നത്..
വീണ്ടും ഹരിഹരന്റെ വിളി
അനിലുമായി പിരിഞ്ഞതിന്റെ ഷോക്ക് വിട്ടുമാറിയിരുന്നില്ല. ഒരു നിര്‍മ്മാതാവും ഞങ്ങള്‍ കാരണം കരഞ്ഞിട്ടില്ല. പിന്നെന്തിന്..? ഈ ചോദ്യം വല്ലാതെ അലട്ടിക്കൊണ്ടിരുന്നു.
അപ്പോഴാണ് ഹരിഹരന്‍ സാറിന്റെ വിളി.
`നീ ഇപ്പോള്‍ എന്തെടുക്കുന്നു..?` എന്നായിരുന്നു ചോദ്യം.
ഒന്നു രണ്ട് സ്‌റ്റേജ് പ്രോഗ്രാമുകള്‍ ഏറ്റിരിക്കുന്ന സമയമാണ്. സിനിമയൊന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞു.
ഉടന്‍ മദ്രാസിലെത്താനായിരുന്നു ഉത്തരവ്. `പഴശ്ശിരാജ'യില്‍ സഹകരിക്കണം.
`നിന്നെപോലുളള ഒരാളുടെ സഹായം എനിക്കു കൂടിയേ പറ്റൂ...'
സ്‌റ്റേജ് പ്രോഗ്രാമുണ്ട്. ഒരാഴ്‌ച കഴിഞ്ഞ് കോഴിക്കോട് സെറ്റില്‍ ജോയിന്‍ ചെയ്യാന്‍ പറഞ്ഞു..
അത് ഒരനുഭവമായിരുന്നു. ഏറ്റവും ശക്തമായ എന്റെ പഠനകാലം..
`ശബ്ദത്തിന് ഇത്രയും പ്രാധാന്യമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കിയ കാലം..'
ബാബു പെട്ടെന്ന് റസൂല്‍ പൂക്കുട്ടിയെ ഓര്‍ത്തു.
`ഞങ്ങള്‍ നോമ്പുമുറിക്കാന്‍ ഇരിക്കുകയാണ്, ഹോട്ടല്‍ മുറിയില്‍..പെട്ടെന്ന് ഞങ്ങള്‍ക്കിടയില്‍ നിന്ന് റസൂല്‍ എഴുന്നേറ്റ് ബാത്ത് റൂമിലേയ്‌ക്കു പോയി..
തിരിച്ചു വന്ന് നോമ്പുമുറിക്കുമ്പോള്‍, അദ്ദേഹം പറഞ്ഞു- ബാത്ത് റൂമില്‍ ബക്കറ്റിലേയ്‌ക്ക് വെള്ളം ഇറ്റു വീഴുന്ന ശബ്ദം ഭയങ്കര ഡിസ്‌റ്റേര്‍ബിംഗ് ആയി തോന്നി എന്ന്...!. പൈപ്പ് മുറുക്കി അടച്ചു വന്നതാണ് അദ്ദേഹം...
പിന്നീട് അദ്ദേഹത്തിന് സ്വീകരണം നല്‍കിയപ്പോള്‍ നടത്തിയ സ്‌റ്റേജ് ഷോയില്‍ താന്‍ ശബ്ദത്തിന്റെ സാധ്യതകളെ പൂര്‍ണമായും ഉപയോഗപ്പെടുത്തി എന്ന് ബാബു നാരായണന്‍. പിന്നീട് പീച്ചി ഉത്സവത്തിനു നടത്തിയ സ്‌റ്റേജ് ഷോയിലും ഈ സാധ്യത ഉപയോഗപ്പെടുത്തി.
നമ്മുടെ സിനിമകളില്‍ ശബ്ദത്തിന്റെ സാധ്യതകളെ നാം ഒട്ടും പരിഗണിച്ചിട്ടില്ല. ശബ്ദത്തിന് സ്‌ക്രിപ്‌റ്റ് ഇല്ലല്ലോ?.
ഒരു നിമിഷം, ബാബു നാരായണന്‍ പണ്ടു സിനിമ `കേട്ട' എട്ടാംക്ലാസുകാരനായി..
പഴശിരാജ പ്രൊജക്‌റ്റ് വിചാരിച്ചതിലും നീണ്ടുപോയി..മൂന്നരവര്‍ഷമെടുത്തു. കുടകിലെ മരം കോച്ചുന്ന തണുപ്പിയും പുലര്‍ച്ചെ മമ്മൂക്ക വ്യായാമം ചെയ്‌തിരുന്നത് ബാബു ഓര്‍ക്കുന്നു.
വാള്‍ പിടിക്കുമ്പോള്‍ കൈത്തണ്ടയ്‌ക്ക് സൈസ് തോന്നണ്ടേ..? എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. കൈത്തണ്ട മറച്ചുവച്ചൊരു കോസ്‌റ്റിയൂം പഴശിരാജയില്‍ അദ്ദേഹം ഉപയോഗിച്ചുമില്ല..!.
അത്ഭുതപ്പെടുത്തിയ മറ്റൊന്ന് ഹരിഹരന്‍ സാറിന്റെ മനഃശക്തിയാണ്.
മനോജ് കെ. ജയനെ തൂക്കിക്കൊല്ലുന്ന സീന്‍..
പുലര്‍ച്ചെയാണ്. തുടര്‍ച്ചയായി എടുത്തു തീര്‍ത്തേ മതിയാവൂ.. ആളുകള്‍ കൂടുതലാണ് സീനില്‍. കോസ്‌റ്റിയൂം മാറ്റാന്‍ പറ്റില്ല..
സാറിന് 104 ഡിഗ്രി പനി..
അദ്ദേഹം മൂടിപ്പുതച്ച് ലൊക്കേഷനില്‍ വിറച്ചുകൊണ്ടെത്തി..സീന്‍ എടുത്തു തീര്‍ത്തു..!.
ഓര്‍മ്മകളിലേയ്‌ക്ക് വീണ്ടും..
തികഞ്ഞ പ്രതിഭകളാണ് നമുക്കുള്ളതെന്നതാണ് മലയാള സിനിമയുടെ സൗഭാഗ്യം. മമ്മൂക്കയായാലും മോഹന്‍ലാലായാലും-അവരുടെ ഒക്കെ ആത്മസമര്‍പ്പണം..!
പെട്ടെന്ന് തിലകനെ ഓര്‍ത്തു...
കുടുംബവിശേഷത്തിന്റെ ലൊക്കേഷന്‍. തിലകന്‍ വന്നു. സീന്‍ പറഞ്ഞുകൊടുത്തു. `വേണ്ട' എന്ന ഡയലോഗ് പറയില്ലെന്ന് അദ്ദേഹം തീര്‍ത്തു പറഞ്ഞു. ഞങ്ങള്‍ വിഷമത്തിലായി. അദ്ദേഹം പറ്റില്ലെന്നു പറഞ്ഞാല്‍ പറ്റില്ല എന്നു തന്നെയാണര്‍ത്ഥം..!.
ഡയലോഗ് പറയാതെ ആ ഇഫക്ട് ഞാന്‍ ഉണ്ടാക്കിത്തരാം എന്നു പറഞ്ഞ് അദ്ദേഹം കൈകൊണ്ട് `വേണ്ട' എന്ന ആക്ഷന്‍ കാണിച്ചു. ശരീരഭാഷ മൊത്തമായി `വേണ്ട' എന്നായി മാറുന്നത് കണ്ട് ഞങ്ങള്‍ ഞെട്ടി..!.
അതേ സിനിമയില്‍ ഭാര്യമരിച്ച സീനെടുക്കുമ്പോള്‍, ഞാന്‍ എന്റെ ഒരു നേരനുഭവം അദ്ദേഹത്തോടു പറഞ്ഞു.
ഒരു നിമിഷത്തെ ധ്യാനം..
അങ്ങിനെ ഒരു പെര്‍ഫോമന്‍സ് പിന്നെ കണ്ടിട്ടില്ലെന്ന് ബാബു...!.
മയില്‍പീലിക്കാവിന്റെ സെറ്റിലായിരുന്നു മറ്റൊന്ന്.
ക്രെയിനും റൗണ്ട് ട്രോളിയും ഉപയോഗിച്ചുളള ഷോട്ടാണ്. തിലകന്‍ ചേട്ടനെത്തി, സീന്‍ കേട്ടപ്പോള്‍ ഇന്ന് പറ്റില്ലെന്ന് പറഞ്ഞു. നരേന്ദ്രപ്രസാദിന് ഡേറ്റില്ല. പെട്ടെന്ന് ഷോട്ടെടുത്ത് മടങ്ങണം. ഞങ്ങള്‍ കഷ്ടത്തിലായി.
പിറ്റേന്ന്, അദ്ദേഹം സെറ്റിലെത്തി. ഒരു കസേരയില്‍ ധ്യാനമനസ്‌കനായി ഇരുന്നു.
`എടുക്കാം...'
ഒരു കട്ട് പോലും ഇല്ലാതെ അദ്ദേഹം അത് തകര്‍ത്തഭിനയിച്ചു പൂര്‍ത്തിയാക്കി ഞങ്ങളെ ഞെട്ടിച്ചു..!.
ജഗതിച്ചേട്ടനാണ്, നമ്മള്‍ ചോദിച്ചതില്‍ കൂടുതല്‍ തരുന്ന ഒരു നടന്‍.
`പറമ്പുവേണോ പാരിതോഷികം വേണോ?' എന്ന് ചോദിക്കും. പറമ്പു മതിയെങ്കില്‍ ഒരുമാതിരി അഭിനയം. പാരിതോഷികം വേണമെങ്കില്‍ തകര്‍പ്പന്‍ പ്രകടനം- അതാണ് അമ്പിളിച്ചേട്ടന്‍!.
`പകല്‍പ്പൂരം' എന്ന സിനിമയിലെ ഒരു രംഗം ഓര്‍ക്കുന്നു.
ഒരു മാളത്തിലേയ്‌ക്ക് തവള കയറിപ്പോകുന്ന രംഗമുണ്ട്. അമ്പിളിച്ചേട്ടന്‍ ആ അളയില്‍ കൈയിടുന്നു. അതില്‍ പാമ്പുണ്ട്..
ചേട്ടന്‍ കൈയിടണ്ട..മുഖത്തിന്റെ ക്ലോസപ്പ് എടുത്ത് ഭാവം വരുത്തിയാല്‍ മതി എന്നു ഞാന്‍.
നീ അളയില്‍ പാമ്പിനെ വയ്‌ക്ക്..ഞാനെടുത്തോളാം എന്ന് ചേട്ടന്‍..!.
നിര്‍ബന്ധം സഹിക്കാതെ ഞങ്ങള്‍ പാമ്പിനെ വച്ചു. ചേട്ടന്‍ പറഞ്ഞു: ഞാന്‍ അളയില്‍ കൈയിടുന്നതു മുതല്‍ കട്ട്‌ചെയ്യാതെ കാമറ എന്റെ മുഖത്തേയ്‌ക്ക് കൊണ്ടുവരണം...'
ഞങ്ങള്‍ അങ്ങിനെ തന്നെ ചെയ്‌തു. പാമ്പിനെ മുഖാമുഖം നോക്കി ചേട്ടന്റെ മുഖത്തു മിന്നിമറഞ്ഞ ഭാവങ്ങള്‍ കണ്ട് തിയറ്റുകള്‍ അലറിച്ചിരിച്ചു..അതു കണ്ട് ഞങ്ങളും കോരിത്തരിച്ചു..!.
മാളച്ചേട്ടനുമായി ഹൃദയബന്ധമാണ്. അദ്ദേഹത്തിന്റെ നോക്കിലും വാക്കിലും ചിരിച്ചു പോകുന്ന എന്നോട് പറയുമായിരുന്നു: ഞാന്‍ മരിക്കുമ്പോഴും നീ ചിരിക്കണട്ടാ...!.
ബാബുവിന്റെ കണ്ണുകള്‍ ഈറനായി..
ഇവരെല്ലാം അരങ്ങൊഴിയുന്നു..നമ്മെ വിട്ടുപോകുന്നു...പകരംവയ്‌ക്കാനില്ലാത്തവര്‍. അതാണ് എന്റെ ഏറ്റവും വലിയ ദുഃഖം.
എംടി എന്ന പിതൃഭാവം
ഹരിഹരന്‍ സാറും എംടിസാറുമാണ് എന്റെ കണ്‍കണ്ട ദൈവങ്ങള്‍. എം.ടി എന്റെ പിതാവുതന്നെ..
എംടി കാണുന്നതു പോലേയല്ല. വളരെ സ്‌നേഹോഷ്‌മളമായ മനസ്സിനുടമയാണദ്ദേഹം. അത് അടുക്കുമ്പോഴേ അറിയൂ. അദ്ദേഹം ഉഴിച്ചിലിനായി ഷൊര്‍ണൂരെ ഒരു കേന്ദ്രത്തില്‍ വരുമ്പോള്‍ ഞാനും പോകും. അദ്ദേഹത്തിന്റെ കാല്‍നഖങ്ങള്‍ പോലും വെട്ടിക്കൊടുക്കും..
അതു കണ്ട് ആളുകള്‍ പറഞ്ഞു: സോപ്പടി..
അല്ല. അതു ഹൃദയത്തിന്റെ ഭാഷയറിയുന്നവര്‍ക്കേ മനസ്സിലാവൂ. ഇന്നേവരെ എംടിയുടെ ഒരു സ്‌ക്രിപ്‌റ്റ് എനിക്കു കിട്ടിയിട്ടില്ലല്ലോ..?.
ഒരിക്കല്‍ പനി കലശലായി ഞാന്‍ തൃശൂരിലെ ഹാര്‍ട്ട് ഹോസ്‌പിറ്റലില്‍ കിടക്കുകയാണ്. അബോധാവസ്ഥയായി.
ഹോസ്‌പിറ്റലിലെ നാലാം നിലയിലേയ്‌ക്ക്, ഞാന്‍ കിടന്ന മുറിയിലേയ്‌ക്ക് എംടിയും ശോഭന പരമേശ്വരന്‍ നായരും, ഹരിഹരന്‍ സാറും വന്നു. കോണികയറിയാണ് വന്നതു..!. കറന്റില്ലാത്തതിനാല്‍ ലിഫ്‌റ്റ് പ്രവര്‍ത്തിച്ചിരുന്നില്ല.
പോകും മുമ്പ്, ഭാര്യ ജ്യോതിയോടു ചോദിച്ചു: പണത്തിന് ആവശ്യമുണ്ടോ..?. വേണമെങ്കില്‍ പറയാന്‍ മടിയ്‌ക്കണ്ട. പരമുവിനോട് (ശോഭന പരമേശ്വരന്‍ നായര്‍) അറേഞ്ച് ചെയ്യാം....
കിടന്ന കിടപ്പില്‍ അതു ഞാന്‍ കേട്ടു...ഒരച്ഛന്റെ സ്‌നേഹം.
ഹൃദയം കൊണ്ടു വായിക്കേണ്ട ആളാണ് എംടി.
ഇന്നച്ചന്‍ എന്ന മനുഷ്യന്‍
മലയാള സിനിമയിലെ ഏറ്റവും മനുഷ്യത്വമുള്ള ആളെ ചൂണ്ടിക്കാണിച്ചു തരണോ?. ഇന്നച്ചന്‍ എന്ന എന്റെ ഇന്നസെന്റ് ചേട്ടന്‍...!.
ഇത്രയും പോസിറ്റീവ് എനര്‍ജിയുള്ള മനുഷ്യന്‍..
ഒരിക്കല്‍ പതിവ് മെഡിക്കല്‍ ചെക്കപ്പ് കഴിഞ്ഞപ്പോള്‍ ഡോക്ടറുടെ മുഖം വാടി..
ബാബുവിന് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നാണ് ചോദ്യം.
ഇല്ലെന്ന് പറഞ്ഞു. പക്ഷെ, വിശദമായ ചെക്കപ്പില്‍ കിഡ്‌നിക്കുമുകളില്‍ ഒരു സിസ്‌റ്റ് വളരുന്നു എന്ന് കണ്ടെത്തി. അത് കാന്‍സറായി മാറും..
സിനിമാ ലോകമല്ലേ..?
കാന്‍സര്‍ സാധ്യത എന്നത് കാന്‍സര്‍ തന്നെ എന്നായി മാറി വാര്‍ത്തകളില്‍..!
വിവരമറഞ്ഞ് ഇന്നസന്റ് ചേട്ടന്‍ വിളിച്ചു. അന്ന് അദ്ദേഹം ചികിത്സയിലാണ്.
അദ്ദേഹം എന്നെ നിര്‍ബന്ധിച്ച് കാറില്‍ കയറ്റി, പുലര്‍ച്ചെ ഡോ. ഗംഗാധരന്റെ വീട്ടിലെത്തിച്ചു. ആയിരക്കണക്കിനു രോഗികള്‍ അപ്പോഴേ കാത്തുനിന്നു..
തന്റെ പരിചയം വച്ച് അടുക്കളവാതില്‍ വഴിയാണ് അദ്ദേഹം ഞങ്ങളെ അകത്തെത്തിച്ചത്. ഡോക്ടര്‍ ഉണര്‍ന്നിട്ടില്ല.
ഡോക്ടറെ വിളിച്ചുണര്‍ത്തി അദ്ദേഹം തന്നെ വിവരങ്ങള്‍ പറഞ്ഞു.
പിന്നെ ഹോസ്‌പിറ്റലില്‍ എത്തിച്ച് എല്ലാ പരിശോധനകള്‍ക്കും കൂടെ നിന്നു. ഓപ്പറേഷന്‍ കഴിഞ്ഞു. ബയോപ്‌സി റിസള്‍ട്ടില്‍ ഒന്നുമില്ലെന്നു തെളിഞ്ഞു.
ആ സമയമെല്ലാം ആത്മവിശ്വാസം തന്നുകൊണ്ട് അദ്ദേഹം ജ്യേഷ്‌ഠസഹോദരനെന്ന പോലെ കൂടെയുണ്ടായിരുന്നു.
ഒരിക്കല്‍ കാന്‍സര്‍ രോഗികള്‍ക്കുള്ള സെമിനാറില്‍ അദ്ദേഹം സംസാരിക്കുന്നതു കേട്ടു. രോഗികളും കുടുംബാംഗങ്ങളും നിറഞ്ഞ സദസ്സില്‍, അദ്ദേഹം കാന്‍സറിനെ ഒന്നുമല്ലാതാക്കി സംസാരിച്ചു..കളിയാക്കി..
അതുവരെ ചേമ്പിന്‍തണ്ടു പോലെ തളര്‍ന്നു കിടന്നവര്‍, ആ വാക്കുകള്‍ കേട്ട് പുതുജീവന്‍ കിട്ടി നിവര്‍ന്നിരിക്കുന്നത് ഞാന്‍ അത്ഭുതത്തോടെ കണ്ടു..
ഇന്നും സിനിമയ്‌ക്കപ്പുറം ആ മനുഷ്യസ്‌നേഹിയെ ഞാനനുഭവിയ്‌ക്കുന്നു..
ബാബു നാരായണന്‍ വീണ്ടും സിനിമയിലെത്തി. ഒരു ഇടവേള, പതിവിലും നീണ്ടത്. `ടു നൂറ വിത്ത് ലൗ' എന്ന ചിത്രത്തിന്റെ ജനാഭിപ്രായത്തില്‍ നിന്നും ഊര്‍ജം വീണ്ടെടുക്കുന്നു. സിനിമമാറുന്നു. പ്രേക്ഷകമനസ്സ് മാറുന്നു. ആസ്വാദനതലം മാറുന്നു...
പുതിയ മാറ്റങ്ങള്‍ പഠിച്ചറിഞ്ഞുള്ള വരവില്‍, ബാബു നാരായണന് തികഞ്ഞ വിശ്വാസം..
സിനിമയെ കേട്ടറിഞ്ഞ ഒരു എട്ടാം ക്ലാസുകാരന്‍ ഇപ്പോഴും ഈ മനസ്സിലുണ്ട്. ആ കുട്ടിക്കു ഇനിയും മലയാള സിനിമയ്‌ക്കു കുറേ നല്‍കാനുണ്ട്...
ആര്‍ജിത അനുഭവങ്ങള്‍ സ്വരൂക്കൂട്ടി..
-ബാലുമേനോന്‍ എം
ചിത്രം: വിനോദ്
No comments:
Post a Comment